Thoughts & Arts
Image

അവൾ പഠിച്ചു വളരട്ടെ !

28-07-2022

Web Design

15 Comments






മുസ്‌ലിം സ്ത്രീയും അവളുടെ വിദ്യാഭ്യാസവും കാലങ്ങളായി നമ്മുടെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൂടുപിടിച്ച വിഭവമാണ്. മതത്തിനുള്ളില്‍ നിന്നും മതത്തിന്റെ പുറത്തുനിന്നുമെല്ലാം ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അധിക ചർച്ചകളുടെയും ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണ്. കാരണം ഇസ്ലാമിനെയും മുസ്ലിംകളെയും കൊച്ചാക്കുകയായിരിക്കും അത്തരം മിക്ക ചർച്ചകളുടെയും ധ്വനി. ഇസ്‌ലാം സ്ത്രീയെ അടുക്കളയുടെ നാല് ചുവരുകള്‍ക്കിടയില്‍ അടികമളെ പോലെ തളച്ചിടുകയാണെന്നും അവര്‍ക്ക് അക്ഷരാഭ്യാസംനല്‍കാതെ അജ്ഞതയുടെ ഇരുള്‍പടര്‍പ്പില്‍ തന്നെ ജീവിതാന്ത്യം വരെ കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്നുമൊക്കെയായിരിക്കും ആക്ഷേപങ്ങൾ. എന്നാൽ ഇതൊന്നും ആധികാരികമായി തെളിയിക്കാനും സ്ഥാപിക്കാനും ആർക്കും കഴിയാറില്ല എന്നതാണ് വസ്തുത. ഇത് ഇക്കാര്യത്തിൽ മാത്രമല്ല, മറ്റെല്ലാ ആക്ഷേപങ്ങളുടെയും ഒരു പൊതു സ്വഭാവമാണ്. വാരിവലിച്ചിട്ട് ആഘോഷിക്കുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുക എന്നത്. ഇസ്ലാമിനെതിരെ ഉന്നയിക്കുന്ന ഏത് ആക്ഷേപത്തിനും ആരോപണത്തിനും സമീപകാലം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ശാസ്ത്രീയമായും ചരിത്രപരമായും താത്വികമായുമൊക്കെ ആരുമായും സംവദിക്കാൻ വരെ പുതു തലമുറ സജ്ജമാണ്. ഓരോ വിവാദത്തിലും അതിവിടെ ഉണ്ടാവാറുമുണ്ട്.



പക്ഷെ, എന്നാലും വീണ്ടും പറയുന്നവർ അതുതന്നെ പറഞ്ഞുകൊണ്ടേയിരിക്കും എന്നതാണ് അനുഭവം. ഉദാഹരണമായി നമുക്ക് ഈയിടെ ഉണ്ടായ ഹലാൽ വിവാദമെടുക്കാം. ഹലാൽ എന്ന സംജ്ഞയും സങ്കൽപ്പവും ഒരു വേള ഏറെ തെറ്റിദ്ധരിക്കപ്പെടുകയുണ്ടായി. പുരോഹിതൻ തുപ്പിയ ഭക്ഷണത്തിനാണ് ഹലാൽ എന്ന് പറയുന്നത് എന്ന് വലിയ വായിൽ കുറേ ദുഷ്പ്രചാരകരും അവരെ പ്രസാദിപ്പിക്കാൻ സദാ ശ്രമിച്ചു നടക്കുന്ന കുറേ മാധ്യമങ്ങളും പറഞ്ഞു പരത്തി. ചർച്ചകളിൽ പക്ഷെ, ആ കാപട്യം ആഴിഞ്ഞു വീണു. വാദികൾ മാനം കെട്ടു. പക്ഷെ, അങ്ങനെയൊക്കെയാണ് എങ്കിലും ആ ദുഷ്പ്രചാരകർക്ക് ഇപ്പോഴും ഹലാൽ എന്നാൽ തുപ്പിയ ഭക്ഷണം തന്നെയാണ്. അവരിൽ പലരും ഇപ്പോഴും അതേ പാട്ട് പാടിക്കൊണ്ടിരിക്കുന്നു. ഇതാണ് നാം പറഞ്ഞ അവസ്ഥ. ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെയുളള ഏതു ആക്ഷേപവും ആക്ഷേപമായി നിലനിറുത്താനുള്ള ഒരു അജണ്ടയുള്ളതു പോലെ. അക്കൂട്ടത്തിൽ ഒന്നാണ് സ്ത്രീ വിദ്യാഭ്യാസവും. അതങ്ങനെ ചിലർ പറഞ്ഞ് നടക്കുക മാത്രം ചെയ്യുന്ന ഒരു ആക്ഷേപം മാത്രമാണ്.



നമ്മുടെ സാമൂഹ്യ പരിസരത്ത് ഒരു അൻപതു വർഷം മുമ്പ് മുസ്ലിം സ്ത്രീകൾ വലിയ വിദ്യ നേടുമായിരുന്നില്ല എന്ന് സമ്മതിക്കാം. അവരുടെ മതപരമായ ജീവിത പശ്ചാതലങ്ങളിൽ നിന്ന് ലഭിക്കുന്ന തുഛമായ അറിവ് മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. അത് അവരെ അവരുടെ മതമോ സമുദായമോ തടഞ്ഞത് കൊണ്ടായിരുന്നു എന്നാണ് ആക്ഷേപിക്കുന്നത്. ഇതൊരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ ചോദിക്കാനുള്ളത്, ഈ കാലഘട്ടത്തിലെ മറ്റു സമുദായത്തിലെയും ജാതികളിലെയും സ്ത്രീജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം എന്തായിരുന്നു എന്നതാണ്. സവർണ്ണ ഗൃഹങ്ങളിലെ അപൂർവ്വം ചില പെൺകുട്ടികളല്ലാതെ പൊതുവെ പെൺകുട്ടികൾ വ്യാപകമായി പഠിക്കാൻ പോയിരുന്ന അനുഭവം ഇല്ലായിരുന്നു. അത് ആ സമുദായങ്ങളിൽ ഏതിന്റെയെങ്കിലും താൽപര്യക്കുറവല്ല, മൊത്തത്തിൽ കാലത്തിന്റെ വൈജ്ഞാനിക നവോത്ഥാനത്തിന്റെ കുറവാണ്. അതിനാൽ കുറച്ചു കാലങ്ങൾക്ക് മുമ്പു വരെ വൈജ്ഞാനിക ജാഗരണം പൊതുവെ സമൂഹത്തിൽ കുറവായിരുന്നു, അതിനാൽ ആ കാലങ്ങളിലെ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം എത്താൻ കഴിഞ്ഞില്ല. അത്രയേ പറയാനുള്ളൂ. അതാണ് ശരിയും.



വീണ്ടും വസ്തുതകളിലൂടെ മുന്നോട്ടു നടന്നാൽ നമ്മെ തിരുത്തുന്ന വേറെയും വസ്തുതകൾ ഉണ്ടെന്ന് കാണാം. ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്ന് കാണാം എന്നതാണത്. പ്രവാചക പത്‌നി ആഇശ(റ) അക്കാലത്തെ പ്രമുഖ പണ്ഡിതയായിരുന്നു. നബി(സ)യുടെ വിയോഗത്തിന് ശേഷം മദീനയില്‍ നിരവധി ആളുകള്‍ക്ക് അവര്‍ അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട്. നബി(സ)തങ്ങളുടെ പ്രിയ പത്‌നി ആഇശ(റ)യെ പോലെ, ഹഫ്‌സ(റ), സൈനബ്(റ) തുടങ്ങി നബി(സ)തങ്ങളുടെ ഓരോ പത്‌നിമാരുടെ ജീവിതം പരിശോധിച്ചുനോക്കുമ്പോഴും വ്യത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ചവരായിരുന്നു അവരെന്ന് നമുക്ക് കണ്ടെത്താനാകും. ശിഫാഉല്‍ അദവിയ്യ എന്ന സ്ത്രീയില്‍ നിന്ന് അക്ഷരജ്ഞാനം നേടിയ ഹഫ്‌സ ബീവിയെ വിവാഹത്തിനു ശേഷവും പ്രവാചകന്‍(സ) തങ്ങള്‍ പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. നഫീസത്തുൽ മിസ്രിയ്യ (റ) ഉന്നത പണ്ഡിതയായിരുന്നു. ഇമാം ശാഫിഈ (റ) പോലും മഹതിയിൽ നിന്ന് വിദ്യ അഭ്യസിച്ചിട്ടുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തെ നിരന്തരം പ്രോത്സാഹിപ്പിച്ച പ്രവാചകന്‍(സ), തന്റെ ജീവിത കാലത്ത് സ്ത്രീകള്‍ക്ക് വിജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ വേണ്ടി ഒരു ദിവസം തന്നെ പ്രത്യേകമായി നീക്കിവെച്ചിരുന്നു. തന്റെ കീഴിലുള്ള അടിമസ്ത്രീക്ക് പോലും വിദ്യ പകര്‍ന്നു നല്‍കണമെന്നാണ് പ്രവാചകന്റെ കല്‍പന. ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ് പഠനം, കര്‍മശാസ്ത്രം, ഗോളശാസ്ത്രം, അനന്തരവകാശം, മെഡിക്കല്‍ തുടങ്ങിയ നിരവധി മേഖലകളില്‍ കഴിവുതെളിയിച്ച സ്വഹാബികളും താബിഉകളുമായ വനിതകളെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാനാകും.



പില്‍ക്കാല ഇസ്‌ലാമിക ചരിത്രവും സ്ത്രീകളുടെ സ്വാധീനം എടുത്തു കാണിക്കുന്നുണ്ട്. മുസ്‌ലിം ലോകത്തുടനീളം സ്ത്രീകള്‍ക്ക് മസ്ജിദുകളിലെ ക്ലാസുകളില്‍ പങ്കെടുക്കാനും മദ്‌റസകളില്‍ പോകാനും സാധിച്ചിരുന്നു. പലപ്പോഴും അവര്‍ അധ്യാപകരായി മാറുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ഇമാം ഇബ്നു അസാകിര്‍ അറിവ് തേടി ധാരാളം യാത്രകള്‍ ചെയ്യുകയും എണ്‍പതില്‍ പരം സ്ത്രീ അധ്യാപകരില്‍ നിന്ന് അറിവ് നേടുകയും ചെയ്തിട്ടുണ്ട് എന്നത് അതിന്നൊരു ഉദാഹരണമാണ്. എന്നല്ല, വിദ്യാഭ്യാസ രംഗത്ത് സുപ്രധാന പങ്കുവഹിച്ച പല സ്ത്രീ രത്നങ്ങളെയും ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. മുസ്‌ലിം ലോകത്തെ ആദ്യ ഔപചാരിക മദ്‌റസയായ ഫെസിലെ അല്‍ഖറൂവിയ്യീന്‍ യൂണിവേഴ്‌സിറ്റി 859ല്‍ സ്ഥാപിച്ചത് ഫാതിമ അല്‍ഫിഹ്‌രിയെന്ന സമ്പന്നയായ വ്യാപാരി വനിതയായിരുന്നു. അബ്ബാസി ഖലീഫ ഹാറൂണ്‍ റശീദിന്റെ ഭാര്യ സുബൈദ ഹിജാസില്‍ മസ്ജിദുകളും റോഡുകളും കിണറുകളും നിര്‍മിക്കുന്നതിന് വ്യക്തിപരമായി പണം ചെലവഴിച്ചിട്ടുണ്ട്. ആ പ്രദേശത്തിലൂടെ അറിവ് തേടി യാത്ര ചെയ്തിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്തവയായിരുന്നു അവ. ഓട്ടോമന്‍ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്റെ ഭാര്യ ഹുര്‍റം സുല്‍ത്താന്‍ നിരവധി മദ്‌റസകള്‍ക്ക് സംഭാവനയര്‍പിച്ചിട്ടുണ്ട്. ആശുപത്രികള്‍, കുളിപ്പുരകള്‍ പോലുള്ള നിര്‍മ്മിക്കുന്നതിലും അവര്‍ പങ്കാളിയായിരുന്നു. ദമസ്‌കസില്‍ അയ്യൂബി ഭരണകാലത്ത് (1174-1260) സ്ത്രീകളാല്‍ നിര്‍മിക്കപ്പെട്ട മദ്‌റസകളും മസ്ജിദുകളും മതസ്ഥാപനങ്ങളുമുണ്ടായിരുന്നു.



അല്ലെങ്കിലും ഇസ്ലാം സ്ത്രീ വിദ്യാഭ്യാസത്തിന് വിമുഖത കാണിക്കുന്നു എന്ന് പറയാനേ കഴിയില്ല. കാരണം, ഇസ്ലാം എപ്പോഴും ലക്ഷ്യമാക്കുന്നത് ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനാണ്. ഭാര്യ, ഭർത്താവ്, മാതാപിതാക്കൾ, മക്കൾ, ശിക്ഷണം തുടങ്ങിയവയെല്ലാം ഇസ്ലാമിലെ പ്രധാന അദ്ധ്യായങ്ങളാണ്. ഇവയെല്ലാം നല്ല നിലയിൽ വളരുകയും നിലനിൽക്കുകയും ചെയ്യണമെങ്കിൽ അതിന് സ്ത്രീകൾക്ക് സാമൂഹ്യ വിദ്യാഭ്യാസം ലഭിക്കണം. സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുമ്പോൾ ലഭിക്കുന്ന ഒരു ഗുണമാണ് ഇത്. ഒരു പുരുഷനെ അറിവ് പഠിപ്പിക്കുന്നത് കൊണ്ട് ഒരു വ്യക്തിയെയാണ് നിങ്ങള്‍ പഠിപ്പിക്കുന്നതെങ്കില്‍ ഒരു സ്ത്രീക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതിലൂടെ ഒരു തലമുറക്ക് തന്നെയാണ് നമ്മള്‍ അറിവ് പകര്‍ന്നുകൊടുക്കുന്നത് എന്നാണ് പ്രമുഖ ഈജിപ്ഷ്യന്‍ കവി ഹാഫിള് ഇബ്‌റാഹീം പറഞ്ഞത്. ഇങ്ങനെ പറയുമ്പോൾ ആധുനിക സ്വതന്ത്ര ചിന്തകർ മുതൽ ഫെമിനിസ്റ്റുകൾ വരെയുള്ളവർ കുരച്ചു ചാടും. പെണ്ണുങ്ങളെ പഠിപ്പിക്കുന്നത് പ്രസവിക്കാനും കുഞ്ഞുങ്ങളെ നോക്കാനും കുടുംബം ഭരിക്കാനുമാണ് എന്നല്ലേ ഈ പറഞ്ഞതിനർഥം എന്നല്ലേ എന്ന് ചോദിച്ച്. അതിലേക്കു മാത്രം സ്ത്രീയെ ചുരുട്ടിക്കെട്ടുന്നില്ല എങ്കിലും പൃകൃതിപരമായ ചില ദൗത്യങ്ങളും പ്രത്യേകതകളും മനുഷ്യനെ രണ്ടു ലിംഗമാക്കിയതിനു പിന്നിലുണ്ട് എന്നത് മിണ്ടാതെ വയ്യ. വിദ്യാഭ്യാസം നേടുന്നത് കൊണ്ട് എല്ലാവർക്കും ഉണ്ടാവുന്നതെല്ലാം സ്ത്രീകൾക്കും ഉണ്ടാകുന്നു എന്നതോടൊപ്പം അവർക്ക് തങ്ങൾ സ്വാംശീകരിച്ച സാംസ്കാരിക വളർച്ച തങ്ങളുടെ കുടുംബത്തിനും പകർന്ന് കൊടുക്കാൻ കഴിയും എന്നത് ഒരു വസ്തുത തന്നെയാണ്.



ചർച്ചകളിൽ ഇത്തരം ഉരസലുകൾ ഉണ്ടായത് വിദ്യാഭ്യാസത്തെ കുറിച്ചുള്ള അടിസ്ഥാന ലക്ഷ്യത്തിൽ പിഴവ് വന്നതു മുതലാണ്. മനുഷ്യന്റെ സാംസ്കാരിക വളർച്ചയുടെ നിദാനമായിട്ടാണ് വിദ്യാഭ്യാസം വ്യവഹരിക്കപ്പെട്ടിരുന്നത്. എന്നാൽ പുതിയ കാലം വിദ്യാഭ്യാസത്തെ ജോലിയുമായി ബന്ധിപ്പിക്കുകയും കേവലം ജോബ് ട്രൈനിംഗ് മാത്രമായി നമ്മുടെ വിദ്യാഭ്യസ മേഖലയെ ചുരുക്കിക്കെട്ടുകയും ചെയ്തതോടെയാണ് അവകാശ വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം തലപൊക്കിയത്. ജോലിയും പണവും മാത്രം ലക്ഷീകരിക്കുന്ന പാശ്ചാത്യന്‍ വിദ്യാഭ്യാസ ക്രമം അറിവിനെ പലതുണ്ടുകളായി വെട്ടിമുറിച്ച് ഓരോരുത്തര്‍ക്കും കൂടുതല്‍ പണമുണ്ടാക്കാവുന്ന മേഖലകളായി വിതീച്ചു നല്‍കി. അതോടെ മാൽസര്യവും മറ്റും ഈ രംഗത്തേക്ക് കടന്നുവന്നു. തന്റെ അവസരം, അവകാശം എന്ന ചിന്തയിൽ വിദ്യാഭ്യാസം കുരുങ്ങിപ്പോയത് അങ്ങനെയാണ്. അതുകൊണ്ടാണ് സ്ത്രീകൾ വിദ്യാഭ്യാസം നേടിയാൽ അവളുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അതുകൊണ്ട് ഗുണമുണ്ടാകും എന്ന വാദത്തിന് ഒരു വിലയുമില്ലാതായി പോകുന്നത്. സത്യത്തിൽ അത്തരം സാമൂഹിക-സാംസ്കാരിക നേട്ടങ്ങൾ കൂടി അഭിമാനപൂർവം അവകാശപ്പെടാനുണ്ട് ഈ വിഷയത്തിലെ ഇസ്ലാമിക സരണിക്ക്.



കുടുംബജീവിതത്തില്‍ ചിട്ടയാര്‍ന്ന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാവുമെന്നതിനു പുറമെ സ്ത്രീകള്‍ സമൂഹത്തില്‍ നിര്‍വഹിക്കേണ്ട ചില ദൗത്യങ്ങങ്ങള്‍ കൂടി അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നത് വിദ്യാഭ്യാസം തന്നെയാണ് എന്നതിന് ഇസ്ലാമിക ചരിത്രത്തിൽ ധാരാളം തെളിവുകൾ ഉണ്ട്. ഹജ്ജാജിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ഇബ്‌നു സുബൈര്‍(റ)ന് ധീരത പകര്‍ന്ന അസ്മ(റ), ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്‍(സ) തങ്ങള്‍ക്ക് നേരെ വന്ന അക്രമങ്ങളെള്‍ക്കെതിരെ വാളെടുത്ത് പ്രതിരോധം തീര്‍ത്ത ഉമ്മു അമ്മാറ, ഖാദിസിയ്യാ യുദ്ധത്തില്‍ തന്റെ നാലുമക്കള്‍ ശഹീദായിട്ടും ആത്മവീര്യം കെടാതെ സൂക്ഷിച്ച പ്രമുഖ കവയത്രി ഖന്‍സാഅ് (റ) തുടങ്ങിയ സാമൂഹിക ജീവിത രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹിളാ രത്‌നങ്ങൾ അതിനുദാഹരണങ്ങളാണ്. ഇവയൊക്കെ ഇസ്ലാമിക വികാരത്തിന്റെ പ്രാതിനിധ്യങ്ങളാണെങ്കിൽ നമ്മുടെ തൊട്ടു മുമ്പിലുള്ള വർത്തമാന കാലത്തിനും ഉണ്ട് വിവിധ വർണ്ണങ്ങളിൽ സ്വന്തം പ്രാതിനിധ്യത്തെ നിരത്തുവാൻ.



2015ല്‍, ശാസ്ത്രലോകത്തിന്റെ ശ്രദ്ധ രാജകുമാരി നൂറ ബിന്‍തു അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലെ സഊദി വിദ്യാര്‍ഥിനികളിലേക്ക് തിരിഞ്ഞു. ബുദൂര്‍ അല്‍മഗ്‌രിബി, മഹാ അല്‍ഖഹ്താനി, തെക്ര അല്‍ഉതൈബി എന്നിവര്‍ സെന്‍സറി ന്യൂറോപ്പതി പ്രശ്‌നങ്ങളുള്ള രോഗികളില്‍ ഇന്ദ്രിയ പുനരധിവാസത്തിനും ഉത്തേജനത്തിനുമുള്ള ഉപകരണം കണ്ടുപിടിച്ചു. അതേസമയം, അല്‍മഗ്‌രിബിയും അല്‍ഖഹ്താനിയും ആളുകള്‍ക്ക് സെറിബ്രല്‍ അന്ധതക്കുള്ള ഗ്ലാസുകള്‍ രൂപകല്‍പ്പന ചെയ്തു. ഈജിപ്ഷ്യന്‍ വംശജയായ ഡോ. തഹീന അമീര്‍ നാസയിലെ പ്രഗദ്ഭയായ ടെക്‌നോളജിസ്റ്റാണ്. മെക്കാനിക്കല്‍ എൻജിനീയറിങില്‍ ബിരുദവും, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, വിര്‍ജീനിയയിലെ നോര്‍ഫോക്കിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്ന് എൻജിനീയറിങില്‍ ഡോക്ടറേറ്റും നേടി, തഹീന വ്യോമ ഗവേഷണ ശ്രമങ്ങളെ പിന്തുണക്കുന്നു. മക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞയാണ് ഡോ. ഹയാത്ത് സിന്ധി. മിഡില്‍ ഈസ്റ്റില്‍ നിന്ന് ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിതയും അവരാണ്.



ഒളിംപിക്‌സ് വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കാത്ത വസ്ത്രമേ ധരിക്കൂ എന്നു പ്രഖ്യാപിച്ച ജര്‍മന്‍ വനിത അത് ലറ്റുകള്‍ സമീപകാല മാതൃകയാണ്. കോണ്‍സ്റ്റബിള്‍ സീന അലി അടുത്തിടെ ന്യൂസിലാന്റിലെ ആദ്യത്തെ ഹിജാബീ പൊലീസ് ഓഫീസര്‍ ആയി ചരിത്രം സൃഷ്ടിച്ചു. യു കെ യിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായപ്പോള്‍ റാഫിയ അര്‍ഷാദ് ഒരു ട്രയല്‍ബ്ലേസറായിരുന്നു. എന്‍ സി എ എ ഡിവിഷന്‍ ബാസ്‌കറ്റ്‌ബോളിലെ ആദ്യത്തെ ഹിജാബി കളിക്കാരിയായിയത് ബില്‍ഖിസ് അബ്ദുല്‍ ഖാദിര്‍.



പുതിയ കാലം നമ്മുടെ പെൺകുട്ടികൾക്കു മുമ്പിൽ നിരവധി വിദ്യാഭ്യാസ അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു എന്നത് ഒരു അനുഭവമാണ്. എല്ലാ രംഗത്തും അവർക്കു വേണ്ട സൗകര്യങ്ങളും പരിഗണനയും എമ്പാടും ഉണ്ട്. സമുദായത്തിന്റെയും സമൂഹത്തിന്റെയും നല്ല പിന്തുണയും പ്രോത്സാഹനവും അവർക്കുണ്ട്. കേരളത്തിലെ മുസ്‌ലിം കമ്യൂണിറ്റിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വ്യാപകമായി പ്രചരിച്ച, പരീക്ഷിച്ച ആശയമാണ് വുമന്‍സ് കോളേജ്. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമുള്ള പഠനപദ്ധതി. റെസിഡന്‍ഷ്യല്‍ സൗകര്യത്തോടെയും അല്ലാതെയും മികച്ച പാഠ്യപദ്ധതിയാണ് മിക്ക കോളേജുകളും വാഗ്ദാനം ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി, യു.ജി കോഴ്‌സുകള്‍ ഇസ്‌ലാമിക് തിയോളജിയോടൊപ്പം സംവിധാനിക്കുന്നുവെന്നതാണ് ഓരോ പഠനകേന്ദ്രത്തിന്റെയും വിശേഷം. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉസ്‌ബെക്, ഖസാക് തുടങ്ങിയ രാഷ്ട്രങ്ങളില്‍ സൗകര്യമൊരുക്കുന്ന പദ്ധതികളും നടന്നുവരുന്നു. ഇത്രയും വിശാലമായ വൈജ്ഞാനിക പശ്ചാത്തലത്തിലാണ് വളരുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന്റെ നില്‍പ്. അതാഗ്രഹിക്കുന്ന അനേകം പേര്‍ പുറത്തുമുണ്ട്. ചുരുക്കത്തില്‍, പെണ്‍കുട്ടികളുടെ അകാദമിക് വ്യവഹാരങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ, കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ ഇടങ്ങള്‍ രൂപപ്പെടുത്തുകയാണ് കേരളത്തിലെ ബൗദ്ധിക, സ്ഥാപന കേന്ദ്രങ്ങള്‍. അതിനാൽ കഴിഞ്ഞ കാലത്തെ പഴിച്ചും അപൂർവ്വമായ ഏതെങ്കിലും കാര്യങ്ങളെ ഉയർത്തിക്കാണിച്ചും ചെറിയ ചെറിയ കാരണങ്ങളിൽ തട്ടിത്തെറിച്ചും പെൺകുട്ടികളെ പാഠശാലകളിൽ നിന്നകറ്റുന്നത് ഖേദകരവും കുറ്റകരവുമാണ്. കുലം എന്നത് അവളും കൂടിയുള്ളതാണ് എന്ന് തിരിച്ചറിയുമ്പോൾ അവൾ കൂടി തന്റെ നിലവാരത്തിലെത്തണം എന്ന ചിന്ത ഉണ്ടാകും.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso