Thoughts & Arts
Image

മാസവിശേഷം /ദുല്‍ഖഅദ

17-05-2022

Web Design

15 Comments


മനസ്സുകൾ മശാഇറുകളിലേക്ക്



ഹിജ്റാ കലണ്ടറിലെ പതിനൊന്നാമത് മാസമാണ് ദുൽഖഅ്ദ. ഖഅ്ദ എന്ന അറബീ ശബ്ദത്തിന് ഇരുത്തം എന്നാണ് അർഥം. പോകുന്നതോ പോകേണ്ടതോ ആയ ഏതെങ്കിലും കാര്യത്തിന് പോകാതെയും ഇറങ്ങാതെയും ഇരിക്കുന്നതിനാണ് പൊതുവെ ഇങ്ങനെ പ്രയോഗിക്കാറുള്ളത്. യുദ്ധം നിഷിദ്ധമായ മാസമായതിനാൽ അറബികള്‍ യുദ്ധത്തിനു പുറപ്പെടാതെ വിശ്രമിച്ചിരുന്നതു കൊണ്ടായിരിക്കാം ഈ മാസത്തിന് ദുല്‍ഖഅദ എന്ന്‍ പേരു വന്നത് എന്നു കരുതാം. ഈ മാസവും ധാരാളം ചരിത്രപരമായ പ്രാധാന്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇബ്നു റജബില്‍ ഹമ്പലി(റ) തന്‍റെ ലത്വാഇഫുല്‍ മആരിഫില്‍ പറയുന്നു: നബി(സ്വ) തങ്ങള്‍ അവിടുത്തെ ഉംറകള്‍ എല്ലാം നിര്‍വ്വഹിച്ചത് ദുല്‍ഖഅദിലായിരുന്നു. ഹജ്ജിന്‍റെ കൂടെയുള്ള ഉംറ ചെയ്തത് ദുല്‍ഹിജ്ജയിലാണെങ്കിലും അതിനുവേണ്ടി ഇഹ്റാം ചെയ്തത് ദുല്‍ഖഅദിലായിരുന്നു. നബി(സ) ആകെ നാലു ഉംറകളാണു ചെയ്തത്. അതില്‍ ഹുദൈബിയ്യാ ഉംറ പൂര്‍ത്തിയാക്കാതെ വിരമിക്കുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഉംറ വീണ്ടെടുത്തു. ഇത് ഉംറത്തുൽ ഖളാഅ് എന്നറിയപ്പെടുന്നു. മക്കം ഫത്ഹിന്‍റെ വര്‍ഷമാണ് മറ്റൊരു ഉംറ ചെയ്തത്. ഹജ്ജത്തുല്‍ വദാഇലെ ഉംറ ദുല്‍ഹിജ്ജയിലായിരുന്നു.
നാലാമത്തേത് ഹിജ്റ പത്താം വര്‍ഷം തന്നെ ചെയ്ത ഉംറത്തുല്‍ ജിഅറാനത്ത് എന്നറിയപ്പെടുന്ന ഉംറയാണ്. മക്കം ഫത്ഹിനു ശേഷം ഗനീമത്ത് സ്വത്ത്‌ വിതരണം ചെയ്ത വേളയിലായിരുന്നു ഈ ഉംറ. അത് ജിഇർറാനയിൽ വെച്ചായിരുന്നു വിതരണം ചെയ്തത്. (ഖല്‍യൂബി 2/92)
ഇക്കാരണത്താൽ തന്നെ ദുല്‍ഖഅദില്‍ ഉംറ ചെയ്യുന്നതിനെ മുൻഗാമികളായ പണ്ഡിതരും സ്വാലിഹീങ്ങളും പ്രത്യേകം പരിഗണിച്ചിരുന്നു.



ഉംറക്കു പുറമെ ഹജ്ജിന്റെ തൊട്ടുമുമ്പുള്ള മാസമായതിനാൽ ഹജ്ജ് തീർഥാടകരിൽ പ്രത്യേകിച്ചും മക്കയിലും മശാഇറുകളിലും എത്തിച്ചേർന്നു തുടങ്ങുന്ന മാസമാണ് ദുൽ ഖഅ്ദ. അതിനാൽ ഈ മാസം മുസ്ലിംകൾ തീർഥാടന വിചാരത്തിൽ നിറഞ്ഞു നിൽക്കുന്ന മാസമാണിത്.



ഇസ്ലാമിക ചരിത്രത്തിൽ നിത്യസ്മര്യങ്ങളായ പല സംഭവങ്ങൾക്കും ഈ മാസവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ഒന്ന് ഹുദൈബിയ്യാ സംഭവമാണ്. ഹിജ്റ ആറാം വർഷം ദുൽ ഖഅദിലായിരുന്നു ഇത്.



പരിശുദ്ധ മക്കയിൽ നിന്ന് മുസ്‌ലിംകളെ പുറത്താക്കിയിട്ട് അപ്പോള്‍ ആറു വര്‍ഷമായിരുന്നു. അതിനാല്‍ കഅബാലയത്തിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ മാനസികമായി നബി(സ)ക്കും മുസ്‌ലിംകള്‍ക്കും തീവ്രമായ ആഗ്രഹവുമുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലായിരുന്നു നബി(സ) അനുയായികളുമായി പരിശുദ്ധ മക്കയിലേക്ക് പോകുന്നത് സ്വപ്നം കണ്ടത്.
ഇതോടെ കഅ്ബ സന്ദര്‍ശിക്കാനും ഉംറ ചെയ്യാനും നബി (സ)തിരുമേനി ഉദ്ദേശിച്ചു. ഒട്ടേറെ മുഹാജിറുകളും അന്‍സ്വാറുകളും കഅ്ബ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും പ്രതീക്ഷിച്ചിരിക്കയായിരുന്നു. അങ്ങനെ 1400 മുസ്‌ലിംകളോടൊപ്പം നബി(സ) യാത്രക്ക് തയാറെടുത്തു. ദുല്‍ ഖുലൈഫയില്‍ എത്തി അവർ ഇഹ്റാം നിര്‍വഹിച്ചു.
മുസ്‌ലിംകളുടെ ഉദ്ദേശ്യം ഉംറ മാത്രമാണെന്ന് ഇതുവഴി വ്യക്തമായി. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. എങ്കിലും മക്കയില്‍ ചെന്ന് ഖുറൈശികളുടെ ഉദ്ദേശ്യങ്ങള്‍ അറിഞ്ഞുവരാന്‍ നബി(സ) ഒരാളെ വിട്ടു. മുഹമ്മദിനെയും അനുയായികളെയും മക്കയില്‍ പ്രവേശിക്കാനനുവദിക്കരുതെന്നും ഒന്നിച്ച് അവരെ നേരിടണമെന്നും ഖുറൈശികള്‍ എല്ലാ ഗോത്രങ്ങളെയും ഒരുമിച്ചുകൂട്ടി പറഞ്ഞതായി അയാള്‍ അറിയിച്ചു. മക്കക്കു പുറത്ത് വെച്ച് തന്നെ മുസ്‌ലിംകള തടയുവാനായിരുന്നു അവരുടെ തീരുമാനം.



ഈ വിവരം കിട്ടിയിട്ടും നബി(സ)മുന്നോട്ടു പ്രയാണം തുടര്‍ന്നു. ഹുദൈബിയ എന്ന സ്ഥലത്തെത്തി അവിടെ ക്യാമ്പ് ചെയ്തു. മക്കയില്‍നിന്ന് അല്‍പമകലെ ഹുദൈബിയ എന്ന ഒരു കിണറുണ്ടായിരുന്നു. അതേ പേരു തന്നെ അവിടത്തെ ഗ്രാമത്തിനും കിട്ടി. ഇവിടത്തെ ഖുസാഅ ഗോത്രത്തലവന്‍ നബി(സ)യുടെ സന്നിധിയില്‍ ഹാജരായിക്കൊണ്ടു പറഞ്ഞു: ഖുറൈശികള്‍ യുദ്ധസന്നദ്ധരായി നില്‍ക്കുകയാണ്. മക്കയില്‍ ചെല്ലാന്‍ അവര്‍ അങ്ങയെ അനുവദിക്കില്ല. അതു കേട്ട നബി തിരുമേനി പറഞ്ഞു: ഞങ്ങള്‍ ഉംറ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മാത്രമാണ് വന്നിരിക്കുന്നതെന്ന് അവരോട് ചെന്നു പറയുക. യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്കുദ്ദേശ്യമില്ല. ഞങ്ങള്‍ക്ക് കഅ്ബ ത്വവാഫ് ചെയ്യാനും സന്ദര്‍ശിക്കാനും അവസരം നല്‍കണം. ഇതിനെ തുടർന്ന് പിന്നീട് ദൂതൻമാർ മുഖേന ചർച്ചകൾ നടന്നു.



ഇതിനിടയില്‍ ഖുറൈശികള്‍ മുസ്‌ലിംകളെ ആക്രമിക്കാനായി ഒരു സൈനിക വ്യൂഹത്തെ അയച്ചു. അവരെ സ്വഹാബിമാർ പിടികൂടി. എന്നാല്‍ നബി(സ) ദയാപൂര്‍വം അവര്‍ക്ക് മാപ്പ് നല്‍കി അവരെ വിട്ടയച്ചു. തുടർന്ന് സന്ധി സംഭാഷണം നടത്താന്‍ ഉസ്മാനെ (റ) മക്കയിലേക്കയക്കാന്‍ തീരുമാനിച്ചു. ഹസ്രത്ത് ഉസ്മാന്‍(റ) മക്കയിലേക്ക് പോയി. പക്ഷേ, മുസ്‌ലിംകള്‍ക്ക് കഅ്ബാസന്ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് ഒരുനിലക്കും ഖുറൈശികള്‍ സമ്മതിച്ചില്ല. മാത്രമല്ല ഹസ്രത്ത് ഉസ്മാ(റ)നെപ്പോലും അവര്‍ തടയുകയാണുണ്ടായത്. തിരിച്ചുവരാൻ വൈകിയപ്പോൾ ഉസ്മാന്‍(റ) വധിക്കപ്പെട്ട തായ ഒരു വാര്‍ത്ത എങ്ങനെയോ മുസ്‌ലിംകളില്‍ പ്രചരിച്ചു. ഈ വാര്‍ത്ത മുസ്‌ലിംകളെ അസ്വസ്ഥരാക്കി. വാര്‍ത്ത കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു: ഇനി ഇപ്പോള്‍ ഉസ്മാന്‍(റ)ന്റെ രക്തത്തിനു പകരം വീട്ടാതെ വയ്യ. ഇതും പറഞ്ഞ് തിരുമേനി ഒരു മരത്തിന്റെ ചുവട്ടിലിരുന്നു. ഖുറൈശികളോട് ഹസ്രത്ത് ഉസ്മാന്റെ രക്തത്തിനു പകരം ചോദിക്കുമെന്നും മരിച്ചാലും യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞോടുകയില്ലെന്നും എല്ലാ സ്വഹാബിമാരോടും പ്രതിജ്ഞ വാങ്ങി. ഈ പ്രതിജ്ഞക്ക് ബൈഅത്തുര്‍റിദ്‌വാന്‍ എന്ന് പറയുന്നു.



അവസാനം ഉസ്മാൻ(റ) തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും സംഗതികൾ കൈവിട്ടു പോകാറുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ കടന്നിരുന്നു. അതോടെ സന്ധിസംഭാഷണം നടത്താനായി ഖുറൈശികള്‍ സുഹൈബുബ്‌നു അംറിനെ ദൂതനായി അയച്ചു. അദ്ദേഹവുമായി ദീര്‍ഘമായ സംഭാഷണം നടന്നുകൊണ്ടിരുന്നു. അവസാനം രണ്ടു വിഭാഗവും സന്ധിക്ക് തയ്യാറാവുകയും തുടർന്ന് അതിന്റെ ഉപാധികള്‍ തീരുമാനിക്കപ്പെടുകയും ചെയ്തു. സന്ധിയിലെ വ്യവസ്ഥകള്‍ ഇതായിരുന്നു: 1. ഈ വര്‍ഷം മുസ്‌ലിംകള്‍ മടങ്ങിപ്പോകണം. 2. അടുത്ത വര്‍ഷം വന്ന് മൂന്നു ദിവസം തങ്ങിമടങ്ങിപ്പോകാം. 3. ആയുധസജ്ജരായി വരരുത്. വാള്‍ കൂടെ കൊണ്ടുവരാം. പക്ഷേ അത് ഉറയില്‍തന്നെ വെക്കണം; പുറത്തെടുക്കരുത്. 4. മക്കയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെകൂടെ കൊണ്ടുപോവരുത്. മുസ്‌ലിംകള്‍ ആരെങ്കിലും മക്കയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവരെ തടയുകയുമരുത്. 5. മുസ്‌ലിംകളിലോ അമുസ്‌ലിംകളിലോ പെട്ട ആരെങ്കിലും മദീനയിലേക്ക് പോയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ്‌ലിംകളില്‍ ആരെങ്കിലും മക്കയിലേക്ക് വരികയാണെങ്കില്‍ അവരെ തിരിച്ചയക്കുന്നതല്ല. 6. മുസ്‌ലിംകളോ അവിശ്വാസികളോ ആരുമായും സന്ധിയിലേര്‍പ്പെടാന്‍ അറബ് ഗോത്രങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്. 7. ഈ നിബന്ധനകള്‍ മുഴുവന്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് വിരുദ്ധമായിരുന്നു. എങ്കിലും നബി(സ) അല്ലാഹുവിന്റെ ഇംഗിതത്തിനു വിധേയമായി അതിൽ ഒപ്പു വെക്കുകയും അതനുസരിച്ച് അവർ അവിടെ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഇസ്ലാമിനും മുസ്ലിംകൾക്കുമുണ്ടായ എല്ലാ വിജയത്തിന്റെയും പിന്നിൽ ഹുദൈബിയ്യ സന്ധിയുടെ സ്വാധീനമാണ് ഉണ്ടായിരുന്നത്.



ഹി.12 ൽ ഖാലിദ് ബിൻ വലീദ്(റ) വിന്റെ നേതൃത്വത്തിൽ നടന്ന പേർഷ്യൻ - റോമൻ - അറബ് സഖ്യസേനയുമായി നടന്ന ഫറാള് യുദ്ധവും ഈ മാസത്തിലായിരുന്നു. റോമിനെ നാണം കെടുത്തിയ ബൈസാൻ സംഭവവും ദുൽ ഖഅദിലായിരുന്നു. ഹി. 13 ൽ നടന്ന ഈ യുദ്ധവും നയിച്ചത് ഖാലിദ്(റ) ആയിരുന്നു. ഹി. 16 ദുൽ ഖഅദയിൽ ആയിരുന്നു സഅ്ദ് ബിൻ അബീ വഖാസ്(റ) വിന്റെ നേതൃത്വത്തിൽ റോമൻ നഗരമായിരുന്ന ജലൗലാഅ് കീഴടക്കൽ.



സമസ്തയുടെ കർമ്മപഥത്തിൽ ഏതാനും കണ്ണീർ തുള്ളികൾ വീണ മാസം കൂടിയാണ് ഈ മാസം. പൂന്താവനം എൻ അബ്ദുല്ല മുസ്ലിയാർ (ഹി. 1399), കെ സി ജമാലുദീൻ മുസ്ലിയാർ (ഹി. 1420 ), മൗലാനാ കാളമ്പാടി മുഹമദ് മുസ്ലിയാർ (ഹി. 1432 ), സി എച്ച് ഹൈദ്രോസ് മുസ്ലിയാർ (ഹി. 1414), പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ (ഹി. 1376) തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. സമസ്തയുടെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയും വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമപ്രസിഡന്റുമായി സമൂഹത്തിന് നേതൃത്വം നല്‍കിയ പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്ഥാനത്തിന് സഞ്ചാരദിശ നിര്‍ണ്ണയിച്ച് കൊടുത്ത പ്രമുഖനാണ്. കാര്യവട്ടം സമ്മേളനത്തില്‍ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാണ് പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ സമസ്തയുടെ നേതൃരംഗത്തേക്ക് കടുവത്. 1951ല്‍ നടന്ന വടകര സമ്മേളനത്തില്‍ വെച്ച് ചേര്‍ മുശാവറ യോഗത്തിലാണ് അദ്ദേഹം സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട സജീവ ചര്‍ച്ചകള്‍ക്ക് ഈ സമ്മേളന വേദി സാക്ഷിയായി. പറവണ്ണ ഉസ്താദ് കവീനറായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുന്‍കൈയ്യെടുത്ത് വിളിച്ച് ചേര്‍ത്ത വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യോഗമാണ് ബോര്‍ഡിന്റെ പ്രഥമ നിര്‍വ്വാഹക സമിതി.



1934 ൽ അരിക്കത്ത് അബ്ദുറഹ്മാന്‍ ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതിമാരുടെ മൂത്ത പുത്രനായി ജനിച്ച കാളമ്പാടി ഉസ്താദ്‌, സ്വന്തം പിതാവില്‍ നിന്ന് അറിവിന്റെ ബാലപാഠം നുകർന്നു തുടങി. പിന്നീട് മലപ്പുറം കുന്നുമ്മല്‍, കൂട്ടിലങ്ങാടി പഴമള്ളൂര്‍, വറ്റലൂര്‍, പരപ്പനങ്ങാടി പനയത്തില്‍ പള്ളി എന്നീ ദർസുകളിലെ പഠനങ്ങൾക്കു ശേഷം 1959 ൽ വെല്ലൂര്‍ ബാഖിയാതില്‍ ഉപരിപഠനം നടത്തി. 1961 ൽ രണ്ടാം റാങ്കോടെ ബാഖവി ബിരുദമെടുത്തു.
അരീക്കോട്, മൈത്ര, മുണ്ടക്കുളം, കാച്ചിനിക്കാട്, മുണ്ടംപറമ്പ്, നെല്ലിക്കുത്ത്, കിടങ്ങയം, എന്നീ സ്ഥലങ്ങളിൽ ദർസുകള്‍ നടത്തി പിന്നീട് 1993 മുതല്‍ വഫാത്തു വരെ പട്ടിക്കാട് ജാമിഅ നൂരിയയില്‍ സേവനം ചെയ്തു. 1971 ലാണ് കാളമ്പാടി ഉസ്താദ്‌ സമസ്ത മുശാവറയില്‍ തെരഞ്ഞെടുക്കപ്പെടുന്നത്.
സമസ്ത പ്രസിഡണ്ട്‌ സ്ഥാനത്ത് നിന്നും അസ്ഹരി തങ്ങൾക്കു ശേഷം അതിനു മുമ്പ്‌ ഒരു വൈസ്‌ പ്രസിഡണ്ട്‌ പോലും ആകാതെ പെട്ടെന്നാണ് സമസ്ത പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് കാളമ്പാടി ഉസ്താദ് തിരഞ്ഞെടുക്കപ്പെടുന്നത് എന്നത് തന്നെ അദ്ദേഹത്തിനെ സ്ഥാനം മനസ്സിലാക്കാന്‍ ധാരാളം മതി.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso