Thoughts & Arts
Image

രാഷ്ട്രീയത്തിലെ തങ്ങൾ സാന്നിദ്ധ്യം

03-08-2022

Web Design

15 Comments






ഇസ്ലാം മനുഷ്യജീവിതത്തിൻ്റെ നിഖില മേഖലകളും സ്പർശിക്കുന്ന മതമാണ്. അതിൽ മതം - രാഷ്ട്രീയം എന്ന വകതിരിവില്ല. തന്നെയുമല്ല, തൻ്റെ പൊതു പ്രവർത്തനം മതത്തിൻ്റെ പരിധിയിൽ വരുമ്പോഴാണ് ഒരു മൂല്യാധിഷ്ഠിത രാഷ്ട്രീയക്കാരൻ ഉയർന്നു വരികയുള്ളു. രാഷ്ട്രീയം എന്നാൽ രാഷ്ട്ര സംബന്ധമായത് എന്നാണല്ലോ. മദീന ആസ്ഥാനമായി ഇസ്ലാമിക രാഷ്ട്രത്തിന് ശിലയിട്ട പ്രവാചക തിരുമേനി(സ്വ) തന്നെയാണ് ഇവിടെയും നമ്മുടെ മാതൃക. നല്ല ഭരണാധികാരി എന്നതിനോടൊപ്പം നല്ല രാഷ്ട്രീയക്കാരൻ കൂടിയായിരുന്നു നബി തിരുമേനി. പ്രവാചക ജീവിതത്തെപഠിച്ച വരെല്ലാം അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനേയും പരിചയപ്പെടുത്തുന്നുണ്ട്. ചുരുക്കത്തിൽ ഒരു സത്യവിശ്വാസിക്ക് രാഷ്ട്രീയം അന്യമല്ലെന്ന് സാരം. ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ സ്ഥാപക പ്രസിഡൻ്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, ഖാഇദുൽ ഖൗം സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, പാണക്കാട് സയ്യിദ് പി.എം.എസ്സ്.എ.പൂക്കോയ തങ്ങൾ മുതലായ മുസ്ലിം ലീഗിൻ്റെ മുൻ കാല നേതാക്കൾ രാഷ്ട്രീയ പ്രവർത്തനം മതത്തിൻ്റെ ഭാഗമായി കണ്ടവരായിരുന്നു. ഖാഇദെ മില്ലത്തിൻ്റെ പ്രസംഗം തന്നെ "ഇന്നസ്വലാത്തീ- ....." എന്ന വിശുദ്ധ വചനം ഓർമ്മപ്പെടുത്തിയായിരുന്നു. അതു കൊണ്ട് തന്നെ ഇവർക്ക്‌ മതവും രാഷ്ട്രീയവും അതിൻ്റെ പവിത്രതയോടെ കൈകാര്യം ചെയ്യാനും സാധിച്ചു. ഇതേ സരണിയിൽ തന്നെയാണ് സ്മര്യപുരുഷൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളും മതരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും നിറസാന്നിദ്ധ്യമറിയിച്ചത്. ഹൈദറലി തങ്ങളുടെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിന് മുമ്പ് ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അതിന്റെ ഇന്നലെകൾ കൂടി അൽപം പരിശോധിക്കാം.



എ.ഡി. 988-ൽ തുർക്കി വംശജനായ മഹമൂദ് ഗസ്നി ഇന്ത്യ അക്രമിച്ചതോടുകൂടിയാണ് ഇന്ത്യയിൽ മുസ്ലിം ഭരണം ആരംഭിക്കുന്നത്. പിന്നീട് വിവിധ രാജ വംശങ്ങളിലൂടെ കൈമാറി വന്ന ഇന്ത്യയിലെ മുസ്ലിം ഭരണം 18-ാം നൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ അസ്തമയത്തോട് അടുത്തു. കച്ചവട താൽപര്യവുമായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാർ രാഷ്ട്രീയമായി ഇടപെടുകയും സാമ്രാജ്യത്വ വികസനത്തിനായി യുദ്ധത്തിറങ്ങുകയും ചെയ്തു. 1757 ജൂൺ 23-ന്ബംഗാളിലെ പ്ലാസി ഗ്രാമത്തിൽ വെച്ച് അവിടത്തെ ഭരണാധികാരി നവാബ് സിറാജുദ്ദൗലയെ പരാജയപ്പെടുത്തി ഇന്ത്യയിൽ ഇംഗ്ലീഷ് ഭരണത്തിന് അവർ ശിലയിട്ടു. ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വമോഹത്തിന് വിലങ്ങുതടിയായി നിന്ന ടിപ്പു സുൽത്താ( 1752-1799 )നേയും മൈസൂർ ശ്രീരംഗപട്ടണം യുദ്ധത്തിൽ പരാജയപ്പെടുത്തിയതോടെ പാക്കിസ്താൻ ചരിത്രകാരനായ ഫസൽ അലി രേഖപ്പെടുത്തിയത് പോലെ ഇന്ത്യൻ പ്രതീക്ഷയുടെ അവസാന പ്രകാശകിരണവും പൊലിഞ്ഞു. മുസ്ലിം ഭരണാധികാരികളെ പരാജയപ്പെടുത്തി അധികാരം കൈയടക്കിയ ബ്രിട്ടീഷുകാർ മുസ്ലിംകളെ പ്രകോപിതരാക്കുന്ന നിരവധി കാര്യങ്ങൾ ചെയ്തു വന്നു. ഈ സന്ദർഭത്തിൽ അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ രണ്ടാമൻ്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ ഒരു ചെറുത്ത്നിൽപ്പ് നടത്തി. 1857-ൽ ഹിന്ദുക്കളും മുസ്‌ലിംകളും ഒറ്റക്കെട്ടായി നടത്തിയ ഈ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ഇന്ത്യയുടെ ഒന്നാം സോതന്ത്ര്യ സമരമായി ഗണിക്കപ്പെടുന്നു. പക്ഷെ ഈ സമരവും ബ്രിട്ടീഷുകാർ അതിനിഷ്ഠൂരമായി അടിച്ചമർത്തി. അതോടെ ദുർബലമായെങ്കിലും നിലനിന്നിരുന്ന മുഗൾ ഭരണവും അസ്തമിച്ചു. ഇന്ത്യ പൂർണമായും ബ്രിട്ടീഷ് ആധിപത്യത്തിൽ അമരുകയും ചെയ്തു.



മുസ്ലിംകളിൽ നിന്ന് ഇന്ത്യ മഹാരാജ്യത്തിൻ്റെ അധികാരം പിടിച്ചുവാങ്ങിയ ബ്രിട്ടീഷുകാർ അവരെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും തകർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. 800 വർഷം ഇന്ത്യ ഭരിച്ച മുസ്ലിംകൾക്കായിരുന്നു സ്വാഭാവികമായും സമൂഹത്തിൻ്റെ നാനാ മേഖലകളിലും ആധിപത്യം. രാഷ്ടീയമായും വിദ്യഭ്യാസപരമായും സാമ്പത്തികമായും അവർ ഉന്നതിയിലായിരുന്നു. അതേ അവസരത്തിൽ ഭൂരിപക്ഷ സമുദായം മുസ്ലിം ഭരണത്തിൽ സുരക്ഷിതരും സംതൃപ്തരുമായിരുന്നു താനും. ഇന്ത്യയിൽ മുസ് ലിം ഭരണം ആരംഭിക്കുമ്പോൾ രജപുത്രരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ജാതീയ ഉച്ഛനീചത്വങ്ങൾ കൊടികുത്തി വാഴുന്ന അക്കാലത്ത് സവർണ്ണരിൽ നിന്ന് കടുത്ത വിവേചനമാണ് താഴ്ന്ന ജാതിക്കാർക്ക് ഏൽക്കേണ്ടി വന്നത്. അവരെ ഭരണ കാര്യങ്ങളിൽ അടുപ്പിച്ചില്ലെന്ന് മാത്രമല്ല ഉയർന്ന ജാതിക്കാരെ അഭിമുഖീകരിക്കാനോ അവർ സംഗമിക്കുന്ന സ്ഥലത്ത് പങ്കെടുക്കാനോ മഹാഭൂരിപക്ഷം വരുന്ന കീഴാളവർഗ്ഗത്തിന് അവകാശമില്ലായിരുന്നു.



എന്നാൽ മുസ്ലിം ഭരണത്തിൽ ഈ പതിവുരീതിക്ക് മാറ്റം വന്നു. സവർണ്ണർ ക്കൊപ്പം അവർണവിഭാഗത്തിനും ഭരണത്തിൻ്റെ ഉയർന്ന തസ്തികകളിൽ എത്താനും ഭരണാധികാരികളെ കാണാനും അവസരമൊരുക്കി. ജാതി വ്യവസ്ഥയിൽ കീഴാള സ്ത്രീകൾക്ക് മാറ് മറക്കാൻ പോലും വിലക്കുണ്ടായിരുന്നു. മുസ്ലിം ഭരണത്തിൽ മാന്യമായ വസ്ത്രം ധരിക്കാൻ അവകാശം ലഭിച്ചു. ഇങ്ങനെ സവർണ്ണ ഹിന്ദു രാജാക്കൻമാരുടെ ഭരണത്തേക്കാൾ ഉയർന്ന ജീവിതരീതിയാണ് ഭൂരിപക്ഷം ഹിന്ദുക്കൾക്ക് അനുഭവപ്പെട്ടത്. അതിനാൽ മുസ്ലിംകളും ഹിന്ദുക്കളും പരസ്പരം സ്നേഹത്തിലും ഐക്യത്തിലുമാണ് മുസ്ലിം ഭരണകാലത്ത് കഴിഞ്ഞിരുന്നത്. ഈ മതമൈത്രിക്ക് കോട്ടം തട്ടുന്നത് ബ്രിട്ടീഷ് ആധിപത്യത്തോട് കൂടിയാണ്. 1857-ലെ ഒന്നാം സോതന്ത്ര്യസമരത്തിൽ ഹിന്ദുക്കളും മുസ്ലിംകളും ഒറ്റക്കെട്ടായി ബ്രിട്ടീഷ് രാജിനെതിരായി വെല്ലുവിളി ഉയർത്തിയപ്പോൾ ഹിന്ദു -മുസ്ലിം ഐക്യം തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് കണ്ട അവർ ഇവിടെ ഹിന്ദു -മുസ്ലിം വിദ്വേഷത്തിൻ്റെ അടങ്ങാത്ത വിഷവിത്ത് പാകാൻ തയ്യാറായി. പ്രബല സമുദായങ്ങൾക്കിടയിൽ അവിശ്വാസം ജനിപ്പിച്ച് കലാകാലം ഇവിടെ ഭരിക്കാമെന്ന മോഹം നടന്നില്ലെങ്കിലും ഈ ബ്രിട്ടീഷ് കുടിലതക്ക് രാജ്യം വലിയ വില നൽകേണ്ടി വന്നു. 1947-ൽ നാട് സ്വാതന്ത്ര്യമായെങ്കിലും ഹിന്ദു -മുസ്ലിം അനൈക്യത്തിൻ്റെ കെടുതികൾ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കയാണ്. ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്ന ഭയാനകമായ ഫാസിസ്റ്റ് ഭീഷണി
ഈ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിൻ്റെ ഉദ്പന്നമാണെന്ന് കാണാൻ സാധിക്കും.



ഭൂരിപക്ഷ സമുദായത്തെ വിശ്വാസത്തിലെടുത്തും മുസ്ലിംകളോട് ക്രൂരമായി പെരുമാറിയുമായിരുന്നു ബ്രിട്ടീഷ് ഭരണം. ഇംഗ്ലീഷുകാരും ഹിന്ദുക്കളും കൈകോർത്ത് അധികാരം കൈവശപ്പെടുത്തുമ്പോൾ മുസ്ലിംകളെ ഗവൺമെൻ്റ് തസ്തികകളിൽ നിന്നെല്ലാം ബോധപൂർവ്വം മാറ്റി നിർത്തപ്പെട്ടു. ഫലം വിദ്യഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും മുസ്ലിംകൾ പിന്നാക്കം പോയി. കൂട്ടത്തിൽ ആധുനിക പശ്ചാത്യ വിദ്യഭ്യാസത്തോടുള്ള അലർജി കൂടിയായപ്പോൾ സമുദായത്തിൻ്റെ ഒറ്റപ്പെടൽ പൂർണമായി.

എന്നാൽ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിന്ന് മാറിനിന്നും മാറ്റി നിർത്തി യുമുള്ള ഈ പോക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം മുസ്ലിംകൾ ചരിത്രത്തിൻ്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുമെന്ന് ഭയന്ന നേതാക്കൾ സമുദായത്തിൻ്റെ ഈ ദു:സ്ഥിതിക്ക് പരിഹാരമാർഗ്ഗങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. തങ്ങളുടെ അധികാരം കവർന്നെടുന്നവർ എന്ന നിലയിൽ ബ്രിട്ടീഷുകാരോടുള്ള ശത്രുത മാറ്റി വെച്ച് ഇംഗ്ലീഷ്‌വിദ്യഭ്യാസം നേടി ഗവൺമെൻ്റ് ഉദ്യാഗങ്ങൾ നേടാൻ സമുദായത്തെ പ്രാപ്തമാക്കുക, അങ്ങനെ ബ്രിട്ടീഷുകാരുടെ മുസ്ലിം വിദ്വേഷം ഇല്ലാതാക്കുക തുടങ്ങിയ പരിഹാരങ്ങളാണ് അവർക്ക് മുമ്പിൽ തെളിഞ്ഞുവന്നത്. സർ സയ്യിദ് അഹമ്മദ് ഖാനെപ്പോലെയുള്ള നവോത്ഥാന നായകരുടെ ഈ ആശയത്തിന് സമുദായത്തിൽ സ്വീകാര്യത ലഭിച്ചപ്പോൾ 1875-ൽ അലീഗറിൽ മുഹമ്മദൻ ആംഗ്ലോ ഓറിയൻറൽ കോളേജ് പിറവിയെടുത്തു. പിന്നീടത് ലോകപ്രസിദ്ധമായ അലിഗർ മുസ്ലിം യൂണിവേഴ്സിറ്റിയായി ഇത് ഉയർന്നു വന്നു.



മുസ്ലിം ഇന്ത്യയുടെ സമുദ്ധാരണത്തിന് നേതാക്കൾ കണ്ട രണ്ടാമത്തെ മാർഗ്ഗം അവർ രാഷ്ട്രീയമായി സംഘടിക്കുക എന്നതായിരുന്നു.1885-ൽ രൂപീകരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് അന്ന് ഇന്ത്യയിലെ ഏക രാഷ്ട്രീയ പാർട്ടി. എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ദേശീയ പ്രസ്ഥാനമാണ് കോൺഗ്രസ്സ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് തീർത്തും ഹിന്ദുക്കളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കാനുള്ളതാണെന്ന് മനസ്സിലാക്കിയ സർ സയ്യിദ് അഹമ്മദ് ഖാൻ മുസ്ലിംകൾക്ക് സ്വന്തമായൊരു രാഷ്ട്രീയ പ്രസ്ഥാനം ആവശ്യമാണെന്ന അഭിപ്രായത്തിലും എത്തിയിരുന്നു. എന്നാൽ തൻ്റെ സ്വപ്നം പൂവണിയുന്നതിന് മുമ്പ് 1898- മാർച്ച് 27-ന് അദ്ദേഹം അന്തരിച്ചു. ഇതിനിടക്ക് മുസ് ലിംകൾക്ക് സ്വന്തമായൊരു രാഷ്ട്രീയ വേദിയുടെ അനിവാര്യത ബോധ്യപ്പെടുത്തിയ രാഷ്ട്രീയ സഹചര്യം 1892-ൽ സർ സയ്യിദിന്റെ കാലത്ത് തന്നെ ഇന്ത്യയിൽ ഉരുത്തിരിഞ്ഞ് വന്നു. ഇന്ത്യൻ കൗൺസിൽ ആക്ട്, പ്രകാരം പ്രാതിനിധ്യ ഗവൺമെൻ്റ് രൂപീകരിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചതാണ് കാരണം. ഈ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മുസ്ലിം നേതാക്കളായ അഗാഖാൻ, മുഹ്സിനുൽ മുൽക്ക്, സയ്യിദ് അമീർ അലി മുതലായ നേതാക്കൾ വിഷയം ഗൗരവപൂർവ്വം ചർച്ച ചെയ്യുകയും ഇന്ത്യയിലെ മുസ്ലിംകൾക്ക് അവരുടേതായ ഒരു രാഷ്ട്രീയ പാർട്ടി വേണമെന്ന നിഗമനത്തിൽ എത്തുകയും ചെയ്തു.



ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകൾ രാഷ്ട്രീയമായി സംഘടിക്കാനുള്ള ആദ്യ കാൽവെപ്പ് നടത്തിയത് 1906-ഒക്ടോബർ ഒന്നിനാണ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നുമെത്തിയ പ്രഗൽഭ വ്യക്തിത്വങ്ങൾ അടങ്ങിയ 35-അം ഗ മുസ്ലിം സംഘം ഇന്ത്യ വൈസ്രോയി മിൻ്റോ പ്രഭുവിനെ കാണാൻ സിംലയിലെത്തി. നേരത്തെ സൂചിപ്പിച്ച ഇന്ത്യ കൗൺസിൽ ആക്ട് പ്രകാരമുള്ള ഭരണപരിഷ്കരണങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ ശ്രമമാരംഭിച്ച സന്ദർഭത്തിലായിരുന്നു ഈ കൂടിക്കാഴ്ച. ഗവൺമെൻറ് ഉദ്വോഗങ്ങൾ.ഡിസ്ട്രിക് ബോർഡ്, വൈസ്രോയിയുടെ ലെജിസ്ലേറ്റീവ് കൗൺസിൽ മുതലായ ഭരണരംഗങ്ങളിൽ മുസ്ലിംകൾക്കും പ്രാതിനിധ്യം വേണം, ഗവൺമെൻ്റ് നടപ്പിലാക്കുന്ന ഭരണപരിഷ്കാരങ്ങളിലും മറ്റു നയപരമായ തീരുമാനങ്ങളിലും മുസ്ലിം ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും മുന്തിയ പരിഗണന നൽകണമെന്നുമായിരുന്നു നേതാക്കളുടെ ആവശ്യം. ബ്രിട്ടീഷ് അധികാരികൾക്ക് സമർപ്പിച്ച ഈ പ്രഥമ നിവേദനം സിംല ഡെപ്യൂട്ടേഷൻ എന്ന പേരിൽ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയ ചരിത്രത്തിൽ ഇടം നേടിയതാണ്.



മുസ്ലിം ഇന്ത്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുവാൻ കേവലം ഒരു നിദേവനംകൊണ്ട് മാത്രം സാധ്യമല്ലെന്ന് കണ്ട മുസ്ലിം നേതാക്കൾ രാഷ്ട്രീയമായി സംഘടിക്കുക എന്ന തീരുമാനത്തിലെത്തുകയും അതിലേക്കുള്ള ഉറച്ച കാൽവെപ്പുകൾ നടത്തുകയും ചെയ്തു. ഇതിനിടയിൽ ഡാക്ക നവാബ് സലീമുല്ല ഖാൻ 1906- നവംബർ ഒമ്പതിന് നേതാക്കൾക്ക് കത്ത് അയച്ചു. മുസ്ലിം രാഷ്ടീയ സംഘടന രൂപീകരിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള ഈ കത്തിൻ്റെ അടിസ്ഥാനത്തിൽ ഇതേ വർഷം ഡിസംബർ 27-28-29 തിയ്യതികളിൽ ഡാക്കാ നവാബിൻ്റെ കൊട്ടാരത്തിൽ യോഗം ചേർന്ന് സർവ്വേന്ത്യാ മുസ്ലിം ലീഗ് എന്ന സംഘടനക്ക് രൂപം നൽകുകയും ചെയ്തു. ആഗാഖാൻ പ്രസിഡൻ്റും നവാബ് വഖാറുൽമുൽക്ക് ജനറൽ സെക്രട്ടറിയും മഹമൂദാബാദ് രാജ മുഹമ്മദലി ഖാൻ ട്രഷററുമായി പിറവിയെടുത്ത സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ പ്രഥമ കമ്മിറ്റിയിൽ നവാബ് മുഹ്‌സിനുൽ മുൽക്ക്, മൗലാനാ മുഹമ്മദലി, ഹഖീം അജ്മൽ ഖാൻ, നവാബ് സലീമുല്ല ഖാൻ, നവാബ് അലി ചൗധരി, അഫ്താബ് അഹമ്മദ് ഖാൻ, ജസ്റ്റിസ് ഷാദിൻ, മസ്ഹറുൽ ഹഖ്, റഫീഉദ്ദീൻ എന്നിവർ അംഗങ്ങളുമായിരുന്നു.



ഇന്ത്യൻ മുസ്ലിംകളുടെ പോരാട്ട വേദിയായി മാറുകയും പിൽക്കാലത്ത് രാജ്യത്തിൻ്റെ രാഷ്ടീയ ഭൂപടം തന്നെ മാറ്റി എഴുതുകയും ചെയ്ത സർവ്വേന്ത്യാ മുസ്ലിം ലീഗിൻ്റെ പ്രവർത്തനം ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങുന്നതായിരുന്നു. രൂപീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് മലബാർ ജില്ലാ കമ്മിറ്റി നിലവിൽ വന്നത് തന്നെ. അതിൻ്റെ മുമ്പ് തമിഴ്നാട്ടിലെയും മലബാറിലേയും ചുരുക്കം ചില കേന്ദ്രങ്ങളിൽ അതിൻ്റെ ശാഖ രൂപീകരിച്ചിരുന്നു. 1934-ലെ സെൻട്രൽ അസംബ്ലി (ഇന്നത്തെ പാർലമെൻ്റ് ) തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച അബ്ദുസത്താർ സേട്ട് സാഹിബാണ് മലബാറിൽ മുസ്ലിം ലീഗിനെ പരിചയ പ്പെടുത്തിയത്. എന്നാൽ ഇന്നത്തെപ്പോലെ ജനകീയമായിരുന്നില്ല ആദ്യകാലങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തനം. ഉന്നതകുല ജാതകരിലും സമ്പന്നരിലും മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നു അത്. ദേശീയ തലത്തിലും ഇതു തന്നെയായിരുന്നു അതിൻ്റെ അവസ്ഥ. അവിടത്തെ മുസ്ലിം രാജാക്കൻമാരുടെയും നവാബ്മാരുടേയും ഉയർന്ന വിദ്യഭ്യാസമുള്ളവരുടെയും ബാരിസ്റ്റർമാരുടെയും ഇടയിൽ മാത്രം അറിയപ്പെടുന്നതായിരുന്നു സർവേന്ത്യാ ലീഗ്.



മലബാർ ജില്ലാ മുസ്ലിം ലീഗിൻ്റെ സ്ഥാപക പ്രസിഡൻ്റ് അറക്കൽ അബ്ദു റഹ്മാൻ ആലി ആദി രാജയായിരുന്നു. പിന്നെ കെ.എം.സീതി സാഹിബ്, ബി.പോക്കർ സാഹിബ്, .കെ.ഉപ്പി സാഹിബ്, എം.വി.ഹൈദ്രോസ് വക്കീൽ , സത്താർ സേട്ട് മുതലായ ഉന്നത വ്യക്തിത്വങ്ങളായിരുന്നു പാർട്ടിയെ നയിച്ചിരുന്നത്. സാധാരണ മാപ്പിളമാരുടെ ഒരു പൊതുവേദിയായി മുസ്ലിം ലീഗ് അറിയപ്പെട്ടിരുന്നില്ല. അതിൻ്റെ പ്രത്യക്ഷോദാഹരണമാണ് 1937-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ കണ്ടത്. മദ്രാസ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കുറുമ്പനാട്-കോഴിക്കോട് റൂറൽ മണ്ഡലത്തിൽ മുസ്ലിം ലീഗിൻ്റെ യുവതാരവും ഉജ്ജല വാഗ്മിയും പ്രഗൽഭ അഭിഭാഷകനുമായ ബി.പോക്കർ സാഹിബും ഖാൻ ബഹദൂർ പി.എം.ആറ്റക്കോയ തങ്ങളുമായിട്ടായിരുന്നു മൽസരം. മുസ് ലിംകൾക്കിടയിൽ പരക്കെ അറിയപ്പെടുന്ന നേതാവ്, മലബാർ മുസ്ലിംകൾക്കിടയിൽ നിന്ന് പ്രഥമ നിയമ ബിരുദധാരി, സുപ്രീം കോടതി അഭിഭാഷകൻ തുടങ്ങി അനുകൂല ഘടകങ്ങൾ ഏറെ ഉണ്ടായിട്ടും മുസ്ലിം ലീഗിൻ്റെ ഗ്ലാമർ താരം ബി.പോക്കർ സാഹിബ് പരാജയപ്പെട്ടു. ആറ്റക്കോയ തങ്ങളാണ് വിജയിച്ചത്. ഈ തെരഞ്ഞെടുപ്പ് ഫലം മലബാറിലെ മുസ്ലിം രാഷ്ടീയത്തിൻ്റെ ഭാവിയിലേക്കുള്ള ഒരു ചൂണ്ടുപലകയായിരുന്നു. കേവലം ഒരു രാഷ്ടീയമല്ല മാപ്പിളമാർ ആ ഗ്രഹിക്കുന്നത്, മറിച്ച് ആത്മീയമാനം കൂടി മുസ്ലിം രാഷ്ടീയത്തിന് ആവശ്യമാണെ വലിയ പാഠം. കെ .എം. സീതി സാഹിബിനെപ്പോലെയുള്ള ധിഷണാശാലികൾ ഈ യാഥാർത്ഥ്യം ഉൾകൊണ്ട് കൊണ്ടാണ് മുസ്ലിം ലീഗ് നേതൃത്വം സയ്യിദൻമാരുടെ കരങ്ങളിൽ അർപ്പിക്കുന്നത്.



നബികുടുംബാംഗം, മമ്പുറം മഖാമിൻ്റെ കസ്റ്റോഡിയൻ, ഒപ്പം അളിയൻ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണം എന്നീ ഘടകങ്ങളാണ് ആറ്റക്കോയ തങ്ങളുടെ വിജയത്തിന് കാരണമായത്. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വരുന്നതിന് മുമ്പ് വർഷത്തിൽ നിശ്ചിത തുക നികുതി അടക്കുന്നവർക്കാണ് സമ്മതിദാനാവകാശം ഉണ്ടായിരുന്നത്. ഈ വിഭാഗത്തിൻ്റെ പിന്തുണ തങ്ങൾക്കായിരുന്നു. അവിടെ ബി.പോക്കർ സാഹിബിൻ്റെ മേൽ പറയപ്പെട്ട വിശേഷണങ്ങൾ ഒന്നും വിലപ്പോയില്ല. ഇതിനെ തുടർന്ന് ഇനി മലബാറിൽ മുസ്ലിംലീഗ് പച്ച പിടിക്കണമെങ്കിൽ രണ്ട് തങ്ങൻമാരിൽ ഒരാളെ പാർട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ട് വരണം, അതിന് ഏറ്റവും അനുയോജ്യൻ ദർശന മാത്രയിൽ തന്നെ ഏവരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തന്നെയാണെന്ന് നേതാക്കൾ കണ്ടെത്തുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തങ്ങളെ മലബാർ ജില്ലാ മുസ്ലിം ലീഗ് പ്രഥമ പ്രസിഡൻ്റ് സുൽത്താൻ അബ്ദുറഹ്മാൻ ആലി ആദി രാജ അന്തരിച്ച ഒഴിവിലേക്ക് ബാഫഖി തങ്ങളെ തെരഞ്ഞെടുത്തത്.



1938-ലാണ് ബാഫഖി തങ്ങൾ മുസ്ലിം ലീഗിൽ എത്തുന്നത്. ഇതേ സമയത്ത് തന്നെ കോൺഗ്രസ്സിൽ പ്രവർത്തിച്ചിരുന്ന പാണക്കാട് പി.എം.എസ്സ്.എ.പൂക്കോയ തങ്ങളും ചാക്കീരി അഹമ്മദ് കുട്ടി സാഹിബിൻ്റെ പ്രേരണയാൽ മുസ്ലിം ലീഗിൽ ചേർന്നു. പിന്നീട് മാപ്പിളമാരുടെ മത-രാഷ്ടീയരംഗം നിയന്ത്രിച്ചത് ഇവർ രണ്ട് പേരുമായിരുന്നു. പണ്ഡിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവന്നൊ ഇല്ലാതെ സമുദായം ഒറ്റക്കെട്ടായി ഇവർക്കു പിന്നിൽ അണിനിരന്നു. മതരംഗത്ത അഭിപ്രായ ഭിന്നത പോലും മുസ്ലിം രാഷ്ട്രീയ സംഘടിത ശക്തി എന്ന മഹത്തായ ലക്ഷ്യത്തിന് മുമ്പിൽ വഴി മാറി. ബാഫഖി തങ്ങളും പൂക്കോയതങ്ങളും അമരത്ത് നിൽക്കുമ്പോൾ സമുദായത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന ചിന്തയാണ് സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മുസ്ലിംലീഗ് പ്രസ്ഥാനത്തെ മാപ്പിളമാർ നെഞ്ചിലേറ്റാൻ കാരണം. ഇതു തന്നെയാണ് തമിഴ്നാട്ടിലും കണ്ടത്. അവിടെ പാർട്ടിയെ നയിച്ചത് പ്രവാചക പാരമ്പര്യത്തിൽ പെട്ടവരല്ലെങ്കിലും ഖാഇദെ മില്ലത്തിനെപ്പോലെ ഋഷി തുല്യമായ ജീവിതം നയിച്ച മഹാമനീഷികളായിരുന്നു. അതു കൊണ്ട് തന്നെ അവിടെയും മുസ്ലിം ലീഗിന് പിടിച്ചു നിൽക്കാൻ സാധിച്ചു. എന്നാൽ ഉത്തരേന്ത്യയിൽ ജിന്നാ പ്രഭാവത്തിൽ മുസ്ലിം ലീഗ് ഒരു അജയ്യ ശക്തിയായി മാറിയെങ്കിലും അദ്ദേഹത്തിൻ്റെ അഭാവത്തിൽ പാർട്ടി നാശമടഞ്ഞു. ഉത്തരേന്ത്യയിൽ ന്യൂനപക്ഷ രാഷ്ട്രീയത്തെ ഉയർത്തി കൊണ്ട് വരാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നതും കേരളത്തിലെന്ന പോലെ ഒരു ആത്മീയ നേതൃത്വത്തിൻ്റെ അഭാവമാണെന്ന് കാണാൻ സാധിക്കും.



കേരളത്തിലെ മത-രാഷ്ടീയ രംഗങ്ങളെ ഒരു നാണയത്തിൻ്റെ ഇരുവശമെന്ന പോലെ കണ്ട് പ്രവർത്തിച്ച മഹാ നേതാവാണ് ബാഫഖി തങ്ങൾ. അതിനദ്ദേഹം തെരഞ്ഞെടുത്ത രണ്ട് മാർഗ്ഗങ്ങളായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിംലീഗും തമ്മിലുള്ള ഹൃദയബന്ധം. ബാഫഖി തങ്ങൾ നേതൃത്വത്തിൽ എത്തിയത് കൂടിയാണ് ഇരു സംഘടനകളും കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലിംകളുടെ മനസ്സിൽ കുടിയേറിയത്. സമസ്തയെ ജനകീയവ ൽകരിച്ച മദ്രസ്സ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് തന്നെ ബാഫഖി തങ്ങളാണല്ലോ. അതുപോലെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്കോളേജ് അടക്കം സമസ്ത തുടക്കമിട്ട നിരവധി മഹത് സംരംഭങ്ങളിൽ അദ്ദേഹത്തിൻ്റെ സജീവ പങ്കാളിത്തമുണ്ട്. ഇവയെല്ലാം സമുദായം ഏറ്റെടുത്തതും ബാഫഖി തങ്ങളെപ്പോലുള്ള മഹാ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം മൂലമായിരുന്നു. മതരംഗത്തെ ഇതേ ആവേശം തങ്ങൾ മുസ്ലിം ലീഗ് എന്ന രാഷ്ടീയ പാർട്ടിയുടെ വളർച്ചയിലും കാണിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ മുസ് ലിംകളുടെ ആധികാരിക രാഷ്ട്രീയ സംഘടനയായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനെ ഉയർത്തി കൊണ്ട് വന്നതിൽ ഖാഇദെ മില്ലത്തിൻ്റെ കൂടെ ബാഫഖി തങ്ങൾക്കും അനൽപമായ പങ്കുണ്ട്. കേരള രാഷ്ട്രീയം ഒരു സമയത്ത് നിയന്ത്രിച്ചിരുന്നത് തന്നെ ഈ തലപ്പാവ് ധരിച്ച, താടി വെച്ച, നീളൻ കുപ്പായ വും ഓവർ കോട്ടും ധരിച്ച ഈ അധികായനായിരുന്നുവല്ലോ.



ബാഫഖി തങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന്‌ സമസ്തയിലും മുസ്ലിം ലീഗിലും ഒരുപോലെ പ്രവർത്തിച്ച നേതാവാണ് പാണക്കാട് പി.എം.എസ്സ്.എ. പൂക്കോയ തങ്ങൾ. മതവും രാഷ്ട്രീയവും തേനും വയമ്പും പോലെ ആ മഹത് ജീവിതത്തിൽ ഉമ്മയുടെ അമ്മിഞ്ഞപ്പാലിനോടൊപ്പം അലിഞ്ഞു ചേർന്നതാണ്. പൂക്കോയ തങ്ങളുടെ പ്രപിതാമഹൻ പാണക്കാട് സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ മമ്പുറം തങ്ങൾക്ക് ശേഷം മാപ്പിളമാരുടെ അധിനിവേശവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്. ഒപ്പം സയ്യിദ് ഫസൽ പൂക്കോയ തങ്ങളുമുണ്ടായിരുന്നു. തങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നവർ എന്ന നിലക്ക് ഫസൽ പൂ ക്കോയ തങ്ങളെ അറേബ്യയിലേക്ക് നാട് കടത്തിയ ബ്രിട്ടീഷുകാർ പാണക്കാട് ഹു സൈൻ ആറ്റക്കോയ തങ്ങളെ അറസ്റ്റ് ചെയ്ത് വെല്ലൂരിലേക്ക് നാട് കടത്തി. അവിടെ തന്നെ യായിരുന്നു 1885-ൽ തങ്ങളുടെ അന്ത്യവും. ഹുസൈൻ ആറ്റക്കോയ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് പുതിയ മാളിയേക്കൽ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ എന്ന പി.എം.എസ്സ്.എ പൂക്കോയ തങ്ങൾ.



എന്നാൽ ബാഫഖി തങ്ങൾ ഒരു ആത്മീയ നേതാവായി അറിയപ്പെട്ടിരുന്നില്ല. അദ്ദേഹം കോഴിക്കോട്ടെ അറിയപ്പെടുന്ന അരി വ്യാപാരിയായിരുന്നു. കേരളത്തിൽ എത്തിയ സയ്യിദൻമാരെല്ലാം മത പ്രബോധനം ലക്ഷ്യം വെച്ചാണ് വന്നതെങ്കിൽ വ്യാപാരത്തിനെത്തിയ വരാണ് ബാഫഖീഹ് കുടുംബം. ഈ പാരമ്പര്യത്തിലാണ് ബാഫഖി തങ്ങൾ വാണിജ്യ രംഗത്ത് നിറഞ്ഞ് നിന്നത്. ഒപ്പം മത-രാഷ്ടീരംഗത്തും സജീവമായി. അതേ സമയം വ്യക്തി ജീവിതം തികഞ്ഞ ആത്മീയതയിലൂന്നിയായിരുന്നു താനും. സമൂഹത്തിൻ്റെയും സമുദായത്തിൻ്റെയും നൻമയും പുരോഗതിയുമായിരുന്നു ആ മാതൃക ജീവിതത്തിൻ്റെ ലക്ഷ്യം. അതു കൊണ്ട് തന്നെ സമുദായം ഒറ്റക്കെട്ടായി അദ്ദേഹത്തിൻ്റെ പിന്നിൽ അണിനിരന്നു. തങ്ങളുടെ വാക്കുകൾക്ക് സമൂഹത്തിൽ പരക്കെ സ്വീകാര്യത ലഭിച്ചു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിന് ശേഷം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ ദേശീയ അദ്ധ്യക്ഷനായ ബാഫഖി തങ്ങൾ ഇന്ത്യൻ മുസ് ലിംകളുടെ തന്നെ പ്രതീക്ഷാനാളമായി അറിയപ്പെടുന്ന നേതാവാണ്.



പ്രവാചക കുടുംബത്തിൻ്റെ പരിശുദ്ധിയും പാണക്കാടിൻ്റെ കരുത്തുമായി വളർന്നു വന്ന പൂക്കോയ തങ്ങൾ വളരെ ചെറുപ്രായത്തിൽ തന്നെ ജനങ്ങളുടെ കണ്ണിലുണ്ണിയായി. നാനാജാതിയിൽപ്പെട്ട ആ ബാലവൃദ്ധം ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി അദ്ദേഹത്തെ സമീപ്പിക്കാൻ തുടങ്ങി. തന്നെ തേടിയെത്തുന്ന ശരണാർഥികൾക്ക് ആത്മീയ ചികിൽസയിലൂടെ സാന്ത്വനമേകുന്നതിനോടൊപ്പം സമൂഹത്തിൻ്റെ പൊതു വിഷയങ്ങളിലും തൽപരനായിരുന്നു തങ്ങൾ. അങ്ങനെയാണ് അക്കാലത്ത് മലബാറിലെ ഏക രാഷ്ട്രീയ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അദ്ദേഹം അംഗത്വമെടുക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പരിപാടികളുമായി ദേശീയ പ്രസ്ഥാനം മുന്നോട്ട് പോകുമ്പോൾ പൂക്കോയ തങ്ങളും അതിനോടൊപ്പമുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയ സംഘടനയായി മുസ്ലിം ലീഗ് മലബാറിലേക്ക് കടന്നു വന്ന ഉടനെ തന്നെ തങ്ങളും അതിൻ്റെ ഭാഗമായി. അതുപോലെ കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുമായും ചേർന്നു പ്രവർത്തിച്ചു. സമസ്ത മുശാവറ അംഗവും സുന്നി യുവജന സംഘം സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു പൂക്കോയ തങ്ങൾ. ചെറുപ്പം മുതൽക്കു തന്നെ അദ്ദേഹത്തിനുള്ള ജനസമ്മിതി മാപ്പിളമാർക്കിടയിൽ മുസ്ലിം ലീഗിനും സമസ്തക്കും വൻ സ്വീകാര്യത ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.



പൂക്കോയ തങ്ങൾക്ക് ശേഷം ഇതേ പാതയിൽ തന്നെ ചലിച്ച അദ്ദേഹത്തിൻ്റെ പുത്രൻമാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദറലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവരും ആത്മീയ രംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ ശോഭിച്ചവരാണ്. എന്നാൽ ശിഹാബ് തങ്ങൾ സമസ്തക്കൊപ്പം സഞ്ചരിച്ചുവെങ്കിലും അതിൻ്റെ നേതൃപതവി വഹിച്ചില്ല. ഉമറലി ശിഹാബ് തങ്ങളാവട്ടെ മതരംഗത്ത് മാത്രം പ്രവർത്തിച്ചു. അതേസമയം പൂക്കോയ തങ്ങളുടെ പാതയിൽ മത സംഘടനയിലും രാഷ്ടീയ വേദിയിലും നിറസാന്നിദ്ധ്യമായത് നമ്മൾ ചർച്ച ചെയ്യുന്ന സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ്.



ഹൈദറലി ശിഹാബ് തങ്ങൾ എന്ന് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എന്ന് ചോദിച്ചാൽ പിച്ചവെച്ച നാൾ തൊട്ടെ എന്നാണുത്തരം. പാണക്കാട് കൊടപ്പനക്കൽ തറവാടിൻ്റെ കൊലായിൽ നിന്നാണ് തങ്ങൾ രാഷ്ടീയത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്. മലബാറിൽ മുസ്ലിം ലീഗ് പ്രവർത്തനം ആരംഭിച്ച കാലത്ത് അതിൻ്റെ ആസ്ഥാനം തലശ്ശേരിയായിരുന്നു. പിന്നീട് ബാഫഖി തങ്ങളുടെ കാലത്ത് അത് കോഴിക്കോടായി മാറി. അപ്പോഴും ഏറനാട്ടിലെ ലീഗ് രാഷ്ട്രീയം പാണക്കാടിനെ ചുറ്റിപ്പറ്റിയായിരുന്നു. പൂക്കോയക്കുട്ടി എന്ത് പറയുന്നുവോ അതായിരുന്നു മലപ്പുറത്തുകാരുടെ രാഷ്ട്രീയം. ബാഫഖി തങ്ങൾക്ക് ശേഷം പാണക്കാട് തന്നെയായി പാർട്ടിയുടെ അധികാര കേന്ദ്രം. സാധാരണ പ്രവർത്തകർ മുതൽ ദേശീയ നേതാക്കൾ വരെ കയറിയിറങ്ങുന്ന, നിരവധി രാഷ്ടീയ ചർച്ചകൾക്ക് വേദിയാകുന്ന ഒരു വീട്ടിൽ വളരുന്നവർക്ക് രാഷ്ട്രീയം പഠിക്കാൻ മറ്റു മാർഗ്ഗങ്ങൾ തേടി പോകേണ്ടതില്ലല്ലോ. ഹൈദറലി തങ്ങളുടെ കുഞ്ഞുനാളിലെ ഉള്ള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമാണ് എസ്സ്.എസ്സ്.എഫി.ൻ്റെ സ്ഥാപക പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാൻ സമസ്തയിലെ കുത്തിത്തിരിപ്പ് കമ്പനി കാരണമായി പറഞ്ഞത് തന്നെ.



ഹൈദറലി തങ്ങൾ ജാമിഅ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് 1973-ൽ സുന്നി വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നത്. പ്രാദേശിക കമ്മിറ്റി മുതൽ സംസ്ഥാനതലം വരെ SSF നെ കെട്ടിപ്പടുക്കാൻ പ്രസിഡൻ്റ് എന്ന നിലക്ക് ഹൈദറലി തങ്ങൾ മുന്നിട്ടിറങ്ങി. വിദ്യാർത്ഥി സംഘടന രംഗത്ത് സജീവമായ സമയത്താണ് 1975-ൽ പിതാവ് മരണപ്പെടുന്നത്. സംസ്ഥാന മുസ്ലിം ലീഗ് അദ്ധ്യക്ഷ പദവി അടക്കമുള്ള സ്ഥാനത്തേക്ക് നിയുക്തരായത് പിന്നീട് പൂക്കോയ തങ്ങളുടെ മക്കളാണ്. ഈ സന്ദർഭത്തിലാണ് ഹൈദറലി തങ്ങൾ രാഷ്ടീയത്തിൽ സജീവമാകുന്നത്. മുഹമ്മദലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞപ്പോൾ ആ പദവിയിലെത്തിയ ഹൈദറലി തങ്ങൾ രണ്ട് പതിറ്റാണ്ടിലധികം തൽസ്ഥാനത്ത് തുടർന്നു. കേരളത്തിൽ ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ളതും മുസ്ലിം ഭൂരിപക്ഷ ജില്ലയുമായ മലപ്പുറം മുസ്ലിം ലീഗിൻ്റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്നു. പണ്ഡിത വേഷധാരികളെ കൂട്ട് പിടിച്ച് ഈ കോട്ടക്ക് വിള്ളലുണ്ടാക്കി മത വിശ്വാസികളുടെ ഇടയിലേക്ക് നുഴഞ്ഞ് കയറാനും അങ്ങനെ മുസ് ലിം ലീഗിൻ്റെ മലപ്പുറം കുത്തക തകർക്കാനും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ശ്രമമാരംഭിച്ചിട്ട് കാലമേറെയായി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും സ്ഥിരം ലീഗ് വിരോധികളെയല്ലാതെ മുസ്ലിം ജനസാമാന്യത്തെ കമ്യൂണിസ്റ്റ് പാളയത്തിലേക്ക് ലഭിക്കാതെ പോയത് തങ്ങൾ അമരത്ത് നിന്ന് ശക്തമായ പ്രതിരോധ നിര സൃഷ്ടിച്ചത് കൊണ്ടാണ്. മലപ്പുറം ചുവപ്പിക്കാൻ മലപ്പുറം കോട്ടക്കുന്നിൽ സംസ്ഥാന സമ്മേളനം വരെ നടത്തിയ മാർക്സിസ്റ്റ് പാർട്ടിക്ക് അതേ സ്ഥലത്ത് സ്റ്റേറ്റ് സമ്മേളനത്തേക്കാൾ വലിയ ജില്ലാ സമ്മേളനം നടത്തി മറുപടി കൊടുത്തതും തങ്ങളുടെ നേതൃത്വത്തിലായിരുന്നു.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso