Thoughts & Arts
Image

കാലത്തിന്റെ കണക്കു നോട്ടം

28-07-2022

Web Design

15 Comments






ഇമാം ശാഫിഈ(റ) പറയുന്നു: ആത്മജ്ഞാനികളോടു കൂടെയുളള എന്റെ സഹവാസത്തില്‍ രണ്ടു കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാനിടയായി. ആദ്യത്തേത്, സമയം വാളാകുന്നു. നാമതിനെ മുറിച്ചില്ലെങ്കില്‍ അത് നമ്മെ മുറിക്കും. രണ്ടാമത്തേത്, ശരീരത്തെ നന്മയുമായി സഹവസിപ്പിച്ചില്ലെങ്കില്‍ ശരീരം നമ്മെ തിന്മയുടെ കൂട്ടുകാരനാക്കും. മനുഷ്യജീവിതത്തില്‍ സമയത്തിന്റെ വില എത്രയെന്ന് ബോധ്യപ്പെട്ടവരായിരുന്നു ഇവര്‍. ഒന്നുകൂടി ഈ യാഥാർഥ്യത്തെ ചേർത്തുപിടിക്കാൻ സമയത്തെ കുറിച്ച് ഹസനുല്‍ ബസരി(റ) പറയുന്നത് ഏറെ സഹായകമാണ്. അദ്ദേഹം പറയുന്നു: ഹേ മനുഷ്യാ.. നീ തന്നെയാണ് കാലം, നിന്റെ ഒരു ദിവസം കഴിഞ്ഞു എന്നതിന്റെ അര്‍ഥം നിന്റെ ആത്മാവില്‍ നിന്ന് ഒരു കഷണം മുറിഞ്ഞുപോയി എന്നാണ്. സമ്പത്തിന് കൊടുക്കുന്ന പ്രാധാന്യത്തേക്കാള്‍ സമയത്തിന് വില കല്‍പ്പിക്കുന്ന സമൂഹങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്.
ഇമാം അബൂഹനീഫയുടെ(റ) പാഠശാലയില്‍ നീണ്ട 29 വര്‍ഷം അറിവന്വേഷണത്തിനു വേണ്ടി ജീവിതം മാറ്റിവെച്ച ഖാളി അബൂയൂസുഫ്(റ)ന്റെ ജീവിതം ഏറെ മാതൃകാപരമാണ്. സ്വന്തം മകന്റെ മരണദിവസം പോലും അബൂഹനീഫ(റ)യുടെ ദര്‍സ് ഒഴിവാക്കാന്‍ മഹാന്‍ ഒരുക്കമായിരുന്നില്ല. മകന്റെ ജനാസ കുടുംബങ്ങളെയും അയല്‍വാസികളെയും ഏല്‍പിച്ച് പള്ളിയിലേക്ക് കൊണ്ടുവരാന്‍ പറയുകയായിരുന്നു അദ്ദേഹം. ഇമാം അബൂഹനീഫ(റ)യുടെ തന്നെ മറ്റൊരു ശിഷ്യനാണ് മുഹമ്മദുബ്നു ഹസനുശൈബാനി(റ). പ്രമുഖ ഹദീസ് പണ്ഡിതനും മുജ്തഹിദുമായിരുന്ന ഹസനുശൈബാനി(റ) പതിറ്റാണ്ടുകളോളം രാത്രി ഉറങ്ങിയിരുന്നില്ലെന്നും ക്ഷീണം കലശലായാല്‍ കുറഞ്ഞ സമയം ഇരുന്ന് ഉറങ്ങി അത് പരിഹരിക്കുമെന്നും ചരിത്രത്തിലുണ്ട്.



മുഹമ്മദുബ്നു സലാമുല്‍ ബീകന്‍ദി(മരണം ഹി.227) ഇമാം ബുഖാരിയുടെ(റ) ഗുരുവര്യരില്‍ ഒരാളാണ്. മഹാന്റെ ജീവിതത്തിലെ ഒരനുഭവമിതാണ്. ഗുരുവിനെ കേട്ടുകൊണ്ടിരിക്കേ പേനയിലെ മഷി തീര്‍ന്നു. മഷി നിറക്കാന്‍ പുറത്തുപോയാല്‍ അത്രയും നേരത്തെ ക്ലാസ് നഷ്ടപ്പെട്ടു പോകുമല്ലോ എന്ന ആധി കാരണം ഇമാം ബുഖാരി വിളിച്ചുചോദിച്ചു: ഒരു ദീനാറിന് ആരാണ് എനിക്കൊരു പേന തരിക? ചോദ്യം കേട്ടയുടനെ നിരവധി പേര്‍ പേന നീട്ടി. ഒരു പേന ലഭിക്കാന്‍ ഒരു ദീനാറൊന്നും ചെലവഴിക്കേണ്ടതില്ല. പക്ഷേ സമയത്തിനു മുന്നില്‍ സമ്പത്ത് ഒരു പ്രശ്നമായിരുന്നില്ല. കഴിഞ്ഞുപോകുന്ന ഓരോ നിമിഷവും സത്കര്‍മങ്ങളിലാണ് താന്‍ ചെലവഴിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു.
ആയുസ്സ് വളരെ കുറവാണ്. ആര്‍ജിച്ചെടുക്കേണ്ട അറിവോ ധാരാളവും. ജീവിതകാലം മുഴുക്കെ ജ്ഞാനപ്രസരണത്തിലും ഗ്രന്ഥരചനയിലുമായി സമയം ചെലവഴിച്ച ഇബ്നു ജരീറുത്വബരി(റ) മരണക്കിടക്കയില്‍ പോലും ഗ്രന്ഥരചനയിലേര്‍പ്പെട്ടു. ഇബ്‌നു മസ്ഊദ് (റ) ഒരിക്കല്‍ പറഞ്ഞു : ഒരു കാര്യത്തെപ്പറ്റിയും ഞാന്‍ ദുഃഖിച്ചിട്ടില്ല. എന്റെ ദുഃഖം... സൂര്യന്‍ അസ്തമിച്ചിരിക്കുന്നു എന്റെ അവധി അവസാനിച്ചിരിക്കുന്നു..... ഇന്നേദിവസം ഇനി കൂടുതലായി ഒന്നും ചെയ്യാന്‍ എനിക്ക് സാധിക്കുകയില്ല എന്നതാണ്. ഒരു ദിവസം കഴിഞ്ഞാല്‍ മുന്‍ഗാമികള്‍ക്ക് ഉണ്ടായിരുന്ന ദുഃഖം പ്രസ്തുത സംഭവത്തിലൂടെ മനസിലാക്കാം.



മുസ്ലിം ലോകത്തെ പ്രസിദ്ധനായ ഭരണാധികാരിയായിരുന്നു അബ്ബാസി ഖലീഫ അബൂജഅ്ഫറുല്‍ മന്‍സൂര്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെയടുത്ത് ഒരാള്‍ വന്നു. രാജാവിന്റെ മുമ്പില്‍ തന്റെ രണ്ട് സിദ്ധികള്‍ പ്രകടിപ്പിക്കുക എന്നതായിരുന്നു അയാളുടെ ഉദ്ദേശ്യം. ഇരുപത് പാത്രങ്ങള്‍ ഒരേസമയം നിലത്ത് വീഴാതെ വായുവില്‍ എറിഞ്ഞു കളിക്കലായിരുന്നു ഒന്ന്. ആദ്യ പ്രകടനം കണ്ടപ്പോള്‍ തന്നെ കൊട്ടാരവാസികള്‍ അത്ഭുതസ്തബ്ദരായി. രണ്ടാമതായി അയാള്‍ ഒരു സൂചി നിലത്തിട്ടു. ശേഷം മറ്റൊരു സൂചിയെടുത്ത് ആദ്യത്തേതിന്റെ മുനയില്‍ തന്നെ എറിഞ്ഞുകൊള്ളിച്ചു. അങ്ങനെ നൂറ് സൂചികള്‍. ഒന്നു പോലും ഉന്നം തെറ്റിയില്ല. പ്രകടനം കണ്ട് ഓരോരുത്തരും തരിച്ചിരിക്കുകയാണ്. ഉടനെ വന്നു രാജാവിന്റെ പ്രഖ്യാപനം. ഇയാള്‍ക്ക് 1000 ദിര്‍ഹം സമ്മാനമായി നല്‍കുക. 100 ചാട്ടവാറടിയും കൊടുക്കുക. രണ്ടാമത്തെ സമ്മാനത്തിന്റെ സാംഗത്യം സദസിന് മനസ്സിലായില്ല. രാജാവ് പറഞ്ഞു: ഒരുപാട് കാലത്തെ പരിശീലനത്തിനും പരിശ്രമത്തിനുമൊടുവില്‍ ഇയാള്‍ നേടിയെടുത്ത കഴിവിനുളള സമ്മാനമാണ് 1000 ദിര്‍ഹം. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്ത ഒരു ശേഷി നേടിയെടുക്കാന്‍ ഒരുപാട് സമയം ദുര്‍വിനിയോഗം ചെയ്തു. ഇത് പ്രകടിപ്പിക്കുന്നതിലൂടെ മറ്റു പല നല്ല കാര്യങ്ങളിലും ചെലവഴിക്കേണ്ട സമയം ദുര്‍വിനിയോഗം ചെയ്യപ്പെടുന്നു. ഇതിനാണ് രണ്ടാമത്തെ സമ്മാനം. സദസ്സിന് കാര്യം ബോധ്യമായി.



മനുഷ്യ ജീവിതത്തിൽ എന്ത് ഉണ്ടാവാനും ഉണ്ടാക്കാനും ആദ്യം വേണ്ടത് സമയമാണ്, അതിനാൽ സമയമാണ് മനുഷ്യ ജീവിതത്തിന്റെ ഏറ്റവും അമൂല്യമായ സമ്പാദ്യം. ജീവിതം എന്ന സമയമുണ്ടെങ്കിലേ ഏത് ചിത്രവും ഏത് ചിത്രത്തിന് ഏത് നിറവും നൽകുവാൻ കഴിയൂ. ഈ വസ്തുതക്കു മുമ്പിൽ വീണ്ടും ചിന്തകളിലേക്ക് ഊളിയിടുമ്പോൾ നമ്മുടെ അന്വേഷണം എങ്ങനെ കൂടുതൽ സമയം ലഭിക്കും, എങ്ങനെ കൂടുതൽ കാലം ജീവിക്കാം എന്നതൊക്കെയാകും. ഈ ചോദ്യത്തിന് ആർക്കും ഉത്തരം പറയാനാകില്ല. കാരണം അത് അസാധ്യമാണ്. എന്ത് പകരം കൊടുത്തും എത്ര വില കൊടുത്തും വാങ്ങാൻ കഴിയാത്തതാണ് മനുഷ്യന്റെ ആയുസ്. അങ്ങനെയൊന്ന് സാധ്യമായിരുന്നു എങ്കിൽ ഇന്നത്തെ ലോകത്തെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് ആയുസിന്റേതാകുമായിരുന്നു. ആയുസിന്റെ ദൈർഘ്യം നമുക്ക് കൂട്ടുവാനോ കുറക്കുവാനോ കഴിയാത്തതാണ് എന്ന് തിരിച്ചറിയുമ്പോൾ പിന്നെ ബുദ്ധി ഉപദേശിക്കും, കിട്ടാത്ത സമയത്തിനു വേണ്ടി കാത്തിരിക്കുന്നതിനേക്കാൾ നല്ലത് കിട്ടിയ സമയമാകുന്ന ജീവിതത്തെ ഫലപ്രദമായി ഉപയോഗിക്കുകയാണ് എന്നത്.



ഉളളതിനെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുക എന്ന തത്വം നമ്മുടെ കാലത്ത് ഒരു ശാസ്ത്രമായിത്തന്നെ വളർന്നിട്ടുണ്ട്. സമയത്തിന്റെ കാര്യത്തിൽ ടൈം മാനേജ്മെന്റ് അഥവാ സമയ ക്രമീകരണം എന്നാണ് അത് വ്യവഹരിക്കപ്പെടുന്നത്. ഒരു ജോലിയും ഇല്ലാത്തവര്‍ പോലും ഒന്നിനും സമയമില്ല എന്ന് പരാതി പറയുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. സമയമില്ല എന്ന ഒഴിവുകഴിവ് പറഞ്ഞാണ് പലരും കൃത്യനിര്‍വഹണത്തിലുള്ള വീഴ്ചകള്‍ നീതീകരിക്കാറുള്ളത്. ശാസ്ത്രസാങ്കേതികവിദ്യ മനുഷ്യന്റെ ജോലിഭാരം ലഘൂകരിക്കുകയും, സഞ്ചാരത്തിന്റെ വേഗത കൂട്ടുകയും ചെയ്തിട്ടും സമയം തികയാതെ വരുന്നത് സമയം ഇല്ലാത്തതു കൊണ്ടല്ല മറിച്ച് സമയത്തെ വ്യവസ്ഥാപിതമായി വിനിയോഗിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ക്ലോക്കിന്റെ സൂചിയെ പിടിച്ചു വെക്കാമെന്നല്ലാതെ മാനേജ് ചെയ്യാന്‍ സാധിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒഴുകിക്കൊണ്ടിരിക്കുന്ന ആപേക്ഷികമായ സമയത്തെ നിയന്ത്രിക്കുകയോ, നമ്മുടെ കൈവെള്ളയിലൊതുക്കുകയോ സാധ്യമല്ല. പകരം നമ്മുടെ പ്രവര്‍ത്തിയിലും ജീവിത ശൈലിയിലും സമീപനങ്ങളിലും മാറ്റങ്ങള്‍ വരുത്തി സമയബന്ധിതമായി ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ നാം പ്രാപ്തരാവുക എന്നതാണ് മുഖ്യം. അതുവഴി നമ്മുടെ പ്രയത്‌നങ്ങള്‍ക്ക് അനുസൃതമായ പ്രതിഫലവും, സംതൃപ്തിയും ലഭിക്കും.



മഹാനായ ഹസനുല്‍ ബസ്വരി(റ) ഈ തത്വം പറയുന്നത് ഇങ്ങനെ: ദുനിയാവ് മൂന്ന് ഘട്ടങ്ങളാകുന്നു. ഒന്ന്, ഭൂതകാലം. അത് അതിലുള്ളതുമായി കടന്നുപോയി. രണ്ട്, ഭാവികാലം. അത് നിനക്ക് കിട്ടിയെന്നുവരില്ല. മൂന്ന്, വര്‍ത്തമാനകാലം. അതില്‍ നീ പ്രവര്‍ത്തിക്കുക, സുകൃതങ്ങളെ കൊണ്ട് മനോഹരമാക്കുക, ജീവിത പുരോഗതി വര്‍ദ്ധിപ്പിക്കുക. കയ്യിലുള്ള വർത്തമാന കാലത്തെ ഫലപ്രദമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്തുക എന്നതാണ് മഹാനവർകൾ പറയുന്ന ആശയം. വർത്തമാന കാലത്തെ ഉപയോഗപ്പെടുത്തുക എന്നു പറയുമ്പോൾ ഭാവി - ഭൂത കാലങ്ങൾ തീരെ പരിഗണിക്കേണ്ടതില്ല എന്നും വെറും വർത്തമാന കാലത്തെ ശ്രദ്ധിച്ചാൽ മതി എന്നുമല്ല അതിനർഥം. കാരണം വർത്തമാന കാലം തൊട്ടപ്പുറത്തും ഇപ്പുറത്തുള്ള കാലങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അവ രണ്ടിനും നേരെ കണ്ണടച്ച് വർത്തമാന കാലത്തെ മാത്രം ശ്രദ്ധിച്ചാൽ അത് പരിപൂർണ്ണമാവില്ല. ആധുനിക ടൈം മാനേജ്മെന്റിന്റെ ആശയങ്ങൾ ഇസ്ലാമിക ചിന്തയുമായി ഒരൽപം അകലുന്നത് ഇവിടെയാണ്.



ആധുനിക ടൈം മാനേജ്മെന്റ് പ്രധാനമായും വലം വെക്കുന്നത് വർത്തമാന കാലത്തിന് പ്രയോറിറ്റി നിശ്ചയിച്ചു കൊണ്ടാണ്. എന്നാൽ ഇസ്ലാമിക ചിന്ത ഭാവി കാലത്തിന്റെ പ്രതീക്ഷകൾ നിശ്ചയിച്ച് ഭൂത കാലത്തിന്റെ അനുഭവങ്ങൾ വിലയിരുത്തി വേണം വർത്തമാന കാലത്തെ സജ്ജമാക്കുവാൻ എന്നാണ്. ഇതോടെ കാലത്തിന്റെ ദൗത്യങ്ങൾ മൂന്നായി മാറുന്നു. ഒന്നാമത്തേത് ഭാവി കാലമാണ്. ഭാവി കാലത്തിന് വേണ്ടിയാണ് നാം മാനേജ്മെന്റ് ചെയ്യുന്നത്. അഥവാ ഭാവിയുടെ സുരക്ഷിതത്വമാണ് ലക്ഷ്യം. ഇതൊരു പ്രധാന സംഗതി തന്നെയാണ്. കാരണം ചിലർ ഈ ലക്ഷ്യത്തിൽ പിഴച്ചു പോകാറുണ്ട്. അത്തരക്കാർക്ക് ലക്ഷ്യം വർത്തമാന കാലത്തിന്റെ വെറും നൈമിഷികമായ സുഖങ്ങളായിരിക്കും. താൽകാലികമായ സുഖം, കാര്യസാധ്യം തുടങ്ങിയവ മാത്രം ലക്ഷ്യം വെക്കുന്ന ഇത്തരക്കാർ വെറും വികാര ജീവികളായിരിക്കും.



രണ്ടാമത്തേത് നേരെ എതിർ ദിശയിലുള്ള ഭൂതകാലമാണ്. ഭൂതകാലം അനുഭവമാണ്. അനുഭവങ്ങളാണെങ്കിലോ അധ്യായങ്ങളുമാണ്. അഥവാ കഴിഞ്ഞ കാലം നമുക്കു തന്ന അനുഭവങ്ങൾ പരിശോധിച്ച് അവയിൽ വിജയപ്രദമായിരുന്നത്, അല്ലാത്തത്, കൂട്ടത്തിൽ ഏറ്റവും നല്ലത്, കൂട്ടത്തിൽ ഏറ്റവും മോശപ്പെട്ടത് തുടങ്ങിയ വർഗ്ഗീകരണങ്ങൾ നടത്തി അതനുസരിച്ചു വേണം ഭാവിക്കു വേണ്ട പദ്ധതികൾ ആവിഷ്കരിക്കുവാൻ. മൂന്നാമത്തേതും വളരെ പ്രധാനപ്പെട്ടതും വർത്തമാന കാലമാണ്. വർത്തമാന കാലമാണ് ചിത്രം വരക്കാനുള്ള ചുമർ. തന്നെത്തന്നെ വരച്ചെടുക്കേണ്ടത് ഈ ചുമരിലാണ്. വർത്തമാന കാലത്തെ ശുദ്ധീകരിക്കുക വഴി ഭൂത-ഭാവി കാലങ്ങളെ കൂടി ശുദ്ധീകരിച്ചെടുക്കാൻ നമുക്ക് കഴിയും. കാരണം ഈ ഘട്ടം വഴി ശുദ്ധീകരിക്കപ്പെട്ട് കടന്നു പോയിട്ടാണ് കാലങ്ങൾ വിവിധ ഖണ്ഡങ്ങളായിത്തീരുന്നത്.



കാലങ്ങളെ ഈ വിധം ശുദ്ധീകരിച്ചെടുക്കുവാൻ ഏറ്റവും സുഖവും സൗകര്യവുമുള്ളത് സത്യവിശ്വാസികളായ മുസ്ലിംകൾക്കാണ്. കാരണം ഇസ്‌ലാം നിഷ്കർഷിക്കുന്ന ആരാധനാ കർമ്മങ്ങൾ അങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു സത്യ വിശ്വാസി ഒരു ദിനത്തിൽ തന്നെ അഞ്ചു നേരം നിസ്കരിക്കുന്നത് ഒരു ഉദാഹരണം. ശുദ്ധജലവാഹിയായ ഒരരുവിയിൽ നിന്ന് ദിവസം അഞ്ചു നേരം കുളിക്കുന്ന ഒരാളിൽ ഒരു മാലിന്യവും അവശേഷിക്കില്ല എന്നാണ് നബി(സ്വ) പഠിപ്പിച്ചത്. എല്ലാ തിൻമകളെയും നീചത്വങ്ങളെയും നിസ്കാരം തടയുന്നു എന്ന് അല്ലാഹു തന്നെ പ്രസ്താവിച്ചിട്ടുള്ളതാണ്. ഒരു ദിവസത്തിൽ കൃത്യമായ സമയക്രമം പാലിച്ചു കൊണ്ട് ഒരാൾ അഞ്ചു നേരം നിസ്കരിക്കുന്നുവെങ്കിൽ അയാളിൽ ആത്മീയതയുടെ നനവു വറ്റുകയോ അത് ഉണങ്ങിപ്പോവുകയോ ചെയ്യില്ല എന്നത് ആർക്കും ആലോചിച്ചാൽ അറിയാവുന്ന കാര്യമാണ്. അടിസ്ഥാന വിശുദ്ധി ഇങ്ങനെ നേടുമ്പോൾ ഇതേ നിസ്കാരങ്ങളിൽ ചിലത് കൂടുതൽ ആത്മീയ നിർവൃതിയും മാനസിക വിശുദ്ധിയും നേടിത്തരിക കൂടി ചെയ്യുന്നുണ്ട്. വിവിധ സുന്നത്തു നിസ്കാരങ്ങൾ, രാത്രി നിസ്കാരങ്ങൾ, ജമാഅത്ത് നിസ്കാരങ്ങൾ തുടങ്ങിയവ ഉദാഹരണം. പ്രതിഫലേഛയോടും ആത്മാർഥതയോടും ഒരു ദിവസത്തിൽ അഞ്ചു നേരം നിസ്കരിക്കുവാൻ തയ്യാറാകുന്ന വ്യക്തി വലിയ ജീവിത താളപ്പിഴകളിൽ വീഴുക എന്നത് അവിശ്വസനീയമായ കാര്യമാണ്.



ഇത് നിസ്കാരത്തിന്റെ മാത്രം കാര്യം. അഞ്ചു നേരങ്ങളിലായോ പ്രത്യേകം നിശ്ചയിക്കപ്പെട്ട സമയങ്ങളിലായോ ഈ നിസ്കാരങ്ങൾ നിർവ്വഹിക്കപ്പെടുമ്പോൾ ഒരു വിശ്വാസിയുടെ ജീവിതമാകുന്ന സമയത്തെയാണ് അത് ശുദ്ധീകരിക്കുന്നത്. അതിനോടൊപ്പം റമളാൻ നോമ്പ്, സുന്നത്ത് നോമ്പുകൾ, സക്കാത്ത്, ദാനധർമ്മങ്ങൾ, ഹജ്ജ്, ഉംറ തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിലെ ഓരോ ആരാധനകൾ അതിന്റെ നിശ്ചിത സമയങ്ങളിൽ നിർവ്വഹിക്കപ്പെടുമ്പോൾ അവയും മനുഷ്യന്റെ സമയത്തെ തന്നെയാണ് സ്ഫുടം ചെയ്തെടുക്കുന്നത്. സത്യവിശ്വാസി അങ്ങനെയാണ്. അവന്റെ ജീവിതത്തെ സ്ഫുടം ചെയ്തെടുക്കുവാൻ അവന് ഇസ്ലാം തന്നെ മതി. അത് ഒരു ഭാഗത്ത് ഇസ്ലാമിന്റെ സമ്പൂർണ്ണതയും സമഗ്രതയുമാണ്. ഇങ്ങനെ ഒരു ഭാഗ്യം ആകാശച്ചുവട്ടിൽ സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല.










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso