ഹിജാസ് റൈൽവേ
10-07-2022
Web Design
15 Comments
ഒട്ടോമൻ എംബയറിൻ്റെ പ്രതാപകാലം അവസാനിച്ചു തുടങ്ങിയ ഘട്ടത്തിലാണ് മുപ്പത്തിനാലാമത് ഉസ്മാനീ ഖലീഫയായി സുൽത്വാൻ അബ്ദുൽ ഹമീദ് രണ്ടാമൻ(1842-1918) സ്ഥാനമേൽക്കുന്നത്. ഉസ്മാനീ സാമ്രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സമയം. രാജ്യത്തിൻ്റെ പൊതു കടം കുന്നുകയറി നിൽക്കുന്നു. അതിനിടയിലാണ് 1877 ലെ റഷ്യൻ- തുർക്കി യുദ്ധം വരുന്നത്. അതിൽ തിരിച്ചടിയേറ്റതോടെ സ്ഥിതി കൂടുതൽ വഷളായി.
പക്ഷേ, ധീരനായ അബ്ദുൽ ഹമീദ് തളർന്നില്ല. ലോകത്തിൻ്റെ പൊതു പുരോഗതിയോടൊപ്പം മുസ്‌ലിംലോകത്തെ നയിക്കാൻ തന്നെ തയാറായി. ഗതാഗതരംഗത്ത് വിപ്ലവം സൃഷ്ടിച്ചു റെയിവേയും തീവണ്ടിയും വന്നപ്പോൾ തൻ്റെ നാട്ടിലും അതു വേണമെന്നായി ഖലീഫക്ക്. അതും തുർക്കിയിലെ ഇസ്താംപൂളിൽ നിന്ന് ഡമാസ്കസ് വഴി മദീനയിലേക്ക്.
ഖലീഫയുടെ കൊട്ടാരത്തിൽ നിന്ന് റസൂലിൻ്റെ റൗള്വയിലേക്ക് വേഗത്തിൽ എത്തണം. മദീനയിലെ വിവരങ്ങൾ പെട്ടന്ന് ഇസ്താംബൂളിൽ കിട്ടണം. അതു വിജയിച്ചാൽ മദീനയിൽ നിന്ന് മക്കയിലേക്കും റെയിൽ കെട്ടണം. അങ്ങനെ തീർത്ഥാടകരുടെ വഴി എളുപ്പമാക്കണം. മുസ്‌ലിം ലോകത്തിൻ്റെ വിവിധ പ്രദേശങ്ങളെ ഒരു ചങ്ങലയിൽ ചേർത്തു വയ്ക്കണം. ഇതാണ് പ്ലാൻ. പക്ഷേ, കയ്യിൽ കാശില്ല. എന്നിട്ടും ഖലീഫ പദ്ധതി പ്രഖ്യാപിച്ചു. അങ്ങനെ ഖലീഫ പദവിയിൽ അബ്ദുൽ ഹമീദ് കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന വാർഷിക ദിനത്തിൽ, 1900 സപ്തംബർ 1ന് ഡമാസ്കസ്- മദീന പാത നിർമാണം തുടങ്ങി.
നാലു മില്യൻ ഓട്ടോമൻ ലിറ(570 കിലോ സ്വർണം)യാണ് മൊത്തം ചെലവ് കണക്കാക്കപ്പെട്ടിരുന്നത്. മൊത്തം ബജറ്റിൻ്റ 20% വരുന്ന, ഇത്രയും വലിയ ഒരു പദ്ധതി തകർന്നടിഞ്ഞ ഒരു സാമ്പത്തിക ചുറ്റുപാടിൽ നിന്നു കൊണ്ട് എങ്ങനെ നടപ്പാക്കുമെന്ന് ചോദിച്ചു പലരും ഖലീഫയെ പരിഹസിച്ചു. ഖലീഫയാകട്ടെ മറ്റൊരു വഴിയാണ് സ്വീകരിച്ചത്. മദീനയിലേക്കുള്ള ഈ സ്വപ്ന പദ്ധതി നടപ്പിലാക്കാൻ സാമ്പത്തികമായി സാധിക്കുന്നവരെല്ലാം സഹായിക്കണമെന്ന് ലോക മുസ്ലിംകളോട് അഭ്യർത്ഥിച്ചു.
ഖലീഫയുടെ അഭ്യർത്ഥന കിഴക്കെന്നോ പടിഞ്ഞാറെന്നോ, ഖലീഫയുടെ ഭരണ പ്രദേശമെന്നോ അമുസ്ലിം രാജ്യമെന്നോ വ്യത്യാസമില്ലാതെ മുസ്ലിം ഉമ്മത്ത് ഏറ്റെടുത്തു. ഇറാനിലെ ഷാ മുതൽ ഹൈദറാബാദിലെ നൈസാം വരെ അതിലേക്കു സംഭാവന ചെയ്തു. യൂറോപ്പിലെ സാധാരണ മുസ്ലിം മുതൽ പഞ്ചാബിലെ ന്യൂസ് പേപ്പർ എഡിറ്റർ മുഹമ്മദ് ഇൻശാഉല്ലാഹ് വരെ ഹിജാസ് റയിൽവെ കമ്മിറ്റി ഉണ്ടാക്കി അതിൻ്റെ ഭാഗമായി. അങ്ങനെ മൊത്തം ചെലവിൻ്റെ മൂന്നിൽ രണ്ടു ഭാഗവും സംഭാവനയായി ലഭിച്ചു. അതിൻ്റെ പത്തിലൊന്നാകട്ടെ ഉസ്മാനി ഖിലാഫത്തിൻ്റെ പുറത്തുള്ളവരുടെ സംഭാവനയും. അത്രമാത്രം സുൽത്വാൻ അബ്ദുൽ ഹമീദിനെ മുസ്ലിം ലോകം സ്നേഹിച്ചു. മുസ്ലിംകളുടെ സാഹോദര്യ ബന്ധവും പാരസ്പര്യവും കണ്ടു യൂറോപ്പും ഇതര സാമ്രാജ്യങ്ങളും അത്ഭുതപ്പെട്ടു.
അങ്ങനെ ഡമാസ്കസിൽ നിന്നും 1464 കിലോമീറ്റർ പിന്നിട്ട്, 1908 ൽ ഹിജാസ് റയിൽവെ മദീനയിൽ എത്തി. ട്രെയിൻ ഇറങ്ങി ഒരു കിലോമീറ്റർ നടന്നാൽ മസ്ജിദുന്നബവി! പക്ഷേ, പ്രവാചകനുരാഗിയായ സുൽത്വാൻ അബ്ദുൽ ഹമീദിന് പിന്നെയും ഒരു നിർബന്ധം. ട്രെയിനിൻ്റെ കൂക്കുവിളിയും എഞ്ചിൻ്റെ ശബ്ദവും മദീന റൗള്വയിൽ കിടക്കുന്ന ആരമ്പ നബിക്ക് അലോസരം ഉണ്ടാക്കിക്കൂടാ. അദബ് കേടു സംഭവിച്ചുകൂടാ. അങ്ങനെയൊരു നിർദ്ദേശം വന്നതോടെ ശബ്ദം കുറക്കാനുള്ള വഴി കണ്ടെത്തലായി പിന്നെ. വണ്ടിയുടെ വീലിലും റെയിൽ ട്രാക്കിലും പ്രത്യേകതരം തുണികൾ ഉപയോഗിച്ചു അതും നിയന്ത്രിച്ചു. മൊത്തം ചെലവ് കണക്കൂട്ടിയപ്പോൾ, പ്രഥമ എസ്റ്റിമേറ്റിനെകാൾ വളരെ കുറവ്. വെറും മൂന്നു ലക്ഷം ഓട്ടോമൻ ലിറ(430 കിലോ സ്വർണം) മാത്രം. അത്രമാത്രം ശരീരിക അദ്ധ്വാനത്താലും സൗജന്യ സേവനത്താലും വിശ്വാസി സമൂഹം ആ പദ്ധതിയെ ഏറ്റെടുത്തിരുന്നു. അങ്ങനെ 1908 സപ്തംബർ 1ന് മദീനയിൽ ഔദ്യോഗികമായി ഡമാസ്കസിൽ നിന്നുള്ള തീവണ്ടിയാത്രക്കാർ വന്നിറങ്ങി.
മുസ്‌ലിം ലോകത്തിൻ്റെ ആനന്ദ സുദിനമായിരുന്നു അന്ന്. 40 ദിവസം കൊണ്ട് ഡമാസ്കസിൽ നിന്ന് മദീനയിലെത്തിയിരുന്നവർ വെറും നാലു ദിവസം കൊണ്ട് എത്തി. പ്രതിവർഷം മുപ്പതിനായിരം ഹജ്ജ് തീർത്ഥാടകർ വന്നിരുന്ന സ്ഥാനത്ത് അത് മൂന്നു ലക്ഷമായി മാറി. മദീനയിലെത്തിയ റയിൽവെ അവിടെ നിന്ന് മക്കയിലേക്കും തുടർന്ന് ഫലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്കും പിന്നീട് ബഗ്ദാദിലേക്കും എത്തിച്ചു മുസ് ലിം ലോകത്തെ ഒറ്റച്ചരടിൽ നിർത്താനായിരുന്നു ഖലീഫയുടെ പദ്ധതി.
ദു:ഖകരമെന്നു പറയാം ആ പദ്ധതി നടന്നില്ല. അപ്പോഴേക്കും അതിൻ്റെ അപകടം തിരിച്ചറിഞ്ഞ സാമാജ്യത്വ ശക്തികളും അവരുടെ പിണിയാളുകളും ഖലീഫയെ ആ സ്ഥാനത്തു നിന്നും പുകച്ചുചാടിച്ചു പുറത്താക്കിയിരുന്നു. ഉടനെ അവർ ഒന്നാം ലോകമഹായുദ്ധം കൊണ്ടുവന്നു. അതിൻ്റെ പേരിൽ, ഒരു പതിറ്റാണ്ടോളം ഓടിയിരുന്ന ഹിജാസ് റെയിലിൻ്റെ ചില ഭാഗങ്ങൾ ബോംബിട്ടു തകർത്തി. ചില ഭാഗങ്ങൾ അറബ് വിമതർ പൊളിച്ചെടുത്തു ആയുധമുണ്ടാക്കി ഖിലാഫത്തിനെതിരെ കലാപം നടത്തി. അങ്ങനെ, ലോകം അസൂയയോടെ നോക്കികണ്ട ഒരു സ്വപ്ന പദ്ധതി തകർന്നു തരിപ്പണമായി. പിന്നീട് പെട്രോ ഡോളറിൻ്റെ പളപളപ്പിൽ പല അറബ് രാജ്യങ്ങളും ഉയർന്നു വന്നു മിനുങ്ങിയപ്പോൾ പോലും ആ പദ്ധതി പുന:സ്ഥാപിക്കാനായില്ല. അത്രയും സമഗ്രമായിരുന്നു ഹിജാസ് റെയിൽ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso