Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ ഹശ്ർ - 2

02-06-2022

Web Design

15 Comments


തസ്ബീഹ് തരുന്ന പ്രതിഫലങ്ങൾ



1. ആകാശങ്ങളിലും ഭൂമിയിലും ഉള്ളവ മുഴുവനും അല്ലാഹുവിന്റെ മഹത്ത്വം പ്രകീർത്തിച്ചിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രേ.



അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിച്ചു കൊണ്ട് ആരംഭിക്കുന്ന അധ്യായ ക്രമമനുസരിച്ചുള്ള രണ്ടാമത്തെ അദ്ധ്യായമാണിത്. ഒന്നാമത്തേത് അൽ ഹദീദ് സൂറത്താണ്. പ്രകീർത്തിക്കപ്പെടാൻ മാത്രം മഹത്വത്തിന്റെ കേദാരമാണ് അല്ലാഹു എന്ന് ഏതെങ്കിലും ഒരു ഇന്ദ്രിയം വഴി തിരിച്ചറിയുന്ന സൃഷ്ടിയുടെ ഉള്ളിൽ നിന്നും അറിയാതെ ഉയരുന്ന നിശ്വാസമാണ് തസ്ബീഹ്. അല്ലാഹുവിന്റെ മഹത്വവും മഹാത്മ്യവും മനസ്സാ തിരിച്ചറിയുന്ന പശ്ചാതലമാണ് അതിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഈ തിരിച്ചറിവ് എപ്പോഴും വിശ്വാസിയുടെ മനസ്സിൽ ഉണ്ടായിക്കൊണ്ടേയിരിക്കണം എന്നതാണ് തസ്ബീഹിന് അല്ലാഹുവും റസൂലും പ്രകടിപ്പിക്കുന്ന താൽപര്യം. പ്രപഞ്ചത്തിന്റെ രണ്ടു മുഖങ്ങളും സ്വഭാവങ്ങളുമാണ് രാവും പകലും. സൂര്യനും ചന്ദ്രനും ഉദിക്കുകയും ഗോചരമാകുകയും ചെയ്യുന്ന അവസ്ഥ എന്നതിനപ്പുറം പ്രകൃതി ബന്ധിതവും ഘടനാപരവുമായ മാറ്റങ്ങൾ സംഭവിക്കുന്ന സമയങ്ങളാണിവ രണ്ടും. അതിനാൽ ഈ രണ്ടിലേക്കുമുള്ള മാറ്റങ്ങളുടെ സമയങ്ങൾക്ക് പ്രാധാന്യമുണ്ട്. ഈ സമയങ്ങളായ പ്രഭാതവും പ്രദോഷവും മനുഷ്യചിന്ത ഉയരേണ്ട സമയങ്ങളായിരിക്കുവാൻ ഇസ്ലാം താൽപര്യപ്പെടുന്നു. ഈ സമയത്ത് പ്രത്യേകം ചെയ്യുവാൻ വിശുദ്ധ ഖുർആനും തിരുറസൂലും ആവശ്യപ്പെടുന്ന സംഗതി മഗരിബ്, ഫജ്ർ നിസ് കാരങ്ങൾ കഴിഞ്ഞാൽ പിന്നെ തസ്ബീഹാണ്. വിശുദ്ധ ഖുർആൻ ഈ വിഷയം പല രൂപത്തിലുമായി പലയിടത്തും പറയുന്നുണ്ട്. അഅ്റാഫ്: 205, ത്വാഹാ: 130, ഫത്ഹ്: 9, ഗാഫിർ: 55, നൂർ: 36, സ്വാദ് 18 തുടങ്ങിയ സൂക്തങ്ങൾ അതിനു ഉദാഹരണമാണ്.



പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹിന് പ്രത്യേക പ്രതിഫലമുണ്ട് എന്നാണ് ഇതിൽ നിന്നും ഗ്രഹിക്കാനുള്ളത്. അപ്പോൾ മാത്രം ചെയ്യാനുളളതാണ് തസ്ബീഹ് എന്ന് ഇതിനർഥമില്ല. തസ്ബീഹിന്റെ പ്രാധാന്യം പറയുന്ന ഹദീസുകൾ ധാരാളമാണ്. സ്വഹീഹുല്‍ ബുഖാരിയില്‍ തസ്ബീഹിന്റെ പ്രാധാന്യം പറയാന്‍ മാത്രമായി ഒരു അധ്യായം തന്നെ ഉണ്ട്. അവയിലൊന്നിൽ
റസൂൽ(സ്വ) അരുളി: ആരെങ്കിലും ഒരു ദിവസം 100 പ്രാവശ്യം സുബ്ഹാനല്ലാഹി വബിഹംദിഹി എന്ന് ചൊല്ലിയാല്‍ അവന്റെ ദോഷങ്ങള്‍ മായ്ക്കപ്പെടും; അത് സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും (മുസ്ലിം). മറ്റൊരു ഹദീസിൽ അബൂഹുറൈറ(റ) ഇങ്ങനെ പറയുന്നു. നബി(സ്വ) പറയുന്നു: ഉച്ചാരണം സരളമായതും ത്രാസില്‍ വളരെ കനമേറിയതും രക്ഷിതാവിങ്കല്‍ ഏറെ പ്രിയപ്പെട്ടതുമായ രണ്ടു വചനങ്ങളാണ് സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം എന്നിവ (ബുഖാരി, മുസ്ലിം).



അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തിക്കുക എന്നത് എല്ലാ ദിക്റുകളുടെയും ആത്യന്തിക സാരം തന്നെയാണ്. അതുകൊണ്ടാണ് തസ്ബീഹ് അധികവും തക്ബീറിന്റെയും തഹ് ലീലിന്റെയും ഹംദിന്റെയും കൂടെ വരുന്നത്. നബി(സ്വ) തന്റെ അനുചരൻമാരെ അങ്ങനെയാണ് അധികമായും പഠിപ്പിച്ചിരുന്നതായി കാണുന്നത്. അതിൽ ഏറെ ശ്രേഷ്ടത ഉളടങ്ങിയ കാരണത്താലായിരിക്കാം സ്വന്തം മകൾക്ക് നൽകിയ ഉപദേശത്തിലും അങ്ങനെ വന്നത്. ആട്ടുകല്ല് പിടിച്ച് ക്ഷീണിച്ചു അവശയായ മകൾ ഫാത്വിമ(റ) ഒരു അടിമ സേവകനെ ആവശ്യപ്പെട്ടായിരുന്നു ഉപ്പയെ സമീപിച്ചത്. ചെന്നപ്പോൾ നബി(സ്വ) അവിടെ ഇല്ലായിരുന്നു. അതിനാൽ ആഇശയെ(റ)യെ കാര്യം ധരിപ്പിച്ച് മടങ്ങുകയായിരുന്നു അവർ. വീട്ടിൽ തിരിച്ചെത്തിയപ്പോൾ മകൾ വന്നിരുന്ന വിവരമറിഞ്ഞ റസൂല്‍(സ്വ) അപ്പോൾ തന്നെ അവരുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോഴേക്കും ഭാര്യയും ഭർത്താവും കിടന്നിട്ടുണ്ടായിരുന്നു. അങ്ങനെ തിരുനബി ഞങ്ങള്‍ രണ്ടു പേരുടേയും ഇടയില്‍ ഇരുന്നു. അവിടുത്തെ പാദങ്ങളുടെ തണുപ്പ് എന്റെ നെഞ്ചത്തെത്തുന്നുണ്ടായിരുന്നു എന്ന് ഫാത്വിമ(റ) ഒരു നിവേദനത്തിൽ പറയുന്നുണ്ട്. ശേഷം തിരുമേനി പറഞ്ഞു: ഒരു സേവകനെ വെക്കുന്നതിനെക്കാള്‍ നല്ല കാര്യം നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം: നിങ്ങള്‍ കിടപ്പറയിലെത്തിയാല്‍ 33 പ്രാവശ്യം തസ്ബീഹും 33 പ്രാപ്രശ്യം തഹമീദും 34 പ്രാവശ്യം തക്ബീറും ചൊല്ലുക. അതാണ് നിങ്ങള്‍ക്ക് സേവകനേക്കാള്‍ ശ്രേഷ്ഠം.



ഓരോ സന്ധികള്‍ക്കും ദാനം കൊടുക്കാന്‍ ബാധ്യസ്ഥരായാണ് നിങ്ങള്‍ പുലരിയിലേക്ക് പ്രവേശിക്കുന്നത്. എല്ലാ തസ്ബീഹും സ്വദഖയാണ്, എല്ലാ ഹംദും സ്വദഖയാണ്, എല്ലാ തഹ്‌ലീലും ദാനമാണ്, എല്ലാ തക്ബീറും ദാനമാണ്, സുകൃതം കല്‍പിക്കലും തിന്മ വിരോധിക്കലും ദാനമാണ്, എന്നാല്‍ രണ്ടു റക്അത് ളുഹാ നിസ്‌കാരം ഇതിന്റെയെല്ലാം പകരം നില്‍ക്കുന്നതാണ് എന്ന് മറ്റൊരു സ്വഹീഹായ ഹദീസിൽ കാണാം. യൂനുസ് നബി(അ)യെ ഇരുട്ടിന്റെ അടുക്കുകൾക്കടിയിലെ കടലിന്നടിയിൽ നിന്നും രക്ഷപെടുത്തിയത് തസ്ബീഹാണെന്നതും (സ്വാഫാത്ത്: 143) ദാവൂദ് നബിക്ക് തസ്ബീഹ് ചെയ്യാനായി പക്ഷിയെയും പർവ്വതത്തെയും അല്ലാഹു ഒരുക്കിക്കൊടുത്തതും (അമ്പിയാഅ്: 79), സക്കരിയ്യാ നബി തന്റെ ജനതയെ തസ്ബീഹിനായി ഉദ്ബോധിപ്പിക്കുന്നതും (മർയം: 11) എല്ലാം തസ്ബീഹിന്റെ പ്രാധാന്യം കുറിക്കുന്നു.



2. വേദക്കാരില്‍ പെട്ട നിഷേധികളെ പ്രാഥമിക നാടുകടത്തലില്‍ തന്നെ സ്വഭവനങ്ങളില്‍ നിന്ന് പുറന്തള്ളിയത് അവനാണ്. അവര്‍ വെളിയിലേക്ക് വരുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന് അവര്‍ വിചാരിക്കുകയുമുണ്ടായി. എന്നാല്‍ നിനച്ചിരിക്കാത്തവിധം ദൈവശിക്ഷ വന്നെത്തുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം നിക്ഷേപിക്കുകയും ചെയ്തു. അവരുടെ സ്വന്തം കരങ്ങള്‍ കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍ കൊണ്ടും അവരുടെ വസതികള്‍ സംഹരിക്കുകയുണ്ടായി. അതുകൊണ്ട് കണ്ണുള്ളവരേ പാഠം പഠിച്ചോളൂ!



മദീനയിലെ ബനൂ നളീർ എന്ന ജൂത കുടുംബത്തെ നാടുകടത്തിയ സംഭവമാണ് ഈ ആയത്തിന്റെ പശ്ചാതലം.
ഹിജ്‌റ നാലാം വര്ഷമായിരുന്നു സംഭവം. വേദക്കാരിലെ നിഷേധികള്‍ എന്നത് കുറിക്കുന്നത് അവരെയാണ്. ചില ആധുനിക വ്യാഖ്യാന - വിലയിരുത്തലുകളിൽ ഏറെ ഗുരുതരവും അപകടകരവുമായ പല ആരോപണങ്ങളും നബി(സ്വ)ക്കും ഇസ്ലാമിനുമെതിരെ നടത്തുവാൻ ശത്രുക്കൾ ആശ്രയിക്കുന്ന ഒരു വിഷയമാണിത്. നബി(സ്വ) ഒരു ജൂത വംശത്തെ മദീനയിൽ നിന്ന് നാടുകടത്തി, അവരുടെ നേതാവിനെ വധിച്ചു, അവരുടെ വസ്തുവകകൾ തീയിട്ടു നശിപ്പിച്ചു എന്നിങ്ങനെ മാത്രമാണ് ഇത്തരക്കാർ ഈ സംഭവത്തെ വായിക്കുന്നത്. അതിന്റെ കൃത്യമായ പശ്ചാത്തലം വിലയിരുത്തി സാഹചര്യങ്ങൾ എന്തായിരുന്നു എന്നു കണ്ടെത്തുവാൻ ശ്രമിക്കുന്നില്ല. ഇസ്ലാമിന്റെ ശത്രുക്കളുടെ ഒരു പൊതുവായ സമീപനമാണിത്. അവർ സംഭവങ്ങളെ അധികവും ഒറ്റവാക്കിൽ വായിക്കാറാണ് പതിവ്. തങ്ങൾക്കു വേണ്ട നെഗറ്റീവായ കഷ്ണത്തെ മാത്രം മുറിച്ചെടുത്ത് അലക്കുന്നതാണ് അവരുടെ ശൈലി. സൻ മനസ്സും സഹിഷ്ണുതയും അവക്കുവേണ്ട ചിന്താശക്തിയും ഒന്നും ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. അതവരുടെ വഴി. എന്നാൽ ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവർ ഇവയുടെ പശ്ചാതലവും സാഹചര്യവും ഗ്രഹിക്കാൻ ശ്രമിക്കും. അതോടെ എല്ലാ തെറ്റുധാരണയും നീങ്ങിപ്പോകും.



ആദ്യം മനസ്സിലാക്കേണ്ടത് നബി(സ്വ) അവരുമായി ചെയ്ത സന്ധിയാണ്. യാതൊരു ബലപ്രയോഗ്യമില്ലാതെയായിരുന്നു ഈ സന്ധി ഉണ്ടായത്. പരസ്പരം ഹൃദയം പങ്കുവെക്കുന്ന വ്യവസ്ഥകളാണ് അതിൽ ഉണ്ടായിരുന്നത്. അവരുടെ എല്ലാ അവകാശങ്ങളും അധികാരങ്ങളും അതിൽ സംരക്ഷിക്കപ്പെട്ടിരുന്നു. അവർക്ക് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ജൂതൻമാരായി തന്നെ അവിടെ ജപിക്കാനുള്ള അവകാശം അതിൽ അംഗീകരിക്കപ്പെട്ടിരുന്നു. അവരുടെ ജീവനും സ്വത്തിനും മത വിശ്വാസത്തിനും പരിപൂർണ്ണമായ സംരക്ഷണം സന്ധി വ്യവസ്ഥകൾ ഉറപ്പുവരുത്തിയിരുന്നു. ഇത് നബിയും മുസ്ലിംകളും നിഷ്കളങ്കമായി അനുവർത്തിച്ചു പോരുകയും ചെയ്തു. നബിയുടെയും ഇസ്ലാമിന്റെയും പക്ഷത്തു നിന്ന് ഇതിന് വിരുദ്ധമായ ഒരു നീക്കം പോലും ഉണ്ടായിട്ടില്ല. അതിനു പല തെളിവുകളും ഉണ്ട്. അവയിലൊന്നാണ് ഒരു മുസ്‌ലിമിന്റെ പടയങ്കി മോഷ്ടിച്ച ഒരു കേസിൽ മറ്റൊരു മുസ്‌ലിം പിടിക്കപ്പെടുമെന്നുള്ള ഘട്ടം വന്നപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി ആ മോഷ്ടാവായ മുസ്ലിം തൊണ്ടിമുതല്‍ ഒരു ജൂതന്റെ വീട്ടില്‍ കൊണ്ടുപോയി വെക്കുകയും നിരപരാധിയായ ജൂതന്‍ ലഭ്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ വിസ്താരത്തിനും ശിക്ഷക്കും വിധേയമാകുമെന്ന ഘട്ടം വരികയും ചെയ്ത സംഭവം.



ജൂതനാണ് മോഷ്ടാവ് എന്നത് സമർഥമായി വാദിക്കാൻ കഴിഞ്ഞ ആ മുസ്ലിമും അദ്ദേഹത്തിന്റെ ബനൂ ളഫർ കുടുംബവും ശിക്ഷിക്കപ്പെടും എന്ന അവസ്ഥ വന്നു. പക്ഷെ, അതിന്റെ സത്യാവസ്ഥയുമായി ഖുർആൻ വചനങ്ങൾ വന്നു. അതോടെ മുസ്‌ലിമിന്റെ വഞ്ചനയെയും യഹൂദന്റെ നിരപരാധിത്വത്തെയും അസന്നിഗ്ധമായി പ്രഖ്യാപിച്ച് മുഹമ്മദ് നബി(സ) ശരിയായ വിധിതീര്‍പ്പ് നടത്തി. വംശീയമോ വര്‍ഗീയമോ ആയ വിവേചനങ്ങള്‍ക്കൊന്നും യഹൂദന്‍മാര്‍ ഇരയാകാതിരിക്കാന്‍ കനത്ത ജാഗ്രത പു
ലര്‍ത്തിയ ഭരണസംവിധാനമായിരുന്നു മദീന ഇസ്‌ലാമിക രാഷ്ട്രത്തിന്റേതെന്ന് മനസ്സിലാകാന്‍ ഇത് തന്നെ മതി. ഈ സന്ധി അവർ നിരന്തരം പരസ്യമായി ലംഘിച്ചു എന്നു മാത്രമല്ല, അവർ നബി(സ്വ)ക്കും മുസ്ലിംകൾക്കും എതിരെ നിരന്തരമായ ഗൂഢാലോചനകൾ തന്നെ നടത്തുകയുണ്ടായി. അവരുടെ നേതാവ് കഅ്ബ് ബിൻ അശ്റഫ് എന്ന ആളായിരുന്നു. ഒരു അറബി പിതാവിന്റെയും ബനൂ നളീര്‍ ജൂതഗോത്രക്കാരിയായ മാതാവിന്റെയും മകനായിപ്പിറന്ന് ജൂതനായി ബനൂ നളീറുകാര്‍ക്കിടയില്‍ സ്വന്തമായ ഒരു കോട്ട നിര്‍മിച്ച് അതില്‍ ആര്‍ഭാടങ്ങളോടെ താമസിച്ചിരുന്ന അതിസമ്പന്നനും സുന്ദരനും നാട്ടുപ്രമാണിയും കവിയുമായിരുന്നു കഅ്ബ് ബ്നുല്‍ അശ്‌റഫ് എന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രങ്ങൾ പറയുന്നു.



പ്രവാചകന്റെ കഠിനശത്രുവായിരുന്ന കഅ്ബ് ബദ്ര്‍ യുദ്ധത്തോടുകൂടി ഇസ്‌ലാമിന്റെ കഥ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ബദ്‌റിലെ മുസ്‌ലിംകളുടെ വിജയവാര്‍ത്തകേട്ട് ബദ്‌റില്‍ കൊല്ലപ്പെട്ട പ്രമുഖരുടെ രക്തത്തിന് പകരം ചോദിക്കാന്‍ മക്കക്കാരെ പ്രചോദിപ്പിക്കുന്നതിനുവേണ്ടി അയാള്‍ മക്കയിലേക്ക് പോകുകയുണ്ടായി. മദീനയിലെ മുസ്‌ലിം സ്ത്രീകളുടെ പച്ചയായ ശാരീരിക വര്‍ണനകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അശ്ലീല-ശൃംഗാര കവിതകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച് അവരെ അപമാനിക്കാന്‍ അയാൾ ശ്രമിച്ചത് മറ്റൊന്ന്. സ്വന്തം രാജ്യത്തിനെതിരെ ശത്രു രാജ്യത്തെ യുദ്ധം ചെയ്യുവാൻ പ്രചോദിപ്പിക്കുക എന്ന രാഷ്ട്രീയ കുറ്റമായിരുന്നു കഅ്ബ് ചെയ്തത്. അയാൾ മദീനയിൽ കഴിഞ്ഞു കൊണ്ട് മദീനയോട് തന്നെ യുദ്ധം ചെയ്യുകയായിരുന്നു എന്നു ചുരുക്കം. അത് അയാളുടെ ഭാര്യ തന്നെ സമ്മതിക്കുന്നുണ്ട്. ഒരിക്കൽ അയാൾ രാത്രി കോട്ടയില്‍നിന്ന് പുറത്തേക്കിറങ്ങാനൊരുങ്ങിയപ്പോള്‍ ഭാര്യ ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ യുദ്ധത്തിലാണ്; യുദ്ധത്തിലുള്ളവര്‍ ഇന്നേരം പുറത്തുപോകുന്നത് പന്തിയല്ല.



ഈ വിഷയത്തിലെ തെറ്റിദ്ധാരണ ഉണ്ടാകുന്നത് കഅ്ബിനെ ഒരു ജൂതനും മുഹമ്മദ് നബിയെ ഒരു ഇസ്ലാം മത പ്രവാചകനുമായി മാത്രം കാണുന്നതുകൊണ്ടാണ്. അയാളെ ഒരു രാഷ്ട്രീയ കുറ്റവാളിയും നബിയെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയുമായി കണ്ടാൽ തീരുന്നതാണ് പ്രശ്നം. ഏതായാലും ഭരണാധികാരിയായ നബി(സ്വ) തന്റെ രാജ്യത്തിന്റെ സുരക്ഷയും സ്ത്രീ ജനങ്ങളുടെ മാന്യതയുടെ സംരക്ഷണവും ലക്ഷ്യമാക്കി കഅബിനെ കൊന്നു കളയുവാൻ പറയുകയും തന്ത്രപരമായി മുഹമ്മദ് ബിൻ മസ്ലമ(റ) അതു നടപ്പാക്കുകയും ചെയ്തു. ഗസ്‌വതുസ്സവീഖിനെ തുടര്‍ന്നുള്ള റബീഉല്‍ അവ്വല്‍ മാസത്തിലാണ് കഅ്ബ് വധം നടന്നതെന്നാണ് ചരിത്രകാരന്‍മാരുടെ പൊതുവായ പക്ഷം.
കഅ്ബ് ബി‌നു അശ്‌റഫിന്റെ വധം അദ്ദേഹം യഹൂദനായതുകൊണ്ടുണ്ടായതല്ലെന്നും യഹൂദന്‍മാര്‍ മദീനയില്‍ അനീതി ഭയക്കേണ്ടതില്ലെന്നും മുഹമ്മദ് നബി (സ്വ) തന്നെ പ്രഖ്യാപിച്ചത് ഇബ്‌നു സഅദിന്റെ ചരിത്ര ഗ്രന്ഥത്തിലുണ്ട്. സൂത്രത്തിൽ വിളിച്ചിറക്കി കൊണ്ടു വന്ന് നടത്തിയ ആ വധത്തിന്റെ രീതിയേയും ചിലർ വിമർശിക്കുന്നുണ്ട്. രാജ്യത്തിന്റെ രാഷ്ട്രീയ കുറ്റവാളികളെ ശിക്ഷിച്ച ചരിത്രങ്ങളിലെല്ലാം സമാനമായ രീതികൾ കാണാം.



യോശുവക്കുശേഷം കടുത്ത ദൈവധിക്കാരങ്ങളിലേക്ക് അധപതിച്ചതിന്റെ ഫലമായി ദൈവശിക്ഷയെന്നോണം കൻ ആനില്‍ രാജാക്കന്‍മാരുടെ ക്രൂരമായ കയ്യേറ്റങ്ങള്‍ക്കിരയാകേണ്ടി വന്ന ഇസ്രാഈല്യരെ മര്‍ദ്ദനങ്ങളില്‍ നിന്ന് വിമോചിപ്പിക്കുവാന്‍ വേണ്ടി യഹോവ കാരുണ്യപൂര്‍വം നിയോഗിച്ച ഇസ്രാഈലി അധികാരികളും നേതാക്കളുമായിരുന്ന ന്യായാധിപന്‍മാരില്‍ പ്രമുഖനായിരുന്ന ബെഞ്ചമിന്‍ ഗോത്രക്കാരനായ ഏഹൂദ് എന്ന രക്ഷകൻ മോവാബില്‍ നിന്നുള്ള മര്‍ദകരാജാവ് എഗ്‌ലോനിന്റെ അതിക്രമങ്ങളില്‍നിന്ന് ഇസ്രാഈല്യരെ രക്ഷിച്ചതെങ്ങനെയാണെന്ന് ബൈബിളിൽ വായിച്ചാൽ (ബൈബിള്‍/ന്യായാധിപന്‍മാര്‍ 3:16-25) ഈ വിഷയത്തിലെ എല്ലാ ശങ്കയും നീങ്ങും. ഈ സംഭവങ്ങളേക്കാൾ എത്രയോ ഇരട്ടി ക്രൂരമായിരുന്നു അതിലെ രംഗങ്ങൾ.



ഈ പശ്ചാത്തലത്തില്‍ നബി(സ്വ) അവരെ മദീന വിട്ടു പോയാൻ പറഞ്ഞതാണ് ഈ ആയത്തിന്റെ വിഷയം. പത്തു ദിവസത്തിനകം നിങ്ങള്‍ മദീന വിടണം, ഇല്ലെങ്കില്‍ യുദ്ധം എന്നായിരുന്നു തിരു കൽപന. അവര്‍ പോകാന്‍ വിസമ്മതിച്ചപ്പോള്‍ മൂന്നു കിലോമീറ്റര്‍ മാത്രമകലെയുള്ള അവരുടെ ആസ്ഥാനത്തേക്ക് മുസ്‌ലിം സൈന്യം ചെന്ന് ഉപരോധമേർപ്പെടുത്തി. പിടിച്ചു നിൽക്കുവാനുള്ള എല്ലാ പ്രതീക്ഷയും കൈവിട്ടതോടെ അവർ എല്ലാം ഉപേക്ഷിച്ച് സിറിയയിലേക്ക് പോയി. അവർ തങ്ങളുടെ സ്വന്തം വീടുകൾ അവ മുസ്ലിംകൾ ഉയോഗിക്കരുതേ എന്നു കരുതി നശിപ്പിച്ചിട്ടാണ് അവർ പോയത്. ബനുന്നളീറിന്റെ താമസസ്ഥലത്തിന്നടുത്തായി അവരുടെ ഈന്തപ്പനത്തോട്ടങ്ങളുണ്ടായിരുന്നു. അവയില്‍ ചിലത് മുറിക്കാനും ചിലത് തീവെക്കാനും നബി(സ്വ) കല്പിക്കുകയുണ്ടായി. ഇന്നത്തെ പോലെ അന്നു തന്നെ ഈ വിഷയത്തെ പുറത്തേക്ക് വലിച്ചിട്ട് ഇങ്ങനെയൊക്കെ ഒരു പ്രവാചകന് ചെയ്യാമോ എന്ന ചോദ്യം അന്നുയരുകയുണ്ടായി. അതൊക്കെ അല്ലാഹുവിന്റെ അനുമതിയോടെയായിരുന്നു എന്ന ഈ ആയത്തിന്റെ ആശയം അതിനുള്ള മറുപടിയാണ്.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso