അറപ്പ് മാറുന്ന കിടപ്പുമുറികൾ
03-06-2022
Web Design
15 Comments
ഫാത്വിമയെ ആദിലക്കൊപ്പം വിട്ടു. ഇപ്പോൾ ഇതാ ആദിലയെ നൂറക്കൊപ്പവും. സ്വവർഗ്ഗരതി നുണഞ്ഞ് ആസ്വദിച്ച് അവർക്കി നി ഹൈക്കോടതി വിധിയുടെ ബലത്തിൽ ഒന്നിച്ചു ജീവിക്കാം. കുലത്തിന്റെ പാരമ്പര്യത്തെ പിച്ചിച്ചീന്തിയെറിയാം. മനുഷ്യൻ വളർത്തിയെടുത്ത സംസ്കാരത്തെ വ്യഭിചരിക്കാം. ആരും ഒന്നും പറയില്ല, ചെയ്യില്ല. പറഞ്ഞാലും ചെയ്താലും അത് മത തീവ്രവാദമാകും. സ്വത്രന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാകും. പീഢനത്തിന് കേസെടുക്കും. എന്നാൽ ഒന്നിച്ചു ജീവിക്കാൻ അനുമതി തേടി പണ്ട് ഹാദിയയും ഷെഫിൻ ജഹാനും കോടതിയെ സമീപിച്ചപ്പോൾ നീതീ ദേവത എന്തേ കടാക്ഷിച്ചില്ല? എന്നു ചോദിക്കേണ്ട. ഹാദിയ ജൻമനാ ഫാത്വിമയോ ആദിലയോ നൂറയോ ആയിരുന്നില്ല. അവൾ ഞങ്ങളുടെ സംസ്കാരത്തിൽ (?) നിന്ന് പോയി ഏറ്റവും വെറുക്കപ്പെട്ട സംസ്കാരം സ്വീകരിച്ചാണ് അനുമതി തേടി ഞങ്ങളുടെ മുമ്പിൽ വന്നത്. അതിനാൽ അവളുടെ ആവശ്യം ആവശ്യമല്ല. അതിനാൽ അവർക്ക് അങ്ങനെയങ്ങ് മൂളിത്തരാൻ പറ്റില്ല. ഈ ഭരണഘടനയുടെ മുമ്പിൽ ഗത്യന്തരമില്ല എന്നറിയാം. എന്നാൽ കുറച്ച് വട്ടം കറക്കുകയെങ്കിലും വേണം. ഫാഷിസമിപ്പോൾ പണ്ടത്തേ പോലെയല്ല. ഏത് കസേരയിലും കയറിയിരിക്കും. ഒരു കുട്ടിക്കു പോലും അനായാസം കണ്ടെത്താവുന്ന നീതിയെ പോലും അത് ഏതെങ്കിലുമൊരു മുസ്ലിമിന് അനുകൂലമാകുമെങ്കിൽ ചുരുട്ടി മുഖത്തേക്കെറിയും.
ഇതിനി തൽക്കാലം സഹിക്കുകയേ നിർവ്വാഹമുള്ളൂ. ഭക്ഷണത്തിലും ആരാധനാലയത്തിലും ഇപ്പോൾ കിടപ്പറയിലും അത് അധിനിവേശം നടത്തിക്കഴിഞ്ഞു. ഇനി മെല്ലെ മെല്ലെ അരിച്ചരിച്ച് കടന്നുവരും. അവസാനം നാം വെറും മുസ്ലിംകളല്ല, ഉയിഗൂർ മുസ്ലിംകളോ മ്യാൻമാർ മുസ്ലിംകളോ ഒക്കെയായി മാറും. അതൊന്നും വരില്ല, നടക്കില്ല എന്നാെക്കെ ഇനിയും ഉറക്കെ തട്ടിവിടുന്നവരുണ്ടാകും. ഓരോ ദിവസവും ഇതുപോലെ ഫാഷിസം കടന്നുകയറുന്ന കാഴ്ച സൂക്ഷമമായി കാണാത്തവരാണ് അവർ. ഏറ്റവും എളുപ്പം അന്ത്യനാളോടടുക്കുമ്പോൾ കാര്യങ്ങളെല്ലാം അവതാളത്തിലാകും എന്നാണല്ലോ, അതാണിതൊക്കെ എന്നു കരുതലാണ്. എന്നാൽ നാം ഗൗരവത്തോടെ കാണേണ്ട മറ്റൊന്നുണ്ട്. ഫാത്വിമയും ആദിലയും നൂറയും അസ്കറും ജാമിദയും ജബ്ബാറും ആരിഫുമെല്ലാം ആണല്ലോ സ്വന്തം സംസ്കാരത്തെ അല്ല, നമ്മുടെ സംസ്‌കാരത്തെ വേട്ടയാടുന്നത് എന്നതാണത്.
പലരും പറയും പോലെ ഇവരോട് മത തത്വങ്ങൾ പറയുന്നതുകൊണ്ട് വലിയ കാര്യമൊന്നുമില്ലെന്നാണ് തോന്നുന്നത്. കാരണം, മതത്തെ അവർ നിരാകരിച്ചു കഴിഞ്ഞതാണ്. മത തത്വങ്ങളാണ് പറയുന്നത് എന്നു കണ്ടാൽ അവർ മുഖം വെട്ടിച്ചുകളയും. അതു കൊണ്ട് തൽക്കാലം മനുഷ്യത്വം പറയാം. സത്യത്തിൽ ഇസ്ലാമിക ഭാഷ്യത്തിൽ രണ്ടും ഒന്നു തന്നെയാണ്. കാരണം മനുഷ്യത്വത്തിനു വേണ്ടി അഞ്ച് അനിവാര്യ ഘടകങ്ങളെ സംരക്ഷിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ധാർമ്മികത, ബുദ്ധി, ശരീരം, സന്താനം, സമ്പത്ത് എന്നിവയാണ് ആ അഞ്ചു കാര്യങ്ങൾ. ഇവയെ സംരക്ഷിക്കാനുള്ള നയ നിയമങ്ങളുടെ സമാഹാരമാണ് ഇസ്ലാം. എങ്കിലും നമുക്ക് അവർക്കു വേണ്ടി പൊതു ഭാഷയിൽ തന്നെ സംസാരിക്കാം.
രതി മനുഷ്യന് നൽകപ്പെട്ട ഒരു ത്വരയാണ്. അതിനെ ഉത്തേജിപ്പിക്കുവാൻ മനുഷ്യന് കാമം എന്ന ഊർജ്ജം ലഭിക്കുകയും അതു തീർക്കുവാൻ എതിർ ലിംഗത്തോടുള്ള വൈകാരിക താൽപര്യം നൽകപ്പെടുകയും ചെയ്തിരിക്കുന്നു. ഇങ്ങനെ ഇണ ചേരുന്നത് മനുഷ്യന്റെ വംശത്തെ നിലനിർത്താനുള്ള മാർഗ്ഗമാണ്. കാമമെന്ന ഊർജ്ജം എതിർ ലിംഗത്തിൽ പ്രയോഗിക്കുമ്പോൾ ഓരോ മനുഷ്യനും തന്റെ കുലത്തെ സംരക്ഷിക്കുവാൻ കുഞ്ഞുങ്ങളെ പ്രത്യുൽപാദനം ചെയ്യുന്നു. ഈ ക്രമം എവിടെയെങ്കിലും തെറ്റിയാൽ അത് ജീവിതത്തിന് താളപ്പിഴ വരുത്തിവെക്കം. ഉദാഹരണമായി, വിവാഹിതനായ ഒരാളിൽ കാമമോ ലൈംഗിക താൽപര്യമോ ഇല്ലാതെ വന്നാൽ ഫലം അവൻ തന്റെ ഇണയോട് അനീതിയും ക്രൂരതയുമായിരിക്കും. അയാളുടെ ഇണക്കാണ് ഈ കുറവ് എങ്കിൽ അത് അവൾ അവനോട് കാണിക്കുന്ന അനീതിയുമായിരിക്കും. രണ്ടാണെങ്കിലും ഈ കുറവ് സാരമില്ല എന്ന് അവർ ചിലപ്പോൾ പറഞ്ഞേക്കാമെങ്കിലും അവരുടെ ബന്ധത്തിൽ അതു വിള്ളൽ വീഴ്ത്തുക തന്നെ ചെയ്യും.
ചിലപ്പോൾ അതു പ്രശ്നമല്ല എന്ന് രണ്ടാളും പറഞ്ഞേക്കാം. പക്ഷെ, അങ്ങനെ പറയുമ്പോഴും അവർ ജൈവികമായി വളർച്ചക്കു വിധേയരാവുകയാണ്. വാർദ്ധക്യം, രോഗം, ക്ഷീണം തുടങ്ങി പല കാര്യങ്ങളും ജൈവപരമായി തന്നെ അനിവാര്യമായും വരാനിരിക്കുന്നുണ്ട്. അതൊക്കെ വരുമ്പോൾ ഇത്തരം ഒരു ഭാര്യയേയോ ഭർത്താവിനേയോ സഹിക്കാൻ മാത്രമുള്ള മനസ്സ് ഉണ്ടാവില്ല എന്നതു തീർച്ചയാണ്. അത്തരം ഘട്ടങ്ങളിൽ ജീവിത പങ്കാളിയെ സംരക്ഷിക്കുന്നതിനു പിന്നിലുളള പ്രചോദനം രണ്ടു പേരുടെയും ജീവിതത്തിൽ ലൈംഗികത നെയ്തു തുന്നിയ മനസ്സടുപ്പമായിരിക്കും. ആ മനസ്സടുപ്പം അപ്പോഴേക്കും ഒരു കടപ്പാടായി മാറിയിട്ടുണ്ടാകും. അതിനും പുറമെയാണ് ഈ ബന്ധത്തിൽ കുട്ടികളുണ്ടാവില്ല എന്നത്. നേരത്തെ പറഞ്ഞ കാരണവും വിധേയത്വവുമെല്ലാം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ് കുട്ടികൾ ഉണ്ടാകുക എന്നത്. തന്റെ കുട്ടികളുടെ ഉമ്മ, ഉപ്പ എന്ന വികാരം ഏതു സാഹചര്യത്തിലും മനസ്സടുപ്പമുണ്ടാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രധാന ഘടകമാണ്. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഇസ്ലാം അതിന്റെ കുടുംബ ജീവിത - ലൈംഗിക ജീവിത നിയമങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത് ഈ കാഴ്ചപ്പാടലാണ് എന്നു കാണാം.
ഇവിടെ നമ്മുടെ വിഷയം സ്വവർഗ്ഗരതിയാണ്. ഒരു പുരുഷന് പുരുഷനോടും, ഒരു സ്ത്രീക്ക് സ്ത്രീയോടും തോന്നുന്ന ലൈംഗിക ആകർഷണം കാരണം അവർ ഒരുമിച്ച് ലൈംഗികത ആസ്വദിക്കുന്ന അവസ്ഥയെയാണ് നമ്മൾ സ്വവർഗരതി, സ്വവർഗ്ഗ ലൈംഗികത എന്ന് പറയുന്നത്. നമ്മളിത്ര വളരുന്നതിനു മുമ്പ് ഇത് വലിയ ഒരു തെറ്റായിട്ടാണ് നമ്മൾ കണ്ടിരുന്നത്. ഏതാണ്ട് ഒരേ പ്രായത്തിലുള്ളവർ ഭാര്യാഭർത്താക്കളായി ജീവിക്കുമ്പോൾ ഒരുതരം അറപ്പും വെറുപ്പും പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടാകുന്നു. അതിനു പുറമെ ലൈംഗികത അതിന്റെ അടിസ്ഥാന ജൈവികതക്ക് പുറത്ത് സംഭവിക്കുന്നതിനാൽ അത് നിഷ്ഫലമാവുകയും ചെയ്യുന്നു. അതാണ് ഈ വെറുപ്പിനു കാരണം. എന്നാൽ വൈകൃതങ്ങളെ വെല്ലുവിളിക്കുന്ന പ്രവണത പുതു സമൂഹത്തിൽ നാമ്പെടുത്തു വന്ന പുതിയ കാലത്ത് ഈ അറപ്പും വെറുപ്പും സഹിക്കാനും ആസ്വദിക്കാനും അങ്ങനെ പ്രകൃതി, മതം, സംസ്കാരം എന്നിവയെയെല്ലാം നിരാകരിക്കാനുള്ള ഒരു ത്വര ചിലരിൽ ഒരു ലഹരി പിടിച്ച വികാരമായി മാറിയിരിക്കുന്നു.
എന്തിന്റെ പേരിലാകിലും ഒറ്റപ്പെട്ടും വിഘടിച്ചും നിൽക്കുന്നവനെ പിന്തുണച്ച് രംഗത്തുവരികയും അവന്റെ നിലപാടിനെ അവകാശവും അധികാരവും സ്വാതന്ത്ര്യവുമെല്ലാമായി അവതരിപ്പിച്ച് പിന്തുണക്കുകയും ചെയ്യുന്നത് പുതിയ കാലത്തിന്റെ ശീലമായി മാറിയ പുതിയ കാലത്ത് ഇത്തരം സാംസ്കാരിക താളപ്പിഴകളെയെല്ലാം ന്യായീകരിക്കപ്പെട്ടു വരുന്നു. ആലിൻചോട്ടിലെ പൊതു സമൂഹമല്ല, ഉത്തരവാദപ്പെട്ടവർ തന്നെ. 1973 ൽ അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ ഹോമോസെക്ഷ്വാലിറ്റി എന്ന സ്വവർഗ്ഗരതി ഒരു രോഗമല്ല എന്ന് പ്രഖ്യാപിച്ചത് ഒരു ഉദാഹരണം. പിന്നീട് 1990 ൽ WHO ഹോമോസെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ചുവടുപിടിച്ച് ആധുനിക വൈദ്യ ശാസ്ത്രം ഹോമോ സെക്ഷ്വാലിറ്റി ഒരു രോഗമല്ല എന്നും വ്യത്യസ്തരായ സെക്ഷ്വൽ ഓറിയെന്റേഷൻ മാത്രമാണെന്നും പറയുന്നു.
സ്വവർഗ്ഗരതി രോഗമല്ല എന്നതു തന്നെയാണ് ശരി. അത് ഒരു വൈകല്യമാണ്. ജനതികമായി തന്നെ ഉണ്ടാകുന്ന ഒരു താളപ്പിഴയാണ്. അത് ശാസ്ത്രീയമായി കണ്ടെത്തപ്പെട്ട കാര്യം തന്നെയാണ്. ഭ്രൂണമായിരിക്കുന്ന അവസ്ഥയിൽ തന്നെ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനമാണ് ഹോമോ സെക്ഷ്വാലിറ്റിയിലേക്ക് ഒരാളെ നയിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗർഭാവസ്ഥയിൽ ആൻഡ്രജൻ എന്ന പുരുഷഹോർമോൺ കുട്ടിയുടെ തലച്ചോറിൽ സ്വാധീനം ചെലുത്തിയാൽ മാത്രമേ സ്ത്രീകളോടുള്ള ലൈംഗിക ആകർഷണം സ്വാഭാവികമായി ആൺകുട്ടിക്ക് ഉണ്ടാകു. പലപ്പോഴും ഈ പ്രീനേറ്റൽ ആൻഡ്രജന്റെ അളവു കുറയുമ്പോൾ ആൺകുഞ്ഞുങ്ങളിൽ സ്ത്രീകളോടുള്ള ആകർഷണം കുറഞ്ഞ് പുരുഷൻമാരോട് താല്പര്യം തോന്നുന്നു. അതുപോലെ തന്നെയാണ് പെൺകുട്ടികളിലും. പെൺകുട്ടികളിൽ പുരുഷഹോർമോണുകൾ കുറച്ചു കൂടുതലാണെങ്കിൽ അവർക്ക് പുരുഷ സ്വഭാവവും തജ്ജന്യമായ പെരുമാറ്റവും ഉണ്ടാകും. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് അതൊന്നും അവരുടെ കുറ്റമല്ല ജന്മ വൈകല്യമാണ് എന്നു തന്നെയാണ്. ഇക്കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമോ ബാലിശമായ വാദമോ ഒന്നുമില്ല.
രണ്ടു വസ്തുതകൾ നാം സ്ഥാപിച്ചു കഴിഞ്ഞു. ഒന്നാമതായി സ്വവർഗ്ഗ രതി ഒരു ലൈംഗിക താളപ്പിഴയാണെന്നും അതിനാൽ അത് ഒരു ലൈംഗിക വൈകൃതമാണെന്നും. രണ്ടാമത്തേത് അത് ഹോർമോൺ ബന്ധിതമായി ഉണ്ടാകുന്ന ഒരു ജൻമ വൈകല്യമാണ് എന്നതും. ഇനിയാണ് നമുക്ക് ചർച്ച ചെയ്യാനും സംവാദം നടത്താനുമുള്ളത്. വൈകൃതത്തെയും വൈകല്യത്തെയും ഒരു പോലെ കാണാൻ ഒരു വ്യക്തിക്ക് കഴിയില്ല. വൈകല്യത്തോട് ഒരു തരം അനുതാപ മനസ്ഥിതി ഉണ്ടാകുമ്പോൾ വൈകൃതത്തോട് ഉണ്ടാകുക വെറുപ്പാണ്. ഏതായാലും രണ്ടിനെയും ആഘോഷിക്കുകയും അവകാശമായി അവതരിപ്പിക്കുകയുമല്ല മറിച്ച് മറച്ചുവെക്കുകയാണ് വേണ്ടത്. എന്നാൽ ഇന്ന് ചിലർ ഇത് ഒരവകാശമായി ഉന്നയിക്കുകയും ആർക്കും ഇടപെടാൻ അനുവാദമില്ലാത്ത സ്വാതന്ത്ര്യമായി വാദിക്കുകയും ചെയ്യുകയാണ്. അവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ധ്വനി ഉയർത്തുന്നതിനാൽ മതം, സംസ്കാരം എന്നിവയെയെല്ലാം ഇത്തരക്കാരും ഇവർക്കു വേണ്ടി വാദിക്കുന്നവരും തള്ളിക്കളയുന്നു എന്നു മാത്രമല്ല, തങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ മതത്തിനും സംസ്കാരത്തിനും എന്തവകാശമാണുളളത് എന്ന് ഉറക്കെ ചോദിക്കുകയും ചെയ്യുന്നുണ്ട് ഇവർ.
അത് അവരുടെ താൽപര്യം, അതിന് നമ്മളെന്തിനാണ് എതിരുനിൽക്കുന്നത് എന്ന ചോദ്യവും വിവാദങ്ങൾക്കിടെ കേട്ടു. തികച്ചും നിഷ്കളങ്കമായ ഒരു ചോദ്യമാണിത്. ഒരാൾ തന്റെ വൈകല്യവും വൈകൃതവും സഹിച്ചും മനസ്സിൽ ഒതുക്കിപ്പിടിച്ചും ജീവിക്കുന്നതിൽ നമുക്ക് ഒരു പ്രയാസവുമില്ല. പക്ഷെ, ഇവർ തങ്ങളുടെ ഈ വൈകല്യവും വൈകൃതവും നിയമവും സമൂഹവും അംഗീകരിച്ചു മഹത്വപ്പെടുത്തണം എന്ന് വാശി പിടിയുകയാണ്. ഇത് വൈകല്യമാണ് എന്നു പറഞ്ഞ ശാസ്ത്രത്തെയും വൈകൃതമാണ് എന്നു പറഞ്ഞ മതത്തെയും ഇവർ വെല്ലുവിളിക്കുകയാണ്. ഒപ്പം മറ്റുളളവർക്കു മുമ്പിൽ തങ്ങളുടെ ജീവിതം നാണമില്ലാതെ തുറന്നു വെച്ച് അത് പ്രചരിപ്പിക്കുകയും അതിലേക്ക് ആകർഷിക്കുകയും ചെയ്യുകയാണ്. അവൻ സമൂഹത്തിന്റെ ഭാഗം കൂടിയാണ് എന്നത് മറച്ചുവെക്കാൻ കഴിയില്ല. അതിനാൽ അവർ ചെയ്യുന്നത് ശരി തന്നെയാണ് എന്ന് ഉറപ്പുവരുത്തേണ്ട കടമ നമുക്കുണ്ട്. അതാണ് നാം പെയ്യുന്നത്.
ഇതൊരു ആവേശമാണ്. ലോകത്തെങ്ങും സ്വവർഗ്ഗാനുരാഗികൾ ജീവിക്കുന്നു എന്നൊക്കെ പറയുന്നത് ശരിയാണ്. പക്ഷെ, ഭാര്യ ഭർത്താക്കൻമാരായി കോടതിയുടെയും രാജ്യത്തിന്റെയും ഒക്കെ അനുവാദം വാങ്ങിച്ചോ പിടിച്ചുവാങ്ങിയോ ജീവിക്കുന്ന അവരൊന്നും ഭാര്യ ഭർത്താക്കളെ പോലെ ജീവിതാന്ത്യം വരെ അങ്ങനെ ജീവിക്കുന്ന - ജീവിച്ച അനുഭവം ഇല്ലെന്നു തന്നെ പറയാം. കാരണം, ഈ ലൈംഗികത കുറച്ചു കഴിയുമ്പോൾ മടുപ്പുളവാക്കും. പങ്കാളികൾക്കിടയിൽ സ്ഥാന വ്യത്യാസമോ ജൈവ വിഭിന്നതയോ ഇല്ലാത്തതിനാൽ ഒരാൾക്ക് മറ്റൊരാൾക്ക് വിധേയനാവുന്നത് ഏറെ കാലം തുടരാനാവില്ല. പിന്നെ മക്കളില്ലാതെ വരുന്നതിനാൽ സ്വന്തം ജീവിതത്തിൽ നിന്ന് ഈ ലൈംഗികതക്ക് ഒരു പ്രേരകവും ഉണ്ടാവില്ല. ഇതു പറയുമ്പോൾ ഇവരും ഇവർക്കു വേണ്ടി വാദിക്കുന്നവരും പറയാറുള്ളത് അതിന് ഒരു കുട്ടിയെ ദത്തെടുത്താൽ പോരെ എന്നാണ്. ദത്തെടുക്കാനുള്ള കുട്ടിയുണ്ടാകാനും ജൈവിക ലൈംഗികത വേണമെന്നും ദത്ത് കുട്ടിയിലേക്ക് അതിനെ വാങ്ങിച്ചവരുടെ അര മനസ്സേ എത്തൂ എന്നതുമെല്ലാം ഇങ്ങനെ വാദിക്കുമ്പോൾ അവർ മറക്കുകയാണ്. അതിനാലെല്ലാം ഈ കമ്പം വൈകാതെ കൊടിയിറങ്ങും. പക്ഷെ, അപ്പോഴേക്കും മതം റോഡിലേക്കും ചായക്കടയിലേക്കും ചാനൽ മേശയിലേക്കും വലിച്ചിഴക്കപ്പെട്ടിരിക്കും എന്നതാണ് സങ്കടം.
വൈകൃതങ്ങൾക്കു വേണ്ടി നമ്മെ പാകപ്പെടുത്തുന്ന ഘടകങ്ങൾ നമ്മുടെ പരിസരത്തു പോലും വേരുന്നുന്നതിന്റെ ലക്ഷണങ്ങളാണ് ഇതു കാണിക്കുന്നത്. അവയിൽ പല ഘടകങ്ങളുണ്ട്. സ്ഥാപിത സത്യങ്ങളെ വേട്ടയാടാനുളള കൂടി വരുന്ന ത്വര, അമിതമായ അലക്ഷ്യമായ സ്വാതന്ത്ര്യ ദാഹം, ഭൗതികതയോടുളള തീവ്ര ഇഛ, മത വിരോധം എന്നിവയെല്ലാം അതിൽ പെടുന്നു. മറ്റൊരു പ്രധാന ഘടകം സിനിമകളും സീരിയലുകളും ഈ വൈകൃതങ്ങളെ മഹത്വവൽക്കരിക്കുന്നതാണ്. സിനിമകളിലും സീരിയലുകളിലും കണ്ണു പൂഴ്തി ജീവിക്കുന്ന ഒരു തലമുറയെ ഈ മാധ്യമങ്ങൾ വഴി എന്തും പഠിപ്പിച്ചെടുക്കാം. മലയാളത്തിലും ഒട്ടും കുറവില്ലാത്ത എണ്ണം സിനിമകൾ സ്വവർഗ്ഗരതിയെ വിഷയമാക്കി ഇറങ്ങിയിട്ടുണ്ട് എന്ന് സിനിമാ നിരൂപണങ്ങളിൽ കാണുന്നു. മലയാളത്തിൽ ആദ്യമായി സ്വവർഗാനുരാഗം ചർച്ച ചെയ്ത സിനിമ 1978ല്‍ മോഹന്‍ സംവിധാനം ചെയ്ത രണ്ട് പെണ്‍കുട്ടികള്‍ എന്ന സിനിമയാണ് എന്നാണ് പറയപ്പെടുന്നത്. ഒരേ സ്‌കൂളില്‍ പഠിക്കുന്ന കോകില, ഗിരിജ എന്നീ പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്.
സ്വവര്‍ഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകള്‍ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്താണ് 1986ല്‍ ദേശാടനക്കിളികള്‍ കരയാറില്ല എന്ന ചിത്രം സ്കൂൾ വിദ്യാഭ്യാസകാലം ബോർഡിങ്ങിന്റെ കെട്ടുപാടുകൾക്കുള്ളിൽ തളച്ചിടാൻ വിധിക്കപ്പെട്ട സാലിയുടേയും നിമ്മിയുടേയും സ്വവർഗ്ഗാനുരാഗത്തിന്റെ കഥ പറയുന്നത്. 2004ല്‍ ലിജി ജെ പുല്‍പള്ളി സംവിധാനം ചെയ്ത സിനിമയാണ് സഞ്ചാരം. ഡെലില, കിരണ്‍ എന്നീ രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ പ്രണയമാണ് ചിത്രത്തിന്റെ കാതല്‍. മുംബൈ പോലീസ് എന്ന മലയാള ചലച്ചിത്രവും ആണിനെയും ആണിനെയും ലൈംഗികത കൊണ്ട് കൂട്ടിക്കെട്ടാൻ ശ്രമിക്കുകയാണ്. ചിത്രത്തിൽ സ്വവര്‍ഗാനുരാഗിയായി വേഷമിടുന്നത് പ്രമുഖ മലയാളി നടനാണ്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സൂപ്പർതാരം മുഖ്യധാരാസിനിമയിൽ സ്വവർഗപ്രണയിയായ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന ബഹുമതി ഈ ചിത്രത്തിനുണ്ട് എന്ന് ഇന്ത്യാ റ്റുഡെ നിരൂപിച്ചിട്ടുണ്ട്. ഇതിന് അവാർഡ് കൊടുത്ത് സംസ്ഥാന സർക്കാറും ഈ ശ്രമത്തിൽ പങ്കാളിയാകുകയുണ്ടായി.
2014ല്‍ പുറത്തിറങ്ങിയ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമ സ്വവര്‍ഗ്ഗനുരാഗ പങ്കാളികളുടെ ദത്തെടുക്കല്‍ അവകാശത്തെ കുറിച്ച് കൂടി ചര്‍ച്ച ചെയ്യുന്ന സിനിമയാണ്. കോളേജില്‍ ഒന്നിച്ചു പഠിക്കുന്ന റിച്ചാര്‍ഡും കിരണും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നതുമാണ് ഇതിവൃത്തം. പിന്നീട് ഒരു കുട്ടിയെ ദത്തെടുത്തു വളര്‍ത്താനായി ദമ്പതികളില്‍ ഒരാള്‍ വിവാഹിതനാവാന്‍ തയ്യാറാവുകയാണ്. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ മൂത്തോൻ എന്ന സിനിമയിലൂടെ സ്വവര്‍ഗ്ഗ പ്രണയം മലയാള സിനിമയില്‍ വീണ്ടും സജീവ ചര്‍ച്ചയായി. രണ്ടു പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തെ മനോഹരമായി കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ചിത്രത്തിൽ പ്രമുഖ നടൻ അവതരിപ്പിക്കുന്ന അക്ബറിന്, അമീര്‍ എന്ന സംസാരശേഷിയില്ലാത്ത തന്റെ സുഹൃത്തിനോട് തോന്നുന്ന പ്രണയവും സ്‌നേഹവുമാണത്രെ അവതരിപ്പിക്കുന്നത്. (ഇന്ത്യാ റ്റുഡെ, ഫെ. 15 , 2022 )
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso