Thoughts & Arts
Image

മനസ്സുകൾ മശാഇറുകളിലേക്ക്..

30-06-2022

Web Design

15 Comments







ലോകത്തിന്റെ അഷ്ടദിക്കുകളിലും ശുഭ്ര വസ്ത്രധാരികളുടെ തിരയനക്കം തുടങ്ങി. സത്യവിശ്വാസികൾ ഹജ്ജിനു പുറപ്പെടുകയാണ്. ഇനി ഭൂഗോളത്തിനു ചുറ്റിലും അവരെ കാണാം. ഏതു രാജ്യത്തിൽ നിന്ന് പുറപ്പെടുന്ന വാഹനത്തിലും വിമാനത്തിലും കപ്പലിലും അവരുണ്ടാവും. അവരുടെയെല്ലാം ലക്ഷ്യം ഒന്നാണ്. അല്ലാഹു മനുഷ്യൻ വരുന്നതിനു മുമ്പേ അവനുവേണ്ടി പ്രപഞ്ചത്തിൽ പണിതുവെച്ച പരിശുദ്ധ മക്കയിലെ കഅ്ബാലയത്തിലെത്തുക. കഅ്ബാലയത്തിലേക്കു ക്ഷണിച്ച അല്ലാഹുവിൽ അലിഞ്ഞുചേരുക. നാട്, കടുംബം, സമ്പാദ്യം എന്നിവയേക്കാൾ നീയാണെനിക്ക് വലുതെന്ന് തെളിയിക്കുക. പിന്നെ, ലോകത്തിലെ ഏറ്റവും വലിയ ത്യാഗിവര്യൻ ഇബ്രാഹിം നബിയുടെ ത്യാഗങ്ങളുടെ ചവിട്ടു പാതകളിലൂടെ പ്രവാചക പ്രഭു മുഹമ്മദ്(സ്വ)യുടെ ആദർശ അസ്തിത്വത്തിന്റെ കൂടെ നടന്നും മടങ്ങിയും ത്യാഗത്തെ സ്വാംശീകരിക്കുക. പിന്നെ ആദർശത്തിന്റെ ശാദ്വല തീരത്തേക്ക് തേരിൽ കയറ്റി നയിച്ച പ്രവാചക സുൽത്വാന്റെ സമീപത്തെത്തി സലാം പറഞ്ഞ് തീർത്തും പുതിയ ഒരാളായി നാട്ടിലേക്കും സ്വന്തങ്ങളിലേക്കും മടങ്ങുക. അതാണ് ലക്ഷ്യം. അതിനു വേണ്ടി ലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നും അവർ വന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപ്പോർട്ടും മദീനയിലെ അമീർ മുഹമ്മദ് ഇന്റർനാഷണൽ എയർപ്പോർട്ടും ഇപ്പോഴേ സജീവമാണ്. ത്വരീഖു മക്കയും ത്വരീഖുൽ ഹിജ്റയും നിറയെ ഹാജിമാരാണ്. അവർ വന്ന് നിറഞ്ഞുനിറഞ്ഞ് വരികയാണ് മക്ക, മദീന നഗരങ്ങൾ.



ഇസ്ലാമിലെ ആരാധനാക്രമത്തിലെ അഞ്ചാമത്തേതാണ് ഹജ്ജ്. ഈ അഞ്ചിനും ഒരു പ്രഫുല്ലമായ ആശയ ക്രമണികയുണ്ട്. ഒന്നാമത്തേത് സത്യസാക്ഷ്യമാണ്. അത് സത്യസന്ധമാണ് എന്ന് തെളിയിക്കുകയാണ് രണ്ടാമത്തേതായ നിസ്കാരത്തിലൂടെ. കാരണം നിസ്കാരത്തിൽ ആരുടെ മുമ്പിലും കുനിക്കാത്ത ദേഹത്തെയും ദേഹിയെയും സമ്മതത്തോടെ സമർപ്പിക്കുകയാണ്. ഭൗതിക ലോകത്തിൽ ആർജ്ജിച്ച സമ്പത്തും ഉൺമയുടെ അവിഭാജ്യ ഘടകങ്ങളായ വികാരവും വിചാരവും സമർപ്പിക്കുകയാണ് സക്കാത്തിലും നോമ്പിലും. ഇതോടെ തന്നെ വലയം ചെയ്തു നിൽക്കുന്ന എല്ലാം സമർപ്പിച്ചു കഴിയുമ്പോൾ സൃഷ്ടി സൃഷ്ടാവിന്റെ സമീപത്തെത്തുന്നു. ഇനി മണ്ണും ചോര ചേർത്തെടുത്ത ബന്ധങ്ങളും മാത്രമേ ബാക്കിയുള്ളൂ. മനസ്സും ശരീരവും സമ്പത്തും വികാരവും വിചാരവും എല്ലാം സമർപ്പിക്കുവാൻ കഴിഞ്ഞവന് അതിനും പ്രയാസമില്ല. എല്ലാം വിട്ടേച്ച് അവൻ തീർഥയാത്രക്കിറങ്ങുമ്പോൾ അവ കൂടി സമർപ്പിക്കുവാനുള്ള അടക്കാനുവാത്ത ത്വരയിലായിരിക്കും വിശ്വാസി. മക്കയിലെത്തി മശാഇറുകളിലൂടെ നീങ്ങി കർമ്മങ്ങൾ കുരുക്കഴിക്കപ്പെടുന്നതോടെ അവന്റെ സമർപ്പണം പൂർണ്ണമാവുന്നു. പിന്നെ അവൻ മടങ്ങുന്ന ഒരു പുതിയ ജന്മവുമായിട്ടായിരിക്കും. ഒരാൾ ലൈംഗികമോ അല്ലാത്തതോ ആയ തെറ്റുകുറ്റങ്ങളൊന്നും ചെയ്യാതെ ഹജ്ജ് പൂർത്തീകരിച്ചു കഴിഞ്ഞാൽ അവൻ ജനച്ച അന്നത്തേതു പോലെയായിട്ടായിരിക്കും മടങ്ങുക എന്ന് നബി(സ്വ). (ബുഖാരി)



ഈ സമർപ്പണത്തിന്റെ അഭൗമമായ അർഥങ്ങളിലേക്ക് മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഹജ്ജിന്റെ ഓരോ കർമ്മങ്ങളും. ഹജ്ജിനായി മാനസികമായി തീരുമാനമെടുക്കുന്നതോടെ അതാരംഭിക്കുന്നു. ഹജ്ജ് എന്നാൽ തന്നെ ഒരു തീരുമാനമാണ്. ജഗന്നിയന്താവായ റബ്ബിന്‍റെ വിളികേട്ട് കൊണ്ടുള്ള ഒരു പുറപ്പാടിന്റെ തീരുമാനം. അതിനാൽ ഹജ്ജിന് നിയ്യത്തു ചെയ്യുന്നതിലൂടെ നാം സകലമാന ഇച്ഛകളും മാറ്റിവെച്ച് അല്ലാഹുവിന്‍റെ അതിഥികളാവാൻ തയ്യാറെടുക്കുന്നു. ആ പുതിയ മാസ്റ്ററുമായി യാത്ര പുറപ്പെട്ടു വിശ്വാസി മീഖാത്തിലെത്തുകയാണ്. മീഖാത്ത് ജീവിതത്തിന്റെ ഒരു സാങ്കൽപ്പിക കുടമാറ്റമാണ്. പുതിയൊരു ജീവിതത്തിന്റെ തുടക്കമാണത്. ഒരുനാൾ ശുഭ്ര വസ്ത്രമണിഞ്ഞു അന്ത്യ യാത്ര പുറപ്പെടുന്നതിനെ ശരിക്കും ഓർമ്മപ്പെടുത്തുന്ന തുടക്കം. ഇവിടെ വിശ്വാസി വസ്ത്രങ്ങൾ മാത്രമല്ല എല്ലാ ചിന്തകളും മാറ്റുകയാണ്. മാത്രമല്ല, ഇതോടെ വിശ്വാസിയുടെ ജീവിത താളത്തിൽ തന്നെ താളമാറ്റം സംഭവിക്കുന്നു. ഇതു വരെ പാടുണ്ടായിരുന്നത് പലതും ഇനി പാടില്ല. നിറപ്പകിട്ടുള്ള വസ്ത്രങ്ങളും മനം മയക്കുന്ന മണങ്ങളും ലൈംഗിക വികാരങ്ങളും എല്ലാം തൽക്കാലത്തേക്ക്, മറ്റൊരു മഹാസമർപ്പണത്തിന് മനസ്സും ശരീരവും തയ്യാറെടുത്തു നിൽക്കയാകയാൽ മാത്രം - മാറ്റി വെക്കുകയാണ്.



മക്കയിലെത്തുന്നതോടെ തീർഥാടകർ ഹറമിന്‍റെ ചൈതന്യത്തിലേക്ക് പ്രവേശിക്കുകയാണ്. ഹറമിന്റെ ഒത്ത നടുവിൽ അഥവാ ഭൂമിയുടെ ഒത്ത നടുവിൽ കറുത്ത പട്ടും പുതച്ചു നിൽക്കുന്ന കഅ്ബ ഗേഹത്തിന്റെ മുമ്പിലെത്തുമ്പോൾ അല്ലാഹുവിന്റെ ആലയത്തിന്റെ മുമ്പിലെത്തിയ പ്രതീതി മനസ്സിൽ നിറയുന്നു. മനുഷ്യനു വേണ്ടി ഒരുക്കിവെച്ച അല്ലാഹുവിന്റെ ഭവനം. ഭൂമിയിലെ ഏറ്റവും പുണ്യം നിറഞ്ഞ മണ്ണ്. എല്ലാ പ്രവാചകൻമാരുടെയും കാലു പതിഞ്ഞ ഭൂമി. മനുഷ്യനെ ഏകോപിപ്പിക്കാൻ ഇബ്രാഹിം(അ)മിലൂടെ സൃഷ്ടാവ് പടുത്തുയർത്തിയ വിശുദ്ധ ഗേഹം. ഭൂമിയിലെ ജീവിതത്തിൽ മനുഷ്യരുടെ പ്രാത്ഥനയുടെ കേന്ദ്ര ബിന്ദുവായ ഖിബ്‌ല. ഇബാഹിം നബിയെ വിട്ട് നൂഹ് നബിയുടെ കാലത്തെ ജലപ്രളയത്തിൽ മണ്ണിൽ നിന്നും പുറത്തെടുപ്പിച്ച് അവനതിനെ സംരക്ഷിച്ചു. അബ്റഹത്തിന്റെ ആനപ്പടയിൽ നിന്നും അബാബീൽ പക്ഷികളെ വിട്ട് സംരക്ഷിച്ചു. അത്രയും പുണ്യമായ ഹറമിലെത്തുമ്പോൾ താൻ ചെയ്യുന്ന ത്യാഗത്തിന്റെയെല്ലാം മധു നുണയുകയാണ് തീർഥാടകർ.



നിർഭയത്വമാണ് ഹറമിന്‍റെ അർഥവും ദാനവും. ഒരു ജീവി പോലും ഉപദ്രവിക്കപ്പെടരുതെന്ന് നിഷ്കർഷയുള്ള പ്രദേശം. ഇവിടെ എല്ലാം പരിപാവനമാണ്. റബ്ബിന്റെ അടുത്തെത്തുമ്പോൾ നിങ്ങൾ നിർഭയരായി മാറുന്നു എന്ന അർഥമാണ് ലഭിക്കുന്നത്. ബൗദ്ധിക ജീവിതത്തിന്, പരലോകത്തിന്, കുടുംബത്തിന്, പാർശ്വവത്കരിപ്പെട്ടവക്ക്, പീഡിതർക്ക്, നിരാലംബലായവർക്ക്, യുദ്ധം കൊണ്ടും മറ്റും അനാഥരാവയർക്ക്, മർദ്ദിതർക്ക്, രോഗികൾക്ക്, എല്ലാവരുടെയും നന്മയ്ക്ക് റബ്ബ് നൽകുന്ന നിർഭയത്വത്തിന്റെ കേന്ദ്രസ്ഥാനം. അതിനാൽ ത്വവാഫും സുന്നത്തുകളും ചെയ്യുമ്പോൾ ഇതെല്ലാം തേടുകയാണ് ഓരോ തീർഥാടകനും. സഫയും മർവയും നമ്മെ ഓർമ്മിപ്പിക്കുന്നത് ഹാജറബീവിയുടെ മനസ്സുറപ്പിനെയാണ്. ഏതു പ്രതിസന്ധിയിലും ദൈവ വിശ്വാസത്തിന്‍റെകരളുറപ്പ് വേണമെന്ന സന്ദേശം. ദാഹിച്ചു കരയുന്ന വാത്സല്യ പുത്രന് ദാഹ ജലത്തിന് വേണ്ടി ഊഷര ഭൂമിയിലെ മൊട്ടകുന്നുകളിൽ പ്രതീക്ഷയുമായി ഹാജറ ബീവി ഓടി നടന്നതിന്‍റെ ഓർമ്മയാണ് സഅയ്. അതെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ അല്ലാഹുവിന്റെ ഇടപെടലിനു വേണ്ടിയുള്ള തേട്ടമാണ് സഫാ മർവക്കിടയിലെ നടത്തം. ഒപ്പം സഅയ് ഒന്നുകൂടി പറയുന്നുണ്ട്. എല്ലാം റബ്ബ് കാത്തു കൊള്ളും എന്നും പറഞ്ഞു മുഖം തിരിച്ചിരിക്കലല്ല, പകരം ജീവിതത്തിൽ ഏതു പ്രതിസന്ധിയിലും കർമ്മ നിരതരാവണമെന്ന ഓർമ്മപ്പെടുത്തൽ. കുത്തിന്റെ ചുണ്ടു നനക്കാനുള്ള വെള്ളം അല്ലാഹുവിനേ തരാൻ കഴിയൂ എന്നറിഞ്ഞിട്ടും താൻ ചെയ്തിരിക്കേണ്ടത് ചെയ്തിരിക്കണം എന്ന തത്വം പഠിപ്പിക്കുകയാണ് ഹാജറാ ബീവി.



സംസം കൊണ്ട് ചുണ്ടും മനസ്സും നനക്കുമ്പോൾ കാത്തിരിക്കുന്ന സ്വർഗ്ഗം അനുഭവിക്കുകയാണ് ഹാജി. ചരിത്രത്തില്‍ ഒരിക്കല്‍ പോലും വറ്റാത്ത അയ്യായിരത്തോളം വർഷം പഴക്കുള്ള അൽഭുത കിണര്‍. ആഴം വെറും മുപ്പത് മീറ്റര്‍. മൂന്നേ കാല്‍ മീറ്റര്‍ താഴ്ചയില്‍ തന്നെ ജലവിതാനം എത്തിനിൽക്കുന്ന അത്ര നിറഞ്ഞ വെള്ളം. സെക്കന്റില്‍ 80 ലിറ്റര്‍ വെള്ളമാണ് പുറത്തെത്തുന്നത്. പ്രധാനമായും രണ്ട് ഉത്ഭവ കേന്ദ്രങ്ങളാണ് സംസമിനുള്ളത്. ഒന്ന് തെക്കുകിഴക്കായി അബൂഖുബൈസ് പര്‍വതത്തില്‍ നിന്ന്, മറ്റൊന്ന് കഅ്ബ നിലകൊള്ളുന്ന കിണറിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും. ഇതില്‍നിന്നാണ് കിണറിലേക്ക് കൂടുതല്‍ വെള്ളം പ്രവഹിക്കുന്നത്. ഇരുപത്തൊന്നോളം ചെറുപ്രഭവങ്ങള്‍ (ഉറവകള്‍) വേറെയുമുണ്ട്.
അസൂയക്കാരായ അവിശ്വാസികളെ ഉത്തരം മുട്ടിക്കുകയാണ് ഈ സ്വർഗ്ഗീയ ജലധാര. അതിലെ വെള്ളത്തേക്കാൾ വലുതാണ് അതിന്റെ പുണ്യം. സംസമിന്റെ പുണ്യം വിശദീകരിച്ചു കൊണ്ട് നബി(സ) പറഞ്ഞു: സംസം എന്തു ഉദ്യേശ്യത്തോടെ കുടിക്കുന്നുവോ അത് അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് മാറാനുദ്ദേശിച്ച് കുടിച്ചാല്‍ അല്ലാഹു അതു മാറ്റിത്തരും. (ഹാകിം, ദാറുഖുത്‌നി)



മിനാ താഴ് വര യിലാണ് ഒരു ഹാജി ഹജ്ജിനിടെ ഏറ്റവും അധികം സമയം ചെലവഴിക്കുന്നത്. ഈ ശാന്തിയുടെ താഴ് വരയിൽ വെച്ച് ഓരോ മനുഷ്യനും ജീവിതത്തിലെ കഴിഞ്ഞ കാലത്തിന്‍റെ കണക്കെടുപ്പുകൾ നടത്തുന്നു. ജീവിതത്തിലെ സംഭവങ്ങളെ, അനുഭവങ്ങളെ, പ്രവർത്തികളെ, കൊള്ളരുതായ്മകളെ, നന്മകളെയെല്ലാം ആഴത്തിൽ തൊട്ടറിയുന്നു. എന്നിട്ടു കരുണാവാരിധിയായ തമ്പുരാനോട് രാപകലില്ലാതെ തൗബ തേടുന്നു. മിനായിലും അതിനതിരിടുന്ന മലനിരകളിലും ചക്രവാളങ്ങൾക്കുമകലെ ആകാശത്തിലും മലക്കുകൾ കാത്തിരിക്കുകയാണ്. നമ്മുടെ ആത്മാർത്ഥമായ തൗബ വരവ് വെയ്ക്കുവാൻ, അല്ലാഹുവിന്‍റെ കല്പന പ്രകാരം നമ്മുടെ പാപങ്ങൾ മായ്ച്ചു കളയാൻ. ഒരു വിശ്വാസി തന്റെ ജീവിതം കൊണ്ട് അർഥിക്കേണ്ടതിന്റെ ആകെത്തുകയാണിത്.



അറഫായിലെത്തുമ്പോൾ അവർ ഹജ്ജിന്‍റെ ആത്മാവ് തൊടുകയായി. ആകാശച്ചുവട്ടിലെ ഏറ്റവും വലിയ പ്രാർഥനാർദ്രമായ സംഗമമാണ് അറഫ. ഏകവസ്‌ത്ര ധാരികളായി വിശാലമായ അറഫാ മൈതാനത്ത് എല്ലാം മറന്ന് സത്യവിശ്വാസികൾ ദുആയിൽ ലയിച്ചു ചേരുകയാണ്. പ്രഭാതം മുതൽ സന്ധ്യമയങ്ങും വരെ അവർക്ക് വേറെ ചിന്തകളില്ല. അല്ലാഹുവിലേക്ക് കൈകളുയർത്തി ആർദ്ര മനസ്സോടെ കണ്ണീരണിഞ്ഞു നിൽപ്പാണവർ. ഇവിടെ അവർ പരസ്പരം അറിയുന്നില്ല.. ഒരു പകൽ മുഴുവൻ ധ്യാന നിമഗ്നരായി അർപ്പിത മനസ്സോടെ നാഥന്‍റെ പ്രീതിക്ക് വേണ്ടി ഹൃദയം പൊട്ടി ഇരക്കുകയാണ്. അന്നത്തെ അവിടത്തെ പ്രാർഥനക്ക് തീർച്ചയായും ഉത്തരമുണ്ട് എന്ന് തിരുനബി പഠിപ്പിച്ചിട്ടുണ്ട്. മറ്റൊരു ആത്മീയ വികാരം കൂടി പകരുന്നുണ്ട് അറഫാ സംഗമം. അറഫാ സമ്മേളനം മഹ്ശറയുടെ ഓർമ്മപ്പെടുത്തലാണെന്നതാണത്. അന്ത്യദിനത്തിലെ മഹ്ശറയും അറഫയും തമ്മിലുള്ള മാറ്റം ഇവിടെ നമുക്ക് പശ്ചാതാപിക്കാനും അല്ലാഹുവിനോട് ചോദിക്കുവാനുമുള്ള അവസരമുണ്ട്, നമ്മെ റബ് വിളിച്ചു വരുത്തിയതാണ് എന്നതാണ്. അന്ന് അതൊന്നുമുണ്ടാകില്ല.



മുസ്‌ദലിഫ ഇടത്താവളമാണ്. അവിടെ തുറന്ന ഭൂമിയിൽ മലർന്നു കിടക്കുമ്പോൾ അത് മരണാനന്തരം ഖബറിൽ നിശ്ചലനായി കിടക്കുന്ന ഓർമ്മകൾ ഉണർത്തുന്നു. തുടർന്ന് വീണ്ടും മിനായിലെ നാളുകളിലേക്ക് മടങ്ങുകയാണ്. സാങ്കൽപ്പികമായി കടന്നുപോന്ന ഖബറിനും മഹ്ശറക്കും ശേഷം യഥാർഥ ഖബറിലും മഹ്ശറയിലും വിജയിക്കുവാൻ വേണ്ട കർമ്മങ്ങളിലേക്ക് തിരിച്ചെത്തുന്ന പ്രതീതിയാണ് ഇത് പകരുക. അതിനാൽ ഇവിടെ ഒരു നിമിഷം പോലും പാഴാക്കാൻ നമുക്ക് സമയമില്ല. രാവും പകലും ചൂളം വിളിച്ചെത്തുന്ന മരുക്കാറ്റിൽ അലിഞ്ഞു ചേർന്ന് ആരാധനകളിൽ ലയിച്ചു ചേരണം. മിനായിലെ താമസത്തിലൂടെയും മനുഷ്യരുമായുള്ള ഇടപെടലിലൂടെയും സന്മനസ്സും വിട്ടുവീഴ്ചകളും ദയാവായ്പുകളും കാരുണ്യവും സഹജീവി സ്നേഹവും എല്ലാം സ്വായത്തമാക്കണം. അത് ഹജ്ജ് കഴിഞ്ഞുള്ള പുതിയ ജീവിതത്തിന് ശരിയുടെ താളം നൽകും. ഈ ദിവസങ്ങളിൽ ചെയ്യുന്ന ജംറയിലെ കല്ലേറുകൾ ജീവിതത്തെ കൊളുത്തിട്ടു വലിച്ച് വികാരങ്ങളിലേക്കും തുടർന്ന് തിൻമകളിലേക്കും വലിച്ചു കൊണ്ടുപോകുന്ന പിശാചിനെ പ്രതിരോധിക്കാനുള്ള ശക്തി നേടാനുള്ളതാണ്. നാലായിരം വർഷങ്ങൾക്കപ്പുറം, അല്ലാഹുവിന്‍റെ താൽപര്യത്തിൽ നിന്ന് ഇബ്രാഹീം(അ)മിനെയും ഇസ്മാഈലി (അ) നെയും പിന്തിരിപ്പിക്കാനുള്ള ഇബ്‌ലീസിന്‍റെ വിഫല ശ്രമത്തെ ആ രണ്ട് ത്യാഗികളും പ്രതിരോധിക്കുന്ന ചരിത്രമാണ് അതിന്റെ പശ്ചാതലം. നമ്മുടെ ദൈവിക മാർഗ്ഗത്തിലുള്ള തീരുമാനങ്ങളിൽ നിന്ന് നാം പിന്തിരിയുന്നത് ഇബ്‌ലീസിന്‍റെ ഇടപെടലൽ കൊണ്ടാണ്.



ബലിയിലൂടെ മനുഷ്യ ചരിത്രത്തിൽ തുല്യതയില്ലാത്ത ഒരു ത്യാഗത്തെയാണ് നാം നമ്മെത്തന്നെ ഉദ്ബോധിപ്പിക്കുന്നത്. അല്ലാഹുവിന്‍റെ നിശ്ചയങ്ങൾ അനുസരിക്കാൻ, വാത്സല്യ മകനെ കഴുത്തറുക്കാൻ തുനിഞ്ഞ ഇബ്‌റാഹീം നബിയുടെ മനസ്സുറപ്പിന്‍റെ ത്യാഗസ്മരണ. ഈ സ്മരണയിലൂടെ കടന്നുപോകുമ്പോൾ അത് ഒരു ആത്മപരിശോധനക്കു കൂടി ഇടമൊരുക്കുന്നു. അല്ലാഹുവിന്റെ താൽപര്യത്തിനു വേണ്ടി തന്റെ മനസ്സിനെയും ബുദ്ധിയെയും പോലും അടക്കിപ്പിടിച്ചു കൊണ്ട് വിധേയനാകുവാൻ മാത്രം തന്റെ ആത്മീയത വളർന്നിട്ടുണ്ടോ എന്ന പരിശോധന.



നൂറ്റാണ്ടുകളായി ഹജ്ജ് നിർവ്വഹിക്കാൻ എത്തികൊണ്ടിരിക്കുന്ന മനുഷ്യരാശിയുടെ പാദസ്പർശനമേറ്റ ഈ പുണ്യ നഗരത്തിൽ നിന്നും അവസാന ത്വവാഫും കഴിഞ്ഞു നാം വിടവാങ്ങുമ്പോൾ, ഒരിക്കൽ കൂടി ആത്മ പരിശോധന നടത്തണം. ഹജ്ജിന്‍റെ ആത്മാവിനെ നാം തൊട്ടറിഞ്ഞിട്ടുണ്ടോ എന്ന്. കർമ്മ സ്ഥാനങ്ങൾ ഓരോന്നിലും എത്തുമ്പോൾ മേൽപ്പറഞ്ഞ ആത്മവിചാരം നമുക്കുണ്ടായിട്ടുണ്ടോ എന്ന്. ഉണ്ടായിട്ടുണ്ട് എങ്കിൽ ഈ പുണ്യ യാത്ര സാർത്ഥകമാവുകയായി. അപ്പോഴാണ് നാം പുതിയ ഒരു കുഞ്ഞായി മടക്കുക.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso