Thoughts & Arts
Image

ഉമ്മു സുലൈം(റ)

01-05-2022

Web Design

15 Comments






മദീനയിലെ മിൽഹാൻ ബിൻ ഖാലിദിന്റെ മകളാണ് ഉമ്മു സുലൈം. ഉമ്മു സുലൈം എന്നത് അവരുടെ വിളിപ്പേരാണ്. അവർ പ്രസിദ്ധയായത് വിളിപ്പേരിലായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ യഥാർഥ പേരെന്താണ് എന്ന് അത്ര വ്യക്തമല്ല. റുമൈസ്വ, സഹ്‌ല, മുലൈക്ക, റുമൈല, ഗുമൈ സ്വാ എന്നിങ്ങനെ പല അഭിപ്രായങ്ങളും അക്കാര്യത്തിൽ ഉണ്ട്. റുമൈസ്വാ എന്ന പേരാണ് അധികമായി ഉപയോഗിച്ചു കാണുന്നത്. ഇസ്ലാമിന്റെ പ്രഭാകിരണങ്ങൾ മദീനയുടെ മണ്ണിൽ വീണു തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ അവർ ഇസ്ലാമിനെ ആശ്ലേഷിച്ചിട്ടുണ്ടായിരുന്നു. മക്കയിലെത്തി നബി(സ)യെ കണ്ട യത് രിബുകാരിൽ നിന്നാണ് അവർ നബിയെയും ഇസ്ലാമിനെയും അറിഞ്ഞത്. തുടക്കത്തിൽ വീട്ടിൽ ഇതൊരു സ്വകാര്യമായിരുന്നു. കാരണം അപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കച്ചവടത്തിനു പോയ ഭർത്താവ് തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം വിവരം അറിഞ്ഞത്. പിന്നെയുണ്ടായിരുന്നത് മകൻ അനസാണ്. അനസ് അപ്പോൾ വളരെ ചെറിയ കുട്ടിയുമായിരുന്നു.



കച്ചവടം കഴിഞ്ഞ് വീട്ടിൽ വന്നു കയറിയപ്പോഴാണ് ഭർത്താവ് മാലിക് ബിൻ നള്ർ വിവരമറിഞ്ഞത്. വലിയ പണ്ഡിതനോ മറ്റോ ആയിരുന്നില്ല അദ്ദേഹം. പുതിയ മതത്തെ കുറിച്ചോ പഴയ മതത്തെ കുറിച്ചോ കാര്യമായി ഒന്നും അറിയാത്ത ആളായിരുന്നു അദ്ദേഹമെങ്കിലും ഒരു പുതിയ മതം വന്നപ്പോഴേക്കും അതിലേക്ക് തന്റെ ഭാര്യ ചാടിവീണത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അദ്ദേഹം അത് ചോദ്യം ചെയ്തു. അവർ തമ്മിൽ ചെറുതല്ലാത്ത വർത്തമാനങ്ങൾ ഉണ്ടായി. പക്ഷെ ഉമ്മു സുലൈം(റ) ഉറച്ചു നിന്നു. അസ്വസ്ഥകൾ പുകയുന്ന ആ വീട്ടിൽ ഒരു ദിവസം അയാൾ പിന്നെ കണ്ടത് ഭാര്യ തങ്ങളുടെ കൊച്ചു കുട്ടിയായ അനസിന് മടിയിൽ കിടത്തി ശഹാദത്ത് ചൊല്ലിക്കൊടുക്കുന്നതും അവന് ഇസ്ലാമിക മന്ത്രങ്ങൾ പഠിപ്പിക്കുന്നതുമാണ്. അതുകേട്ടും കണ്ടും കോപിഷ്ഠനായ ഭർത്താവ് വീട്ടിൽ നിന്ന് അപ്പോൾ തന്നെ ഇറങ്ങിപ്പോയി. അതുപക്ഷെ, അദ്ദേഹത്തിന്റെ അവസാനത്തെ ഇറക്കമായിരുന്നു എന്ന് അപ്പോൾ ആരും കരുതിയിരുന്നില്ല.



വഴിയിൽ വെച്ച് മാലിക്കും തന്റെ ഒരു ശത്രുവും മുഖാമുഖം കണ്ടുമുട്ടി. അവിചാരിതമായ ഒരു സംഘട്ടനം നടന്നു. അവിടെ വെച്ച് മാലിക്ക് കൊല്ലപ്പെട്ടു. ഭർത്താവിന്റെ കൊലപാതക വിവരം സ്നേഹ സമ്പന്നയായ ഉമ്മു സുലൈമിനെ വേദനിപ്പിച്ചു. തുടക്കത്തിൽ പൊട്ടിത്തെറിച്ചു എങ്കിലും ഭർത്താവ് എന്നെങ്കിലും ഇസ്ലാമിൽ എത്തുമെന്ന് ഉമ്മു സുലൈം(റ) പ്രതീക്ഷിച്ചിരുന്നിരിക്കണം. ഭർത്താവിനോടുള്ള സ്നേഹം വിഴിഞ്ഞൊഴുകവെ അവർ രണ്ട് പ്രതിജ്ഞകൾ എടുത്തു. ഒന്ന്, അനസ് സ്വയം നിറുത്തുന്നതു വരെ അവനു മുല കൊടുക്കും. രണ്ട്, ഈ അനസ് വളർന്ന് വലുതായി അവൻ പറയും വരെ താൻ മറ്റൊരു വിവാഹം കഴിക്കില്ല. മകനെ താലോലിച്ച് വളർത്തി താരുണ്യം പടിയിറങ്ങിയിട്ടില്ലാത്ത യൗവനവുമായി ഉമ്മു സുലൈം(റ) അങ്ങനെ ജീവിതം നീക്കി.



വിലപ്പെട്ട സമ്മാനം



ഭർത്താവിനെ കുറിച്ചുള്ള നല്ല ഓർമ്മകളുമായി മകനേയും വളർത്തി ജീവിക്കുകയാണ് ഉമ്മു സുലൈം(റ). അവരുടെ മനസ്സിൽ ഇപ്പോൾ ഒരേ ഒരു ആഗ്രഹമാണ്. നബി(സ)യെ കാണണം. താനൊരു സ്ത്രീയായതു കൊണ്ടും ഒറ്റക്ക് മക്ക വരെ പോകാൻ സാമൂഹ്യമായും സാമ്പത്തികമായും കഴിവില്ലാത്തതുകൊണ്ടും തൽക്കാലം ക്ഷമിക്കുകയേ നിർവ്വാഹമുള്ളൂ. ഒന്നു മുതിർന്നപ്പോൾ മകൻ അനസിന്റെ മനസ്സും അതേ മോഹത്താൽ നിറഞ്ഞു. അവന്റെ കൊച്ചു മനസ്സും പ്രവാചകാനുരാഗത്താൽ നിറഞ്ഞിരിക്കുകയാണ്. മക്കയിൽ നിന്നും വരുന്ന വാർത്തകളും അവരുടെ മനസ്സിൽ ഈ ആഗ്രഹം കോരി നിറക്കുന്നതാണ്. അവിടെ നബിയും അനുയായികളും ക്രൂരമായി വേട്ടയാടപ്പെട്ടുകയാണ് എന്നാണ് വാർത്തകൾ. അവർക്ക് വേണ്ടി രംഗത്തിറങ്ങുവാനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനും യത് രിബിലെ വിശ്വാസികളുടെ മനസ്സുകൾ വെമ്പുകയാണ്. അതിനിടക്കാണ് ആ പ്രവാചകന് യത് രിബ് വാതിൽ തുറന്നു വെക്കുന്നതും അതിലൂടെ അങ്ങോട്ടെത്തുവാൻ സാഹചര്യങ്ങൾ ഒരുങ്ങുന്നതും.



പ്രവാചകത്വത്തിന്റെ പതിനൊന്നാം വർഷം തീർഥാടന കാലത്ത് ഒരു രാത്രി ഏതാനും യുവാക്കളെ നബി(സ) മിനായിൽ വെച്ച് കണ്ടുമുട്ടി. അവർ ആറു പേരുണ്ടായിരുന്നു. ആറുപേരും ഖസ്റജ് വംശജരായിരുന്നു. അസ്അദ് ബിൻ സുറാറ, ഔഫ് ബിൻ ഹാരിസ്, റാഫിഉ ബിൻ മാലിക്, ഖുത്ബ ബിൻ ആമിർ, ഉഖ്ബ ബിൻ ആമിർ, ജാബിർ ബിൻ അബ്ദുല്ല എന്നീ ആറ് പേർ. അവരുമായി ആ രാത്രി നബി(സ) സംസാരിച്ചു. ആ സംസാരം അവരുടെ മനസ്സുകളെ കൂട്ടിയടിപ്പിച്ചു. ഇവർ തീർഥാടനം കഴിഞ്ഞ് മടങ്ങിയതും യത് രിബിലെ ഓരോ വീട്ടിലും ഇസ്ലാമിന്റെ വർത്തമാനമെത്തി. പന്ത്രണ്ടാം വർഷം ഇതേ കാലത്ത് ഈ പ്രവാചകനുമായി സമഗ്രമിക്കുവാനുള്ള വെമ്പലോടെ തീർഥാടനത്തിനെത്തിയത് 12 പേരായിരുന്നു. നേരത്തെ വന്നവരിലെ അഞ്ചു പേരും പുതിയ ഏഴ് പേരും. ഇവരുമായുള്ള സമാഗമം പുതിയ ബന്ധത്തെ ഊട്ടിയുറപ്പിച്ചു. ചർച്ചകൾക്കും സംസാരങ്ങൾക്കുമൊടുവിൽ അവർ ഇസ്ലാമിക മൂല്യങ്ങൾ തങ്ങൾ ജീവിതത്തിൽ പകർത്തുമെന്ന് പ്രതിജ്ഞ ചെയ്തു. ഈ സംഭവം ഒന്നാം അഖബ ഉടമ്പടി എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു.



ആ ബന്ധം പുഷ്ടിപ്പെട്ടു. പതിമൂന്നാം വർഷത്തിലെ തീർഥാടനത്തിന് നബിയെ കാണാൻ വന്നത് 70 ലധികം പേരായിരുന്നു. അവരിൽ രണ്ട് സ്ത്രീകൾ വരെയുണ്ടായിരുന്നു. നസീബ ബിൻതു കഅബ് എന്ന ഉമ്മു അമ്മാറയും അസ്മാ ബിൻതു അംറ്(റ) യും. അതീവ രഹസ്യമായി നടന്ന ആ സമാഗമത്തിനൊടുവിൽ എല്ലാവരും നബിയോട് ഉടമ്പടി ചെയ്തു. ഇത് രണ്ടാം അഖബ ഉടമ്പടി എന്നറിയപ്പെടുന്നു. നബി(സ)യെയും അനുയായികളെയും അവർ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചു. എല്ലാ സുരക്ഷയും സംരക്ഷണവും അവർ വാഗ്ദാനം ചെയ്തു. അതോടെ നബി(സ)യുടെ ഹിജ്റയുടെ സാഹചര്യമൊരുങ്ങി. പ്രവാചകത്വത്തിന്റെ പതിനാലാം വർഷം സ്വഫർമാസം 27 ന് നബി(സ) സ്വന്തം വീടുവിട്ടിറങ്ങി. 3 ദിവസം അവർ ഗാർ തൗർ എന്ന ഗുഹയിൽ ഒളിച്ചിരുന്നു. ശത്രുക്കളുടെ നീക്കങ്ങൾ അത്രക്കും ശക്തമായിരുന്നു. റബീഉൽ അവ്വൽ ഒന്നിന് അവർ പുറപ്പെട്ടു. ഏഴ് ദിവസം വേണ്ടി വന്നു യത് രിബിന്റെ അതിർത്തി പ്രദേശമായ ഖുബാഇലെത്തുവാൻ. അവിടെ നാലു ദിവസം നിന്ന് നേരെ മദീനയിലേക്ക് കടന്നു. അതോടെ യത് രിബ് മദീനയായി മാറി. മദീനത്തുന്നബി.



നബി(സ)യെ മദീനക്കാർ വലിയ സന്തോഷാധിരേകത്തോടെയായിരുന്നു എതിരേറ്റതും സ്വീകരിച്ചതും. നബി(സ)ക്കു വേണ്ടതെല്ലാം അവർ ചെയ്തു കൊടുത്തു. കയ്യിലുള്ളതെല്ലാം അവർ നബിക്കു സമ്മാനിച്ചു. ഈ സമയം ഉമ്മു സുലൈം(റ) തന്റെ ഏറ്റവും വലിയ സമ്മാനവുമെടുത്ത് നബി(സ)യുടെ അടുത്തേക്ക് നടന്നു. അത് തന്റെ മകൻ അനസായിരുന്നു. പ്രായത്തെ പിന്നിലാക്കുന്ന ബുദ്ധിശക്തിയും വിനയവും എല്ലാം കൈമുതലായുളള സ്വന്തം മകനെ നബിക്കു നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു, നബിയേ, ഇവൻ താങ്കൾക്കു എന്റെ സമ്മാനമാണ്. പിന്നെ ഈ മകനെ നബി(സ)യുടെ നിഴലായിട്ടാണ് ഇസ്ലാമിക ചരിത്രം കാണുന്നത്. നബി(സ)യുടെ ഭൃത്യനും സന്തത സഹചാരിയുo യുവ സ്വഹാബിയുമായ അനസ് ബിൻ മാലിക്(റ).



നൻമയുടെ നൂറുമേനി



പ്രവാചക പ്രഭുവിന്റെ കയ്യിലെത്തുമ്പോൾ അനസ് ബിൻ മാലികിന് പത്തു വയസായിരുന്നു പ്രായം എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് (മുസ്ലിം, ഇബ്നു സഅ്ദ്). സച്ചരിതയായ ഒരു മാതാവിന്റെ കരവലയത്തിൽ വിരിഞ്ഞു വളർന്ന ഒരു കുസുമമായിരുന്നു ആ കുട്ടി. അവിടേ നിന്ന് എത്തുന്നതോ മാനുഷ്യകത്തിന്റെ മഹാചാര്യന്റെ കരങ്ങളിലും. ഇതെല്ലാം വലിയ നൻമയും വിജയവുമായി പുഷ്പിച്ചു. കൗമാരത്തിലേക്ക് കടന്നു വരുന്ന ആ പ്രായം കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം കല്ലിൽ കൊത്തിവെച്ചതുപോലെ പതിയുന്ന പ്രായമായിരുന്നു. അതിനാൽ അല്ലാഹുവിന്റെ റസൂലിന്റെ സ്വഭാവങ്ങൾ മുതൽ അധ്യാപനങ്ങൾ വരെ ആ മനസ്സിൽ പതിഞ്ഞു. വളരെ സൂഷ്മമായി എല്ലാ കാര്യങ്ങളും ആ കുഞ്ഞ് നബിയിൽ നിന്നും കണ്ടും കേട്ടും പഠിച്ചു. അദ്ദേഹം തന്നെ പറയുന്നു: നബി(സ) ഒരാളെ മുസ്വാഫഹത്ത് ( ഹസ്തദാനം) ചെയ്യുമ്പോൾ ആ വ്യക്തി കൈ വലിക്കുന്നതു വരേക്കും നബി(സ) തന്റെ കൈ വലിക്കുമായിരുന്നില്ല. ആ വ്യക്തി തിരിയുന്നതു വരേക്കും നബി(സ) തിരിയുമായിരുന്നില്ല. ഒപ്പമിരിക്കുന്ന ആളുടേതിനേക്കാൾ മുട്ടുകാൽ മുന്തുന്നത് പോലും കാണാറില്ല. (അബൂദാവൂദ്).



തന്റെ ഭൃത്യനാണെങ്കിലും സ്നേഹമസൃണമായിരുന്നു നബി(സ) യുടെ അദ്ദേഹത്തോടുള്ള പെരുമാറ്റം. ഒരിക്കൽ നബി അനസിനെ ഒരു കാര്യത്തിന് പറഞ്ഞയച്ചു. പോകും വഴിയിൽ ഒരു കൂട്ടം കുട്ടികൾ കളിക്കുന്നതു കണ്ടപ്പോൾ അദ്ദേഹം അതിൽ ലയിച്ച് അവിടെ നിന്നുപോയി. കുറേ കഴിഞ്ഞിട്ടും അനസിനെ കാണാതെ വന്നപ്പോൾ നബി(സ) തിരക്കിയിറങ്ങി. കളിയിൽ ലയിച്ചു നിൽക്കുന്ന അനസിനെ കണ്ട നബി(സ) പിന്നിലൂടെ ചെന്ന് പിടിച്ചു. തെല്ലു ജാള്യതയോടെ തിരിഞ്ഞു നോക്കുമ്പോൾ നബി(സ) പുഞ്ചിരിക്കുകയാണ്. ഞാൻ പറഞ്ഞേടത്ത് നീ പോയോ എന്ന് സൗമ്യഭാവത്തിൽ നബി ചോദിക്കുമ്പോൾ ഇപ്പോൾ പോകാം നബിയേ എന്നും പറഞ്ഞ് രണ്ടു പേരും പരസ്പരം പുഞ്ചിരി കൈമാറുകയായിരുന്നു. (മുസ്ലിം). താൻ ചെയ്ത ഏതെങ്കിലും കാര്യത്തെ കുറിച്ച് എന്തിനതു ചെയ്തു എന്നോ ചെയ്യാതിരുന്ന ഏതെങ്കിലും കാര്യത്തെ കുറിച്ച് എന്തുകൊണ്ട് അതു ചെയ്തില്ല എന്നോ ദീർഘമായ സേവനത്തിന്റെ പത്തു വർഷവും എന്നോട് നബി(സ) ചോദിച്ചിട്ടേയില്ല എന്ന് അനസ് ബിൻ മാലിക്(റ) പറയുന്നു. (മുസ്ലിം)



നബി(സ)ക്കു വേണ്ട സേവനങ്ങളിലൂടെ തന്റെ മകൻ ഒരു ഉത്തമ വിശ്വാസിയായിത്തീരണമെന്നത് ഉമ്മു സുലൈം(റ) യുടെ അഭിലാഷമായിരുന്നു. ഒരിക്കൽ നബി(സ) അനസിനെ ഒരു കാര്യത്തിനായി പറഞ്ഞയച്ചു. കാര്യം കഴിഞ്ഞപ്പോഴേക്കും വീട്ടിലെത്താൻ വൈകി. അപ്പോൾ വൈകിയതിന്റെ കാരണം ഉമ്മ ആരാഞ്ഞു. എന്റെ നബി(സ) ഒരു കാര്യത്തിനായി പറഞ്ഞയച്ചതായിരുന്നു എന്ന് മകൻ പറഞ്ഞു. അപ്പോൾ എന്തായിരുന്നു കാര്യം എന്നായി ഉമ്മ. അത് നബിയുടെ സ്വകാര്യമാണ് എന്നും അതു ഞാനാരോടും പറയില്ല എന്നും മകൻ പറഞ്ഞു. ഉടനെ ഉമ്മ പറഞ്ഞു: നബി(സ)യുടെ സ്വകാര്യങ്ങൾ നീ ആരോടും ഒരിക്കലും പറയരുത്. (മുസ്ലിം) നിരവധി ഹദീസുകൾ നിവേദനം ചെയ്ത അനസ് ബിൻ മാലിക്(റ) നബി(സ) യുടെ പാഠശാലയിലെ ഏറ്റവും ശ്രദ്ധേയനായ ഒരു സ്വഹാബീ വിദ്യാർഥിയായിരുന്നു.



നബിയുടെ സ്നേഹത്തണലിൽ



ഉറച്ച വിശ്വാസിനിയായിരുന്നു സുലൈം(റ). നബി(സ)യുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുന്നതിൽ അവർ എപ്പോഴും ജാഗ്രവത്തായ ശ്രദ്ധ പുലർത്തി. ഉമ്മു അത്വിയ (റ) പറയുന്നു. നബി(സ) ഒരു ദിനം ഞങ്ങളിൽ നിന്ന് ചില പ്രധാന ഉടമ്പടികൾ സ്വീകരിച്ചു. നബിയോട് ഞങ്ങൾ പ്രതിജ്ഞ ചെയ്ത കാര്യങ്ങളിൽ ഒന്നായിരുന്നു മരിച്ചവരുടെ മേൽ കരയരുത് എന്നത്. അത് പാലിക്കുവാൻ കേവലം അഞ്ചു സ്ത്രീകൾക്കേ കഴിഞ്ഞുള്ളൂ. അവരിൽ ഒരാൾ ഉമ്മു സുലൈം(റ) ആയിരുന്നു. (ബുഖാരി) മരിച്ചവരുടെ മേൽ വിലപിച്ച് കരയുന്നത് ജാഹിലിയ്യാ കാലം മുതൽ സ്ത്രീകളുടെ പതിവായിരുന്നു. ഒരു സമ്പ്രദായം എന്നതിലുപരി സ്ത്രീകളുടെ ക്ഷമയുടെ അപര്യാപ്തത കൂടിയായിരുന്നു അതിന്റെ കാരണം. എന്നാൽ നബി(സ)യുടെ അധ്യാപനത്തിനു മുമ്പിൽ തന്റെ സ്ത്രൈണ വികാരം പോലും നിയന്ത്രിക്കുവാൻ കഴിയുന്ന ഒരു മഹതിയായിരുന്നു അവർ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.



ഉമ്മു സുലൈം(റ)യോടുള്ള നബിയുടെ പരിഗണനയുടെ ഭാഗമായിരുന്നു നബി(സ) ഇടക്കിടെ അവരുടെ വീട്ടിൽ സന്ദർശനം നടത്തുമായിരുന്നത്. അവർക്കും മകനും വേണ്ടി നബി(സ) പ്രത്യേകമായി പ്രാർഥിക്കുമായിരുന്നു. ഭാര്യമാരല്ലാത്ത സ്ത്രീകളിൽ നിന്ന് നബി(സ) കടന്നു ചെല്ലാറുണ്ടായിരുന്നത് ഉമ്മു സുലൈം(റ) യുടെ വീട്ടിൽ മാത്രമായിരുന്നു എന്ന് ഇമാം നസാഈ അനസ് ബിൻ മാലികിനെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്. ഇങ്ങനെ അവരുടെ വീട്ടിൽ ചെയ്യുമ്പോൾ നബി(സ) ഉമ്മു സുലൈമിന്റെ ചെറിയ മകൻ അബൂ ഉമൈറുമായി തമാശ പറയാറുണ്ടായിരുന്നതായി ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. അവരുടെ വീട്ടിലായിരിക്കെ വല്ല നിസ്കാര സമയവുമായാൽ അവിടെ തന്നെ ഒരു വിരിപ്പ് വിരിച്ച് നിസ്കരിക്കുമായിരുന്നതായും അതേ രിവായത്തിൽ കാണാം.



ഉമ്മു സുലൈമിന്റെ വീടുമായി നബിയെ ബന്ധിപ്പിച്ചിരുന്ന മറ്റൊരു ഘടകം അവരുടെ സഹോദരൻ ഹറാമു ബിൻ മൽഹാൻ(റ) ആയിരുന്നു. നബി(സ)യുടെ ഏറ്റവും അടുത്ത സഹചാരിയും സൈനികനുമായിരുന്നു അദ്ദേഹം. ബദർ യുദ്ധത്തിലും ഉഹദ് യുദ്ധത്തിലും ധീരമായി പോരാടിയ അദ്ദേഹം ഹിജ്റ നാലാം വർഷം ഉണ്ടായ ബിഅ്റു മഊന സംഭവത്തിൽ ശഹീദായി. പിന്നിലൂടെ തുളച്ചുകയറിയ ചാട്ടുളി നെഞ്ച് പിളർന്ന് മുൻവശത്തു കാണുന്ന അത്ര വേദനാജനകമായിരുന്നു ആ രംഗം. ആ രക്തസാക്ഷിയോടുള്ള അനുതാപം കൂടി ഉമ്മു സുലൈമുമായി ഉള്ള ബന്ധത്തിന്റെ കാരണമായി നബിയുടെ വാക്കുകളിൽ നിന്നു തന്നെ മനസ്സിലാക്കാം. ഉമ്മുസുലൈമും സഹോദരി ഉമ്മു ഹറാമും കുടുംബ വഴിക്കോ മുലകുടി വഴിക്കോ നബിയുടെ മാതൃസഹോദരിമാരായിരുന്നതു കൊണ്ടാണ് അവരുടെ വീട്ടിൽ നേരിട്ട് നബി കയറുമായിരുന്നത് എന്ന് ഇമാം നവവി(റ) ശറഹു മുസ്ലിമിൽ വിശദീകരിക്കുന്നുണ്ട്.



രണ്ടാം മംഗല്യവും മഹ്റും



യൗവനവും സൗന്ദര്യവും മങ്ങിയിട്ടില്ലാത്ത പ്രായത്തിൽ വൈധവ്യം പേറേണ്ടി വന്ന ഉമ്മുസുലൈമിനു മുമ്പിൽ പല വിവാഹാലോചനകളും വരുമായിരുന്നു. ആദ്യത്തിൽ അവർ സ്വന്തം മകൻ അനസിന്റെ ഭാവിയോർത്ത് അതെല്ലാം നിരസിച്ചു. മകൻ വളർന്നു വലുതാകുന്നതു വരെ വിവാഹം കഴിക്കില്ല എന്ന പ്രതിജ്ഞയുമുണ്ടായിരുന്നു. ഇപ്പോൾ മകൻ വളർന്നു വലുതാവുകയും നബി(സ)യുമായുള്ള സഹവാസത്തിലൂടെ ഔന്നത്യത്തിന്റെ പടികൾ കയറിത്തുടങ്ങുകയും ചെയ്തതോടെ ഇനി വിവാഹിതയാകാം എന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. അന്നത്തെ സാമൂഹ്യ സാഹചര്യവും വിധവകളും ഭർതൃ മുക്തകളും വേഗത്തിൽ പുനർവിവാഹിതരാക്കുന്നതായിരുന്നു. പല വിവാഹലോചനകളും വന്നുവെങ്കിലും അവരിൽ ഏറ്റവും ശ്രദ്ധേയമായത് മദീനയിലെ സമ്പന്നരിൽ ഒരാളായിരുന്ന അബൂ ത്വൽഹത്തുൽ അൻസ്വാരിയുടേതായിരുന്നു.



അബൂ ത്വൽഹ വിവാഹാലോചനയുമായി ഉമ്മു സുലൈമിന്റെ വീട്ടിൽ വന്നു. എത്ര മഹ്റായി നൽകണമെങ്കിലും അതിനദ്ദേഹം തയ്യാറായിരുന്നു. തന്റെ താൽപര്യം അറിയിച്ച് അക്ഷമനായി കാത്തുനിൽക്കവെ ഉമ്മു സുലൈമിന്റെ മറുപടി വന്നു. അവർ പറഞ്ഞു: അബൂ ത്വൽഹാ താങ്കളെ പോലെ ഒരാളുടെ വിവാഹാഭ്യർത്ഥന ഒരാളും നിരസിക്കുകയോ നിരാകരിക്കുകയോ ചെയ്യില്ല. പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന തടസ്സം ഈ വിവാഹത്തിനുണ്ട്. അത് മറ്റൊന്നുമല്ല, ഞാൻ മുസ്ലിമും താങ്കൾ അമുസ്ലിമുമാണ് എന്നതാണത്. മുസ്ലിമായ എനിക്ക് അമുസ്ലിമായ ഒരാളുടെ കൂടെ ജീവിതം പങ്കിടുക എന്നത് ദുഷ്കരമാണ്. മാത്രമല്ല, അത് ഞങ്ങൾക്ക് പാടില്ലാത്തതുമാണ്. അതു കേട്ട അബൂത്വൽഹ പകച്ചു നിന്നു പോയി. മഹ്റായി എത്ര പൊന്നും വെള്ളിയും നൽകാനും താൻ തയ്യാറാണ് എന്ന് ആവർത്തിച്ചപ്പോൾ ഉമ്മു സുലൈം(റ) തന്റെ നിലപാടിൽ ഉറച്ചുനിന്നു. അവർ പറഞ്ഞു: എനിക്ക് മഹ്റായി വേണ്ടത് ഇസ്ലാമാണ്. താങ്കളുടെ ഇസ്ലാമാശ്ലേഷണം മാത്രം.



അബൂത്വൽഹ അതിന് മനസ്സാ തയ്യാറായിരുന്നു. ഇസ്ലാമിനെ തീവ്രമായി വിമർശിക്കുകയോ അന്ധമായി തളളിക്കളയുകയോ ചെയ്യുന്ന കൂട്ടത്തിലായിരുന്നില്ല അദ്ദേഹം. അതേ സമയം ഉമ്മു സുലൈമിനെ പോലെ ഒരു ഒരു വനിതയെ ജീവിത പങ്കാളിയായി ലഭിക്കുക എന്നത് വലിയ സൗഭാഗ്യമായി അബൂത്വൽഹ കാണുന്നുമുണ്ട്. നൻമയോട് ആഭിമുഖ്യമുള്ള മാനസിക പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. സച്ചരിതയായ ഒരു സ്ത്രീ, എല്ലാവർക്കും നല്ലതു മാത്രം പറയാനുള്ള ഒരു സ്ത്രീ എന്ന നിലക്കെല്ലാം ഉമ്മു സുലൈം തന്റെ ജീവിതത്തിലെത്തുന്നത് വലിയ അഭിമാനം കൂടിയാണ്. അതിന് വേണ്ടി എന്തു വിലയും ഒടുക്കാൻ അദ്ദേഹത്തിന് ഒരു മാനസിക സങ്കോചവും ഉണ്ടായിരുന്നില്ല. അബൂത്വൽഹ നേരെ നബി(സ)യുടെ അടുത്തേക്ക് നടന്നു. സത്യസാക്ഷ്യം ചൊല്ലി ഇസ്ലാമിലേക്ക് കടന്നു. അങ്ങനെ ഇസ്ലാം മഹ്റാക്കിയുളള ആ വിവാഹം നടന്നു. ഇസ്ലാമിക ചരിത്രത്തിലെ അപൂർവ്വ വിവാഹം.



ഐശ്വര്യമുള്ള കുടുംബം



ശഹാദത്ത് എന്ന സത്യസാക്ഷ്യത്തിൽ നിന്നും തുടങ്ങിയതിന്റെ ഐശ്വര്യം അബൂത്വൽഹയുടെയും ഉമ്മു സുലൈമിന്റെയും കുടുംബജീവിതത്തിൽ എന്നുമുണ്ടായിരുന്നു. ആ ഐശ്വര്യങ്ങൾ എല്ലാം വന്നു ചേർന്നത് നബി(സ)യിലൂടെയായിരുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടത്തിന്റെ തങ്ങലിലായിരുന്നു ആ കുടുംബത്തിന്റെ സകല ചലനങ്ങളും. ആ കുടുംബത്തിന്റെ ഓരോ സ്പർശനവും ഐശ്വര്യമുള്ളതായിരുന്നു. ഒരിക്കൽ ഒരു ദരിദ്രനായ അൻസ്വാരി സ്വഹാബി നബി(സ)യുടെ അടുക്കൽ സഹായവും ചോദിച്ച് വന്ന സംഭവം ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നുണ്ട്. അത് രാത്രിയായിരുന്നു. ഈ ദരിദ്രന് രാത്രിയിൽ ഭക്ഷണം വല്ലതും നൽകാൻ ആദ്യം നബി(സ) തന്റെ പത്നിമാരുടെ വീടുകളിൽ പരതിനോക്കി. ഒന്നും കിട്ടിയില്ല. പിന്നെ പരസ്യമായി ഇയാൾക്ക് ആരെങ്കിലും രാത്രി ഭക്ഷണം നൽകുമോ എന്ന് വിളിച്ചു ചോദിച്ചു. അതു കേട്ട ഒരു അൻസാരി അതിനു തയ്യാറായി എഴുനേറ്റു. അഥിതിയുമായി അൻസ്വാരി സ്വന്തം വീട്ടിലെത്തി. അവിടത്തെ അവസ്ഥ പരിതാപകരമായിരുന്നു. എന്തുകൊണ്ടോ കുട്ടികൾക്കു വേണ്ടി എടുത്തുവെച്ച ഭക്ഷണമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതോടെ സച്ചരിതരരായ ഭാര്യയും ഭർത്താവും ഒരു പദ്ധതിയിട്ടു. കുട്ടികളെ തന്ത്രത്തിൽ കിടത്തിയുറക്കുക. വിളക്കു കെടുത്തി തങ്ങൾ ഭക്ഷിക്കുന്നുണ്ട് എന്ന് വരുത്തുക. ആ തന്ത്രം ഫലിച്ചു. അങ്ങനെ അവർ അഥിതിയോടുള്ള മര്യാദ ചെയ്തു.



രാവിലെ കണ്ടുമുട്ടിയപ്പോൾ ഗൃഹനാഥനോട് നബി(സ) പറഞ്ഞു: നിങ്ങൾ ഇന്നലെ ചെയ്ത തന്ത്രം കണ്ട് അല്ലാഹു സന്തുഷ്ഠനായിരിക്കുന്നു. (സ്വഹീഹുൽ ബുഖാരിയിൽ നിന്ന്) ഈ സന്തോഷം ലഭിച്ച കുടുംബം അബൂത്വൽഹയുടേതും ഉമ്മുസുലൈമിന്റേതു മായിരുന്നു എന്നാണ് വ്യാഖ്യാതാക്കൾ പറയുന്നത്. ഈ പശ്ചാത്തലത്തിലുണ്ട് സൂറത്തുൽ ഹശ്റിലെ ഈ സൂക്തം അവതരിച്ചത്. അതിൽ അല്ലാഹു അബൂ ത്വൽഹ അടക്കമുളള അൻസ്വാരികളെ ഇങ്ങനെ പ്രകീർത്തിക്കുന്നു: എന്നാല്‍ നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അന്‍സ്വാറുകളാകട്ടെ, സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവര്‍ക്കു കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സില്‍ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു; തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പോലും മുഹാജിറുകള്‍ക്കാണവര്‍ മുന്‍ഗണന കൊടുക്കുക. സ്വശരീരത്തിന്റെ പിശുക്കില്‍ നിന്ന് ആര് സുരക്ഷിതരായോ അവര്‍ തന്നെയാണ് ജേതാക്കള്‍ (അൽ ഹശ്ർ: 9)



അബൂത്വൽഹ(റ) പറയുന്നു: ഒരിക്കൽ ഞാൻ പള്ളിയിൽ ചെല്ലുമ്പോൾ നബി(സ)യുടെ മുഖം വല്ലാതെ വാടിയിരിക്കുന്നതായി കണ്ടു. വിശപ്പിന്റെ കാഠിന്യം കൊണ്ടാണ് എന്നെനിക്ക് മനസ്സിലായി. ഞാൻ ഉടനെ വീട്ടിൽ ചെന്ന് ഉമ്മു സുലൈമിനോട് വിവരം പറഞ്ഞു. വീട്ടിൽ കുറച്ചെന്തോ മാത്രമേ ഉള്ളൂ എന്നായിരുന്നു ഉമ്മു സുലൈമിന്റെ മറുപടി. ഏതായാലും ഉള്ളത് നന്നായി പാകം ചെയ്ത് തയ്യാറാക്കാൻ ഞാൻ പറഞ്ഞു. ഭക്ഷണം തയ്യാറായപ്പോൾ അവർ മകൻ അനസിനെ നബി(സ)യുടെ അടുത്തേക്ക് അയച്ചു. ഭക്ഷണം വളരെ കുറവായിരുന്നതിനാൽ നബിയോട് സ്വകാര്യമായി മാത്രമേ വിവരം കൊടുക്കാവൂ എന്ന് അനസിനോട് പ്രത്യേകം പറഞ്ഞിരുന്നു. അനസ്(റ) ചെന്ന് നബിയുടെ ചെവിയിൽ വിഷയം സ്വകാര്യമായി പറഞ്ഞതും, ഇതാ ഒരാൾ നമുക്ക് നൻമയുമായി വന്നിരിക്കുന്നു എന്നും പറഞ്ഞ് എഴുനേറ്റതും ഒപ്പമായിരുന്നു. വിശന്നുപൊരിയുകയായിരുന്ന പള്ളിയിലുണ്ടായിരുന്ന സ്വഹാബിമാരെയും കൂട്ടി നബി(സ) വീട്ടിലേക്ക് കയറിവന്നു.



ഞങ്ങൾ വിഷമിച്ചു. കാരണം ആ വന്നവർക്കെല്ലാം തികയുന്ന ഭക്ഷണം അപ്പോൾ വീട്ടിൽ ഇല്ലായിരുന്നു. ഞങ്ങൾ ആ കാര്യം നബിയോട് തുറന്നു പറഞ്ഞു. നബി(സ) തങ്ങൾ പക്ഷെ പരിഭ്രാന്തനായിരുന്നില്ല. ഉള്ള ഭക്ഷണം എടുത്ത് അത് പാകപ്പെടുത്തി അതിൽ കറിയോ നെയ്യോ പോലുള്ള എന്തോ ഒഴിച്ച് തയ്യാറാക്കി പത്തു വീതം ആൾക്കാരെ കടത്തിവിടാൻ പറഞ്ഞു. അൽഭുതകരമെന്നു പറയട്ടെ, അവരെല്ലാവരും ഭക്ഷിച്ചു. അവശേഷിച്ചത് അബൂ ത്വൽഹക്കും കുടുംബത്തിനും കഴിക്കാൻ നൽകുകയും ചെയ്തു. ആ ഭക്ഷണം കഴിച്ചവർ നൂറോളം പേർ വരുമെന്ന് ഈ സംഭവം റിപ്പോർട്ട് ചെയ്ത ത്വബറാനി പറയുന്നുണ്ട്. ബറക്കത്ത് പറന്നിറങ്ങുവാൻ മാത്രം സച്ചരിതമായ ഒരു കുടുംബമായിരുന്നു അത് ഇത്തരം സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാം. ബറക്കത്ത് എന്നാൽ അല്ലാഹുവിന്റെ പ്രത്യേക കടാക്ഷമാണ്. അത് അവൻ ഇഷ്ടപ്പെട്ടവർക്ക് ഇഷ്ടപ്പെട്ട അളവിൽ നൽകുന്നതാണ്.



കടമകളും കടപ്പാടുകളുമെല്ലാം പാലിക്കുന്നതിൽ ശ്രദ്ധിക്കുന്ന ആളായിരുന്നു ഉമ്മു സുലൈം(റ). മറ്റുളളവരുടെ സന്തോഷങ്ങളിൽ അവർ ആത്മാർഥമായി പങ്കുകൊള്ളുമായിരുന്നു. നബി(സ) സൈനബ് ബിൻതു ജഹ്ശ്(റ) യെ വിവാഹം ചെയ്ത ദിവസം അവർ വിവാഹ സമ്മാനമായി ഒരു പ്രത്യേക വിഭവം ഉണ്ടാക്കി മകൻ അനസിന്റെ കയ്യിൽ കൊടുത്തയച്ചതായി ഹയാത്തുസ്സ്വഹാബയിൽ കാണാം. കാരക്കയും നെയ്യും ചേർത്തുണ്ടാക്കിയ ഒരു വിഭവമായിരുന്നു അത്. ഹിജ്റ അഞ്ചാം വർഷമായിരുന്നു ഈ വിവാഹം. നബി(സ)യുടെ അമ്മായി ഉമൈമ ബിൻതു അബ്ദുൽ മുത്വലിബിന്റെ മകളായിരുന്നു അവർ. ധാരാളം പേർ ഉമ്മു സുലൈം ഉണ്ടാക്കി കൊടുത്തയച്ച വിഭവം കഴിക്കുകയും സന്തോഷം രേഖപ്പെടുത്തുകയും ചെയ്തതായി ആ ചരിത്രത്തിൽ കാണാം.



ബറകത്ത് തേടി..



നബി(സ)യെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരു സ്വഹാബീ വനിതയായിരുന്നു ഉമ്മു സുലൈം(റ). അവരെ സംബന്ധിച്ച് ഓർക്കുമ്പോൾ ഇസ്ലാമിക ചരിത്രം ഏറെ വികാരത്തോടെ അനുസ്മരിക്കുന്ന ഒരു അധ്യായമാണ് അവർ നബി തിരുമേനി(സ) യുടെ ബറക്കത്തിന് നൽകിയിരുന്ന വില. ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ നബി(സ)യുടെ വിയർപ്പിന്റെ സുഗന്ധത്തെ കുറിച്ച് പറയുന്നതിനിടെ അനസ് ബിൻ മാലിക്(റ)വിനെ തൊട്ട് അദ്ദേഹം പറയുന്നതായി ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്: ഒരിക്കൽ നബി(സ) ഞങ്ങളുടെ വീട്ടിൽ ഉച്ചയുറക്കം നടത്തുകയുണ്ടായി. അപ്പോൾ നബി(സ) യുടെ തിരുശരീരം നന്നായി വിയർക്കുന്നുണ്ടായിരുന്നു. എന്റെ ഉമ്മ ആ വിയർപ്പു കണങ്ങൾ സൂക്ഷ്മതയോടെ ഒരു കുപ്പിയിലേക്ക് ശേഖരിക്കുവാൻ തുടങ്ങി. അപ്പോൾ നബി(സ) ഉണർന്നു. എന്താണീ ചെയ്യുന്നത് എന്ന് ഉമ്മു സുലൈമിനോട് ചോദിച്ചു. ഇത് അങ്ങയുടെ വിയർപ്പാണ്, ഇത് ഞങ്ങൾക്ക് ഞങ്ങളുടെ സുഗന്ധത്തിൽ ചേർക്കുവാനാണ്. (മുസ്ലിം)



നബിയുടെ വിയർപ്പിൽ നിന്ന് ബറകത്തെടുക്കുന്നതിനെ പറ്റി പറയുന്ന അദ്ധ്യായത്തിൽ ഇമാം മുസ്ലിം സമാനമായ മറ്റൊരു സംഭവം കൂടി ഉദ്ധരിക്കുന്നുണ്ട്. അതിൽ തന്റെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നബിയുടെ വിർപ്പ് ഒരു തോൽ കഷ്ണത്തിലാകുകയും അത് കുതിരുകയും ചെയ്തതായി പറയുന്നുണ്ട്. ഉമ്മു സുലൈം(റ) അത് ഒരു കുപ്പിയിലേക്ക് പിഴിഞ്ഞ് ശേഖരിക്കുന്നതിനിടെ ഉണർന്ന നബി(സ) എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ആരായുകയുണ്ടായി. അപ്പോൾ ഉമ്മു സുലൈം(റ) പറഞ്ഞു: ഇത് ഞങ്ങളുടെ കുട്ടികൾക്ക് ഇതിന്റെ ബറകത്ത് കിട്ടുവാൻ വേണ്ടിയാണ്. അതുകേട്ട നബി(സ) പറഞ്ഞു: നീ പറഞ്ഞത് ശരിയാണ് (മുസ്ലിം)



നബി(സ)യുടെ തിരുകേശത്തോടും വലിയ ആദരവ് പുലർത്തിയ ആളായിരുന്നു ഉമ്മു സുലൈം(റ). ഹജ്ജിന്റെ ഭാഗമായി നബി(സ) മുടി മുണ്ഡനം ചെയ്തപ്പോൾ അബൂ ത്വൽഹ(റ) അതിൽ നിന്ന് അൽപം എടുക്കുകയും പത്നി ഉമ്മു സുലൈമിന് കൊടുക്കുകയുമുണ്ടായി. ആ തിരുകേശം അവർ വളരെ ബഹുമാനാദരവുകളോടു കൂടി തന്റെ അമൂല്യ വസ്തുക്കൾ സൂക്ഷിക്കുന്ന പെട്ടിയിൽ സൂക്ഷിക്കുകയുണ്ടായി (സിയറു അഅ്ലാമുന്നുബലാഅ്). നബി(സ) വെള്ളം കുടിച്ച തോൽപ്പാത്രത്തിന്റെ വായ ഭാഗം മുറിച്ചെടുത്ത് ഉമ്മു സുലൈം(റ) സൂക്ഷിച്ചിരുന്നതായി അനസ്(റ)വിൽ നിന്ന് ഇബ്നു സഅ്ദ് തന്റെ ത്വബഖാത്തിൽ ഉദ്ധരിക്കുന്നുണ്ട്. നബി(സ)യുടെ ബറകത്തുകളുടെ പ്രാമാണികത തെളിയിക്കുന്ന ഒരു പ്രമാണം തന്നെയാണ് ഉമ്മു സുലൈം(റ).



വീണ്ടും പരീക്ഷണച്ചുഴിയിൽ..



അബൂ ത്വൽഹ(റ)യും ഉമ്മു സുലൈം(റ)യും നല്ല ഇണയും തുണയുമായി ജീവിച്ചു പോന്നു. നബി(സ)യുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അവരുടെ ജീവിതത്തെ കൂടുതൽ തെളിച്ചമുളളതാക്കി മാറ്റി. അവർക്ക് ഒരു കുഞ്ഞ് ജനിച്ചു. അവർ അവന് അബൂ ഉമൈർ എന്നായിരുന്നു പേരിട്ടത്. അവൻ അവരുടെ കൺമണിയായിരുന്നു. അവന്റെ ഓരോ ചലനങ്ങളും അവരുടെ വീട്ടിൽ സന്തോഷം നിറച്ചു. അബൂ ഉമൈറിന് ഒരു കൊച്ചു പക്ഷിക്കുഞ്ഞുണ്ടായിരുന്നു. നബി(സ) അവരുടെ വീട്ടിൽ വരുമ്പോൾ അവനേയും പക്ഷിക്കുഞ്ഞിനെയും ഓമനിക്കു ക പതിവായിരുന്നു. കയറി വരുമ്പോൾ പക്ഷിക്കുഞ്ഞിനെ കണ്ടില്ലെങ്കിൽ നബിക്കൊരു ചോദ്യമുണ്ട്. അബൂ ഉമൈറേ നുഗൈറിനെന്തു പറ്റിയെന്ന്. ആ ചെറുകിളിയെ അബൂ ഉമൈറിന്റെ പേരിന്റെ അതേ പ്രാസത്തിൽ നുഗൈർ എന്ന് വിളിക്കുമ്പോൾ അത് ആ കുട്ടിയോടുള്ള അഭൗമമായ ഒരനുഭൂതിയായി മാറുമായിരുന്നു.



മാതാപിതാക്കളുടെ ആ കണ്ണിലുണ്ണി പക്ഷെ, പെട്ടെന്നൊരു നാൾ അവരുടെ നെഞ്ചിടിപ്പായി മാറി. അവന് അസുഖം ബാധിച്ചു. സ്നേഹവൽസരായ മാതാപിതാക്കളുടെ കണ്ണുകൾ നിറഞ്ഞു. അവനെ കൊണ്ട് അവരെ പരീക്ഷിക്കുവാൻ പോകുകയായിരുന്നു അല്ലാഹു. ചികിത്സകൾ നടത്തിനോക്കി. അത്ര വലിയ ചികിത്സകളൊന്നുമുള്ള കാലമല്ലായിരുന്നു. ഒരു വൈകുനേരം അബൂ ത്വൽഹ(റ) വീടിനു പുറത്തിറങ്ങി. അപ്പോൾ കുഞ്ഞിന് രോഗം കലശലായി. ഉമ്മു സുലൈമിന്റെ നെഞ്ചിടറി. ഉമ്മയുടെ ഉണങ്ങാത്ത കണ്ണീരിനുമുമ്പിൽ പൊന്നു മോൻ മരണപ്പെട്ടു. ഉമ്മു സുലൈമിന്റെ മനസ്സ് പക്ഷെ ഖളാഇനും ഖദ്റിനും പാകപ്പെട്ടിരുന്നു. സ്വാഭാവികമായ തേങ്ങലിനു ശേഷം അവർ ആത്മ ശക്തി വീണ്ടെടുത്തു. അവർ അവിടെയുണ്ടായിരുന്ന കുടുംബാംഗങ്ങളോട് പറഞ്ഞു: നിങ്ങൾ ആരും അബൂ ത്വൽഹയോട് കുട്ടി മരിച്ച വിവരം പറയരുത്. ഞാൻ പറഞ്ഞേക്കാം.



അബൂ ത്വൽഹ(റ) വരാൻ വൈകി. വന്നുകയറിയപ്പോൾ അബൂ ത്വൽഹ ഭാര്യയോട് കുട്ടിയുടെ വിവരം ചോദിച്ചറിഞ്ഞു. അവൻ നേരത്തേതിനേക്കാൾ സുഖത്തിലാണ് എന്നും പറഞ്ഞ് ഉമ്മു സുലൈം ഭർത്താവിന് ഭക്ഷണം എടുത്തുകൊടുത്തു. അധികം വൈകാതെ അവർ കിടന്നു. അവർ ആ രാത്രി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ ഉമ്മു സുലൈം(റ) ഭർത്താവിനോട് ചോദിച്ചു. അബൂ ത്വൽഹാ, ഒരു കൂട്ടർ തങ്ങളുടെ ഒരു സാധനം ഒരു വീട്ടുകാരുടെ അടുക്കൽ സൂക്ഷിക്കാൻ കൊടുക്കുകയും പിന്നെ അവർ അത് തിരിച്ചു ചോദിക്കുകയും ചെയ്താൽ അത് കൊടുക്കാതിരിക്കാൻ പറ്റുമോ ?. അതൊരിക്കലും പറ്റില്ല എന്ന് അബൂത്വൽഹ പറഞ്ഞതും ഉമ്മു സുലൈം പറഞ്ഞു: എന്നാൽ അല്ലാഹു നമ്മെ ഏൽപ്പിച്ച കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു.



അതു കേട്ടതും അബൂത്വൽഹ കയർത്തു. എന്നിട്ട് എല്ലാം കഴിഞ്ഞിട്ടാണോ നീ പറയുന്നത് എന്ന് ചോദിച്ച് കോപത്തോടെ മുറുമുറുത്തു. പിറ്റേന്ന് ഇത് അബൂ ത്വൽഹ നബിയോട് പരാതി പറഞ്ഞു. നബി(സ) പറഞ്ഞു: നിങ്ങളുടെ ആ രാത്രിയിൽ അല്ലാഹു ബർക്കത്ത് ചെയ്യുമാറട്ടെ. അധികം വൈകാതെ ഉമ്മു സുലൈം(റ) വീണ്ടും ഗർഭിണിയായി. പിന്നീട് നബിയോടൊപ്പം ഒരു യാത്രയിൽ തിരിച്ചുവരുന്ന സമയത്തായിരുന്നു അവർക്ക് പ്രസവ നൊമ്പരം തുടങ്ങിയത്. അവർ മദീനയുടെ അടുത്തെത്തുമ്പോൾ സന്ധ്യയായിരുന്നു. സന്ധ്യാ സമയമായാൽ നേരെ വീട്ടിൽ വന്നു കയറുന്നത് നബിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അതിനാൽ നഗരപ്രാന്തത്തിൽ അവരെല്ലാവരും തമ്പടിച്ചതിനിടെയായിരുന്നു പ്രസവ ലക്ഷണങ്ങൾ പ്രകടമായത്. പിറ്റേന്ന് എല്ലാവരും പുറപ്പെടുമ്പോൾ അവർ രണ്ടു പേർക്കും പുറപ്പെടാൻ കഴിയാതെവന്നു.



നബി(സ)യെ ഇറങ്ങുമ്പോഴും തങ്ങുമ്പോഴും അക്ഷരാർഥത്തിൽ പിന്തുടരുന്നതായിരുന്നു അബൂ ത്വൽഹ ക്ക് ഇഷ്ടം. അതിനു കഴിയാതെ വന്നപ്പോൾ അദ്ദേഹത്തിന് വിഷമമുണ്ടായി. അദ്ദേഹം അതു പ്രടിപ്പിച്ചു കൊണ്ട് പ്രാർഥിച്ചു. അധികം കഴിയും മുമ്പെ ഉമ്മു സുലൈം(റ) പറഞ്ഞു, എനിക്കിപ്പോൾ പ്രശ്നമൊന്നും തോന്നുന്നില്ല, അതിനാൽ നമുക്കു പോകാം എന്ന്. അങ്ങനെ അവർ പുറപ്പെടുകയും വീട്ടിലെത്തിച്ചേരുകയും ചെയ്തു. വീട്ടിലെത്തിച്ചേർന്നതും അവർ ഒരു ആൺകുഞ്ഞിന് ജൻമം നൽകി. കഞ്ഞിനെ മൂത്ത മകൻ അനസ്(റ) നേരെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടു ചെന്നു. നബി(സ) അത്യന്തം സന്തോഷിക്കുകയും കുട്ടിക്ക് മദീനയിലെ വിശിഷ്ടമായ അജ് വ എന്ന കാരക്ക സ്വന്തം വായയിലിട്ട് ചവച്ചലിയിച്ച് മധുരം നൽകുകയും ശിരസ്സിൽ പ്രാർഥനാ പൂർവ്വം തലോടുകയും അബ്ദുല്ലാ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.



ആ കുട്ടിക്കു വേണ്ടി നബി(സ) ചെയ്ത കാര്യങ്ങളെല്ലാം നൂറു ശതമാനം ഫലിച്ചു. പിൽക്കാലത്ത് ഈ അബ്ദുല്ലക്കു ജനിച്ച ഒമ്പതു മക്കളും ഖുർആൻ മനപ്പാഠമാക്കായ പ്രശസ്തരായി മാറി എന്നതാണ് ചരിത്രം. (ബുഖാരി, മുസ്ലിം നിവേദനം ചെയ്ത ഹദീസുകളിൽ നിന്ന്). പ്രഥമ ഭർത്താവിന്റെ വിയോഗം തീർത്ത നഷ്ടം സച്ചരിതനായ സ്വഹാബി അബൂ ത്വൽഹത്തുൽ അൻസ്വാരി(റ)യിലൂടെ അല്ലാഹു പരിഹരിച്ചു കൊടുക്കുമ്പോഴും അബൂ ഉമൈറിന്റെ വേർപാട് അബ്ദുളളയെ കൊണ്ട് പകരം വെക്കുമ്പോഴും അല്ലാഹു ഉമ്മു സുലൈം(റ)യെ കടാക്ഷിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാം. അതിനെല്ലാം നിമിത്തമായത് അല്ലാഹുവിനോടും റസൂലിനോടും പുലർത്തിയ ഹൃദയബന്ധവുമായിരുന്നു. ഈ കടാക്ഷങ്ങൾക്ക് ഒരു സ്ത്രീ എന്നതിനപ്പുറം തന്നെ അവർ നന്ദി ചെയ്തിട്ടുമുണ്ട്.



അത്തരം രംഗങ്ങളിൽ ചരിത്രം അൽഭുതത്തോടെ നോക്കി നിന്ന രണ്ട് രംഗങ്ങളുണ്ട്. ഒന്ന്, ഹിജ്റ മൂന്നാം വർഷം നടന്ന ഉഹദ് യുദ്ധത്തിലായിരുന്നു. നബി(സ)യും സ്വഹാബിമാരും കടുത്ത വെല്ലുവിളി നേരിട്ട ആ യുദ്ധത്തിൽ നബിയുടെ മുമ്പിൽ വില്ലു കുലച്ച് മാറു വിരിച്ചു നിന്ന ധീരനായിരുന്നു ഉമ്മു സുലൈമിന്റെ ഭർത്താവ് അബൂ ത്വൽഹ(റ). അതേ സമയം ആ യോദ്ധാക്കൾക്ക് വെള്ളമെത്തിച്ചു കൊടുത്തിരുന്നത് പ്രധാനമായും രണ്ട് സ്ത്രീ രത്നങ്ങളായിരുന്നു. ഒന്ന്, ആയിഷ(റ)യും മറ്റൊന്ന് ഉമ്മു സുലൈം(റ)യും എന്ന് കിതാബുൽ ജിഹാദിൽ ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്നുണ്ട്. ഹിജ്റ എട്ടാം വർഷം നടന്ന ഹുനൈൻ യുദ്ധത്തിലും ഉമ്മു സുലൈമിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഉഹദ് യുദ്ധം പോലെ മുസ്ലിം സേന ഏറെ വെല്ലുവിളി നേരിട്ട ഒരു യുദ്ധമായിരുന്നു ഹുനൈൻ. അന്ന് ഒരു കത്തിയും അരയിൽ തിരുകിയായിരുന്നു അവർ നടന്നിരുന്നത്. ഏതെങ്കിലും ശത്രു എന്റെ നേരെയെങ്ങാനും വന്നാൽ അവന്റെ വയർ തുളക്കാനാണ് ഇത് എന്ന് ഭർത്താവ് അബൂ ത്വൽഹയുടെ മുമ്പിൽ വെച്ച് അവർ നബി(സ) യോട് പറയുന്നതായി ഇമാം മുസ്ലിം ഉദ്ധരിക്കുന്നുണ്ട്. (ത്വബഖാത്ത്)



ഉമ്മു സുലൈം(റ)ക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം സ്വർഗ്ഗം കൊണ്ടുള്ള സുവിശേഷമാണ്. ഇമാം മുസ്ലിം, അഹ്മദ് എന്നിവർ ജാബിർ ബിൻ അബ്ദുല്ല(റ)യെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ ഇസ്റാഇന്റെയും മിഅ്റാജിന്റെയും രാത്രിയിൽ താൻ അബൂത്വൽഹയുടെ പത്നിയെ സ്വർഗ്ഗത്തിൽ വെച്ച് കണ്ടു എന്ന് നബി(സ) പറയുന്നുണ്ട്. ഇതേ ആശയമുള ഒരു ഹദീസ് അവരുടെ മകൻ അനസ് ബിൻ മാലിക്(റ)വും രിവായത്ത് ചെയ്യുന്നുണ്ട്.



ഹിജ്റ 40 ൽ ഖലീഫ മുആവിയ ബിൻ അബൂ സുഫ്‌യാന്റെ കാലത്തായിരുന്നു അവരുടെ പേർപാട്.



(സ്വഹാബിയ്യാത്തുൻ ഹൗലർറസൂൽ)

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso