Thoughts & Arts
Image

ആതുര സേവനത്തിലെ ആദ്യക്കാരി

23-05-2022

Web Design

15 Comments





ആതുര ശുശ്രൂഷയുടെയും ആരോഗ്യ സേവനത്തിന്റെയും പേരിൽ ലോകം അഭിമാനത്തോടെ താലോലിക്കുന്ന നാമം ഫ്ലോറൻസ് നൈറ്റിംഗേലിന്റേതായിരിക്കും. 1820 ൽ ഇറ്റലിയിൽ ജനിച്ച ഈ ധനിക കുടുംബാംഗം സ്വന്തം പിതാവിൽ നിന്നും വൈദ്യ വിധികൾ പഠിച്ച് സേവനത്തിനിറങ്ങുകയായിരുന്നു. 1853 ൽ തുടങ്ങി 1856 ൽ അവസാനിച്ച രൂക്ഷിതമായ ക്രീമിയൻ യുദ്ധത്തിൽ പരിക്കേറ്റവരെ തന്റെ പക്ഷം പോലും നോക്കാതെ കയ്യിൽ മുനിഞ്ഞു കത്തുന്ന വിളക്കുമായി വേദനയുടെ രോദനങ്ങൾ ഉയരുന്ന വീടുകളിലൂടെ മാസങ്ങളോളം കയറിയിറങ്ങി ആതുരസേവനം ചെയ്ത അവരുടെ ചിത്രം മനസ്സിൽ നിന്നു മായില്ല. ഇതിന്റെ ഉപകാരസ്മരണയെന്നോണം ലോകം അവരെ നഴ്സിംഗിന്റെ മാതാവായി അംഗീകരിച്ചു. എന്നാൽ പൊതുലോകം അത്ര തന്നെ ശ്രദ്ധിച്ചിട്ടില്ലാത്ത മറ്റൊരു മഹിളയുടെ കഥ പറയാനുണ്ട് ഇസ്ലാമിക ചരിത്രത്തിന്. അവരെ കുറിച്ച് കേൾക്കുമ്പോൾ നാം അറിയാതെ ചോദിച്ചു പോകും, ആതുര ശുശ്രൂഷയിലെ ആദ്യക്കാരി അവരല്ലേ എന്ന്. പ്രവാചക യുഗത്തിൽ പ്രവാചക നഗരത്തിൽ ആതുര സേവനത്തിനായി സ്വന്തം ജീവിതത്തെ സമർപ്പിച്ച റുഫൈദത്തുൽ അസ്ലമിയ്യയെ കുറിച്ചാണ് നാം പറഞ്ഞു വരുന്നത്.



മദീനയിലെ ഖസ്റജ് വംശത്തിലെ ബനൂ അസ്‌ലം കുടുംബാംഗമായിരുന്നു റുഫൈദ(റ). ഹിജ്റ അഞ്ചാം വർഷം നടന്ന കിടങ്ങു യുദ്ധത്തിലും ഏഴാം വർഷം നടന്ന ഖൈബർ യുദ്ധത്തിലും നബി(സ) തിരുമേനിയുടെ താൽപര്യപ്രകാരം യുദ്ധത്തിൽ മുറിവേറ്റവരെ ഇവരായിരുന്നു ചികിത്സിച്ചിരുന്നത് എന്ന് ഹദീസിലുണ്ട്. നബിയുടെ പള്ളിക്കു മുമ്പിലും യുദ്ധക്കളങ്ങളുടെ വിളിപ്പാടടുത്തുമായി പഴകിയ തുണികൾ കൊണ്ടും കരിമ്പടങ്ങൾ കൊണ്ടും കെട്ടിയുണ്ടാക്കിയ താൽക്കാലിക ടെന്റുകളിലായിരുന്നു ഇവർ ചികിത്സ നടത്തിയിരുന്നത്. ഇവ്വിഷയകമായ ചരിത്ര ചർച്ചകളിൽ നിന്ന് മനസ്സിലാകുന്നത് റുഫൈദ(റ) മദീനയിലെ ഏത് രോഗികളെയും ചികിത്സിക്കുന്ന ഒരു ഭിഷഗ്വര തന്നെയായിരുന്നു എന്നാണ്. യുദ്ധ സാഹചര്യങ്ങളിൽ അവർ സന്നദ്ധ സേവനവുമായി ഇറങ്ങുകയായിരുന്നു പതിവ്. നൈറ്റിംഗേലിനെ പോലെ റുഫൈദക്കും ആതുര ശുശ്രൂഷയുടെ പാഠങ്ങളും മനസ്സും പകർന്നു കിട്ടിയത് സ്വന്തം പിതാവായ സഅ്ദ് അസ്ലമിയിൽ നിന്നാണ് എന്നാണ് ചരിത്രം. ജാഹിലിയ്യാ യുഗത്തിൽ മദീനയിലെ ഏറ്റവും അറിയപ്പെടുന്ന ചികിത്സകനായിരുന്നു റുഫൈദയുടെ ഉപ്പ. ജാഹിലിയ്യാ കാലത്ത് പക്ഷെ ഒരു തരം നൈതികതയും ഇല്ലാത്തതിനാൽ സഅ്ദിന്റെ ചികിത്സയിൽ എല്ലാതരം വേണ്ടതും വേണ്ടാത്തതും ഉണ്ടായിരുന്നു. മാരണവിദ്യ മുതൽ എല്ലാം അതിൽ ഉൾപ്പെടുമായിരുന്നു. പിതാവിൽ നിന്ന് എല്ലാ വിദ്യയും പഠിച്ച് ഉപ്പയേക്കാൾ അവയിലെല്ലാം മിടുക്കിയാവേണ്ടതായിരുന്നു മകൾ. പക്ഷെ, ഈ മഹതിയുടെ നിയോഗം മറ്റൊന്നായിരുന്നു. പ്രവാചകന്റെ ദൂതുമായി മിസ്‌അബ് ബിൻ ഉമൈർ(റ) യസ്‌രിബിൽ വന്നുചേർന്നതും പുതിയ ആദർശത്തിന്റെ കുന്തിരിക്കം പുകയാൻ തുടങ്ങിയതും അവർ ആ സുഗന്ധത്തിലേക്ക് ചേർന്നു നിന്നു. അവർ മുസ്ലിമായി. അതുകൊണ്ട് അവരും അവരുടെ ചികിത്സയും ജീവിതവും പരിശുദ്ധമായ നൻമയുടെ മാത്രം സമർപ്പണമായി മാറി.



ഇസ്ലാമിലെത്തിയതും അവരുടെ മനസ്സ് ജ്വലിച്ചു തുടങ്ങി. കാരണം സേവനങ്ങൾക്ക് ഇസ്ലാം നൽകുന്ന പ്രചോദനം അത്ര വലുതാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഇസ്ലാമിന്റെ പ്രധാന വികാരമാണ്. ഒരാൾ മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അയാളെ സഹായിച്ചു കൊണ്ടിരിക്കും എന്നാണ് തത്വം. അല്ലാഹുവിന്റെ ആ സഹായത്തിലുള്ള പ്രതീക്ഷയാണ് സേവകരുടെ മനസ്സുണർത്തുന്ന ഘടകം. അചിന്തനീയമായ മഹത്വമാണ് സേവനങ്ങൾക്ക് ഇസ്ലാം കൽപ്പിക്കുന്നത്. ഇമാം ത്വബറാനി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ) ഇങ്ങനെ പറയുന്നതായി കാണാം: മറ്റൊരാളുടെ ഒരു ആവശ്യത്തിനു വേണ്ടി പുറപ്പെട്ടു പോകുന്നത് എന്റെ ഈ പളളിയിൽ ഒരു മാസക്കാലം ഭജനമിരിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടതാണ്. ഈ ദർശനങ്ങളെല്ലാം റുഫൈദത്തുൽ അസ്‌ലമിയ്യയെ തന്റെ മേഖലയിൽ സജീവമാക്കി നിറുത്തി.



വൈദ്യശാസ്ത്രം ഒരു പാട് വികാസം പ്രാപിച്ച കാലമൊന്നുമായിരുന്നില്ല അത്. ലോകത്തിന്റെ പല ഭാഗങ്ങളിലും അത് തെല്ല് വികാസം പ്രാപിച്ചിരുന്നു എങ്കിലും അറേബ്യയിൽ അത് ഏറെ പുറകിലായിരുന്നു. രോഗങ്ങളുടെ കാരണങ്ങളെ പറ്റിയുള്ള തെറ്റായ ധാരണകളായിരുന്നു അതിന്റെ പിന്നിലെ പ്രധാന കാരണം. രോഗങ്ങൾ ശരീരത്തെയും പ്രകൃതിയെയും കാലാവസ്ഥയെയും അല്ല വിശ്വാസത്തെയാണ് പ്രധാനമായും വലംവെക്കുന്നത് എന്ന അന്ധവിശ്വാസം പുലർത്തിയിരുനവരായിരുന്നു അറബികൾ. അതുകൊണ്ടാണ് മാരണം തുടങ്ങിയ ചികിത്സാമുറകൾ വ്യാപകമായത്. ഒരു പാട് ഔഷധങ്ങൾ ഉള്ള കാലവുമായിരുന്നില്ല അത്. പ്രധാനമായും യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കുന്നവർക്ക് എൽക്കുന്ന ഗുരുതരമായ മുറിവുകൾ ചികിത്സിക്കുകയായിരുന്നു അന്ന് വേണ്ടിയിരുന്നത്. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവർ ഗുരുതരമായ ആഴമുള്ള മുറിവുകൾ ഉള്ളവരായിരുന്നു. ഈ മുറിവുകളെ കൂട്ടുക, ഉണക്കിയെടുക്കുക തുടങ്ങിയവക്കുവേണ്ട ചികിത്സകളാണ് വേണ്ടിയിരുന്നത്. റുഫൈദ(റ)യും അതാണ് പ്രധാനമായും ചെയ്തിരുന്നത് എന്നു മനസ്സിലാക്കാം. ഖന്തക്ക് യുദ്ധത്തിൽ കയ്യിൽ അമ്പ് തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റ സഅദ്(റ)വിന്റെ മുറിവ് കൂട്ടാനായിരുന്നു അവരുടെ ശ്രമം എന്ന് ആ കഥ പറയുന്ന ഹദീസുകളിൽ വ്യക്തമാണ്.



ചില പച്ചില മരുന്നുകൾക്ക് പുറമെ ചൂട് വെയ്പ്പ് എന്ന ചികിത്സാ മുറയായിരുന്നു അവർ ചെയ്തിരുന്നത്. ഇരുമ്പിന്റെ ആയുധമോ മറ്റോ പഴുപ്പിച്ച് മുറിവായിൽ വെച്ച് തൊലി ഒട്ടിച്ചെടുക്കുന്ന വിദ്യയാണ് ചൂടുവെക്കൽ. കടുത്ത വേദന അനുഭപ്പെടുന്ന ഒരു രീതിയാണിത്. അങ്ങനെ ഒട്ടിച്ചെടുക്കുന്ന ഭാഗം പഴുക്കാതിരിക്കുവാൻ പച്ചില മരുന്നുകൾ പ്രയോഗിക്കും. ഇങ്ങനെയാണ് സഅ്ദ്(റ) വിനെയും അവർ ചികിത്സിച്ചത്. അത് തുടക്കത്തിൽ വിജയിച്ചു. കയ്യിൽ തറച്ച അമ്പ് ഊരിയെടുക്കുവാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അതിനാൽ അമ്പ് എടുക്കാതെ മുറിവ് കൂട്ടാൻ ശ്രമിക്കേണ്ടിവന്നു. പക്ഷെ, ഏതാനും ദിവസങ്ങൾക്കകം ഒട്ടിയ മുറി വീണ്ടും പിളർന്നു പൊട്ടുകയും രക്തം വമിക്കുകയും ചെയ്തു. അതോടെ ചികിത്സ കൈവിടുകയും അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. ഇതായിരുന്നു അവരുടെ ചികിത്സാ രീതി എന്നു പറയുമ്പോൾ അവരെ ആദ്യത്തെ സർജൻ കൂടിയായി കാണേണ്ടിവരും നമ്മൾ.



സ്വന്തം വീട്ടിൽ വെച്ചുതന്നെയായിരുന്നു റുഫൈദ(റ) ചികിത്സനടത്തിയിരുന്നത്. എന്നാൽ യുദ്ധങ്ങളോ മറ്റോ ഉണ്ടായാൽ അതിനു സമീപത്തായി താൽക്കാലിക ടെന്റുകൾ ഉണ്ടാക്കി അതിൽ സേവനനിരതയാവുകയായിരുന്നു അവർ. ഈ യുദ്ധങ്ങളിൽ ലഭിക്കുന്ന യുദ്ധമുതലുകളിൽ ഒരു ഓഹരി നബി(സ) അവർക്കും നൽകാറുണ്ടായിരുന്നു എന്നതിൽ നിന്നും നബി(സ) ഈ സേവനത്തിനു നൽകിയ പിന്തുണ ഗ്രഹിക്കാം. തന്റെ അറിവും കഴിവു മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് അതിലേറെ വലിയ ഒരു കാര്യമാണ്. തന്റെ അറിവുകൾ തനിക്കു ശേഷവും നിലനിൽക്കണമെന്ന് ആശിക്കുന്നവരേ ഇതിന് തയ്യാറാകൂ. ഒരു നല്ല സ്വഹാബീ വനിത എന്ന നിലക്ക് റുഫൈദ(റ) ഈ മനസ്ഥിതി ഉള്ള ആളായിരുന്നു. അവർ പ്രമുഖ സ്വഹാബീ വനിതകൾക്ക് തനിക്കറിയുന്ന ചികിത്സകൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. ആയിഷ(റ) അടക്കമുള്ളവർ ആ ഭാഗ്യം ലഭിച്ചവരിൽ പെടും. ഈ സ്വഹാബി ത്യാഗിവര്യയെ കുറിച്ചുള്ള നമ്മുടെ അഭിമാനം ഉയർത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് ചികിത്സകൾക്ക് അവർ പ്രതിഫലം വാങ്ങുമായിരുന്നില്ല എന്നതും അതിനു പുറമെ സ്വന്തം ചെലവിലാണ് ഇത് നടത്തിയിരുന്നത് എന്നുമാണ്.



എവിടെയൊക്കെയോ പിണഞ്ഞ അശ്രദ്ധകളായിരിക്കാം ഇത്തരമൊരു വ്യക്തിത്വത്തെ പൊതുശ്രദ്ധയിൽ നിന്ന് മറച്ചുപിടിച്ചത്. എന്നാൽ അതിനർഥം ആധുനികലോകം റുഫൈദയെ പാടേ വിസ്മരിച്ചു എന്നൊന്നുമല്ല. കാരണം, അയര്‍ലന്റ്, സൗദി അറേബ്യ, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളെങ്കിലും ആതുര ശുശ്രൂഷാരംഗത്തെ മികച്ച സേവനങ്ങള്‍ക്ക് റുഫൈദയുടെ പേരില്‍, വര്‍ഷാവര്‍ഷം പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നുണ്ട്.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso