സമാധാനമുണ്ടാവട്ടെ, എന്നും എല്ലാവർക്കും..
30-06-2022
Web Design
15 Comments
സമാധാനമുണ്ടാവട്ടെ, എന്നും എല്ലാവർക്കും..
മനുഷ്യകുലം അനുദിനമെന്നോണം വളർന്നു വലുതാകുകയാണ്. കുലം വലുതാകുംതോറും അവരുടെ സമാധാന ജീവിതം അപകടപ്പെട്ടു വരുന്നു എന്നത് ഒരു സത്യമാണ്. എവിടെയും ഓരോരുത്തരും തന്നെ സ്വയം പ്രതിഷ്ഠിക്കുവാൻ ശ്രമിക്കുന്നതാണ് ഇതിന്റെ കാരണം. ഇതിനു വേണ്ടി ഇടിച്ചു കയറാനും മറ്റുള്ളവരെ വകഞ്ഞു മാറ്റാനും ശ്രമിക്കുന്നതോടെ അവൻ എല്ലാവരുടെയും ഭീഷണിയും എല്ലാവരും അവന്റെ ഭീഷണിയുമാകുന്നു. ഈ പ്രവണത ഓരോ മനുഷ്യനിലും ഉണ്ടാകുന്നതോടെ കുലത്തിന് മുഴുവനും സ്വാസ്ഥ്യം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതേസമയം ഈ പെടാപാട് പെടുന്നതു പോലും ആത്യന്തികമായി സമാധാനപരമായ ജീവിതത്തിനു വേണ്ടിയാണു താനും. കാരണം എല്ലാവരുടെയും ആഗ്രഹവും മോഹവുമാണ് സമാധാനം. ഒരു പക്ഷെ, ലോകത്തിലെ ഏറ്റവും വലിയ തേട്ടവും ആവശ്യവും സമാധാനം തന്നെയായിരിക്കും. മനുഷ്യരുടെ കൂട്ടായ്മകളൊക്കെയും അതിനു വേണ്ടി കൊണ്ടുപിടിച്ച ശ്രമത്തിലുമാണ്. രണ്ടായിരാമാണ്ടിനെ ഐക്യ രാഷ്ട്ര സംഘടന സമാധാനത്തിനു വേണ്ടിയുളള ശ്രമങ്ങൾക്കും ചിന്തകൾക്കും വേണ്ടി മാത്രം സമർപ്പിക്കുകയുണ്ടായതു മുതൽ ലോക വേദികളിൽ ഇതിന് നിരവധി ഉദാഹരണങ്ങൾ കാണിക്കാനാകും. പക്ഷെ, സമാധാനത്തിനു വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങൾ വരെ പലപ്പോഴും അശാന്തിയുടെ വേദികളാകുന്ന കാഴ്ചയാണ് സമ്മാനിച്ചത്. ഇതെല്ലം ഈ രംഗത്തെ പ്രഹേളികകളാണ്. എവിടെയാണ് താളവും ചുവടും പിഴക്കുന്നത് എന്ന് പരിശോധിച്ചാൽ സമാധാനം എന്ന ആശയത്തെ കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാടിലാണത് എന്നു നമുക്ക് കണ്ടെത്താനാകും.
കുലത്തിന് മുഴുവനും സമാധാനമുണ്ടാകണമെങ്കിൽ ഓരോ മനുഷ്യനും സമാധാനമുണ്ടാകണം. അഥവാ നേരത്തെ പറഞ്ഞതു പോലെ ഇടിച്ചുകയറാനും വകഞ്ഞുമാറ്റാനുമുള്ള ത്വര ഓരോ മനുഷ്യനിൽ നിന്നും എടുത്തു മാറ്റണം. ജീവിത പരിസരത്തു നിന്നും ഉണ്ടാകുന്ന ഒരു പാട് സാഹചര്യങ്ങളിൽ നിന്നാണ് ഈ ത്വര രൂപം കൊള്ളുന്നത്. ഈ സാഹചര്യങ്ങളെയെല്ലാം ആദ്യം ശരിപ്പെടുത്തിയെടുത്താലേ ഇതു സാധ്യമാകൂ. സാഹചര്യങ്ങളെ മനസ്സ് സ്വീകരിക്കുന്നിടത്താണ് ആദ്യം ഇടപെടൽ വേണ്ടത്. അതോടെ സമാധാനത്തിന് വേണ്ടി ആദ്യം വഴങ്ങേണ്ടതും വഴക്കിയെടുക്കേണ്ടതും മനസ്സാണ് എന്നു വന്നു. മനസ്സ് വഴങ്ങിയാൽ പിന്നെ എല്ലാം സമാധാനഭദ്രമാകും. ശാസ്ത്രീയമായ ഈ വഴിയാണ് ഇസ്ലാം പുലർത്തുന്നത്. അതുകൊണ്ടാണ് ഇസ്ലാം സമാധാനത്തിന്റെ മതമാകുന്നതും ഇസ്ലാം സമാധാനത്തിന് ഊന്നൽ നൽകുന്നതും. സമ്പൂർണ്ണമായ മാനസിക സമാധാനത്തിലേക്ക് ആദ്യം നയിക്കുകയും പിന്നീട് ആ മനസ്സിൽ നിന്നുൽഭൂതമാകുന്ന എല്ലാ കാര്യങ്ങളെയും സമാധാന ഭദ്രമാക്കിത്തീർക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്.
ഒന്നുകൂടി വ്യക്തമാക്കിയാൽ സമ്പൂര്‍ണമായി പ്രപഞ്ചനാഥന് സമര്‍പ്പിക്കുന്നതിലൂടെ കരഗതമാകുന്ന മാനസിക സമാധാനത്തില്‍ നിന്ന് തുടങ്ങി, സര്‍വരംഗത്തും സമാധാനത്തിന് നിമിത്തമാകുന്ന രൂപത്തിലാണ് ഇസ്‌ലാമിക വിശ്വാസ-കര്‍മ പദ്ധതികള്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്.
വിശ്വാസത്തിൽ നിന്നാണ് ഇസ്ലാമിന്റെ സമാധാന പ്രക്രിയ ആരംഭിക്കുന്നത്. കാരണം മനസ്സിലാണ് ആദ്യമായി അസമാധാനം ഉടലെടുക്കുന്നത്. മനുഷ്യന്റെ ശരീരത്തിനും മനസ്സിനും ഇടയില്‍ സംഘട്ടനം ഇല്ലാതാക്കിക്കൊണ്ടാണ് അതാരംഭിക്കേണ്ടത്. അതിന് ബലമുള്ള വിശ്വാസത്തിൽ മനസ്സിനെ പിടിച്ചു കെട്ടണം. വിശ്വസിക്കുന്നതോട് കൂടി അവന്റെ ഉള്ളില്‍ സമാധാനം സ്ഥാപിക്കപ്പെടുകയും ശാന്തത കൈവരികയും ചെയ്യും. അല്ലാഹുവിലും അവന്റെ ഏകത്വത്തിലുമുള്ള വിശ്വാസം അതില്‍ പ്രധാനമാണ്. അവനാണ് എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്ന് ഒരാൾ വിശ്വസിക്കുന്നു. എല്ലാ പൂര്‍ണതയും അവന് മാത്രമാണെന്നാണ് ഇതിലൂടെ വിശ്വസിക്കുന്നത്. അവന്‍ കാരുണ്യവാനും അത്യുദാരനും വിഭവങ്ങള്‍ നല്‍കുന്നവനും ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനുമാണ്. ഇങ്ങനെയുള്ള വിശ്വാസം വലിയ സമാധാനമാണ് മനസ്സിന് നല്‍കുന്നത്. ഈ സമാധാനം മനുഷ്യ പ്രകൃതിയുടെ തന്നെ ഭാഗമാണ്. ഒരോ കുഞ്ഞും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണല്ലോ. അല്ലാഹു പറയുന്നു: ആകയാല്‍ ഏകാഗ്രതയോടെ സ്വന്തം മുഖത്തെ ഈ ദീനിനു നേരെ ഉറപ്പിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതു പ്രകൃതിയിലാണോ, അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു. (അര്‍റൂം: 30).
ഇനി ഇതടിസ്ഥാനമാക്കിക്കൊണ്ടുള്ള ജീവിതമാണ്. ഈ ജീവിതത്തെ രണ്ട് ഭാഗമായി വിഭജിക്കാം. ഒന്നാമത്തേത് ആരാധനകളാണ്. അവ ഈ വിശ്വാസത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഇത് സമാധാനത്തെയും പരിപോഷിപ്പിക്കുന്നു. മറ്റൊന്ന് സമൂഹവുമായുള്ള ബന്ധങ്ങളാണ്. ഇവ പക്ഷെ, അങ്ങനെയല്ല. അവിടെ അപതാളം ഉണ്ടായാൽ അത് സമാധാനത്തെ ബാധിക്കുക തന്നെ ചെയ്യും. ഒരാളുടെ സമാധാന ജീവിതത്തെ ഭജ്ഞിക്കുക മറ്റുള്ളവരുമായുള്ള ബന്ധങ്ങളും സമീപനങ്ങളുമാണ്. ബന്ധങ്ങള്‍ സത്യത്തിൽ ജീവിതത്തിന്‍റെ സൗന്ദര്യമാണ്. വ്യക്തി- കുടുംബ- സാമൂഹ്യതലങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അത് ജീവിതവിജയത്തിന്ഏറെ സഹായിക്കും. മാനുഷികപരിഗണനയും അംഗീകാരവുമാണ് പരസ്പരബന്ധത്തിന്‍റെ അടിവേര്. പരിഗണന ഒരു സംസ്കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും വളരും. വാക്ക്, പ്രവര്‍ത്തി, ആംഗ്യം, സാമീപ്യം എന്നിവ കൊണ്ട് മറ്റൊരാള്‍ക്ക് സന്തോഷം നല്‍കുമ്പോഴാണ് ബന്ധങ്ങള്‍ വളര്‍ന്ന് പുഷ്പിക്കുന്നത്. അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും. ഒരു വ്യക്തിയുടെ സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നല്ല വാക്കും പുഞ്ചിരിയുമാണ് ഓരോ വ്യക്തിയുടെയും മുഖമുദ്ര. ബന്ധങ്ങള്‍ വളരാനുള്ള ആദ്യപടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിന് ആക്കം കൂട്ടും. സത്യമോ നുണയോ എന്നതൊന്നു നോക്കാതെ ഇവിടെ കേട്ടത് അവിടെയും അവിടെ കേട്ടത് ഇവിടെയും പറയുന്ന ശീലം ശത്രുതയെ വിളിച്ചു വരുത്തും. മറ്റാരെക്കാളും ഞാനാണ് വലിയവനെന്ന അഹംഭാവം മറ്റുളവരിൽ വെറുപ്പ് സൃഷ്ടിക്കും. തന്റെ നിലപാട് മാത്രമാണ് ശരി എന്ന് വാശി പിടിക്കുകയും തർക്കിക്കുകയും ചെയ്താൽ ബന്ധങ്ങൾ വഷളാകും. തര്‍ക്കത്തിൽ ഒരാള്‍ പരാജയപ്പെട്ടാൽ അയാളില്‍ വിദ്വേഷം, പക, വെറുപ്പ്, പ്രതികാരചിന്ത തുടങ്ങിയവ ഉടലെടുക്കും. ആരും അംഗീകരിക്കുന്ന ഈ ഗുണങ്ങൾ എല്ലാം ചേർത്തു വെച്ചാൽ അത് ഏഷണി, ഭീഷണി, പരദൂഷണം, അപവാദം, കുറ്റപ്പെടുത്തൽ, തർക്കം തുടങ്ങി ഇസ്ലാം വിരോധിച്ച കാര്യങ്ങളുടെ സമാഹാരമാണ് എന്ന് കാണാം.
മറ്റുളളവരോടുളള ബന്ധങ്ങളിലും സമീപനങ്ങളിലും വളരെ ഹൃദ്യമായ ഒരു നിലപാടാണ് ഇസ്ലാം പുലർത്തുന്നത്. എല്ലാവരോടും നൻമയോടെ തുറന്നിടുന്ന വാതിലായിരിക്കണം ജീവിതം എന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അതിൽ മതപരമായ വൈചാത്യം പോലും ഖുർആൻ പരിഗണിക്കുന്നില്ല. അല്ലാഹു പറയുന്നു: മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (60:8)
സമൂഹത്തില്‍ കുഴപ്പങ്ങളും അരാജകത്വങ്ങളും സൃഷ്ടിക്കുന്നത് ഏറെ വെറുക്കുന്നുണ്ട് ഇസ്‌ലാം. തന്റെ സഹോദരന്റെ നേര്‍ക്കുള്ള അത്തരം ഏതൊരു നീക്കത്തെയും നിരുല്‍സാഹപ്പെടുത്താനാണ് പ്രവാചകന്‍ നിര്‍ദേശിക്കുന്നത്. നബി(സ്വ) ഒരിക്കൽ പറഞ്ഞു: നിന്റെ സഹോദരന്‍ അക്രമിയായാലും അക്രമത്തിനിരയായാലും നീ അവനെ സഹായിക്കുക. ഇതുകേട്ട് ഒരാള്‍ ചോദിച്ചു: ദൈവദൂതരേ, അക്രമത്തിനിരയായവനെ സഹായിക്കാന്‍ എനിക്കറിയാം, എന്നാല്‍ അക്രമിയായാല്‍ അവനെ എങ്ങനെയാണ് ഞാന്‍ സഹായിക്കുക? നബി(സ്വ) പ്രതിവചിച്ചു: അക്രമത്തില്‍ നിന്ന് നീ അവനെ തടയണം. അങ്ങനെയാണ് നീ അവനെ സഹായിക്കേണ്ടത്. (ബുഖാരി, മുസ്‌ലിം). ഇത്തരത്തിൽ വാക്കിലും നോക്കിലും ഉണ്ടാകുന്ന കാര്യങ്ങൾ മുതൽ ക്രമസമാധാനത്തെ പാടെ തകർക്കുന്ന കൊലയെയും അതിനു സമാനമായ അതിക്രമങ്ങളെയും ശക്തമായി ഇസ്ലാം എതിര്‍ക്കുന്നു. ഒരാള്‍ അന്യായമായി കൊലപാതകം നടത്തിയാല്‍ അത് ഭൂമിയിലെ മുഴുവന്‍ മനുഷ്യരെയും കൊന്നതിന് തുല്യമാണെന്നാണ് പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. (5:32)
ഇങ്ങനെ പറഞ്ഞുവരുമ്പോൾ സ്വാഭാവികമായും ഇതിനെതിരെ ഉയർന്നുവരുന്ന ഒരു ചോദ്യമുണ്ട്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെങ്കില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ എന്തുകൊണ്ട് യുദ്ധങ്ങള്‍ നയിച്ചു? അതിലെ നാശനഷ്ടങ്ങള്‍ക്കും കെടുതികള്‍ക്കും എന്ത് ന്യായീകരണങ്ങളാണുള്ളത്? തുടങ്ങിയ പതിവു ചോദ്യങ്ങൾ. ഇത് ഉന്നയിക്കുന്നത് അന്ധമായ ഇസ്ലാം വിരോധികളാണ്. അവരുടെ അന്ധത കാരണം യുദ്ധം എന്നത് ദ്വിപക്ഷീയമായ ഒന്നാണ് എന്നതു പോലും മറന്നു പോകുന്നു. ഒരു കക്ഷി മാത്രമല്ല രണ്ടു കക്ഷികൾ തമ്മിലുണ്ടാകുന്നതാണ് യുദ്ധം. അതിനാൽ അതിന്റെ കാരണത്തിൽ രണ്ടു കക്ഷിക്കും പങ്കും ബാധ്യതയും ഉണ്ടായിരിക്കും. പരസ്പര വൈരത്തോടെ രണ്ട് കക്ഷികൾ തമ്മിൽ ചീറിയടുത്ത് ഏറ്റുമുട്ടുന്ന യുദ്ധങ്ങൾ ഉണ്ടായിരിക്കാം. അങ്ങനെയാണെങ്കിൽ പോലും അതിന്റെ കുറ്റം ഒരു കക്ഷിക്ക് മാത്രമല്ല, രണ്ടു കക്ഷിക്കുമാണ്. ഇസ്ലാമിന്റെ ചരിത്രത്തിൽ പക്ഷെ അങ്ങനെയല്ല യുദ്ധങ്ങൾ ഉണ്ടായിട്ടുള്ളത്.
പ്രതിരോധത്തിനും രാഷ്ട്ര സംരക്ഷണത്തിനും ഇസ്‌ലാമിക പ്രബോധനത്തിന്റെ മുമ്പിലുള്ള മാര്‍ഗതടസ്സങ്ങള്‍ നീക്കുന്നതിനും അക്രമകാരികളെ അമര്‍ച്ച ചെയ്യുന്നതിനുമൊക്കെയാണ് ഇസ്‌ലാം യുദ്ധം അനുവദിക്കുന്നത് തന്നെ. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ആദ്യത്തെ പതിനഞ്ച് വര്‍ഷങ്ങള്‍ കടുത്ത പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടും യുദ്ധമുണ്ടായിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യം പോലുമുണ്ടായി. ഒട്ടേറെ വിശ്വാസികള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. അപ്പോഴൊക്കെയും സഹനത്തിന്റെയും ക്ഷമയുടെയും പാഠങ്ങളായിരുന്നു നബി(സ്വ) അനുയായികള്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് സായുധമായ പോരാട്ടത്തിന് അനുവാദം നല്‍കപ്പെട്ടത്. ആയുധബലം പ്രകടിപ്പിക്കാനോ കൈത്തരിപ്പ് മാറ്റാനോ ശത്രുതാപരമായ കയ്യേറ്റങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍; പ്രത്യുത, രാഷ്ട്രത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയും മതത്തിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുന്ന മര്‍ദിതര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയായിരുന്നു. അതു പറയുമ്പോൾ പ്രബോധനം എന്ന ഒരു വാക്ക് അതിൽ നിന്ന് അടർത്തിയെടുത്ത് ആശയം അടിച്ചേൽപ്പിക്കുവാൻ ഇസ്ലാം യുദ്ധം ചെയ്തു എന്നും പറഞ്ഞ് കലിതുള്ളാൻ തുടങ്ങും.
പ്രബോധന മാർഗ്ഗത്തിലെ തടസ്സങ്ങൾ നീക്കുന്നത് സ്രഷ്ടാവിന്റെ മാര്‍ഗനിര്‍ദേശങ്ങളാകുന്ന ഇസ്‌ലാമിന്റെ സന്ദേശം സര്‍വരിലേക്കും എത്തുവാനും അതു സംസ്ഥാപിക്കപ്പെടുക വഴി ചൂഷണങ്ങളില്‍ നിന്ന് മനുഷ്യരെ മുഴുവന്‍ രക്ഷപ്പെടുത്തുവാനും ആണ്. ഇസ്ലാം വ്യാപിച്ചാൽ പലിശ, വ്യഭിചാരം, അക്രമങ്ങൾ തുടങ്ങി മനുഷ്യൻ തിൻമയായി ഗണിക്കുന്ന എല്ലാം ഇല്ലാതെയാകും. അങ്ങനെ അതിനുള്ള സാഹചര്യം ഉണ്ടാക്കാൻ ശ്രമിക്കുക എന്നത് സത്യസന്ധവും നിഷ്കളങ്കനുമായ ഒരു മാനവ സേവയാണ്. അത്തരമൊരു ലോകം ഇസ്‌ലാമിന്റെ അഭിലാഷമാണ്. ഇസ്‌ലാമിന്റെ സൗരഭ്യവും അതിന്റെ പ്രകാശവും എല്ലാവര്‍ക്കും ലഭ്യമാകണം. അതിന്റെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അത് നിഷേധിക്കപ്പെട്ടുകൂടാ. അങ്ങനെ പറയുമ്പോൾ ആയുധമെടുത്ത് ആശയം അടിച്ചേൽപ്പിക്കുന്നു എന്നല്ല അതിനർഥം. ഇസ്ലാമിലെ പ്രബോധനം യാതൊരു ബലപ്രയോഗവുമില്ലാതെയുളള ആശയക്കൈമാറ്റമാണ്. ബലാല്‍ക്കാരമായി ആരെയും മതത്തില്‍ ചേര്‍ക്കരുതെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. (ഖുർആൻ: 2: 256)
മൗലികമായ അവകാശത്തിന് മുമ്പില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലും അനിവാര്യമായ ഘട്ടത്തിലുമാണ് ഇസ്‌ലാമിന്റെ യുദ്ധങ്ങള്‍ നടന്നിട്ടുള്ളത്. സാമൂഹ്യനീതിയും സമാധാനവും ഉറപ്പാക്കുവാനും മനുഷ്യന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ഇസ്‌ലാമും ഇസ്‌ലാമിക രാഷ്ട്രവും പ്രതിജ്ഞാബദ്ധമാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso