Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ ഹശ്‌ർ 1

17-05-2022

Web Design

15 Comments





ജൂതരുടെ യസ് രിബിലെ അടിയാധാരങ്ങൾ



പരിശുദ്ധ ഖുർആനിലെ 59-ാം അധ്യയമാണ് സൂറത്തുൽ ഹശ്ർ. മുഫസ്സ്വലായ സൂറത്തുകൾ എന്ന ഗണത്തിൽ പെടുന്ന ഒരു സൂറത്താണ് ഇത്. ഹ്രസ്വമായത് എന്ന തോടൊപ്പം ചെറിയ ആയത്തുകൾ കൂടുതലായി കാണപ്പെടുന്നത് എന്നതൊക്കെയാണ് മുഫസ്സ്വൽ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മുഫസ്സലായ സൂറത്തുകൾ അതിന്റെ ദൈർഘ്യത്തിന് വിധേയമായി മൂന്നായി വിഭജിക്കപ്പെടുന്നുണ്ട്. നീണ്ടവ (ത്വിവാൽ), മധ്യമ ദൈർഘ്യമുള്ളവ (അവ്സാഥ്), ചെറിയവ ( ഖിസ്വാർ ) എന്നിവയാണവ. മൊത്തത്തിൽ സൂറത്തു ഖാഫ് മുതൽ (ഒരഭിപ്രായത്തിൽ ഹുജറാത്ത്) സൂറത്തുന്നാസ് വരേയുള്ള സൂറത്തുകളാണ് മുഫസ്സലുകൾ. ഇവയിൽ ഖാഫ് മുതൽ നബഅ് വരെ ഒന്നാം ഗണത്തിലും അതു മുതൽ ളുഹാ വരെ രണ്ടാം ഗണത്തിലും ബാക്കിയുള്ളവ മൂന്നാം ഗണത്തിലും പെടുന്നു. മദനിയ്യായ ഒരു അധ്യായമാണിത്. അഥവാ ഹിജ്റക്കു ശേഷം അവതരിക്കപ്പെട്ടത്. ഇതിന്റെ ഉള്ളടക്കം പ്രാഥമികമായി നിരീക്ഷിച്ചാൽ തന്നെ അതു മനസ്സിലാകും. മദീനയിലെ ബനൂ നളീർ എന്ന ജൂത ഗോത്രക്കാരുടെ നിലയും നിലപാടുകളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യവിഷയം. ഇബ്നു അബ്ബാസ്(റ) അങ്ങനെയാണ് ഈ സൂറത്തിനെ വിളിക്കുമായിരുന്നത്.



അപ്രകാരം തന്നെ ഈ സൂറത്ത് മദീനയിൽ നബി(സ) മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ഇടയിൽ സാഹോദര്യ ബന്ധം സ്ഥാപിച്ചതിന്റെ ആശയ മഹാത്മ്യത്തിലൂടെയും കടന്നുപോകുന്നുണ്ട്. സാമൂഹ്യ നിർമ്മിതിയുടെ മനോഹരമായ ചുവടുകളിൽ ലോകത്തിനെന്നും പാഠമാണ് നബി(സ) രണ്ട് ജനവിഭാഗങ്ങളെ അനായാസം കൂട്ടിയിണക്കിയ ആ ചരിത്രം. ഇത് വിജയിച്ചത് മാത്രമല്ല, മുഹാജിറുകളെ സ്വീകരിച്ച അൻസ്വാറുകൾ അത് ഹൃദയം കൊണ്ട് അത് ഉൾക്കൊണ്ടതിന്റെ ഗുണഗണങ്ങൾ കൂടി ഈ സൂറത്ത് പരാമർശിക്കുന്നുണ്ട്.



ഈ സൂറയുടെ ആശയ ഉള്ളടക്കം അതിന്റെ തുടക്കത്തിൽ ജൂത ഗോത്രങ്ങളെ നബി(സ) മദീനയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടതാണ്. ഇത് ഇന്നത്തെ കാലത്ത് പ്രത്യേകിച്ച് അപവാദത്തിനും വിവാദത്തിനും വഴിതുറന്നേക്കും. ഇസ്ലാമിനെയും നബി(സ)യേയും ഇകഴ്ത്തുവാൻ ശത്രുക്കൾ അത് ഉപയോഗപ്പെടുത്തിയേക്കും. അതിന് വഴി തുറക്കാതിരിക്കുവാൻ ആദ്യം വേണ്ടത് ഇതിന്റെ പശ്ചാത്തലം നന്നായി ഗ്രഹിക്കുകയാണ്. അതിന് ആദ്യമായി മദീനയിലെ ജൂതന്‍മാരുടെ താവഴിയെ കുറിച്ച് ചില ചരിത്ര വസ്തുതകൾ ഗ്രഹിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമെ റസൂല്‍(സ) ജൂതഗോത്രങ്ങളോട് സ്വീകരിച്ച സമീപനങ്ങളുടെ യഥാര്‍ഥ കാരണം ശരിയായി മനസ്സിലാക്കാനാകൂ. ഇതിന് ശ്രമിക്കുമ്പോൾ അറേബ്യയിലെത്തിയ ജൂതൻമാരുടെ അടിസ്ഥാനത്തെയും അവർ ഇവിടെ എത്തിച്ചേർന്ന വഴിയെയും കുറിച്ചുള്ള വിവരങ്ങളാണ് ആദ്യം കണ്ടെത്തേണ്ടത്. പക്ഷെ, വേദകരമെന്നു പറയട്ടെ ആധികാരികവും അന്യൂനവ്യമായ അത്തരം ഒരു രേഖ ഒരിടത്തും ഒരാളുടെ കയ്യിലും ലഭ്യമല്ല. ആകെ ഉള്ളത് ചില നിഗമനങ്ങൾ മാത്രമാണ്.



അതിന്റെ ഒരു പ്രധാന കാരണമായി സാമൂഹ്യ ശാസ്ത്രജ്ഞൻമാർ കാണുന്നത് എന്നോ ഇവിടെ എത്തിയ ജൂതൻമാർ അവരുടെ ഐഡന്റിറ്റി കൈവിടുകയും അറബി സംസ്കാരത്തിൽ ചേരുകയും ചെയ്തതാണ്. ജൂത പേരുകൾ, ഭാഷ, വേഷം എന്നിവയൊക്കെ അവരുടേതും അറബികളുടേതും ഒരു പോലെയായിരുന്നു. അവസാനം മതപരമായ ചില വിശ്വാസങ്ങളിലും പ്രമാണങ്ങളിലും മാത്രമൊതുങ്ങി അവരുടെ വ്യക്തിത്വം. അതോടെ ലോക ജൂതായിസുമായി അവർക്കുണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ടു. അത് കൊണ്ട് അവരുടെ ചരിത്രങ്ങൾ അവരുടെ ലോക ചരിത്രത്തിലും വന്നില്ല.



മൂസാ(അ)യുടെ അവസാനകാലത്താണ് തങ്ങള്‍ ആദ്യമായി ഹിജാസില്‍ വന്ന് ആവാസമുറപ്പിച്ചതെന്ന് ഹിജാസിലെ ജൂതന്‍മാര്‍ വാദിക്കുന്നു. ആ കഥ അവര്‍ പറയുന്നതിങ്ങനെയാണ്: അമാലിഖ വര്‍ഗത്തെ ആട്ടിയോടിക്കുന്നതിനായി മൂസാ(അ) യസ്‌രിബ് പ്രദേശത്തേക്ക് ഒരു സൈന്യത്തെ നിയോഗിച്ചു. ആ വര്‍ഗത്തില്‍ ആരെയും ജീവനോടെ വിടരുതെന്ന് അവരോട് മൂസാ നബി കല്‍പിച്ചിരുന്നുവത്രെ. ഇസ്‌റാഈല്യര്‍ അവിടെയെത്തി, പ്രവാചക കല്‍പന പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പക്ഷേ, അമാലിഖ രാജാവിന്റെ ഒരു പുത്രന്‍ അതിസുന്ദരനായ യുവാവായിരുന്നു. സൈന്യം അയാളെ കൊന്നില്ല. അയാളെയും കൂട്ടി ഫലസ്ത്വീനിലേക്ക് മടങ്ങി. അപ്പോഴേക്കും മൂസാ(അ) മരണപ്പെട്ടിരുന്നു. ഒരു അമാലിഖ യുവാവിനെ ജീവിക്കാനനുവദിച്ചത് പ്രവാചക കല്‍പനക്കും മുസവീ ശരീഅത്തിനും വിരുദ്ധമായിപ്പോയി എന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. അതിന്റെപേരില്‍ പ്രസ്തുത സൈന്യത്തെ അവര്‍ സമുദായത്തില്‍നിന്ന് പുറംതള്ളുകയും ചെയ്തു. അങ്ങനെ ആ സൈന്യം യസ്‌രിബില്‍ത്തന്നെ വന്ന് അധിവസിക്കാന്‍ നിര്‍ബന്ധിതരായി (കിതാബുല്‍ അഗാനി). ഈവിധം ക്രിസ്തുവിന് 12 നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങള്‍ യസ്‌രിബില്‍ അധിവസിച്ചിരിക്കുന്നുവെന്നാണ് ജൂത ഐതിഹ്യം അവകാശപ്പെടുന്നത്. എന്നാല്‍, ഇതിനു ചരിത്രപരമായ ഒരു സാക്ഷ്യവുമില്ല. അവർ പറയുന്നത് കേട്ടാൽ തന്നെ അറബികളേക്കാൾ ഈ മണ്ണിന്റെ പാരമ്പര്യവും പൗരാണികതയും തങ്ങൾക്കാണ് എന്ന് വാദിക്കുന്ന ഒരു ധ്വനിയാണെന്നേ തോന്നൂ.



ബി സി 587-ല്‍ ബാബിലോണിയന്‍ ചക്രവര്‍ത്തി ബുഖ്ത്‌നസ്വ്‌ര്‍ ബൈതുല്‍ മുഖദ്ദസ് നശിപ്പിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന ജൂതന്‍മാര്‍ ലോകത്തെങ്ങും ചിതറിയതിന്റെ ഭാഗമായാണ് അറേബ്യയിൽ ജൂതർ എത്തിയത് എന്നതാണ് മറ്റൊരു കഥ. ഇതും പക്ഷെ തെളിവിന്റെയോ യുക്തിയുടെയോ പിൻബലത്തോടെ തെളിയിക്കപ്പെട്ടിട്ടില്ല. ഏറെക്കുറെ വിശ്വസനീയമായ ചരിത്രം
എ ഡി. 70-ാം ആണ്ടില്‍ റോമക്കാര്‍ ഫലസ്ത്വീനില്‍ ജൂതന്‍മാരെ കൂട്ടക്കൊലക്കിരയാക്കുകയുണ്ടായി എന്നതാണ്. ക്രി. 132-ല്‍ അവരെ പൂര്‍ണമായി അവിടുന്ന് നാടുകടത്തുകയും ചെയ്തു. ഇക്കാലത്ത് ധാരാളം ജൂതഗോത്രങ്ങള്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടു ഹിജാസില്‍ അഭയം പ്രാപിക്കുകയുണ്ടായി. 1 തബൂക്ക് മുതൽ ഖൈബര്‍, ഫദക് തുടങ്ങിയ സ്ഥലങ്ങളില്‍ വരെ ഇക്കാലത്താണ് ജൂതർ ആധിപത്യം സ്ഥാപിച്ചത്. അവരിൽ പെട്ട ബനൂഖുറൈള, ബനുന്നദീര്‍, ബനൂ ഖൈനുഖാഅ് എന്നീ ഗോത്രങ്ങള്‍ യസ്‌രിബില്‍വന്ന് ഇക്കാലത്ത് തമ്പടിച്ചു. (ഫുതൂഹുല്‍ ബുല്‍ദാന്‍-അല്‍ബലാദുരി)



യസ്‌രിബില്‍ ആവാസമുറപ്പിച്ച ജൂതഗോത്രങ്ങളില്‍ ബനൂഖുറൈളയും ബനുന്നദീറും ഏറെ വിശിഷ്ടരായി ഗണിക്കപ്പെട്ടിരുന്നു. കാരണം, അവര്‍ പുരോഹിതരായി അംഗീകരിക്കപ്പെട്ടിരുന്ന കാഹിന്‍ (ജ്യോത്സ്യര്‍ അല്ലെങ്കില്‍ പുരോഹിതര്‍) വിഭാഗത്തില്‍ പെട്ടവരായിരുന്നു. സമൂഹത്തില്‍ മതനേതൃത്വവും അവര്‍ക്കായിരുന്നു. ഇക്കൂട്ടര്‍ യസ്‌രിബില്‍ വരുമ്പോള്‍ അവിടെ ഏതാനും അറബ് ഗോത്രങ്ങള്‍ വസിച്ചിരുന്നു. അവരെ അടിച്ചമര്‍ത്തിയായിരുന്നു യസ്‌രിബിൽ ജൂതൻമാർ കാലുറപ്പിച്ചതും കാര്‍ഷിക ഭൂമിയുടെ ഉടമകളായിത്തീര്‍ന്നതും. ഇതിനു ശേഷം ഏതാണ്ട് മൂന്നു നൂറ്റാണ്ടുകൾക്കു ശേഷമാണ് സബഅ് അണക്കെട്ട് തകർന്നതും അറബികളുടെ പലായനങ്ങൾ ഉണ്ടായതും.
അതിനെ തുടർന്ന് ഗസ്സാനികള്‍ ശാമിലും ലഖ്മികള്‍ ഹീറയിലും ബനൂഖുസാഅ മക്കയിലും ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ യസ്‌രിബിലും വന്ന് താമസിച്ചു. യസ്‌രിബിലെ ജൂതസ്വാധീനം മൂലം ആദ്യമാദ്യം ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ വലിയ കഷ്ടപ്പാടിലായിരുന്നു. ജൂതർ എല്ലാം കയ്യടക്കി വെച്ചതിനാൽ അവർക്ക് അന്നം മുട്ടുന്ന സാഹചര്യമായിരുന്നു. അതിൽ സഹികെട്ട അവർ ഗസ്സാനികളുടെ സഹായത്തോടെ ജൂതരെ അടിച്ചമർത്തി യസ് രിബിന്റെ ആധിപത്യം കൈക്കലാക്കി. ഔസും ഖസ്‌റജും യസ്‌രിബില്‍ പൂര്‍ണമായ മേധാവിത്വം നേടി.



ജൂതര്‍ക്ക് മതപ്രബോധനത്തിലായിരുന്നില്ല, സ്വന്തം ബിസിനസുകളില്‍ മാത്രമായിരുന്നു താല്‍പര്യം എന്നതാണ് വാസ്തവം. അതുകൊണ്ട് ഹിജാസില്‍ ജൂതായിസം ഒരു മതമെന്ന നിലയില്‍ പ്രചരിക്കുകയുണ്ടായില്ല. ജൂതപണ്ഡിതന്‍മാരാകട്ടെ, മന്ത്രങ്ങളുടെയും മാരണങ്ങളുടെയും ലക്ഷണപ്രവചനങ്ങളുടെയും ആഭിചാരത്തിന്റെയുമൊക്കെ ബിസിനസ് നന്നായി നടത്തുകയും അതുവഴി അറബികളില്‍ തങ്ങളുടെ ഗരിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സാമ്പത്തികമായി ജൂതന്‍മാരുടെ അവസ്ഥ അറബിഗോത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഭദ്രമായിരുന്നു. അവര്‍ ഫലസ്ത്വീന്‍, ശാം തുടങ്ങിയ നാഗരിക ദേശങ്ങളില്‍നിന്ന് വന്നവരാണല്ലോ. അതുകൊണ്ട് അറബികളില്‍ പ്രചാരത്തിലില്ലാത്ത പല കലകളും വേലകളും അവര്‍ക്കറിയാമായിരുന്നു. ഇതെല്ലാം അവരുടെ ഖജനാവുകൾ നിറച്ചു. ശാമില്‍നിന്നു മദ്യം കൊണ്ടുവന്നു വിറ്റഴിച്ചും കൊള്ളപ്പലിശ വാങ്ങിയും അവർ പിന്നെയും തടിച്ചു കൊഴുത്തു. ബനൂ ഖൈനുഖാഅ് ഗോത്രം വന്‍തോതില്‍ സ്വര്‍ണാഭരണ നിര്‍മാണത്തിലും ലോഹപ്പാത്രങ്ങളുടെ നിര്‍മാണങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ഇത്തരം വ്യാപാര ഇടപാടുകളിലൂടെ ജൂതന്‍മാര്‍ക്ക് വമ്പിച്ച വരുമാനമുണ്ടാക്കാന്‍ സാധിച്ചു.



ഓരോ ജൂതഗോത്രത്തിനും തങ്ങളുടെ സുരക്ഷിതത്വത്തിന് ഏതെങ്കിലും പ്രബലമായ അറബ്‌ഗോത്രവുമായി സഖ്യബന്ധം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. മറ്റു പ്രബലഗോത്രങ്ങള്‍ തങ്ങൾക്കു നേരെ കരമുയര്‍ത്താതിരിക്കാന്‍ അതാവശ്യമായിരുന്നു. യസ്‌രിബില്‍ ബനൂ നദീര്‍ഗോത്രവും ബനൂ ഖുറൈള ഗോത്രവും ഔസ്‌ഗോത്രത്തിന്റെ സഖ്യകക്ഷികളായിരുന്നു, ഖൈനുഖാഅ് ഗോത്രം ഖസ്‌റജ് ഗോത്രത്തിന്റെയും. ഹിജ്‌റക്ക് ഏതാനും വര്‍ഷംമുമ്പ് ഔസും ഖസ്‌റജും തമ്മില്‍ ബുആസ് എന്ന സ്ഥലത്തുവെച്ച് രക്തരൂഷിതമായ ഏറ്റുമുട്ടലുണ്ടായി. അന്ന് ഈ ജൂതഗോത്രങ്ങള്‍ അവരുടെ സഖ്യഗോത്രങ്ങളോടൊപ്പം ചേര്‍ന്നു പരസ്പരം പൊരുതേണ്ടിവന്നു. ഇസ്‌ലാം മദീനയിലെത്തുമ്പോള്‍ ഇതായിരുന്നു അവസ്ഥ.



ഒടുവില്‍ റസൂല്‍ തിരുമേനി മദീനയില്‍ സമാഗതനായ ശേഷം അവിടെ ഒരു ഇസ്‌ലാമികരാഷ്ട്രം നിലവില്‍വന്നു. ഈ രാഷ്ട്രം സ്ഥാപിച്ച ഉടനെ നബി(സ) ചെയ്ത പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് ഔസ്-ഖസ്‌റജ് ഗോത്രത്തിനും മുഹാജിറുകള്‍ക്കുമിടയില്‍ സാഹോദര്യം സ്ഥാപിക്കുകയായിരുന്നു. മുസ്‌ലിം സമൂഹവും ജൂതന്‍മാരും തമ്മില്‍ സുവ്യക്തമായ വ്യവസ്ഥയോടെയുള്ള ഒരു കരാറുണ്ടാക്കിയതാണ് ദ്വിതീയ കര്‍ത്തവ്യം. ആരും മറ്റുള്ളവരുടെ അവകാശങ്ങളില്‍ കൈവെക്കുകയില്ലെന്നും പുറമെനിന്നുള്ള ശത്രുക്കളെ ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിക്കുമെന്നും അതില്‍ ഉറപ്പ് നല്‍കിയിരുന്നു. ജൂതന്‍മാരും മുസ്‌ലിംകളും തമ്മിലുള്ള ബന്ധം ഏതെല്ലാം വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നുവെന്ന് കരാറിലെ ഈ വകുപ്പുകളില്‍നിന്ന് വ്യക്തമായി മനസ്സിലാക്കാം. അവർ തന്നെ അംഗീകരിച്ച ഈ വ്യവസ്ഥകൾ അവർ പാലിക്കാതിരിക്കുകയും മാത്രമല്ല, നബിക്കും ഇസ്ലാമിനുമെതിരെ അവർ പല ചതികളും ചെയ്യുകയുമുണ്ടായി. അങ്ങനെയാണ് ജൂതരെ നിയന്ത്രിക്കുവാൻ നബി(സ) നിർബന്ധിതനായത്. (തുടരും)

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso