Thoughts & Arts
Image

അവർ പഠിച്ചു വളരട്ടെ..

01-06-2022

Web Design

15 Comments








വീണ്ടും പാഠശാലകൾ വാതിൽ തുറന്നു. നമ്മുടെ ശേഷക്കാർ ആവേശത്തോടെ അവരുടെ ബഞ്ചുകളിലെത്തിയിരിക്കുന്നു. പുതിയ ബുക്കും ബാഗും കയ്യിലേന്തി തുള്ളിച്ചാടി അവർ വീട്ടിൽ നിന്ന് കൈവീശിക്കാണിച്ച് ഇറങ്ങുമ്പോൾ വാതിൽപ്പടിയിൽ മാതാപിതാക്കളുടെ മുഖത്തും മനസ്സിലും പ്രതീക്ഷകളുടെ പൂക്കളാണ് വിരിഞ്ഞുനിന്നത്. അവർ വിദ്യാലയത്തിലേക്ക് ഒഴുകുമ്പോൾ വഴിവക്കിൽ സമൂഹം അഭിമാനത്തിന്റെ കഞ്ചുകമണിഞ്ഞു കൊണ്ടാണ് കൈ വീശിയത്. മണി മുഴങ്ങി ക്ലാസ് മുറികൾ സജീവമാകുമ്പോൾ രാജ്യം അവർക്കു വേണ്ട സേവനത്തിന്റെ കാര്യത്തിൽ ഇല്ലായ്മയും വല്ലായ്മയും മറക്കുകയാണ്. കാരണം ഒരു കുടുംബത്തിന്റെയും രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷകളുടെ ഒറ്റവാക്കാണ് വിദ്യാഭ്യാസം. എല്ലാമുണ്ടായിട്ടും വിദ്യാഭ്യാസമില്ലെങ്കിൽ മറ്റേതുപകരംവെച്ചും ജീവിതത്തെ നിലവാരത്തിലെത്തിക്കാൻ കഴിയില്ല. ഒന്നുമില്ലെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിൽ എല്ലാ വെല്ലുവിളിയെയും തോൽപ്പിച്ച് മറികടക്കാം. ഭൗമോപരിതലത്തിലുണ്ടായ മനുഷ്യന്റെ ഉദ്ത്ഥാന-പതനങ്ങൾ അതിനു സാക്ഷിയും തെളിവുമാണ്.



ജീവീയലോകത്തിൽ മനുഷ്യനല്ലാത്ത ജന്തുക്കൾക്കെല്ലാം സൃഷ്ടാവ് അവയുടെ ജീവിതം നയിക്കുവാൻ നൽകിയിരിക്കുന്നത് ജന്മവാസന എന്ന സവിശേഷതയാണ്. ജനിക്കുമ്പോൾ തന്നെ അത് അവയിൽ അവൻ നിക്ഷേപിക്കുന്നു. അവയ്ക്കു വിധേയമായി അവ ജീവിക്കുന്നു. അതിൽ നിന്ന് മാറുവാനോ സ്വന്തം ഇംഗിതമനുസരിച്ച് മറ്റൊന്ന് കണ്ടുപിടിക്കുവാനോ അവയ്ക്ക് കഴിയില്ല. എന്നാൽ മനുഷ്യൻ അങ്ങനെയല്ല, അവൻ സ്വതന്ത്രനാണ്. അവന് ജന്മവാസനകൾ ഉണ്ടെങ്കിലും അതനുസരിച്ച് തന്നെ അവൻ ജീവിക്കേണ്ടതില്ല. സ്വന്തം വഴി കണ്ടെത്തുവാനും ആവശ്യമെങ്കിൽ അതിൽ നിന്നു മാറി മറ്റൊന്ന് കണ്ടെത്തുവാനും അതിനു വിധേയമായി ജീവിക്കാനുമെല്ലാം അവന് കഴിവ് നൽകപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള കഴിവ് നൽകിയിരിക്കുന്നത് മുമ്പിൽ നീണ്ടുനിവർന്നു കിടക്കുന്ന ഭാവിക്കും പിണഞ്ഞു കിടക്കുന്ന സങ്കീർണ്ണതക്കും മുമ്പിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് കണ്ടെത്തുവാൻ ശ്രമിക്കുവാൻ വേണ്ടിയാണ്. ഈ യജ്ഞത്തിൽ അവനെ നയിക്കുന്നതും സഹായിക്കുന്നതും അവനു നൽകപ്പെട്ടിരിക്കുന്ന ബുദ്ധിശക്തിയാണ്. മനസ്സ് എന്നും ഇത് വ്യവഹരിക്കപ്പെടുന്നു. സ്വന്തം ബുദ്ധി ഉപയോഗിച്ച് ശരിയാംവിധം ചിന്തിച്ചും മനനം ചെയ്തും സുരക്ഷിതമായ വഴി അവൻ കണ്ടെത്തണം എന്നാണ്.



ബുദ്ധിക്ക് പക്ഷെ കണ്ടെത്തുന്നത് ശരിതന്നെയാവണമെന്ന നിഷ്കർഷയൊന്നുമില്ല. ഒരു നല്ല മനുഷ്യനെ ധാർമ്മികതയെ പുണരാൻ പ്രചോദിപ്പിക്കുന്നത് ബുദ്ധിയാണ്. ഒരു തസ്കരന് സമർഥമായി മോഷ്ടിക്കാനുള്ള സൂത്രം പറഞ്ഞു തരുന്നതും ബുദ്ധിയാണ്. പക്ഷെ, മറ്റൊന്നുണ്ട്. ബുദ്ധിയെ നമുക്ക് ശരി മാത്രം കണ്ടെത്താനും വിജയം മാത്രം പറഞ്ഞുതരാനും പറ്റുന്നതാക്കിയെടുക്കാൻ കഴിയും. അതിനുളള വഴി സരളമാണ്. നൻമയും, വിജയവും മനസ്സിൽ ഉറപ്പിച്ചും നിറച്ചും സ്ഥാപിക്കുക, അവ നേടാനുള്ള അദ്ധ്വാനത്തെ ആസ്വാദകരമാക്കുക, നിരുത്സാഹാത്മകമായ ചിന്തകളെ അകത്തേക്ക് കടത്താതിരിക്കുക, പ്രോത്സാഹനാത്മകമായ ചിന്തകൾ മനസ്സിൽ നിറക്കുക, ജാഗ്രതയോടെ വളരുവാനും വളർത്തുവാനും ശ്രദ്ധിക്കുക.. തുടങ്ങി കുറേ കാര്യങ്ങൾ ചേർന്നതാണത്. അതെല്ലാം കൂട്ടിപ്പറഞ്ഞാൽ അത് വിദ്യാഭ്യാസവും അതിനുളള പ്രക്രിയയുമായിത്തീരും. അങ്ങനെയാണ് മനുഷ്യന്റെ എല്ലാ വിജയങ്ങളുടെയും നിദാനം വിദ്യാഭ്യാസമാണ് എന്ന് ജ്ഞാനികളും നമ്മൾ ഓരോരുത്തരും പറയുന്നതും മനസ്സിലാക്കുന്നതും.



മനുഷ്യ ജീവിതത്തില്‍ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് വിദ്യാഭ്യാസം. വായു, ജലം, പാര്‍പിടം, വസ്ത്രം, ഭക്ഷണം തുടങ്ങി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോടൊപ്പം ചേര്‍ത്തു വായികേണ്ടുന്ന ഒന്ന്. അതുകൊണ്ട് പുരാതന കാലം മുതലേ എല്ലാ മത, ജന, ഗോത്ര വിഭാഗങ്ങളും വിദ്യാഭ്യാസത്തെ വളരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ ഏറെ മുമ്പിൽ നിൽക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിന്റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുർആനിന്റെ ആദ്യ സന്ദേശത്തിലെ സൂചനകൾ മാത്രം മതി അതു മനസ്സിലാക്കാം. അൽ അലഖ് അധ്യായത്തിലെ ആദ്യത്തെ അഞ്ച് സൂക്തങ്ങളായിരുന്നു ആദ്യം അവതരിച്ചത്. അവയിൽ സൃഷ്ടി പ്രക്രിയ, അതിലെ ഭ്രൂണം, പേന, ജ്ഞാനം തുടങ്ങിയ വിഷയങ്ങളെയാണ് റബ്ബിനെ പരിചയപ്പെടുത്തുവാൻ ആശ്രയിച്ചിരിക്കുന്നത്. സങ്കീർണ്ണമായ അത്തരം വിഷയങ്ങളെ കുറിച്ച് ബുദ്ധി ഉപയോഗിച്ച് സ്വന്തം റബ്ബിനെ കണ്ടെത്തുവാനാണ് അല്ലാഹു സൃഷ്ടാവ് ആവശ്യപ്പെടുന്നത്. അപ്രകാരം തന്നെ ഖുർആനിലുടനീളം ചിന്തിക്കാനും ആലോചിക്കുവാനും നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. പറഞ്ഞു തരുന്നത്, അണ്ണാക്ക് തൊടാതെ വിഴുങ്ങുവാനോ അന്ധമായി അനുകരിക്കുവാനോ ഇസ്ലാം താൽപര്യപ്പെടുന്നില്ലെന്നും സ്വന്തം ബുദ്ധി ഉപയോഗിച്ച് റബ്ബിനെ വരെ കണ്ടെത്തുകയും മനസ്സിൽ ഉറപ്പിക്കുകയുമാണ് വേണ്ടത് എന്ന് ചുരുക്കം. നബി(സ്വ) വിജ്ഞാനത്തെ ഏറെ പ്രകീർത്തിച്ചതായി ഹദീസുകളിൽ കാണാം.



ഇന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടെ വിദ്യാഭ്യാസ രംഗം വളര്‍ന്നുപന്തലിച്ചിരിക്കുന്നു. രാഷ്ട്രങ്ങൾ, വിദ്യാഭ്യാസ വിചക്ഷണൻമാർ, ധർമ്മപ്രചാരകർ തുടങ്ങി വലിയ ഒരു സമൂഹം വിദ്യാഭ്യാസ രംഗത്തെ പുഷ്കലമാക്കുവാൻ രാവും പകലുമില്ലാതെ ശ്രമിച്ചുവരികയാണ്. പക്ഷെ, ഇവരുടെയെല്ലാം ശ്രമങ്ങൾ മൊത്തത്തിൽ ഒരു കള്ളിയിൽ എഴുതി തൂക്കി നോക്കിയാൽ അവരുടെ പകുതിയിലധികം ശ്രദ്ധയും വലംവെക്കുന്നത് കുട്ടിയെ പരീക്ഷക്കും തുടർന്ന് ഒരു ജോലിക്കും വേണ്ടി സജ്ജമാക്കുക എന്നതാണ് എന്ന് വ്യക്തമാണ്. എന്നാൽ ഇതുകൊണ്ട് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം നേടുകയില്ല. വിദ്യാഭ്യാസം എന്നത് അറിവും, മൂല്യങ്ങളും, വിശ്വാസങ്ങളും, ശീലങ്ങളും സ്വായത്തമാക്കിയെടുക്കുന്ന ഒരു വലിയ പ്രക്രിയയാണ്, വെറും പാഠ ഭാഗങ്ങള്‍ പഠിച്ചെടുക്കുക, പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഒരു കാട്ടാളനെ നല്ല മനുഷ്യനാക്കാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം എന്നാണ് ഒരു പാശ്ചാത്യ ചിന്തകൻ അഭിപ്രായപ്പെട്ടത്. നല്ലൊരു മനുഷ്യനെ സൃഷ്ടിച്ചെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ദൗത്യം എന്ന് സാരം. ആവശ്യമായ പാഠഭാഗങ്ങള്‍ക്ക് പുറമെ നല്ല ശീലങ്ങളും, മൂല്യങ്ങളും പകര്‍ന്നു കൊടുക്കുന്നതാകണം വിദ്യാഭ്യാസം.



പരീക്ഷയിൽ വിജയിക്കുവാനും ജോലി വെട്ടിപ്പിടിക്കുവാനും പുലർത്തുന്ന വാശിയും പിടിവലിയും കാണുമ്പോൾ ഈ രംഗത്ത് മഹാ മനുഷ്യ മൂല്യങ്ങളായ സ്‌നേഹം, സഹവര്‍ത്തിത്വം, അനുകമ്പ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഇന്നത്തെ വിദ്യാഭ്യാസരീതിയിലൂടെ നമ്മുടെ മക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് നാം ആശങ്കപ്പെട്ടുപോകും. ഇവിടെയാണ് മൂല്യവത്തായ വിദ്യാഭ്യാസത്തെ കുറിച്ച് നാം ആലോചിച്ചു പോകുന്നത്. എങ്ങനെയെങ്കിലും പഠിച്ചു ഒരു ജോലിയില്‍ എത്തിപ്പെടുക എന്നതിനോടൊപ്പം യഥാര്‍ത്ഥ മനുഷ്യനായി മാറാന്‍ കഴിയുന്നതാകണം വിദ്യാഭ്യാസം. സ്വാര്‍ഥതയും സങ്കുചിത മനോഭാവവും വളരുന്നതിനു പകരം വിദ്യാഭ്യാസത്തോടൊപ്പം വിനയവും, നല്ല സ്വാഭാവവും ശീലിക്കണം. വിദ്യാഭ്യാസം അര്‍ത്ഥപൂര്‍ണമാകുന്നത് അറിവ് നേടുന്നതോടൊപ്പം സ്വഭാവ രൂപീകരണവും സാധ്യമാകുമ്പോഴാണ്. അച്ചടക്കമുള്ള ഒരു തലമുറയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. യാന്ത്രികമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ലാഭം എന്നത് ഉദ്ദേശ ലക്ഷ്യമാകുമ്പോള്‍ വിദ്യാഭ്യാസം എന്നതു കച്ചവട ചരക്കും വിദ്യാര്‍ഥികള്‍ ഉപഭോക്താകളുമാകുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ മൂല്യം കുറയുന്നു. ഇന്ന് കാമ്പസുകളില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ നമ്മെ ഭീതിപ്പെടുത്തുന്നു. ക്രിമിനലുകളായി മാറുന്നതില്‍ ഭൂരിഭാഗവും ഇവര്‍ത്തന്നെ.



സഹപാഠികളെയും അധ്യാപകരെയും ക്ലാസ്സ് മുറിക്കുള്ളില്‍ വെടിയുതിര്‍ത്തു കൊലപ്പെടുത്തിയ വിദ്യാര്‍ഥിയുടെ ചിത്രം വിറങ്ങലിപ്പിക്കുന്നതായിരുന്നു. കൊലപാതകവും ലൈംഗീക ചേഷ്ടകളും ലഹരി ഉപയോഗങ്ങളുമെല്ലാം കാമ്പസുകളുടെ പൊതു ചിത്രമായി മാറിയിട്ടുണ്ട്. ദൈവതുല്യരായി കാണേണ്ട അധ്യാപകന്റെ മുഖത്തു കരി ഓയില്‍ ഒഴിക്കുന്നതും, അവർക്ക് നേരെ കൈ ഉയർത്തുന്നതും ക്രമേണ പതിവു കാഴ്ചയായി മാറി വരികയാണ്. പ്രതിഷേധമെന്ന അതിർവരയിൽ ഒതുങ്ങി നിൽക്കേണ സമരമുറകൾ പൊതുമുതല്‍ നശിപ്പിക്കാനും അരാജകത്വത്തിനുമുളള അയാൾ വാദമായി മാറുന്നു. സഹപാഠിയുടെ ജീവന്‍ അപഹരിക്കുന്നതിന് പ്രചോദനമായത് സിനിമയിൽ കണ്ട രംഗമായിരുന്നു എന്നു വരെ കേൾക്കേണ്ടി വന്നു നമ്മൾ. ലഹരി വസ്തുക്കളുടെ സുരക്ഷിത ഇടനിലക്കാരും ഉപഭോക്താകളുമായി വിദ്യാര്‍ഥികള്‍ മാറുന്നുണ്ട് എന്ന് സമൂഹത്തിൽ അടക്കിപ്പിടിച്ച വർത്തമാനമുണ്ട്. ധാര്‍മിക വിദ്യഭ്യാസത്തിന്റെ അഭാവമാണ് പ്രധാനമായും ഇതിനെല്ലാം വഴി വെക്കുന്നത്. എന്നുവെച്ചാൽ മത വിദ്യാഭ്യാസത്തിന്റെ അഭാവം എന്നു മാത്രമല്ല. മറിച്ച് വിദ്യാഭ്യാസത്തിലെ ധാർമ്മികതയുടെ അഭാവം എന്നു കൂടിയാണ്. മത വിദ്യാഭ്യാസം കൊണ്ട് മാത്രം വിദ്യാർഥിയിലെ ധാർമ്മികതയെ സംരക്ഷിച്ചു നിറുത്താം എന്ന വിശ്വാസത്തിന് ഉലച്ചിലേൽക്കുന്നുണ്ട്. ആശാവഹമല്ലാത്ത പലതും ഇടക്കിടെ നാം അനുഭവിക്കാറുണ്ടല്ലോ.



വിദ്യാഭ്യാസത്തിന്റെ ഉദ്ധേശ ലക്ഷ്യം, അത് ഉണ്ടാക്കിത്തരുന്ന ഭാവിയുടെ അന്തസ്സ്, സമൂഹത്തിന് താൻ നൽകേണ്ട ദാനം, രാജ്യത്തിന് തന്നിൽ നിന്ന് വേണ്ടത്, വിദ്യാര്‍ഥികളുടെ ഉത്തരവാദിത്തം തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ശരിയായ ബോധ്യം പകരുന്ന വികാരത്തെയാണ് നാം ഇവിടെ ധാർമ്മികത എന്നു വിളിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാകള്‍ക്കും വേണം. മക്കളെ വിദ്യാലയങ്ങളിലേക്ക് പറഞ്ഞു വിട്ടാല്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വം പൂര്‍ണമാകുന്നില്ല. അവരുടെ ഓരോ ചലനങ്ങളും ഇടപെടലുകളും സസൂക്ഷ്മം നിരീക്ഷിക്കണം. വീടാണ് എറ്റവും ആദ്യത്തെ വിദ്യാലയം. വീട്ടില്‍ നിന്നും തുടങ്ങണം നല്ല ഉപദേശങ്ങളും ശീലങ്ങളും. ഈ ധാർമിക ബോധത്തെ വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും ഉത്തരവാദിത്വമായി കാണാം. ഈ ഉത്തരവാദിത്വ ബോധം എവിടെ വെച്ചോ കൈമോശം വന്നതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. വിദ്യാഭ്യാസവും സംസ്കാരവും ഇത്ര ശക്തമായി വേരോടിയിരിക്കുന്ന ഈ മണ്ണില്‍ കാലുറപ്പിക്കണമെങ്കില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടും എന്ന് അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ മെക്കാളെ പ്രഭു തന്‍റെ സര്‍ക്കാരിനെ അറിയിച്ചതും അതിനുവേണ്ട ചതിപ്രയോഗങ്ങള്‍ അവര്‍ തുടങ്ങിയതും അതിന്‍റെ ഫലമായി പിന്‍തലമുറയിലെ ആളുകൾ പിന്തള്ളപ്പെട്ടതും അതിൽ നമുക്കറിയാവുന്ന ഒന്നാണല്ലോ.



കോവിഡിന്റെ ദുരന്തങ്ങൾ മറികടന്ന് നമ്മുടെ പാഠശാലകൾ സജീവമാകാൻ ശ്രമിക്കുന്ന ഈ അദ്ധ്യയന വർഷം നാം കൂടുതൽ ജാഗ്രത കാണിക്കേണ്ട വർഷമാണ്. ഓൺ ലൈനിൽ നിന്ന് ഓഫ്‌ലൈനിലേക്കിറങ്ങുന്നത് പരിക്കേറ്റ മക്കളാണ്. അവർക്ക് സംഭവിച്ച എല്ലാ കുറവുകളും പരിഹരിക്കുവാൻ ചടുലമായ ജാഗ്രത എല്ലാവരും കാണിക്കണം. അതിനു വേണ്ടിയുള്ള ശുഭപ്രതീക്ഷകൾക്ക് പക്ഷെ തുടങ്ങും മുമ്പെ മങ്ങലേറ്റതിന്റെ ജാള്യത മറച്ചുവെക്കാനാവുന്നില്ല. മുതിർന്നവർ അവരുടെ കലാപങ്ങളിൽ കൊച്ചുമക്കളെ മുൻപിൽ നിറുത്തുന്നതും ചുമലിലേറ്റുന്നതും വല്ലാത്ത ഉൽക്കണ്ഠ ഉണ്ടാക്കുന്നു. അവരെ അവരുടെ വഴിയിലേക്ക് തിരിച്ചു വിടുക. അവർ ഇപ്പോൾ പഠിക്കട്ടെ..


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso