Thoughts & Arts
Image

നമ്മളും നമ്മുടെ ബഹുസ്വരതയും

17-05-2022

Web Design

15 Comments





ബഹുസ്വരത എന്ന പ്രയോഗത്തിലെ സ്വരം എന്ന വാക്ക് കുറിക്കുന്നത് സംസ്കാരത്തെയാണ്. സംസ്കാരം എന്ന സംജ്ഞയുടെ പരിധിയിലാണെങ്കിലോ മനുഷ്യ ജീവിതത്തിന്റെ ഉൺമയിൽ ഉള്ളടങ്ങിയ എല്ലാ ഘടകങ്ങളും വരുന്നുമുണ്ട്. മതം എന്നത് അവയിൽ ഒന്നു മാത്രമാണ്. വർഗ്ഗം, നിറം, വേഷം തുടങ്ങി മനുഷ്യർക്കിടയിലെ എല്ലാ പ്രത്യേകതകളും സംസ്കാരം എന്ന ശീർഷകത്തിനു കീഴിൽ വരും. ഇത്രയും പറഞ്ഞത്, ബഹുസ്വരത എന്നാൽ കുറേ മതക്കാർ ഒന്നിച്ചു ജീവിക്കുന്ന പ്രദേശത്തിന്റെ ജീവിതരീതി എന്നാക്കി ചുരുക്കിക്കെട്ടുന്നത് ശരിയല്ല എന്നു പറയുവാനാണ്. സത്യത്തിൽ മതമടക്കമുള്ള ഏതെങ്കിലും ഒരു സ്വത്വഗുണം കൊണ്ട് വേറിട്ട് അടയാളപ്പെടുത്തപ്പെടുന്നവർ കൂടിച്ചേർന്നു ജീവിക്കുന്ന സാഹചര്യത്തെയാണ് ബഹുസ്വരത എന്ന പ്രയോഗം സൂചിപ്പിക്കുന്നത്. ഇവിടെ നമ്മുടെ ചർച്ചയിൽ ബഹുസ്വരത വിവിധ മതങ്ങൾ ഒന്നിച്ചു ജീവിക്കുന്ന സാഹചര്യം തന്നെയാണ് വിവക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ മതത്തിന്റെ പേരിലാണല്ലോ എല്ലാ ആക്രമണങ്ങളും അധിനിവേശങ്ങളും നടക്കുന്നതും നാം അതിന്റെ ഭാഗമെന്നോണം സംസാരിക്കുന്നതും. നമ്മുടെ സാഹചര്യത്തിൽ വേഷത്തിന്റെയും ഭാഷയുടെയും ഒക്കെ പേരിലും ചില തിരയനക്കങ്ങൾ ഉള്ളിലെവിടെയോ നടക്കുന്നുണ്ട് എന്നത് മറക്കുന്നില്ല എങ്കിലും.



ഈ ബഹുസ്വരതയിൽ പങ്കാളികളാകുന്ന മതവിഭാഗങ്ങളിൽ ഓരോന്നിനും വേറിട്ട സ്വത്വം ഉണ്ടായിരിക്കും. ഓരോന്നിനും സ്വന്തമായ ഭക്ഷണ-വസ്ത്രധാരണ രീതികള്‍, വിശ്വാസാചാരങ്ങള്‍, ജീവിതസമ്പ്രദായങ്ങള്‍, പാരമ്പര്യങ്ങള്‍ മുതലായവ ഉണ്ട്. ഇവ ഓരോന്നും വ്യത്യസ്തമായിരിക്കും. ഇത്തരമൊരു വ്യത്യസ്ഥത ഉള്ളതുകൊണ്ടാണല്ലോ എല്ലാവരും ഒരേ മതക്കാരാവാതെ പല മതക്കാരായതു തന്നെ. ഈ വ്യത്യസ്ഥത ഉൾക്കൊള്ളുന്നതിൽ കൂട്ടായ്മയിൽ അംഗത്വമുള്ള ഓരോ മതക്കാരും വിജയിക്കുകയാണ് എങ്കിൽ മാത്രമേ മതനിരപേക്ഷത വിജയിക്കുകയുള്ളൂ. ആ ഉൾക്കൊള്ളലിനെയാണ് സത്യത്തിൽ സഹിഷ്ണുത എന്നു പറയുന്നത്. അത് അപകടപ്പെട്ടതും അപകടപ്പെട്ടുകൊണ്ടിരിക്കുന്നതുമാണ് നമ്മുടെ ഈ ചർച്ചയുടെ കാമ്പും കഴമ്പും.



ഓരോരുത്തരും ഉൾക്കൊള്ളേണ്ടുന്ന ഈ ബഹുസ്വരത എന്ന സഹിഷ്ണുതയുടെ കാര്യത്തിൽ വരുന്ന വീഴ്ചകളും ഭിന്നതകളുമാണ് സത്യത്തിൽ വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ തമ്മില്‍ പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉണ്ടാകാൻ കാരണമാകാറുളളത്. വർഗ്ഗപരമായ ബലപ്രയോഗങ്ങൾ മുതൽ അസ്വാരസ്യങ്ങളും കലാപങ്ങളും വരേയുള്ളവ ഇങ്ങനെ ഉണ്ടാവാറുണ്ട്. ഇത്തരം അസ്വസ്ഥതകൾ പുതിയ സാഹചര്യത്തിൽ ആവർത്തിക്കപ്പെടുകയും പലപ്പോഴും രൂക്ഷമായ കെടുതികളിൽ കൊണ്ടെത്തിക്കുകയും ചെയ്യാൻ തുടങ്ങിയതോടെ സാമൂഹ്യ ബോധമുള്ളവർ ഈ വിഷയം ഒരു പഠന വിഷയമായി എടുത്തു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പലതരം കാഴ്ചപ്പാടുകള്‍ ഇപ്പോൾ സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. വളരെ ഖേദമെന്ന് കരുതട്ടെ ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത് മുസ്‌ലിം സാന്നിധ്യമുള്ള രാജ്യങ്ങളിലും സമൂഹങ്ങളിലും ആണ്. അതിന്റെ എന്റെ ശരിയായ കാരണം എന്താണ് എന്ന് അറിയില്ല.



എന്നിരുന്നാലും ഇതിന് ഒരു കാരണമായി നമുക്ക് പറയാവുന്ന ഒരു കാരണം ഇസ്ലാം മതവിശ്വാസികൾ തങ്ങളുടെ ജീവിതത്തിൽ പുലർത്തുന്ന വേറിട്ടതും കണിശതയോടെയുള്ളതുമായ മതപരമായ ജീവിത ശൈലിയാണ്. വളരെ ശക്തമാണ് അവരുടെ വിശ്വാസം. അതിന്റെ ഭാഗമായ ആരാധനകളാവട്ടെ അതിതീവ്രമായ ആയ ദൈവ സങ്കൽപത്തെ ആണ് വലംവെക്കുന്നത്. വിഗ്രഹങ്ങൾ തുടങ്ങിയ സഹായകങ്ങൾ ഒന്നുമില്ലാതെ തന്നെ അവർ ഖിബ് ലയിലേക്ക് തിരിഞ്ഞുനിന്ന് അവർ അവർ തങ്ങളുടെ പരമമായ ദൈവത്തിൻറെ മുമ്പിൽ സാഷ്ടാംഗം ചെയ്യുന്നു. അവരുടെ നോമ്പ് ലോകത്തിലെ മറ്റെല്ലാ മത സമൂഹത്തിന്റെയും നോമ്പിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മറ്റുള്ളവർ അവരുടെ നോമ്പുകളിൽ ഏതാനും ചില ഭക്ഷണങ്ങളോ പാനീയങ്ങളോ ഏതാനും ചില സമയത്തേക്ക് മാത്രം ഉപേക്ഷിക്കുമ്പോൾ മുസ്ലീങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ എല്ലാതരം അന്നപാനാദികളും വികാരവിചാരങ്ങളും ഉപേക്ഷിക്കുന്നു. അവരുടെ സക്കാത്തിന്റെയും ഹജ്ജിന്റെയും മറ്റ് ആരാധനകളുടെയും കാര്യവും ഇപ്രകാരം തന്നെയാണ്. അവർ വിവാഹം, അനന്തരാവകാശം, ദായക്രമം തുടങ്ങിയവ എല്ലാം ചെയ്യുന്നതും തങ്ങളുടെ മതത്തിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രമാണ്. ഇത്രയും ചടുലമായ ചിട്ടകൾക്ക് വിധേയമായി ജീവിക്കുന്ന ഒരു ജനവിഭാഗത്തോട് പൊതുവെ ഉണ്ടാകുന്ന ഒരു അസഹിഷ്ണുതയും അസൂയയുമെല്ലാം ഇതിന് കാരണമാകാം.



ഇതിനു പുറമെ, ലോക മുസ്‌ലിം ജനസംഖ്യയില്‍ മൂന്നിലൊന്നും താമസിക്കുന്നത് മുസ്‌ലിംകളല്ലാത്തവര്‍ ഭൂരിപക്ഷമായ രാഷ്ട്രങ്ങളിലാണ്. മുസ്‌ലിംകള്‍ ഭൂരിപക്ഷമായ മിക്ക രാഷ്ട്രങ്ങളിലും ഗണ്യമായ തോതില്‍ അമുസ്‌ലിം ന്യൂനപക്ഷങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ പലയിടങ്ങളില്‍നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ്, ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് മുസ്‌ലിംകളുടെ കാഴ്ചപ്പാട് എന്താണ്, അത്തരം സാമൂഹിക സാഹചര്യങ്ങളില്‍ അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നത്. അതു തന്നെയാണ് ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ നാം നേരിടുന്ന പ്രധാന വിഷയവും. ഈ വിഷയം നാം ചർച്ചക്കെടുക്കേണ്ടതും ഗ്രഹിച്ചിരിക്കേണ്ടതായ ഒന്നാണ്.



ഇസ്‌ലാമിക ചരിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ബഹുസ്വരതയെക്കുറിച്ച് കൃത്യമായ ചിത്രങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിന്റെ പ്രായോഗിക മാതൃകകളും കണ്ടെത്താന്‍ പ്രയാസമില്ല. മിക്ക പ്രവാചകന്മാരും അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ബഹുദൈവാരാധകരായ സമൂഹങ്ങളിലായിരുന്നു. പ്രവാചകന്മാരുടെ പ്രബോധനം സ്വീകരിച്ച ആളുകള്‍ മേൽ പറഞ്ഞ വ്യതിരിക്തതകളോടെ പൊതു ധാരയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ വിഭാഗമായി മാറുകയാണുണ്ടായത്. ഈ പ്രവാചകന്മാരുടെ ചരിത്രത്തില്‍നിന്നെല്ലാം ബഹുസ്വരതയോട് സ്വീകരിക്കേണ്ട നിലപാട് എന്താണെന്നതിനെക്കുറിച്ച് ചില അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ നമുക്ക് ലഭിക്കും. ഉദാഹരണമായി നമുക്ക് മൂസാനബിയുടെ കാലവും സാമൂഹിക പശ്ചാത്തലവും എടുക്കാം. മൂസാ നബി ജനിച്ചത് മറ്റൊരു വിഭാഗത്തിന് അധീശത്വം ഉണ്ടായിരുന്ന ഒരു സാമൂഹ്യ സാഹചര്യത്തിൽ ബനൂ ഇസ്രാഈല്‍ എന്ന ന്യൂനപക്ഷ സമൂഹത്തിലായിരുന്നു. ഭൂരിപക്ഷം വരുന്ന ഖിബ്ത്വികളുമായി അവര്‍ സംഘര്‍ഷത്തിലായിരുന്നു.



മുഹമ്മദ് നബി(സ) മക്കയില്‍നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയപ്പോള്‍ മൂന്നോ നാലോ സാംസ്‌കാരിക വിഭാഗങ്ങള്‍ അവിടെ നിലവിലുണ്ടായിരുന്നു. മദീനയിലും പ്രാന്തങ്ങളിലും ബഹുദൈവാരാധകരായ ഗോത്ര വിഭാഗങ്ങള്‍. പിന്നെ ജൂതഗോത്രങ്ങള്‍. അവരുടെ മതവിശ്വാസവും ആചാരങ്ങളും ജീവിത രീതിയുമെല്ലാം മറ്റു അറബികളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. മുസ്‌ലിംകളില്‍ തന്നെ അഭയം തേടിവന്ന മുഹാജിറുകളും തദ്ദേശീയരായ അന്‍സ്വാറുകളും തമ്മില്‍ ജീവിതരീതികളില്‍ പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് പേര്‍ഷ്യന്‍-റോമന്‍ അധീനതയിലുള്ള പല പ്രദേശങ്ങളും മുസ്‌ലിംകളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നുവല്ലോ. നാലു ഖലീഫമാർക്കു ശേഷം വന്ന അമവികളുടെയും അബ്ബാസികളുടെയും കാലമാകുമ്പോഴേക്ക് സാംസ്‌കാരിക വൈജാത്യവും വ്യത്യസ്തതയും മുസ്‌ലിം ഭരണപ്രദേശങ്ങളുടെ മുഖമുദ്രയായി കഴിഞ്ഞിരുന്നു. അവരുടെ ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളിൽ തന്നെ മുസ്‌ലിംകള്‍ക്കു പുറമെ ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, സൗരാഷ്ട്ര മതക്കാര്‍, ഹിന്ദുക്കള്‍, ബഹുദൈവാരാധകര്‍, ആഫ്രിക്കയിലെയും ഏഷ്യയിലെയും തദ്ദേശീയ പ്രാദേശിക മതാചാരങ്ങള്‍ കൊണ്ടുനടക്കുന്ന പലതരം വിഭാഗങ്ങള്‍ ഇവരെല്ലാം ഈ രാഷ്ട്രത്തില്‍ താമസിക്കുന്നുണ്ടായിരുന്നു. വംശീയമായ വൈചാത്യങ്ങളും അവർക്കിടയിൽ ഉണ്ടായിരുന്നു. അവരില്‍ അറബികളുണ്ട്, ഇറാനികളുണ്ട്, തുര്‍ക്കികളുണ്ട്, ബര്‍ബറുകളുണ്ട്, പഠാണികളുണ്ട്, മുഗളന്മാരുണ്ട്. പിന്നെ തനതായ വംശീയ സ്വത്വങ്ങള്‍ നിലനിര്‍ത്തുന്ന നിരവധി ഗോത്ര വിഭാഗങ്ങള്‍. ഇവരെല്ലാം തന്നെ ഇസ്‌ലാമിക രാഷ്ട്രാതിര്‍ത്തിക്കുള്ളില്‍ തങ്ങളുടെ തനിമ സംരക്ഷിച്ചുകൊണ്ട് സ്വതന്ത്രമായി ജീവിക്കുന്ന ജനവിഭാഗങ്ങളായിരുന്നു. ചുരുക്കത്തില്‍, ബഹുസ്വരതയുടെ പലതരം മാതൃകകളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം.



മധ്യ നൂറ്റാണ്ടുകളില്‍ എത്തുമ്പോഴേക്കും ലോകത്തിന്റെ നാഗരിക സമവാക്യങ്ങൾ വല്ലാതെ മാറിപ്പോയിരുന്നു എന്നത് ഒരു ചരിത്ര വസ്തുതയാണ്. എന്നിട്ടുപോലും അക്കാലത്തെ ഇസ്‌ലാമിക ലോകത്ത് ബഹുസ്വര മാതൃകകള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ മറ്റിടങ്ങളില്‍ പൊതുവെ ബഹുസ്വരത ദൃശ്യമാകാതിരുന്ന അക്കാലത്തും, ഇസ്‌ലാമിക ലോകത്ത് വിവിധ ന്യൂനപക്ഷങ്ങള്‍ വളരെ സമാധാനത്തോടെ കഴിഞ്ഞുകൂടിയെന്നത് ഒരു വസ്തുതയാണ്. അവരുടെ മതവിശ്വാസങ്ങള്‍ക്ക് പരിപൂര്‍ണ സംരക്ഷണവും ലഭിച്ചിരുന്നു. ഓട്ടോമൻ യുഗം തന്നെയാണ് അതിനുള്ള ഉദാഹരണം. മുസ്‌ലിമേതര ജനവിഭാഗങ്ങള്‍ക്ക് അവരുടെ മതനിയമങ്ങളും വ്യക്തിനിയമങ്ങളും അംഗീകരിച്ചുകൊടുക്കുക മാത്രമല്ല, സമാന്തരമായി ഒരു നീതിന്യായ സംവിധാനം നടത്തിക്കൊണ്ടുപോകാന്‍ വരെ അവര്‍ക്ക് അനുവാദം നല്‍കിയിരുന്നതായി കാണാം. ഇതിനെ മതകാര്യങ്ങളിലെ സ്വയംഭരണാവകാശമായി പോലും നമുക്ക് കാണാവുന്നതും വിലയിരുത്താവുന്നതുമാണ്. ക്രൈസ്തവ ഭരണകൂടങ്ങളില്‍നിന്നല്ല, മുസ്‌ലിം ഭരണകൂടങ്ങളില്‍നിന്നാണ് അവര്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും ലഭിച്ചിരുന്നത് എന്ന് ജൂത ചരിത്രമെഴുതിയ ബര്‍ണാഡ് ലുയിസും മാര്‍ക് ആര്‍ കൊഹിനുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



ബഹുസ്വരത പുലർത്തിയതിലും നിലനിർത്തിയതിലും ആധുനിക കാലം വരെ മുസ്ലിംകളായിരുന്നു മുൻപിൽ എന്നാണ് നാം ഇതുവരെ സ്ഥാപിച്ചത്. ഈ കാലങ്ങളിൽ പുതിയ രാഷ്ട്രീയ ശക്തിയായോ വിശ്വാസ വിഭാഗമായോ വളർന്നു പന്തലിച്ചത് അവർ മാത്രമായിരുന്നു. യൂറോപ്പിലും രാഷ്ട്രീയ ശക്തികൾ വരികയും സ്ഥാപിക്കപ്പെടുകയും ചെയ്തുവെങ്കിലും അതൊക്കെ ഏകസ്വര സമൂഹങ്ങളായിരുന്നു. എന്നാൽ ബഹുസ്വരതയെ കുറിച്ചുളള അന്വേഷണം ആധുനിക കാലത്തേക്ക് കടക്കുമ്പോൾ വേറെ ഒരു രീതിയിലേക്ക് മാറുന്നത് കാണാം. ആധുനിക കാലം കൊളോണിയൽ ഭരണങ്ങളുടെ കാലമാണ്. ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും യൂറോപ്യൻ ശക്തികൾ തങ്ങളുടെ കോളണികൾ സ്ഥാപിക്കുവാൻ ശ്രമിച്ച കാലം.



അവർ നങ്കൂരമിട്ട രാജ്യങ്ങളിൽ ഇന്ത്യയിലെയും തെക്കു പടിഞ്ഞാറന്‍ ഏഷ്യയിലെയും മറ്റു പൗരസ്ത്യ നാടുകളിലെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവർ ബഹുസ്വരതയെ കാണുന്നതും കേൾക്കുന്നതും നിർവ്വചിക്കുന്നതുമെല്ലാം. അവിടങ്ങളിൽ എത്തുന്നതിന് മുമ്പ് അവർക്ക് ബഹുസ്വരത പരിചയമില്ലായിരുന്നു. അതിനാൽ അവർ തങ്ങളുടെ ഇംഗിതത്തിനൊപ്പിച്ച ഒരു കാഴ്ചപ്പാടും നയവുമാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. അവർ ബഹുസ്വരതയെ തള്ളിക്കളയുകയും ബഹുസ്വരത നടപ്പിലാക്കാൻ കഴിയാത്ത ഒരു ആശയമാണ് എന്ന് എഴുതിത്തള്ളുകയും ചെയ്യുകയായിരുന്നു. അവരുടെ വീക്ഷണത്തില്‍, ഒരു ബഹുസ്വര സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളെ തമ്മില്‍ യോജിപ്പിക്കുന്ന പൊതു തത്ത്വങ്ങളോ മൂല്യങ്ങളോ ഒന്നും തന്നെയില്ല. അതിനാല്‍ അവരെ ഒരൊറ്റ യൂനിറ്റായി മാറ്റുന്നതിന് ഒരു വിദേശ ശക്തിയോ ഭരണകൂടമോ ഇടപെട്ടേ മതിയാവൂ എന്നാണ്. തങ്ങളുടെ കോളനിവൽകരണ ശ്രമങ്ങളെ ഇതിനു വേണ്ടി കൂടിയുള്ള ന്യായമായി എഴുന്നെള്ളിക്കുകയായിരുന്നു അവർ. ജെ.എസ് ഫര്‍നിവല്‍ ബഹുസ്വരതയെ നിര്‍വചിച്ചിട്ടുള്ളതിൽ നിന്നും അതു വ്യക്തമാണ്. ബഹുസ്വരതയെന്നാല്‍ ഒന്നോ അതിലധികമോ ഘടകങ്ങള്‍ ചേര്‍ന്ന ഒരു സമൂഹമോ സമൂഹഘടനയോ ആണ്. അവ ഒന്നിച്ചാണ് കഴിയുന്നതെങ്കിലും ഒരു രാഷ്ട്രീയ യൂനിറ്റായി അത് ഇഴുകിച്ചേരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.



യൂറോപ്യൻ കോളനിവൽക്കരണ വാദത്തെ എന്തുകൊണ്ടോ പിന്തുടർന്നവരായിരുന്നു അക്കാലത്തിലും തൊട്ടു ശേഷവും വന്ന ഗ്രന്ഥകാരൻമാർ. അവർക്കും മേൽ പറഞ്ഞവരെ ചാണോട് ചാൺ പിന്തുടർന്നിരുന്നതിനാൽ ബഹുസ്വരത എന്ന ആശയമോ അതിന്റെ സാംഗത്യമോ ഒന്നും വേർതിരിച്ചെടുക്കാനായില്ല. ഇത്തരം മിശ്ര സമൂഹങ്ങളെ ഒന്നിപ്പിച്ചു നിറുത്തുവാൻ ഒരു വൻശക്തിയുടെ മാധ്യസ്ഥത വേണ്ടിവരുമെന്ന് തന്നെ അവരും പറഞ്ഞു. അങ്ങനെയാണല്ലോ ഇന്ത്യയുടെയൊക്കെ ബഹുസ്വരത അപകടപ്പെട്ടത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്നത് ഒരു ഭരണ കൂടത്തിന്റെ പോളിസി ആയി മാറിയതും. പക്ഷെ, ഇന്ത്യയിൽ അതത്ര തന്നെ അപകടപ്പെട്ടില്ല. അത്രയും ശക്തമായി അതിവിടെ സ്ഥാപിക്കപ്പെട്ടതാവാം അതിനു കാരണം. ഇത്തരം ചിന്തകള്‍ക്ക് അറുതിയായത് രണ്ട് കാരണങ്ങളാലാണ്. ഒന്നാമതായി, ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കൊളോണിയല്‍ വാഴ്ചക്ക് ഏതാണ്ട് അന്ത്യം കുറിക്കപ്പെട്ടു. രണ്ടാമതായി അധിനിവേശക്കാർ തങ്ങളുടെ സ്വന്തം നാടുകൾ വന്‍തോതിലുള്ള കുടിയേറ്റങ്ങള്‍ക്ക് തുറന്നു കൊടുക്കാൻ നിർബന്ധിതരായി. ഈ രണ്ട് കാരണങ്ങൾ യാഥാർഥ്യമായതോടെ കോളണി രാജ്യങ്ങൾ തങ്ങളുടെ ബഹുസ്വരതയെ വീണ്ടും വാരിപ്പുണർന്നു. ഏതോ തലങ്ങളിൽ ചെറിയ അസഹിഷ്ണുത ഉണ്ടായിരുന്നു എങ്കിലും പൊതു സമൂഹം പരസ്പരം ഇഴുകിച്ചേർന്ന് ജീവിക്കുവാൻ തുടങ്ങി.



ഇതുവരെ പറഞ്ഞത് ബഹുസ്വരതയുടെ കയറ്റിറക്കങ്ങൾ. ഇനി നമുക്ക് ഇസ്ലാമിന്റെ ബഹുസ്വരതയോടുള്ള സമീപനം പരിശോധിക്കാം. മനുഷ്യർക്കിടയിലെ വൈവിധ്യം അഥവാ ബഹുസ്വരത നിലനില്‍ക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. വൈവിധ്യം നിലനില്‍ക്കുമ്പോഴാണ് മനുഷ്യന് കൂടുതല്‍ പ്രയോജനം ലഭിക്കുക എന്നാണ് ഇസ്ലാമിക ദർശനം. വൈവിധ്യമെന്നത് ഒരു ദൈവിക ദൃഷ്ടാന്തമായി പോലും ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നു: അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതു തന്നെയാണ് ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളും നിറങ്ങളും വ്യത്യസ്തമായത്. വിവരമുള്ളവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തങ്ങളുണ്ടല്ലോ (30:22). വീണ്ടും ഖുർആൻ പറയുന്നു: മനുഷ്യരേ, ഒരേ പുരുഷനില്‍നിന്നും സ്ത്രീയില്‍നിന്നും നിങ്ങളെ നാം സൃഷ്ടിച്ചു. നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കിയത് നിങ്ങള്‍ അന്യോന്യം അറിയുന്നതിനു വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ജീവിത സൂക്ഷ്മതയുള്ളവനത്രെ (49:13). ശാഖകള്‍, ഗോത്രങ്ങള്‍ തുടങ്ങിയ ഇനംതിരിവുകളെയൊക്കെ വെറു തിരിച്ചറിയാനുള്ള ഉപാധികളായിട്ടാണ് ഈ സൂക്തങ്ങളില്‍ എണ്ണിയിട്ടുള്ളത്. മനുഷ്യന്മാർക്ക് പരസ്പരം തിരിച്ചറിയുവാനുള്ള ഉള്ള ഉപാധി എന്ന നിലക്കാണ് അവർക്കിടയിലെ വൈവിധ്യം കൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്നുപറയുമ്പോൾ ആ വൈവിധ്യം ദൈവേച്ഛ തന്നെയാണ് എന്ന് മനസ്സിലാക്കാം.



ഇസ്ലാമിക ദർശനത്തെ അതിന്റെ പ്രായോഗികതയിലേക്ക് മാറ്റിയ നബി(സ) ഈ ബഹുസ്വരതയെ അതിന്റേതായ അർഥത്തിൽ ഉൾക്കൊണ്ടിരുന്നു എന്നു തന്നെയാണ് മനസ്സിലാകുന്നത്. അവരെ ഒരു ആദർശത്തിലേക്ക് ആനയിക്കുവാൻ ശ്രമിച്ചപ്പോഴും അറബികളുടെ ഗോത്ര സ്വത്വങ്ങളെ നബി(സ) ഉന്മൂലനം ചെയ്തിട്ടില്ല. ചില പ്രാകൃത ഗോത്രക്കാരോട് അവരുടെ പ്രാദേശിക ഭാഷയിൽ നബി (സ) സംസാരിക്കുന്നു പോലും ഹദീസുകളിൽ കാണാം. അതേസമയം ആ സ്വത്വങ്ങളുടെ പേരില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള വിഭജനങ്ങളെയും ഉച്ചനീചത്വങ്ങളെയുമാണ് ഉന്മൂലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇസ്‌ലാം അതിന്റെ അനുയായികളില്‍നിന്ന് സമ്പൂര്‍ണ സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മറ്റെല്ലാ വിഭാഗങ്ങള്‍ക്കും ഏത് തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. മതത്തില്‍ യാതൊരു തരത്തിലുള്ള ബലാല്‍ക്കാരവുമില്ല. സത്യം അസത്യത്തില്‍നിന്ന് വേര്‍തിരിഞ്ഞുനില്‍പ്പുണ്ടല്ലോ (2:256). പറയുക, ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യദര്‍ശനമാണ്. വിശ്വസിക്കുന്നവര്‍ വിശ്വസിക്കട്ടെ, അവിശ്വസിക്കുന്നവര്‍ അവിശ്വസിക്കട്ടെ (18:29). മുസ്‌ലിംകളല്ലാത്തവര്‍ക്ക് അവരുടെ സാംസ്‌കാരികത്തനിമകള്‍ നിലനിര്‍ത്തി ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്നത് ഒരു അംഗീകൃത തത്ത്വം തന്നെയായിരുന്നു. ഒരു നബിവചനത്തില്‍ വന്നിരിക്കുന്നു: സാക്ഷ്യങ്ങളിലും വിവാഹ ഇടപാടുകളിലും അനന്തരാവകാശ വ്യവഹാരങ്ങളിലും അവരുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമങ്ങളിലും അവര്‍ സ്വതന്ത്രരാണ്.



മുസ്‌ലിമേതര വിഭാഗങ്ങളുമായി നബി(സ) മദീനാ ചാർട്ടർ, ഹുദൈബിയ സന്ധി തുടങ്ങിയവയിലും ഉമര്‍(റ) ഉണ്ടാക്കിയ കരാറുകളിലും ഈ സഹിഷ്ണുത പുലർത്തുന്നതു കാണാം.
ഇസ്‌ലാം വിശ്വസിച്ചിട്ടില്ലാത്തവര്‍ക്ക് നല്‍കുന്ന ഈ സ്വാതന്ത്ര്യം ഒരു ഇസ്‌ലാമിക തത്ത്വം മാത്രമായി കണ്ടാല്‍ പോരാ, അത് ഇസ്‌ലാമിക ചിന്തയുടെ തന്നെ ആധാരശിലകളിലൊന്നാണ്. ഈ സ്വാതന്ത്ര്യം ദൈവേഛയാണെന്നു കൂടി മനസ്സിലാക്കണം. അല്ലാഹു പറയുന്നു: താങ്കളുടെ നാഥന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നിച്ചവരായിത്തന്നെയിരിക്കും; തന്റെ നാഥന്‍ അനുഗ്രഹിച്ചവരൊഴികെ. അതിനു വേണ്ടിയാണ് അവരെ സൃഷ്ടിച്ചിട്ടുള്ളത് (11:118,119).



അതിനര്‍ഥം എല്ലാ മതവിശ്വാസങ്ങളും ശരിയാണെന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നു എന്നല്ല. അത്തരം മതവിശ്വാസങ്ങളാണ് നിലനില്‍ക്കേണ്ടത് എന്ന് വാദിക്കുന്നുമില്ല. ഏതു മതക്കാര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കൊത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം തീര്‍ച്ചയായും നല്‍കിയിരിക്കും എന്നാണ് ഉദ്ദേശിക്കുന്നത്. അത് ഭൗതിക ജീവിതത്തിന്റെ മാത്രം അനുവാദമാണ്. പരീക്ഷണത്തിന്റെ മാത്രം ജീവിതമായ ഐഹിക ജീവിതത്തിൽ നൽകപ്പെടുന്ന സ്വാത്രന്ത്രം അത് ശരിയായതിന്റെ പേരിലല്ല. ശരിയും തെറ്റും നൽകി ശരി തെരഞ്ഞെടുക്കുക എന്നതാണല്ലോ ഇവിടെ നടക്കുന്ന പരീക്ഷ. വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയുമൊക്കെ വിലയിരുത്തേണ്ടത് സത്യമാണോ, ശരിയാണോ എന്ന് നോക്കിയാണ്. അതില്‍ ഏത് സ്വീകരിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ടെങ്കില്‍, ഇസ്‌ലാം ആഗ്രഹിക്കുന്നത് അവന്‍ സത്യപാത തെരഞ്ഞെടുക്കട്ടെ എന്നാണ്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് അത്തരം ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. സത്യാന്വേഷണത്തിലാണ് മനുഷ്യന്‍ എത്തിച്ചേരേണ്ടത്. പക്ഷേ, ഒരിടത്തും ഒരു തരത്തിലുള്ള സമ്മര്‍ദമോ നിര്‍ബന്ധമോ അമാന്യതയാ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അല്ലാഹു പറയുന്നു: ഏറ്റവും മികച്ച രീതിയിലല്ലാതെ വേദക്കാരുമായി സംവാദം നടത്തരുത് (29:46).



അവസാനമായി, പുതിയ ഇന്ത്യൻ സാഹചര്യങ്ങളിലേക്കു വന്നാൽ ബഹുസ്വരത എത്ര ദയനീയമായി ഇവിടെ പരാജയപ്പെടുത്തപ്പെടുന്നു എന്ന കാഴ്ച അതിശയകരമാണ്. സാമൂഹികവും സാംസ്‌കാരികവുമായ വൈജാത്യങ്ങളുടെ സംഗമഭൂമിയാണ് നമ്മുടെ മാതൃരാജ്യമായ ഇന്ത്യ. ഭാഷ, വേഷം, ഭക്ഷണം, കല, സാഹിത്യം, സംസ്‌കാരം, മതം, വിശ്വാസം, ആചാരം തുടങ്ങി ജീവിതത്തിന്റെ സകലതലങ്ങളിലും വൈവിധ്യങ്ങള്‍ പുലര്‍ത്തുന്ന ഒരു സമൂഹമാണ് നൂറ്റാണ്ടുകളായി ഇവിടെ വസിക്കുന്നത്. മഞ്ഞുമലകള്‍ മുതല്‍ മണലാരണ്യങ്ങള്‍ വരെയും വയലേലകള്‍ മുതല്‍ വനാന്തരങ്ങള്‍ വരെയുമുള്ള പ്രകൃതിപരമായ പ്രത്യേകതകള്‍ക്കൊപ്പം നിറത്തിലും രൂപത്തിലും വ്യത്യസ്തരായ ലക്ഷോപലക്ഷം മനുഷ്യരെയും അവരുടെ തനതായ സംസ്‌കാരവിശേഷങ്ങളെയും കോര്‍ത്തിണക്കി ഒരൊറ്റ ജനതയായി ഒരുമിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് നമ്മുടെ രാജ്യത്തിന്റെ യശസ്സ് ലോകത്തിനു മുമ്പിൽ ഉയര്‍ന്നു നില്‍ക്കുന്നതില്‍ മറ്റെന്തിനേക്കാളും പങ്കുവഹിച്ചിട്ടുള്ള ഘടകം.



ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രപരമായ സഞ്ചാരപഥങ്ങളിലും ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരമുഖങ്ങളിലും എല്ലാ വിഭാഗം ജനങ്ങളുടെയും സമര്‍പണത്തിന്റെ മുദ്രകള്‍ അടയാളപ്പെട്ടു കിടക്കുന്നതിനാല്‍, സ്വതന്ത്രപരമാധികാര ജനാധിപത്യ ഇന്ത്യ ഒരു ബഹുസ്വര മതേതര രാഷ്ട്രം കൂടി ആയിരിക്കേണ്ടതിന്റെ അനിവാര്യത നമ്മുടെ ദേശീയ നേതാക്കളും ഭരണഘടനാ ശില്‍പികളും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ ബഹുതര സംസ്‌കൃതികള്‍ക്ക് സമാധാനപൂര്‍ണമായ സഹജീവനത്തിനുള്ള സാഹചര്യവും വിവിധ ജനവിഭാഗങ്ങള്‍ക്ക് തുല്യനീതിയോടെയും സമഭാവനയോടെയും ഇന്ത്യന്‍ പൗരന്മാരായി ജീവിക്കാനുള്ള അവസരവും ഭരണഘടനാപരമായ മൗലികാവകാശങ്ങളായി നിജപ്പെടുത്തിക്കൊണ്ട് അവര്‍ രാജ്യത്തോടും ജനതയോടുമുള്ള കടമ നിറവേറ്റിയിട്ടുമുണ്ട്.



ഈ പൊതുബോധത്തെ ദുര്‍ബലപ്പെടുത്തുന്ന ഖേദകരമായ ചില സാഹചര്യങ്ങളും ഒറ്റപ്പെട്ട ചില സംഭവങ്ങളും കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും നാനാതലങ്ങളില്‍ നിന്നുള്ള പക്വമായ പരിചിന്തനങ്ങളിലൂടെ അല്‍പം ചില പരിക്കുകള്‍ക്കു ശേഷമാണെങ്കിലും സമാധാന സാഹചര്യം പുനസ്ഥാപിക്കാനും പ്രതിലോമതാത്പര്യങ്ങള്‍ രാജ്യവ്യാപകമായി പടര്‍ന്നുപിടിക്കുന്നതിന് തടയിടാനും സാധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമായ വസ്തുതയാണ്. മതേതരജനാധിപത്യ ഇന്ത്യയില്‍ ഓരോ പൗരന്റെയും ഭരണഘടനാദത്തമായ മൗലികാവകാശമാണ് ഇഷ്ടമുള്ള മതം വിശ്വസിക്കാനും അനുഷ്ഠിക്കാനും പ്രബോധനം ചെയ്യാനുമുള്ള സ്വാതന്ത്ര്യം. ഒരു പൗരന് തനിക്ക് തൃപ്തികരമായ മതം തെരഞ്ഞെടുക്കാനും അതനുസരിച്ചു ജീവിക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുക എന്നതോടൊപ്പം അതിനു വിരുദ്ധമായ വിശ്വാസമോ ആചാരമോ ജീവിതരീതിയോ അയാള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടാതിരിക്കുക എന്നതും മേല്‍പറഞ്ഞ അവകാശത്തിന്റെ അനിവാര്യതാല്‍പര്യങ്ങളില്‍ പെട്ടതാണ്.



എന്നാല്‍ ദേശീയതയെയും രാജ്യസ്‌നേഹത്തെയും ഒരു പ്രത്യേക മതത്തിന്റെ വിശ്വാസാചാര രീതികളുമായി കൂട്ടിക്കെട്ടി അതിനു പുറത്തുള്ളതിനോടൊക്കെ അസഹിഷ്ണുത വളര്‍ത്താനുള്ള കുത്സിതമായ ചില നീക്കങ്ങള്‍ കുറച്ചുകാലമായി ഇവിടെ വളർന്നു വന്നിട്ടുണ്ട്. സമീപകാലത്തായി അത്തരം നീക്കങ്ങള്‍ കൂടുതല്‍ സംഘടിതവും പരസ്യവും അക്രമോത്സുകവുമായിത്തീര്‍ന്നിട്ടുണ്ട് എന്നത് അനുഭവയാഥാര്‍ഥ്യമാണ്. അതിനെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹത്തിന്റെയും തീവ്രവാദത്തിന്റെയും ആക്ഷേപം കേൾക്കേണ്ടി വരികയും ചെയ്യുന്നു. ഈ പ്രതിലോമ പ്രവണതക്ക് തടയിടാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും അനുബന്ധ ഏജന്‍സികളും നിസ്സംഗത പുലര്‍ത്തുക മാത്രമല്ല പലപ്പോഴും അതിനെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നതാണ് ഏറെ ഖേദകരം. ഇന്ത്യയുടെ മതേതരത്വസമഭാവന നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന യഥാര്‍ഥ രാജ്യസ്‌നേഹികളെ സംബന്ധിച്ച് ഇത് വളരെയേറെ ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷമാണ്.



ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും ഇഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതും ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതുമെല്ലാം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ആക്രമിക്കാനും തല്ലിക്കൊല്ലാനും വരെയുള്ള തികഞ്ഞ ന്യായങ്ങളായി ഉന്നയിക്കപ്പെടാവുന്ന വിധം ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ തികച്ചും ഹിംസാത്മകമായ ഒരു പൊതുബോധം രൂപപ്പെടുത്തുന്ന കാര്യത്തില്‍ വെറുപ്പിന്റെ പ്രചാരകര്‍ ഏറെ മുന്നേറിക്കഴിഞ്ഞുവെന്നത് മതേതര വിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ട വിഷയമാണ്. താടിയും തൊപ്പിയും പര്‍ദയും ഭീകരതയുടെ അടയാളങ്ങളായിത്തീരുന്നതും, ബീഫ് കഴിക്കുന്നതും കാലിക്കച്ചവടം ചെയ്യുന്നതും വധശിക്ഷയര്‍ഹിക്കുന്ന വന്‍കുറ്റങ്ങളായി പരിഗണിക്കപ്പെടുന്നതും, ഉന്മാദാത്മകമായ ഈ അസഹിഷ്ണുതാ ബോധത്തിന്റെ സ്വാധീനഫലമായാണ്.



ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്‌ലിംകളെയും ദളിതുകളെയും അന്യവത്കരിക്കാനും അവരോട് വിദ്വേഷം വളര്‍ത്താനും അവരെ ലക്ഷ്യംവെച്ച് ആക്രമങ്ങളഴിച്ചു വിടാനും ബോധപൂര്‍വമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. സമീപകാലത്ത് പൊതുവായും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി,ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലേറിയതിനു ശേഷം വിശേഷിച്ചും ഈ ദിശയില്‍ രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങളും അവയോടു ഭരണകൂട ഏജന്‍സികള്‍ കൈക്കൊണ്ട നിലപാടുകളും രാജ്യത്തിന്റെ മതേതര പൊതുസ്വഭാവത്തിന് സാരമായ പരിക്കുകളേറ്റുകഴിഞ്ഞു എന്നതിന്റെ തെളിവാണ്. ഗുജറാത്ത് കലാപകാലത്ത് കൊലചെയ്യപ്പെട്ട പാര്‍ലമെന്റംഗം ഇഹ്‌സാന്‍ ജാഫ്രിക്കും പിന്നെ പേരറിയപ്പെടാത്ത രണ്ടായിരത്തോളം വരുന്ന മുസ്‌ലിംകള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ ഇരകളായ ഇസ്രത് ജഹാന്‍ പ്രാണേഷ് ദമ്പതികള്‍ക്കും ശേഷവും ആ പട്ടിക തുടരുകയാണ്. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിന്റെ പേരില്‍ വെടിയുണ്ടകള്‍ക്കിരയായ എഴുത്തുകാരായ നരേ ദബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി, മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് തെരുവില്‍ കൊല്ലപ്പെട്ട ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ്, ജാര്‍ക്കണ്ഡിലെ ഗോസംരക്ഷകരാല്‍ തൂക്കിലേറ്റപ്പെട്ട അന്‍സാരി, ഇംതിയാസ് ഖാന്‍, യൂണിവേഴ്‌സിറ്റി അധികാരികളുടെ ദളിത് വിരുദ്ധ വിവേചനത്തിനും നിയമപാലന സംവിധാനത്തിന്റെ ക്രൂരമായ അവഗണനക്കും ഇരയായി അവസാനം ആത്മഹത്യയില്‍ അഭയം തേടിയ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല എന്നിങ്ങനെ അത് നീണ്ടുപോകുന്നു.



സാക്കിർ നായിക്, കൊടിഞ്ഞിയിലെ ഫൈസല്‍, എം എം അക്ബർ, അബ്ദുൽ നാസർ മഅ്ദനി തുടങ്ങിയ പേരുകളിലൂടെ അത് നമ്മുടെ കൃത്യം പരിസരങ്ങളിലേക്ക് വരെ എത്തിച്ചേരുമ്പോൾ വിവേചനപരമായ ഈ കടന്നുകയറ്റത്തിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാവുന്നു. എല്ലാ മറയും നീക്കി വിവേചനവും അസഹിഷ്ണുതയും വേട്ടയും പുറത്തുവന്ന ഇക്കാലത്ത് നാം ന്യൂനപക്ഷങ്ങൾ ചില കാര്യങ്ങൾ അനുവർത്തിക്കേണ്ടതുണ്ട്. അവയിലൊന്ന് മാന്യമായും ജനാധിപത്യപരമായും പ്രതികരിച്ചു കൊണ്ടേയിരിക്കുകയാണ് അവയിലൊന്ന്. ആ പ്രതികരണങ്ങളിൽ മേല്‍പറഞ്ഞ അന്യായങ്ങളെ കേവലം സാമുദായികമായ വിഷയങ്ങളായി ചുരുക്കിക്കാണാതെ മൊത്തം ഇന്ത്യന്‍ പൗരന്മാര്‍ക്കും ഭരണഘടനക്കും നേര്‍ക്കുള്ള മൗലികാവകാശ ധ്വംസനമായി തന്നെ അവതരിപ്പിക്കുകയാണ് മറ്റൊന്ന്. ഒപ്പം ഓരോ വിഭാഗങ്ങളും ശക്തി നേടാൻ വഴി കാണുകയും വേണം. ഇരകൾ ന്യൂനപക്ഷങ്ങളായതിനാൽ ഈ മാന്യമായ നീക്കങ്ങളിലൂടെ തന്നെ ലക്ഷ്യം നേടുവാൻ ശ്രമിക്കുന്നതാവും ശരി. ഫലം വൈകിയാലും.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso