കുട്ടികൾക്ക് നബി ചരിത്രം 1
01-06-2022
Web Design
15 Comments
1
വെളിച്ചത്തിന്റെ വഴി
മഹാനായ പ്രവാചകൻ മുഹമ്മദ് നബി(സ)യെ വിശുദ്ധ ഖുർആൻ പ്രകാശം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ ഒരു പ്രകാശവും സ്പഷ്ടമായ ഗ്രന്ഥവും വന്നുകിട്ടിയിരിക്കുന്നു (അൽ മാഇദ: 15 ). മറ്റൊരു ആയത്തിൽ അല്ലാഹു നബി(സ) യെ വിളക്ക് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ഓ നബീ, നിശ്ചയം താങ്കളെ നാം സത്യസാക്ഷിയും ശുഭവാര്‍ത്താവാഹകനും മുന്നറിയിപ്പുകാരനും അല്ലാഹുവിന്റെ അനുമതിയോടെ അവങ്കലേക്കു ക്ഷണിക്കുന്നയാളും വെളിച്ചം തെളിക്കുന്ന ദീപവുമായി നിയോഗിച്ചിരിക്കുന്നു (അൽ അഹ്സാബ്: 45). ഈ രണ്ട് ആയത്തുകളിലും പറയുന്ന പ്രകാശം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഹഖീഖത്ത് മുഹമ്മദിയ്യ(മുഹമ്മദീയ യാഥാര്‍ത്ഥ്യം) ആണ്. മനുഷ്യന്റെ ജീവിതത്തിലെ എല്ലാ ഇരുട്ടുകളെയും ഇല്ലാതാക്കി തെളിച്ചമുള്ള സ്വഭാവം, ശീലം, സംസ്കാരം എന്നിവ ഉണ്ടാക്കിയെടുക്കുവാൻ അല്ലാഹു ലോകത്തിന് നൽകിയ പ്രകാരമാണ് മുഹമ്മദ് നബി (സ്വ).
ഇത്തരം ഒരു പ്രകാശത്തെ ലോകത്തിന് നൽകുക എന്നത് അല്ലാഹുവിന്റെ അനാദിയായ നിശ്ചയമാണ്. അത് പക്ഷെ, മനുഷ്യൻ ഇവിടെ ജീവിതം ആരംഭിച്ച കാലത്തു തന്നെ നൽകാൻ അവൻ ഉദ്ദേശിക്കുന്നില്ല. മനുഷ്യ കുലം വളർച്ച പ്രാപിക്കുകയും പരിപൂർണ്ണമായും ഇരുട്ടിൽ അകപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ അതു നൽകുവാൻ ഉദ്ദേശിച്ചിരിക്കുന്നുള്ളൂ. അപ്പോഴാണല്ലോ ഈ വെളിച്ചത്തിന് പ്രസക്തി കൂടുതൽ കൈവരിക. അതിനാൽ ആ പ്രകാശത്തെ അല്ലാഹു ആദ്യമേ പടക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തു. തുടർന്ന് ആ പ്രവാചകനെ ലോകത്തിന് നൽകുവാൻ അവൻ നിശ്ചയിച്ച കാലം വരുന്നതുവരേക്കും ആ പ്രവാചകനാകുന്ന നൂറിനെ തലമുറകളിലൂടെ കടത്തിക്കൊണ്ടുവന്നു.
ഈ നൂറ് വിശുദ്ധ നബിയുടേതാണ്. പ്രപഞ്ചത്തെ മുഴുവനും പ്രകാശിപ്പിക്കാനുള്ളതുമാണ്. അതിനാൽ തന്നെ അത് പരമ പരിശുദ്ധമാണ്. പരിശുദ്ധമായ ഒരു പ്രകാശത്തെ തലമുറകളിലൂടെ കൊണ്ടു വരുമ്പോൾ അതു വരുന്നത് തികച്ചും വിശുദ്ധമായ വഴിയിലൂടെ തന്നെ ആയിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഈ പ്രകാശം മങ്ങിപ്പോകും. അതിനാൽ അല്ലാഹു ആ പ്രകാശത്തെ വളരെ വിശുദ്ധരായ ആൾക്കാരിലൂടെ കൈമാറി കൊണ്ടു വന്നു. പ്രപഞ്ചത്തിൽ എല്ലാ കാലത്തും വിശുദ്ധരായ ആൾക്കാർ ഉണ്ടായിട്ടുണ്ട്. അവരിൽ പലരെയും അല്ലാഹു പ്രവാചകൻമാരാക്കി. മറ്റു പലരെയും പരിശുദ്ധാത്മാക്കളുമാക്കി. അങ്ങനെയുള്ള അമ്പിയാ മുർസലുകളും സ്വാലിഹീങ്ങളുമായ ജനങ്ങളുടെ പരമ്പരയിലൂടെയാണ് അത് മുന്നോട്ടു നീങ്ങിയത്.
ഒന്നേകാൽ ലക്ഷം പ്രവാചകരെ അല്ലാഹു പ്രപഞ്ചത്തിൽ തന്റെ വഴി കാണിച്ചു കൊടുക്കുവാൻ വേണ്ടി തെരഞ്ഞെടുത്തു. അവരെ ജനങ്ങൾ പരിപൂർണ്ണമായി സ്വീകരിച്ചില്ല. അവസാനം ലോകത്തിന്റെ സമ്പൂർണ്ണമായ മോചനത്തിനു വേണ്ടി അല്ലാഹു ആ പ്രകാശത്തെ മനുഷ്യ രൂപത്തിൽ അന്ത്യപ്രവാചകനായി അയക്കുവാൻ നിശ്ചയിച്ചു. കാരണം അപ്പോഴേക്കും മനുഷ്യൻ അത്രമാത്രം അധപതിച്ചു പോയിരുന്നു. വിഗ്രഹാരാധന, മദ്യപാനം, വ്യഭിചാരം, പലിശ, ചതി, വഞ്ചന തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ വ്യാപകമായിക്കഴിഞ്ഞിരുന്നു. ക്രൂരമായ അടിമത്വം, പെൺഹത്യ, സ്ത്രീ പീഢനം, അനാഥകളുടെ സ്വത്തിന്റെ അപഹരണം തുടങ്ങി പലതും ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും നടമാടിയിരുന്നു. എ ഡി ആറാം നൂറ്റാണ്ടായിരുന്നു ആ കാലം. അറേബ്യയിൽ ഈ കാലം ജാഹിലിയ്യാ കാലഘട്ടം എന്നറിയപ്പെടുന്നു.
ഈ കാലഘട്ടത്തിൽ എ ഡി 571 ഓഗസ്റ്റ് മാസം 17 ന് (റബീ ഉൽ അവ്വൽ 12 ന്) മക്കയിലെ ഖുറൈശി കുലത്തിലെ ബനൂ ഹാശിം എന്ന കുടുംബത്തിൽ അബ്ദുൽ മുത്വലിബിന്റെ മകൻ അബ്ദുല്ല എന്നവരുടേയും ബനൂ സുഹ്റ കുടുംബത്തിലെ വഹബിന്റെ മകൾ ആമിനാ ബീവിയുടെയും മകനായി മുഹമ്മദ് മുസ്ത്വഫ(സ്വ) തങ്ങൾ ജനിച്ചു. നേരത്തെ പറഞ്ഞ ആ പ്രകാശമാണ് മുഹമ്മദ് നബി(സ).
2
ജനനം, ബാല്യം
നബി(സ്വ)യുടെ ജനനത്തിനു രണ്ടു മാസം മുമ്പ് പിതാവ് അബ്‌ദുല്ല മരണപ്പെട്ടു. സിറിയയിൽ കച്ചവടത്തിന് പോയി തിരിച്ചു വരുമ്പോൾ യസ് രിബിൽ വെച്ചായിരുന്നു അവരുടെ ന്ത്യം. അപ്പോൾ അദ്ദേഹത്തിന് 25 വയസ്സ് മാത്രമേ പ്രായമായിട്ടുണ്ടായിരുന്നുള്ളൂ. നബി(സ)യുടെ ജനന സമയത്ത് അറേബ്യയിലും പേർഷ്യയിലും പല അൽഭുതങ്ങളും ഉണ്ടായി. അത് ഈ കുഞ്ഞിന്റെ ജനനത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. സാധാരണ കുട്ടികളിൽ നിന്ന് തികച്ചും വ്യത്യസ്തവും വിസ്മയകരവുമായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ ബാല്യം. മാതാവ് ആമിന ബീവിയാണ് ആദ്യം നബിക്ക് മുലകൊടുത്തത്. പിന്നീട് സുവൈബതുൽ അസ്‌ലമിയ എന്നവരും ഏതാനും ദിവസം നബിക്കു മുലകൊടുത്തു. കാലങ്ങളായി അറേബ്യയിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു മുലയൂട്ടാൻ ഗ്രാമങ്ങളിലെ സ്ത്രീകളെ ഏൽപ്പിക്കുന്ന പതിവ്. ആരോഗ്യപരമായ വളർച്ചക്കും ഭാഷാശുദ്ധിയും കണക്കിലെടുത്താണ് ഇങ്ങിനെ ചെയ്തിരുന്നത്. ബനൂ സഅദ് ഗോത്രക്കാരിയായ ഹലീമ(റ) ആയിരുന്നു നബിക്ക് മുല കൊടുത്തത്.
രണ്ടു വയസ്സ് വരെയാണ് സാധാരണ ഇത്തരം സ്ത്രീകൾ മുല കൊടുത്ത് പോറ്റിവളർത്തുന്നത്. എന്നാൽ കുട്ടിയെ വീണ്ടും നോക്കാൻ തന്നെ ഏൽപ്പിക്കണം എന്ന് ഹലീമ(റ) ആവശ്യപ്പെട്ടതനുസരിച്ച് മനസ്സിലാ മനസ്സോടെ ഉമ്മ അതിന് അനുമതി നൽകി. ഇക്കാലത്ത് ഈ കുട്ടിയിൽ നിന്നും പ അൽഭുതങ്ങളും ദർശിച്ചതായി ഹലീമ ബീവി(റ) പറയുണ്ട്.
ഇക്കാലത്ത് നബി(സ്വ) ആടുകളെ മേയ്ക്കുവാൻ പോകുമായിരുന്നു. എല്ലാ പ്രവാചകൻമാരും ആടു മേച്ച വരാണ്. ഒരിക്കൽ ഇങ്ങനെ ഹലീമ ബീവിയുടെ മകൻ ളംറത്തിനോടും കൂട്ടുകാരോടുമൊപ്പം ആടിനെ മേയ്ക്കാൻ പോയപ്പോൾ ഒരു അത്ഭുത സംഭവമുണ്ടായി. അജ്ഞാതരായ ഏതാനും വെള്ള വസ്ത്രധാരികൾ വന്ന് കുട്ടിയെ പിടിച്ചു മലർത്തിക്കിടത്തുകയും നബിയുടെ നെഞ്ചു കീറുകയും ഹൃദയത്തിൽ നിന്ന് ഒരു കറുത്ത കഷ്ണം എടുത്ത് മാറ്റുകയും നെഞ്ചു പഴയ പോലെ ആക്കുകയും ചെയ്തു. ഇതോടെ ഹലീമാ ബീവിയിൽ ഒരു ഭയം കടക്കുകയും കുട്ടിയെ ഉമ്മയെ തിരിച്ചേൽപ്പിക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ പ്രായം 4 വയസ്സ് കഴിഞ്ഞിരുന്നു.
നബി(സ്വ)യുടെ ആറാം വയസ്സിൽ ഉമ്മ ആമിനാ ബീവി കുട്ടിയെയും കൊണ്ട് ഭർത്താവിന്റെ ഖബർ സന്ദർശിക്കുവാൻ യസ് രിബിലേക്ക് പോയി. ഉമ്മു ഐമൻ എന്ന ഭൃത്യയും കൂടെയുണ്ടായിരുന്നു. അവിടെ നിന്നും തിരിച്ചു വരുന്ന വഴിയിൽ അബവാഅ് എന്ന സ്ഥലത്തു വെച്ച് രോഗം ബാധിക്കുകയും ഉടനെ തന്നെ മരണമടയുകയും ചെയ്തു. പിന്നീട് നബിയെ പോറ്റിവളർത്തിയത് പിതാമഹൻ അബ്ദുൽ മുത്വലിബായിരുന്നു. നബിക്ക് എട്ടു വയസ്സ് പ്രായമായപ്പോൾ പിതാമഹനും മരണപ്പെട്ടു. പിന്നീട് പിതൃവ്യനായ അബൂ ത്വാലിബാണ് നബി(സ്വ)യുടെ സംരക്ഷണം വഹിച്ചത്. അബൂത്വാലിബ് കുട്ടിയെ അത്യധികം സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. തൻറെ മക്കൾക്കൊന്നും നൽകാത്ത പരിഗണന അദ്ധേഹം ഈ സഹോദര പുത്രന് കൊടുത്തു. ഉറങ്ങുന്ന സമയത്തു തന്റെ കൂടെയാണ് കിടത്തിയിരുന്നത്. ഭക്ഷണം കഴിക്കുന്ന സമയത്തോ ഒരിക്കലും നബിയെ കൂട്ടാതെ കഴിച്ചിരുന്നില്ല. ഇതിനു അദ്ധേഹത്തിന്റെ ഭാര്യ ഫാത്തിമ ബിൻത് സഅദ് പരിപൂർണ്ണ പിന്തുണ നൽകിയിരുന്നു.
3
കൗമാരം, യവ്വനം
പന്ത്രണ്ടാം വയസ്സിൽ അബൂത്വാലിബിനോടൊപ്പം അദ്ദേഹത്തിന്റെ കച്ചവട സംഘത്തിൽ ഒരിക്കൽ നബി(സ്വ) ശാമിലേക്ക് പോയി. ഈ യാത്രയിൽ അവർ ബഹീറ എന്ന ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടി. അബൂത്വാലിബിൽ നിന്നും കുട്ടിയെ കുറിച്ചുളള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും കുട്ടിയിലെ ലക്ഷണങ്ങൾ കാണുകയും ചെയ്തപ്പോൾ ബഹീറ കുട്ടിയെ വേദക്കാരിൽ നിന്നും കാത്തുകൊള്ളണമെന്നും അവർ ഇവനെ കണ്ടാൽ അപായപ്പെടുത്തിയേക്കും എന്നും കുട്ടി ലോകത്തിന്റെ നേതാവാകാനുള്ളവനാണ് എന്നും അതിനാൽ കുട്ടിയുമായി നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലത് എന്നും പറഞ്ഞു. അതോടെ അബൂത്വാലിബ് കുട്ടിയുമായി മടങ്ങി.
കൗമാരപ്രായത്തിൽ മക്കയിലെ ചില കുടുംബങ്ങളുടെ ആടുകളെ തുഛമായ വേതനത്തിന് പകരമായി മേച്ചിരുന്നതായി നബി(സ്വ) പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ മറ്റു ജോലികളോ ജീവിത സന്ധാരണ മാർഗ്ഗങ്ങളോ കൗമാരത്തിലോ യൗവ്വനത്തിന്റെ ആദ്യഘട്ടത്തിലോ ഉണ്ടായിരുന്നില്ല. പിതാവിൽ നിന്നും കാര്യമായി ഒന്നും അനന്തരമായി അവർക്ക് ലഭിച്ചിരുന്നില്ല. തന്റെ രക്ഷാകർത്താവായിരുന്ന അബൂത്വാലിബാവട്ടെ ദരിദ്രനുമായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ എന്തെങ്കിലും അനുയോജ്യമായ ജീവിതമാർഗ്ഗം കണ്ടെത്തണമെന്ന് നബി(സ്വ)യുടെയും അബൂത്വാലിബിന്റെയും മനസ്സിലുദിച്ചു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു അവർ മക്കയിലെ ധനാഢ്യയായ ഖദീജ ബിൻതു ഖുവൈലിദ് സമർഥരും സത്യസന്ധരുമായ യുവാക്കളെ തന്റെ കച്ചവട സംഘത്തിൽ ഉപയോഗിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചത്.
ഉടനെ അവർ ഖദീജാ ബീവിയെ സന്ദർശിച്ചു തന്റെ താൽപര്യം അറിയിച്ചു. അപ്പോഴേക്കും നബി(സ്വ) കൗമാരം വിട്ട് യൗവ്വനത്തിലെത്തിയിരുന്നു. മക്കയിലെ യുവാക്കളിൽ നിന്ന് വിഭിന്നനായി തികഞ്ഞ മാന്യതയും സത്യസന്ധതയും ജീവിതവിശുദ്ധിയും പുലർത്തുന്ന ആളുമായി അവർ അറിയപ്പെട്ടു കഴിഞ്ഞിരുന്നു. അവരെ അന്നാട്ടുകാർ അൽ അമീൻ എന്നാണ് വിളിച്ചിരുന്നത്. അതിനാൽ അത്തരമൊരാളെ തന്റെ കച്ചവട സംഘത്തിൽ ലഭിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നു തോന്നിയ ഖദീജാബീവി നബി(സ്വ)യെ തന്റെ കച്ചവട സംഘത്തിൽ ചേർത്തു. സിറിയയിലേക്കായിരുന്നു ആദ്യത്തെ കച്ചവട യാത്ര. അത് ലാഭകരമായിരുന്നു. യാത്രയിൽ പല അൽഭുതങ്ങളും ഉണ്ടായതായി ഖദീജാ ബീവി മനസ്സിലാക്കുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ച് അൽ അമീനുമായി തനിക്ക് കച്ചവടത്തേക്കാൾ വലുതും സുദൃഢവുമായ ഒരു ബന്ധം ഉണ്ടാവണം എന്ന ആശ ഖദീജാ ബീവിയുടെ മനസ്സിൽ ഉദിച്ചു.
4
വിവാഹം, വിവാഹ ജീവിതം
ഖദീജാ ബീവിയുടെ ജനനം ക്രിസ്താബ്ദം 556ന് മക്കയിലാണ്. പിതാവ് മക്കയിലെ ധനാഢ്യനും പ്രധാനിയുമായ ഖുവൈലിദ് ബ്നു അസദും മാതാവ് ഫാത്തിമ ബിന്‍ത്ത് സൈദുമാണ്. സമ്പന്നതയുടെയും ആഢംബരത്തിന്‍റെയും സുഖസൗകര്യങ്ങളുടെയും ഇടയിലായിരുന്നു ഖദീജ ബീവിയുടെ ജനനവും വളര്‍ച്ചയും. മലാക് ബ്നു നബാശ് അത്തമീമിയെ ഖദീജബീവി വിവാഹം കഴിച്ചു. ആ ദാമ്പത്യത്തില്‍ ഹാല,ഹിന്ദ് എന്നീ രണ്ട് കുട്ടികള്‍ ജനിച്ചു. അധികം കഴിയും മുമ്പ് അദ്ദേഹം മരണമടഞ്ഞു. പിന്നീട് അവർ അത്തീഖ് ബ്നു അബ്ദുല്ല അല്‍മഖ്സൂമിയെ വരനായി സ്വീകരിച്ചു. ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല. അവര്‍ തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ വിവിഹ മോചനത്തിലേക്ക് നയിച്ചു. അതില്‍ ഹിന്ദ് എന്ന പേരുള്ള മറ്റൊരു കുട്ടി ജനിച്ചു. നാട്ടിലെ പണക്കാരും പ്രമാണിമാരും കല്ല്യാണാലോചനയുമായി സമീപിച്ചെങ്കിലും മഹതി പിന്നീട് അതിനൊന്നും ചെവികൊടുത്തില്ല. അവരുടെ ചിന്ത തന്റെ കച്ചവടക്കാര്യത്തിൽ മാത്രം ഒതുങ്ങി.
അതിനിടയിലാണ് പ്രവാചകന്‍റെ ജീവിതവിശുദ്ധിയും സല്‍സ്വഭാവവും വിശ്വസ്തതയും ആത്മനിഷ്ടയും ഖദീജ ബീവി അറിയാനിടയായതും അവരെ തന്‍റെ കച്ചവടപങ്കാളിയാക്കായതും. കച്ചവടത്തില്‍ വലിയസംഖ്യ ലാഭമായി ലഭിച്ചതും യാത്രക്കിടയില്‍ തന്റെ ഭൃത്യൻ മൈസര്‍ ദൃസാക്ഷിയായ ദൈവിക അത്ഭുതങ്ങള്‍ കേട്ടതും അൽ അമീനിനെ ജീവിത പങ്കാളിയായിക്കിട്ടിയെങ്കിൽ എന്ന ആശ അവരുടെ മനസ്സിൽ മുളച്ചു. അടുത്ത കൂട്ടുക്കാരിയായ നഫീസ ബിന്‍ത് മുനയ്യ മഹതിയുടെ ഇംഗിതം നബി(സ്വ)യെ അറിയിച്ചു. കുലീനയും ധനാഢ്യയുമായ ഖദീജാ ബീവിയെ വിവാഹം ചെയ്യുന്നത് നബിക്ക് സമ്മതമായിരുന്നു. അങ്ങനെ രണ്ട് കുടുംബങ്ങളും വേണ്ട ചർച്ചകൾ നടത്തുകയും ആ മംഗല്യം സമംഗളം നടക്കുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ പ്രായം ഇരുപത്തിയഞ്ചും ഖദീജ(റ)യുടേത് നാൽപതുമായിരുന്നു. വധൂവരൻമാരുടെ പ്രായത്തിലുള്ള അന്തരം ഒരു പ്രശ്നമായി എടുക്കുന്ന കാലമായിരുന്നില്ല അത്.
കല്ല്യാണം കഴിഞ്ഞതിന് ശേഷം ഖദീജബീവിയുടെ മനസ്സില്‍ സന്തോഷം അലതല്ലി. ഈ ദാമ്പത്യവല്ലരിയില്‍ ആറ് കുട്ടികള്‍ പിറന്നു. രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍മക്കളും. ഖാസിം, അബ്ദുല്ല, സൈനബ്, റുഖയ്യ, ഉമ്മു കുല്‍സൂം, ഫാത്തിമ എന്നിവരായിരുന്നു മക്കൾ. അവരുമായുള്ള ദാമ്പത്യ ബന്ധം ഖദീജാ ബീവിയുടെ മരണം വരെ നീണ്ടു നിന്നു. കുടുംബ ജീവിതത്തിൽ അവർക്കിടയിൽ ചെറുതോ വലുതോ ആയ ഒരു അസ്വാരസ്യവും ഒരിക്കലും ഉണ്ടായിട്ടില്ല. സന്തോഷം, സംതൃപ്തി, സ്നേഹം, പൊരുത്തം തുടങ്ങിയ ദാമ്പത്യ വിജയത്തിന്റെ ഘടകങ്ങളുടെ പ്രതീകമായി എന്നും വാഴ്ത്തപ്പെട്ടതായിരുന്നു അവരുടെ ദാമ്പത്യം. നബി(സ്വ) യുടെ എല്ലാ വേദനകളിലും വിഷമങ്ങളിലും ആശ്വാസമായിരുന്നു അവർ. നബി(സ്വ) അന്ത്യപ്രവാചകനായപ്പോൾ ആദ്യം വിശ്വസിച്ചത് അവരാണ്. പ്രവാചകത്വത്തിന്റെ പത്താം വർഷം റമളാൻ മാസത്തിൽ അവർ വഫാത്തായി.
5
അൽ അമീനിന് അംഗീകാരം
മുഹമ്മദ് നബി(സ്വ)ക്ക് മുപ്പത്തിയഞ്ച് വയസ്സ് പ്രായുണ്ടായിരുന്നപ്പോഴാണ് ഖുറൈശികൾ കഅ്ബാലയം പുനർ നിർമ്മിക്കുവാൻ തീരുമാനിച്ചത്. ശക്തമായ ഒരു വെള്ളപ്പൊക്കത്തില്‍ കഅ്ബയുടെ ഭിത്തികള്‍ക്ക് ബലക്ഷയം സംഭവിച്ചതു കൊണ്ടായിരുന്നു അവർ അങ്ങനെ തീരുമാനിച്ചത്. ആ സന്ദര്‍ഭത്തില്‍ പൊളിച്ചു പണിയണോ കേടുപാടുകള്‍ തീര്‍ക്കണോ എന്ന ചര്‍ച്ച നടന്നു. പണ്ട് കഅ്ബ പൊളിക്കുവാന്‍ വന്ന അബ്‌റഹത്തിനും സൈന്യത്തിനും ലഭിച്ച ശിക്ഷയെക്കുറിച്ച് മക്കക്കാര്‍ക്ക് അറിയാമായിരുന്നതിനാൽ പൊളിച്ചു പണിയുവാൻ അവര്‍ക്ക് ഭയമായിരുന്നു. അബ്‌റഹത്ത് വന്നത് കഅ്ബ പൊളിച്ച് നശിപ്പിക്കുവാനാണല്ലോ. നമ്മള്‍ പൊളിക്കുന്നത് നശിപ്പിക്കുവാനല്ല, പുതുക്കി കെട്ടുറുപ്പുള്ളതാക്കുവാനല്ലേ, അതിനാല്‍ നമുക്ക് അല്ലാഹുവിന്റെ ശിക്ഷയാന്നും ലഭിക്കില്ല എന്ന ആശ്വാസത്തിൽ അവസാനം പൊളിച്ച് പുതുക്കിപ്പണിയുവാൻ തന്നെ അവർ തീരുമാനിച്ചു.
നിര്‍മാണത്തിന് വേണ്ട സാമ്പത്തികമായ ചെലവുകൾ എല്ലാവരില്‍ നിന്നുമായി സംഭരിക്കുവാന്‍ തീരുമാനിച്ചു. ഹലാലല്ലാത്ത ഒരു പണവും ഇതിലേക്ക് ആരും സംഭാവന നല്‍കരുത് എന്ന് അവർ തീരുമാനിച്ചിരുന്നു. കഅ്ബയോട് അത്രമാത്രം ബഹുമാനം അവർ പുലർത്തിയിരുന്നു. ഇങ്ങനെ ഒരു കണിശത വെച്ചതിനാൽ വേണ്ടത്ര പണം കിട്ടിയില്ല. അത്രക്കും തിൻമയുള്ള മുതലായിരുന്നു അന്ന് മക്കയിലുണ്ടായിരുന്നത്. പണം കാഞ്ഞതിനാൽ ഇബ്‌റാഹീം (അ) പണിതിരുന്ന അതേ വലുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ അവർക്കു കഴിഞ്ഞില്ല. അതിനാൽ നാം ഇന്നു കാണുന്ന വലുപ്പത്തില്‍ അത് അവര്‍ പൂര്‍ത്തിയാക്കി. ബാക്കി ഭാഗം, കഅ്ബയുടെ ഭാഗം തന്നെയാണെന്ന് അറിയാനായി വൃത്താകൃതിയിൽ മതിൽ കെട്ടി അടയാളപ്പെടുത്തിയിരിക്കുന്നു. ഈ ഭാഗം ഹിജ്റ് ഇസ്മാഈൽ എന്നറിയപ്പെടുന്നു.
കഅ്ബയുടെ പുതുക്കിപ്പണിയല്‍ തുടരുന്നതിനിടയിൽ ഹജറുല്‍ അസ്‌വദ് ആര് അതിന്റെ സ്ഥാനത്ത് വെക്കും എന്നതില്‍ അവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഓരോ ഗോത്രത്തലവന്മാരും അതിനുള്ള അവകാശം തങ്ങൾക്കു വേണം എന്ന് വാശിപിടിച്ചു. തൽക്കാലം പണി തടസ്സപ്പെട്ടു. ചർച്ചകൾ നടന്നു. സംഗതി ഒരു യുദ്ധത്തിന്റെ വക്കോളം എത്തി. അവസാനം ഇനി ആരാണോ ഇവിടേക്ക് ആദ്യം വരുന്നത്, അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നമുക്ക് അംഗീകരിക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തി. അല്ലാഹുവിന്റെ വിധി പ്രകാരം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന് ജനങ്ങള്‍ വിളിക്കുന്ന മുഹമ്മദ്(സ്വ) ആണ് അവിടേക്ക് അന്നേരം കടന്നുവന്നത്. അവര്‍ അദ്ദേഹത്തോട് ആവശ്യം അറിയിച്ചു. അവിടുന്ന് ഒരു തുണി കൊണ്ടുവരാന്‍ അവരോട് പറഞ്ഞു. എന്നിട്ട് ആ തുണിയുടെ മധ്യത്തില്‍ ഹജറുല്‍ അസ്‌വദ് വെക്കുകയും, ഗോത്രത്തലവന്മാരോട് തുണിയുടെ അറ്റം പിടിച്ച് പൊക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവർ അങ്ങനെ ചെയ്തപ്പോൾ അവിടുന്ന് തന്നെ ആ കല്ല് തുണിയില്‍ നിന്നും എടുത്ത് അതിന്റെ സ്ഥാനത്ത് സ്ഥാപിച്ചു. പ്രവാചകത്വ ലബ്ദിക്കു മുമ്പു തന്നെ സ്വന്തം നാട്ടുകാരിൽ നിന്നും ലഭിച്ച ഒരംഗീകാരമായിരുന്നു ഇത്.
6
അന്ത്യ പ്രവാചകൻ
പ്രവാചകത്വത്തിന് മുമ്പും ശേഷവും ആര്‍ക്കും മാതൃയാകും വിധമാണ് ജീവിച്ചിരുന്നത്. ജാഹിലിയ്യ കാലത്തെ അറബികളുടെ വഴിവിട്ട ജീവിതം പ്രവാചകനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. സമൂഹത്തിന്റെ തെറ്റായ വിശ്വാസങ്ങളോടും അരാജകത്വങ്ങളോടും നീരസവും നിരാശയും നബി(സ്വ)യില്‍ നിലനിന്നു. ക്രമേണ സമൂഹത്തില്‍നിന്നും അകന്നുമാറി ഏകാന്തനായി എവിടെയെങ്കിലും ഇരിക്കുന്നത് നബിക്ക് പ്രിയങ്കരമായിത്തോന്നി. ഈ ചിന്ത ദിനംപ്രതി വര്‍ധിച്ചുവന്നു. ഇതോടൊപ്പം നുബുവ്വത്ത് ലഭിക്കാന്‍ പോകുന്നതിന്റെ പല അടയാളങ്ങളും നബി(സ്വ)യില്‍ ഉണ്ടാകാന്‍ തുടങ്ങി. രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ കൃത്യമായി പുലരുക തുടങ്ങിയത് ആ അടയാളങ്ങളിൽ പെടുന്നു. ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുമ്പ് എന്നോട് സലാം പറയാറുണ്ടായിരുന്ന മക്കയിലെ ഒരു കല്ലിനെപ്പറ്റി തീര്‍ച്ചയായും എനിക്ക് അറിയാം. തീര്‍ച്ചയായും ഇപ്പോഴും ഞാന്‍ അതിനെ തിരിച്ചറിയുന്നു എന്ന് നബി(സ്വ) പറഞ്ഞതും ഈ അടയാളങ്ങളിൽ പെട്ടതാണ്.
ഏകാന്തവാസം ഇഷ്ടമാക്കപ്പെട്ടതോടെ നബി(സ്വ) സമീപത്തുള്ള കുന്നിലും മലയിലും പോയി ഒറ്റക്കിരിക്കുവാൻ തുടങ്ങി. പിന്നീട് മക്കയിലെ ജബലുന്നൂർ പർവ്വതത്തിലെ ഹിറാഅ് ഗുഹയിലായി ഏകാന്ത ധ്യാനം. ദിവസങ്ങളോളം അവിടെ ഇരിക്കുന്നത് പതിവായിരുന്നു. അപ്പോൾ വേണ്ട ഭക്ഷണം കയ്യിൽ കരുതുകയോ ഖദീജാ ബീവി(റ) ഭൃത്യൻമാരുടെ കൈവശം കൊടുത്തയക്കുകയോ ചെയ്യുമായിരുന്നു. അങ്ങനെ ഹിറാഅ് ഗുഹയില്‍ ആയിരിക്കെ ഒരു രാത്രി ഒരു മലക്ക് വന്നു. എന്നിട്ട് (മലക്ക്) പറഞ്ഞു: വായിക്കുക. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: ഞാന്‍ വായിക്കുന്നവനല്ല. അപ്പോൾ നബിക്ക് വിഷമം ഉണ്ടാകുന്ന വിധത്തിൽ മലക്ക് കൂട്ടിപ്പിടിക്കുകയും പൊതിയുകയും പിന്നെ വിടുകയും ചെയ്തു എന്നിട്ട് വീണ്ടും വായിക്കുക എന്ന് പറഞ്ഞു. അപ്പോഴും നബി(സ്വ) പറഞ്ഞു, ഞാന്‍ വായിക്കുന്നവനല്ല എന്ന്. അപ്പോഴും നബിയെ കൂട്ടിപ്പിടിക്കുകയും പൊതിയുകയും പിന്നെ വിടുകയും ചെയ്തു. എന്നിട്ട് വീണ്ടും വായിക്കുക എന്ന് പറഞ്ഞു. അപ്പോഴും നബി(സ്വ) താൻ വായന അറിയുന്ന ആളല്ല എന്ന് പറഞ്ഞു. വീണ്ടും നബിയെ കൂട്ടിപ്പിടിക്കുകയും പിന്നെ വിടുകയും ചെയ്തിട്ട് മലക്ക് പറഞ്ഞു: സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു (സൂറ അൽ അലഖ്: 1-5). ഇതായിരുന്നു ആദ്യത്തെ വഹ് യനുഭവം. അതോടെ നബി(സ്വ) ലോകത്തിന്റെ അന്ത്യപ്രവാചകനായി.
നബി(സ്വ) അപ്രതീക്ഷിതമായ ആ അനുഭവത്തിൽ ആകെ പേടിച്ചു പോയി. അവർ അതിവേഗം വീട്ടിലേക്ക് മടങ്ങി. എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ എന്നും പറഞ്ഞു കൊണ്ടായിരുന്നു നബി(സ്വ) വീട്ടിലേക്ക് കയറിയത്. അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അദ്ദേഹത്തെ പുതപ്പിച്ചു. അദ്ദേഹം ഖദീജ(റ)യോട് തന്റെ അനുഭവവും അതിനെ തുടർന്നുണ്ടായ മാനസിക വിഷമവും പറഞ്ഞു. അതു കേട്ട ഖദീജ(റ) അവരെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു: അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹുവാണ്(സത്യം) അല്ലാഹു അങ്ങയെ ഒരിക്കലും നിന്ദിക്കുകയില്ല. അല്ലാഹുവാണ്(സത്യം), അങ്ങ് കുടുംബ ബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (കഷ്ടപ്പെടുന്നവന്റെ) ഭാരം ചുമക്കുന്നു. ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നു. അതിഥിയെ മാനിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു. എന്നാണ് സംഭവിച്ചത് എന്നറിയാതെ ഖദീജ(റ) ആകെ വിഷമിച്ചു. അതിനാൽ ഖദീജ(റ) അദ്ദേഹത്തെ തന്റെ പിതൃവ്യനായ വറഖത്തു ബ്‌നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. ഇഞ്ചീലിലെ വിഷയങ്ങളും ചില ചികിത്സകളുമൊക്കെ അറിയുന്ന അദ്ദേഹം വലിയ പ്രായമുള്ള, അന്ധത ബാധിച്ച ഒരാളായിരുന്നു. നബി(സ്വ) കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറഖത്ത് പറഞ്ഞു: ഇത് മൂസായുടെ മേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു.
7
പ്രബോധനം, പ്രയാണം
നുബുവ്വത് ലഭിച്ചതോടെ വളരെ രഹസ്യമായാണ് നബി(സ്വ) പ്രബോധനം ആരംഭിച്ചത്. തന്‍റെ വീട്ടുകാരെയും താനുമായി ഏറെ സാമീപ്യമുള്ള കൂട്ടുകാരെയും തന്‍റെ സത്യസന്ധതയെ അംഗീകരിക്കുകയും ഗുണകാംക്ഷികളായി അഭിപ്രായപ്പെടുകയും ചെയ്യുന്നവരെയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയാണ് ആദ്യമായി നബി(സ്വ) ചെയ്തത്. അവര്‍ സംശയലേശമെന്യേ വിശ്വസിക്കുകയും ചെയ്തു. ആദ്യമായി അങ്ങിനെ ഇസ്ലാമിലേക്ക് കടന്നു വന്നത് തന്‍റെ പത്നി ഖദീജ (റ)ആയിരുന്നു. രണ്ടാമതായി കടന്നു വന്നത് സൈദ് ബ്നു ഹാരിസ് ഇബ്നു ശറാഹീല്‍ ആയിരുന്നു. ഖദീജ(റ)യുടെ അടിമയായിരുന്നു സൈദ്. അവർ സൈദിനെ നബി(സ്വ)ക്ക് കൊടുക്കുകയും നബി അദ്ദേഹത്തെ സ്വതന്ത്രനാക്കി ദത്തു പുത്രനാക്കുകയും ചെയ്തു. അത് കാരണം അദ്ദേഹം കുറേ കാലം മുഹമ്മദിന്റെ മകന്‍ സൈദ് എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് അലി ബിന്‍ അബൂ ത്വാലിബ്(റ) ആണ് ഇസ്ലാമിലേക്ക് വന്നത്. പിതൃവ്യപുത്രനായിരുന്ന അലി(റ) നബി(സ്വ) യുടെ സംരക്ഷണത്തിലായിരുന്നു. വീട്ടുകാരായ ഇവർക്കു ശേഷം പിന്നീട് വിശ്വസിച്ചത് തന്‍റെ ആത്മ മിത്രം അബൂബകര്‍ സിദ്ധീഖ്(റ) ആയിരുന്നു. ഇവര്‍ നാല് പേരും കടന്നു വന്നത് ആദ്യ ദിവസമോ രണ്ടാം ദിവസമോ ആയിരുന്നു.
പിന്നീട് നബിയുടെ അടിമ സ്ത്രീയും പരിപാലികയും ആയിരുന്ന ഉമ്മു അയ്മന്‍(റ) ഇസ്ലാമിലേക്ക് വന്നു.
തനിക്ക് വേണ്ടപ്പെട്ട പലര്‍ക്കും ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കി കൊടുക്കാനും അവരെ നബി(സ്വ)യുടെ അടുത്തേക്ക് കൂടി കൊണ്ട് വരാനും ആണ് പിന്നീട് അബൂ ബക്കര്‍ (റ)ശ്രമിച്ചത്. അവരിൽ പ്രധാനപ്പെട്ടവർ താഴെ പറയുന്നവരാണ്.
ഉസ്മാന് ഇബ്നു അഫ്ഫാന്‍(റ):-
ഉസ്മാന്‍ (റ)മുസ്ലിമായതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ കെട്ടിയിട്ടു,മുഹമ്മദിന്റെ മതം ഉപേക്ഷിക്കുന്നത് വരെ വിടില്ല എന്ന് പറഞ്ഞു,പക്ഷെ ഉസ്മാന്‍ (റ) ഇസ്ലാം ഉപേക്ഷിക്കാന്‍ തയ്യാറല്ല എന്ന് കണ്ട പിതൃവ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.
സുബൈര്‍ ബ്നു അവ്വാം:-
നബി(സ്വ)യുടെ അമ്മായിയുടെ മകന്‍ ആയിരുന്നു സുബൈര്‍(റ).അദ്ദേഹം മുസ്ലിം ആയതറിഞ്ഞ പിതൃ വ്യന്‍ അദ്ദേഹത്തെ ഒരു മുറിയിലടച്ചു പുകയിട്ടു. ഇസ്ലാം ഉപേക്ഷിക്കാന്‍ സുബൈര്‍ തയ്യാറല്ല എന്ന് കണ്ട പിതൃ വ്യന്‍ തന്നെ അദ്ദേഹത്തെ വിട്ടയച്ചു.
അബ്ദു റഹ്‍ മാന്‍ ഇബ്നു ഔഫ് :-
മക്കയിലെ ഒരു വ്യാപാരിയായിരുന്നു അദ്ദേഹം. അബ്ദു അംറ് എന്നു പേരുണ്ടായിരുന്ന അദ്ദേഹത്തിനു അബ്ദു റഹ്‍ മാന്‍ എന്ന് പേര് നല്‍കിയത് നബി(സ്വ) ആണ്.
സഅദ് ബിന്‍ അബീ വഖാസ് :-
സഅദ് മുസ്ലിമായതറിഞ്ഞ മാതാവ് ഹംന മുഹമ്മദിന്റെ മതത്തില്‍ നിന്ന് തിരിച്ചു വരുന്നത് വരെക്കു നിരാഹാരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. നിരാഹാരത്തിലായി അങ്ങിനെ മൂന്നു ദിവസം കടന്നു പോയപ്പോള്‍ അദ്ദേഹം നബി(സ്വ)യോട് സങ്കടപ്പെട്ടു. അപ്പോൾ നബി(സ്വ) അദ്ദേഹത്തിന് തെറ്റായ കാര്യത്തിൽ മാതാപിതാക്കളെ അനുസരിക്കേണ്ടതില്ല എന്ന ആയത്ത് ഓതിക്കേൾപ്പിച്ചു. അദ്ദേഹം അതോടെ ഉറച്ചു നിന്നു. തന്‍റെ മകന്റെ നിലപാട് ശക്തമാണെന്ന് മനസ്സിലാക്കിയ മാതാവ് അവസാനം നിരാഹാരത്തില്‍ നിന്ന് പിന്മാറുകയാണ് ഉണ്ടായത്.
ത്വൽഹത്ത് ബിന്‍ ഉബൈദില്ലാഹ് :-
നേരത്തെ പുരോഹിതന്മാരില്‍ നിന്ന് നബി (സ്വ)യുടെ വരവിനെ കുറിച്ച് ത്വല്ഹത് മനസ്സിലാക്കിയിരുന്നു. അത് കൊണ്ട് തന്നെ അബൂ ബക്കര്‍ ക്ഷണിച്ചപ്പോള്‍ കാര്യം മനസ്സിലാക്കാനും വേഗം ഇസ്ലാമിലേക്ക് വരാനും അദ്ദേഹത്തിനു സാധിച്ചു.
അബ്ദുല്ലഹിബ്നു മസ്ഊദ്: -
ആടിനെ മേയ്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. നബിയെ കുറിച്ചും ഖുര്‍ആനെ കുറിച്ചും അറിഞ്ഞതോടെ അദ്ദേഹം അതില്‍ ആകര്‍ഷിക്കപ്പെടുകയും വിശ്വസിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം എപ്പോഴും നബി(സ്വ)യുടെ കൂടെ ഒരു ഭൃത്യനായി ഉണ്ടാകുമായിരുന്നു.
അബൂ ദര്‍ അല്‍ ഗിഫാരി :-
ഗിഫാര്‍ ഗോത്രക്കാരനായ അബൂ ദര്‍ നല്ല വാചക സ്ഫുടതയും വശ്യമായ ശൈലിയുടേയും ഉടമയായിരുന്നു. നബി(സ്വ)യെ കുറിച്ചുള്ള വിവരം അറിഞ്ഞപ്പോള്‍ അതിനെ കുറിച്ച് മനസ്സിലാക്കി വരാന്‍ തന്റെ സഹോദരനെ അദ്ദേഹം മക്കയിലേക്ക് പറഞ്ഞയച്ചു. സഹോദരന്‍ നബി(സ്വ)യുടെ അടുക്കല്‍ ചെല്ലുകയും നബിയുടെ സംസാരം കേള്‍ക്കുകയും ചെയ്തു കാര്യങ്ങളെല്ലാം മനസ്സിലാക്കി അബൂ ദർറിനോട് പറയുകയും ചെയ്തു. തുടർന്ന് അദ്ദേഹം നബി(സ്വ)യുടെ അടുത്തു എത്തുകയും നബിയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
സഈദ് ഇബ്ന്‍ സൈദ്(റ) :-
ആദ്യകാല വിശ്വാസികളില്‍ പെട്ടവര്‍ ആയിരുന്നു സഈദ് ഇബ്ന്‍ സൈദ്, അദ്ദേഹത്തിന്റെ ഭാര്യയും ഉമര്‍(റ)വിന്‍റെ സഹോദരിയുമായ ഫാത്വിമ,അബ്ബാസ് (റ)വിന്‍റെ ഭാര്യ ഉമ്മുല്‍ ഫള്ല്‍ ലുബാബ, നബിയുടെ പിതൃവ്യ പുത്രന്‍ ഉബൈദത് ഇബ്ന്‍ ഹാരിസ്, അബൂ സലമ, ഭാര്യ ഉമ്മു സലമ, ഉസ്മാന്‍ ഇബ്നു മള്ഊന്‍,അര്‍ഖം ബിന്‍ അബില്‍ അര്‍ഖം ,ഖാലിദ് ഇബ്ന്‍ സഈദ്, അടിമയായിരുന്ന സുഹൈബ് റൂമി, യാസര്‍, ഭാര്യ സുമയ്യ, മകന്‍ അമ്മാര്‍(റ) എന്നിവര്‍. ഇവരെല്ലാം ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ വമ്പിച്ച പീഡനങ്ങള്‍ ആണ് സഹിച്ചത്. പ്രമാണിമാര്‍,സമ്പന്നര്‍,അടിമകള്‍,സ്ത്രീകള്‍ തുടങ്ങി ധാരാളം പേര്‍ ഇസ്ലാമിലേക്ക് കടന്നു വന്നു. അവരെ ഇസ്ലാമിലേക്ക് കൊണ്ട് വന്നത് വാള്‍ കൊണ്ടോ യുദ്ധം കൊണ്ടോ ആയിരുന്നില്ല. ആരെങ്കിലും അനുസരിപ്പിക്കാനുള്ള ശക്തിയും നബി(സ്വ)ക്ക് ഇല്ലായിരുന്നു.അല്ലാഹുവിന്‍റെ വചനത്തിന്റെ മാസ്മരികതയും ആദര്‍ശ ശക്തിയും ആണ് അവരെയെല്ലാം ഹിദായത്തിലാക്കിയത്.
8
രഹസ്യം പരസ്യമാകുന്നു.
ആദ്യത്തെ മൂന്ന് വർഷം രഹസ്യമായിട്ടായിരുന്നു നബി(സ്വ) തന്റെ പ്രബോധനം നടത്തിയിരുന്നത്. അടുത്ത ബന്ധുക്കൾ, സ്നേഹിതർ, തന്റെ അൽ അമീനായി കാണുന്നവർ എന്നിവരോട് മാത്രമായിരുന്നു ഇസ്ലാമിനെ കുറിച്ച് നബി(സ്വ) പറഞ്ഞിരുന്നത്. ഇതിന് പലരും ചെവികൊടുത്തു. ചിലരൊക്കെ അവഗണിച്ചു. തുടർന്ന് അല്ലാഹു നബി (സ്വ)യോട്, അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവ വാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക (അൽ ഹിജ്ർ 94) എന്ന് കൽപ്പിച്ചു.
അപ്പോൾ നബി(സ്വ) തന്റെ അടുത്ത ബന്ധുക്കളായ ബനൂ ഹാഷിമിനെയും ബനുല്‍ മുത്വലിബിനെയും വിളിച്ച് തന്റെ ദൗത്യം അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. പിതൃവ്യന്‍മാരില്‍ ഒരാളായ അബൂലഹബൊഴികെ മറ്റെല്ലാവരും നല്ല വചനങ്ങള്‍ കൊണ്ടാണ് പ്രതികരിച്ചത്. മുഹമ്മദിനെ തടഞ്ഞില്ലെങ്കില്‍ അപകടമാണെന്ന് അബൂലഹബ് പറഞ്ഞ പ്പോള്‍ മറ്റൊരു പിതൃവ്യനായ അബൂത്വാലിബ് മരണം വരെ നാം മുഹമ്മദിനെ സംരക്ഷിക്കുമെന്ന് പ്രതിവചിച്ചു. സ്വഫാ മലയിലെ ഒരു ഉയര്‍ന്ന കല്ലില്‍ കയറി നിന്നു കൊണ്ടായിരുന്നു നബി(സ്വ) അവരോട് സംസാരിച്ചത്. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് അവന്റെ ദൂതനാണെന്നും, വിശ്വസിച്ചാല്‍ ഇഹത്തിലും പരത്തിലും അവര്‍ക്ക് വിജയവും നേട്ടവും ഉണ്ടാകു മെന്നും അവര്‍ ശിര്‍ക്കില്‍ തന്നെ തുടര്‍ന്നാല്‍ ദൈവിക ശിക്ഷയുണ്ടാകുമെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പരസ്യമായി തന്നെ കഅ്ബയുടെ മുറ്റത്ത് വെച്ച് നബി(സ്വ) നിസ്‌കരിക്കുകയും ചെയ്തിരുന്നു. പല നല്ല മനസുകളും ആ വെളിച്ചം സ്വീകരിച്ചു കൊണ്ടിരുന്നു. വിശ്വാസികളോട് മറ്റുളളവരുടെ മനസ്സില്‍ വിദ്വേഷവും അകല്‍ച്ചയും ഉടലെടുക്കുകയും ചെയ്തു. പല വിധത്തിലുളള എതിര്‍പ്പുകളും നിരന്തരമായി ഉണ്ടായിക്കൊണ്ടിരുന്നു മക്കയിൽ ഇടക്കിടെ പലരും പല വാദങ്ങളുമായി രംഗത്തു വരാറുണ്ടായിരുന്നു. അത് അതിവേഗം അടങ്ങുകയും ചെയ്യും. മുഹമ്മദ് നബി(സ്വ)യുടെ പ്രബോധനവും വളരെ പെട്ടെന്ന് അവസാനിക്കുമെന്നാണ് ഖുറൈശികള്‍ കരുതിയത്.
എന്നാല്‍ നബി(സ്വ) തന്റെ പ്രബോധനം പരസ്യമാക്കുകയും വിഗ്രഹാരാധനക്കെതിരെ സംസാരിക്കാന്‍ തുടങ്ങുകയും വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുവാന്‍ കഴിയില്ല എന്ന സത്യം ജനങ്ങളോട് തുറന്നു പറയുകയും ചെയ്തതോടുകൂടി ഖുറൈശികള്‍ അപകടം മണത്തു. ഈ പ്രബോധനം ഇങ്ങനെ മുന്നോട്ടു പോയാല്‍ എല്ലാ വീടുകളിലും കയറിച്ചെല്ലുമെന്നും എന്നും നിലനില്‍ക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ക്വുറൈശികള്‍ തുടക്കത്തില്‍ നബി(സ്വ)യോട് സന്ധിയാകാന്‍ ശ്രമിച്ചു. പ്രവാചകനെതിരെ ഒന്നും പ്രവര്‍ത്തിക്കാന്‍ അവര്‍ തുനിഞ്ഞില്ല. പക്ഷേ, ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്ന് ശക്തമായി പ്രഖ്യാപിച്ചപ്പോള്‍ പ്രവാചകനോട് അവര്‍ക്ക് വെറുപ്പും വിദ്വേഷവും തോന്നിത്തുടങ്ങി.
തലമുറകളായി അവർ തുടർന്നു പോരുന്ന വിഗ്രഹാരാധന, അതിന്റെ ഭാഗമായ അചാരങ്ങൾ എന്നിവയെ നിശിതമായി എതിർക്കുന്നത് അവർക്ക് താങ്ങാൻ കഴിയുന്നതായിരുന്നില്ല. അപ്രകാരം തന്നെ പ്രമാണിത്തം ഇസ്ലാം നിരാകരിക്കുന്നതും അവർക്ക് സ്വീകാര്യമായിരുന്നില്ല. പ്രത്യേകിച്ചും അടിമകൾ, സ്ത്രീകൾ എന്നിവരെ സമൂഹത്തിന്റെ ഭാഗമായി കാണാൻ പറയുന്നത്. മറ്റു ചിലർക്ക് ഇങ്ങനെ പോയാൽ മുഹമ്മദ് നേതാവാകുകയും തങ്ങളുടെ പ്രമാണിത്തം നഷ്ടപ്പെടുകയും ചെയ്യും എന്നായിരുന്നു. ഇതെല്ലാം ചേർന്നതോടെ ഖുറൈശികൾ നബി(സ്വക്കും അനുയായികൾക്കും ഇസ്ലാമിനും എതിരെ ശക്തമായ നീക്കങ്ങളുമായി രംഗത്തിറങ്ങി. നബി(സ്വ)യെ കുറിച്ച് മാരണക്കാരൻ എന്നും പ്രശ്നക്കാരൻ എന്നും പ്രചരിപ്പിക്കുക, അടിമകളെയും ദുർബലരെയും ക്രൂരമായി പീഡിപ്പിക്കുക തുടങ്ങിയതായിന്നു അവർ പ്രധാനമായും ചെയ്തിരുന്നത്. എന്നാൽ നബി(സ്വ)യോ അനുയായികളോ തിരിച്ചൊന്നും ചെയ്യുമായിരുന്നില്ല. അവരോട് എല്ലാം ക്ഷമിക്കുവാനായിരുന്നു അല്ലാഹു പറഞ്ഞത്.
അബൂ ലഹബിന് പുറമെ ഉത്ബത്, ശൈബത്, അബൂസുഫ്‌യാന്‍, അബുല്‍ ബുഖ്തരി, അസ്വദ്ബ്‌നുല്‍ മുത്ത്വലിബ്, അബൂജഹല്‍ എന്നഅംറുബ്‌നു ഹിഷാം, വലീദുബ്‌നു മുഗീറ, നബീഹ്, മുനബ്ബിഹ്, ആസ്വുബ്‌നു വാഇല്‍ തുടങ്ങിയവരായിരുന്നു ഇത്തരം ക്രൂരതകൾക്ക് നേതൃത്വം നൽകിയിരുന്നത്. അവർ അബൂത്വാലിബിന്റെ അടുക്കൽ ചെന്ന് നിങ്ങളുടെ സംരക്ഷണത്തിലിരിക്കുന്ന മുഹമ്മദിനെ നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ടു. അബൂത്വാലിബ് മാന്യമായ നിലയില്‍ നല്ല വാക്കുകള്‍ പറഞ്ഞുകൊണ്ട് അവരെ പിരിച്ചുവിട്ടു. പക്ഷെ, നബി(സ്വ) തന്റെ ദൗത്യത്തിൽ ഉറച്ചു നിന്നു. അപ്പോൾ അബൂത്വാലിബ് നബി(സ്വ)ക്ക് പരിപൂർണ്ണമായ പിന്തുണ നൽകി.
9
ഹബ്ശ ഹിജ്റ
മര്‍ദ്ദനംസഹിക്കവയ്യാതായപ്പോള്‍ നബി തന്റെ ചില ദുർബലരായ അനുയായികളോട് അബ്സീനിയ (എത്യോപ്യ) യിലേക്ക് പലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അന്ന് എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ നെഗസ് (നജ്ജാശി) ആണ് ഭരിച്ചിരുന്നത്. അങ്ങനെ നുബുവ്വത്തിന്റെ ദൗത്യത്തിന്റെ 5-ാം വര്‍ഷം 11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യ യിലേക്ക് പലായനം
ചെയ്തു. മുസ്ലിംകള്‍ പാലായനം ചെയ്തത്തറിഞ്ഞ മക്കയിലെ പ്രധാനികള്‍ ഒരു ദൗത്യ സംഘത്തെ
എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച് തങ്ങളില്‍ നിന്നും ഓടിപ്പോന്ന അടിമകളാണ് മുസ്ലിംകള്‍ എന്നും അവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അപേക്ഷിച്ചു.
രാജാവിന്റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ലിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു: രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു. ഞങ്ങളില്‍ ശക്തിയുള്ളര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു. അതിഥിമര്യാദ ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍വന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായറിയാമായിരുന്നു. ഞങ്ങളദ്ദേഹത്തില്‍
വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍
ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷി ക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ്. ഇതു കേട്ട രാജാവ് മുസ്ലിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും
അവര്‍ക്ക് ലഭിച്ചുവെന്ന് പറയുന്ന വേദത്തിന്റെ ചില ഭാഗങ്ങൾ കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിംകളില്‍പ്പെട്ട ജഅ്ഫര്‍ ഖുർആനിലെ ഏതാനും സൂക്തങ്ങൾ ഓതി കേള്‍പ്പിക്കുകയും ചെയ്തു. ഇതോടെ വസ്തുത മനസ്സിലാക്കിയ രാജാവ് അവരെ എത്യോപ്യയില്‍ താമസിച്ചുകൊള്ളന്‍ അനുവദിച്ചു. അധികം കഴിയുന്നതിനുമുമ്പ് മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക് പലായനം ചെയ്തു.
ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു.
10
ഉപരോധം
മുസ്ലീംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത് മക്കയിലെ പ്രധാനികളെ അലോസരപ്പെടുത്തി. മുഹമ്മദിന്റെ വളർച്ചയുടെ പിന്നിലുള്ള പ്രധാന ഘടകം അദ്ദേഹത്തിന്റെ കുടുംബങ്ങളായ ബനൂ ഹാശിമും ബനൂ മുത്വലിബും നൽകുന്ന പിന്തുണയും സഹായവുമാണ് എന്നവർ വിലയിരുത്തി. അവര്‍ യോഗം ചേർന്ന് പ്രവാചകന്റെ
കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്തന്‍ നിശ്ചയിച്ചു. അവര്‍ക്ക് ധാന്യങ്ങളോ മറ്റവശ്യസാധനങ്ങളോ നല്‍കാൻ പാടില്ലെന്ന് തീരുമാനിച്ചു. ഇത് പ്രവാചകന്റെ
കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ നുബുവ്വത്തിന്റെ ഏഴാം വർഷത്തിലായിരുന്നു ഇത്. ഇത് ഏതാണ്ട് മൂന്നുകൊല്ലം തുടര്‍ന്നു. നുബുവ്വത്തിന്റെ പത്താം വര്‍ഷത്തില്‍ അമുസ്ലീംകളില്‍പ്പെട്ട ചില ചെറുപ്പക്കര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കന്‍ നേതാക്കന്‍മാരെ നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി.
ശിഅബ് അബീത്വാലിബ് എന്ന തുറന്ന താഴ്‌വരയിലായിരുന്നു മൂന്ന് കൊല്ലം അവർ കഴിയേണ്ടി വന്നത്. അവരില്‍ നബി(സ്വ), അബൂ ത്വാലിബ്, ഖദീജ(റ) എന്നിവരെല്ലാം ഉണ്ടായിരുന്നു. കൃത്യമായ ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ ലഭിക്കാതെയുള്ള പീഡനം അവര്‍ ഏറ്റുവാങ്ങി. പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പിനാലുള്ള കരച്ചില്‍ താഴ്‌വരയെ പ്രകമ്പനം കൊള്ളിച്ചു. പ്രവാചകനും അദ്ദേഹത്തോടൊപ്പമുള്ളവരും നുബുവ്വത്തിന്റെ പത്താം വര്‍ഷം പുറത്ത് വന്നു. അതിന് ശേഷം ആറ് മാസം കഴിഞ്ഞപ്പോള്‍ അബൂത്വാലിബും അതിന്റെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഖദീജാബീവി(റ)യും മരണപ്പെട്ടു. നബി(സ്വ)യെ പിടിച്ചുലച്ച വിയോഗങ്ങളായിരുന്നു ഇവ. ഈ വർഷം ദുഖവർഷം എന്നറിയപ്പെടുന്നു.
11
ത്വാഇഫ് യാത്ര
നബി(സ്വ)യുടെ രണ്ട് പിൻബലങ്ങളായിരുന്നു അബൂ ത്വാലിബും ഖദീജാ ബീവിയും. ഇവരെ രണ്ടു പേരെയും മക്കക്കാർ ഏറെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇവരുടെ മരണങ്ങള്‍ക്ക് ശേഷം നബി(സ്വ)ക്ക് തന്റെ ജനതയിൽ നിന്നുള്ള ഉപദ്രവം ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ്വ) ത്വാഇഫുകാര്‍ അഭയം നല്‍കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അങ്ങോട്ട് പുറപ്പെട്ടു. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ശവ്വാല്‍ മാസത്തിലാണ് പ്രവാചകന്‍(സ്വ) ത്വാഇഫിലേക്ക് പുറപ്പെട്ടത്. അദ്ദേഹത്തോടൊപ്പം സൈദ്ബ്‌നു ഹാരിസ(റ)യും ഉണ്ടായിരുന്നു. നബി(സ്വ) ഓരോ അങ്ങോട്ട് പോകുന്നു വഴിയില്‍ ഓരോ ഗോത്രങ്ങളെയും ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരില്‍ നിന്നും ഒരാളും അതിന് ഉത്തരം നല്‍കിയില്ല. ത്വാഇഫില്‍ എത്തിയപ്പോള്‍ അവിടുത്തെ നേതാക്കളെ കാണുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. ത്വാഇഫുകാര്‍ക്കിടയില്‍ നബി(സ്വ) പത്ത് ദിവസത്തോളം താമസിച്ചു. ഈ കാലയളവില്‍ പ്രവാചകന്‍ എല്ലാ പ്രധാനികളെയും കാണുകയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ പറഞ്ഞത് നാടുവിട്ട് പോയില്ലെങ്കില്‍ കുട്ടികളെക്കൊണ്ട് കല്ലെറിഞ്ഞ് ഓടിക്കുമെന്നാണ്.
നബി(സ്വ) അവിടെനിന്ന് തിരിച്ചുപോരാന്‍ തീരുമാനിച്ചപ്പോള്‍ അവിടുത്തെ അവിവേകികളും കുട്ടികളും പിന്തുടര്‍ന്ന് കല്ലെറിയുകയുണ്ടായി. ഏറു കൊണ്ട് രക്തമൊലിച്ച് പ്രവാചകന്റെ ചെരുപ്പുകള്‍ക്ക് രക്ത വര്‍ണമായി. സൈദ്ബ്‌നു ഹാരിസ(റ) തന്റെ ശരീരം കൊണ്ട് നബിയെ സംരക്ഷിച്ചു. മടങ്ങിപ്പോകവെ ജിബ്‌രീല്‍(അ) നബിയെ സമീപിച്ചു. ജിബ്‌രീലിനോടൊപ്പം പര്‍വതങ്ങളുടെ മലക്കുമുണ്ടയിരുന്നു. പര്‍വതങ്ങള്‍ക്കിടയിലുള്ള മക്കയെ ഞെരിച്ചമര്‍ത്താന്‍ പ്രവാചകനോട് മലക്ക് അനുമതി തേടുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തോട് റസൂല്‍ (സ്വ) പറഞ്ഞു: അവരുടെ മുതുകുകളില്‍ നിന്ന് ഏകനായ അല്ലാഹുവിനെ ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു പുറത്ത് കൊണ്ടുവരണമെന്നാണെന്റെ ആഗ്രഹം (ബുഖാരി, മുസ്‌ലിം).
12
അഖബാ ഉടമ്പടികൾ
നബി(സ്വ)യും അനുയായികളും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് രണ്ട് വര്‍ഷംമുമ്പ് മദീനയില്‍ നിന്ന് പന്ത്രണ്ട് ആളുകള്‍ നബി(സ)യുടെ സന്നിധിയിലെത്തി ഇസ്ലാമിനെ പരിചയപ്പെടുകയും നബിയോട് ബൈഅത്ത് ചെയ്യുകയും ചെയ്തു. ഇത് ഒന്നാം അഖബാ ഉടമ്പടി എന്നറിയപ്പെട്ടുന്നു. ഇസ് ലാം പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ തങ്ങളോടൊപ്പം അയച്ചുതരണമെന്ന് അവര്‍ നബി തിരുമേനിയോട് അപേക്ഷിച്ചു. അതനുസരിച്ച് മിസ്അബ് ബ്‌നു ഉമൈറി(റ)നെ അവരോടൊപ്പം അയച്ചു കൊടുത്തു. അദ്ദേഹം മദീനയിലെ ഓരോ വീട്ടിലും ചെന്ന് ആളുകളോട് ഇസ്ലാമിനെ പ്രബോധനം ചെയ്യുകയും ക്രമേണ ഇസ് ലാം മദീനയിൽ (അന്നത്തെ യസ്രിബ്) പ്രചരിച്ചു തുടങ്ങി. ഔസ് ഗോത്രത്തലവനായ സഅദ് ബ്‌നു മുആദും അദ്ദേഹത്തിന്റെ കയ്യാല്‍ ഇസ്ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ് ലാമാശ്ലേഷം വഴി ഔസ് ഗോത്രമൊന്നടങ്കം ഇസ് ലാമിലെത്തി. നുബുവത്തിന്റെ പതിനൊന്നാം വര്‍ഷമായിരുന്നു ഈ സംഭവങ്ങള്‍.
അടുത്ത വര്‍ഷം ഹജ്ജ് കാലത്ത് 72 ആളുകള്‍ തങ്ങളുടെ കൂട്ടുകാരോടൊപ്പം രഹസ്യമായി അഖബയില്‍ വന്ന് നബി (സ)യുടെ കയ്യാല്‍ ഇസ്ലാം സ്വീകരിച്ചു. അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളിലും ഇസ് ലാമിക പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. നബി(സ) അവരില്‍ നിന്ന് 12 ആളുകളെ തെരഞ്ഞെടുത്ത് അവരെ നഖീബുമാര്‍ ( മേൽനോട്ടക്കാർ) ആയി നിശ്ചയിച്ചു. 9 പേര്‍ ഖസ്റജ് ഗോത്രത്തില്‍ നിന്നും 3 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും. നബി തിരുമേനി അവരില്‍ നിന്നു പ്രതിജ്ഞ വാങ്ങിയ കാര്യങ്ങള്‍ ഏകനായ അല്ലാഹുവില്ലാതെ മറ്റൊരു ദൈവത്തിനും ഇബാദത്ത് ചെയ്യുകയില്ല, കളവ് നടത്തുകയില്ല, വ്യഭിചരിക്കുകയില്ല, സന്താനഹത്യ നടത്തുകയില്ല, ആരുടെ മേലും വ്യാജാരോപണം നടത്തുകയില്ല, നബി തിരുമേനി കല്‍പ്പിക്കുന്ന നന്‍മയില്‍ നിന്ന് മുഖംതിരിക്കുകയില്ല എന്നിവയായിരുന്നു. നബി തിരുമേനി എപ്പോഴെങ്കിലും മദീനയിലേക്ക് വരികയാണെങ്കില്‍ മരണംവരെയും ഒപ്പം നില്‍ക്കുമെന്ന് ഈ നവമുസ്‌ലിംകള്‍ നബിയുമായി കരാര്‍ ചെയ്താണ് അവർ പിരിഞ്ഞത്.
13
ഇസ്റാഉം മിഅ്റാജും
ഒരു രാത്രിയില്‍ മക്കയില്‍ നിന്നും അക്കാലത്ത് ഒരു മാസം വഴിദൂരമുള്ള ശാമിലുള്ള ബൈത്തുല്‍ മുഖദ്ദസിലേക്കും, അവിടെ നിന്ന് ഏഴ് ആകാശങ്ങള്‍ക്കപ്പുറമുള്ള സിദ്‌റത്തുല്‍ മുന്‍തഹാ വരെയും അല്ലാഹു മുഹമ്മദ് നബി(സ്വ)യെ കൊണ്ടുപോവുകയും അത്ഭുതക്കാഴ്ചകള്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. ഈ രണ്ടു യാത്രകളില്‍ ഒന്നാമത്തെത് ഇസ്‌റാഅ് (രാപ്രയാണം) എന്നും രണ്ടാമത്തെത് മിഅ്‌റാജ് (ആകാശാരോഹണം) എന്നും അറിയപ്പെടുന്നു. ഖദീജാ ബീവിയുടെ മരണശേഷമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരമാലകള്‍ പോലെ മേല്‍ക്കുമേല്‍ കടന്നുവന്ന പ്രയാസങ്ങളുടെ സന്ദര്‍ഭത്തില്‍ നബി(സ്വ)ക്ക് അല്ലാഹു നല്‍കിയ വലിയ ഒരു ആശ്വാസവുമായിരുന്നു ഇസ്‌റാഉം മിഅറാജും. അവ അല്ലാഹു നബി(സ്വ)യിലൂടെ പ്രകടമാക്കിയ വലിയ ഒരു മുഅ്ജിസത്തായിരുന്നു.
ഇസ്‌റാഇന്റെ രാത്രിയില്‍ ഇശാഇന് ശേഷം ജിബ്‌രീല്‍(അ), നബി(സ്വ)യുടെ അടുക്കലേക്ക് വന്നു. നബി(സ്വ)യുടെ നെഞ്ച് പിളര്‍ത്തി സംസം വെള്ളം കൊണ്ട് വൃത്തിയാക്കി. ശേഷം ഈമാനും ഹിക്മത്തും അതില്‍ നിറച്ചു. ശേഷം പിളര്‍ക്കപ്പെട്ട നെഞ്ച് ചേര്‍ത്തുവച്ചു. നബി(സ്വ)യുടെ ജീവിതത്തിലെ രണ്ടാമത്തെ നെഞ്ചുപിളര്‍ത്തിയ സംഭവമാണിത്. അതിനുശേഷം ജിബ്‌രീല്‍ ബുറാഖുമായി വന്നു. കഴുതയെക്കാള്‍ വലുപ്പമുള്ളതും കോവര്‍കഴുതയെക്കാള്‍ ചെറുതുമായ ഒരു മൃഗമാണ് ബുറാഖ്. അതിന്റെ നോട്ടം എവിടേക്കെത്തുന്നുവോ അവിടെയെല്ലാം അതിന്റെ കാല്‍പാദങ്ങളും എത്തും. അത് ഒരു വാഹനം തന്നെയായിരുന്നു. നബി(സ്വ)യുടെ ഈ യാത്ര ശാരീരികമായി തന്നെയായിരുന്നു നടന്നത് എന്നതിനുള്ള തെളിവും കൂടിയാണ് ഇത്.
നബി(സ്വ) അതില്‍ കയറി ബൈത്തുല്‍ മുഖദ്ദസിലേക്ക് യാത്രയായി. ജിബ്‌രീലും കൂടെ ഉണ്ടായിരുന്നു. നബിമാര്‍ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന ഭാഗത്ത് ബുറാഖിനെ ബന്ധിച്ചു. ശേഷം പള്ളിയില്‍ പ്രവേശിച്ചു. മറ്റുള്ള അമ്പിയാക്കളെ അല്ലാഹു അവിടെ ഒരുമിച്ച് കൂട്ടിയിരുന്നു. അവര്‍ക്ക് ഇമാമായി നിന്ന് രണ്ടു റക്അത്ത് നമസ്‌കരിച്ചു. മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്മാരുടെ മുന്നില്‍ നബി (സ്വ) ഇമാമായി നില്‍ക്കുകയുണ്ടായി എന്നത് നബി(സ്വ)ക്ക് മറ്റു പ്രവാചകന്മാരില്‍ നിന്ന് ലഭിച്ചിട്ടുള്ള മഹത്തായ ഒരു പദവിയായിരുന്നു. തുടർന്ന് ജിബ്‌രീലിനോടൊപ്പം ആകാശ ലോകത്തേക്ക് യാത്രയായി. ഓരോ ആകാശത്തിലും എത്തുമ്പോള്‍ അവിടെയുള്ള കവാടങ്ങള്‍ തുറക്കാന്‍ കല്‍പിക്കപ്പെടുകയും ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്തു. പല നബിമാരെയും അവിടെവെച്ചും തിരുദൂതര്‍ കാണുകയുണ്ടായി. അവരുമായി നബി(സ്വ) സംസാരിച്ചു.
അങ്ങനെ ഏഴ് ആകാശങ്ങള്‍ക്ക് അപ്പുറമുള്ള ബൈത്തുല്‍ മഅ്മൂറില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും സിദ്‌റത്തുല്‍ മുന്‍തഹയിലേക്ക് ഉയര്‍ത്തപ്പെട്ടു. അവിടെ വെച്ചുകൊണ്ട് അഞ്ചുനേരത്തെ നമസ്‌കാരം ഈ ഉമ്മത്തിന് വേണ്ടി അല്ലാഹു നിര്‍ബന്ധമാക്കി നിശ്ചയിച്ചു കൊടുത്തു. നരകവും സ്വര്‍ഗവും കണ്ടു. അതിനുശേഷം ആകാശങ്ങളുടെ ഉന്നതികളില്‍ നിന്നും ബൈത്തുല്‍ മുഖദ്ദസിലേക്ക് ജിബ്‌രീലിന്റെ കൂടെ യാത്രയായി. അവിടെനിന്നും ബുറാഖില്‍ കയറി മക്കയിലേക്ക് തിരിച്ചുപോന്നു. സുബ്ഹിയുടെ മുമ്പുതന്നെ മക്കയില്‍ എത്തിച്ചേരുകയും ചെയ്തു. മിഅ്‌റാജിന്റെ സന്ദര്‍ഭത്തില്‍ അല്ലാഹു ഈ ഉമ്മത്തിന് ആദ്യമായി നിര്‍ബന്ധമാക്കിയത് 50 നേരത്തെ നമസ്‌കാരമായിരുന്നു. എന്നാല്‍ മിഅ്‌റാജ് കഴിഞ്ഞ് തിരിച്ചുപോരുന്ന സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി(സ്വ)മൂസാ നബിയെ(അ) കണ്ടുമുട്ടി. താങ്കളുടെ ഉമ്മത്തിന് എന്താണ് അല്ലാഹു നല്‍കിയിട്ടുള്ളത്? എന്ന് മൂസാ നബി(അ) ചോദിച്ചു. 50 വഖ്ത് നിസ്കാരമാണ് എന്നറിഞ്ഞപ്പോൾ നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുകയും ഈ വിഷയത്തില്‍ നിങ്ങളുടെ ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കിത്തരാന്‍ ആവശ്യപ്പെടുകയും വേണം എന്ന് മൂസാ നബി(അ) പറഞ്ഞതനുസരിച്ച് തിരിച്ചു പോകുകയും കുറച്ചു തരാൻ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. അത് അഞ്ചാകുന്നതു വരെ മൂസാ നബിയുടെ ഇടപെടൽ ഉണ്ടായി എന്നാണ് ചരിത്രം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso