Thoughts & Arts
Image

ഉമ്മു അമ്മാറ(റ)

14-05-2022

Web Design

15 Comments

4
ധീരതയുടെ പെൺമ



നിശയുടെ നിശബ്ദത മൂടിപ്പുതച്ചു കിടക്കുകയാണ് മിനാ താഴ്‌വര. എല്ലാവരും സുഖ സുഷുപ്തിയിലാണെങ്കിലും ഒരു ഭയം ശോകഗീതം മീട്ടുന്നുണ്ട് അവരുടെ മനസ്സുകളിൽ. തങ്ങളുടെ നീക്കങ്ങൾ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടാവുമോ എന്ന ഭയം. പൊതുവെ മക്കയിൽ അടക്കിപ്പിടിച്ച നിരീക്ഷണങ്ങൾ ശക്തമാണ്. മുഹമ്മദും അനുയായികളും എന്തൊക്കെയോ നീക്കങ്ങൾ നടത്തുന്നതിന്റെ സൂചനകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. എന്തും ചെയ്യാൻ മടിക്കാത്ത ശത്രുക്കളാണ് മക്ക നിറയെ. കഴിഞ്ഞ വർഷവും അഥവാ പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വർഷം ഇതു പോലെ തങ്ങളുടെ പ്രതിനിധികൾ വന്നിരുന്നു. അന്നു പക്ഷെ ഇത്ര ആൾ ഉണ്ടായിരുന്നില്ല. വെറും 12 പേർ. 10 ഖസ്റജുകാരും രണ്ട് ഔസുകാരും. അതും വെറും പുരുഷൻമാർ. ആരുമറിയാതെ, ആരുടെയും ശ്രദ്ധയിൽ പെടാതെ അവർ ജംറത്തുൽ അഖബായുടെ അടുത്തുള്ള ഒരു മരച്ചുവട്ടിൽ ഇരുട്ടിന്റെ മറവിൽ ഒരുമിച്ചുകൂടി. അവിടെ വെച്ച് അവർ മാനുഷ്യകത്തിന്റെ മഹാചാര്യനെ കണ്ടു. ഇസ്ലാമിനെ കുറിച്ച് നബി(സ) വിവരിച്ചു, അവർ സാകൂതം ശ്രദ്ധിച്ചു കേട്ടു. അവസാനം അവർ ആ കരങ്ങൾ പിടിച്ച് ഇസ്ലാമിനു വേണ്ടി സ്വയം സമർപ്പിക്കുവാൻ പ്രതിജ്ഞ ചെയ്തു. ചരിത്ര പ്രസിദ്ധമായ ഒന്നാം അഖബാ ഉടമ്പടി.



അതിന്റെയും തൊട്ടു മുമ്പുള്ള വർഷമാണ് തങ്ങളുടെ നാട്ടുകാർ മിനായിൽ വെച്ച് ആദ്യമായി നബിതിരുമേനി(സ)യുമായി കണ്ടുമുട്ടിയത്. അന്നവർ ആറു പേരാണുണ്ടായിരുന്നത്. അവരും നബിയുമായി സംസാരിക്കുകയും കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്തു. ആ തിരുകരങ്ങൾ പിടിച്ച് ഉടമ്പടി ചെയ്താണ് അന്നവർ പിരിഞ്ഞത്. പിരിയുമ്പോൾ ഈ സന്ദേശം തങ്ങളുടെ നാട്ടിലെത്തിക്കുവാൻ ഒരു പ്രതിനിധിയെ അയച്ചു തരണമെന്ന് അവർ ആവശ്യപ്പെട്ടു. അതനുസരിച്ച് നബി(സ) മുസ്അബ് ബിൻ ഉമൈർ(റ)വിനെ യത് രിബിലേക്ക് തന്റെ ദൂതനായി അയച്ചു. അസ്അദ് ബിൻ സുറാറ(റ)യുടെ വീട് കേന്ദ്രീകരിച്ച് അദ്ദേഹം പ്രവർത്തിച്ചതിന്റെ ഫലമാണ് ഇന്ന് ഈ വലിയ സംഘം ഇവിടെ എത്തിയിരിക്കുന്നത്. 75 പേരുള്ള വൻ സംഘം. ഈ സംഘത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സംഘത്തിൽ രണ്ട് പേർ സ്ത്രീകളാണ്. സമൂഹത്തിന്റെ അർദ്ധാംശമാണ് സ്ത്രീ സമുദായം. അവരുടെ ലോകത്തെയും വിഷയങ്ങളെയും പ്രതിനിധാനം ചെയ്തു കൊണ്ടെന്നോണമാണ് അവർ വന്നിരിക്കുന്നത്. സ്ത്രീ ജനങ്ങൾക്കു വേണ്ടി അവർ നബിയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കും. അവർ ലോകത്തുളള മുസ്ലിം സ്ത്രീജനതക്കു വേണ്ടി നബി(സ)യുമായി അവർ ഉടമ്പടിയിൽ ഏർപ്പെടും.



ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുവാൻ എത്തിയിരിക്കുന്ന രണ്ടു വനിതകളിൽ ഒരാൾ ഉമ്മു മനീഅ് എന്ന അസ്മാഅ് ബിൻതു അംറ് ബിൻ അദിയ്യ്(റ)യും ഒരാൾ ഉമ്മു അമ്മാറ എന്നു വിളിക്കപ്പെടുന്ന നസീബ ബിൻതു കഅ്ബ് അൽ മാസിനിയ്യ(റ)യും. അവർ ആ രാത്രിയിൽ നബി(സ)യുമായി ഉടമ്പടി ചെയ്തു. ഇസ്ലാമിക മൂല്യങ്ങൾ പുലർത്തി ജീവിക്കും എന്നതായിരുന്നു പ്രതിജ്ഞയുടെ പ്രധാന ആശയം. ഒപ്പം നബിയോട്, അങ്ങ് ഞങ്ങളുടെ നാട്ടിലേക്ക് വരുന്ന പക്ഷം തങ്ങൾ അങ്ങയെയും അനുയായികളെയും ആദർശത്തെയും സംരക്ഷിക്കുവാൻ സർവ്വാത്മനാ തയ്യാറായിരിക്കും എന്നു കൂടി അവർ പ്രതിജ്ഞ ചെയ്തു. അതീവ ഗൗരവമുളളതായിരുന്നു ഈ പ്രതിജ്ഞ. അത് അവർ പാലിക്കുക തന്നെ ചെയ്തു. അതിനു വേണ്ടി അവർ തങ്ങളുടെ സ്വത്തും ശരീരവും കഴിവുകളും എല്ലാം ത്യാഗം ചെയ്തു. അതിന്റെ ഉദാഹരണങ്ങളാണ് ഹിജ്റ ഒന്നു മുതൽ പതിനൊന്നു വരെ മദീനയിലെ ഇസ്ലാമിക സമൂഹം സാക്ഷ്യം വഹിച്ച ഓരോ രംഗങ്ങളും. എന്നാൽ ഈ പ്രതിജ്ഞ നിറവേറ്റുവാൻ സംഘത്തിലെ വനിതാ പ്രതിനിധികൾക്ക് കഴിഞ്ഞുവോ എന്നത് കൗതുകകരമായ ഒരു അന്വേഷണമാണ്. അതിന് നമുക്ക് കൃത്യമായ ഉത്തരമുണ്ട്. അതാണ് ഉമ്മു അമ്മാറ(റ)യുടെ ജീവിതം. അവർ കരുത്തയായ ഒരു ഉമ്മയായിരുന്നു. സ്നേഹ വൽസലയായ ഒരു ഭാര്യയായിരുന്നു. ഒപ്പം തന്നെ അപൂർവ്വ ധൈര്യത്തിനുടമയായ ഒരു പോരാളിയായിരുന്നു.



മദീനയിലെ ഖസ്റജീ വംശജയായിരുന്നു ഉമ്മു അമ്മാറ എന്ന നസീബ(റ). ബദരീങ്ങളിൽ പെട്ട അബ്ദുല്ലാഹി ബിൻ കഅ്ബ്(റ) അവരുടെ സഹോദരനായിരുന്നു. ബനൂ നജ്ജാറിലെ സൈദ്‌ ബിൻ ആസ്വിമുൽ നജ്ജാരീ(റ) ആയിരുന്നു അവരെ ആദ്യം വിവാഹം ചെയ്തത്. അവരും രണ്ടാം അഖബാ ഉടമ്പടിയിൽ പങ്കെടുത്ത ആളായിരുന്നു. ഹബീബ്, അബ്ദുല്ല എന്നീ രണ്ടു മക്കൾ ഈ ബന്ധത്തിൽ അവർക്കു ജനിച്ചു. ഈ രണ്ടു മക്കളും ഇസ്ലാമിന്റെ ധീര സഖാക്കളായിരുന്നു. ഹബീബ്(റ) മാതാപിതാക്കളോടൊപ്പം അഖബാ ഉടമ്പടിയിൽ പങ്കെടുത്ത സ്വഹാബിയാണ്. ഉഹ്ദ്, അഹ്സാബ് യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മുസൈലിമത്തുൽ കദ്ദാബ് എന്ന കള്ള പ്രവാചകനെതിരെ നബി(സ) നിയോഗിച്ച ദൗത്യസംഘത്തിൽ അദ്ദേഹം ഉണ്ടായിരുന്നു. അബ്ദുല്ല(റ) ആയിരുന്നു മുസൈലിമയെ വകവരുത്തിയത്. രണ്ടാം വിവാഹം ഗുസയ്യ ബിൻ അംറുൽ അൻസ്വാരി(റ)യുമായിട്ടായിരുന്നു. അതിലും ളംറ എന്ന കുഞ്ഞ് ജനിച്ചു. മറ്റൊരു മകൻ കൂടി ഉമ്മു അമ്മാറ(റ)ക്ക് ഉണ്ടായിരുന്നതായി ചരിത്രങ്ങൾ പറയുന്നുണ്ട്. ഈ ബന്ധങ്ങളെല്ലാം അവരുടെ സജീവ സാന്നിദ്ധ്യത്തെ കുറിക്കുന്നതാണ്. തികഞ്ഞ ഈമാനിക വികാരത്തിന്റെ നടുവിലായിരുന്നു ഉമ്മു അമ്മാറ(റ)യുടെ ജീവിത സഞ്ചാരം എന്നു സൂചിപ്പിക്കുകയാണ് ഇതെല്ലാം.



ഉഹ്ദിലെ പോരാട്ടവീര്യം.



ഹിജ്റ മൂന്നാം വർഷം നടന്ന ഉഹദ് യുദ്ധത്തിനായി ഇറങ്ങിയത് ഒരു വീട് ഒന്നിച്ചായിരുന്നു. ഉമ്മു അമ്മാറ(റ)യും ഭർത്താവും രണ്ട് കരുത്തരായ മക്കളും. അഖബായുടെ ചാരത്തെ മരച്ചുവട്ടിൽ വെച്ച് നബി(സ)യോട് ചെയ്ത പ്രതിജ്ഞ അവരുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുന്നുണ്ടായിരുന്നു. നബി(സ)യെയും ആദർശത്തെയും തങ്ങൾ തങ്ങുടെ ശരീരങ്ങളെയും കുഞ്ഞുങ്ങളെയും എന്തിൽ നിന്നെല്ലാം എവ്വിധമെല്ലാം സംരക്ഷിക്കുമോ അവ്വിധം സംരക്ഷിക്കും എന്ന ഉറപ്പും പ്രതിജ്ഞയും. ഭർത്താവും മക്കളും പടച്ചട്ടയണിഞ്ഞ് യുദ്ധക്കളത്തിലേക്ക് ചാടിയിറങ്ങിയപ്പോൾ സ്വഹാബീ സൈനികർക്ക് വേണ്ട സേവനങ്ങളിൽ വ്യാപൃതയായി ഉമ്മു അമ്മാറ(റ). യോദ്ധാക്കൾക്ക് വെള്ളം കൊടുത്തും മുറിവേറ്റവരെ ശുശ്രൂഷിച്ചും അവർ തന്റെ ജിഹാദിൽ വ്യാപൃതയായി. ആവേശത്തിന്റെ തക്ബീർ ഉയരുന്നതും ജബലു റുമാത്തിൽ നിന്ന് സ്വാഹാബീ അമ്പെയ്ത്തുകാർ അമ്പു മഴ പെയ്യിക്കുന്നതും കരുത്തുറ്റ ഖുറൈശീ സേനയുടെ നിര തകരുന്നതും യുദ്ധക്കളത്തിനു മേൽ മുസ്ലിം സേന ആധിപത്യം നേടുന്നതും അഭിമാനത്തോടെ ഉമ്മു അമ്മാറ(റ) കണ്ടു. അവരുടെ മനസ്സിൽ നിന്ന് ഹംദും ശുക്റും ഉയർന്നു. താനടക്കമുളളവർ ചെയ്ത പ്രതിജ്ഞ പൂർത്തിയാക്കുവാനായതിന്റെ ചാരിഥാർഥ്യം. യുദ്ധം അതിവേഗം വിജയത്തോടെ പര്യവസാനിച്ചതിന്റെ സന്തോഷം അവരുടെ മനസ്സിൽ ചെറുതല്ലായിരുന്നു.



പെട്ടെന്നായിരുന്നു എല്ലാം കീഴ്മേൽ മറിഞ്ഞത്. ആരുടെയൊക്കെയോ ആർത്തനാദങ്ങൾ യുദ്ധക്കളത്തിൽ നിന്നുമുയർന്നു. നോക്കുമ്പോൾ യുദ്ധക്കളത്തിൽ യുദ്ധമുതലുകൾ ഒരുമിച്ചു കൂട്ടുന്ന മുസ്ലിം സേനാംഗങ്ങുടേതാണ്. അവരുടെ ശിരസ്സുകൾക്കു മേൽ അമ്പുമഴ പെയ്യുകയാണ്. അമ്പുകൾ എവിടെ നിന്നാണ് ചെയ്യുന്നത് എന്ന് നോക്കുമ്പോഴാണ് കണ്ടത്, ജബലു റുമാത്തിൽ നിന്നാണ്. അവിടം ഇപ്പോൾ ശത്രുക്കളുടെ അധീനതയിലാണ്. യുദ്ധം കഴിഞ്ഞു എന്ന നിനവിൽ നബി(സ) യുടെ സമ്മതം കിട്ടും മുമ്പ് കുന്നിറങ്ങിയ സ്വഹാബിമാരുടെ സ്ഥാനത്ത് മറുചേരിയുടെ നായകൻ ഖാലിദ് ബിൻ വലീദും സഹ സൈനികരുമാണ്. നേരത്തെ മുസ്ലിം സേന ചെയ്ത അതേ തന്ത്രം പ്രയോഗിക്കുകയാണവർ. മുകളിൽ നിന്നുള്ള ആക്രമണം കടുത്തതും മുസ്ലിം സേന ചിതറി. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ കണ്ടവരെല്ലാം കണ്ടവരെയെല്ലാം വെട്ടിവീഴ്തി. നബി(സ)യും ഏതാനും പേരും യുദ്ധമുഖത്ത് ഒറ്റപ്പെട്ടു. എന്തും സംഭവിക്കാവുന്ന ഭീഷണാവസ്ഥ. ഈ സാഹചര്യം മനസ്സിലാക്കി അതിവേഗം നബി(സ)യുടെ അടുത്തേക്ക് ഓടിയടുക്കുകയും നബി(സ)ക്ക് സംരക്ഷണ വലയം തീർക്കുകയും ചെയ്ത ഏതാനും പേരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു ധീരയായ ഉമ്മു അമ്മാറ(റ)യും. അവിടെ അവർ തന്റെ സ്ത്രീത്വവും പരിമിതികളും മറക്കുകയായിരുന്നു. താൻ അന്ന് ജംറത്തുൽ അഖബായുടെ സമീപത്തുളള മരച്ചുവട്ടിൽ വെച്ച് നബി(സ)യോട് ചെയ്ത പ്രതിജ്‌ഞ ഓർക്കുകയായിരുന്നു.



ദ്രുതഗതിയിൽ പ്രവർത്തിക്കേണ്ട സാഹചര്യമായിരുന്നു ഉമ്മു അമ്മാറ(റ)ക്ക്. സമയം വളരെ വിലപ്പെട്ടതായിരുന്നു. തന്റെ ഭർത്താവും മക്കളും തന്നെപ്പോലെ നബിക്ക് കവചമൊരുക്കുവാൻ സന്നദ്ധരായി രംഗത്തുണ്ട്. അവർ പക്ഷെ പടയാളികളാണ്. ഇത്തരം സാഹര്യത്തിനു വേണ്ട എല്ലാ കാര്യങ്ങളും അവരുടെ അടുത്തുണ്ട്. പടയങ്കിയും വാളും പരിചയുമെല്ലാം. തന്റെ കയ്യിൽ അതൊനുമില്ല. അതായിരുന്നു അവർ നേരിട്ട പ്രധാന പ്രശ്നം. തന്റെ കയ്യിൽ വാളില്ല. വാളിനേക്കാൾ വേണ്ടത് പരിചയാണ്. ശത്രുവിന്റെ പ്രയോഗം ശക്തമാണ്. അത് തടയുകയാണ് ആദ്യം വേണ്ടത്. അതിന് വാളിനു മുമ്പെ പരിച വേണം. അതിനു വേണ്ടി നാലുപാടും നോക്കവെ അവരുടെ ശ്രദ്ധയിൽ പെട്ടു, ഒരാൾ ഓടി പോകുന്നു. അയാളുടെ കയ്യിൽ പരിച കണ്ടതും അവർ വിളിച്ചു പറഞ്ഞു: ഹേ, മനുഷ്യാ ആ പരിച അവിടെ ഇടൂ, വേണ്ടവർ ഉപയോഗിച്ചു കൊള്ളട്ടെ എന്ന്. അയാൾ തന്റെ പരിച നിലത്തിട്ടതും ഉമ്മു അമ്മാറ അതു കൈക്കലാക്കി. അവർ അതെടുത്ത് ശത്രുവിന്റെ ആക്രമണങ്ങൾ തടുക്കാൻ തുടങ്ങി. ഇനിയും തനിക്ക് പ്രത്യാക്രമണത്തിന് വാള് കൂടി വേണം. അതെവിടെ നിന്നു കിട്ടും എന്ന് പരിശോധിക്കവെ മറ്റൊരാൾ ഓടിപ്പോകുന്നത് ശ്രദ്ധയിൽപെട്ടു. അവർ വിളിച്ചു പറഞ്ഞു: ഹേ, മനുഷ്യാ, ആ വാൾ അവിടെയിട്ടൂ, വേണ്ടവർ അതുപയോഗിക്കട്ടെ. അയാൾ വാൾ നിലത്തിട്ടു. ഉമ്മു അമ്മാറ(റ) വാളെടുത്തു. പിന്നെ തന്നെ കൊണ്ട് കഴിയും വിധം നബി(സ) യെ സംരക്ഷിച്ചു. പിന്നെയുണ്ടായത് ചടുലമായ നീക്കങ്ങളായിരുന്നു. അതിഭീഷണമായ രംഗങ്ങൾ. അവർ പക്ഷെ ധൈര്യത്തോടെ മുന്നേറി.



അതിനിടയിൽ ഒരു ശത്രു ഉമ്മു അമ്മാറയെ ആക്രമിച്ചു. പക്ഷെ, അവർ അത് സമർഥമായി തടുത്തു. അയാൾ പിന്തിരിഞ്ഞതും ഉമ്മു അമ്മാറ അയാളുടെ കുതിരയുടെ കാൽ വെട്ടിയിട്ടു. അയാളും കുതിരയു. നിലംപരിശായി. അയാൾ ചാടിയെഴുനേറ്റ് അവർക്കെതിരെ ആഞ്ഞുവെട്ടി. അത് അവരുടെ ശരീരത്തിൽ തട്ടി. വസ്ത്രങ്ങൾ ചുവന്നു. ദൂരെ നിന്ന് നബി(സ) അതു കണ്ടു. നബി(സ) ഉമ്മു അമ്മാറയുടെ മകനെ വിളിച്ചു പറഞ്ഞു: ഉമ്മു അമ്മാറയുടെ മകനേ, ഉമ്മയെ ശ്രദ്ധിക്കൂ. മകൻ ഓടിയെത്തി. ഉമ്മയുടെ പരിക്ക് ആഴമുള്ളതായിരുന്നു എങ്കിലും അവരുടെ ആവേശം അപകടത്തെ മറികടന്നു. നബി(സ) പറയുന്നുണ്ടായിരുന്നു, ഉമ്മു അമ്മാറാ നിങ്ങൾക്ക് കഴിയുന്നത് ആർക്കാണ് കഴിയുക! എന്ന്. മകൻ അബ്ദുല്ലാഹി ബിൻ സൈദിന് ഇടയിൽ വെട്ടേറ്റു. ഒരു മാതാവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്. പക്ഷെ, അതിന് പ്രതികാരം ചെയ്യുവാനുള്ള ഭാഗ്യവും ആ ഉമ്മാക്ക് ലഭിച്ചു. തന്റെ മകനെ ആക്രമിച്ച ദുഷ്ടന്റെ കുതിരയുടെ കാൽ അവർ വെട്ടി. നബി(സ) അതു കണ്ടു. അവരോട് നബി(സ) പറഞ്ഞു: ഉമ്മു അമ്മാറാ നിങ്ങൾ മകനു വേണ്ടി പ്രതികാരം ചെയ്തു കഴിഞ്ഞു. അപ്പോൾ നബി(സ)യുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. സംതൃപ്തിയുടെ പുഞ്ചിരി.



ചെറുതും വലുതുമായി മൊത്തം പതിമൂന്ന് മുറിവുകൾ ഉമ്മു അമ്മാറയുടെ ശരീരത്തിൽ ഏറ്റിരുന്നു. അതിൽ ഏറ്റവും ഗുരുതരമായത് തോളിൽ ഏറ്റ ഒരു വെട്ടായിരുന്നു. അവരെ വെട്ടിയത് ഇബ്നു ഖംഅ എന്ന നീചനായിരുന്നു. നബി(സ)യെ ആക്രമിച്ചതും അതേ നീചനായിരുന്നുവല്ലോ. ഒരു വർഷത്തോളമെടുത്തു ആഴമുള്ള ആ മുറിവ് ഉണങ്ങിക്കിട്ടുവാൻ. എന്നിട്ടും അവർ തൊട്ടടുത്ത ദിവസം നടന്ന ഹംറാഉൽ അസദ് ദൗത്യത്തിൽ പങ്കെടുക്കുവാൻ പുറപ്പെട്ടു എന്നതാണ് അൽഭുതം. നെഞ്ചിലേറ്റിയ വിശ്വാസത്തോട് അവർ കാണിക്കുന്ന സത്യസന്ധമായ കൂറിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഇവയെല്ലാം. അല്ലാഹുവിന്റെ റസൂലിന്റെ ഇഷ്ടവും പൊരുത്തവും പ്രാർഥനയുമായിരുന്നു അവർക്ക് പകരമായി ലഭിച്ചത്.



അടുത്ത ഉടമ്പടിയിലും



ഉമ്മു അമ്മാറ(റ)യുടെ സാന്നിദ്ധ്യമുണ്ടായ മറ്റൊരു ചരിത്ര മുഹൂർത്തമായിരുന്നു ബൈഅത്തു രിള് വാൻ. ഹിജ്റ ആറാം വർഷം നടന്ന ഹുദൈബിയ്യ സന്ധിയിലെ ഏറ്റവും വൈകാരികമായ ഒരു രംഗമായിരുന്നു ഈ ഉടമ്പടി. ഹിജ്‌റ വര്‍ഷം ആറിൽ നബി(സ) ഒരു സ്വപ്നം കണ്ടു. നബി(സ)യും സ്വഹാബിമാരും നിര്‍ഭയരായി കഅ്ബയിലെത്തി ഉംറ ചെയ്യുന്നതായിട്ടായിരുന്നു സ്വപ്നം. സ്വപ്നം നബി(സ) സ്വഹാബിമാരുമായി പങ്കുവെച്ചു. പ്രവാചകൻമാർക്കണ്ടാവുന്ന വഹ്യിന്റെ ഒരു രൂപമാണ് അവർക്കുണ്ടാകുന്ന സ്വപ്നങ്ങൾ. അതിനാൽ തന്നോട് ഉംറക്ക് പുറപ്പെടുവാനുള്ള കൽപ്പനയാണ് ഇത് എന്ന് വ്യക്തമായും നബി(സ)ക്ക് വ്യക്തമായി. ഉംറക്ക് പുറപ്പെടാനുള്ള ദൂതരുടെ കല്പനകൂടി വന്നപ്പോള്‍ ഇഹ്‌റാമിന്റെ വസ്ത്രമണിഞ്ഞ് ബലിഹാരങ്ങളണിയിച്ച ഒട്ടകങ്ങളുമായി സ്വഹാബിമാർ ഒരുങ്ങി. 1500 പേരാണ് ഉണ്ടായിരുന്നത്. അവരിൽ ഉണ്ടായിരുന്നു ഉമ്മു അമ്മാറ എന്ന നസീബ(റ)യും. വിവരം മക്കയിലെത്തി. നബി(സ)യുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അറിയാന്‍ ഖുറൈശികള്‍ ആളുകളെ അയച്ചുകൊണ്ടേയിരുന്നു. അവരെല്ലാവരും നബി(സ)യെയും സംഘത്തെയും നിരീക്ഷിച്ചു റിപ്പോര്‍ട്ട് നല്‍കി. നബി(സ)യുടെ ഉദ്ദേശ്യം യുദ്ധമല്ല ഉംറ മാത്രമാണ് എന്നായിരുന്നു അവരുടെ റിപ്പോർട്ടുകൾ. പക്ഷെ, ഖുറൈശി പ്രമുഖരുടെ ഭീതിയും സംശയവും ഒപ്പം അസഹിഷ്ണുതയും സജീവമായിരുന്നു.



ഇതു മനസ്സിലാക്കിയ നബി(സ) ഖുറൈശികളുടെ സന്ദേഹമകറ്റാന്‍ ഉസ്മാനുബ്നു അഫ്ഫാനെ(റ) മക്കയിലേക്ക് വിട്ടു. അദ്ദേഹത്തെ വളരെ മാന്യമായാണ് അവര്‍ സ്വീകരിച്ചതെങ്കിലും മുഹമ്മദിനെയും അനുയായികളെയും മക്കയിലേക്ക് കടക്കാൻ അനുവദിക്കില്ല എന്നവർ വാശി പിടിച്ചു. ദൗത്യ ശ്രമത്തിന്റെ ഭാഗമായി ഏറെ ചർച്ചകൾ നടത്തേണ്ടി വന്നതിനാൽ അദേഹം മടങ്ങാന്‍ വൈകി. പ്രതീക്ഷിച്ച സമയത്തും അദ്ദേഹം എത്താതെ വന്നപ്പോൾ അദ്ദേഹത്തെ അവര്‍ വധിച്ചു കളഞ്ഞു എന്ന ഒരു കിംവദന്തി സ്വഹാബിമാർക്കിടയിൽ പരന്നു. ഇതോടെ സ്വഹാബിമാരുടെ വികാരം പതച്ചു പൊങ്ങി. അതിനെ തുടർന്ന്, തിരുനബിയുടെ ദൂതനെ വധിച്ചവരോട് പകരം ചോദിക്കുമെന്ന് നബി(സ)യുടെ കൈപിടിച്ച് അവർ പ്രതിജ്ഞയെടുത്തു. ഇതാണ് റിദുവാന്‍ ഉടമ്പടി. വിശുദ്ധ ഖുർആൻ ഇത് ഉണർത്തുന്നുണ്ട്. ഈ ഉടമ്പടിയിൽ ഉമ്മു അമ്മാറ(റ) പങ്കെടുക്കുകയുണ്ടായി.



ഇതിനിടെ ഉസ്മാന്‍(റ) തിരിച്ചെത്തുകയും ചർച്ചകൾ നടക്കുകയും ചെയ്തു. ഈ ചർച്ചകൾ അവസാനം ഒരു കരാറിലാണ് എത്തിച്ചേർന്നത്. അവരുടെ പ്രതിനിധിയായി ചർച്ചക്കു വന്ന സുഹൈലും നബി(സ്വ)യും തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കി. അതിലെ വ്യവസ്ഥകള്‍ ഇങ്ങനെയായിരുന്നു. പത്ത് വര്‍ഷം ഇരുവിഭാഗങ്ങളും തമ്മില്‍ യുദ്ധമില്ല. മക്കയില്‍ നിന്ന് മുസ്‌ലിമായി ആരെങ്കിലും മദീനയിലേക്ക് വന്നാല്‍ അവരെ സ്വീകരിക്കാതെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം. എന്നാല്‍ മുസ്‌ലിംകളില്‍ നിന്ന് ഖുറൈശി പക്ഷത്തേക്ക് ആരെങ്കിലും തിരിച്ച് പോരുന്ന പക്ഷം അവരെ മക്കക്കാര്‍ തിരിച്ചയക്കേണ്ടതില്ല. ഈ വര്‍ഷം മക്കയില്‍ പ്രവേശിക്കാതെ മുസ്‌ലിംകള്‍ തിരിച്ച് പോകണം. അടുത്ത വര്‍ഷം ആയുധമൊന്നുമില്ലാതെ വന്ന് മക്കയില്‍ പ്രവേശിച്ച് മൂന്ന് ദിവസം താമസിക്കാം. തങ്ങള്‍ക്ക് താല്‍പര്യമുള്ളവരുമായി സംഖ്യത്തില്‍ ഏര്‍പ്പെടാന്‍ ഇരുവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും. പ്രത്യക്ഷത്തിൽ മുസ്ലിം വിരുദ്ധതയും ഏകപക്ഷീയതയും വ്യവസ്ഥകളിൽ കാണാം എങ്കിലും ഈ കരാറായിരുന്നു പിന്നീടുണ്ടായ വിജയങ്ങൾക്കെല്ലാം നിദാനമായിത്തീർന്നത്. ഇസ്‌ലാമിക പ്രബോധനത്തിന് പറ്റിയ നിർഭയ സാഹചര്യം ഇതു വഴി ലഭ്യമായി. മക്കാ വിജയമടക്കമുള്ള വിജയങ്ങളെല്ലാം ഇത് കാരണമാണ് ഉണ്ടായത്. അതിനാൽ നബി(സ) യുടെ നയതന്ത്ര ചരിത്രത്തിലും ഇസ്ലാമിക രാഷ്ട്രീയ മീമാംസയിലും ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഈ സന്ധിയും ഉടമ്പടിയുമെല്ലാം. ഇത്തരമൊരു മുഹൂർത്തത്തിലും പങ്കെടുക്കുവാൻ കഴിഞ്ഞത് ഉമ്മു അമ്മാറ(റ)യുടെ വലിയ സൗഭാഗ്യമാണ്.



ഹിജ്റ ആറാം വർഷത്തിൽ നബി(സ്വ) സ്വഹാബികളൊന്നിച്ച് ഉംറ നിർവഹിക്കാനായി മദീനയിൽ നിന്നു മക്കയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ ഖുറൈശികൾ മക്കയിൽ സമ്മേളിച്ച് നബി(സ്വ)യെ ഏതുവിധേനയും തടയാൻ തീരുമാനിച്ചു. നബി(സ്വ) ആ രംഗത്തെ ശാന്തവും ഗംഭീരവുമായി കൈകാര്യം ചെയ്തു. അങ്ങനെയാണ് ഹുദൈബിയ സന്ധിയുണ്ടായത്. സന്ധി വ്യവസ്ഥയനുസരിച്ച് നബി(സ്വ)യും സ്വഹാബികളും യാത്ര അവസാനിപ്പിച്ച് മദീനയിലേക്ക് തിരിച്ചുപോന്നു.



മദീനയിലെത്തിയ ശേഷം നബി(സ്വ) പ്രബോധന വഴിയിൽ ശ്രദ്ധേയമായ ചില കാര്യങ്ങളിലേർപ്പെട്ടു. അയൽരാജ്യങ്ങളിലേക്ക് കത്തുമായി ദൂതന്മാരെ അയച്ചു. അനുഭാവ പൂർവമായ പ്രതികരണങ്ങളുണ്ടായി. വ്യത്യസ്ത നാടുകളിൽ നബി(സ്വ)യെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിന് ഇതു കാരണമായി. ഹിജ്റയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ദുർബലരായ പലരും മദീനയിലേക്ക് വരികയും അതിനെ തുടർന്നു ഇരുപക്ഷത്തുമുണ്ടായ ചില പ്രയാസങ്ങളുടെ പേരിൽ ഇടക്ക് സന്ധി വ്യവസ്ഥയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അതു സത്യവിശ്വാസികൾക്ക് ഗുണകരവുമായിരുന്നു.



ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തിൽ സിദ്ധമായ അനുകൂല സാഹചര്യം ചില പ്രബോധന മുന്നേറ്റത്തിനു കൂടി കളമൊരുക്കി. മദീനക്കും മുസ്‌ലിംകൾക്കും സ്വസ്ഥത നൽകാതിരിക്കാൻ കോപ്പുകൂട്ടുന്ന ഖൈബറിലെ ജൂതർക്ക് മുസ്‌ലിംകളുടെ ധീരതയും പ്രതാപവും ബോധ്യപ്പെടുത്തേണ്ടിവന്നു. ജൂതന്മാർ ആദ്യം മുതലേ മദീനയിൽ കുഴപ്പങ്ങളുണ്ടാക്കിയിട്ടും മുസ്‌ലിംകൾ സംയമനം പാലിക്കുകയായിരുന്നു. നിർവാഹമില്ലാതെ വന്നപ്പോൾ ചിലർക്കെതിരെ കടുത്ത നടപടിയെടുക്കുകയുണ്ടായി.



ശത്രുവിന്റെ കോട്ടയിലേക്ക്



പരസ്പരമുള്ള സമാധാന ഉടമ്പടി ഏകപക്ഷീയമായി ലംഘിച്ചതിനാൽ ഹിജ്റ നാലാം വർഷം മദീനയിൽ നിന്നും നാടുകടത്തപ്പെട്ടവരാണ് ബനൂനളീർ എന്ന ജൂത കുടുംബം. അവർ പിന്നീട് തമ്പടിച്ചത് ഖൈബറിലായിരുന്നു. അവർ അന്നുമുതൽ മക്കയിലും പരിസരങ്ങളിലെ വിവിധ ഗോത്രങ്ങളിലും സഞ്ചരിച്ച് മദീനക്കെതിരെ ആക്രമണത്തിന് പ്രേരണ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഹിജ്റ അഞ്ചാം വർഷം നടന്ന ഖൻദഖ് യുദ്ധത്തിന്റെ സാഹചര്യമൊരുങ്ങിയതുതന്നെ ഖൈബറിൽ താമസിച്ചിരുന്ന ബനൂനളീർകാരുടെ ശ്രമഫലമായാണ്. 20 അംഗ ജൂത നേതൃസംഘം ഖുറൈശികളെയും ഗത്ഫാൻ തുടങ്ങിയ ഗോത്രങ്ങളെയും യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. മദീനയുടെയും മുസ്‌ലിംകളുടെയും സ്വസ്ഥതക്കും സമാധാനത്തിനും ജൂതന്മാർ ഇങ്ങനെ പലവിധത്തിൽ ഭീഷണിയുയർത്തി. പക്ഷേ, പ്രധാനമായും കടുത്ത ശത്രുത പുലർത്തിയിരുന്നതും യുദ്ധ സന്നാഹങ്ങൾ നടത്തിയിരുന്നതും മക്കക്കാരായതിനാൽ അവരുടെ ആക്രമണത്തെയാണ് ആദ്യ ഘട്ടത്തിൽ പ്രതിരോധത്തിന് പരിഗണിച്ചിരുന്നത്. ഹുദൈബിയ സന്ധിയും അനുബന്ധ സംഭവങ്ങളും മക്കയുടെ ദുർബലാവസ്ഥ നന്നായി പ്രകടമാക്കിയിരുന്നു. ഈ അവസരത്തിലാണ് ഖൈബറിലേക്ക് നബി(സ)യുടെ നേതൃത്വത്തിൽ പടനീക്കം നടത്തുന്നത്.



മദീനയിൽ നിന്നും ശാമിലേക്കുള്ള വഴിയിൽ ഏതാണ്ട് ഇരുന്നൂറ് കി.മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടകളുടെയും കൃഷിയിടങ്ങളുടെയും നാടാണ് ഖൈബർ. നത്വാത്, ശിഖ്, കതീബത്, നാഇം, ഖമൂസ്, വത്വീഹ്, സുലാലിം തുടങ്ങിയ ധാരാളം കോട്ടകളിൽ സുരക്ഷിതരായി കഴിയുകയായിരുന്നു ഖൈബറിലെ ജൂതർ. ഭക്ഷ്യവസ്തുക്കൾ കൊണ്ട് സമ്പൂഷ്ടമായിരുന്നു ഖൈബർ പ്രദേശം. ഖൈബർ എന്ന പദത്തിനു തന്നെ ജൂതഭാഷയിൽ കോട്ട എന്നാണർത്ഥം. സുരക്ഷിതവും ഭക്ഷ്യസമ്പന്നവുമായ ഇവിടത്തുകാർ പരിസര നാടുകളിൽ അന്നുണ്ടായിരുന്ന രാജാക്കന്മാരുമായി ചേർന്ന് മദീനക്കെതിരെ പടനീക്കം നടത്താനുള്ള സാധ്യത ഏറെയായിരുന്നു. ബനൂ നളീറുകാരടക്കമുള്ള യുദ്ധക്കൊതിയന്മാരും മദീനവിരോധികളും താവളമാക്കിയ സ്ഥലമെന്ന നിലയിൽ ഇസ്‌ലാമിക രാഷ്ട്രത്തിന് നിതാന്ത ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. ചുരുക്കത്തിൽ മുസ്‌ലിംകൾക്കെതിരെ നിരന്തരം കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരുന്ന ഖൈബറിലെയും മറ്റും ജൂതന്മാരെ നിലക്കുനിർത്തൽ മുസ്‌ലിം രാഷ്ട്രത്തിന്റെ സുരക്ഷക്കനിവാര്യമായിത്തീർത്തു.



ഹിജ്റ ഏഴാം വർഷം മുഹറത്തിലായിരുന്നു ഖൈബർ പടനീക്കം. ഹുദൈബിയ്യയിൽ നബി(സ)യോട് രിളുവാൻ ഉടമ്പടി ചെയ്തവർക്ക് മാത്രമാണ് ഖൈബറിലേക്ക് പുറപ്പെടാൻ അനുമതി നൽകപ്പെട്ടിരുന്നത്. അതുകൊണ്ട് നമ്മുടെ ചരിത്ര നായിക ഉമ്മു അമ്മാറ(റ)ക്കും ഈ ദൗത്യ ശ്രമത്തിൽ പങ്കെടുക്കുവാനുള്ള ഭാഗ്യമുണ്ടായി. അവർ ആവേശത്തോടെ വൈബറിലേക്ക് പുറപ്പെട്ടു. നീണ്ട ഏറ്റുമുട്ടലുകളിലൂടെ ഓരോ കോട്ടകളിൽ നിന്നും അവരെ തുരത്തിയപ്പോൾ ഖമൂസ്, വത്വീഹ്, സുലാലിം എന്നീ കോട്ടകളിലാണ് അന്തിമമായി അവരെല്ലാവരും താവളമടിച്ചിരുന്നത്. പതിനാല് ദിവസത്തെ ഉപരോധത്തിലൂടെ അവയോരോന്നായി കീഴടങ്ങി. ഇതറിഞ്ഞ് കോട്ടകൾക്കപ്പുറത്തും ഖൈബറിന് സമീപ പ്രദേശങ്ങളിലുമുള്ളവരെല്ലാം നബി(സ)ക്ക് മുന്നിൽവന്ന് കീഴടങ്ങുകയുണ്ടായി. അതോടെ ഖൈബറിനെയും പരിസരത്തെയും ചൂഴ്ന്നുനിന്ന അക്രമ ഭീതി നീങ്ങി സമാധാനം സ്ഥാപിക്കപ്പെട്ടു. സത്യവിശ്വാസത്താൽ പ്രചോദിതരായ സ്വഹാബീ സൈനികരുടെ മുന്നേറ്റങ്ങളും സ്വന്തം ചെയ്തികൾക്ക് വിലയൊടുക്കുന്ന ശത്രുക്കളുടെ ദൈന്യതകളും കാണാനും അനുഭവിക്കാനും അവർക്ക് ഇങ്ങനെ ഒരവസരമുണ്ടായി.



ഹുനൈനിലും..



ഹിജ്‌റ എട്ടാം വര്‍ഷം മക്ക ഇസ്‌ലാമിന് കീഴില്‍ വന്നു. മക്ക വിജയിച്ചടക്കിയതോടുകൂടി ധാരാളം ആളുകള്‍ ഇസ്‌ലാമിലേക്ക് കൂട്ടം കൂട്ടമായി വരാന്‍ തുടങ്ങി. എന്നാല്‍ ത്വാഇഫിനടുത്ത് താമസിക്കുന്ന ഹവാസിന്‍, സഖീഫ് ഗോത്രക്കാര്‍ അവരുടെ പഴയ മതത്തില്‍തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഈ രണ്ട് ഗോത്രവും പ്രബല ഗോത്രങ്ങളുമായിരുന്നു. അവര്‍ അവരുടെ വിശ്വാസത്തില്‍ തന്നെ നിലകൊണ്ടു എന്ന് മാത്രമല്ല, അവരുടെ ദുരഭിമാനവും ഇസ്‌ലാമിനോടും പ്രവാചകനോടുമുള്ള അവരുടെ രോഷവും ദിനംപ്രതി വര്‍ധിച്ചുവന്നു.
ത്വാഇഫും ഹുനയ്‌നും ഉള്‍പ്പെടുന്ന പ്രദേശത്തായിരുന്നു അവരുടെ വാസകേന്ദ്രം. മുസ്‌ലിംകള്‍ മക്ക ജയിച്ചടക്കി, ഇനി മുഹമ്മദ് നമുക്കെതിരിലായിരിക്കും പട നയിക്കുക എന്ന് അവര്‍ സ്വയം കണക്കുകൂട്ടി. അതിനാല്‍ മുഹമ്മദ് നമുക്കെതിരില്‍ തിരിയുന്നതിന് മുമ്പായി അവരോട് സൈനിക നീക്കം നടത്തണം എന്നാണ് അവര്‍ തീരുമാനിച്ചത്. അതിനായി അവര്‍ ആസൂത്രണങ്ങള്‍ നടത്തി. ഈ രണ്ട് ഗോത്രക്കാര്‍ ഇങ്ങനെ ഒരു പടയൊരുക്കം നടത്തുന്നുണ്ട് എന്നറിഞ്ഞ ഗത്വഫാന്‍ ഗോത്രം പോലെയുള്ള ചില ഗോത്രങ്ങള്‍ അവരോട് സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.



ഹവാസിന്‍ ഗോത്രം മുസ്‌ലിംകള്‍ക്കെതിരില്‍ പതിവില്ലാത്തവിധം ശക്തമായ ഒരു പടയൊരുക്കത്തിന് തയ്യാറെടുത്തു. സാധാരണ സ്വീകരിക്കാറുണ്ടായിരുന്ന തന്ത്രങ്ങളായിരുന്നില്ല അവര്‍ ഈ പടയൊരുക്കത്തിന് സ്വീകരിച്ചിരുന്നത്. എല്ലാവരെയും യുദ്ധത്തിന് കൊണ്ടുവരികയായിരുന്നു അവരുടെ തന്ത്രം. പുരുഷന്മാരുടെ കൂടെ അവരുടെ സ്ത്രീകളെയും കുട്ടികളെയും; ആട്, മാട്, ഒട്ടകങ്ങള്‍, കുതിരകള്‍ എന്നിവയെയുമെല്ലാം അവര്‍ അണിനിരത്തി. പടനായകനായ മാലിക് ഇബ്‌നു ഔഫ് ആണ് ഈ തന്ത്രം സ്വീകരിച്ചത്. (അദ്ദേഹം പില്‍കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയുണ്ടായിട്ടുണ്ട്). സ്ത്രീകളും കുട്ടികളും സ്വത്തുമെല്ലാം യുദ്ധരംഗത്ത് കൊണ്ടുവരപ്പെട്ടാല്‍ ആരും യുദ്ധക്കളത്തില്‍നിന്ന് പേടിച്ച് ഓടുകയില്ല, മരണംവരെ പോരാടാന്‍ ഇത് കാരണമാകും എന്നതായിരുന്നു ഈ നീക്കത്തിന്റെ രഹസ്യം. അതിനാല്‍ തങ്ങള്‍ക്ക് മുസ്‌ലിംകളെ പരാജയപ്പെടുത്താനാകുമെന്ന് അവര്‍ കണക്കുകൂട്ടി. ഇതായിരുന്നു ഹുനൈൻ യുദ്ധത്തിന്റെ പശ്ചാതലം.



ഹിജ്‌റ ഒന്‍പതിലാണ് ഹുനൈന്‍ യുദ്ധം നടന്നത്. ഹവാസിന്‍, ത്വാഇഫിലെ സഖീഫ് ഗോത്രങ്ങള്‍ക്കെതിരായിരുന്നു ഈ യുദ്ധം. 12000 പടയാളികളുമായാണ് നബി(സ) ഹുനൈനിലെത്തിയത്. അംഗബലത്തിലെ ആധിക്യം മുസ്‌ലിംകളെ അമിത പ്രതീക്ഷയിലാക്കിയപ്പോള്‍ ഹുനൈനിന്റെ ഇടുങ്ങിയ മലമ്പാതകളില്‍ അവര്‍ ചിന്നിച്ചിതറി. മുമ്പ് ഉഹദ് യുദ്ധത്തിൽ ഉണ്ടായ തിനു സമാനമായ രംഗങ്ങളാണ് ഉണ്ടായത്. ഏതാനും പേർ നബി(സ)ക്ക് പിന്നില്‍ ഉറച്ചുനിൽക്കുകയും കനത്ത പോരാട്ടം നടത്തുകയും ചെയ്യേണ്ടി വന്നു വിജയത്തിനടുത്തെത്താൻ. ഈ രംഗത്തും നബി(സ)യുടെ പിന്നിൽ ഉറച്ചുനിന്ന് പൊരുതുവാൻ ഉമ്മു അമ്മാറ(റ) ഉണ്ടായിരുന്നു.



വിരഹത്തിന്റെ വേദനകളിൽ..



ജീവിതത്തിന്റെ അവസാന നാളുകൾ വിരഹത്തിന്റെയും വേദനയുടേതുമായിരുന്നു ഉമ്മു അമ്മാറ(റ)ക്ക്. ഒന്നിനു പുറകെ ഒന്നെന്നോണം പ്രയാസങ്ങൾ ആ ജീവിതത്തിലൂടെ കയറിയിറങ്ങി. ആ ധീരയുടെ വിശ്വാസത്തെ സഹന ശക്തികൊണ്ട് അളക്കുവാൻ വേണ്ടിയായിരിക്കാം ഈ പരീക്ഷണങ്ങൾ എന്നു കരുതാം. അവയിൽ ഒന്നാമത്തേത് മകൻ ഹബീബ് ബിൻ സൈദ്(റ) വിന്റെ രക്തസാക്ഷിത്വമായിരുന്നു. അതിന്റെ പശ്ചാതലം മുസൈലിമത്തുൽ കദ്ദാബ് എന്ന കള്ളപ്രവാചകന്റെ കഥയിൽ നിന്നും ആരംഭിക്കുന്നു. യമാമയിലെ ബനൂ ഹനീഫ കുടുംബത്തിന്റെ നേതാവും പ്രധാനിയുമായിരുന്നു മുസൈലിമ. ഹിജ്റയുടെ ഒമ്പതാം കൊല്ലം ഇസ്ലാമിലേക്കുള്ള ഒഴുക്കിന്റെ കാലമായിരുന്നു. വിവിധ ഖബീലക്കാർ കൂട്ടം കൂട്ടമായി മദീനയിൽ വന്ന് നബി(സ)യെ കാണുകയും സത്യ സാക്ഷ്യം ചെയ്യുകയും ചെയ്തിരുന്ന വർഷം. അങ്ങനെ മുസൈലിമ യുടെ ബനൂ ഹനീഫയും വന്നു. മുസൈലിമയായിരുന്നു സംഘത്തിന്റെ നേതാവ്. മദീനയിലെത്തിയ മുസൈലിമക്ക് മുഹമ്മദ് നബി തന്നെ ഇങ്ങോട്ട് വന്നു കാണണമെന്നുണ്ടായിരുന്നു. നബി(സ) അതറിഞ്ഞപ്പോൾ അയാളുടെ ഖൈമയിലേക്ക് വരികയും ചെയ്തു. അവിടെ വെച്ച് മുസൈലിമ നബി(സ)യോട് വളരെ വിചിത്രമായ ഒരു ഉപാധി ആവശ്യപ്പെട്ടു. തന്നെ യമാമയിലെ പ്രവാചകനായി അംഗീകരിക്കണമെന്നതായിരുന്നു അത്. അതു നടക്കാതെ വരികയും അത്തരമൊരു പ്രതീക്ഷ തന്നെ നബി(സ) നുള്ളിക്കളയുകയും ചെയ്തതോടെ നാട്ടിലേക്ക് മടങ്ങിയ മുസൈലിമ തന്റെ നാട്ടുകാരെ തന്റെ അനുയായികളാക്കുവാൻ ശ്രമിച്ചുതുടങ്ങി.



അത് കുറച്ചൊക്കെ വിജയിച്ചു. വാചാലത, തന്ത്രബുദ്ധി, യുക്തി, പണം തുടങ്ങി മാന്യവും അമാന്യവുമായ പലതും ഉപയോഗപ്പെടുത്തിയായിരുന്നു മുസൈലിമ സ്വന്തം നാട്ടിൽ ചെറിയ പിന്തുണ നേടിയത്. വംശിയതയും സ്വാധീനിക്കുകയുണ്ടായി. ഓരോരുത്തരുടെയും വികാരങ്ങൾ കണ്ടുപിടിച്ച് അവരെ അതുവഴി സ്വാധീനിക്കുവാൻ നല്ല മിടുക്കുണ്ടായിരുന്നു. ഇങ്ങനെ നേരത്തെ ഇസ്ലാം സ്വീകരിച്ച പലരും മുർത്തദ്ദുകളായ വാർത്തകൾ യമാമയിൽ നിന്ന് വന്നുകൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ അവിടെ അവശേഷിക്കുന്ന മുസ്ലിംകൾക്ക് വേണ്ടി ഒരു സ്വഹാബീ ദൂതനെ യമാമയിലേക്കയക്കുവാൻ നബി(സ) തീരുമാനിച്ചു. അതിന്നായി നബി തങ്ങൾ തെരഞ്ഞെടുത്തത് ഉമ്മു അമ്മാറ(റ)യുടെ മകൻ ഹബീബ് ബിൻ സൈദ്(റ)വിനെയായിരുന്നു. നല്ല വിശ്വാസവും വിധേയത്വവും ഉള്ള, ബദർ മുതൽ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്ത ഒരു ധീര സൈനികൻ കൂടിയായിരുന്നു അദ്ദേഹം. ദൗത്യവുമായി അദ്ദേഹം യമാമയിലെത്തി. മദീനയിൽ നിന്ന് വരുന്നവരെ ആദ്യമേ പിടിച്ച് അവരുടെ വികാരങ്ങൾ വഴി അവരെ സ്വന്തമാക്കുന്നത് മുസൈലിമയുടെ ഒരു പതിവും രീതിയുമായിരുന്നു. പതിവു പോലെ ഹബീബിനെയും അയാൾ പിടികൂടി. വേഗത്തിലങ്ങ് വീണുകൊടുക്കുവാൻ കഴിയുന്ന ആളായിരുന്നില്ല ഹബീബ്(റ). മുസൈലിമ പ്രാഥമിക പ്രലോഭനങ്ങളൊക്കെ നടത്തി നോക്കിയെങ്കിലും ഹബീബിനെ വീഴ്ത്താൻ കഴിഞ്ഞില്ല. ഉമ്മു അമ്മാറ(റ)യെപ്പോലെ ഒരു സത്യവനിത ജൻമം നൽകിയ ഒരു മകനിൽ നിന്ന് അതത്ര ക്ഷിപ്രസാധ്യവുമല്ലല്ലോ.



പ്രലോഭനങ്ങൾ ഫലപ്പെടില്ല എന്നു കണ്ടതും മുസൈലിമ പ്രകോപനത്തിലേക്ക് ചുവടുമാറി. ഹബീബ്(റ) വിനെ ഒരു അവസാന ചോദ്യം ചെയ്യലിന് വിധേയമാക്കവെ, നീ മുഹമ്മദ് പ്രവാചകനാണ് എന്ന് നീ അംഗീകരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോഴെല്ലാം ഹബീബ്(റ) അതെ എന്ന് മറുപടി പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ഞാൻ പ്രവാചകനാണ് എന്ന് നീ അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴാവട്ടെ, അത് കേൾക്കുന്നില്ലാത്തത് പോലെ നിലപാട് എടുക്കുകയും ചെയ്തു. ഇതോടെ കോപാന്ധനായ മുസൈലിമ, അക്കാലത്ത് ഏറെ അമാന്യമായി കരുതപ്പെട്ടിരുന്ന അംഗഭംഗത്തിലേക്ക് കടന്നു. നബി(സ)യുടെ ദൂതനായി വന്നതാണ് എന്നതൊന്നും പരിഗണിക്കാതെ ഹബീബ്(റ)വിന്റെ അവയവങ്ങൾ ഓരോന്നായി മുറിച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. മുസ്ലിം ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ആ വിവരമറിഞ്ഞതും ഉമ്മു അമ്മാറ(റ) കുഴഞ്ഞിരുന്നു പോയി. സ്വന്തം വയറ്റിൽ ഉരുവം പ്രാപിച്ച ഒരു സ്വന്തം മകന് വന്ന ദുരന്തവും ഒരു സ്വന്തം മകൻ ചെയ്ത ത്യാഗവും ഒരേ സമയം മനസ്സിൽ മാറിമാറി. പക്ഷെ, അവർ അതിനു മാത്രം വിശ്വാസിനിയായിരുന്നു. അതിനാൽ അവർ ക്ഷമിച്ചു. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു. ഒപ്പം തന്നെ അവർ അവർ ഒരു പ്രതിജ്ഞയെടുത്തു. ഞാൻ മുസൈലിമക്കെതിരെ യുദ്ധത്തിനിറങ്ങും, ഒന്നുകിൽ ഞാൻ അയാളെ വധിക്കും അല്ലെങ്കിൽ അവന്റെ മുമ്പിൽ വെച്ച് താൻ കൊല്ലപ്പെടും എന്ന പ്രതിജ്ഞ.



രണ്ടാമത് അവർക്ക് നേരിടേണ്ടി വന്ന ദുഃഖം ലോകത്തിന്റെ മുഴുവനും ദുഖമായിരുന്നു. ലോകത്തിന്റെ എല്ലാമെല്ലാമായ തിരുദൂതരുടെ വഫാത്ത്. അവരുടെ കണ്ണും ഖൽബും ആ വിരഹത്തിൽ തേങ്ങി.



അതു പുലരുന്നതും കണ്ടു..



ഹിജ്റ 11 ൽ നബി(സ)യുടെ വഫാത്തിന് ശേഷം അബൂബക്കർ(റ) ഒന്നാം ഖലീഫയായി. അബൂബക്ര്‍(റ) ഖലീഫയായി ബൈഅത്ത് ചെയ്യപ്പെട്ടത് പ്രതിസന്ധികളുടെ മധ്യത്തിലായിരുന്നു. നിരവധി പ്രശ്‌നങ്ങളിലൊന്നായിരുന്നു കള്ള പ്രവാചകന്മാരുടെ അരങ്ങേറ്റം. നിരവധിപേര്‍ പ്രവാചകത്വവാദവുമായി രംഗത്ത് വന്നു. അവരില്‍ ശക്തനായിരുന്നു മുസൈലിമത്തുല്‍ കദ്ദാബ്. മക്ക, മദീന, ത്വാഇഫ് എന്നീ നഗരങ്ങളിൽ താമസിച്ചിരുന്നവരല്ലാത്ത മുസ്ലിംകൾ അധിക പേരും ഇസ്ലാം കയ്യൊഴിഞ്ഞു. ഖലീഫ ഇങ്ങനെ മതപരിത്യാഗം ചെയ്തവർക്കെതിരെ യുദ്ധം ചെയ്യുവാൻ തന്നെ തീരുമാനിച്ചു. അബൂബക്കർ(റ) കൈക്കൊണ്ട ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നായിരുന്നു അത്. നബി(സ)യുടെ കാലത്തുതന്നെ മുസൈലിമ നുബുവ്വത്ത് വാദവുമായി രംഗത്തുണ്ടായിരുെന്നങ്കിലും ശക്തിപ്പെട്ടത് അവിടുത്തെ വഫാത്തിനുശേഷമായിരുന്നു. ഈ വിവരമറിഞ്ഞതും ഉമ്മു അമ്മാറ(റ)യുടെ മനസ്സുണർന്നു. അവർ ഖലീഫയെ മുഖം കാണിച്ച് തന്റെ ഇംഗിതം അറിയിച്ചു. അബൂബക്കർ(റ) സന്തോഷത്തോടും അഭിമാനഞ്ഞോടും കൂടി അവർക്ക് അനുമതി നൽകി. ഉമ്മു അമ്മാറ(റ) യമാമയിലേക്ക് പുറപ്പെട്ടു.



മുസൈലിമയുടെ വൻ സൈന്യവുമായി ഏറ്റുമുട്ടാന്‍ ഇക്‌രിമ(റ)വിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അബൂബക്ര്‍(റ) നിയോഗിച്ചു. പ്രസ്തുത സൈന്യത്തില്‍ ഖാലിദുബ്‌നുല്‍ വലീദ്(റ)വിന്റെ നേതൃത്വത്തിലുള്ള സൈന്യവും കൂടി ചേര്‍ന്നു. ഇവരെ നേരിടാന്‍ നാല്‍പതിനായിരം പേര്‍ ഉള്‍കൊള്ളുന്ന ഒരു സൈന്യത്തെ മുസൈലിമ അഖ്‌രിബാഇല്‍ വിന്യസിച്ചു. ആദര്‍ശത്തിനപ്പുറം പക്ഷപാതിത്വം തലക്കുപിടിച്ചവരായിരുന്നു മുസൈലിമയുടെ അധിക സൈനികരും. മുസൈലിമ വ്യാജനാണെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. മുളര്‍ഗോത്രത്തിലെ സത്യസന്ധനെക്കാള്‍ ഞങ്ങള്‍ക്ക് പ്രിയം റബീഅ ഗോത്രത്തിലെ വ്യാജനോടാണെന്നവര്‍ പറഞ്ഞിരുന്നു. മുസ്‌ലിം സൈന്യത്തിന്റെയും മുസൈലിമയുടെയും ഇടയില്‍ ശക്തമായ പോരാട്ടം നടന്നു. റൗളാശരീഫില്‍ അന്ത്യവിശ്രമം കൊള്ളുന്ന നബി(സ) യോട് സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്വഹാബിമാര്‍ യുദ്ധത്തില്‍ വിജയശ്രീലാളിതരായത്. യാമുഹമ്മദാഹ് എന്ന വിളിയായിരുന്നു യമാമ യുദ്ധത്തിന്റെ അടയാളമെന്ന് പ്രബല ചരിത്രഗന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു സ്ത്രീ എന്ന പ്രത്യേകത മറന്ന് അറുപതുകാരിയായിരുന്ന ഉമ്മു അമ്മാറയും മുന്നേറി. കടുത്ത പോരാട്ടത്തിലൂടെ മുസൈലിമയുടെ സൈന്യത്തെ തറപറ്റിച്ച മുസ്ലിം സേന മുസൈലിമയെയും അടുത്ത അനുയായികളെയും ഒരു തോട്ടത്തിനുള്ളിൽ തളച്ചു. അതിനുളളിൽ വെച്ച് നടന്ന കടുത്ത നീക്കങ്ങളിൽ മുസൈലിമ വീണു. ഉമ്മു അമ്മാറ(റ) ആ രംഗം നിറകണ്ണുകളോടെ കണ്ടു. അല്ലാഹുവിന് ശുക്ർ ചെയ്തു. തന്റെ ജീവിതം സഫലമായതു പോലെയുള്ള ഒരു സംതൃപ്തി അവരെ വലയം ചെയ്യുന്നുണ്ടായിരുന്നു അവിടെ നിന്നും തിരിക്കുമ്പോൾ.



വിയോഗം



യമാമ യുദ്ധത്തിൽ നിന്ന് മടങ്ങുമ്പോൾ അവരുടെ ശരീരത്തിൽ പതിനൊന്ന് ആഴമുള്ള മുറിവുകൾ ഉണ്ടായിരുന്നു. അവരുടെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും മറികടക്കാനാവാത്ത മുറിവുകൾ. അങ്ങനെ അവർ ശയ്യാവലംബിയായി. ഏതാണ്ട് ഒരു വർഷം കഴിയും മുമ്പ് ഹിജ്റ 13 ൽ അവർ ത്യാഗനിർഭരമായ തന്റെ ജീവിതത്തിന് വിരാമചിഹ്നമിട്ടു. ജന്നത്തുൽ ബഖീഇൽ അവർ അന്ത്യവിശ്രമം കൊളളുന്നു.
(സ്വഹാബിയ്യാത്തുൻ ഹൗലർറസൂൽ)






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso