Thoughts & Arts
Image

മനസ്സുകൾ തുറന്നിടാം..

25-08-2022

Web Design

15 Comments






ഒരാൾ തീവണ്ടിയിലേക്ക് കയറുവാൻ കാണിക്കുന്ന തിടുക്കരംഗം തൊട്ടപ്പുറത്ത് മാറിനിന്നു കണ്ടു കൊണ്ടെന്നോണം ആരോ അവതരിപ്പിക്കുന്നുണ്ട് ഒരു കൊച്ചു ഗുണപാഠ കഥയിൽ. അയാളും കയ്യിലുള്ള ബാഗും എല്ലാവരേയും തള്ളുന്നുണ്ട്. വലിച്ചു മാറ്റിയും കുത്തിക്കൊള്ളിച്ചും എല്ലാവരെയും മറികടന്ന് അയാൾ ലക്ഷ്യം നേടി. അതിനു മാത്രം വലിയ തിരക്കൊന്നുമില്ലാത്തതിനാലോ ഇയാളുടെ മല്ല് അസഹ്യമായതു കൊണ്ട് മറ്റുള്ളവർ മാറിക്കൊടുത്തതിനാലോ ആവാം മറ്റുള്ളവർ ഒതുങ്ങിക്കൊടുത്തത്. കയറി പിന്നെ ഒരു ഓട്ടമായിരുന്നു. ഒഴിഞ്ഞ സീറ്റിലേക്ക് വീണ കക്ഷി തൊട്ടു മുമ്പിലെ സീറ്റിൽ തന്റെ ബാഗും വെച്ചു ഒന്നുമറിയാത്തതു പോലെ ഇരുപ്പ് തുടങ്ങി. അധികം വൈകാതെ ഒരു മാന്യൻ വന്ന് ബാഗിരിക്കുന്ന സീറ്റിലേക്കും ഈ കക്ഷിയിലേക്കും മാറിമാറി ഒന്നു നോക്കി. അവിടെ ആളുണ്ട് എന്ന് അതിന് മറുപടി നൽകി. അതോടെ അയാൾ പിന്നെ സീറ്റിൽ ചാരിനിന്നു. സീറ്റ് കിട്ടാത്തവർക്ക് അതല്ലേ ചെയ്യുവാൻ കഴിയൂ. അധികം വൈകാതെ വണ്ടി അനങ്ങി. മെല്ലെ വേഗത കൂടി വന്നതും ചാരി നിൽക്കുന്ന മാന്യൻ സീറ്റിലെ ബാഗെടുത്ത് വാതിൽക്കലേക്ക് ഓടി അത് പ്ലാറ്റ്ഫോമിലേക്ക് ഇട്ടതും ഒപ്പമായിരുന്നു. പിന്നിൽ ഓടിവന്ന കഥാനായകൻ എന്തു പണിയാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ മാന്യൻ മാന്യമായി പറഞ്ഞു: നിങ്ങളുടെ സുഹൃത്തിന് ട്രെയിൻ ഏതായാലും നഷ്ടപ്പെട്ടു, പാവത്തിന് ബാഗ് കൂടി നഷ്ടപ്പെടരുതല്ലോ. സ്വാർഥതക്ക് കിട്ടുന്ന കൂലിയാണ് ഈ കഥയുടെ തന്തു.



സ്വാർഥൻ ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഇങ്ങനെ പെട്ടുപോകും. കാരണം അവന്റെ മനസ്സ് സദാ തുടിക്കുന്നത് അവനു വേണ്ടി മാത്രമാണ്. അവനെ മാത്രം മനസ്സ് നോക്കിയിരിക്കുന്നതിനാൽ മൂക്കിൻ തുമ്പത്ത് നടക്കുന്നത് പോലും ഗൗരവമായി അവൻ അറിയുകയോ കാണുകയോ ചെയ്തെന്നു വരില്ല. ആ നടക്കുന്ന കാര്യങ്ങൾ ത്തറിഞ്ഞില്ലെങ്കിൽ അവനതു വേണ്ടെന്നു വെച്ചേക്കാം. അവനതാവാം. പക്ഷെ, അതേ സ്ഥലത്തു തന്നെയാണ് അവനെ ലക്ഷ്യം വെക്കുന്ന അപകടങ്ങളും പതിയിരിക്കുന്നത്. അതറിഞ്ഞില്ലെങ്കിൽ അവൻ അവയിൽ വീണു പോകും. അതാണല്ലോ തന്റെ മുമ്പിലെ സീറ്റിൽ ഇനി മറ്റൊരാൾ വന്നിരിക്കരുത് എന്ന് ആഗ്രഹിച്ച സ്വാർഥൻ അനുഭവിച്ചത്. ഇതൊന്ന് മാത്രമല്ല. മറ്റൊന്നുണ്ട്. അഥവാ സ്വാർഥൻ എപ്പോഴും സമൂഹത്തിൽ നിന്ന് അകന്ന് ഒറ്റക്ക് നടക്കാനാണ് ഇഷ്ടപ്പെടുന്നത്. അങ്ങനെ നടക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. അതിനാൽ കൂടെക്കൂടെ സ്വാർഥനോട് ഒരു വെറുപ്പ് അവരുടെ മനസ്സിൽ രൂപപ്പെടും. അതിനാൽ അവശ്യ സാഹചര്യത്തിൽ അവര് ഒഴിഞ്ഞുമാറാനായിരിക്കും ശ്രമിക്കുക. ഒരു അത്യാവശ്യ ഘട്ടത്തിൽ പോലും ആരും അവനെ സഹായിച്ചെന്നുവരില്ല.



ഈ രണ്ടു കാര്യങ്ങളും - ഒരാൾ ഇങ്ങനെപെട്ടു പോകുന്നതും സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്നതും - ഇസ്ലാമിന് ഇഷ്ടമില്ല. കാരണം, പരസ്പരം ബന്ധിതമായ ഒരു സമൂഹത്തെ നെയ്തെടുക്കുക എന്നത് ഇസ്ലാമിന്റെ വലിയ താൽപര്യമാണ്. ഇസ്ലാമിന്റെ ദൗത്യവും കർമ്മവുമെല്ലാം അതിനു വേണ്ടിയുള്ള പദ്ധതികളാണ്. ഇസ്ലാം ഒരു മതവും വിശ്വാസ സംഹിതയുമല്ലേ എന്ന് നിരൂപിച്ചിട്ട് കാര്യമില്ല. ഇസ്ലാമിന്റെ ആദർശവും വിശ്വാസ സംഹിതയും ആരാധനാ കർമങ്ങളും എല്ലാം മനുഷ്യരെ ഒന്നിപ്പിച്ചു നിറുത്തുവാനുളള ചരടുകൾ തന്നെയാണ്. അവകൾ വഴി ഇസ്ലാം മനുഷ്യനെ ഒന്നിച്ചു ചേർക്കുകയാണ്. നീണ്ട 23 കൊല്ലത്തെ ദൗത്യം പൂർത്തീകരിച്ച് മടങ്ങും മുമ്പ് തന്റെ അനുയായികളെ ഏതാണ്ട് മുഴുവനും അറഫയിൽ വിളിച്ച് ചേർത്ത് ഈ മാനവിക ഏകത നബി(സ്വ) പ്രഘോഷണം ചെയ്തത് ഇങ്ങനെ: മാനവ സമുദായമേ! നിങ്ങളുടെ ദൈവം ഒന്ന്, നിങ്ങളുടെ പിതാവ് ഒന്ന്. നിങ്ങളെല്ലാം ആദമില്‍ നിന്ന്. ആദമോ മണ്ണില്‍ നിന്നും. കൂടുതല്‍ ദൈവഭക്തിയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ കൂടുതല്‍ ശ്രേഷ്ഠന്‍. അറബിക്ക് അറബിയല്ലാത്തവനേക്കാളോ അനറബിക്ക് അറബിയേക്കാളോ യാതൊരു മഹത്വവുമില്ല. മഹത്വങ്ങള്‍ക്ക് അടിസ്ഥാനം നിങ്ങളുടെ ദൈവഭക്തിമാത്രം. ജീവിതത്തില്‍ സൂക്ഷ്മതയുള്ളതാര്‍ക്കാണോ അവനാണ് അല്ലാഹുവിന്റെയടുത്ത് ഏറ്റവും ബഹുമാന്യന്‍.



സ്വാർഥത ഉണ്ടാവാതിരിക്കാൻ ഇസ്ലാം കാണുന്ന വഴി കൂടിയാണ് ഈ മാനവിക ഏകത. ഈ ഏകത കൾക്കൊള്ളുമ്പോൾ ഒരോ മനുഷ്യനും തന്റെ മനസ്സിലെ വേലികൾ പൊളിച്ചു മാറ്റും. തന്നെ പോലെ തന്റെ സഹോദരനെയും നെഞ്ചിലേറ്റും. മറ്റുളളവരെ തന്നെപ്പോലെ കരുതുവാനുള്ള ഈ കരുത്ത് സ്ഥാപിച്ച് ഇസ്ലാം ശരിക്കും ലോകത്തെ ഞെട്ടിക്കുകയായിരുന്നു എന്നു പറയാം. അന്നത്തെ അറേബ്യൻ സ്വാർഥത വ്യക്തിയിലധികം കുടുംബത്തിലാണ് അധിഷ്ഠിതമായിരുന്നത്. ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ കുടുംബത്തോടൊപ്പം എന്നത് അവിടത്തെ അലിഖിത നയമായിരുന്നു. ഒരു ആട്ടിൻ കുട്ടി ഈന്തപ്പന തൈയിൽ കടിച്ചതിനെ തുടർന്നുണ്ടായ യുദ്ധം - ഹർബുൽ ബസൂസ് - നാൽപ്പതു കൊല്ലം നീണ്ടു എന്നു പറയുമ്പോൾ ആ സ്വാർഥത ത അളക്കാനാകുമല്ലോ. കഅ്ബാലയം പുനരുദ്ധരിക്കവെ തന്റെ കുടുംബത്തിന് വിശുദ്ധ ശില എടുത്തു വെക്കുവാനുള്ള അവകാശം കിട്ടിയില്ലെങ്കിൽ യുദ്ധം ചെയ്തത് വാങ്ങും എന്ന് പറഞ്ഞവരുമാണല്ലോ അവർ.



ഇനി ഇവരിലെ സ്വാർഥത എടുത്തുകളഞ്ഞപ്പോഴുണ്ടായ ചിത്രം നോക്കാം. അതിന്റെ മികച്ച ഉദാഹരണമാണ് മുഹാജിറുകളെ അൻസ്വാറുകൾ ഉൾക്കൊണ്ട വിധം. അത് അൽ ഹശർ അദ്ധ്യായത്തിലെ ഒമ്പതാം വചനത്തിൽ അല്ലാഹു ശ്ലാഖിക്കുന്നത് ഇങ്ങനെ: എന്നാല്‍ നേരത്തെ തന്നെ വീടും വിശ്വാസവും സജ്ജീകരിച്ച അന്‍സ്വാറുകളാകട്ടെ, സ്വദേശം പരിത്യജിച്ചെത്തുന്ന മുഹാജിറുകളെ സ്‌നേഹിക്കുന്നവരും അവര്‍ക്കു കിട്ടിയ സമ്പത്ത് സംബന്ധിച്ച് തങ്ങളുടെ മനസ്സില്‍ ഒരാഗ്രഹവും ഇല്ലാതിരിക്കുന്നവരുമാകുന്നു; തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടെങ്കില്‍ പോലും മുഹാജിറുകള്‍ക്കാണവര്‍ മുന്‍ഗണന കൊടുക്കുക.(അൽ ഹശ്ർ: 9). ചരിത്ര പ്രസിദ്ധമായ യർമൂക്ക് യുദ്ധത്തിൽ മൃതപ്രായരായി വീണു കിടക്കുന്നവർ തങ്ങളുടെ ചുണ്ടോട് അടുപ്പിക്കുകയായിരുന്ന അവസാന ജലം തൊട്ടപ്പുറത്ത് ഞരങ്ങുന്ന സഹോദരന് നൽകാൻ നീട്ടുന്ന ഒരു രംഗമുണ്ട്. തന്റെ ദാഹത്തേക്കാൾ വലുത് അവന്റെ ദാഹമാണ് എന്ന ആ തിരിച്ചറിവ് അവരുടെ നിസ്വാർഥതയുടെ ഏറ്റവും മഹത്തായ ചിത്രം വരക്കുന്നു. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന ചരിത്ര ചീന്തുകൾ. എന്നാൽ അവിടെ ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്കിറങ്ങുമ്പോൾ കിട്ടുന്നവ ഒരു പട്ടികയിൽ ഒരുക്കാവുന്ന അത്ര ചെറുതല്ല.



മറ്റുള്ളവരെ മനസ്സിലേക്ക് കയറ്റിയിരുത്തിയാണ് ഇസ്ലാം ഈ ദൗത്യം വിജയിപ്പിച്ചത്. സ്നേഹച്ചരടിൽ മനസ്സുകളെ കോർത്തു കെട്ടാനാണ് ഇസ്ലാം ഉപദേശിക്കുന്നത്. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതുവരെ മുഅ്മിനുകളായിരിക്കുന്നതല്ല.(മുസ്‌ലിം). താന്‍ ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും മുഅ്മിനായിരിക്കുന്നതല്ല എന്ന പ്രവാചക വചനത്തിന്റെ പൊരുളും സത്യവിശ്വാസികള്‍ പരസ്പരം മാനസികമായി സ്‌നേഹം നിലനിര്‍ത്തണം എന്നാണ്. അപരന്റെ സങ്കടങ്ങൾക്ക് മുഖം കൊടുക്കാനും വാക്കുകളെ മാനിക്കലുമാണ് സേവന സന്നദ്ധന് പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ഗുണം. ആഗതന്റെ കോലവും ഭാവവും പരിഗണനയുടെ അളവുകോലാകരുത്. ഒരിക്കൽ നബി(സ്വ) ടെ പ്രിയ പത്നി ആഇശ (റ)പറഞ്ഞു: ഞാൻ നബി (സ്വ)യുടെ അടുത്തുള്ളപ്പോൾ ഒരാൾ വന്ന് പ്രവേശനാനുമതി തേടി. അപ്പോൾ അവിടുന്ന് പറഞ്ഞു. എത്ര മോശമാണിയാൾ ! എന്നിട്ടും അനുമതി നൽകി. അയാളോട് മൃദുലമായി സംസാരിച്ചു. അയാൾ പുറത്തു പോയപ്പോൾ ഞാൻ ചോദിച്ചു. നബിയെ അങ്ങ് ഇങ്ങനെ പറയുകയും പിന്നീട് ലോലമായി സംസാരിക്കുകയും ചെയ്തല്ലോ?. അപ്പോൾ അവിടുന്ന് പറഞ്ഞു ആഇശാ, മനുഷ്യരിൽ ഏറ്റവും മോശം തന്റെ മോശമായ സംസാരം കൊണ്ട് ജനങ്ങൾ തന്നിൽ നിന്ന് അകന്നു പോകുന്നവനാണ്.(ശമാഇലുത്തുർമുദി).



കയ്യിൽ മിച്ചം വരുന്നതെല്ലാം മറ്റുളളവരെ സഹായിക്കാനായി നൽകണമെന്ന് നബി(സ) എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. അത് നിരന്തരമായി കേൾക്കാറുണ്ടായിരുന്ന സ്വഹാബിമാർ, ബാക്കി വന്നതിലൊന്നും ഞങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്ന് ധരിച്ചിരുന്നു. ഇസ്‌ലാം നിശ്ചയിച്ച ആരാധനാ കര്‍മങ്ങള്‍ പോലും വ്യക്തിനിഷ്ഠമെങ്കിലും സമൂഹ പ്രതിബദ്ധതയുള്ളതാണ്. സകാത്ത് എന്ന നിര്‍ബന്ധ കര്‍മാനുഷ്ഠാനം സമൂഹത്തിലെ അശരണര്‍ക്ക് ഗുണം ചെയ്യുന്നു. സ്വദഖ എന്ന പുണ്യകര്‍മം യഥാര്‍ഥ ദുരിതാശ്വാസമാണ്. അനാഥയെ ആദരിക്കാത്തവനും അഗതിയെ സംരക്ഷിക്കാന്‍ പ്രേരണ ചെലുത്താത്തവനും സത്യമതത്തെ നിഷേധിച്ചവനാണ് എന്ന് പഠിപ്പിച്ച വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ (107:1-3). അയല്‍ക്കാരന്‍ വിശന്നിരിക്കുമ്പോള്‍ വയറു നിറയ്ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് പഠിപ്പിച്ച മനുഷ്യ സ്‌നേഹിയാണ് മുഹമ്മദ് നബി(സ). കണ്ടുമുട്ടുന്നേടം മുതല്‍ മരിച്ചുപിരിയും വരെയുള്ള പല രംഗത്തും വിശ്വാസികള്‍ തമ്മിലുള്ള നിരവധി ബാധ്യതകള്‍ പഠിപ്പിച്ച മതമാണിസ്‌ലാം.
ഒരു വിശ്വാസിക്ക് ഒരിക്കലും സ്വാര്‍ഥിയാവാനാവില്ല. തനിക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യര്‍ - മുസ്‌ലിംകളായാലും അല്ലെങ്കിലും – തന്നെപ്പോലെയുള്ളവരാണെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കുന്ന പ്രവൃത്തി തന്നില്‍ നിന്നുണ്ടായിക്കൂടാ എന്ന് ഓരോരുത്തരം ചിന്തിക്കുമ്പോഴാണ് സമൂഹത്തില്‍ ശാന്തിയും സമാധാനവും സ്‌നേഹവും സൗഹാര്‍ദവും കളിയാടുക. ഇത്തരം ഒരു സമൂഹസൃഷ്ടിയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്.



ജീവിതത്തിന്റെ ഓരോ രംഗത്തും സ്വാര്‍ഥത വെടിഞ്ഞ് മറ്റുള്ളവര്‍ക്കു വേണ്ടി ജീവിക്കുന്ന വിശ്വാസിക്ക് പക്ഷേ, സ്വന്തം കാര്യം മാത്രം നോക്കാന്‍ ബാധ്യതപ്പെട്ട, അല്ല മറ്റുള്ളവരുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയാത്ത, ഒരു രംഗം വരാനുണ്ട്. അതാണ് പരലോകജീവിതം. സ്വര്‍ഗലബ്ധിക്കോ നരകമുക്തിക്കോ ആവശ്യമായ കാര്യങ്ങള്‍ തനിക്ക് താന്‍ തന്നെ സമ്പാദിച്ചേ പറ്റൂ. അവിടെ തീർച്ചയായും ഒരു തരം സ്വാർഥത ഉണ്ടാകും, ഉണ്ടാവണം. അതു പക്ഷെ ആക്ഷേപാർഹമല്ല. കാരണം സത്യവിശ്വാസി താൻ സ്വർഗ്ഗത്തിലെത്തണം എന്നാഗ്രഹിക്കുമ്പോൾ തന്നെ എല്ലാവരും എത്തണം എന്നും ആഗ്രഹിക്കുന്നവനാണല്ലോ. കർമങ്ങൾ സ്വാർഥമാണെങ്കിലും.



ഒരു കാര്യം നമുക്ക് ഓർത്തു വെക്കാം. ഒരു കുമ്പിൾ ജലം നമുക്ക് കൈത്തലത്തിൽ നിർത്തുവാൻ കഴിയും എന്നാൽ അതിനെ വിരലുകളാകുന്ന സ്വാർഥത കൊണ്ട് ചുറ്റിപ്പിടിക്കുവാൻ ശ്രമിച്ചാൽ ജലം മുഴുവൻ വിരലുകൾക്കിടയിലൂടെ ഒലിച്ചു പോകുകയായിരിക്കും ഫലം എന്ന്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso