Thoughts & Arts
Image

മാസവിശേഷം / റബീഉൽ അവ്വൽ

06-09-2022

Web Design

15 Comments


കാലത്തിന്റെയും കുലത്തിന്റെയും വസന്തം



ഹിജ്റ കലണ്ടറിലെ മൂന്നാം മാസമായ റബീഉൽ അവ്വൽ പേര് പോലെത്തന്നെ വസന്തമാണ്. മനുഷ്യകുലത്തെ മോചിപ്പിക്കുവാൻ വന്ന മുഹമ്മദ് മുസ്ത്വഫാ(സ്വ)യുടെ ജൻമത്തിന്റെ കാല സാക്ഷിയായതോടെ അത് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ മനസ്സിന്റെ വസന്തമായി മാറി. മറ്റെല്ലാ മാസങ്ങളെയും പോലെ ഈ മാസത്തിനും ഈ പേര് സിദ്ധിച്ചതിനെ കുറിച്ച് പരതുമ്പോൾ നാം നബി(സ്വ)യുടെ അഞ്ചാം പിതാമഹൻ കിലാബിന്റെ കാലത്തെത്തും. അറേബ്യയിൽ ഈ മാസം വസന്തകാലത്തായിരുന്നു വന്നിരുന്നത് എന്ന നിലക്ക് മാത്രമായിരുന്നു ഈ പേര് വീണത് എന്നാണ്. പിന്നീട് ഈ പേരിനെ തിരുനബിയുടെ ജനനം അന്വർഥമാക്കുകയായിരുന്നു. നബി(സ്വ)യുടെ ജനനത്തെ കുറിച്ച് രണ്ട് പക്ഷങ്ങൾ ചരിത്രത്തിൽ സജീവമാണ്. ഒന്ന് അത് റബീഉൽ അവ്വൽ ഒമ്പതിനായിരുന്നു എന്നും രണ്ട് പന്ത്രണ്ടിനായിരുന്നു എന്നും. അത്ര തന്നെ ബലമുള്ളതല്ലാത്ത മറ്റു അഭിപ്രായങ്ങളും ഉണ്ട്. നബി(സ) യുടെ ജനനവർഷം, ദിവസം എന്നിവയിൽ കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ല. ആനക്കലഹത്തിന്റെ വർഷമായിരുന്നു എന്നും തിങ്കളാഴ്ച ദിവസമായിരുന്നു എന്നും തെളിവുകളാൽ ബലപ്പെട്ടതാണ്. ഇത് റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ പുലർച്ചെയായിരുന്നു എന്നതാണ് പ്രബല പക്ഷം. ഇബ്ൻ അബ്ബാസ്(റ), ജാബിർ(റ) എന്നിവരിൽ നിന്ന് ഇതു വ്യക്തമായി പറയുന്ന ഹദീസ് പ്രചാരത്തിലുണ്ട്. ഇബ്നു ഇസ്ഹാഖ്, ഇബ്നു കതീർ, മുബാറക്പൂരി തുടങ്ങിയവരൊക്കെ സൂക്ഷ്മമായ പഠനങ്ങളുടെ വെളിച്ചത്തിൽ പറഞ്ഞതും ഇതാണ്.



നബി(സ്വ)യുടെ ജനനത്തിന്റെ ഏറ്റവും സവിശേഷമായ ചിന്താ വിഷയം ഈ ജനനത്തിലേക്ക് അല്ലാഹു അന്നത്തെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ക്ഷണിച്ചു എന്നതാണ്. അന്നത്തെ ലോകം റോം, പേർഷ്യ എന്നീ രണ്ടു സാമ്രാജ്യങ്ങളിൽ ഒതുങ്ങിയതായിരുന്നു. ഈ രണ്ടിലൊരു ശക്തികളുടെ നിയന്ത്രണത്തിന് പുറത്ത് കാര്യക്ഷമമായ ആധിപത്യങ്ങൾ അന്നുണ്ടായിരുന്നതായി ചരിത്രങ്ങൾ പറയുന്നില്ല. ഭരണ കൂടങ്ങൾ ഉണ്ടായിരുന്നു എങ്കിൽ തന്നെ അത് വെറും പ്രാദേശികം മാത്രമായിരുന്നു. ഈ രണ്ട് സാമ്രാജ്യങ്ങളെയും വിളിച്ച് അവരുടെ ശ്രദ്ധയെ മക്കയിലേക്കും മക്കയിൽ ഉദയം ചെയ്യാൻ പോകുന്ന പുതിയ നക്ഷത്രത്തിലേക്കും ക്ഷണിക്കാൻ ഉണ്ടായ സംഭവമാണ് ആനക്കലഹ സംഭവം എന്നു വേണം ധരിക്കാൻ. അറബികളുടെ ചരിത്രത്തിൽ അന്നു വരെ കേട്ടുപരിചയം പോലുമില്ലാത്ത തരത്തിലുള്ള അത്ഭുതമായിരുന്നു ആനക്കലഹവും അതിനോട് അനുബന്ധിച്ച് ഉണ്ടായ സംഭവങ്ങളും. ആനക്കലഹത്തിലേക്ക് നയിക്കുന്ന സംഭവവികാസങ്ങൾ ആരംഭിക്കുന്നത് അബ്‌സീനിയിലെ രാജാവായ നജാശി തന്റെ അധികാരപരിധിയിൽ പെട്ട യമനിലെ പ്രതിനിധിയായി നിശ്ചയിച്ച അബ്റഹത്തിൽ നിന്നാണ്. ക്രൈസ്തവനായ നജാശിയെ തൃപ്തിപ്പെടുത്തുന്നതിനായി യമനിലെ സ്വൻആഇൽ അബ്റഹത് അംബരചുംബിയായ ഒരു ആരാധനാലയം പണിതു. ഒപ്പം അറബികൾ മക്കയിലെ കഅ്ബാലയത്തെ പ്രധാനമായി കാണുന്നതും അങ്ങോട്ട് തീർഥാടനം ചെയ്യുന്നതും അത് മക്കയുടെ സാമ്പത്തിക അഭിവൃദ്ധിക്ക് നിമിത്തമാകുന്നതിലുമെല്ലാം കനത്ത അസൂയയും അയാൾക്കുണ്ടായിരുന്നു. അക്കാലഘട്ടത്തിൽ അതു പോലെ വലുപ്പവും ആകാരഭംഗിയുമുള്ള ആരാധനാകേന്ദ്രങ്ങൾ ആരും കണ്ടിട്ടില്ല.



അറബികളുടെ ഹജ്ജ് ഈ ആരാധനാലയത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നത് വരെ ഞാൻ വിശ്രമിക്കുന്നതല്ല എന്നായിരുന്നു അബ്റഹത്തിന്റെ പ്രതിജ്ഞ.
 ഇത് അറബികൾക്കിടയിൽ ചർച്ചാവിഷയമായി. കിനാന ഗോത്രത്തിൽ പെട്ട ഒരാൾ ഈ വാർത്ത കേട്ടപ്പോൾ ശക്തമായി ദേഷ്യപ്പെട്ടു. കഅ്ബയോടുള്ള സ്നേഹവും ആദരവും മുലപ്പാലിനോടൊപ്പം മനസ്സിൽ രുചിച്ചറിഞ്ഞ അയാൾക്ക് സഹിക്കാനായില്ല. ഉടൻ തന്നെ അയാൾ സ്വൻആഇലേക്ക് പുറപ്പെട്ടു. അബ്റഹത്തിന്റെ കൊട്ടാരസമാനമായ അമ്പലത്തിൽ അയാൾ ആരും കാണാതെ മലവും വിസർജ്യങ്ങളും തേച്ചുപിടിപ്പിച്ചു.
വിവരമറിഞ്ഞ അബ്രഹത്ത് ശക്തമായി കോപിച്ചുവെന്ന് പറയേണ്ടതില്ലല്ലോ, മക്കയിലേക്ക് യാത്ര ചെയ്ത് കഅ്ബ മണ്ണിനോട് ചേർക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്ന് അയാൾ ശപഥമെടുത്തു. വലിയ ഒരു സൈന്യത്തെയും തയ്യാറാക്കി മക്ക ലക്ഷ്യമാക്കി യാത്ര തുടങ്ങി. സൈന്യത്തിൽ ഒൻപതോ പതിമൂന്നോ ആനകൾ ഉണ്ടായിരുന്നുവത്രെ. അബ്രഹതിന് മാത്രമായി കൂട്ടത്തിൽ ഏറ്റവും ഭീമാകാരനായ ഒരു ആനയെയും കരുതിയിട്ടുണ്ടായിരുന്നു. മഹ്മൂദ് എന്നായിരുന്നു അതിന്റെ പേര് എന്ന് ചരിത്ര വായനകളിൽ കാണാം.



അറബികൾ അബ്രഹത്തിന്റെ പടപ്പുറപ്പാടറിഞ്ഞു. ഇടിത്തീ പോലെയാണ് ആ വാർത്ത അവർക്ക് മേൽ വന്നെത്തിയത്. അതിനെതിരെ ചില വ്യക്തികൾ അവരുടെ സൈന്യങ്ങളുമായി എതിരിടാൻ വന്നു എങ്കിലും അതൊന്നും വിജയിച്ചില്ല. അബ്രഹത്തിന്റെ സൈന്യം മക്കയുടെ സമീപത്തുള്ള ത്വാഇഫിലെത്തി. ത്വാഇഫുകാർ ഏതെങ്കിലും നിലക്ക് പ്രതിരോധിക്കും എന്ന് പ്രതീക്ഷിച്ച അബ്രഹത്തിന് തെറ്റി. അവരുടെ നേതാവായ മസ്ഊദ് ബ്നു മുഅത്തിബ് അബ്രഹതിനെ കണ്ടു പറഞ്ഞു: രാജാവേ, ഞങ്ങൾ നിങ്ങളുടെ അടിമകൾ മാത്രമാണ്; നിങ്ങൾ പറയുന്നത് കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർ. ഞങ്ങൾക്ക് താങ്കളോട് യാതൊരു വിയോജിപ്പുമില്ല. ഞങ്ങളുടെ നാട്ടിലുള്ള ആരാധനാകേന്ദ്രം -ലാത്തയെ ആരാധിക്കുന്ന അമ്പലം- നിങ്ങൾ തകർക്കരുത്. മക്കയിലെ ആരാധനാകേന്ദ്രമാണല്ലോ നിങ്ങൾ ഉദ്ദേശിക്കുന്നത്; അവിടേക്കുള്ള വഴി നിങ്ങൾക്ക് കാണിച്ചു നൽകാൻ ഒരു വഴികാട്ടിയെ ഞങ്ങൾ പറഞ്ഞയക്കാം!. തീർത്തും നിന്ദ്യമായ നിലപാടായിരുന്നു ത്വാഇഫുകാർ സ്വീകരിച്ചത്.



വിവരമറിഞ്ഞ ഖുറൈശികൾ കിനാനക്കാരോടും ഹുദൈലുകാരോടുമൊപ്പം ചേർന്ന് അബ്രഹത്തിന്റെ സൈന്യത്തെ നേരിടാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഭീമമായ ആ സൈനികശക്തി കണ്ടപ്പോൾ അവരെ നേരിടാൻ കഴിയില്ലെന്ന് മനസ്സിലാക്കുകയും ആ ഉദ്യമത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു. മിനാ താഴ് വരക്കു സമീപമെത്തിയ അബ്റഹത്ത് ആദ്യം മക്കക്കാരുടെ സമ്പത്ത് കൊള്ളയടിക്കാൻ കൽപ്പന നൽകി. അവന്റെ സൈന്യം അനേകം ഒട്ടകങ്ങളെയും ആടുമാടുകളെയും മറ്റനേകം സമ്പത്തും പിടിച്ചുകൊണ്ടുവന്നു. കൂട്ടത്തിൽ അബ്ദുൽ മുത്വലിബിന്റെ ഇരുന്നൂറോളം ഒട്ടകങ്ങളുമുണ്ടായിരുന്നു.



ഞാൻ നിങ്ങളോട് യുദ്ധം ചെയ്യാൻ വേണ്ടി വന്നതല്ലെന്നും, കഅ്ബ തകർക്കുക എന്നത് മാത്രമാണ് തന്റെ ഉദ്ദേശമെന്നും, നിങ്ങൾ എനിക്കെതിരെ യുദ്ധം ഉദ്ദേശിക്കുന്നില്ലെങ്കിൽ നിങ്ങളെ കൊലപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും മക്കക്കാരുടെ നേതാവിനെ അറിയിക്കാൻ അബ്രഹത് നിർദേശം നൽകി. മക്കക്കാർ യുദ്ധം ഉദ്ദേശിക്കുന്നില്ലെങ്കിൽ അയാളെ തന്റെ അരികിലേക്ക് കൊണ്ടുവരാനും അവൻ കൽപ്പിച്ചു. അബ്രഹതിന്റെ ദൂതൻ വന്ന് കാര്യങ്ങൾ അറിയച്ചപ്പോൾ അന്നത്തെ നേതാവായിരുന്ന അബ്ദുൽ മുത്വലിബ് പറഞ്ഞു: അല്ലാഹു സത്യം, ഞങ്ങൾ അയാളോട് യുദ്ധം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ശക്തിയും ഞങ്ങൾക്കില്ല. ഇത് അല്ലാഹുവിന്റെ പരിശുദ്ധമായ ഭവനമാണ്. അവന് ഏറ്റവും പ്രിയങ്കരനായ ഖലീലുല്ലാഹി ഇബ്രാഹീമിന്റെ ഭവനം. അതിനെ അവൻ സംരക്ഷിക്കുന്നെങ്കിൽ അവന്റെ ഭവനവും പരിശുദ്ധഗേഹവുമാണത്. അവൻ അത് വിട്ടുനൽകുകയാണെങ്കിൽ അത് തടുക്കാൻ ഞങ്ങൾക്ക് ശേഷിയില്ല.



അവസാനം അബ്രഹത്തിന്റെ മുമ്പിൽ നേരിട്ടെത്തി അബ്ദുൽ മുത്വലിബ്. അദ്ദേഹം രാജാവിന്റെ കൂടാരത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അബ്രഹത്തിന്റെ മനസ്സിൽ അബ്ദുൽ മുത്വലിബിനോടുള്ള ബഹുമാനവും ആദരവും നിറഞ്ഞു. വളരെ ഗാംഭീര്യവും, ഭംഗിയും ആഢ്യത്വവും തോന്നിക്കുന്ന വ്യക്തിത്വമായിരുന്നു അബ്ദുൽ മുത്വലിബിന്റെത്. തന്റെ കാൽക്കീഴിൽ അബ്ദുൽ മുത്വലിബിനെ ഇരുത്താൻ അബ്റഹതിന് മനസ്സു വന്നില്ല. എന്നാൽ തന്റെ അധികാരക്കസേരയിൽ അബ്ദുൽ മുത്വലിബ് ഇരിക്കുന്നത് തന്നോടൊപ്പമുള്ളവർ കാണാനും വയ്യ. അതു കൊണ്ട് അബ്രഹത് അബ്ദുൽ മുത്വലിബ് ഇരുക്കിന്നിടത്തേക്ക് വന്നു. അദ്ദേഹത്തോടൊപ്പം താഴെയിരുന്നു. അടുത്തു നിൽക്കുന്ന തർജമക്കാരനോട് അബ്രഹത് പറഞ്ഞു: എന്താണ് താങ്കളുടെ ആവശ്യമെന്ന് അദ്ദേഹത്തോട് ചോദിക്കുക?



ചോദ്യം കേട്ട അബ്ദുൽ മുത്വലിബ് പറഞ്ഞു: എന്റെ ഇരുന്നൂറോളം ഒട്ടകങ്ങളെ രാജാവിന്റെ സൈന്യം പിടികൂടിയിട്ടുണ്ട്. അത് തിരിച്ചു നൽകണമെന്നതാണ് എന്റെ ആവശ്യം!



അബ്രഹത് അത്ഭുതപ്പെട്ടു! അയാൾ പറഞ്ഞു: താങ്കളെ കണ്ടപ്പോൾ എന്റെ മനസ്സിൽ വലിയ ആദരവ് ഉണ്ടായിരുന്നു. എന്നാൽ താങ്കളുടെ സംസാരം കേട്ടതോടെ അതെല്ലാം ഇല്ലാതെയായിരിക്കുന്നു. ഞാൻ പിടിച്ചെടുത്ത ഇരുന്നൂറ് ഒട്ടകങ്ങളെ കുറിച്ചാണോ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്?! നിങ്ങളുടെയും നിങ്ങളുടെ മുൻഗാമികളുടെയും മതമായി കൊണ്ടുനടക്കുന്ന ഈ ഭവനത്തെ കുറിച്ച് നിങ്ങൾക്കൊന്നും പറയാനില്ലേ?! ഞാൻ അത് തകർക്കുവാൻ വന്നതാണെന്നറിഞ്ഞിട്ടും അതിനെ കുറിച്ച് ഒന്നും സംസാരിക്കാനില്ലേ?!



അബ്ദുൽ മുത്വലിബ് പറഞ്ഞു: നിങ്ങളുടെ കയ്യിലുള്ള ഒട്ടകങ്ങളുടെ ഉടമസ്ഥൻ ഞാനാണ്. കഅ്ബയാകട്ടെ, അതിനൊരു ഉടമസ്ഥനുണ്ട്. അവനതിനെ സംരക്ഷിച്ചു കൊള്ളും.



അബ്ദുൽ മുത്വലിബിന്റെ ഒട്ടകങ്ങളെ തിരിച്ചു നൽകാൻ അബ്രഹത്ത് കൽപ്പന നൽകി. അടുത്ത ദിവസം നേരം പുലർന്നു. അബ്രഹത്ത് തന്റെ സൈന്യത്തോട് തയ്യാറെടുക്കാൻ കൽപ്പന നൽകി. കഅ്ബ തകർക്കുന്നതിന് വേണ്ടി കൊണ്ടുവന്ന തന്റെ ആനയെ ഒരുക്കി നിർത്താൻ നിർദേശിച്ചു. സൈന്യം മുന്നോട്ടു നീങ്ങാൻ തുടങ്ങി. മുസ്ദലിഫക്കും മിനാക്കും ഇടയിൽ മുഹസ്സിർ താഴ്‌വരയിൽ എത്തിയപ്പോൾ അത്ഭുതം!, ആനകളതാ മുട്ടുകുത്തുന്നു. അവയിൽ ഒന്നു പോലും കഅ്ബയുടെ അടുത്തേക്ക് ചലിക്കുന്നേയില്ല. അബ്രഹത്തിന്റെ സൈന്യം ആനകളെ മുന്നോട്ട് നടത്താനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തി നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒരു പരീക്ഷണമെന്ന നിലക്ക് ആനകളെ അവർ യമനിലേക്ക് തിരിച്ചു നിർത്തി നോക്കി. അപ്പോൾ ആനകൾ ഉടനടി എഴുന്നേറ്റ് ഓടുവാൻ തുടങ്ങി. ശാമിന്റെ ഭാഗത്തേക്കും കിഴക്കോട്ടുമെല്ലാം ആനയെ തിരിച്ചു നിർത്തുമ്പോൾ അവ മുന്നോട്ടു നീങ്ങുന്നുണ്ട്. എന്നാൽ കഅ്ബയുടെ മുന്നിലേക്ക് തിരിക്കേണ്ട താമസം അവ മുട്ടുകുത്തുന്നു.



ഈ അവസ്ഥ തുടരവെ കടലിൽ നിന്ന് ഒരു കൂട്ടം അബാബീൽ പക്ഷികൾ വന്നെത്തി. അവയിൽ ഓരോ പക്ഷിയുടെയും പക്കൽ മൂന്നു കല്ലുകളുമുണ്ട്. ഒന്ന് അവയുടെ ചുണ്ടുകളിലും, രണ്ടെണ്ണം വീതം അവയുടെ കാലുകളിലും. അബ്രഹത്തിന്റെ സൈന്യത്തിന് മുകളിൽ ആ കല്ലുകൾ അവർ വർഷിച്ചു. അത് ശരീരത്തിൽ പതിക്കേണ്ട താമസം അവരുടെ അവയവങ്ങൾ കഷ്ണങ്ങളായി മുറിഞ്ഞു വീഴാൻ തുടങ്ങി! അങ്ങനെ അവരിൽ ബഹുഭൂരിപക്ഷവും വേദന നിറഞ്ഞ മരണം വരിച്ചു. ഇതാണ് ചുരുക്കത്തിൽ ആനക്കലഹ സംഭവം. മക്കയിലെ കഅ്ബാലയം ലോകത്തിന്റെ അറബികളുടെ പ്രത്യേകിച്ചും ശ്രദ്ധാകേന്ദ്രമായിരുന്നു. ആ ഭവനം ദൈവികമാണ് എന്ന് എല്ലാവരും വിശ്വസിച്ചു. അതിനാൽ അബ്റഹത്തിന്റെ ഈ നീക്കം എങ്ങനെ അവസാനിക്കും എന്നത് എല്ലാവരുടെയും ജിജ്ഞാസയായിരുന്നു. അവസാനം ഇത്തരത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു അന്ത്യമുണ്ടായതോടെ മക്കയും കഅ് ബാലയവും ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു. ആ ശ്രദ്ധക്ക് ഒരു മങ്ങലും ഏൽക്കാത്ത അൻപത്തിഒന്നാം ദിനമായിരുന്നു നബി(സ്വ) യുടെ അത്യൽഭുതകരമായ ജനനം.



നബി(സ്വ)യുടെ ജീവിതത്തിൽ പ്രധാന വഴിത്തിരിവുകൾക്കും മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിച്ച മാസവും റബീഉൽ അവ്വലാണ്. ഹിജ്റ യാത്രയിൽ നബി തിരുമേനി മദീനയിലെത്തിയത്, തങ്ങൾ വിട പറഞ്ഞത് എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. അതിനു പുറമെ ദൂ അംറ്, ബുവാഥ്, സഫ്‌വാൻ, ബനൂ നളീർ, ദൗമത്തുൽ ജന്തൽ തുടങ്ങിയ സൈനിക ദൗത്യങ്ങൾ ഈ മാസത്തിൽ നടന്ന ചരിത്രങ്ങളാണ്. ഉസ്മാൻ(റ) നബിതിരുമേനിയുടെ മകൾ കുൽസൂം(റ) യെ വിവാഹം ചെയ്തത് ഹിജ്റ മൂന്നാം വർഷം റബീഉൽ അവ്വലിലായിരുന്നു എന്ന് ഹാവീ കബീറിൽ കാണാം. തന്റെ പത്നിയും നബി(സ)യുടെ മകളുമായ റുഖിയ(റ) ഹിജ്റ രണ്ടിൽ വഫാത്തായതിനെ തുടർന്നായിരുന്നു ഈ വിവാഹം ഉണ്ടായത്. ഒന്നാം ഖലീഫയായി അബൂബക്കർ(റ) അധികാരമേറ്റതും റബീഉൽ അവ്വലിലാണ്. ബനൂ സാഇദ കുടുംബത്തിന്റെ വകയായ ഒരു പന്തലിൽ വെച്ചായിരുന്നു ഇത്.



സന്തോഷങ്ങളോടൊപ്പം ഏതാനും സന്താപങ്ങളും പങ്കുവെക്കുന്നുണ്ട് റബീഉൽ അവ്വൽ. അത് എണ്ണൂറ് വർഷത്തെ അഭിമാനകരമായ നിലനിൽപ്പിനു ശേഷം മുസ്ലിം സ്പെയിൻ എന്നേക്കുമായി കൈവിട്ടു പോയതാണ്. സ്‌പെയിനിന്റെ ചരിത്രം രണ്ടായിരം സംവത്സരം പഴക്കമുളളതാണ്. ആ കാലത്തിനിടയില്‍ പലജനവിഭാഗങ്ങളും സ്‌പെയിനിനെ ഭരിച്ചിട്ടുണ്ട്. കാര്‍ത്തേജിനുകളായിരുന്നു തുടക്കം. പിന്നീട് നൂറ്റാണ്ടുകളോളം റോമക്കാരും, തുടര്‍ന്ന് ഗോത്തുകളും ഭരിച്ചു. ഇവര്‍ക്ക് ശേഷമാണ് മുസ്‌ലിംങ്ങളുടെ വരവ്.
അന്തലൂസ്യ എന്നായിരുന്നു മുസ്‌ലിം ഭരണകാലത്ത് സ്‌പെയിന്‍ അറിയപ്പെട്ടിരുന്നത്. സ്‌പെയിനിലെ സ്വേച്ഛാധിപതിയായ ഭരണാധികാരികളില്‍നിന്ന് മോചനം ആഗ്രഹിച്ച സ്‌പെയിന്‍ ജനത ഉത്തരാഫ്രിക്കയിലെ ഉമവീ ഗവര്‍ണറയായിരുന്ന മൂസബ്‌നു നുസൈറിനോട് സഹായം അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ഥന മാനിച്ച് താരിഖ് ഇബ്‌നു സിയാദ് എന്ന സേനാനായകന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ മൂസബ്‌നു നുസൈര്‍ അയച്ചുകൊടുത്തു. സ്‌പെയിനിനെ ഓരോ നഗരങ്ങളായി നിഷ്പ്രയാസം കീഴടക്കിയ താരിഖിന്റെ സൈന്യം പിരണീസ് പര്‍വതനിരകള്‍ വരെയുള്ള പ്രദേശങ്ങള്‍ ഉമവീ ഭരണകൂടത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. എ ഡി 711 -ലായിരുന്നു ഇത്.



ഇസ്‌ലാമിക സ്‌പെയിന്‍ യൂറോപ്പിലെ തന്നെ ആദ്യ സമ്പന്നനാഗരികതകളില്‍ ഒന്നായി വളർന്നു. വൈജ്ഞാനിക മേഖലയിലും രാഷ്ട്രസംവിധാനത്തിലും അന്തലുസിലെ സെവില്ല, ഗ്രാനഡ, ടോളിഡോ, കൊര്‍ദോവ നഗരങ്ങള്‍ ലോകനിലവാരമുള്ളവയായിരുന്നു. ഇസ്‌ലാമിക സ്‌പെയിനിന്റെ സ്മരണകളുണര്‍ത്തി അല്‍ ഹംറാ കൊട്ടാരവും കൊര്‍ദോവ പള്ളിയുമടക്കമുള്ള ചരിത്രശേഷിപ്പുകള്‍ ആധുനിക സ്‌പെയിനില്‍ അങ്ങോളമിങ്ങോളം കാണാം. ആധുനിക സ്പാനിഷ്ഭാഷയിലെ പദങ്ങളിലേറെയും അറബിഭാഷാസമ്പര്‍ക്കത്തിന്റെ സ്വാധീനഫലമായുണ്ടായവയാണ്. മുസ്ലിം സ്പെയിന്‍ ഒരു കൊച്ചു രാഷ്ട്രമായിരുന്നെങ്കിലും വിജ്ഞാനം, കല, സാംസ്കാരം, നാഗരികത എന്നിവയില്‍ മറ്റു വലിയ രാഷ്ട്രങ്ങളോടൊപ്പമോ അതിനുമുകളിലോ ആയിരുന്നു സ്ഥാനം. മത പണ്ഡിതന്‍മാരില്‍ ഇബ്നു ഹസം, ഇബ്നു അബ്ദില്‍ ബര്‍റ്, ഇബ്നുല്‍ അറബി, തത്വ ചിന്തകരില്‍ ഇബ്നു റുശ്ദ്, ഇബ്നു തുഫൈല്‍, ശാസ്ത്രജ്ഞരില്‍ സഹ്റാഹി, ഇബ്നു സഹര്‍, ചരിത്രകാരന്‍മാരില്‍ ഖത്തീബ്, ഇബ്നു അബ്ദു റബ്ബിഹ്, കവികളില്‍ ഇബ്നു സൈദൂന്‍, ഇബ്നു അമ്മാര്‍ തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തിന്റെ സംഭാവനകളാണ്. മുസ്ലിം ലോകത്ത് മാത്രമല്ല, അതിനു പുറത്തും വിഖ്യാതരായിരുന്നു ഇവര്‍. ഇസ്ലാമിക ചരിത്രത്തില്‍ ഇറാഖും, മാവറാഅന്നഹറും മാത്രമാണ് സ്പെയിനിനോളം ചെറുതായിരിക്കെ ഇത്രയേറെ പ്രതിഭാധനരെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ രാജ്യങ്ങള്‍.
വിമാന നിര്‍മ്മാണത്തിന് ലോകത്ത് ആദ്യമായി ശ്രമം നടന്നത് ഇസ്ലാമിക സ്പെയിനിലാണ്. അബ്ബാസുബ്നു ഫര്‍നാസ് എന്ന ശാസ്ത്രജ്ഞന്‍ നിര്‍മ്മിച്ച വിമാനം ആകാശത്തേക്ക് അല്‍പ്പദൂരം ഉയര്‍ന്ന് വീണു പോവുകയാണുണ്ടായത്. മുവഹിദുകളുടെ കാലത്ത് സിവല്ലയില്‍ ജീവിച്ചിരുന്ന മറ്റൊരു ശാസ്ത്രജ്ഞനാണ് ഇബ്നു അവാം. കൃഷിയിലായിരുന്നു അദ്ദേഹത്തിന്റെ വൈദഗ്ദ്യം.



പുരോഗതികൾ നേടുകയും ലോക ശ്രദ്ധ കൈവരിക്കുകയും ചെയ്തതോടൊപ്പം വലിയ ഖിലാഫത്തുകളുമായുളള ബന്ധം മുസ്ലിം സ്പെയിനിന് നഷ്ടമായി. അതോടൊപ്പം അധികാര ദുർവിനിയോഗവും അനൈക്യവും കൂടി ചേർന്നതോടെ രാജ്യം കൈവിടാൻ തുടങ്ങി. അവസാനം 1492 ജനുവരി 2 ന് (ഹി. 897 റബീഉൽ അവ്വൽ 2 ന് ) കാസ്റ്റിലെ രാജ്ഞി ഇസബെലും അരഗണിലെ രാജാവായ ഫെർഡിനാൻഡും ഒടുവിൽ ഗ്രാനഡ കീഴടക്കിയതോടെ മുസ്ലിംകളുടെ അവസാന പിടിയും അയഞ്ഞു പോയി.



കേരളത്തിന്റെ സമസ്ത കുടുംബത്തിന് റബീഉൽ അവ്വൽ നൽകിയ വേദനകളിൽ ശൈഖുനാ എ പി മുഹമ്മദ് മുസലിയാർ കുമരംപുത്തൂർ അവർകളുടെ വഫാത്ത് ആണ് പ്രധാനപ്പെട്ടത്. 1995 മുതല്‍ സമസ്ത കേന്ദ്ര മുശാവറാ അംഗമായും 2012 ല്‍ സമസ്ത ഉപാധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ട ഉസ്താദ് സമസ്ത പ്രസിഡണ്ട് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാരുടെ വഫാത്തോടെ സമസ്തയുടെ പത്താമത്തെ പ്രസിഡണ്ടായി ഐകകണ്ഠ്യാന നിയോഗിക്കപ്പെടുകയായിരുന്നു. ജാമിഅയില്‍ നിന്ന് വിട്ട ശേഷം ഒറമ്പുറത്തായിരുന്നു ഉസ്താദിന്റെ സേവനം. അധ്യാപന രംഗമാണ് ഉസ്താദ് എന്നും തെരഞ്ഞെടുത്തിരുന്നത്. ശേഷം, വിവിധ കാലങ്ങളിലായി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രമുഖ ദര്‍സുകളിലും മുദരിസായി ഉസ്താദ് പ്രവര്‍ത്തിച്ചു. മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, എപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശേരി, പള്ളിശ്ശേരി, നന്തി, ആലത്തൂര്‍ പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പ്രശംസനീയമാംവിധം ദര്‍സുകള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ഉസ്താദിന് സാധിച്ചിരുന്നു. അഗാധമായ അറിവ് അടിസ്ഥാനമാക്കി മുഹഖ്വിഖുൽ ഉലമാ എന്നാണ് മഹാനവർകൾ വിശേഷിപ്പിക്കപ്പെടുന്നത്.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso