ജെൻഡർ ന്യൂട്രാലിറ്റിയുടെ അപകട ഉള്ളടക്കങ്ങൾ
16-08-2022
Web Design
15 Comments
ആണും പെണ്ണും വീണ്ടും ചർച്ചകൾക്ക് വിഷമായിരിക്കുന്നു. ജെൻഡർ എന്ന സ്വത്വത്തെ ന്യൂട്രലാക്കാനുള്ള ചിന്തക്ക് പല മനസ്സുകളിലും മുള പൊട്ടിയിരിക്കുന്നു എന്നത് ഒരു സത്യമാണ്. ഇങ്ങനെ ഒരു ആശയം എറിഞ്ഞ് കൊടുത്ത് ഗവൺമെന്റ് തൽക്കാലം പിന്നോട്ട് വലിഞ്ഞു നിൽക്കുന്നു എങ്കിലും ചില കലാലയങ്ങളുടെ കാമ്പസുകൾ മുതൽ വാഹനം കാത്തിരിപ്പിടങ്ങളിൽ വരെ ഇത് ഏതോ ഒരു വികാരത്തോടെ പ്രയോഗവത്കരിക്കാനുളള ചിലരുടെ ത്വര അതാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ ചർച്ചയും വിവാദവും ചുറ്റിപ്പറ്റുന്നത് വസ്ത്രത്തെയാണെങ്കിലും ലക്ഷ്യം സ്ത്രീ- പുരുഷ സമ്പൂർണ്ണ സമത്വമാണ്. ലിംഗത്വത്തിന്റെ വേലി പൊളിച്ച് സ്വതന്ത്ര ലൈംഗികത നുകരാനുള്ള വെമ്പൽ ഈ വാദമുയർത്തുന്നവരുടെയും നടപ്പിലാക്കുന്നവരുടെയും ചെയ്തികളിൽ പ്രകടമാണ്. കാരണം അവർ അഴിച്ചിടുന്നതും അഴിപ്പിക്കുന്നതും സ്ത്രീയുടെ വസ്ത്രം മാത്രമാണ്. ആണുങ്ങളെ ആരും വസ്ത്രാക്ഷേപം ചെയ്യുന്നില്ല. സ്ത്രീകളെ കൊണ്ട് ആണുങ്ങളുടെ വസ്ത്രം ഉടുപ്പിക്കുക എന്നാണ് അവർ പറയാതെ പറയുന്ന ജെൻഡർ ന്യൂട്രാലിറ്റിയുടെ നിർവ്വചനം. അതുകൊണ്ട് തന്നെ ആഴമുള്ള ചർച്ചകളിലേക്ക് പോവാതെ തന്നെ ഇതിനെ പുരുഷ കോയ്മയുടെ മറ്റൊരു ധാർഷ്ട്യമായി കാണാം. പെണ്ണുങ്ങളെ മനോഹരമായി പറഞ്ഞുപറ്റിച്ച് അവരെ ഒരു വിലയും ഒടുക്കാതെ ഒരു ബാദ്ധ്യതയും വഹിക്കാതെ അനുഭവിക്കാനുള്ള ശ്രമമായേ ഇത് ചിന്തിക്കുന്നവർ കാണൂ.
ഇതു പറയുമ്പോൾ കലഹിക്കുക ഇസ്ലാം മാത്രമായിരിക്കും. ഇതു പറയുന്നവർക്ക് കലഹിക്കാനുള്ളതും ഇസ്ലാമിനോട് മാത്രമായിരിക്കും. മറ്റുള്ള മതങ്ങൾ സ്ത്രൈണതയുടെ ധാർമ്മികതയെ കുറിച്ച് പറയുന്നുണ്ടെങ്കിലും അത് ഏട്ടിൽ മാത്രമാണ്. വാദിക്കാനും വാശി പിടിക്കാനും മാത്രം അതിലൊന്നും അവർ കാര്യമായൊന്നും കാണുന്നില്ല. ഇസ്ലാമിന് അതിനു കഴിയില്ല. കാരണം, ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത രീതിയാണ്. അത് മനുഷ്യന്റെ സർവ്വ കാര്യങ്ങളെ കുറിച്ചും പറയുന്നു. അത് ദൈവ ദാനമാണ്. ദൈവമാകട്ടെ അകാലിയാണ്. ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ അംശിക്കാവുന്നതല്ല ദൈവത്തിന്റെ പരിധി. അതിനാൽ അവന്റെ നിയമങ്ങൾ ഭൂതകാലം തെളിയിച്ചതും വർത്തമാന കാലം അർഹിക്കുന്നതും ഭാവികാലത്തെ ഗുണപരമായി സ്വാധീനിക്കുന്നതുമായ നൻമകളെ ഒറ്റയടിക്ക് തന്നെ ഉൾക്കൊള്ളുന്നു. അവന്റെ ഓരോ നിയമങ്ങളുടെയും പൊതുഗുണമാണിത്. അവൻ വ്യഭിചരിക്കരുത് എന്ന് പറയുമ്പോൾ അത് കേവലം ഒരു അധാർമ്മിക ചെയ്തിക്ക് മാർക്കിടുക മാത്രമല്ല ചെയ്യുന്നത് എന്നത് ഉദാഹരണം. ഭൂതകാലത്തിൽ അതുണ്ടാക്കിയ അനർഥങ്ങളും ഭാവി കാലത്ത് അത് ഉണ്ടാക്കിയേക്കാവുന്ന സാമൂഹ്യ ദുരന്തങ്ങളും ഒരേ സമയം ഉൾക്കൊള്ളുന്നു. ഇവ്വിധം പൂർണ്ണ യുക്തിഭദ്രതയുളളതാണ് ഇസ്ലാമിന്റെ നയ- നിയമങ്ങളെല്ലാം. അതു കൊണ്ടാണ് വിശ്വാസികൾക്ക് അതിൽ വെള്ളം ചേർക്കാൻ കഴിയാതെ വരുന്നത്.
നവ ജെൻഡറിസത്തിന്റെ വാക്താക്കളുടെ ലക്ഷ്യം - അവരത് അത്ര പച്ചക്ക് പറയുന്നില്ലെങ്കിലും - ഇസ്ലാമാണ്. ഇത്തരം പുതിയ നീക്കങ്ങൾ അവയുടെ വാക്താക്കൾ വിജയിപ്പിക്കുന്നത് ഇസ്ലാമിനെ കുറിച്ച് തെറ്റായ ചില ആമു ഖങ്ങൾ സ്ഥാപിച്ചെടുത്താണ്. ഒട്ടും ആഴത്തിലിറങ്ങാതെയും പശ്ചാത്തലം പരിശോധിക്കാതെയും കാടടച്ച് വെടിവെച്ചിട്ടാണ് ഇത് സാധിപ്പിച്ചെടുക്കുന്നത്. സ്ത്രീയെ ഇസ്ലാം കറുപ്പിൽ കെട്ടിപ്പൊതിഞ്ഞു, അവളുടെ സ്വാതന്ത്രം തടഞ്ഞിരിക്കുന്നു, അവൾക്ക് സ്വത്ത് നിഷേധിച്ചിരിക്കുന്നു എന്നൊക്കെയാണ് ഇവിടെ അവർ തൊടുത്തു വിടുന്ന ആരോപണ വെടികൾ. ചിന്തിക്കാൻ മനസ്സ് കാണിക്കാത്ത വൈകാരിക വിവശരായ ജനങ്ങൾ ഇതൊക്കെ കേൾക്കുമ്പോൾ അതേയോ ! എന്ന് ആർത്ത് അതിനൊപ്പം കൂടുകയാണ്. വികാരവും വിചാരവും രണ്ട് വിപരീതങ്ങളാണല്ലോ. ഒന്നുള്ളിടത്ത് മറ്റേതുണ്ടാവില്ല. അതുകൊണ്ട് എന്നിട്ട് പതിനാലു നൂറ്റാണ്ടുകാലം ഇത്രയും വലിയ ഒരു സമുദായത്തിന്റെ പാതിക്ക് എന്തൊക്കെ പരിക്കു പറ്റി എന്നു പോലും അവർ ചിന്തിക്കാൻ ശ്രമിക്കില്ല. ഇങ്ങനെയാണ് ഓരോ ആരോപണവും വേരു പിടിക്കുന്നത്.
ഇസ്ലാം ഇക്കാര്യത്തിൽ ഒരു വാശിയും പിടിക്കുന്നില്ല. ഇസ്ലാം ആകെ ചെയ്യുന്നത് സ്ത്രീയെ ജൈവപരമായും വൈകാരികമായും പരിഗണിക്കുക മാത്രമാണ് ചെയ്യുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ പുരുഷൻമാരുടെ ലോകത്തിന് അനുഭവിക്കുവാനുള്ള ഒരു അമൂല്യ വിഭവമാണ് സ്ത്രീ. അവൾ പുരുഷൻമാരുടെ ആകർഷണ കേന്ദ്രമാണ്. അവളെ കാണുമ്പോഴും കേൾക്കുമ്പോഴും സ്പർശിക്കുമ്പോഴും അവളെ കുറിച്ച് ചിന്തിക്കുമ്പോഴും പുരുഷൻ അവാജ്യമായ ഒരു ആനന്ദവും ആശ്വാസവും അനുഭവിക്കുന്നുണ്ട്. അതിനു മാത്രം ആകർഷകത്വമുള്ള ശരീരവും, മൃദുലതയും, സൗന്ദര്യവും, ശാരീരിക സൗകുമാര്യവും, ശബ്ദവും, അംഗവിക്ഷേപങ്ങളും മറ്റും സൃഷ്ടാവ് അവർക്ക് നൽകിയിട്ടുള്ളത് അതിനു വേണ്ടിയാണ്. അവൾക്ക് ലഭിച്ചിട്ടുള്ള ഈ ജൈവ സവിശേഷതകൾ അമൂല്യങ്ങളാണ്. എന്തു ചെയ്തും എത്ര വില കൊടുത്തും ഒരു പുരുഷന് സ്വായത്തമാക്കാൻ കഴിയാത്ത സവിശേഷതകൾ. ഈ അമൂല്യതകൾ സംരക്ഷിക്കപ്പെടണം എന്ന വാശി മാത്രമേ ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഇസ്ലാമിനുളളൂ. അത് ഒരു ഉപാധിയുമില്ലാതെ ഒരു നിയന്ത്രണവുമില്ലാതെ എല്ലാവർക്കും മുമ്പിൽ തുറന്നിടുമ്പോൾ അവളുടെ സ്ത്രൈണതയുടെ നിറവും മണവും അപ്രസക്തമാകും.
അതിനാൽ അത് ഒരു പങ്കാളിക്ക് പതിച്ചു നൽകുകയാണ് ഇസ്ലാം. നിയമപരമായും എല്ലാവരും അറിഞ്ഞും അവളെ ഏറ്റെടുക്കുന്ന അവൻ മാത്രം അവളെ അനുഭവിക്കുമ്പോൾ മാത്രമേ അവൾക്കു വിലയുണ്ടാകൂ. അതിനാൽ അവളുടെ വിലപ്പെട്ട സ്ത്രീത്വം എന്ന അനുഭൂതി മറ്റുള്ളവർക്ക് മുമ്പിൽ തുറന്നിടരുത് എന്ന് ഇസ്ലാം പറയുന്നു. അവളുടെ ആകർഷണ ഭാഗങ്ങൾ അവർ പൊതു ദൃശ്യതയിൽ നിന്ന് മറച്ചുപിടിക്കണം. അല്ലെങ്കിൽ അന്യ കണ്ണുകൾ അവയെ പിന്തുടരുകയും അവയുടെ ഉടമകളുടെ മനസ്സിൽ അതുണ്ടാക്കുന്ന വൈകാരിക ആന്ദോളനങ്ങൾ പലവിധ കുഴപ്പങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയും ചെയ്യും. ഇക്കാര്യം ഇതേ അർഥത്തിൽ വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അതിന്റെ ഗൗരവം പരമാവധി പ്രകടിപ്പിക്കാനായിരിക്കാം സൂറത്തുൽ അഹ്സാബിൽ ഇക്കാര്യം പറയാൻ വേറിട്ട ഒരു രീതി ഖുർആൻ സ്വീകരിച്ചതു കാണാം. അത് ഏറെ വിശുദ്ധകളായ നബി പത്നിമാരെ അഭിസംബോധനം ചെയ്താണ് ഇക്കാര്യം പറയുന്നത് എന്നതാണ്. മറ്റുള്ളവരുടെ കാമക്കണ്ണുകൾ നിങ്ങളിൽ പതിക്കാതിരിക്കാനാണിത് എന്നതിനാവട്ടെ വിഷയമാക്കിയിരിക്കുന്നത് ശബ്ദത്തെയുമാണ്. അല്ലാഹു പറയുന്നു: നബിപത്‌നിമാരേ, മറ്റൊരു വനിതയെയും പോലെയല്ല നിങ്ങള്‍; ധര്‍മനിഷ്ഠരാണെങ്കില്‍ അപരരോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ വിധേയത്വപ്രകടനം നടത്തരുത്. അങ്ങനെ ചെയ്താല്‍ ഹൃദയത്തില്‍ രോഗമുള്ളവന് ദുര്‍മോഹം ജനിക്കും. നിങ്ങള്‍ ഉദാത്തമായ സംസാരം നടത്തുകയും സ്വഗൃഹങ്ങളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക; പുരാതന അജ്ഞാനയുഗത്തിലേതു പോലുള്ള സൗന്ദര്യപ്രകടനം നടത്തരുത്; മുറപ്രകാരം നമസ്‌കാരമനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുകയും ചെയ്യുക. (അഹ്സാബ്: 31 മുതൽ)
ഉദ്ധൃത സൂക്തത്തിൽ പറഞ്ഞ ദുർമ്മോഹം തന്നെയാണ് ഈ നിലപാടിന്റെ അകക്കാമ്പ്. പെണ്ണിലേക്കുള്ള ആകർഷണം നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. അതുകൊണ്ടാണല്ലോ അവളെ പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്നത് മുതൽ ബലാൽസംഗം പോലുളളവ ഉണ്ടാകുന്നതും. ഇങ്ങനെ പറഞ്ഞുവരുമ്പോൾ പിന്നെ ചോദിക്കുക പെണ്ണിനെ ഇങ്ങനെ എന്തിനാണ് ഒരാണിന്റെ കീഴിൽ ഒതുക്കാൻ ശ്രമിക്കുന്നത്, അവൾക്കും അവനെ പോലെ സ്വതന്ത്രയായി തന്നെ ജീവിച്ചു കൂടെ എന്നായിരിക്കും. ഈ ചോദ്യത്തിനുത്തരം ലഭിക്കാൻ മനുഷ്യന്റെ പൊതുവെയും സ്ത്രീയുടെ പ്രത്യേകിച്ചുമുളള ജീവിത ചക്രം പരിശോധിക്കണം. ജീവിത ചക്രം എന്നത് വലിയ ഒരു യാഥാർഥ്യമാണ്. ഇവിടെ നമുക്ക് എടുക്കാനും അടിവരയിടാനുമുള്ളത് ഏതൊരാൾക്കും എന്തു തന്നെ ചെയ്താലും പ്രായമാകുമെന്നതും പ്രായമാകുമ്പോൾ പരാശ്രയം വേണ്ടി വരും എന്ന സത്യമാണ്. പെണ്ണിന്റെ ജീവിതം പുരുഷനേക്കാൾ ദുർബ്ബലമാണ്. ഒരു ശരാശരി പുരുഷന് ജീവിതമാർഗ്ഗങ്ങൾ കൊണ്ട് സ്വാശ്രയത്വം പുലർത്താവുന്ന അത്ര ഒരു സ്ത്രീക്ക് പുലർത്താൻ കഴിയില്ല. അഥവാ യവ്വനത്തിൽ സ്ത്രീക്ക് താൻ എന്തിനും പോന്നവളാണ് എന്നും തനിക്ക് പുരുഷനെ പോലെ ജീവിക്കണമെന്നുമൊക്കെ തോന്നുമെങ്കിലും ഇത്തിരി പ്രായമായാൽ അവളുടെ ജീവിതം പ്രയാസകരമാണ്. അവൾക്ക് അപ്പോൾ ജോലി ചെയ്യാൻ കഴിയില്ല. അവൾ എങ്ങനെയെങ്കിലും ജോലി ചെയ്യുകയാണ് എങ്കിൽ തന്നെ അവൾക്ക് ആരെയും ആകർഷിക്കുവാൻ കഴിയില്ല.
അവളുടെ കരുത്തെല്ലാം കുടികൊള്ളുന്നത് അവളുടെ ഭംഗിയിലാണ്. അത് വെച്ചാണ് അവൾ സ്വീകരിക്കപ്പെട്ടവളാകുന്നത്. ആ ഭംഗിയും കരുത്തും ഒരു പുരുഷന് സമർപ്പിക്കുക വഴി അവൾ തന്റെ നട്ടെല്ലുറപ്പിക്കുകയാണ്. ആ വിധേയത്വം വഴി ജീവിത കാലത്തേക്ക് മുഴുവനുമുള്ള സംരക്ഷണ ഊർജ്ജം അവൾ സ്വന്തമാക്കുകയാണ്. അപ്പോൾ ഈ ദാനം ഉണ്ടാക്കുന്ന കെട്ടഴിക്കാനാവാത്ത കടപ്പാടിന്റെ പേരിൽ സൗന്ദര്യം മങ്ങിയാലും സൗകുമാര്യം നഷ്ടപ്പെട്ടാലും അവൾ സംരക്ഷകർ ഉണ്ടായിത്തീരുന്നു. തന്നെത്തന്നെ സമർപ്പിച്ച ജീവിത പങ്കാളി, അവൾ തന്റെ ദാനകാലത്ത് പ്രസവിച്ചുണ്ടാക്കി വെച്ച മക്കൾ എന്നിവർ അവളെ ജീവിതകാലം മുഴുവൻ ശ്രദ്ധിക്കും. അതേ സമയം അവൾ അവളുടെ സൗന്ദര്യം ഒരു നിശ്ചിത ആൾക്കല്ലാതെ എല്ലാവർക്കും വാരിക്കോരി നൽകി ഉദാരത കാണിച്ചാൽ അവൾക്കു പ്രായമായാൽ അവളോട് ചിരിച്ചവരോ അവളെ അനുഭവിച്ചവളോ ആരും ഒരു കടപ്പാടും കാണിക്കില്ല. ഈ പറയുന്നതൊന്നും ആഴമുള്ള ശാസ്ത്രങ്ങളൊന്നുമല്ല. നമ്മുടെ ജീവിത പരിസരത്തെ വീക്ഷിച്ചാൽ കാണാവുന്ന സത്യങ്ങളാണ്. ഇതിൽ ഒരു മതത്തിന്റെയും വാശിയില്ല. ഇത് സ്ത്രീയുടെ നൻമയാണ്. അവളുടെ രക്ഷയാണ്. എന്നിട്ടും അവളെ പറഞ്ഞു പറ്റിക്കുന്നത് കാണുമ്പോൾ നമുക്ക് ഇങ്ങനെ പ്രതികരിക്കാതെ കഴിയില്ല.
എന്നാൽ ഇസ്ലാം ഇങ്ങനെയൊരു നിലപാടെടുത്തതിലൂടെ അവളുടെ നിരവധി വാതിലുകൾ കൊട്ടിയടക്കപ്പെട്ടില്ലേ എന്നാണെങ്കിൽ അതും അജ്ഞത കൊണ്ട് പറയുന്നതാണ് എന്നാണ് മറുപടി. ഇസ്ലാമിക സംസ്കൃതി പതിനാലു നൂറ്റാണ്ടുകൾ കടന്നത് അവളെ പരിഗണിക്കേണ്ട വിധം പരിഗണിച്ചു കൊണ്ടു തന്നെയാണ്. അതേ സമയം അവളെ ശക്തമായി നിയന്ത്രിച്ചിട്ടുമുണ്ട്. അത് അവൾക്ക് ഗുണകരമല്ലാത്തതു കൊണ്ടു തന്നെയാണ്. ഇസ്ലാമിക ചരിത്രം അതിന് സാക്ഷിയും തെളിവുമാണ്. പ്രവാചകന്‍ നിയുക്തനായ അറേബ്യന്‍ സമൂഹം അവളോട് കടുത്ത നീതിനിഷേധം വെച്ചുപുലര്‍ത്തിയിരുന്നു. പെണ്‍കുഞ്ഞിന് ജീവിക്കാനുള്ള അവകാശം പോലും അവര്‍ നിരസിച്ചു. അവിടെ, കത്തിയമര്‍ന്ന ചാരക്കൂനയില്‍ നിന്നും കിളിര്‍ത്തുവരുന്ന കരുത്തുറ്റ തൈകള്‍ കണക്കെ പ്രവാചക-ഖലീഫമാരുടെ സുവര്‍ണ യുഗങ്ങളില്‍ സ്ത്രീശക്തി കരുത്താര്‍ജിച്ചത് ചരിത്രത്തില്‍ നിന്നും നമുക്ക് വായിക്കാന്‍ കഴിയും. രണ്ടില്‍ കൂടുതല്‍ പെണ്‍മക്കളെ പരിപാലിച്ചു വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗമുണ്ടെന്ന പ്രവാചക പ്രഖ്യാപനത്തിലൂടെ നിലവിലുള്ള ആണ്‍കോയ്മയെ തളര്‍ത്തുകയും പെണ്ണിന് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്തു നബി തങ്ങൾ.
ആരാധനകളനുഷ്ഠിച്ചാല്‍ ആണിന് ഒരു പ്രതിഫലവും പെണ്ണിന് മറ്റൊരു പ്രതിഫലവും കല്പിക്കാതെ ഇരുവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തി (16:97). ജൈവപരമായ അവളുടെ അബലതകള്‍ക്കനുസരിച്ച് ആരാധനാകാര്യങ്ങളില്‍ അവള്‍ക്കു മാത്രം പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണമായി അവള്‍ക്കും നല്കി. ഇസ്‌ലാമിന്റെ സുവര്‍ണ യുഗങ്ങളില്‍ ഭരണകാര്യങ്ങളിലും സേനാവിന്യാസത്തിലും യുദ്ധരംഗത്തും സേവന മേഖലകളിലും കൂടിയാലോചനകളില്‍ അഭിപ്രായമറിയിച്ചുകൊണ്ട് അവളും പങ്കാളിയായിരുന്നു. ഹുദൈബിയ സന്ധി വേളയില്‍ ഉംറ ചെയ്യാതെ തിരിച്ചുപോകണമെന്ന വ്യവസ്ഥയില്‍ ശത്രുപക്ഷവുമായി പ്രവാചകന്‍ ഒപ്പുവെച്ചെങ്കിലും അനുചരന്മാര്‍ക്കത് അസഹ്യമായി തോന്നി. അവര്‍ അക്ഷമരായപ്പോള്‍ അതിനു പരിഹാരം നിര്‍ദേശിച്ചത് ഉമ്മുസലമ(റ) ആയിരുന്നു. അവളുടെ നിര്‍ദേശാനുസരണം പ്രവാചകന്‍ പരസ്യമായി തലമുണ്ഡനം ചെയ്തുകൊണ്ട് ഇഹ്‌റാമില്‍ നിന്നും വിരമിച്ചു. അതോടുകൂടി അനുചരന്മാരും അതിന് നിര്‍ബന്ധിതരായി. രംഗം ശാന്തമായി. സമാധാനപരമായി അവര്‍ മദീനയിലേക്ക് മടങ്ങി.
പൊതുരംഗത്തെ സ്ത്രീ പ്രവേശത്തിനും ഭരണരംഗത്തെ സ്ത്രീസാന്നിധ്യത്തിനും ഇസ്‌ലാം എതിരുനിന്നിട്ടില്ല. പ്രവാചകപത്‌നി ആഇശ(റ) പണ്ഡിതയും വാഗ്മിയുമായിരുന്നു. ഹജ്ജ് വേളയില്‍ സൗര്‍ മലയുടെ താഴ്‌വരയില്‍ ആഇശ(റ) തമ്പടിക്കുകയും ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ ദേശങ്ങളിലെ ആണുങ്ങളടക്കമുള്ളവര്‍ക്ക് മതവിജ്ഞാനങ്ങള്‍ പകര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു. ഉഹ്ദ്, ഖന്‍ദഖ്, ഖൈബര്‍, യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങളില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കുവഹിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് അടിപതറിയ ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന് സംരക്ഷണകവചം തീര്‍ത്ത് പോരാടിയത് ഉമ്മുഅമ്മാറ(റ) എന്ന വനിതയായിരുന്നു. ഉമ്മുഅതിയ്യ പ്രവാചകനോടൊപ്പം ഏഴു യുദ്ധങ്ങളിലും നബിക്കു ശേഷം രണ്ടു യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അസ്മാ ബിന്‍ത് യസീദ് എന്ന ധീരവനിതയുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ യര്‍മൂക്ക് യുദ്ധം മുസ്‌ലിംകള്‍ക്ക് കയ്പനുഭവമാകുമായിരുന്നു എന്നാണ് ചരിത്രം. ഉമര്‍(റ) മദീനയിലെ ചന്തയുടെ ഭരണച്ചുമതല ശിഫാഅ് എന്ന വനിതയെയായിരുന്നു ഏല്പിച്ചത്. ലോകത്ത് ആദ്യമായി സ്ത്രീകള്‍ക്ക് അനന്തരാവകാശം നിയമമാക്കിയതിലൂടെ അവള്‍ക്ക് സ്വത്ത് ആര്‍ജിക്കാനും വിനിമയം ചെയ്യാനുമുള്ള അവകാശം നല്കുകയായിരുന്നു മതം. അടുക്കളയില്‍ നിന്നും അരങ്ങത്തേക്കുള്ള വരവിന് ഇസ്‌ലാം തടസ്സമായിരുന്നുവെങ്കില്‍ ഈ അനശ്വരഗാഥകള്‍ക്ക് ചരിത്രത്തിലിടം ലഭിക്കില്ലായിരുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ നിന്നു മാത്രമല്ല ലോകത്തെ ഒരു ജനസമൂഹത്തില്‍ നിന്നും സ്ത്രീകള്‍ വ്യാപകമായി പൊതുരംഗം കയ്യടക്കുകയും പുരുഷന്മാര്‍ പ്രജകളായി മാത്രം കഴിഞ്ഞുകൂടുകയും ചെയ്യുന്ന ഒരവസ്ഥ ചരിത്രത്തില്‍ കാണാന്‍ കഴിയുകയില്ല. എല്ലായിടത്തും പുരുഷ കോയ്മ തന്നെയാണ് ഉണ്ടായിരുന്നത്. അത് ഒരു ആധിപത്യ പ്രവണതയല്ല. പുരുഷൻമാർ തങ്ങളുടെ കടമയും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞതാണ്. 1975 അന്താരാഷ്ട്ര സ്ത്രീവര്‍ഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചു. ലോകത്തുടനീളം ജാതി-മത ഭേദമന്യേ സ്ത്രീജനം പുരുഷമേധാവിത്വത്തിന്റെ നുകം പേറി കഴിയുകയാണെന്നും അവര്‍ക്ക് പൊതുജീവിതത്തില്‍ മാന്യമായ പദവി ലഭ്യമാക്കുന്നതിന് ലോകാഭിപ്രായം ആരായുന്നതിനു വേണ്ടിയായിരുന്നു യു എന്‍ സ്ത്രീവര്‍ഷമാചരിച്ചത്.
അല്ലാതെ ഇസ്‌ലാമിക കാലത്ത് സ്ത്രീ അടിച്ചമര്‍ത്തപ്പെട്ടതുകൊണ്ടു മാത്രമല്ല. ഇതിന്റെ ഫലമാണോ എന്നറിയില്ല,1975-നു ശേഷം ലോകവ്യാപകമായി സ്ത്രീ മുന്നേറ്റമുണ്ടായി. അത് മുസ്‌ലിം ലോകത്തുമുണ്ടായിട്ടുണ്ട്.
നോബല്‍ സമ്മാന ജേത്രികളായ ഷിറിന്‍ ഇബാദി, തവക്കല്‍ കര്‍മാന്‍, നോബല്‍ സമ്മാനത്തിന് പേര് നിര്‍ദേശിക്കപ്പെട്ട ഇറാന്‍ ഗണിത ശാസ്ത്രജ്ഞ മര്‍യം മീര്‍സാഖാനി, സുഊദി ഗസറ്റിന്റെ ചീഫ് എഡിറ്റര്‍ സുമയ്യ ജബ്ബാറ, ജോര്‍ദാന്‍ നിയമജ്ഞ ഹിന്‍ദ് അല്‍ ഹാഇസ്, ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജ് ഫാത്തിമ ബീവി, ലോകോത്തര പ്രശസ്തകളായ ആഇശ അബ്ദുറഹ്മാന്‍, സൈനബുല്‍ ഗസ്സാലി, മര്‍യം ജമീല, ആസിഫ ഖുറൈഷി, ഫര്‍ഹത്ത് ആഷ്മി തുടങ്ങിയ പണ്ഡിതകളും ബേനസീര്‍ ഭൂട്ടോ, മെഗാവതി സുഗര്‍ണോപുത്രി (ഇന്തോനേഷ്യ), തന്‍സ ഡില്ലര്‍ (തുര്‍ക്കി), മാംമാഡിയര്‍ ബോയി (സെനഗല്‍), മഅ്‌സൂമ എബ്തകര്‍ (ഇറാന്‍), സിസ്സ് മര്‍യം ഖൈദമ സിദ്ധീഖി (മാലി), ആതിഫത് ഇഹ്ജഗാ (കൊസോന), ബിബി അമീന ഫിര്‍ദൗസ് (മൗറിറ്റസ്), ബീഗം ഖാലിദാസിയ, ശൈഖ് ഹസീന വാജിദ് (ബംഗ്ലാദേശ്) തുടങ്ങിയ പ്രഗത്ഭരായ ഭരണാധികാരികളും മുസ്‌ലിം സമൂഹം സംഭാവന ചെയ്തവരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പറുദീസയായ ഇന്ത്യയില്‍ നിന്നും വിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റ് പിറവിയെടുത്തിട്ട് വര്‍ഷം തികയുന്നേയുള്ളൂ. എന്നാല്‍ മര്‍യം അല്‍മന്‍സൂരി എന്ന മുസ്‌ലിം അറബ് വംശജയായ പൈലറ്റ് 2014-ല്‍ ഐ എസ് ഐ എസിനെതിരെയുള്ള വ്യോമാക്രമണത്തിന് നേതൃത്വം നല്കി. നാജിയ ജബ്ബാറ എന്ന മറ്റൊരു വനിതാ പൈലറ്റ് ഐ എസുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും ചെയ്തു. ഇതൊക്കെ കാണാവുന്നതായിട്ടും ചില കണ്ണുകൾ മാത്രം അതു കാണുന്നില്ല എന്നതിനെ അൽഭുതം എന്നല്ലാതെ എന്താണ് വിളിക്കുക !
ഈ വിശദീകരണങ്ങളൊന്നും പക്ഷെ വികാരവിവശരായ ന്യൂട്രലിസ്റ്റുകൾ കാണുകയും കേൾക്കുകയും ചെയ്യില്ല എന്നറിയാം. എങ്കിലും, ഒരു ജനവിഭാഗത്തോടുള്ള വിദ്വേഷം അനീതി പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പാലിക്കുവിന്‍. അതാവുന്നു ദൈവഭക്തിയോട് ഏറ്റവും അടുത്തു നില്ക്കുന്നത്(5:08) എന്ന വചനമെങ്കിലും അവർ കേൾക്കുമെങ്കിൽ ! എന്നാശിക്കാം.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso