തിരുവരുളിന്റെ അകപ്പൊരുൾ
23-05-2022
Web Design
15 Comments
ജീവീയലോകത്തിൽ മനുഷ്യനല്ലാത്ത ജന്തുക്കൾക്കെല്ലാം സൃഷ്ടാവ് അവയുടെ ജീവിതം നയിക്കുവാൻ നൽകിയിരിക്കുന്നത് ജന്മവാസന എന്ന സവിശേഷതയാണ്. ജനിക്കുമ്പോൾ തന്നെ അത് അവയിൽ അവൻ നിക്ഷേപിക്കുന്നു. അവയ്ക്കു വിധേയമായി അവ ജീവിക്കുന്നു. അതിൽ നിന്ന് മാറുവാനോ സ്വന്തം ഇംഗിതമനുറവരിച്ച് മറ്റൊന്ന് കണ്ടുപിടിക്കുവാനോ അവക്ക് കഴിയില്ല. എന്നാൽ മനുഷ്യൻ സ്വതന്ത്രനാണ്. അവന് ജന്മവാസനകൾ ഉണ്ടെങ്കിലും അതനുസരിച്ച് തന്നെ അവൻ ജീവിക്കേണ്ടതില്ല. സ്വന്തം വഴി കണ്ടെത്തുവാനും ആവശ്യമെങ്കിൽ അതിൽ നിന്നു മാറി മറ്റൊന്ന് കണ്ടെത്താനും അതിനു വിധേയമായി ജീവിക്കാനുമെല്ലാം അവന് കഴിവ് നൽകപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കഴിവ് നൽകിയിരിക്കുന്നത് ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കണ്ടെത്തുവാൻ വേണ്ടിയാണ്. ഈ കണ്ടെത്തലിൽ അവൻ ശരി കണ്ടെത്തുകയും അങ്ങനെ ജീവിക്കുകയും ചെയ്യുകയാണ് എങ്കിൽ അവന്റെ ഐഹിക ജീവിതം സന്തോഷകരും സംതൃപ്തവുമാകും. ഈ ജീവിതം പക്ഷെ, ഹ്രസ്വമാണ്. അതിനാൽ ഇവിടെ അതിനനുസരിച്ച സുഖവും സംതൃപ്തിയുമൊക്കെയാണുണ്ടാവുക. നിത്യമായ പാരത്രിക ജീവിതത്തിൽ ഇതിന്റെ മഹാഗുണങ്ങൾ അവന് ലഭിക്കും. എന്നാൽ അവന്റെ വീഴ്ച കൊണ്ടോ അഹങ്കാരം കൊണ്ടോ ആശ്രദ്ധ കൊണ്ടോ ശരിയിലെത്തിപ്പെടാൻ അവന് കഴിഞ്ഞില്ലെങ്കിൽ അതിനവൻ വിലനൽകേണ്ടിവരും. ജീവിതം വളരെ ക്ലേശകരവും പ്രശ്നകലുഷിതവുമായിത്തീരും. ആഖിറത്തിലാവട്ടെ ഒരിക്കലും അവസാനിക്കാത്ത ശിക്ഷകളും ദുരിതങ്ങളുമായിരിക്കും അവൻ നേരിടേണ്ടി വരിക. മനുഷ്യനെ സൃഷ്ടാവ് വില്യമാക്കുന്ന പരീക്ഷണത്തിന്റെ ആകെച്ചുരുക്കമാണ് ഇത്. ഒരു മനുഷ്യന്റെ ജീവിതദൗത്യം ഈ ആമുഖത്തിൽ നിന്നും നമുക്ക് കണ്ടെത്താം. അത് ശരി കണ്ടെത്തുവാൻ ശ്രമിക്കുകയും കണ്ടെത്തിയ ശരിയെ പിന്തുടർന്ന് ജീവിക്കുകയും ചെയ്യുക എന്നതാണത്.
മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് അവന് ആവശ്യമായ വായുവും വെള്ളവും മാതൃസ്നേഹവും സംവിധാനിച്ചതിന്റെ കൂടെ അവന് വേണ്ട ശരിയിലേക്കുളള മാർഗ്ഗദർശനം നൽകിയില്ല എന്ന് ചിന്തിക്കുന്നത് യുക്തിഭംഗമാണ്. ചൂടിൽ നിന്ന് രക്ഷപ്പെടാൻ തണുപ്പും തണുപ്പിൽ നിന്ന് രക്ഷനേടാൻ ചൂടും നൽകിയവൻ തെറ്റിൽ നിന്ന് മോചിതനാവാനുള്ള ശരിയുടെ വഴി അവന് നൽകുന്നില്ല എന്ന് ചിന്തിക്കാൻ കഴിയില്ല. രോഗത്തിന്റെ വേദനകളെ മറികടക്കുവാൻ വേണ്ട വിവിധ ഉപായങ്ങൾ അവൻ നൽകുന്നു എങ്കിൽ വഴി തെറ്റിയവന് ശരിയായ വഴി അവൻ ചൂണ്ടിക്കാണിച്ചു തരില്ല എന്നു കരുതാൻ തരമില്ല. സൃഷ്ടിയും സ്ഥിതിയും സംഹാരവും നിഗ്രഹവും അനുഗ്രഹവും കയ്യാളുന്ന സർവ്വജ്ഞനായ അല്ലാഹു ശരിയിലേക്കുള്ള മാർഗ്ഗദർശനവും നൽകിയിട്ടുണ്ട്. അതിനെ നമുക്ക് മൂന്നായി തിരിക്കാം. ഒന്ന് സഹജാവബോധമാണ്. പ്രാഥമിക തലത്തിലെങ്കിലും ശരിയോടും നല്ലതിനോടും ഉണ്ടാകുന്ന ഒരു നൈസർഗ്ഗികമായ മാനസിക താൽപര്യം എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പരമമായ ശരിയിലെത്തിപ്പെടാൻ ഇതുമാത്രം പക്ഷെ, മതിയാവില്ല. താൽപര്യങ്ങൾ പലപ്പോഴും സാഹചര്യങ്ങളുടെ സ്വാധീനത്തിൽ പെടാം എന്നതുകൊണ്ടാണത്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ സഹായിക്കാൻ മനുഷ്യന്റെ സഹജാവബോധത്തിനാകും.
രണ്ടാമത്തേത് സൃഷ്ടാവ് പ്രത്യേകം തെരഞ്ഞെടുത്ത് നിയോഗിക്കുന്ന പ്രവാചകൻമാരാണ്. ശരിയുടെ വഴി വിവരിക്കുവാൻ നിയുക്തരായ ദൂതൻമാരായവർ. ഒന്നേകാൽ ലക്ഷത്തോളം പ്രവാചകൻമാരെ ഇങ്ങനെ ദൂതൻമാരായി അവൻ അയച്ചിട്ടുണ്ട്. പ്രവാചകൻമാർ പക്ഷെ, മനുഷ്യൻമാരാണ്. അവർക്ക് നിയതമായ കാലമുണ്ടായിരിക്കും. ആ കാലം കഴിഞ്ഞാൽ അവർ വിട പറയും. എന്നാലും സഹജാവബോധം പോലെ ദൂതന്റെ അധ്യാപനങ്ങൾ തെറ്റാതെ പിന്തുടരുകയും അവ ജീവിതത്തിൽ പകർത്തുകയും ചെയ്യുകയാണ് എങ്കിൽ ശരിയിലെത്തിച്ചേരാൻ കഴിയും. അതിനു പക്ഷെ, അവരുടെ അധ്യാപനങ്ങൾ സ്വീകരിക്കുവാൻ മനുഷ്യൻ തയ്യാറാവണം. എന്നാൽ പ്രവാചക നിയോഗങ്ങളുടെ അനുഭവം വെച്ചു നോക്കുമ്പോൾ മനുഷ്യരിൽ ഏറിയ പങ്കും അവരെ തിരിച്ചറിഞ്ഞില്ല എന്നാണ്. അവർ അവരെ കളവാക്കുകയോ തളളിക്കളയുകയോ ഒക്കെയാണുണ്ടായത്. ശരി കണ്ടെത്തുവാൻ ഉളള ഒരു അവസരം അത്തരക്കാർ നഷ്ടപ്പെടുത്തി. മൂന്നാമത്തേത് ഗ്രന്ഥങ്ങളാണ്. പ്രവാചകന്റെ കാലശേഷവും മനുഷ്യന് ശരി കണ്ടെത്തുവാൻ സൃഷ്ടാവ് നൽകുന്ന ഒരു വലിയ സഹായവും അനുഗ്രഹവുമാണ് ഗ്രന്ഥങ്ങൾ.
മൊത്തം നാലുഗ്രന്ഥങ്ങളാണ് അല്ലാഹു മനുഷ്യന് നൽകിയത്. അതിൽ ആദ്യത്തെ മൂന്നെണ്ണവും ഒരു പ്രത്യേക വംശത്തിന് - യഅ്കൂബ് നബിയുടെ സന്തതി പരമ്പരയായ ബനൂ ഇസ്റയേലിന് - മാത്രം നൽകിയതായിരുന്നു. അവയിൽ തന്നെ രണ്ടെണ്ണത്തിൽ - തൗറാത്തിലും ഇഞ്ചീലിലും - മാത്രമേ വിധിവിലക്കുകളും നിയമ സംഹിതയും ഉണ്ടായിരുന്നുള്ളൂ. ഒന്നിൽ - സബൂറിൽ - പ്രാർഥനകളും സ്ത്രോത്രങ്ങളുമാണ് ഉണ്ടായിരുന്നത്. അവരുടെ കാലത്തിനും കുലത്തിനും മാത്രമുള്ളതായിരുന്നതിനാൽ അവക്ക് രണ്ട് പ്രത്യേകതകൾ ഉണ്ടായിരുന്നു. ഒന്ന്, അവ ഒറ്റയടിക്ക് നൽകുകയായിരുന്നു. രണ്ട്, അവർ അറിയേണ്ട ചില ചരിത്രങ്ങളും അവരുടെ കാലത്തിന്റെ വികാസത്തിന് പാകമാകുന്ന നിയമങ്ങളും മാത്രമേ അവയിൽ ഉണ്ടായിരുന്നുള്ളൂ. അവ കൊണ്ടു വന്ന പ്രവാചകൻമാരുടെ കാലശേഷത്തേക്ക് അവ ഉപയോഗിക്കാൻ സൃഷ്ടാവ് കരുതിയിരുന്നില്ല എന്ന് ചുരുക്കം. ഇസ്റയേൽ സന്തതികളുടെ കാര്യത്തിലെ രണ്ട് നിയോഗങ്ങളും - പ്രവാചകന്റെയും ഗ്രന്ഥത്തിന്റെയും - വെറും കാലികമായിരുന്നു എന്ന് ചുരുക്കം. പിന്നെ ചെറിയ ഒരു ഇടവേളയായിരുന്നു. ഫത്റത്തിന്റെ ഘട്ടം എന്ന് ഈ സമയം വ്യവഹരിക്കപ്പെടുന്നു. നിലവിലുള്ളതിൽ നിന്ന് ശക്തമായ ഒരു മാറ്റം വരാൻ വേണ്ട ഒരു ആമുഖമായി ഈ മൗനത്തെ വിലയിരുത്താം.
അതിനു ശേഷം അല്ലാഹു ഒരു പ്രവാചകനെയും ഒരു ഗ്രന്ഥത്തെയും ലോകത്തിന് മാർഗദർശനമായി നൽകുവാൻ തീരുമാനിച്ചു. അങ്ങനെ അല്ലാഹുവിന്റെ സന്ദേശവുമായി വന്ന പ്രവാചകനാണ് മുഹമ്മദ് നബി(സ). ആ പ്രവാചകന്റെ കയ്യിലൂടെ അള്ളാഹു ലോകത്തിന് കൈമാറിയ മാർഗദർശക ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ഈ പ്രവാചകനും ഈ ഗ്രന്ഥത്തിനും രണ്ട് പ്രത്യേകതകൾ കല്പിക്കുവാൻ സൃഷ്ടാവ് താല്പര്യപ്പെട്ടു. ഈ പ്രവാചകൻ പ്രവാചകരിൽ അവസാന പ്രവാചകനും ഈ ഗ്രന്ഥം അവസാന ഗ്രന്ഥമായിരിക്കണമെന്നുമാണ് അതിലൊന്ന്. രണ്ടാമത്തേത് ഈ പ്രവാചകനും ഗ്രന്ഥവും ലോകാവസാനം വരേക്കും മനുഷ്യലോകത്തെ നയിക്കുവാനും അവർക്ക് മാർഗദർശനം നൽകുവാനും പര്യാപ്തമായിരിക്കണമെന്നുമാണ്. ആ രണ്ട് ലക്ഷ്യവും സാക്ഷാൽക്കരിക്കപ്പെടും വിധമുളള ശക്തി പ്രവാചകനും ഗ്രന്ഥമായ ഖുർആനിനും അല്ലാഹു നൽകി. ലോകത്തിന്റെ സമസ്യകളോട് ഇന്നും ഈ പ്രവാചകന്റെ ദർശനവും വിശുദ്ധ ഖുർആനിന്റെ ആശയവും പ്രതികരിക്കുന്നതും ലോകത്തിന് മുമ്പിൽ ഉൽഭൂതമാകുന്ന ഏത് വിഷയത്തിനും പ്രവാചകന്റെ അധ്യാപനത്തെയും വിശുദ്ധ ഖുർആനിനെയും ഉപക്രമിക്കുവാൻ ലോകത്തിനു കഴിയുന്നതും അതുകൊണ്ടാണ്.
ഖുർആനിന്റെ അമാനുഷികത
വിശുദ്ധ ഖുർആൻ എന്ന അന്തിമ ദൈവിക ഗ്രന്ഥത്തിന്റെ അതിശയ ലോകത്തിലേക്കാണ് നാം ഇനി കടക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ വിശുദ്ധ ഖുർആൻ ഈ ലോകം അവസാനിക്കുന്നതു വരേക്കും വരുന്ന സകല മനുഷ്യരെയും ശരിയായ വഴിയിലേക്ക് നയിക്കേണ്ട ഗ്രന്ഥമാണ്. അതിനു വേണ്ട എല്ലാ ചേരുവകളും അതിൽ അടങ്ങിയിരിക്കുന്നു. അതിലെ പരാമർശങ്ങൾ ഒന്നും കാലഹരണപ്പെടുകയോ അപ്രസക്തമാകുകയോ ചെയ്യാതിരിക്കുന്നതും ഏതു തലമുറയെയും അതാകർഷിക്കുന്നതും അതുകൊണ്ടാണ്. മാത്രമല്ല അത് മനുഷ്യന്റെ എല്ലാ വ്യവഹാര ഭൂമികകളിലേക്കും പകരുകയും പടരുകയും ചെയ്യുകയും ചെയ്യുന്നു. അത് നമ്മെ അൽഭുതപ്പെടുത്തുവാൻ തുടങ്ങുന്നത് അത് നിരക്ഷരനായ, ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്ത, പഠനാവശ്യാർത്ഥം മക്കവിട്ട് യാത്ര ചെയ്തിട്ടില്ലാത്ത മുഹമ്മദ്(സ) കൊണ്ടു വന്നു തന്നതുമുതലാണ്. അദ്ദേഹത്തെ പോലെ ഒരാൾക്ക് സ്വയം എഴുതിയുണ്ടാക്കുവാനോ മറ്റൊരാളിൽ നിന്ന് കട്ടോ കേട്ടോ എഴുതുവാനോ കഴിയാത്ത വിധം സാഹിത്യത്തിന്റെ എല്ലാ ചേരുവകളും ഒത്തിണങ്ങിയ, ദൈവശാസ്ത്രം, ജീവശാസ്ത്രം, ഗോളശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങി ചരിത്രം, കുടുംബം, സംസ്‌കരണം, രാഷ്ട്ര മീമാംസ ഉൾപ്പെടെ നാനാതരം വിജ്ഞാനങ്ങളുമടങ്ങിയ ഒരു മഹത്തായ ഗ്രന്ഥമാണത്. അതിനാൽ ഖുർആൻ തുറന്നു വെച്ച് അതിലേക്കും സൂക്ഷ്മമായി ലിഖിത ഭാഷ്യത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള നബി(സ)യുടെ ജീവിത സാഹചര്യങ്ങളിലേക്കും ഒരേ സമയം സത്യസന്ധമായി കണ്ണോടിക്കുന്ന ഒരാൾക്കും ഇത് നബി ഉണ്ടാക്കിയതോ അല്ലെങ്കിൽ വേറെ ആരെങ്കിലും ഉണ്ടാക്കി കൊടുത്തതോ ആണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല.
പരിശുദ്ധ ഖുർആൻ അവതരിച്ചു കൊണ്ടിരിക്കുന്ന കാലത്ത് തന്നെ അത് എതിരാളികൾ പോലും മനസ്സാ സമ്മതിച്ചിട്ടുള്ളതാണ്. അറബി സാഹിത്യസാമ്രാട്ടുകള്‍ ഖുർആനിന്റെ സാഹിത്യ- ആശയ ഭംഗിക്കു മുമ്പിൽ പകച്ചു നിന്നു എന്നതാണ് അനുഭവം. ഒരിക്കല്‍ ഖുറൈശി പ്രമുഖനായ വലീദ് ഇബ്‌നു മുഗീറക്ക് നബി(സ) ഖുര്‍ആന്റെ ചില ഭാഗങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. വിസ്മയാധീനനായ വലീദ് ഒന്നും ഉരിയാടാന്‍ കഴിയാതെയാണ് നബി സന്നിധിയില്‍നിന്ന് പിന്‍വാങ്ങിയത്. മക്കയിൽ സാഹിത്യത്തിലും ആഢ്യത്വത്തിലും ചിന്തയിലും പകരം വെക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു വലീദ്. മുഹമ്മദിൽ നിന്ന് കേട്ട ഖുർആൻ വീചികൾ വലീദിനെ പോലെ ഒരു പ്രമുഖനെ സ്വധീനിച്ചുവോ എന്ന സന്ദേഹം മക്കയിൽ ഞ്ഞൊടിയിടയിൽ പരന്നു. വിവരമറിഞ്ഞ അബൂജഹൽ ആശങ്കയോടെയും ഉൽക്കണ്ഠയോടെയും വലീദിന്റെ അടുക്കല്‍ ഓടിയെത്തി. അബൂജഹൽ അഭ്യര്‍ഥിച്ചു: ബഹുമാന്യനായ പിതൃസഹോദരാ, മുഹമ്മദിനെക്കുറിച്ചുള്ള താങ്കളുടെ നിലപാട് ഒന്നു വ്യക്തമാക്കണം. അവന്റെ വാദം വ്യാജമാണെന്ന് അങ്ങ് പ്രസ്താവിക്കണം. അത് ജനങ്ങളെ സമാധാനിപ്പിക്കാനുതകും. ഇതിന് വലീദിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഞാനെന്തുപറയാനാണ്, അറബി സാഹിത്യത്തിലെ ഏതുശാഖയെയും നിങ്ങളേക്കാളധികം എനിക്കറിയാം. കവിതയോ ഗീതമോ ജിന്നുകളുടെ പാട്ടോ എന്തായാലും ശരി. എന്നാല്‍ ഞാന്‍ നമ്മുടെ ദൈവനാമത്തില്‍ സത്യംചെയ്യുന്നു, ഈ മനുഷ്യന്‍ പറയുന്ന വാക്കുകള്‍ക്ക് അവയോടൊന്നിനും സാമ്യമില്ല. ലാത്ത തന്നെ സത്യം, അവന്റെ വാക്കുകള്‍ക്ക് വിസ്മയിപ്പിക്കുന്ന ചാരുതയുണ്ട്. സവിശേഷമായ ആകര്‍ഷകത്വമുണ്ട്. ഫലസമൃദ്ധമാണ് അതിന്റെ ശാഖകളും ചില്ലകളും. ഫലഭൂയിഷ്ഠമായ മണ്ണില്‍ ഉറച്ചതാണ് അതിന്റെ മുരട്. സര്‍വവചനങ്ങളേക്കാളും ഉദാത്തമാണതെന്ന കാര്യം തീര്‍ച്ച. അതേക്കാള്‍ മികച്ചുനില്‍ക്കുന്ന മറ്റൊരു സംസാരവുമില്ല.
പ്രവാചകനെ തന്റെ ദൗത്യത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഉത്ബത്ത് ഇബ്‌നു റബീഅ എന്ന ഖുറൈശി പ്രമാണി നബിയുടെ സദസ്സില്‍ വന്നു. നബി അദ്ദേഹത്തെ ഖുര്‍ആനിലെ ഹാമീം സജദ എന്ന അധ്യായത്തിലെ ഏതാനും സൂക്തങ്ങള്‍ കേള്‍പ്പിച്ചു. നബി മുഴുമിപ്പിക്കുന്നതിനുമുമ്പ് ഉത്ബത് നബിയുടെ നെഞ്ചില്‍ കൈവച്ചു പാരായണം നിറുത്താന്‍ അപേക്ഷിച്ചു. ഉടനെ അദ്ദേഹം തന്റെ വീട്ടിലേക്കോടി. അബൂജഹൽ അവിടെയുമെത്തി. സംഭവം വിവരിച്ച ശേഷം ഉത്ബത് അബൂജഹ്‌ലിനോട് പറഞ്ഞു: ദൈവമാണ സത്യം, അവന്റെ വാക്കുകള്‍ വശീകരണ തന്ത്രമല്ല. കവിതയല്ല, ജോത്സ്യന്‍മാരുടെ ഭാഷണവുമല്ല. ഖുര്‍ആനില്‍ ആകൃഷ്ടരായാണ് ജനങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുന്നതെന്ന് മനസ്സിലാക്കിയ ഖുറൈശിപ്രമാണിമാര്‍ ഖുര്‍ആന്‍ കേള്‍ക്കരുതെന്ന് അനുയായികളെ വിലക്കുകയുണ്ടായി. അതും ഈ വചനങ്ങളുടെ അമാനുഷിക ശേഷിയുടെ തെളിവാണ്. ഖുര്‍ആന്‍ തന്നെ ഈ സംഭവം ഉദ്ധരിക്കുന്നു: സത്യനിഷേധികള്‍ പറഞ്ഞു: നിങ്ങള്‍ ഈ ഖുര്‍ആന്‍ കേട്ടുപോകരുത്. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഒച്ചവെക്കുക. അങ്ങനെ നിങ്ങള്‍ക്കതിനെ അതിജയിക്കാം.(ഹാമീം അസ്സജദ)
തുഫൈല്‍ ഇബ്‌നു അംറുദ്ദൗസി എന്ന കവി മക്കയില്‍ വന്നപ്പോള്‍ ഖുറൈശി നേതാക്കള്‍ അദ്ദേഹത്തെ സമീപിച്ചുപറഞ്ഞു: നിങ്ങള്‍ മുഹമ്മദിന്റെ അടുത്ത് ചെല്ലരുത്. അവന്റെ വാക്കുകള്‍ക്ക് മാരണശക്തിയുണ്ട്. അതുകേട്ടാല്‍ മനുഷ്യനു ബോധവിചാരങ്ങളുടെ കടിഞ്ഞാണ്‍ നഷ്ടപ്പെടും. നിജസ്ഥിതി അറിയാമല്ലോ എന്നുകരുതി തുഫൈല്‍, നബിയുടെ അടുക്കല്‍ചെന്നു. നബി ഖുര്‍ആന്‍ ഓതി. തുഫൈല്‍ ഇസ്‌ലാം സ്വീകരിച്ചു.
വളരെ പ്രശസ്തമാണ് ഉമറി(റ)ന്റെ ഇസ് ലാം ആശ്ലേഷസംഭവം. നബിയെ വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഉമറിനെ ഇസ്‌ലാമിലെത്തിച്ചത് തന്റെ സഹോദരിഭര്‍ത്താവില്‍നിന്ന് കേട്ട ഖുര്‍ആന്‍ വചനങ്ങളാണ്. ജുബൈര്‍ ഇബ്‌നു മുത്ഇം ഇസ്‌ലാം സ്വീകരിച്ചത് നബി ഒരിക്കല്‍ മഗ്‌രിബ് നമസ്‌കാരത്തില്‍ അത്തൂര്‍ അധ്യായം ഓതുന്നത് കേട്ടിട്ടാണ്. ഇങ്ങനെ നിരവധിയാണ് അക്കാലത്തിന്റെ സാക്ഷ്യങ്ങൾ.
ഖുർആൻ സഞ്ചരിക്കുന്നു.
മേൽ പറഞ്ഞ സാക്ഷ്യങ്ങളെല്ലാം പൗരാണിക അറബ് പ്രതിഭകളുടേതാണ്. അവരുടെ സാംസ്കാരികത വെറും സാഹിത്യത്തിലായിരുന്നു. തീവ്ര ചിന്താശീലമോ അതുവഴി പുതിയ കാര്യങ്ങൾ കണ്ടെത്തുന്ന മിടുക്കോ ഒന്നും ആ ജനതക്ക് കാര്യമായി ഉണ്ടായിരുന്നില്ല. അവരുടെ മനസിന്റെയും ബുദ്ധിയുടെ നിലയനുസരിച്ച് ഖുർആൻ അവരെ അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്തു എന്നു മാത്രമേ മേൽ പറഞ്ഞ സംഭവങ്ങൾ വഴി നമുക്ക് സ്ഥാപിക്കാനാകൂ. എന്നാൽ ഖുർആൻ അവർക്കു മാത്രമുള്ളതല്ല. അവർക്കു ശേഷം വരുന്ന ഓരോ ജനപഥങ്ങൾക്കുമുള്ളതാണ്. അവരെല്ലാവരും അതിന്റെ സാഹിത്യ ഭംഗിയിൽ മാത്രം ആകർഷിക്കപ്പെടുന്നവരായിരിക്കില്ല. അതിനാൽ ഈ സമർഥനത്തിൽ പതിനാലു നൂറ്റാണ്ടുകൾക്കിടയിൽ വന്ന ജനപഥങ്ങളുടെ സാംസ്കാരികാസ്തിത്വത്തെ എങ്ങനെ ഖുർആൻ സ്വാധീനിച്ചു എന്നതു കൂടി നാം നോക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ ഈ ഗ്രന്ഥം അന്ത്യനാൾ വരേക്കുമുള്ള മനുഷ്യന് മാർഗദർശനം നൽകും എന്ന് നമുക്ക് വിശ്വസിക്കാനാകൂ.
നബി(സ)യുടെയും ആദിമ അറബികളുടെയും കാലം കഴിഞ്ഞതും ലോകം ശാസ്ത്രത്തിലേക്ക് പിച്ചവെച്ചു കടക്കുന്നതാണ് നാം കാണുന്നത്. ശാസ്ത്രത്തിലേക്കുള്ള ഈ പ്രവേശനത്തെ തന്നെ സ്വാധീനിച്ചത് ഖുർആനായിരുന്നു എന്നതാണ് വസ്തുത. ഖുര്‍ആനിന്റെ ശാസ്ത്ര പരാമര്‍ശങ്ങളും ചിന്തയ്ക്കും പഠനത്തിനും ഖുര്‍ആന്‍ നല്കിയ പ്രോത്സാഹനവും ശാസ്ത്ര രംഗത്ത് കൂടുതല്‍ സജീവരാവാന്‍ മുസ്ലിം പ്രതിഭകള്‍ക്ക് ഏറെ പ്രചോദനം നല്കിയിട്ടുണ്ട് എന്നതാണ് ചരിത്രവും വസ്തുതയും. അന്തരീക്ഷ മധ്യത്തിലൂടെ പറക്കുന്ന പക്ഷികളെക്കുറിച്ച ഖുര്‍ആനിന്റെ സൂചനയാണ് വിമാനത്തിന്റെ കണ്ടുപിടിക്കലിലേക്ക് നയിച്ച ഇബ്നു ഫിര്‍ണാസിന്റെ കണ്ടെത്തലുകള്‍ക്ക് നിദാനമെന്ന് ഈ വിഷയത്തിൽ നടന്ന പഠനങ്ങൾ തെളിയിച്ചത് ഒരു ഉദാഹരണം.
വെറും നാടോടികളായിരുന്ന അറബിസമൂഹം അതിവിദൂരമല്ലാത്ത ഭാവിയിൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കുതിച്ചുയർന്നത് ഖുർആനിൽ നിന്നും കിട്ടിയ പ്രചോദനം കൊണ്ടു തന്നെയായിരുന്നു. അബ്ബാസിയാ ഖിലാഫത്തിന്റെ കാലമായപ്പോഴേക്കും അറബികളുടെ മുഖമുദ്ര തന്നെ മാറി. ശാസ്ത്ര നവോത്ഥാനം എന്ന് ഈ ഘട്ടം ചരിത്രത്തില്‍ അറിയപ്പെടുന്നു. ഖലീഫ മന്‍സൂര്‍, മഅ്മൂന്‍, ഹാറൂന്‍ റഷീദ് തുടങ്ങിയ ഉന്നതന്മാരുടെ കാലത്ത് അതിന്‍റെ സുവര്‍ണ കാലഘട്ടമായിരുന്നു. എഴുതാന്‍ മഷി ഒലിച്ചിറങ്ങുന്ന ഒരു പേനയോ, മിനുസമുള്ള ഒരു പേപ്പറോ പോലും ഇല്ലാത്ത 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് 4 ലക്ഷം പുസ്തകങ്ങളാണ് ബാഗ്ദാദിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്നത്. അതില്‍ 30000ത്തോളം പുസ്തകങ്ങള്‍ വാനശാസ്ത്ര വിഭാഗത്തില്‍ പെട്ടതായിരുന്നു. ആ നവോത്ഥാന ബുദ്ധി ഒരറ്റത്ത് അറ്റ്ലാന്‍ഡിക് സമുദ്രം മുതല്‍ മറ്റേ അറ്റത്ത് ചൈന വരെയും വടക്ക് യൂറോപ്പിലെ ആല്‍പ്സ് പര്‍വ്വതം മുതല്‍ തെക്ക് മദ്ധ്യാഫ്രിക്ക വരെയും പരന്നൊഴുകി.
ബാഗ്ദാദില്‍ സ്ഥാപിച്ച ബൈതുല്‍ ഹിക്മ എന്ന ഗ്രന്ഥാലയം ഒരു വമ്പിച്ച ട്രാന്‍സ്ലേഷന്‍ വര്‍ക്ക്ഷോപ്പായിരുന്നു. ഇന്ത്യ, പേര്‍ഷ്യ, റോമ, ഈജിപ്ത് തുടങ്ങിയ അന്നത്തെ ലോകത്തില്‍ എത്താവുന്ന രാജ്യങ്ങളിലേക്കെല്ലാം കപ്പലുകള്‍ അയച്ചു. കിട്ടാവുന്നേടത്തോളം സംസ്കൃതം, റോമന്‍, പേര്‍ഷ്യന്‍, ഖിബ്ത്തി, സുരിയാനി, ഹിബ്രു ഭാഷകളിലെ ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്താന്‍ പറ്റിയ പണ്ഡിതന്മാരെയും അവരുടെ കുടുംബങ്ങളെയും ബാഗ്ദാദില്‍ കൊണ്ടുവന്നു. നിരന്തരമായ പരിഭാഷ യജ്ഞം ആരംഭിച്ചു. അതിന്‍റെ ഫലമായി രൂപം കൊണ്ട വന്‍ അറബി ലൈബ്രറിയാണ് ബാഗ്ദാദിലെ ലൈബ്രറി. പക്ഷിത്തൂവലോ മരത്തിന്‍റെ കൊള്ളിയോ എടുത്ത് മഷിയില്‍ മുക്കി ഊറക്കിട്ട മാന്‍തോലില്‍ ആയിരുന്നു അവർ എഴുതുക. ഓന്നോ രണ്ടോ അക്ഷരങ്ങള്‍ എഴുതുമ്പോഴേക്കും മഷി ഉണങ്ങും. വീണ്ടും മഷിയില്‍ മുക്കണം. ഇതിന് ആറിവോളം തന്നെ ത്വരയും ക്ഷമയും വേണം. അത് ഉണ്ടാവണമെങ്കിൽ ശക്തമായ പ്രചോദനം ഉള്ളിൽ നിന്നും വരണം. അതവർക്ക് വന്നു എങ്കിൽ അതിന്റെ സ്രോതസ്സ് വിശുദ്ധ ഖുർആ നല്ലാതെ മറ്റൊന്നുമാവാൻ ന്യായമില്ല.
പുതിയ കാലത്തിനും
പിന്നീട് ചെങ്കിസ്ഖാന്‍റെ സെന്യം ക്രിസ്താബ്ദം 13-ാം നൂറ്റാണ്ടില്‍ ആര്‍ത്തലച്ച് വന്ന് ബാഗ്ദാദ് ലൈബ്രറി ചുട്ടെരിച്ചു, ഗ്രന്ഥങ്ങള്‍ താര്‍ത്താരികള്‍ ട്രൈഗ്രീസിലേക്ക് മറിച്ചു. ടൈഗ്രീസ് നദിയുടെ ഒഴുക്ക് പോലും തടസ്സപ്പെട്ടു. 40ദിവസം ബാഗ്ദാദില്‍ നടത്തിയ കൂട്ടക്കൊലയില്‍ വധിക്കപ്പെട്ട മുസ്ലിംകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമായിരുന്നു എന്ന് ഇബ്നു ഖല്‍ദൂന്‍ പറയുന്നുണ്ട്. അതോടെ തകര്‍ന്ന് പോയ ശാസ്ത്ര നവോത്ഥാനം മുസ്ലിംകളില്‍ നിന്ന് കൈവിട്ടു. പിന്നീട് ലാറ്റിന്‍ ഭാഷകളിലേക്ക് പരിഭാപ്പെടുത്തപ്പെട്ട അറബി ഗ്രന്ഥങ്ങള്‍ വായിച്ച് ഗവേഷണതല്‍പരരായ യൂറോപ്യന്മാര്‍ ശാസ്ത്ര നവോത്ഥാനത്തിന്‍റെ വക്താക്കളായി. അതാണ് ഇപ്പോഴത്തെ ശാസ്ത്ര വളർച്ച. സത്യത്തിൽ ഖുര്‍ആനില്‍ നിന്ന് തുടങ്ങിയ ശാസ്ത്രമുന്നേറ്റമാണ് ഇന്നത്തെ ആധുനിക ലോകത്തിന്‍റെ ശാസ്ത്രപുരോഗതിയുടെ അടിസ്ഥാനം എന്നത് ഒരു വസ്തുത. പിന്നെ മനുഷ്യകുലം ഈ ശാസ്ത്രങ്ങൾ ഓരോന്നും വികസിപ്പിച്ചു. അങ്ങനെ നാമിപ്പോൾ എത്തിനിൽക്കുന്നത് എന്തിനും ഏതിനും ശാസ്ത്രത്തിലേക്ക് എത്തി നോക്കുന്ന ഒരു കാലത്താണ്.
ഈ കാലത്തും ഈ രംഗത്തും ഖുർആൻ അജയ്യതയോടെ തലയുയർത്തിനിൽക്കുന്നു. ആധുനിക ശാസ്ത്രം എത്തിച്ചേർന്ന നിഗമനങ്ങൾ പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഖുർആൻ പറഞ്ഞത് തന്നെയാണ് എന്നു പറയുമ്പോൾ ഖുർആൻ എല്ലാ കാലത്തേയും എന്ന പോലെ ഈ വർത്തമാന കാലത്തേയും സ്വാധീനിക്കുന്നു എന്ന് അതിൽ നിന്നും മനസ്സിലാക്കാം. ചില ഉദാഹരണങ്ങ പരിശോധിക്കാം. ശിശുവിന്റെ ലിംഗ നിർണ്ണയം പുരുഷ ബീജത്തെയാണ് സ്ത്രീ ബീജത്തെയല്ല ആശ്രയിക്കുന്നത് എന്ന് ശാസ്ത്രം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. പുരുഷ ബീജം അണ്ഡവുമായി ചേരുമ്പോൾ അതിലെ എക്സ് ക്രോമസോം ആണ് സ്ത്രീയുടെ അണ്ഡത്തിലെ എക്സ് ക്രോമസോമുമായി ചേരുന്നതെങ്കിൽ ഉണ്ടാകുന്ന ശിശു പെണ്ണായിരിക്കും, എന്നാൽ പുരുഷന്റെ വൈ ക്രോമസോം ആണ് സ്ത്രീയുടെ എക്സ് ക്രോമസോമുമായി ചേരുന്നതെങ്കിൽ ഉണ്ടാകുന്ന ശിശു ആണായിരിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. ശിശു ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നതിൽ സ്ത്രീക്ക് പങ്കില്ല, പുരുഷന്റെ ബീജം മാത്രമാണ് അതു നിർണ്ണയിക്കുന്നത് എന്ന് ചുരുക്കം. ഇക്കാര്യം ശാസ്ത്രം അടുത്ത കാലത്താണ് കണ്ടു പിടിച്ചത് എങ്കിലും വിശുദ്ധ ഖുർആൻ അതു മുമ്പെ പറഞ്ഞു. അല്ലാഹു പറയുന്നു : സ്രവിക്കപ്പെടുന്ന പുരുഷ ബീജത്തിൽ നിന്നും ആൺ, പെൺ എന്നീ രണ്ട് ഇണകളെ അവൻ സൃഷ്ടിച്ചു(ഖുർആൻ 53:45,46). സ്രവിക്കുക പുരുഷ ബീജം മാത്രമാണല്ലോ.
മാതാവിന്റെ ഗർഭാശയത്തിൽ ഒരു ശിശു എങ്ങനെ രൂപപ്പെടുന്നു എന്ന് അടുത്ത കാലത്താണല്ലോ ശാസ്ത്രം വിവിധതരം സ്കാൻ ഇമേജുകളിൽ കൂടി മനസിലാക്കിയത്. ബീജം, ഭ്രൂണം, മാംസ പിണ്ഡം, അസ്ഥികൂടം, അപൂർണ്ണ ശിശു, പൂർണ്ണ ശിശു എന്നിങ്ങനെ പല ഘട്ടങ്ങളിലായിട്ടാണ് ഒരു മനുഷ്യ ശിശു ഗർഭാശയത്തിൽ രൂപമെടുക്കുന്നത് എന്ന് ശാസ്ത്രം മനസിലാക്കി. ഈ ഘട്ടങ്ങളൊക്കെ വിശുദ്ധ ഖുർആൻ വളരെ മുമ്പെ പഠിപ്പിച്ചതാണ്. അല്ലാഹു പറയുന്നു : "തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥി കൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം ആ അസ്ഥി കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി കര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു" (ഖുർആൻ 23: 12-14)
1382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതി ശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാ പൊട്ടിത്തെറിക്കൽ (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്. ഇന്ന് കാണുന്ന പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അവസ്ഥയിലാണത് പൊട്ടിത്തെറിച്ചത് . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു എന്ന് ശാസ്ത്രം കരുതുന്നു. ഈ പൊട്ടിത്തെറിയും വികസിക്കലും വിശുദ്ധ ഖുർആനിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പഠിപ്പിക്കപ്പെട്ടു. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും കൂടി ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണു ഉണ്ടായതെന്നും നിഷേധിക്കുന്നവർ കണ്ടില്ലേ?" (ഖുർആൻ 21:30)
ജലത്തിന്റെ ചൂട്, ഉപ്പിന്റെ അളവ്, സാന്ദ്രത എന്നിവയുടെ കാര്യത്തിൽ വ്യത്യസ്തമായ രണ്ട് സമുദ്രങ്ങൾ കൂടി ചേരുന്നിടത്തു അവയെ വേർതിരിക്കുന്ന ഒരു അദൃശ്യ മറയുണ്ടെന്നു ശാസ്ത്രം ഈയിടെയാണ് കണ്ടെത്തിയത്. അതുപോലെ ശുദ്ധ ജലമുള്ള പുഴയിലെ വെള്ളം സമുദ്രത്തിലേക്ക് ചേരുന്നിടത്തും ഇങ്ങനെയൊരു പ്രതിഭാസം കണ്ടെത്തി. ഇത് നഗ്ന നേത്രങ്ങൾ കൊണ്ട് പണ്ട് മനസിലാക്കുക സാധ്യമല്ലായിരുന്നു. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത് ഖുർആനിൽ പഠിപ്പിക്കപ്പെട്ടു. അല്ലാഹു പറയുന്നു : രണ്ട് സമുദ്രങ്ങളെ തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു. അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്ക വിധം ഒരു മറയുണ്ട് (ഖുർആൻ 55: 19-20).
തേനീച്ചകളുടെ ജീവിതത്തെ കുറിച്ച് രണ്ട് പഠനങ്ങൾ ശാസ്ത്രം പുറത്തുവിട്ടിട്ടുണ്ട്. ഒന്ന്, 1876 ല്‍ ഹോളണ്ടുകാരനായ സ്വാമര്‍ഡാം എന്ന ശാസ്ത്രജ്ഞന്‍ തേനീച്ചകളുടെ സാമൂഹ്യജീവിതത്തെക്കുറിച്ചും ജോലി വിഭജനത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തി പെണ്‍തേനീച്ചയാണ് ജോലികള്‍ ചെയ്യുന്നതെന്ന് കണ്ടെത്തിയത്. രണ്ടാമത്തേത് കാൾ ഫോൺ ഫിഷ് എന്ന ആസ്ട്രിയൻ ശാസ്ത്രജ്ഞൻ തേനീച്ചകളെ കുറിച്ച് പഠിച്ച് 1973 ലെ നോബേൽ പുരസ്കാരം നേടിയത്.
തേനീച്ചകളുടെ കൂട്ടത്തിൽ ആൺ പെൺ ഇണകൾ ഉണ്ടെന്നും അതിൽ പെൺ തേനീച്ചകളാണ് തേനറകൾ നിർമ്മിക്കുന്നതും സഞ്ചരിച്ചു കൊണ്ട് മധുര പദാർത്ഥങ്ങളും പൂമ്പൊടിയും ശേഖരിക്കുന്നതെന്നും അവയാണ് തേൻ ഉത്പാദിപ്പിക്കുന്നതെന്നുമെല്ലാം ഈ രണ്ട് പഠനങ്ങളിലും വ്യക്തമായി. എന്നാൽ വിശുദ്ധ ഖുർആൻ ഈ വസ്തുതകളെല്ലാം നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: നിന്‍റെ റബ്ബ് തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കിയിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ വീടുകളുണ്ടാക്കുക. പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുക. എന്നിട്ട് നിന്‍റെ റബ്ബ് സൗകര്യ പ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍തെളിവുണ്ട് (ഖുർആൻ 16:68, 69)
ഇങ്ങനെ ഈ പട്ടിക നീണ്ടു പോകുമ്പോൾ നമുക്ക് ഉറച്ചു വിശ്വനാക്കാം, ഏത് തലമുറയെയും അതിശയിപ്പിക്കാനും ആകർഷിക്കുവാനും ഈ ഗ്രന്ഥത്തിനു കഴിയും എന്ന്. ഇങ്ങനെ ആലോചിച്ചാൽ ഖുർആൻ ദൈവികമാണെന്നും അമാനുഷികമാണ് എന്നും ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവർക്ക് കണ്ടെത്തുവാൻ പ്രയാസമുണ്ടാവില്ല. എന്നിട്ടും ഖുർആനെതിരെ എന്തുകൊണ്ടാണ് ഇത്രയും വിമർശനങ്ങൾ എന്നാണ് ചോദിക്കുന്നത് എങ്കിൽ അതെല്ലാം കണ്ണടച്ച് അന്ധമായി എഴുതിത്തളളുന്നതു കാെണ്ട് മാത്രമാണ് എന്നാണ് മറുപടി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso