നോമ്പിന്റെ ആത്മ സാരങ്ങൾ
27-04-2022
Web Design
15 Comments
നോമ്പിന്റെ ഉദ്ദേശ ലക്ഷ്യം എന്താണ് എന്ന് സൂറത്തുൽ ബഖറയിലെ 182-ാം വാക്യത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നോമ്പ് നിശ്ചയിക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും അത് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വാ ഉള്ളവരാകാന്‍ വേണ്ടി. നോമ്പ് വിശ്വാസികളെ മുത്തഖീങ്ങളാക്കുവാൻ വേണ്ടിയുളളതാണ് എന്ന് വ്യക്തം. ഒന്നുകൂടി വ്യക്തമാക്കിയാൽ ഒരു അവിശ്വാസിയെ വിശ്വാസിയാക്കുവാനല്ല, വിശ്വാസിയെ ഭക്തനാക്കി മാറ്റുവാനാണ് നോമ്പ് എന്നു ചുരുക്കം. ഇതോടെ തഖ് വ എന്നാൽ എന്താണോ അതു നേടുവാൻ കഴിയുന്ന വിധത്തിലുളള നോമ്പായാൽ മാത്രമേ അത് അല്ലാഹു ഉദ്ദേശിച്ച ഉദ്ദേശലക്ഷ്യങ്ങൾ നേടുന്ന നോമ്പായി മാറൂ എന്നു വരുന്നു. അതിനാൽ നാം തഖ് വാ എന്ന ആശയത്തിന്റെ അർഥവും ആശയവും കൂടി ഗ്രഹിക്കുവാൻ ബാധ്യസ്ഥരായി മാറുന്നു.
തഖ്‌വാ എന്നത് അറബികളുടെ ഭാഷയില്‍ വിഖായ എന്ന പദത്തില്‍ നിന്ന് ഉടലെടുത്ത പദമാണ്. സൂക്ഷിക്കുക, ഉപദ്രവത്തില്‍ നിന്ന് സംരക്ഷിക്കുക, ദോഷം പറ്റുന്നതിനെ തടയുക എന്നൊക്കൈയാണ് വിഖായത്തിന്റെ അര്‍ഥം. ഇത് മതപരമായ സങ്കേതികതയിൽ ഉപയോഗിക്കുമ്പോൾ ആത്മീയതയെ സംരക്ഷിച്ചു നിറുത്തുക എന്ന ആശയമായി മാറും. തഖ് വാ എന്നതിന് പൊതുവെ മത പണ്ഡിതർ കൽപ്പിക്കുന്ന നിർവ്വചനം അല്ലാഹുവിന്റെ കൽപ്പനകൾ പാലിച്ചും വിരോധനകൾ മാനിച്ചും ആത്മീയമായ ശ്രദ്ധയോടെ ജീവിക്കുക എന്നതാണ്. അങ്ങനെ ജീവിക്കുവാൻ നല്ല ജാഗ്രവത്തായ സൂക്ഷ്മത പുലർത്തേണ്ടിവരും. അതിനുളള മാനസിക നിലയാണ് തഖ് വാ. അലി(റ) ഒന്നു കൂടി ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ അത് ഇപ്രകാരം വിവരിക്കുന്നു. രണ്ട് പാർശ്വങ്ങളിലും മുള്ളുകൾ നിറഞ്ഞ ഒരു ഇടുങ്ങിയ വഴിയിലൂടെ രണ്ട് ഭാഗങ്ങളിലുമുളള മുള്ളുകൾ കൊള്ളാതെ മുന്നോട്ടു പോകുന്ന വിദ്യയാണത് എന്നാണ് അദ്ദേഹത്തിന്റെ വ്യാഖ്യാനം.
ഒരു മാസത്തെ വ്രതത്തിലൂടെ ഇസ്‌ലാം ഉന്നംവെച്ച ലക്ഷ്യങ്ങളില്‍ മനസ്സിന്റെ സംസ്‌കരണം, രഹസ്യമായും പരസ്യമായും അല്ലാഹുവിനെ സൂക്ഷിക്കാനുള്ള പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. കാരണം നോമ്പുകാരനെ നിരീക്ഷിക്കാന്‍ അവന്റെ റബ്ബ് അല്ലാതെ മറ്റാരുമില്ല. അപ്പോള്‍ അവന് വിശപ്പും ദാഹവും അനുഭവപ്പെട്ടാല്‍ അല്ലെങ്കില്‍ സുഖാനുഭൂതികള്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവന്‍ അവയുടെ നേരെ ക്ഷമ കൈക്കൊള്ളുന്നു; അവ ഉപയോഗിക്കുകയും അവയിലേക്ക് വഴുതിപ്പോവുകയും ചെയ്യുന്നതില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നു. അല്ലാഹു കാണുമെന്ന ശക്തമായ ബോധവും വിശ്വാസവുമാണ് അതിന് പ്രേരിപ്പിക്കുന്നത്. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു ഹദീസില്‍ ഈ ആശയമാണ് വ്യക്തമാക്കുന്നത്: അവന്‍ എനിക്കു വേണ്ടി ഭക്ഷണവും പാനീയവും ദേഹേച്ഛയും ഉപേക്ഷിക്കുന്നു. നോമ്പ് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. ഇങ്ങനെ മുസ്‌ലിം അവന്റെ ഉദ്ദേശ്യത്തെ സ്വതന്ത്രമാക്കുകയും അല്ലാഹുവിനു വേണ്ടി ഭക്ഷണം, പാനീയം തുടങ്ങിയ അനുവദനീയ വസ്‌തുക്കളെല്ലാം ഉപേക്ഷിച്ചു ക്ഷമിക്കാനുള്ള പരിശീലനം നേടുകയും ചെയ്‌താല്‍ ഏതു കാലത്തും സ്ഥലത്തും തന്റെ ഉദ്ദേശ്യത്തില്‍ ആധിപത്യം ചെലുത്താന്‍ അവന് കഴിയുന്നു. നിഷിദ്ധമായ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനും ജനങ്ങള്‍ക്കുമുള്ള അവകാശങ്ങളുമായി ബന്ധപ്പെട്ട് തെറ്റുകളില്‍ നിന്നും അവന്‍ വിട്ടുനില്‍ക്കുന്നു. വ്യക്തിപരമോ സാമൂഹ്യമോ ആയ യാതൊരു അക്രമവും അവൻ പ്രവര്‍ത്തിക്കുകയില്ല. കളവും അസഭ്യവും, വഞ്ചന, കോഴ, അക്രമം, കുഴപ്പം സൃഷ്‌ടിക്കല്‍ തുടങ്ങിയവയെല്ലാം അവൻ വര്‍ജിക്കുന്നു. തന്റെ ഉദ്യോഗപരമോ സാമൂഹ്യമോ ആയ ഒരു കടമ നിര്‍വഹിക്കുന്നതിലും യാതൊരു വീഴ്‌ചയും കാണിക്കുകയില്ല. ഇതിനെല്ലാം വേണ്ട പരിശീലനം നേടുകയും അത് സ്വീകരിക്കുവാൻ മനസ്സിനെ പ്രാപ്തമാക്കുകയും ചെയ്യുവാനുള്ളതാണ് നോമ്പ്.
റമദാന്‍ മാസത്തില്‍ ചില മുസ്‌ലിംകളില്‍ ആലസ്യം സര്‍വസാധാരണമാണ്. ഭക്തി നടിച്ചും അതിനെ ഒരു ഒഴിവുകഴിവായി അവതരിപ്പിച്ചും അവരുടെ ഉദ്യോഗപരമോ തൊഴില്‍പരമോ സാമൂഹ്യപരമോ വിദ്യാഭ്യാസപരമോ ആയ കടമകളില്‍ നിന്നെല്ലാം വരെ ഇത്തരക്കാർ വിട്ടുനിൽക്കുന്നു. ഒന്നും ചെയ്യാതെ തഖ് വ യെ നകഷ്ടിച്ചെടുക്കാനുള്ള ശ്രമമാണിത്. എന്നാൽ ഇങ്ങനെയല്ല തഖ് വ ശീലിക്കേണ്ടത്. എല്ലാം ചെയ്യുകയും അതിനിടയിൽ തന്നെ തഖ്‌വാ ശീലിക്കുകയുമാണ് വേണ്ടത്. അല്ലാഹു നോമ്പ് നിശ്ചയിച്ചത് തന്നെ കടമകള്‍ നിര്‍വഹിക്കുകയും സമൂഹത്തെ നിര്‍മിക്കുകയും നാഗരികത കെട്ടിപ്പടുക്കുകയും ചെയ്യുന്നതില്‍ നിന്ന് നാം ഒഴിഞ്ഞുനില്‍ക്കാന്‍ വേണ്ടിയാണോ എന്നു തോന്നിപ്പോകും ഇത്തരം നിലപാടുകൾ കാണുമ്പോൾ. എന്നാല്‍ ഈ മാസത്തിന്റെ തിരക്കിനും ആത്മീയ അവബോധത്തിലുമാണ് മുസ്‌ലിം സമൂഹം മഹത്വത്തിന്റെയും വിജയത്തിന്റെയും ഏറ്റവും വലിയ പ്രതാപം സൃഷ്‌ടിച്ചതെന്ന കാര്യം ഇവര്‍ക്കറിഞ്ഞുകൂടാ. റമദാനിലാണ് നബി ബദ്‌ര്‍യുദ്ധം നയിച്ചതും മക്കാവിജയം നേടിയതും. താര്‍ത്താരികള്‍ക്കെതിരിലുള്ള ഐൻ ജാലൂത്ത് സംഭവവും കുരിശാക്രമണകാരികള്‍ക്കെതിരിലുള്ള ഹിത്തീന്‍ സംഘട്ടനവും ഉണ്ടായത് റമദാനില്‍ തന്നെ. ആധുനിക കാലഘട്ടത്തില്‍ യഹൂദര്‍ക്കെതിരെ മുസ്‌ലിംകള്‍ ശക്തമായ ഒരു സമരം നടത്തിയതും റമദാനിലാണ്. ഇങ്ങനെ റമദാന്‍ മുസ്‌ലിംകളുടെ ജീവിതത്തില്‍ പ്രതാപത്തിന്റെ കാലമായിരുന്നു. മുസ്‌ലിംകള്‍ അവരുടെ പുണ്യസ്ഥലങ്ങള്‍ സംരക്ഷിക്കാനും അവരുടെ സമൂഹങ്ങളെ നിര്‍മിക്കാനും വേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് റമദാനില്‍ നടത്തിയത് എന്ന് ഗതകാല ചരിത്രങ്ങളിൽ കാണാം.
ആത്മനിയന്ത്രണം പാലിക്കാനും സാമൂഹ്യവികാരങ്ങള്‍ വളര്‍ത്താനും അവ പരിശീലിപ്പിക്കാനും വ്യക്തിപരമായ ജൈവാവകാശങ്ങള്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ പോലും പൊതുവ്യവസ്ഥ പാലിക്കാനും സ്വത്വത്തെ പ്രേരിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ മാര്‍ഗമാണ് വ്രതം. ഭോജനവും ലൈംഗികബന്ധവും അനുവദിക്കുന്നതും നിരോധിക്കുന്നതുമായ സമയം നിര്‍ണയിച്ചതില്‍ ഇത് വ്യക്തമായും പ്രകടമാകുന്നുണ്ട്. ഉൺമ പ്രഭാതം മുതൽ അസ്തമയം വരെ അന്നപാനാദികളും ലൈംഗിക വേഴ്ചകളും പാടില്ല എന്നും അതിനു പുറത്തുള്ള സമയങ്ങളിൽ അതാവാം എന്നും പറയുമ്പോൾ വിശ്വാസി മനസ്സിന്റെ ത്വരകളെയും വികാരങ്ങളെയും നിയന്ത്രിക്കുകയും അത് നീണ്ട ഒരു മാസം തുടരുക വഴി അതിനെ സ്വഭാവമാക്കി പരിവർത്തിപ്പിക്കുകയുമാണ്. ചില ഉദാഹരണങ്ങളിലൂടെ അത് വേഗത്തിൽ ഗ്രഹിക്കാം. ലൈംഗിക ബന്ധം സ്ഥാപിക്കുവാന്‍ അല്ലാഹു അനുവദിച്ച ഇണ നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും നോമ്പിന്‍റെ പകല്‍സമയം അല്ലാഹു അനുവദിച്ച ഭാര്യയില്‍ നിന്ന് ഭര്‍ത്താവും ഭര്‍ത്താവില്‍ നിന്ന് ഭാര്യയും അകന്നു നില്‍ക്കുന്നു. എന്തിനു വേണ്ടി? അല്ലാഹുവിന്‍റെ സംതൃപ്തിക്ക് വേണ്ടി. സ്വന്തം ഇണയില്‍ നിന്നുപോലും അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി അകന്നുനിന്ന സ്ത്രീ എങ്ങനെയാണ് നോമ്പുകാലം കഴിഞ്ഞാല്‍ അന്യപുരുഷനുമായി വ്യഭിചരിക്കുക ? എങ്ങനെയാണ് ഒരു പുരുഷന്‍ അന്യസ്ത്രീയുമായി വ്യഭിചരിക്കുക? ഒരിക്കലുമില്ല. കാരണം നോമ്പ്കാലത്ത് അല്ലാഹു അനുവദിച്ച ഇണയില്‍ നിന്നുപോലും അകന്നു നില്‍ക്കാനുള്ള ഒരു പരിശീലനം അവന്നു ലഭിച്ചിട്ടുണ്ട്. കഠിനമായ ദാഹവും വിശപ്പും നോമ്പനുഷ്ടിക്കുന്ന വ്യക്തിക്കുണ്ട്. അവന്‍ അധ്വാനിച്ചു ഉണ്ടാക്കിയ ഭക്ഷണം അവന്‍റെ മുന്നിലുണ്ട്. അല്ലാഹു അനുവദിച്ച പാനീയവുമുണ്ട്. എന്നിട്ടും അവന്‍ ഉപേക്ഷിക്കുകയാണ്. അല്ലാഹുവിന്‍റെ നിര്‍ദേശം പാലിക്കുവാന്‍ വേണ്ടി മാത്രം. അപ്പോള്‍ നോമ്പുകാലം കഴിഞ്ഞാല്‍ ഒരു മനുഷ്യന്‍ എങ്ങനെയാണ് അനാഥയുടെ ധനം ഭക്ഷിക്കുക? എങ്ങനെയാണ് പലിശ തിന്നുക? എങ്ങനെയാണ് മദ്യപാനം നടത്തുക? ഒരിക്കലുമില്ല. കാരണം അല്ലാഹു അനുവദിച്ച ഭക്ഷണപാനീയം പോലും അവന്‍റെ നിര്‍ദേശം പാലിക്കുവാന്‍ ഉപേക്ഷിച്ചു ശീലിച്ച ഒരു പരിശീലനം അവന്നു നോമ്പ് കാലത്ത് ലഭിച്ചിരിക്കുന്നു. ഇതുകൊണ്ടാണ് നോമ്പിനെക്കുറിച്ച് പ്രവാചകന്‍ (സ) പറഞ്ഞത് : നോമ്പ് പരിചയാണ്. നരകത്തില്‍ നിന്ന് ഒരു ദാസന് സംരക്ഷണം നല്‍കാനുള്ളതാണ്. [അഹമദ്]. നോമ്പ് ഒരു കവചവും നരകത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഭദ്രമായ ഒരു കോട്ടയുമാണ്.[അഹമദ്]. "നോമ്പ് നരകത്തെ തടുക്കുവാനുള്ള ഒരു പരിചയാണ്. യുദ്ധത്തില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന പരിചപോലെ. [ഇബ്നു മാജ].
സൂറതുല്‍ബഖറയിലെ 187-ാം വാക്യം ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്: നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക. പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് വേര്‍തിരിച്ചറിയുന്നതു വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്‌ഠിക്കുകയും ചെയ്യുക. എന്നാല്‍ ഇഅ്‌തികാഫിരിക്കുമ്പോള്‍ അവരുമായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കാനിടവരരുത്. ഇപ്രകാരം അല്ലാഹു ജനങ്ങള്‍ക്ക് അവന്റെ ദൃഷ്‌ടാന്തങ്ങള്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു. അവര്‍ സൂക്ഷിക്കാന്‍ വേണ്ടി. റമദാനിലെ ഈ ആത്മനിയന്ത്രണം ഇസ്‌ലാം ആഹ്വനം ചെയ്യുന്ന സാമൂഹ്യ സമാധാനം, മറ്റുള്ളവരുമൊത്തുള്ള ഉത്തമ സഹജീവിതം തുടങ്ങിയവയിലും പ്രകടമാണ്. നോമ്പിന്റെ മര്യാദകള്‍ പാലിക്കുന്നതിലൂടെയും നാവിനെയും മറ്റു അവയവങ്ങളെയും അനാവശ്യ സംസാരം, മുഖസ്‌തുതി, പെരുമാറ്റ വ്യതിയാനം തുടങ്ങിയവയില്‍ നിന്ന് രക്ഷിക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാവുക. അവിവേകം കാണിക്കുന്നവരോട് തിരിച്ചടി നല്‍കാതെ ക്ഷമ പാലിക്കുന്നതു പോലും ഈ ആത്മനിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നു. ഇതിനും പുറമെ, നോമ്പ് മനുഷ്യനില്‍ ആര്‍ദ്രതയുടെ വികാരം ജനിപ്പിക്കുകയും ആഹാരവും വസ്‌ത്രവും മരുന്നും പാര്‍പ്പിടവും ജീവിത സകര്യങ്ങളുമില്ലാതെ കഷ്‌ടപ്പെടുന്നവരുടെ നേരെ കൂടുതല്‍ അനുകമ്പ സൃഷ്‌ടിക്കുകയും ചെയ്യുന്നു. അനാഥ സംരക്ഷണം, രോഗികളെ സന്ദര്‍ശിക്കല്‍, കഷ്‌ടപ്പെടുന്നവരെ സഹായിക്കല്‍ തുടങ്ങിയ എല്ലാ കാര്യത്തിലും നോമ്പ് പ്രേരണയുളവാക്കുന്നു. പ്രവാചകന്‍(സ) റമദാനിലാണ് ഏറ്റവും കൂടുതല്‍ ദാനം ചെയ്‌തിരുന്നത്. നബിയുടെ ഉദാരതയുടെ ആധിക്യം കാരണം അയച്ചുവിട്ട കാറ്റുപോലെ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ മാര്‍ഗത്തിലൂടെ തന്നെയാണ്.
നോമ്പ് വഴി ഈ മാനസിക സ്വാധീനങ്ങളുടെ കൂടെ ശാരീരിക ഗുണങ്ങളും ലഭിക്കുന്നുണ്ട്. മനസ്സിന്റെ ആരോഗ്യത്തിൽ നിന്നാണ് സത്യത്തിൽ ശാരീരിക ആരോഗ്യം നിഷ്പതിക്കുന്നത്. ആരോഗ്യശാസ്‌ത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ ഏകകണ്‌ഠമായി അഭിപ്രായപ്പെടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. ഉപവാസം (ഭക്ഷണനിയന്ത്രണം) ശരീരത്തെ താപം, രോഗഹേതുക്കള്‍, അഴുക്കുകള്‍ എന്നിവയില്‍ നിന്ന് സ്വതന്ത്രമാക്കുന്നു. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ഉപദ്രവകാരികളായ അവശിഷ്‌ടങ്ങളെയും പുളിപ്പുകളെയും നിര്‍മാര്‍ജനം ചെയ്യുന്നു. ഉപവാസം അയവയവങ്ങള്‍ക്ക് ആശ്വാസവും ശരീരത്തിന് ഉന്മേഷവും ചിന്തക്കും ഓര്‍മക്കും ശക്തിയും നല്‍കുന്നു. അധിക ഗവേഷകരും ഭിഷഗ്വരരും ഏകകണ്‌ഠമായി അംഗീകരിക്കുന്ന ഒരു വാസ്‌തവമുണ്ട്. ഉപവാസം (ഭക്ഷണം കുറയ്‌ക്കലും അതിന്റെ സമയം ക്രമീകരിക്കലും) പല ആന്തരിക-ചര്‍മ-ഞരമ്പ് രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണ്. റസൂല്‍(സ) പറഞ്ഞു: നിങ്ങള്‍ നോമ്പ് അനുഷ്‌ഠിക്കുക, ആരോഗ്യം നേടുക (അഹ്‌മദ്, ത്വബ്‌റാനി, അബൂനഈം).വൈദ്യ വിജ്ഞാനത്തില്‍ നോബല്‍ സമ്മാനം ലഭിച്ച പ്രൊഫ. അലക്‌സിസ് കാര്‍ലൈല്‍ ഇതേ ആശയം തന്നെ വ്യക്തമാക്കി ഇങ്ങനെ പറയുന്നു: ഭക്ഷണനേരങ്ങളും അതിന്റെ ക്രമങ്ങളും അളവും വര്‍ധിപ്പിക്കല്‍ മനുഷ്യ നിലനില്‍പിന്നാവശ്യമായ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഭക്ഷണ ലഘൂകരണവുമായി അവന്‍ ഇണങ്ങിച്ചേരേണ്ടതുണ്ട്. പണ്ടേ ജനങ്ങള്‍ ചില സമയങ്ങളില്‍ ഉപവസിക്കാറുണ്ട്. എല്ലാ മതങ്ങളും ഉപവാസത്തിന് ആഹ്വാനം ചെയ്യുന്നു. അതിന്റെ പ്രയോജനങ്ങള്‍ ഇന്ന് വ്യക്തമായിട്ടുണ്ട്. കരളിലെ ഷുഗര്‍, ചര്‍മത്തിന്നടിയില്‍ എണ്ണ, മാംസപേശികളുടെ പ്രോട്ടീനുകള്‍, ഗ്രന്ഥികള്‍, കരളിന്റെ സെല്ലുകള്‍ തുടങ്ങിയവക്കെല്ലാം ഇളക്കം സൃഷ്‌ടിക്കുന്നു. അതുമുഖേന ശരീരത്തിന്റെ ആന്തരികാവസ്ഥയ്‌ക്ക് പൂര്‍ണതയും ഹൃദയത്തിന് സുരക്ഷിതത്വവും നാഡികള്‍ക്ക് ശുദ്ധീകരണവും ലഭിക്കുന്നു.
ഉപവാസം കൊണ്ട് പല രോഗങ്ങളും ചികിത്സിച്ചുമാറ്റിയ പ്രസിദ്ധ ഡോക്‌ടറായ മാക്ക് ഫാഡന്‍ പറയുന്നു: ഏത് മനുഷ്യനും രോഗമില്ലെങ്കിലും ഉപവാസം ആവശ്യമാണ്. കാരണം ആഹാരത്തിന്റെയും മരുന്നിന്റെയും വിഷാംശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞുകൂടുന്നു. അത് മനുഷ്യനെ ഒരു രോഗിയെപ്പോലെ തൂക്കം കൂടുതലുള്ളവനാക്കുന്നു. അതുകാരണം അവന്റെ ഉന്മേഷം കുറയും. ഉപവാസമനുഷ്‌ഠിക്കുമ്പോള്‍ അവന്റെ തൂക്കം കുറയുകയും ഈ വിഷാംശങ്ങള്‍ അവന്റെ ശരീരത്തില്‍ നന്ന് ഇളകി ഉടഞ്ഞുപോവുകയും ചെയ്യുന്നു. അതു മുഖേന അവന് അനുഭവപ്പെട്ടിരുന്ന അസ്വസ്ഥതകള്‍, പേശി വലിവ്, വേദന, അമ്ലീകരണം തുടങ്ങിയ വിഷമങ്ങളില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.
നോമ്പ് അതിന്റെ ശര്‍ഈ ആയ സ്വഭാവത്തോടു കൂടി നിര്‍വഹിക്കുമ്പോള്‍ തെറ്റുകുറ്റങ്ങളില്‍ വീഴുന്നതില്‍ നിന്ന് മനുഷ്യനെ തടയുന്ന സുശക്തമായ ഒരു കോട്ടയായിത്തീരുന്നു. മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ ധാര്‍മികനില ഉയര്‍ത്തുന്നതില്‍ നോമ്പ് ക്രിയാത്മകവും ജീവസ്സുറ്റതുമായ ഒരു പങ്ക് നിര്‍വഹിക്കുന്നു. അല്ലാഹു ഇഷ്‌ടപ്പെടുന്ന വിധം സ്വത്വത്തെ അതുമുഖേന നിയന്ത്രിക്കുന്നു. മാത്രമല്ല, ഭക്ഷണ പാനീയങ്ങളും മറ്റു അനുവദനീയ കാര്യങ്ങളും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ഒരു നോമ്പുകാരന് സ്വത്വത്തെ തെറ്റുകളില്‍ വീഴുന്നതില്‍ നിന്നു തടയാന്‍ കഴിയുന്നു. റമദാനില്‍ നാം കണ്ടുവരുന്ന അവസ്ഥയും ഇതു തന്നെയാണ്. മുസ്‌ലിംലോകത്ത് റമളാനിൽ ഉടനീളം വഴക്കിന്റെയും കുറ്റകൃത്യങ്ങളുടെയും തോത് ഒരു വലിയ അളവില്‍ കുറയുന്നു. നാട്ടില്‍ സമാധാനവും ശാന്തിയും വിളയാടുകയും മറ്റുള്ളവരുടെ നേരെയുള്ള സ്‌നേഹവും സഹായമനോഭാവവും വര്‍ധിക്കുകയും ചെയ്യുന്നു. പുണ്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ വലിയ താല്‌പര്യമാണ് പ്രകടമാവുക. പള്ളിയുമായുള്ള ബന്ധവും ഖുര്‍ആന്‍ പാരായണവും മതപ്രഭാഷണ സദസ്സുകളില്‍ പങ്കെടുക്കലും ഒരു പൊതു പ്രതിഭാസമായിത്തീരുന്നു. ആളുകള്‍ തമ്മിലുള്ള പെരുമാറ്റത്തില്‍ വിശുദ്ധിയും സഹിഷ്‌ണുതയും വിളങ്ങുന്നു. ഈ അവസ്ഥയെ സൂചിപ്പിച്ചെത്ര റസൂല്‍(സ) ഇപ്രകാരം പറഞ്ഞത്: റമദാനിന്റെ ആദ്യരാവ് സമാഗതമായാല്‍ പിശാചുക്കള്‍ ബന്ധിക്കപ്പെടും; നരകത്തിന്റെ കവാടങ്ങള്‍ അടച്ചുപൂട്ടപ്പെടും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും. ഒരാള്‍ ഇങ്ങനെ വിളിച്ചുപറയും: നന്മ നേടന്നുവനേ, മുന്നോട്ടുവരൂ. തിന്മ തേടുന്നവനേ, അവിടെ നില്‌ക്കൂ.(തിര്‍മിദി, നസാഈ, ഹാകിം)
മനുഷ്യ ജീവിതത്തിന് നോമ്പ് പകരുന്ന ഒട്ടേറെ മൂല്യങ്ങളിൽ ഒന്നാണ് ക്ഷമ എന്നത്. അപ്രതീക്ഷിതമായ സംഭവങ്ങളെ നേരിടേണ്ടി വരുമ്പോൾ കൈക്കൊള്ളേണ്ട ആത്മ നിയന്ത്രണമാണ് സത്യത്തിൽ ക്ഷമ. അതുകൊണ്ടു തന്നെ ക്ഷമ ഉണ്ടാകുക പ്രപഞ്ചത്തിന്റെ ചലനങ്ങളെല്ലാം സൃഷ്ടാവിന്റെ പരമമായ സ്വാതന്ത്ര്യത്തിനും ഇഛക്കും വിധേയമാണ് എന്ന വിശ്വാസം ഉണ്ടാകുമ്പോഴാണ്. അഥവാ നല്ല ഈമാൻ ഉള്ളവർക്കേ ക്ഷമയുണ്ടാകൂ എന്നർഥം. എന്നാൽ അത് വേണ്ടെന്ന് വെച്ചാലോ അതു നടക്കുന്ന കാര്യവുമല്ല. ക്ഷമ ഇല്ലെങ്കിൽ മതപരമായി മാത്രമല്ല ഭൗതികമായി പോലും ജീവിത നേട്ടങ്ങളിൽ എത്തിച്ചേരുക പ്രയാസമാണ്. ഈ ക്ഷമ ശീലിക്കാനും ശീലിച്ചതിനെ വളർത്താനും റമളാനിലെ വ്രത സഹനത്തിന് കഴിയും. അങ്ങനെ റമളാൻ അതിനുള്ള ഒരു പരിശീലനം കൂടി പ്രദാനം ചെയ്യുന്നു. നോമ്പ് മനുഷ്യരില്‍ ക്ഷമാശീലം ഉണ്ടാക്കുന്നു. ഒരു നോമ്പുകാരന് കഠിന ദാഹവും വിശപ്പുമുണ്ട്. നോമ്പ് മുറിക്കാനുള്ള സമയം വരെ അവന്‍ ക്ഷമയൂടുകൂടി കാത്തിരിക്കുന്നു. അവന്നു വികാരമുണ്ട്. അനുവദിച്ച സമയംവരെ വികാരത്തെ നിയന്ത്രിക്കുന്നു. വികാരത്തെ ക്ഷമ എന്ന വി വേഗം കൊണ്ട് നിയന്ത്രിച്ചു ശീലിക്കുകയാണിവിടെ. ഇത് കൊണ്ടാണ് നബി (സ) പറഞ്ഞത് : റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമക്ക് പ്രതിഫലം സ്വര്‍ഗ്ഗവുമാണ്. [ബൈഹഖി]. മനുഷ്യരെ, നന്മ നിറഞ്ഞതും മഹത്തായതുമായ ഒരു മാസം നിങ്ങള്‍ക്കിതാ നിഴലിട്ടിരിക്കുന്നു. അത് ക്ഷമയുടെ മാസമാണ്. [ഇബ്നു ഖുസൈമ, ഇബ്നു ഹിബ്ബാന്‍]
നോമ്പിലൂടെ വിശ്വാസി സ്വാംശീകരിക്കുന്ന മറ്റൊരു മൂല്യമാണ് പരസ്പര സഹായ മനസ്ഥിതി. സമ്പത്തിന്റെ മടിത്തട്ടില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് പരസ്പരസഹായത്തിന്‍റെ പ്രാധാന്യം ഒരിക്കലും അറിയുകയില്ല. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ഗൌരവം ചിലര്‍ ഗ്രഹിച്ചിരിക്കുകയില്ല. ഇതെല്ലാം അവധാനതയോടെ പഠിപ്പിക്കുകയാണ് നോമ്പ്. നബി (സ) പറഞ്ഞു : റമദാന്‍ പരസ്പരസഹായത്തിന്‍റെ മാസമാണ്.[ബൈഹഖി, ഇബ്നു ഹിബ്ബാന്‍] ഇബ്നു അബ്ബാസ് (റ) പറയുന്നു : റമദാനില്‍ പ്രവേശിച്ചാല്‍ നബി (സ) സര്‍വ്വ ബന്ധനസ്ഥരെയും മോചിപ്പിക്കുകയും ചോദിക്കുന്ന ഏവര്‍ക്കും നല്‍കുകയും ചെയ്യുമായിരുന്നു. [ബൈഹഖി]
ഇങ്ങനെ ഒട്ടേറെ മൂല്യങ്ങൾ നോമ്പ് മനുഷ്യനിൽ നിവർത്തിച്ചെടുക്കുന്നു. ഇതെല്ലാം ഒരു മാസക്കാലം തുടർച്ചയായി ശീലിക്കുമ്പോൾ അതവന്റെ ജീവിത താളമായി മാറുന്നു. ഇങ്ങനെ മാറ്റിയെടുത്താണ് അവനിൽ തഖ് വാ എന്ന സ്വഭാവം പതിയുന്നത്. ഈ ഗുണം ശരിക്കും ഒരാളിൽ പതിഞ്ഞാൽ അവൻ മനുഷ്യ കുലത്തിന്റെ ഒരു നിധിയായി മാറുക തന്നെ ചെയ്യും. അങ്ങനെയാണ് നോമ്പിലൂടെ വിശ്വാസി നിത്യ മോചനത്തിലെത്തുന്നത്. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ താളഭംഗങ്ങളെയും താളാത്മകമാക്കിയെടുക്കാനും സംസ്കരിക്കാനും വേണ്ടിയാണ് റമളാനും നോമ്പും എന്ന് പറയുന്നതും ഇതുകൊണ്ടാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso