Thoughts & Arts
Image

മാസവിശേഷം / സ്വഫർ

06-08-2022

Web Design

15 Comments



സ്വഫറിലെ വിശേഷങ്ങൾ



ഹിജ്റ കലണ്ടറിലെ രണ്ടാമത്തെ മാസമാണ് സ്വഫർ. സ്വഫറിന് ഈ പേര് വന്നത് മറ്റു മാസങ്ങൾക്ക് അവയുടെ പേരുവന്ന കാലത്ത് അഥവാ നബി തിരുമേനിയുടെ അഞ്ചാം പിതാമഹന്റെ കാലത്താണ് എന്നാണ് അനുമാനം. അതിന്റെ ആശയമെന്തായിരുന്നു എന്ന ചർച്ചയിൽ സ്വഫർ സ്വിഫ്റായി മാറുന്നുണ്ട്. സ്വിഫ്ർ എന്ന അറബീ ശബ്ദത്തിന്റെ അർഥം പൂജ്യം എന്നാണ്. മുഹർറമിൽ അത് വിശുദ്ധ മാസങ്ങളിൽ പെട്ടതാകയാൽ നിശ്ചലരായി നിൽക്കുന്ന ജനങ്ങൾ സ്വഫർ വരുന്നതോടെ വിവിധ ആവശ്യങ്ങൾക്കായി ഒഴുകി ഇറങ്ങുമായിരുന്നു. അതിനാൽ ഈ കാലത്ത് അവരുടെ നാടുകൾ കാലിയാകുമായിരുന്നു. ഈ അവസ്ഥയാണ് പൂജ്യം പ്രതിനിധാനം ചെയ്യുന്നത്. ഇത് ഒരു വിശദീകരണം. ജീവിതമാർഗ്ഗങ്ങൾ മുട്ടിയ അറബികൾ സ്വഫറിൽ ഇറങ്ങിയാൽ ആർത്തിയോടെ കണ്ടവരെയൊക്കെ കൊള്ളയടിച്ച് അവരെ വട്ടപ്പൂജ്യമാക്കുമായിരുന്നതിനാലാണ് എന്ന് മറ്റൊരു വിശദീകരണം. രണ്ടും ഇബ്നു മൻളൂർ തന്റെ ലിസാനുൽ അറബിൽ പറയുന്നുണ്ട്. കഥകൾ, വാമൊഴികൾ, അനുമാനങ്ങൾ എന്നിവക്കപ്പുറം ഈ വിശദീകരണങ്ങൾക്കൊന്നും അർഥമില്ല എന്നു വേണം കരുതാൻ.



ജാഹിലിയ്യാ കാലത്തെ സ്വഫറിനെ വായിക്കുമ്പോൾ രണ്ട് വിഷയങ്ങൾ ശ്രദ്ധിക്കേണ്ടതായിവരും. പുരാതന അറബികളുടെ സമീപനങ്ങളാണ് രണ്ടും. ഒന്ന് അവർ സ്വഫറിനെ പലപ്പോഴും മാറ്റിക്കളിക്കുമായിരുന്നു എന്നാണ്. അവർക്കു താൽപര്യമുള്ള ഒരു സാഹചര്യം വന്നാൽ അവർ മുഹർറമിനെ പിടിച്ച് സ്വഫറും സ്വഫറിനെ പിടിച്ച് മുഹർറമുമാക്കുമായിരുന്നു. ബനൂ ഔഫ്, ഗഥ്ഫാൻ, ബനൂ സുലൈം, ഹവാസിൻ തുടങ്ങിയ കുടുംബങ്ങളാണ് ഇങ്ങനെ ചെയ്യുമായിരുന്നത്. വിശുദ്ധ ഖുർആൻ ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇത് വലിയ നിഷേധമാണ് എന്ന് അധ്യായം തൗബയിൽ 37-ാം സൂക്തത്തിൽ അല്ലാഹു പറയുന്നുണ്ട്. രണ്ടാമത്തെ സമീപനം സ്വഫർ അപശകുനത്തിന്റെ മാസമാണ് എന്നതാണ്. ഇതിന്റെ ആധാരം എന്താണ് എന്നറിയില്ല. ഇതിനെ തുടർന്ന് ഈ മാസത്തിൽ വിവാഹം തുടങ്ങിയ മംഗള കർമങ്ങ ളൊന്നും അവർ നടത്തുമായിരുന്നില്ല. ഇസ്ലാം വന്നതിന് ശേഷമാണ് ഇതിന് മാറ്റം വന്നത്. സ്വഫറിനെ അപശകുനമായി കാണാവതല്ല എന്ന് നബി(സ്വ) പ്രഖാപിച്ചു. മാത്രമല്ല, നബി(സ്വ) യുടെയോ സ്വഹാബിമാരുടെയോ ജീവിതങ്ങളിൽ അത്തരമൊരു സമീപനം അവർ ഒട്ടും പുലർത്തിയതുമില്ല.



ഇക്കാര്യത്തിലുള്ള വിരോധാഭാസം ഈ വിശ്വാസം പിന്നെയും ഇസ്ലാമിക സമൂഹത്തിൽ ചെറുതായെങ്കിലും തിരിച്ചെത്തി എന്നതാണ്. ഇപ്പോഴും പല അറബ് സമൂഹങ്ങളിലും പ്രത്യേകിച്ച് അങ്ങനെ ഒരു വിശ്വാസമുണ്ട്. ഇതിന് ആധാരമായി അവർ പറയ്യുന്നത് രണ്ട് കാര്യങ്ങളാണ്. ഖത്വീബുല്‍ ബഗ്ദാദി ഇബ്‌നു അബ്ബാസിന്റേതായി ഉദ്ധരിച്ച ഈ അര്‍ഥത്തിലുള്ള ഒരു ഹദീസാണ് ഒന്ന്. സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്‌സിന്റെ ദിവസമാകുന്നു - ഇതാണ് ഹദീസ്. ഇമാം ഇബ്‌നുല്‍ ജൗസി കള്ള ഹദീസുകള്‍ സമാഹരിച്ച് രചിച്ച അല്‍ മൗളൂആത്ത് എന്ന ഗ്രന്ഥത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ ആധാരം സ്വഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് നബി(സ)ക്ക് രോഗം ബാധിച്ചത് എന്നതാണ്. രോഗം തുടങ്ങിയത് അന്നാണ് എന്നത് ശരിയാണ് എങ്കിലും അക്കാരണത്താൽ അതിനെ നഹ്സായി കാണുന്നതിൽ യുക്തിയും ബുദ്ധിയുമില്ല. അങ്ങനെയുണ്ടെങ്കിൽ നബി(സ്വ) മരണപ്പെട്ട റബീഉൽ അവ്വലിനേയും നമുക്ക് അങ്ങനെ കാണേണ്ടിവരും. അതാരും പറയുന്നില്ല, പറയുകയുമില്ല.



സ്വഫർ മാസം മറ്റു മാസങ്ങളെ പോലെ മഹത്തായ ഇസ്ലാമിക പാരമ്പര്യത്തിൽ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്ന് അബവാഅ് അല്ലെങ്കില്‍ വദ്ദാന്‍ സൈനിക ദൗത്യമാണ്. ഹിജ്റ 2ന് സ്വഫര്‍ മാസം സഅദ്ബിന്‍ ഉബാദ ചുമതലയേല്പിച്ച് നബി(സ) തന്നെ മുഹാജിറുകളില്‍ നിന്ന് എഴുപതുപേരെയും കൊണ്ട് ഖുറൈശികളുടെ വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. വദ്ദാനില്‍ എത്തിയെങ്കിലും യുദ്ധമൊന്നുമുണ്ടായില്ല. ഇതാണ് നബി(സ) നേതൃത്വം കൊടുത്ത ആദ്യയുദ്ധം. പതിനഞ്ച് ദിവസം ഇതിനുവേണ്ടി ഉപയോഗിച്ചു. യുദ്ധത്തിന്റെ വെളുത്ത പതാക വഹിച്ചിരുന്നത് ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബായിരുന്നു.



സ്വഫർ മാസം കണ്ട ഏറ്റവും സങ്കടകരമായ സംഭവം ബിഅ്റു മഊന എന്നും റജീഅ് എന്നും പറയപ്പെടുന്ന സംഭവമാണ്. നബി(സ്വ)യെയും സ്വഹാബിമാരെയും പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ആ സംഭവം അനസ് (റ) നിന്ന് നിവേദനം ചെയ്യുന്നുണ്ട്. അദ്ദേഹം പറയുന്നു: കുറച്ചുപേര്‍ നബി(സ്വ)യുടെ അടുത്ത് വന്നു. എന്നിട്ട് അവര്‍ പറഞ്ഞു: ഞങ്ങളെ ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നതിനായി ഞങ്ങളുടെ കൂടെ കുറച്ചുപേരെ അയച്ചുതന്നാലും. അപ്പോള്‍ അന്‍സ്വാറുകളില്‍ പെട്ട എഴുപത് പേരെ അവരിലേക്ക് നബി(സ്വ)നിയോഗിച്ചു. അവർ അന്നത്തെ മദീനയിൽ ഏറ്റവും അധികം ഖുർആൻ അറിയുന്നവരായിരുന്നു. അവരില്‍ എന്റെ അമ്മാവന്‍ ഹറാം ഉണ്ട്. അവര്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവരും രാത്രിയില്‍ അത് പഠിക്കുകയും പഠിപ്പിക്കുകയും പകലില്‍ പള്ളിയിലേക്ക് വെള്ളം കൊണ്ടുവരികയും ചെയ്യുന്നവരായിരുന്നു. അവര്‍ വിറക് വെട്ടുകയും അത് വില്‍ക്കുകയും ചെയ്യും. അതുകൊണ്ട് അഹ്‌ലുസ്സ്വുഫ്ഫക്കും മറ്റു ദരിദ്രര്‍ക്കും ഭക്ഷണം വാങ്ങുകയും ചെയ്യുമായിരുന്നു. അങ്ങനെ നബി(സ്വ) അവരെ അവരിലേക്ക് നിയോഗിച്ചു. അവരുടെ കൂടെ പോകവെ അവര്‍ അവരെ ശത്രുക്കള്‍ക്ക് കാണിച്ചുകൊടുത്തു. അവരെ തങ്ങളുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് മുമ്പായി അവര്‍ വധിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവേ, ഞങ്ങളുടെ നബിക്ക് ഞങ്ങളെപ്പറ്റി നീ വിവരം എത്തിക്കേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നെ കണ്ടുമുട്ടിയിരിക്കുന്നു എന്നും ഞങ്ങള്‍ നിന്നെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും നീ ഞങ്ങളെ തൃപ്തിപ്പെട്ടിരിക്കുന്നു എന്നും നീ വിവരമറിയിക്കേണമേ. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍(സ്വ)അനുയായികളോട് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ സഹോദരങ്ങള്‍ കൊല്ലപ്പെട്ടിരിക്കുന്നു. (സ്വഹീഹുമുസ്‌ലിമിൽ നിന്ന്). ഹിജ്‌റ നാലാം വര്‍ഷം സ്വഫര്‍ മാസത്തിലാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്.



പ്രമുഖ സ്വഹാബിവര്യനായ ഖാലിദ് ബിൻ വലീദ്(റ)വിന്റെ ഇസ്ലാം മതാശ്ലേഷണം ഹിജ്റ ഏഴിലെ സ്വഫർ മാസത്തിലായിരുന്നു. ലോക മുസ്ലിം ചരിത്രത്തില്‍ ആവേശത്തിന്‍റെയും അഭിമാനത്തിന്‍റെയും ഉജ്ജ്വല നാമമാണ് ഖാലിദ് ബിൻ വലീദ്. പരിശുദ്ധ റസൂല്‍ (സ്വ) തങ്ങളാല്‍ സൈഫുല്ലാഹ് എന്ന് നാമകരണം ചെയ്യപ്പെട്ട മഹാവ്യക്തിത്വമാണ് അദ്ദേഹം. ഇസ്ലാമിക ചരിത്രത്തില്‍ പകരം വെക്കാനില്ലാത്ത ധീരതയുടെ പര്യായമായ അദ്ദേഹം ഇസ്ലാമിന്‍റെ വിജയത്തിനായി സമാനതകളില്ലാത്ത സംഭാവനകള്‍ സമര്‍പ്പിച്ച ഉന്നത പ്രതിഭയാണ്. ബാല്യകാലം തൊട്ടേ യുദ്ധത്തോട് അതിയായ താല്‍പര്യമുള്ള വ്യക്തിയായിരുന്ന അദ്ദേഹം ഇസ്ലാമാശ്ലേഷണത്തിന് മുമ്പ് ഉഹ്ദിലും ഹുദൈബിയ്യയിലും ഇസ്ലാമിന്റെ ശത്രു സൈന്യങ്ങളുടെ പടത്തലവനായിരുന്നു. അദ്ദേഹത്തിന്‍റെ വലീദ് എന്ന സഹോദരന്‍ മുമ്പേ ഇസ്ലാം മതം സ്വീകരിക്കുകയും നബിയോടു കൂടെ ഹിജ്റ പോയി അവിടെ താമസമാക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഖാലിദ്(റ)നെ ഇസ്ലാമിന്‍റെ തീരത്തേക്ക് ക്ഷണിച്ചുകൊണ്ട് നിരന്തരം കത്തെഴുതാറുണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം എഴുതി: അങ്ങേയറ്റം ആഗ്രഹത്തോടെ നബി (സ്വ) തങ്ങള്‍ നിന്നെ അന്വേഷിക്കുന്നു. സത്യമതത്തില്‍ നിന്നുമുള്ള നിന്‍റെ ഈ അകല്‍ച്ച നബിയെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നീ നിന്‍റെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കുകയും ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്യണം.



ഹിജ്റ ഏഴിൽ അദ്ദേഹം ഇസ്‌ലാം മതം സ്വീകരിക്കുവാൻ പരപ്രേരണയൊന്നുമില്ലാതെ തീരുമാനിക്കുകയായിരുന്നു. ഹുദൈബിയ്യ സന്ധിയുടെ വ്യവസ്ഥ അനുസരിച്ച് പിറ്റേ വർഷം നബിക്കും ഹുദൈബിയ്യയിൽ നിന്ന് മടങ്ങിയ സ്വഹാബികൾക്കും വേണ്ടി ഉംറ ചെയ്യുവാൻ മൂന്ന് ദിവസത്തേക്ക് മക്ക ഒഴിവാക്കിക്കൊടുക്കുകയായിരുന്നു മക്കക്കാർ. ഈ മൂന്ന് ദിവസം മക്ക മുസ്ലിംകൾക്ക് ഒഴിഞ്ഞു കൊടുക്കണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതനുസരിച്ച് നഗരത്തിൽ നിന്ന് പുറത്തേക്ക് പോകുമ്പോൾ ആ നടത്തത്തിലായിരുന്നു അദ്ദേഹം കാര്യങ്ങളെ കുറിച്ച് ആഴത്തിൽ ചിന്തിച്ചത്. പല രൂപത്തിൽ ശ്രമിച്ചിട്ടും ഒരിക്കൽ പോലും വിജയിച്ചില്ല എന്നത് അദ്ദേഹത്തെ പുതിയ തീരുമാനത്തിലേക്ക് എത്തിച്ചേരാൻ സഹായിച്ചു. ഇസ്ലാം സ്വീകരിക്കുകയെന്ന ദൃഢനിശ്ചയവുമായി ഖാലിദ് (റ) മദീനയിലേക്ക് പുറപ്പെട്ടു. വഴിമധ്യേ അംറുബ്നു ആസ്വ്, ഉസ്മാനുബ്നു അബീ ത്വല്‍ഹ എന്നിവരെയും കണ്ടുമുട്ടി. അവരും ഇതേ പോലെ മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. അവരെ കണ്ടമാത്രയില്‍ നബി (സ്വ) പറഞ്ഞു: “മക്ക അതിന്‍റെ കരളിന്‍റെ കഷ്ണങ്ങളെ പുറപ്പെടുവിച്ചിരിക്കുന്നു”. അവര്‍ നബിയോട് സലാം പറഞ്ഞു. ശഹാദത്ത് ചൊല്ലിക്കൊണ്ട് ഖാലിദ് (റ) ഇസ്ലാം സ്വീകരിക്കുകയും മുന്‍കാല പാപങ്ങള്‍ പൊറുത്തുതരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാന്‍ വേണ്ടി നബിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിക്കലോടു കൂടെ താങ്കളുടെ മുന്‍കാല പാപങ്ങളെല്ലാം അല്ലാഹു തആല പൊറുത്തുതന്നിരിക്കുന്നുവെന്ന് നബി തങ്ങള്‍ പ്രതിവചിച്ചു. അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ശേഷം മറ്റു രണ്ടുപേരും ഇസ്ലാം സ്വീകരിക്കുകയും തന്മൂലം നബി തങ്ങളും അനുയായികളും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് ഇസ്ലാമിക ജിഹാദിന്റെ മുമ്പിലായിരുന്നു മരിക്കുവോളം അദ്ദേഹം.



നബി(സ്വ) യുടെ ജീവിതത്തിലെ ഏറ്റവും അവസാനത്തെ സൈനിക നിയോഗം ഉണ്ടായത് സ്വഫറിലായിരുന്നു. റോമിനെതിരെയായിരുന്നു പടപുറപ്പാട്. മുഅ തത്ത് യുദ്ധത്തിൽ തന്റെ ഏറ്റവും പ്രധാനികളായ സ്വഹാബിമാർ കൊല്ലപ്പെട്ട സംഭവം നബി(സ്വ)യെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ജഅ്ഫർ ബിൻ അബീ ത്വാലിബ്, സൈദ് ബിൻ ഹാരിസ, അബ്ദുല്ലാ ബിൻ റവാഹ എന്നിവരായിരുന്നു അവരിൽ പ്രധാനികൾ. ഈ ദൗത്യത്തിന്റെ നായകത്വം ഉസാമ ബിൻ സൈദ്(റ)വിനെയാണ് നബി(സ്വ) ഏൽപ്പിച്ചത്. ഉസാമ(റ)ക്ക് പതിനെട്ടു വയസ്സുള്ളപ്പോഴാണ് വലിയൊരു സൈന്യത്തിന്‍റെ അധിപനായി റസൂല്‍(സ്വ) അദ്ദേഹത്തെ നിയോഗിച്ചത്. പ്രമുഖരും നേതാക്കളുമായ അബൂബക്കര്‍(റ), ഉമര്‍(റ) പോലുള്ളവര്‍ സാധാ സൈനികരായി അദ്ദേഹത്തിന് കീഴിലായിരുന്നു. ഈ സൈന്യത്തെക്കുറിച്ച് സ്വഭാവികമായും ചില ചര്‍ച്ചകളൊക്കെ നടന്നു. നബി(സ്വ)യുടെ കാതിലും ചില വിവരങ്ങളെത്തി. അവിടുന്ന് അതിനെല്ലാം വിശദീകരണമായി പറഞ്ഞു: ഉസാമയെ സൈനിക നേതൃത്വമേല്‍പിച്ചതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടെന്ന് ഞാനറിഞ്ഞിരിക്കുന്നു. മുമ്പ് ഉസാമയുടെ പിതാവ് സൈദുബ്നു ഹാരിസയുടെ കാര്യത്തിലും ഭിന്നാഭിപ്രായമുണ്ടായിരുന്നവരാണ് അവര്‍. നേതൃത്വമലങ്കരിക്കാന്‍ സൈദിന് അര്‍ഹതയുള്ള പോലെ ഉസാമക്കുമുണ്ട്. സൈദ് എനിക്ക് പ്രിയപ്പെട്ടവനാണ്. അതു പോലെ ഉസാമയും. ഉസാമ നിങ്ങളില്‍ സദ് വൃത്തനാണെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ നിങ്ങള്‍ അദ്ദേഹത്തില്‍ നിങ്ങള്‍ അഭ്യുദയ കാംക്ഷികളാവുക.



എന്നാല്‍ ഈ സൈന്യം പ്രവാചകര്‍ക്ക് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ യാത്ര പിന്തിച്ചു. ദിവസങ്ങള്‍ക്കകം റസൂല്‍(സ്വ) വിടവാങ്ങി. എന്നാല്‍ പ്രവാചകരുടെ ഇംഗിതം മനസ്സിലാക്കി ഈ സൈന്യത്തെ റോമക്കാരുമായുള്ള പോരാട്ടത്തിന് നിയോഗിക്കുകയായിരുന്നു ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അബൂബക്കര്‍(റ) ആദ്യം ചെയ്തത്. ഇതിൽ നിന്നും നബി(സ്വ)ക്ക് രോഗം തുടങ്ങിയതും സ്വഫറിലായിരുന്നു എന്ന് വായിക്കാം. ഹിജ്‌റ 11-ാം വര്‍ഷം സ്വഫര്‍ 26നാണ് നബി(സ)ക്ക് മരണകാരണമായ പനി ആരംഭിച്ചത്. ജന്നത്തുൽ ബഖീഇൽ ഒരു ജനാസയിൽ പങ്കെടുത്ത് തിരിച്ചു വരുമ്പോഴായിരുന്നു അത്. അന്ന് നബി(സ്വ) മൈമൂനാ(റ)യുടെ വീട്ടിൽ കഴിയുന്ന ഊഴമായിരുന്നു. നബി(സ)യുടെ രോഗം മൂര്‍ഛിച്ചത് റബീഉല്‍ അവ്വല്‍ 11 ഞായറാഴ്ചയായിരുന്നു. 12 തിങ്കളാഴ്ച നബി(സ്വ) വിട പറയുകയും ചെയ്തു.



നബി(സ്വ)ക്കു ശേഷം ഇസ്ലാമിക സമൂഹം അനുഭവിച്ച ഏറ്റവും വലിയ സങ്കടകരമായ സംഭവങ്ങളിൽ ഒന്നിന്നും സ്വഫർ മാസം സാക്ഷ്യം വഹിച്ചു. ഹിജ്റ 37 ൽ നടന്ന സ്വിഫ്ഫീൻ ആഭ്യന്തര യുദ്ധമാണത്. ഇസ്ലാമിക ചരിത്രത്തിലെ രണ്ടാമത്തെ ആഭ്യന്തര യുദ്ധമായിരുന്നു ഇത്. മൂന്നാം ഖലീഫ ഉസ്മാന്‍(റ) രക്തസാക്ഷിയായ ശേഷം അടുത്ത ഖലീഫയായത് പ്രവാചകന്‍(സ)യുടെ മറ്റൊരു മരുമകനായ അലി(റ)യായിരുന്നു. ഭൂരിപക്ഷം വരുന്ന അന്‍സ്വാറുകളും മുഹാജിറുകളും അദ്ദേഹത്തിന് ബൈഅത്ത് ചെയ്‌തെങ്കിലും ഉസ്മാന്‍(റ)ന്റെ ഘാതകരെ കണ്ടുപിടിക്കാതെ തങ്ങള്‍ ബൈഅത്ത് ചെയ്യില്ലെന്ന് പറഞ്ഞ് കുറച്ചു പേര്‍ മാറിനിന്നു. അന്ന് മുആവിയ(റ) ശാമി(സിറിയ)ലെ ഗവര്‍ണറായിരുന്നു. ഉസ്മാന്‍(റ)ന്റെ കുടുംബക്കാരനായ മുആവിയയും ഉസ്മാന്റ ഘാതകരെ ആദ്യം പിടികൂടണമെന്ന വാദക്കാരനായിരുന്നു. അലി(റ)യും അത് ആഗ്രഹിച്ചിരുന്നുവെങ്കിലും നാഥനില്ലാതെ കിടക്കുന്ന രാഷ്ട്രത്തെ ഏറ്റെടുത്തതിന് ശേഷമാവട്ടെ അത് എന്ന് അദ്ദേഹം കണക്കുകൂട്ടി. ഉസ്മാന്‍(റ)ന്റെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ധാരാളമുണ്ടെന്ന് അലി(റ)ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എടുത്തുചാടി ഒരു തീരുമാനമെടുത്താല്‍ ഭാവിയില്‍ അത് വലിയ ഫിത്‌നകള്‍ക്കിടയാക്കും എന്നദ്ദേഹം മനസ്സിലാക്കി.



മുആവിയ(റ) അലി(റ)ക്കുനേരെ സൈനിക നടപടിക്കൊരുങ്ങുന്നു എന്ന് കേട്ടപ്പോള്‍ അലി(റ) മുആവിയയുടെ അടുക്കലേക്ക് പ്രതിനിധിസംഘത്തെ അയക്കുകയുണ്ടായി. അത് പരാജയമായപ്പോഴാണ് രാജ്യത്താകെ ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മുആവിയയുടെ നീക്കത്തെ തടയാന്‍ അലി(റ)വും സൈന്യത്തെ സജ്ജമാക്കിയത്. സിറിയയിലെ സ്വിഫ്ഫീന്‍ എന്ന സ്ഥലത്താണ് ഇരുസൈന്യങ്ങളും ഏറ്റുമുട്ടിയത്. അലി(റ)ന്റെ സൈന്യം യുദ്ധത്തില്‍ മുന്‍തൂക്കം നേടിക്കൊണ്ടിരിക്കെയാണ് നമുക്ക് ഒരു ധാരണയിലാകാമെന്നും യുദ്ധം അവസാനിപ്പിക്കാമെന്നുമുള്ള ആശയം മുആവിയ(റ)യുടെ സൈന്യം മുന്നോട്ട് വെച്ചത്. ഇരുപക്ഷത്തും നിന്നും ഓരോ പ്രതിനിധികള്‍ മുന്നോട്ട് വരണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അലി(റ)യുടെ ഭാഗത്ത് നിന്ന് അബൂ മൂസല്‍ അശ്അരിയും മുആവിയ(റ)യുടെ ഭാഗത്ത് നിന്ന് അംറുബ്‌നുല്‍ ആസ്വും രംഗത്ത് വന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ യുദ്ധം അവസാനിപ്പിക്കാനും അന്തിമ തീരുമാനം ആ വര്‍ഷത്തെ റമദാനില്‍ പ്രഖ്യാപിക്കപ്പെടാനും ഇരുകൂട്ടരും സമ്മതിച്ചു. റമദാന്‍ വന്നെത്തിയപ്പോള്‍ അംറുബ്‌നുല്‍ ആസ്വും അബൂ മൂസയും കണ്ടുമുട്ടുകയും തുടര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇരുകൂട്ടരും പിരിയുകയാണുണ്ടായത്.



ഇമാം മാലിക്, ഇമാം അഹ്മദ് ബിൻ ഹമ്പൽ, ഇമാം നസാഈ തുടങ്ങിയവരെ ഇസ്ലാമിക ലോകത്തിന് സ്വഫറിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ സമസ്ത കുടുംബത്തിൽ പല വലിയ നഷ്ടങ്ങളും സ്വഫറിൽ ഉണ്ടായിട്ടുണ്ട്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടരിയും സമസ്തയുടെ ശബ്ദവും മുഖവുമായിരുന്ന മൗലാനാ കെ ടി മാനു മുസ്ലിയാരുടെ വിയോഗം 1430 ലെ സ്വഫറിലായിരുന്നു. വളരെ ദരിദ്രമായ സാഹചര്യങ്ങളിൽ വളർന്ന് വലുതായി തന്റെ പ്രദേശത്തിന്റെ വിളക്കും സമുദായത്തിന്റെ പ്രതീക്ഷയുമായി വളർന്ന പണ്ഡിത പ്രതിഭയായിരുന്നു കെ ടി മാനു മുസ്ലിയാർ. സ്വഫറിന്റെ മറ്റൊരു നഷ്ടം വലിയുല്ലാഹി തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാരുടേതാണ്. നമ്മുടെ പ്രാസ്ഥാനികവും സാമുദായികവുമായ പരിസരങ്ങളെ ആത്മീയതയുടെ കുന്തിരിക്കം പുകപ്പിച്ച മഹാനവർകൾ ഹിജ്റ 1432 -ലാണ് നമ്മോട് വിട പറഞ്ഞത്. സ്വഫർ മാസത്തിൽ തന്നെയായിരുന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സമുന്നത നേതാവും ആയിരക്കണക്കിന് ശിഷ്യരുടെ ഗുരുനാഥനുമായിരുന്ന അണ്ടോണ അബ്ദുല്ല മുസ്ലിയാരുടെ വഫാത്തും. ഹിജ്റ 1416 ലായിരുന്നു അവരെ നമുക്ക് നഷ്ടപ്പെട്ടത്. ഇന്നും ഒരു പ്രഹേളികയായി നിൽക്കുന്ന ചെമ്പരിക്ക ഖാളി സി എം അബ്ദുല്ല മുസ്ലിയാരുടെ വിയോഗവും സ്വഫറിലായിരുന്നു. 1430 ലെ ആ വിയോഗം ഇന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവരെ ഇന്നും തളർത്തുന്ന ഒന്നാണ്. ഇതുവരെ ലഭിച്ച വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തെ ആരോ അപായപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയത്തിലും പണത്തിലും വടക്കൻ മലബാറിലും ഉള്ള അതികായൻമാരാണ് സംഭവത്തിന് പിന്നിലെന്നത് ഒരു പരസ്യമായ രഹസ്യമാണ്. അതിനാൽ ഒരു പക്ഷെ ഘാതകർ ആഖിറത്തിൽ മാത്രമേ ശിക്ഷിക്കപ്പെട്ടേക്കൂ.








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso