Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ ഹശ്‌ർ - 2

10-07-2022

Web Design

15 Comments





ആത്മനിയന്ത്രണത്തിന്റെ അതിരുകൾ



3 നാടുകടത്താന്‍ തീരുമാനിച്ചിട്ടില്ലായിരുന്നുവെങ്കില്‍ തന്നെ അവർക്ക് ഇഹലോകത്ത് അല്ലാഹു വേറെ ശിക്ഷ നൽകുമായിരുന്നു; പരലോകത്താകട്ടെ നരകശിക്ഷയുമുണ്ട്.



കഴിഞ്ഞ ആയത്തിൽ പറഞ്ഞ ബനൂ നളീർ വംശത്തിനെ നാടുകടത്തിയ സംഭവത്തെ കുറിച്ച് ഇതവർക്കുള്ള ഒരു ശിക്ഷയാണ് എന്നാണ് അല്ലാഹു ഈ ആയത്തിൽ പറയുന്നത്. ശിക്ഷ എന്നു പറയുമ്പോൾ അതിനെ ഒരു സംഭവത്തിലേക്ക് ചുരുക്കിക്കെട്ടുന്നത് ശരിയല്ല. പ്രത്യേകിച്ചും അല്ലാഹുവിന്റെ ശിക്ഷയെ. അല്ലാഹുവിന്റെ ശിക്ഷകൾ ഒരേ സമയം ജീവിതത്തിന്റെ പല ഖണ്ഡങ്ങളെയും ബാധിക്കുന്നതായിരിക്കും. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് അത് ഏറ്റുകൊണ്ടേയിരിക്കും. ഇതു ഗ്രഹിക്കുവാൻ നാം ശിക്ഷയുടെ പശ്ചാതലത്തെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. അല്ലാഹുവിന്റെ കോപമാണ് ശിക്ഷയുടെ പശ്ചാതലം. അല്ലാഹു കോപിക്കുന്നത് തന്റെ ദാസൻ യാതൊരു ന്യായീകരണവുമില്ലാതെ അവനെ ധിക്കരിക്കുമ്പോഴാണ്. ഒരുപക്ഷെ, അടിമ ധിക്കാരവും പാപവും ആവർത്തിച്ചു ചെയ്യുകയായിരിക്കും. ആവർത്തിച്ച് ഇങ്ങനെ ചെയ്യുമ്പോൾ അടിമ അല്ലാഹുവിനെയും അവന്റെ നിയമത്തെയും തികച്ചും അവഗണിക്കുകയാണല്ലോ. ഇത് അല്ലാഹുവിന്റെ കോപത്തെ വിളിച്ചു വരുത്തും. ചിലപ്പോൾ യാതൊരു ന്യായീകരണത്തിനും ഇടയില്ലാത്ത വിധം വളരെ വ്യക്തവും അനിഷേധ്യവുമായ കാര്യങ്ങൾ അടിമ ലംഘിക്കുക കാരണത്താലായിരിക്കും അല്ലാഹു കോപിക്കുന്നത്. ആവർത്തിച്ച് ധികാരവും പാപവും ചെയ്യണം അല്ലാഹു കോപിക്കാൻ എന്നില്ല എന്നർഥം. അതേസമയം അല്ലാഹു ഏറെ കാര്യണ്യം കാണിക്കുന്നവനാണ്. അതിനാൽ തന്നെ അല്ലാഹു തന്റെ അടിമയോട് അത്രക്കും ഗുരുതരമായ ധികാരവും അവഗണനയും ഉണ്ടാകുമ്പോൾ മാത്രമേ കോപിക്കുകയും അതിന്റെ പേരിൽ അവനെ ശിക്ഷിക്കുകയും ചെയ്യൂ എന്നത് ഒരു വസ്തുത. ഏതായാലും അല്ലാഹുവിന്റെ കോപം ഭവിക്കുന്നതോടെ അവന്റെ ശിക്ഷ പല രൂപത്തിലായും പല മേഖലയിലായും വന്നു തുടങ്ങും.



അതാണ് ഈ ആയത്തിൽ പറയുന്നത്. ബനൂ നളീർ വംശക്കാരായ ജൂതൻമാർ നിരന്തരമായി അല്ലാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു. അവരുടെ പ്രധാന കുറ്റം ഇസ്ലാമിനെതിരെയുള്ള ഗൂഢാലോചനയായിരുന്നുവല്ലോ. ഗൂഢാലോചനയുടെ സ്വഭാവം അതാണല്ലോ. ഇതിലൂടെ അല്ലാഹുവിന്റെ കോപത്തിന് വിധേയരായ അവർക്ക് അല്ലാഹു നൽകിയ ശിക്ഷയാണ് നാടുകടത്തപ്പെട്ടു എന്നത്. ഇതിന്റെ അർഥം ഇതു മാത്രമാണ് അവർക്കുള്ള ശിക്ഷ എന്നല്ല. ഈ ശിക്ഷ ഇല്ലായിരുന്നു എങ്കിൽ മറ്റൊരു ശിക്ഷ അവർക്കു ലഭിക്കുമായിരുന്നു എന്നാണ് ഈ ആയത്തിൽ അല്ലാഹു വ്യക്തമാക്കുന്നത്.



4 അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തി യതുകൊണ്ടാണത്. അല്ലാഹുവിനോട് ആരെങ്കിലും മാത്സര്യപ്രകടനം നടത്തിയാല്‍, നിശ്ചയം, കഠിനമായി ശിക്ഷിക്കുന്നവനത്രേ അവന്‍.



മേൽ പറഞ്ഞ ശിക്ഷയുടെ ന്യായമാണ് ഈ സൂക്തം. അല്ലാഹുവിനോട് മാത്സര്യപ്രകടനം നടത്തുക എന്നാൽ അല്ലാഹുവിനെ വെല്ലുവിളിക്കുക എന്നാണ്. അല്ലാഹുവിനെ ഒരാൾ ധിക്കരിക്കുകയോ അല്ലാഹുവിന്റെ നിയമത്തെ ലംഘിക്കുകയോ ചെയ്യുമ്പോൾ സത്യത്തിൽ അല്ലാഹുവിനെ അയാൾ വെല്ലുവിളിക്കുകയാണല്ലോ.



5‍ നിങ്ങൾ അവരുടെ ഈന്തപ്പന മുറിച്ചുകളയുകയോ അപ്പടി മുരടില്‍ തന്നെ നിൽക്കാൻ വിടുകയോ എന്തുചെയ്തിട്ടുണ്ടെങ്കിലും അത് അല്ലാഹുവിന്റെ അനുമതിയോടെയും തെമ്മാടികളെ നിന്ദിക്കാന്‍ വേണ്ടിയും ആകുന്നു. 



ബനുന്നളീറിന്റെ താമസസ്ഥലത്തിന്നടുത്തായി അവരുടെ ഈന്തപ്പനത്തോട്ടങ്ങളുണ്ടായിരുന്നു. അവരുടെ കോട്ട ഉപരോധിച്ചപ്പോൾ കോട്ടക്ക് സമീപത്തുള്ള ചില ഈന്തപ്പനകളില്‍ ചിലത് മുറിക്കാനും ചിലത് തീവെക്കാനും നബി(സ്വ) കൽപ്പിക്കുകയുണ്ടായി. ആ സംഭവത്തെ കുറിച്ചാണ് ഈ ആയത്തിൽ പറയുന്നത്. കൊടുംചതിയരായ ഒരു സംഘത്തോടുള്ള ഉരസലാണല്ലോ നടക്കുന്നത്. അവരെ പേടിപ്പെടുത്തലും നിസ്സാരമാക്കലുമായിരുന്നു ഇതിന്റെ ലക്ഷ്യം. പക്ഷേ, ജൂതര്‍ അതും പ്രചാരണായുധമാക്കി: നബിയാണെന്നവകാശപ്പെടുന്നയാള്‍ ഇതൊക്കെ ചെയ്യുമോ? എന്നായിരുന്നു അവരുടെ ആക്ഷേപം. ഇത്തരം സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള പ്രചരണങ്ങൾ ശരിയാണല്ലോ എന്ന് പലർക്കും തോന്നിപ്പോകും. ചില മുസ്ലിംകൾക്കു തന്നെ അങ്ങനെ തോന്നിയതായി ചരിത്രത്തിൽ കാണാം. ജൂതൻമാർ ഈ പറയുന്നത് ശരിയാണല്ലോ, ഈ ഇത്തപ്പനകൾ നശിപ്പിക്കപ്പെട്ടില്ല എങ്കിൽ അവ നമുക്ക് ഗനീമത്തായി (യുദ്ധാർജ്ജിത മുതലായി) ലഭിക്കുമായിരുന്നുവല്ലോ എന്നായിരുന്നു അവർ ഒരു നിമിഷം ചിന്തിച്ചത്. അത്തരം പ്രചരണത്തിന് മറുപടിയാണിത്. അതൊക്കെ അല്ലാഹുവിന്റെ അനുമതിയോടെയായിരുന്നു എന്നു വ്യക്തമാക്കിയിരിക്കുകയാണ്.



ഇത്തരം തെറ്റിദ്ധാരണകൾ ഇന്നും വ്യാപകമാണ്. തത്വങ്ങൾ പരിഗണിക്കാതെ സംഭവങ്ങളുടെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പരിഹാസ ഭാവേന അവതരിപ്പിക്കുകയും അതിൽ ആത്മരതി കൊള്ളുകയും ചെയ്യുകയാണ് പുതിയ ശത്രുക്കൾ ചെയ്യുന്നത്. അതിനാൽ ഇസ്ലാമിന്റെ യുദ്ധനയം ഒന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാം യുദ്ധത്തെ ആഗ്രഹിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ള അനിവാര്യമായ പ്രതിരോധം എന്ന നിബന്ധനയില്‍ മാത്രമാണ് ഇസ്ലാം യുദ്ധം അനുവദിക്കുന്നത്. മക്ക നിവാസികളായ നബി(സ്വ)ക്കും അനുചരന്മാര്‍ക്കും ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നത്. സത്യവിശ്വാസം സ്വീകരിച്ചതിന്‍റെ പേരില്‍ മാത്രം ചുടു മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചില്‍ ഭാരമുള്ള പാറക്കല്ല് വെച്ച് അതിന് മുകളില്‍ നൃത്തമാടിയ കൊടിയ മര്‍ദനം ബിലാല്‍ (റ)വിന് അനുഭവിക്കേണ്ടി വന്നു. വിശ്വാസിയായതിന്‍റെ പേരില്‍ സുമയ്യ(റ) എന്ന മഹതിയെ കുന്തം പഴുപ്പിച്ചു ജനനേന്ദ്രിയത്തില്‍ കുത്തിക്കയറ്റി കൊന്നു. പ്രവാചകന്‍ പ്രാര്‍ഥിക്കുമ്പോള്‍ തോളില്‍ ചീഞ്ഞളിഞ്ഞു പുഴുവരിക്കുന്ന ഒട്ടകത്തിന്‍റെകുടല്‍ മാല ചാര്‍ത്തി. നിരവധി തവണ അവർക്കു നേരെ വധ ശ്രമമുണ്ടായി. അനുയായികളില്‍ പലരെയും പിടി കൂടി കൊന്നു കളഞ്ഞു. ഭക്ഷണവും വെള്ളവും നിഷേധിച്ച് ഉപരോധം ഏര്‍പ്പെടുത്തി. പച്ചില മാത്രം ഭക്ഷിച്ച് ഒരു വര്‍ഷത്തോളം എല്ലാം സഹിച്ച് വിശപ്പടക്കി ജീവിക്കേണ്ടി വന്നു. പ്രവാചകന്‍ നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി. തലയില്‍ മാലിന്യം ചൊരിഞ്ഞു. അപായപ്പെടുത്താന്‍ പലവിധ കെണികള്‍ ഒരുക്കി. മര്‍ദനം സഹിക്കാതെ എത്യോപ്യയിലേക്ക് നാട് വിട്ടു പോയ അനുയായികള്‍ക്ക് അഭയം നല്‍കരുത് എന്ന് ആവശ്യപ്പെട്ടു കൊണ്ട് അവിടെയും ശത്രുക്കള്‍ എത്തി. പ്രവാചകനെ വധിക്കാന്‍ വീട് വളഞ്ഞു. ഒരു ഗത്യന്തരവും ഇല്ലാതെ ഇരിക്കുമ്പോഴാണ് മദീനയിലേക്ക് ക്ഷണം കിട്ടുന്നത്.



അങ്ങനെയാണ് പ്രാണരക്ഷക്കായി രാത്രിയുടെ മറവില്‍ നബി(സ്വ) അനുയായികളുമായി മദീനയിലേക്ക് പലായനം ചെയ്യുന്നത്. അപ്പോഴും പിടി കൂടി വധിക്കുവാന്‍ പുറകെ ആളെ വിട്ടു, പലരും പാലായന മദ്ധ്യേ കൊല്ലപ്പെട്ടു. അഭയം നല്‍കിയ മദീനയിലും സ്വൈര്യം കൊടുക്കാതെ കുഴപ്പങ്ങള്‍ ഉണ്ടാക്കി. മദീനയെ ആക്രമിക്കാന്‍ പടയൊരുക്കം നടത്തി. ആയുധവും കാവൽക്കാരുമില്ലാതെ പുറത്തിറങ്ങുവാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അവർ. ആ നിര്‍ണ്ണായകമായ ഘട്ടത്തില്‍ മാത്രമാണ് സ്വയം പ്രതിരോധത്തിനായി മുസ്ലിംകള്‍ക്ക് യുദ്ധം അനുവദിക്കപ്പെട്ടത്. അതു തന്നെ കടുത്ത നിയന്ത്രണത്തോടെയാണ് നൽകപ്പെട്ടത്. യുദ്ധം എന്നത് ഒരു വൈരവികാരമാണ്. അത് പൊട്ടിപ്പുറപ്പെട്ടാൽ ആർക്കും ആത്മനിയന്ത്രണമുണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ, ഇസ്ലാമിനു വേണ്ടിയുള്ള യുദ്ധത്തിൽ ആത്മ നിയന്ത്രണം അനിവാര്യമാണ് എന്ന് അല്ലാഹു അവരെ തര്യപ്പെടുത്തി. അല്ലാഹു പറയുന്നു: നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ ‎നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ‎ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (2:190). മുസ്ലിംകളെ മുഴുവന്‍ ഉന്മൂലനം ചെയ്യാന്‍ വന്നവരായ അതിക്രമികളോട് തിരിച്ചു യുദ്ധം ചെയ്യാനാണ് ഇവിടെ അനുമതി നല്‍കിയെന്നത് ശരിയാണ്. പക്ഷെ, അപ്പോൾ പോലും പരിധി ലംഘിക്കരുത് എന്ന കർശന നിര്‍ദേശവും ഖുർആന്‍ നല്‍കുന്നു.



ആ ആത്മനിയന്ത്രണങ്ങൾ ഓരോ സൈനിക ദൗത്യങ്ങൾ നടക്കുമ്പോഴും നബി(സ്വ) നൽകുമായിരുന്നു. സ്ത്രീകളെയോ കുട്ടികളെയോ വൃദ്ധരെയോ ആക്രമിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത്, താമസ സ്ഥലങ്ങള്‍ നശിപ്പിക്കരുത്, യുദ്ധത്തില്‍ മുതലുകള്‍ കൊള്ളയടിക്കരുത് എന്നിങ്ങനെ ശക്തമായ നിര്‍ദേശങ്ങള്‍ നബി(സ്വ) നൽകുന്നതായി മുസ്ലിം, ബുഖാരി, അബൂ ദാവൂദ്‌ മുതലായവർ നിവേദനം ചെയ്യുന്ന ഹദീസുകളിൽ കാണാം. പ്രകൃതിക്ക് പോലും കോട്ടം തട്ടാത്ത തരത്തിലുള്ള പ്രതിരോധമാണ് ഇസ്ലാം അനുവദിക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും നിരപരാധികളായ പുരുഷന്മാരെയും മര്‍ദിച്ചു ഒതുക്കുന്നവരെ അതിക്രമികൾ എന്ന് വിളിക്കുകയും അത്തരം ആളുകളോട് യുദ്ധം ചെയ്യാൻ ഇസ്ലാം അനുവദിക്കുകയും ചെയ്യുന്നു.( ഉദാ. വി. ഖു 4: 75). ഇത്തരത്തിൽ താത്വികമായ പഠനം നടത്താത്ത അൽപ്പൻമാരാണ് ഇസ്ലാമിനു നേരെ അപവാദങ്ങൾ നടത്തുന്നത്.



ഇത്തരം ആത്മനിയന്ത്രണം കൽപ്പിക്കപ്പെട്ടിരിക്കുന്നത് യുദ്ധത്തിന് പുറത്താണ് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പരമാവധി യുദ്ധം ഒഴിവാക്കുവാൻ ശ്രമിച്ചിട്ടും മേൽപറഞ്ഞ ആത്മ നിയന്ത്രണങ്ങൾ പുലർത്തിയിട്ടും യുദ്ധമുണ്ടായാൽ പിന്നെ യുദ്ധക്കളത്തിൽ യുദ്ധം തന്നെയാണ് നടക്കുന്നതും നടക്കേണ്ടതും. അവിടെ ക്ഷമ, സഹനം, സൂക്ഷ്മത, കാരുണ്യം തുടങ്ങിയവക്കൊന്നും ഒരു അർഥവുമില്ല. കാരണം നേരെ എതിരിൽ ഒരു പ്രകോപിതനും പിടിവാശിക്കാരുമായ ഒരു ശത്രുവുണ്. അത്തരം അച്ചടക്കവും മാന്യതയുമൊക്കെ അവന് സഹായകമായി മാറുകയേയുള്ളൂ. അതിനാൽ യുദ്ധം തുടങ്ങിയാൽ പിന്നെ ചെയ്യുന്നതൊക്കെ യുദ്ധം മാത്രമായിരിക്കും. ബനൂ നളീറിന്റെ കാര്യത്തിൽ അവരോടുള്ള യുദ്ധം ആരംഭിക്കുന്നത് ഉപരോധത്തോടെയാണ്. കാരണം, കോട്ടകളിൽ അഭയം തേടിയ ശത്രുക്കളെ പുറത്തു ചാടിക്കുവാനുള്ള സൂത്രവും യുദ്ധതന്ത്രവുമായിരുന്നു ഉപരോധം. അതിനാൽ ആ സമയത്ത് അവിടെയുള്ള ഈന്തപ്പനകൾ മുറിച്ചത് യുദ്ധത്തിലെ ഒരു നീക്കമാണ്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇത്തരം ഒരു നീക്കം നടത്തുവാൻ അല്ലാഹുവിന്റെ അനുമതി മാത്രമേ വേണ്ടതുളളൂ. ആ അനുമതിയുടെ അടിസ്ഥാനത്തിലാണ് അവരത് ചെയ്തത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso