കടന്നുപോയ വഴിയിലെ കനലുകൾ
23-08-2022
Web Design
15 Comments
21 -ാം നൂറ്റാണ്ടിന്റെ അവസാന മൂന്നര ദശകങ്ങളും 22-ാം നൂറ്റാണ്ടിന്റെ 2 ദശകങ്ങളുമടക്കം അര നൂറ്റാണ്ടിലധികം കാലം കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മതപരവും രാഷ്ട്രീയപരവുമായ നേതൃത്വത്തിൽ സജീവ സാന്നിദ്ധ്യമറിയിച്ച നേതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ. പിതാവ് പൂക്കോയ തങ്ങൾക്കു ശേഷം രണ്ടു മേഖലയിലും വ്യക്തമായ സാന്നിദ്ധ്യമറിയിച്ച പാണക്കാട്ടെ നേതാവ്. അതിനാൽ പിതാവിന്റെ പാതയിലേക്കുള്ള ഒരു ദാനമായിരുന്നു അദ്ദേഹമെന്ന് ഈ അർഥത്തിൽ നമുക്കു വിലയിരുത്താം. അതുകൊണ്ടു തന്നെ ആ നേതൃസഞ്ചാരം നീണ്ടതായിരുന്നു. മാത്രമല്ല, ആ വഴി അത്ര സുഖകരമായിരുന്നില്ല. മാറിവന്ന പുതിയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ചു കൊണ്ടിരുന്ന കാലം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വഴിയിലുടനീളം നിരവധി പ്രശ്നങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഒരു പാട് കനലുകൾക്കിടയിലൂടെയായിരുന്നു അദ്ദേഹം കടന്നുപോയത്.
സ്ഥാനം വലിച്ചെറിഞ്ഞ് ..
നേതൃ പാഠങ്ങൾ വശപ്പെടുത്താൻ അദ്ദേഹത്തിന് ഒട്ടും പ്രയാസപ്പെടേണ്ടി വന്നിട്ടുണ്ടാകില്ല. കാരണം അദ്ദേഹം പിറന്ന് പിച്ചവെച്ച് തുടങ്ങുമ്പോൾ തന്നെ കൊടപ്പനക്കൽ വീട് ഈ വിഷയത്തിന്റെ ഒരു പാഠശാലയായി വളർന്നിട്ടുണ്ടായിരുന്നു. മുസ്ലിം കേരളം ആ വീടിനേയും അതിന്റെ നായകനായിരുന്ന പ്രിയപ്പെട്ട പിതാവിനെയും വലം വെച്ചു തുടങ്ങിയിരുന്നു. വാപ്പ ഓരോ വിഷയങ്ങളും തൻമയത്വത്തോടെ കൈകാര്യം ചെയ്യുന്നത് കണ്ടാണ് കൊച്ചു ആറ്റപ്പൂ വളർന്നത്. ആറ്റിപ്പൂവിനെ അടുത്ത് കിടത്തിയും നടത്തിയും എല്ലാം പഠിച്ചെടുക്കാനുളള അവസരം വാപ്പ തന്നെ ഉണ്ടാക്കുകയും ചെയ്തു. മാത്രമല്ല, നേതൃഗുണങ്ങൾ പഠിക്കാൻ പറ്റുന്ന അവസരങ്ങളിൽ അതിനുള്ള പ്രചോദനവും വാപ്പ നൽകി. മർഹൂം ബാഫഖി തങ്ങളുടെ കൂടെ യാത്രക്ക് വാപ്പ വിട്ടിരുന്നതായും അത്തരം യാത്രകളിലുടനീളം ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുത്തും പഠിപ്പിച്ചും ബാഫഖി തങ്ങൾ നന്നായി തർബിയ്യത്ത് ചെയ്യുമായിരുന്നതായും തങ്ങൾ തന്നെ ജീവിത കാലത്ത് ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ വളർന്നു വന്ന തങ്ങളിൽ നിന്നും നേതൃഗുണം നാം കണ്ടു തുടങ്ങുന്നത് 1973 ഏപ്രിൽ 29 ന് മഹാനവകൾ സുന്നി വിദ്യാർത്ഥി സംഘടനയുടെ അമരക്കാരനാക്കുന്നതോടെയാണ്.
എന്തുകൊണ്ടും ഒരു നല്ല തുടക്കമായിരുന്നു അത്. വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ മര്‍മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളെകളെ നിശ്ചയിക്കുന്നത്. അവര്‍ നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കപ്പെടുന്നത്. ലോക ചരിത്രത്തില്‍ വിദ്യാര്‍ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്‍ഥികളെ തങ്ങളുടെ കൊടിക്കീഴില്‍ അണി നിരത്താനുള്ള ശ്രമങ്ങള്‍ നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്‍പറഞ്ഞതില്‍ നിന്ന് വ്യത്യസ്‌തമായിരുന്നില്ല. നിരവധി പ്രവര്‍ത്തനങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്‌ട്രീയവുമായ സംഘടനകള്‍ എക്കാലവും സജീവമായിരുന്നു. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പിന്നെയും കുറേ കാലം ഒരു വിദൂര സ്വപ്‌നമായി തുടര്‍ന്നു. അഹ്‌ലുസ്സുന്നത്തിന്റെ നേതാക്കള്‍ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി. അങ്ങനെ അതിനെ കുറിച്ച് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്‍ക്കുകയാണ് ആദ്യം ചെയ്‌തത്. പക്ഷേ, സമസ്‌ത ജന. സെക്രട്ടറി ശംസുല്‍ ഉലമാക്ക് കീഴിലുള്ള ഒരു അഡൈസറി ബോർഡിന്റെ പരമാധികാരത്തില്‍ വേണമെങ്കില്‍ ഒരു വിദ്യാര്‍ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്‍ഥി സംഘം നിലവില്‍ വന്നു. 1973 ഏപ്രില്‍ 29 പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് എസ് എസ് എഫ് പിറവിയെടുത്തു.
മഹാനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും ബഹാവുദ്ദീൻ നദവിയുടെയും നേതൃത്വത്തിൽ ഈ സംഘടനക്ക് കീഴില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ആവേശപൂര്‍വ്വം പ്രവര്‍ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹികളായ ചിലരുടെ സ്വാര്‍ഥ താത്‌പര്യങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവര്‍ സംഘടനയെ വഴി തെറ്റിക്കാന്‍ വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്.
1979 ൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ വഹാബി സ്ഥാനാർത്ഥിക്ക് അനുകൂലമായി പ്രസ്താവനയിറക്കി, വോട്ടഭ്യർഥിച്ചു എന്നൊക്കെ പറഞ്ഞ് ചില ഉന്നതർ തന്നെ രംഗത്തിറങ്ങി. കടുത്തതും അന്ധമായതുമായ ലീഗ് വിരോധം തലക്കുപിടിച്ച ചിലരായിരുന്നു പിന്നിൽ അതോടെ എതിർപ്പുകൾ ഒഴുകിയെത്തി. കമ്മ്യൂണിസത്തിന്റെ മോഹവലയത്തിൽ പെട്ടുപോയ അവർക്ക് പ്രസിദ്ധണ്ടിന്റെ വ്യക്തിത്വമോ സമുദായ സ്ഥാനമോ ഒന്നും ഒരു പ്രശ്നമേ അല്ലായിരുന്നു. പ്രസിഡന്റിനെ ഒഴിവാക്കാൻ വരെ ആവശ്യമുയർന്നു. ഇതിനെ തുടർന്ന് മലപ്പുറത്ത് നടന്ന യോഗത്തിൽ വെച്ച് തങ്ങൾ രാജിവെച്ച് ഇറങ്ങിപ്പോയി. നേരിനോടും നെറിയോടുമുള്ള തങ്ങളുടെ അദമ്യമായ വിധേയത്വത്തിന്റെ ആദ്യ പ്രകട ഉദാഹരണമായിരുന്നു ഈ ഇറങ്ങിപ്പോക്ക്. തന്റെ നിലപാടിൽ എന്തു വില കൊടുത്തും ധീരമായി ഉറച്ചുനിൽക്കുന്ന ഈ അനുഭവം പിന്നെ നാം പല വട്ടവും കണ്ടിട്ടുണ്ട്.
ഭാഷാ സമരച്ചൂളയിൽ
അപ്പോഴേക്കും തങ്ങൾ രാഷ്ട്രീയത്തിലും വളർന്നു കഴിഞ്ഞിരുന്നു. പാണക്കാട്ടെ വീട്ടിലെ സാദാത്തുക്കൾക്ക് അതില്ലാതെ കഴിയില്ല. കാരണം അത് തങ്ങളുടെ ദൗത്യവും കടമയുമാണ് എന്നവർ തിരിച്ചറിയുന്നു. അല്ലാതെ സ്വന്തം സീറ്റുറപ്പിക്കാനോ പാർലമെന്റിൽ എത്താനോ സർക്കാർ ഖജനാവിൽ നിന്ന് എന്തെങ്കിലും അഹിതമായി പറ്റാനോ അല്ല അവർക്ക് രാഷ്ട്രീയം. ഒരു യുവാവ് എന്ന നിലക്ക് ഈ കാലത്ത് മുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തകനായിരുന്നു തങ്ങൾ. ജാമിഅയിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിനു മുമ്പിൽ നായനാരുടെ മാർക്ക്സിറ്റ് സർക്കാർ പരിശുദ്ധമായ അറബി ഭാഷക്കു നേരെ നടത്തുന്ന ജുഗുപ്സാവഹമായ കരുനീക്കങ്ങളായിരുന്നു. ഇത് അദ്ദേഹത്തിന്റെ വഴിയിൽ വന്ന ഏറ്റവും വലിയ ഒരു കനൽ തന്നെയായിരുന്നു. അദ്ദേഹത്തെപ്പോലെ ഒരാൾക്ക് നേതൃപദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും നോക്കിനിൽക്കാൻ കഴിയാത്ത സാഹചര്യം.
ബ്രിട്ടീഷ് കാലം തൊട്ടേ മലബാറിലും രാജവാഴ്ചയില്‍ തിരുവിതാംകൂറിലുമുണ്ടായിരുന്ന നാമമാത്രമായ അറബി ഭാഷാപഠനത്തെ ഭദ്രമായ അടിത്തറയില്‍ ചിട്ടപ്പെടുത്തിയത് കേരളത്തിന്റെ ജനമനസ്സറിഞ്ഞ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായതോടെയായിരുന്നു.
1967ല്‍ സി.എച്ച് വിദ്യാഭ്യാസ മന്ത്രിയായി. അറബി അധ്യാപകര്‍ക്ക് ഭാഷാധ്യാപരുടെ പദവിയും ആനുകൂല്യവും നല്‍കി. അറബി ഡിവിഷൻ അനുവദിക്കുവാൻ 100 കുട്ടികള്‍ വേണമെന്ന നിബന്ധന അദ്ദേഹം എടുത്തുകളഞ്ഞു. പകരം 20 കുട്ടികള്‍ മതിയെന്ന് നിര്‍ദേശിച്ചു. കുട നന്നാക്കുന്നവരെയെല്ലാം സി. എച്ച്. അറബി അധ്യാപകരാക്കിയത് കൊണ്ട് കുട നന്നാക്കാന്‍ ആളെ കിട്ടാനില്ല എന്ന പരിഹാസവുമായി വിമര്‍ശകര്‍ രംഗത്തുവന്നു. വിമര്‍ശകരുടെ പരിഹാസങ്ങള്‍ ഗൗനിക്കാതെ സി.എച്ച് മുമ്പോട്ടു പോയി. പ്രൈമറി ക്ലാസ്സുകളില്‍ മാതൃഭാഷ മാത്രമെ പഠിപ്പിക്കാവൂ എന്ന ആവശ്യവുമായി 1980ല്‍ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ എന്നും പറഞ്ഞ് ചിലര്‍ രംഗത്ത് വന്നു. അറബി പഠനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സാംസ്കാരിക പശ്ചാത്തലം ഇല്ലായ്മ ചെയ്യുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഭാഷാബോധന നയം എന്ന പേരില്‍ അവര്‍ തട്ടിക്കൂട്ടിയ ചില തിയറികള്‍ സര്‍ക്കാരിന് സമര്‍പിക്കുകയും സര്‍ക്കാര്‍ അതിന്‍റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. അറബി ഭാഷ പഠിപ്പിക്കണമെങ്കില്‍ പ്രത്യേകമായ സ്ഥല സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദേശിക്കുന്ന അക്കമഡേഷന്‍, അറബി പഠിപ്പിക്കണമെങ്കില്‍ രക്ഷിതാവ് നേരിട്ട് വന്നു പ്രത്യേകം എഴുതി ഒപ്പിട്ടുകൊടുക്കണമെന്ന ഡിക്ലറേഷന്‍, ഓറിയന്‍റല്‍ ടൈറ്റില്‍ യോഗ്യതയുള്ളവരും എസ്.എസ്.എല്‍.സി പരീക്ഷ പാസാവണമെന്ന ക്വാളിഫിക്കേഷന്‍ എന്നിങ്ങനെ പ്രാസഭംഗിയുള്ള മൂന്നു കൂച്ചുവിലങ്ങുകള്‍ കൊണ്ടുവന്നത് അറബി ഭാഷയെ തന്നെ കേരളത്തിലെ സ്കൂളുകളില്‍ നിന്നും പിന്നീട് കോളേജുകളില്‍ നിന്നും കെട്ടുകെട്ടിക്കുന്നതിനു വേണ്ടിയായിരുന്നു.
മുസ്ലിം ലീഗ് എം എൽ എ മാർ വിദ്യാഭ്യാസ മന്ത്രിയെ കണ്ട് വിഷയം ചർച്ചചെയ്തുവെങ്കിലും ധിക്കാരപൂർവ്വം അതൊക്കെ അവഗണിക്കപ്പെട്ടു. അതോടെ പ്രത്യക്ഷ സമരത്തിലേക്കിറങ്ങാൻ പാർട്ടി നിർബന്ധിതമായി. തുടർന്ന് യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന പി.കെ.കെ ബാവയുടെ നേതൃത്വത്തിൽ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ 1980 ജൂലൈ 30 (റമസാന്‍ 17)നു മുസ്‌ലിം യൂത്ത്‌ലീഗ് നയിച്ച വീരോജ്വല പ്രക്ഷോഭമാണ് ഭാഷാസമരം എന്നു ചരിത്രത്തിലിടം നേടിയത്.
മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ ധീരരക്തസാക്ഷിത്വത്താല്‍ രാജ്യത്തെ യുവജന പോരാട്ട ചരിത്രങ്ങളില്‍ ഇതിഹാസമായി അതു രേഖപ്പെട്ടു. ഈ സമരത്തോടൊപ്പം മനസ്സും ശരീരവുമായി തങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല, താൻ ഭാവിയിൽ എത്തിച്ചേരാൻ പോകുന്ന നേതൃപദവിക്കു വേണ്ട കച്ചകെട്ടുക കൂടിയായിരുന്നു തങ്ങൾ. കാരണം, നേതൃഘട്ടത്തിൽ അദ്ദേഹത്തിന് ഏറ്റവുമധികം നേരിടാനുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് ചതികളെയും ഫാഷിസ്റ്റ് ധാർഷ്ട്യതകളെയുമായിരുന്നുവല്ലോ.
ശരീഅത്ത് സംരക്ഷിക്കുവാൻ ..
മേൽ സൂചിപ്പിച്ച രണ്ട് കാര്യങ്ങളെ നമുക്ക് മറ്റൊരു രീതിയിലും വായിക്കാം. അഥവാ, ഭാവിയിൽ തന്റെ നേതൃപഥത്തിൽ വരാനിരിക്കുന്ന, പതിയിരിക്കുന്ന രണ്ടു പ്രധാന വിഘ്നങ്ങളെ തങ്ങൾക്ക് അടുത്തറിയാനുളള അവസരമാകുകയായിരുന്നു മേൽപറഞ്ഞ രണ്ട് സംഭവങ്ങൾ എന്ന നിലക്കാണത്. അങ്ങനെ, നിരീക്ഷിക്കുന്നത് പിന്നീട് ആ സയ്യിദിന്റെ ജീവിതം അഭിമുഖീകരിച്ചത് താൻ ഭാവിയിൽ നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളിയെയാണ്. അത് കൃത്യമായി പറഞ്ഞാൽ ഫാഷിസം തന്നെയായിരുന്നു. കാരണം, ഒരു പ്രത്യേക വർഗ്ഗത്തെ അവരുടെ അവകാശ അധികാരങ്ങളിൽ നിന്ന് തടയുവാനുള്ള ശ്രമം തന്നെയായിരുന്നല്ലോ അത്. അതിനെ പക്ഷെ, സവർണ്ണ ഫാഷിസം എന്ന് മാത്രം വിളിക്കാൻ കഴിയില്ല. അതിൽ അത്തരക്കാരോടൊപ്പം കമ്മ്യൂണിസ്റ്റുകൾ തുടങ്ങി ശത്രുനിര മുഴുവനും ഉണ്ടായിരുന്നു. അതായിരുന്നു ശരീത്തത്ത് വിവാദം.
ഇസ്‌ലാമിക ശരീഅത്തിനും ഇന്ത്യയിൽ മുസ്ലിംകൾ അനുഭവിച്ചിരുന്ന പരിമിതമായ മതസ്വാതന്ത്രത്തിനെതിരെ ചില മുറുമുറുപ്പുകളൊക്കെ മറയത്തും വെളിച്ചത്തും നടന്നിരുന്ന കാലമായിരുന്നു അത്. അതിനിടയിലാണ് 1985 ഏപ്രില്‍ 23 ന് അഹ്മദ്ഖാന്‍-ഷാബാനു കേസില്‍ മുസ്‌ലിം വിവാഹമുക്തക്ക് പുനര്‍വിവാഹം വരെ മുന്‍ഭര്‍ത്താവ് ചെലവ് കൊടുക്കേണ്ടതാണെന്നും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കുവാൻ രാഷ്ട്രം ഒരു പൊതു സിവില്‍കോഡ് നടപ്പിലാക്കാന്‍ മുന്നോട്ടുവരേണ്ടതാണെന്നും ജസ്റ്റീസ് ചന്ദ്രചൂഡിന്റെ സുപ്രീംകോടതി ബഞ്ച് വിധിച്ചത്. തുടര്‍ന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിബോര്‍ഡിന്റെ ആഹ്വാന പ്രകാരം രാജ്യത്ത് ഉടനീളം മുസ്‌ലിംകള്‍ ശരീഅത്ത് ദിനം ആചരിച്ചതോടെ പൊതുവേദികളിലും പത്രപംക്തികളിലും വിപുലമായ ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ ശക്തിപ്പെട്ടു. വിശുദ്ധ ഖുർആനിനെ പോലും തെറ്റായി ഗ്രഹിച്ച് കോടതി നടത്തിയ ഈ വിധി നീക്കത്തിനെതിരെ മുസ്ലിംകൾ മതപരമായും രാഷ്ട്രീയപരമായും രംഗത്തു വന്നു. ശക്തമായ പ്രതിഷേധങ്ങൾ ഭരണ മേശക്കകത്തും പുറത്തും നടന്നു.
മുസ്ലിംകൾക്കെതിരായതിനാൽ കമ്മ്യൂണിസ്റ്റുകളും അതിനൊപ്പം കൂടി. അഹ്മദ് ഖാന്‍- ശാബാനു കേസ് വിധി മാര്‍ക്‌സിസ്റ്റുകളുടെ ശരീഅത്ത് വിമര്‍ശനത്തിന് ശക്തി പകര്‍ന്നു. അവരില്‍ പലരും ശരീഅത്തിനെ പ്രാകൃത നിയമമെന്ന് വിശേഷിപ്പിച്ചു. സി.പി കുഞ്ഞുവിനെപ്പോലുള്ള കമ്മ്യൂണിസ്റ്റുകാര്‍ ബഹുഭാര്യത്വത്തിന്റെയും വിവാഹമോചനത്തിന്റെയും പേരില്‍ ശരീഅത്തിനെ നിശിതമായി വിമര്‍ശിക്കുകയും ശരീഅത്ത് പക്ഷത്ത് നില്‍ക്കുന്നവരെ ക്രൂരമായി കളിയാക്കുകയും ചെയ്തു. തോന്നിയ പോലെ നാലുപെണ്ണ് കെട്ടാനുള്ള ഏര്‍പ്പാടാണ് ശരീഅത്തെന്ന് ഇ .എം.എസിനെ പോലുള്ളവര്‍വരെ പ്രസംഗിച്ചു നടന്നു. പരിഷ്‌കൃതലോകത്തിന് പറ്റിയതല്ല ഇസ്‌ലാമെന്ന ധാരണ സൃഷ്ടിക്കാനാണ് മാര്‍ക്‌സിസ്റ്റുകാര്‍ ശ്രമിച്ചത്. ഇസ്‌ലാമിക ശരീഅത്തിനെതിരെ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കടന്നാക്രമണത്തെ മുസ്‌ലിം സമുദായത്തിലെ പല സംഘടനകളും നേരിട്ടത് തീര്‍ത്തും വൈകാരികമായാണ്. ചിലര്‍ കമ്മ്യൂണിസ്റ്റുകാരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. വേറെ ചിലര്‍ ഘോഷയാത്രകളും പ്രകടനങ്ങളും നടത്തി നിര്‍വൃതിയടഞ്ഞു. ഇത്തരം സാഹചര്യത്തിൽ മതരംഗത്തും രാഷ്ട്രീയ രംഗത്തും വളർന്നു വരികയായിരുന്ന ബഹുമാനപ്പെട്ട തങ്ങളെ പോലെ ഒരാൾക്ക് പലതും ചെയ്യാനുണ്ടായിരുന്നു. അതദ്ദേഹം തന്റെ സാഹചര്യം ആവശ്യപ്പെടുന്ന വിധത്തിൽ നിർവ്വഹിച്ചു. അപ്പോഴും അനുഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ധ്യായങ്ങളായി രൂപപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നു.
കമ്മ്യൂണിസത്തിന്റെ ഇസ്ലാം വിരോധത്തിനെതിരെ ..
തന്റെ സജീവമായ നേതൃജീവിതത്തിലുടനീളം തിരിച്ചറിഞ്ഞ ഒരു വസ്തുതയാണ് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റുകൾ മത ജീവിതത്തിനും മതേതരത്വ രാഷ്ട്രീയത്തിനുമെല്ലാം എതിരാണ് എന്നത്. എന്നാൽ കേരളം പോലുള്ള പ്രബുദ്ധമായ ഒരു പ്രദേശത്ത് അവർക്ക് തങ്ങളുടെ ശരിയായ മനസ്സും മനസ്ഥിതിയും നയവും പരിപാടിയും ഒന്നും പുറത്തെടുക്കാനും വിജയിപ്പിക്കാനും കഴിയില്ല. അപ്പോൾ സ്വാഭാവികമായും അവർ തങ്ങളുടെ അജണ്ടകൾ ഹിഡനായി നടപ്പിലാക്കാൻ ശ്രമിക്കും. നമ്മുടെ നാട്ടിലെ കമ്യൂണിസത്തിന്റെ പതിറ്റാണ്ടുകളായ പരിപാടിയാണിത്. അവർക്ക് ഏറ്റവും അധികം ചതുർഥി മതത്തോടാണ്. അതിൽ തന്നെ ഇസ്ലാമിനോട്. കാരണം ഇസ്ലാമാണ് സത്യത്തിൽ അവരെ വെല്ലുവിളിക്കുന്നത്. ഇസ്ലാമിന്റെ മുമ്പിലാണ് അവർ പലപ്പോഴും പതറുന്നത്.
മതങ്ങളെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, കറുപ്പ് ലഹരി നല്‍കുന്നത് പോലെ അത് മനുഷ്യ ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുന്നു എന്നതാണ്. എല്ലാ മതങ്ങളെയും നിരസിക്കുന്ന യുക്തി ചിന്തകളാണ് കമ്മ്യൂണിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും അടിസ്ഥാനം. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, മറിച്ച് നിഷേധികളാണ്. കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നുവെന്നാണ് മാര്‍ക്‌സിന്റെ വീക്ഷണം. സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ടിയുള്ള സമരം വിജയിപ്പിക്കുന്നതിനു ജാതിമതാദി സാമൂഹിക വ്യവസ്ഥകള്‍ക്കും അവയുടെതായ ആശയശക്തികള്‍ക്കും എതിരായി രൂക്ഷമായ സമരം നടത്തേണ്ടതുണ്ട്. അക്കാര്യത്തില്‍ ഇടമുറുക് പ്രതിനിധാനം ചെയ്യുന്ന യുക്തിവാദികളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ സഹകരിക്കാനുള്ള സാധ്യതയുണ്ട്. മാര്‍ക്‌സിസ്റ്റുകളും സമരോത്സുകരായ ഭൗതികവാദികളും തമ്മില്‍ ഐക്യമുന്നണി എന്ന ആശയം ലെനിന്റെതാണ് എന്നാണ് ഇ. എം. എസ് എഴുതിയത്. (ചിന്ത വാരിക, 29 ജൂലൈ 1983). ഇതിനര്‍ത്ഥം, ഒരാള്‍ മാര്‍ക്‌സിസ്റ്റായാല്‍ അയാള്‍ ക്രമേണ നിരീശ്വരവാദത്തിലെക്കോ യുക്തിവാദത്തിലേക്കോ എത്തിപ്പെടും എന്നതാണ്.
ആധിപത്യം കിട്ടിയപ്പോഴൊക്കെ ഖുര്‍ആന്‍ നിരോധിക്കാനും പള്ളികള്‍ അടച്ചുപൂട്ടാനും ഖുര്‍ആന്റെ അനുയായികളെ ഉന്മൂലനം ചെയ്യാനുമാണ് കമ്മ്യൂണിസം ശ്രമിച്ചിട്ടുള്ളത്. 1922 ല്‍ സോവിയറ്റ് റഷ്യ രൂപം കൊള്ളുമ്പോള്‍ 26000 മുസ്‌ലിം പള്ളികള്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ 1941 ആയപ്പോഴേക്ക് കേവലം ആയിരമായി അത് ചുരുങ്ങി. ഖുര്‍ആന്റെ അനേകായിരം കോപ്പികള്‍ ചുട്ടെരിക്കപ്പെട്ടു. ഇസ്‌ലാം നിരോധിക്കപ്പെട്ടു. നിരീശ്വരത്വം ഔദ്യോഗിക മതമായി പ്രഖ്യാപിച്ച രാജ്യത്ത് പിന്നീട് ഇസ്‌ലാമിക ആചാരങ്ങള്‍ നിര്‍വഹിക്കുന്നത് പോലും തടയപ്പെട്ടു. മദ്രസകള്‍ മുഴുവന്‍ അടച്ചുപൂട്ടി. സോവിയറ്റ് യൂണിയന്റെ മാത്രം അവസ്ഥയായിരുന്നില്ല ഇത്. മാവോ സേതുങിന്റെ കാര്‍മികത്വത്തില്‍ ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിന്റെ ഭാഗമായി രൂപംകൊണ്ട റെഡ് ഗാര്‍ഡ്‌സ് തകര്‍ത്ത പള്ളികളുടെയും നശിപ്പിച്ച മുസ്ഹഫുകളുടെയും എണ്ണം കണക്കില്ലാത്തതാണ്. ഖുര്‍ആന്‍ മാനവിക വിരുദ്ധ ഗ്രന്ഥമാണെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും ചൂട്ടുപിടിക്കുന്ന സംഹിതയാണെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു കമ്മ്യൂണിസം കഴിഞ്ഞ ദശകങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്.
ഈ ആശയങ്ങൾ പരസ്യമായി തുറന്നുപറയാൻ കഴിയാത്ത കേരളീയ സാഹചര്യത്തിൽ അവർ പലപ്പോഴും വളഞ്ഞ വഴികളിലൂടെ ഇസ്ലാമിനെയും മുസ്ലിംകളും തക്കം കിട്ടുമ്പോക്കെ കുത്തിനോവിക്കുന്നത് തങ്ങൾ കണ്ടു. ചതി അടങ്ങിയ സൂത്രവേലകളാണ് അതിനവർ ഒപ്പിക്കാറുള്ളത്. അല്ലെങ്കിലും അവരുടെ പാരമ്പര്യവും അങ്ങനെയാണല്ലോ. സാർ ചക്രവർത്തിമാരുടെ കയ്യിലുളള ഖലീഫാ ഉസ്മാൻ(റ) വിന്റെ ചോരപുരണ്ട മുസ്ഹഫ് വീണ്ടെടുത്തു തരാം എന്നു പറഞ്ഞായിരുന്നല്ലോ അവർ റഷ്യയിലെ മുസ്ലിംകളെ വലയിൽ വീഴ്ത്തിയത്. അധികാരം കയ്യിൽ കിട്ടുമ്പോൾ ആണ് പലതും ചെയ്യാറുള്ളത്. അല്ലെങ്കിൽ പന്തം കൊളുത്തി പ്രകടനങ്ങളുമായി അങ്ങനെ നടക്കുകയും ചെയ്യും. അധികാരത്തിന്റെ മറവിൽ ഇസ്‌ലാമിനും മുസ്ലിംകൾക്കും എതിരെ ചെയ്ത ഒരു പാട് കാര്യങ്ങളുണ്ട്. അറബി ഭാഷാ വിരോധം, മദ്റസകളെ അവതാളത്തിലാക്കാൻ ഉദ്ദേശിച്ചുള്ള സ്കൂൾ സമയമാറ്റം, മതമില്ലാത്ത ജീവൻ തുടങ്ങിയ പാഠ്യപദ്ധതിയിലെ കുൽസിത കടന്നുകേറ്റം, വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്കു വിടാൻ ശ്രമിച്ചത് തുടങ്ങിയ പലതും അവയിൽ പ്രധാനപ്പെട്ടതാണ്. ഇവയുടെ നാൾ വഴി കൃത്യമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമാണ്, ഇവ ഓരോന്നും അവർക്ക് അധികാരം കയ്യിൽ വരുമ്പോൾ ചെയ്യുന്നതാണ് എന്ന്. ഈ സൂക്ഷ്മമായ നിരീക്ഷണം നമ്മോട് പറയുക, കമ്യൂണിസ്റ്റുകൾക്ക് അധികാരം കൊടുത്താൽ അവർ അത് ആദ്യം പ്രയോഗിക്കുക ഇസ്ലാമിനും മുസ്ലിംകൾക്കും എതിരായിട്ടായിരിക്കും എന്നാണ്. കേരളം, ബംഗാൾ തുടങ്ങിയ നമ്മുടെ സംസ്ഥാനങ്ങളിൽ മുതൽ റഷ്യൻ റിപ്പബ്ളിക്കുകളിൽ വരെ അതാണ് അനുഭവം. അതിനാൽ തങ്ങളുടെ വഴിയിലെ കനലുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കമ്യൂണിസം. അതിനെതിരെയുളള നിരവധി കാമ്പയിനുകൾ തങ്ങൾ നയിക്കുയുണ്ടായി.
തന്റെ രണ്ടു മേഖലയിലും - മത മേഖലയിലും രാഷ്ട്രീയ മേഖലയിലും - പലപ്പോഴായി കമ്മ്യൂണിസത്തിനെതിരെ വിവിധ കാമ്പയിനുകൾ നടന്നിട്ടുണ്ട്. ഇവയിൽ പലതും തങ്ങൾ നേരിട്ട് നേതൃത്വം നൽകിയവയാണ്. പലതിന്റെയും സമര വീഥിയിൽ തങ്ങൾ വലിയ സാന്നിധ്യവുമായിരുന്നു. ഇതിന്റെ മറ്റൊരു വശമാണ് മതത്തിനുള്ളിലെ ജീർണ്ണതകൾക്കെതിരെയുള്ള കാമ്പയിനുകൾ. എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തിൽ തന്നെ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലായി ഇത്തരമൊരു ഗംഭീര കാമ്പയിൽ നടക്കുകയുണ്ടായി. അതിലും തങ്ങളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഫാഷിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ ..
ഇന്ത്യന്‍ ഫാഷിസത്തെക്കുറിച്ചുള്ള ചിലരുടെ അഭിപ്രായം അതിപ്പോഴും അപകടകരമാംവിധം ഇവിടെ വളര്‍ന്നുവന്നിട്ടില്ല എന്നാണ്. ഹിറ്റ്‌ലറെയും മുസോളനിയെയും ഫ്രാങ്കോവിനെയും സുഹാര്‍ത്തോയെയും സ്റ്റാലിനെയും ഫാഷിസത്തിന്റെ മൂര്‍ത്ത രൂപങ്ങളായി അവതരിപ്പിച്ച് അതിന്റെ പതിനാല് ലക്ഷണങ്ങളെയും ഒത്തുനോക്കാനാണ് അവരുടെ ശ്രമം. ഫാഷിസം തിരിച്ചറിയപ്പെടേണ്ടത് അടയാളങ്ങള്‍ കൊണ്ടല്ല, മറിച്ച് അനുഭവങ്ങള്‍ കൊണ്ടാണ്. ആ അനുഭവം നല്‍കുന്ന പാഠം മറ്റൊന്നുമല്ല. അത് ഇന്ത്യയെ ഭയപ്പെടുത്തുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ഫാഷിസമെന്നത് എല്ലാ രാജ്യങ്ങളിലും ഒരേ രീതിയില്‍ രൂപപ്പെടുന്ന ഒന്നല്ല. ജര്‍മനിയിലെയും ഇറ്റലിയിലെയും ചരിത്ര സന്ദര്‍ഭങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും സാമൂഹികവുമായ കാലഭേദങ്ങളുണ്ട്. എന്നാല്‍, അവക്കിടയില്‍ ചില സമാനതകളുമുണ്ട്. ഏകാധിപത്യം, അന്യമത വിദ്വേഷം, ബലപ്രയോഗം ഇവ മൂന്നും ഫാഷിസത്തില്‍ എല്ലായിടത്തും അന്തര്‍ലീനമാണ്. ഇവയാകട്ടെ ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് പ്രകടമാണുതാനും. സ്വതന്ത്രാഭിപ്രായങ്ങളെ മുളയിലേ നുള്ളുക എന്നത് ഫാഷിസത്തിന്റെയും ഏകാധിപത്യത്തിന്റെയും ലക്ഷണമാണ്. അഭിപ്രായസ്വാതന്ത്ര്യം ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള അവസരം നല്‍കുമെന്ന് ഏകാധിപതികള്‍ക്കറിയാം.
ഇന്ത്യയിൽ സവർണ്ണ ഫാഷിസം സ്വാതന്ത്ര്യത്തിനു മുമ്പെ അവരുടെ ചെയ്തികൾ തുടങ്ങിയതാണ്. അന്ന് പക്ഷെ, സ്വാതന്ത്ര്യദാഹത്തിലായിരുന്നു ഇന്ത്യ. വലിയൊരു സാമ്രാജ്യത്തെ പരാജയപ്പെടുത്തി സ്വാതന്ത്ര്യം വാങ്ങിക്കുവാൻ ആയിരുന്നു പൊതുശ്രദ്ധ. സ്വാതന്ത്രം ലഭിക്കുകയും അതു തന്നെ വിഭജനത്തോടെയാവുകയും ചെയ്തതോടെ അവർ ഇളകിത്തുടങ്ങി. പക്ഷെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോട് സമരത്തിന് നേതൃത്വം നൽകിയതിന്റെ നന്ദി എന്ന നിലക്കും നെഹ്റുവിനെ പോലെ രാജ്യവികസനത്തിൽ അതീവ തൽപരരായ ഭരണാധികാരികളോടുള്ള വിധേയത്വം എന്ന നിലക്കും അവരുടെ മോഹങ്ങൾ നടക്കാതെ പോയി. പിന്നെ ഏതാനും ദശകങ്ങൾ തന്നെ വേണ്ടി വന്നു അവർക്ക് രംഗത്തേക്ക് കടന്നുവരാനുള്ള അവസരം ലഭിക്കാൻ. അങ്ങനെ എന്തെങ്കിലും വൈകാരികമായ ഇഷ്യു ഇല്ലെങ്കിൽ തങ്ങളുടെ വർഗ്ഗത്തെ സംഘടിപ്പിക്കാൻ കഴിയില്ല എന്ന് അവർ കണ്ടെത്തിയിരിക്കണം. അവർക്ക് അതായിരുന്നു ബാബരി മസ്ജിദ്. അത് വെറും കയ്യൂക്കിന്റെ ബലത്തിൽ രാമജൻമ ഭൂമിയാണെന്ന് വാദിച്ചും ആരും കാണാതെ വിഗ്രഹം കൊണ്ടുവന്നിട്ടും പിന്നെ ആ വിഗ്രഹത്തെ ആരാധിക്കുവാനുള്ള അവകാശം ഉന്നയിച്ചും അവരങ്ങ് ഇരച്ചു കയറി.
രാമക്ഷേത്രം നിർമ്മിക്കുവാൻ അവർ തീരുമാനമെടുക്കുമ്പോഴേക്കും കോൺഗ്രസ് ദുർബലപ്പെട്ടു തുടങ്ങിയിരുന്നത് അവർക്ക് സഹായവുമായി. അതിനാൽ ക്ഷേത്ര നിർമ്മാണം എന്ന വികാരം ഹിന്ദുക്കളിൽ കത്തിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ രാജ്യത്തുടനീളം വിപ്ലവ സ്വഭാവമുള്ള കാമ്പയിൻ സംഘടിപ്പിച്ചു. അതായിരുന്നു 1990ലും 92ലും അവർ നടത്തിയ കർസേവകർ. മുഴുവനായിട്ടല്ലെങ്കിലും ഭാഗികമായി ഈ തന്ത്രം വിജയിച്ചു. കലാപങ്ങളും ഗവൺമെന്റിന്റെ ഇടപെടലുമെല്ലാം അവരുടെ തീ കൂടുതൽ കത്തിക്കുകയും ചെയ്തു. തുടർന്ന് അതു വളർന്ന് 1992 ഡിസംബർ 6 ന് അവർ പള്ളി പൊളിച്ചു. പിന്നെ അവിടെ നിന്ന് 2019 നവംബർ 9 ന് അവർ തർക്ക പ്രദേശം എന്നു വിളിച്ച ബാബരീ വഖഫ് ഭൂമി സുപ്രീം കോടതി അവർക്ക് വിട്ടു കൊടുക്കുകയും 2020 ഫെബ്രുവരി 5 ന് ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് വഖഫ് ഭൂമിയിൽ തറക്കല്ലിട്ടുകയും ചെയ്തു. ഇതുവരെ ഉണ്ടായ കേസിന്റെയും വ്യവഹാരത്തിന്റെയും കാര്യത്തിൽ നാലര നൂറ്റാണ്ട് അത് ആരാധനാ ഭൂമിയായി കൊണ്ടു നടന്ന മുസ്ലിംകൾക്ക് ഒരു വാക്കിന്റെ പോലും ആനുകൂല്യം എവിടെ നിന്നും കിട്ടിയില്ല.
കാരണം, അപ്പോഴേക്കും ഇവർ ഇതേ വിഷയത്തിന്റെ ചൂട് ഉപയോഗപ്പെടുത്തി ഇന്ദ്ര പ്രസ്ഥത്തിൽ എത്തിയിരുന്നു. 1996 മുതൽ അവർ അധികാരത്തിലുണ്ട്. അന്നു മുതൽ അവരെ അധികാരത്തിന്റെ സമീപത്തേക്ക് എത്തിച്ചത് ഈ വിഷയം വഴി നടത്തിയ മുന്നേറ്റങ്ങളിലൂടെയാണ്. അവരുടെ ഭാഗ്യത്തിന് കോൺഗ്രസ്സ് ക്ഷയിക്കുകയും ചെയ്തു. ഇങ്ങനെയാണ് കാര്യങ്ങളുടെ ഏകദേശ രൂപം എന്ന നിലക്ക് ബഹുമാനപ്പെട്ട തങ്ങളുടെ നേതൃ ജീവിതത്തിന്റെ അവസാനത്തെ മൂന്ന് പതിറ്റാണ്ടുകൾ ഈ കനലുകൾക്കിടയിലൂടെയായിരുന്നു. ഫാഷിസത്തിന്റെ ഈ കടന്നുകയറ്റത്തിനെതിരെ സമസ്തയുടെയും മുസലിം ലീഗിന്റെയും നേതൃത്വത്തിൽ നിരവധി സമര പോരാട്ട വേദികൾ ഉയർന്നു. അതിനെല്ലാം ആദ്യം തൊട്ടുപിന്നിലായും പിന്നെ ഏറ്റവും മുമ്പിലായും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉണ്ടായിരുന്നു.
ദേശീയ വിഷയങ്ങളോട് ..
2014 മുതൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഫാഷിസത്തിന്റെ ശൗര്യം വർദ്ധിച്ചു. അതിനു മുമ്പ് അവരുടെ തന്നെ വാജ്പേയി പ്രധാനമന്ത്രിയായിരുന്നു. മതേതര പാർലമെന്റിൽ പ്രവർത്തിച്ച പാരമ്പര്യം, ആഴമുള്ള വിദ്യാഭ്യാസം, സാഹിത്യ അഭിരുചി, മറ്റു നേതാക്കളുമായുള്ള മാന്യവും ഊഷ്മളവുമായ ബന്ധങ്ങൾ തുടങ്ങിയ കാരണമായി അദ്ദേഹത്തിന് കാര്യമായ ഹിംസാത്മകത ഉണ്ടായിരുന്നില്ല. പക്ഷെ, നരേന്ദ്ര മോദി നേരെ എല്ലാ അർഥത്തിലും മറിച്ചായിരുന്നു. തന്റെയും പാർട്ടിയുടെയും താൽപര്യങ്ങളോട് അന്ധമായ വിധേയത്വവും മറ്റുള്ള എല്ലാ കാര്യങ്ങളോടും നിഷേധാത്മകമായ നിലപാടും സ്വീകരിച്ച മോദി നിരവധി തെറ്റായ കാര്യങ്ങൾ ബലത്തോടെ നടപ്പിലാക്കി. കാശ്മീർ, നോട്ട് നിരോധനം, എൻ ആർ സി എന്നിവയൊക്കെ അതിനുദാഹരണങ്ങളാണ്. അദ്ദേഹത്തിനാൽ ആവേശഭരിതരായ സമാന അണികളും കണ്ടതൊക്കെ ചെയ്തു കൂട്ടി. ബീഫ് മുതൽ ഹിജാബ് വരെ കാര്യങ്ങൾ ഇതിൽ പെടുന്നു. തുടരെത്തുടരെയെന്നാണം വന്ന് പൊതുജീവിതത്തിന്റെ ഉറക്കം കെടുത്തിയ ഇത്തരം ദേശീയ വിഷയങ്ങൾ അധികവും ഉണ്ടായത് ബഹുമാനപ്പെട്ട തങ്ങൾ നേതൃപദവിയിൽ ഇരിക്കുമ്പോഴായിരുന്നു. ഓരോ വിഷയങ്ങൾ വരുമ്പോഴും തന്റെ രണ്ട് വിഭാഗത്തിൽ പെട്ടവരുമായ അനുയായികളുമായി അദ്ദേഹം രാജ്യത്തിനും രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കും വേണ്ടി സമർഥമായി രംഗത്തുവന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso