Thoughts & Arts
Image

സമകാല ബദർ വായന

27-04-2022

Web Design

15 Comments






വിശ്വാസി ഹൃദയങ്ങളിൽ വികാര വിജ്രംബണമുണ്ടാക്കുന്ന ഒരു സ്മര്യാധ്യായമാണ് ബദർ. മുസ്ലിംകളും  ശത്രുക്കളും തമ്മിൽ നടന്ന പ്രഥമ സായുധ യുദ്ധമായിരുന്നു ബദർ എന്നിടത്തു നിന്നല്ല ആ വികാരം സ്ഫുരിച്ചുയരുന്നത്. മറിച്ച് ബദർ യുദ്ധത്തിന്റെ ലക്ഷ്യം, ഫലം, സംഭവങ്ങളുടെ ക്രമം തുടങ്ങി എല്ലാ ഘടകങ്ങളും ചേർന്നു നിൽക്കുമ്പോഴാണ് ആ വികാരം വേറിട്ട ഒന്നായി തീരുന്നത്. അവയെല്ലാം ചേർന്നു നിൽക്കുമ്പോൾ അത് കേവലം രണ്ട് കക്ഷികൾ തമ്മിലുണ്ടായ സാമ്പത്തികമോ വിശ്വാസ പരമോ ആയ ഒരു ഏറ്റുമുട്ടൽ എന്ന ചെറിയ അർഥത്തിൽ നിന്നും പ്രപഞ്ചത്തിൽ തന്റെ വഴി അവതരിപ്പിക്കുവാൻ അല്ലാഹു വഴിയൊരുക്കുക എന്ന വിശാലമായ അർഥത്തിലേക്ക് വലുതാവും. അപ്പോൾ സൈനിക കമാണ്ടർ ജിബ്രീൽ തന്നെയായി മാറുന്നു. യോദ്ധാക്കൾ മാലാഖമാരും. ഈ വ്യാഖ്യാനത്തിലേക്ക് നാം തിരിയുന്നതും നമ്മെ തിരിച്ചു വിടുന്നതും തിരു നബി (സ)യുടെ അന്നത്തെ പ്രാർഥനയാണ്.
ഒരു ഏറ്റുമുട്ടൽ നബിയോ അനുയായികളോ പ്രതീക്ഷിച്ചിരുന്നില്ല. മദീന വഴി ശാമിലേക്ക് കടന്നുപോകുന്ന അബൂ സുഫ് യാനെ കാണുക, തങ്ങളുടെ അവകാശം ചോദിക്കുക എന്നേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. കാരണം അക്കുറി അബൂ സുഫ് യാന്റെ കച്ചവടം മക്കയിൽ മുഹാജിറുകൾ ഇട്ടു പോന്ന മുതലെല്ലാം വാരിക്കൂട്ടിയായിരുന്നുവല്ലോ. സ്വന്തം സ്വത്തുകൾ ചോദിക്കുവാനുള്ള ഉടമകളുടെ അവകാശം.



തുടക്കത്തിൽ അവരെത്തിയപ്പോഴേക്കും കച്ചവട ഖാഫില കടന്നു പോയിക്കഴിഞ്ഞിരുന്നു. അതിനാൽ അവർ തിരിച്ചു വരുന്നത് കാത്തിരിക്കേണ്ടി വന്നു. അത് ചോർന്നു. വഴിയിൽ മുഹമ്മദും സൈന്യവും തങ്ങളെ ആക്രമിച്ചേക്കാം എന്ന് കരുതിയ അബൂ സുഫ്‌യാന്റെ ഉള്ള് വിറക്കാൻ തുടങ്ങി. നാൽപതു വാഹനങ്ങളുണ്ട് സംഘത്തിൽ. അവ നിറയെ മക്കയിലെ ജനങ്ങൾക്ക് വിൽക്കാനുളള വസ്തു വകകളാണ്. അവ മൊത്തം അപകടത്തിൽ പെട്ടാൽ അത് മക്കയെ വിശപ്പിലേക്ക് കശക്കിയെറിയും. ആകെ വെപ്രാളപ്പെട്ട അബൂസുഫ്‌യാൻ മക്കയിലേക്ക് ദൂതനെ വിട്ട് സഹായം തേടി. അവർ ആയിരം പേർ അബൂ ജഹലിന്റെ നേതൃത്വത്തിൽ ചാടിയിറങ്ങി. മക്കക്കാർ സഹായിക്കും എന്ന ഉറപ്പുണ്ടായിട്ടും അബൂ സുഫ്‌യാന്റെ ഉൾ വിറ നിന്നില്ല. അയാൾ ചെങ്കടൽ തീരം വഴി രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ കാത്തു നിൽക്കുന്ന മുസ്ലിം സേനയുടെ മുമ്പിൽ മുഴങ്ങിയത് ഒരു യുദ്ധ കാഹളമായിരുന്നു. അവിചാരിതമായ അപകടങ്ങളിലേക്ക് ഇസ്ലാം ആരെയും പിടിച്ചു തള്ളുന്നില്ല. എന്നല്ല സ്വയം അപകടത്തിൽ പോയി വീഴരുത് എന്ന് ഖുർആൻ പറയുന്നുമുണ്ട്. ( 2:195 ) . അതിനാൽ ചർച്ചകൾ നടന്നു. വേണമെങ്കിൽ പിൻമാറാൻ വരെ പച്ചക്കൊടി കാണിച്ചു റസൂൽ. പക്ഷെ, അല്ലാഹുവിന്റെ ഹിതം മറ്റൊന്നായിരുന്നു. അവസാനം ആണികൾ നിരന്നു. അപ്പോൾ നബി(സ) ചെയ്ത ഒരു തേട്ടമുണ്ട്. അവിടെ നിന്നാണ് നാം ബദറിനെ വേറിട്ടു വായിക്കുന്നത്.



ആ പ്രാർഥന ഇങ്ങനെയായിരുന്നു: അല്ലാഹുവേ ഇന്നെങ്ങാനും ഈ സമൂഹത്തെ (ബദറിൽ പങ്കെടുക്കുന്നവരെ) നശിപ്പിക്കുകയാണെങ്കിൽ പിന്നെ ഭൂമിയിൽ നിന്നെ ആരാധിക്കാൻ ആരുമുണ്ടാവില്ല. ഇവിടെ നിന്ന് നാം യുദ്ധഗതി മാറുന്നതു കാണുന്നു. ഈ പ്രാർഥനയിൽ നബി(സ) യുദ്ധത്തിന്റെ ലക്ഷ്യം വ്യക്തമാക്കുകയാണ്. ആ ലക്ഷ്യം ഭൂമിയിൽ അല്ലാഹു ആരാധിക്കപ്പെടുക എന്നതാണ്. അല്ലാഹുവിനെ പരിചയപ്പെടുത്തുവാനും അവന്റെ അടിമത്വം സൃഷ്ടികളിൽ സ്ഥാപിച്ചെടുക്കാനുമാണ് ഈ പ്രവാചകന്റെ നിയോഗം. ആ നിയോഗം പതിനഞ്ചു വർഷമായി എങ്ങുമെത്താതെ നിൽക്കുകയാണ്. ആദ്യത്തെ മൂന്നു വർഷം പുറത്തു പറയാതെ കടന്നുപോയി. പിന്നീട് പുറത്തുപറഞ്ഞപ്പോഴോ സ്വന്തം നാട്ടുകാർ കഠിനമായ എതിർപ്പുകളുമായി രംഗത്തെത്തി. ക്രൂരമായ പരിഹാസങ്ങൾ. ക്രൂരമായ നീക്കങ്ങൾ. അനുയായികൾ ന്യൂനപക്ഷമായിരുന്നു എങ്കിലും അവർ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അവർ നേരിടുന്ന പീഡനകാഴ്ചകൾ മാത്രം മതിയായിരുന്നു ആദർശത്തിന്റെ വളർച്ച തടയുവാൻ. അവസാനം സഹിക്കവയ്യാതെ അനുയായികൾക്ക് ആഫ്രിക്കയിൽ അഭയം തേടേണ്ടിവന്നു. തന്നെയും കുടുംബത്തെയും ഉപരോധിച്ചു. പട്ടിണിക്കിട്ടു. മരണവുമായി മുഖാമുഖം കണ്ട മൂന്നു വർഷങ്ങൾ. അതിൽ നിന്നും പുറത്തുകടന്നപ്പോഴേക്കും പ്രിയപ്പെട്ട പിതൃവ്യനും പത്നിയും വിട്ടുപിരിഞ്ഞു. അവർ രണ്ട് പേരുമായിരുന്നു ആകെയുള്ള തണി.



നാലു ഭാഗത്തു നിന്നും കൂരമ്പുകൾ വന്നതും നാടുവിടുകയല്ലാതെ മാർഗ്ഗമില്ലെന്നു വന്നു. അങ്ങനെ തൊട്ടടുത്ത നഗരമായ ത്വാഇഫിലേക്ക് പുറപ്പെട്ടു. അത് പരാജയപ്പെട്ടു. പിന്നെയും പ്രശ്നങ്ങൾ. അവസാനം മദീനായിലെത്തിയിരിക്കുകയാണ്. അവിടെയും പ്രശ്നങ്ങൾ. സ്വന്തം അവകാശം ചോദിക്കാൻ വന്നവരെ നേരിടാൻ ആയിരപ്പട വന്നിരിക്കുന്നു. ഇതിനർഥം ഇവർ വിടില്ല എന്നാണ്. ഇത്രയുമായപ്പോൾ ഏത് കരുത്തനും തകർന്നു പോകുന്ന അനുഭവമാണ്. അതിനാൽ ഇനി വിജയിച്ചേ പറ്റൂ. ഇനി വിജയിച്ചില്ലെങ്കിൽ പിന്നെ ഈ ആദർശം പിടിച്ചുനിൽക്കില്ല. സത്യം വിജയിക്കില്ല. നീതി സ്ഥാപിക്കപ്പെട്ടില്ല. അടിമകൾക്ക് ഉടമയെ അറിയില്ല. അപ്പോൾ ഉടമ ആരാധിക്കപ്പെടില്ല. അതുണ്ടാവരുത്. അതാണ് നബി(സ) യുടെ അന്തരാളത്തിൽ നിന്നും ഉയരുന്ന പ്രാർഥനയുടെ അർഥം. അല്ലാഹു ആ ദുആ സ്വീകരിക്കുക തന്നെ ചെയ്യും. കാരണം അത് അത്തരമൊരു സന്നിഗ്ദ ഘട്ടത്തിൽ ചെയ്യുന്ന ദുആ ആണ്. സന്നിഗ്ദ ഘട്ടത്തിൽ ചെയ്യുന്ന ദുആക്ക് അല്ലാഹു തീർച്ചയായും ഉത്തരം ചെയ്യും. പ്രത്യേകിച്ചും ഈ പ്രാർഥനക്ക്. കാരണം ഇത് സത്യ ആദർശത്തെ ലോകത്ത് നിലനിറുത്തുവാനുള്ളതാണ്. ലോകാവസാനം വരേക്കും ഈ ആദർശം നിലനിർത്തുക എന്നത് അല്ലാഹുവിന്റെ കാരുണ്യമാണ്. ഏതെങ്കിലുമൊരു അടിമക്ക് രക്ഷപ്പെടണമെന്നുണ്ടെങ്കിൽ രക്ഷപ്പെടാനുളള ഒരു സഹായം.



അവിചാരിതമോ യാദൃശ്ചികമോ ആയി ഉണ്ടായതായിരുന്നു ബദർ യുദ്ധം എന്ന തോന്നലും ഇതോടെ നാം മാറ്റി വെക്കേണ്ടിവരും. റമദാൻ മാസത്തെ തന്നെ അതിന്റെ കാലവേദിയായി അല്ലാഹു നിശ്ചയിക്കുകയായിരുന്നു എന്നു വേണം കരുതാൻ. റമദാൻ ചിന്തകളിൽ ബദ്ർ പോരാട്ട സ്മൃതികൾക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ചരിത്രമൊരിക്കലും യാദൃച്ഛികമായി സംഭവിക്കുന്നതല്ല എന്നതാണ് ഇസ്‌ലാമിക ചരിത്രത്തിന്റെ തത്ത്വചിന്ത. അതിനാൽ ബദ്ർ സംഭവങ്ങൾ റമദാനിലായതും യാദൃച്ഛികമല്ല; അല്ലാഹുവിന്റെ നിശ്ചയമാണ്. അതിന്റെ രംഗവേദിയും അത്തരത്തിലുള്ളതായിരുന്നു. യുദ്ധം ചെയ്തത് മലക്കുകളായിരുന്നു എങ്കിലും അതിനു മുമ്പിൽ നിന്ന സമൂഹം മാതൃകാ യോഗ്യമായിരുന്നു.
ആദർശത്തിലും ജീവിതത്തിലും വിശുദ്ധിയുള്ള, ലക്ഷ്യത്തിലും നയത്തിലും കൃത്യതയുള്ള, പ്രവർത്തന പരിപാടിയിൽ ഏകതയുള്ള ഒരു സമൂഹമാണ് ബദറിനെ അഭിമുഖീകരിച്ചത്. ആ അർഥത്തിൽ വിലയിരുത്തുമ്പോൾ ആത്മീയവും ആന്തരികവുമായ വിശുദ്ധിയും കരുത്തും ഒരു പ്രവാഹമായി മാറുകയായിരുന്നു ബദറിൽ എന്ന് ചുരുക്കം. ഇത് ബദറിന്റെ വ്യതിരിക്ത അധ്യായങ്ങളിൽ ഒന്ന്. ഇത്തരം കുറേ അദ്ധ്യായങ്ങൾ കൊണ്ട് ഒരു സംഭവത്തിൽ നിന്നും ഒരു അധ്യായമായി മാറുകയാണ്. ബദർ എന്ന പാഠ പുസ്തകത്തിൽ അടുത്ത അധ്യായം വിശ്വാസികളുടെ സന്നദ്ധതയാണ്.



മക്കക്കാര്‍ ബദറിലേക്കു പുറപ്പെട്ട വിവരം നബി(സ)ക്ക് ലഭിച്ചു. അവര്‍ സ്വഹാബികളെ വിളിച്ചുകൂട്ടുകയും ഒരു യുദ്ധത്തിനുവേണ്ടി തയ്യാറാവുന്നതു സംബന്ധമായി അവരോട് ചര്‍ച്ചചെയ്യുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ്(റ) വും ഉമര്‍(റ) വും പ്രവാചകന് പരിപൂര്‍ണ പിന്തുണ നല്‍കി. ഒരു യുദ്ധമാണെങ്കില്‍ അതിന് തങ്ങളെല്ലാവരും തയ്യാറാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ശേഷം മുഹാജിറുകളുമായി പ്രവാചകന്‍ സംസാരിച്ചു. തങ്ങളുടെ നേതാവായ അങ്ങ് എന്തു പറഞ്ഞാലും അതു ചെയ്യാന്‍ തങ്ങള്‍ സജ്ജരാണെന്നായിരുന്നു അവരുടെ പ്രിതകരണം. ശേഷം, അന്‍സ്വാറുകള്‍ക്കു നേരെ തിരിഞ്ഞ് അഭിപ്രായമാരാഞ്ഞു. അവരുടെ നേതാവായ സഅദ് ബ്‌നു മുആദ് (റ) എഴുന്നേറ്റു നിന്ന് പറഞ്ഞു: പ്രവാചകരെ, അങ്ങ് ഉദ്ദേശിക്കുന്നത് ചെയ്യുക; പോകാനുദ്ദേശിക്കുന്നിടത്ത് പോവുക; നിശ്ചയം ഞങ്ങള്‍ അന്‍സ്വാറുകള്‍ അങ്ങയോടൊപ്പം ഉണ്ടായിരിക്കും. ആവശ്യമുള്ളത് ചോദിക്കുക; അങ്ങേക്കു നല്‍കുന്നതാണ് ഞങ്ങള്‍ക്ക് ശേഷിക്കുന്നതിനെക്കാള്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. അങ്ങ് ഞങ്ങളോട് ഒരു നദിയില്‍ ചാടാന്‍ പറഞ്ഞാലും ശങ്കലേശമന്യെ ഞങ്ങളതിന് തയ്യാറാണ്. മിഖ്ദാദ് (റ) പറഞ്ഞു: പ്രവാചകരെ, പണ്ട്, മൂസാ നബിയോട് തന്റെ അനുയായികള്‍ പറഞ്ഞതുപോലെ, നീയും നിന്റെ ദൈവവും പോയി യുദ്ധം ചെയ്യുക; ഞങ്ങള്‍ ഇവിടെ വിശ്രമിക്കാം എന്ന് ഞങ്ങള്‍ ഒരിക്കലും പറയുന്നതല്ല. അനുചരന്മാരുടെ പ്രതികരണങ്ങള്‍ കേട്ട് പ്രവാചകന് സന്തോഷമായി. വേണ്ടിവന്നാല്‍ മക്കക്കാരുമായി യുദ്ധം ചെയ്യാന്‍തന്നെ അവര്‍ തീരുമാനിച്ചു. യുദ്ധം പ്രവാചകാനുയായികള്‍ക്കിടയില്‍ വന്‍ ആവേശമാണ് ഉളവാക്കിയത്. ഇത് ഈമാനികമായ ആവേശമായിരുന്നു. ഇത്തരമൊരു ആവേശം ആണ്, ആയിരിക്കേണ്ടതാണ് സത്യവിശ്വാസിയുടെ വിജയങ്ങളുടെ മാനദൻഡം.



വന്‍സൈന്യവും സന്നാഹവുമായാണ് ഖുറൈശികള്‍ യുദ്ധത്തിനു വന്നത്. മുസ്‌ലിംകളെ അപേക്ഷിച്ച് മൂന്നു മടങ്ങ് കൂടുതലായിരുന്നു അവരുടെ അംഗബലം. നൂറ് കുതിരപ്പടയാളികളും അറുനൂറ് അങ്കികളും അനവധി ഒട്ടകങ്ങളുമുണ്ടായിരുന്നു അവര്‍ക്ക്. ആയിരത്തിലേറെ അംഗബലമുള്ള സൈന്യത്തെ അബൂ ജഹലാണ് നയിച്ചിരുന്നത്. അഹങ്കാരവും ദുരഭിമാനവും കാണിച്ച് അവര്‍ ബദര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, വളരെ ലളിതവും ചെറുതുമായിരുന്നു മുസ്‌ലിംസൈന്യം. വലിയ തയ്യാറെടുപ്പുകളോ യുദ്ധ സന്നാഹങ്ങളോ അവരുടെ കൂടെ ഉണ്ടായിരുന്നില്ല. ഭടന്മാരായി മുഹാജിറുകളും അന്‍സ്വാറുകളുമടക്കം 313 പേരാണ് അവര്‍ ഉണ്ടായിരുന്നത്. കുതിരകളും ഒട്ടകങ്ങളും അംഗുലീപരിമിതം. ആയുധങ്ങളുടെയും അവസ്ഥ അതുതന്നെയായിരുന്നു. അലി(റ)മുഹാജിറുകളുടെയും സഅദ് ബിന്‍ മുആദ്(റ) അന്‍സ്വാറുകളുടെയും നേതാവായി നിശ്ചയിക്കപ്പെട്ടു. മുസ്അബ് ബിന്‍ ഉമൈറായിരുന്നു മുഖ്യസൈന്യാധിപന്‍. ബദ്‌റിലെത്തിയ മുസ്‌ലിം സൈന്യം അവിടത്തെ ജലസംഭരണിക്കടുത്ത് സ്ഥാനമുറപ്പിച്ചു. ബണ്ട് കെട്ടി ആവശ്യത്തിന് വെള്ളം ശേഖരിച്ചു. മക്കാമുശ്‌രിക്കുകള്‍ക്ക് ഇത് വലിയ തിരിച്ചടിയായി. അന്നു രാത്രി ശക്തമായ മഴ വര്‍ഷിച്ചു. മുസ്‌ലിംകള്‍ക്കിത് വലിയ അനുഗ്രഹമായി. എന്നാല്‍, ശത്രുക്കള്‍ക്കിത് വലിയൊരു വിപത്തിറങ്ങിയ പ്രതീതിയായിരുന്നു. ഭീതിയും ഭീഷണിയും നിറഞ്ഞ സാഹചര്യങ്ങളിൽ അല്ലാഹു സത്യവിശ്വാസികൾക്ക് അവന്റെ പ്രത്യേക സഹായം നൽകുമെന്നത് ഉറപ്പാണ് എന്നത് മറ്റൊരു ബദർ പാഠം.



ബദർ തെളിയിക്കുന്ന മറ്റൊരു വസ്തുത പ്രാർഥനയുടെ കരുത്താണ്. ബദറിന്റെ മഹാവിജയം നബി(സ) യുടെ പ്രാർഥനയുടെ ഫലമായിരുന്നു എന്ന് ആരും പറഞ്ഞു പോകുന്ന സാഹചര്യമാണ് ഉണ്ടായത്. മുസ്‌ലിംകളും മുശ്‌രിക്കുകളും മുഖാമുഖം നിന്നു. അതേസമയം പടക്കളത്തിനരികില്‍ നബിക്കു നില്‍ക്കാനായി ഒരു കൂടാരം തയ്യാറാക്കപ്പെട്ടിട്ടുണ്ടായിരുന്നു. അരീശ് എന്നാണ് ഇത് ചരിത്രത്തിൽ വ്യവഹരിക്കപ്പെടുന്നത്. യുദ്ധത്തിനു തൊട്ടു മുമ്പായി പ്രവാചകന്‍ അനുയായികളെയും കൂട്ടി പടക്കളത്തിലിറങ്ങി ചുറ്റും നടന്നു. യുദ്ധത്തില്‍ ഓരോ ഖുറൈശീ നേതാവും പിടഞ്ഞുവീഴുന്ന സ്ഥലം അവര്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഇത് സ്വഹാബീ സൈനികരുടെ മനോനില ഉയർത്തി. നേരത്തെ മഴ പെയ്യിച്ച് അല്ലാഹു താനൊപ്പമുണ്ട് എന്ന് പറഞ്ഞതിനു പുറകെ നബി(സ) യുദ്ധത്തിന്റെ മഹാവിജയത്തിന്റെ ഫലങ്ങൾ വീഴുന്ന ഇടങ്ങൾ അടയാളപ്പെടുത്തുക കൂടി ചെയ്തതോടെ അവരുടെ ആത്മധൈര്യവും വിജയപ്രതീക്ഷയും ഇരട്ടിയായി.
അവസാന ഒരുക്കമെന്ന നിലയിൽ നബി തിരുമേനി സൈന്യത്തെ ശരിപ്പെടുത്തി. ശേഷം, അബൂബക്ര്‍ സിദ്ദീഖ് (റ) വിനൊപ്പം കൂടാരത്തിലേക്കു കയറി. ഇരു കരങ്ങളും ആകാശത്തിലേക്കുയര്‍ത്തി കുറേ നേരം പ്രാര്‍ത്ഥിച്ചു: നാഥാ, ഇത് നിന്റെ സൈന്യമാണ്. ഇന്നിവര്‍ പരാചയപ്പെടുത്തപ്പെട്ടാല്‍ മേലില്‍ നീ ഭൂമിയില്‍ ആരാധിക്കപ്പെടുകയില്ല. അതിനാല്‍, ഞങ്ങളെ നീ സഹായിക്കേണമേ. തേങ്ങിക്കൊണ്ടുള്ള പ്രവാചകരുടെ പ്രാര്‍ത്ഥന കേട്ട് അബൂബക്ര്‍ സിദ്ദീഖ് (റ) അവരെ സമാധാനിപ്പിച്ചു.



യുദ്ധത്തിനിടയിൽ അലി(റ) തന്റെ അനുഭവം പറയുന്നുണ്ട്. യുദ്ധം അതിന്റെ ഗൗരവഭാവത്തിലേക്ക് കടന്നപ്പോൾ എന്റെ ഉള്ളിൽ ഒരു ഭീതി കടന്നു. അരീശിൽ ഏകനായി നിൽക്കുന്ന നബി(സ)യെ ആരെങ്കിലും സൂത്രത്തിൽ അപായപ്പെടുത്തിയേക്കുമോ എന്ന്. ഞാൻ ഓടിച്ചെന്നു നോക്കി. അപ്പോൾ അകത്ത് നബി പ്രാർത്ഥനയിൽ ലയിച്ചു നിൽപ്പാണ്. ഞാൻ തിരിച്ചു പോന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും എനിക്ക് അതേ അനുഭവം. ഞാൻ ചെന്നു നോക്കി. അപ്പോഴും പ്രാർഥനയിൽ അലിഞ്ഞു നിൽക്കുകയായിരുന്നു നബി(സ). ഞാൻ സമാധാനത്തോടെ മടങ്ങി. കുറച്ചു കഴിഞ്ഞ് മൂന്നാമതും ഉണ്ടായി ഇതേ അനുഭവം. നാലാമത് ഞാൻ ചെന്നത് യുദ്ധം വിജയിച്ചതിന്റെ സന്തോഷം അറിയിക്കാനായിരുന്നു. പ്രാർത്ഥനയുടെ ശക്തിയാണ് ഇത് കാണിക്കുന്നത്. പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ് എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതിന്റെ പ്രായോഗികത തെളിയിക്കപ്പെടുകയുണ്ടായ അനുഭവമായിരുന്നു ബദറിലേത്.



മുസ്‌ലിംകള്‍ക്കും മുശ്‌രിക്കുകള്‍ക്കുമിടയില്‍ ഘോരമായ യുദ്ധമാരംഭിച്ചപ്പോൾ ലോകം ശരിക്കും ശ്വാസമടക്കിപ്പിടിക്കുകയായിരുന്നു. കാരണം രണ്ട് സൈന്യത്തിനുമിടയിൽ അത്ര വലിയ അന്തരമുണ്ടായിരുന്നു. ആയുധത്തിന്റെയും അംഗബലത്തിന്റെയും കാര്യത്തിൽ പ്രത്യേകിച്ചും. എല്ലാം കുറവായിരുന്ന മുസ്ലിം സേന വിജയിക്കുന്ന പ്രതീക്ഷ സാധാരണ ഗതിയിൽ പുലർത്തുവാൻ ആർക്കും ഒരു ന്യായ വുമില്ലായിരുന്നു. പക്ഷെ, സ്വഹാബിമാരുടെ മനോനില ഭൗതികമായ ഒരു അളവുകോൽ കൊണ്ടും അളക്കാൻ കഴിയാത്ത അത്ര ഉയർന്നതായിരുന്നു. ഓരോരുത്തരും മറ്റെന്തോ ആയി മാറുകയായിരുന്നു എന്നു പറയാം. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിച്ച് മുസ്ലിം സൈന്യം മുന്നോട്ടുനീങ്ങി. തന്നിൽ ലയിച്ചലിഞ്ഞ് ചേർന്ന് യുദ്ധം ചെയ്യുന്ന സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു മലക്കുകളെ കൂട്ടം കൂട്ടമായി ഇറക്കി. ബദ്ര്‍ യുദ്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ പലയിടത്തും അതില്‍ മലക്കുകള്‍ നിയോഗിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നുണ്ട് (3:124-6, 8:9, 92:26, 33:9). അല്ലാഹു ഒരിടത്ത് പറയുന്നത് ഇങ്ങനെ: താങ്കള്‍ സത്യവിശ്വാസികളോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങളുടെ നാഥന്‍ മൂവായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?, സംശയം വേണ്ട, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്ത് വന്നെത്തിയാലും നിങ്ങളുടെ നാഥന്‍, പ്രത്യേക അടയാളങ്ങളുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും. അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാണ് (3: 124-6). മലക്കുകളുടെ സാന്നിധ്യം തെളിയിക്കുന്ന പല രംഗങ്ങളും ചരിത്രാഖ്യാനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു വലിയ സേനയോട് മുസ്ലിം സേന വിജയിച്ചു എന്നതു തന്നെ അതിന്റെ തെളിവാണല്ലോ. സന്നിഗ്ദ ഘട്ടത്തിൽ അല്ലാഹു വിശ്വാസികളെ കൈവിടില്ല എന്നത് ബദറിന്റെ മറ്റൊരു പാഠം.



ശത്രുക്കള്‍ക്കിടയിലേക്കു പാഞ്ഞുകയറിയ വിശ്വാസികളെ കണ്ട് അവര്‍ അമ്പരന്നു. ഒരിക്കലും പിടിച്ചുനില്‍ക്കാനാവില്ലായെന്നു കണ്ടപ്പോള്‍ അവര്‍ പിന്തിരിഞ്ഞോടി. യുദ്ധത്തില്‍ പലരും ശഹീദായി. അനവധി മുശ്‌രിക്കുകള്‍ വധിക്കപ്പെട്ടു. ഉമൈര്‍ ബിന്‍ ഹുമാം എന്ന അന്‍സ്വാരിയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ട പ്രഥമ വിശ്വാസി. അബൂജഹല്‍, ഉത്ബ, ശൈബ തുടങ്ങി തങ്ങളുടെ വലിയൊരു നായക നിരതന്നെ ഈ യുദ്ധത്തില്‍ ഖുറൈശികള്‍ക്ക് നഷ്ടപ്പെട്ടു. ഖുറൈശികള്‍ പിന്തിരിഞ്ഞതോടെ പ്രവാചകന്‍ വിജയം പ്രഖ്യാപിച്ചു. അസത്യത്തിനുമേല്‍ സത്യം വിജയിച്ചപ്പോള്‍ അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു. യുദ്ധത്തില്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും എഴുപത് പേര്‍ വധിക്കപ്പെടുകയും എഴുപത് പേര്‍ ബന്ധികളായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിം പക്ഷത്തുനിന്നു ആറു മുഹാജിറുകളും എട്ടു അന്‍സ്വാറുകളും ശഹീദായി. വധിക്കപ്പെട്ട മുശ്‌രിക്കുകളെ ബദറിലെ ഒരു കിണറ്റില്‍ മറമാടപ്പെട്ടു. യുദ്ധം കഴിഞ്ഞ് പ്രവാചകരും അനുയായികളും വിജയ ശ്രീലാളിതരായി മദീനയില്‍ തിരിച്ചെത്തുന്നതോടെയാണ് ചരിത്രത്തിൽ ബദ്റിന് തിരശീല വീഴുന്നത്.



മുസ്ലീങ്ങൾ ഒരു സമൂഹമായി വളർന്നിരിക്കുന്നു എന്ന തിരിച്ചറിവ്  സർവ്വരെയും ബദർ ബോധ്യപ്പെടുത്തി. പലിശയടക്കം പലതരം ചൂഷണങ്ങളും നടത്തി മേൽക്കോയ്മ നിലനിർത്തിയിരുന്ന മദീനയിലെ ജൂതന്മാരും ഇതിൽ ഒരു  വിഭാഗമായിരുന്നു. ഇവർക്ക് ബദർ വിജയം ചില പാഠങ്ങൾ നൽകി എന്നു  പറയാം.മക്കയിലെ മുശ്‌രികുകൾക്കായിരുന്നു ബദർ വലിയ താക്കീത് നൽകിയത് . അവർക്ക് ബദർ വിജയം അക്ഷരാർത്ഥത്തിൽ ഒരു ഞെട്ടലായിരുന്നു. ഒപ്പം അവരുടെ മതവിശ്വാസത്തിൽ ഏറ്റ മങ്ങലായിരുന്നു. മക്കയുടെ അധിപർ എന്ന മുശ് രികുകളുടെ കോയ്മക്ക് തന്നെ മങ്ങലേറ്റു. 70 പ്രധാനികൾ അവരിൽ വധിക്കപ്പെട്ടു അവശേഷിച്ച 70 പേർ തടവിലുമായി . അവസാനം ഓടി രക്ഷപ്പെടേണ്ടി വരികയും ചെയ്തു. ജൂതരെ പോലെ മക്കയിലെ മുശ്രിക്കുകളെ പോലെ ബദർ വിജയം സ്വാധീനിച്ച മറ്റൊരു വിഭാഗം മദീനയിലെ സാധാരണ ജനങ്ങൾ ആയിരുന്നു അവർക്ക് ഈ വിജയം ഇസ്ലാമിലേക്ക് കടന്നു വരാനും പിന്തുടരാനും പ്രചോദനമുളവാക്കി. അന്തിമ വിജയം സത്യവിശ്വാസികള്‍ക്കുള്ളതാണ് എന്ന പാഠവും ബദര്‍ നല്‍കുന്നു. ബദ്റിന്റെ ഏറ്റവും വലിയ പാഠം, അല്ലാഹുവിന്റെ സഹായത്തിലുള്ള അടിയുറച്ച വിശ്വാസമാണ് സത്യവിശ്വാസികളുടെ സമൂഹത്തെ എപ്പോഴും നയിക്കേണ്ടതെന്നതാണ്.  പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എത്രയെത്ര ചെറിയ സംഘങ്ങളാണ് വലിയ വലിയ സംഘങ്ങളെ കീഴടക്കിയിട്ടുള്ളത്. അത് അല്ലാഹുവിന്റെ പിന്തുണയോടെയാണ്’. നമ്മുടെ കഴിവ്, ആസൂത്രണം, മനുഷ്യവിഭവം എന്നിവയെല്ലാം ഉണ്ടായിരിക്കുമ്പോള്‍ തന്നെ കൃത്യമായി ഇത് അല്ലാഹുവില്‍ നിന്നുള്ളതാണെന്നുള്ള അടിയുറച്ച വിശ്വാസം നമുക്ക് വേണം. ഈ ഭൂമിയില്‍ നാം ഒറ്റക്കല്ല. അല്ലാഹുവും അവന്റെ  മലക്കുകളും നമ്മോടൊപ്പമുണ്ട്. സത്യവിശ്വാസികളുടെ സമൂഹം ഐക്യത്തോടെ നിലകൊള്ളണമെന്നതാണ് മറ്റൊരു വലിയ പാഠം. ചെറിയ സംഘമായിട്ടുകൂടി മുഹാജിറുകളും അന്‍സാറുകളും ബദറില്‍ കാഴ്ചവെച്ച ഐക്യം പിശാചിനെ വരെ ഞെട്ടിച്ചുകളഞ്ഞുവെന്ന് പരിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. പ്രതിസന്ധിഘട്ടങ്ങളിലൊക്കെ ഭിന്നിപ്പിന്റെയും വേര്‍തിരിവിന്റെയും മാര്‍ഗങ്ങള്‍ തേടുന്നതിന് പകരം സത്യവിശ്വാസികള്‍ യോജിച്ചുനില്‍ക്കുന്നതിനുള്ള മാര്‍ഗമാണ് തേടേണ്ടത് എന്നും ബദർ നമ്മോടു പറയുന്നു.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso