Thoughts & Arts
Image

ബലിയും പെരുന്നാളും

30-06-2022

Web Design

15 Comments






ഏതു മതത്തിലും സംസ്കാരത്തിലും ഉണ്ടാകും ചില ഐതിഹ്യങ്ങളും ഇതിഹാസങ്ങളും. വെറും കെട്ടുകഥകളോ സാങ്കൽപ്പിക സംഭവങ്ങളോ ആയിരിക്കില്ല ഇവ. ആ മതത്തിന്റെ അടിസ്ഥാന ആദർശത്തെ അന്വർഥമാക്കുന്ന മഹാ സംഭവങ്ങളായിരിക്കും അവ. അതുകൊണ്ടു തന്നെ ഇവയെ പ്രമാണതുല്യമായിട്ടാണ് മതങ്ങൾ പരിഗണിക്കപ്പെടുന്നത്. അത് ആ മതത്തിന്റെ വിശ്വാസികളുടെ വലിയ വികാരവുമായിരിക്കും. വിശുദ്ധിയോടെയും ഭക്തിയോടെയും അവർ അത് ആചരിക്കും. ഇവയിൽ തന്നെ രണ്ട് തരമുണ്ട്. വിശ്വാസികൾ സ്വയം ശ്രേഷ്ഠതകൽപ്പിച്ചെടുക്കുന്നവയും വിശ്വാസ ധാര തന്നെ ശ്രേഷ്ഠത കൽപ്പിക്കുന്നവയും. ഇവയിൽ രണ്ടാമത്തെതിനാണ് പ്രാധാന്യം കടുതൽ. ഇതിൽപെട്ടതാണ് ഇസ്ലാമിക ആദർശത്തിലെ ഇബ്റാഹിം നബി(അ)യും അദ്ദേഹത്തിലൂടെ സ്ഥാപിക്കപ്പെട്ട സ്മരണകളും. അത്യപൂർവ്വമായ ആത്മസമർപ്പണത്തിലൂടെ അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭവിക്കുകയും ഇതിനെതിരെ വന്ന എല്ലാ പരീക്ഷണങ്ങളെയും മറികടന്ന് വിജയിക്കുകയും ചെയ്ത ഒരു മനുഷ്യജീവിതത്തിന്റെ മഹാചരിതമാണ് ഇബ്റാഹിം നബിയുടെ ജീവിതം. ദൗത്യ നിർവ്വഹണത്തിന് ഏറ്റവും വലിയ മനക്കരുത്ത് വിനിയോഗിക്കേണ്ടിവന്ന ഉലുൽ അസ്മുകളിൽ പെട്ട പ്രവാചകനാണ് അദ്ദേഹം. ആ വഴിയും ജീവിതവും ഓർക്കുവാനും ഓർമ്മിപ്പിക്കുവാനും ആണ് ഹജ്ജും അനുബന്ധ ഘടകങ്ങളും.



അവയുടെ ഭാഗമാണ് ഉള്ഹിയ്യത്ത് എന്ന ബലി കർമ്മം. ഹജ്ജിന്റെ പരിസമാപ്തി കുറക്കപ്പെടുന്ന ദുൽ ഹജ്ജ് മാസത്തിലെ 10 മുതൽ 13കൂടി ദിനങ്ങളിലൊന്നിൽ സത്യ വിശ്വാസികൾ ഇബ്റാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെ ഓർമ്മയിൽ സമർപ്പിക്കുന്ന ഒരു ബലിയാണിത്. തനിക്കൊരു കുഞ്ഞിനെ തന്നാൽ അതിനെ പോലും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഞാൻ സമർപ്പിക്കുമെന്ന് ഒരിക്കൽ അദ്ദേഹം പ്രതിജ്ഞയെടുക്കുന്നിടത്തു നിന്ന് ഇതിന്റെ ചരിത്രം തുടങ്ങുന്നു. അന്നദ്ദേഹത്തിന് കുഞ്ഞുണ്ടായിരുന്നില്ല. പിന്നീട് ഒരു കുഞ്ഞ് ജനിച്ചപ്പോൾ അല്ലാഹു ആ പ്രതിജ്ഞ ഓർമ്മപ്പെടുത്തുകയും പൂർണ്ണ മനസ്സോടെ അദ്ദേഹം അതിനു തയ്യാറെടുക്കുകയും ചെയ്തു. മിനാ താഴ് വരയിൽ വെച്ച് അദ്ദേഹം സ്വന്തം കുഞ്ഞിന്റെ ഗളത്തിൽ കത്തിവെച്ചു. ലോകത്ത് ഒരു പിതാവിനും താങ്ങുവാൻ കഴിയാത്ത മഹാത്യാഗത്തിന്റെ ചരിതമായിരുന്നു ആ ബലിക്കല്ലിൽ അന്ന് വിരചിതമായത്. അദ്ദേഹത്തിന്റെ മനോനിലയിൽ സംപ്രീതനായ അല്ലാഹു കുഞ്ഞിനെ അറുക്കേണ്ടെന്ന് അരുളി. അതോടെ ആ ത്യാഗത്തോടുള്ള വൈകാരിക ഐക്യദാർഢ്യമായി ഉളുഹിയ്യത്ത് എന്ന് കർമ്മം നിലവിൽ വന്നു. ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്തുവാനും വേണ്ടിയാണ് വലിയ പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും, അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മ്മം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.



ഒരു പിതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ഉളുഹിയ്യത്ത് എന്ന കര്‍മത്തിന്റെ കാതല്‍ എന്നു ചുരുക്കം. അല്ലാഹുവിന്റെ കല്പനക്കും പ്രീതിക്കും വേണ്ടി മനുഷ്യന്‍ തനിക്ക് ഏറ്റവും വിലപ്പെട്ടതിനെപോലും ത്യാഗം ചെയ്യാന്‍ തയ്യാറാണെന്നതാണ് ഉളുഹിയത്തിലൂടെ പ്രകടമാക്കുന്നത്. നമ്മുടെ പണമോ നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുന്‍പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരവുമാണ് ഉളുഹിയത്തിലൂടെ കൈവരുന്നത്. അല്ലാഹുവിനു വേണ്ടി മാത്രം ബലി അറുക്കുന്നതിലൂടെ തൌഹീദ് ഊട്ടിയുറപ്പിക്കല്‍, അല്ലാഹുവോടുളള സാമീപ്യം, ഭക്തി, വിധേയത്തം, ത്യാഗരന്നദ്ധത തുടങ്ങിയവ സമ്പാദിക്കൽ,
അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം നേടൽ, സാധുക്കളെ ഭക്ഷിപ്പിക്കല്‍, സർവ്വോപരി അല്ലാഹു കൽപ്പിച്ച
ഇബ്രാഹിം നബി(അ)യുടെ സുന്നത്തിനെ ജീവിപ്പിക്കല്‍ തുടങ്ങിയവയെല്ലാം ചേർന്ന ഒരു വിശാലമായ പ്രതിഫലമാണ് ഇതു വഴി ലഭിക്കുന്നത്. തെറ്റിദ്ധരിപ്പിക്കാനും വഴി തിരിച്ചു വിടാനും ശ്രമിക്കുന്നവർ ഉളുഹിയ്യത്തിനെ ചില നാടുകളിലെയും മതങ്ങളിലെയും ബലിയോട് ഉളുഹിയ്യത്തിനെ ഉപമിക്കുന്നതു കാണാം. അത് തെറ്റാണ്. കാരണം അത് കുരുതിയാണ്. അവിടെ അറക്കപ്പെടുന്ന ജീവിയുടെ പ്രധാനമായും രക്തമാണ് ആരാധനാ മൂർത്തിക്ക് സമർപ്പിക്കപ്പെടുന്നത്. ബലിയുടെ രക്തം ബലിക്കല്ലിൽ പുരട്ടി കുടിപ്പിക്കുന്നതും മൂർത്തി അത് കുടിച്ച് സംതൃപ്തനായി എന്ന് കരുതുന്നതുമെല്ലാം ആ ചടങ്ങിന്റെ ഭാഗമാണ്.



ഇസ്ലാമിലെ ഉളുഹിയത്തില്‍ പക്ഷെ, ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകമാണ്. അത് നിർവ്വഹിക്കുമ്പോൾ മനസ്സില്‍ ഉണ്ടാകുന്ന ഭക്തിയാണ് പ്രധാനം. അതിനാണ് മൂല്യം. അല്ലാഹു പറയുന്നു: അവയുടെ (ബലിമൃഗങ്ങളുടെ) മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയല്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് താങ്കൾ സന്തോഷവാര്‍ത്ത അറിയിക്കുക. (ഖു൪ആന്‍: 22:37) അതായത്; ബലികർമ്മത്തിന്റെ ലക്ഷ്യം കേവലം അറുക്കുക എന്നത് മാത്രമല്ല. ആ മൃഗത്തിന്റെ മാംസത്തിൽ നിന്നോ, രക്തത്തിൽ നിന്നോ ഒന്നും തന്നെ അല്ലാഹുവിലേക്ക് എത്തുകയുമില്ല. അവൻ എല്ലാ ധന്യതയുമുള്ളവനും, സർവ്വ സ്തുതിക്കും അർഹത യുള്ളവനുമാണ്. മറിച്ച്, ആ കാര്യത്തിലുണ്ടാവുന്ന ഇഖ്‌ലാസും, പ്രതിഫലേച്ഛയും, നല്ല നിയ്യത്തും മാത്രമേ അവനിലേക്ക് എത്തുകയുള്ളൂ. അത് കൊണ്ടാണ് അല്ലാഹു തൊട്ടുടനെ ഇപ്രകാരം പറഞ്ഞത്: എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവന് എത്തുന്നത് എന്ന്.



മനോനിലയാണ് അല്ലാഹു പരിഗണിക്കുന്നത് എന്ന് വരുമ്പോൾ രണ്ട് കാര്യങ്ങൾ കർമ്മശാസ്ത്രപരമായി പരിഗണിക്കുവാൻ വിശ്വാസി ബാധ്യസ്ഥനാകുന്നു. അത് രണ്ടുമാണ് അല്ലാഹു സ്വീകരിക്കുവാൻ ആവശ്യമായ മനോ നിലയെ രൂപപ്പെടുത്തുന്നത്. ഒന്നാമത്തേത് നിയ്യത്ത് എന്ന ഉദ്ദേശ്യം തന്നെ. ബലിമൃഗത്തെ തെരഞ്ഞെടുക്കുമ്പോഴോ അറുക്കുമ്പോഴോ ഇത് തന്റെ സുന്നത്തായ ഉള്ഹിയ്യത്താണ് എന്നു കരുതണമെന്നാണ് നിയമം. നിയ്യത്തില്ലാതെ കർമ്മം ഉണ്ടാവില്ല. അറവല്ല, അറവിന്റെ മനസ്സാണ് അറവിനെ കർമ്മമാക്കുന്നത് എന്ന് ചുരുക്കം. അതുകൊണ്ടാണ് ഒരാൾ അറിയാതെ അയാൾക്കു വേണ്ടി മറ്റൊരാൾക്ക് ഉദുഹിയ്യത്ത് അറുക്കാൻ കഴിയില്ല എന്ന് പറയുന്നത്. രണ്ടാമത്തെ കാര്യം താൻ സമർപ്പണം ചെയ്യുന്നത് വിലപ്പെട്ടതു തന്നെയാണ് എന്ന മനോനില ഉണ്ടാകുവാൻ മാത്രം ബലിമൃഗം ആരോഗ്യം, അഴക്, രൂപം, വിലമതിപ്പ് എന്നിവയെല്ലാം ഉള്ളതായിരിക്കണം. രണ്ട് വയസ്സ് തികഞ്ഞ് മൂന്നിലേക്ക് പാദമൂന്നുന്ന മാടുകളെയാണ് ബലിക്കായി തെരഞ്ഞെടുക്കേണ്ടത്. ഈ പ്രായത്തിന്റെ സവിശേഷത അത് ശൈശവം കടന്നതും എന്നാൽ ക്ഷീണ വാർദ്ധക്യത്തിന്റെ ഒരു നിലക്കുള്ള അസ്കിതകളും ഇല്ലാത്തതുമായ ഒത്തതും ആകർഷകവുമായിരിക്കും എന്നതാണ്. അതോടെപ്പം രോഗം, ഗർഭം, വ്യക്തമായ വൈകല്യം തുടങ്ങിയവയൊന്നുമില്ലാത്തതാണ് എന്ന് ഉറപ്പ് വരുത്തണം. ചെവി മുറിഞ്ഞത്, വാല് മുറിഞ്ഞത് തുടങ്ങിയവയൊക്കെ ന്യൂനതകളാണ്. കേവലം ഇറച്ചിക്കു വേണ്ടിയുള്ളതല്ല ഈ അറവ് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എന്നാൽ ചെവിയിൽ ദ്വാരമോ അഗ്രത്തിൽ കീറലോ ഉണ്ടെങ്കിൽ അതു വിഷയമാക്കേണ്ടതില്ല. നമ്മുടെ നാട്ടിൽ ആടിനെ അറക്കുന്ന പതിവുമുണ്ട്. നമ്മുടെ ആടുകൾ പൊതുവെ കോലാട് എന്ന ഇനത്തിലാണ് പെടുന്നത്. അതിനാൽ അതിനും രണ്ടു വയസ്സ് പൂർത്തിയായിരിക്കണമെന്നാണ്.



ഈ ആരാധാനാത്മക മനോനിലയിലേക്ക് നയിക്കുന്ന ഘടകമാണ് നിശ്ചിത സമയത്ത് തന്നെ അറക്കുക എന്നത്. പെരുന്നാൾ നിസ്കാരം കഴിഞ്ഞതു മുതൽ ദുൽ ഹജ്ജ് 13 ന് സന്ധ്യ വരെ ഇതിന് സമയമുണ്ട്. അതിനു മുമ്പോ ശേഷമോ ആയാൽ പിന്നെ അത് ഒരു സമർപ്പണമാവില്ല. ഒരാൾ ഒന്ന് എന്ന അർഥത്തിൽ ചെയ്യുമ്പോഴാണ് അത് പൂർണ്ണാർഥത്തിലെത്തുന്നത്. എന്നാൽ വലിയ മാടുകളെ ഓരോരുത്തർക്കും സ്വന്തമായി വാങ്ങാനും വഹിക്കാനും കഴിഞ്ഞെന്നു വരില്ല. സമ്പന്നൻമാരെ പോലെ ദരിദ്രരായവരെയും ഇസ്ലാം ഇത്തരം കാര്യങ്ങളിൽ പരമാവധി പരിഗണിക്കുന്നുണ്ട്. അതിനാൽ മാടുകളിൽ പരമാവധി ഏഴാൾക്കു വരെ പങ്കാളികളാകാം. ആട് ഏറ്റവും ചുരുങ്ങിയ സ്വതന്ത്ര ഏകകമാണ്. അതിൽ പങ്കാളിത്തമില്ല. കേവലം ഒരു മൃഗത്തെ അറുത്തിടുകയല്ല ഉള്ഹിയ്യത്ത്. അത് ചെയ്യുവാൻ ഉദ്ദേശിക്കുന്നവൻ ആ മാസം തുടക്കം മുതൽ ആ ചിന്തയിൽ കഴിഞ്ഞു കൂടണം. അവന്റെ ശരീരത്തിലെ താടിരോമങ്ങൾ, നഖം തുടങ്ങിയവകൾ ഒന്നും നീക്കം ചെയ്യരുത് എന്ന് പറയുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്. അവന്റെ ഇക്കാലത്തുണ്ടാകുന്ന ശരീര ഭാഗങ്ങൾക്കെല്ലാം ഈ പ്രതിഫലം ലഭിക്കണം. ഇത് ഒരു ഐച്ഛിക നിർദ്ദേശം മാത്രമാണ്. നിർബന്ധമായി വരുന്നതോ നിർബന്ധിതമായ തോ ആയ സാഹചര്യങ്ങളിൽ അതാകാവുന്നതുമാണ്. ഉദാഹരണമായി പല്ല് എടുക്കേണ്ടി വന്നാൽ അതെടുത്ത് കളയാം.



ഒരു ആരാധന എന്ന നിലക്ക് ഉദ്ഹിയ്യത്തിന്റെ പരമമായ ലക്ഷ്യം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടുക എന്നതാണ്. അതിനാൽ ഉദ്ഹിയ്യത്തിന്റെ മുഴുവൻ മാംസവും മുസ്ലിംകൾക്ക് സംഭാവനയായി വിതരണം ചെയ്യുകയാണ് വേണ്ടത്. അതിന്റെ തോല്, എല്ല് തുടങ്ങിയവയെല്ലാം ദാനമായി നൽകണം. കൂലിയായി പോലും അത് നൽകിക്കൂടാ. ദാനമായി തോലും എല്ലും കിട്ടുന്നവന് അത് വിൽക്കുന്നതാണ്. വിശാലമായ ഇസ്ലാമിക കുടുംബത്തിലെ ഒരംഗം എന്ന നിലക്ക് തനിക്കും തന്റെ ആശ്രിതർക്കും മാംസത്തിൽ നിന്ന് അൽപം എടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നല്ല, സുന്നത്തായ ഉള്ഹിയ്യത്തില്‍നിന്ന് അല്‍പം ബറകത്തിനുവേണ്ടി എടുക്കല്‍ സുന്നത്താണ്. അത് കരളില്‍ നിന്നാവലാണ് നല്ലത്. പാരിതോഷികമായി മുസ്‌ലിം ധനികര്‍ക്കു നല്‍കുന്നതില്‍ വിരോധമില്ല. സുന്നത്തായ ഉള്ഹിയ്യത്തിൽ നിന്ന് എന്ന് പറഞ്ഞത് നിർബന്ധമായതും ഉണ്ടാകുന്നതു കൊണ്ടാണ്. നേർച്ചയാക്കുമ്പോഴാണ് അത് നിർബന്ധമായിത്തീരുന്നത്. അങ്ങനെയാണെങ്കിൽ ആ ബലിയുടെ മാംസം മുഴുവനും ഫഖീർ, മിസ്കീൻ എന്നീ ഇനങ്ങളിൽ പെട്ടവർക്ക് മാത്രമുള്ളതാണ്. ബലി ദാതാവോ ആശ്രിതരോ ഒന്നും ഒട്ടും എടുക്കാൻ പാടില്ല.



പൊതുവെ അവകാശങ്ങളോടുള്ള ഒരു കപട പ്രതിപത്തി ഇന്നത്തെ കാലത്ത് കൂടുതലാണ്. ഒരിടത്തും ആക്രമവും അനീതിയും ഉണ്ടായിക്കൂടാ എന്ന നിലപാടിൽ എല്ലാവർക്കും ശാഠ്യമുണ്ട്. പക്ഷെ, മൃഗങ്ങളെ അറുക്കുവാൻ കത്തി എടുക്കുമ്പോൾ പലരും മാന്യതയും നിയമവുമെല്ലാം മറന്നു പോകുന്നു. ഇവിടെയും ഇസ്ലാമിന്റെ നിലപാട് ഏറെ ശ്രദ്ധേയമാണ്. മരണത്തിന് കീഴ്പെടുമ്പോഴും പരമാവധി ആശ്വാസവും ആയാസവും പരിഗണനയും മൃഗത്തോട് മനുഷ്യൻ കാണിക്കണമെന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. ഇത് ഉളുഹിയ്യത്തുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ലെങ്കിലും ഇപ്പോൾ അതു കൂടി പറയുന്നത് നന്നായിരിക്കും. ഉളുഹിയ്യത്തിന്റെ ആരാധനാത്മകതയിലെങ്കിലും ജനങ്ങൾ അത് ശ്രദ്ധിച്ചാലോ. അറുക്കുന്ന മൃഗത്തോടുള്ള മര്യാദകളിൽ പ്രധാനപ്പെട്ടവ ചുവടെ കുറിക്കുന്നവയാണ്. അറുക്കുന്നതിനു മുമ്പ് മൃഗത്തിന് വെള്ളം നല്കുക, അതിനെ തല്ലാതിരിക്കുക, കഴിയുന്നതും അതിനെ വിരട്ടാതിരിക്കുക, അറുക്കുന്ന കത്തി നല്ല മൂർച്ചയുള്ളതായിരിക്കുക, കത്തി മൃഗത്തിന്റെ മുന്നിൽ പ്രദർശിപ്പിക്കാതിരിക്കുക, ഒരു മൃഗത്തെ മറ്റൊരു മൃഗത്തിന്റെ മുന്നിൽ വെച്ച് അറുക്കാതിരിക്കുക, അറുക്കേണ്ട മൃഗത്തെ തള്ളിയിട്ടു കഴിഞ്ഞാൽ വേഗത്തിൽ തന്നെ അതിന്റെ മൂന്ന് കാലുകൾ ചേർത്ത് വരിഞ്ഞ് കെട്ടുകയും ഒരു കാല് ഒഴിച്ചിടുകയും ചെയ്യുക എന്നിവയെല്ലാം അവയിൽ പ്രധാനപ്പെട്ടവയാണ്. ഇതെല്ലാം പരമാവധി ശ്രദ്ധിക്കുകയും ഗൗനിക്കുകയും വേണം.



ആരാധനാത്മകത ഉറപ്പു വരുത്തുവാൻ ഉള്ഹിയ്യത്തിൽ അറുക്കേണ്ട മൃഗത്തിന്റെ കഴുത്ത് ഖിബിലക്ക് തിരിക്കണം. അറവുകാരനും ഖിബ് ലക്ക് മുന്നിട്ടായിരിക്കണം അറുക്കേ ണ്ടത്. ഇത്രയും ചെയ്ത് കഴിഞ്ഞാൽ ഒട്ടും താമസിയാതെ ബിസ്മില്ലാഹി അള്ളാഹു അക്ബർ എന്ന് പറഞ്ഞു വേഗത്തിൽ അറുക്കണം. താമസിക്കുന്നത് മൃഗം കൂടുതൽ വേദനിക്കുന്നതിനു കാരണമാകും. മൃഗത്തിന്റെ അന്നനാളവും ശ്വാസനാളവും നിർബന്ധമായും മുറിച്ചിരിക്കണം എന്നത് നിർബന്ധമാണ്. അതിന്റെ കഴുത്തിന്റെ രണ്ടു വശത്തുള്ള പ്രധാന രക്ത ധമനി കൂടി മുറിക്കല് വളരെ സുന്നത്തായ കാര്യവുമാണ്. അത് സത്യത്തിൽ ആ മൃഗത്തോട് ചെയ്യാവുന്ന വലിയ ഒരു കാരുണ്യവുമാണ്. കാരണം അതിന്റെ പ്രാണൻ വേഗത്തിൽ വേർപ്പെടാൻ അത് സഹായകമാകും. അറവു പൂർത്തിയാക്കി കഴിഞ്ഞാൽ ഒട്ടും താമസിയാതെ ഉടൻ തന്നെ അതിന്റെ കാലിലെ കെട്ടുകൾ വേർപ്പെടുത്തുകയും ചെയ്യണം. മരണ സമയത്ത് കൈകാലുകൾ കൂട്ടിയടിച്ച് മരിക്കുക എന്നത് അതിന്റെ അവകാശവും ആശ്വാസവുമാണ്. അറുത്ത മൃഗത്തിന്റെ പ്രാണന്‍ വേര്‍ പെട്ടിട്ടല്ലാതെ ഒരിക്കലും അതിന്റെ തോല് പൊളിക്കുകയുമരുത്.



ഖുര്‍ആനും സുന്നത്തും പ്രേരിപ്പിക്കുന്ന ഒന്നാണ് ഉളുഹിയ്യത്ത്. ഖുര്‍ആന്‍ പറയുന്നു: നബിയേ താങ്കളുടെ നാഥനുവേണ്ടി നിസ്‌കരിക്കുകയും അറവ് നടത്തുകയും ചെയ്യുക. (അൽ കൗസര്‍) ഈ സൂക്തത്തിലെ അറവ് ഉള്ഹിയ്യത്താണെന്ന് നിരവധി മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) പറയുന്നു: ബലിപെരുന്നാളില്‍ അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ടുള്ള ബലിയേക്കാള്‍ അവന് ഇഷ്ടമുള്ള മറ്റൊരു കാര്യവുമില്ല തന്നെ. ഇമാം ശാഫിഈ(റ) പറയുന്നു: ഉള്ഹിയ്യത്തറുക്കാന്‍ കഴിവുള്ളവന് ഒരു വിട്ട്‌വീഴ്ചയും ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. നൂറ് ഒട്ടകത്തെ നബി(സ്വ) ബലി ദാനം ചെയ്തിട്ടുണ്ട്. അതില്‍ അറുപത്തിമൂന്നെണ്ണം നബി (സ്വ) സ്വന്തം കൈകൊണ്ട് തന്നെയാണ് അറുത്തത്. ബാക്കി മുപ്പത്തി ഏഴ് ഒട്ടകങ്ങളെ അറുക്കാന്‍ അലി(റ)യെ ഏല്‍പിക്കുകയും ചെയ്തു. ബലിപെരുന്നാള്‍ ദിനത്തില്‍ തന്റെയും ആശ്രിതരുടേയും ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കടം എന്നിവക്കാവശ്യമായ ധനം നീക്കിവെച്ച് മിച്ചം വരുന്ന ബുദ്ധിയുള്ളവനും സ്വതന്ത്രനുമായ എല്ലാ മുസ്‌ലിമിന്നും ഉള്ഹിയ്യത്ത് കര്‍മം നിര്‍വഹിക്കല്‍ ശക്തമായ സുന്നത്താണ്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso