പറയലിന്റെ പരിധികൾ
15-05-2022
Web Design
15 Comments
കേൾക്കാൻ നമുക്ക് രണ്ട് ചെവികൾ സൃഷ്ടാവ് തന്നിട്ടുണ്ട്. കാണാൻ കണ്ണുകൾ രണ്ടെണ്ണവും. എന്നാൽ ഈ കണ്ടതും കേട്ടതുമെല്ലാം മറ്റുളളവരിലേക്ക് ചൊരിയാനും പകരാനുമാവട്ടെ ഒരൊറ്റ നാവേ തന്നിട്ടുള്ളു. സ്വന്തം ശരീരത്തിൽ നിന്നും പറിച്ചെടുക്കുന്ന ഈ തത്വം നമ്മോട് പറയുന്നത് നാം പറയുന്നതിന് ചില പരിധികളൊക്കെയുണ്ടായിരിക്കണം എന്നാണ്. കണ്ടതും കേട്ടതുമെല്ലാം സത്യമാണെങ്കിൽ പോലും എല്ലാം അങ്ങനെ വാരിവലിച്ച് ചർദ്ദിക്കാനുളളതല്ല എന്നാണ്. പറയലുകൾക്ക് ഇങ്ങനെ ഒരു നിയന്ത്രണമെന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം അനുഭവങ്ങൾ തന്നെയാണ്. മറ്റൊരാളെ കുറിച്ച് നാം വിചാരിക്കുന്ന കാര്യങ്ങളേക്കാളും ഒരു പക്ഷെ ചെയ്യുന്ന കാര്യങ്ങളേക്കാളും സ്വാധീനിക്കുക നാം പറയുന്ന വാക്കുകളായിരിക്കും. നാം പറയുന്ന അനുകൂലമായ വാക്കുകൾ സംബോധിതനിൽ അവ സന്തോഷവും ഊർജ്ജവും ഉൻമേഷവും നിറക്കും. നമ്മുടെ പ്രോത്സാഹനങ്ങൾ അയാളിൽ ഏത് അസാധ്യമായതും സാധ്യമാണ് എന്ന ധൈര്യം പകരും. വാക്കുകൾ കൊണ്ടുള്ള തലോടലുകൾ ഔഷധമാകും. ആശ്വാസവചനങ്ങൾ ഏതു ദുരന്തത്തിൽ നിന്നും പിടിച്ചു കയറ്റും. മറുവശത്ത്, കുറ്റപ്പെടുത്തിയോ അധിക്ഷേപിച്ചോ ശകാരിച്ചോ പരിഹസിച്ചോ നാം പ്രയോഗിക്കുന്ന വാക്കുകൾ ഒരിക്കലും കൂടാത്ത മുറിവുകളും മാറാത്ത വേദനകളും ഉണ്ടാക്കും. മനുഷ്യന്റെ ബന്ധങ്ങളിൽ ശക്തമായ വിള്ളലുകൾ വീഴ്തും. വെറും വാക്കിന്റെ പേരിൽ മുറിഞ്ഞ ബന്ധങ്ങളും തകർന്ന കുടുംബങ്ങളും മുതൽ അവ കാരണമായി ഉണ്ടായ കക്ഷിത്വങ്ങളും യുദ്ധങ്ങളെല്ലാം അതിന് എത്രയോ ഉദാഹരിക്കാനുണ്ട്.
മനുഷ്യന്റെ സാമൂഹ്യതയെ സംരക്ഷിച്ചു നിറുത്തുന്നതിന് വർത്തമാനങ്ങളെ നിയന്ത്രിക്കുക എന്നത് ഏറെ പ്രധാനമായതിനാൽ തന്നെ ഇസ്ലാം ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്നാമത്തേത് ഇസ്ലാം ലക്ഷ്യമിടുന്നത് പരസ്പര വിശ്വാസവും സ്നേഹവുമുളള ഒരു ആരോഗ്യമുള്ള സമൂഹത്തിന്റെ നിർമ്മിതിയാണ്. ഈ ഉന്നതമായ പാരസ്പര്യങ്ങളെ പൊളിച്ചിടുന്ന ഒന്നാണ് നിയന്ത്രണമില്ലാത്ത വർത്തമാനങ്ങൾ. മാറ്റാന്ന് ഇസ്ലാമിക ദർശനത്തിൽ മനുഷ്യൻ ദൈവത്തിന്റെ പ്രതിനിധിയാണ്. ദൈവീക പ്രാതിനിധ്യം വഹിക്കുന്നതിൽ ഒരാൾക്ക് വിജയിക്കണമെന്നുണ്ടെങ്കിൽ ഉജ്ജ്വലമായ വ്യക്തിത്വം അവന് അനിവാര്യമാണ്. എന്തും ഒരു നിയന്ത്രണവുമില്ലാതെ വിളിച്ച് പറയുന്നവന് ഒരു വ്യക്തിത്വം ഉണ്ടാവില്ല. അവന്റെ വർത്തമാനങ്ങൾക്ക് മാന്യത കൽപ്പിക്കുവാനോ അതിനെ കണക്കിലെടുക്കാനോ പൊതുവെ ആരും ധൈര്യപ്പെടില്ല. ഇക്കാരണങ്ങളാൽ സംസാരങ്ങളുടെ കാര്യത്തിൽ ഇസ്ലാം കണിശമായ ജാഗ്രത പുലർത്തുന്നു. ഈ ജാഗ്രതയുടെ ഒന്നാം പാഠം മനുഷ്യന്റെ ഓരോ വാക്കും നിരീക്ഷിക്കപ്പെടും എന്ന താക്കീതാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെയടുത്ത് രേഖപ്പെടുത്താനൊരുങ്ങിയ നിരീക്ഷകനുണ്ടാകാതിരിക്കില്ല. (ഖാഫ്: 18) മനുഷ്യന്റെ ഓരോ വാക്കുകളും അവന്റെ ഉൺമയോടും ദൗത്യത്തോടും ഒത്തുപോകുന്നതാണോ എന്ന് അതാത് സമയത്ത് തന്നെ നിരീക്ഷിക്കപ്പെടുമെന്നർഥം. നിരീക്ഷിക്കുന്നത് അതിലെ ശരിയും തെറ്റും ചേരിത്തിരിക്കാനും തദനുസൃതമായ പ്രതിഫലങ്ങൾ നൽകുവാനുമാണ്. മറ്റൊന്ന് ഇസ്ലാം ചെയ്തത് മുസ്ലിം എന്നതിന്റെ നിർവ്വചനത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ നാവിനെ കൂടി ഉൾപ്പെടുത്തി എന്നതാണ്. നബി(സ) പറഞ്ഞു: ആരെല്ലാം ഒരാളുടെ കൈയിൽ നിന്നും നാവിൽ നിന്നും സ്വതന്ത്രനാണോ, സുരക്ഷിതനാണോ അവനാണ് മുസ്ലിം എന്ന് നബി( റ ) തിരുമേനി(സ) പറഞ്ഞു. (മുസ്ലിം). ഒരാളേയും വാക്ക് കൊണ്ടാ കൈ കൊണ്ടോ ഉപദ്രവിക്കാത്തവനെ മാത്രമാണ് നബി തങ്ങൾ മുസ്ലിം എന്ന ഗണത്തിൽ പെടുത്തുന്നത്.
മുആദുബ്‌നു ജബല്‍(റ) പറയുന്നു: ഒരിക്കല്‍ നബി(സ)യോടൊപ്പം യാത്രയിലായിരുന്നു ഞാന്‍. രാവിലെ നബിയോടൊപ്പം നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: പ്രവാചകരേ, എനിക്ക് സ്വര്‍ഗപ്രവേശം നേടിത്തരുന്നതും നരകത്തില്‍ നിന്ന് അകറ്റുന്നതുമായ ഒരു പ്രവര്‍ത്തനം എനിക്ക് പറഞ്ഞുതന്നാലും. അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും വലിയൊരു വിഷയത്തെക്കുറിച്ചാണ് നീ ഇപ്പോള്‍ ചോദിച്ചിരിക്കുന്നത്. അല്ലാഹു എളുപ്പമാക്കി കൊടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും അത് എളുപ്പമാണ്. അല്ലാഹുവെ, മറ്റൊന്നിനെയും അവനോട് പങ്കാളിയാക്കാതെ ആരാധിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാന്‍ വ്രതമനുഷ്ഠിക്കുക, വിശുദ്ധ ഗേഹത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. പിന്നീട് നബി(സ) പറഞ്ഞു: നന്മയുടെ കവാടങ്ങള്‍ നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ? നോമ്പ് ഒരു പരിചയാണ്. ദാനം വെള്ളം അഗ്നിയെയെന്നവണ്ണം പാപത്തെ കെടുത്തിക്കളയുന്നു. പിന്നീട് രാത്രിയുടെ ഉള്ളില്‍ ഒരാള്‍ നടത്തുന്ന നമസ്‌കാരവും. എന്നിട്ട് ഭയത്തോടും പ്രത്യാശയോടും തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി കിടപ്പറയില്‍ നിന്ന് അവരുടെ ശരീരം ഉണര്‍ന്ന് ഉയരുന്നു… എന്ന് തുടങ്ങുന്ന സൂറതുസ്സജദയിലെ 16,17 ആയത്തുകള്‍ തിരുമേനി ഓതിത്തന്നു. പിന്നീട് നബി(സ) ചോദിച്ചു: കാര്യങ്ങളുടെയെല്ലാം നെടുംതൂണും പൂഞ്ഞയുടെ ഉച്ചിയിലുള്ളതുമായ കാര്യം ഞാന്‍ നിനക്ക് അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ പ്രവാചകരേ. നബി(സ) പറഞ്ഞു: കാര്യങ്ങളില്‍ മുഖ്യം ദൈവത്തിനുള്ള സമര്‍പ്പണം (ഇസ്ലാം) ആകുന്നു. അതിന്റെ നെടുംതൂണ്‍ നമസ്‌കാരവും അതിന്റെ തലപ്പത്തുള്ളത് ത്യാഗപരിശ്രമവുമാകുന്നു. പിന്നീട് അവിടുന്ന് ചോദിച്ചു: ഇതിന്റെയെല്ലാം ആധാരം അഥവാ നിയന്ത്രണം അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: അതെ തിരുദൂതരേ. അപ്പോള്‍ തന്റെ നാവ് പിടിച്ചുകൊണ്ട് നബി(സ) പറഞ്ഞു: ഇതിനെ നീ നിയന്ത്രിക്കുക. ഞാന്‍ ചോദിച്ചു: ഞങ്ങള്‍ നടത്തുന്ന സംസാരത്തിന്റെ പേരില്‍ ഞങ്ങള്‍ ശിക്ഷിക്കപ്പെടുമോ? നബി തിരുമേനി പറഞ്ഞു: നിന്നെ നിന്റെ മാതാവിന് നഷ്ടമാകട്ടെ, മുആദേ, ജനങ്ങളെ നരകത്തിലേക്ക് മുഖം കുത്തി വീഴ്ത്തുന്നത് അവരുടെ നാവ് കൊയ്‌തെടുക്കുന്ന തിന്മകള്‍ കൊണ്ടല്ലാതെ മറ്റെന്തെങ്കിലും കൊണ്ടാണോ? (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്)
വർത്തമാനം വെറും വികാരത്തെ വലം വെക്കുമ്പോഴാണ് അത് ഏറെ അപകടകാരിയാകുന്നത്. മറ്റൊരാളെ കുറിച്ച് ആക്ഷേപിച്ചോ അധിക്ഷേപിച്ചോ ഉള്ളതായിരിക്കും ഇത്തരം വർത്തമാനങ്ങൾ. ഇതു വഴി മറ്റൊരാൾക്ക് അഭിമാനക്ഷതം സംഭവിക്കുന്നു. മനുഷ്യന്റെ ജീവന്‍ പോലെ ആദരണീയമാണ് അവന്റെ അഭിമാനവും. അതിനെ ക്ഷതപ്പെടുത്തുന്നത് കൊലപാതകം പോലെ കുറ്റകരമാണ്. നബിതിരുമേനി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അഭിമാനത്തെ ജീവനോടും സമ്പത്തിനോടുമാണ് ചേര്‍ത്തുപറഞ്ഞത്. എന്നാല്‍ അഭിമാനം ക്ഷതപ്പെടുത്തുന്നത് സ്വത്ത് കവര്‍ന്നെടുക്കുന്നതിനേക്കാള്‍ ഗുരുതരവും ഗൗരവമേറിയതുമാണ്. അവിഹിതമായി നേടിയ സ്വത്ത് അതിന്റെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയും. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് ആരെയെങ്കിലും അപമാനിച്ചാല്‍ അതുണ്ടാക്കുന്ന ആഘാതത്തിന് അറുതിയുണ്ടാക്കാന്‍ ആരെത്ര ശ്രമിച്ചാലും സാധ്യമല്ല. വാക്കുകള്‍ ഉരുവിടുന്നതുവരെ നാം അതിന്റെ ഉടമകളായിരിക്കും. പിന്നീട് അത് നമ്മെ പിന്തുടരുകയും അടക്കിഭരിക്കുകയും ചെയ്യും. കുന്തമുണ്ടാക്കുന്ന മുറിവുകള്‍ തേഞ്ഞുമാഞ്ഞു പോകും. പക്ഷേ, വാക്കുകളുണ്ടാക്കുന്ന പരിക്കുകള്‍ക്ക് പ്രതിവിധിയോ പരിഹാരമോ ഇല്ല. അതുണ്ടാക്കുന്ന വിടവ് അടയുകയില്ല. അല്ലാഹു പറയുന്നു: മറ്റുവള്ളവരെ ഇടിച്ചുതാഴ്ത്തുകയും കുത്തുവാക്ക് പറയുകയും ചെയ്യുന്നവര്‍ക്ക് കൊടിയ നാശം (104:1).
വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്നവർക്കു മുമ്പിൽ ഈ ഉപദേശങ്ങൾ എത്രമാത്രം ഫലപ്പെടും എന്നത് ഇന്നത്തെ കാലത്ത് ഒരു ആശങ്കയാണ്. കാരണം ഇങ്ങനെ ചെയ്യുന്നവർ തങ്ങൾ ചെയ്യുന്നത് ശരിയാണെന്നും ഒരു മഹാസേവനമാണ് എന്നു വരേക്കും വാദിച്ചേക്കും. രണ്ട് ന്യായങ്ങൾ അതിനൊപ്പം എഴുന്നെള്ളിക്കുകയും ചെയ്തേക്കും. ഒന്നാമതായി താൻ ഉളളതാണ് അല്ലാതെ ഇല്ലാത്തതല്ല പറയുന്നത് എന്നായി യിരിക്കും പറയുക. ഉളളതാണെങ്കിൽ പോലും ആർക്കെങ്കിലും അസന്തുഷ്ടിയുണ്ടാക്കുന്ന വിധം ഇങ്ങനെ പറയുന്നത് ഇസ്ലാം താക്കീത് ചെയ്യുന്നുണ്ട്. നബി(സ) പറയുന്നു: സത്യമാണെങ്കിൽ പോലും തർക്കത്തെ ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തിന്റെ താഴ് വാരത്ത് ഒരു വീട് വാങ്ങിത്തരാം എന്ന് ഞാൻ വാക്കു തരുന്നു (അബൂദാവൂദ്). തന്റെ വർത്തമാനത്തെ വെള്ളപൂശാൻ ശ്രമിക്കുമ്പോൾ അയാൾ സത്യത്തിൽ തന്റെ പക്ഷം തർക്കിച്ച് സമർഥിക്കുവാൻ ശ്രമിക്കുകയാണല്ലോ ചെയ്യുന്നത്. അല്ലെങ്കിൽ ഉന്നയിക്കുക ഇത് ഞാൻ മാത്രമല്ല, എല്ലാവരും പറയുന്നതു തന്നെയാണ് എന്നായിരിക്കും ഉന്നയിക്കുക. അതിനെയും ഇസ്ലാം അംഗീകരിക്കുന്നില്ല. നബി(സ) പറയുന്നു: കേട്ടതെല്ലാം പറയുക എന്നതു തന്നെ ധാരാളമാണ് കളവിന് (മുസ്ലിം). വ്യക്തിഹത്യ, പരിഹാസം, അധിക്ഷേപം തുടങ്ങി നാവുണ്ടാക്കുന്ന വിനകളുടെ പട്ടിക ഏറെ നീണ്ടതാണ്. സമൂഹത്തിൽ അനതിവിദൂരമായ പ്രത്യാഖാതമുണ്ടാക്കുന്നു എന്നതിനാലും അതിന്റെ ദുർഫലം ഐഹിക ജീവിതത്തിൽ തന്നെ അനുഭവപ്പെടുന്നു എന്നതിനാലും ഇത്തരം കുറ്റങ്ങൾക്ക് പരമമായ പാരത്രിക ശിക്ഷകൾക്ക് പുറമെ ഇവിടെ തന്നെ ദുർഫലം ഉണ്ടാകും. അത് ഒരു പക്ഷെ, ആ വ്യക്തി തന്നെ അതിൽ ഖേദിക്കേണ്ടതോ തിരുത്തി പറയേണ്ട തോ ആയ സാഹചര്യം സംജാതമാകൽ കൊണ്ടോ ജനങ്ങൾക്കിടയിൽ അവ്വിധം മുദ്രകുത്തപ്പെടൽ കൊണ്ടോ ഒക്കെയായിരിക്കാം.
സത്യവിശ്വാസി ഗുണകാംക്ഷിയായിരിക്കേണ്ടതുണ്ട്. അവന്റെ ചലനങ്ങൾ എല്ലാം നൻമയായി പരിവർത്തിക്കപ്പെടണം. അതിനുപയുക്തമല്ലാത്ത വാക്കും പ്രയോഗവും ഉണ്ടാകുവാൻ പാടില്ല. ഇക്കാര്യത്തിൽ നബി(സ) പറഞ്ഞു: ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ നൻമ മാത്രം പറയണം. അല്ലെങ്കിൽ മിണ്ടാതിരിക്കണം (ബുഖാരി). ഇസ്ലാമിലെ സമാനമായ മറ്റദ്ധ്യായങ്ങൾ പോലെ അടിസ്ഥാനപരമായി ഇത് ഒരു വൈകാരികതയുടെ പ്രശ്നമാണ്. വിവേകവും വികാരവും തമ്മിലുള്ള ഒരു നിരന്തരമായ മൽപ്പിടുത്തത്തിന്റെ വേദിയാണ് മനുഷ്യാസ്തിത്വം. രണ്ടും വേണ്ടത് തന്നെയാണ്. പക്ഷെ, രണ്ടിനും ക്രമവും അനുപാതവുമുണ്ട്. അത് പാലിക്കപ്പെടണമെന്നതാണ് അല്ലാഹുവിന്റെ താൽപര്യം. അത് പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് ദുനിയാവിന്റെ പരീക്ഷണം. വിവേകത്തിന്റെ ഉളളിലൊതുങ്ങുന്നതാവണം എല്ലാ വികാരങ്ങളും. ഒരാളെയും വേദനിപ്പിക്കാതെ, അപമാനിക്കാതെ, വ്യക്തി ഹത്യ നടത്താതെ, അഭിമാന ക്ഷതമേൽപ്പിക്കാതെ തന്നെ എല്ലാ വികാരങ്ങളും വിവേകപൂർവ്വം തന്നെ പ്രകടിപ്പിക്കുവാൻ കഴിയും. അതുകൊണ്ടാണല്ലോ അത് പരീക്ഷണത്തിന്റെ ഒരു ഭാഗമായതും. ഏതു സാഹചര്യത്തിലും വിവേകത്തെ കൈ വെടിയാതിരിക്കുക എന്നതാണ് അതിനുളള സൂത്രം.
ചിന്തകനായ സോക്രട്ടീസിനോട് ഒരാൾ ഒരിക്കൽ പറഞ്ഞു: അങ്ങയുടെ കൂട്ടുകാരനെക്കുറിച്ച് എനിക്കൊരു കാര്യം പറയാനുണ്ട്.
സോക്രട്ടീസ് പറഞ്ഞു: അതു കേൾക്കുംമുൻപേ എനിക്കു നിന്നോടു 3 കാര്യങ്ങൾ ചോദിക്കാനുണ്ട്. അതിനുള്ള ഉത്തരം കേട്ടശേഷമാവാം എന്റെ കൂട്ടുകാരനെക്കുറിച്ചുള്ള കാര്യം കേൾക്കുന്നത്. ചോദ്യം ഒന്ന്: എന്റെ കൂട്ടുകാരനെക്കുറിച്ചു നീ പറയാൻ പോകുന്ന കാര്യം സത്യമാണെന്നു നിനക്കു ബോധ്യമുണ്ടോ?
അയാൾ മറുപടി പറഞ്ഞു: സത്യമാണോ അസത്യമാണോ എന്നെനിക്കറിയില്ല..
ശരി, രണ്ടാമത്തെ ചോദ്യം: പറയാൻ പോകുന്ന ആ വാർത്ത നല്ലതാണോ ചീത്തയാണോ?
മറുപടി: അതൊരു നല്ല വാർത്തയല്ല.
സോക്രട്ടീസ് പറഞ്ഞു: എന്റെ സുഹൃത്തിനെക്കുറിച്ചു പറയാൻ പോകുന്ന കാര്യം സത്യമാണോയെന്നു താങ്കൾക്കുറപ്പില്ല. മാത്രവുമല്ല, അതു മോശം കാര്യവുമാണ്. എങ്കിൽ എന്റെ മൂന്നാമത്തെ ചോദ്യം ഇതാണ്–ആ വാർത്ത കേൾക്കുന്നതുകൊണ്ട് എനിക്കോ പറയുന്നതുകൊണ്ടു നിനക്കോ എന്തെങ്കിലും പ്രയോജനമുണ്ടോ?
അയാൾ ഇല്ല എന്ന അർഥത്തിൽ തലയാട്ടി.
സോക്രട്ടീസ് പറഞ്ഞു, സത്യമാണെന്ന് ഉറപ്പില്ലാത്ത, മോശമായ, എനിക്കും നിനക്കും ഒരു പ്രയോജനവുമില്ലാത്ത ആ വാർത്ത എന്നോട് എന്തിനാണു പറയുന്നത്? അതു കേൾക്കാൻ ഞാനാഗ്രഹിക്കുന്നില്ല.
ഈ കഥ നമ്മെ ചിന്തിപ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അറിയുന്ന കാര്യങ്ങളെല്ലാം പറയാനുള്ളതല്ല. പറയാനുള്ള കാര്യങ്ങൾപോലും കാര്യമാത്ര പ്രസക്തമായി മാത്രം അവതരിപ്പിക്കുകയും വേണം എന്നൊക്കെയാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso