Thoughts & Arts
Image

അൽ മുജാദില 6

27-04-2022

Web Design

15 Comments


ഖുർആൻ പഠനം




20- നിശ്ചയം, അല്ലാഹുവിനോടും ദൂതനോടും ശത്രുത പുലര്‍ത്തുന്നവര്‍ അതീവ നികൃഷ്ടരില്‍ പെട്ടവരത്രേ.



21- തീര്‍ച്ചയായും, ഞാനും എന്റെ ദൂതന്മാരും തന്നെയാണ് ജേതാക്കളാവുക എന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു; അവന്‍ പ്രബലനും പ്രതാപശാലിയുമത്രേ.



ഈ സൂറത്തിൽ പരാമർശിക്കപ്പെട്ട തിൻമകളായ കള്ള സത്യം ചെയ്യുക, കപട വിശ്വാസം പുലർത്തുക തുടങ്ങിയവയെല്ലാം വഴി ആർ എന്ത് ചെയ്യുകയാണെങ്കിലും അത് അവർ അല്ലാഹുവിനോടും അവന്റെ ദൂതനോടും ചെയ്യുന്ന ശത്രുതയും യുദ്ധപ്രഖ്യാപനവുമെല്ലാമാണ്. കാരണം അവർ അല്ലാഹുവിൽ നിന്നും റസൂൽ ജനങ്ങൾക്ക് എത്തിച്ചു കൊടുത്ത സനാതന ധർമ്മങ്ങളെയാണ് അതുവഴി വെല്ലുവിളിക്കുന്നത്. അവന്റെ നിയമങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും മേൽ തങ്ങളുടെ ഇഛകളെ അവർ അടിച്ചേൽപ്പിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നവരെ അതീവ നികൃഷ്ടരായിട്ടാണ് ഈ സൂക്തം വിവരിക്കുന്നത്. ഇത്തരക്കാരുടെ അവസാന നിലയും ഗതിയും പരിഗണിച്ചു കൊണ്ടാണ് ഇവരെ നിന്ദ്യർ എന്നു വിളിക്കുന്നത്. കാരണം ഇവർ അല്ലാഹുവിന്റെ നിയമങ്ങൾക്കും താൽപര്യങ്ങൾക്കും വിരുദ്ധമായി പലതും ചെയ്തു തുടങ്ങും. അപ്പോൾ അവർ വലിയ ആവേശത്തിന് വിധേയരായിരിക്കും. ആ ആവേശത്തിന്റെ പ്രഭവകേന്ദ്രം അഹങ്കാരമായിരിക്കുമല്ലോ. എന്നാൽ അവസാന റൗണ്ടിൽ അവർ പരാചയത്തിലാണ് മുതലക്കൂപ്പുകുത്തുക. അപ്പോൾ അവർ വഷളാവുകയും മറ്റുള്ളവരുടെ മുമ്പിൽ മാനം കെടുകയും ചെയ്യും. ആവേശത്തോടെ ഉരുട്ടിക്കയറ്റിയതെല്ലാം ഉരുണ്ടു വീഴുമ്പോൾ നിന്ദ്യതയുടെ കയ്‌പ്പനുഭവിക്കുകയായിരിക്കും അവർ.



ആരെന്ത് ചെയ്താലും അന്തിമ വിജയം എനിക്കും എന്റെ ദൂതൻമാർക്കുമായിരിക്കും എന്ന് അല്ലാഹു അടുത്ത ആയത്തിലൂടെ ഒരിക്കൽ കൂടി പ്രഖ്യാപിക്കുന്നു. ഭൗതിക ലോകം എല്ലാവർക്കും പരീക്ഷണങ്ങളുടെ തട്ടകമായിരിക്കും. അതിനാൽ തുടക്കത്തിൽ ചില വിജയങ്ങളോ മുൻതൂക്കങ്ങളോ ഒക്കെ ശത്രുക്കൾക്കും നേടാനായി എന്നു വരാം. പക്ഷെ അന്തിമ വിജയം അല്ലാഹുവിനും അവന്റെ ദൂതൻമാർക്കും തന്നെയായിരിക്കും. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് നബി(സ) യുടെ ദൗത്യവും ജീവിതവുമെല്ലാം. പ്രബോധനത്തിന്റെ ആദ്യനാളുകളിൽ നബിയും അനുയായികളും കടുത്ത പരാജയങ്ങൾ തന്നെ നേരിടുകയുണ്ടായി. സ്വന്തം നാട്ടിൽ നിൽക്കാനാവാതെ പലായനം ചെയ്യേണ്ട സാഹചര്യം അവർക്കുണ്ടായി. പക്ഷെ അവസാനം അവർ അൽഭുതകരമായ വിജയങ്ങളും നേട്ടങ്ങളും നേടുകയുണ്ടായി. കടുത്ത വെല്ലുവിളികൾക്കും യുദ്ധങ്ങൾക്കും ഇടയിലൂടെ അവർ അന്തിമ ജേതാക്കളായി മാറി. അസത്യവും അനീതിയും അധർമ്മവുമെല്ലാം വല്ല വിജയവും മേൽ കൈയും നേടുകയാണെങ്കിൽ തന്നെ അത് വെറും ആദ്യത്തിൽ മാത്രമായിരിക്കുമെന്നും അന്തിമ വിജയം സത്യത്തിനു മാത്രമേ ഉണ്ടായിരിക്കൂ എന്ന മഹാതത്വം കൂടി ഈ സൂക്തങ്ങൾ പഠിപ്പിക്കുന്നു. അസത്യവാഹകരെ കുറിച്ച് ഇത്രയും പറഞ്ഞ് അവസാനമായി സത്യവാഹകരായ സത്യവിശ്വാസികളുടെ പ്രധാന ഗുണം കൂടി പറഞ്ഞു കൊണ്ട് ഈ അധ്യായം ഉപസംഹരിക്കുകയാണ്. അത് ഇപ്രകാരമാണ്.



22- അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു ജനത അവനോടും ദൂതനോടും ശത്രുത പുലര്‍ത്തുന്നവരുമായി സൗഹൃദം സ്ഥാപിക്കുന്നത് നിനക്കു കാണാന്‍ കഴിയില്ല. അവര്‍ ഇവരുടെ പിതാക്കളോ പുത്രന്മാരോ സഹോദരരോ ബന്ധുക്കളോ ആയാലും. അവരുടെ ഹൃദയങ്ങളിലവന്‍ വിശ്വാസം മുദ്രണം ചെയ്യുകയും തന്നില്‍നിന്നുള്ള ആത്മാവു കൊണ്ടവരെ ശക്തരാക്കുകയും ചെയ്തിരിക്കും. അടിയിലൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ ശാശ്വതത്വം നല്‍കപ്പെട്ടവരായി അവരെ അവന്‍ പ്രവേശിപ്പിക്കും. അല്ലാഹു അവരെയും അവര്‍ അവനെയും കുറിച്ച് സംതൃപ്തരാകുന്നു. അവരാണ് അല്ലാഹുവിന്റെ വിഭാഗം. അറിയണം, അല്ലാഹുവിന്റെ കക്ഷി ജേതാക്കള്‍ തന്നെ, തീര്‍ച്ച.



സത്യ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം പറയുകയുകയാണിവിടെ. അത് അവരുടെ മനസ്സിന്റെ അചഞ്ചലതയാണ്. കപടവിശ്വാസികളുടെ ഒരു പ്രധാന ഗുണം അവർ പരസ്യമായി വിശ്വാസികളോട് ബന്ധം പുലർത്തുന്നു എങ്കിലും രഹസ്യമായി അവിശ്വാസികുമായി അവർ മൈത്രിയിലായിരിക്കും എന്നതാണ്. അതായത് തങ്ങളുടെ ഭൗതികമായ നിലനിൽപ്പിന് അവരുടെ സഹായം കൂടാതെ കഴിയില്ല എന്ന ഉറപ്പിലാണ് അവർ. അതു കൊണ്ട് അവർ അവരുമായുളള മാനസിക മൈത്രി ഉപേക്ഷിക്കുകയില്ല. സത്യവിശ്വാസത്തിലും സത്യവിശ്വാസികളോടും കൂടി തന്നെ നിലനിൽക്കാൻ കഴിയും എന്നതിൽ അവരുടെ മനസ്സുകൾ ചഞ്ചലമാണ്. അതിൽ ഉറച്ചുനിൽക്കുവാൻ അവരുടെ മനസ്സുകൾക്ക് കഴിയില്ല. എന്നാൽ വിശ്വാസികൾ അങ്ങനെയല്ല. അവർ തങ്ങളുടെ ശരീരം എവിടെയാണോ സമർപ്പിക്കുന്നത് അവിടെ തന്നെ മനസ്സും സമർപ്പിക്കാൻ ഭയമില്ലാത്തവരാണ്. അല്ലാഹുവും റസൂലും അവരുടെ വഴിയും തങ്ങളെ ഏതു സമയത്തും സാഹചര്യത്തിലും രക്ഷിക്കും എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. അവരുടെ വിശ്വാസം ശക്തവും പൂർണ്ണവുമായതുകൊണ്ടാണിത്. അവരുടെ വിശ്വാസത്തിന്റെ ആ ശക്തി അടയാളപ്പെടുത്തുവാൻ ഇവിടെ സൂചിപ്പിക്കുന്നത് പിതാക്കളോ മക്കളോ സഹോദരങ്ങളോ ബന്ധുക്കളോ ആണെങ്കിൽ പോലും അവർ അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നതിനാൽ അവരുമായി ഒരു മൈത്രീ ബന്ധവും പുലർത്താത്തവരാണ് വിശ്വാസികൾ എന്ന് പറഞ്ഞു കൊണ്ടാണ്. ഉദ്ധൃത ആശയം സ്ഥാപിക്കുവാൻ ഏറ്റവും നല്ല ഒരു വഴിയാണിത്.



ഏത് മനുഷ്യന്റെയും സ്വാഭാവിക വൈകാരികതയിൽ വരുന്ന ഒരു കാര്യമാണ് സ്വന്തങ്ങളോടും ബന്ധങ്ങളോടുമുള്ള മനസ്സിന്റെ ചായ്‌വ്. വിശുദ്ധ ഖുർആൻ തന്നെ രണ്ടിടത്ത് അത് സൂചിപ്പിക്കുന്നുണ്ട്. ആലു ഇംറാൻ അധ്യായത്തിൽ പതിമൂന്നാം സൂക്തത്തിൽ അല്ലാഹു പറയുന്നു: സ്ത്രീകള്‍, പുത്രന്മാര്‍, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കൂനകള്‍, മുന്തിയ കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള ഭ്രമം മനുഷ്യര്‍ക്ക് അലംകൃതമാക്കപ്പെട്ടിട്ടുണ്ട്. നൂഹ് നബിയുടെ ചരിത്രത്തിലും ഇത് പ്രകടമാണ്. മഹാപ്രളയത്തിൽ അദ്ദേഹത്തിന്റെ അവിശ്വാസിയായ മകൻ മുങ്ങി മരിക്കാൻ പോകുമ്പോൾ അദ്ദേഹം തന്റെ മകനുവേണ്ടി അല്ലാഹുവിനോട് കേഴുന്നതു കാണാം. (ഹൂദ്: 45). ഈ നൈസർഗികമായ ബന്ധം പോലും വിശ്വാസത്തിന്റെ കാര്യത്തിൽ മറക്കുവാൻ മാത്രം മനസ്സാ ശക്തനായിരിക്കും വിശ്വാസി എന്നു പറയുമ്പോൾ ഈ ആയത്തിന്റെ ആശയം സ്ഥാപിക്കുവാൻ അത് ഏറ്റവും ഫലപ്രദമായ ഒരു സമീപന രീതിയായി മാറുന്നു. ഇത്തരം ധാരാളം അനുഭവങ്ങൾ ഇസ്ലാമിക ചരിത്രം ഓമനിക്കുന്നുമുണ്ട്. അത്തരം ചില രംഗങ്ങൾ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധസമരമായിരുന്ന ബദർ യുദ്ധത്തിനു തന്നെ പറയുവാനുണ്ട്.



അസത്യവും ധിക്കാരവും ബഹുദൈവത്വവും തച്ചുതകര്‍ക്കപ്പെട്ട അത്യദ്ഭുത സംഭവമായിരുന്നുവല്ലോ ബദ്ര്‍ യുദ്ധം. അന്ന് ഹസ്രത്ത് അബൂഉബൈദ(റ) സ്വപിതാവിനെ കൊന്നു. സൂറത്തുൽ മുജാദിലയിലെ ഈ ആയത്ത് അവതരിച്ചതു തന്നെ ഈ സംഭവത്തെ തുടർന്നായിരുന്നു എന്ന് ഇമാം ത്വബരിയെ പോലുള്ളവർ പറയുന്നുണ്ട്. അബ്ദുല്ലാഹി ബിൻ ജർറാഹ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്ന് ചരിത്രത്തിലുണ്ട്. ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജർ തങ്ങളും ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. പിതാവിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ അദ്ദേഹം ശ്രമിച്ചു എന്നും അതു സാധ്യമാവാതെ വന്നപ്പോഴാണ് അങ്ങനെ ഉണ്ടായത് എന്നും ത്വബറാനി, ഹാകിം തുടങ്ങിയവരുടെ ഹദീസുകളിലുമുണ്ട് എങ്കിൽ സംഭവത്തിന്റെ നിജസ്ഥിതിയിൽ ചില സന്ദേഹങ്ങൾ ഉണ്ട്. ചരിത്രകാരനായ വാഖിദിയെ പോലുള്ളവർ അബൂ ഉബൈദയുടെ പിതാവ് ഇസ്ലാമിനു മുമ്പ് തന്നെ മരണപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോൾ പ്രത്യേകിച്ചും. മുസ്വ്അബുബ്‌നുഉമൈര്‍(റ) അതേ യുദ്ധത്തിൽ സ്വസഹോദരന്റെ മുമ്പിൽ അയാൾ അവിശ്വാസിയായതിനാൽ മാത്രം ചോരബന്ധം മറന്ന ചരിത്രം സുവിദമാണ്. ആ സഹോദരൻ ബദറിൽ തടവുകാരനാക്കപ്പെടുകയായിരുന്നു. സഹോദരന്റെ കൈ ഒരു അൻസ്വാരി സ്വഹാബി ബലമായി ബന്ധിക്കുമ്പോൾ മിസ്വ്അബ് വിളിച്ചു പറയുകയുണ്ടായി: മുറുക്കി കെട്ടിക്കോളൂ, അവന്റെ ഉമ്മ എത്ര വേണമെങ്കിലും മോചനദ്രവ്യം തരാൻ മാത്രം സമ്പന്നയാണ് എന്ന്. അത് കേട്ട് ആശ്ചര്യത്തോടെ സഹോദരനെ മിഴിച്ചു നോക്കവെ അദ്ദേഹം ആ അൻസ്വാരിയെ നോക്കി പറഞ്ഞു: അവനാണ് എന്റെ ശരിയായ സഹോദരൻ, നീയല്ല എന്ന്.(സീറത്തു ബിൻ ഇസ്ഹാഖ്).



ഹസ്രത്ത് ഉമര്‍(റ) സ്വന്തം മാതൃസഹോദരനെ ബദർ യുദ്ധത്തിൽ ഇപ്രകാരം വധിച്ചു. അദ്ദേഹത്തിന്റെ പേര് ആസ്വ് ബിൻ ഹിശാം എന്നായിരുന്നു. അദ്ദേഹം ഉമർ(റ) വിന്റെ അമ്മാവൻ അല്ല എന്ന ഒരു പക്ഷം ചരിത്ര വാറ്റയിലുണ്ട്. അദ്ദേഹത്തിന്റെ നേരെ അമ്മാവൻ അംറ് ബിൻ ഹിശാം എന്ന അബൂ ജഹലാണ്. അബൂ ജഹലിന്റെ സഹോദരി ഹൻതമ എന്നവരാണല്ലോ ഉമർ(റ) വിന്റെ ഉമ്മ. ഇതിന് ചരിത്രം നൽകുന്ന മറുപടി ഈ കൊല്ലപ്പെട്ട ആസ്വ് ഉമർ(റ) വിന്റെ ഉമ്മയുടെ ബന്ധുവായിരുന്നു എന്നാണ്. മാതൃ ബന്ധുക്കളെ അമ്മാവൻ എന്ന് വിളിക്കുന്നത് അറേബ്യയിലെ ഒരു രീതിയാണ്. അബൂബക്ര്‍ സ്വിദ്ദീഖ്(റ) സ്വപുത്രനെ വധിക്കാന്‍ വിചാരിച്ചു. അദ്ദേഹത്തിന്റെ മകൻ അബ്ദുറഹ്മാൻ അന്ന് ശത്രു നിരയിലായിരുന്നു. പിന്നീട് ഇസ്ലാം ആശ്ലേഷിച്ച ശേഷം ബദറിലെ അനുഭവം പറയവെ മകൻ പിതാവിനോട് താങ്കൾ ബദറിൽ എന്റെ കൈപ്പാടിൽ പലപ്പോഴും സൗകര്യപൂർവ്വം വരികയുണ്ടായി എന്നും അങ്ങ് പിതാവായതിനാൽ ഞാൻ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും പറയുകയുണ്ടായി. എന്നാൽ നീയെങ്ങാനും എന്റെ മുന്നിൽ വന്നിരുന്നു എങ്കിൽ നിന്നെ ഞാൻ വധിക്കുമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തരം സംഭവങ്ങളെയാണ് 22-ാം സൂക്തം പരാമര്‍ശിക്കുന്നതെന്ന് ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തിയിട്ടുണ്ട്.



പരിശുദ്ധ ഖുർആനിലെ 58ാം അധ്യായമായ സൂറത്തുൽ മുജാദിലയുടെ ഇതിവൃത്തം വളരെ ചെറുതാണെങ്കിലും അതിന്റെ ആശയ ലോകം വളരെ വലുതാണ്. ഔസ് ബിൻ സ്വാമിത് തന്റെ ഭാര്യയെ ളിഹാർ ചെയ്തതും അതിൽ അവൾക്കുണ്ടായ സങ്കടവും അതിനുള്ള പരിഹാരവും കൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്. അതിലൂടെ സ്ത്രീയുടെ മഹത്വം, അവളുടെ അവകാശങ്ങളോടുള്ള ആദരവ്, ളിഹാറിന്റെയും അതിന്റെ പ്രയശ്ചിത്തത്തിന്റെയും വിധികൾ തുടങ്ങിയവ അതിന്റെ അനുബന്ധ കാര്യങ്ങളും പരാമർശിച്ച് കടന്നുപോകുന്നു. അപ്രകാരം തന്നെ അല്ലാഹുവിനെയും അല്ലാഹുവിന്റെ ദൂതനെയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം തുടർന്ന് വ്യക്തമാക്കുന്നു. മുനാഫിഖുകളുടെ ചില വേലത്തരങ്ങൾ ചൂണ്ടിക്കാട്ടി പ്രവാചകനുമായി സംഭാഷണം നടത്തുന്നതിന്റെ മര്യാദകൾ തുടങ്ങി പ്രധാന വിഷയങ്ങൾ പലതും ഈ സൂറത്ത് കൈകാര്യം ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞതിനുശേഷം വിശ്വാസികളുടെയും അല്ലാത്തവരുടെയും മനോനിലയെ കുറിച്ചുളള പ്രസ്താവനയോടെ സൂറത്ത് അവസാനിക്കുന്നു.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso