Thoughts & Arts
Image

സമകാലിക വായനയിലെ ഹിജ്റ

28-07-2022

Web Design

15 Comments






പ്രപഞ്ചത്തിൽ മനുഷ്യൻ എന്ത് നേടുന്നതും ഒരു പക്ഷെ യാദൃഛികമായിട്ടായിരിക്കാം. അഥവാ വീണുകിട്ടും പോലെ, ഒരദ്ധ്വാനവുമില്ലാതെ, ഒരു ത്യാഗവും ചെയ്യുതെ അനുഗ്രഹങ്ങൾ ജീവിതത്തിലേക്ക് വന്ന് കറയുകയായിരിക്കാം. അല്ലെങ്കിൽ അദ്ധ്വാനത്തിനോ വിലക്കോ പകരമായി നേടിയെടുക്കുന്നതായിരിക്കാം. അഥവാ കയ്യിലുളളത് പകരം നൽകി നേടുന്നത്. കയ്യിലുളളത് സമയമാവാം, സമ്പത്താകാം, ആയുസ്സാകാം, ശേഷിയാവാം. ഇവ രണ്ടിൽ ഏറ്റവും ഹൃദയസ്പൃക്കാവുന്നതും സജീവമാകുന്നതും ഫലസമ്പന്നമാകുന്നതും രണ്ടാമത്തേ രീതിയിൽ നേടിയെടുക്കുന്നതിനാണ്. അദ്ധ്വാനത്തിന്റെ വിലക്ക് പകരമായി, കളിലുള്ളതിനു പകരമായി, ത്യാഗത്തിന്റെ ശമ്പളമായി നേടുന്നതിന്. കാരണം അപ്പോൾ മനുഷ്യന്റെ മനസ്സ് ഉണരുകയും ലക്ഷ്യത്തെ താൽപര്യപൂർവ്വം ജാഗ്രവത്തായി പിന്തുടരുകയും ചെയ്യുന്നു. ഒരോ നിമിഷവും അവൻ തന്നിലേക്ക് വന്ന് കയറുന്ന, താൻ സ്വായത്തമാക്കുവാൻ പോകുന്ന സൗഭാഗ്യത്തെ കുറിച്ചുള്ള നിറ പ്രതീക്ഷയിലായിരിക്കും. അതിനാൽ ആ അനുഗ്രഹം വന്നു കയറുമ്പോൾ അവന്റെ മനസ്സിന് കിട്ടിയതിന്റെയും നേടിയതിന്റെയും സമ്മിശ്ര ആനന്ദം അനുഭവപ്പെടും. ഈ പ്രപഞ്ച തത്വം മനുഷ്യന്റെ ജീവിതാനുഭവങ്ങളിലെ ഒരു സത്യമാണ്. ഈ തത്വം മുതലാണ് നാം ഹിജ്റയെ സമകാലികമായി വായിച്ചു തുടങ്ങുന്നത്. ഹിജ്റയിൽ നബി(സ്വ) തന്റെ നാട്, കടുംബങ്ങൾ, ജീവിത പരിസരങ്ങൾ എന്നിവയെല്ലാം ത്യാഗം ചെയ്യുകയായിരുന്നു. അവ ഓരോന്നും കൈവിടുമ്പോൾ വരാനിരിക്കുന്ന ഒരു സുന്ദര ലോകത്തിന്റെ ചിത്രം നബിയുടെ മനസ്സിൽ ജ്വലിച്ചു നിൽക്കുകയായിരുന്നു. അത് പൂർണ്ണമായും കിട്ടുകയും ചെയ്തു.



പിറന്നുവീണ നാട്ടില്‍ നിന്ന് പുറത്തുപോകാന്‍ നബി(സ) ആഗ്രഹിച്ചതായിരുന്നതല്ല. ഹിജ്‌റയുടെ സന്ദര്‍ഭത്തില്‍ മക്കയോടുള്ള തന്റെ ഗൃഹാതുരത്വം നബി(സ്വ) പ്രകടിപ്പിച്ചു. മക്കയെ കാണാൻ കഴിയുന്ന അവസാനത്തെ കുന്നിൽ നിന്ന് നോക്കി നബി(സ്വ) നിശ്വസിച്ചു: മക്കാ നഗരമേ, ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടം നിന്നോടാണ്. നിന്നെ വിട്ടുപോകാന്‍ എനിക്കിഷ്ടമില്ല.  നിന്റെ  നാട്ടുകാര്‍  എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാനിവിടെ നിന്ന് പോകുമായിരുന്നില്ല എന്ന് നബി(സ്വ) ആത്മഗതം ചെയ്തു. തന്റെ മഹാദൗത്യത്തിന് വേണ്ടി ചെയ്യാൻ പോകുന്ന മഹാ ത്യാഗത്തിന്റെ ആഴവും പരപ്പും നാം ഇവിടെ അനുഭവിക്കുകയാണ്. ഈ ത്യാഗത്തിന്റെ ഫലത്തിലുള്ള ആ മനസ്സിന്റെ പ്രതീക്ഷയുടെ തിളക്കവും ഹിജ്റ യാത്രയിൽ തന്നെ നാം അനുഭവിക്കുന്നുണ്ട്. അത് പ്രകടമായി നമുക്കനുഭവപ്പെടുന്ന രണ്ട് രംഗങ്ങൾ ഉണ്ട്. ഖുറൈശികളുടെ കണ്ണില്‍ പെടാതെ നബി(സ) യും അനുചരനും നേരെ സൗറ് ഗുഹയിലേക്ക് പോവുകയും ആ ഗുഹയിൽ കയറിയിരിക്കുകയും ചെയ്ത സമയത്തുണ്ടായതാണ് ഒന്ന്. രണ്ടുമൂന്നു ദിവസം സൗറ് ഗുഹയില്‍ തങ്ങാന്‍ തന്നെയായിരുന്നു നബി(സ) തീരുമാനിച്ചിരുന്നത്. ഖുറൈശികളുടെ നീക്കങ്ങള്‍ തിരിച്ചറിയുകയും അവരുടെ ദേഷ്യവും ബഹളങ്ങളും കെട്ടടങ്ങിയതിനു ശേഷം പതുക്കെ ഗുഹയില്‍ നിന്ന് പുറത്തിറങ്ങി യാത്ര തുടരാനുമായിരുന്നു പരിപാടി. തിരുമേനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ഖുറൈശിപ്പട മദീനയിലേക്കുള്ള പാത അരിച്ചുപെറുക്കി തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് സൗറ് ഗുഹയുടെ അരികെയും അവരെത്തുകയുണ്ടായി. ശത്രുക്കൾ വെറുതെ ഒന്ന് താഴോട്ടു നോക്കിയാൽ നമ്മെ കണ്ടേക്കുമല്ലോ എന്ന് അബൂബക്കർ(റ) ആശങ്കപ്പെട്ട സമയത്ത് നബി(സ) പറഞ്ഞ വാക്കുകളിൽ ആ പ്രതീക്ഷ തെളിയുന്നു.



ആ സംഭവം വിശുദ്ധ ഖുര്‍ആന്‍ സൂറത്ത് തൗബ 40ാം വചനത്തില്‍ ഇപ്രകാരമാണ് പരാമര്‍ശിക്കുന്നത്: ദൈവദൂതനെ നിങ്ങള്‍ സഹായിക്കുന്നില്ലെങ്കില്‍ വേണ്ട, അല്ലാഹു തീര്‍ച്ചയായും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ദൈവധിക്കാരികള്‍ അദ്ദേഹത്തെ നാട്ടില്‍നിന്ന് പുറത്താക്കിയ, അദ്ദേഹം രണ്ടിലൊരാള്‍ മാത്രമായിരുന്നപ്പോള്‍. രണ്ടാളും ആ ഗുഹയിലിരുന്നപ്പോള്‍ അദ്ദേഹം തന്റെ സഹയാത്രികനെ വ്യസനിക്കരുത്, അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് സമാശ്വസിപ്പിച്ചപ്പോള്‍ ആ സന്ദര്‍ഭത്തില്‍ അല്ലാഹു അവങ്കല്‍ നിന്നുള്ള സമാധാനം അവര്‍ക്ക് ചൊരിഞ്ഞു. നിങ്ങള്‍ക്ക് കാണാനാവാത്ത പടയാല്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ ദൈവധിക്കാരികളുടെ വചനത്തെ അധമമാക്കി. അല്ലാഹുവിന്റെ വചനം അതുതന്നെയാണുത്തമം. അല്ലാഹു അജയ്യനും അഭീജ്ഞനുമല്ലോ. (തൗബ: 40) ഇത്രക്കും ഭീഷണമായ സാഹചര്യത്തിൽ പോലും അചഞ്ചലമായി നിന്ന പ്രത്യാശ.



രണ്ടാമത്തെ രംഗം സുറാഖ ബിൻ മാലിക് അവരെ കയ്യോടെ പിടികൂടിയ സമയത്തുണ്ടായതാണ്. ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമായ നൂറ് ഒട്ടകമായിരുന്നു അയാളുടെ ഉദ്ദേശ്യം. പക്ഷെ, അല്ലാഹുവിന്റെ സഹായം അവരെത്തേടിയെത്തി. ആവേശത്തോടെ പ്രവാചകനെ ഉന്നംവെച്ച് നീങ്ങിയ സൂറാഖയുടെ ഒട്ടകം ആ സഹായത്താൽ മൂക്കുകുത്തി മറിഞ്ഞുവീണു. അതിന് മുമ്പും രണ്ട് തവണ സുറാഖയുടെ ഒട്ടകം വീണിരുന്നു. മൂന്നാമതും അങ്ങിനെ സംഭവിച്ചപ്പോള്‍ സുറാഖ അതൊരു അവലക്ഷണമായി കണ്ടു. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കി അയാള്‍ പ്രവാചകനെ വിളിച്ചു, ഒന്നു നില്ക്കൂ. സൂറാഖത്തുബ്‌നു മാലികുബ്‌നു ജഅശ് ആണ് ഞാന്‍. എനിക്കങ്ങയോട് ചിലത് സംസാരിക്കാനുണ്ട്. നിങ്ങള്‍ക്ക് ദോഷകരമായതൊന്നും ഞാന്‍ ചെയ്യുകയില്ലെന്നിതാ ഉറപ്പുതരുന്നു. അങ്ങനെ അവിടെ വെച്ച് അവർ സംസാരിച്ചു. അതിനൊടുവിൽ നബി(സ) പ്രഖ്യാപിച്ചു: സുറാഖാ, കിസ്‌റയുടെ അധികാര വളകള്‍ നിന്നെ അണിയിച്ചാല്‍ എങ്ങനെയിരിക്കും. പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റയുടേയോ?; സുറാഖ അത്ഭുതപ്പെട്ടു. അതെ, പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്‌റ തന്നെ... മക്കയില്‍ നിന്ന് മദീനയിലേക്ക് മരുഭൂമിയിലൂടെ അഭയം തേടി പോകുന്ന ഒരാളുടെ പ്രഖ്യാപനം ഇസ്‌ലാമിന്റെ വിജയത്തെക്കുറിച്ച ശുഭപ്രതീക്ഷയുടേതായിരുന്നു. പിന്നീട് അത് പുലരുന്നതും നാം കണ്ടു.



ദൗത്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ഉത്തരവാദിത്വമാണ് ഹിജ്റ പുതിയ മനുഷ്യന് മുമ്പിൽ നിവർത്തുന്ന മറ്റൊരു അദ്ധ്യായം. പുതിയ കാലത്തിന് വിജയങ്ങളേക്കാളേറെ പറയാൻ ഉള്ളത് പരാജയങ്ങളാണ്. പ്രബോധനം മുതൽ കച്ചവടം വരെ അവതരണം മുതൽ രചന വരെ ഓരോ കാര്യങ്ങളും തുടക്കത്തിൽ തന്നെയോ അല്ലെങ്കിൽ അധികം വൈകാതെയോ നിരാശയിൽ ചെന്നടിയുന്നത് സാധാരണമാണ്. എന്താണ് ഇതിന് കാരണം എന്ന് ചികയുമ്പോൾ നമുക്ക് മനസ്സിലാകും, ആർത്തി, ധൃതി, പിൻ ലക്ഷ്യങ്ങൾ തുടങ്ങിയവയിൽ മനസ്സ് ഉടക്കിപ്പോകുകയും അവയുടെ ആധിക്യം കാരണം ശ്രമം ക്ഷയിച്ചു പോകുകയും ചെയ്യുന്നതുകൊണ്ടാണ് എന്ന്. പ്രതീക്ഷക്ക് ഒരു ചെറിയ താളപ്പിഴ സംഭവിക്കുമ്പോഴേക്ക് നിരാശ മനസ്സിനെ കയറി കീഴ്പ്പെടുത്തുന്നു. സത്യത്തിൽ ജീവിതത്തിലെ ഏതു ദൗത്യവും വിജയിക്കുന്നത് ശ്രമങ്ങൾ നിരന്തരവും നിരാശാ വിമുക്തങ്ങളുമാകുമ്പോഴാണ്. പ്രതീക്ഷയും പ്രത്യാശയുമെല്ലാം ജ്വലിച്ചു നിൽക്കുന്നതോടൊപ്പം തന്നെ നിരാശ ഒരിക്കലും കടന്നുവരാത്ത വിധം ശ്രമത്തെ സജീവമാക്കി നിറുത്തണം. ചെറിയ ഒരു തിരിച്ചടിയോ പരാജയമോ കാണുമ്പോഴേക്കും മനസ്സ് തളർന്ന് പിൻമാറുകയോ നിരാശയിൽ ഖിന്നനാവുകയോ ചെയ്യുന്നവന് ഒരിക്കലും വിജയിക്കാൻ കഴിയില്ല. പരാജയം പിൻമാറാൻ ഉള്ള ന്യായമല്ല, മറ്റൊരു വഴിക്ക് ശ്രമത്തെ പൂർവ്വാധികം ശക്തമായി തിരിച്ചു വിടാനുളള സൂചനയാണ്. ഹിജ്റയോളമെത്തുന്ന നബി(സ)യുടെ ദൗത്യ ശ്രമങ്ങളിൽ ഈ നൈരന്തര്യം കാണാം.



നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് പരിഹാസത്തിന്റേതായിരുന്നു. മാനസികമായി അനുഭവിക്കുന്ന ഈ പീഡനം കാരണം ചിലപ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചേക്കാം എന്നായിരുന്നു ശത്രുക്കളുടെ കണക്കുകൂട്ടൽ. എന്നാല്‍ നബി(സ)യുടെ ജീവിതത്തില്‍ അതുണ്ടായില്ല. അദ്ദേഹവും കൂട്ടുകാരും ധീരമായി മുന്നേറുക തന്നെ ചെയ്തു. അപ്പോഴാണ് രണ്ടാമത്തെ ഘട്ടം തുടങ്ങുന്നത്. മര്‍ദ്ദനമായിരുന്നു ഈ ഘട്ടത്തില്‍. നബി(സ)യും അതിലുപരി ആദ്യകാല മുസ്‌ലിംകളില്‍ പലരും കഠിനമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരായി. അപ്പോഴെല്ലാം സ്വന്തം മനസ്സില്‍ ആദര്‍ശം കുടുതല്‍ ശക്തിപ്പെട്ടു എന്നതിനോടൊപ്പം പ്രതിയോഗികളില്‍ ചിലര്‍ക്കെങ്കിലുമുണ്ടായ സഹതാപം ഇസ്‌ലാമിന് അനുകൂല തരംഗമുണ്ടാക്കുകയും ചെയ്തു. ശത്രുക്കളുടെ ഈ നീക്കവും പരാജയപ്പെട്ടപ്പോഴാണ് അടുത്ത ഘട്ടം തുടങ്ങുന്നത്. ഉന്മൂലനത്തിന്റേതായിരുന്നു അത്. നബി(സ)യെ നാടുകടത്തുകയോ വധിക്കുകയോ ചെയ്യുകയെന്നത് ശത്രുക്കളുടെ മുഖ്യ അജണ്ടയായിരുന്നുവെങ്കിലും നബിക്കുണ്ടായിരുന്ന ശക്തമായ ജനസമ്മതി കാരണം അവരതിന് പെട്ടെന്ന് മുതിര്‍ന്നില്ല.



എന്നാല്‍ പിതൃവ്യന്‍ അബൂത്വാലിബിന്റെയും ഭാര്യ ഖദീജ (റ)യുടെയും നിര്യാണം ഈ അജണ്ട നടപ്പിലാക്കുന്നതിന് അവര്‍ക്ക് സഹായകമായി. ഈ സമയത്താണ് നബി (സ) മക്കയിൽ തന്റെ ശ്രമം ഇനി വേണ്ടത്ര വേഗതയിൽ വിജയിക്കണമെന്നില്ല എന്ന് തിരിച്ചറിയുന്നതും ത്വാഇഫ് യാത്ര നടത്തുന്നതും. അത് വിജയിച്ചില്ല. പക്ഷെ എന്നിട്ടും നബിക്ക് നിരാശ ഉണ്ടായില്ല. വീണ്ടും നടത്തിയ ശ്രമങ്ങളിലാണ് അഖബാ ഉടമ്പടികൾ ഉണ്ടാകുന്നത്. അതിന്റെ അവസാനം അഥവാ മൂന്ന് വർഷങ്ങൾക്കു ശേഷം ഹിജ്റ നടക്കുമ്പോൾ നബി(സ) യുടെ നിരന്തര ശ്രമം വിജയത്തോടടുക്കുകയായിരുന്നു. ആ ഹിജ്റ പിന്നീട് മഹാവിജയങ്ങളിലേക്ക് നബി(സ)യെയും ആദർശത്തെയും നയിക്കുകയായിരുന്നു. ത്യാഗങ്ങൾ വിജയത്തിലേക്ക് നയിക്കുന്നു എന്ന പാഠത്തിന്റെ നേർചിത്രമാണ് ഹിജ്റ.



ഹിജ്റയുടെ പ്രസക്തി ആ ഒരു യാത്രയിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നതാവരുത് എന്ന താൽപര്യം ഹിജ്റ വായനയുടെ ഒരു പ്രധാന ഭാഗമാണ്. അതിനു വേണ്ടി ഈ അദ്ധ്യായം രണ്ട് ആശയങ്ങളിലേക്ക് വികസിക്കുനുണ്ട്. അവയിലൊന്ന് ആ യാത്ര മനുഷ്യകുലത്തിന് പകർന്ന സർവ്വകാലിക പാഠങ്ങളാണ്. അവയിലൊന്ന് നബി(സ) ഹിജ്റക്കിറങ്ങിയ രീതിയാണ്. സർവത്ര സ്വതന്ത്രനായിരുന്നിട്ടും നബി(സ) ഒരു പ്രകടനവും നടത്താതെ ഏതാണ്ട് ഒരു ഒളിച്ചോട്ടത്തിന്റെ രീതിയിൽ ഇറങ്ങുകയായിരുന്നു. തന്നെ വധിക്കുവാൻ വേണ്ടി വീട് വളഞ്ഞ് നിൽക്കുന്ന ശത്രുക്കളുടെ ഇടയിലൂടെ ആരെയും വേദനിപ്പിക്കാതെ അവർ ഇറങ്ങുകയായിരുന്നു. രാത്രിയുടെ മറവിൽ വീട്ടിൽ നിന്നിറങ്ങുന്ന നബി(സ) വഴിയിൽ വെച്ച് പോലും ഒരു പ്രശ്നമുണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നേരെ തെക്കോട്ട് പോകുന്നത്. വടക്കോട്ട് യത്രിബിലേക്കായിരിക്കും മുഹമ്മദ് പോകുക എന്നും അവിടത്തുകാർ മുഹമ്മദിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നും മക്കയിൽ പൊതുവെ പ്രചരിച്ച സമയമായിരുന്നു അത്. അതിനാൽ വീറോടെയും വാശിയോടെയും തന്നെ തെരയുന്നവർ പിന്തുടരാനും പിടികൂടാനും തുടർന്ന് പല പ്രശ്നങ്ങളും ഉണ്ടാകുവാനും സാധ്യത ഉണ്ട് എന്നും അറിയാവുന്ന നബി അതൊക്കെ ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു എന്നു വേണം കരുതുവാൻ. സൗർ ഗുഹയിൽ പ്രശ്നങ്ങൾ അടങ്ങുന്നതുവരെ കാത്തിരിക്കാനുളള നബിയുടെ ഉദ്യമം അത്യന്തം ആദരേണ്യമാണ്. ന്യായമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശ്നം സമൂഹത്തിൽ ഉണ്ടാവരുത് എന്ന ഈ മനസ്ഥിതി ഏറെ മൂല്യമുള്ളതാണ്.



രണ്ടാമത്തേത്, ഹിജ്റ എന്നത് ഒരു സംഭവം എന്നതിനുമപ്പുറം ഒരു ആശയമായി നിലനിൽക്കണമെന്ന് നബി(സ) ആഗ്രഹിച്ചു എന്നതാണ്. മക്കയിൽ നിന്നും മദീനയിലേക്ക് ജനങ്ങൾ ഇന്ന് അനായാസം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ, അതിലൊന്നും ഹിജ്‌റയില്ല. കാരണം, ഈ യാത്രകളൊന്നും ഒന്നും വെടിയാനുള്ളതല്ല, ഉണ്ടെങ്കിൽ തന്നെ നേടാനുള്ള ചിന്തകള്‍ മാത്രമാണ് എന്നത് തന്നെ കാരണം. ഹിജ്‌റയിലുള്ളത് ത്യാഗചിന്തയാണ്. കയ്യിലുള്ളത് ഉപേക്ഷിക്കാനുള്ള ചിന്ത. മറ്റാര്‍ക്കും സാധിക്കാത്ത കാര്യം ചെയ്യുന്നതല്ല ത്യാഗം. മറിച്ച് നമുക്ക് ഉപയോഗിക്കാനും അനുഭവിക്കാനും സൗകര്യവും സ്വാതന്ത്ര്യവുമുള്ള കാര്യങ്ങള്‍, നമ്മുടെ ആവശ്യങ്ങള്‍ മാറ്റിവെക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്ത്, മറ്റുള്ളവര്‍ക്കനുഭവിക്കാന്‍ നല്കുന്നതാണ് ത്യാഗമനസ്ഥിതി. ഇത്തരം ഒരു ആശയം ഉൾക്കൊളളുന്നതിനാലാണ് ഹിജ്‌റക്ക് പ്രസക്തിയില്ലാത്ത ഈ കാലത്തും ഈ ത്യാഗചിന്തക്ക് പ്രസക്തിയുണ്ടായിരിക്കുന്നത്. ഈ ത്യാഗചിന്ത സജീവമായിരിക്കുന്ന കാലത്തോളം, വെടിയാനുള്ള താല്പര്യവുമുണ്ടാവും.



ത്യാഗം എന്ന അർഥത്തിൽ വെടിയേണ്ടത് ഏതാണ് എന്നതില്‍ പ്രധാനം വിലക്കപ്പെട്ടവക്കുതന്നെ. ഈ ആശയങ്ങൾ രണ്ടും അഥവാ ഹിജ്റ ത്യാഗമാണ് എന്നും ത്യാഗം ചെയ്യേണ്ടത് വിലക്കപ്പെട്ട ഇഛകളെ ആണ് എന്നും സമുദായത്തിൽ നിലനിൽക്കണം എന്ന് നബി(സ) ആഗ്രഹിക്കുകയുണ്ടായി. ആരാണ് മുഹാജിര്‍ എന്ന് നബി(സ)യോട് ഒരിക്കൽ ഒരാൾ ചോദിക്കുകയുണ്ടായി. ഹിജ്‌റ പോയവന്‍ എന്നേ ആ വാക്കിന് അര്‍ഥമുള്ളൂ. എന്നിരുന്നാലും നബി(സ) അതിന് നല്കിയ മറുപടി ഹിജ്‌റയുടെ ആത്മാവ് എക്കാലത്തും സൂക്ഷിക്കാന്‍ ഉപയുക്തമായ രൂപത്തിലാണ്. നബി(സ) പറഞ്ഞു: അല്ലാഹു വിലക്കിയത് വെടിയുന്നവനാണ് മുഹാജിര്‍ എന്ന്. വെടിയാനുള്ള ആഗ്രഹത്തോടെ ത്യാഗചിന്ത അതിന്റെ മൂര്‍ത്തഭാവം പ്രാപിക്കുമ്പോഴാണ് ഹിജ്‌റയുടെ സമര്‍പ്പണമെന്ന സന്ദേശം അന്വര്‍ഥമാകുന്നത്. വെടിയേണ്ടതൊക്കെ മാറ്റിവെച്ചശേഷം, ജീവിതത്തില്‍ നന്മ കുറച്ചേയുള്ളൂവെങ്കിലും അതാര്‍ക്കു മുമ്പിലും സമര്‍പ്പിക്കാം. എന്നാല്‍ വെടിയേണ്ടവയുടെ സാന്നിധ്യത്തില്‍ നന്മകളുടെ തിളക്കം കുറയും. അതിന്റെ തണലില്‍ വളരുന്നത് തിന്മകളായിരിക്കും. കൃഷിക്ക് നല്കുന്ന വളവും വെള്ളവും ഉപയോഗിച്ച് കള വളരുന്നത് പോലെ. ഈ ആശയമാണ് ഖുർആൻ ഇങ്ങനെ അവതരിപ്പിക്കുന്നത്: ഹിജ്‌റയിലൂടെ അല്ലാഹുവിന്റെ ആദര്‍ശത്തെ അവന്‍ ഉന്നതമാക്കി. സത്യനിഷേധിയുടെ ആദര്‍ശമാകട്ടെ അവന്‍ തരംതാഴ്ത്തുകയും ചെയ്തു.(9:40)



ഒരു സംസ്കാരത്തെ സ്ഥാപിച്ചെടുക്കുവാനുള്ള ഒരു ശാസ്ത്രീയമായ വഴിയാണ് ഹിജ്റ എന്നത് ഹിജ്റ ലോകത്തിന് പഠിപ്പിച്ച ഒരു സത്യവും തത്വവുമാണ്. പിന്നീട് ലോകം ഈ വസ്തുത അംഗീകരിക്കുകയായിരുന്നു. ലോകത്ത് പിടിച്ചുനിന്ന എല്ലാ നാഗരികതകളും വളര്‍ന്നുവന്നിട്ടുള്ളത് പലായനത്തിലൂടെയാണ്. ഒരു ജനവിഭാഗം അവരുടെ ജന്മനാട്ടില്‍ നിന്ന് പലായനം ചെയ്യാതെ മെച്ചപ്പെട്ട ഒരു നാഗരികതക്ക് ജന്മം നല്‍കിയതായോ, ഉന്നതമായ സംസ്‌കാരവും നാഗരികതയും സൃഷ്ടിച്ചെടുത്തതായോ ചരിത്രത്തില്‍ കാണാനാകില്ല. അപരിഷ്‌കൃതരായ ജനവിഭാഗങ്ങള്‍ പരിഷ്കൃതരാകുന്നതും അവരുടെ പലായനം വഴിയോ അവരിലേക്കുള്ള മറ്റുള്ളവരുടെ പലായനം വഴിയോ ആണ്.



സുമേറിയൻ ചരിത്രത്തിലെ പലായനത്തിന്റെ സ്വാധീനം മുതൽ കാസ്പിയൻ കടൽ തീരത്തു നിന്ന് ഖൈബർ ചുരം കടന്ന് സിന്ധിലെത്തി തമ്പടിച്ചു വളർന്ന സിന്ധു നദീതട സംസ്കാരത്തിനു വരെ പറയാനുളളത് പലായനത്തിന്റെ കഥ തന്നെയാണ്. ഇസ്‌ലാമിക ചരിത്രത്തില്‍, പല പ്രവാചകന്മാരുടെയും ജീവിതത്തില്‍ പലായനത്തിന് സ്ഥാനമുണ്ട്. ഇവയിൽ യൂനുസ്, ഇബാഹിം, മൂസാ നബി (അ) തുടങ്ങിയവരുടെ പലായന ചരിത്രങ്ങൾ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ പറഞ്ഞിട്ടുണ്ട്. അബ്സീനിയ ഹിജ്റ, മദീനാ ഹിജ്റ എന്നിവ നബിയുടെ കാലത്തുണ്ടായ ഉദാഹരണങ്ങളാണ്. നബിയുടെ കാലശേഷം ഇസ്‌ലാമിക ലോകത്തുണ്ടായിട്ടുള്ള പലായനങ്ങളുടെ ചരിത്രങ്ങൾ നിരവധിയാണ്. സ്‌പെയിനിലെ ലോകോത്തരമായ സംസ്‌കാരവും നാഗരികതയും കെട്ടിപ്പടുക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചത് പലായനത്തിലൂടെയാണ്. ഉമവി ഭരണാധികാരിയായിരുന്ന അബ്ദുര്‍റഹ്മാന്‍ ദാഖില്‍ സ്‌പെയിനിലേക്ക് പലായനം ചെയ്‌തെത്തിയതിന്റെ ഫലമായിരുന്നു മഹത്തായ മുസ്‌ലിം സ്‌പെയിന്‍. ഇവയുടെ കൂട്ടത്തിൽ ഏറ്റവും അർഥ - ആശയ പൂർണ്ണത ഉളളത് ചരിത്രത്തിലെ ഏറ്റവും മഹത്തായ പലായനമായ നബി(സ) യുടെ മദീനാ ഹിജ്റ തന്നെയാണ്. കാരണം താൽകാലികമായിരുന്നില്ല അത്. മദീനയെ നബി(സ) ജീവിതത്തിലേക്ക് സമ്പൂർണ്ണമായി ആവാഹിക്കുകയായിരുന്നു.



മക്ക ജയിച്ചടക്കിയാല്‍ താങ്കള്‍ അവിടേക്ക് തിരിച്ചുപോകുമോ? എന്ന് മദീനക്കാര്‍ നബിയോട് ഒരിക്കൽ ചോദിച്ചിരുന്നു. എന്റെ ജീവിതവും മരണവും നിങ്ങളോടൊത്തായിരിക്കുമെന്നാണ് നബി അവരോട് മറുപടി പറഞ്ഞത്. അതാണ് മദീനാ ഹിജ്റ വെറുമൊരു യാത്രയല്ല എന്ന് പറയുന്നതിന്റെ അർഥം.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso