Thoughts & Arts
Image

റുഫൈദത്തുൽ അസ്‌ലമിയ്യ(റ)

23-05-2022

Web Design

15 Comments






ഹിജ്റ അഞ്ചാം വർഷം. ഖുറൈശികൾ വീണ്ടുമൊരിക്കല്‍ കൂടി പടക്കൊരുങ്ങുകയാണ്. ബദ്റിലും ഉഹ്ദിലും ഏറ്റ കനത്ത മാനക്കേടിനും പരാജയത്തിനും പകരം ചോദിക്കാനുള്ള ത്വരക്ക് പുറമെ അവർക്ക് പ്രതീക്ഷ നൽകുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. അത് മദീനയുടെ ഉള്ളിൽ ഒരു വിള്ളൽ വീണിട്ടുണ്ട് എന്ന അവരുടെ തോന്നലാണ്. മദീനയിലെ ജൂതൻമാരാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. കാരണം ഈ സമയത്തിനകം മദീനയിലെ രണ്ട് ജൂതഗോത്രങ്ങള്‍ക്കെതിരെ മുസ്‌ലിംകള്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ന്യായമായ കാരണങ്ങളാല്‍ ബദ്ര്‍ യുദ്ധം കഴിഞ്ഞ് അവരിലെ ബനൂഖൈനഖാഇനെയും ഉഹ്ദ് യുദ്ധം കഴിഞ്ഞ് ബനുന്നളീറിനെയും മദീനയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ ബനുന്നളീര്‍ എന്ന ജൂതഗോത്രം വളരെ സമ്പന്നരായിരുന്നു. മദീനയില്‍നിന്ന് പുറത്താക്കപ്പെട്ടശേഷം അവര്‍ കുടിയേറിയത് ഖൈബറിലേക്കായിരുന്നു. മദീനയുടെ വടക്ക് ഏതാണ്ട് 200 കിലോമീറ്റർ വഴിദൂരമുണ്ട് ഖൈബറിലേക്ക്. പണത്തിന്റെ ബലത്തില്‍ മുസ്‌ലിംകളോട് പ്രതികാരം ചെയ്യാമെന്ന് ബനുന്നളീര്‍ കണക്ക് കൂട്ടി പ്രതികാരത്തിന് കാത്തുനിൽക്കുകയായിരുന്നു. നേരിട്ട് ഇറങ്ങാതെ പിൻവാതിൽ സഹായം ചെയ്തു കൊടുത്ത് മറ്റുള്ളവരെ കൊണ്ട് ആക്രമിപ്പിക്കുകയായിരുന്നു അവരുടെ പരിപാടി. നിങ്ങൾ മദീനയെ ആക്രമിച്ചാല്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ഈ ഗോത്രം മക്കക്കാരെ അറിയിക്കുകയും ചെയ്തു. മക്കന്‍ സൈന്യത്തോടൊപ്പം ചേരുന്ന ഏത് ഗോത്രത്തിനും നിര്‍ലോഭം സാമ്പത്തിക സഹായം നല്‍കുമെന്നും അവര്‍ പ്രഖ്യാപിച്ചു. അത്തരം ഗോത്രങ്ങള്‍ക്ക് ഖൈബറില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ കാരക്കയും കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.
ചുരുക്കിപ്പറഞ്ഞാല്‍, ഇത്തരം ഗോത്രങ്ങളെല്ലാം ചേര്‍ന്നപ്പോള്‍ മദീനയെ ആക്രമിക്കാനായി ഏതാണ്ട് പന്ത്രണ്ടായിരം വരുന്ന സൈന്യം അണിനിരന്നു.



ശത്രുക്കള പടപ്പുറപ്പാടിനെക്കുറിച്ച് പ്രവാചകന് രഹസ്യവിവരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു. മദീനാ നഗരത്തിന് പുറത്ത് പോകാതെ അകത്ത് നിന്നുകൊണ്ട് തന്നെ ശത്രുക്കളെ നേരിടാനാണ് പ്രവാചകന്‍ തീരുമാനിച്ചത്. ഉഹ്ദില്‍ ചെയ്തത് പോലെ നഗരത്തിന് പുറത്ത്‌പോയി യുദ്ധം ചെയ്യണമെന്ന് അനുയായികളിലാരും വാശി പിടിച്ചതുമില്ല. പക്ഷെ, സാഹചര്യങ്ങൾ നന്നായി വിലയിരുത്തിയപ്പോൾ ഒരു വലിയ പ്രശ്നം അവരെ അലട്ടി. പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വലിയ സേനയെ നേരിടാൻ ആകെയുളളത് 1500 പേര്‍ മാത്രം. ശത്രുവിന്റെ ആള്‍ബലലും സാമ്പത്തിക ബലവും സത്യത്തിൽ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. എന്തെങ്കിലും ഒരു ഉപായം കണ്ടെത്തുവാൻ നിർബന്ധിക്കുകയായിരുന്നു സാഹചര്യം. അപ്പോഴാണ് സല്‍മാനുല്‍ ഫാരിസി(റ) ഒരു നിര്‍ദേശം വെച്ചത്. മദീന നഗരത്തിന് ചുറ്റും കിടങ്ങ് കുഴിക്കാം. പകലോ രാത്രിയോ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തെ തടുക്കാന്‍ അത് ഉതകും. കിടങ്ങ് (ഖന്‍ദഖ്) കുഴിച്ചുള്ള ഈ യുദ്ധമുറ പേര്‍ഷ്യക്കാരുടേതാണ്. അറബികള്‍ക്ക് ഈ യുദ്ധതന്ത്രം ഒട്ടും അറിഞ്ഞുകൂടാ.



വളരെ സാഹസപ്പെട്ട് അവർ കിടങ്ങിന്റെ നിർമ്മാണം പൂർത്തിയാക്കി. എത്ര വേഗതയില്‍ കുതിച്ച് വരുന്ന കുതിരക്കും മുറിച്ച് കടക്കാന്‍ കഴിയാത്തത്ര വീതിയുണ്ടായിരുന്നു കിടങ്ങിന്. അതില്‍ വീഴുന്ന ഒരാള്‍ക്ക് പരസഹായമില്ലാതെ അതില്‍നിന്ന് പുറത്ത് കടക്കാനും കഴിയാത്ത അത്ര ആഴവും അതിനുണ്ടായിരുന്നു. കിടങ്ങ് കണ്ട് അമ്പരന്ന ശത്രു സേന ആഴ്ചകളോളം തമ്പടിച്ച് നിന്നു. അവരുടെ ഭക്ഷണവും മറ്റും തീര്‍ന്നു തുടങ്ങിയിരുന്നു. അവര്‍ ഖൈബറില്‍നിന്ന് സഹായം ആവശ്യപ്പെട്ടു. പക്ഷേ ഖൈബറില്‍ നിന്ന് സഹായമെത്തുന്നത് മുസ്‌ലിംകള്‍ സമര്‍ഥമായി തടഞ്ഞിരുന്നു. പക്ഷെ, പിൾ മാറാൻ അവർക്ക് മനസ്സില്ലായിരുന്നു. ഗത്ഫാൻ ഗോത്രക്കാരായിരുന്നു ശത്രുസേനയിലെ ഭുരിപക്ഷവും കരുത്തരും. ഉപരോധം നീളുന്നതു കണ്ട നബി(സ) ഒരുവേള ആലോചിച്ചു. ഗത്ഫാൻ ഗോത്രക്കാരെ എങ്ങനെയെങ്കിലും യുദ്ധമുഖത്തു നിന്ന് മാറ്റിയാൽ യുദ്ധം അവസാനിച്ചേക്കും എന്ന്. അതനുസരിച്ച് അവിടുന്ന് ഗത്ഫാൻ ഗോത്രനേതാക്കളോട് യുദ്ധത്തിൽ നിന്നു പിന്മാറാൻ ആവശ്യപ്പെട്ടു. അതിനു പ്രതിഫലമായി മദീനയുടെ ഭക്ഷ്യ ഉൽപന്നങ്ങളിൽ നിന്നു നല്ലൊരു വിഹിതം നൽകാമെന്നുമറിയിച്ചു. ഗത്ഫാൻകാർ ഇതംഗീകരിച്ചു. യുദ്ധത്തിൽ നിന്നു പിന്തിരിയാൻ തയ്യാറായി.



അനന്തരം നബി(സ) തന്റെ അനുചരവൃന്ദത്തെ വിളിച്ചുവരുത്തി ഗത്ഫാൻകാരുമായി നടന്ന സംഭാഷണവും തീരുമാനവും വിശദീകരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു: ശത്രുസേനയുടെ കടന്നാക്രമണത്തിൽ നിന്നു നമ്മുടെ നാടിനെ സംരക്ഷിക്കുക എന്നത് മാത്രമാണ് ഇത്തരമൊരു തീരുമാനം കൊണ്ട് ഞാനുദ്ദേശിക്കുന്നത്. ഇതു കേട്ടതും സഅ്ദുബ്നു മുആദ്(റ) ചോദിച്ചു: നബിയേ, ഇത് അങ്ങയുടെ സ്വന്തം തീരുമാനമാണോ, അല്ലാഹുവിന്റെ കൽപനയാണോ? നബി(സ) പറഞ്ഞു: അല്ല, അറബികൾ മുഴുവനും നിങ്ങൾക്കെതിരെ ഒരേ ആവനാഴിയിൽ നിന്നുള്ള അമ്പുകൾ പോലെ പുറപ്പെട്ടിരിക്കുന്നു. അവരുടെ പ്രതാപം നശിപ്പിക്കാൻ വേണ്ടി എന്റെ അഭിപ്രായമനുസരിച്ച് ഞാനെടുത്ത തീരുമാനമാകുന്നു ഇത്. സഅ്ദ്(റ) പറഞ്ഞു:
യാ റസൂലല്ലാഹ്, ഞങ്ങളും അവരും ബിംബാരാധകരും ബഹുദൈവ വിശ്വാസികളുമായിരുന്നു. മുമ്പ് ഞങ്ങൾ ലോക രക്ഷിതാവായ അല്ലാഹുവിനെ അറിയുകയോ ആരാധിക്കുകയോ ചെയ്തിരുന്നില്ല. അക്കാലത്ത് പോലും ഞങ്ങളുടെ അതിഥികളെന്ന നിലയിലല്ലാതെ മദീനയിലെ ഒരു ചുള ഈത്തപ്പഴം അവർ ഭക്ഷിച്ചിട്ടില്ല. എന്നാൽ ഇന്ന് അല്ലാഹു ഞങ്ങളെ സത്യവിശ്വാസം കൊണ്ട് ആദരിക്കുകയും സന്മാർഗത്തിലാക്കുകയും അങ്ങ് മുഖേന ഉന്നത സ്ഥാനത്തെത്തിക്കുകയും ചെയ്ത ശേഷം ഞങ്ങളുടെ വിഭവങ്ങൾ അവർക്ക് അനുഭവിക്കാൻ അവസരം ലഭിക്കുകയോ? കരുണാമയനായ റബ്ബാണ് സത്യം, അതിന് യാതൊരനിവാര്യതയും ഞങ്ങൾ കാണുന്നില്ല. യാ ഹബീബല്ലാഹ്, അവർക്ക് ഈ വാളല്ലാതെ മറ്റൊന്നും ഞങ്ങളിലില്ല. കാരുണ്യവാൻ ഞങ്ങൾക്കിടയിൽ വിധിച്ചതെന്തോ അതു നടക്കട്ടെ… സഅ്ദ്(റ) പറഞ്ഞു.
തന്റെ അനുചരന്റെ ദൃഢമായ അഭിപ്രായം മാനിച്ച് സ്വന്തം അഭിപ്രായത്തിൽ നിന്ന് തിരുനബി(സ) പിന്തിരിയുകയും വിവരം ഗത്ഫാൻ ഗോത്ര പ്രമുഖരെ അറിയിക്കുകയും ചെയ്തു. ഇത്രയും ആവേശ ഭരിതമായിരുന്നു ഇസ്ലാമിക നിര.



ഒടുവില്‍ നിരാശരായി മദീന ഉപരോധത്തില്‍നിന്ന് പിന്തിരിയാന്‍ തന്നെ ഖുറൈശികള്‍ തീരുമാനിച്ചു. പക്ഷെ, ഇതിനിടയിൽ ഏറെ ദുഖകരമായ ഒരു സംഭവം ഉണ്ടായി. നബി(സ)യേയും സ്വഹാബിമാരെയും പിടിച്ചുലച്ച സംഭവമായിരുന്നു അത്. മദീനയുടെ നേതാവും നബി(സ) യുടെ കണ്ണിലുണ്ണിയുമായിരുന്ന സഅ്ദ്(റ) വാളും കുന്തവുമെടുത്ത് പടക്കളത്തിൽ റോന്ത് ചുറ്റുമ്പോൾ ശത്രുപക്ഷത്തുനിന്ന് കുതിച്ചുവന്ന ഒരു ശരം അദ്ദേഹത്തിന്റെ കൈയിൽ തുളച്ചുകയറി. ബനൂ മഖ്സൂമുകാരുടെ സഖ്യകക്ഷിയിൽ പെട്ട അബൂ ഉസാമ അൽ ജശ്മി എന്നയാളായിരുന്നു മദീനയുടെ ഈ പ്രധാനിക്കു നേരെ അമ്പു തൊടുത്തത്. രക്തം ചീറ്റി.
അവശനായ അദ്ദേഹത്തെ തിരുകൽപന പ്രകാരം പള്ളിയുടെ ചാരെയുള്ള ഒരു കൂടാരത്തിലേക്ക് മാറ്റി. യുദ്ധക്കളത്തിൽ ഗുരുതരമായി മുറിവേൽക്കുന്നവരെ ചികിത്സിക്കുവാൻ താൽക്കാലികമായി ഉയർത്തിയതായിരുന്നു ആ കൂടാരം. അത് പള്ളിയുടെ ചാരത്തായിരുന്നു. സഅ്ദ്(റ)വിനെ നബി(സ)ക്ക് എപ്പോഴും വന്നു കാണാനുള്ള സൗകര്യം കൂടി പരിഗണിച്ചായിരുന്നു അത്.



ആതുര സേവനത്തിലെ ആദ്യക്കാരി



ആശുപത്രികളും മറ്റും ഉള്ള കാലമായിരുന്നില്ല അത്. ചികിത്സിക്കുന്നവരും അതറിയുന്നവരും അതിന് സന്നദ്ധരാകുന്നവരും നന്നേ കുറവ്. അവിടെയാണ് നബി(സ)യുടെ പള്ളിക്കു മുമ്പിൽ ഒരു താൽക്കാലിക ആശുപത്രി ഉയർന്നു നിൽക്കുന്നത്. ഏതോ പഴകിയ തുണികൾ കൊണ്ടും കരിമ്പടങ്ങൾ കൊണ്ടും കെട്ടിയുണ്ടാക്കിയ ആ തീപ്രപരിചരണ വിഭാഗത്തിലെ ശുശ്രൂഷകയെയാണ് നമുക്ക് പരിചയപ്പെടാനുള്ളത്. നമുക്കവരെ റുഫൈദ എന്നു വിളിക്കാം. അവരുടെ പേര് കുഐബ എന്നായിരുന്നു എന്നൊരു ചരിത്ര വായനയുണ്ട്. ബനൂ അസ്ലമിലെ സഅ്ദ് എന്നയാളുടെ മകളാണ് അവർ. അവരാണ് ഈ തമ്പിനുള്ളിൽ രോഗികളെ ചികിത്സിക്കുന്നത്. ആതുര സേവന രംഗത്തെ ആദ്യക്കാരനും ആദ്യക്കാരിയും ആരാണ് എന്ന ചർച്ചകൾ പലയിടങ്ങളിലും സജീവമാണ് എങ്കിലും ഇസ്ലാമിക സംസ്കൃതി ആധികാരികമായി ലോകത്തിന് മുമ്പിൽ വെക്കുന്ന ചരിത്രത്തിൽ ഈ സേവന മേഖലയിലെ ആദ്യക്കാരി റുഫൈദത്തുൽ അസ്ലമിയ്യ എന്ന സ്വഹാബീ മഹിളാരത്നമാണ്. ഈ മഹതിയിലേക്ക് കടന്നുവരാൻ നാം ഉദ്ധരിച്ച ഖന്തക്ക് യുദ്ധത്തിന്റെ ചരിത്ര വരികൾക്കിടയിൽ നിന്നാണ് നാം ഇവരെ പരിചയപ്പെടുന്നത്.



ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി(റ) തന്റെ അൽ ഇസ്വാബയിൽ വ്യക്തമായി ഇവരുടെ ഖൈമയെ വിവരിക്കുന്നുണ്ട്. ഈ സംഭവം അതിന്റെ സൂക്ഷ്മതയോടെ ഇമാം ദഹബി(റ) തന്റെ സിയറു അഅ്ലാമിന്നുബലാഇലും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവ്വിഷയകമായ പണ്ഡിത ചർച്ചകളിൽ നിന്ന് മനസ്സിലാകുന്നത് റുഫൈദ(റ) മദീനയിലെ ഏത് രോഗികളെയും ചികിത്സിക്കുന്ന ഒരു ഭിഷഗ്വര തന്നെയായിരുന്നു എന്നാണ്. മദീനാ പളളിയുടെ അടുത്ത് ഉണ്ടായിരുന്ന ഈ ഖൈമ ഖന്തക്ക് യുദ്ധത്തിനു വേണ്ടി തൽക്കാലികമായി ഉണ്ടാക്കിയതായിരുന്നു എന്ന് ചിലർ അനുമാനിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് അത് നിരാലംബരായവർക്കു വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു സ്ഥിരം സംവിധാനമായിരുന്നു എന്നാണ്. ആരോരുമില്ലാത്ത രോഗികളെയാണ് അവിടെ ചികിത്സിച്ചിരുന്നത്. അപ്പോൾ എല്ലാവരുമുള്ള സഅ്ദ്(റ)വിനെ അവിടെ ചികിത്സിച്ചിരുന്നതോ എന്ന ചോദ്യത്തിനുള്ള മറുപടി അത് നബി(സ)ക്ക് എപ്പോഴും അദ്ദേഹത്തെ കാണുവാനുള്ള സൗകര്യം പരിഗണിച്ചായിരുന്നു എന്നാണ്.



റുഫൈദ(റ)ക്ക് ആതുര ശുശ്രൂഷയുടെ പാഠങ്ങളും മനസ്സും പകർന്നു കിട്ടിയത് സ്വന്തം പിതാവായ സഅ്ദ് അസ്ലമിയിൽ നിന്നാണ് എന്നാണ് ചരിത്രം. ജാഹിലിയ്യാ യുഗത്തിൽ മദീനയിലെ ഏറ്റവും അറിയപ്പെടുന്ന ചികിത്സകനായിരുന്നു റുഫൈദയുടെ ഉപ്പ. ജാഹിലിയ്യാ കാലത്ത് പക്ഷെ ഒരു തരം നൈതികതയും ഇല്ലാത്തതിനാൽ സഅ്ദിന്റെ ചികിത്സയിൽ എല്ലാതരം വേണ്ടതും വേണ്ടാത്തതും ഉണ്ടായിരുന്നു. മാരണവിദ്യ മുതൽ എല്ലാം അതിൽ ഉൾപ്പെടുമായിരുന്നു. പിതാവിൽ നിന്ന് എല്ലാ വിദ്യയും പഠിച്ച് ഉപ്പയേക്കാൾ മിടുക്കിയാവേണ്ടതായിരുന്നു മകൾ. പക്ഷെ, ഈ മഹതിയുടെ നിയോഗം മറ്റൊന്നായിരുന്നു. പ്രവാചകന്റെ ദൂതുമായി മിസ്‌അബ് ബിൻ ഉമൈർ(റ) യസ്‌രിബിൽ വന്നുചേർന്നതും പുതിയ ആദർശത്തിന്റെ കുന്തിരിക്കം പുകയാൻ തുടങ്ങിയതും അവർ ആ സുഗന്ധത്തിലേക്ക് ചേർന്നു നിന്നു. അവർ മുസ്ലിമായി. അതുകൊണ്ട് അവരും അവരുടെ ചികിത്സയും ജീവിതവും നൻമയുടെ സമർപ്പണമായി മാറി.



സേവനത്തിന്റെ അർഥതലങ്ങൾ



ഇസ്ലാമിലെത്തിയതും അവരുടെ മനസ്സ് ജ്വലിച്ചു തുടങ്ങി. കാരണം സേവനങ്ങൾക്ക് ഇസ്ലാം നൽകുന്ന പ്രചോദനം അത്ര വലുതാണ്. മറ്റുള്ളവരെ സഹായിക്കുക എന്നത് ഇസ്ലാമിന്റെ പ്രധാന വികാരമാണ്. ഒരാൾ മറ്റൊരാളെ സഹായിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അയാളെ സഹായിച്ചു കൊണ്ടിരിക്കും എന്നാണ് തത്വം. അല്ലാഹുവിന്റെ ആ സഹായത്തിലുള്ള പ്രതീക്ഷയാണ് സേവകരുടെ മനസ്സുണർത്തുന്ന ഘടകം. അചിന്തനീയമായ മഹത്വമാണ് സേവനങ്ങൾക്ക് ഇസ്ലാം കൽപ്പിക്കുന്നത്. ഇമാം ത്വബറാനി ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ) ഇങ്ങനെ പറയുന്നതായി കാണാം: മറ്റൊരാളുടെ ഒരു ആവശ്യത്തിനു വേണ്ടി പുറപ്പെട്ടു പോകുന്നത് എന്റെ ഈ പളളിയിൽ ഒരു മാസക്കാലം ഭജനമിരിക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടതാണ്. സഹായിക്കപ്പെടേണ്ടവരുടെ കാര്യത്തിൽ അയാളുടെ സാഹചര്യവും ആവശ്യവുമല്ലാതെ മറ്റൊന്നും പരിഗണിക്കേണ്ടതില്ല എന്നാണ് നബി പഠിപ്പിച്ചത്. അക്രമിയാണ് എങ്കിലും ഇരയാണ് എങ്കിലും നിന്റെ സഹോദരനെ നീ സഹായിക്കുക എന്നാണ് നബിയുടെ കൽപ്പന. ഈ നിലപാടുകളെല്ലാം റുഫൈദത്തുൽ അസ്‌ലമിയ്യയെ തന്റെ മേഖലയിൽ സജീവമാക്കി നിറുത്തി.



വൈദ്യശാസ്ത്രം ഒരു പാട് വികാസം പ്രാപിച്ച കാലമൊന്നുമായിരുന്നില്ല അത്. ലോകത്തിന്റെ പല ഭാഗങ്ങളിലും അത് തെല്ല് വികാസം പ്രാപിച്ചിരുന്നു എങ്കിലും അറേബ്യയിൽ അത് ഏറെ പുറകിലായിരുന്നു. രോഗങ്ങളുടെ കാരണങ്ങളെ പറ്റിയുള്ള തെറ്റായ ധാരണകളായിരുന്നു അതിന്റെ പിന്നിലെ പ്രധാന കാരണം. രോഗങ്ങൾ ശരീരത്തെയും പ്രകൃതിയെയും കാലാവസ്ഥയെയും അല്ല വിശ്വാസത്തെയാണ് പ്രധാനമായും വലം വെച്ചിരുന്നത്. അതുകൊണ്ടാണ് മാരണം തുടങ്ങിയ ചികിത്സാമുറകൾ വ്യാപകമായത്. ഒരു പാട് ഔഷധങ്ങൾ ഉള്ള കാലവുമായിരുന്നില്ല അത്. പ്രധാനമായും യുദ്ധങ്ങളിലും കലാപങ്ങളിലും പങ്കെടുക്കുന്നവർക്ക് എൽക്കുന്ന ഗുരുതരമായ മുറിവുകൾ ചികിത്സിക്കുകയായിരുന്നു അന്ന് വേണ്ടിയിരുന്നത്. മരണത്തിൽ നിന്നും രക്ഷപ്പെടുന്നവർ ഗുരുതരമായ ആഴമുള്ള മുറിവുകൾ ഉള്ളവരായിരുന്നു. ഈ മുറിവുകളെ കൂട്ടുക, ഉണക്കിയെടുക്കുക തുടങ്ങിയവക്കുവേണ്ട ചികിത്സകളാണ് വേണ്ടിയിരുന്നത്. റുഫൈദ(റ) അതാണ് പ്രധാനമായും ചെയ്തിരുന്നത് എന്നു മനസ്സിലാക്കാം. നേരത്തെ പറഞ്ഞ സഅദ്(റ) വിന്റെ മുറിവ് കൂട്ടാനായിരുന്നു അവരുടെ ശ്രമം. ചില പച്ചില മരുന്നുകൾക്ക് പുറമെ ചൂട് വെയ്പ്പ് എന്ന ചികിത്സാ മുറയായിരുന്നു അവർ ചെയ്തിരുന്നത്.



ഇരുമ്പിന്റെ ആയുധമോ മറ്റോ പഴുപ്പിച്ച് മുറിവായിൽ വെച്ച് തൊലി ഒട്ടിച്ചെടുക്കുന്ന വിദ്യയാണ് ചൂടുവെക്കൽ. കടുത്ത വേദന അനുഭപ്പെടുന്ന ഒരു രീതിയാണിത്. അങ്ങനെ ഒട്ടിച്ചെടുക്കുന്ന ഭാഗം പഴുക്കാതിരിക്കുവാൻ പച്ചില മരുന്നുകൾ പ്രയോഗിക്കും. ഇങ്ങനെയാണ് സഅ്ദ്(റ) വിനെയും അവർ ചികിത്സിച്ചത്. അത് തുടക്കത്തിൽ വിജയിച്ചു. കയ്യിൽ തറച്ച അമ്പ് ഊരിയെടുക്കുവാൻ പറ്റാത്ത വിധത്തിലുള്ളതായിരുന്നു. അതിനാൽ അമ്പ് എടുക്കാതെ മുറിവ് കൂട്ടാൻ ശ്രമിക്കേണ്ടി വന്നു. പക്ഷെ, ഏതാനും ദിവസങ്ങൾക്കകം ഒട്ടിയ മുറി വീണ്ടും പിളർന്നു പൊട്ടുകയും രക്തം വമിക്കുകയും ചെയ്തു. അതോടെ ചികിത്സ കൈവിടുകയും അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തു. മദീനയെ വേദനയിൽ കുതിർത്ത സംഭവമായിരുന്നു അത്. അന്ന് അല്ലാഹുവിന്റെ ദൈവിക സിംഹാസനം തന്നെ കിടുങ്ങിപ്പോയി എന്ന് നബി(സ) പറഞ്ഞു. ഇതായിരുന്നു അവരുടെ ചികിത്സാ രീതി എന്നു പറയുമ്പോൾ അവരെ ആദ്യത്തെ സർജൻ കൂടിയായി കാണേണ്ടിവരും നമ്മൾ.



വീട്ടിൽ വെച്ചുതന്നെയായിരുന്നു റുഫൈദ(റ) ചികിത്സനടത്തിയിരുന്നത്. എന്നാൽ യുദ്ധങ്ങളോ മറ്റോ ഉണ്ടായാൽ അതിനു സമീപത്തായി താൽക്കാലിക ടെന്റുകൾ ഉണ്ടാക്കി അതിൽ സേവനനിരതയാവുകയായിരുന്നു അവർ. ഖന്തക്കിലേതു പോലെ ഹിജ്റ ഏഴിൽ നടന്ന ഖൈബർ യുദ്ധഭൂമിയിലും അവരുടെ ആതുര സേവനം ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. ബദർ, ഉഹദ് യുദ്ധങ്ങളിലും അവരുടെ സേവനമുണ്ടായിരുന്നു എന്ന് ചില പ്രധാന ചരിത്രകാരൻമാർ പറയുന്നുണ്ട്. ബദറിൽ കാര്യമായ ഏറ്റുമുട്ടൽ നടന്നിട്ടില്ല. അന്ന് മലക്കുകളായിരുന്നുവല്ലോ പ്രധാനമായും യുദ്ധം ചെയ്തിരുന്നത്. എങ്കിലും ചിലർക്കെല്ലാം ചെറിയ മുറിവുകൾ പറ്റിയിരുന്നു. ഉഹദിൽ പക്ഷെ, ഗുരുതര മുറിവുകൾ പറ്റിയവർ ധാരാളമായിരുന്നു. അവരെയെല്ലാം ഇതേ സ്വഹാബീ വനിതയായിരുന്നു ചികിത്സിച്ചത് എന്നും അതും മദീനാ പള്ളിയുടെ സമീപത്തുണ്ടാക്കിയ ടെന്റിൽ വെച്ചായിരുന്നു എന്നും ആ ചരിത്രങ്ങൾ പറയുന്നു. ഈ യുദ്ധങ്ങളിൽ ലഭിക്കുന്ന യുദ്ധമുതലുകളിൽ ഒരു ഓഹരി നബി(സ) അവർക്കും നൽകാറുണ്ടായിരുന്നു. ഖൈബറിൽ അവർക്ക് ലഭിച്ചത് ഒരു പുരുഷന്റേതിനു സമാനമായ ഓഹരിയായിരുന്നു.



തന്റെ അറിവും കഴിവു മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് അതിലേറെ വലിയ ഒരു കാര്യമാണ്. സേവനം എന്ന മനസ്ഥിതി പുലർത്തുകയും തന്റെ അറിവുകൾ തനിക്കു ശേഷവും നിലനിൽക്കണമെന്ന് ആശിക്കുകയും ചെയ്യുന്നവരേ ഇതിന് തയ്യാറാകൂ. ഒരു നല്ല സ്വഹാബീ വനിത എന്ന നിലക്ക് റുഫൈദ(റ) ഈ മനസ്ഥിതി ഉള്ള ആളായിരുന്നു. അവർ പ്രമുഖ സ്വഹാബീ വനിതകൾക്ക് തനിക്കറിയുന്ന ചികിത്സകൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. ആയിഷ(റ) അടക്കമുള്ളവർ ആ ഭാഗ്യം ലഭിച്ചവരിൽ പെടും. ഈ സ്വഹാബി ത്യാഗിവര്യയെ കുറിച്ചുള്ള നമ്മുടെ അഭിമാനം ഉയർത്തുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അത് ചികിത്സകൾക്ക് അവർ പ്രതിഫലം വാങ്ങുമായിരുന്നില്ല എന്നതും അതിനു പുറമെ സ്വന്തം ചെലവിലാണ് ഇത് നടത്തിയിരുന്നത് എന്നുമാണ്.



ഇത്തരം മനസ്ഥിതി ഉള്ളവർ സ്വഹാബി വനിതകളിൽ ഏറെയുണ്ടായിരുന്നു. പക്ഷെ, അവർക്കെല്ലാം ഈ മേഖലയിൽ മുന്നോട്ട് പോകുവാൻ ഉണ്ടായിരുന്ന പ്രയാസം തങ്ങൾക്ക് ഈ മേഖലയിലൂടെ പോകുമ്പോൾ പുരുഷൻമാരുമായി കൂടുതൽ ഇടപഴകേണ്ടി വരുന്നതിലെ പ്രയാസമാണ്. കാര്യമായി ചികിത്സിക്കാനണ്ടാവുക യോദ്ധാക്കളെയാണ്. ഇത്തരം ഇടപഴകലുകൾ തികച്ചും അനുവദനീയമാണ് എങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ട്. ഇസ്‌ലാമിക വികാരത്തിൽ സർവ്വസംഗ പരിത്യാഗികളായി സച്ചരിതകളായി ജീവിക്കാൻ വെമ്പുന്ന അവർ അതിനാൽ അകന്നു നിൽക്കുകയായിരുന്നു. എങ്കിലും നിരവധി സന്നദ്ധ സേവികമാർ അവിടെ ഉണ്ടായിട്ടുണ്ട്. ഉമ്മു അമ്മാറ, ഉമ്മു അത്വിയ്യ, റബയ്യിഅ് ബിൻതു മസ്ഊദ്, ഉമ്മു സുലൈം ബിൻ തു മൽഹാൻ(റ) തുടങ്ങിയവർ അവരിലെ പ്രധാനികളാണ്.






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso