Thoughts & Arts
Image

ഫാത്വിമത്തുസ്സഹ്റാ(റ)

11-05-2022

Web Design

15 Comments





പുറത്തെ കാൽപ്പെരുമാറ്റം കേൾക്കുമ്പോഴേക്കും നബി(സ) തിരുമേനി അതു വായിച്ചിരിക്കും. ഉടനെ ഇരിക്കുന്നിടത്തു നിന്ന് അല്ലെങ്കിൽ കിടക്കുന്നിടത്തു നിന്ന് എഴുനേറ്റ് വാതിൽക്കലേക്ക് നടന്നുവരും പ്രവാചക സുൽത്വാൻ. എന്റെ മോൾക്ക് സ്വാഗതം എന്നും പറഞ്ഞ് കൈരണ്ടും നീട്ടുമ്പോഴേക്കും മകൾ ഉപ്പയുടെ മാറോട് ചേർന്നു നിന്നിരിക്കും. അതങ്ങനെയാണ്. എപ്പോഴെങ്കിലുമല്ല, എപ്പോൾ മകൾ വരികയാണെങ്കിലും സ്നേഹവത്സലനായ ഈ പിതാവ് ഇങ്ങനെയാണ്. ആ മകളെ കാണുന്നതും അവളോട് സംസാരിക്കുന്നതുമെല്ലാം നബി(സ) തിരുമേനിക്ക് അങ്ങനെയാണ്. സ്നേഹത്തിന്റെ ആത്മ ബന്ധം. അനിർവചനീയമായ ഒരു ആത്മീയ ബന്ധം. ഈ മകൾ നബിക്ക് അങ്ങനെയാണ്. അവൾ ജനിച്ചതും വളർന്നതും അത്തരമൊരു ബന്ധം ഉരുക്കിയുറപ്പിച്ചു കൊണ്ടാണ്. പരീക്ഷണങ്ങളുടെ കനൽ പഥങ്ങൾ താണ്ടുമ്പോൾ ആ മകൾ മനസ്സും ശരീരവും കൊണ്ട് എന്നും ഒപ്പമുണ്ടായിരുന്നു. സ്വന്തങ്ങൾ കൊത്തിവലിക്കുമ്പോൾ സ്നേഹം കൊണ്ട് പിന്തുണ നൽകിയത് അവളായിരുന്നു. അവളുടെ നിർമ്മലമായ കരങ്ങൾ എത്രയോ പ്രാവശ്യം കവിളുകളിലൂടെ ഒഴുകിയ വിശുദ്ധ കണ്ണീർ തുടച്ചു തന്നിട്ടുണ്ട്. ഫാത്വിമ(റ). ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ(സ) യുടെ നാലാമത്തെ ഓമന മകൾ. ആ പേര് കേൾക്കുമ്പോൾ സത്യവിശ്വാസിയുടെ മനസ്സിൽ കാരുണ്യത്തിന്റെ നീരുറവ പൊട്ടിയൊഴുകും. ആ പേര് പറയുമ്പോൾ മനസ്സിൽ ആഹ്ലാദം നിറയും. അവരുടെ ചരിത്രം ആരെയും രോമാഞ്ചം കൊള്ളിക്കും.



ഒരൊറ്റ ഹദീസ് മതി അവരുടെ മഹത്വം മനസ്സിലാക്കാൻ. നബി (സ) അരുളി: ഒരു മലക്ക് ഇറങ്ങി വന്നു. സ്വർഗ്ഗത്തിലെ സ്ത്രീകളുടെ നേതാവാണ് ഫാത്വിമ എന്ന സന്തോഷവാർത്ത അറിയിച്ചു. അങ്ങനെയെങ്കിൽ സ്വർഗ്ഗത്തിൽ പോവാനാഗ്രഹിക്കുന്ന സകല സ്ത്രീകളും അവിടത്തെ നേതാവിനെക്കുറിച്ചറിയണ്ടതുണ്ട്. മനുഷ്യവർഗ്ഗത്തിലെ ഏറ്റവും അനുഗ്രഹീതനായ സയ്യിദുനാ മുഹമ്മദുറസൂലുല്ലാഹി(സ)യാണ് ഫാത്വിമ (റ)യുടെ പിതാവ്. ആദ്യമായി ഇസ്ലാം സ്വീകരിച്ച മക്കത്തെ രാജാത്തി ഖദീജ ബീവി(റ)യാണ് അവരുടെ ഉമ്മ. സ്വർഗ്ഗത്തിലെ രണ്ട് യുവനേതാക്കളായ ഹസൻ, ഹുസൈൻ(റ) ഇരുവരുടെയും മാതാവ്. ദുനിയാവിന്റെയും ആഖിറത്തിന്റെയും നേതാവ് എന്നു വിശേഷിപ്പിക്കപ്പെട്ട മഹാനാണ് അലിയ്യുബ്നു അബീത്വാലിബ്(റ) ആണ് അവരുടെ പ്രിയ ഭർത്താവ്. രക്തസാക്ഷികളുടെ നേതാവായ ഹംസ(റ) ആണ് അവരുടെ പിതൃവ്യൻ. അങ്ങനെയങ്ങനെ നൻമയുടെയും ശ്രേഷ്ഠതയുടെയും നടുവിൽ ജനിക്കുകയും വളരുകയും ചെയ്ത ഒരാൾ എങ്ങനെയാണ് ഈ വൈയക്തിക അഭൗമികതകളുടെ ഉടമയാവാതിരിക്കുക !



ഇതിനെല്ലാം പുറമെ അവരുടെ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അത് ലോകത്തിന് മുഴുവനും വേണ്ടി അവർ ചേർക്കുന്ന കണ്ണിയാണ്. അഹ്ലു ബൈത്തിന്റെ കണ്ണികൾ അവരിലൂടെയാണ് കടന്നു വരുന്നത് എന്നതാണത്. നബി(സ)ക്ക് വേറെയും പേരമക്കൾ ഉണ്ടായിരുന്നു എങ്കിലും ഫാത്വിമാ ബീവിയുടെ മക്കളിലൂടെയാണ് അത് ലോകത്തോളം വളർന്നതും വ്യാപിച്ചതും. അഹ്ലുബൈത്തിന്റെ ശാഖകളും ഉപശാഖകളും ലോകമെങ്ങും വ്യാപിച്ചു. സയ്യിദ് കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരാളുടെ പരമ്പര പരിശോധിച്ചാൽ അദ്ദേഹം രണ്ടാലൊരു പരമ്പരയിൽപെട്ടതാണെന്ന് മനസ്സിലാവും. ഒന്നുകിൽ ഹസനീ പരമ്പര അല്ലെങ്കിൽ ഹുസൈനി പരമ്പര. രണ്ടു പരമ്പരയും ഫാത്വിമ(റ)യിലൂടെയാണ് നബി(സ)യുമായി വിളക്കിച്ചേർക്കപ്പെടുന്നത്. ആ അർഥത്തിൽ അഹ്ലുബൈത്തിന്റെ മാതാവാണവർ. മറ്റൊരു പ്രാധാന്യം ത്വരീഖത്തിന്റെ എല്ലാ പരമ്പരകളും ചെന്നെത്തുന്നത് അലി(റ)വിലേക്കാണ് എന്നതാണ്. അലി(റ)യിലേക്കാണെങ്കിലോ ഹസൻ(റ), ഹുസൈൻ(റ) എന്നിവരിലൂടെയാണ് അതും ചെന്നെത്തുന്നത്. ഈ വിധം വിലയിരുത്തുമ്പോൾ മൊത്തത്തിൽ ആത്മീയതയുടെ കേന്ദ്രഭൂമിയിലെ മാതൃ സാന്നിദ്ധ്യമാണ് ഫാത്വിമ(റ).



ജനനം



മക്കയിലൊരു വലിയ വെള്ളപ്പൊക്കമുണ്ടായി. പരിശുദ്ധ കഅ്ബാലയം നിൽക്കുന്ന പ്രദേശത്തെ നാലു ഭാഗത്തും വലയം ചെയ്തിരിക്കുന്നത് പർവ്വതങ്ങളാണ്. ആ മലകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചു ആർത്തിരമ്പി വന്നു. കഅ്ബാലയത്തിന്നു ചുറ്റും വൻ പ്രളയം ഉണ്ടായി. വെളളം ഒഴുകിപ്പോകാൻ വേണ്ട സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. വെള്ളം പെട്ടന്ന് വറ്റിപ്പോകാൻ പറ്റിയ പ്രകൃതമായിരുന്നില്ല ഭൂമിയുടേത്. അതിനാൽ ദുർബ്ബലമായ വീടുകൾ ഓരോന്നായി നിലം പൊത്തി. പ്രളയത്തിൽ കഅബാ ശരീഫിന്നും കേടുപറ്റി. ഏതാണ്ട് ഉറപ്പുള്ള അടിത്തറയുണ്ടായിരുന്നതിനാൽ കെട്ടിടം തകർന്നതൊന്നുമില്ല എന്നു മാത്രം. മക്കക്കാരെല്ലാം കഅബാലയത്തിന്നു ചുറ്റും ഒത്തു കൂടി. കഅ്ബാലയം അവരുടെ ജീവിതങ്ങളുടെ കേന്ദ്രമാണ്. അതിനാൽ അതിനു പറ്റിയ കേടുപാടുകൾ തീർക്കണം എന്നത് അവരുടെ പ്രഥമ താൽപര്യമായിരുന്നു. പക്ഷെ, കേടുപാടുകൾക്ക് ഓട്ടയടച്ചാൽ മതിയാവില്ല, പുതിക്കിപ്പണിയുക തന്നെ വേണ്ടി വരും എന്ന് അന്തിമ വിലയിരുത്തലുകളിൽ വ്യക്തമായി. അവസാനം ഖുറൈശികൾ കഅബ പുതുക്കിപ്പണിയുവാൻ തന്നെ തീരുമാനിച്ചു. ഖുറൈശി ഗോത്രത്തിലെ ഓരോ വീട്ടുകാരും പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും ഹറാമായ സമ്പാദ്യമൊന്നും ഈ വിശുദ്ധ കർമ്മത്തിൽ തൊടുവിക്കരുത് എന്നും. നബി(സ)ക്ക് അന്ന് മുപ്പത്തിയഞ്ച് വയസ്സായിരുന്നു പ്രായം.



പുനരുദ്ധാരണത്തിന്ന് പണം സ്വരൂപിച്ചു. ചുമരുകൾ പൊളിച്ചു നീക്കി പണി തുടങ്ങി. എല്ലാവരും സജീവം. നബി(സ) പിതൃവ്യൻ അബ്ബാസിനോടൊപ്പം പണിക്കിറങ്ങിയിട്ടുണ്ട്. കല്ല് ചുമന്നു കൊണ്ടുവരികയായിരുന്നു നബി തങ്ങളുടെ പണി. നിർമ്മാണ പ്രവർത്തനം തകൃതിയായി. നിർമ്മാണ പ്രവർത്തനങ്ങൾ കാണുവാൻ തന്നെ വലിയൊരു പുരുഷാരം തടിച്ചു കൂടിയിട്ടുണ്ട്. പടവ് ഉയർന്നപ്പോൾ അവിചാരിതമായി ഒരു പ്രശ്നം തല പൊക്കി. ഹജറുൽ അസ്‌വദ് എന്ന വിശുദ്ധ ശില അതിന്റെ സ്ഥാനത്ത് വെക്കണം. അത് ആര് ചെയ്യും എന്നതായിരുന്നു പ്രശ്നം. ഓരോ കുടുംബവും അതിനുള്ള അവകാശം തങ്ങൾക്കാണ് എന്ന് ശക്തിയുക്തം വാദിച്ചു. ആ അവകാശം ആർക്കും ആരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റുന്നതല്ലല്ലോ ഈ അവകാശം. തർക്കം മൂത്തു. തർക്കം മൂത്താൽ അറബികൾ ആയുധമെടുക്കും. എങ്കിൽ അതു തീരുമാനിച്ചിട്ടു മതി ഇനി നിർമ്മാണ പ്രവർത്തനങ്ങൾ എന്നു തീരുമാനിച്ചു. പണി നിറുത്തി വെച്ചു. ചർച്ചകൾ നടന്നു. തീരുമാനമായില്ല. ഓരോ ചർച്ച പിന്നിടുമ്പോഴും സംഗതി കൂടുതൽ വഷളായി. ചില കുടുംബങ്ങൾ തങ്ങൾക്ക് അതിനുള്ള അവകാശം കിട്ടുന്നതു വരെ പോരാടും എന്ന് രക്തത്തിൽ തൊട്ട് പ്രതിജ്ഞ ചെയ്യുക വരെ ചെയ്തു. മക്ക ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെത്തി.



ഒരു അവസാന വട്ട ചർച്ചയിൽ ഒരാൾ എഴുന്നേറ്റ് നിന്ന് ഇങ്ങനെ നിർദ്ദേശിച്ചു. നോക്കൂ, അബൂ ഉമയ്യത്തിനെ നോക്കൂ, നമുക്കിടയിലെ ഏറ്റവും പ്രായമുള്ള ആളാണദ്ദേഹം. അദ്ദേഹം ഒരു തീരുമാനം പറയട്ടെ, നമുക്കെല്ലാവർക്കും അത് അംഗീകരിക്കാം. ആ നിർദ്ദേശം എല്ലാവരും സ്വീകരിച്ചു. അതോടെ അബൂ ഉമയ്യ സദസ്സിന്റെ ശ്രദ്ധാകേന്ദ്രമായി. ചിലരോടൊക്കെ രഹസ്യസംഭാഷണം നടത്തി. അവസാനം ഇങ്ങനെ പ്രഖ്യാപിച്ചു. ഇങ്ങോട്ട് ആദ്യം കടന്നു വരുന്ന ആളെ നമുക്കു മധ്യസ്ഥനാക്കാം. വരുന്നത് ആരോ ആവട്ടെ, അദ്ദേഹം പറയുന്ന തീരുമാനം സ്വീകരിക്കാം. ആ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. എല്ലാവരും ആകാംക്ഷയോടെ വാതിൽക്കലേക്ക് കണ്ണുംനട്ട് കാത്തു നിന്നു. അപ്പോൾ ഒരാൾ അങ്ങോട്ട് കടന്നുവന്നു. അൽഅമീൻ എന്ന് അവർ വിശേഷിപ്പിക്കുന്ന മുഹമ്മദ്. എല്ലാവർക്കും സമ്മതം. എല്ലാവരും ചുറ്റും കൂടി. അബൂ ഉമയ്യ തീരുമാനം അറിയിച്ചു. അൽ അമീൻ അൽപനേരം ചിന്തിച്ചു. തന്റെ മേൽമുണ്ട് നിലത്ത് വിരിച്ചു. ഹജറുൽ അസ്‌വദ് അതിൽ എടുത്തു വെച്ചു. ഓരോ വിഭാഗത്തിൽ നിന്നും ഓരോ നേതാവിനെ വീതം വിളിച്ചു മേൽമുണ്ട് ഉയർത്താൻ പറഞ്ഞു. എല്ലാവരും കൂടി ഉയർത്തി. ആവശ്യമായ ഉയരമെത്തിയപ്പോൾ നബി (സ) തന്നെ ഹജറുൽ അസ്‌വദ് എടുത്തു വെച്ചു. എല്ലാവർക്കും ആശ്വാസം. അങ്ങനെ ഒരു കലാപം നീങ്ങിപ്പോയി. ഈ സംഭവം നടക്കുമ്പോൾ നബി (സ) തങ്ങൾക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായം. അതെല്ലാം കഴിഞ്ഞ് വീട്ടിൽ ചെന്നു കയറുമ്പോൾ ഈ മഹാദൗത്യത്തിനെന്നോളം അല്ലാഹുവിന്റെ ഒരു സമ്മാനം അവിടെ തയ്യാറായിക്കഴിഞ്ഞിരുന്നു. ഫാത്വിമ എന്ന പൊന്നുമോൾ.



ബാല്യം



വീട്ടിൽ ഫാത്വിമ ഓമനയായിരുന്നു. നബി(സ) യുടെ ആൺമക്കൾ എല്ലാവരും കുഞ്ഞുനാളിലേ മരണപ്പെട്ടതിനാൽ ഉമ്മയുടെയും ഉപ്പയുടെയും ഇത്താത്തമാരുടെയും സ്നേഹം ഫാത്വിമ(റ)യെ എപ്പോഴും പ്രദക്ഷിണം വെച്ചു. പ്രത്യേകിച്ചും ഈ മകൾക്ക് ചില പ്രകടമായ പ്രത്യേകതകൾ ഉണ്ടായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ ചുറ്റുമുളള ഓരോ ചലനങ്ങളും നിരീക്ഷിക്കുവാനും വിലയിരുത്തുവാനുമുള്ള കഴിവ്. മനസ്സിലാക്കാൻ മാത്രമുളള പ്രായമായിട്ടില്ലെങ്കിലും രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഉപ്പയിൽ കണ്ടു തുടങ്ങിയ മാറ്റം ഫാത്വിമ(റ) ശ്രദ്ധിച്ചിട്ടുണ്ടാകും. നാൽപ്പതാം വയസ്സോട് അടുക്കവെ നബി(സ) തങ്ങളിൽ ചില മാറ്റങ്ങൾ പ്രകടമായി. ഏകാന്തത ഇഷ്ടപ്പെടുന്ന ഒരു പ്രകൃതം. തനിക്ക് ചുറ്റും അലയടിക്കുന്ന ജാഹിലിയ്യത്തുകളിൽ മനം മടുത്തിട്ടാവാം. ഒറ്റക്ക് മലവാരങ്ങളിൽ പോയി ഇരിക്കുന്ന ഒരു സ്വഭാവം. ആദ്യം വീടിനു പിന്നിലുള്ള അബൂ ഖുബൈസ് പർവതത്തിലായിരുന്നു ഇരിപ്പ്. അതു ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടതോടെ ആറു മൈൽ അകലെയുളള അൽ നൂർ പർവതത്തിലേക്കു മാറ്റി. അതും അതിന്റെ ഉച്ചിയിലുള്ള ഹിറാ എന്ന ഗുഹയിൽ.



ഉപ്പ ദീർഘമായ നാളുകൾ വീട്ടിലേക്കു വരാതെ അവിടെ തന്നെ കഴിച്ചു കൂട്ടുന്നത് കൊച്ചു ഫാത്വിമക്ക് മനസ്സിലാവുന്നതാണ്. എന്താണ്, എന്തിനാണ് എന്നൊന്നും മനസ്സിലാക്കുവാൻ ആ പ്രായത്തിന് കഴിയില്ല. അതോടൊപ്പം കൃത്യമായ സമയങ്ങളിൽ ഉമ്മ ഉപ്പാക്ക് വേലക്കാരുടെ കയ്യിൽ ഭക്ഷണം കൊടുത്തയക്കുന്നതും ചിലപ്പോൾ ഉമ്മ തന്നെ ഭക്ഷണവുമായി മല മുകളിലേക്ക് പോകുന്നതും മകൾ കണ്ടിട്ടുണ്ട്. അതിൽ ഉമ്മാക്ക് ഉപ്പയോടുളള സ്നേഹമാണ് അനുഭവിക്കുന്നത്. ഉപ്പാക്ക് ഉമ്മയോടും ഉമ്മാക്ക് ഉപ്പയോടും എന്തെന്നില്ലാത്ത സ്നേഹമാണ്. പെട്ടെന്നൊരുനാൾ സംഭ്രമത്തോടെ ഉപ്പ വീട്ടിലേക്ക് കയറിവന്നു. ഖദീജാ, ഒരു പുതപ്പിങ്ങു തരൂ എന്നും പറഞ്ഞു കൊണ്ടാണ് ഉപ്പ കയറി വന്നത്. ഉമ്മ പുതപ്പ് പുതച്ചു കൊടുത്തു. ഉണ്ടായതെല്ലാം ഒറ്റ ശ്വാസത്തിൽ ഉമ്മയോട് പറഞ്ഞു കൊടുത്തു. ഉമ്മ തലയിൽ കൈ വെച്ച് ആശ്വസിപ്പിച്ചു. അവർ പറഞ്ഞു: ഒരിക്കലുമില്ല അബുൽ ഖാസിം, അങ്ങേക്ക് ഒരു ആപത്തും വരില്ല, താങ്കൾ മറ്റുള്ളവരുടെ പ്രയാസങ്ങൾ തലയിലെടുത്തു വെക്കുന്ന ആളാണ്. ഇല്ലാത്തവർക്ക് വേണ്ടി കഷ്ടപ്പെടുന്ന ആളാണ്. ദുരന്തങ്ങളിൽ സഹായിക്കുന്ന ആളാണ്. ആശ്വാസവചനങ്ങൾ കൊണ്ട് ശാന്തത പകർന്നതിനു ശേഷം ഉമ്മ ഉപ്പയെയും കൊണ്ട് അമ്മാവൻ വറഖത്തു ബിൻ നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. മക്കയിലെ ഒരു ജ്ഞാനിയായിരുന്നു അദ്ദേഹം. പഴയ കിതാബുകൾ എല്ലാം പഠിച്ച ആളാണ്. മക്കയിലെ ജനങ്ങൾ ഇത്തരം മാനസിക അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഓടിച്ചെല്ലാറുണ്ടായിരുന്നത് വറഖത്ത് ബിൻ നൗഫൽ എന്ന ഈ സിദ്ധന്റെ അടുത്തേക്കായിരുന്നു.



ഉണ്ടായതെല്ലാം കേട്ട വറഖ പറഞ്ഞു. ഖദീജാ, മുഹമ്മദ് പറഞ്ഞതെല്ലാം ശരിയാണെങ്കിൽ ഇത് മൂസാ പ്രവാചകനെ സമീപിച്ച നാമൂസുൽ അഅ്ളം എന്ന മാലാഖയാണ്. മുഹമ്മദിന് വലിയ മഹത്വങ്ങൾ വന്നു ചേരാനിരിക്കുന്നു. എല്ലാ വിവരങ്ങളും അറിഞ്ഞയുടനെ അവർ വീട്ടിലേക്ക് മടങ്ങി. അപ്പോഴാണ് ഫാത്വിമ(റ) മനസ്സിലാക്കുന്നത്. തന്റെ ഉപ്പ അന്ത്യപ്രവാചകനായിരിക്കുന്നു. ലോകത്തെ സൻമാർഗത്തിലേക്ക് നയിക്കാൻ നിയുക്തനായ പ്രവാചകൻ. ഉമ്മ വിശ്വസിച്ചു കഴിഞ്ഞു. ഇത്താത്തമാർ വിശ്വസിച്ചു കഴിഞ്ഞു. പിന്നെ അമാന്തിച്ചു നിന്നില്ല. ഫാത്വിമ (റ)യും സത്യസാക്ഷ്യത്തിനു മനസ്സ് സമർപ്പിച്ചു.



പരീക്ഷണങ്ങളുടെ കനൽപഥങ്ങളിലൂടെ..



ഉപ്പ പരസ്യമായ പ്രബോധനം തുടങ്ങിയതും മക്കക്കാർ ആദ്യം മുരണ്ടു. പിന്നെ ഒരു ഇളകിയ കടന്നൽ കൂടുപോലെ പാഞ്ഞടുത്തു. പിന്നെ ആരോപണങ്ങളും ശകാരങ്ങളും ആക്രമണങ്ങളുമായിരുന്നു. ഇതെല്ലാം കണ്ണീരോടെ നോക്കി നിൽക്കേണ്ട അവസ്ഥയായിരുന്നു ഫാത്വിമ(റ)ക്ക്. പക്ഷെ, തന്റെ പ്രവാചകൻ കൂടിയായ പിതാവിനെ ആക്രമിക്കുന്നത് വെറുതെയങ്ങനെ നോക്കിനിൽക്കുവാൻ മാത്രം കഴിയുന്ന കുട്ടിത്തം ഫാത്തിമ(റ)യുടെ ശരീരത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ മനസ്സ് പ്രതികരിക്കാൻ മാത്രം പക്വതയാർജ്ജിച്ചു കഴിഞ്ഞിരുന്നു. അവർ പലപ്പോഴും അസാമാന്യമായ ധൈര്യം തന്നെ കാണിക്കുകയുണ്ടായി. അത്തരം ഒരു രംഗം അബ്ദുല്ലാഹി ബിൻ മസ്ഊദ്(റ) പറയുന്നു: ഒരിക്കൽ നബി(സ) കഅ്ബയുടെ സമീപത്തായി നിസ്കരിക്കുകയായിരുന്നു. തളത്തിന്റെ വക്കത്തായി അബൂജഹൽ തുടങ്ങി മക്കായിലെ പ്രധാനികളും പ്രമാണികളും ഇരിക്കുന്നുണ്ട്. തങ്ങളുടെ കൺമുമ്പിൽ തങ്ങളുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ചുകൊണ്ടെന്നോണം ഇങ്ങനെ പരസ്യമായി നിസ്കരിക്കുന്നത് അവർക്ക് അസഹ്യമായിരുന്നു. പ്രത്യേകിച്ചും അവരുടെ നേതാവായ അബൂ ജഹലിന്.



അബൂ ജഹൽ പതിവ് ആഢ്യത്തത്തോടെ ചോദിച്ചു: ആർക്കാണ് ആ അറവുപുരയിലെ ആന്തരികാവഷിശ്ടങ്ങൾ വലിച്ചു കൊണ്ടുവന്ന് മുഹമ്മദിന്റെ പിരടിയിലേക്ക് വലിച്ചിടുവാൻ കഴിയുക ? ഒരാൾ എഴുനേറ്റു. അയാൾ ഇത്തരം നീചത്വത്തിന് എപ്പോഴും തയ്യാറായിരിക്കും. നബി(സ)യുടെ വീട്ടു വാതിലിനു മുമ്പിൽ എപ്പോഴും മാലിന്യങ്ങൾ കൊണ്ടു വന്നിടുന്ന അതേ ആൾ. ഉഖ്ബത്ത് ബിൻ അബൂ മുഐഥ്. അയാൾ ഒരു വലിയ ഒട്ടകത്തിന്റെ കുടലും പണ്ടങ്ങളും കൊണ്ടുവന്ന് സുജൂദിൽ കിടക്കുകയായിരുന്ന നബി(സ)യുടെ പിരടിയിൽ കൊണ്ടുവന്നിട്ടു. നബി(സ)ക്ക് തലയുയർത്തുവാൻ കഴിയുമായിരുന്നില്ല. ഒട്ടകം ഒരു വലിയ മൃഗമാണ്. അതിന്റെ ആന്തരികാവഷിഷ്ടങ്ങൾ ഏറെ വലുതും. ഭാരവുമുള്ളതുമായിരിക്കും. രംഗം ശത്രുക്കളെ ഹരം കൊളളിച്ചു. അബൂ ജഹൽ കുലുങ്ങിച്ചിരിച്ചു. പതിവു സമയം കഴിഞ്ഞിട്ടും ഉപ്പ തിരിച്ചു വരാത്തത് കണ്ടതും മകൾക്ക് ആധിയായി. അവൾ കഅ്ബാലയത്തിന്റെ അടുത്തേക്ക് ഓടി. ചെന്നപ്പോൾ കണ്ട കാഴ്ച അതീവ സങ്കടകരമായിരുന്നു. ഓടിച്ചെന്ന് മകൾ ഉപ്പയുടെ പിരടിയിൽ നിന്നും ആ മാലിന്യങ്ങൾ പ്രയാസപ്പെട്ട് വലിച്ചിട്ടു. അപ്പോൾ മാത്രമാണ് നബി(സ)ക്ക് തലയുയർത്താനായത്. നിസ്കാരം കഴിഞ്ഞ് എഴുന്നേറ്റ നബി(സ) പൊന്നു മോളെ ചേർത്തുപിടിച്ചു. എന്നിട്ട് ആകാശത്തിലേക്ക് കണ്ണും കൈയും ഉയർത്തി ഇങ്ങനെ തേടി: അല്ലാഹുവേ, ഖുറൈശികളെ നീ നശിപ്പിക്കേണമേ.



ആ പ്രാർഥന കേട്ട് അവർ ഞെട്ടി. കാരണം, അവരെയും വിശ്വസിക്കുന്ന കാര്യമാണ് വിശുദ്ധ ഹറമിൽ വെച്ചുള്ള പ്രാർഥന തീർച്ചയായും ഉത്തരമുളളതാണ് എന്ന്. അവരുടെ ഞെട്ടൽ വീണ്ടും ഓരോ ഇടിത്തീയായി ഉയർന്നു, ഖുറൈശികളിലെ ഈ അതിക്രമത്തിന് നേതൃത്വം നൽകിയ ഓരോരുത്തരുടെയും പേരുകൾ നബി(സ) ഉച്ചത്തിൽ വിളിച്ചു പറഞ്ഞുതുടങ്ങിയപ്പോൾ. അംറ് ബിൻ ഹിശാമെന്ന അബൂ ജഹൽ, റബീഅത്തിന്റെ മക്കളായ ഉത്ബത്ത്, ശൈബത്ത്, വലീദ് ബിൻ ഉത്ബത്ത്, ഉമയ്യത്ത് ബിൻ ഖലഫ്, ഉഖ്ബത്ത് ബിൻ അബീ മുഐത്ത്... എന്നിങ്ങനെ ഏറ്റവും പ്രധാനികളായവരുടെ പേരുകൾ നബി(സ) പരസ്യമായി വിളിച്ചു പറഞ്ഞ് അവർക്കെതിരെ നബി(സ) ശാപ പ്രാർഥന നടത്തി (ബുഖാരി, മുസ്ലിം). മസ്ജിദുൽ ഹറമിന്റെ ഉളളിൽ വെച്ച് കഅ്ബാലയത്തെ സാക്ഷിയാക്കി ധാർമ്മികതയുടെ കാര്യത്തിൽ സർവ്വാംഗീകൃതനായ അൽ അമീനെന്ന മുഹമ്മദ് നടത്തിയ പ്രാർഥന അവരുടെ ഉള്ളുലക്കുക തന്നെ ചെയ്തു. ഈ പ്രാർഥന നിവേദനം ചെയ്ത അബ്ദുല്ലാഹി ബിൻ മസ്ഊദ്(റ) ഹിജ്റ രണ്ടാം വർഷത്തിൽ നടന്ന ബദർ യുദ്ധത്തിലും സാക്ഷിയായായിരുന്നു. നബി(സ) അന്ന് പറഞ്ഞ ഓരോരുത്തരും കൊല്ലപ്പെട്ടതും അവരുടെ കബന്ധങ്ങൾ ബദ്റിലെ പൊട്ടക്കിണറ്റിലേക്ക് വലിച്ചിട്ടതിനും താൻ സാക്ഷിയാണ് എന്ന് അദ്ദേഹം തന്നെ പറയുന്നു(ബുഖാരി).



പിന്നെയും ഉപ്പയുടെ പല ദുരിതക്കാഴ്ചകളും ആ കൊച്ചു കണ്ണുകൾ കണ്ടു. ദാരുണമായി വേട്ടയാടപ്പെട്ട സ്വന്തം അനുയായികളോട് ആഫ്രിക്കയിലേക്ക് പാലായനം ചെയ്യുവാൻ പറയേണ്ടി വന്ന അവസ്ഥവരെ അതിലുണ്ടായിരുന്നു. അതിലേറ്റവും കൈപ്പേറിയത് ഖുറൈഷികൾ നബി(സ)യെ പിന്തുണക്കുന്ന ബനൂ ഹാശിമിനും ബനൂ മുത്തലിബിനും എതിരെ ഇറക്കിയ ബഹിഷ്കരണം. പ്രവാചകത്വത്തിന്റെ ആറാം വർഷമായിരുന്നു അത്. കഅ്ബാലയത്തെ സാക്ഷിയാക്കി മക്കയുടെ നേതാക്കൻമാർ ദാറുന്നദ് വയിൽ ഒത്തുചേർന്ന് ഏക കണ്ഠമായി എടുത്ത തീരുമാനമായിരുന്നു അത്. ഇത് വിളംബരം ചെയ്യുന്ന ഒരു രേഖ തോലിൽ എഴുതി കഅ്ബാലയത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. മക്കയിലെ ആർക്കും ചോദ്യം ചെയ്യാനാവാത്ത നടപടിക്രമമായിരുന്നു അത്. അതോടെ ഫാത്വിമയും കുടുംബവും അഥവാ ഉപ്പയും ഉമ്മയും എല്ലാവരും വീട് വിടേണ്ടിവന്നു. ഏറ്റവും ദുരിതപൂർണ്ണങ്ങളായ ദിനങ്ങളായിരുന്നു പിന്നെ. ഉപരോധിക്കപ്പെട്ട കുടുംബങ്ങൾക്ക് മക്കക്കാർ വെള്ളവും ഭക്ഷണവും വിലക്കി. ബനൂ ഹാശിമിലെയും ബനൂ മുത്വലിബിലെയും കുട്ടികളുടെയും സ്ത്രീ ജനങ്ങളുടെയും ആർത്തനാദങ്ങൾ ഉയർന്നു. ശിഅബു അബൂത്വാലിബ് എന്ന മലഞ്ചെരിവ് ദുരിതക്കയമായി മാറി. ഉമ്മയുടെ ആരോഗ്യ നില വഷളായി. ഉപ്പയുടെ പിതൃവ്യൻ അബൂ ത്വാലിബിന്റെ നില പരുങ്ങലിലായി. ഉപ്പയുടെ മുഖമാട്ടെ നിരാശയും വേദനയും കൊണ്ട് തെളിച്ചം മങ്ങിയ പോലെ തോന്നിക്കപ്പെട്ടു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണവും വെള്ളവും പാർപ്പിടവും തടയെപ്പട്ടതോടെ ജീവിതം ദുരിതത്തിന്റെ ദുർമുഖത്തിനു മുമ്പിൽ രാവും പകലുമില്ലാതെ പകച്ചു നിന്ന ദിനങ്ങൾ.



നബി(സ) യോടുളള വിധേയത്വത്തിന്റെ പേരിൽ അബൂബക്കർ(റ), ധീരതയുടെയും വിധേയത്വത്തിന്റെയും പേരിൽ ഉമർ(റ), അമ്മായിയോടുള്ള കടപ്പാടിന്റെ പേരിൽ ഹകീം ബിൻ ഹിസാം എന്നിവരല്ലാതെ ഒരാളിൽ നിന്നും മൂന്നു വർഷത്തോളം ഒന്നും അവർക്കു കിട്ടിയില്ല. വീടിന്റെ അങ്കണത്തിലും അകത്തളത്തിലും ഓടിച്ചാടിക്കളിച്ച് ഉമ്മയുടെയും ഉപ്പയുടെയും ഓമനയായി വളരേണ്ട ഫാത്വിമ എന്ന പത്തു വയസ്സുകാരിയുടെ മുഖത്ത് ഉപരോധം നിരാശയുടെ ചിത്രംവരച്ചു. മരത്തിന്റെ ചുവട്ടിലും മലയിടുക്കുകളിലും ആ കൊച്ചു ജീവിതവും തളച്ചിടപ്പെട്ടു. വൃക്ഷലതാതികളുടെ ഇലകളും സ്വന്തം വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും കഷ്ണങ്ങളും എല്ലാവരെയും പോലെ ഫാത്വിമ(റ)യും കണ്ണടച്ച് തിന്നു. മക്കളുടെയും അവരുടെ ഉപ്പയുടെയും ദയനീയത കണ്ടും അനുഭവിച്ചും മക്കത്തെ രാജാത്തിയായ ഖദീജ(റ)യും അന്നത്തെ ഖുറൈശികളുടെ നേതാവായിരുന്ന അബൂ ത്വാലിബും വരെ തളർന്നു കിടന്നു. അവസാനം ഖുറൈശികൾക്ക് തങ്ങളുടെ കരിനിയമം പിൻവലിക്കേണ്ടി വന്നു. സ്വന്തം ചോരകളുടെ ചുടുനിശ്വാസങ്ങളും കുഞ്ഞുമക്കളുടെ നിലവിളികളും ഇനിയും സഹിച്ചിരിക്കുവാൻ കഴിയില്ല എന്ന് ഖുറൈശികൾ തന്നെ പരസ്യമായി വിളിച്ചു പറഞ്ഞു. അവരുടെ നേതാക്കൻമാർ തന്നെ കഅ്ബാലയത്തിൽ എഴുതിത്തൂക്കിയ വിളംബരം വലിച്ചുകീറുവാൻ തയ്യാറായി. അങ്ങനെ മാനം കെട്ട് ഉപരോധം പിൻവലിക്കപ്പെട്ടു. സ്വന്തം കുടുംബത്തോടൊപ്പം വീട്ടിൽ ഫാത്വിമ(റ)യും തിരിച്ചെത്തി.



ദുരിതത്തിന്റെ കരങ്ങളിൽ നിന്നുള്ള മോചനം പക്ഷെ, അത്ര തന്നെ സന്തോഷകരമായിരുന്നില്ല. കാരണം ഉപരോധം പടിയിറങ്ങുമ്പോഴേക്കും ഉമ്മയുടെ ആരോഗ്യം ക്ഷയിച്ചു കഴിഞ്ഞിരുന്നു. പ്രവാചകത്വത്തിന്റെ പത്താമത്തെ വർഷം റമളാനിൽ ഖദീജാ ബീവി(റ) വഫാത്തായി. ഫാത്വിമ(റ)യുടെ ജീവിതം കണ്ട ഏറ്റവും വലിയ ദുരിതവും ദുരന്തവുമായിരുന്നു ഉമ്മയുടെ വിയോഗം. ഉമ്മയുടെ ചൂടിൽ നിന്നും അകന്നു നിൽക്കുവാൻ മാത്രം പ്രായം അവർക്കായിട്ടില്ല. കേവലം പതിനഞ്ചു വയസ്സായിരുന്നു അപ്പോൾ അവരുടെ പ്രായം. ഉമ്മയുടെ വിയോഗത്തിന്റെ ആഘാതം സഹിക്കുവാൻ കഴിയാതെ ഉപ്പ ഗദ്ഗദപ്പെടുന്നത് മകൾ നെഞ്ചിടിപ്പോടെ നോക്കിനിന്നു. ഉമ്മ പടിയിറങ്ങിയതോടെ വീട് നിശബ്ദമായതു പോലെ തോന്നി. വീട്ടിലെ ഏറ്റവും വലിയ കൂട്ട് ഉമ്മയായിരുന്നു. മൂത്ത സഹോദരി ഭർത്താവിന്റെ കൂടെയാണ്. രണ്ടാമത്തെ സഹോദരി ഉസ്മാൻ ബിൻ അഫ്ഫാൻ (റ) വിന്റെ ഭാര്യയായി അദ്ദേഹത്തിന്റെ കൂടെയാണ്. പിന്നെ താനും സഹോദരി ഉമ്മു കുൽസൂമും മാത്രമാണ് മക്കളായി വീട്ടിൽ. ഉപ്പയാവട്ടെ എപ്പോഴും തന്റെ പ്രബോധനവും പ്രവർത്തനവുമായി പുറത്ത് തിരക്കിലുമായിരിക്കും. കൗമാരത്തിന്റെ ആവശ്യങ്ങൾക്കുമപ്പുറം ഇസ്‌ലാമിക പ്രബോധന വീഥി നേരിടുന്ന ഓരോ പ്രകോപനങ്ങളിലും മനസ്സു മുട്ടുന്ന അവസ്ഥയാണ് തന്റേത്. സഹോദരി ഉമ്മു കുൽസൂമാവട്ടെ അകാലത്തിൽ ഏറ്റുവാങ്ങേണ്ടിവന്ന വൈഥവ്യത്തിന്റെ ആഘാതങ്ങളിൽ നിന്നും മോചിതയായിട്ടുമില്ല. പക്ഷെ, ഇതെല്ലം തന്നെയും അലട്ടുന്നുണ്ട് എങ്കിലും എല്ലാ കുടുംബാംഗങ്ങൾക്കും വന്നു നിൽക്കുവാൻ മാത്രം വലുതും ശാന്തവുമായിരുന്നു ഉമ്മ എന്ന നിഴൽ. എല്ലാവരെയും ആശ്വസിപ്പിക്കുവാനും അണച്ചുപിടിക്കുവാനും മാത്രം കരുത്തുള്ളതായിരുന്നു ആ മനസ്സ്. ഒരു പെണ്ണിന് വളരാവുന്ന അത്ര അത്യുന്നതങ്ങൾ കീഴടക്കിയ വനിതാ രത്നം. ഏകാന്തതയിൽ ഇങ്ങനെ ഓരോന്നാലോചിച്ച് കണ്ണു നനച്ചിരിക്കുമ്പോൾ ഒരു കരം തന്നെ തഴുകുന്നതായി അനുഭവപ്പെട്ടു ഫാത്വിമക്ക്. തിരിഞ്ഞുനോക്കുമ്പോൾ ഉപ്പ ആണ്. നബി(സ) മകളെ സ്നേഹത്തോടെ പിന്നീട് വളർത്തി. വളർന്നു വളർന്ന് ഒരു സ്ത്രീയായിത്തീരാൻ വേണ്ടി മാത്രമല്ല, ലോകത്തെ വിശ്വസിനികൾക്ക് സ്വർഗ്ഗത്തിൽ നായികയും നേതാവുമായിത്തീരുവാൻ.



ഹിജ്റ



പിന്നെ കുടുംബത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങൾ ഉണ്ടായി. കുടുംബത്തിൽ ഉണ്ടായ പ്രധാന സംഭവം ഉപ്പയുടെ രണ്ടാം വിവാഹമായിരുന്നു. ഉപ്പ സൗദ ബിൻത സംഅ(റ)യെ വിവാഹം ചെയ്തു. ബനൂ ആമിർ ഗോത്രത്തിലെ ഒരു മഹതിയാണ് സൗദ ബിൻത് സംഅ(റ). ഇസ്ലാമിന്റെ കടന്നുവരവോടെ മഹതിയും ഭർത്താവായ സക്റാനുബ്നു അംറ് (റ)വും ഇസ്ലാം സ്വീകരിക്കുകയും എത്യോപ്യയിലേക്കുളള രണ്ടാം ഹിജ്റയിൽ പലായനം ചെയ്യുകയും ചെയ്തു. പിന്നീട് അവർ മക്കയിലേക്ക് തിരിച്ചു വന്നു. ശേഷം മക്കയിൽവെച്ച് സക്റാനുബ്നു അംറ് (റ) മരണപ്പെട്ടു. എത്യോപ്യയിൽ വെച്ചു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നും ചരിത്രപക്ഷമുണ്ട്. അതിന് ശേഷമാണ് വിധവയായ സൗദ(റ)യെ ഉപ്പ വിവാഹം കഴിക്കുന്നത്. ഭർത്താവ് മരിച്ചതോടെ വിധവയായിത്തീർന്ന അവർക്ക് മുൻപിലുണ്ടായിരുന്ന മാർഗം തന്റെ കുടുംബത്തിലേക്ക് മടങ്ങുകയെന്നതായിരുന്നു. എന്നാൽ അവരുടെ കുടുംബങ്ങൾ അവിശ്വാസികളായിരുന്നു. അവിശ്വാസികളായ കുടുംബത്തിലേക്ക് മടങ്ങിയാൽ സൗദ (റ)യെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ ശ്രമം നടത്തുകയും വിശ്വാസത്തിന്റെ കാര്യത്തിൽ സൗദ(റ) പ്രതിസന്ധിയിലകപ്പെടുകയും ചെയ്യുമെന്ന് ഉപ്പ ഭയപ്പെട്ടു. കൂടാതെ ഉമ്മയുടെ വിയോഗത്തിൽ ഉപ്പ ഏറെ മന: പ്രയാസത്തിലുമായിരുന്നു. അപ്പോഴാണ് ഉസ്മാനുബ്നു മള്ഊൻ(റ)ന്റെ ഭാര്യ കൗല ബിൻത് ഹകീം എന്നവർ സൗദയെ പറ്റി തിരുനബിയോട് സൂചിപ്പിച്ചത്. സൗദയുടെ കുടുംബങ്ങളിൽ നിന്നുള്ള പ്രതിബന്ധങ്ങളെത്തൊട്ട് മഹതിയുടെ വിശ്വാസത്തെ സംരക്ഷിക്കുക കൂടി ലക്ഷ്യമായിരുന്നതിനാൽ ഉപ്പ അവരെ വിവാഹമന്വേഷിച്ചു. അപ്പോൾ സൗദ (റ) പറഞ്ഞു : എൻറെ കാര്യങ്ങളെല്ലാം ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു . സമ്മതം കേട്ട ഉപ്പ പറഞ്ഞു: എന്നാൽ നിന്റെ സമുദായത്തിൽ നിന്ന് ഒരാളോട് നിന്നെ എനിക്ക് വിവാഹം ചെയ്തു തരാൻ ആവശ്യപ്പെടുക . അങ്ങനെ മുൻ ഭർത്താവിന്റെ സഹോദരനായ ഹാത്വിബു ബ്നു അംറിൽ ആമിരിയോട് ആവശ്യപ്പെടുകയും അദ്ദേഹം മഹതിയെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. ഹാത്വിബ് (റ) ബദറിൽ പങ്കെടുത്ത മുഹാജിറായ സ്വഹാബിയാണ്. ഹിജ്റയുടെ 3 വർഷം മുമ്പ് റമളാൻ മാസത്തിലായിരുന്നു വിവാഹം. അന്ന് തിരു നബിയുടെ പ്രായം 50 ആയിരുന്നു. 400 ദിർഹമാണ് വിവാഹത്തിന് മഹറായി ഉപ്പ നൽകിയത്.



രണ്ടാമത്തേത് ഉപ്പയുടെയും മുസ്ലിംകളുടെയും മദീനയിലേക്കുള്ള ഹിജ്റ ആയിരുന്നു. ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ ഒരു പറിച്ചു നടലായിരുന്നു ഹിജ്റ. പ്രത്യേകിച്ചും യവ്വനത്തിലേക്ക് പാദമൂന്നുന്ന ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. മക്കയില്‍ ഇസ്ലാമിക പ്രബോധനത്തിന് ക്ലേശം അനുഭവപ്പെട്ടപ്പോഴാണ് മദീനയിലേക്ക് ഉപ്പയും സംഘവും ഒരു അവസാന യാത്ര എന്ന നിലക്ക് യത് രിബിലേക്ക് പുറപ്പെട്ടത്. അബ്സീനിയക്കും ത്വാഇഫിനുമെല്ലാം ശേഷമായിരുന്നു അത്. അതിനു വേണ്ടി ഏതാണ്ട് മൂന്നുവര്‍ഷത്തോളം തയാറെടുപ്പുകള്‍ നടത്തിയതിന് ശേഷമാണ് അല്ലാഹുവിന്റെ സമ്മതത്തോടെ ഉപ്പ ഹിജ്റക്ക് തീരുമാനിച്ചത്. ഉപ്പയെ തടയുവാൻ വൻ സന്നാഹമാണ് മക്കക്കാർ നടത്തിയത്. അവർ വീടു വളഞ്ഞു. പക്ഷെ, അലി അസാമാന്യ ധൈര്യം കാണിച്ച് ഉപ്പയുടെ വിരുപ്പിൽ കിടന്നു. ഉള്ള് വിറച്ചു പോയ ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഫാത്വിമ(റ)യുടെ അകം വിറച്ചു പോകും. ചുറ്റും ആയുധവുമായി വീടുവളഞ്ഞു നിൽക്കുന്നവരുടെ ഇടയിലൂടെ ഉപ്പയും അബൂബക്കർ(റ)യും പുറപ്പെട്ടു. പിന്നെ ഓരോരുത്തരായും സംഘമായും മുസ്ലിംകൾ മദീനായിലേക്ക് പുറപ്പെട്ടു.



മദീനയിൽ സ്വന്തം കാലുറപ്പിച്ചതോടെ നബി(സ) സൈദ് ബിൻ ഹാരിസ(റ), അബൂ റാഫിഅ്(റ) എന്നിവരെ മക്കയിലേക്ക് അയച്ചു. .അവശേഷിക്കുന്ന കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരുവാൻ വേണ്ടിയായിരുന്നു അത്. ഫാത്വിമ, സഹോദരി ഉമ്മു കുൽസും, രണ്ടാനുമ്മ സൗദ(റ), അബൂബക്കർ(റ)വിന്റെ കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവരും ഒന്നിച്ചായിരുന്നു അവരോടൊപ്പം യാത്ര തിരിച്ചത്. സ്വന്തം നാടിനോടും ചുറ്റുവട്ടങ്ങളോടും യാത്ര പറയുമ്പോൾ ഫാത്വിമ(റ)യുടെ മനസ്സിൽ അഭിമാനമാണുണ്ടായിരുന്നത്. കാരണം തനിക്ക് അല്ലാഹു ഒരുക്കിത്തന്ന വിശ്വാസത്തെ നിലനിറുത്തുവാനും പരിരക്ഷിക്കുവാനുമുള്ള ഒരു മഹാത്യാഗമാണ് താൻ ചെയ്യുന്നത് എന്നതിൽ അഭിമാനിക്കുകയായിരുന്നു അവരുടെ അന്തരംഗം. എന്നാൽ ഫാത്വിമ(റ)യുടെ അന്തരംഗം ശരിക്കും പിടഞ്ഞത് ജ്യേഷ്ടത്തി സൈനബ് മാത്രം മക്കയിൽ പെട്ടുപോയല്ലോ എന്ന് ഓർത്തപ്പോഴായിരുന്നു. സൈനബും ഒരുങ്ങിയതായിരുന്നു. ഈമാൻ അങ്ങനെയാണല്ലോ. അതിന്റെ കേന്ദ്ര ബിന്ദുവിലേക്ക് ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കും. പക്ഷെ, അവരുടെ ഭർത്താവ് അബുൽ ആസ്വ് ബിൻ റബീഅ് അനുവദിച്ചില്ല. അങ്ങനെ സൈനബും കുടുംബവും മക്കയിൽ ഒററപ്പെട്ടിരിക്കുകയാണ്.



മംഗല്യം



അലി ബിൻ അബീത്വാലിബിനെ എടുത്ത് വളർത്തിയത് സത്യത്തിൽ നബി(സ) ആയിരുന്നു. ഒരു പാട് മക്കളും കുടുംബ ഭാരവും ഉളള ആളായിരുന്നു അബൂ ത്വാലിബ്. എളാപ്പാക്ക് ഒരു സഹായമാകാൻ വേണ്ടി ഒരു മകനെ - അലിയെ - നബി(സ) എടുത്തു വളർത്തുകയായിരുന്നു. മറ്റൊരു മകനായ ജഅ്ഫറിനെ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബും എടുത്തു വളർത്തി. അങ്ങനെ അലി(റ) നബി(സ)യുടെയും ഖദീജാ ബീവിയുടെയും ശിക്ഷണത്തിൽ വളർന്നു. ഇതാണ് ഇസ്ലാം വന്നപ്പോൾ കുട്ടികളിലെ ആദ്യ വിശ്വാസിയാകുവാൻ അലി(റ)ക്ക് അവസരമൊരുക്കിയത്. ഇത് മറ്റൊരു സൗഭാഗ്യം കൂടി അലിക്ക് നേടിക്കൊടുത്തു. കൊച്ചുനാളിലേ ഏറ്റവും മഹിതമായ സ്വഭാവവും ശീലങ്ങളും സ്വാംശീകരിക്കാനുള്ള മഹാ സൗഭാഗ്യം. അലി(റ)വിന് ഇസ്ലാമിക സംസ്കൃതിയിൽ ഉള്ള എല്ലാ സവിശേഷതകളുടെയും അടിസ്ഥാനം ഇതു മാത്രമാണ്. അതിനെ അടിസ്ഥാനമായി വ്യഖ്യാനിക്കുവാൻ കഴിയാത്ത എല്ലാ മഹത്വവത്കരണങ്ങളും പിൽക്കാലത്ത് അദ്ദേഹത്തെ മുൻനിറുത്തി ചിലർ ഉണ്ടാക്കിയ കക്ഷികളുടെ സൃഷ്ടിയാണ്. മദീനയിൽ എത്തുകയും ഏതാണ്ട് രണ്ടു വർഷം തികയുകയും അതിനേക്കാളെല്ലാമുപരി മകൾക്ക് വിവാഹ പ്രായമെത്തുകയും ചെയ്തതോടെ മകളുടെ മംഗല്യം നടത്തുവാൻ നബി(സ) തീരുമാനിച്ചു.



ഫാത്വിമ ബീവി(റ)യെ വിവാഹം കഴിക്കാൻ പലരും ആഗ്രഹിക്കുകയും, ചിലർ ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും അത്തരം മാന്യന്മാരോടൊക്കെ അവരർഹിക്കുന്ന മാന്യതയിൽ തന്നെ നബി(സ) മടക്കി. ഒരു വിവാഹത്തിൽ എന്തിനാണ് മുന്തിയ പരിഗണന നൽകേണ്ടത് എന്ന് നബി(സ) തന്നെ പഠിപ്പിച്ചതാണ്. ഭൗതികമായ എല്ലാ പരിഗണനയേക്കാളും മുൻതൂക്കം നൽകേണ്ടത് ദീൻ എന്ന പരിഗണനക്കാണ്. ദീനിനെ പരിഗണിക്കുമ്പോൾ ദാമ്പത്യ ജീവിതത്തിന് അവശ്യം ആ വശ്യമായ സ്നേഹം, കരുണ, ദയ, ബന്ധങ്ങൾക്കു നൽകുന്ന പരിഗണന, വിട്ടുവീഴ്ച, കൂടിയാലോചന തുടങ്ങി എല്ലാ നന്മകളും അതിലൂടെ ലഭ്യമാകും. കടുംബം ശരിയായി മുന്നോട്ടു പോകുവാൻ വളരെ അനിവാര്യമാണ് ഈ ഗുണങ്ങളെല്ലാം. അതെല്ലാം എല്ലാ അർഥത്തിലുമുള്ള ഒരാൾക്കേ തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കു എന്നായിരുന്നു നബിയുടെ ഇംഗിതം. അതിനാൽ അപ്പോഴൊക്കെയും തിരുമനസ്സിൽ അലി (റ) ആയിരുന്നു. ഹിജ്റ: രണ്ടാം വർഷം തന്റെ മകളെ അലി (റ)വിന് ചെയ്ത് കൊടുക്കാൻ തിരുദൂതർ(സ) തീരുമാനിച്ചു. അലി (റ) അല്ലാഹുവിന് നന്ദി ചെയ്തു. തിരു ഉപദേശപ്രകാരം നബി (സ) തന്നെ ഒരിക്കൽ അദ്ദേഹത്തിന് സമ്മാനിച്ചിരുന്ന പടയങ്കി വിറ്റു. വിലയായി കിട്ടിയതിൽ നിന്ന് 400 ദിർഹം മഹ്റ് കൊടുത്തു. ഏതാണ്ട് സൂക്ഷ്മമായ ചരിത്ര പക്ഷ മനുസരിച്ച് വിവാഹ സമയത്ത് അലി(റ)വിന്‌ 22 വയസ്സും ഫാത്വിമ(റ)ക്ക്‌ 18 വയസ്സുമായിരുന്നു പ്രായം. വളരെ ലളിതമായാണ്‌ വിവാഹം നടന്നത്‌. രണ്ട്‌ ജോഡി വസ്‌ത്രങ്ങളും രണ്ട്‌ വെള്ളി വളകളും വെള്ളം നിറക്കാന്‍ ഒരു കലം, വെള്ളം കുടിക്കാന്‍ രണ്ട്‌ പാത്രങ്ങള്‍, ചകിരി നിറച്ച ഒരു തലയണയുമാണ്‌ പുതുതായി തട്ടിക്കൂട്ടിയ അവരുടെ വീട്ടിലേക്കായി ഉണ്ടാക്കപ്പെട്ടത്‌.



അലി (റ)വിന്‌ സാമ്പത്തികമായി വലിയ ശേഷിയൊന്നുമുണ്ടായിരുന്നില്ല. മദീനയിലെ ഒരു തരം ചങ്ങണപ്പുല്ല് വെട്ടി വിറ്റായിരുന്നു അദ്ദേഹം ജീവിത മാർഗ്ഗം കണ്ടെത്തിയിരുന്നത്. വിവാഹാനന്തരം ഭർതൃഗൃഹത്തിലേക്ക് മാറിയതോടെ ഉപ്പയുടെയും മകളുടെയും ഇടയിൽ ചെറിയ ഒരു അകലം രൂപപ്പെടു. അൽപം മാത്രം വിട്ടാണെങ്കിലും ആ അകൽച്ച മകൾക്കോ മകളെ പിരിഞ്ഞത് ഉപ്പക്കോ സഹിക്കാനായില്ല. മകൾ അടുത്തായിരുന്നെങ്കിലെന്ന് ഉപ്പ കൊതിച്ചു. ഉപ്പയെ എപ്പോഴും കാണാൻ പൊന്നുമോളും കൊതിച്ചു. ഹാരിസ ബ്നു നുഅ്മാൻ(റ) എന്നിവർക്ക് ഏതാനും വീടുകൾ പള്ളിക്കടുത്തുണ്ടായിരുന്നു. ഹാരിസ(റ) ആ ഉപ്പയുടെയും മകളുടെയും വിഷമങ്ങൾ മനസ്സിലാക്കി. അദ്ദേഹം തിരുദൂതരോട് തന്റെ ഒരു വീട് തരാം, എനിക്കുള്ളതെല്ലാം അല്ലാഹുവിനും അല്ലാഹുവിന്റെ റസൂലിനുമുള്ളതാണ്. അവിടുന്ന് ഫാത്വിമ (റ)യെ ഇങ്ങോട്ട് താമസിപ്പിക്കുക എന്ന് പറഞ്ഞു. നബി(സ) പറഞ്ഞു: നീ പറഞ്ഞത് സത്യമാണ്. നിനക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ. അങ്ങനെ ഫാത്വിമ ബീവി(റ) ഹാരിസ(റ) കൊടുത്ത വീട്ടിലേക്ക് ഉപ്പാക്ക് എപ്പോഴും കാണാവുന്നിടത്തേക്ക് താമസം മാറ്റി. പിന്നെ തന്റെ പൊന്നുമോളെ അതിരില്ലാതെ സ്നേഹിക്കുന്ന ആ വാത്സല്യനിധിയായ പിതാവ് എല്ലാ പ്രഭാതത്തിലും മകളെ ഒന്നു നോക്കുകയെങ്കിലും ചെയ്യും. സുബ്ഹി ബാങ്ക് കേട്ടാൽ ആ വാതിൽകട്ടിലിൽ പിടിച്ച് ഫാത്വിമ(റ)യെ നോക്കും, പുഞ്ചിരിക്കും. കൺകുളിർക്കെ കാണും. തിരുനബി (സ) ഏത് യാത്ര കഴിഞ്ഞ് വന്നാലും പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്കരിക്കും. എന്നിട്ട് ഫാത്വിമ(റ)യുടെ അടുത്തു ചെന്ന് അവിടെ കുറെ നേരം ഇരിക്കും. ശേഷമേ ഭാര്യമാരുടെ സമീപത്തേക്ക് പോകുകയുള്ളൂ.



അലി(റ)യുടെയും ഫാത്വിമ(റ)യുടെയും കുടുംബജീവിതം വളരെ സ്‌നേഹത്തിലും സമാധാനത്തിലുമായിരുന്നു. ഒരു ദിവസം അവര്‍ തമ്മില്‍ ചെറിയ ഒരു വഴക്കുണ്ടായി. പിണങ്ങിയ അലി (റ) പള്ളിയില്‍ പോയി നിലത്തുകിടന്നു. ശരീരത്തില്‍ നല്ലവണ്ണം മണ്ണ്‌ പുരണ്ടു. സംഭവം അറിഞ്ഞ നബി(സ) പള്ളിയില്‍ വന്ന്‌ അലി(റ)യോട്‌ പറഞ്ഞു: അബൂതുറാബ്‌ വീട്ടില്‍ പോകൂ. ഇതോടെ ആ കലഹം അവസാനിച്ചു. വീട്ടുജോലികള്‍ ഫാത്വിമ(റ) തന്നെയാണ്‌ നിര്‍വ്വഹിച്ചിരുന്നത്‌. വീട്ടില്‍ ദാസിമാര്‍ ഉണ്ടായിരുന്നില്ല. വെള്ളം വളരെ അകലെനിന്നാണ്‌ കൊണ്ടുവന്നിരുന്നത്‌. അതിനാല്‍ അവരുടെ ചുമലില്‍ പാട്‌ വീണു. ഗോതമ്പ്‌ പൊടിച്ച്‌ കൈയ്യില്‍ തഴമ്പുണ്ടായി. ഒരു ദിവസം നബി(സ)യുടെ അടുത്തേക്ക്‌ ഫാത്വിമ വന്ന്‌ പറഞ്ഞു: പിതാവേ, നോക്കൂ എന്റെ കയ്യും ചുമലും. ഞാന്‍ വളരെ വിഷമിക്കുന്നു. അതുകൊണ്ട്,‌ എനിക്കൊരു ഭൃത്യനെ അനുവദിച്ചുതരണം. എന്നാല്‍ നബി(സ)ആ ആവശ്യം നിരസിക്കുകയാണ്‌ ചെയ്‌തത്‌. ഭക്ഷണം കഴിക്കാനുള്ള വകയില്ലാതെ ജനങ്ങള്‍ വിഷമിക്കുമ്പോള്‍ ഭക്ഷണമൊരുക്കാന്‍ വേലക്കാരനെ അനുവദിക്കാന്‍ നിവൃത്തിയില്ലെന്നായിരുന്നു നബി(സ)യുടെ നിലപാട്‌. എങ്കിലും എന്റെ ഓമന മകളെ വേദനിപ്പിക്കരുതെന്ന്‌ നബി(സ) കരുതി. രാത്രിയില്‍ അലി(റ)വും ഫാത്വിമ(റ)യും കിടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവരുടെ അടുത്തേക്ക്‌ ചെന്ന്‌ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ എന്നോട്‌ ആവശ്യപ്പെട്ടതിനെക്കാളും ഉത്തമമായ കാര്യം ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞുതരാം, നിങ്ങള്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ സുബ്‌ഹാനല്ലാഹി, അല്‍ഹംദുലില്ലാഹി, എന്ന്‌ 33 പ്രാവശ്യവും അല്ലാഹു അക്‌ബര്‍ എന്ന്‌ 34 പ്രാവശ്യവും പറയുക. ഐഹിക സുഖം കിട്ടാതെ പോയാലും പരലോക സുഖം നേടാനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നാണ്‌ നബി(സ) മകളെ ഉപദേശിച്ചതിന്റെ പൊരുള്‍. ഏറ്റവും നല്ല സ്വഭാവമായിരുന്നു ഫാത്വിമ(റ)യുടേത്‌. അവരുടെ നടത്തം നബി(സ)യുടെ നടത്തംപോലെയാണെന്ന്‌ ആഇശ(റ) പറയുകയുണ്ടായിട്ടുണ്ട്‌. (ബുഖാരി).



അവളെ വേദനിപ്പിക്കരുത്



അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു ആരെ സംബന്ധിച്ചിടത്തോളവും. വിഷയം മറ്റൊന്നുമല്ല, അലി(റ) മറ്റൊരു വിവാഹം കഴിക്കുവാൻ പോകുന്നു. അതും അക്കാലത്തും ആ യുഗത്തിലും ഒരു അൽഭുതമേയല്ല. കാരണം അത് അക്കാലത്തെ ഒരു വ്യാപകമായ സംഭവം മാത്രമാണ്. ഭാര്യമാർ പോലും അതിൽ കാര്യമായ വിയോചിപ്പോ എതിർപ്പോ ഒന്നും രേഖപ്പെടുത്താറില്ല. അതിനാൽ ഇവിടെ അതല്ല പ്രശ്നം. മറിച്ച് അലി(റ) വിവാഹം ചെയ്യുവാൻ പോകുന്നത് അബൂജഹലിന്റെ മകളെയാണ്. അതു നടന്നാൽ അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടമുള്ള ആളുടെ മകളും ഏററവും വെറുപ്പുള്ള ആളുടെ മകളും ഒരാളിൽ സന്ധിക്കുക എന്ന വിഷയം വരും. നബിക്കും നബിയുടെ മകൾക്കും അത് ഇഷ്ടമില്ല. മാനസികമായി അതുൾക്കൊളളുവാൻ കഴിയില്ല. അതിനാൽ വിവരമറിഞ്ഞതും ഫാത്വിമ(റ) ഉപ്പയോട് സങ്കടത്തോടെ വിഷയം പറഞ്ഞു. വിവരം കേട്ടതും നബി(സ) ദേഷ്യപ്പെട്ടു. നബി(സ) പരസ്യമായി പ്രസ്താവിച്ചു: ഞാൻ അനുവദിക്കില്ല, ഞാൻ അതനുവദിക്കില്ല, ഞാൻ അതനുവദിക്കില്ല. ഒരു ഹറാമിനെ ഹലാലാക്കുകയോ ഒരു ഹലാലിനെ ഹറമാക്കുകയോ അല്ല ഞാൻ. മറിച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട ആളുടെ മകളും ഏറ്റവും വെറുക്കപ്പെട്ട ആളുടെ മകളും ഒരാളിൽ ഒരുമിച്ചു കൂടുന്നത് മാനസികമായ ഒരു വിഷമം ഉണ്ടാക്കുന്ന വിഷയമായതുകൊണ്ടാണ് (ബുഖാരി, അബൂദാവൂദ്). ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ) ഇതു കൂടി പറയുന്നുണ്ട്: ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്. അവളെ ആശങ്കപ്പെടുത്തന്നതെന്തും എന്നെയും ആശങ്കപ്പെടുത്തും. അവളെ വിഷമിപ്പിക്കുന്നത് എന്തും എന്നെയും വിഷമിപ്പിക്കും.



സൂനങ്ങൾ



വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞതും ആ കുടുംബത്തിലേക്ക് ആദ്യത്തെ അഥിതി എത്തി. അതൊരു ആൺകുഞ്ഞായിരുന്നു. മകൾ ഫാത്വിമ പ്രസവിച്ച വിവരമറിഞ്ഞ് നബി(സ) വന്നു. കോരിയെടുത്ത് ഉമ്മ വെക്കുകയും ഹസൻ എന്ന് പേരിടുകയും ആദ്യ മധുരം നൽകുകയും തലയിലെ മുടി കളയിച്ച് അതിന്റെ തൂക്കത്തിന് സമം വെള്ളി ദാനം ചെയ്യുകയും ചെയ്തു. അതിരറ്റ സന്തോഷമായിരുന്നു അന്ന് നബിതിരുമേനിക്ക്. തൊട്ടടുത്ത വർഷം അഥവാ ഹിജ്റ നാലിലെ ശഅ്ബാനിൽ വീണ്ടുമൊരു കുഞ്ഞിനു കൂടി ഫാത്വിമ(റ) ജൻമം നൽകി. അന്നും നബി(സ)യുടെ സന്തോഷം അവർണ്ണനീയമായിരുന്നു. കുഞ്ഞിന് നബി(സ) ഹുസൈൻ എന്ന് പേരിട്ടു. ദുനിയാവിലും ആഖിറത്തിലും ഔന്നത്യങ്ങൾ നേടാനുള്ള അനുഗ്രഹങ്ങളായിരുന്നു ഈ സന്തോഷമെല്ലാം.



ഹിജ്റ അഞ്ചാം വർഷം വീണ്ടും ഫാത്വിമ(റ) ഒരു കുഞ്ഞിന് ജൻമം നൽകി. അതൊരു പെൺകുഞ്ഞായിരുന്നു. അവൾക്ക് നബി(സ) സൈനബ് എന്നായിരുന്നു പേരിട്ടത്. അടുത്ത പ്രസവം ഒരു വർഷത്തിന്റെ ഇടവേള കഴിഞ്ഞായിരുന്നു. ആ കുഞ്ഞിന് ഉമ്മു കുൽസൂം എന്നായിരുന്നു പേരിട്ടത്. ഇവരിൽ ഉമ്മുകുല്‍സൂമിനെ ഉമര്‍(റ)വും, സൈനബിനെ അബ്‌ദുല്ലാഹിബ്‌നു ജഅ്‌ഫറുമാണ്‌ വിവാഹം ചെയ്‌തത്‌. ഇതിനിടയിൽ മുഹസ്സിൻ എന്ന ഒരു കുട്ടി കൂടി ഫാത്വിമ(റ)ക്ക് ജനിച്ചിട്ടുണ്ട്. ഈ കുഞ്ഞ് പ്രസവിക്കപെട്ട ഉടനെ തന്നെ മരണപെട്ടുവെന്നും ജനനത്തിനു മുമ്പെ മരണപെട്ടു എന്നും രണ്ടു പക്ഷമുണ്ട്. അതനുസരിച്ച് മൊത്തം 5 മകളായിരുന്നു അവർക്കു ജനിച്ചത്. നബി(സ)യുടെ സ്നേഹത്തിന്റെ എല്ലാ ചൂടും ചൂരും അറിഞ്ഞവരായിരുന്നു ഈ പേരക്കിടാങ്ങൾ. അവരിൽ നബി(സ)യുടെ സ്നേഹം ഏറ്റവുമധികം അനുഭവിച്ചവരാണ് ഹസനും ഹുസൈനും. അവർ രണ്ടുപേരും എന്റെ ദുനിയാവിലെ സുഗന്ധങ്ങളാണ് (ബുഖാരി) എന്നും അവർ രണ്ടു പേരും സ്വർഗ്ഗത്തിൽ യുവാക്കളുടെ നേതാക്കളായിരിക്കുമെന്നും (അഹ്മദ്, തിർമുദി) നബി(സ) പ്രസ്ഥാവിച്ചിട്ടുണ്ട്. അവരെ കുറിച്ചുള്ള പ്രയോഗങ്ങളിലൊക്കെയും വലിയ സൂചനകൾ അടങ്ങിയിട്ടുണ്ട് എന്നത് അവരെ കുറിച്ചുള്ള പഠനങ്ങളിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ്. ഹസനും ഹുസൈനും സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും എന്നു പറഞ്ഞത് ഒരു ഉദാഹരണം. ഇതിലടങ്ങിയിട്ടുള്ള സൂചന ഇവർ രണ്ടു പേരുമോ ഒരാളോ യവ്വനം പിന്നിടും മുമ്പ് മരണപ്പെടും എന്നാണ്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. ഹസൻ(റ) ഹിജ്റ 40 ൽ വഫാത്തായി. ഹസൻ(റ)നെ അടുത്തിരുത്തിക്കൊണ്ട് ഒരിക്കൽ നബി(സ) പറയുകയുണ്ടയി: എന്റെ ഈ മകൻ നേതാവാണ്, അല്ലാഹു അവന്റെ കാരണത്താൽ രണ്ടു വിഭാഗങ്ങൾക്കിടയിൽ അനുരജ്ഞനമുണ്ടാക്കിയേക്കും (ബുഖാരി, അബൂ ദാവൂദ്). അതങ്ങനെ തന്നെ സംഭവിച്ചു. അലി, മുആവിയ(റ) എന്നിവരെ ചുറ്റിപ്പറ്റി ഉണ്ടായതും ഒരു ആഭ്യന്തര യുദ്ധത്തോളം വളർന്നതുമായ പ്രശ്നങ്ങൾക്ക് രജ്ഞിപ്പുണ്ടാക്കിയത് അദ്ദേഹമായിരുന്നു.



ധീരതയുടെ കയ്യൊപ്പുകൾ



ഹിജ്റ 3 ൽ നടന്ന ഉഹ്ദ് യുദ്ധരംഗമാണ് നബി(സ)യുടെ ജീവിതം കണ്ട ഏറ്റവും ഭീഷണമായ രംഗം. ഫാത്വിമ(റ)യുടെ ഏറ്റവും വലിയ ആത്മാർപണത്തിന്റെ രംഗവും അതായിരുന്നു. ഹിജ്റ 3 ൽ നടന്ന ഈ യുദ്ധം തുടക്കത്തിൽ തന്നെ വിജയം കാണിച്ചു. കാരണം, അത്രക്കും ശാസ്ത്രീയമായിരുന്നു നബിയുടെ യുദ്ധ നീക്കങ്ങൾ. ഏറ്റവും പ്രധാനപ്പെട്ടത് കുന്നിൽ നിറുത്തിയ അമ്പെയ്ത്തുകാരാകാരുന്നു. അവർ മുകളിൽ നിന്നും അമ്പു മഴ പെയ്യിക്കുവാൻ തുടങ്ങിയതും ഖുറൈശികള്‍ പടക്കളം വിട്ടോടി. മാത്രല്ല, മുസ്‌ലിംകള്‍ തക്ബീര്‍ മുഴക്കിക്കൊണ്ട് സമരധനം വാരിക്കൂട്ടാന്‍ തുടങ്ങി. ഇത് മലമുകളില്‍ നില്‍ക്കുന്ന അമ്പേയ്ത്തുകാര്‍ കണ്ടു. അവര്‍ നേതാവായ അബ്ദുല്ലാഹിബ്നുജുബൈറിനോട് പറഞ്ഞു; ഇനി നാം ഇവിടെ ആരെ കാത്താണ് നില്‍ക്കുന്നത്? യുദ്ധം ജയിച്ചു. ശത്രുക്കള്‍ ഓടിമറഞ്ഞു. നമ്മുടെ സഹപ്രവര്‍ത്തകരതാ സമരധനം വാരിക്കൂട്ടുന്നു. നമുക്കിനി ഇവിടെ നില്‍ക്കേണ്ട ആവശ്യമില്ല. ഇറങ്ങാം. നേതാവ് പറഞ്ഞു: പാടില്ല, നബിതിരുമേനി(സ) നമ്മോട് അരുളിയിട്ടുള്ളത് ഓര്‍ക്കുക. തിരുമേനിയുടെ കല്‍പന കിട്ടിയശേഷമല്ലാതെ മലയില്‍നിന്നിറങ്ങരുതെന്നാണല്ലോ കല്‍പന. അതു ലംഘിച്ചുകൂടാ. ലംഘിച്ചാല്‍ വലിയ അപകടത്തിനതു കാരണമാകും, സൂക്ഷിക്കുക.
നബി നമ്മോട് ഇവിടെനിന്നിറങ്ങരുതെന്നു പറഞ്ഞതു യുദ്ധം ജയിക്കാനാണല്ലോ? അതു ജയിച്ചുകഴിഞ്ഞു. ഇനി ഇവിടെ വെറുതെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല, നമുക്ക് താഴെയിറങ്ങാം, സമരധനം സംഭരിക്കുന്നതില്‍ പങ്കുചേരാം എന്ന്‍ അവര്‍ പ്രതികരിച്ചു.



സമരധനത്തിനു മുമ്പിൽ നബിയുടെ ആജ്ഞ മറന്നുപോയ അമ്പെയ്ത്തുകാർ കുന്നിറങ്ങിയതും അതു കണ്ട തോറ്റോടിയ പടക്കാർ അതുവഴി തിരിച്ചു വന്ന് കുന്ന് കയ്യടക്കി യുദ്ധം പുനരാരംഭിച്ചതും ഒന്നിച്ചായിരുന്നു. അതോടെ യുദ്ധഗതി മാറി. മലമുകളില്‍നിന്നു ശത്രുക്കള്‍ ശരമാരി വര്‍ഷിക്കുകയും ചെയ്തതോടെ മുസ്ലിം സൈന്യം അടിപതറി. അമ്പുകള്‍ കണ്ണുകളിലും മൂക്കിലും തുളച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ വാരിക്കൂട്ടിയ ധനമെല്ലാം വലിച്ചെറിഞ്ഞു ഓടാന്‍ തുടങ്ങി. മലമുകളില്‍നിന്നു പേമാരിപോലെ പെയ്യുകയായിരുന്നു ശരങ്ങള്‍. ധാരാളം മുസ്ലിം വീരകേസരികള്‍ അമ്പേറ്റും കഴുത്ത്മുറിഞ്ഞും രക്തസാക്ഷികളായി. ചീറിവരുന്ന കൂരമ്പുകളെ തടുക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ മുസ്ലിംകള്‍ പലരും പടക്കളം വിട്ടോടി. തോറ്റു പടക്കളം വിട്ടോടിയ ഖുറൈശി പടയാളികളെല്ലാം തിരിച്ചുവരികയായിരുന്നു. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞിരുന്നു. ഇരുട്ടും പരിഭ്രാന്തിയും മുസ്ലിംകളെ വലയം ചെയ്തു. അപ്പോഴേക്കും ചില ചുണക്കുട്ടികള്‍ ആയുധമണിഞ്ഞു ശത്രുനിരകളെ ഭേതിക്കാന്‍ ജീവന്മരണപ്പോരാട്ടം നടത്തിക്കൊണ്ടിരുന്നു. അവരെല്ലാം ശത്രുക്കളുടെ വാളിനിരയാവുകയാണുണ്ടായത്. ഇസ്ലാമികപതാക രക്തത്തില്‍ കുതിര്‍ന്നു വീണുകിടക്കുമ്പോള്‍ ഹസ്രത്ത് മിസ്‌അബുബ്നു ഉമൈര്‍(റ) അതെടുത്ത് ഉയര്‍ത്തിപ്പിടിച്ച്‌ മുന്നേറാന്‍ ശ്രമിച്ചു, ശത്രുക്കള്‍ അദ്ദേഹത്തെ വലയംചെയ്തു. അദ്ദേഹം തന്‍റെ ഖഡ്ഗം വീശാന്‍ തുടങ്ങി. പലരും അതേറ്റു നിലംപതിച്ചു. പക്ഷെ, ഏറെനേരം പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. മലമുകളില്‍നിന്നു ചീറിപ്പാഞ്ഞുവന്ന അസ്ത്രങ്ങള്‍ ആ മഹാത്മാവിനെ വീഴ്ത്തിക്കളഞ്ഞു.



നബിതിരുമേനി(സ), ഹംസ(റ), അലി(റ) ഇവരില്‍ ആരെയെങ്കിലും ഒരാളെ കിട്ടാന്‍ തക്കംപാര്‍ത്തു നടക്കുകയായിരുന്നു വഹ്ശി എന്ന അടിമ. ഈ സുവര്‍ണ്ണാവസരം മുതലെടുത്ത്‌ ഹംസ(റ)വിനെ അകലെ മാറിനിന്നുകൊണ്ട് ഉന്നംവെച്ചു. ഹംസ(റ)വിന്‍റെ മുന്‍വശത്തുനിന്നു ഉന്നംവെക്കാന്‍ ധൈര്യം വരാത്തതിനാല്‍ പിന്നില്‍ കുറെ അകന്നുമാറിക്കൊണ്ട് അയാള്‍ അദ്ദേഹത്തെ ഒഴിഞ്ഞുകിട്ടാന്‍ തക്കം പാര്‍ത്തുനിന്നു. തക്കത്തിൽ ഒത്തു കിട്ടിയതും വഹ്ശി ഹംസ (റ) വിനു നേരെ ചാട്ടുളി തൊടുത്തു. അത് കൃത്യമായി കൊണ്ടു. അദ്ദേഹം ശഹീദായി. ശത്രുക്കൾക്ക് വേണ്ടിയിരുന്നത് നബി(സ)യുടെ ജീവനായിരുന്നു. അവർ നബിയുടെ മാർവ്വിടം ലക്ഷ്യം വെച്ചു. നിമിഷങ്ങൾ മുന്നോട്ടു പോയതും യുദ്ധക്കളം ആകെ ചിതറിപ്പോയി. വെപ്രാളത്തോടൊപ്പം അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടിപടലങ്ങൾ, ഇരുട്ട് അരിച്ചിറക്കുന്ന സന്ധ്യാസമയം, ഇതിനെല്ലാം ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ കണ്ടവരൊക്കെ കണ്ടവരെയൊക്കെ വെട്ടാനും കുത്താനും തുടങ്ങി. കുറേ ആൾക്കാർ പിന്നോട്ട് മടങ്ങി. ഈ സമയത്തെല്ലാം നബി(സ) ഒരു കുതിരപ്പുറത്ത് ധീരമായി മുന്നേറുകയായിരുന്നു. നബി(സ) ഈ ഘട്ടത്തില്‍ ഉറച്ചുനിന്നു പൊരുതുകയും പടക്കളംവിട്ടോടുന്ന മുസ്ലിംകളെ തിരിച്ചുവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങിനെ സധീരം പോരാടിക്കൊണ്ടിരിക്കവേ നബി(സ) ഒരു വലിയ കുഴിയില്‍ വീണു. അബൂആമിര്‍ എന്ന ദുഷ്ടന്‍ തീര്‍ത്തതായിരുന്നു ആ ചതിക്കുഴി. നബിയെക്കാണാതായി. സ്വഹാബികള്‍ അമ്പരന്നു. ഈ ഘട്ടത്തില്‍ ശത്രുക്കള്‍ വിളിച്ചുപറയാന്‍ തുടങ്ങി, മുഹമ്മദ്‌ വധിക്കപ്പെട്ടുവെന്ന്. ഇതും കൂടി കേട്ടപ്പോള്‍ ഉറച്ചുനിന്നു പൊരുതിയിരുന്ന ചിലര്‍പോലും ഭയന്നോടുകയുണ്ടായി. എന്നാല്‍ മറ്റുചിലരാകട്ടെ ഇനി ജീവിച്ചിരുന്നിട്ട് ഫലമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് പടക്കളത്തിലെക്കെടുത്തുചാടി മരണം വരെ പൊരുതുകയാണ് ചെയ്തത്. മുഹമ്മദ്‌ കൊല്ലപ്പെട്ടുവെന്ന് ഇബ്നുസംഅത്ത് എന്ന ഖുറൈശീഭടന്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു. അപ്പോള്‍ പടക്കളംവിട്ടോടിയവരെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ ഇങ്ങനെ കാണാം: മുഹമ്മദ്‌ ഒരു പ്രവാചകന്‍ മാത്രമാണ്(സ). അദ്ദേഹത്തിനു മുമ്പും പ്രവാചകന്മാരുണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ, വധിക്കപ്പെടുകയോ ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളുടെ കാല്‍മടമ്പുകളിലേക്ക് പിന്തിരിയുകയാണോ ചെയ്യേണ്ടത്? അങ്ങനെ പിന്തിരിയുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവിനെയല്ലെ ദ്രോഹിക്കുന്നത്. നന്ദിയുള്ളവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു നല്ല പ്രതിഫലം നല്‍കും, അല്ലാഹുവിന്‍റെ അനുമതികൂടാതെ ഒരാള്‍ക്കും മരിക്കാന്‍ കഴിയുകയില്ല. അവധി നിര്‍ണ്ണയിക്കപ്പെട്ടതാണത് (വി.ഖു.).



വാര്‍ത്ത കേട്ടുഞെട്ടിയ സത്യവിശ്വാസികളില്‍ പലരും ഉഹ്ദിലേക്ക് കുതിച്ചോടി. നബി(സ) വധിക്കപ്പെട്ടിട്ടില്ലെന്നറിഞ്ഞപ്പോള്‍ മാത്രമാണവര്‍ക്ക് ശ്വാസം നേരെ വീണത്. ഉഹ്ദിലേക്കുകടക്കുന്നവരുടെ കൂട്ടത്തില്‍ നബി(സ)യുടെ മകൾ ഫാത്വിമ(റ)യും ഉണ്ടായിരുന്നു. പക്ഷെ, പടക്കളത്തിലേക്ക് അവര്‍ക്കു നബി(സ)ആദ്യം അനുമതി നല്‍കിയില്ല. വികൃതമാക്കപ്പെട്ട ജഡങ്ങള്‍ കണ്ടാല്‍ അവര്‍ മാറത്തടിച്ചു കരയാന്‍ തുടങ്ങുമെന്ന ആശങ്കയിലാണ് അനുമതി നല്‍കാതിരുന്നത്. ഹസ്രത്ത് ഹംസ(റ)വിന്‍റെ സഹോദരിയായ സഫിയയും അക്കൂട്ടത്തിലുണ്ടായിരുന്നു. സഫിയ(റ) നബിയോട് അപേക്ഷിച്ചു; അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ സഹോദരനെ ശത്രുക്കള്‍ കാട്ടിക്കൂട്ടിയതെല്ലാം ഞാനറിഞ്ഞു,. മൃതദേഹം വികൃതമാക്കിയതും അറിഞ്ഞിരിക്കുന്നു. ഇനിയത് ഒരു നോക്ക് കാണുകയാണ് മനസ്സമാധാനത്തിന് ആവശ്യം. കാണാതിരുന്നാല്‍ എന്‍റെ ഖേദം ഒരുകാലത്തും തീരുകയില്ല. ദയവുചെയ്ത് എന്നെ അതിനനുവദിക്കുക. ഞാന്‍ ശല്യമൊന്നും ഉണ്ടാക്കുകയില്ല. നബി(സ) അവരെ അതിനനുവദിച്ചു. ഒന്നു ശാന്തമായപ്പോൾ മകൾ ഉപ്പയെ പിടിച്ചിരുത്തി. വീഴ്ചയുടെ ആഘാതത്തിൽ നബി(സ)യുടെ മുൻപല്ലും ചുണ്ടും പൊട്ടി രക്തമൊലിക്കുന്നുണ്ടായിരുന്നു. പടയങ്കിയുടെ ആണി ആഴ്ന്നു പോയതിന്റെ മുറിവുണ്ടായിരുന്നു. മുറിവുകളെല്ലാം ഫാത്വിമ(റ) കഴുകി. ഭർത്താവ് അലി(റ) വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്തു (ബുഖാരി). ഹിജ്റ അഞ്ചാം വർഷം നടന്ന അഹ്സാബ് യുദ്ധത്തിലും ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധത്തിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഖൈബർ യുദ്ധത്തിൽ 85 വസ്ഖ് ധാന്യം അവർക്ക് നബി(സ) അളന്നു കൊടുക്കുകയുണ്ടായി.



ഉപ്പയുടെ വിയോഗം



പ്രിയപ്പെട്ട നബി പുത്രിയുടെ ജീവിതം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തം ഉപ്പയുടെ വിയോഗം തന്നെയായിരിക്കും. ഇസ്ലാമിക ദൗത്യം പൂര്‍ത്തിയാവുകയും ഇസ്ലാം ഭൂമിയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തതോടെ പ്രവാചക തിരുമേനി തന്റെ ഇഹലോക ജീവിതത്തോട് വിടചൊല്ലിത്തുടങ്ങി. അവിടുത്തെ വാക്കുകളിലും പ്രവൃത്തികളിലും അതിന്റെ ലക്ഷണങ്ങള്‍ പ്രകട
ഹിജ്റ പത്താംവര്‍ഷം റമദാനില്‍ അവിടുന്ന് ഇരുപത് ദിവസമാണ് പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നത്. മുമ്പ് പത്ത് ദിവസമല്ലാതെ ഇരിക്കാറില്ലായിരുന്നു. ഈ വര്‍ഷം തന്നെ ജിബ്രീല്‍ പ്രത്യക്ഷപ്പെട്ട് ഖുര്‍ആന്‍ രണ്ടു തവണ പാഠം നോക്കുകയും ചെയ്തു. വിടവാങ്ങല്‍ ഹജ്ജിലെ പ്രസംഗത്തില്‍ അവിടുന്നു ഒന്നുകൂടി തെളിച്ചു പറഞ്ഞു: ഈ വര്‍ഷത്തിനുശേഷം നിങ്ങളെ ഈ സ്ഥലത്ത് വെച്ച് ഇനിയൊരിക്കല്‍കണ്ടുമുട്ടുമോ എന്നെനിക്കറിയില്ല. ജംറത്തുല്‍ അഖബക്ക് സമീപം വെച്ച് അവിടുന്ന് വിളിച്ചു പറഞ്ഞു: നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍നിന്ന് സ്വീകരിക്കുക. ഒരു പക്ഷേ, ഈ വര്‍ഷത്തിനുശേഷം ഞാന്‍ ഹജ്ജ് നിര്‍വഹിച്ചില്ലാ എന്നു വന്നേക്കാം. അതേവര്‍ഷം തന്നെ തശ്രീഖിന്റെ നാളുകളിലെ ദുല്‍ഹിജ്ജ പന്ത്രണ്ടിന് അവിടുത്തെ വിയോഗത്തിന്റെ വിവരവുമറിയിച്ചുകൊണ്ട് അന്നസ്വര്‍ അധ്യായവും അവതരിച്ചു. ഹിജ്റ പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസത്തിന്റെ പ്രാരംഭത്തില്‍ ഉഹ്ദില്‍ ഖബ്റടക്കിയ രക്തസാക്ഷികളെ സന്ദര്‍ശിച്ച് യാത്രചോദിക്കുന്നതുപോലെ ചെയ്യുകയുണ്ടായി. അന്ന്
രാത്രിയുടെ അര്‍ധഭാഗം പിന്നിട്ടപ്പോള്‍ അവിടുന്ന് പ്രിയസഹചരന്മാരെ മറമാടിയ ബഖീഅ് ശ്മശാനത്തില്‍ചെന്ന് അവര്‍ക്കുവേണ്ടി പാപമോചനത്തിനായി പ്രാർഥിക്കുകയുണ്ടായി. ഇതെല്ലാം ചേർത്തു വായിച്ചപ്പോൾ ഫാത്വിമ(റ)ക്ക് തോന്നി, ഉപ്പ ഒരു അന്ത്യയാത്രക്കുള്ള ഒരുക്കത്തിലാണ് എന്ന്.



രോഗാരംഭം ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം സ്വഫര്‍ മാസം ഇരുപത്തി എട്ടിനോ ഇരുപത്തി ഒമ്പതിനോ ആയിരുന്നു. ആ തിങ്കളാഴ്ച ബഖീഅ് ശ്മശാനത്തില്‍ ഒരു മയ്യിത്ത് സംസ്കരണത്തില്‍ പങ്കെടുത്തശേഷം മടങ്ങും വഴി തലവേദന അനുഭവപ്പെട്ടു. ശരീരോഷ്മാവ് ഉയരുകയും അവിടുന്ന് ധരിച്ചിരുന്ന തലപ്പാവിന്റെ പുറത്തേക്കുകൂടി അനുഭവപ്പെടുമാറ് അത് കഠിനമാവുകയും ചെയ്തു. അതായിരുന്നു രോഗം. തുടര്‍ന്ന് രോഗിയായിക്കൊണ്ട് നബി (സ) പതിനൊന്ന് ദിവസം നിസ്കാരങ്ങള്‍ക്കു ജനങ്ങള്‍ക്കു നേതൃത്വം നല്കുകയുണ്ടായി മൊത്തം രോഗദിനങ്ങള്‍ പതിമൂന്നോ പതിനാലോ ആണ്.



അവസാനവാരം രോഗം കഠിനമായതാേടെ‍ ഭാര്യമാരെല്ലാവരുടെയും സമ്മതത്തോടെ ഫള്ല്‍ ബിന്‍ അബ്ബാസിന്റെയും അലിയ്യുബിന്‍ അബീത്വാലിബിന്റെയും ഇടയിലായി കാലിഴഞ്ഞ് നടന്ന് ആയിഷാ(റ)യുടെ വീട്ടിലേക്ക് പോയി. പിന്നെ അവസാനത്തെ ആഴ്ച അവിടെയാണ് നബി (സ) കഴിച്ചുകൂട്ടിയത്. ആഇശ(റ) തിരുദൂതരില്‍നിന്ന് അഭ്യസിച്ച മുഅവ്വിദാത് സൂറകളും മറ്റു പ്രാര്‍ഥനകളും ഓതി കൈകളില്‍ ഈതി ശരീരത്തില്‍ തടവിക്കൊടുത്തു കൊണ്ടേയിരുന്നു. മരണത്തിന്റെ അഞ്ചുനാളുകള്‍ക്ക് മുമ്പ് ബുധനാഴ്ച പനി കഠിനമാവുകയും വേദനകൂടുകയും ഇടക്കിടെ ബോധരഹിതനാവുകയുമുണ്ടായി. വ്യത്യസ്ത കിണറുകളില്‍നിന്ന് ശേഖരിച്ച ഏഴു തോല്‍പാത്രം വെള്ളം എന്റെ മേല്‍ ചൊരിയുക എന്ന് നബി പറഞ്ഞു. അനുയായികൾ അങ്ങനെ ചെയ്തു. രോഗത്തിന് അല്പം ആശ്വാസം തോന്നിയപ്പോള്‍ തലപ്പാവ് ധരിച്ച് പള്ളിയുടെ മിമ്പറില്‍ കയറിയിരുന്നു പ്രസംഗിച്ചു. ഇതായിരുന്നു അവിടുത്തെ അവസാന സദസ്സ്. ഖബ്റുകൾ ആരാധിക്കപ്പെടരുത്, അൻസ്വാറുകൾ അനാദരിക്കപ്പെടുത് തുടങ്ങി പല സാരോപത്തായ ഉപദേശങ്ങളും നൽകിയ ശേഷം തന്റെ ബാധ്യതകൾ കടങ്ങൾ തുടങ്ങി എല്ലാം വീട്ടുകയും പൊരുത്തപ്പെടീക്കുകയും ചെയ്തു. മരണത്തിന്റെ നാലുദിവസങ്ങള്‍ക്കുമുമ്പുള്ള വ്യാഴാഴ്ച നബിക്ക് വേദന കഠിനമായി. അന്ന് മൂന്ന് കാര്യങ്ങള്‍ അവിടുന്ന് നിര്‍ദേശിച്ചു: ഒന്ന്, ജൂതരേയും ക്രിസ്ത്യാനികളെയും ബഹുദൈവാരാധകരേയും അറേബ്യയില്‍നിന്ന് പുറത്താക്കുക. രണ്ട്, നിയോഗിച്ചയച്ച സംഘങ്ങളെ ആ വഴിക്കുതന്നെ തിരിച്ചുവിടുക. മൂന്നാമത് പറഞ്ഞ കാര്യം നിവേദകന്‍ മറന്നു. ഒരു പക്ഷേ, ഖുര്‍ആനും സുന്നത്തും അവലംബിച്ചു ജീവിക്കണമെന്ന നിര്‍ദേശമോ, ഉസാമയുടെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിക്കണമെന്നോ നമസ്കാരത്തിന്റെയും അടിമകളുടെയും കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശമോ ആകാമത്.



കഠിന രോഗമായിരുന്നിട്ടും അവിടുന്ന് ഈ ദിവസം വരെ- വ്യാഴാഴ്ച വരെ- നമസ്കാരത്തിനു നേതൃത്വം നല്കികൊണ്ടിരുന്നു. അന്ന് മഗ്രിബ് നമസ്കാരത്തില്‍ അവിടുന്നു വല്‍മുര്‍സലാത്തി എന്ന അധ്യായമാണ് പാരായണം ചെയ്തത്. രാത്രിയായതോടെ രോഗം വീണ്ടും കഠിനമാവുകയും പള്ളിയിലേക്ക് പുറപ്പെടാന്‍ കഴിയാത്തസ്ഥിതിയിലെത്തുകയും ചെയ്തു. അതോടെ അബൂബക്കറി(റ)നെ നമസ്കാരത്തിനു നേതൃത്വം നൽകുവാൻ ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബൂബക്കര്‍(റ)വാണ് നമസ്കാരത്തിന് നേതൃത്വം നല്കിയത്. മൊത്തം പതിനേഴ് സമയത്തെ നമസ്കാരങ്ങള്‍ക്ക് അദ്ദേഹം നബിയുടെ കാലത്ത് നേതൃത്വം നല്കി. മരണത്തിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കു മുമ്പ്
അഥവാ ശനിയാഴ്ചയോ ഞായറാഴ്ചയോ അല്പം ആശ്വാസം തോന്നിയപ്പോള്‍ അവിടുന്ന് രണ്ടുപേരെ അവലംബിച്ചുകൊണ്ട് ളുഹ്റ് നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ടു . അപ്പോള്‍ അബൂബക്കര്‍(റ) നമസ്കാരത്തിന് നേതൃത്വം നല്കുന്നുണ്ടായിരുന്നു. നബി (സ) യുടെ സാമീപ്യം അനുഭവപ്പെട്ടപ്പോൾ മിഹ്റാബിൽ നിന്ന് പിന്തിരിയാന്‍ ശ്രമിച്ച അബൂബക്കറി(റ)നോട് അവിടെത്തന്നെ നില്ക്കാന്‍ നബി(സ) ആംഗ്യം കാണിച്ചു. തുടർന്ന് അവിടുന്നാവശ്യപ്പെട്ടു: എന്നെ അദ്ദേഹത്തിന്റെ അടുത്തിരുത്തുക. അപ്പോള്‍ അബൂബക്കറിന്റെ ഇടതുഭാഗത്ത് നബി തങ്ങളെ ഇരുത്തി. എന്നിട്ട് നബി(സ) നമസ്കരിക്കുകയും അതിനെ പിന്തുടര്‍ന്നുകൊണ്ട് തക്ബീറുകള്‍ ജനങ്ങള്‍ കേള്‍ക്കുമാറ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ട് അബൂബക്കര്‍(റ) നബിയെ തുടര്‍ന്ന് നമസ്കരിക്കുകയും ചെയ്തു.



മരണത്തിന് ഒരു ദിവസം മുമ്പ് അഥവാ ഞായറാഴ്ച നബി(സ) തന്റെ അടിമകളെ മോചിപ്പിക്കുകയും കൈവശമുണ്ടായിരുന്ന ആറോ ഏഴോ ദീനാര്‍ ധര്‍മം ചെയ്യുകയും തന്റെ ആയുധങ്ങള്‍ മുസ്ലിംകള്‍ക്ക് നല്കുകയും ചെയ്തു. അന്ന് രാത്രി ആഇശ(റ)തന്റെ വിളക്കിന് എണ്ണക്കായി അയല്‍ക്കാരി സ്ത്രീയുടെ അടുക്കലേക്ക് വിളക്ക് കൊടുത്തുവിടുകയുണ്ടായി. അനസ്ബിന്‍ മാലിക്(റ) പറയുന്നു: തിങ്കളാഴ്ച ദിവസം സുബ്ഹ് നിസ്കാരത്തിന് അബൂബക്കര്‍(റ) നേതൃത്വം നല്കിക്കൊണ്ടിരിക്കെ ആകസ്മികമായി നബി(സ) ആഇശ(റ)യുടെ മുറിയില്‍നിന്ന് വിരിമാറ്റി നമസ്കരിക്കുന്നവരെ നോക്കി പുഞ്ചിരിച്ചു. ഇത്കണ്ട് അവിടുന്ന് നമസ്കാരത്തിന് ആഗതനാവുകയാണെന്ന് ധരിച്ച് അബൂബക്കര്‍(റ) പിന്നിലെ അണിയിലേക്ക് നീങ്ങാന്‍ ശ്രമിച്ചു. നബി(സ)യുടെ ആഗമനം പ്രതീക്ഷിച്ച് സന്തുഷ്ടരായ ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകുന്നതുകണ്ടപ്പോള്‍ അവിടുന്ന് നമസ്കാരം പൂര്‍ത്തിയാക്കാന്‍ അവരോടു ആംഗ്യം കാണിച്ചു. തുടര്‍ന്ന് മുറിയില്‍ പ്രവേശിച്ച് വിരി താഴ്ത്തുകയും ചെയ്തു.



പിന്നീട് മറ്റൊരു നമസ്കാരത്തിനും നബി(സ) ഹാജരായിട്ടില്ല. മരണത്തിനുമുമ്പായി റസൂല്‍(സ) പുത്രി ഫാത്വിമ(റ)യെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞപ്പോള്‍ അവർ ദു:ഖത്താല്‍ കരഞ്ഞു. വീണ്ടും വിളിച്ചു മറ്റൊരുകാര്യം പറഞ്ഞു. അപ്പോള്‍ സന്തോഷത്താല്‍ ചിരിക്കുകയും ചെയ്തു. ആഇശ(റ) പറയുന്നു. പിന്നീട് ഫാത്വിമയോട് എന്തായിരുന്നു റസൂല്‍(സ) അന്ന് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: ഞാന്‍ കരഞ്ഞത് അവിടുത്തെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്. ചിരിച്ചത്, നബികുടുംബത്തില്‍ ആദ്യം അദ്ദേഹത്തോട് ചേരുക ഞാനായിരിക്കുമെന്ന് അറിയിച്ചപ്പോഴാണ്. തുടര്‍ന്ന് പൌത്രന്മാരായ ഹസന്‍, ഹുസൈന്‍ എന്നിവരെ വിളിക്കുകയും ചുംബനമര്‍പ്പിക്കുകയും നന്മ ഉപദേശിക്കുകയും ഭാര്യമാരെ വിളിച്ച് ഉപദേശനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു. വേദന കഠിനമായി വന്നപ്പോള്‍ ആഇശ(റ)യെ വിളിച്ചു അവിടുന്നു പറഞ്ഞു: ആഇശാ! അന്ന് ഖൈബറില്‍ വെച്ച് ഞാന്‍ കഴിച്ച ഭക്ഷണത്തിലെ വിഷത്തിന്റെ രുചി എനിക്കിപ്പോഴും അനുഭവപ്പെടുന്നു. ആ വിഷത്തിലൂടെ എന്റെ മരണം കടന്നുവരുന്നതായി ഞാന്‍ കാണുന്നു. ജൂതരുടേയും ക്രിസ്ത്യാനികളുടെയും മേല്‍ അല്ലാഹുവിന്റെ ശാപം വര്‍ഷിക്കുമാറാകട്ടെ! അവര്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകളെ പള്ളികളാക്കി. അറേബ്യയില്‍ രണ്ട് മതം അവശേഷിക്കാന്‍ പാടില്ല; ഇതായിരുന്നു അവിടുത്തെ അവസാനത്തെ ഉപദേശം.



ക്രമേണ വേദനയും അസ്വസ്ഥതയും കൂടി വരികയും ആയിഷ(റ)യുടെ മടിയിൽ കിടന്ന് അവർ അതു പ്രകടിപ്പിക്കുകയും ചെയ്തു. ആയിഷാ(റ) മൃദുലപ്പെടുത്തിക്കൊടുത്ത മിസ്വാക് പൂർത്തിയാകുന്നതിന്റെ മുമ്പായി അവിടുന്ന് വിരല്‍ ആകാശത്തേക്ക് ചൂണ്ടി കണ്ണുകള്‍ മേലോട്ടുയര്‍ത്തി ചുണ്ടുകള്‍ ഇളക്കി. ആഇശ(റ) ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവിടുത്തെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ട്: നീ അനുഗ്രഹം ചൊരിഞ്ഞ പ്രവാചകന്മാരുടെയും സത്യവാന്മാരുടെയും രക്തസാക്ഷികളുടെയും സദ് വൃത്തരുടെയും കൂടെ എന്നെ ചേര്‍ക്കേണമേ. അല്ലാഹുവേ, എനിക്കു നീ പൊറുത്തുതരികയും കരുണ ചൊരിയുകയും ചെയ്യേണമേ ഉന്നതനായ കൂട്ടുകാരനുമായി എന്നെ നീ ചേര്‍ക്കേണമേ, അല്ലാഹുവേ ഉന്നതനായ കൂട്ടുകാരന്‍! അവസാനത്തെ വാക്ക് മൂന്നുതവണ ആവര്‍ത്തിച്ചു. അതിനിടക്ക് അവിടുത്തെ കൈചാഞ്ഞു. അത്യുന്നതനായ കൂട്ടുകാരനുമായി ചേര്‍ന്നു. ഇന്നാലില്ലാഹി. ഹിജ്റാബ്ദം പതിനൊന്നാം വര്‍ഷം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തിങ്കളാഴ്ച രാവിലെയായിരുന്നു ഇത്. അന്നേക്ക് അവിടുത്തേക്ക് അറുപത്തിമൂന്ന് വര്‍ഷവും നാലുദിവസവും പ്രായമായിരുന്നു.



പ്രവചിച്ചതു പോലെ..



പരുക്കൻ ജീവിതം, ദരിദ്രമായ ചുറ്റുപാടുകൾ, ഓരോ വർഷവും എന്ന നിലയിൽ അഞ്ചു പ്രസവങ്ങൾ, മനസ്സിനെ പിടിച്ചുലക്കുന്ന ജീവിതാനുഭവങ്ങൾ. എല്ലാം ചേർന്നപ്പോൾ ഫാത്വിമ(റ) ക്കു രോഗം വന്നു. മേലാസകലം വേദന കാരണം ശരീരം ക്ഷീണിച്ചു പോയി. പിതാവ് ജീവിച്ചിരിക്കുന്ന കാലത്ത് കൂടെക്കൂടെ രോഗവിവരങ്ങൾ അന്വേഷിച്ചു വരും. അതൊരു ആശ്വാസമായിരുന്നു. പിന്നെ ഉപ്പ ആ കാര്യം - ഇനി ബനൂ ഹാശിമിൽ നിന്ന് ആദ്യം മരണപ്പെടുക എന്ന കാര്യം - കേട്ടതിനു ശേഷം പ്രത്യേകിച്ചും. ഇപ്പോൾ അവരുടെ മനസ്സ് തുടിക്കുന്നത് രോഗം മാറിക്കിട്ടാൻ എന്നതിലുപരി വേഗം പ്രിയപ്പെട്ട ഉപ്പയുടെ അടുത്തെത്തുവാനാണ്. ഉപ്പയുടെ മാത്രമല്ല, ഉമ്മയുടെയും സഹോദരിമാരുടെയും എല്ലാം അടുത്തേക്ക്.



ഹിജ്റ 11 റമളാൻ മാസം മൂന്നാം തിയ്യതി ഹ്രസ്വമെങ്കിലും സമഗ്രമായ ആ ജീവിത യാത്ര അവസാരിച്ചു. 28 വയസ്സിൽ കൊഴിഞ്ഞ ആ പുഷ്പം സ്വന്തം ഉപ്പയുടെ മദീനയിൽ അൽ ബഖീഅ് എന്ന സ്വർഗ്ഗ ശ്മശാനത്തിൽ അന്തിമ കാഹളത്തിന് ചെകിടോർത്ത് കിടക്കുന്നു.
(സ്വഹാബിയ്യാത്തുൻ ഹൗലർറസൂൽ)






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso