ഉമ്മു ഐമൻ(റ)
15-05-2022
Web Design
15 Comments
അവർ യത് രിബിൽ നിന്നും പിന്നിട്ട് ഏതാണ്ട് തെക്കു പടിഞ്ഞാറ് നൂറ്റി എഴുപത് കിലോമീറ്റർ ദൂരമെത്തിക്കഴിഞ്ഞു. അഥവാ മക്കയിൽ നിന്ന് 200 കിലോമീറ്റർ അകലെ. പൊതുവെ യാത്രാ ക്ഷീണമുണ്ട്. സംഘത്തിൽ ഒരാൾ പ്രായാധിക്യം ചെന്ന ആളാണ്. ഒരാൾ ഒരു ആറുവയസ്സുകാരനും. ആറു വയസ്സുകാരന്റെ പിതാമഹനാണ് വയോധികൻ. പേര് അബ്ദുൽ മുത്തലിബ്. ആറു വയസ്സുകാരൻ മുഹമ്മദ് ആ സംഘത്തിന്റെ മുഴുവൻ ഓമനയാണ്. പിന്നെയുള്ളത് രണ്ട് സ്ത്രീകളാണ്. ആറു വയസ്സുകാരന്റെ ഉമ്മ ആമിന(റ)യും കുടുംബത്തിന്റെ ദാസി ഉമ്മു ഐമൻ എന്നു വിളിക്കപ്പെടുന്ന ബറക്കയും. അവർ യത് രിബിൽ പോയി വരുന്ന വഴിയാണ്. ഈ യാത്ര ആമിന എന്നവർക്കു വേണ്ടിയാണ്. അവർ സംഘത്തിലെ വയോധികന്റെ മകൻ അബ്ദുല്ല എന്നവരുടെ ഭാര്യയായിരുന്നു. ബനൂ സഹ്‌റയിലെ വഹബു ബിൻ അബ്ദി മനാഫിന്റെയും ബര്‍റതു ബിന്‍ത് അബ്ദില്‍ഉസ്സായുടേയും മകൾ. ഇവരുടെ ഖുറൈശ് വംശ പരമ്പര എത്തിച്ചേരുന്നത് പ്രവാചകൻ ഇസ്മാഈൽ നബിയിലൂടെ ഇബ്രാഹീം നബിയിലേക്കാണ്.
ഖുറൈശികളില്‍ സുന്ദരിയും സുശീലയും സഹൃദയയുമായിരുന്നു അവര്‍. അവരുടെ സ്വഭാവവിശുദ്ധി മൂലം ഖുറൈശികള്‍ക്കിടയില്‍ സഹ്‌റ(പുഷ്പം) എന്ന വിളിപ്പേരിലാണ് അവര്‍ അറിയപ്പെട്ടത്. അബ്ദുല്ലക്ക് വേണ്ടി വിവാഹമന്വേഷിക്കാന്‍ ആളെ അയച്ച സന്ദര്‍ഭത്തില്‍ അബ്ദുല്‍ മുത്തലിബിന്റെ ഭാര്യ അദ്ദേഹത്തോട് പറയുന്നുണ്ട്. അല്ലയോ അബ്ദുല്‍ മുത്തലിബ്, ആമിനയുടെ സ്വഭാവവിശേഷങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയാൽ നാവുകള്‍ കുഴഞ്ഞു പോകും. അങ്ങനെ ആമിനയെ അബ്ദുല്ല വിവാഹം കഴിച്ചു.
ആമിനക്ക് പതിനേഴ് വയസ്സുള്ളപ്പോള്‍ നടന്ന ആ വിവാഹം ഒരു റജബ് മാസത്തിലായിരുന്നു. ശിഅബ് അബീ താലിബില്‍ അവര്‍ ദാമ്പത്യ ബന്ധം ആരംഭിച്ചു. അവിടെ നിന്നാണ് അവര്‍ മുഹമ്മദ് നബി(സ)യെ ഗര്‍ഭം ധരിക്കുന്നത്. ദാമ്പത്യത്തിന്റെ ഏതാനും സുന്ദര നാളുകള്‍ക്ക് ശേഷം അബ്ദുല്ലക്ക് കച്ചവടാവശ്യാര്‍ത്ഥം ശാമിലേക്ക് യാത്ര ചെയ്യേണ്ടിവന്നു. വിവാഹത്തിന് തൊട്ടു ശേഷമുള്ള തന്റെ പ്രിയ ഭര്‍ത്താവിന്റെ വേര്‍പാട് ആമിനയെ വല്ലാതെ ദു:ഖിതയാക്കി. ഏതാനും മാസങ്ങള്‍ നീണ്ട യാത്ര കഴിഞ്ഞ് യാത്ര സംഘം മടങ്ങിയെത്തുമ്പോള്‍ അവര്‍ക്കൊപ്പം ആമിനയുടെ പ്രിയ ഭര്‍ത്താവ് അബ്ദുല്ലയുണ്ടായിരുന്നില്ല. യത് രിബിൽ വച്ച് കഠിനമായ രോഗത്താല്‍ ഭര്‍ത്താവ് മരണമടഞ്ഞ വാര്‍ത്ത അവരെ തീവ്രദുഖത്തിലാഴ്ത്തി. അപ്പോൾ അവർക്ക് ഏതാനും മാസങ്ങൾ ഗർഭമായിരുന്നു.
ഭർത്താവിനെ കുറിച്ചുള്ള നല്ല ഓർമ്മകൾ മാറോടണച്ചുപിടിച്ച് ആമിനാ(റ) ഗർഭകാലം തള്ളിനീക്കി. സാധാരണ സ്തീകൾക്ക് ഉണ്ടാവാറുളള ഗർഭകാല അസ്കിതകളൊന്നും അവർക്ക് ഒട്ടും ഉണ്ടായിരുന്നില്ല. പിതാവായ അബ്ദുള്ള മരണപ്പെട്ട് രണ്ടു മാസം കഴിഞ്ഞായിരുന്നു മുഹമ്മദിന്റെ(സ) ജനനം. ഭർത്താവിന്റെ വിയോഗത്തിൽ വേദനിച്ചു കഴിയുകയായിരുന്ന ആമിനാ ബീവിക്ക് മകന്റെ സാന്നിദ്ധ്യം വലിയ ഒരു ആശ്വാസമായിരുന്നു. അപ്പോഴൊക്കെയും അവരുടെ ഒരു ആഗ്രഹമായിരുന്നു ഭർത്താവിന്റെ ഖബർ കാണണമെന്നത്.
മകന് ആറ് വയസ്സായപ്പോൾ അവർ മകനെയും കൂട്ടി യത് രിബിലേക്ക് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി ഏതാണ്ട് ഒരു മാസം നിന്ന് തിരിച്ചു വരുന്ന വഴിയാണ്. പ്രകൃതി രമണീയ യസിരിബിനെ നബി(സ) തങ്ങൾക്ക് എന്തുകൊണ്ടോ ഏറെ ഇഷ്ടമായി. കുട്ടികളോടൊപ്പം കളിക്കാനും നീന്തൽ പഠിക്കാനുമൊക്കെ അവർ പോയിരുന്നു. ക്ഷീണം തോന്നിയപ്പോൾ അവർ വാഹനത്തിൽ തന്നെ അൽപ്പം വിശ്രമിച്ചു. പക്ഷെ ക്ഷീണം കുറഞ്ഞില്ല. അപ്പോൾ ഒട്ടകത്തെ മുട്ടുകുത്തിച്ച് കട്ടിലിൽ നിന്നും അവർ താഴെ ഇറങ്ങി വിശ്രമിച്ചു. എന്നിട്ടും തളർച്ച കുറഞ്ഞില്ല. അധികം കഴിഞ്ഞില്ല, ക്ഷീണം അധികരിച്ച ആമിന(റ) അല്ലാഹുവിൻെറ വിളിക്ക് ഉത്തരം നൽകി എന്നെന്നേക്കുമായി യാത്രയായി. ഉമ്മയുടെ മയ്യിത്തിനു മുമ്പിൽ ഇരുന്ന് കണ്ണീർ വാർക്കുന്ന ആ കുഞ്ഞുമോന്റെ പുറത്ത് ഒരു സ്നേഹത്തിന്റെ കരസ്പർശം കുളിർ കോരിയിട്ടു. തിരിഞ്ഞു നോക്കുമ്പോൾ ഉമ്മു ഐമനാണ്. അവരുടെ വീട്ടിലെ ദാസിപ്പെണ്ണ്. തനിക്ക് തന്റെ പിതാവിൽ നിന്ന് അനന്തരമായി കിട്ടിയ അടിമസ്ത്രീ. പിന്നെ ആ ഉമ്മു ഐമൻ എപ്പോഴും നബി(സ)യുടെ ജീവിതത്തിലുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ പോറ്റുമ്മയായി, പ്രവാചകനായപ്പോൾ വിശ്വാസിനിയായ അനുയായിയായി. നബി(സ)യുടെ ജീവിതം മുഴുവനും കാണാൻ ഭാഗ്യം ലഭിച്ച സ്ത്രീ.
ശൈശവത്തിന്റെ വർത്തമാനങ്ങൾ
മുഹമ്മദ് എന്ന കുഞ്ഞിന്റെ ഐശ്വര്യം നിറകണ്ണുകളോടെ കാണാനും അനുഭവിക്കാനും സൗഭാഗ്യം ലഭിച്ച ഒരു സ്ത്രീ രത്നമാണ് ഉമ്മു ഐമൻ(റ). എട്ടാമത്തെ വയസ്സിൽ പിതാമഹൻ അബ്ദുൽ മുത്വലിബ് കൂടി വഫാത്തായപ്പോൾ ഉമ്മു ഐമനും കുട്ടിയും പിതൃവ്യൻ അബൂത്വാലിബിന്റെ വീട്ടിലേക്ക് മാറി. ദരിദ്രമായിരുന്നു അബൂ ത്വാലിബിന്റെ സാഹചര്യങ്ങൾ. അബൂത്വാലിബിന്റെ മക്കൾക്കു തന്നെ ഭക്ഷണം കഷ്ടിയായിരുന്നു. അതിലേക്ക് ഇവർ രണ്ടു പേർ കൂടി കടന്നു വരുമ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ശക്തമായ ആശങ്കയുണ്ടായിരുന്നു. പക്ഷെ, മറിച്ചാണ് സംഭവിച്ചത്. മുഹമ്മദ്(സ) വന്നതോടെ വീട്ടിലെ അന്നത്തിന്റെ ദാരിദ്ര്യം കുറഞ്ഞു. ഭക്ഷണം എല്ലാവർക്കും മതിയാകുവാൻ തുടങ്ങി. അങ്ങനെ ഭക്ഷണത്തിൽ സുഭിക്ഷയുണ്ടാകുന്നത് മുഹമ്മദിന്റെ സാന്നിദ്ധ്യമുണ്ടാകുമ്പോഴാണ് എന്ന് അബൂത്വാലിബും ഭാര്യ ഫാത്വിമ ബിൻതു അസദും തിരിച്ചറിഞ്ഞു. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ മുഹമ്മദ് എത്തിയിട്ടില്ലെങ്കിൽ വരുന്നതു വരെ കാത്തിരിക്കുന്നത് അവരുടെ പതിവായിരുന്നു.
പാനീയം വല്ലതും കുടിക്കാൻ ലഭിക്കുമ്പോൾ അബൂത്വാലിബ് മുഹമ്മദിനാദ്യം കൊടുക്കുമായിരുന്നു. അദ്ദേഹം ഒപ്പം പറയുമായിരുന്നു, മുഹമ്മദ് ഐശ്വര്യമുള്ള കുട്ടിയാണ് എന്ന്. ഉമ്മു ഐമൻ പറയുന്നു: ഒരിക്കലും മുഹമ്മദ് വിശപ്പിനെ കുറിച്ചോ ദാഹത്തെ കുറിച്ചോ പരാതി പറയുമായിരുന്നില്ല. (ദലാഇലുന്നുബുവ്വ).
പിന്നീട് നീണ്ട കാലം നബി(സ) അബൂത്വാലിബിന്റെ വീട്ടിലായിരുന്നു. ഫാത്വിമ ബിൻതു അസദും ഉമ്മു ഐമനും നബിയെ നന്നായി പരിചരിച്ചു. പക്ഷെ, ഈ കുഞ്ഞ് കുട്ടിക്കാലം മുതലേ ആരേയും പ്രയാസപ്പെടുത്തുമായിരുന്നില്ല. ഒന്നും ആവശ്യമില്ലാതെ ചോദിക്കുമായിരുന്നില്ല. തന്റെ ലോകത്ത് ശാന്തനായി ഒരുങ്ങിക്കൂടുന്ന പ്രകൃതമായിരുന്നു അവരുടേത്. ഒരു യുവാവായിത്തീരുന്നതു വരെ ആ നില തുടർന്നു. ഇരുപത്തി അഞ്ച് വയസ്സായപ്പോൾ അവരുടെ വിവാഹം നടന്നു. ഒരു യാദൃശ്ചികമായ വഴിത്തിരിവായിരുന്നു ആ വിവാഹവും. ഖുവൈലിദ് ബിന്‍ അസദിന്റെയും ഫാത്വിമ ബിന്‍തു സായിദിന്റെയും മകളായി ജനിച്ച ഖദീജ ബീവിയുമായിട്ടായിരുന്നു അത്. ഖദീജ(റ) മക്കയിലെ കുലീനയും വര്‍ത്തക പ്രമാണിയുമായിരുന്നു. ധാരാളം സ്വത്തുണ്ടായിരുന്ന അവർ തന്റെ സ്വത്ത് സമർത്ഥരായ കച്ചവടക്കാർക്ക് കച്ചവടത്തിനായി നൽകി ലാഭം കൊയ്യുകയായിരുന്നു. അവർക്കുണ്ടാകുന്ന സാമ്പത്തിക ലാഭത്തിനുപരി മക്കയിലെ യുവാക്കൾക്കു മുമ്പിൽ ഒരു ജീവിത മാർഗ്ഗം തുറക്കപ്പെടുന്നതിലായിരുന്നു അവർ ആനന്ദവും സന്തോഷവും കണ്ടെത്തിയിരുന്നത്. യമന്‍, ശാം തുടങ്ങിയ നാടുകളിലേക്ക് തന്റെ കച്ചവടച്ചരക്കുകളുമായി വന്‍ ഖാഫില സംഘങ്ങളാണ് അക്കാലത്ത് പുറപ്പെട്ടിരുന്നത്.
പണത്തിന്റെയോ പത്രാസിന്റെയോ കാര്യത്തില്‍ ഖദീജ(റ)ക്ക് യാതൊരു കുറവുമുണ്ടായിരുന്നില്ല. ഒരേയൊരു പ്രശ്‌നമേ അവരെ അലട്ടിയിരുന്നുള്ളൂ. ദാമ്പത്തിക ജീവിതമായിരുന്നു അത്. രണ്ടു ഭര്‍ത്താക്കന്മാരെ വരിച്ചിരുന്നുവെങ്കിലും രണ്ടുപേരും നേരത്തെ മരിച്ചുപോയി. അവരിൽ നിന്നും ഖദീജ(റ) വിധവയായി. കച്ചവട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മനസ്സിനും ജീവിതത്തിനും കുളിര് പകരുന്ന ഒരു ഇണയെയായിരുന്നു അവര്‍ തേടിക്കൊണ്ടിരുന്നത്. ഖദീജയുടെ കുലീനത്വവും സമ്പാദ്യവും കണ്ട് അനവധിപേര്‍ കല്യാണത്തിനായി മുന്നോട്ടു വന്നിരുന്നു. ഖദീജയുടെ പണവും പത്രാസുമായിരുന്നു അവരുടെ സ്വപ്നം. എന്നാല്‍ ഖദീജ സ്വപ്നംകണ്ടത് മറ്റൊന്നായിരുന്നു. യുവകോമളനായി നബിതങ്ങള്‍ മക്കയില്‍ പ്രശസ്തനായി വരുന്ന സമയമായിരുന്നു അത്. സത്യസന്ധതകൊണ്ടും വിശ്വസ്തകൊണ്ടും അവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആയിടെ ഖദീജയുടെ കണ്ണ് തന്റേടമുള്ള ഈ ചെറുപ്പക്കാരന്റെ നേരെയുമെത്തി. ആ ചെറുപ്പക്കാരനെ തന്റെ വര്‍ത്തക സംഘത്തില്‍ കൂട്ടി തന്റെ കച്ചവടം മെച്ചപ്പെടുത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ചായിരുന്നു അവര്‍ ആദ്യം ചിന്തിച്ചിരുന്നത്. താമസിയാതെ അവരുമായി ബന്ധപ്പെട്ട് ഇവ്വിഷയകമായി സംസാരിച്ചു. തന്റെ ചരക്കുകള്‍ ശാമില്‍ കൊണ്ടുപോയി വില്‍പന നടത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും നല്‍കുന്നതിനെക്കാള്‍ ഇരട്ടി പ്രതിഫലം നല്‍കുമെന്നായിരുന്നു അവരുടെ ഓഫര്‍. കച്ചവടം അറബികളുടെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു വികാരമായിരുന്നു. മുഹമ്മദ് അത് സ്വീകരിക്കുകയും ചെയ്തു.
അങ്ങനെ നബി(സ) അവരുടെ ഭൃത്യനായ മൈസറക്കൊപ്പം ബസ്വറയിലേക്കു പോയി. പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു അത്തവണ ലാഭം. വളരെ വേഗത്തില്‍തന്നെ മുഹമ്മദ് തിരിച്ചുവരുകയും പണം ഖദീജയെ ഏല്‍പിക്കുകയും ചെയ്തു. ഇതോടെ ഖദീജ ഈ ചെറുപ്പക്കാരനില്‍ കൂടുതല്‍ ആകൃഷ്ടനായി. ഏകദേശം മൂന്നു മാസത്തിനു ശേഷം അവര്‍ നേരിട്ടുതന്നെ മുഹമ്മദിനെ സമീപ്പിക്കുകയും വവാഹം ആവശ്യപ്പെടുകയും ചയ്തു. വിസമ്മതമൊന്നും ഇല്ലാതെ വന്നപ്പോള്‍ കാര്യം തീരുമാനമായി. ഖദീജയും പ്രവാചകരും തമ്മില്‍ വിവാഹം നടന്നു. ഹംസ(റ)യും അബൂഥാലിബും മറ്റു അടുത്ത കുടുംബാംഗങ്ങളും ഖദീജയുടെ വീട്ടില്‍ ഒത്തുകൂടിയായിരുന്നു വിവാഹ കര്‍മം. അഞ്ഞൂറ് ദിര്‍ഹം മഹ്‌റായി നല്‍കി. മംഗല്യം മംഗളമായി സമാപിച്ചു. അങ്ങനെ നബി(സ) തന്റെ ഇരുപത്തഞ്ചാം വയസ്സിൽ ഖദീജാ ബീവിയെ വിവാഹം ചെയ്തു. അവർ തമ്മിൽ പ്രായത്തിൽ വലിയ അന്തരമുണ്ടായിരുന്നു. പക്ഷെ, അതൊന്നും അക്കാലത്തും ആ സമൂഹത്തിലും ഒരു വിഷയമല്ലായിരുന്നു. പിന്നെ അവരുടെ ജീവിതം എല്ലാ അർഥത്തിലും മാതൃകാ യോഗ്യമായി മുന്നോട്ടു നീങ്ങി. നബി(സ)യുടെ പ്രഥമ പത്‌നിയും അവിടത്തെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തിയുമാണ് ഖദീജ ബീവി(റ). പ്രവാചകരിലൂടെ അവതരിച്ച വിശുദ്ധ ഇസ്‌ലാമിനെ ആദ്യമായി സ്വീകരിച്ചതും മഹതിയായിരുന്നു. സാമ്പത്തികമായും മാനസികമായും സമൂഹത്തില്‍നിന്നും സര്‍വ്വവിധ വ്യഥകളും നേരിട്ടിരുന്ന കാലത്ത് പ്രവാചകര്‍ക്കും ഇസ്‌ലാമിനും പിന്തുണയായി വര്‍ത്തിച്ചത് മഹതിയുടെ ഇച്ഛാശക്തിയും സമ്പൂര്‍ണ സമര്‍പ്പണ മനസ്ഥിതിയുമാണ്. അതുകൊണ്ടുതന്നെ, പ്രവാചകരുടെ സാമൂഹിക-വൈയക്തിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവത്ത ഒരു അദ്ധ്യായമായിരുന്നു ഖദീജ(റ).
പ്രവാച വൈവാഹിക ജീവിതത്തിന്റെ ഏറ്റവും അനുഗ്രഹീത കാലമായിരുന്നു ഖദീജ ബീവിയോടൊത്തുള്ള കാലഘട്ടം. ജീവിതത്തിന്റെ പല നിര്‍ണായക സന്ധികളും കടന്നുവന്നത് ഈ ഘട്ടത്തിലായിരുന്നു. തുല്യതയില്ലാത്ത സ്‌നേഹപ്രകാശനമായിരുന്നു പ്രവാചകരും ഖദീജ ബീവിയും തമ്മില്‍. ഭാര്യയാണെങ്കില്‍കൂടി ഒരു ഉമ്മയുടെയോ രക്ഷിതാവിന്റെയോ അനുഭവമായിരുന്നു അവര്‍ പ്രവാചകര്‍ക്ക്. നാല്‍പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുന്നതുവരെ ഒരു സാന്ത്വനസ്പര്‍ശം പോലെ അവര്‍ പ്രവാചകരോടൊത്ത് ജീവിച്ചു. അസാധാരണമായ മനക്കരുത്തും തന്റേടവും ഇച്ഛാശക്തിയും കൈമുതലാക്കിയവരായിരുന്നു മഹതി. അതുകൊണ്ടുതന്നെ, പ്രതിസന്ധികള്‍നിറഞ്ഞ പ്രവാചക ജീവിതത്തെ എങ്ങനെയെല്ലാം പിന്താങ്ങണമെന്നും മുന്നോട്ടുകൊണ്ടുപോവണമെന്നും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു. അല്ലാഹു മഹതിക്ക് അതിനുള്ള കരുത്തും കഴിവും നല്‍കുകയും ചെയ്തു.
നബി(സ) ഹിറാ ഗുഹയില്‍ ഏകാന്തവാസം നടത്തിയിരുന്ന കാലം. ഒരിക്കല്‍ ജിബ്‌രീല്‍(അ) കടന്നുവരികയും വിശുദ്ധ ഖുർആനിന്റെ അവതരണത്തിന് നാന്ദി കുറിക്കുകയും ചെയ്യുകയുണ്ടായി. പുതിയ അനുഭവം നിമിത്തം പേടിച്ചരണ്ട് വീട്ടിലെത്തിയ പ്രവാചകന് അന്ന് സമാശ്വാസത്തിന്റെ വാക്കുകളോതി സന്തോഷം പകര്‍ന്നത് പ്രിയ പത്‌നി ഖദീജാ ബീവിയായിരുന്നു.
വിവാഹം കഴിഞ്ഞതോടെ നബി(സ)യുടെ ജീവിതം ഖദീജ(റ)യുടെ വീട്ടിലേക്ക് മാറി. അപ്പോൾ ഉമ്മു ഐമനെ നബി(സ) അടിമത്വ മോചനം നടത്തി സ്വതന്ത്രയാക്കി. അടിമത്വത്തിൽ നിന്നും സ്വതന്ത്രയായതോടെ അവർ വിവാഹിതയായി. ഖസ്റജിയായ ഉബൈദ് ബിൻ ഹാരിസ് ആണ് അവരെ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ അവർക്കു ജനിച്ച കുഞ്ഞാണ് അയ്മൻ. ഈ മകന് പിന്നീട് ഇസ്ലാമിന്റെ സൗഭാഗ്യം ലഭിച്ചു. ഹിജ്റയുടേയും ജിഹാദിന്റെയും എല്ലാം പ്രതിഫലത്തിന് അദ്ദേഹം അർഹനായി. ഹിജ്റ എട്ട് അവസാനം നടന്ന ഹുനൈൻ യുദ്ധത്തിൽ അദ്ദേഹം രക്തസാക്ഷിയായി.
ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക്..
ഉമ്മു ഐമൻ അബ്സീനിയൻ വംശജയാണ്. അവർക്കു പക്ഷെ, അബ്സീനിയയെ കുറിച്ചോ മറ്റോ ഒന്നുമറിയില്ല. അവരുടെ ഏതോ പൂർവ്വപിതാക്കളാണ് മക്കയിലെത്തിയ ആദ്യ കുടിയേറ്റക്കാർ. അവരുടെ ജീവിത പരിസരം മക്ക മാത്രമാണ്. അവർ മക്കയിൽ ജനിച്ചു. മക്കയിൽ വളർന്നു. മക്കയിൽ ജീവിച്ചുവരുന്നു. മക്കയാണ് അവരുടെ ഭാഷയും സംസ്കാരവുമെല്ലാം. ആ സാഹചര്യങ്ങളോട് സമരസപ്പെട്ട് അവർ ജീവിച്ചുവരവെ, ഒരു നാൾ അവിടെ ഇസ്ലാം എന്ന സൂര്യനുദിച്ചു. അറേബ്യയിൽ തുടങ്ങി ലോകമാസകലം കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടുകളെ വകഞ്ഞുമാറ്റി ലോകത്തെ പ്രകാശിപ്പിക്കുവാൻ അല്ലാഹുവിന്റെ അന്ത്യ പ്രവാചകൻ വെളിച്ചവുമായി വന്നു. ഏറ്റവും വലിയ ഭാഗ്യവും കടാക്ഷവുമുള്ളവർ ഒട്ടും വൈകാതെ ആ വെളിച്ചത്തിലെത്തി. ആദ്യ നാളുകളിൽ തന്നെ നബി(സ)യെ വിശ്വസിച്ചംഗീകരിച്ചവരിൽ ഉമ്മു ഐമൻ(റ) ഉണ്ടായിരുന്നു. ആ നബിയുടെ അകവും പുറവും കണ്ടവരിലും അറിഞ്ഞവരിൽ അപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും വലിയ ആൾ ഉമ്മു ഐമൻ തന്നെയാണല്ലോ. ആ പ്രവാചകനെ എല്ലാവരും അൽ അമീൻ എന്നു വിളിക്കുമ്പോൾ അവർ ശരിക്കും അൽ അമീൻ തന്നെയാണ് എന്നത് ഏറ്റവും ബോധ്യമുള്ള ആളാണല്ലോ അവർ.
ഉമ്മു ഐമൻ(റ) ഇസ്ലാമിലെത്തിയെങ്കിലും അവരുടെ ഭർത്താവ് ഉബൈദ് അതിന് കൂട്ടാക്കിയില്ല. ആ മനസ്സിന് അതിനുള്ള ഭാഗ്യം ലഭിച്ചില്ല. മക്കയിൽ അക്കാലത്ത് ഏറെ ഉയർന്നു നിന്നിരുന്ന സ്വരം എതിർപ്പിന്റെതായിരുന്നുവല്ലോ. അതിനെ പിന്തുണക്കുവാനാണ് ഉബൈദിന് തോന്നിയത്. ഉബൈദിന്റേത് ലഘുവായ എതിർപ്പോ ഒരു തരം നിസ്സംഗതയോ മാത്രമായിരുന്നില്ല എന്നാണ് മനസ്സിലാകുന്നത്. കാരണം ഇക്കാരണത്താൽ മാത്രം അവർ തമ്മിലുളള വിവാഹം വേർപെടുത്തപ്പെട്ടു. ഇസ്ലാമിന്റെ ആദ്യ കാലത്ത് വിശ്വാസത്തിന്റെ രണ്ടു കരകളിൽ നിന്നിരുന്ന ഭാര്യയും ഭർത്താവും വീണ്ടും ഒന്നിച്ചു ജീവിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. നബി(സ)യുടെ മകൾ സൈനബ്(റ)യും അവരുടെ ഭർത്താവ് അബുൽ ആസ്വ് ബിൻ റബീഉം ഒരു ഉദാഹരണം. അബുൽ ആസ്വ് ഇസ്ലാം സ്വീകരിക്കുവാൻ ആദ്യം തയ്യാറായില്ല. എന്നിട്ടും അവർ ഒന്നിച്ചു ജീവിച്ചത് അദ്ദേഹത്തിന്റെ മനസ്സിൽ ശക്തമായ എതിർപ്പ് ഇല്ലാത്തതു കൊണ്ടായിരുന്നു.
പുതിയ ജീവിതത്തിലേക്ക്
ഉബൈദുമായുള്ള വിവാഹബന്ധത്തിൽ നിന്നും മോചിതയായതോടെ ഉമ്മു ഐമൻ(റ) ജീവിതത്തിൽ ഒറ്റപ്പെട്ടു. എങ്കിലും ജീവിതത്തിൽ വരുന്നതെല്ലാം അല്ലാഹുവിന്റെ വിധിയാണെന്നും ആ ഉടമയുടെ മുമ്പിൽ നാം വെറും അടിമയാണ് എന്നും മനസ്സിനെ ബോധ്യപ്പെടുത്തുവാൻ മാത്രം ശക്തമായിരുന്നു അവരുടെ വിശ്വാസം. ഈ വിശ്വാസത്തിൽ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കുവാൻ നിശ്ചയിച്ചപ്പോൾ അല്ലാഹു അവരുടെ കൈ പിടിക്കുവാൻ എത്തി. അവർക്ക് ഏറെ ഐശ്വര്യ പൂർണ്ണമായ മറ്റൊരു മണവാളനെ അല്ലാഹു ഒരുക്കിക്കൊടുത്തു. അത് സൈദ് ബിൻ ഹാരിസ(റ)യെ ആയിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഒരു നിറ സാന്നിദ്ധ്യമായിരുന്നു സൈദ് ബിൻ ഹാരിസ(റ). നബി തിരുമേനിയുടെ സ്നേഹഭാജനവും ദത്തുപുത്രൻ എന്നുവരെ അറിയപ്പെടാൻ ഭാഗ്യമുണ്ടായ ആളുമായിരുന്നു അദ്ദേഹം. ബനൂ കൽബ് വംശത്തിലെ ഹാരിസയുടെയും സഅ്ദായുടെയും മകനായിരുന്ന സൈദ് കുട്ടിയായിരിക്കെ ഉമ്മയോടുത്തുള്ള ഒരു വിരുന്നു യാത്രയിൽ കൊളളക്കാരാൽ തട്ടിക്കൊണ്ടുപോകപ്പെടുകയും അടിമച്ചന്തയിൽ വിൽക്കപ്പെടുകയായിരുന്നു. കുടുംബം സൈദിന് വേണ്ടി നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടില്ല.
അങ്ങനെയിരിക്കെ മക്കയിലെ അടിമച്ചന്തയിൽ നിന്ന് വലിയ വില കൊടുത്ത് ഈ കുട്ടിയെ ഹകീം ബിൻ ഹിസാം വാങ്ങിക്കുകയും തന്റെ അമ്മായിയായിരുന്ന ഖദീജ(റ)ക്ക് സമ്മാനിക്കുകയും ചെയ്യുകയായിരുന്നു. ഖദീജാ ബീവിയുടെ അധീനതയിൽ എത്തിച്ചേർന്ന സൈദ് പിന്നീട് നബി(സ) യുടെ കരങ്ങളിൽ സ്വാഭാവികമായും എത്തിച്ചേർന്നു. നബി (സ) ഒരു അടിമ എന്ന നിലയ്ക്കല്ല, ഒരു സ്നേഹിതൻ എന്ന നിലയിലാണ് സൈദിനോട് പെരുമാറിയിരുന്നത്. അവർ തമ്മിലുള്ള സ്നേഹം അതിന്റെ എല്ലാ നാമ്പുകളും നീട്ടി തളിർത്ത് പൂത്തു. ഏതാനും വർഷങ്ങൾക്ക് ശേഷം മക്കയിൽ ഹജ്ജിനെത്തിയ സൈദിന്റെ ആൾക്കാർ അദ്ദേഹത്തെ തിരിച്ചറിയുകയും അവനെ കൊണ്ടു പോകാൻ വന്ന പിതാവിനോടും പിതൃവ്യനോടും സൈദിനെ കൊണ്ടുപോകുന്നത് തനിക്ക് സമ്മതമാണ് എന്ന് നബി(സ) അറിയിച്ചു. എന്നാൽ നബിയുടെ സ്നേഹവും കരുതലും ഉപേക്ഷിച്ചു പോവാൻ സൈദിന് കഴിയുമായിരുന്നില്ല. സൈദ് നബിയുടെ തണലിലും ചാരത്തും വസന്തങ്ങൾ ആഘോഷിച്ചു അവിടെ തന്നെ ജീവിക്കാൻ തീരമാനിച്ചു.
പിന്നീട് എല്ലായിടത്തും നബിയുടെ നിഴലായി സൈദ് ബിൻ ഹാരിസ(റ) ഉണ്ടായിരുന്നു. നബി(സ) പ്രവാചകനായപ്പോൾ ആദ്യമായി വിശ്വസിച്ചവരിലും നബിക്കു നേരെ നടന്നു കയ്യേറ്റങ്ങൾ പ്രതിരോധിക്കുന്ന നിരയിലും പ്രസിദ്ധമായ ത്വാഇഫ് യാത്രയിലും എല്ലാം ഈ സ്വഹാബി ഉണ്ടായിരുന്നു. ധീരനായ യോദ്ധാവും, മികച്ച അമ്പെയ്ത്ത് വിദഗ്ദനുമായിരുന്നു സൈദ്. സൈദ് ബ്‌നു ഹാരിസ (റ)
ബദര്‍, ഉഹ്ദ്, ഖന്ദഖ്, ഹുനൈന്‍, ഖൈബര്‍,ഹുദൈബിയ്യ സന്ധി തുടങ്ങിയവയിലെല്ലാം അദ്ദേഹം പ്രവാചകരോടൊപ്പം പങ്കെടുത്തു. ഏഴു യുദ്ധങ്ങളില്‍ പ്രവാചകൻ(റ) സൈദിനെ അമീറാക്കി നിശ്ചയിച്ചിട്ടുണ്ട്. സൈദ് ഉണ്ടാവുമ്പോഴൊക്കെ അദ്ദേഹത്തെ ആയിരുന്നു യുദ്ധം നയിക്കാൻ പ്രവാചകൻ തിരഞ്ഞെടുക്കുക എന്ന് അയിഷാ ബീവി(റ) പിൽക്കാലത്ത് ഓർത്തെടുക്കുന്നുണ്ട്. മുഅ്തത് യുദ്ധത്തില്‍ സൈനിക മേധാവിയായി പങ്കെടുക്കുകയും ശഹീദാവുകയും ചെയ്തു. സ്വന്തം മരണം മുൻകൂട്ടി കണ്ടുകൊണ്ടായിരുന്നു സൈദ് (റ) ആ യുദ്ധത്തിൽ നേതാവാകുന്നത്. അദ്ദേഹം വധിക്കപ്പെട്ടാല്‍ ജഅ്ഫര്‍ ബിന്‍ അബീ താലിബ് നേതാവണം എന്ന് പ്രവാചകൻ പറഞ്ഞിരുന്നത് അതിന്റെ വ്യക്തമായ സൂചനയാണല്ലോ. സൈദി(റ)ന്റെ രക്തസാക്ഷിത്വം പ്രവാചകനെ അത്ര മേൽ ഉലച്ചിരുന്നു.
സൈദ്(റ) ആദ്യം വിവാഹം ചെയ്തിരുന്നത് സൈനബ് ബിൻ തു ജഹ്ശ്(റ)യെയായിരുന്നു. ഉന്നതയായ ഒരു സഹാബി വനിതയാണ് സൈനബ് ബിന്‍ത് ജഹ്ശ്. സ്വരുക്കൂട്ടിയെടുത്തതും വന്നുചേര്‍ന്നതുമായി ഒട്ടനവധി മഹത്വവും ഗുണഗണങ്ങളും അവര്‍ക്ക് സ്വന്തമായിരുന്നു. സൈനബിന്റെ മാതൃസഹോദരീ പുത്രനാണ് റസൂല്‍(സ). അല്ലാഹുവിന്റെ സിഹം, രക്തസാക്ഷികളുടെ നേതാവ് എന്നൊക്കെ അറിയപ്പെടുന്ന ഹംസ ബിന്‍ അബ്ദില്‍ മുത്വലിബ് സൈനബിന്റെ മാതൃസഹോദരനാണ്. സൈനബിന്റെ സഹോദരനാണ് ഇസ്‌ലാമിലെ ആദ്യപതാകവാഹകനും, ഖലീഫയെ ആദ്യമായി അമീറുല്‍ മുഅ്മിനീന്‍ എന്ന് വിളിക്കുകയും ചെയ്ത ഷഹീദ് അബ്ദുല്ലാഹ് ബിന്‍ ജഹ്ശ്(റ). പ്രവാചക തിരുമേനിയുടെ പിതൃസഹോദരിയായ ഉമൈമ ബിന്‍ത് അബ്ദില്‍ മുത്വലിബാണ് അവരുടെ മാതാവ്. സൈനബ് ബിന്‍ത് ജഹ്ശ്(റ) ആദ്യം തന്നെ അല്ലാഹുവില്‍ വിശ്വസിച്ചു. സ്ഫുടമായ ഒരു മനസ്സ് സൈനബിനുണ്ടായിരുന്നു. നബി തിരുമേനിയുടെ വിമോചിത അടിമയായ സൈദ് ബിന്‍ ഹാരിസയുമായുള്ള വിവാഹം, അദ്ദേഹം ഒരു വിമോചിത അടിമയും സൈനബ് ഉന്നത കുലജാതയും പദവി തികഞ്ഞ പ്രൗഢയുമാണ് എന്നതിനാല്‍ തുടക്കത്തിലേ സൈനബിന് താത്പര്യമില്ലാത്ത കാര്യമായിരുന്നു. പക്ഷെ അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനത്തെ ലംഘിക്കുവാൻ വിശ്വാസികൾക്ക് കഴിയില്ല എന്ന ആയത്തിറങ്ങിയതോടെ [സൂറ അല്‍അഹ്‌സാബ്: 36] അവർ ആ വിവാഹത്തിന് സമ്മതം മൂളി. അങ്ങനെ ത് വിവാഹം നടന്നു. അവരുടെ വൈവാഹിക ജീവിതം ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്നു. പിന്നീട് രണ്ടാള്‍ക്കും ഇടയില്‍ അഭിപ്രായ അനൈക്യം വേര് പിടിച്ചു തുടങ്ങിയപ്പോള്‍ ആ വിവാഹ ബന്ധം പിരിഞ്ഞു.
സൈദ് ബിൻ ഹാരിസ(റ) പിന്നീട് വിവാഹം ചെയ്തത് ഉമ്മു ഐമൻ(റ)യെയായിരുന്നു. നബി(സ)യുടെ ഹിബ്ബ് - സന്തത സ്നേഹിതൻ - എന്ന വിശേഷണം ചാർത്തപ്പെട്ട സൈദ് ബിൻ ഹാരിസ(റ) ജീവിത പങ്കാളിയായതോടെ എല്ലാ ദുഖവും മാറി ഉമ്മു ഐമന്റെ ജീവിതം വീണ്ടും ആത്മീയ സന്തോഷത്തിന്റെ തീരമണഞ്ഞു.
മദീനയിലെ ജീവിതം
നബി(സ)യും അനുയായികളും മദീനയിലേക്ക് മാറിയപ്പോൾ ഉമ്മു ഐമൻ(റ)യും മദീനയിലെത്തി. പിന്നെ ഇസ്ലാമിന്റെ രംഗങ്ങളിലൊക്കെ ഒരു സ്ത്രീയുടെ പങ്കാളിത്തവുമായി അവർ സജീവമായിരുന്നു. ഹിജ്റ മൂന്നാം വർഷം നടന്ന ഉഹദ് യുദ്ധത്തിൽ സ്വഹാബി വനിതകളോടൊപ്പം അവരുമുണ്ടായിരുന്നു. സ്വഹാബീ സൈനികരെ ശുശ്രൂഷിക്കുകയും അവർക്കു വേണ്ട വെള്ളവും ഭക്ഷണവും നൽകുന്നത് ഈ വനിതാ സന്നദ്ധ സേനാംഗങ്ങളായിരുന്നു. ഉമ്മു അമ്മാറ(റ)യെ പോലെ വാളെടുത്ത് നബി(സ)യുടെ സുരക്ഷക്കായി അവർ ചാടിയിറക്കുന്നതു വരെ ഉഹദിലെ ചരിത്രം പറയുന്നുണ്ട്. ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധത്തിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അന്ന് തന്റെ മകൻ അയ്മൻ യുദ്ധത്തിൽ എന്തോ കാരണത്താൽ എത്താതെ വന്നതിൽ അവർ ഐമനെ ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതായി ഹസ്സാൻ ബിൻ സാബിത്(റ) തന്റെ കവിതയിൽ പറയുന്നുണ്ട് (ദീവാനു ഹസ്സാൻ).
ചരിത്ര പ്രസിദ്ധമായ ഹുനൈൻ യുദ്ധത്തിലും തന്റെ സേവന പ്രവർത്തനങ്ങളുമായി ഉമ്മു ഐമൻ(റ) ഉണ്ടായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തപ്പെട്ട സംഭവമാണ് ഹുനൈൻ യുദ്ധം. ഹുനൈനിലെത്തിച്ചേരുമ്പോൾ അവർ തികഞ്ഞ ആത്മാഭിമാനത്തിലായിരുന്നു. കാരണം അവരുടെ കൂടെ രണ്ട് ഭാഗത്തുമായ രണ്ടു മക്കളുമുണ്ടായിരുന്നു. ഐമനും ഉസാമയും. ആദ്യ ഭർത്താവിൽ നിന്നുള്ള മകനായിരുന്നു ഐമൻ. സൈദ് ബിൻ ഹാരിസ(റ)വിൽ നിന്നുള്ള മകനായിരുന്നു ഉസാമ. കടുത്ത പോരാട്ടമാണ് അന്ന് നടന്നത്. ഒരു വേള യുദ്ധഗതി തന്നെ മുസ്ലിം സേനക്ക് എതിരായി. പക്ഷെ ധീരരായ സ്വഹാബീ ചുണക്കുട്ടികൾ ധീരമായി ചെറുത്തു നിൽക്കുകയും മുന്നേറുകയും ചെയ്തതോടെ സ്ഥിതിഗതികൾ കരവലയത്തിലൊതുക്കാൻ മുസ്ലിം സേനക്ക് കഴിഞ്ഞു. പക്ഷെ, കണ്ണു തുടച്ചു കൊണ്ടായിരുന്നു ഉമ്മു ഐമൻ(റ)യുടെ മടക്കം. അവരുടെ പ്രിയ പുത്രൻ അയ്മൻ(റ) അവിടെ അന്ന് രക്ത സാക്ഷിയായി.
സങ്കടക്കയത്തിൽ
ഉമ്മു ഐമൻ(റ)യെ വിധി ശരിക്കും വേട്ടയാടിയത് ഹിജ്റ എട്ടാം വർഷം നടന്ന മുഅ്തത്ത് യുദ്ധത്തിലായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമാണ് ഇത്.
അറേബ്യന്‍ ഉപദ്വീപിനെ ഇസ്‌ലാമിന്റെ ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോമന്‍ സൈന്യവുമായി സഖ്യത്തിലുള്ളവരുമായി ശാമിലെ മുഅ്ത എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടമാണ് മുഅ്ത യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. മൂവായിരത്തോളം വരുന്ന ഭടന്മാരെയാണ് നബി(സ) അതിനായി തയ്യാറാക്കിയത്. ഈ യുദ്ധത്തില്‍ നബി(സ പങ്കെടുത്തിട്ടില്ല. സേനാനായകനായി നബി(സ) സൈദ് ബിൻ ഹാരിസ(റ)നെ ആയിരുന്നു തിരഞ്ഞടുത്തിരുന്നത്. മറ്റു യുദ്ധങ്ങളില്‍നിന്നും വിഭിന്നമായ ചില കാര്യങ്ങള്‍ മുഅ്ത യുദ്ധത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അതായത്, യുദ്ധനായകനായി ഒരാളെയല്ല നബി (സ) ഏല്‍പിച്ചത്. ഇന്നയാള്‍ക്ക് ശേഷം ഇന്നയാള്‍, അയാള്‍ക്ക് ശേഷം ഇന്നയാള്‍ എന്ന രൂപത്തില്‍ ചില ആളുകളെ സേനാനായകത്വം ഏല്‍പിച്ചു. ഇത് ഈ യുദ്ധത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രഥമമായ സ്ഥാനം സയ്ദി(റ)നെ നബി(സ) ഏല്‍പിച്ചു. ഇബ്നു ഉമർ(റ) പറയുന്നു: മുഅ്ത യുദ്ധത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്ദ് ഇബ്‌നു ഹാരിഥി(റ)നെ അമീറായി നിശ്ചയിച്ചു. എന്നിട്ട് അല്ലാഹുവിന്റെ റസൂല്‍(സ) പറഞ്ഞു: സയ്ദ് കൊല്ലപ്പെടുകയാണെങ്കില്‍ ജഅ്ഫറും ജഅ്ഫര്‍ കൊല്ലപ്പെടുകയാണെങ്കില്‍ അബ്ദുല്ലാഹ് ഇബ്‌നു റവാഹയും ആയിരിക്കും നായകൻ (ബുഖാരി).
ഈ യുദ്ധത്തിലൂടെ മുസ്‌ലിംകള്‍ക്ക് ചില അപകടങ്ങള്‍ വരാനിരിക്കുന്നു എന്ന് അറിയിക്കുന്ന നടപടിയായിരുന്നു ഇത്. അല്ലാഹുവില്‍നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നബി(സ) ഈ തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. സൈന്യം മുഅ്തയില്‍ എത്തി. മുസ്‌ലിം സേനക്ക് പ്രതീക്ഷിക്കാത്തത്ര വലിയ സംഘത്തെയാണ് മറുഭാഗത്ത് കാണേണ്ടിവന്നത്. ഒരു ലക്ഷത്തോളം വരുന്ന സൈന്യമായിരുന്നു അവര്‍. ശത്രുസേനയെ കണ്ടപാടെ മുസ്‌ലിംകളുടെ മനസ്സില്‍ അങ്കലാപ്പും വെപ്രാളവുമായി. ഇനി എന്തു ചെയ്യണം? ആശങ്കയിലായി അവര്‍. അവര്‍ കൂടിയാലോചന നടത്തി. മദീനയില്‍നിന്നും കൂടുതല്‍പേരെ അയക്കുന്നതിന് വേണ്ടി നബി(സ) ക്ക് ഒരു കത്ത് എഴുതിയാലോ, അതല്ല, നമ്മള്‍ ഉള്ളവര്‍തന്നെ അവരുമായി പോരാടണമോ എന്നെല്ലാം അവര്‍ ചിന്തിച്ചു. അവസാനം അവർക്ക് ഊർജ്ജം പകർന്നതും പോരാടാൻ അവരുടെ മനസ്സുകളെ സജ്ജമാക്കിയതും അബ്ദുല്ലാഹ് ഇബ്‌നു റവാഹ(റ)യുടെ സംസാരമായിരുന്നു. അങ്ങനെ യുദ്ധം ആരംഭിച്ചു. ശക്തമായ പോരാട്ടം നടന്നു. നബി(സ) നേരത്തെ അറിയിച്ചത് പ്രകാരം തന്നെ ഓരോരുത്തരായി രക്തസാക്ഷികളായി. പ്രഥമ നായകനായ സയ്ദ്(റ) ശക്തമായി ശത്രുക്കളോട് പോരാടി. വലിയ പരിക്കുകള്‍ പറ്റി.
മുന്നണിപ്പോരാളിയായ അദ്ദേഹം അവസാനം രക്തസാക്ഷിയായി. ഈ യുദ്ധം നടക്കുന്ന സമയത്ത് അല്ലാഹു വഹ്‌യിലൂടെ അറിയിക്കുന്നതുപ്രകാരം നബി(സ) മദീനയിലുള്ള സ്വഹാബിമാര്‍ക്ക് യുദ്ധരംഗത്തെ സംഭവങ്ങള്‍ വിവരിച്ചുകൊടുക്കുന്നുണ്ടായിരുന്നു. അനസ്(റ) പറയുന്നു: നബി (സ) പ്രസംഗത്തിലായി (ഇപ്രകാരം) പറഞ്ഞു: സയ്ദ് പതാകയെടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ജഅ്ഫര്‍ അത് എടുക്കുകയും അദ്ദേഹത്തിന് ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് അബ്ദുല്ലാഹ് ഇബ്‌നു റവാഹ അത് എടുക്കുകയും അദ്ദേഹത്തിനും ആപത്ത് സംഭവിക്കുകയും ചെയ്തിരിക്കുന്നു. പിന്നീട് ഖാലിദ് ഇബ്‌നുല്‍വലീദ് അത് എടുത്തു. നേതൃത്വം ഇല്ലാതെ തന്നെ അദ്ദേഹം വിജയിക്കുകയും ചെയ്തിരിക്കുന്നു. (ബുഖാരി). പ്രിയപ്പെട്ട ഭർത്താവിന്റെ വിയോഗം ഉമ്മു ഐമൻ(റ)യെ പിടിച്ചുലച്ചു. പക്ഷെ, അവർ എല്ലാം സഹിച്ചു, ക്ഷമിച്ചു.
നബിയുടെ സ്‌നേഹകുടുംബം
മക്ക ഫത്ഹിന് നബി(സ) ജന്മനാട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ വാഹനപ്പുറത്ത് കൂടെയൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. പേര് ഉസാമ(റ). ഉമ്മു ഐമൻ(റ)യുടെയും സൈദ് ബിൻ ഹാരിസ(റ) വിന്റെയും പ്രിയപ്പെട്ട മകൻ. പ്രവാചകര്‍(സ) കഅ്ബാലയത്തിനുള്ളില്‍ പ്രവേശിച്ചപ്പോഴും ഉസാമയായിരുന്നു രണ്ടാമന്‍. മൂന്നാമന്‍ ബിലാല്‍(റ)വും. ഒരിക്കൽ പ്രവിശാലമായി മുസ്ലിം സാമ്രാജ്യത്തിന്‍റെ അധിപനായിരുന്ന രണ്ടാം ഖലീഫ ഉമര്‍(റ) പൊതുഖജനാവില്‍ നിന്ന് മുസ്ലിം സൈനികര്‍ക്കുള്ള വിഹിതം വീതിച്ചു കൊടുക്കുകയായിരുന്നു. തന്‍റെ പുത്രന്‍ അബ്ദുല്ലക്ക് നല്‍കിയതിന്‍റെ ഇരട്ടിയാണ് ഖലീഫ ഉസാമ(റ)ന് നല്‍കിയത്. ഇത് കണ്ട് ഇബ്നു ഉമര്‍(റ) പിതാവിനോട് ആരാഞ്ഞു: വിഹിതത്തില്‍ വിവേചനം കാണിച്ചതെന്തിനാണ്? കൂടുതല്‍ വീതം ലഭിച്ച ഉസാമയെക്കാള്‍ അധികം ധര്‍മസമരങ്ങളില്‍ പങ്കെടുത്ത് യാതനയനുഭവിച്ചത് ഞാനാണല്ലോ. എന്നിട്ടും അദ്ദേഹത്തിന് നല്‍കിയതിന്‍റെ പകുതിയേ എനിക്കു ലഭിച്ചുള്ളൂ. ഖലീഫയുടെ മറുപടി: നീ പറഞ്ഞത് ശരിതന്നെ. പക്ഷേ നിനക്ക് ഉസാമയെ അറിയാമോ? തിരുനബിയുമായി നിന്നെക്കാള്‍ ഏറ്റവും അടുത്തത് ഉസാമയും നിന്‍റെ പിതാവായ എന്നെക്കാള്‍ അടുത്തത് അദ്ദേഹത്തിന്‍റെ പിതാവുമാണ്. ഇതാണ് അധിക പരിഗണനയുടെ മാനദണ്ഡം.
പ്രവാചകരുമായി ഉസാമ(റ)യുടെ പിതാവും മാതാവും ഏറെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. ഉസാമയുടെ പിതാവ് സൈദ് ബ്നു ഹാരിസ്(റ) സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും ഉപേക്ഷിച്ചാണ് റസൂല്‍(സ)യെ രക്ഷാധികാരിയായി വരിച്ചത്. അക്കാരണത്താല്‍ സൈദുബ്നു മുഹമ്മദ് എന്നാണ് ജനം വിളിച്ചിരുന്നത്-മുഹമ്മദിന്‍റെ പുത്രനായ സൈദ്. പിതാവായിരുന്ന ഹാരിസിനെക്കാള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടത് വളര്‍ത്തു പിതാവായ നബി(സ)യായിരുന്നുവെന്നു ചരിത്രം. അല്‍ഹിബ്ബ് അഥവാ റസൂലിന്‍റെ പ്രിയങ്കരന്‍ എന്ന സ്ഥാനപ്പേരും ആളുകള്‍ അദ്ദേഹത്തിന് കല്‍പിച്ചു നല്‍കുകയുണ്ടായി. പരിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഏക സ്വഹാബിയെന്ന ശ്രേഷ്ടതയും മഹാനു സ്വന്തം. ഉസാമയുടെ പിതാവിന് പ്രവാചകരുമായുള്ള ബന്ധം ഇത്ര ദൃഢമാണെങ്കില്‍ ഉമ്മയുടെ കഥ അതിലേറെ വലുതാണ്. ഉമ്മു ഐമനാണ് അദ്ദേഹത്തിന്‍റെ മാതാവ്. തിരുദൂതരുടെ പ്രിയ മാതാവ് ആമിന ബീവി(റ)യുടെ ഉടമസ്ഥതയിലായിരുന്നു മഹതി. റസൂലിന്‍റെ തിരുപ്പിറവി സമയത്തും കൂടെയുണ്ടായിരുന്ന അവരാണ് ആമിന(റ) ജന്മം നല്‍കിയ കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്തത് അവരാണ്. ഈ അബ്സീനിയക്കാരിയുടെ കരങ്ങള്‍ പിടിച്ചാണ് അവിടുന്ന് പിച്ചവെച്ചത്.
ഉമ്മു ഐമന്‍ അനുഗ്രഹിക്കപ്പെട്ടവര്‍ക്കൊപ്പമാണ്. സ്വര്‍ഗത്തില്‍ അവര്‍ക്കൊരു സ്ഥാനമുണ്ട് എന്നാണ് അവരെ കുറിച്ച് നബി(സ) പറഞ്ഞത്. സ്വര്‍ഗസ്ഥയായ സ്ത്രീയുടെ ഭര്‍തൃപദവി മോഹിക്കുന്നവര്‍ നിങ്ങളിലുണ്ടെങ്കില്‍ ഉമ്മു ഐമനെ വിവാഹം ചെയ്തുകൊള്ളട്ടെ എന്ന് ഒരിക്കൽ പ്രവാചകര്‍(സ) പറഞ്ഞു നിര്‍ത്തിയപ്പോഴായിരുന്നു തന്റെ താൽപര്യവുമായി കയ്യുയർത്തി സദസ്സില്‍ നിന്ന് സൈദുബ്നു ഹാരിസ(റ) അവരെ ചോദിച്ചു വാങ്ങിയത്. അതില്‍ പിറന്ന കുഞ്ഞാണ് ഉസാമ(റ). അല്‍ഹിബ്ബു ഇബ്നുല്‍ ഹിബ്ബ് - പ്രിയങ്കരന്‍റെ പുത്രനായ പ്രിയങ്കരന്‍ - എന്നാണ് ഉസാമ(റ)യെ ചരിത്രം വിളിച്ചത്. തിരുപുത്രി ഫാത്തിമ(റ)യുടെ മകനായ ഹസന്‍(റ)നെ ഒരു തുടയിലും ഉസാമ(റ)യെ മറ്റേ തുടയിലും ഇരുത്തി ലാളിക്കുമായിരുന്നു നബിതങ്ങള്‍. ഇരുവരെയും നെഞ്ചിലേക്ക് അണച്ചുപിടിച്ച് അവിടുന്ന് പറയും: അല്ലാഹുവേ, ഇവരെ രണ്ടു പേരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. നീയും ഇവരെ പ്രിയം വെക്കേണമേ. (ബുഖാരി) ഉഹുദ് യുദ്ധത്തിന് സജ്ജീകരണം നടക്കുമ്പോള്‍ ഒരു സംഘം കുട്ടികൾ അവിടെയെത്തി. അവര്‍ക്കും പോരാളികളാകണം. നന്നെ ചെറുപ്പമായതിനാല്‍ ചിലരെ നബി(സ) തിരിച്ചയച്ചു. മടക്കി വിട്ടവരില്‍ ഉസാമയുമുണ്ടായിരുന്നു. തിരുനബിക്കൊപ്പം പോകാന്‍ അനുമതി ലഭിക്കാത്ത വിഷമത്തില്‍ കണ്ണീരോടെയാണ് അദ്ദേഹം അവിടം വിട്ടത്. ഇത് കൊച്ചു ഉസാമയുടെ മനസ്സ്.
ഖന്ദഖ് യുദ്ധത്തിന് കേളികൊട്ടുയര്‍ന്നപ്പോഴും ഒരു സംഘം കുട്ടികളെത്തി. പൊക്കം കുറവായതിനാല്‍ അവസരം നിഷേധിക്കപ്പെടരുതെന്ന് കരുതി കാൽ വിരൽതുമ്പ് നിലത്തുകുത്തി പൊക്കം തോന്നിപ്പിച്ചാണ് അവരില്‍ ചിലരെത്തിയത്. അവരില്‍ പലരും തിരഞ്ഞെടുക്കപ്പെട്ടു. അന്ന് പതിനഞ്ച് വയസ്സായിരുന്നു ഉസാമക്ക്. ഹുനൈനിലും മുഅ്തതിലും പിതാവിനൊപ്പം അദ്ദേഹം സമരത്തില്‍ പങ്കുചേര്‍ന്നു. ഹിജ്റ എട്ടിലാണ് മുഅ്തത് നടക്കുന്നത്. അന്ന് പ്രവാചക പ്രവചനം പോലെ സ്വന്തം പിതാവ് ശഹീദാകുന്നത് നേരില്‍ കണ്ടു ഉസാമ(റ). എങ്കിലും മനസ്സ് പതറിയില്ല. യുദ്ധാവസാനം വരെ ഊര്‍ജസ്വലനായി പൊരുതി. ഉസാമ(റ)ക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് വലിയൊരു സൈന്യത്തിന്‍റെ അധിപനായി റസൂല്‍(സ) അദ്ദേഹത്തെ നിയോഗിച്ചത്. പ്രമുഖരും നേതാക്കളുമായ അബൂബക്കര്‍(റ), ഉമര്‍(റ) പോലുള്ളവര്‍ സാധാ സൈനികരായി അദ്ദേഹത്തിന് കീഴിലായിരുന്നു. ഈ സൈന്യത്തെക്കുറിച്ച് സ്വഭാവികമായും ചില ചര്‍ച്ചകളൊക്കെ നടന്നു. നബി(സ)യുടെ കാതിലും ചില വിവരങ്ങളെത്തി. അവിടുന്ന് അതിനെല്ലാം വിശദീകരണമായി പറഞ്ഞു: ഉസാമയെ സൈനിക നേതൃത്വമേല്‍പിച്ചതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് ഞാനറിഞ്ഞിരിക്കുന്നു. മുമ്പ് ഉസാമയുടെ പിതാവ് സൈദുബ്നു ഹാരിസയുടെ കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായിരുന്നവരാണ് അവര്‍. നേതൃത്വമലങ്കരിക്കാന്‍ സൈദിന് അര്‍ഹതയുള്ള പോലെ ഉസാമക്കുമുണ്ട്. സൈദ് എനിക്ക് പ്രിയപ്പെട്ടവനാണ്. അതു പോലെ ഉസാമയും. ഉസാമ നിങ്ങളില്‍ സദ്വൃത്തനാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തില്‍ നിങ്ങള്‍ അഭ്യുദയ കാംക്ഷികളാവുക. (ബുഖാരി)
എന്നാല്‍ ഈ സൈന്യം പ്രവാചകര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ യാത്ര പിന്തിച്ചു. ദിവസങ്ങള്‍ക്കകം റസൂല്‍(സ) വിടവാങ്ങി. എന്നാല്‍ പ്രവാചകരുടെ ഇംഗിതം മനസ്സിലാക്കി ഈ സൈന്യത്തെ റോമക്കാരുമായുള്ള പോരാട്ടത്തിന് നിയോഗിക്കുകയായിരുന്നു ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍(റ) ആദ്യം ചെയ്തത്. ഒരിക്കല്‍ തിരുനബി(സ) ഉസാമ(റ)യെ ഒരു ചെറുസംഘത്തിന്‍റെ നേതാവായി നിയോഗിച്ചു. അദ്ദേഹത്തിന്‍റെ ആദ്യ ദൗത്യം ഇതായിരുന്നു. വിജയശ്രീലാളിതനായി തിരിച്ചുവന്ന ശേഷം യാത്രാനുഭവങ്ങള്‍ അദ്ദേഹം പ്രവാചകര്‍(സ)ക്ക് വിശദീകരിച്ചു കൊടുത്തു. റസൂല്‍ സാകൂതം അതു കേട്ടു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മുന്നേറുമ്പോള്‍ ശത്രുക്കള്‍ പിന്തിരിഞ്ഞോടാനാരംഭിച്ചു. ഒരു ശത്രു എന്‍റെ മുമ്പിലാണ് അകപ്പെട്ടത്. ഞാന്‍ ആയുധമെടുത്ത് പ്രയോഗിക്കാനൊരുങ്ങിയപ്പോള്‍ ഉടനെ അയാള്‍ ലാ ഇലാഹ ഇല്ലല്ലാഹ്… എന്നു പറഞ്ഞു. എന്നില്‍ നിന്നു രക്ഷപ്പെടാനുള്ള ഉപായമാണെന്ന് തോന്നിയതിനാല്‍ ഞാന്‍ അയാളുടെ കഥ കഴിച്ചു. എന്‍റെ വിവരണം കേട്ട് തിരുനബിയുടെ മുഖം വിവര്‍ണമാകുന്നത് ഞാന്‍ കണ്ടു. അവിടുന്ന് ഗൗരവ പൂര്‍വം ചോദിച്ചു: കഷ്ടം, ലാ ഇലാഹ ഇല്ലല്ലാഹ് എന്നു വിളിച്ചുപറഞ്ഞിട്ടും നീ അയാളെ വധിച്ചെന്നോ? അദ്ദേഹം തുടരുന്നു: ഞാന്‍ അന്നു വരെ ചെയ്ത ധീരകൃത്യങ്ങളെ കുറിച്ചെല്ലാം എനിക്ക് വിരക്തി തോന്നുംവിധം തിരുദൂതര്‍ അതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. എന്‍റെ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പാഠമായിരുന്നു ആ സംഭവം. ( താരീഖുല്‍ ഇസ്ലാം ഇമാം ദഹബി).
വിട
നബിയുടെയും കുടുംബത്തിന്റെയും സ്വഹാബിമാരുടെയുമെല്ലാം ഇഷ്ടവും വിശ്വാസവും സ്നേഹവും കാരുണ്യവും വാത്സല്യവും എല്ലാം നേടിയ ഉമ്മു ഐമൻ(റ) ഒരു പാട് അധ്യായങ്ങൾ തുറന്നു വെച്ച് വിടവാങ്ങി. അവരുടെ വിയോഗ വർഷം കൃത്യമായി ചരിത്രം പറയുന്നില്ല. നബി(സ)യുടെ വഫാത്തിന്റെ അഞ്ചോ ആറോ മാസത്തിനു ശേഷം എന്ന് ഇമാം ഇബ്നു കതീറും ഉമർ(റ)വിന്റെ വഫാത്തിനു ശേഷം എന്ന് ഇമാം ദഹബിയും ഉസ്മാൻ(റ)വിന്റെ ഭരണത്തിന്റെ ആദ്യത്തിൽ എന്ന് മുസ്തദ്റകിൽ ഇമാം ഹാകിമും പറയുന്നു. എല്ലാ അഭിപ്രായങ്ങളിലും അവരുടെ അന്ത്യവിശ്രമം മദീനയിലെ ജന്നത്തുൽ ബഖീഇലാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso