Thoughts & Arts
Image

ദാത്തുന്നിത്വാഖൈനി

17-05-2022

Web Design

15 Comments

6
അസ്മാഅ് ബിൻതു അബീബക്കർ(റ)



അടുക്കളയിൽ തിരക്കിട്ട പണികളിലാണ് അവർ രണ്ടുപേരും. കാര്യമായി ശബ്ദങ്ങൾ ഒന്നും പുറത്തുവരാതിരിക്കാൻഅവർ നന്നായി ശ്രദ്ധിക്കുന്നുണ്ട്. എങ്ങും ശത്രുക്കളാണ്. അവരെല്ലാവരും കണ്ണു തുറന്നും ചെവി വട്ടം പിടിച്ചും ഓരോ നീക്കങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചു വരികയാണ്. ഓരോ അനക്കങ്ങളും അവർ അവർ ശ്രദ്ധയോടെയും ജാഗ്രതയോടെയും നിരീക്ഷിക്കുന്നുണ്ട്. അതിനാൽ എല്ലാം എല്ലാം വളരെ രഹസ്യമായിട്ട് വേണം ചെയ്യുവാൻ. അവരെ സംബന്ധിച്ചിടത്തോളം അവർ വലിയ മാനഹാനിയിലാണ് അകപ്പെട്ടിരിക്കുന്നത്. രാത്രി മുഴുവനും വീട് വളഞ്ഞ് ആയുധമേന്തി കാത്തുനിന്നിട്ടും അവരെ എല്ലാവരെയും കബളിപ്പിച്ചുകൊണ്ട് കൊണ്ട് മുഹമ്മദ് തങ്ങളുടെ മുമ്പിലൂടെ രക്ഷപ്പെട്ടിരിക്കുകയാണ്. അതിനാൽ തന്നെ അവർ നാടടക്കി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്തുവിലകൊടുത്തും മുഹമ്മദിനെ പിടികൂടുവാനാണ് അവരുടെ തീരുമാനം. മുഹമ്മദിനെയും അബൂബക്കറിനെയും ജീവനോടെയോ അല്ലാതെയോ പിടികൂടുന്ന ആൾക്ക് വലിയ സമ്മാനമാണ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇനാമിൽ കണ്ണുവെച്ച് എല്ലാവരും നാടുനീളെ തെരച്ചിലിലാണ്. തങ്ങളുടെ വീട്, വീട്ടിലെ അംഗങ്ങൾ, അവിടെയുള്ള എല്ലാ നീക്കങ്ങളുമെല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടും എന്നത് ഉറപ്പാണ്. കാരണം അവരിലൊരാൾ ഈ വീട്ടിൽ നിന്നാണല്ലോ ഇറങ്ങിപോയിരിക്കുന്നത്. രണ്ട് സഹോദരിമാരും വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയും ഭക്ഷണങ്ങൾ തയ്യാറാക്കി. അത് കൊണ്ടുപോകാൻ പാത്രങ്ങളിലേക്ക് നിറച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും ജാഗ്രതയോടെ ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത് മാത്രമല്ല വെല്ലുവിളി. ഇനി അതു അവർ ഇപ്പോൾ കഴിയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുകയും വേണം. അങ്ങോട്ടു പോകുമ്പോഴോ തിരിച്ചുവരുമ്പോഴോ ആരുടെയും ശ്രദ്ധയിൽ പെടാൻ പാടില്ല. അപകടം നിറഞ്ഞ ഒരു ശ്രമമാണ് അവരുടെ മുന്നിൽ ഉള്ളത്. ഇത്രയും ശ്രദ്ധയോടെയും ധൈര്യത്തോടെയും ഇത് ചെയ്യുവാൻ പക്ഷെ മനസ്സാ തയ്യാറായിരിക്കുകയാണ് സഹോദരിയും സഹോദരിയും.



ഭക്ഷണമെല്ലാം തയ്യാറായി. ഇനി അത് പാത്രത്തിലാക്കണം. ആരും കാണാതെ കൊണ്ടുപോകാൻ പറ്റുന്ന പാത്രത്തിലാണ് ആകേണ്ടത്. ഒരു പക്ഷെ ശരിരത്തിൽ ഒളിപ്പിച്ചു വെക്കുവാൻ പറ്റുന്ന പാത്രത്തിൽ. പൊതുവെ ഒരു സ്ത്രീയുടെ ശരീരമോ വാഹനമോ അങ്ങനെ ആരും പരിശോധിക്കുകയൊന്നുമില്ല. പക്ഷെ, ഇപ്പോൾ സാഹചര്യങ്ങൾ അൽപം പ്രതികൂലമാണ്. ഈ വീട്ടിലെ മൂത്ത മകൾ ഒരു വാഹനപ്പുറത്ത് പോകുന്നത് കാണുമ്പോൾ ആ മാന്യതയൊക്കെ ചിലപ്പോൾ മറക്കപ്പെട്ടേക്കാം. ഒളിപ്പിച്ചു വെക്കുവാൻ ഏറ്റവും നല്ലതും സൗകര്യവും തോൽപാത്രത്തിലാക്കുകയാണ്. അവർ ശ്രദ്ധയോടെ ഭക്ഷണം തോൽപ്പാത്രത്തിലേക്കിട്ടു. ഇനി അത് കെട്ടി അടക്കണം. അതിനു വേണ്ടി ഒരു കയർ തെരയുമ്പോൾ കിട്ടാനില്ല. സംഗതി ഒരു കയറാണെങ്കിലും അതൊന്നും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ണമെന്നില്ല. ഒന്നും കിട്ടിയില്ല. സമയമാണെങ്കിൽ വൈകുന്നു. അവസാനം അവർ തന്റെ അരപ്പട്ട അഴിച്ചെടുത്തു. പുരാതന അറബി വനിതകൾ അവരുടെ അരയിൽ കെട്ടുന്ന ദുപ്പട്ട. അത് രണ്ടായി കീറിയെടുത്ത് അവയിലൊന്നു കൊണ്ട് തോൽപ്പാത്രം കെട്ടി. അപ്പോൾ അവർ സ്വന്തം ശരീരത്തിൽ നിന്ന് തന്നെ ഒരു ഭാഗം കീറിയെടുത്ത് ഈ ദൗത്യത്തിന് തന്നെത്തന്നെ ത്യാഗം ചെയ്യുകയായിരുന്നു.



ഇത് അസ്മാഅ് ബിൻതു അബീബകർ(റ). ആരുടെയും ശ്രദ്ധയിൽ പെടാതെ ആയുധമേന്തി നിൽക്കുന്ന മക്കയുടെ കണ്ണുവെട്ടിച്ച് ഹിജ്റ ഇറങ്ങിയ റസൂലുള്ളാഹിയുടെ യാത്രാ സഹചാരിയും ആദ്യത്തെ അനുയായിയുമായ അബൂബക്കർ (റ) വിന്റെ മൂത്ത മകൾ. ഇസ്‌ലാമിക ചരിത്രം എന്നും അഭിമാനത്തോടെ ഓർക്കുന്ന സ്ത്രീ രത്നം. നബി (സ) ക്കും തന്റെ പിതാവിനും രഹസ്യമായി ഭക്ഷണമെത്തിക്കുവാനുള്ള സാഹസത്തിലാണ് അവർ. പുറപ്പെടുക എന്ന അല്ലാഹുവിന്റെ അനുമതി കിട്ടിയപാടെ കൈയും വീശി യാത്രതിരിക്കുകയല്ല നബി(സ) ചെയ്തത്. മനുഷ്യധിഷണയുടെ പരമാവധി കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അതിസമര്‍ഥമായ പരിപാടികള്‍ അതിനും ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. ഖുറൈശികള്‍ അശ്രദ്ധരായിരിക്കാന്‍ ഏറ്റവും സാധ്യതയുള്ള രാത്രിയിൽ തന്നെ അവിടുന്ന് വീട്ടിന്റെ പിന്‍വശത്തുള്ള ജാലകത്തിലൂടെ പുറത്തുകടന്നു എന്നത് അവയിലെന്ന്. നേരെ മദീനയിലേക്കുള്ള പാതയിൽ വടക്കോട്ട് പോകുന്നതിനു പകരം യമനിലേക്കുള്ള വീഥിയിലൂടെ നേരെ തെക്കോട്ട് സഞ്ചരിച്ച് സൗര്‍ പര്‍വതത്തിലെ ഒരു ഗുഹയില്‍ അഭയം തേടി എന്നത് മറ്റെന്ന്. നബി(സ)യെ തെരഞ്ഞുപിടിക്കാന്‍ മക്കയുടെ ചുറ്റുപാടും പരതിനടക്കുന്ന രോഷാകുലരായ ഖുറൈശി വളണ്ടിയര്‍മാര്‍ നിരാശരായി തിരിച്ചുവരാനും ഖുറൈശികളുടെ കോപം ശമിക്കാനും കാത്തുകൊണ്ട് അവര്‍ മൂന്നു നാള്‍ ആ ഗുഹയില്‍തന്നെ പാര്‍ത്തു എന്നത് മറ്റൊന്ന്. അവർക്കുള്ള ഭക്ഷണവുമായി പുറപ്പെടുകയാണ് ധീരയായ ഈ സ്വഹാബീ വനിത. അതവർ ചെയ്യുകയും ചെയ്തു. താൻ ഒരു സ്തിയാണെന്നതും തനിക്ക് ഗർഭമുണ്ട് എന്നതുമെല്ലാം മറന്ന് താൻ ഒരു വിശ്വാസിനിയാണ് എന്ന വികാരം എടുത്തണിഞ്ഞു കൊണ്ട്.



ഇതേ ചരിത്ര പശ്ചാതലത്തിൽ തന്നെ അവർ മറ്റൊന്നു കൂടി ചെയ്തിട്ടുണ്ട്. അത് സ്വന്തം പിതാമഹന്റെ മുമ്പിൽ വെച്ചായിരുന്നു. പിതാവ് ഹിജ്റ പോയതറിഞ്ഞ് കോപാകുലനായി അവരുടെ വീട്ടിൽ വന്നതായിരുന്നു പിതാമഹൻ അബൂ ഖുഹാഫ. പ്രായാധിക്യത്താൽ കണ്ണു കാണാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. കുടുംബവും കുട്ടികളുമുള്ള തന്റെ മകൻ ആദർശത്തിന്റെ പേരും പറഞ്ഞ് ഇങ്ങനെ ഇറങ്ങിപ്പോയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും അബൂബക്കർ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട് എന്നറിഞ്ഞതായിരുന്നു അബൂ ഖുഹാഫയുടെ പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം. അത് സത്യവുമായിരുന്നു. വീട്ടിൽ ആകെയുണ്ടായിരുന്ന അയ്യായിരമോ ആറായിരമോ ദിർഹം അബൂബക്കർ(റ) കയ്യിൽ എടുത്തിരുന്നു. ഈ ആക്ഷേപവുമായി പിതാമഹൻ വീട്ടിൽ വന്നു കയറിയപ്പോൾ ബുദ്ധിമതിയായ അസ്മാഅ്(റ) എന്തോ ഒരിടത്ത് വെച്ച് പിതാമഹന്റെ കൈ പിടിച്ച് ഇതൊക്കെ പിതാവ് ഞങ്ങളുടെ ജീവിതത്തിനായി ഇവിടെ വെച്ച് പോയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ആ ബുദ്ധിപരമായ നീക്കത്തിലൂടെ അവർ പിതാമഹന്റെ ആക്ഷേപത്തെ മറികടന്നു.



ശ്രേഷ്ടതകളുടെ നിഴലിൽ



സ്വഹാബീ മഹിളാരത്നങ്ങളിൽ പ്രമുഖയാണ് അസ്മാഅ് ബിൻത് അബൂബക്കർ(റ). പ്രവാചക സഹചാരി അബൂബക്കർ സിദ്ധീഖി(റ) ന്റെ പ്രിയ പുത്രിയും പ്രവാചക പത്‌നി ആയിശ (റ)യുടെ ജേഷ്ഠ സഹോദരിയുമാണ് മഹതി. അബൂബക്കർ(റ)വിന്റെ ആദ്യ ഭാര്യ ഖുതൈല ബിൻത് അബ്ദിൽ ഉസ്സയിൽ ജനിച്ച മകളാണ് അവർ. ഹിജ്റയുടെ 27 വർഷങ്ങൾക്കു മുമ്പ് മക്കയിലായിരുന്നു അവരുടെ ജനനം. അബ്ദുള്ള ബിൻ അബീബക്കർ ആയിരുന്നു സഹോദരൻ. അവരുടെ അർദ്ധസഹോദരിയായിരുന്നു ആയിശ(റ)യും ഉമ്മു ഖുൽസും ബിൻത് അബീ ബക്കറും. അർദ്ധ സഹോദരന്മാരായിരുന്നു അബ്ദുറഹിമാൻ ബിൻ അബീബക്കർ, മുഹമ്മദ് ബിൻ അബീബക്കർ എന്നിവർ. പ്രമുഖ ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ആയിശ (റ)യേക്കാൾ പത്ത് വയസ്സ് മൂത്തവരായിരുന്നു അവർ. ഇസ്ലാമിൽ നേരത്തെ എത്തിയ അവർ ഇസ്ലാമിലെ പതിനെട്ടാമത്തെ വിശ്വാസിനിയായിരുന്നു എന്നാണ് ചരിത്രാനുമാനം. സ്വർഗ്ഗം കൊണ്ട് സുവിശേഷം അറിയിക്കപ്പെട്ട സ്വഹാബി സുബൈറു ബിൻ അവ്വാമായിരുന്നു അവരുടെ ഭർത്താവ്. അവരുടെ മകൻ അബ്ദുല്ലാഹി ബിൻ സുബൈർ(റ) ഏറ്റവും പ്രസിദ്ധനായ സ്വഹാബിയായിരുന്നു. ഇങ്ങനെ പിതാവും പിതാമഹനും സഹോദരങ്ങളും ഭർത്താവും മകനും എല്ലാം സ്വഹാബിമാരായ വ്യക്തിത്വം പൊതുവെ അപൂർവ്വമാണ് ഇസ്ലാമിക ചരിത്രത്തിൽ. ഇവരുടെയെല്ലാം സ്വാധീനം അവരുടെ ജീവിതത്തെ തിളക്കവും തെളിച്ചവുമുള്ളതാക്കി മാറ്റി.



സ്വഹാബിയ്യത്തുകളിലെ പണ്ഡിതയും കർമ്മശാസ്ത്ര വിദഗ്ദയുമായിരുന്ന അസ്മാഇ(റ)ന്റെ മാഹാത്മ്യങ്ങൾ വിവരിക്കുന്ന ധാരാളം ചരിത്രഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. ഉൽകൃഷ്ട സ്വഭാവ മഹിമയും ഉത്തമ വ്യക്തിമൂല്യങ്ങളുമാണ് മഹതിക്ക് ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ വരുത്തിത്തീർത്തത്. പിതാവ് അബൂബക്കർ സിദ്ധീഖാ (റ)ണ് മകളെ ആ സൽഗുണങ്ങളോടെ വളർത്തിയത്. മാത്രമല്ല പിതാവ് പ്രവാചക സന്തതസഹചാരിയായത് കൊണ്ട് തന്നെ ആ സാമീപസൗഭാഗ്യം ഈ മകൾക്കും ലഭിച്ചു. നബി (സ)യുടെ കൂടെ ഹജ്ജ് നിർവ്വഹിക്കുകയും ധാരാളം ഹദീസുകൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകരുടെ (സ) പ്രത്യേക പരിഗണനക്ക് അർഹയായ ഈ സ്വഹാബിയ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഒരു പിതാവ് മകളോട് പെരുമാറുന്ന രീതിയിലായിരുന്നു നബി (സ) മഹതിയോട് പെരുമാറിയിരുന്നത്.



അസ്മാഅ്(റ) തന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മഹിമ കാത്തുസൂക്ഷിച്ചിട്ടുണ്ട്. അനുസരണയുള്ള മകളായിരുന്നു, മാതൃകാ ഭാര്യയായിരുന്നു, സ്‌നേഹനിധിയായ ഉമ്മയുമായിരുന്നു. മാതാപിതാക്കൾക്ക് ഗുണം ചെയ്യുന്നതിലും കുടുംബബന്ധം പുലർത്തുന്നതിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഒരിക്കൽ തന്റെ അവിശ്വാസിനിയായിരുന്ന മാതാവ് തന്നെ കാണാൻ വരുന്നതിനെക്കുറിച്ച് നബി(സ)യോട് അഭിപ്രായം ആരായുകയുണ്ടായി: എന്റെ ഉമ്മ താൽപര്യപൂർവ്വം ഇങ്ങോട്ട് വന്നിരിക്കുകയാണ്, ഞാൻ ഉമ്മയോട് ബന്ധം പുലർത്തണമോ? നബി(സ്വ) പറഞ്ഞു: അതെ, നീ ഉമ്മയോട് ബന്ധം പുലർത്തണം (ബുഖാരി, മുസ്ലിം). ഭർത്താവിനെ ജോലിക്കാര്യങ്ങളിൽ യാതൊരു കൽപനയും സമർദ്ദവുമില്ലാതെ തന്നെ സഹായിക്കുകയും കുടുംബഭദ്രത ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. മഹതി തന്നെ പറയുന്നുണ്ട്: സുബൈർ ബ്‌നു അവ്വാം (റ) എന്നെ വിവാഹം കഴിക്കുമ്പോൾ സമ്പത്തായി ഉണ്ടായിരുന്നത് ഒരു കുതിര മാത്രമായിരുന്നു. ഞാനായിരുന്നു ആ കുതിരക്കുള്ള ധാന്യങ്ങൾ പൊടിച്ചിരുന്നതും, തീറ്റകളും വെള്ളവും നൽകിയിരുന്നതും. ഇപ്രകാരം സന്തുഷ്ട കുടുംബമായിരുന്നു അവരുടേത്. വീട്ടകത്തെ നിർവ്വഹണങ്ങളോടൊപ്പം ആരാധനാ കാര്യങ്ങളിലും അവർ നിമഗ്നയായിരുന്നു. നമസ്‌ക്കാരം അധികരിപ്പിക്കുമായിരുന്നു. റകീൻ ബ്‌നു റബീഹ് എന്ന താബിഈ പറയുന്നു: ഞാൻ അസ്മാഅ് ബിൻത് അബൂബക്കർ വന്ദ്യവയോധികയായിരുന്ന സമയത്ത് കാണാൻ പോയി. അന്നേരം മഹതി നമസ്‌ക്കരിക്കുകയായിരുന്നു (കിതാബു സിയറു അഅ്‌ലാമിൽ നുബലാഅ് ). ഉദാരമതിയും ദാനശീലയുമായിരുന്നു അസ്മാഅ് ബിൻത് അബൂബക്കർ (റ). മകൻ അബ്ദുല്ല ബ്‌നു സുബൈർ (റ) പറയുന്നു: ആയിശ (റ), അസ്മാഅ് (റ) എന്നിവരേക്കാൾ ദാനധർമ്മം ചെയ്യുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടേയില്ല. വിശ്വാസ്യതയും സമർപ്പണബോധവും ഉദാരമനസ്‌കതയും കൈമുതലാക്കിയ ഈ മഹിളാ രത്‌നം ലോകവനിതകൾക്ക് തന്നെ മാതൃകയാണ്.



ആദ്യത്തെ കൺമണി



ഹിജ്റയുടെ നാളുകൾ അതികഠിനങ്ങളായിരുന്നു. അസ്മാഅ്(റ) തന്നെ പറയുന്നുണ്ട്. നബി(സ)യും അബൂബക്കർ(റ)യും തങ്ങളെ കബളിപ്പിച്ചു കടന്നുകളഞ്ഞതിലും നൂറ് ഒട്ടകം ഇനാമായി നൽകിയിട്ടും അവരെ പിടികൂടാൻ പറ്റാതെ വന്നതും അവരെ തെല്ലൊന്നുമല്ല മാനക്കേടിലാക്കിയത്. അവരുടെ കോപം ഇതോടെ ഇരട്ടിച്ചു. ഈ കത്തുന്ന കോപവുമായി അബൂ ജഹൽ നേരെ വന്നത് അബൂബക്കർ(റ) വിന്റെ വീട്ടിലേക്കായിരുന്നു. അബൂബക്കർ എവിടെ എന്ന അബൂ ജഹലിന്റെ ഘനഗാംഭീര്യം നിറഞ്ഞ ചോദ്യത്തിന് ഞങ്ങൾക്കറിയില്ല എന്ന് ആദ്യം ധൈര്യ സമേതം മറുപടി പറഞ്ഞത് അസ്മാഅ്(റ) ആയിരുന്നു. അതു കേട്ടതും അബൂ ജഹൽ അവരെ ആഞ്ഞടിച്ചു. അതി ശക്തമായിരുന്നു ആ അടി. അടിയുടെ ആഘാതത്തിൽ അവരുടെ കാതിലെ ചിറ്റുകൾ തെറിച്ചു പോയി. അറബികൾ ഒരിക്കലും സ്ത്രീകളോട് അങ്ങനെ ചെയ്യാറില്ലാത്തതാണ്. പ്രത്യേകിച്ചും ഗർഭിണിയായ ഒരു സ്ത്രീയോട്.



നബി(സ)യും അബൂബക്കർ(റ) വും മദീനയിലെത്തി. അവരവിടെ കാലുറപ്പിച്ചതും ഏതാനും സ്വഹാബിമാരെ മക്കയിലേക്ക് അയച്ചു. രണ്ടു പേരുടെയും കുടുംബാംഗങ്ങളെയും കുട്ടിക്കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അങ്ങനെ അസ്മാഅ് (റ) തന്റെ കുടുംബാംഗങ്ങളോടൊപ്പം മദീനയിലെത്തി. അവർ ഗർഭിണിയായിരുന്നു. ഗർഭത്തിന്റെ ആരോഗ്യപരമായ ക്ഷീണങ്ങൾ അവർ ത്തറിഞ്ഞതേയില്ല. അത്രമാത്രം ആവേശഭരിതയായിരുന്നു അവർ. അവർ മദീനയിലെത്തി ജീവിതം തുങ്ങിയ ആദ്യ ദിനങ്ങളിൽ തന്നെ അവരെ ഒരു വലിയ ആശങ്ക പിടികൂടി. അവരെ മാത്രമല്ല മുഹാജിറുകളായ മുഴുവൻ മുസ്ലീങ്ങളെയും ആ ആശങ്ക പിടികൂടിയിരുന്നു. അത് മറ്റൊന്നുമല്ല, ജൂതന്മാർ ഒരു പ്രസ്താവന നടത്തി. മുസ്ലിമീങ്ങളുടെ കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല, ഞങ്ങൾ അവർക്കെതിരെ ശക്തമായ മാരണം ചെയ്തിട്ടുണ്ട്. അതിനാൽ അവർക്ക് ഇനി കുട്ടികൾ ഉണ്ടാവില്ല. അവർക്ക് ജനിക്കുന്ന കുട്ടികളെല്ലാം മരണപ്പെട്ടുമരണപ്പെട്ടുപോകും എന്നതായിരുന്നു ജൂതന്മാരുടെ പ്രചരണം.



ജൂതൻമാരുടെ ഈ പ്രചരണം ഏതാണ്ട് എല്ലാവരും വിശ്വസിക്കുന്ന തരത്തിലായിരുന്നു. അതിന് കാരണമുണ്ട്, മാരണപ്പണിയിൽ അവർ അവർ അതിവിദഗ്ധരായിരുന്നു. അതിന് പല അനുഭവങ്ങളും മദീനക്കാർക്ക് ഇടയിൽ പ്രചാരത്തിലുമുണ്ടായിരുന്നു. അത് അറിഞ്ഞതും മുഹാജിറുകൾക്ക് ഇടയിൽ ശക്തമായ ആശങ്ക പരന്നു. ആശങ്ക പിടികൂടിയവരിൽ ആദ്യത്തെ ആൾ അസ്മാഅ്(റ) ആയിരുന്നു. കാരണം അവർ അപ്പോൾ പൂർണ്ണ ഗർഭിണിയായിരുന്നു. പക്ഷേ എല്ലാ ആശങ്കകളും അസ്ഥാനത്തായി. അത് അസ്മാബീവിയുടെ പ്രസവത്തോടെയായിരുന്നു. ഒരു കുഴപ്പവും ഇല്ലാത്ത ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് അവർ അവർ ജന്മം നൽകി. അന്ന് മദീനയിലെ മുസ്ലിംകള്‍ക്ക് ആഘോഷത്തിന്റെ നിറവായിരുന്നു. മുഹാജിറുകളില്‍ ആദ്യമായി പിറന്ന ആ കണ്‍മണിയെയോര്‍ത്ത് അവര്‍ തഹ്ലീലും തക്ബീറും ചൊല്ലി ആനന്ദനൃത്തം ചവിട്ടി. മദീനയിലേക്ക് പലായനം ചെയ്തെത്തിയ മുഹാജിറുകള്‍ക്ക് ജൂത പുരോഹിതന്മാര്‍ മാരണം ചെയ്തിട്ടുണ്ടെന്നും ഇനിയവര്‍ക്ക് സന്താനലബ്ധി ഉണ്ടാവില്ലെന്നുമുള്ള കുപ്രചാരണങ്ങള്‍ക്ക് മറുപടിയായി ജനിച്ച അസ്മാ ബീവിയുടെ കുഞ്ഞായിരുന്നു അബ്ദുല്ലാഹിബ്നു സുബൈര്‍(റ).



ആത്മീയ അനുഗ്രഹങ്ങൾ പെയ്തിറങ്ങിയ ഒരു കുടുംബമായിരുന്നു അവരുടേത്. ഭർത്താവ് സുബൈറുബ്നുൽ അവ്വാം(റ) അവരെ വിവാഹം ചെയ്യുമ്പോൾ ദരിദ്രനായിരുന്നു അദ്ദേഹം. വീട്ടിലെ കാര്യങ്ങളെല്ലാം സ്വന്തം കരങ്ങൾകൊണ്ട് ആണ് താൻ ചെയ്തിരുന്നത് എന്ന് അസ്മാ ബീവി(റ) തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു ഭൃത്യയെയോ ഭൃത്യനേയോ വാങ്ങുവാനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പക്ഷേ ആ കുടുംബം അല്ലാഹുവിന്റെയും യും അവന്റെ റസൂലിന്റെയും പൊരുത്തത്തിലൂടെ ചുവടുകൾ വെക്കാൻ തുടങ്ങിയപ്പോൾ അള്ളാഹു അവർക്ക് അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നിട്ടു. സാമ്പത്തികമായി മെച്ചപ്പെട്ട പിൽക്കാലത്ത് അവർ അവർ വലിയ ധർമിഷ്ഠയായി അറിയപ്പെട്ടു. രോഗികളെ സുശ്രൂഷിക്കുവാനും പാവങ്ങളെ സഹായിക്കുവാനും അവരെപ്പോഴും മുൻപിൽ ഉണ്ടായിരുന്നു. അക്കാര്യത്തിൽ സഹാബി വനിതകളുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയും പ്രത്യേകമായി അടയാളപ്പെടുത്തപ്പെടുകയും ചെയ്യപ്പെട്ട അപൂർവ്വ വ്യക്തിത്വമായിരുന്നു അസ്മാഅ്(റ).



പരിശുദ്ധ ഖുർആനുമായി അഭേദ്യമായ ഹൃദയബന്ധം ഉണ്ടായിരുന്ന മഹതി അവർകൾ ധാരാളമായി ഖുർആൻ പാരായണം ചെയ്യുന്ന സ്വഭാവം ഉള്ളവരായിരുന്നു അവർ. പാരായണം ചെയ്യുന്ന ഓരോ സൂക്തങ്ങളും ചിന്തക്കും മനനത്തിനും വിധേയമാക്കുന്ന പ്രകൃതമായിരുന്നു അവരുടേത്. ഖുർആനിൽ അലിഞ്ഞു ചേർന്ന് ജീവിക്കുകയായിരുന്നു അവർ എന്നുപറയാം. ഖുർആൻ ആശയങ്ങൾ അവരെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. ഭർത്താവായ സുബൈർ(റ) പറയുന്നു: ഒരിക്കൽ ഞാൻ ഞാൻ വീട്ടിലേക്ക് കടന്നുചെല്ലുമ്പോൾ അസ്മ(റ) ഖുർആൻ പാരായണത്തിലായിരുന്നു. അത്തൂർ അധ്യായം 27-ാം ആയത്ത് ഓതി കൊണ്ടിരിക്കുകയായിരുന്നു അവർ. ഞാൻ അതിൽ അല്ലാഹു സത്യവിശ്വാസികളെ നരകശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയ അനുഗ്രഹമാണ് പറയുന്നത്. അത് പാരായണം ചെയ്ത ഉടനെ അവർ നരകശിക്ഷയിൽ നിന്ന് കാവൽ തേടുകയുണ്ടായി. ഞാൻ അങ്ങാടിയിൽ പോയി പോയി തിരിച്ചുവരുമ്പോഴും അവർ ആ ആയത്തിന്റെ ഭാഗമായി ശിക്ഷയിൽ കാവൽ തേടുന്നതിൽ നിന്ന് അവർ മോചിതയായിരുന്നില്ല (ബുഖാരി).



നബി(സ)യിൽ നിന്നും മത വിഷയങ്ങൾ പഠിച്ചെടുക്കുന്നതിലുള്ള താൽപര്യത്തിന്റെ കാര്യത്തിലും സ്വഹാബി വനിതകളിൽ ഏറെ മുന്നിലായിരുന്നു അവർ. ഇമാം ബുഖാരിയും മുസ്ലിമും ഏകോപിച്ച 58 ഹദീസുകളും ബുഖാരി മാത്രം ഉദ്ധരിച്ച അഞ്ച് ഹദീസുകളും മുസ്ലിം മാത്രം ഉദ്ധരിച്ച നാല് ഹദീസുകളും അവർ രിവായത്ത് ചെയ്തിട്ടുണ്ട്. ഇത് ഹദീസുമായുളള അവരുടെ ഹൃദയബന്ധം കുറിക്കുന്നു. ഭാഷയിലും മികവുറ്റ ആളായിരുന്നു അവർ. സംസാരത്തിൽ നല്ല സ്ഫുടതയും സാഹിത്യ സമ്പന്നതയും അവരുടെ പ്രത്യേകതയായിരുന്നു. ഇവക്കു പുറമെ അവരുടെ കയ്യൊപ്പ് വീണ ഒരു മേഖലയായിരുന്നു സ്വപ്ന വ്യാഖ്യാനം. സ്വപ്നങ്ങൾ വ്യാഖ്യാനിക്കുവാനുള്ള ഒരു വേറിട്ട കഴിവ് അവർക്കുണ്ടായിരുന്നു. പൊതുവെ സ്വഹാബികൾക്കിടയിൽ ഇക്കാര്യത്തിൽ നിപുണനായി അറിയപ്പെട്ടിരുന്ന സഈദ് ബിൻ മുസയ്യിബ്(റ) ഇവരിൽ നിന്ന് ഈ ശാസ്ത്രത്തിൽ പലതും പകർത്തിയിട്ടുണ്ട് എന്ന് ഇബ്നു സഅ്ദ് തന്റെ ത്വബഖാത്തിൽ പറയുന്നു.



രംഗസാക്ഷ്യങ്ങൾ



വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശമറിയിച്ചുകൊണ്ടും സത്യദീനിലേക്ക് ക്ഷണിച്ചുകൊണ്ടും നബി(സ) റോമന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് സന്ദേശമയച്ചിരുന്നു. അദ്ദേഹം ഇസ്‌ലാം വിശ്വസിക്കാന്‍ തയ്യാറായെങ്കിലും മത പുരോഹിതന്മാരുടെ എതിര്‍പ്പു കാരണം അതിൽ നിന്ന് പിന്തിരിയുകയായിരുന്നു. ബസ്വറയിലേക്ക് നബി(സ)യുടെ ദൂതുമായി പോയ ഹാരിസ്(റ)നെ റോമന്‍ ഗവര്‍ണറായ ശുറഹ്ബീല്‍ കൊലപ്പെടുത്തുകയുണ്ടായി. അങ്ങനെയാണ് മുഅ്തത്ത് യുദ്ധത്തിന് സാഹചര്യമൊരുങ്ങിയത്. ഇതില്‍ രക്തസാക്ഷിത്വം വരിച്ച സൈദ്(റ)ന്റെ പുത്രന്‍ ഉസാമ(റ) എന്ന, 20ല്‍ താഴെ മാത്രം പ്രായമുള്ള യുവാവിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ റോമിലയക്കാന്‍ നബി(സ) തയ്യാറാക്കുകയുണ്ടായി. അവര്‍ മദീന വിടും മുമ്പ് നബി(സ്വ)യുടെ വഫാത്ത് സംഭവിച്ചതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു. അബൂബക്കര്‍(റ) ഖലീഫയായതിനു ശേഷം, നബി(സ)യുടെ ആഗ്രഹം പോലെത്തന്നെ ഉസാമയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തെ ശാമിലേക്ക് അയച്ചു. അറബികളുടെ ധീരതയും സ്ഥ്യൈവും അയല്‍ സാമ്രാജ്യങ്ങളെ അറിയിക്കാനിത് ഫലപ്രദമായി. റോമിനെതിരെ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കാന്‍ മാത്രം മദീന സജ്ജമാണെന്ന സന്ദേശം അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ അവരുടെ സാമ്രാജ്യത്വത്തെ കിടിലം കൊള്ളിച്ചു.



പിന്നീട് വടക്ക് റോമിലേക്കും തെക്ക് പേര്‍ഷ്യയിലേക്കും ഒന്നാം ഖലീഫ അബൂബക്കര്‍(റ) സൈന്യത്തെ നിയോഗിച്ചു.
ഖാലിദ്ബ്നു സഈദ്(റ)ന്റെ നേതൃത്വത്തില്‍ ശാമിലേക്കയച്ച സൈന്യം റോമിന്റെ രണ്ടു സൈനിക ഗ്രൂപ്പുകളെ പരാജയപ്പെടുത്തി മുന്നേറി. തുടര്‍ മുന്നേറ്റത്തിനായി ഖലീഫയോട് പോഷക സൈന്യത്തെ ആവശ്യപ്പെട്ടപ്പോള്‍ ഇക്രിമ(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അദ്ദേഹം അയച്ചുകൊടുത്തു. റോമിന്റെ വിവിധ ഭാഗങ്ങളിലൂടെ മുന്നേറ്റം നടത്തുന്നതിനായി പ്രമുഖരടങ്ങുന്ന സംഘത്തെ തുടര്‍ന്നും സിദ്ദീഖ്(റ) ശാമിലേക്കയക്കുകയുണ്ടായി. യസീദുബ്നു അബീസുഫ്യാന്‍(റ)നെ ദമസ്കസിലേക്കും, ശുറഹ്ബീലുബ്നു ഹസന(റ)നെ ജോര്‍ദാനിലേക്കും, അംറുബ്നു ആസ്(റ)നെ ഫലസ്തീനിലേക്കും, അബൂ ഉബൈദത്തുല്‍ ജര്‍റാഹ്(റ)നെ ഹിംസിലേക്കും നിയോഗിച്ചു.



റോമിലേക്കുള്ള നബി(സ)യുടെ കത്ത് മുതല്‍ എല്ലാം സമാധാനപരമായ സന്ദേശ കൈമാറ്റങ്ങളായിരുന്നു. എന്നാല്‍ അതിനോടുള്ള സാമ്രാജ്യത്വത്തിന്റെ സമീപന രീതിയാണ് പ്രശ്നം സൃഷ്ടിച്ചത്. നബി(സ)യുടെ സന്ദേശം സ്വീകരിക്കാനൊരുങ്ങിയ ഹെറാക്ലിയസ് മുസ്‌ലിം സൈന്യത്തിന്റെ വരവിനെ ഗുണപരമാക്കാന്‍ ആലോചിച്ചു. അദ്ദേഹം അറേബ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം അറിഞ്ഞപ്പോള്‍ തന്റെ സേനാനികളോട് അതിനെക്കുറിച്ച് സംസാരിച്ചു. മുസ്‌ലിംകളുമായി സന്ധിയാകണമെന്നാണെന്റെ ആഗ്രഹം എന്നദ്ദേഹം തുറന്നു പറഞ്ഞു. റോമിന്റെ ആധിപത്യം നിലനിര്‍ത്തി ശാമിലെ വരുമാനത്തിന്റെ അര്‍ധഭാഗം അവര്‍ക്ക് നല്‍കാം. ബാക്കി നമുക്കും ഉപയോഗപ്പെടുത്താം. യുദ്ധമുണ്ടായി ശാമില്‍ അവര്‍ ജയിക്കുകയും റോമിന്റെ പതാക നഷ്ടമാവുകയും ചെയ്യുന്നതിനേക്കാള്‍ നമുക്ക് നല്ലതതാണ്. ഇതുകേട്ട സേനാധിപന്മാര്‍ ഹെറാക്ലിയസിനോട് വിയോജിച്ച് പിരിഞ്ഞുപോയി. സൈനിക അട്ടിമറിയും കൊട്ടാര വിപ്ലവവും ഭയന്ന് അദ്ദേഹം കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി അവരെയെല്ലാം സംഘടിപ്പിച്ച് ഹിർഖൽ സൈനിക തന്ത്രങ്ങളാവിഷ്കരിച്ചു.



റോമക്കാര്‍ സൈന്യത്തെ നാലായി വിഭജിച്ചു. ഓരോ മുസ്‌ലിം സംഘത്തെയും വെവ്വേറെ നേരിട്ട് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പതിനായിരങ്ങളടങ്ങുന്ന നാല് സംഘങ്ങളെ നിശ്ചയിച്ചത്. എന്നാല്‍ മുസ്‌ലിം സേനാനായകര്‍ ഖലീഫയുമായി ബന്ധപ്പെട്ട് സൈന്യങ്ങളെ ഏകോപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമാക്കി. ഇതറിഞ്ഞ റോമൻ സൈന്യം തിയോഡറിന്റെ സര്‍വ സൈന്യാധിപത്യത്തില്‍ ഏകീകരിച്ചു. അധികാരത്തിന്റെയും സൗകര്യത്തിന്റെയും പ്രൗഢിയില്‍ രണ്ടര ലക്ഷത്തോളം വരുന്ന റോമന്‍ സൈന്യങ്ങള്‍ ശബ്ദാരവങ്ങളും താളമേളങ്ങളുമായി കേമ്പില്‍ സദാ തിമര്‍ത്താടിക്കൊണ്ടിരുന്നു. പോര്‍മുന്നണിയിലും ക്യാമ്പിലും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയ അവര്‍ യര്‍മൂകിനടുത്ത് കേന്ദ്രീകരിച്ചത്. ഈ സമയത്ത് ഇറാഖില്‍ വിജയം വരിച്ച ഖാലിദ്ബ്നുല്‍ വലീദ്(റ)നെ അബൂബക്കര്‍(റ) ശാമിലേക്ക് അയച്ചു. സര്‍വസൈന്യാധിപത്യം ഏറ്റെടുത്ത ഖാലിദ്(റ)ന്റെ നേതൃത്വത്തില്‍ മുസ്‌ലിം പട യര്‍മൂക്കിലെത്തി. ഹൗറാന്‍ പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന ഒരു നദിയാണ് യര്‍മൂക്. ഇതിന്റെ അര്‍ധവൃത്താകൃതിയിലുള്ള മുനമ്പാണ് പോരാട്ട ഭൂമിക. ഖാലിദ്(റ)ന്റെ നേതൃത്വത്തില്‍ യുദ്ധമുന്നണിയില്‍ ശ്രദ്ധേയവും ഫലപ്രദവുമായ പല ക്രമീകരണങ്ങളും നടന്നു. നാല്‍പത്തിനാലായിരം വരുന്ന സൈന്യത്തെ അദ്ദേഹം നാല്‍പത് ബറ്റാലിയനുകളാക്കി. ഓരോന്നിനും ഒരു കമാന്ററെ നിയമിച്ചു. ശേഷം ഇവരെ അഞ്ചു ഗ്രൂപ്പുകളാക്കി ഏകീകരിച്ചു.



തുടർന്ന് നടന്നതാണ് ഹി. 15 ൽ നടന്ന യർമൂക്ക് യുദ്ധം. 6 ദിവസം നീണ്ടു നിന്ന ഈ യുദ്ധത്തിൽ വെറും 40,000 പേരുള്ള മുസ്ലിം സൈന്യത്തിന് രണ്ടര ലക്ഷത്തോളം റോമൻ പടയാളികളെയാണ് നേരിടാനുണ്ടായിരുന്നത്. ഖാലിദ് ബിൻ വലീദിന്റെ സമർഥമായ മുന്നേറ്റത്തിനു മുമ്പിൽ റോമൻ പട പക്ഷെ, നിലംപരിശായി. അബൂ ഉബൈദ, ഖാലിദ് ബിൻ വലീദ്, അംറ് ബിൻ ആസ്(റ) എന്നിവരായിരുന്നു നായകൻമാർ. യർമൂക്ക് വിജയത്തോടെ ശാം നാടുകൾ മുഴുവനും ഇസ്ലാമിന് അധീനപ്പെട്ടു. ഈ യുദ്ധത്തിന് അസ്മാഅ് ബിൻത് അബീബക്കർ(റ) സാക്ഷിയായിരുന്നു. തന്റെ ഭർത്താവും മകനും അല്ലാഹുവിന്റെ ദീനിനു വേണ്ടി പോരാടുന്നത് അവർ കൺകുളിർമ്മയോടെ നോക്കി നിന്നു.



ഭർത്താവിന്റെ വിയോഗം



പിൽക്കാലത്ത് പല രാഷ്ട്രീയ വിവാദങ്ങളും ഇസ്ലാമിക സമൂഹത്തിൽ ഉടലെടുത്തു. അതിന്റെ കൃത്യമായ തുടക്കമായിരുന്നു ഉസ്മാൻ(റ)വിന്റെ വധം. അതിനു ശേഷം ഭരിച്ച അലി (റ)വിന്‍റെ ഖിലാഫത്തിന്റെ ആദ്യകാലം പ്രശ്നസങ്കീര്‍ണമായിരുന്നു. ഹസ്റത്ത് ഉസ്മാൻ(റ)വിന്‍റെ ഘാതകരെ ശിക്ഷിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രഥമജോലി. നിരവധി ഘാതകരുണ്ടായിരുന്നിട്ടും അവരുടെ പേര് അറിയാതിരുന്നത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി. പലരും മദീനയില്‍ തന്നെയുണ്ടായിരുന്നു. ചിലര്‍ ഹസ്റത്ത് അലി(റ)യുടെ പട്ടാളത്തില്‍ നുഴഞ്ഞു കയറിക്കൂടുക വരെ ചെയ്തിരുന്നു. മതിയായ സാക്ഷികൾ ഇല്ലാത്തതും പ്രശ്നത്തെ കുഴച്ചുമറിച്ചു. പ്രശ്നത്തിന്റെ സങ്കീര്‍ണത തിരിച്ചറിയാതിരുന്ന ചില സ്വഹാബിമാര്‍ അലി(റ)ക്കെതിരെ രംഗത്തു വന്നു. അവര്‍ ഉസ്മാന്റെ (റ) ഘാതകരെ എത്രയും പെട്ടെന്ന് പിടികൂടി ശിക്ഷിക്കണമെന്ന് അലി(റ)യോട് ആവശ്യപ്പെട്ടു. നബി(സ)യുടെ പ്രിയപത്നി ആഇശ(റ), ത്വല്‍ഹ(റ), സുബൈർ(റ) തുടങ്ങിയ പ്രമുഖ സ്വഹാബികള്‍ വരെയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. അവര്‍ ആയിശ(റ)യുടെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ സംഘടിപ്പിച്ച് ബസ്വറയിലെത്തി. അപ്പോഴേക്കും അലി(റ)യും അവടെ എത്തിയിരുന്നു. ഇരുപക്ഷവും പരസ്പരം ചര്‍ച്ച ചെയ്തു. ആഇശ(റ) തങ്ങളുടെ ആവശ്യം അലി(റ)യെയും അലി(റ) തന്റെ വിഷമാവസ്ഥ ആഇശ(റ)യെയും അറിയിച്ചു. കാര്യങ്ങള്‍ മനസ്സിലാക്കി ഇരുകൂട്ടരും പിന്തിരിഞ്ഞുപോകാന്‍ തീരുമാനിച്ചു. കൂട്ടത്തിലെ കുഴപ്പക്കാര്‍ ഈ രജ്ഞിപ്പിനെ ഭയന്നു. അവര്‍ ഇരുവിഭാഗത്തിലുമുള്ള സൈന്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തി.



മറുവിഭാഗമാണ് ആക്രമിച്ചതെന്ന് തെറ്റുധരിച്ച് സൈന്യങ്ങള്‍ പരസ്പരം യുദ്ധം തുടങ്ങി. യുദ്ധത്തില്‍ അലി (റ)വിജയിച്ചു. സംഭവത്തിന്റെ യഥാസ്ഥിതി ആഇശ(റ)യെ ധരിപ്പിച്ച ശേഷം അലി(റ) അവരെ മദീനയിലേക്ക് യാത്രയയച്ചു. ഈ യുദ്ധം ചരിത്രത്തില്‍ അറിയപ്പെടുന്നത് ജമല്‍ യുദ്ധം എന്ന പേരിലാണ്. ജമൽ യുദ്ധദിവസം യുദ്ധം പുരോഗമിക്കുന്നതിനിടെ രണാങ്കണത്തിൽ നിന്ന് മനം മടുത്ത് പിന്തിരിഞ്ഞ സുബൈർ(റ) ഒരു മരച്ചുവട്ടിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ തക്കം നോക്കി അലി പക്ഷക്കാരനായിരുന്ന അംറുബ്നു ജർമുസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്ന് കുത്തി കൊലപ്പെടുത്തി. ഘാതകൻ പ്രസ്തുത സന്തോഷവാർത്ത അറിയിക്കാൻ അലി(റ)വിന്റെ സന്നിധിയിലെത്തി.



സുബൈർ(റ)വിന്റെ ഘാതകൻ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (റ) അയാളെ ആട്ടിയോടിച്ചു. ഇങ്ങനെ വിളിച്ചു പറഞ്ഞു: സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും. അനന്തരം സുബൈർ(റ)വിന്റെ വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ഹാ, ഈ വാൾ, അല്ലാഹുവിന്റെ പ്രവാചകന് താങ്ങും തണലും നൽകിയ വാളാണിത്. പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു അങ്ങക്ക് രക്ഷനൽകട്ടെ. ഹിജ്റ 36-ാം വർഷം തന്റെ 64-ാം വയസ്സിലാണ് സുബൈർ(റ) രക്തസാക്ഷിയായത്. അത് നിറകണ്ണുകളോടെയായിരുന്നു അസ്മാഅ്(റ) അനുഭിച്ചത്.



പിന്നെ മകനും..



ധീരനായ യുവാവായിരുന്നു അസ്മാഅ്(റ)യുടെ മകൻ അബ്ദുള്ള ബിൻ സുബൈർ(റ). പതിനാലാം വയസിലാണ് അദ്ദേഹം യർമുക്ക് യുദ്ധത്തിൽ പങ്കെടുത്തത്. പിന്നീട് അംറ് ബിൻ ആസ്(റ) വിന്റെ കീഴിൽ ഖലീഫ ഉമർ(റ) ഈജിപ്തിലേക്ക് നിയോഗിച്ച സൈന്യത്തിൽ അദ്ദേഹം ഉൾപ്പെട്ടിരുന്നു. ഉസ്മാൻ(റ) വിന്റെ കാലത്ത് ഇസ്‌ലാം കൂടുതൽ അനറബീ നാടുകളിലേക്ക് വികസിക്കുകയും പുതിയ വിശ്വാസികൾ ഖുർആൻ തെറ്റായ രീതിയിൽ പാരായണം നടത്തുകയും ചെയ്യുന്നത് ഖലീഫ അറിഞ്ഞു. അദ്ദേഹം തെറ്റുകളില്ലാത്ത ഖുർആൻ തയ്യാറാക്കാൻ നാല് സ്വഹാബിമാരെ തെരഞ്ഞെടുത്തപ്പോൾ അതിൽ ഒരാളായി അബ്ദുല്ലാഹി ബ്‌നു സുബൈർ(റ) ഉണ്ടായിരുന്നു. ഉസ്മാൻ (റ) വിന്റെ വഫാത്തിനെ തുടർന്ന് സ്വഹാബികൾക്ക് ഇടയിൽ രണ്ട് അഭിപ്രായങ്ങൾ ഉണ്ടായി. ഒന്ന് ഉസ്മാൻ (റ) വിന്റെ കൊലപാതകികളെ ശിക്ഷിച്ചതിന് ശേഷം അടുത്ത ഖലീഫയെ തിരഞ്ഞെടുത്താൽ മതി എന്ന്. അടുത്ത അഭിപ്രായം ഖലീഫക്ക് കീഴിൽ കൊലപാതകികയെ കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യണം എന്നും. ഇതിൽ ആദ്യത്തെ അഭിപ്രായത്തിൽ ആയിരുന്നു അബ്ദുള്ള ഇബ്നു സുബൈർ (റ) നിലനിന്നിരുന്നത്.



ഈ കാഴ്ചപ്പാടുകൾ സ്വഹാബികൾക്ക് ഇടയിൽ അഭിപ്രായ വ്യത്യാസത്തിന് കാരണമായി. കൊലപാതകിയെ ശിക്ഷിക്കണം എന്ന കാര്യത്തിൽ അവർക്കിടയിൽ ഏക അഭിപ്രായമായിരുന്നു. നിഷ്കളങ്കരായ സ്വഹാബികൾക്ക് ഇടയിൽ ഉസ്മാൻ(റ) വിനെ കൊലപ്പെടുത്തിയ അക്രമികൾ നുഴഞ്ഞ് കയറി രാഷ്ട്രീയ വീക്ഷണത്തെ വലുതാകുകയും അവർക്കിടയിൽ അക്രമം നടത്തുകയും ചെയ്തു. അതു പിന്നെ രണ്ട് അഭ്യന്തര യുദ്ധങ്ങളിലേക്ക് വഴി തുറന്നു. ഇതിൽ ജമൽ യുദ്ധത്തിൽ അബ്ദുല്ലക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടു. ഹിജ്‌റ 40ൽ അലി(റ) കൂഫയിൽ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ മകൻ ഹസൻ ഇബ്‌നു അലി(റ) അടുത്ത ഖലീഫയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഹസൻ(റ) സ്ഥാനം സ്വയം ഒഴിയുകയും മുആവിയ(റ)വിനെ മുസ്ലിം ലോകം ഒന്നടങ്കം ഖലീഫയാക്കുകയും ചെയ്തു. മുആവിയ(റ)വിന്റെ വഫാത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ യസീദ് ഖലീഫയായി. മുആവിയ(റ)വിന് ശേഷം അടുത്ത ഖലീഫ ആരാവണം എന്ന് തിരഞ്ഞെടുപ്പ് നടത്തി കണ്ടെത്തണം എന്ന കരാറിന്റെ ലംഘനമായിരുന്നു യസീദിന്റെ ഖിലാഫത്ത്.



യാസീദിന്റെ ഖലീഫത്തിൽ അക്കാലത്തെ സ്വഹാബികൾക്ക് ഇടയിൽ അഭിപ്രായ വിത്യാസമുണ്ടായി. ഹുസൈൻ ഇബ്‌നു അലി (റ), അബ്ദുല്ല ഇബ്‌നു ഉമർ (റ), അബ്ദുറഹ്മാൻ ഇബ്‌നു അബൂബക്കർ (റ), അബ്ദുല്ലാഹി ബിൻ സുബൈർ(റ) തുടങ്ങി നിരവധി സ്വഹാബികൾ യസീദിന്റെ ഖിലാഫത്തിന്റെ എതിർത്തു. ഇതോടെ അബ്ദുള്ള ഇബ്‌നു സുബൈർ(റ) മക്കയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഹിജ്‌റയുടെ 72ൽ ഇതിൽ പ്രകോപിതനായ അമവീ ഖലീഫ അബ്ദുൽ മലിക്ക് മക്ക കീഴ്പ്പെടുത്താൻ വേണ്ടി ഹജ്ജാജ് ഇബ്‌നു യൂസ്ഫ് അസ്സഖഫിയെ നിയോഗിച്ചു. 3000 ത്തോളം സൈന്യവുമായി ഹജ്ജാജ് പുറപ്പെടുകയും തായിഫിൽ തമ്പടിക്കുകയും ചെയ്തു. അറഫയിൽ വെച്ചു ഹജ്ജാജിന്റെ സൈന്യവും ഇബ്നു സുബൈർ(റ)വിന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ചെറു സംഘട്ടനങ്ങൾ മാസങ്ങളോളം തുടർന്നു. ഹജ്ജാജ് കൂടുതൽ സൈന്യത്തെ ആവശ്യപ്പെട്ട് ഖലീഫ അബ്ദുൽ മലിക്കിന് കത്തെഴുതി. കത്തിൽ തായിഫിൽ നിന്ന് മക്കയിലേക്ക് പ്രവേശിക്കാനുള്ള അനുമതിയും ചോദിച്ചു.



അബ്ദുൽ മലിക് കൂടുതൽ സൈന്യത്തെ അയച്ചു. ഹജ്ജാജ് മക്കയെ പൂർണമായും ഉപരോധിച്ചു. റമദാനിൽ അബു ഖുബൈസ് മലയിൽ പീരങ്കി സ്ഥാപിച്ച് മക്കയെ ലക്ഷ്യമാക്കി പീരങ്കി ആക്രമണം നടത്തികൊണ്ടിരുന്നു. മാസങ്ങളോളം പീരങ്കിയുമായി മക്കയെ ഹജ്ജാജ് ആക്രമിച്ചു. മക്കാ നിവാസികൾ പലരും അവിടം ഉപേക്ഷിച്ചുപോയി. ഹജ്ജിന് വന്ന അബ്ദുള്ള ഇബ്‌നു ഉമർ (റ) ഹജ്ജാജിന്റെ അക്രമം കണ്ട് അത് നിറുത്താൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന് കത്തെഴുതി. മക്കയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുവാനും ഉംറക്ക് വന്ന ആളുകൾക്ക് പ്രയാസം സൃഷ്ടികാതിരിക്കുവാനും കത്തിൽ സൂചിപ്പിച്ചു. കത്തിനെ തുടർന്ന് ഹജ്ജാജ് തൽകാലം അക്രമം അവസാനിപ്പിച്ചു.



ഹജ്ജ് കാലം അവസാനിച്ചപ്പോൾ ഹജ്ജിന് വന്നവരോട് ഹറമിൽ നിന്ന് പുറത്ത് കടക്കാൻ ഹജ്ജാജ് ആവശ്യപ്പെട്ടു. വിദേശികളും ചില മക്കകാരും ആ സമയം മക്കയിൽ നിന്ന് പുറത്തുകടന്നു. ഹജ്ജാജ് പീരങ്കിയുമായി വീണ്ടും ആക്രമണം തുടർന്നു. മക്ക പൂർണമായി ഉപരോധിച്ചു. ആളുകളുടെ സഞ്ചാരം, ഭക്ഷണ സാധനങ്ങളുടെ കൈമാറ്റം എന്നിവയെല്ലാം ഹജ്ജാജിന്റെ സൈന്യം തടഞ്ഞു. മക്കയിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. അബ്ദുല്ലാഹി ഇബ്‌നു സുബൈർ(റ) അദ്ദേഹത്തിന്റെ മൃഗങ്ങളെ അറുത്ത് ജനങ്ങൾക്കിടയിൽ വിതരണം നടത്തി. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭക്ഷണവും ജനങ്ങൾക്ക് നൽകി. ഇതെല്ലാമറിഞ്ഞ ഹജ്ജാജ് തന്റെ അടുത്തേക്ക് വരുന്നവർക്ക് ഭക്ഷണവും സംരക്ഷണവും നൽകാം എന്ന് പ്രഖ്യാപിച്ചു. കൂടുതൽ ആളുകൾ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി.



അബ്ദുല്ലാഹി ഇബ്‌നു സുബൈർ(റ)വിന്റെ ശക്തി കുറഞ്ഞതു മനസിലാക്കിയ ഹജ്ജാജ് അദ്ദേഹത്തിന് കത്തെഴുതി. ഇപ്പോൾ നിങ്ങൾ എല്ലാ നിലയിലും അശക്തനാണ്. നിങ്ങൾ എനിക്ക് കീഴൊതുങ്ങുകയും ഖലീഫ അബ്ദുൽ മലിക്കിന് ബൈഅത്ത്ചെയ്യുകയും ചെയുക. എല്ലാ ബഹുമതികളോടും കൂടി നിങ്ങളെ ആദരിക്കുന്നതാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരാം. നിങ്ങളോട് നല്ല നിലയിൽ പെരുമാറാനും, ഒത്തുതീർപ്പിന് പരമാവധി ശ്രമിക്കുവാനും, തിടുക്കത്തിൽ നിങ്ങളെ കൊല്ലരുത് എന്നും അബ്ദുൽ മലിക്ക് എന്നോട് കല്പിച്ചിട്ടുണ്ട് എന്ന് കത്തിൽ വ്യക്തമാക്കി. കത്ത് ലഭിച്ച അബ്ദുള്ള ഇബ്നു സുബൈർ(റ) മാതാവിനെ സമീപിച്ചു. അവർക്കിടയിൽ വൈകാരികമായ ഒരു സംഭാഷണം നടന്നു.



എന്റെ കൂടെയുണ്ടായിരുന്ന ആളുകളിൽ അഞ്ച് ആളുകൾ ഒഴികെ എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയി. ഹുസൈൻ ഇബ്‌നു അലി(റ)വിനെ കർബലയിൽ ചതിച്ചപോലെ ഇവർ എന്നെ ചതിച്ചു. ഇപ്പോൾ ഹജ്ജാജ് എനിക്ക് കത്തെഴുതിയിരിക്കുന്നു. അതിൽ ഒരു അഭിപ്രായം തേടിയാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നത് എന്ന് മകൻ ഉമ്മയോട് പറഞ്ഞു. മകനെ, നിന്റെ പ്രയാസങ്ങൾ നിനക്കാണ് കൂടുതൽ അറിയുന്നത്. നീ ഇത്രയും നാൾ നിലകൊണ്ടതും പ്രബോധനം നടത്തിയതും നന്മയിലല്ലേ? നിന്റെ കൂട്ടുകാർ മരണപ്പെട്ടതും ആ നന്മയിലല്ലേ? എങ്കിൽ നീ ആ പാതയിൽ തന്നെ നിലകൊള്ളുകയും രക്തസാക്ഷിതത്തിൽ നിന്റെ കൂട്ടുകാരെ കണ്ടുമുട്ടുകയും ചെയുക. ഭൗതികമായ ഉയർച്ചയാണ് നീ ലക്ഷ്യം വെക്കുന്നതെങ്കിൽ അത് നിനക്ക് ചേരാത്തതാണ്. മരണം ഒരുനാൾ വരും, നീ പുരുഷനായി ജീവിച്ചു മരിക്കണം എന്നാണ് എനിക്ക് നിനോട് പറയാനുള്ളത്. ഒറ്റക്കായി എന്ന നിന്റെ വാക്ക് ഒരു വിശ്വാസിക്ക് ചേർന്നതല്ല എന്നതായിരുന്നു ധീരയായ ആ ഉമ്മയുടെ മറുപടി.



ഇഹലോക ജീവിതത്തിൽ ഞാൻ വഞ്ചിതനായിട്ടില്ല. അവർ എന്നെ കൊല്ലുകയും കുതിര പടയാളികൾ എന്റെ മൃദ്ധദേഹം ചവിട്ടിതാഴ്ത്തുകയും കുരിശിൽ തറകുകയും ചെയ്യും. അതാണ് എനിക്ക് സങ്കടം എന്ന് മകൻ ഉമ്മയോട് പറഞ്ഞു.
നീ ആടിനെ അറുക്കുന്നത് കണ്ടിട്ടുണ്ടോ. ചത്ത ആടിന്റെ തൊലി ഊരിയാൽ അതിന് വേദനികുമോ. നീ ചെയ്തിരുന്ന നന്മയിൽ ഉൾകാഴ്ചയോട് കൂടി തുടരുകയും അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയുക എന്നായിരുന്നു ആ മാതാവിന്റെ ഉപദേശം. അതു കേട്ടതും മാതാവിന്റെ നെറ്റിയിൽ ഉമ്മവെച്ച ശേഷം മകൻ പറഞ്ഞു: ഞാൻ ഈ ലോകത്തെ ഐശ്വര്യം ആഗ്രഹിച്ചിട്ടില്ല. ഞാൻ ഇന്ന് കൊല്ലപ്പെടും എന്ന കാര്യം തീർച്ചയാണ്. എന്നെ ഓർത്ത് നിരാശപ്പെടരുത്. അന്യായമായി ഒന്നും ഞാൻ ചെയ്തിട്ടില്ല, ഞാൻ വിശ്വാസ വഞ്ചന നടത്തിയിട്ടില്ല, പാപകരമായ ഒന്നും ഞാൻ ചെയ്തിട്ടില്ല, അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമായി ഒന്നും ഞാൻ പ്രവർത്തിച്ചിട്ടില്ല. അല്ലാഹുവേ, ഞാൻ ഇത്‌ പെരുമ നടിച്ചുകൊണ്ട് പറഞ്ഞതല്ല മറിച്ച് എന്റെ മാതാവിന് മനസമാധാനം ലഭിക്കാൻ വേണ്ടിയാണ് ഇത് പറഞ്ഞത്..



യാത്ര പറയാൻ നേരം അസ്മ(റ) മകനെ കെട്ടിപിടിച്ചപ്പോൾ അദ്ദേഹത്തിന്റെ പടയെങ്കി അവരുടെ കയ്യിൽ തട്ടി. അൽഭുതത്തോടെ നീ പടയെങ്കി ധരിച്ചിട്ടുണ്ടോ? എന്നവർ ചോദിച്ചു. ഒത ധൈര്യത്തിനും ശക്തിക്കും വേണ്ടി ധരിച്ചതാണ് എന്ന് പറഞ്ഞപ്പോൾ ആ ഉമ്മ പറഞ്ഞു: നീ അത് ഊരിമാറ്റി നിന്റെ സാധാരണ വസ്ത്രത്തിൽ യുദ്ധം ചെയൂ..



മാതാവിന്റെ താൽപര്യം പോലെ അബ്ദുല്ലാഹി ഇബ്‌നു സുബൈർ (റ) അദ്ദേഹത്തിന്റെ പടയെങ്കി ഒഴിവാക്കി യുദ്ധത്തിന് ഇറങ്ങി. ഹിജ്‌റ 73ൽ ആ ധീരനായ സ്വഹാബി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. ശത്രുക്കൾ അദ്ദേഹത്തിന്റെ ശരീരം കുരിശിൽ തറച്ചു. മാതാവ് അസ്മ (റ) വന്നാൽ മാത്രമേ ശരീരം താഴെ ഇറക്കൂ എന്ന് അവർ പറഞ്ഞു. നൂറിനടുത്ത് പ്രായമായ ആ മാതാവ് ക്രൂശീകരിക്കപ്പെട്ട മകന്റെ ശരീരത്തിന് മുന്നിൽ ചെന്നുനിന്നു. മകന്റെ മൃദ്ധദേഹം നോക്കി നിൽക്കുന്ന അസ്മ(റ)യെ കണ്ട ഹാജ്ജ് ചോദിച്ചു: ഉമ്മാ, അമീറുൽ മുമിനീൻ അബ്ദുൽ മലിക് നിങ്ങളോട് നന്മ ചെയ്യണമെന്ന് എന്നോട് കല്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് എന്ത് വേണമെന്ന് കൽപിച്ചാലും.. ഞാൻ നിന്റെ ഉമ്മയല്ല, ആ കുരിശിൽ കിടക്കുന്നവന്റെ ഉമ്മയാണ് ഞാൻ, നിന്റെ ഒരു നന്മയും എനിക്ക് വേണ്ട എന്ന തീ പാറുന്ന വാക്കുകളായിരുന്നു ആ ഉമ്മയുടെ മറുപടി.



ചലനമറ്റു തൂങ്ങിക്കിടക്കുന്ന അബദുല്ലാഹി ബിൻ സുബൈർ(റ) വിന്റെ മയ്യിത്തിലേക്ക് ചൂണ്ടി ഹജാജ് ഇവൻ കപടനാണ് എന്നു പറഞ്ഞപ്പോൾ അസ്മാഅ് (റ) തിരിച്ചടിച്ചു. എന്റെ മകൻ കപടനല്ല, നമസ്കാരത്തിലും നോമ്പിലും കൃത്യത പുലർത്തിയ വ്യക്തിയാണ് അവൻ. തഖീഫ് ഗോത്രത്തിൽ നിന്ന് ഒരു നുണയനും ക്രൂരനായ കൊലപാതകിയും വരും എന്ന് പ്രവാചകൻ പറയുന്നത് ഞാൻ കെട്ടിട്ടുണ്ട്. കള്ള പ്രവാചകനെ നമ്മൾ കണ്ടു. ക്രൂരനായ കൊലപാതകി, അത് നീയാണ്..



വിട



സ്വന്തം ജീവിതം കൊണ്ട് ഉജ്ജ്വലമായ ചരിത്രങ്ങൾ വിരചിച്ച അസ്മാഅ് ബിൻത് അബീബക്കർ(റ) പിന്നെ ഏതാനും ദിവസങ്ങളേ ജീവിച്ചുള്ളൂ എന്നാണ് ചരിത്രം. നൂറോളം വയസ്സ് ജീവിച്ച അവർ വഫാത്താകുമ്പോൾ ഈമാനിനെന്ന പോലെ ശരീരത്തിനും - പല്ലുകൾക്കു പോലും - ഒരു പോറലും ക്ഷീണവും ഉണ്ടായിരുന്നില്ല. അബ്ദുല്ലാഹി ബിൻ സുബൈറിനു പുറമെ ഉർവ്വ, മുൻദിർ, ആസ്വിം, ഉമ്മുൽ ഹുസൈൻ, മുഹാജിർ, ആയിഷ, ഖദീജ എന്നീ മക്കളായിരുന്നു അവർക്കുണ്ടായിരുന്നത്.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso