Thoughts & Arts
Image

മുഹർറം ആഘോഷമല്ല, ആലോചനയാണ്..

28-07-2022

Web Design

15 Comments






കാലം വീണ്ടും മുഹർറമിലെത്തുകയാണ്. കാലം എന്ന ചിന്തയിലെ ഏറ്റവും പ്രധാന ചിന്താവിഷയമാണ് വീണ്ടും വീണ്ടും വരുന്നു എന്ന ഈ ചാക്രികത. നാം ജീവിക്കുന്ന ഉരുണ്ട ഭൂമിയിൽ സമയത്തെയും കാലത്തെയും കുറിക്കുമ്പോൾ ഈ ചാക്രിക ഭാവം ഇല്ലാതിരിക്കില്ല. കാലം തുടങ്ങിയേടത്തു തന്നെ വീണ്ടും വന്നു കൊണ്ടേയിരിക്കും എന്ന ഈ സ്വഭാവം തന്നെയാണ് ലോകം ഇതുവരേക്കും ആവിഷ്കരിച്ചിട്ടുള്ള ഏതാണ്ടെല്ലാ കലണ്ടറുകൾക്കും ഉള്ളത്. കാരണം, മനുഷ്യന്റെ കാലഗണനയുടെ ആധാരങ്ങൾ സൂര്യനും ചന്ദ്രനുമാണ്. കൃത്യമായ ഒരു കണക്കനുസരിച്ച് അവ രണ്ടും അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നതിനാലാണ് സചേതനവും സജീവവുമായ ഭൗതിക പ്രപഞ്ചത്തിന് കാലഗണന നടത്തുവാൻ കഴിയുന്നത്. ഇവയിൽ രണ്ടാലൊന്നിനെ അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടറുകൾ ആവിഷ്കരിക്കപ്പെട്ടിട്ടുളളത്. ഇവിടെ നമ്മുടെ ചർച്ച ഇതല്ല, കാലത്തിന് സൃഷ്ടാവ് എന്തിന് ഈ പ്രകൃതം നൽകി എന്നതാണ്. മനുഷ്യന് തന്നെയും തന്റെ കർമങ്ങളെയും വിലയിരുത്തുവാനും പുനപ്പരിശോധിക്കുവാനും ഒരവസരം ലഭിക്കുവാൻ വേണ്ടി എന്നാണ് ഒറ്റവാക്കിൽ അതിന്റെ മറുപടി. അഥവാ കഴിഞ്ഞ മുഹർറത്തിനു ശേഷം പന്ത്രണ്ട് മാസങ്ങൾ നീണ്ട തന്റെ ജീവിത സഞ്ചാരത്തെ മൂല്യനിർണ്ണയം നടത്തി തിരുത്താനുള്ളത് തിരുത്തിയും കൂട്ടിച്ചേർക്കാനുള്ളത് കൂട്ടിച്ചേർത്തും വീണ്ടുമൊരു പുനർഗമനത്തിനുള്ള കളമൊരുക്കുകയാണ് വീണ്ടും വരുന്ന മുഹർറം എന്നർഥം. അതിനാലാണ് മുഹർറം മതിമറന്ന് ആഘോഷിക്കാനോ അന്ധമായി ആചരിക്കാനോ ഉളളതല്ല പ്രത്യുത അത് കടന്നുപോകുന്ന ദിനങ്ങളുടെ അനുഭവങ്ങൾ വെച്ച് തന്റെ ജീവിതത്തെ വിലയിരുത്താനും കടന്നുവരുന്ന ദിനങ്ങളിൽ അവയിലെ നല്ലത് വർദ്ധിപ്പിക്കാനും തിയ്യത് ഒഴിവാക്കാനുമുള്ള പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാനുമുള്ള അവസരമാണ് എന്ന് പറയുന്നത്.



ഈ പറഞ്ഞതെല്ലാം ഏത് കലണ്ടറിലെ പുതുവർഷത്തെ കുറിച്ചും നമുക്ക് പറയാവുന്ന വസ്തുത തന്നെയാണ്. എന്നാൽ നമ്മുടെ ചർച്ച മുഹർറമിനെ കുറിച്ചാകയാൽ അതിന്റെ നിദാനമായ ചാന്ദ്രവർഷത്തിന്റെ ഈ അർഥത്തിലുള്ള പ്രത്യേകത കൂടി ഇതിലേക്ക് ചേർത്തു വായിക്കേണ്ടതുണ്ട്. ലോകത്തെ നിരവധി മതങ്ങളും സമൂഹങ്ങളും സൗരവര്‍ഷത്തെ അവലംബിക്കുമ്പോള്‍ ഇസ്ലാം അതിന്‍റെ അനുഷ്ഠാനപരമായ കാര്യങ്ങള്‍ക്ക് അവലംബിക്കുന്നത് ചന്ദ്രവര്‍ഷത്തെയാണ്. ചന്ദ്രവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തി മതാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കപ്പെടുമ്പോള്‍ കാലാവസ്ഥാപരമായ പ്രതിസന്ധികളില്‍നിന്നും രക്ഷനേടാന്‍ സാധ്യമാകുന്നുവെന്നതാണ് അതിന്റെ പ്രധാന ഗുണം. സൂര്യവർഷത്തെ അടിസ്ഥാനമാക്കിയാണല്ലോ ഋതുക്കൾ വരുന്നത്. ഋതുക്കൾ വ്യത്യസ്ഥ കാലാവസ്ഥകളെ പ്രദാനം ചെയ്യുന്നു. അപ്പോൾ നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്ലാമിലെ അതിപ്രധാനമായ വാര്‍ഷികാനുഷ്ഠാനങ്ങളും കര്‍മങ്ങളും പെരുന്നാള്‍ പോലുള്ള ആഘോഷസുദിനങ്ങളും ഏതെങ്കിലുമൊരു ഋതുവില്‍ തളച്ചിടപ്പെടുന്ന സാഹചര്യമുണ്ടാവുന്നില്ല. മറിച്ച് ചൂടുകാലവും തണുപ്പുകാലവും മഴക്കാലവുമെല്ലാം മാറിമാറി അവയുടെ സീസണുകളായി വരുന്നു. ഒരോ വര്‍ഷവും ഇങ്ങനെ മാറി മാറി വരുന്നുവെന്നതിനാല്‍ പ്രകൃതിയോടിണങ്ങി ഇവ നിര്‍വഹിക്കാന്‍ മനുഷ്യര്‍ക്കാവുന്നു. ജനങ്ങളുടെ ജീവിതാരോഗ്യ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു കൊണ്ടുള്ള ഇത്തരം സൗകര്യങ്ങള്‍ ഇസ്ലാം വിഭാവനം ചെയ്യുന്നുവെന്നതിനാല്‍ തന്നെയാണ് പ്രകൃതിയുടെ മതം എന്ന വിശേഷണത്തിന് അര്‍ഹമായതും. എല്ലാ വേനലിലും നോമ്പ്, എല്ലാ വർഷക്കാലത്തും ഹജ്ജ്, എല്ലാ പെരുന്നാളിനും തണുപ്പ് തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടാവില്ല എന്നർഥം. മാത്രമല്ല, സരളമായ ഒരു കാലഗണനക്ക് കൂടുതൽ സൗകര്യവും ഈ കലണ്ടറാണ്. അതിനാൽ തന്നെയാകാം ആദ്യമുണ്ടായ ഗണന ചന്ദ്രനെ ആധാരമാക്കിയായിരുന്നു. സൗര വര്‍ഷക്കലണ്ടറിനാധാരാമായ ഭൂമിയുടെ കറക്കം കുറ്റമറ്റ രീതിയില്‍ ശാസ്ത്രം കണ്ടെത്തുന്നതുതന്നെ വളരെക്കാലം പിന്നിട്ടാണ്. ക്രിസാതാബ്ദം എട്ടില്‍ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് സൗരവര്‍ഷക്കലണ്ടറിന് രൂപകല്‍പ്പന നല്‍കുന്നത് എന്നാണ് ചരിത്രം.



ഇസ്ലാമിക ചരിത്രത്തില്‍ അതുല്യവും അനിര്‍വചനീയവുമായ സ്ഥാനമാണ് ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ മുഹറം മാസത്തിനുള്ളത്. ഒട്ടേറെ മഹത്വങ്ങളും സവിശേഷതകളും നിറഞ്ഞ് നില്‍ക്കുന്ന മുഹറം ഒരായിരം പ്രതീക്ഷകളുടെ നവ വര്‍ഷപുലരിയാണ് വിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്. അല്ലാഹു തന്‍റെ മാസമെന്ന് പ്രഖ്യാപിച്ച് ആദരിച്ച വിശുദ്ധ മാസങ്ങളിലൊന്നാണ് മുഹറം. ഇസ്ലാമിന്‍റെ സംസ്ഥാനത്തിനു മുമ്പ് ജാഹിലിയ്യത്തും പ്രത്യേകം ബഹുമതി നല്‍കിയ മാസം. ഇതെല്ലാം ഈ മാസത്തിന്റെ സവിശേഷതകളാണ്. സവിശേഷതകൾ സത്യത്തിൽ ചിന്തയുടെ വാതായനങ്ങൾ തന്നെയാണ് തുറക്കുന്നത്. കാരണം, ഈ സവിശേഷതകളുടെ നിദാനത്തെ കുറിച്ച് ആലോചിക്കേണ്ടതുണ്ടല്ലോ. അവ ആലോചിച്ച് കണ്ടെത്തി അവ ഉപയോഗപ്പെടുത്തുവാൻ ഉദ്യമിക്കുമ്പോഴാണല്ലോ വിശ്വാസിയുടെ മനസ്സുണരുന്നത്. ഈ ഉണരൽ ഇല്ലെങ്കിൽ പിന്നെ കർമ്മം വെറും അഭിനയമായി മാറുന്നു. എന്തെന്നും എന്തിനെന്നും എങ്ങനെ എന്നുമൊന്നുമറിയാതെ ഒരാൾ പട്ടിണി കിടന്നാൽ അത് യഥാർഥ നോമ്പാവില്ല എന്ന് പറയുന്നതു പോലെ തന്നെ. ഈ മാസത്തിന്റെ ഈ പറഞ്ഞ സവിശേഷതകളുടെ പൊരുളുകളിൽ എത്തിച്ചേരുമ്പോൾ മാത്രമേ അതിനു കൽപ്പിക്കേണ്ട ആദരവ് കൽപ്പിക്കാനും കഴിയൂ. ഈ ആദരവ് നമ്മുടെ ബാധ്യതയുമാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും ഉത്തമം അവന്‍ ആദരിച്ചതിനെ ആദരിക്കലാകുന്നു (വി.ഖു. 22/ 30).



ഇസ്ലാമിക ചരിത്രത്തിലെ ത്യാഗ പൂര്‍ണ്ണമായ ഒരുപാട് കഥകള്‍ മുഹറം മാസത്തിന് പറയാനുണ്ട്. അവയും മനുഷ്യ ചിന്തയുടെ വാതിലുകൾ മുട്ടുന്നവയാണ്. അവയിൽ അമ്പിയാ മുർസലുകളിൽ പലർക്കുമുണ്ടായ വിജയത്തിന്റെ ചരിത്രങ്ങൾ കാണാം. അവയിൽ പലതിന്റെയും സ്രോതസ്സുകൾക്ക് വേണ്ടത്ര കാര്യക്ഷമതയില്ല എന്ന് സംസാരമുണ്ട്. എന്നാൽ അനിഷേധ്യമായ ചില വിജയങ്ങളുടെ ചരിത്രങ്ങൾ കൂട്ടത്തിലുണ്ട്. അത് ആശൂറാ നോമ്പിന്റെ ഹദീസിൽ വ്യക്തമായി കാണാം. മദീനയിൽ ഹിജ്റയെത്തിയ നബി തിരുമേനി മദീനയിലെ ജൂതൻമാർ നോമ്പനുഷ്ടിക്കുന്നതായി കണ്ടതും കാരണമന്വേഷിച്ചപ്പോൾ തങ്ങളുടെ പ്രവാചകൻ മൂസാ നബിയെ അല്ലാഹു ഫറവോനിൽ നിന്നും രക്ഷപ്പെടുത്തിയ ദിനമാണെന്ന മറുപടി ലഭിച്ചതും പ്രസ്തുത ഹദീസിലുണ്ട്. ഈ ഹദീസിൽ പറയുന്ന വിമോചനത്തിന്റെ കഥ ഒന്നിലധികം സ്ഥലങ്ങളിൽ വിശുദ്ധ ഖുർആനും പറയുന്നുണ്ട്. ചരിത്രത്തിന്റെ ചെങ്കുത്തായ വഴികളിലൂടെയും ഇടുങ്ങിയ ഊടുവഴികളിലൂടെയും നമ്മെ നയിക്കുന്ന ഒരധ്യായമാണിത്. യൂസുഫ് നബി ഈജിപ്തിൽ എത്തിയതു മുതൽ അതു തുടങ്ങുന്നു. അദ്ദേഹത്തിനു ശേഷം നാലു നൂറ്റാണ്ടോളം കാലം യഅ്കൂബ് നബിയുടെ മക്കൾ - ഇസ്റ യേൽ സന്തതികൾ ഈജിപ്ത് വാണു. അധികാരം അവരെ അഹങ്കാരികളാക്കി മാറ്റിയപ്പോൾ അവർ ക്രൂര ഭരണാധികാരികളായി. അതോടെ തദ്ദേശീയരായ കോപ്റ്റിക്കുകൾ തിരിച്ചടിച്ചു. അവർ അട്ടിമറിയിലൂടെ അധികാരം പിടിച്ചു വാങ്ങി. പിന്നെ അവർ ഇസ്റയേൽ സന്തതികളോട് കണക്കു തീർക്കുവാൻ തുടങ്ങി.



ക്രമേണ ഇസ്റാഈൽ എന്ന യഅ്കൂബ് നബിയുടെ മക്കൾ ഈജിപ്തിൽ അടിമകളായി മാറി. കോപ്റ്റിക്കുകളുടെ രാജാക്കൻമാരായ ഫറവോൻമാർ അവരോട് കടുംകൈ ചെയ്തു. അവരെ ആ അടിമത്വത്തിന്റെ നുകങ്ങളിൽ നിന്ന് രക്ഷിക്കാൻ വന്ന ദൈവ ദൂതനായിരുന്നു മൂസാ നബി. അപ്പോഴേക്കും ഫറവോൻമാർ ലോകത്തിലെ ഏറ്റവും വലിയ ഭരണ ശക്തിയായി മാറിയിരുന്നു. ഇസ്റയേൽ സന്തതികൾ ഏറ്റവും വലിയ പതിതരും. അത്തരമൊരു സാഹചര്യത്തിൽ വർഷങ്ങളുടെ ശ്രമത്തിനൊടുവിൽ തന്റെ ജനതയുമായി നൈൽ കടന്ന് കൻആൻ നാട്ടിലെത്തുന്നതാണ് ആ മോചനം. ഒരു പക്ഷെ, ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ സംഭവം. പിന്നെ മുഹർറം ഉണർത്തുന്ന മറ്റൊരു സംഭവം ഹിജ്റ 61 ൽ നടന്ന കർബലാ യുദ്ധമാണ്. അത് ചിന്തയുടെ മറ്റൊരു വലിയ താഴ്വാരമാണ്. അത് രാഷ്ട്രീയം കൂടിയായിരുന്നുവല്ലോ. ധര്‍മ്മ നിഷേധികളില്‍ നിന്ന് നേരിന്‍റെ വെളിച്ചം വീണ്ടെടുക്കാന്‍ വേണ്ടി നടത്തിയ പോരാട്ടമായി അറിയപ്പെടുന്ന സംഭവമാണ് കര്‍ബല യുദ്ധം.



മുഹർറം വിശ്വാസിയിൽ ചിന്തയുടെ ആന്തോളനമുണ്ടാക്കുന്ന മറ്റൊരു സംഗതി അത് നാല് വിശുദ്ധ മാസങ്ങളിൽ ഒന്നാണ് എന്നതാണ്. പരിശുദ്ധമാക്കപ്പെട്ട മാസങ്ങൾ എന്ന ആശയം വിശുദ്ധ ഖുർആൻ കൊണ്ടും തിരുഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ആകാശ-ഭൂമിയെ സൃഷ്ടിച്ച കാലം തൊട്ട് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.അതിൽ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങളാകുന്നു. നബി(സ) പറയുന്നു; നിശ്ചയം കാലം അല്ലാഹു പടച്ച രീതിയിലേക്ക് തന്നെ മടങ്ങിയിരിക്കുന്നു. ഒരു വർഷത്തിൽ പന്ത്രണ്ട് മാസങ്ങളാകുന്നു. അതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു. മൂന്നെണ്ണം തുടരെ ക്രമത്തിൽ വരുന്ന ദുൽ ഖഅദ്, ദുൽ ഹിജജ, മുഹർറം എന്നീ മാസങ്ങളും മറ്റൊന്ന് ജുമാദിൻ്റെയും ശഅ്ബാനിൻ്റെയും ഇടയിയുള്ള റജബ് മുളറാകുന്നു. ഈ നാല് മാസങ്ങൾ മാത്രം പവിത്രമാക്കപ്പെടാനുള്ളതിൻ്റെ പിന്നിലെ യുക്തി പല രീതിയിൽ പണ്ഡിതർ വിശദീകരിക്കാൻ ശ്രമിച്ചതായി ചരിത്രത്താളുകളിൽ നമുക്ക് കാണാനാകും. പന്ത്രണ്ടിൽ നാല് മാത്രം വ്യതിരിക്തമാകുമ്പോൾ അതെന്തുകൊണ്ട് എന്ന് ചിന്തിക്കാൻ വിശ്വാസി ബാദ്ധ്യസ്ഥനാകുന്നു. ഇത് അവനെ പുതിയ ഒരു ചിന്താലോകത്തേക്ക് നയിക്കുന്നു. അതോടൊപ്പം ഏറ്റവും മൗലികമായ ഒരു ചിന്ത ഒരു വർഷത്തിന്റെ അവസാന യാമങ്ങൾ ഉയർത്തുന്നുണ്ട്. അത് മേൽ പറഞ്ഞ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ഇമാം ഹസനുൽ ബസ്വരി തന്റെ വാക്കുകളിൽ ഇങ്ങനെ ആവാഹിച്ചെടുക്കുന്നു: ഏതാനും ദിന രാത്രങ്ങളുടെ സഞ്ചയമാണ് ഹേ മനുഷ്യാ നീ. ഓരോ ദിനം പിന്നിടുമ്പോഴും നിന്‍റെ ഒരു ഭാഗം ഇല്ലാതാവുകയാണ്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso