Thoughts & Arts
Image

നിന്ദ വിമർശനമല്ല, വിമർശനം നിന്ദയും..

30-06-2022

Web Design

15 Comments






പ്രവാചകനെതിരെ നടത്തിയ നിന്ദക്കെതിരെ നൻമയുള്ളവരുടെ ലോകം തിളച്ചുമറിയുന്നതിനിടെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോം ഇടക്കിടെ ശ്രദ്ധിക്കുമായിരുന്നു. പ്രത്യേകിച്ചും അപ്പുറത്തുള്ളവരുടെ കുറിപ്പുകൾ. കഴമ്പുള്ള വല്ലതും ഉണ്ടോ എന്നായിരുന്നു ശരിക്കും തെരഞ്ഞിരുന്നത്. അതൊന്നും കണ്ടില്ല. സാധാരണ മറ്റു വിഷയങ്ങളെ പോലെ തന്നെ ചവച്ചതു തന്നെ വീണ്ടും ചവച്ചു കൊണ്ടിരിക്കുകയായിരുന്നു നായകൻമാരായി അറിയപ്പെടുന്ന കുറിപ്പുകാർ പോലും. കഴിഞ്ഞ ദിവസം ഇടക്ക് ഒരു പോസ്റ്റ് കണ്ടു. വളരെ കൃതിമമായ ഒരു പക്വതയുടെ ഭാഷയിലാണ് കക്ഷി കാര്യം പറയുന്നത്. അതു കണ്ടപ്പോൾ ഒരു കൗതുകവും തമാശയും. അതു പങ്കുവെക്കുക മാത്രമാണിവിടെ. കക്ഷി പറയുന്നത് മതങ്ങൾക്കിടയിൽ ഇതൊക്കെ സ്വാഭാവികം മാത്രമാണ്. അതിന് ഇത്രമാത്രം രാജ്യം കടന്നുപോലുമുള്ള പ്രതികരണം നടത്തുന്നത് ഇത്തിരി ഓവറ് തന്നെയാണ്. ഇത് സൂചിപ്പിക്കുന്നത് മുസ്ലിംകളുടെ അസഹിഷ്ണുതയാണ്. അനുകൂലിക്കുന്നവർ അനുകൂലിക്കുകയും എതിർക്കുന്നവർ എതിർക്കുകയും ചെയ്യട്ടെ എന്നതല്ലേ സഹിഷ്ണുത എന്നൊക്കെയാണ്. ഇത് കേട്ടപ്പോഴാണ് ചില കാര്യങ്ങൾ ഒന്നു വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നിയത്.



ഇത് മനസ്സിലാകുവാൻ വളരെ ലളിതമായി ഒരു കാര്യം ഗ്രഹിച്ചാൽ മതി. വിമർശനം എന്നതും നിന്ദ എന്നതും ഒന്നല്ല, രണ്ടാണ് എന്ന സത്യം. വിമർശനം ഒരർഥത്തിലും കുറ്റകരമായി ഗണിക്കുന്നതല്ല. കാരണം വിമർശനം ആരോഗ്യകരമാണ്. അത് ഒരു ബൗദ്ധിക വ്യവഹാരമാണ്. ഒരു കാര്യം തന്റെ മനസ്സിൽ അതേക്കുറിച്ച് സ്ഥാപിതമായ വസ്തുതകളുമായി ഏറ്റുമുട്ടുകയോ വ്യക്തമായ ചേർച്ചക്കുറവ് പ്രകടമാവുകയോ ചെയ്യുമ്പോൾ ആണ് ഒരാൾ വിമർശനം ഉന്നയിക്കുന്നത്. അതാവട്ടെ ബുദ്ധി, ചിന്ത, ന്യായം തുടങ്ങിയവയുടെ വെളിച്ചത്തിലുമായിരിക്കും. അത് ഗുരുതരമായി എതിർപക്ഷത്തെ കടന്നാക്രമിക്കുമെങ്കിലും ഒരിക്കലും ഒരു പൊട്ടിത്തെറിയിലേക്കു വളരുകയില്ല. സത്യം കണ്ടെത്തുക, കണ്ടെത്തിയ സത്യത്തിലെ പിഴവുകൾ തിരുത്തുക തുടങ്ങിയ ഉദേശലക്ഷങ്ങൾ ഏത് വിമർശനത്തിനും പിന്നിലുണ്ടാകും. ഇത് സ്വാഗതാർഹം തന്നെയാണ്. വിമർശിക്കാനേ പാടില്ല എന്ന ശാഠ്യം അന്ധമായ അനുകരണത്തിലേക്കും അതു വഴി അർഥരാഹിത്യത്തിലേക്കുമാണ് എത്തിക്കുക.



ന്യായമായ വിമർശനങ്ങുടെ സാംഗത്യം അംഗീകരിക്കപ്പെടുന്നതോടെയും അതുണ്ടാവാം എന്ന പ്രതീക്ഷ ഉണ്ടാകുന്നതോടെയും അത് കാര്യങ്ങളിൽ കൂടുതൽ കണിശമായ ശ്രദ്ധ പുലർത്തുവാനുള്ള ചോദനയുണ്ടാകും. അത് ആരോഗ്യകരവും സ്വാഗതാർഹവുമാണ്. ആരോഗ്യകരമായ വിമർശനം ഉണ്ടാകുന്നതോടെ വിമർശിക്കപ്പെടുന്ന കാര്യം നന്നായി പറയാനും പഠിക്കാനും പ്രചരിപ്പിക്കാനുമെല്ലാമുള്ള സാഹചര്യം സംജാതമാകും. ലോകത്ത് എല്ലാ തലുറകളും എല്ലാ കാലങ്ങളും ഇത്രമേൽ നബി തിരുമേനിയെ പഠിക്കുന്നതിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത് സത്യത്തിൽ ഇത്തരം വിമർശനങ്ങൾ കൂടിയാണ്. ഇസ്ലാം മതവിശ്വാസികൾ അവർക്കിടയിൽ മാത്രം അവരുടെ പ്രവാചകനെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ അത് സ്വാഭാവികമായ ഒരു അറിവായി മാത്രം അവശേഷിക്കുന്നു. എന്നാൽ വിമർശനാത്മകമായ പഠനമാണെങ്കിൽ ഒന്നാമതായി അത് വിഷയത്തിന്റെ അകത്തേക്ക് ചുഴിഞ്ഞിറങ്ങുകയും രണ്ടാമതായി അതിരുകൾ കടന്ന് പുറം ലോകത്ത് അത് എത്തുകയും ചെയ്യും. മാത്രമല്ല, അത്തരം പശ്ചാതലം ഒരുക്കുന്ന പഠനങ്ങൾ കൂടുതൽ സൂക്ഷ്മവും ശാസ്ത്രീയവും ആയിരിക്കുകയും ചെയ്യും. ഒരു കാര്യം അറിയിക്കുമ്പോഴുണ്ടാകുന്ന അവസ്ഥയല്ല സമർഥിക്കുമ്പോൾ ഉണ്ടാകുക എന്നത് പരിഗണിച്ചാൽ മാത്രം മതി ഇത് മനസ്സിലാകുവാൻ.



പ്രവാചകന്‍(സ്വ) ജീവിക്കുന്ന കാലഘട്ടം മുതല്‍ തന്നെ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് ചരിത്രം. ആദ്യമാദ്യം അത് വാമൊഴിയിൽ മാത്രമായിരുന്നു. മക്കയിലെ തന്റെ ആദ്യ സംബോധിതരുടെ ഇടയിൽ ജീവിച്ചിരുന്നവർ ഇത്തരം ധാരാളം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ആ വിമർശനങ്ങൾ പലപ്പോഴും അവരുടെ അജ്ഞത, പിടിവാശി തുടങ്ങിയവയായാരുന്നു. ഉദാഹരണമായി അവരുടെ ഒരു വിമർശനമായിരുന്നു, ഇവന്‍ ബഹുദൈവങ്ങളെ ഏകദൈവമാക്കിയിരിക്കുകയാണോ? (സ്വാദ്: 5) എന്നത്. ഇത് നിരുപദ്രവകരമായ ഒരു വിമർശനം മാത്രമാണ്. ഇത് ഒരു ആശയത്തെയാണ് അല്ലാതെ ഒരു വ്യക്തിയെയല്ല ഹത്യ ചെയ്യുന്നത്. മാത്രമല്ല, ഇത്തരമൊരു വിമർശനം ഇസ്ലാമിന്റെ അടിസ്ഥാന ആദർശം സ്ഥാപിക്കുവാനുള്ള അവസരം സൃഷ്ടിച്ചു. അത് സ്ഥാപിക്കുന്നതിലൂടെ അവരുടെ ബുദ്ധി ശൂന്യത സ്ഥാപിക്കുവാനും കഴിഞ്ഞു. മാത്രമല്ല, അവർ ഉന്നയിച്ച വിമർശനത്തിനുള്ള മറുപടിയായി ഇതു സ്ഥാപിക്കുമ്പോൾ ഒരു തരത്തിലുളള പൊട്ടിത്തെറിയും ഉണ്ടാകുന്നുമില്ല.



വിശുദ്ധ ഖുർആനെ കുറിച്ചുളള വിമർശനങ്ങൾ മറ്റൊരു ഉദാഹരണമാണ്. ഖുർആൻ ഉൾക്കൊളളുന്ന അമാനുഷികതകളുടെ ആഴങ്ങളിലേക്ക് പോകുവാൻ മുസ്ലിംകൾക്കും അല്ലാത്തവർക്കും അവസരമുണ്ടായതു തന്നെ ഇത്തരം വിമർശനങ്ങൾ വഴിയാണ്. അതിനാൽ ആ അർഥത്തിൽ മുഹമ്മദ് നബിയെ വിമര്‍ശിക്കുന്നത് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമേ അല്ല. എന്നിട്ടും ആരെങ്കിലും അമാന്യമായി പ്രതികരിക്കുന്നുണ്ട് എങ്കിൽ അവർ തങ്ങളുടെ വിശേഷബുദ്ധിക്കല്ല, കേവല വികാരത്തിനാണ് അടിമപ്പെടുന്നത് എന്നു പറയാതെ വയ്യ.
ഒമ്പതാം നൂറ്റാണ്ടു മുതലാണ് ഏറ്റവും ക്രൂരമായ രീതിയില്‍ പ്രവാചകചരിത്രം വക്രീകരിക്കപ്പെട്ടു തുടങ്ങുന്നത്. ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളിലാണ് ആദ്യകാല പ്രവാചക വിമര്‍ശന കൃതികള്‍ രചിക്കപ്പെട്ടത്. ഗ്രീക്ക് ഭാഷയില്‍ നിന്ന് ലാറ്റിനിലേക്ക് പരിഭാഷ ചെയ്യപ്പെട്ട (ജോണ്‍ഓഫ് ഡമസ്‌കസിന്റെ) താര്‍ക്കിക കൃതികള്‍ അതില്‍ ഏറ്റവും പഴക്കം ചെന്നതാണ്. അറബിയില്‍ നിന്ന് ലാറ്റിനിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പല കൃതികളും ഇക്കൂട്ടത്തിലുണ്ട്. ഈ കൃതികളിലൊക്കെ ഉന്നയിക്കപ്പെട്ടത്, മുഹമ്മദ് നബി മുന്‍വേദങ്ങളില്‍ നിന്നും ക്രിസ്തുമതത്തില്‍ നിന്നും കടംകൊണ്ട ആശയങ്ങള്‍ സ്വന്തം നിലയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചെയ്തതെന്നാണ്. ചിലര്‍ അന്തിക്രിസ്തുവായി വരെ നബിയെ വിശേഷിപ്പിച്ചു. ഖുര്‍ആന്‍ ഒരു ചോരണകൃതിയാണെന്നും തന്റെ താല്പര്യങ്ങള്‍ക്കു വേണ്ടി മതതത്വങ്ങളെ ചിട്ടപ്പെടുത്തുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമൊക്കെ ഇവര്‍ എഴുതി. ഇങ്ങനെ ചരിത്ര വസ്തുതകള്‍ വെച്ചുള്ള വിമര്‍ശനങ്ങള്‍ പിന്നീട് കാല്‍പനിക കഥകളിലേക്കും അതിഭാവുകത്വത്തിലേക്കും മാറി. അതോടെ അവ ചിലപ്പോൾ വിപരീത ദിശയിലേക്ക് തിരിയുക പോലും ചെയ്യുകയുണ്ടായി. വിഖ്യാതമായ ഡിവൈന്‍ കോമഡിയില്‍ മുഹമ്മദ് നബി നരകത്തിന്റെ അടിത്തട്ടിലായാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഒരു ഉദാഹരണം.



2011 സപ്തംബര്‍ 11നു ശേഷമാണ് നബി(സ്വ)ക്കു നേരെയുണ്ടായ വിമര്‍ശനങ്ങള്‍ മുൻകാല വിമര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നത്. ആദ്യകാല ക്രൈസ്തവ വിമര്‍ശനങ്ങളിലും ഓറിയന്റലിസ്റ്റ് വിമര്‍ശനങ്ങളിലും പ്രവാചകന്റെ സാധ്യതയും വെളിപാടുകളുടെ ദൈവികതയും പ്രബോധനങ്ങളിലെ യുക്തിയുമൊക്കെയാണ് പ്രധാനമായും വിഷയമായിരുന്നത്. നബിയുടെ വിവാഹങ്ങളും ദാമ്പത്യവും ജീവചരിത്രത്തിന്റെയും ചര്യകളുടെയും നിവേദനത്തെ സംബന്ധിച്ച സംശയങ്ങളുമൊക്കെ അതില്‍ പെടുന്നുണ്ട് എങ്കിലും പ്രായേണ അക്കാദമിക നിലവാരമുള്ളതാണ് അവയിലധികവും. കുരിശുയുദ്ധവും യൂറോപ്പിന്റെ വാശിയുള്ള യുക്തികളും പാശ്ചാത്യ അധിനിവേശവുമൊക്കെ ചേര്‍ന്ന രാഷ്ട്രീയമാണ് അവയെ രൂപപ്പെടുത്തിയത്. എന്നാല്‍, കോളനിയനന്തരം, കടുത്ത സങ്കുചിത ദേശീയചിന്തകളും വംശീയ ബോധവുമാണ് ഇത്തരം വിമര്‍ശനങ്ങളുടെ രാഷ്ട്രീയ പരിസരമായത്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കു കുടിയേറിയ മുസ്‌ലിംകളോടുള്ള വംശീയ സ്വാഭാവമുള്ള വിദ്വേഷമാണ്, അവരുടെ പ്രവാചകനോടുള്ള കലിയായി വെളിപ്പെടുന്നത്.
ഒരു വിഭാഗത്തോടുള്ള വെറുപ്പ് പ്രകടിപ്പിക്കാന്‍ അവര്‍ ഏറ്റവും പ്രിയങ്കരവും ആദരണീയവുമായി കരുതുന്ന വ്യക്തിത്വങ്ങളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ മതിയെന്ന ലളിതമായ മനശ്ശാസ്ത്ര തത്വമാണ് സമകാലിക ലോകത്ത് യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന പ്രവാചക വിമര്‍ശനങ്ങളുടെ ആശയം. അതുകൊണ്ടാണ് വൈജ്ഞാനികവും ബൗദ്ധികവുമായ നിലവാരമുള്ള വിമര്‍ശനങ്ങളില്‍ നിന്ന് വ്യക്തിഹത്യയിലേക്കും തെറിപ്രയോഗങ്ങളിലേക്കും പുതിയ കാലത്തിന്റെ വിമര്‍ശന ഗതി മാറിയത്.



ചരിത്രാഖ്യാനങ്ങള്‍ യുക്തിസഹമായി വിശകലനം ചെയ്തുകൊണ്ടുള്ള വിമര്‍ശന ശൈലിക്കു പകരം, കാല്പനിക ഭാവനകളിലൂടെ പ്രവാചകന്റെ മഹത്വം തകര്‍ക്കാനുള്ള ശ്രമമാണ് ഏറ്റവും ഒടുവില്‍ (2008) വിരചിതമായ ഷെറി ജോണ്‍സിന്റെ ദ ജവല്‍ ഓഫ് ദ മദീന എന്ന റൊമാന്റിക് നോവലില്‍ വരെ പ്രകടമാകുന്നത്. ഈ ശൈലി മാറ്റത്തിൽ സ്ഥാനം പിടിച്ച മറ്റൊരു ആക്രമണ രീതിയാണ് ചിത്രകല ഉപയോഗിച്ചു കൊണ്ടുള്ള ആക്രമണങ്ങൾ. അക്ഷരത്തേക്കാള്‍ എളുപ്പത്തില്‍ സംവേദനം ചെയ്യാന്‍ ചിത്രണത്തിന് സാധിക്കുമെന്നതും കുറച്ചു കൂടി പെട്ടന്ന് അനുവാചകന്റെ മനസ്സിൽ തങ്ങളുദ്ദേശിക്കുന്ന ചിത്രം വരച്ചെടുക്കുവാൻ സാധിക്കുമെന്നതും അതിന്റെ മറ്റു ഗുണങ്ങളാണ്. ഇത്തരം മനശ്ശാസ്ത്ര സാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട് പുതിയ കാലത്തെ പ്രവാചക വിമർശനങ്ങൾ. തങ്ങൾ ആക്ഷേപിക്കുന്ന വിധത്തിൽ പ്രവാചകനെ ആവിഷ്കരിക്കുന്ന നീച ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 2011 നവംബറില്‍ ചാര്‍ലി ഹെബ്‌ഡോ എന്ന ഫ്രഞ്ച് ഹാസ്യവാരിക, നബിയെ പരിഹസിക്കുന്ന കാരിക്കേച്ചര്‍ മുഖചിത്രമാക്കി ഒരു ലക്കം പുറത്തിറക്കിയത്. 2012 സപ്തംബറില്‍ ഈ ക്ഷുദ്രവാരിക, നബിയുടെ നഗ്‌നചിത്രങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്ന ഒരു ഹാസ്യ കാര്‍ട്ടൂണ്‍ സീരിസും പ്രസിദ്ധം ചെയ്യുകയുണ്ടായി.
അമേരിക്കയിലെ എഫ് എക്‌സ് കേബിള്‍ നെറ്റ്‌വര്‍ക്ക് നടത്തുന്ന ഒരു റിയാലിറ്റി ഷോയില്‍ മുസ്‌ലിംസ് ഇന്‍ അമേരിക്ക എന്ന എപ്പിസോഡില്‍ പ്രവാചകനെ മോശമായി അവതരിപ്പിച്ച് അവഹേളിച്ചതും 2001ല്‍ സൗത്ത് പാര്‍ക്ക് എന്ന കോമഡിഷോ പരമ്പരയില്‍ നബി തിരുമേനിയെ അപകീര്‍ത്തിപ്പെടുത്തിയതും എല്ലാം ഇതേ മനോരോഗത്തിന്റെ പ്രതിഫലനങ്ങളാണ്. ഇവിടെ നിന്നാണ് ബുദ്ധിയും സമർഥനവുമൊക്കെ മാറ്റിവെച്ച് പ്രവാചക വിമർശനം പ്രവാചക നിന്ദയായി മാറുന്നത്.



പ്രതൃക്ഷത്തിൽ ഒരർഥവുമില്ലാത്ത ആരോപണങ്ങൾ നടത്തുക എന്നതിലുപരി ആരോപണങ്ങൾ ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ ഹത്യ നടത്തുക എന്നതാണ് നിന്ദ. നിന്ദ നടത്തുന്നവന്റെ ഉദ്ദേശം സത്യം കണ്ടെത്തലല്ല, പരിഹസിക്കലാണ്. വിമർശനത്തിൽ ബുദ്ധിക്കാണ് പങ്ക് എങ്കിൽ നിന്ദയിൽ ബുദ്ധിക്ക് തീരെ ഇടമില്ല. മറിച്ച്, അവിടെ വൈകാരികത മാത്രമേ ഉണ്ടാകൂ. നിന്ദ ഒരു പൊട്ടിത്തെറിച്ചായിരിക്കും. എന്നാൽ വിമർശനങ്ങളിൽ ഒരു തരം സംയമനം ഉണ്ടായിരിക്കും. പുതിയതടക്കം നബി(സ്വ)ക്കു നേരെ ശത്രുക്കൾ നടത്തിയ ആക്രമണങ്ങളുടെ ധ്വനി പരിഹാസം, കളിയാക്കൽ, കൊച്ചാക്കൽ, അധിക്ഷേപം തുടങ്ങിയവയൊക്കെയാണ്. ഒരു മനുഷ്യന്റെ സ്വത്വത്തിനു നേരെ നടത്തുന്ന ഏറ്റവും ഹീനമായ ഒരു ആക്രമണമാണ് പരിഹാസം. അത് ഏത് മനുഷ്യനെയും വിറളിപിടിപ്പിക്കും. പരിഹാസം ഒരു ദുര്‍ഗുണമാണ്. മനുഷ്യത്വ രഹിതമാണ്. സ്നേഹം, ബഹുമാനം, കരുണ തുടങ്ങിയ ആദരണീയ ഗുണങ്ങളെ നിഷ്ക്രിയമാക്കുന്ന ചീത്തവൃത്തിയാണത്. വിശുദ്ധ ഇസ്ലാം പരിഹാസത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പരിഹാസ പ്രവണതയില്‍ വീണുപോകാതിരിക്കാന്‍ ഓരോ സത്യവിശ്വാസിയേയും ഇസ്ലാം ഉപദേശിക്കുന്നുമുണ്ട്. അന്യരുടെ അഭിമാനത്തിന് മാരകമായി ക്ഷതമുണ്ടാക്കും വിധം, അവരെ പരിഹസിക്കുന്ന ആളുകളെ കര്‍ക്കശമായ നിലയിലാണ് ഇസ്ലാം താക്കീത് ചെയ്തിട്ടുള്ളത്.



മനുഷ്യന്‍ ആദരണീയനാണ്. മനുഷ്യന്ന് ആദരണീയത നല്‍കിയതാകട്ടെ അവന്‍റെ സ്രഷ്ടാവായ അല്ലാഹുവാണ്. ഭൂമിയില്‍ ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊക്കെ നല്‍കി പലതിനേക്കാളും മേന്മയുള്ള സൃഷ്ടിയായി മനുഷ്യനെ അല്ലാഹു പ്രഖ്യാപിക്കുകയും ചെയ്തു. ഖുര്‍ആനത് വ്യക്തമായി പറഞ്ഞിട്ടുണ്ട്: തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഇസ്റാഅ്: 70). മനുഷ്യന്‍ മനുഷ്യനെ ആദരിക്കണം. പരസ്പരം വ്യക്തിത്വങ്ങളെ മാനിക്കണം. നന്മകള്‍ നേരാനും ചൊരിയാനും ശ്രദ്ധിക്കണം. അഭിമാനങ്ങളെ പരിഗണിക്കാനും അവക്ക് ഭംഗം വരാതെ സൂക്ഷിക്കാനും ശ്രമിക്കണം. അഭിപ്രായാന്തരങ്ങളും ആശയ വ്യത്യാസങ്ങളും വ്യക്തബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നുവോ എന്ന് കരുതിയിരിക്കണം. ഈ പറഞ്ഞവയുടെയെല്ലാം ബദ്ധശത്രുവാണ് പരിഹാസമെന്നത്. നാക്ക് അങ്കുശമില്ലാത്ത ആയുധമാണ്. അതിന്‍റെ മൂര്‍ച്ച അസഹനീയവുമാണ്. അത് വരുത്തിവെക്കുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ്.



അതുകൊണ്ട് പരിഹാസം എന്ന നിന്ദയെ മുസ്ലിംകളും ഇസ്ലാമും മാത്രമല്ല എല്ലാ മതങ്ങളും നിരാകരിക്കുന്നുണ്ട്. കാരണം എല്ലാ മതങ്ങളും ആത്യന്തികമായി വ്യക്തികളെ സ്ഫുടം ചെയ്തെടുക്കുകയാണല്ലോ ചെയ്യുന്നത്. ചില ഉദാഹരണങ്ങൾ കാണാം.



ഞങ്ങളുടെ പശുക്കളെയോ മനുഷ്യരേയോ മോഹിക്കരുത്, ഞങ്ങളുടെ ആടുകളെയോ ചെമ്മരിയാടുകളോ മോഹിക്കരുത്. ശക്തരേ! നിങ്ങളെ പരിഹസിക്കുന്നവരുടെ കുടുംബത്തെ നശിപ്പിക്കുന്നതിലേക്ക് നിങ്ങളുടെ ലക്ഷ്യം തിരിക്കുക. (അഥർവ വേദം: 11.2.21)



ഒരു ശൂദ്രൻ ബ്രാഹ്മണനെ ചീത്ത പറഞ്ഞാൽ അയാളുടെ നാവ് മുറിക്കപ്പെടണം. ബ്രാഹ്മണനോട് സംസാരത്തിൽ തുല്യത പ്രകടിപ്പിച്ചാൽ, ബ്രാഹ്മണന്റെ വഴിയിൽ നടക്കുകയോ, ബ്രാഹ്മണന്റെ ഇരിപ്പിടത്തിൽ ഇരിക്കുകയോ ചെയ്താൽ ചാട്ടവാറടികൾ ശിക്ഷയായി നൽകണം. ക്ഷത്രിയനാണ് ബ്രാഹ്മണ നിന്ദ നടത്തുന്നതെങ്കിൽ നൂറും വൈശ്യനാണ് ബ്രാഹ്മണ നിന്ദ നടത്തുന്നതെങ്കിൽ ക്ഷത്രിയന്റെ പിഴയുടെ ഒന്നര ഇരട്ടി പിഴയും ചുമത്തപ്പെടും. (ഗൗതമസൂത്രം: 12:8-10)



വേദനിന്ദ, കൊലപാതകവും വിരോധിത ഭക്ഷണം ഭുജിക്കലും പോലെ ആറ് വൻപാപങ്ങളിൽ പെട്ടതായാണ് മനുസ്മൃതി പരിചയപ്പെടുത്തുന്നത്. (മനുസ്മൃതി: 11:56)



യിസ്രയേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ടു അവർ അവനെ മോശെയുടെ അടുക്കൽ കൊണ്ടു വന്നു; അവന്റെ അമ്മക്കു ശെലോമിത്ത് എന്നു പേർ. അവൾ ദാൻ ഗോത്രത്തിൽ ദിബ്രി എന്നൊരുവന്റെ മകളായിരുന്നു. യഹോവയുടെ അരുളപ്പാടു കിട്ടേണ്ടതിന്നു അവർ അവനെ തടവിൽ വെച്ചു. അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ശപിച്ചവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോക; കേട്ടവർ എല്ലാവരും അവന്റെ തലയിൽ കൈവെച്ചശേഷം സഭയൊക്കെയും അവനെ കല്ലെറിഞ്ഞു കൊല്ലേണം. എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ, ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ തന്റെ പാപം വഹിക്കും. യഹോവയുടെ നാമം ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലെറിയേണം; പരദേശിയാകട്ടേ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. (ബൈബിൾ: ലേവ്യ പുസ്തകം: അദ്ധ്യായം: 24: വചനം :11-17)



O





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso