സകാത്തും സാമ്പത്തിക സക്രിയതയും
27-04-2022
Web Design
15 Comments
പരിശുദ്ധ റമളാനിൽ പ്രത്യേകിച്ചും അവസാന ദിനങ്ങളിൽ വിശ്വാസികളുടെ ചിന്താപരിസരത്ത് സജീവമാകുന്ന ഒരു വിഷയമാണ് സകാത്ത്. സകാത്തുകൾ രണ്ടു വിധമുണ്ട്. ശരീരത്തിനുളളതും സമ്പത്തിനുള്ളതും. ഇവയിൽ ശരീരത്തിനുളള സകാത്തിന്റെ സമയം റമളാൻ അവസാനം കുറിച്ചു കൊണ്ട് ശവ്വാൽ പിറ ദ്ദൃശ്യമാകുന്നതോടെയാണ് തുടങ്ങുന്നത്. അതാണ് ഈ മാസവുമായി സകാത്തിനെ ബന്ധിപ്പിക്കുന്ന ഏക ഘടകം. ഈ സകാത്ത് ഫിത്വർ സകാത്ത് എന്നറിയപ്പെടുന്നു. റമളാന്‍ നോമ്പ് അവസാനിക്കുന്ന സമയത്ത് അടിസ്ഥാനപരമായ സാമ്പത്തിക കഴിവുള്ള എല്ലാ മുസ്‌ലിമീങ്ങളുടെ മേലും ഇത് ഓരോ വർഷവും നിര്‍ബന്ധമാണ്. ഇബ്‌നു ഉമർ(റ) പറയുന്നു: എല്ലാ മുസ്‌ലിംകളുടെ മേലും നബി (സ) റമളാനിലെ സകാത്തുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു. (ബുഖാരി, മുസ്‌ലിം). ഇതടക്കമുള്ള ഹദീസുകളും പ്രമാണങ്ങളും വ്യക്തമാക്കുന്നതനുസരിച്ച് ഈ സകാത്ത് നിർബന്ധമാകുവാൻ വെറും സരളമായ മൂന്ന് നിബന്ധനകൾ മാത്രമേയുള്ളൂ. മുസ്‌ലിമായിരിക്കുക, അവനും കുടുംബത്തിനും ആവശ്യമായ പെരുന്നാൾ ദിവസത്തെ ഭക്ഷണവും, വസ്ത്രം തുടങ്ങി വളരെ അടിസ്ഥാനപരമായ ആവശ്യങ്ങളും കഴിച്ച് ഒരു സ്വാഇലധികം ഭക്ഷണം അവന്റെ പക്കല്‍ ഉണ്ടാവുക, സകാത്തുല്‍ ഫിത്വറിന്റെ സമയത്തിലേക്ക് പ്രവേശിക്കുക എന്നിങ്ങനെ മൂന്ന് നിബന്ധനകൾ മാത്രമാണ് ഈ സകാത്തിനുള്ളത്. ഇത്രയും സരളമായ ഉപാധികൾ മാത്രമേയുളളൂ എന്നതിനാൽ കൂട്ടത്തിൽ ഏറ്റവും വലിയതാണ് ഫിത്വർ സകാത്ത്. വളരെ അപൂർവ്വം ചിലർ മാത്രമേ നമ്മുടെ സാഹചര്യത്തിൽ ഈ സക്കാത്തിന്റെ പരിധിയിൽ വരാതിരിക്കൂ. ഒരാൾ തന്റേതായി നൽകേണ്ടതും ആപേക്ഷികമായി തുഛമായതാണ്. നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്. കുറഞ്ഞത് 2 കിലോ 400 ഗ്രാമെങ്കിലും വരും ഇതെന്നാണ് അനുമാനം.
ഇസ്ലാമിക ശരീഅത്തിൽ ഏതു നിയമവും യുക്തിഭദ്രമായിരിക്കും. മനസ്സും നിയ്യത്തും ഒപ്പമില്ലാതെ ഒന്നും ഉണ്ടാവില്ല എന്നാണ് ഇസ്ലാമിന്റെ നയം. അതിനാൽ മനസ്സിനെ ബോധ്യപ്പെടുത്തുവാൻ കഴിയുന്ന ഒരു യുക്തിയെങ്കിലും പ്രകടമായി ഓരോ നിയമത്തിനും പിന്നിൽ ഉണ്ടായിരിക്കും. ഫത്വർ സകാത്തിനു പിന്നിലെ യുക്തി പരതുമ്പോൾ നമുക്ക് പ്രധാനപ്പെട്ട ചിലത് കിട്ടും. നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും പ്രായശ്ചിത്തവും ശുദ്ധീകരണവുമാണ് സകാത്തുല്‍ ഫിത്വര്‍ എന്നതാണ് അവയിലൊന്ന്. ഈ സക്കാത്ത് നൽകുക വഴി തന്റെ നോമ്പ് കൂടുതല്‍ ശുദ്ധമായി എന്ന് അറിയുന്നത് നോമ്പുകാരന് പെരുന്നാളില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുമെന്നതാണ് ഇതിന്റെ ഒരു ഗുണം. ദരിദ്രര്‍ക്ക് ആശ്വാസവും എളുപ്പവും സകാത്തുല്‍ ഫിത്വറിലൂടെ ലഭിക്കുന്നു എന്നത് രണ്ടാമത്തേത്തേത്. പാവങ്ങൾക്ക് പെരുന്നാള്‍ ദിവസം ഭക്ഷണം അന്വേഷിച്ചു നടക്കുകയോ അതിനെ കുറിച്ച് ആവലാതിപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത അവസ്ഥ തന്റെ ഈ ദാനത്താൽ ഉണ്ടായി എന്നറിയുന്നത് അവന് അഭിമാനം നൽകുന്ന കാര്യമാണ്. മൂന്നാമത്തേത് ശരീരത്തിന്റെ സകാതാണ് സകാത്തുല്‍ ഫിത്വര്‍ എന്നതിൽ നിന്ന് വരുന്നതാണ്. ഒരു വര്‍ഷം കൂടെ ജീവിക്കാന്‍ അല്ലാഹു അവസരം നല്‍കിയെന്നതിലുള്ള സന്തോഷം ഓരോ മുസ്‌ലിമും സകാത്തുല്‍ ഫിത്വറിലൂടെ പ്രകടിപ്പിക്കുന്നു. അതിനും പുറമെ നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും നന്ദിയും പ്രകടിപ്പിക്കാന്‍ സകാത്തുല്‍ ഫിത്വറിലൂടെ വിശ്വാസിക്ക് സാധിക്കുന്നു. ഇതിനെല്ലാം പുറമെ അല്ലാഹുവിന് മാത്രം അറിയാന്‍ കഴിയുന്ന, നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള അനേകം രഹസ്യങ്ങള്‍ ഈ സക്കാത്ത് വ്യവസ്ഥക്ക് പിന്നില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും.
രണ്ടാമത്തെ സക്കാത്ത് നമ്മുടെ സമ്പാദ്യത്തിനുളളതാണ്. നമ്മുടെ സമ്പത്തുക്കളിൽ നിന്ന് വളർച്ച നേടുന്നതും സമ്പാദ്യമായി അനുഭവപ്പെടുന്നതും വിലയായി വ്യവഹാരം ചെയ്യാൻ കഴിയുന്നതുമായ ഇനം സമ്പത്തുകൾ നിശ്ചിത അളവിലധികം ഒരു വർഷം കച്ചിരിപ്പുണ്ടെങ്കിൽ നിശ്ചിത വിഹിതം അതിൽ നിന്ന് സകാത്തായി നൽകലാണ് നിർബന്ധം. ഇത് ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നും പാലിക്കാത്തവർ ഇസ്ലാമിന് പുറത്തുമാണ്. ഈ പറഞ്ഞ ആമുഖത്തിൽ നിന്നു തന്നെ ഈ സക്കാത്ത് റമളാനുമായി പ്രത്യേക ബന്ധമൊന്നും പുലർത്തുന്നില്ല എന്നു മനസ്സിലായി. അത് ബന്ധപ്പെട്ടു കിടക്കുന്നത് ആ സസാദ്യം മേൽ പറഞ്ഞ അളവിൽ കയ്യിൽ വന്നു ചേർന്ന തിയ്യതിയോടാണ്. അതേ തിയ്യതി വീണ്ടും കറങ്ങി എത്തുമ്പോഴാണ് സക്കാത്ത് നിർബന്ധമാകുന്നത്. എന്നാൽ ചിലർ സക്കാത്ത് കൊടുക്കുന്നത് ഈ മാസത്തിലായിരിക്കുവാൻ ശ്രമിക്കാറുണ്ട്. കൃത്യമായ കണക്കും തിയ്യതിയുമെല്ലാം കൈവശം വെക്കുന്ന ഇവർ ഒന്നുകിൽ ആ കണക്കിന്റെ പരിധിയിൽ വരുന്ന തുക മുൻകൂറായോ അല്ലെങ്കിൽ അവസാനിച്ച വർഷത്തെ സക്കാത്ത് മാറ്റിവെച്ച് ഉപയോഗിക്കുകയോ ചെയ്യുകയാവാം. റമളാനിലെ ഒരു പുണ്യമായിത്തീരുവാൻ വേണ്ടിയാണിങ്ങനെ ചെയ്യാറ്. അത്തരക്കാർക്ക് ഉപയോഗപ്പെടുവാൻ വേണ്ടി മുതലിന്റെ സക്കാത്തിനെ കുറിച്ച് ചിലത് പറയാം.
ഈ സക്കാത്തിന്റെ കാര്യത്തിൽ പക്ഷെ പലരും വീഴ്ചവരുത്താറുണ്ട്. ഈ വീഴ്ച പല തരത്തിലാണ് സമൂഹത്തിൽ കാണപ്പെടുന്നത്. ചിലർ താൻ നൽകുന്ന ദാനധർമ്മങ്ങളെയെല്ലാം തന്റെ സക്കാത്താണ് എന്ന് കരുതി ആശ്വസിച്ചിരിക്കും. മറ്റു ചിലരാവട്ടെ, കണക്കൊന്നും നോക്കാതെ ആർക്കെന്നും നോക്കാതെ കുറച്ചെന്തെങ്കിലുമൊക്കെ കൊടുത്ത് സായൂജ്യമടയും. മറ്റൊരു വിഭാഗം തനിക്ക് സക്കാത്തില്ല എന്നു കാടടച്ചു കരുതി നടക്കും. ചിലർ അതൊരു വലിയ ബാധ്യതയാണ് എന്നു കരുതി അങ്ങോട്ട് നോക്കാതെ മുന്നോട്ടു പോകും. ഇതെല്ലാം ഉണ്ടാകുന്നത് അറിവില്ലായ്മ കാരണമാണ്. ഈ ഭയവും അറിവില്ലായ്മയും ഒക്കെ ഉണ്ടാക്കുന്നതിൽ ചില പ്രബോധകരുടെ പ്രഭാഷണങ്ങൾക്കും അവതരണങ്ങൾക്കും ചെറിയ പങ്കുണ്ട് എന്ന് പറയാതെ വയ്യ. അവർ സക്കാത്തിന്റെ പ്രാധാന്യം സ്ഥാപിക്കുവാൻ ശ്രമിക്കുക സക്കാത്ത് കൊടുക്കാതിരുന്നാലുണ്ടാകുന്ന കഠിനമായ ശിക്ഷകളും മറ്റും വിവരിച്ച് കൊണ്ടായിരിക്കും. തീ കൊണ്ട് ചൂടു വെയ്ക്കപ്പെടുന്നതും പാമ്പ് വന്ന് കൊത്തുന്നതുമെല്ലാം പറയുന്നതിനിടെ സക്കാത്ത് എന്നത് ഒരു സാമ്പത്തിക ബാധ്യതയാണെന്നതും അതു കൊടുക്കുവാൻ സരളമായ വഴികളിലൂടെ ഉപദേശിച്ച് മനസ്സുകളെ കീഴടക്കുകയാണ് ആദ്യം വേണ്ടതെന്നും വികാരത്തിനിടയിൽ മറന്നു പോകും. സക്കാത്തിലേക്ക് മനസ്സിനെയും ശരീരത്തെയും സരളമായി കൊണ്ടുവരാനുളള വഴി ഇതിനെ കുറിച്ച് പഠിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോൾ നമുക്കു മനസ്സിലാകും, ഇതൊരു കുറ്റമറ്റ സാമ്പത്തിക പദ്ധതിയാണെന്നും അത് ശരിക്കും ന്യായീകരിക്കത്തക്കമാണെന്നും അതിലെ ഓരോ അധ്യായവും തികഞ്ഞ ശാസ്ത്രീയത ഉൾക്കൊളളുന്നുണ്ട് എന്നും.
ഇതിൽ നാം തിരിച്ചറിയേണ്ടതും പൊതു സമൂഹത്തെ തര്യപ്പെടുത്തേണ്ടതുമായ ആദ്യത്തെ കാര്യം അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളെ കുറിച്ചാണ്. അവൻ ചെയ്ത അനുഗ്രഹങ്ങൾ എണ്ണിയാൽ ഒടുങ്ങുകയില്ല എന്ന് അല്ലാഹു തന്നെ പറയുന്നുണ്ട്. ഈ പ്രപഞ്ചത്തിലുള്ളതെല്ലാം നിങ്ങൾക്കു വേണ്ടിയുളതാണ് എന്നും അല്ലാഹു പറയുന്നുണ്ട്. അതനുസരിച്ച് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ അല്ലാഹു മനുഷ്യർക്ക് നൽകിയിട്ടുണ്ട്. ഇനി നാം മനസ്സിലാക്കേണ്ട ആദ്യത്തെ വസ്തുത നമ്മുടെ എല്ലാതരം മുതലുകൾക്കും അല്ലാഹു സക്കാത്ത് ഏർപ്പെടുത്തിയിട്ടൊന്നുമില്ല എന്നതാണ്. വെറും നാല് ഇനങ്ങളുടെ പരിധിയിൽ വരുന്ന 8 ഇനം മുതലുകൾക്കേ സക്കാത്തുള്ളൂ. നാണ്യങ്ങൾ എന്ന നിലക്ക് സ്വർണ്ണം, വെള്ളി എന്നിവയിലും കാലിസമ്പത്ത് എന്ന ഇനത്തിൽ ആട്, മാട്, ഒട്ടകം എന്നിവക്കും ധാന്യം എന്ന നിലക്ക് നാട്ടിലെ മുഖ്യ ആഹാരമായി ഉപയോഗിക്കുന്ന ധാന്യത്തിനും പഴങ്ങൾ എന്ന നിലക്ക് മുന്തിരി, കാരക്ക എന്നിവക്കും മാത്രമേ സക്കാത്തുള്ളൂ. പിന്നെ നിധി, ഖനിജങ്ങൾ എന്നിവക്കും കച്ചവടച്ചരക്കിനും സക്കാത്ത് ഉണ്ടെങ്കിലും അവയൊക്കെ സ്വർണ്ണം, വെളളി എന്നിവയുടെ പരിധിയിൽ ആണ് അവ വരുന്നത്.
ഇവയിൽ തന്നെ ബാക്കിയുളളതെല്ലാം വാരിക്കൊടുക്കാനൊന്നും പറയുന്നില്ല. ഓരോ സമ്പാദ്യത്തിന്നും അതിന്റെ മൂല്യം പരിഗണിച്ചുള്ള ഒരു നിസ്വാബ് വെച്ചിട്ടുണ്ട്. അത്ര ഉണ്ടെങ്കിൽ മാത്രമേ കൊടുക്കേണ്ടതുള്ളൂ. ഈ ഇനങ്ങളിൽ തന്നെ എല്ലാറ്റിനും ഒരേ മൂല്യവും അധ്വാനവുമല്ല ഉള്ളത്. മൂല്യം അധ്വാനം തുടങ്ങിയവയെയും പരിഗണിക്കുന്നുണ്ട്. ഉദാഹരണമായി നിധിയുടെ കാര്യമെടുക്കാം. അത് ഒരു അധ്വാനവുമില്ലാതെ കിട്ടുന്നതാണ്. അതിന് ഇരുപത് ശതമാനം നൽകണം. അതേ സമയം കൃഷി ഒരു കൊല്ലത്തെ മൊത്തം വിളക്ക് നൽകിയാൽ മതി. അതു തന്നെ സ്വാഭാവിക ജലസേചനം വഴി ഉണ്ടായതാണെങ്കിൽ പത്തു ശതമാനവും കൃത്രിമ ജലസേചനം വഴി ഉണ്ടായതാണെങ്കിൽ അതിനു വേണ്ടിവരുന്ന ചെലവ് പരിഗണിച്ച് അതിന്റെ പകുതിയും നൽകിയാൽ മതി. ഖനിജങ്ങൾക്കും കച്ചവടത്തിനും രണ്ടര ശതമാനമാണ് സകാത്ത്. ഇതിൽ ഖനിജത്തിന് വളർച്ചയില്ല എന്ന കുറവിനെയും കച്ചവടത്തിന് വളർച്ചയുണ്ടെങ്കിലും അധ്വാനം വേണം എന്ന സത്യത്തെയും ബാലൻസ് ചെയ്തിരിക്കുകയാണ്. കാലി സമ്പത്തിലും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത്തരം പരിഗണനകൾ കാണാം. അപ്രകാരം തന്നെയാണ് കൊടുക്കേണ്ടത് ശതമാനം വെച്ചാണ് എന്നതും. തുകക്കനുസരിച്ച് വിഹിതം കൂടാതിരിക്കുവാൻ ഇതു സഹായകമാണ്. നമ്മുടെ വരുമാന നികുതി വ്യവസ്ഥയുമായി താരതമ്യം ചെയ്താൽ ഇത് വേഗം ഗ്രഹിക്കാം. പതിനായിരം വരുമാനമുള്ളവൻ അതിന്റെ മൂന്നു ശതമാനമാണ് നികുതി ഒടുക്കേണ്ടത്. അതേ സമയം വരുമാനം ഇരുപതിനായിരത്തിനു മുകളിലായാൽ അവൻ അഞ്ചു ശതമാനമാണ് അടക്കേണ്ടത്. സക്കാത്തിൽ ഇങ്ങനെ ശതമാനം കൂടുന്നില്ല.
നമ്മുടെ ജീവിത പരിസരത്തിൽ പ്രധാനമായും സക്കാത്ത് ബാധകമാകുന്നത് കച്ചവടങ്ങൾക്കും വരുമാനങ്ങൾക്കുമാണ്. വാർഷിക കണക്കെടുപ്പ് വഴിയാണ് കച്ചവടത്തിന്റെ സക്കാത്ത് നിർണ്ണയിക്കുന്നത്. ഇതിനായി കച്ചവടം തുടങ്ങി കൃത്യം ഒരു ഹിജ്റ വർഷം പൂർത്തിയാവുന്ന ദിവസത്തിൽ സ്റ്റോക്കെടുക്കണം. ആകെ ചരക്കുകളുടെ മാർക്കറ്റ് മൂല്യത്തോട് കിട്ടാനുളള കടങ്ങൾ ചേർക്കണം. ഇങ്ങനെ കിട്ടുന്ന തുക ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് പത്തര പവൻ സ്വർണ്ണത്തിന്റെയോ 595 ഗ്രാം വെള്ളിയുടെയോ വിലയോളം വരുമെങ്കിലാണ് സക്കാത്ത് കൊടുക്കേണ്ടത്. വിവിധ വരുമാനങ്ങൾ വഴി വന്നുചേരുകയും ഒരു വർഷമായി കയ്യിരിപ്പുണ്ടാവുകയും ചെയ്ത പണത്തിന്റെ കണക്കും ഇങ്ങനെയാണ് കണ്ടുപിടിക്കുക. കച്ചവടച്ചരക്കുകളുടേത് വർഷാവസാനം മാത്രം ഈ തുക ഉണ്ടായാൽ മതി എന്നും ഇടക്ക് കുറഞ്ഞാലും കുഴപ്പമില്ല എന്നതും പണത്തിന്റേത് വർഷം മുഴുവനും കുറവില്ലാതെ കയ്യിരിപ്പുണ്ടായിരിക്കണമെന്നും മാത്രമാണ് വ്യത്യാസം. രണ്ടിലും കൊടുക്കേണ്ടത് ആകെ മൂല്യത്തിന്റെ രണ്ടര ശതമാനമാണ്. വിവിധ ഫാമുകൾ, ജ്വല്ലറികൾ, മാർക്കറ്റുകൾ എന്നിവ മുതൽ റിയൽ എസ്റ്റേറ്റ്, കമ്മീഷൻ ഏജൻസി തുടങ്ങിയവ വരെ കച്ചവടത്തിന്റെ പരിധിയിൽ വരുന്നു. ഒരു നിലക്ക് സക്കാത്തിന് വിധേയമാകുന്ന പണം മറ്റൊരു നിലക്ക് വീണ്ടും അതേ വർഷം സകാത്തിന് വിധേയമാകില്ല. ഇങ്ങനെ രണ്ടു നിലക്ക് സക്കാത്തിന്റെ പരിധിയിൽ ഒരു പണം വരുന്നുണ്ടെങ്കിൽ കൂട്ടത്തിൽ ആദ്യം പരിധിയിലെത്തുന്നതിനെയാണ് പരിഗണിക്കേണ്ടത്. സകാത്ത് നിശ്ചയിക്കുന്നതിന്റെ ആധാരമാക്കുന്ന സ്വർണ്ണം, വെള്ളി എന്നിവയുടെ വില ഇന്നത്തേതു പോലെ വലിയ അന്തരമുണ്ടെങ്കിൽ ഏറ്റവുമാദ്യം കണക്കെത്തുന്നതിനെ (ഇപ്പോൾ വെളളിയുടെ വില) ആണ് പരിഗണിക്കേണ്ടത്.
സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണ്ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്‌ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍. സമ്പാദ്യത്തിനുള്ള ശുദ്ധീകരണ പ്രക്രിയയായാണ് ഇസ്ലാം സക്കാത്തിനെ കാണുന്നത്. അത് സമ്പാദ്യത്തെ സക്രിയമാക്കുന്നു. സമൂഹത്തിൽ അത് ദാരിദ്ര നിർമ്മാർജ്ജനം വരെ നിർവ്വഹിക്കും എന്ന് പഠനവും അനുഭവവും തെളിയിച്ചിട്ടുണ്ട്. ഇത് ഇസ്ലാമിന്റെ സ്തംഭങ്ങളിൽ ഒന്നാകയാൽ ഇത് നിഷേധപൂർവം ചെയ്യാതിരിക്കുന്നവർ മതത്തിന്റെ വൃത്തത്തിൽ നിന്ന് പുറത്താവും. സക്കാത്ത് നൽകാത്തവർ വിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും കടുത്ത താക്കീതിനു വിധേയരാണ്. ഖുർആൻ പറയുന്നു: സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും ദൈവമാര്‍ഗത്തിലത് ചെലവാക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. ആ സ്വര്‍ണ-വെള്ളികള്‍ നരകത്തിലിട്ടു ചൂടുപിടിപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റിയിലും വശങ്ങളിലും മുതുകിലും ചൂടു വെക്കപ്പെടുന്നതാണ്! സ്വന്തത്തിനു വേണ്ടി നിങ്ങള്‍ നിക്ഷേപമാക്കി വെച്ചവയാണിത്; ഈ നിക്ഷേപം ആസ്വദിച്ചോളൂ (എന്നവരോടു ആക്രോശിക്കപ്പെടും.) (തൗബ: 35)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso