അൽ മുജാദില 5
27-04-2022
Web Design
15 Comments
14-അല്ലാഹുവിന്റെ ക്രോധത്തിനു വിധേയരായ വരുമായി സൗഹൃദം സ്ഥാപിച്ച മുനാഫിഖുകളെ നിങ്ങള്‍ കണ്ടില്ലേ? അവര്‍ നിങ്ങളിലോ അവരിലോ പെട്ടവരല്ല. അറിഞ്ഞുകൊണ്ടു തന്നെ അവര്‍ കള്ളസത്യവും ചെയ്യുന്നു.
കപട വിശ്വാസികളെ കുറിച്ചുള്ള അല്ലാഹുവിന്റെ പ്രസ്താവന തുടരുകയാണ് ഈ സൂക്തങ്ങളിൽ. അവരുടെ ചില പതിവു സ്വഭാവങ്ങളാണ് ഇവയിലെ പ്രധാന പരാമർശം. അവയിൽ ഒന്ന് അവർ പുറത്ത് മുസ്ലിംകളുടെ കൂടെ നടക്കുമ്പോഴും മുസ്ലിംകളുടെ കൊടിയ ശത്രുക്കളുമായി ഉള്ളാലെ അവർ ചങ്ങാത്തത്തിലായിരിക്കും എന്നതാണ്. കൊടിയ ശത്രുക്കൾ എന്നതിനെ സൂചിപ്പിക്കുവാൻ അല്ലാഹുവിന്റെ കോപത്തിന് വിധേയരാവർ എന്ന പരാമർശമാണ് നടത്തിയിരിക്കുന്നത്. അത് ജൂതരാണ്. അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ സമയാ സമയങ്ങളിൽ ലഭിച്ചിട്ടും ഒരു പാട് പ്രവാചകൻമാരെയും കിതാബുകളെയും കൊടുത്തിട്ടും ആ ജനത ഓരോ സമയത്തും അല്ലാഹുവിനെ ധിക്കരിക്കുകയായിരുന്നു. ഖുർആനിൽ പലയിടത്തും പ്രത്യേകിച്ച് സൂറത്തുൽ ബഖറയിൽ ഈ സംഭവങ്ങൾ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അവർ അല്ലാഹുവിന്റെ കോപത്തിനു വിധേയരായത്. മദീനയിലെ ഒരു വലിയ ജനവിഭാഗമായിരുന്നു ജൂതൻമാർ എന്നു പറഞ്ഞുവല്ലോ. ആ വിശ്വാസികളായിരുന്ന മുശ് രിക്കുകളേക്കാൾ ഇസ്ലാമിനെ വേട്ടയാടിയിരുന്നത് അവരായിരുന്നു. നബി(സ)ക്കും അനുയായികൾക്കും ആദർശത്തിനുമെതിരെ നിരന്തരമായി പ്രവർത്തിച്ചുവരികയായിരുന്നു അവരുടെ ബുദ്ധിയും കൈകളും. ഗൂഢാലോചനകൾ നിലച്ച സമയമേ അവർക്കില്ലായിരുന്നു. ഇത്തരം ആൾക്കാരുമായിട്ടായിരുന്നു മുനാഫിഖുകളുടെ ചങ്ങാത്തം. ഇത് വലിയ അപകടമായിരുന്നു എന്നതുകൊണ്ടാണ് ഇവ്വിധം മുനാഫിഖുകൾ ആക്ഷേപിക്കപ്പെട്ടത്. കാരണം മുസ്ലിംകൾ എന്ന നിലക്ക് ഏതു കാര്യവും അറിയുവാൻ അവർക്കു കഴിയുമായിരുന്നു. മുസ്ലിം നീക്കങ്ങളെ കുറിച്ചുള്ള ഏതാണ്ട് വിവരങ്ങളും അവർക്കുണ്ടായിരുന്നു. അത് അവർ ശത്രുക്കൾക്ക് ചോർത്തിക്കൊടുക്കുകയായിരുന്നു. ഇങ്ങനെ രഹസ്യ വിവരങ്ങൾ ചോർന്നു കിട്ടിയാൽ അവർക്ക് വളരെ എളുപ്പം തങ്ങളുടെ നീക്കങ്ങൾ നടത്തുവാനും കടുപ്പിക്കുവാനും കഴിയുമായിരുന്നു. ഇതാണ് മുശ്രിക്കുകളേക്കാൾ അപകടകാരികൾ മുനാഫിയുകളാണ് എന്ന് നിരീക്ഷിക്കപ്പെടുന്നത്.
പൊതുവെ ചരിത്രവും വസ്തുതകളുമെല്ലാം ആവർത്തനങ്ങളാണ് എന്നു പറയപ്പെടാറുണ്ട്. ഇതനുസരിച്ച് ഇക്കാലത്തും ഇതേ രീതി നമ്മുടെ സമുദായത്തിൽ പ്രകടമാണ്. വിശ്വാസികളായ പലരും നിരീശ്വര നിർമ്മത പ്രസ്ഥാനങ്ങളുമായി ഹൃദയബന്ധം സ്ഥാപിക്കും. അവർ തങ്ങളുടെ രാഷ്ട്രീയമോ സാംസ്കാരികമോ ഒക്കെ മാത്രമായ ചങ്ങാതികൾ മാത്രമാണ് എന്ന് ഈ വിശ്വാസികൾ വിശദീകരിക്കും. ഇതത്ര അപകടകരമായ ബന്ധമൊന്നുമല്ല എന്നവർ പറയും. സത്യത്തിൽ ആ ചങ്ങാത്തം വഴി നമ്മുടെ സാമുദായിക സ്വകാര്യങ്ങൾ ചോർന്നുപോകുകയും ശത്രുക്കൾക്ക് നമ്മെ നമ്മുടെ കാര്യങ്ങൾ വെച്ചു തന്നെ ഉണ്ടാക്കുന്ന കെണികളിൽ പെടുത്തുവാനും കഴിയും. ഏറ്റവും കുറഞ്ഞത് നമ്മുടെ ഐക്യ ബലം ദുർബ്ബലമാണ് എന്ന സന്ദേശമെങ്കിലും നമ്മുടെ ശത്രുക്കൾക്ക് നൽകും. സ്വന്തം സ്വത്വത്തോടുളള ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വഴിയാണ് ഈ കാപട്യത്തിലേക്ക് വിശ്വാസികൾ തിരിഞ്ഞു പോവുക. അതിനാൽ അടിസ്ഥാന ശത്രുക്കളുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും വെറും സാമൂഹ്യതക്കുമപ്പുറത്തേക്ക് കടക്കുന്ന ബന്ധങ്ങൾ ഉണ്ടാക്കുന്നതും അപകടമാണ്. എക്കാലത്തും പ്രസക്തമായ ഈ സന്ദേശം നൽകുക കൂടി ഈ സൂക്തത്തിന്റെ ലക്ഷ്യമായിരിക്കാം. അതിനാൽ അന്യ ആശയക്കാരുമായി വിശാലവും തുറന്നതുമായ സാമൂഹ്യ ബന്ധത്തിലപ്പുറം ആശയം, വീക്ഷണം, രഹസ്യം തുടങ്ങിയ കാര്യങ്ങൾ പങ്കുവെക്കുന്ന വിധത്തിലുള്ള ബന്ധം ഒരു സത്യവിശ്വാസിക്ക് ഉണ്ടാവുന്നത് അഭിലഷണീയമല്ല. അത് പ്രതീക്ഷിക്കുന്നതിനു വിരുദ്ധമായ അനർഥ ഫലങ്ങളാണ് ഉണ്ടാക്കുക.
15 -അവര്‍ക്ക് അല്ലാഹു കൊടുംശിക്ഷ സജ്ജീകരിച്ചിട്ടുണ്ട്. നിശ്ചയം അവരുടെ ചെയ്തികള്‍ എത്ര ഹീനം!
വ്യക്തമായി ശത്രുത കാണിക്കുന്നതിനേക്കാൾ ഗുരുതരമാണ് ഗോപ്യമായി കൗശലത്തിൽ അത് ചെയ്യുന്നത്. കാരണം അപ്പോൾ കുറ്റം ഇരട്ടിയാകുന്നു. ഒന്ന് ചെയ്യുന്ന പാതകവും രണ്ട് അതു മൂടിവെക്കുവാൻ ശ്രമിക്കുന്ന വഞ്ചനയും. അതിനാൽ അങ്ങനെ ചെയ്യുന്നവർ സാധാരണ ശിക്ഷയല്ല, കൊടും ശിക്ഷ തന്നെ ലഭിക്കേണ്ടവരാണ്. കാരണം അവർ ചെയ്യുന്നത് മൂല്യരഹിതവും നിന്ദ്യവുമായ പാതകമാണ്.
16 -തങ്ങള്‍ ഉരുവിടുന്ന ശപഥങ്ങള്‍ ഒരു പരിചയാക്കിയിരിക്കയാണവര്‍. തദ്വാരാ ദൈവികപാതയില്‍ നിന്ന് അവര്‍ ജനത്തെ പ്രതിരോധിക്കുന്നു. നിന്ദ്യമായ ശിക്ഷയാണവര്‍ക്കുള്ളത്.
മുനാഫിഖുകളുടെ മറ്റൊരു കാപട്യം വെളിച്ചത്താക്കുകയാണ് ഈ ആയത്ത്. അതായത് മുനാഫിഖുകൾ എവിടെയെങ്കിലും പിടിക്കപ്പെടുകയോ സംശയത്തിന്റെ നിഴലിൽ ആവുകയോ കുറ്റാരോപിതരാവുകയാ ചെയ്താൽ അവർ അതിൽ നിന്ന് രക്ഷപ്പെടുവാൻ ആശ്രയിച്ചിരുന്ന ഒരു വഴിയാണ് സത്യം ചെയ്യുക എന്നത്. സത്യം എന്നത് പ്രത്യേകിച്ചും അറബികൾക്കിടയിൽ മഹത്തരമായി ഗണിക്കപ്പെട്ടിരുന്ന ഒരു കാര്യമാണ്. സത്യം ചെയ്ത് ഒരു കാര്യം പറഞ്ഞാൽ ഏതൊരാളും അതു വിശ്വസിക്കുകയോ ഏറ്റവും കുറഞ്ഞത് എതിർപ്പ് ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്നു. ഇസ്ലാമിലും ഈ സമീപനം തുടർന്നു. ഇസ്ലാം സത്യം ചെയ്യുന്നതിനെ വിചാരണയുടെ ഒരു നടപടിയായിട്ടാണ് കാണുന്നത്. അതുകൊണ്ടു തന്നെ സത്യം ചെയ്യൽ അന്തിമമായിരിക്കേണ്ടതും അല്ലാഹുവിനെ പിടിച്ച് മാത്രമായിരിക്കേണ്ടതുമാണ് എന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. അതിനാൽ ആരോപണത്തിന്റെ വലയിൽ പെട്ടുപോയാൽ കപടവിശ്വാസികൾ അതിൽ നിന്ന് രക്ഷപ്പെടാൻ അല്ലാഹുവിനെ പിടിച്ച് ആണയിടുക പതിവായിരുന്നു. അല്ലാഹുവിന്റെ പേരിലായിരിക്കും അവർ സത്യം ചെയ്യുന്നത്. അല്ലാഹുവിൽ അത്രക്കുളള വിശ്വാസം ഇല്ലാത്തതിനാൽ കള്ള സത്യം ചെയ്യുന്നതിലൊന്നും അവർക്ക് ഒരു മനോ വിഷമവും ഉണ്ടായിരുന്നില്ല. അതുണ്ടാകുക സത്യവിശ്വാസികൾക്കു മാത്രമാണ്. മദീനയിലെ പ്രവാചക ജീവിതഘട്ടത്തിലെ വലിയൊരു വെല്ലുവിളിയായിരുന്ന മുനാഫിഖുകള്‍ പ്രവാചക സദസ്സിലും മതോപദേശ വേദികളിലും നമസ്‌കാരസ്വഫ്ഫുകളിലുമൊക്കെ അവരുണ്ടാകുകയും സന്ദേഹഘട്ടങ്ങളുണ്ടാകുമ്പോള്‍ കള്ളസത്യം ചെയ്യുകയും ചെയ്യും. അതവര്‍ ഒരു പ്രതിരോധ കവചമാക്കിയിരുന്നു. ഇക്കാര്യം 63:2 ലും പറയുന്നുണ്ട്.
ഇതുവഴി അവർ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് അല്ലാഹുവിന്റെ നിയമം നടപ്പിലാക്കുന്നതിൽ വിശ്വാസികൾക്ക് തടസ്സം ഉണ്ടാവുകയും ചെയ്യുമായിരുന്നു. ഇതാണ് ഉദ്ധൃത ആയത്തിന്റെ പ്രമേയം. ജുന്നത്ത് എന്നാൽ മറ എന്നാണ് അർഥം. ഇവർക്കും കടുത്ത ശിക്ഷയാണ് ഉളളത്. കാരണം ഇവരുടെ പാപത്തിന് മൂന്ന് തലങ്ങളുണ്ട്. ഒന്നാമതായി അവർ അല്ലാഹുവിനോട് ചെയ്യുന്ന കുറ്റം. രണ്ടാമതായി വിശ്വാസികളെ വഞ്ചിക്കുന്നതിന്റെ കുറ്റം. മൂന്നാമതായി ഇവരുടെ ഈ നിലപാട് വിശ്വാസികളുടെ സമൂഹത്തിൽ ഉണ്ടാക്കുന്ന ദുസ്വാധീനവും. തലങ്ങൾ കൂടുന്നതിനനുസരിച്ച് ശിക്ഷ വർദ്ധിക്കും എന്നത് ഒരു പൊതു ഇസ്ലാമിക തത്വമാണ്.
17 - സമ്പത്തും സന്താനങ്ങളുമൊന്നും അല്ലാഹുവിങ്കല്‍ ഒട്ടുമേ അവര്‍ക്കുപകരിക്കയില്ല. നരകക്കാരാണവര്‍; അവരതില്‍ ശാശ്വതരുമായിരിക്കും.
തെറ്റിന്റെ തിക്ത ഫലത്തിൽ നിന്നും രക്ഷപ്പെടുവാൻ മനുഷ്യൻ കരുതുന്ന ആത്മവിശ്വാസം തന്റെ സമ്പാദ്യം, സന്താനങ്ങൾ എന്നിവ വഴിയാണ്. ഭൗതികതയിൽ നിന്നാണ് അവന് അത്തരമൊരു ചിന്ത ഉണ്ടാകുന്നത്. ഭൗതിക ജീവിതത്തിൽ തന്നെ പിടികൂടാൻ ശ്രമിക്കുന്ന ഏത് വിപത്തിനെയും തന്റെ പണത്തിന്റെ ബലം കൊണ്ടോ സന്താനങ്ങളുടെ ശക്തി കൊണ്ടോ ആണ് അവൻ നേരിട്ടുന്നത്. ദുനിയാവിൽ അത് ഒരളവോളം നടക്കും എന്ന് അവൻ മനസ്സിലാക്കിയിട്ടുമുണ്ട്. ഇത് പരത്രിക പ്രതിസന്ധികളിലും പ്രായോഗികമായിരിക്കും എന്നവൻ കരുതുകയാണ്. എന്നാൽ അത് നടക്കില്ല. കാരണം സമ്പത്ത് എന്നത് ഈ ജീവിതത്തിന്റെ മാത്രമാണ്. പാരത്രിക ലോകത്ത് അദ്ധ്വാനമില്ല. അതിനാൽ സമ്പാദ്യവുമില്ല. സ്വന്തം ചിലവിന്റെ ബാദ്ധ്യതയും അവിടെയില്ല. ഉണ്ടെങ്കിലാണ് സമ്പാദ്യത്തിന്റെ മിച്ചം സമ്പാദ്യമുണ്ടാവുക. സന്താനങ്ങൾ അടക്കമുള്ള ബന്ധങ്ങളെ കുറിച്ച് വിശുദ്ധ ഖുർആൻ തന്നെ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് : എന്നാല്‍ കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്നവര്‍ക്കിടയില്‍ രക്ത ബന്ധങ്ങളൊന്നുമുണ്ടാവില്ല; പരസ്പരം അന്വേഷിക്കുക പോലും ചെയ്യില്ല. (അൽ മുഅ്മിനൂൻ: 101 ). ബന്ധങ്ങളെയും സ്വന്തങ്ങളെയും നോക്കുവാനോ പരതുവാനോ ഒന്നും കഴിയാത്ത സാഹചര്യങ്ങളാണ് മനുഷ്യൻ പരലോകത്ത് അഭിമുഖീകരിക്കാനിരിക്കുന്നത്. ഈ വസ്തുതകളെ മുൻനിറുത്തി പണം കൊണ്ടും മക്കളെ കൊണ്ടും രക്ഷപ്പെടാമെന്ന് കരുതേണ്ട എന്ന് പറയുകയാണ് അല്ലാഹു ഈ ആയത്തിലൂടെ.
18 -അല്ലാഹു അവരെയൊക്കെ പുനരുജ്ജീവിപ്പിക്കുന്ന നാളില്‍ നിങ്ങളോടെന്ന പോലെ അവനോടുമവര്‍ ശപഥം ചെയ്യുകയും അതുവഴി എന്തോ നേട്ടമുണ്ടായെന്നവര്‍ ധരിക്കുകയും ചെയ്യും. അറിയുക വ്യാജന്മാര്‍ തന്നെയാണവര്‍ തീര്‍ച്ച.
19 -അവരെ പിശാച് കീഴ്‌പെടുത്തുകയും ദൈവികബോധനം അവര്‍ക്ക് വിസ്മരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. പിശാചിന്റെ വിഭാഗമാണവര്‍. അറിയണം പിശാചിന്റെ കക്ഷി സര്‍വവും നഷ്ടപ്പെട്ടവര്‍ തന്നെയാണ്.
മുനാഫിഖുകള്‍ ദുന്‍യാവില്‍ നിരന്തരം നുണപറഞ്ഞും മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞും ശീലിച്ചതുപോലെ പരലോകത്തും അതിനവർ ശ്രമിക്കും. തങ്ങള്‍ ബഹുദൈവ വിശ്വാസികളായിരുന്നില്ലെന്ന് അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ കള്ളസാക്ഷ്യം പറയും. ഈ വിഷയം അല്ലാഹു സൂറത്തുൽ അൻആമിൽ ഇങ്ങനെ പറയുന്നു: അതിക്രമം ചെയ്തവര്‍ വിജയിക്കുകയേ ഇല്ല. നാം അവരെയെല്ലാം മഹ് ശറില്‍ സമ്മേളിപ്പിക്കുകയും അനന്തരം നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന ആ പങ്കാളികള്‍ എവിടെ എന്നു ബഹുദൈവവിശ്വാസികളോട് ചോദിക്കുകയും ചെയ്യുന്ന ദിവസം സ്മരണീയമത്രേ. എന്നിട്ട് അവരുടെ ശിര്‍ക്കിന്റെ ഫലം ഈ ജല്പനം മാത്രമാകും: ഞങ്ങളുടെ നാഥനായ അല്ലാഹുതന്നെ സത്യം ഞങ്ങള്‍ ബഹുദൈവവിശ്വാസികള്‍ ആയിരുന്നിട്ടേയില്ല! സ്വന്തത്തെക്കുറിച്ച് അവര്‍ എങ്ങനെ നുണപറയുന്നുവെന്നും തങ്ങള്‍ കെട്ടിച്ചമച്ചുണ്ടാക്കിയിരുന്ന ദൈവങ്ങള്‍ അവരില്‍ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്നും ചിന്തിച്ചു നോക്കൂ! (6:21-24). ഈസാ നബിയെ കുറിച്ച് ഇല്ലാവചനം പറഞ്ഞുണ്ടാക്കിയവർ പോലും ഇവ്വിധം കള്ളം പറഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്ന രംഗം അൽ മാഇദ സൂറയിൽ അല്ലാഹു അവതരിപ്പിക്കുന്നുണ്ട്. അത്തരക്കാരെ അങ്ങനെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് പിശാച് ആണ് എന്നും പിശാചിന്റെ കക്ഷിക്ക് രക്ഷയില്ല എന്നും തുടർന്ന് അല്ലാഹു പറയുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso