ഖുർആൻ സൃഷ്ടി വിവാദം
25-05-2022
Web Design
15 Comments
ഖുർആൻ ഇറങ്ങിയ കാലത്തിന്റെ സാക്ഷികളായ അറബ് ജനതയുടെ സാംസ്കാരിക നായകൻമാരുടെ ഈ തിരിച്ചറിവുകളാന്നും ആ സമൂഹത്തിൽ പ്രതിഫലിച്ചില്ല എന്നതാണ് സങ്കടം. കാരണം സമൂഹത്തിന്റെ പൊതു മൊത്തക്കുത്തക കയ്യാളിയിരുന്നവർ ചിന്താശൂന്യരും അസൂയക്കാരും പിടിവാശിക്കാരുമായിരുന്നു. അവർ ഖുർആനിനോ റസൂലിനോ മുസ്ലിം നാഗരികതക്കോ അനുകൂലമോ അനുഗുണമോ ആയ ഒന്നും പുറത്തുവരാതിരിക്കാനും വളരാതിരിക്കുവാനും ശ്രമിച്ചു. അന്ധമായ ഈ വിരോധം ചരിത്രത്തിലുടനീളം എന്നും ഇന്നത്തെ കാലത്തും ഇതേപോലെ നിലനിൽക്കുന്നു. ഇത് ലോകത്തിന്റെ പച്ചയായ അനുഭവമാണ്. ഈ സമീപനത്തെ പക്ഷെ, വിജയിപ്പിക്കുവാൻ ഇന്നുവരേക്കും ആർക്കും കഴിഞ്ഞിട്ടില്ല. ഖുർആനിനെ നേരിടാൻ കഴിയാത്തതിനാലാണത്. ഖുർആനിന്റെ അജയ്യതക്ക് മറ്റൊരു തെളിവാണിത്. നേർക്കുനേർ നേരിടാൻ പറ്റാതെ വന്നതും സമുദായത്തിന്റെ ഉള്ളിൽ കടന്നുകൂടിയും ഇത്തരക്കാരുടെ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. പുറമെ സോദ്ദേശ്യപരമെന്ന് തോന്നാവുന്ന വിധത്തിൽ സുദായത്തിനുളളിൽ പണ്ഡിതർക്കിടയിൽ ഖുർആൻ വിവാദത്തിന് വിഷയമായിട്ടുണ്ട്. അതിന്റെ പിന്നിലും ഇത്തരം ചില കരങ്ങൾ ഉണ്ടായിരുന്നതായി ചരിത്രങ്ങൾ സംശയിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ ഏറ്റവും പ്രമാദമായ ഒന്നായിരുന്നു ഖൽഖുൽ ഖുർആൻ വിവാദം.
അവമി - അബ്ബാസീ ഖിലാഫത്തിന്റെ കാലത്തിയിരുന്നു
മുസ്ലിം ലോകത്തെ പിടിച്ചു കുലുക്കിയ ഈ വിവാദം. അതിലൂടെ മുസ്ലിം സമുദായം രണ്ടു വിഭാഗമായിപ്പിരിഞ്ഞു ഒരു കൂട്ടർ ഖുർആൻ മഖ്ലൂഖ് (സൃഷ്ടി) ആകുന്നു എന്നും മറുവിഭാഗം ഖുർആൻ സൃഷ്ടിയല്ല, ഗുണമാണ് എന്നുമായിരുന്നു വിവാദത്തിന്റെ വിഷയം. സത്യത്തിൽ ഖുർ ആൻ അല്ലാഹുവിന്റെ കലാമാണ്. കലാം എന്നത് അല്ലാഹുവിന്റെ സത്തയിൽ ഉൾക്കൊണ്ടതും അതുകൊണ്ടു തന്നെ അനാദിയായതുമായ ഒരു ഗണമാണ് അത്. ഇൽമ്(അറിവ്), ഹയാത്ത് (ജീവ്), സംഅ്(കേൾവി), ബസ്വർ(കാഴ്ച) തുടങ്ങിയവ പോലെ കലാമും അല്ലാഹുവിന്റെ ഗുണങ്ങളിൽ പെട്ടതാണ്. വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാകുന്നു. വിവാദം പെട്ടന്ന് മുറുകുകയും മുഅ്തസിലികൾ എന്ന പേരിൽ വലിയ ചിന്തകരും ബുദ്ധിരാക്ഷസൻമാരുമായിരുന്ന പല പണ്ഡിതരും ശരിയായ ധാരയിൽ നിന്ന് അകന്നു പോകുവാൻ അത് കാരണമാവുകയും ചെയ്തു.
ഖുർആൻ സൃഷ്ടിയാണ് എന്ന വാദമുയർത്തിയവർ ചില്ലറക്കാരായിരുന്നില്ല. അവരുടെ തീവ്ര ചിന്ത പക്ഷെ, അവരു പോലും അറിയാതെ താളം തെറ്റുകയായിരുന്നു. ഇതിന്റെ പശ്ചാതലം പഠിക്കുമ്പോൾ അതു വ്യക്തമാകും. അക്കാലത്ത് ഡമാസ്കസിലെ ബിഷപ്പായിരുന്ന യോഹന്നാന്റെ നേതൃത്വത്തിൽ അന്നത്തെ ക്രൈസ്തവ ലോകം ഒരു വാദം ഉന്നയിച്ചു. ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയല്ല എന്നും അവന്റെ അനാദിയായ ഗുണമാണെന്നും മുസ്ലിംകൾ വിശ്വസിക്കുന്നു, ഇതേ സമയം യേശുവിനെ കുറിച്ച് ഖുർആൻ പറയുന്നത് യേശു അല്ലാഹുവിന്റെ കലാമാണ് എന്നാണ് (3:45), അപ്പോൾ യേശുവും അപ്രകാരം ദൈവത്തിന്റെ സൃഷ്ടിയല്ല, അനാദിയായ ഒരു ഗുണം ആണ് എന്നായിരുന്നു അവരുടെ വാദം. ഇതിനെ പ്രതിരോധിക്കാനാണ് സത്യത്തിൽ മുഅ്തസിലികൾ ഈ വിവാദം കത്തിച്ചത്. നിങ്ങൾ പറയും പോലെ വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാമാണ് എങ്കിലും അത് സൃഷ്ടിയാണ്, അനാദിയായ ഗുണമല്ല. യേശുവിന്റെ കാര്യവും അപ്രകാരമാണ്. യേശു പിന്നീടുണ്ടായ (അനാദി അല്ലാത്ത) ഒരു സൃഷ്ടി മാത്രമാണ്. അതിനാൽ യേശുവിന് ദൈവമാകാനുള്ള അനാദ്യത്വം ഇല്ല എന്നായിരുന്നു അവർ വാദിച്ചത്.
ഇങ്ങനെ വാദിച്ച് ക്രിസ്ത്യാനികളെ തള്ളിയാടാൻ കഴിഞ്ഞേക്കാം എങ്കിലും ഈ വാദം അതിഗുരുതരമായ കുറേ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് അവർ അറിവ്, കേൾവി തുടങ്ങിയ സ്വിഫത്തുകളൊക്കെയും നിഷേധിക്കുവാൻ നിർബന്ധിതരായി. അല്ലാഹു അരൂപിയാണ് എന്ന തത്വം അവർ നിഷേധിച്ചു. അങ്ങനെ അവർ മുജസ്സിമത്തുകൾ കൂടിയായി മാറി. അല്ലാഹുവിനെ പോലെ മറ്റൊന്നുമില്ല എന്ന ഖുർആൻ വചനത്തിന്റെ ബാഹ്യാർഥം അവർക്ക് നീഷേധിക്കേണ്ടി വന്നു. അല്ലാഹുവിനെ ആഖിറത്തിൽ വെച്ച് പൗർണ്ണമിയെ പോലെ കാണും എന്ന സ്വഹീഹായ ഹദീസിനെ പോലും അവർക്ക് നിഷേധിക്കേണ്ടതായി വന്നു. വിവാദം കനത്തതോടെ വിഷയം തെരുവിലേക്ക് വലിച്ചിടപ്പെട്ടു. മുഖ്യധാരയിലായിരുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅ ക്കെതിരെ മുഅ്തസിലികൾ മറ്റുള്ളവരുടെ സഹായത്തോടെ പലതും ചെയ്തു. ഇമാം അഹ്മദ് ബിൻ ഹൻബൽ(റ) ആയിരുന്നു സുന്നീ പക്ഷത്തെ സധീരം നയിച്ചത്. ബഗ്ദാദിൽ ഇമാം അഹമദുബ്നു ഹമ്പൽ(റ)വിന്റെ ശബ്ദമുയർന്നു. ഖുർആൻ മഖ്ലൂഖാണ് എന്ന വാദം തള്ളിക്കളയുക, അത് ഇസ്ലാമിക വിരുദ്ധമാണ് എന്നദ്ദേഹം തുറന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ബഗ്ദാദ് നിവാസികൾ അത് കേട്ടു അവർ ഇമാമിനോടൊപ്പം ഉറച്ചുനിന്നു.
മുസ്ലിം സമുദായത്തെ ദുർബലപ്പെടുത്താൻ ശത്രുക്കൾ കണ്ടെത്തിയ മാർഗമായിരുന്നു ഇത്. അവർ പരമാവധി സഹായം ചെയ്തപ്പോൾ മുഅ്തസിലുകൾ നാടടക്കി പ്രസംഗ പരമ്പരകൾ നടത്തി ജനങ്ങളെ പരമാവധി കയ്യിലെടുക്കാൻ ശ്രമിച്ചു. തീപ്പൊരി പ്രസംഗങ്ങൾ കേട്ട് ആവേശം വന്ന ചെറുപ്പക്കാർ അവർക്കൊപ്പം ചേർന്നു.
അതേസമയം സുന്നി പക്ഷവും വെറുതെയിരുന്നില്ല. അവർ ശരിക്കും പ്രത്യാക്രമണം നടത്തി. നിരവധി ഖണ്ഡന പ്രസംഗങ്ങൾ നടത്തി. സമുദായത്തിന്റെ അകം കണ്ട ഏറ്റവും വലിയ ചിന്താ വിപ്ലവം തന്നെയായിരുന്നു അത്.
ക്രമേണ തർക്കം മൂത്തു പിടിവാശിയായി. ചെറിയ ഏറ്റുമുട്ടലുകളും അക്രമങ്ങളും നടന്നു. ചിലർ വധിക്കപ്പെട്ടു.
ഇസ്ലാമിന്റെ ശത്രുക്കൾ ലക്ഷ്യമിട്ടത് ഇതൊക്കെത്തന്നെയായിരുന്നു. മുഅ്തസിലികൾ അഹമദുബ്നു ഹമ്പലിനെ ജയിലിലടക്കുക എന്ന മുദ്രാവാക്യം വിളിച്ചു. പക്ഷെ, ഖലീഫ രണ്ടു പക്ഷത്തെയും പിന്തുണച്ചില്ല. ആ പണ്ഡിത ചർച്ച അവർക്കു വിട്ടു കൊടുത്തു ഖലീഫ ഹാറൂൻ റഷീദ്. വിവാദം കത്തിനിൽക്കെ ഖലീഫ ഹാറൂൻ റശീദിന്റെ കാലം അവസാനിച്ചു. പിന്നീട്ടു വന്ന ഖലീഫ മഅ്മൂൻ എല്ലാവരെയും ഞെട്ടിച്ചും പിതാവിന്റെ കീഴ് വഴക്കം ലംഘിച്ചും മുഅ്തസിലികളെ പരസ്യമായി പിന്താങ്ങി. അദ്ദേഹം പ്രഖ്യാപിച്ചു, ഖുർആൻ സൃഷ്ടിയാണ് എന്ന വാദം സത്യമാണ്, എല്ലാവരും സത്യത്തെ അംഗീകരിക്കുക എന്ന്. അതോടെ മുഅ്തസിലിസം രാജ്യത്തിന്റെ ഔദ്യോഗിക മതമായി മാറി. ഇമാം അഹമദുബ്നു ഹമ്പൽ(റ) ഒട്ടും ഭയപ്പെടാതെ
ഖലീഫയുടെ വാദം തെറ്റാണ്, അത് തള്ളിക്കളയുക പ്രഖ്യാപിച്ചു. ബഗ്ദാദിലെ ജനങ്ങൾ ഇമാമിന്റെ പ്രസ്താവന സ്വീകരിച്ചു ഖലീഫയുടെ പ്രഖ്യാപനം തള്ളിക്കളഞ്ഞു.
മുഅ്തസിലികൾ ഇമാമിനെ കൽത്തുറങ്കിലടക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഇമാമിനെ തൊട്ടാൽ കളി ഗുരുതരമാവും എന്ന് സുന്നീ പക്ഷവും നിലപാടെടുത്തു. അതോടെ ഇമാം അഹ്മദുബ്നു ഹമ്പൽ(റ)വിന്റെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും തടസ്സം നേരിട്ടു. ഇമാമിനെ പിന്താങ്ങുന്ന പലരെയും പിടിച്ചു ജയിലിലടച്ചു. അവർക്ക് കഠിനമായ മർദ്ദനങ്ങളേറ്റു. അവസാനം ഖലീഫയുടെ ബഗ്ദാദിലെ ഗവർണറായ ഇസ്ഹാഖുബ്നു ഇബ്രാഹിമിന് ഖലീഫയുടെ കൽപന കിട്ടി, ഖുർആൻ സൃഷ്ടിയാണ് എന്ന വാദത്തെ അംഗീകരിക്കാത്ത ഫുഖഹാക്കളെയും ഹദീസ് പണ്ഡിതന്മാരെയും ചങ്ങലയിൽ ബന്ധിച്ചു എന്റെ മുമ്പിൽ ഹാജറാക്കണമെന്ന്. പണ്ഡിതന്മാരെ സൈന്യം പിടിക്കാൻ തുടങ്ങി. ചിലരൊക്കെ ശിക്ഷ ഒഴിവായിക്കിട്ടാൻ വേണ്ടി ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു കൊടുത്തു. അവസാനം പ്രമുഖരായ നാല് പണ്ഡിതന്മാരെ അവർ ചങ്ങലയിൽ കുരുക്കി. അവരിൽ ഒരാൾ ഇമാം അഹ്മദുബ്നു ഹമ്പൽ(റ) ആയിരുന്നു. നാലിൽ ഒരാൾ ഖലീഫയുടെ മുമ്പിലെത്തും മുമ്പെ മരണപ്പെട്ടു. രണ്ടു പേർ മരണത്തെപേടിച്ചു ഖുർആൻ സൃഷ്ടിയാണെന്ന് സമ്മതിച്ചു. പിന്നെ ബാക്കിയുള്ളത് ഇമാം മാത്രം. അഹ്ലുസ്സുന്നത്തിനുവേണ്ടി ഇമാം നിലകൊണ്ടു. ഒറ്റക്കു പൊരുതാൻ തീരുമാനിച്ചു. ഇതു കാരണം ചരിത്രം ഇമാം അഹമദുബ്നു ഹമ്പൽ(റ)വിന് ഒരു സ്ഥാനപ്പേര് നൽകി, ഇമാമു അഹ്ലിസ്സുന്നഃ.
തന്റെ മുമ്പിൽ വെച്ചും അവർ തങ്ങളുടെ വാദം ഉന്നയിക്കുകയാണെങ്കിൽ നേരിട്ട് അവരെ വധിക്കാനായിരുന്നു ഖലീഫയുടെ തീരുമാനം. അതറിഞ്ഞ ഇബ്നു ഹമ്പൽ ഖലീഫാ മഅ്മൂനിനെ കൊണ്ടുളള ശല്യം തീർക്കണമേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു. അതങ്ങനെ തന്നെ സംഭവിച്ചു. മഅ്മൂൻ മരണപ്പെട്ടു. മുഅ്തസിലത്തിനെ സംരക്ഷിക്കണം എന്ന് വസ്വിയ്യത്ത് ചെയ്തു കൊണ്ടായിരുന്നു മഅ്മൂൻ മരങ്ങപ്പെട്ടത്. അതിനാൽ പിന്നീട് ഖലീഫയായി വന്ന മുഅ്തസ്വിം അതേ ക്രൂരത തുടർന്നു. ഇമാം അഹ്മദ് ബിൻ ഹൻബലിനെ അദ്ദേഹവും ക്രൂരമായി വേട്ടയാടി. ഇതിനിടെ മുഅ്തസ്വിമും മരണപ്പെട്ടു. പിന്നീട് ഖലീഫയായി വന്ന വാസിഖും അതേ മനസ്കനായിരുന്നു. ഇബ്നു ഹമ്പൽ അടക്കം മഹാ പണ്ഡിതൻമാരെ അയാളും ക്രൂരമായി വേട്ടയാടി. ഇമാം ബുവൈത്വി, അഹ്മദ് ബിൻ നസ്ർ, നുഐം ബിൻ ഹമ്മാദ് തുടങ്ങി പല പണ്ഡിതൻമാർക്കും ഖുർആൻ അല്ലാഹുവിന്റെ കലാമാണ് എന്നു പറഞ്ഞതിന്റെ പേരിൽ ജീവൻ നൽകേണ്ടി വന്നു.
പക്ഷെ, വാസിഖിന് ജീവിതാന്ത്യത്തിൽ മനം മാറ്റമുണ്ടായി. അതോടെ മുഅതിലിസത്തിന്റെ ഹുങ്കും വീര്യവും കുറയാൻ തുടങ്ങി. പിന്നീട് ഖലീഫയായി വന്ന മുതവക്കിലിന്റെ (എ ഡി. 821-861) കാലത്താണ് ഇസ്ലാമിക രാജ്യവും ഖലീഫയും മുഅ്തസിലിസത്തെ സമുദായത്തിൽ നിന്ന് ഇറക്കിവിട്ടത്. ഈ സംഭവ പരമ്പര പറയുന്നതും തെളിയിക്കുന്നതം വിശുദ്ധ ഖുർആനിന്റെ അജയ്യത തന്നെയാണ്. ഉളളിൽ നിന്നു തന്നെ ഇത്ര വലിയ ആക്രമണമുണ്ടായിട്ടും രാജ്യം തന്നെ എതിരുനിന്നിട്ടും ഖുർആനിന്റെ വിശുദ്ധിയും ദൈവികതയും അമാനുഷികതയും അനാദിത്വവും ഒന്നും ആർക്കും തകർക്കാൻ കഴിയാത്ത വിധം ഖുർആൻ അജയ്യമാണ് എന്നാണല്ലോ നമുക്ക് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso