Thoughts & Arts
Image

ഉമാമ ബിൻതു അബുൽ ആസ്

02-05-2022

Web Design

15 Comments


പ്രിയപ്പെട്ട പേരമകൾ



നബി(സ) നിസ്കരിക്കുമ്പോൾ ഒക്കത്തൊരു കൊച്ചു പെൺകുട്ടിയെ കണ്ടില്ലേ !. റുകൂഇലേക്കും സുജൂദിലേക്കും പോകുമ്പോൾ അവളെ ശ്രദ്ധയോടെ നബി നിലത്തു വെക്കുന്നു. എഴുനേൽക്കുമ്പോൾ വീണ്ടും എടുത്ത് ചേർത്തു പിടിക്കുന്നു. ഉമാമ ബിൻതു അബിൽ ആസ്വ്(റ) ആണ് ആ പെൺകുട്ടി. നബി(സ)യുടെ മൂത്ത മകൾ സൈനബി(റ)ന്റെയും അബുൽ ആസ്വ് ബിൻ റബീഇന്റെയും മകൾ. പ്രാവാചക തിരുമേനിയുടെ പ്രിയപ്പെട്ട പേരമകൾ. മുസ്ലിം ഉമ്മത്തിന് പ്രത്യേകിച്ച് വിശ്വാസിനികളുടെ ലോകത്തിന് പരിചയിക്കാനും പഠിക്കാനും പറ്റിയ ഒരു അദ്ധ്യായമാണ് അവർ. അവരുടെ പിതാമഹൻ ലോകത്തിന്റെ മാർഗ്ഗദർശിയായ മുഹമ്മദു റസൂലുല്ലാഹി യാണ്. അവരുടെ മാതാമഹിയാവട്ടെ ആദ്യത്തെ വിശ്വാസിനിയും നബി തിരുമേനിയുടെ സ്നേഹഭാജനവുമായ ഖദീജത്തുൽ കുബ്റ (റ)യാണ്. അവരുടെ മാതാവാകട്ടെ മുത്ത് നബിയുടെ മൂത്ത മകൾ സൈനബ് ബിൻതുർറസൂൽ(റ) ആണ്. പിതാവാകട്ടെ ആഭിജാത്യത്തിനും സ്നേഹത്തിനും പുകൾ കേട്ട മക്കയുടെ പ്രധാനിയും പ്രമാണിയുമായ അബുൽ ആസ്വ് ബിൻ റബീഉം. പിന്നെ എങ്ങനെയാണ് ഈ പൊന്നുമോൾ ശ്രദ്ധിക്കപ്പെടാതെ പോവുക !



മകളെ പരിചയപ്പെടും മുമ്പ് ഉമ്മയെ പരിചയപ്പെടേണ്ടതുണ്ട്. നബി(സ)യുടെയും ഖദീജാ ബീവിയുടെയും ജീവിത പൂങ്കാവനത്തിൽ ആദ്യം വിരിഞ്ഞ സൂനമാണ് സൈനബ്(റ). ഉപ്പയുടെ സൗന്ദര്യവും ഉമ്മയുടെ ആഢ്യത്വവും ഒരു പോലെ സമ്മേളിച്ച സൈനബ് അതീവ സുന്ദരിയായിരുന്നു. ആ സൗന്ദര്യത്തെ ഏറെ തിളക്കമുള്ളതാക്കി മാറ്റിയത് ഉപ്പയിൽ നിന്നും ഉമ്മയിൽ നിന്നും പകർന്നു കിട്ടിയ സദ്സ്വഭാവമാണ്. സത്യസന്ധൻ എന്ന് ശത്രു-മിത്ര ഭേതമില്ലാതെ വിളിക്കപ്പെടാനും അങ്ങ് മഹിതമായ സ്വഭാവത്തിന്റെ ഉടമയാണ് എന്ന് വിശുദ്ധ ഖുർആൻ ശ്ലായിക്കാനും മാത്രം പോന്ന സ്വഭാവ വൈശിഷ്ട്യമായിരുന്നു മകൾക്ക് ഉപ്പയിൽ നിന്ന് പകർന്നുകിട്ടിയത്. ഉദാരതയുടെ പര്യായമായിരുന്ന ഉമ്മയിൽ നിന്നാവട്ടെ ആരെയും ആകർഷിക്കുന്ന സ്വഭാവ മഹിമയും. ഇതു കൊണ്ടെല്ലാം തന്നെ നേരത്തെ തന്നെ താരുണ്യം സൈനബിൽ കുടികെട്ടി.



മക്കയിലെ ചെറുപ്പക്കാർ മനസ്സിൽ അടക്കിപ്പിടിച്ച ഒരു മോഹമായിരുന്നു സൈനബിനെ സ്വന്തമാക്കണമെന്നത്. ചില യുവാക്കൾ കല്യാണാലോചനയുമായി വരികയും ചെയ്തിരുന്നു. അതറിഞ്ഞതോടെ അബുൽ ആസ്വ് ബിൻ റബീഇന് ഉൽക്കണ്ഠയായി. താൻ തന്റെ ഇംഗിതം ഇപ്പോൾ തുറന്നു പറഞ്ഞില്ലെങ്കിൽ ആകെ വൈകിപ്പോഴേക്കാം എന്നു തോന്നിയ അബുൽ ആസ്വ് അധികം വൈകാതെ തന്റെ ഇംഗിതം തുറന്നു പറഞ്ഞു. അതും നേരെ സൈനബിന്റെ ഉമ്മയോട്. സൈനബിന്റെ ഉമ്മ ഖദീജാ ബീവി അദ്ദേഹത്തിന് അന്യയല്ലല്ലോ. കാരണം അബുൽ ആസ്വ് ഹാല ബിൻതു ഖുവൈലിദിന്റെ മകനാണ്. ഹാലയാണെങ്കിലോ ഖദീജാ ബീവിയുടെ സഹോദരിയും.



ആ ആലോചനയെ കുറിച്ച് ഖദീജാ ബീവി ആലോചിച്ചു. മക്കയിലെ ഒരു പ്രധാനിയായ യുവാവാണ് അബൂൽ ആസ്വ്. ധനം കൊണ്ടും സ്വഭാവം കൊണ്ടും സമ്പന്നൻ. ചീത്ത സ്വഭാവങ്ങളോ കൂട്ടുകെട്ടുകളോ ഒന്നുമില്ല. ഖദീജാ ബീവിക്ക് ആ ആലോചന ഇഷ്ടമായി. അവർ അത് നബിയോട് പറഞ്ഞു. നബിക്കും സംഗതി ഇഷ്ടമായി. ആലോചിച്ചു നോക്കുമ്പോൾ ഒരു പ്രയാസം മാത്രമേയുള്ളൂ. അബുൽ ആസ്വ് ബനൂ ഹാശിമല്ല. സാധാരണം കടുംബം മാറിയുള്ള വിവാഹങ്ങൾ മക്കയിൽ വ്യാപകമായി ഉണ്ടാവാത്തതാണ്. അതിനാൽ തന്റെ കുടുംബം എങ്ങനെ പ്രതികരിക്കും എന്നറിയില്ല. പ്രത്യേകിച്ചും അവരിൽ ചിലരുടെ മക്കൾക്കൊക്കെ സൈനബിനോട് താൽപര്യം ഉണ്ടായിരിക്കെ. പക്ഷെ, ഖദീജാക്ക് അത് ഇഷ്ടമാണ്. തനിക്കും ഇഷ്ടമാണ്. പിന്നെ മറ്റൊന്നും നോക്കാനില്ല എന്ന് നബി(സ) തീരുമാനിച്ചു. ആ മംഗല്യം നടന്നു.



അപ്പോൾ നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചിട്ടുണ്ടായിരുന്നില്ല. അധികം വൈകാതെ അല്ലാഹു നബി(സ) തങ്ങളെ അന്ത്യ പ്രവാചകനായി നിയോഗിച്ചു. ഹിറാ ഗുഹയിൽ നിന്ന് ദിവ്യ വെളിപാടുമായി ഇറങ്ങി വന്ന ഉടനെ ഉമ്മ വിശ്വസിച്ചു. അധികം വൈകാതെ സൈനബും അനുജത്തിമാരും. അതൊക്കെ നടക്കുമ്പോൾ അബുൽ ആസ്വ് കച്ചവട യാത്രയിലായിരുന്നു. കച്ചവടം കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തുമ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്. ഒട്ടും ആലോചിക്കാതെ ഭാര്യ ഇങ്ങനെ ഒരു തീരുമാനം എടുത്തത് അബുൽ ആസ്വിന് ഇഷ്ടമായില്ല. അദ്ദേഹം അതു തുറന്നു പറഞ്ഞു. പക്ഷെ, അതിലപ്പുറത്തേക്ക് പോകാൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. കച്ചവടത്തെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പുതിയ മതത്തെ കുറിച്ചോ പഴയ മതത്തെ കുറിച്ചോ ഒന്നും അദ്ദേഹം ചിന്തിക്കുന്നുണ്ടായിരുന്നില്ല.



സ്നേഹച്ചൂടിൽ..



അപ്പോഴേക്കും പലതും സംഭവിച്ചു കഴിഞ്ഞിരുന്നു. സൈനബിന്റെ സഹോദരി റുഖിയ്യ(റ)യെ അബൂ ലഹബിന്റെ മകൻ ഉത്ബത്തും മറ്റൊരു സഹോദരി ഉമ്മു കുൽസൂം(റ) യെ അബൂലഹബിന്റെ തന്നെ മകൻ ഉതൈബത്തും വിവാഹം ചെയ്തു കഴിഞ്ഞിരുന്നു. അപ്പോഴാണ് നബി(സ) യുടെ പ്രവാചകത്വത്തെക്കുറിച്ചുള്ള വിവരം മക്കയിൽ പ്രചരിക്കുന്നത്. അതോടെ മക്കയിലെ പ്രമാണിമാരുടെ ചർച്ചകൾ ചൂടുപിടിച്ചു. ചർച്ചകളിൽ പല വിഢിത്തങ്ങളും പലരും എഴുന്നെള്ളിച്ചു. അതിലൊന്നായിരുന്നു മുഹമ്മദ് ഇങ്ങനെ ഓരോന്ന് പറഞ്ഞു നടക്കുന്നത് സ്വന്തം കാര്യങ്ങളിൽ സ്വതന്ത്രനായതു കൊണ്ടും കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് എന്നത്. നബി(സ)യുടെ ആൺമക്കൾ എല്ലാം മരണപ്പെട്ടു പോയതിനാലും പെൺകുട്ടികളിൽ ഫാത്വിമ അല്ലാത്ത മറ്റെല്ലാവരും വിവാഹം കഴിച്ചു പോയതിനാലും ജനങ്ങൾക്ക് അങ്ങനെ ചിന്തിക്കാനും വ്യാഖ്യാനിക്കാനും സാഹചര്യമുണ്ടായിരുന്നു. ഖദീജാ ബീവിയുടെ പണമുണ്ടായിരുന്നതിനാൽ സാമ്പത്തികമായും നബിക്ക് പ്രയാസമൊന്നുണ്ടായിരുന്നില്ലല്ലോ.



അതിനാൽ മുഹമ്മദിന്റെ പെൺമക്കളെ വിവാഹം ചെയ്തവരെ കണ്ട് അവരോട് അവരുടെ ഭാര്യമാരെ മൊഴിചൊല്ലി വീട്ടിലേക്ക് അയക്കാനും അങ്ങനെ മുഹമ്മദിന്റെ മനസ്സിന്റെ കുടുംബ ശാന്തത തകർക്കുവാനും ഒരു നിർദ്ദേശം ആരോ എടുത്തിട്ടു. അതനുസരിച്ച് അവർ ഉത്ബത്തിന്റെയും ഉതൈബത്തിന്റെയും അടുത്തെത്തി. അവരോട് അവരുടെ ഭാര്യമാരെ ഒഴിവാക്കി വീട്ടിലേക്കയക്കുവാൻ ആവശ്യപ്പെട്ടു. രണ്ടു പേർക്കും അചിന്തനീയമായ കാര്യമായിരുന്നു അത്. കാരണം അവർ തങ്ങളുടെ ഭാര്യമാരെ അത്രകണ്ട് സ്നേഹിക്കുന്നുണ്ടായിരുന്നു. പക്ഷെ, അവർക്ക് ആ ആവശ്യത്തെ അത്ര നിരീകരിക്കാൻ കഴിയുമായിരുന്നില്ല. കാരണം ഈ പ്രക്ഷോപകാരികളുടെ മുൻനിരയിൽ തന്നെ അവരുടെ പിതാവ് അബൂ ലഹബും മാതാവ് ഉമ്മു ജമീലും ആണല്ലോ ഉണ്ടായിരുന്നത്. അവർ അവരെ രണ്ടു പേരെയും മൊഴിചൊല്ലിയയച്ചു.



പിന്നെ അവർ അബുൽ ആസ്വ് ബിൻ റബീഇനെ സമീപിച്ചു. ഇപ്പോഴും തങ്ങളുടെ വിശ്വാസം തന്നെ പിന്തുടരുന്ന ആളാണ് അബുൽ ആസ്വ് എന്നതിനാൽ അവർ തികഞ്ഞ പ്രതീക്ഷയിലായിരുന്നു. അവർ അദ്ദേഹത്തെ സമീപിച്ച് തന്റെ ഭാര്യയെ ഉപേക്ഷിക്കുവാൻ ആവശ്യപ്പെട്ടു. മക്കയിലെ ഏതു സുന്ദരിയെ വേണമെങ്കിലും തങ്ങൾ താങ്കൾക്ക് ഇണയാക്കിത്തരാം എന്ന് വാക്കും നൽകി. പക്ഷെ, അബുൽ ആസ്വ് അതിനു സമ്മതിച്ചില്ല. ആരെന്തു പറഞ്ഞാലും ഏതു പ്രകോപനത്തിനും പ്രലോഭനത്തിനും മുമ്പിൽ എന്റെ ഭാര്യയെ ഉപേക്ഷിക്കുന്ന പ്രശ്നമില്ല എന്നദ്ദേഹം തീർത്തു പറഞ്ഞു. നിങ്ങൾ വെച്ചുനീട്ടുന്ന ഒരു ഖുറൈശീ വനിതയും എന്റെ സൈനബിന് പകരമാവില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു. അവർ പല വഴിക്കും ശ്രമിച്ചു നോക്കിയെങ്കിലും അവർക്കു നിരാശപ്പെടേണ്ടി വന്നു. അദ്ദേഹത്തിന് സൈനബിനോടുള്ള ഗാഢമായ സ്നേഹച്ചൂടാണ് ഇതു കാണിക്കുന്നത്. സൈനബിനോട് മാത്രമല്ല ഉമാമയോടും. അപ്പോഴേക്കും ആ കുടുംബ വല്ലരിയിൽ ഉമാമ എന്ന കുട്ടി ജനിച്ചു കഴിഞ്ഞിരുന്നുവല്ലോ.



ഉപ്പയുടേയും ഉമ്മയുടേയും വല്യുപ്പയുടേയും വല്യുയുമ്മയുടെയും മാതൃസഹോദരിമാരുടെയുമെല്ലാം സ്നേഹനിധിയായി മാറിക്കഴിഞ്ഞിരുന്നു ഉമാമ. ആ കുടുംബത്തിലെ ആദ്യത്തെ പേരമകൾ. ഉമ്മയുടെ പ്രതിരൂപമായി നബി(സ) തിരുമേനിയുടെ ഇഷ്ടഭാജനമായിരുന്നു ആ കൊച്ചു സുന്ദരിക്കുട്ടി ചുറ്റും നടക്കുന്നതൊന്നും അറിയാതെ വളരുകയായിരുന്നു.



കണ്ണു നനയിച്ച കാഴ്ചകൾ



കൊച്ചു കുട്ടിയാണെങ്കിലും ചുറ്റും ഇളകിമറിയുന്ന സങ്കടക്കടൽ ഉമാമയെയും പിടിച്ചുലച്ചു. സ്നേഹ വത്സലയായ വല്യുമ്മയുടെ വിയോഗമായിരുന്നു അവയിലൊന്ന്. പ്രവാചകത്വത്തിന്റെ പത്താം വർഷത്തിലായിരുന്നു ഖദീജാ ബീവിയുടെ വിയോഗം. തന്റെ ഉമ്മയുടെയും വല്യുപ്പയുടെയും സങ്കടത്തിനു മുമ്പിൽ കൊച്ചു ഉമാമ ദുഖിതയായി നിന്നു. നബി(സ) അതീവ ദുഖിതനായിരുന്നു അന്ന്. ഹുജൂനിൽ അവരെ മറവു ചെയ്തു. പിന്നെ മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പ്രിയപ്പെട്ട വല്യുപ്പ മറ്റൊരു ദുഖത്തിലേക്ക് എടുത്തെറിയപ്പെട്ടു. അത് തന്റെ കരുത്തും കവചവുമായിരുന്ന പിതൃവ്യൻ അബൂത്വാലിബിന്റെ വിയോഗമായിരുന്നു. പിന്നേയുമുണ്ടായിരുന്നു പലതും. പത്നിയും പിതൃവ്യനും പോയതോടെ മക്കയിലെ ശത്രുത കൂടുതൽ കരുത്തോടെ ഫണം ഉയർത്തി ആടുവാൻ തുടങ്ങിയതും പിതാമഹൻ നാടുവിടാൻ ഒരുങ്ങിയതും ത്വാഇഫിൽ പോയതും നിരിശയോടെ തിരിച്ചുവന്നതുമെല്ലാം. അതെല്ലാം മനസ്സിലാക്കാൻ മാത്രം പ്രായം പക്ഷെ ഉമാമക്കായിരുന്നില്ല.



പക്ഷെ, ഇപ്പോൾ ഏതാണ്ട് രണ്ടു വർഷത്തിന്റെ വളർച്ച കൂടി കൈവന്നപ്പോൾ ഉമാമക്ക് ശരിക്കും വേദന അനുഭവപ്പെടുന്നുണ്ട്. പിതാമഹൻ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു. ഒപ്പം മാതൃ സഹോദരിമാരെല്ലാവരും പോയിക്കഴിഞ്ഞു. കുടുംബക്കാരും അറിയുന്നവരുമെല്ലാം നാട് വിട്ടു. താനും ഉമ്മയും ഉപ്പയും മാത്രമാണ് മക്കയിൽ ബാക്കിയുള്ളത്. എകാന്തതയുമായി സമരസപ്പെടാൻ ആ കൊച്ചു മനസ്സ് നന്നേ പ്രയാസപ്പെട്ടു. ഒരു വിധം അതു തരണം ചെയ്തുവന്നപ്പോൾ ഇതാ മറ്റൊരു ദുഖത്തിനു മുമ്പിൽ എത്തിപ്പെട്ടിരിക്കുന്നു. മക്കയിലെ ജനങ്ങൾ തന്റെ പിതാമഹനെതിരെ ആയുധങ്ങൾ എടുത്ത് യുദ്ധത്തിന് പുറപ്പെട്ടിരിക്കുന്നു എന്ന വാർത്തയാണത്. മാത്രമല്ല, അവരിൽ തന്റെ പിതാവുമുണ്ട്. തന്റെ പിതാവും പിതാമഹനും തമ്മിൽ ഏറ്റുമുട്ടുന്ന രംഗം ഓർത്തപ്പോൾ ആ കൊച്ചു മനസ്സ് പിടഞ്ഞു. അറിയാതെ കണ്ണുനീർ ഉരുണ്ടു കൂടി. ഉമ്മയെ നോക്കുമ്പോൾ അവരുടെ കണ്ണുകളിലും അതേ കണങ്ങൾ.



ബദറിലേക്ക് ഇറങ്ങുവാൻ അബുൽ ആസ്വിന് ഒട്ടും മനസ്സുണ്ടായിരുന്നില്ല. ഈ യുദ്ധത്തിൽ അദ്ദേഹത്തിന് ഒട്ടും താൽപര്യമില്ല. പക്ഷെ ദുർവ്വാശിക്കാരനായ അബൂ ജഹൽ വിട്ടില്ല. അബുൽ ആസ്വ് വന്നേ പറ്റൂ എന്നു വാശിപിടിച്ചു. അവിടെയെത്തി അണിനിരന്നപ്പോൾ ആ അണിയിലേക്കു നോക്കി നബി(സ) പലരുടെയും പേരുകൾ പറഞ്ഞു. അവരൊക്കെ നിർബന്ധിതരായി വന്നതാണ്. അവരിലാരെയെങ്കിലും തരപ്പെട്ടു കിട്ടിയാൽ വധിക്കരുത്. പിടികൂടിയാൽ മതി. ആ പറഞ്ഞ പേരുകളിൽ അബുൽ ആസ്വിന്റെ പേരുമുണ്ടായിരുന്നു. സ്വഹാബീ സൈനികർ അബുൽ ആസ്വിനെ പിടികൂടി. മൊത്തം എഴുപതു പേരെ പിടികൂടിയിരുന്നു.



പിടികൂടിയവരിൽ നിന്നും മോചനദ്രവ്യം വാങ്ങി വിട്ടയക്കാനായിരുന്നു നബി(സ)യുടെ തീരുമാനം. അബുൽ ആസ്വ് മരുമകനാണ് എങ്കിലും മോചനദ്രവ്യം നൽകണം. വിവരം മക്കയിൽ അറിഞ്ഞു. അബുൽ ആസ്വിന്റെ ദുരിതത്തിൽ ആദ്യം വേദനിച്ച മനസ്സ് പത്നി സൈനബിന്റേതായിരുന്നു. അത്രക്കും ഗാഢമായിരുന്നു ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം. തന്റെ പ്രിയതമന് മോചിതനാവണമെങ്കിൽ തന്റെ ഉപ്പാക്ക് മോചനദ്രവ്യം നൽകണം എന്നറിഞ്ഞതും അവരുടെ കൈകൾ സ്വന്തം മാറിലേക്കു നീണ്ടു. ആ മാലയഴിച്ച് ഭർതൃ സഹോദരൻ അംറ് ബിൻ റബീഇന്റെ കയ്യിൽ മദീനയിലേക്ക് കൊടുത്തയച്ചു. അംറ് മദീനയിലെത്തി നബി(സ)യെ കണ്ടു.



അബുൽ ആസ്വിന്റെ മോചനദ്രവ്യമായി കൊണ്ടു വരപ്പെട്ട മാലയിലേക്ക് പ്രവാചകൻ വീണ്ടും നോക്കി. ആ മനസ്സിൽ വൈകാരിക തീഷ്ണതയുളള പല ചിത്രങ്ങളും തെളിഞ്ഞു. മറ്റൊന്നും കൊണ്ടല്ല, ആ മാല നബി(സ)യുടെ സ്നേഹഭാജനമായിരുന്ന ഖദീജാ(റ)യുടേതായിരുന്നു. കല്യാണ ദിവസം ഉമ്മ മകൾ സൈനബിന് സമ്മാനമായി നൽകിയതായിരുന്നു അത്. അത് തന്റെ ഭർത്താവിന്റെ മോചനത്തിനായി മകൾ ഊരിക്കൊടുത്തയച്ചിരിക്കുകയാണ്. മാല കയ്യിൽ പിടിച്ച നബി തെല്ലു നേരം ഗദ്ഗദ കണ്ഠനായി. മാലയിലേക്ക് നോക്കിയിരിക്കവെ സ്നേഹത്തിന്റെ ആ നാളുകൾ ഓർമ്മ വന്നു. ഈ മാല ധരിച്ചു മക്കത്തെ രാജാത്തിയായ തന്റെ പ്രിയപ്പെട്ട ഖദീജ മുമ്പിൽ വന്നു നിൽക്കുന്ന രംഗമോർത്തപ്പോൾ അവർ ചുറ്റും കൂടിയവരോട് പറഞ്ഞു: എനിക്ക് ഈ മാല മോചനദ്രവ്യമായി സ്വീകരിക്കാൻ വയ്യ. ഒന്നും വാങ്ങാതെ അബുൽ ആസ്വിനെ വിട്ടയക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക. അനുയായികൾ അങ്ങനെ ചെയ്തു. (അബൂദാവൂദ്)



മകൾ ഉപ്പയുടെ അടുത്തേക്ക്.


തടവിൽ നിന്ന് മോചിതനായി മക്കയിലേക്ക് പുറപ്പെടും മുമ്പ് നബി(സ) അബുൽ അസ്വിനെ വിളിച്ച് പറഞ്ഞു: അബുൽ ആസ്വ്, താങ്കൾ ഇനിയും ഇസ്ലാമിക വിശ്വാസത്തിലേക്ക് വന്നിട്ടില്ലാത്ത നിലക്ക് എന്റെ മകളും താങ്കളും ഒന്നിച്ച് കഴിയുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാൽ താങ്കൾ മക്കയിലെത്തിയാൽ ഉടനെ സൈനബിനെയും മകളെയും ഇങ്ങോട്ട് പറഞ്ഞയക്കണം. അബുൽ ആസ്വ് അനുസരണശീലമുള്ള ഒരാൾ ആയിരുന്നു. അദ്ദേഹം അതു സമ്മതിച്ചു. മക്കയിലേക്ക് പുറപ്പെട്ട അബുൽ ആസ്വിന്റെ പുറകിലെന്നോണം നബി(സ) സൈദ് ബിൻ ഹാരിസ(റ)യെയും ഒരു അൻസ്വാരിയെയും വിട്ടു. മക്കയുടെ അതിർത്തി പ്രദേശമായ ബത്വ് നു യഅ്ജുജിൽ കാത്തു നിൽക്കാനും സൈനബ് അവിടെയെത്തുമ്പോൾ കൂടെ കൂട്ടാനും അവരോട് നിർദ്ദേശിക്കുകയും ചെയ്തു.



മക്കയിലെത്തിയ അബുൽ ആസ്വ് വാക്കു പാലിച്ചു. ഏറെ മാനസിക വിഷമത്തോടെയാണെങ്കിലും ഭാര്യയെയും മകളെയും മദീനായിലേക്ക് അയക്കാൻ ഒരുക്കി. വിവരം മക്കയിൽ പരന്നു. ബദർ യുദ്ധത്തിൽ ഏറ്റ കടുത്ത പരാചയത്തിന്റെ പ്രതികാര വാജ്ഞ തിളച്ചുമറിയുന്ന സമയമായിരുന്നു അത്. വിവരമറിഞ്ഞ ബനൂ കിനാനക്കാർ ആയുധങ്ങളുമായി ചാടി വീണു. മുഹമ്മദിന്റെ മകളെ പോകാൻ അനുവദിക്കില്ല എന്നവർ വാശി പിടിച്ചു. ഹബ്ബാറ് ബിൻ അസ്‌വദ് എന്ന നീചൻ സൈനബിനെ ഒട്ടകത്തിനു മുകളിൽ നിന്ന് താഴേക്ക് വലിച്ചിടുക പോലും ചെയ്തു. അതിന്റെ ആഘാതത്തിൽ അപ്പോൾ ഗർഭിണിയായിരുന്ന സൈനബിന്റെ ഗർഭം പോലും താറുമാറായി എന്നു വരെ റിപ്പോർട്ടുകളുണ്ട്. ഏതായാലും ബനൂ കിനാന തങ്ങളുടെ വാശിയിൽ തന്നെ ഉറച്ചുനിന്നു. അപ്പോഴേക്കും അബൂസുഫ്യാൻ അവിടെയെത്തി. അബുൽ ആസ്വുമെത്തി.



അബൂ സുഫ്‌യാൻ ഒരു തികഞ്ഞ നയതന്ത്രജ്ഞനായിരുന്നു. അദ്ദേഹം അബുൽ ആസ്വിനോട് പറഞ്ഞു: അബുൽ ആസ്വ്, താങ്കൾ എന്തൊരു വിഢിത്തമാണ് ഈ ചെയ്യുന്നത്. ബദറിൽ ഏറ്റ കനത്ത മാനഹാനിയുടെ മുമ്പിലാണ് നമ്മുടെ നാട് എന്ന് താങ്കൾക്കറിയാമല്ലോ. ഈ സമയത്ത് ഇങ്ങനെ ചെയ്യുന്നതിനെ നാട് സമ്മതിച്ചുതരില്ല. മകൾ ഉപ്പയുടെ അടുത്തേക്ക് പോകുന്നതിൽ ഞങ്ങൾക്കാർക്കും വിഷമമില്ല. മാത്രമല്ല, ഒരു പെണ്ണിനോട് അമാന്യത ചെയ്ത് പ്രതികാരം ചെയ്യാനും ഞങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതിനാൽ താങ്കൾ അവളുമായി ഇപ്പോൾ മടങ്ങുക. ബഹളമെല്ലാം അടങ്ങിയതിനു ശേഷം രാത്രിയിൽ മാത്രം അവളെ പറഞ്ഞയക്കുക. അതാണ് ശരിയും ബുദ്ധിയുമെന്ന് അബുൽ ആസ്വിന് തോന്നി. അങ്ങനെ മടങ്ങുകയും പിന്നെ രണ്ടു ദിവസം കഴിഞ്ഞ് മാത്രം അവരെ യാത്രയാക്കുകയും ചെയ്തു. അതിർത്തിയിൽ നിന്ന് അവരെ സൈദിനും അൻസ്വാരിക്കും കൈമാറി.



സ്നേഹച്ചൂടിലേക്ക്..



ഉമ്മയോടൊപ്പം ഉമാമ പിതാമഹന്റെ സ്നേഹച്ചൂടിൽ തിരിച്ചെത്തി. ഉപ്പ ഒപ്പമില്ലാത്തതിന്റെയും അതേ വികാരത്തിൽ ഉമ്മയുടെ മുഖത്ത് ദുഖം ഘനീഭവിച്ച് കിടക്കുന്നതിന്റെയും ദുഖം വല്യുപ്പയുടെ സ്നേഹത്തിനു മുമ്പിൽ ഉമാമ മറന്നു. നബി(സ) എപ്പോഴും ഈ പേരക്കിടാവിനെ തോളിലേറ്റി നടക്കുമായിരുന്നു. നിസ്കാരത്തിൽ പോലും നബിയുടെ പൂമേനിയിൽ അളളിപ്പിടിച്ച് ഈ കൊച്ചു പെൺകുട്ടി ഉണ്ടാകുമായിരുന്നു. നബി(സ) റുകൂഇലേക്ക് പോകുമ്പോഴും സുജൂദിലേക്ക് പോകുമ്പോഴും അവളെ ശ്രദ്ധയോടെ നിലത്തുവെക്കും. വീണ്ടും എഴുനേൽക്കുമ്പോൾ പൂമേനിയോട് ചേർത്ത് വെക്കും (ബുഖാരി, മുസ്ലിം, അബൂദാവൂദ്).



ഒരിക്കൽ നബി(സ)ക്ക് ആരോ ഒരു മനോഹരമായ മാല സമ്മാനിച്ചു. അരികുകളിൽ സ്വർണ്ണം കൊണ്ട് വക്കു പിടിപ്പിക്കപ്പെട്ട ഒരു മനോഹരമായ മാല. വിവരമറിഞ്ഞതും ഭാര്യമാരെല്ലാം നബിക്കു ചുറ്റും ഒരുമിച്ചു കൂടി. എങ്ങനെയുണ്ട് എന്നു ചോദിച്ച് മാല അവരുടെ കയ്യിൽ കൊടുത്തു. തിരിച്ചും മറിച്ചും നോക്കിയ അവർ ഓരോരുത്തരും തന്റെ അൽഭുതവും സന്തോഷവും രേഖപ്പെടുത്തി. അത്ര തിളക്കവും മിനുക്കവും നിർമ്മാണ ചാരുതയും ഉള്ള ഒരു മാല അവരാരും കണ്ടിട്ടുണ്ടായിരുന്നില്ല. ആ കാലത്തും ആ സാഹചര്യത്തിലും ഒരു അത്യപൂർവ്വക്കാഴ്ച തന്നയായിരുന്നു അത്തരമൊരു മാല ഇതു തനിക്ക് കിട്ടിയെങ്കിൽ എന്നാശിക്കാത്ത ഒരാളും അക്കൂട്ടത്തിലുണ്ടായിരുന്നില്ല.



നബി(സ) പറഞ്ഞു: അതിങ്ങ് തിരിച്ചു തരൂ. അത് ഞാൻ എന്റെ അഹ്‌ലു ബൈത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾക്കു നൽകുവാൻ പോവുകയാണ്. അതോടെ എല്ലാവരുടെയും മനസ്സുകളിൽ ആകാംക്ഷയും ജിജ്ഞാസയും വളർന്നു. തനിക്കു കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു പലരുടെയും ആശ. താനല്ലാത്ത വേറൊരാൾക്ക് അത് കിട്ടുന്നത് ഊഹിക്കാൻ പോലും പറ്റാത്തവരുമുണ്ടായിരുന്നു. ഈ രംഗം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇമാം ത്വബറാനി ആയിഷാ ബീവി(റ)യുടെ ഒരു മാനസികാവസ്ഥ വിവരിക്കുന്നുണ്ട്. ഭൂമി മുഴുവനും എന്റെ കൺമുമ്പിൽ ഇരുളടഞ്ഞ അവസ്ഥയായിരുന്നു എനിക്ക്. ഞാനല്ലാത്ത ഏതെങ്കിലും ഒരാൾക്ക് അതു നബിയെങ്ങാനും നൽകുന്നത് ആലോചിക്കുമ്പോൾ എന്ന്. നബിക്ക് ഏറ്റവും ഇഷ്ടം എന്നോടായതിനാൽ എനിക്കു തന്നെയായിരിക്കും അതു നൽകുക എന്ന ശുഭപ്രതീക്ഷയിലായിരുന്നു ആയിഷാ ബീവി(റ). എല്ലാ ആശങ്കകളും അവസാനിപ്പിച്ച നബി(സ) മാല നൽകിയത് ഉമാമക്കായിരുന്നു.



ഇത് ആദ്യത്തെ സംഭവമോ അവസാനത്തെ സംഭവമോ ആയിരുന്നില്ല. എന്തു സമ്മാനം കിട്ടിയാലും അത് ഉമാമക്ക് പറ്റിയതാണെങ്കിൽ അതവൾക്കു കൊടുക്കുന്നത് നബി(സ) യുടെ ഒരു പ്രത്യേക താൽപര്യമായിരുന്നു. ഒരിക്കൽ അബ്സീനിയായിലെ നജാശി രാജാവ് നബി(സ)ക്ക് വില കൂടിയ ഒരു മോതിരം സമ്മാനമായി കൊടുത്തയക്കുകയുണ്ടായി. അബ്സീനിയൻ കെട്ടുള്ള ഒരു സ്വർണ്ണ മോതിരം. അത് നബി(സ) ഒരു മരക്കഷ്ണം കൊണ്ടോ വിരൽ തുമ്പു കൊണ്ടോ തിരിച്ചും മറിച്ചും നോക്കി. അത്തരം വിലയേറിയ ആഭരണങ്ങളോടും ആഢംബരങ്ങളോടും ഉള്ള നബി(സ)യുടെ വിരക്തി അവിടെ പ്രകടമായിരുന്നു. അവസാനം അതെടുത്ത് കൊടുത്ത് സമ്മാനിച്ചതും ഈ പ്രിയപ്പെട്ട പേരമകൾക്ക് തന്നെ. അത്രക്കും ഇഷ്ടമായിരുന്നു പ്രവാചക പ്രഭുവിന് ഈ പേരമകളെ.



മദീനയിൽ ഉമാമ അനുഭവിച്ചതെല്ലാം സ്നേഹം മാത്രമായിരുന്നു. നിലത്തു വെക്കാതെയെന്നോണം എല്ലാവരും ഉമാമയെ മത്സരിച്ച് ഓമനിച്ചു. പക്ഷെ, അതിലൊന്നും ഉമാമ മുഴുവൻ സന്തോഷവും അനുഭവിച്ചില്ല. എപ്പോഴും ഒരു ശൂന്യതയും നിരാശയും അവളുടെ മുഖത്ത് തളം കെട്ടി നിന്നു. അത് തന്റെ പിതാവിന്റെ അസാന്നിദ്ധ്യമായിരുന്നു. ഒരാശ്വാസത്തിനു വേണ്ടി ഉമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവിടെയും ഉമാമ കാണുന്നുണ്ടായിരുന്നു , അതേ നിരാശയും ദുഃഖവും.



വീണ്ടും പൊന്നുപ്പയുടെ മടിയിലേക്ക്



ഹിജ്റ 8 ൽ അബുൽ ആസ്വ് ശാമിലേക്ക് ഒരു കച്ചവട യാത്രയിലായിരുന്നു. തിരിച്ചു വരുന്നതിനിടക്ക് മദീനാ അതിർത്തിയിൽ വെച്ച് ഒരു മുസ്ലിം ദൗത്യ സേന ആ കച്ചവട സംഘത്തെ പിടികൂടി. ഏതാണ്ട് മദീനയുടെ സമീപ പ്രദേശത്തു വെച്ചായിരുന്നു സംഭവം. അതും രാത്രിയിൽ. താൻ അപകടത്തിൽ പെട്ടു എന്നറിഞ്ഞതും അബുൽ ആസ്വ് ഓടി മദീനയിൽ സൈനബ് താമസിക്കുന്ന വീട് കണ്ടെത്തി അവിടെ അഭയം തേടി. അർഥരാത്രി തന്റെ വാതിലിൽ മുട്ടിയത് തന്റെ പ്രിയപ്പെട്ട ഭർത്താവാണ് എന്നറിഞ്ഞതും സൈനബ് ഏറെ സന്തോഷത്തോടെ വാതിൽ തുറന്നു കൊടുത്തു. അദ്ദേഹം ഇസ്ലാം ആശ്ലേഷിച്ച് വന്നിരിക്കുകയാണ് എന്നാണ് കരുതിയത്. വീട്ടിൽ കയറി ഉണ്ടായതെല്ലാം പറഞ്ഞപ്പോഴാണ് വിവരങ്ങൾ മനസ്സിലായത്.



അബുൽ ആസ്വ് ഇസ്ലാം സ്വീകരിക്കുവാൻ പാകപ്പെട്ടിരിക്കും എന്ന് സൈനബ്(റ) പ്രതീക്ഷിച്ചു. അതിനായി അവർ അപേക്ഷിക്കുകയും ചെയ്തു. പക്ഷെ, അബുൽ ആസ്വ് മറ്റൊരു നിലപാടിലായിരുന്നു. അദ്ദേഹം പറഞ്ഞു: ഇപ്പോൾ ഞാൻ അങ്ങനെ വന്നതല്ല. ഇപ്പോൾ ഞാൻ നിന്റെ അഭയം തേടി വന്നതാണ്. നീ എനിക്ക് അഭയം നൽകിയില്ലെങ്കിൽ നിന്റെ പിതാവിന്റെ ആൾക്കാർ കണ്ടാൽ എന്നെ കൊന്നു കളയും. ഇപ്പോൾ എനിക്ക് അഭയം നൽകുക. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാം. സൈനബ്(റ) അബുൽ ആസ്വിന് അഭയം നൽകി. സ്വന്തം മകളെ കണ്ടപ്പോൾ അബുൽ ആസ്വിന് വല്ലാത്ത സന്തോഷം. ഉമാമക്കാവട്ടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അവർ സംസാരിക്കുന്നതിനിടക്ക് ഫജ്ർ ബാങ്കു മുഴങ്ങി. വിശ്വാസികൾ പളളിയിലേക്ക് ഒഴുകിത്തുടങ്ങി. സൈനബ് നേരെ പളളിയിലേക്ക് നടന്നു. അപ്പോഴേക്കും നിസ്കാരം തുടങ്ങിയിരുന്നു. സൈനബ്(റ) ഉറക്കെ വിളിച്ചു പറഞ്ഞു: ജനങ്ങളേ, ഞാൻ അബുൽ ആസ്വ് ബിൻ റബീഇന്ന് അഭയം നൽകിയിരിക്കുന്നു.



നിസ്കാരത്തിനിടെ നബി(സ) അതു കേട്ടു. നിസ്കാരം കഴിഞ്ഞതും കേട്ടത് സത്യം തന്നെ എന്ന് ഉറപ്പുവരുത്തിയ ശേഷം നബി(സ) നേരെ മകളുടെ വീട്ടിലേക്ക് നടന്നു. അവിടെ ചെന്ന് നബി(സ) മകളോട് പറഞ്ഞു: മകളെ, അബുൽ ആസ്വിന് നീ നൽകിയ അഭയം നമ്മൾ മാനിക്കുന്നു, അംഗീകരിക്കുന്നു. പക്ഷെ, അവൻ ശാരീരികമായി അടുക്കാതെ നോക്കണം. അവൻ നിനക്ക് ഹലാലല്ല. അധികം വൈകാതെ നബി(സ) അബുൽ ആസ്വിൽ നിന്നും പിടിച്ചതെല്ലാം തിരിച്ചു നൽകാൻ നിർദ്ദേശം നൽകി. അവരെല്ലാവരും തങ്ങൾ പിടിച്ചടക്കിയതെല്ലാം തിരിച്ചു നൽകി. തന്റെ സാധന സാമഗ്രികളെല്ലാം ലഭിച്ചു കഴിഞ്ഞപ്പോൾ അബുൽ ആസ്വ് മക്കായിലേക്ക് നടന്നു. ആ നടത്തത്തിന് എന്തൊക്കെയോ തിരുമാനിച്ചുറച്ച ഭാവമുണ്ടായിരുന്നു.



അബുൽ ആസ്വിന്റെ മനസ്സ് ഇസ്ലാമിനു വേണ്ടി പാകപ്പെട്ടു കഴിഞ്ഞിരുന്നു. നേരത്തെ മദീനയിൽ വെച്ച് അദ്ദേഹം അതിനു തയ്യാറാവാതിരുന്നത് അബുൽ ആസ് ഭയന്ന് ഇസ്ലാം സ്വീകരിച്ചു എന്നു പറയപ്പെടാതിരിക്കുവാൻ വേണ്ടിയായിരുന്നു. മക്കയിലെത്തിയ അദ്ദേഹം തന്റെ കച്ചവടത്തിലെ മറ്റുള്ളവരുടെ ചരക്കുകളെല്ലാം നൽകി. എല്ലാ ഇടപാടുകളും തീർത്തു. വേണ്ടപ്പെട്ടവരോടൊക്കെ യാത്ര പറഞ്ഞു. അദ്ദേഹം നേരെ മദീനായിലേക്ക് നടന്നു. നബി(സ)യുടെ മുമ്പിലെത്തി സത്യസാക്ഷ്യം ചൊല്ലി മുസ്ലിമായി. ഉമാമക്ക് അങ്ങനെ തന്റെ പൊന്നുപ്പയെ കിട്ടി. സൈനബിനെ നബി(സ) അബുൽ ആസ്വിന് വീണ്ടും വിവാഹം ചെയ്തു കൊടുത്തു. അവരുടെ വീട്ടിൽ വീണ്ടും സന്തോഷത്തിന്റെ കുന്തിരിക്കം പുകഞ്ഞു തുടങ്ങി.



വീണ്ടും ദുഃഖക്കയങ്ങളിലേക്ക്..



ഉമാമ(റ)യുടെ സന്തോഷങ്ങൾക്ക് പൊതുവെ ആയുസ്സ് കുറവായിരുന്നു. പാരത്രിക ജീവിതത്തിൽ അനുഭവിക്കാനിരിക്കുന്ന മഹാസൗഭാഗ്യങ്ങൾക്കു വേണ്ടി ഐഹിക സൗഖ്യങ്ങൾ അല്ലാഹു വെട്ടിക്കുറക്കുകയായിരിക്കാം. ഹിജ്റ എട്ടാം വർഷം തന്നെ ഉമ്മ സൈനബ്(റ) കിടപ്പിലായി. നിരന്തരമായ അലച്ചിൽ അവരുടെ ആരോഗ്യ നില വഷളാക്കിയിരുന്നു. മദീനയിലേക്ക് പോരവെ ഹബ്ബാറിന്റെ കയ്യേററ ശ്രമത്തിനിടെ ഉണ്ടായ വീഴ്ചയിൽ പറ്റിയ പരിക്കുകൾ ആരോഗ്യ ആഘാതമുണ്ടാക്കിയിരുന്നു. ഏതാനും നാളുകൾക്കകം ഉമ്മ മരണപ്പെട്ടു. കൗമാരത്തിലേക്ക് പാദമൂന്നും മുമ്പെ ഉമാമ(റ) അനാഥയായി. മാതാമഹി ഖദീജാ ബീവിയുടെ വിയോഗത്തിനു ശേഷം ഇത്ര ആഘാതമുണ്ടാക്കിയ ഒരു വിയോഗം വേറെ ഇല്ലായിരുന്നു.



നബി(സ)ക്കും താങ്ങാനാവാത്തതായിരുന്നു ആ വിയോഗം. സൈനബിനെ കുളിപ്പിക്കുന്നതിനിടെ നബി നടത്തുന്ന ഇടപെടലുകൾ അതിന്റെ സൂചനയാണ്. കുളിപ്പിക്കുന്നവരുടെ നേതാവ് ഉമ്മു അത്വിയ്യ(റ) അതു പറയുന്നുണ്ട് (ബുഖാരി). മൂന്നോ അഞ്ചോ പ്രാവശ്യം കഴുകുവാനും അവസാനത്തേതിൽ കർപ്പൂരം കലർത്താനും കുളിപ്പിച്ചു കഴിഞ്ഞാൽ തന്നെ അറിയിക്കുവാനും നബി(സ) ഉമ്മു അത്വിയ്യയോടു പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോൾ തന്റെ തട്ടം ഇട്ടു കൊടുത്ത് അതു അടയാളമായി ജനാസയുടെ പുറത്തിടാനും പറഞ്ഞു.



ഉമാമ(റ) ഉപ്പയുടെ മാറിലേക്ക് ചേർന്നുനിന്നു. അബുൽ ആസ്വ് മകളെ സന്തോഷിപ്പിച്ചു. ആ മാല അദ്ദേഹം ഉമാമക്ക് നൽകി. ഖദീജാ ബീവിയുടെ മാറിൽ നിന്ന് സൈനബിലൂടെ അങ്ങനെ ആ മാല ഉമാമ(റ)യുടെ മാറിലെത്തി. ഒരു പെൺകുട്ടി എന്ന നിലക്ക് ഉമാമയുടെ കാര്യങ്ങൾ പിന്നീട് നോക്കിയത് ഫാത്വിമ(റ) ആയിരുന്നു. അങ്ങനെ ഇള യുമ്മ ഉമാമക്ക് ഉമ്മയായി. അങ്ങനെ പുതിയ ഒരു ജീവിതം രൂപപ്പെട്ടു വരുന്നതിനിടെ വീണ്ടും ഒരാഘാതം വന്നു വീണു. അതുപക്ഷെ, ഉമാമയുടെ മാത്രം ദുഖവും ദുരന്തവുമായിരുന്നില്ല. ലോകത്തിന്റെ മുഴുവനും ദുഖമായിരുന്നു. ഹിജ്റ പതിനൊന്നിൽ റബീഉൽ അവ്വൽ 12 ന് ലോകത്തിന്റെ കാരണമായ നബി(സ) വഫാത്തായി. തന്നെ തഴുകിയ കരങ്ങൾ ഓരോന്നായി താഴുന്നത് വേദനയോടെ ഉമാമ(റ) ഓർത്തു.



അതവിടെയും നിന്നില്ല. ഹിജ്റ 11 ൽ തന്നെ നബി(സ)യുടെ വഫാത്തിന്റെ ആറാം മാസം ഫാത്വിമ(റ) വഫാത്തായി. അവരുടെ വഫാത്തിനെ കുറിച്ച് നേരത്തെ നബി(സ) പ്രവചിച്ചിരുന്നു. സ്വന്തം ഉമ്മക്കു ശേഷം ഉമ്മയായി വർത്തിച്ച ഫാത്വിമാ ബീവിയും വിട പറഞ്ഞതോടെ ഉമാമ(റ) സ്വന്തം ജീവിതത്തിന്റെ മുമ്പിൽ ഒറ്റപ്പെട്ടു. ആ ദുഖത്തിന്റെ കണ്ണീർ ചാലുകൾ വറ്റുന്നതിനു മുമ്പ് വീണ്ടും ഒരു ആഘാതം സംഭവിച്ചു. ഹിജ്റ 12 ൽ തന്റെ സ്നേഹവൽസലനായ പിതാവ് അബുൽ ആസ്വ് ബിൻ റബീഅ്(റ) വഫാത്തായി. അതോടെ ആ ഒറ്റപ്പെടൽ പൂർണ്ണമായതായി തോന്നി ഉമാമ(റ)ക്ക്.




മംഗല്യം



രണ്ടാം ഖലീഫ ഉമർ(റ)വിന്റെ കാലത്തായിരുന്നു ഉമാമ(റ)യുടെ ജീവിതത്തിലെ മംഗല്യ സൗഭാഗ്യം. അവരെ വിവാഹം ചെയ്തത് അലി(റ) ആയിരുന്നു. സുബൈറു ബിൻ അവ്വാം ആയിരുന്നു വിവാഹത്തിന് വലിയ്യായത്. മരിക്കും മുമ്പ് അബുൽ ആസ്വ്(റ) ആ ചുമതല സുബൈർ(റ)വിനെ ഏൽപ്പിച്ചിരുന്നു. അലി(റ)യുടെ കൂടെ ഉത്തമ മണവാട്ടിയായി ഉമാമ(റ) സസന്തോഷം ജീവിച്ചുവന്നു. ഉമർ(റ)വിനു ശേഷം ഉസ്മാൻ(റ) ഖലീഫയായി. അതു കഴിഞ്ഞ് അലി(റ) ഖലീഫയായി. അപ്പോഴേക്കും ഇസ്ലാമിക രാജ്യത്തിന്റെ രാഷ്ട്രീയ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു. മുസ്ലിംകൾ തമ്മിൽ ആഭ്യന്തര യുദ്ധം തന്നെ നടന്നു. ഖിലാഫത്തിന്റെ തുടക്കത്തിലേ അലി(റ) ധാരാളം പ്രശ്‌നങ്ങളെ നേരിട്ടിരുന്നു. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ അലിയുടെ ഖിലാഫത്ത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇവര്‍ തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടി. ഈ യുദ്ധത്തെ തുടര്‍ന്ന് മുസ്‌ലിംകള്‍ പരസ്പരം ഏറ്റുമുട്ടാന്‍ കാരണക്കാരായ അലി , മുആവിയ, അംറുബ്‌നുല്‍ ആസ്വ് എന്നിവരെ വധിക്കാന്‍ ഒരു കൂട്ടം ഖവാരിജുകള്‍ തീരുമാനിച്ചു.



അലി(റ)യൊഴികെ രണ്ടുപേരും കൊലക്കെണിയില്‍നിന്ന് രക്ഷപ്പെട്ടു. അലിയ വധിക്കാനേറ്റ ഇബ്‌നുമുല്‍ജിം തന്റെ ദൗത്യം പൂര്‍ത്തിയാക്കി. സുബ്ഹി നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോകുന്ന വഴിമധ്യേ അലി വധിക്കപ്പെട്ടു. ഹിജ്റ 40 ലായിരുന്നു ഈ ദാരുണ സംഭവം. അലി(റ) കൊല്ലപ്പെടുന്നതിന്റെ മുമ്പ് തന്നെ പത്നി ഉമാമയോട് തനിക്കു ശേഷം വിവാഹം വേണമെന്നുണ്ടെങ്കിൽ മുഗീറ ബിൻ നൗഫലിനെ ഭർത്താവായി സ്വീകരിക്കണം എന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. അതനുസരിച്ച് ഉമാമ(റ) മുഗീറ ബിൻ നൗഫൽ(റ) വിനെ ഭർത്താവായി സ്വീകരിച്ചു. രണ്ട് ബന്ധങ്ങളിലും അവർക്ക് കുഞ്ഞുങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഇബ്നുൽ അസീർ(റ)യുടെ പക്ഷം. അലി(റ)യിൽ നിന്നും മുഹമ്മദ് എന്ന കുട്ടിയും മുഗീറയിൽ നിന്നും യഹ് യ എന്ന കുട്ടിയും ജനിച്ചതായും ചരിത്രങ്ങൾ പറയുന്നുണ്ട്. പിന്നെ അധികം വൈകാതെ അവർ വഫാത്തായി എന്നാണ് ചരിത്രങ്ങൾ പറയ്യുന്നത്. കൃത്യമായ വർഷം ലഭ്യമല്ല.
(സ്വഹാബിയ്യാത്തുൻ ഹൗലർറനൂൽ)



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso