നടന്നു നടന്ന് ഹജ്ജിന് പോയവർ
30-06-2022
Web Design
15 Comments
ഇപ്രാവശ്യത്തെ ഹജ്ജിന് ആദം മുഹമ്മദ് ഉണ്ടാകും. ഈ അൻപത്തിരണ്ടുകാരൻ വരുന്നത് ബ്രിട്ടണിൽ നിന്നാണ്. അതെന്താണിത്ര എടുത്തു പറയാൻ എന്നല്ലേ, അദ്ദേഹം വരുന്നത് നടന്നാണ്. ഇറാഖിലെ ഒരു കർദ് വംശജനായ ഇദ്ദേഹം ഇപ്പോൾ ബ്രിട്ടണിലാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനാണ് അദ്ദേഹം നടന്നു തുടങ്ങിയത്. ബ്രിട്ടണിൽ നിന്ന് നേരെ സൈബീരിയയിലേക്ക്. അവിടെ നിന്ന് തുർക്കിയിലക്ക്. തുർക്കിയിലെ ബോസ്ഫറസ് പാലം കടന്നതോടെ കക്ഷി ഏഷ്യയിലെത്തി. പിന്നെ സിറിയയിലേക്ക്. നിലക്കാത്ത വെടിയൊച്ചകൾക്കിടയിലൂടെ ജോർദാനിലേക്ക് കടന്ന് നേരെ തബൂക്കിലെത്തി. അതോടെ ഹറമുകളുടെ നാട്ടിൽ അദ്ദേഹം കാലുകുത്തി. ഇനി അൽ ഉലാ കടന്ന് നാനൂറ് കിലോമീറ്റർ നടന്നാൽ ചരിത്ര പ്രസിദ്ധമായ ഖൈബറിലെത്തി. അവിടെ നിന്ന് തെക്കോട്ട് വെറും 200 കി.മീറ്റർ നടന്നാൽ മുത്ത് നബിയുടെ മദീനയിലെത്തും. ഏറ്റവും അവസാനത്തെ വിവരം ലഭിക്കുമ്പോൾ ആദം മുഹമ്മദ് ഈ റൂട്ടിലെവിടെയോ ആണ്.
ഒരു ദിവസം 20 ലധികം കിലോമീറ്റർ നടക്കുന്ന അദ്ദേഹം ദുൽ ഹജ്ജ് ആദ്യദിനങ്ങളിൽ പരിശുദ്ധ മക്കയിലെത്തും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിന്റെ വാർത്ത പ്രമുഖ അറബ് പത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. പുറത്തിട്ട കൊച്ചു ബാഗുമായല്ല ആദം ഇത്ര ദൂരം താണ്ടുന്നത്. തന്റെ സാധന സാമഗ്രികൾ ഒരു മുച്ചക്ര വണ്ടിയിൽ വെച്ച് അതും ഉന്തിയാണ് നടത്തം. ആദമിന്റെ ഇപ്പോഴത്തെ സ്ഥാനവും അവസ്ഥയുമറിയുവാൻ വിഷയം സെർച്ച് എഞ്ചിനിൽ ഇട്ടപ്പോഴാണ് സ്ക്രീൻ നിറയെ സമാന വാർത്തകൾ തെളിഞ്ഞത്. അവയെല്ലാം ഈ വർഷത്തേതല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഏഴ് വർഷം നടന്ന് മൊറോക്കോയിൽ നിന്ന് നടന്നു വന്ന് ഹജ്ജ് ചെയ്ത് പോയ ഉമർ ലൂനിൻസിന്റെ അനുഭവം അതിലുണ്ട്. 2011 ൽ ബോസ്നിയയിൽ നിന്ന് നടന്നു വന്നു 2012 ലെ ഹജ്ജിൽ പങ്കെടുത്ത നാൽപ്പത്തിയേഴുകാരൻ മുസ്നദ് എന്നയാളുടെ കഥയുമുണ്ട്. തുനീഷ്യയിൽ നിന്നും ഒരു പാട് രാജ്യങ്ങൾ കടന്നുവന്ന് ഹജ്ജ് ചെയ്തു പോയ ഒരു യാസിന്റെ കഥയുമുണ്ട്. നാലുവർഷം കൊണ്ട് ഏതാണ്ട് 26 രാജ്യങ്ങൾകടന്ന് 2021ലായിരുന്നു യാസീൻ ഹജ്ജ് ചെയ്തത്.
ഇതൊക്കെ കണ്ടപ്പോഴാണ് കുറച്ചു കൂടി ചരിത്ര പാതയിൽ പിന്നോട്ടു നടന്നു നോക്കാൻ താൽപര്യം ജനിച്ചത്. ആ അന്വേഷണത്തിൽ പ്രത്യേകമായി കണ്ട നാമം ഖലീഫ ഹാറൂൻ റഷീറിന്റേതാണ്. ആദ്യമായി നടന്നു പോയി ഹജ്ജ് ചെയ്തയാൾ എന്ന നിലക്കാണ് പല പേജുകളും ഹാറൂൻ റഷീദിനെ പരിചയപ്പെടുത്തുന്നത് എങ്കിലും അങ്ങനെ പറയാൻ പ്രയാസമുണ്ട്. രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത നിരവധി പേർ നടന്ന് ഹജ്ജിന് പോയിട്ടുണ്ടാകാമല്ലോ. അബ്ബാസി ഖിലാഫത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായിരുന്നു ഹാറൂൻ അൽ റഷീദ്. എ ഡി 786 മുതൽ 809 വരെയുള്ള കാലഘട്ടത്തിലാണ് (ഹി. 170- 193) ഹാറൂൻ അൽ റഷീദ് അധികാരത്തിലുണ്ടായിരുന്നത്. അബ്ബാസീ ഖലീഫമാരിൽ ധീരത, മതബോധം, രാജ്യതന്ത്രം, ഭരണ ദൈർഘ്യം തുടങ്ങിയ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. സഹോദരൻ ഖലീഫ ഹാദിയുടെ മരണത്തെ തുടർന്ന് തന്റെ ഇരുപതാം വയസ്സിലാണ് അദ്ദേഹം ഖിലാഫത്തിന്റെ സിംഹാസനത്തിൽ അവരോധിതനാകുന്നത്. നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾ അദ്ദേഹം അബ്ബാസീ ഖിലാഫത്ത് അടക്കിവാണു.
ഇത്തരം ശ്രദ്ധ നേടിയ ഒരാളുടെ ചരിത്രത്തെ സംഭവിച്ചിടത്തോളം ഒരു വലിയ അനുഭവ സത്യമാണ് ധാരാളം വിശ്വസനീയവും അല്ലാത്തതുമായ കഥകൾ അതിൽ കടന്നുവരിക എന്നത്. തത്തുല്യരായ പലരുടെ ജീവിതത്തിലും ഇത്തരം അതിശയോക്തി കഥകൾ കാണാം. ഹാറൂൻ റഷീദിന്റെ ജീവിതത്തിലും അതുണ്ട് എന്ന് ഒരു ആമുഖമായി മാത്രം പറഞ്ഞുവെക്കുകയാണ്. നിരവധി ഹജ്ജും നിരവധി ജിഹാദും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. അക്കൂട്ടത്തിൽ ഒരു ഹജ്ജ് യാത്ര നടന്നിട്ടായിരുന്നു എന്ന് പ്രമുഖ ചരിത്രകാരൻമാർ പറയുന്നുണ്ട്. ഇബ്നുസ്സാഈ തന്റെ നിസാഉൽ ഖുലഫായിലും ഇബ്നു കതീർ തന്റെ അൽ ബിദായ വന്നിഹായയിലും ഇബ്നുൽ ജൗസി തന്റെ മുൻതദ മിലും ഈ കഥ പറയുന്നുണ്ട്. ബാഗ്ദാദിൽ നിന്ന് 2,820 കി.മീ അല്ലെങ്കിൽ 1,750 മൈൽ ദൂരം കാലിൽ നടന്നു താണ്ടി അദ്ദേഹം നടത്തിയ ആ യാത്രയുടെ കാരണമായി പറയപ്പെടുന്നത് സഹോദരനും നാലാം അബ്ബാസീ ഖലീഫയുമായിരുന്ന ഖലീഫ ഹാദിയുമായി ചെയ്ത ഒരു സത്യത്തിന്റെ ഒരു കഥയാണ്. ഒരു കാര്യം ആണയിടവെ അല്ലെങ്കിൽ ഞാൻ നടന്ന് ഹജ്ജിന് പോകും എന്ന് ആണയിട്ടുകയും പിന്നെ ആ കാര്യം ചെയ്യാൻ നിർബന്ധിതമായപ്പോൾ നടന്ന് ഹജ്ജിന് പോയി ശപഥത്തിന്റെ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു എന്നാണ് ആ കഥയുടെ രത്നച്ചുരുക്കം.
പ്രമുഖ പണ്ഡിതനായിരുന്ന ഫുദൈൽ ബിൻ ഇയാദിന്റെ ജീവിത ചരിത്രത്തിലും അങ്ങനെയൊന്ന് കാണാം. അദ്ദേഹം ഒരു സംഘത്തോടൊപ്പം നടന്ന് ഹജ്ജിന് പോയി എന്നും വഴിക്ക് വെച്ച് ദുർബലയും അശരണയുമായ ഒരു സ്ത്രീയെ കണ്ടുവെന്നും അതോടെ തന്റെയും സംഘത്തിന്റെയും കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും ആ സ്ത്രീക്ക് ദാനമായി നൽകുകയും സംഘം വഴിക്ക് വെച്ച് മടങ്ങുകയും ചെയ്തു എന്നതാണ് ആ കഥ. നമുക്ക് ഹജ്ജ് ചെയ്യാതെ തന്നെ അതിന്റെ പ്രതിഫലം ലഭിച്ചു എന്ന് അന്ന് മഹാനവർകൾ അവരോട് പറഞ്ഞു. ഇങ്ങനെ ചരിത്രത്തിലൂടെ നടന്നു നോക്കിയാൽ പലരും നടന്ന് ഹജ്ജിന് പോയതായി കാണാം.
മലയാള നാട്ടിൽ നിന്ന് ഒരാൾ ഈ വർഷം ഹജ്ജിന് നടന്ന് പോകാൻ ഇറങ്ങിയതോടെ ചില വർത്തമാനങ്ങളൊക്കെ ഉയർന്ന സാഹചര്യത്തിലാണ് ഇതൊക്കെ പരതേണ്ടിവന്നത്. അനുകൂലവും പ്രതികൂലവും ആയ പ്രതികരണങ്ങൾ വന്നതിൽ ഏറെ കഷ്ടം തോന്നിയത് അദ്ദേഹം ചെയ്യുന്നത് തെറ്റ് തന്നെയാണ് എന്ന് തീർത്തു പറയുന്ന തരത്തിലുള്ള ചിലരുടെ പ്രസ്താവനകളാണ്. ഇതു പക്ഷെ ഏശിയില്ല. അതിന് പല കാരണങ്ങളും ഉണ്ട്. അവയിലൊന്ന് നിശിതമായ വിമർശനം നടത്തുന്നവരുടെ വിമർശനത്തിന്റെ ധ്വനി പതിവുപോലെ അന്ധമായ സലഫീ വാശിയിലധിഷ്ഠിതമാണ് എന്നതാണ്. അതിന്റെ ഒഴുക്ക് കേൾക്കുമ്പോൾ തന്നെ ഒരു അസംബന്ധം ഇരുട്ടിക്കയറ്റുന്ന സ്വരമതിൽ കേൾക്കാം. എന്നാൽ ഇങ്ങനെ എതിർക്കുന്നതിന്റെ വ്യക്തവും പ്രാമാണികവുമായ തെളിവും ന്യായവും ഒന്നും കാണുന്നുമില്ല. മറ്റൊരു കാരണം പൊതുജനസാമാന്യം ഈ സാഹസികന് നൽകുന്ന ആവേശകരമായ പിന്തുണയാണ്. കേരളം വിട്ടാൽ കാണാം എന്ന് പിറുപിറുത്തവരെ നിരാശരാക്കുന്നതായിരുന്നു കർണ്ണാടകയിലെ അനുഭവം. അത് കേരളത്തിന്റെ ചൂരാണ് എന്ന് കുഴമ്പുപുരട്ടിനോക്കിയവർ കക്ഷിക്ക് ഗോവയിൽ കിട്ടിയ സ്വീകാരം കാണുമ്പോൾ വീണ്ടും കുഴയുകയാണ്.
മറ്റൊന്ന് ഈ സഹോദരന്റെ മട്ടും ഭാവവുമാണ്. ആരെന്തു പറഞ്ഞാലും അദ്ദേഹം ശാന്തനും സൗമ്യനുമാണ്. ഒരു ലോക റിക്കോർഡ് ഒപ്പിച്ചെടുക്കുക എന്നതോ ചരിത്രപുരുഷനായി മാറുക എന്നതോ ഒന്നും അയാളുടെ ലഷ്യമല്ല. അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ അഹങ്കാരമോ മറ്റോ കാണാനുമില്ല. നിർദ്ദോഷിയായി അയാളങ്ങനെ നടക്കുകയാണ്. ഇങ്ങനെ ഒന്നിലേക്ക് അയാളെ പിടിച്ചു തള്ളുന്നതാവട്ടെ സ്വന്തം മനസ്സിന്റെ താൽപര്യവുമാണ്. എന്നിട്ടും അയാളെ പിന്നാലെ കൂടി കല്ലെറിയുകയാണ് ഇവർ. അത് ശരീരത്തെ പീഡിപ്പിക്കലാണ്, നബി അങ്ങനെ ചെയ്തിട്ടില്ല എന്നൊക്കെയാണ് ഇവരുടെ ന്യായം. ഇതൊക്കെ പാടില്ലാത്തതാണ് എന്നാണ് അവരുടെ കണ്ടെത്തൽ. അതിന് ചില കഥകൾ മേമ്പൊടിയായി ചേർക്കുകയും ചെയ്യും. ആവശ്യത്തിനുള്ള ശരിയായ അറിവോ അത് സത്യസന്ധമായി പ്രകടിപ്പിക്കുവാനുള്ള മാനസികാവസ്ഥയോ ഇല്ലാത്തതാണ് നമ്മുടെ നാട്ടിന്റെ പ്രശ്നം. ഈ വിഷയത്തിൽ ഒരാൾ ഹജ്ജിന് പോകുന്നതല്ല ഇവരുടെ പ്രശ്നം. മറിച്ച് അയാൾ നടന്നു പോകുന്നതാണ്. ഈ നടത്തത്തെ ഹജ്ജായോ ആരാധനയായോ ഒക്കെ കാണുന്നതാണ് അടിസ്ഥാനപരമായി ഇവരുടെ രോഗം. ഇത് വെറുമൊരു നിർദ്ദോഷകരമായ സാഹസികതയായും ഈ സാഹസികതക്ക് അദ്ദേഹം മക്ക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു എന്നും അടുത്ത വർഷം ഹജ്ജ് കാലത്തോടെ അവിടെ എത്തുമ്പോൾ ഹജ്ജ് ചെയ്ത് മടങ്ങും എന്നും സത്യസന്ധമായി കരുതിയാൽ വിഷയം തീരും.
എന്നിരുന്നാലും ഇതിന്റെ മതവിധി എന്താണ് എന്ന് കൗതുകത്തോടെ അന്വേഷിക്കുന്നവരുണ്ടാകും. അവർ അതന്വേഷിക്കുന്നത് ഏതെങ്കിലും പക്ഷത്ത് ചേരാനല്ല, കാര്യം മനസ്സിലാക്കാൻ വേണ്ടിയാണ്. അവർക്കുവേണ്ടി ആ വിഷയം പറയുമ്പോൾ നമുക്ക് കണ്ടെത്താൻ കഴിയുക അതിലത്ര ഗുരുതരമായ പ്രശ്നമൊന്നുമില്ല എന്നാണ്. അതായത് വാഹന സൗകര്യം ലഭ്യമാണെന്നിരിക്കെ നടന്നു പോകുന്നത് പാടില്ല എന്ന ഒരു തീർത്ത അഭിപ്രായം പണ്ഡിത ലോകം പറഞ്ഞിട്ടില്ല എന്നാണ്. ചിലർ മാത്രം അതു പാടില്ല എന്നു പറഞ്ഞപ്പോൾ കുറേ അധികം പണ്ഡിതൻമാരുടെയും പക്ഷം നടക്കുന്ന വ്യക്തി, നടത്തത്തിന്റെ സാഹചര്യം, അതു നൽകുന്ന ഗുണഫലങ്ങൾ എന്നിവക്കനുസരിച്ചാണ് അതിന്റെ തീർപ്പ് പറയുവാൻ കഴിയുക എന്നതാണ്. ഇവിടെ നടക്കുന്ന വ്യക്തിയുടെ നിയ്യത്തും മനോനിലയും നാം നേരത്തെ പറഞ്ഞതു പോലെ അനിഷ്ടകരമായി ഒന്നുമില്ല. ഈ നടത്തം നൽകുന്ന സന്ദേശമാണെങ്കിലോ ഏറെ വലുതാണ്. കാരണം മക്ക, ഹജ്ജ്, കേരളീയരുടെ മതവിധേയത്വം, മുസ്ലിംകൾ പ്രകടിപ്പിക്കുന്ന സ്നേഹാദരങ്ങൾ, അവർക്കിടയിലെ സാമൂഹ്യത തുടങ്ങി നിരവധി നല്ല സന്ദേശങ്ങളാണ് ഈ യാത്ര നൽകുന്നത്.
നടന്നു പോയിയുള്ള ഹജ്ജ് യാത്ര ഒരു നല്ല സാഹസികതയാണ്. അതുകൊണ്ടു തന്നെ അതിന്റെ അതിലെ വൈകാരികത കൊണ്ടാണ് പ്രധാനമായും അളക്കേണ്ടത്. ആ വൈകാരിതക കണ്ടവരും ഉൾക്കൊണ്ട വരും ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നു. ഇമാം ഹസൻ ബിൻ അലി(റ) അവരിൽ ഒരാളായിരുന്നു. അദ്ദേഹം ഇരുപതിലധികം പ്രാവശ്യം നടന്ന് ഹജ്ജിന് പോയതായി ശിയാ ചരിത്ര ഗ്രന്ഥങ്ങളായ തഹ്ദീബിലും അൽ കാഫിയിലും സുന്നീ ചരിത്ര ഗ്രന്ഥങ്ങളായ താരീഖുൽ ഖുലഫാഇലും അൽബിദായ വന്നിഹായയിലും പറയുന്നു. ചില യാത്രകളിൽ അദ്ദേഹം ചെരുപ്പുകൾ പോലും ധരിക്കില്ലായിരുന്നു. തന്റെ കാലത്തെ ഏറ്റവും വലിയ ആരാധകനായാണ് നബി(സ്വ) യുടെ ഈ പേരക്കിടാവ് അറിയപ്പെടുന്നത്. ഈ വൈകാരികത ഉൾക്കൊണ്ട മറ്റൊരാളാണ് ഇബ്നു അബ്ബാസ്(റ). വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളിൽ ഒന്നാം സ്ഥാനീയനായ അദ്ദേഹം ഈ വൈകാരികത ഉൾക്കൊള്ളുന്നത് സൂറത്തുൽ ഹജ്ജിലെ ഇരുപത്തി ഏഴാം സൂക്തത്തിലെ പരാമർശത്തിൽ നിന്നാണ്. കഅ്ബാലയത്തിന്റെ പുനർനിർമ്മാണം കഴിഞ്ഞ് ജനങ്ങളെ ഹജ്ജിന് ക്ഷണിക്കുവാൻ ഇബ്റാഹിം നബിയോട് അല്ലാഹു പറയുന്നതാണ് ഈ ആയത്തിന്റെ ആശയം. അതിൽ അവരെ വിളിച്ചാൽ അവർ നടന്നും വാഹനപ്പുറത്തുമായി എല്ലാ ഊടുവഴികളിലൂടെയും വന്നേക്കും എന്ന പരാമർശത്തിൽ ആദ്യം പറഞ്ഞിരിക്കുന്നത് നടന്നും എന്നാണ്. ഇതിൽ നിന്നും നടന്ന് ഹജ്ജിന് പോകുന്നതിന്റെ ശ്രേഷ്ഠത ഗ്രഹിക്കുന്ന അദ്ദേഹം ഒരു ഖേദപ്രകടനം നടത്തുന്നുണ്ട്. അത് ഇങ്ങനെയാണ്: എന്റെ യവ്വന കാലത്ത് നടന്ന് ഹജ്ജിന് പോകാൻ കഴിയാതെ വന്നതിൽ ഞാൻ ഖേദിച്ച അത്ര മറ്റൊരു കാര്യത്തിലും ഞാൻ ഖേദിച്ചിട്ടില്ല എന്ന്.
നബി(സ്വ) അങ്ങനെ ചെയ്തിട്ടില്ല എന്ന് പറഞ്ഞ് തങ്ങളുടെ വാദത്തിന് മുട്ടു കൊടുക്കാൻ ശ്രമിക്കുന്നവരുടെ പ്രശ്നവും അറിവില്ലായ്മ തന്നെയാണ്. കാരണം ഇത്തരം കാര്യങ്ങളിൽ ഇങ്ങനെ തെളിവ് പിടിക്കുന്നത് നിരർഥകമാണ്. അങ്ങനെ ചെയ്താൽ നമ്മുടെ പോലെ കുപ്പായം ധരിക്കുന്നതും ഗ്ലാസിൽ വെള്ളം കുടിക്കുന്നതും ഡൺലപ്പ് ബെഡിൽ കിടന്നുറക്കുന്നതും എന്തിനധികം വിമാനത്തിൽ ഹജ്ജിന് പോകുന്നത് വരെ പാടില്ലാതാകും. കാരണം നബി(സ്വ) അതൊന്നും ചെയ്തില്ലല്ലോ. ഇങ്ങനെ അസംബന്ധ വാദങ്ങൾ ഉന്നയിച്ചതിനാലാണ് പണ്ട് ആട് മേക്കാൻ യമനിലേക്ക് കയറിയതും കയറ്റിയതും. ഇത്തരം വിഷയങ്ങളിൽ നബി(സ്വ) അത് ചെയ്യരുത് എന്ന് എടുത്തു പറഞ്ഞിട്ടുണ്ടോ എന്നേ നോക്കണ്ടതുള്ളൂ. എന്നാലും നബി എന്തുകൊണ്ട് നടന്ന് ഹജ്ജിന് പോയില്ല എന്നാണെങ്കിൽ പല മറുപടിയും ഉണ്ട് പറയാൻ. ഒന്നാമതായി, നബി(സ്വ) ഹജ്ജിന് പോകുമ്പോൾ വളരെ തിരക്കേറിയ ജീവിതം നയിക്കുന്ന സമയമായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ ദുൽ ഖഅദ് അവസാനം മാത്രം ഇറങ്ങുകയും മുഹർറം ഉദിക്കും മുമ്പ് മദീനയിൽ തിരിച്ചെത്തുകയും ചെയ്തത്. ഇങ്ങനെ തിരക്കുകൾ ഉളളവർ നടന്ന് പോകുന്നത് തന്റെ ദൗത്യത്തോടുള്ള ഉത്തരവാദിത്വരാഹിത്യമാണ്.
അതിനേക്കാൾ വലിയ ഒരു കാരണം നബി(സ്വ) എല്ലാവർക്കും പ്രാപ്യമാകും വിധം സാരള്യതയാണ് തന്റെ അധ്യാപനത്തിലൊക്കെ പുലർത്തുമായിരുന്നത്. എല്ലാവരെയും മത രീതികൾ പഠിപ്പിക്കുക എന്നതും നബി(സ്വ)യുടെ ആവശ്യമായിരുന്നല്ലോ. പ്രബോധന ദൗത്യത്തിനായി യമനിലേക്ക് അയക്കവെ ശിഷ്യന്മാരായ മുആദ് ഇബ്‌നു ജബലി(റ)നും അബൂമൂസല്‍ അശ്അരി(റ)ക്കും നബി(സ്വ) കൊടുത്ത ഉപദേശത്തില്‍ പെട്ടതാണ്, നിങ്ങള്‍ രണ്ടുപേരും കാര്യങ്ങള്‍ എളുപ്പമുള്ളതാക്കുക പ്രയാസമുണ്ടാക്കരുത്. ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, വെറുപ്പിക്കരുത് എന്നത്. ഏതൊരു ജനതയിലേക്ക് സന്ദേശവാഹകരെ അയക്കുമ്പോഴും നബി(സ്വ) ഇത്തരത്തില്‍ ഉപദേശം നല്‍കാറുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. റസൂല്‍(സ്വ)യുടെ ഹജ്ജ് സമയത്ത് നടന്ന ഒരു സംഭവം ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: അക്വബയുടെ പ്രഭാതത്തില്‍ ഒട്ടകപ്പുറത്തിരുന്ന് റസൂല്‍ (സ്വ) പറഞ്ഞു: എനിക്ക് കല്ല് എടുത്തു തരൂ എന്ന്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ഏഴ് കല്ലുകള്‍ എടുത്തു കൊടുത്തു. അവ ചെറിയ കല്ലുകളായിരുന്നു. റസൂല്‍(സ്വ) അത് കൈപ്പത്തിയിലിട്ട് കുലുക്കിക്കൊണ്ട് പറഞ്ഞു: ഇതുപോലുള്ളവ കൊണ്ട് എറിയുക. ശേഷം നബി(സ്വ) അരുളി: ജനങ്ങളേ, മതത്തില്‍ അതിരുകവിയലിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം നിങ്ങളുടെ മുന്‍ഗാമികളെ നശിപ്പിച്ചത് മതത്തിലെ അതിരുകവിച്ചിലാണ് (നസാഈ, ഇബ്‌നുമാജ).
ചുരുക്കത്തിൽ ശിഹാബ് എന്ന വ്യക്തിയുടെ ഈ യാത്ര വെറും ഒരു സാഹസികത മാത്രമാണ്. അതിനെ അങ്ങനെ മാത്രം കാണുമ്പോൾ അതിൽ പ്രകടമായ തെറ്റുകളൊന്നും നമുക്ക് നിരൂപിക്കുവാൻ ഇല്ല.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso