മാസവിശേഷം / മുഹർറം
11-07-2022
Web Design
15 Comments
ശകുനമല്ല ശ്രേഷ്ഠമാണ് മുഹർറം
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമായ മുഹർറം തന്നെ സമാധാനത്തിന്റെ നാലു മാസങ്ങളിൽ ഒന്നായി എന്നത് ഇസ്ലാമിന്റെ ഏറ്റവും വലിയ ഒരു ശുഭലക്ഷണമാണ്. സമാധാനം കൊണ്ട് തുടങ്ങുവാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അല്ലാതെ കാലുഷ്യമുണ്ടാകുമ്പോൾ മാത്രം സമാധാനം പുറത്തെടുക്കാനല്ല. അതു കൊണ്ട് തന്നെ ഈ മാസത്തിന്റെ സവിശേഷത അതുകൊണ്ട് ആരംഭിക്കുന്നു. അല്ലാഹു സാമൂഹ്യ ജീവിതത്തിന്റെ സുരക്ഷക്കായി ഏർപ്പെടുത്തിയ ഒരു സംവിധാനമാണ് യുദ്ധം നിഷിദ്ധമായ മാസങ്ങൾ എന്നത്. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് :- വക്രതയില്ലാത്ത മതം. അതിനാല്‍, ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷമത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. (തൗബ: 36).
പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ സൽകര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മഹത്തമായ പ്രതിഫലവും, അക്രമം പ്രവര്‍ത്തിക്കുന്നതിന് കൊടിയ ശിക്ഷയും കണക്കാക്കപ്പെടുന്നുവെന്നതാണ്, നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അക്രമം പ്രവര്‍ത്തിക്കുന്നത് ഏത് സമയത്തും കൊടിയ തെറ്റായിട്ടാണ് കാണുന്നതെങ്കിലും, ഈ മാസങ്ങളില്‍ അക്രമം ചെയ്യുകയെന്നത് വലിയ തെറ്റായി ഗണിക്കപ്പെടുന്നു. ജനങ്ങളുടെ അടുക്കല്‍ ദിവസങ്ങളും മാസങ്ങളും ശ്രേഷ്ഠമാണെന്നതുപോലെ അല്ലാഹുവിന്റെ അടുക്കലും ശ്രേഷ്ഠമാണ്. അല്ലാഹു മലക്കുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുത്തു. അവർക്ക് മറ്റുളളവരേക്കാൾ ശ്രേഷ്ഠതയുണ്ട്. വാക്കുകളില്‍ നിന്ന് അവനെ സ്മരിക്കാനുള്ള നാമങ്ങള്‍ തെരഞ്ഞെടുത്തു. ഭൂമിയില്‍ നിന്ന് മസ്ജിദുകളെ തെരഞ്ഞെടുത്തു. മസ്ജിദുകളില്‍ നിന്ന് മൂന്ന് മസ്ജിദുകളെ പ്രത്യേകമായി തെരഞ്ഞെടുത്തു. മാസങ്ങളില്‍ നിന്ന് വിശുദ്ധ റമദാനെയും, നാല് പവിത്ര മാസങ്ങളെയും തെരഞ്ഞെടുത്തു. ദിവസങ്ങളില്‍ നിന്ന് പ്രത്യേകമായി ജുമുഅയും, രാവുകളില്‍ നിന്ന് ലൈലത്തുല്‍ ഖദ്‌റും തെരഞ്ഞെടുത്തു. അല്ലാഹു ശ്രേഷ്ഠമാക്കിയതെന്തോ അതിനെ നാം ശ്രേഷ്ഠമായി കാണേണ്ടതുണ്ട്. പ്രവാചകന്‍(സ) പറയുന്നു: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസത്തെ പോലെ കാലം കറങ്ങികൊണ്ടിരിക്കുന്നു. വര്‍ഷമെന്നത് പന്ത്രണ്ട് മാസങ്ങളാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു. തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവയും, ജമാദക്കും ശഅ്ബാനിനുമിടയില്‍ വരുന്ന റജബുമാണത്. (ബുഖാരി). അല്ലാഹു ശ്രേഷ്ഠമെന്ന് പറഞ്ഞിട്ടും ഈ മാസത്തെ ശകുനമെന്നും അഭിശപ്തമെന്നും കരുതുന്നവർ ധാരാളമുണ്ടായതു കൊണ്ടു കൂടിയാണ് ഇങ്ങനെ ഒരു ആമുഖം വേണ്ടി വരുന്നത്.
ഹിജ്‌റ കലണ്ടര്‍ തുടങ്ങുന്ന മാസമാണ് മുഹര്‍റം. ഒരു നല്ല തുടക്കം എന്നതോടൊപ്പം കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാസവുമാണ്. ഈ മാസത്തില്‍ പ്രത്യേകമായിട്ടുള്ളതാണ് സുന്നത്ത് നോമ്പ്. പ്രവാചകന്‍(സ) പറയുന്നു: റമദാന്‍ കഴിഞ്ഞാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പാണ് മുഹര്‍റത്തിലെ നോമ്പ്. (മുസ്‌ലിം). എത്രത്തോളം മുഹര്‍റത്തില്‍ നോമ്പെടുക്കാന്‍ കഴിയുന്നുവോ അത്രയും അത് ഉത്തമവും ശ്രേഷ്ഠവുമാണ് എന്ന് ഈ ഹദീസിൽ നിന്നു ഗ്രഹിക്കാം. ഈ മാസത്തിലെ ശ്രേഷ്ഠമായ ദിനമാണ് ആശൂറാഅ്. മുഹര്‍റത്തിലെ പത്താമത്തെ ദിനമാണ് ആശൂറാഅ്. ഈ ദിനത്തില്‍ നോമ്പെടുത്ത് അല്ലാഹുവിലേക്ക് അടുക്കുകയെന്നത് പുണ്യകരമായിട്ടുള്ള കാര്യമാണ്. പ്രവാചകന്‍(സ) മദീനയിലേക്ക് വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് ദിനം നോമ്പെടുക്കുന്നതായി കണ്ടു. പ്രവാചകന്‍ ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് ശ്രഷ്ഠമായ ദിനമാണ്. ശത്രുക്കളില്‍ നിന്ന് അല്ലാഹു ബനൂഇസ്‌റാഈലരെ രക്ഷിച്ച ദിനമാണ്. അതിനാല്‍ മൂസാ പ്രവാചകന്‍ നോമ്പെടുത്തിരുന്നു. പ്രവാചകന്‍ പറഞ്ഞു: നമുക്കാണ് അവരെക്കാള്‍ മൂസാ പ്രവാചകനില്‍ അവകാശമുള്ളത്. അങ്ങനെ പ്രവാചകന്‍ മുഹർറം പത്തിന് നോമ്പെടുക്കുകയും, അവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. (ബുഖാരി). പിന്നീട് ജൂതൻമാരുടെ നടപടി ക്രമത്തിൽ നിന്നും വ്യതിരിക്തതയുണ്ടാക്കുവാൻ ഒമ്പതിന് താസൂആഇനും നോമ്പെടുക്കുവാൻ നബി(സ്വ) കൽപ്പിക്കുകയുണ്ടായി.
മുഹർറമിലും ധാരാളം ചരിത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ ഒന്നാണ് നേരത്തെ ഹദീസിൽ പറഞ്ഞ മൂസാ നബിയുടെയും ഇസ്റയേൽ വംശത്തിന്റെയും മോചനം. മറ്റൊന്ന് ദാത്തു രിഖാഅ് യുദ്ധമാണ്. ഈ യുദ്ധം നടന്ന വർഷത്തെ കുറിച്ച് ഹിജ്റ 4 അവസാനമെന്നും ഹിജ്റ 5 ആദ്യത്തിൽ എന്നും പ്രബലമായ രണ്ടഭിപ്രായങ്ങൾ ഉണ്ട്. ചില അഭിപ്രായങ്ങളിൽ ഖൈബർ യുദ്ധത്തിന് ശേഷം ഹിജ്റ ഏഴിൽ എന്നും കാണാം. ഏതായാലും മദീനയില്‍ നിന്നും ഏകദേശം 800 കി. മീ അകലെയുള്ള നജ്ദിന്റെ ഭാഗത്ത് ദൗമത്തുൽ ജന്തൽ എന്ന സ്ഥലത്തേക്കായിരുന്നു ഈ സൈനിക നടപടിയിൽ നബി(സ)യും നാനൂറോ എഴുനൂറോ പേരും പുറപ്പെട്ടത്. അവിടെ ഗത്വഫാൻ ഗോത്രക്കാരായ ചില കുടുംബക്കാര്‍ അതിലൂടെ യാത്ര ചെയ്യുന്ന കച്ചവട സംഘങ്ങളെ ആക്രമിക്കുകയും മദീനയെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പുറപ്പാട്. നബി(സ)യും സംഘവും അവിടെ എത്തിയപ്പോഴേക്കും അവര്‍ അവിടെ നിന്നും രക്ഷപ്പെട്ട് പോയിരുന്നു. അതിനാല്‍ ഒരു ഏറ്റുമുട്ടലുണ്ടായില്ല. അവര്‍ ഉപേക്ഷിച്ച് പോയ കന്നുകാലികളേയും മറ്റും ഗനീമത്തായി എടുത്തു കൊണ്ട് നബി(സ)യും സംഘവും മടങ്ങിപ്പോന്നു. ദുർഘടമായ വഴി താണ്ടിയപ്പോൾ കാലുകൾ മുറിഞ്ഞു പൊട്ടിയതിനാൽ സൈന്യം കാലുകളിൽ തുണിക്കഷ്ണങ്ങൾ ചുറ്റിയതിനാലാണ് ഈ പേര് വന്നത് എന്ന് ചരിത്രങ്ങളിൽ കാണാം. രിഖാഅ് എന്നാൽ തുണിക്കഷ്ണങ്ങൾ എന്നാണ് അർഥം.
മുഹർറമിന്റെ ഓർമ്മകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹിജ്റ 61 ൽ നടന്ന കർബലാ യുദ്ധമാണ്. ഹിജ്റ അറുപതിൽ യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി ഖലീഫ മുആവിയ(റ) തന്റെ മകനായ യസീദിനെ കിരീടാവകാശിയായി നിയോഗിക്കുന്നതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഖിലാഫത്തിൽ നിന്ന് രാജവാഴ്ചയിലേക്കുള്ള ഈ മാറ്റം മുസ്ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. ഇതോടെ യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്നു അലിക്കു(റ) കൂഫാനിവാസികൾ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാൻ അവർ ഹുസൈൻ(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീർഘമായ കത്തിടപാടുകൾക്കുശേഷം ബൈഅത്തു സ്വീകരിക്കാൻ തന്റെ പ്രതിനിധിയായി മുസ്ലിമുബ്നു ഉഖൈലിനെ അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്ലിമിൽനിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹുസൈൻ(റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എൺപതുപേർ വരുന്ന സംഘവുമായി മക്കയിൽനിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളിൽ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തെങ്കിലും ഇമാം ഹുസൈൻ(റ) പിന്മാറിയില്ല.
കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിർദ്ദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവർണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാർ ഇമാം ഹുസൈനു നൽകിയ പിന്തുണ പിൻവലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ പിടികൂടാൻ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാൾ മുസ്ലിമിനെ പിടികൂടി ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ മരണവാർത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈൻ(റ) മക്കയിലേക്കുതന്നെ മടങ്ങിപ്പോകാൻ ഒരുങ്ങി. എന്നാൽ വധിക്കപ്പെട്ട മുസ്ലിമിന്റെ കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി അതിന് പ്രതികാരം ചോദിക്കാൻ വേണ്ടി അദ്ദേഹം കൂഫയിലേക്കു യാത്ര തുടർന്നു. ഹുസൈൻ(റ)വും സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് കർബല എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്നും അവർക്കാവശ്യമില്ലെങ്കിൽ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈൻ(റ) അവരെ അറിയിച്ചു.
എന്നാൽ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കൽപനയെന്ന് സൈനിക നേതാവ് അറിയിച്ചു. അപ്പോൾ ഹുസൈൻ(റ) ഇപ്രകാരം പറഞ്ഞു: ഒന്നുകിൽ യസീദിനെ ചെന്നു കാണാൻ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു കൊള്ളാം. അല്ലെങ്കിൽ മടങ്ങിപ്പോകാനോ അതിർത്തിയിലേക്കുപോയി ദൈവമാർഗ്ഗത്തിൽ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക. പക്ഷേ, അദ്ദേഹത്തിന്റെ ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. ആദ്യം യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവർ നിർബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമ(റ)യുടെ പുത്രൻ ധീരനായ ഹുസൈൻ ബിൻ അലി(റ) ജീവൻ നൽകി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നിൽ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാർ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ഹുസൈൻ(റ)വിന്റെ പുത്രൻ ബാലനായ സൈനുൽ ആബിദീനും സ്ത്രീകളും മറ്റു ഏതാനും കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈൻ(റ)വിന്റെ അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസിൽ യസീദിന്റെ അടുക്കലേക്കയച്ചു.
യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂൽ തിരുമേനി(സ്വ)യുടെ കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാൽ ആളുകൾ തനിക്കെതിരെ തിരിയുമോ എന്നയാൾ ഭയപ്പെട്ടു. അയാൾ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തഃപുരത്ത് താമസിപ്പിക്കാൻ പ്രത്യേകം ഏർപ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഹസ്രത്ത് നുഅ്മാനുബ്‌നു ബഷീർ അൻസാരിയുടെ (റ)കൂടെ സൈനബിനെയും (റ)കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോൾ ഹസ്രത്ത് സൈനബ് (റ) പ്രസ്താവിച്ചു: ഒട്ടകക്കട്ടിലിൽ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ. എന്നാൽ നുഅ്മാനുബ്‌നു ബഷീർ പരമാവധി കാരുണ്യത്തോടെയാണ് ആ മർദ്ദിതസംഘത്തോട് പെരുമാറിയത്. യാത്രയിലുടനീളം അവർക്ക് പ്രശ്‌നങ്ങളൊന്നും വരാതിരിക്കാൻ അദ്ദേഹം ആവത് ശ്രമിച്ചു. ഏറെ സങ്കടകരമായ ഈ സംഭവം നടന്നത് ഹിജ്റ 61 ലെ മുഹർറം പത്തിനായിരുന്നു. എല്ലാ മുഅ്മിനുകളുടെയും ഏറെ സങ്കടകരമായ ഒരനുഭവമാണ് കർബലാ. ശിയാക്കൾ പക്ഷെ, ഈ സങ്കടത്തെയും രാഷ്ട്രീയവൽകരിക്കുകയാണ്. ഉള്ളിലൊതുക്കേണ്ട സങ്കടത്തെ അവർ പുറത്തെടുക്കുകയും വിവിധ ചേഷ്ടകളിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇതിൽ വിശ്വാസപരമായി സുന്നീ വിശ്വാസികളും പെട്ട് പോയിട്ടുണ്ട്. അവരാണ് അല്ലാഹു ശ്രേഷ്ഠമാക്കിയ മുഹർറമിനെ ശാപവും ശകുനവുമായി കാണുന്നവർ.
മലയാള നാട്ടിന്റെ മുഹർറമിന്റെ നഷ്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിയോഗം. യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍. അനേകം പ്രവാചക പൗത്രന്‍മാര്‍ കേരളത്തിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട സ്ഥാനം കൈവരിക്കാന്‍ മമ്പുറം തങ്ങള്‍ക്ക് ആയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗര്‍ജിക്കുന്ന സിംഹമായി മാറിയ ആ സൂഫി വര്യന്‍ ആത്മീയതക്കപ്പുറം അധിനിവേശ ശക്തികള്‍ക്കെതിരെ സ്വരാജ്യത്തിനായി പടപൊരുതാനും തയ്യാറായവരായിരുന്നു. കേരളത്തിലേക്കു വന്ന തന്‍റെ മാതുലന്‍ ഹസന്‍ ജിഫ്രി(റ)വിനെ പറ്റി വളര്‍ത്തുമ്മയില്‍ നിന്നറിയാനായതോടെ മലബാറിലേക്ക് വരാനും മാതുലനെ കാണാനും തങ്ങളുടെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയിരിക്കെ ആഗ്രഹ സഫലീകരണത്തിന് മാതൃസഹോദരിയുടെ അനുമതി ലഭിച്ചു. ഉടന്‍ തന്‍റെ പതിനേഴാം വയസ്സില്‍ ശഹര്‍ മുഖല്ല തുറമുഖത്തുനിന്ന് യാത്ര തിരിച്ച തങ്ങള്‍ ഹിജ്റ 1183 ന് റമദാന്‍ 19ന് കോഴിക്കോട് കപ്പലിറങ്ങി. തന്‍റെ പ്രിയപ്പെട്ട മാതുലനെ പ്രതീക്ഷിച്ച തങ്ങള്‍ക്ക് അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പേ വഫാത്തായിപ്പോയി എന്ന വ്യസനകരമായ വാര്‍ത്തയാണ് ലഭിച്ചത്. പിറ്റേന്ന് സയ്യിദ് ഹസന്‍ ജിഫ്രി (റ)വിന്‍റെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ അവര്‍ മമ്പുറത്ത് എത്തി.
കേരളത്തിലേക്കു വന്ന അതേവര്‍ഷം തന്നെ തങ്ങള്‍ തന്‍റെ മാതുലന്‍ ഹസന്‍ ജിഫ്രി(റ)വിന്‍റെ മകള്‍ ഫാത്തിമ ബീവിയെ വിവാഹം ചെയ്തു. ദാമ്പത്യത്തില്‍ തങ്ങള്‍ക്ക് രണ്ട് മക്കള്‍ പിറന്നു. അധികം താമസിയാതെ മഹതി ഇഹലോകവാസം വെടിഞ്ഞു. പിന്നീട് മൂന്ന് വിവാഹങ്ങള്‍ കൂടി ചെയ്ത തങ്ങള്‍ക്ക് ധാരാളം മക്കളുണ്ടായി. തങ്ങള്‍ ജീവിച്ചിരിക്കെ തന്നെ ആദ്യ മൂന്ന് ഭാര്യമാരും മരണപ്പെട്ടിരുന്നു. വാഫാത്തകുമ്പോള്‍ ഇന്തോനേഷ്യക്കാരിയായ സ്വാലിഹ എന്ന പത്നി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു.
ബ്രിട്ടീഷ് ഭരണകൂടം മലബാറില്‍ നടപ്പാക്കിയ ഭാരിച്ച നികുതിയും, പുകയില, തടി, തുടങ്ങിയവയിലെ കുത്തക വ്യാപാരവും മുതലാളിമാരുടെ പീഡനവും ജനജീവിതം ദുസ്സഹമാക്കി. ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് അണമുറിയാതെ കേള്‍ക്കാനിടയായതോടെ തങ്ങള്‍ നേരിട്ട് രംഗത്തിറങ്ങി. ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്ലിം ജനതയെ ഒറ്റക്കെട്ടാക്കി നിര്‍ത്തിയ തങ്ങള്‍ ഇത് ജിഹാദ് ആണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചു .യുവാക്കളും വയോധികരും ഒരുപോലെ തങ്ങളുടെ പിന്നില്‍ രക്തസാക്ഷിത്വമാഗ്രഹിച്ച് ഉറച്ചുനിന്നു. എന്തിനും തയ്യാറായ മാപ്പിള മക്കള്‍ തങ്ങള്‍ക്കൊപ്പവും അല്ലാതെയും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പടപൊരുതാന്‍ തുടങ്ങി. പലയിടത്തും കലാപങ്ങള്‍ അരങ്ങേറി.വിറച്ചുപോയ ബ്രിട്ടീഷുകാര്‍ കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും മുസ്ലിം മനസ്സുകളില്‍ ബ്രിട്ടീഷ് വിരുദ്ധ നയത്തിന് ഇളക്കം തട്ടിക്കാന്‍ അവര്‍ക്കായില്ല.
വാര്‍ധക്യകാലത്ത് പടനയിക്കുന്നതിനിടെ ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നേറ്റ വെടി കാരണത്താല്‍ രോഗങ്ങള്‍ പിടിപെട്ടു. ദിനംപ്രതി മൂര്‍ച്ഛിച്ചു വന്ന രോഗത്തിന് പാലേരി വൈദ്യന്‍ എന്നറിയപ്പെട്ട പുത്തൂര്‍ സ്വദേശി അഹമ്മദ് കുട്ടി വൈദ്യന്‍ നല്‍കിയ മരുന്ന് താല്‍ക്കാലിക ശമനം മാത്രമേ നല്‍കിയുള്ളൂ. അതിവേഗം തങ്ങളുടെ ശരീരം ക്ഷീണിച്ചു പോയിരുന്നു. താമസിയാതെ ഹിജ്റ 1260 (എ ഡി1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തന്‍റെ തൊണ്ണൂറ്റിനാലാം വയസ്സില്‍ ആ പുണ്യാത്മാവ് ലോകത്തോട് വിട പറഞ്ഞു.
കേരളത്തിലെ സമസ്ത കുടുംബത്തിന് മുഹർറം പല പ്രധാനികളുടെയും വഫാത്തിന്റെ ദു:ഖം ഘനീഭവിച്ച് കിടക്കുന്ന മാസം കൂടിയാണ്. ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ (1441 മുഹർറം 9), കെ വി മുഹമ്മദ് മുസ്ലിയാർ കൂറ്റനാട് (1420 മുഹർറം 10), പി കുഞ്ഞാണി മുസ്ലിയാർ (1440 മുഹർറം 10), കാപ്പിൽ ഉമർ മുസ്ലിയാർ (1439 മുഹർറം 11), എം എം മുഹിയുദ്ദീൻ മുസ്ലിയാർ (1441 മുഹർറം 13), പി വി എസ് മുസ്തഫാ പൂക്കോയ തങ്ങൾ (1425 മുഹർറം 20 ), ഇബ്രാഹിം പുത്തൂർ ഫൈസി (1426 മുഹർറം 25), വാണിയമ്പലം അബ്ദുറഹ്മാൻ മുസ്ലിയാർ (1400 മുഹർറം 22 ) തുടങ്ങിയ സമസ്ത നേതാക്കളുടെ വിയോഗങ്ങൾ മുഹർറ മാസത്തിലാണ് ഉണ്ടായത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso