Thoughts & Arts
Image

നൈതികതയുടെ കാവൽക്കാരൻ

05-10-2022

Web Design

15 Comments





നൈതികതയുടെ കാവൽക്കാരൻ



പ്രപഞ്ചത്തിനും പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങൾക്കും അവയുടെ ചലന-നിശ്ചലനങ്ങൾ രൂപ-ഭാവങ്ങൾ എന്നിവക്കുമെല്ലാം സൃഷ്ടാവ് ഒരു ഘടന നിശ്ചയിച്ചിട്ടും കൽപ്പിച്ചിട്ടുമുണ്ട്. അതിന് വിധേയമാവുകയും പാലിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഏതു കാര്യവും ശരിയും കൃത്യവും താളനിബദ്ധവുമെല്ലാമായിത്തീരുന്നത്. അതിനെ പൊതു ഭാഷാവ്യവഹാരം ക്രമം എന്ന് വിളിക്കുന്നു. ക്രമം സൃഷ്ടാവിന്റെ മഹത്തായ നീതിയാണ്. പക്ഷെ, ക്രമം പാലിക്കാനെന്ന പോലെ നിരാകരിക്കാനും മനുഷ്യന് പരിമിതമായ സ്വത്രന്ത്രം നൽകപ്പെട്ടിട്ടുണ്ട്. അതോടെ മനുഷ്യന്റെ മുമ്പിൽ രണ്ടു വഴികൾ തുറക്കപ്പെടുകയാണ്. ക്രമത്തി/ലധിഷ്ഠിതമായ ദൈവിക വഴിയും, ക്രമരാഹിത്യത്തിൽ അധിഷ്ഠിതമായ പൈശാചിക വഴിയും. ഇവയിൽ ദൈവിക വഴിയെ തെരഞ്ഞെടുക്കാൻ വേണ്ട പ്രചോദനവും ദൃഷ്ടാന്തങ്ങളും നൽകി മനുഷ്യനെ സഹായിക്കുവാൻ നിയുക്തരായ സൃഷ്ടാവിന്റെ ദൂതൻമാരാണ് പ്രവാചകൻമാർ. ക്രമവും നീതിയും തകരുന്നേടത്ത് അത് സംരക്ഷിക്കുവാനും മനുഷ്യനെ ശരിയായ താളക്രമങ്ങളിൽ എത്തിക്കാനും അതിൽ നിലനിറുത്തുവാനും വേണ്ട കാര്യങ്ങളാണ് അവർ ചെയ്യുന്നതെല്ലാം. അതിനാൽ ഏതൊരു പ്രവാചകന്റെയും ദൗത്യം മൊത്തത്തിൽ നീതി നടപ്പാക്കുക എന്നതാണ്. പൊതുവെ നീതി എന്ന വാക്കും പ്രയോഗവും രണ്ട് പേർക്കിടയിലുള്ള തർക്ക വ്യവഹാരത്തിന്റെ പരിധിയിൽ മാത്രം ഉപയോഗിക്കുന്നതും ഉപയോഗിക്കേണ്ടതുമാണ് എന്നാണ് പ്രഥമദൃഷ് ട്യാ തോന്നുക. പക്ഷെ, അതങ്ങനെയല്ല പ്രബോധനത്തിന്റെ പരിധിയിൽ വരുന്ന എല്ലാ കാര്യങ്ങളും ഈ പരിധിയിൽ വരുന്ന കാര്യങ്ങൾ തന്നെയാണ്.



ഉദാഹരണമായി സത്യവിശ്വാസത്തെയെടുക്കാം. ഒരു മനുഷ്യന് ലഭിച്ച ജീവിതം, അൽഭുതകരമായ ശരീരം, ശാരീര പ്രവർത്തനങ്ങൾ, കഴിവുകൾ, ശേഷികൾ, ജീവിതസന്ധാരണ മാർഗ്ഗങ്ങൾ തുടങ്ങിയ മറ്റൊരാൾക്കും ചെയ്തുതരാൻ കഴിയാത്ത കാര്യങ്ങൾ എന്നിവയുടെയെല്ലാം ശരിയായ മൂല്യങ്ങൾ തിരിച്ചറിയുന്ന ഏതൊരു മനുഷ്യനും ചെയ്യേണ്ട നീതിയും ക്രമവുമാണ് ഇതെല്ലാം തന്നവനെ ദൈവമായി വിശ്വസിച്ച് അംഗീകരിക്കുക എന്നത്. അപ്പോൾ സത്യ വിശ്വാസം നീതിയും ക്രമവുമായിത്തീരുന്നു. അവിശ്വാസമാവട്ടെ, മനുഷ്യൻ തന്റെ സൃഷ്ടാവിനോട് കാണിക്കുന്ന അനീതിയും ആക്രമവുമാകുന്നു. നോമ്പും സകാത്തും തുടങ്ങി എല്ലാ കാര്യങ്ങളും ഇവ്വിധം തന്നെയാണ്. ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പുവരുത്തുവാനും സാമൂഹ്യ മര്യാദകൾ അവഗണിക്കപ്പെടാതിരിക്കുവാനും എല്ലാം നടപ്പിലാവേണ്ടത് നീതിയും പുലർത്തേണ്ടത് ക്രമവുമാണ്. ഇതിന്റെ പരിസരമാണെങ്കിലോ വിശാലമാണ്. അടുക്കളയിലും കിടപ്പറയിലും വീട്ടിനുള്ളിലും അയൽപക്കങ്ങളിലും സമുദായത്തിനും സമൂഹത്തിനും ഉള്ളിലും രാഷ്ട്രത്തിലും രാഷ്ട്രീയത്തിലുമെല്ലാം നീതിയും ക്രമവും നിലനിൽക്കണം. അതിനാൽ പ്രവാചകൻമാർ ആ തലങ്ങളിലെല്ലാം ഇടപെടുന്നു. ഇത് ഈ അർഥത്തിൽ മനസിലാക്കിയിട്ടില്ലാത്തവരാണ് നബിമാർ പുറത്തിറങ്ങി ഓരോ കാര്യങ്ങളിൽ ഇടപെടുമ്പോഴും അൽഭുതം കൂറിയിരുന്നത്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഫുര്‍ഖാന്‍ അധ്യായത്തില്‍ മുഹമ്മദ് നബി(സ)ക്കെതിരെ മക്കയിലെ അവിശ്വാസികള്‍ നടത്തിയ ചില ആരോപണങ്ങള്‍ പറയുന്നുണ്ട്. അവയില്‍ ഒന്നാമത്തേത്, ഇതെന്തു പ്രവാചകനാണ്?, ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു.. എന്നതായിരുന്നു. മനുഷ്യന്റെ ജീവിതത്തിൽ മുഴുവനും ക്രമം സംരക്ഷിക്കാൻ വന്ന നബി(സ)യുടെ ലോകം സത്യത്തിൽ മനുഷ്യന്റെ ജീവിത പ്രതലം മുഴുവനും ആണ്, ആവേണ്ടതാണ്.



ഇക്കാര്യത്തിൽ ഏറ്റവും വ്യക്തത കൈവരിച്ച ജീവിതമായിരുന്നു നബി(സ)യുടേത്. നീതിയുടെയും ക്രമപാലനത്തിന്റെയും ഓരോ രംഗത്തെയും മാതൃകകൾ പെറുക്കിയെടുക്കാൻ മാത്രം വ്യക്തമായിരുന്നു ആ ജീവിതം. ഉദാഹരണങ്ങൾ തേടിയുളള സഞ്ചാരം അവരുടെ വീടകത്തിൽ നിന്നു തന്നെ തുടങ്ങാം. വീട് ഒരു കുടുംബത്തിന്റെ മൊത്തത്തിലുള്ള സമാധാനത്തിന്റെ സ്ഥാനമാണ്. അവിടെ വസിക്കുന്ന ഓരോരുത്തർക്കും സമാധാനം ഉണ്ടാവണം. അതിന് ഏറ്റവും ആദ്യമായി വേണ്ടത് ഒരോരുത്തരിലും മ്യൂല്യമുള്ള സ്വഭാവമാണ്. ആ സ്വഭാവത്തിന്റെ ബലത്തിൽ അംഗങ്ങളുടെ മനസ്സുകൾ പരസ്പരം കൂട്ടിക്കെട്ടണം. ഒരംഗത്തിനും വെറുക്കാനോ അനിഷ്ടം പ്രകടിപ്പിക്കാനോ ഉള്ള വഴി വെച്ചു കൊടുക്കരുത്. ഇതിന് ഓരോ ചലനത്തിലും തികഞ്ഞ ശ്രദ്ധ വേണം. നബി(സ) അത് തീർത്തും പുലർത്തിയിരുന്നു. ഓരോ അംഗത്തിന്റെയും മനസ്സും കരളും കുളിരണിയുന്ന അത്ര സരളവും വിനയാന്വിതനുമായിരുന്നു വീട്ടിലെ അവരുടെ സ്വഭാവം. അനസ്(റ) പറയുന്നു: ഞാന്‍ ആഇശാ ബീവിയോട് ഒരിക്കൽ ചോദിച്ചു, നബി തങ്ങള്‍ വീട്ടില്‍ വന്നാല്‍ എന്താണ് ചെയ്യാറുള്ളത്? എന്ന്. അപ്പോൾ മഹതി പറഞ്ഞു. നബി(സ) ഭാര്യമാരെ സഹായിക്കും. നിസ്കാര സമയമായാല്‍ നിസ്കാരത്തില്‍ പ്രവേശിക്കും. അനസ് (റ) പറഞ്ഞു: നബി തങ്ങള്‍ വസ്ത്രം സ്വയം തുന്നുകയും ചെരിപ്പ് തുന്നിക്കൂട്ടുകയും സാധാരണ പുരുഷൻമാര്‍ വീട്ടില്‍ ചെയ്യാറുള്ള ജോലിയില്‍ വ്യാപൃതരാവുകയും ചെയ്യാറുണ്ടായിരുന്നു. ഈ വിനയം ഭക്ഷ്യങ്ങളുടെ കാര്യത്തിലും നബി (സ) പുലർത്തിയിരുന്നു. ലഭ്യമായത് കഴിക്കും, ഇല്ലാത്തതിന് വേണ്ടി ‘വാശി’ കാണിക്കുകയില്ല, അത് വരുത്തിച്ചു കഴിക്കുന്ന പതിവില്ല. ഭക്ഷണം മുന്നിലെത്തിയാല്‍ വേണ്ടെന്ന് പറയില്ല. ഒരു ഭക്ഷണ വസ്തുവെയും തരം താഴ്ത്തിയില്ല, കൗതുകം തോന്നിയാല്‍ എടുത്തു കഴിക്കും, അല്ലെങ്കില്‍ അത് മാറ്റിവെക്കും. ഒന്നും ലഭിച്ചില്ലെങ്കില്‍ വിശപ്പ് സഹിക്കും. വയറിന്മേല്‍ കല്ല്‌ കെട്ടി നടുനിവര്‍ത്തിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങളുടെ കയ്യിൽ ഭക്ഷണം വല്ലതുമുണ്ടോ എന്നു ചോദിച്ച് അടുക്കളയിലേക്ക് തലയിടുകയും ഇല്ലെന്ന് നിരാശയോടെ മറുപടി ലഭിക്കുമ്പോൾ ശബ്ദത്തിന് ഒരു ഇടർച്ചയും പറ്റാതെ എന്നാൽ എനിക്ക് സുന്നത്തു നോമ്പാണ് എന്ന് പറയുന്ന ധാരാളം രംഗങ്ങൾ ഹദീസിൽ കാണാം. ആഡംബരത്തെയും തദ്വാരാ ഉണ്ടാകുന്ന അഹങ്കാരത്തെയും അവർ തന്റെ ഭക്ഷണത്തളികയിലേക്ക് അടുപ്പിക്കുകയുണ്ടായില്ല. ഒരിക്കല്‍ ഒരു പാത്രത്തില്‍ പാലും തേനും കൊണ്ടുവന്നപ്പോള്‍ അത് നബി(സ) പ്രോത്സാഹിപ്പിച്ചില്ല. ഒരേ പാത്രത്തില്‍ രണ്ട് കറികളോ?! എന്നായിരുന്നു അവരുടെ ആശ്ചര്യപ്രകടനം. ഞാന്‍ കഴിക്കുന്നില്ല, നിങ്ങളോട് കഴിക്കരുതെന്ന് വിലക്കുന്നുമില്ല എന്നും എന്നാല്‍, ഇത്തരം ഗര്‍വ്വ്‌ എനിക്കിഷ്ടമില്ല എന്നും തുറന്നു പറഞ്ഞു നബി (സ).



തിരക്കുപിടിച്ച ജീവിതത്തിൽ കുടുംബത്തോടൊപ്പവും മക്കളോടൊപ്പവും സമയം ചെലവഴിക്കാൻ നേരം കണ്ടെത്തുന്ന നീതിമാനായ കുടുംബനാഥനായിരുന്നു മഹാനവർകൾ. ഭാര്യമാരുടെയും മക്കളുടെയും ജീവിതം വലംവെക്കുന്നത് കുടുംബനാഥന്റെ ജീവിതത്തെയാണ്. അതിനാൽ അവരെ പരിഗണിക്കാതിരിക്കുന്നതും എന്തിന്റെ പേരിലാണെങ്കിലും നീതീകരിക്കാനാവില്ല. അത് അനീതിയാണ്. അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ നബി(സ)യുടെ സഹവാസം വീട്ടുകാർക്ക് നഷ്ടപ്പെടില്ലായിരുന്നു. യുദ്ധത്തിന് പോകുമ്പോൾ പോലും ഏതെങ്കിലും ഒരു ഭാര്യയെ നബി ഒപ്പം കൂട്ടും. അവിടെയും നീതി പാലിക്കാൻ പലപ്പോഴും നറുക്കെടുപ്പിലൂടെയാണ് ആ ഭാഗ്യവതിയെ കണ്ടെത്തൽ. വീട്ടുകാരോടുള്ള വർത്തമാനത്തിൽ പോലും സ്നേഹം കിനിയുമായിരുന്നു. ആയിശ(റ) തന്നെ പറയുന്നുണ്ട്: ഒരു ദിവസം നബി(സ) ആയിശാ ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നു എന്ന് പറഞ്ഞു. അപ്പോൾ ആയിശ എന്നതിന് പകരം നബി ആയിഷ് എന്നാണ് വിളിച്ചത്. ഇത് സ്‌നേഹപ്രകടനമാണ്. മറ്റൊരിക്കല്‍ എത്യോപ്യയില്‍ നിന്നുള്ള സംഘം പള്ളിയില്‍ ആയുധ പരിശീലനത്തിന്റെ ഭാഗമായി അഭ്യാസപ്രകടനം നടത്തിയപ്പോള്‍ നബി(സ) അവരെ സ്നേഹപൂർവ്വം വിളിച്ചു. യാ ഹുമൈറാ! നിനക്ക് കാണണോ? (ചുവപ്പ് കലര്‍ന്ന വെളുപ്പു നിറമുള്ള ചെറിയവള്‍ എന്നര്‍ത്ഥം) ഇങ്ങനെ സന്തോഷം തുടിച്ചു നിൽക്കുന്നവയായിരുന്നു തിരുനബിയുടെ വീടകങ്ങൾ.



മാനസികോല്ലാസമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ഭാര്യമാരെ സന്തോഷിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജോലിക്കിടയിലും നബി(സ) ഓട്ട മത്സരത്തിനുവരെ സമയം കണ്ടെത്തിയതായി ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ അനുയായികളോട് മുമ്പില്‍ പോകാന്‍ ആവശ്യപ്പെട്ട് നബി(സ) ആയിശ(റ)യുമായി ഓട്ടമത്സരം നടത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആരോഗ്യവതിയായ ആയിശ(റ) വിജയിച്ചു. പിന്നീട് ശരീരം പുഷ്ടിപ്പെട്ട് തടിച്ച ശേഷം മറ്റൊരു യാത്രയില്‍ ഇതുപോലെ മത്സരം നടത്തിയപ്പോള്‍ നബി(സ) വിജയിച്ചു. ചിരിച്ചുകൊണ്ട് ഇത് അതിനുള്ള പകരമാണെന്ന് നബി(സ) പറഞ്ഞു. (അഹ്മദ്) അംറ്(റ) പറയുന്നു: ഞാൻ ഒരിക്കൽ നബി പത്‌നി ആഇശ(റ)യോടു ചോദിച്ചു. തിരുനബി(സ്വ) ഭാര്യമാർക്കൊപ്പം ഒറ്റക്കായാൽ എങ്ങനെയായിരുന്നു? അവർ പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ആണിനെപ്പോലെത്തന്നെയായിരുന്നു നബിയും. ഒരു വ്യത്യാസം മാത്രം. തങ്ങൾ ജനങ്ങളിൽ വെച്ചേറ്റവും മാന്യനും സദ്‌സ്വഭാവിയും ചിരിയും പുഞ്ചിരിയും നിറഞ്ഞവരുമായിരുന്നു. (ഖുർതുബി). ഭാര്യമാരുടെ മടിയിൽ തലവെച്ച് കിടക്കുകയും അവരുമായി ഒരുമിച്ചു കുളിക്കുകയും വളരെ മാന്യവും സംശുദ്ധവുമായ ലൈംഗിക ബന്ധം പുലർത്തുകയും ചെയ്യുമായിരുന്നു പ്രവാചകർ(സ്വ). ആഇശാബീവി(റ) ഒരു രംഗം ഇങ്ങനെ വിവരിക്കുന്നു: എന്റെയും നബി(സ്വ)യുടെയും ഇടയിൽ ഒരു പാത്രം വെള്ളം വെച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി(സ) എന്നേക്കാൾ വേഗത്തിൽ വെള്ളം മുക്കി ഒഴിക്കുമായിരുന്നു. മതി, മതി എനിക്കും വേണം എന്ന് ഞാൻ പറയുന്നതുവരെ..



കുടുംബ കാര്യത്തിൽ വിള്ളലേൽക്കാൻ സാധ്യതയുള്ള ഒരു പ്രവൃത്തിയും തന്നിൽ നിന്നുണ്ടാകാതിരിക്കാൻ തിരുദൂതർ(സ്വ) ശ്രദ്ധിച്ചു. മറ്റുള്ളവർക്കു തന്റെ വിശുദ്ധിയെക്കുറിച്ച് സംശയം വരും വിധം നബി(സ്വ) ഒന്നും ചെയ്തില്ല. അത്തരത്തിലുള്ള സാഹചര്യത്തിൽ ഉടനടി വ്യക്തത വരുത്താൻ ശ്രദ്ധിച്ചു. ഒരു സംഭവം നബി പത്‌നി സ്വഫിയ്യ(റ) പറയുന്നു: ഒരു രാത്രിയിൽ നബി(സ്വ) ഇഅ്തികാഫിലായിരിക്കെ, ഒരാവശ്യത്തിന് അവിടുത്തെ കാണാൻ ചെന്നു. സംസാര ശേഷം ഞാൻ തിരിച്ചുപോരാൻ എണീറ്റപ്പോൾ തങ്ങൾ ഒപ്പം എണീറ്റു. കൂടെ നടന്നു. അപ്പോൾ വഴിയിൽ രണ്ട് അൻസ്വാരി ചെറുപ്പക്കാർ നടന്നുനീങ്ങുന്നത് ഞാൻ കണ്ടു. നബി(സ്വ)യെ കണ്ടപാടെ അവർ അറിയാത്ത മട്ടിൽ നടത്തത്തിന് വേഗത കൂട്ടി. അപ്പോൾ തങ്ങൾ വിളിച്ചുപറഞ്ഞു: ഒന്ന് പതുക്കെ, ഇത് സ്വഫിയ്യയാകുന്നു. തിരുനബി(സ്വ)യുടെ ഈ പ്രതികരണം കേട്ടപ്പോൾ അവർ സുബ്ഹാനല്ലാഹ്, യാ റസൂലല്ലാഹ് എന്ന് പറഞ്ഞ് വിഷമം പ്രകടിപ്പിച്ചു. അവിടുന്ന് പറഞ്ഞു: പിശാച് മനുഷ്യശരീരത്തിൽ രക്തം സഞ്ചരിക്കുന്ന ഭാഗത്ത് കൂടിയൊക്കെ ചംക്രമണം ചെയ്യുന്നതാണ്. അവൻ നിങ്ങളുടെ അന്തരാളത്തിൽ ദുഷിച്ച വല്ലതും നട്ടു തരുമെന്ന് ഞാൻ ഭയക്കുന്നു (ബുഖാരി, മുസ്‌ലിം). ചുരുക്കത്തിൽ, ഒരുമിച്ചുള്ള ഹൃദ്യമായ ജീവിതത്തിൽ നബി(സ്വ) കുടുംബത്തിന് നൽകേണ്ടതെല്ലാം നൽകി.



മക്കളോട് അതിലേറെ വാൽസല്യം കാണിച്ചു നബി തങ്ങൾ. അത് അവരോടുള്ള നീതിയാണ്. എല്ലാ പിതാക്കളും സ്വന്തം മക്കൾക്ക് സ്നേഹവും വാൽസല്യവും പകുത്തു നൽകിയാലേ സ്നേഹ കാരുണ്യങ്ങൾ ആകാശച്ചുവട്ടിൽ അവശേഷിക്കൂ. പേരക്കിടാവിനെ ഗാഢമായി ചുംബിക്കുന്നതു കണ്ടു നിൽക്കുന്ന അഖ്റഅ് ബിൻ ഹാബിസ്(റ) നബിയോട് ആശ്ചര്യം പ്രകടിപ്പിക്കുന്നത് ഇങ്ങനെ: എനിക്ക് പത്തു മക്കളുണ്ട്, ഇന്നുവരെ അവരിൽ ഒരാളെയും ഞാൻ ചുമ്പിച്ചിട്ടില്ല. അതു കേട്ട നബി(സ) പ്രതികരിക്കുകയാണ്, നിന്റെ മനസ്സിൽ നിന്ന് അല്ലാഹു സ്നേഹ കാര്യണ്യങ്ങൾ എടുത്തു കളഞ്ഞതിന് ഞാനെന്ത് ചെയ്യാനാണ് എന്ന്.
അനാഥത്വത്തിന്റെ എല്ലാ വേദനകളും അറിഞ്ഞു വളർന്നു വന്ന തിരുനബി(സ), മക്കൾക്ക് മതിവരുവോളം സ്‌നേഹം നൽകി. അവരിൽ ഒരാളൊഴികെ എല്ലാവരും നേരത്തെ പിരിഞ്ഞുപോയി, അവരുടെയൊക്കെ കുട്ടിക്കാലങ്ങൾ നബി(സ)ക്ക് അതീവ പരീക്ഷണങ്ങളുടെ കാലമായിരുന്നു എന്നതിനാലെല്ലാം ആ സ്നേഹ ലാളനകൾ വേർതിരിച്ചെടുക്കാൻ പ്രയാസമുണ്ട്. എങ്കിലും മകൾ ഫാത്വിമ(റ) കടന്നു വരുമ്പോൾ എഴുനേറ്റ് ചെന്ന് എന്റെ പ്രിയപ്പെട്ട മകൾക്ക് സ്വാഗതം എന്നു പറഞ്ഞ് സ്വീകരിക്കുന്നതു കാണുമ്പോൾ അതെത്ര ഹൃദ്യമായിരുന്നു എന്ന് ഗണിച്ചെടുക്കാം. പേരക്കിടാങ്ങളായ ഉമാമാ ഹസൻ, ഹുസൈൻ(റ) തുടങ്ങിയവർ പക്ഷെ ഉപ്പാപ്പയുടെ സ്‌നേഹം നന്നായി അനുഭവിക്കുക തന്നെ ചെയ്തു. നബി(സ) നിസ്കരിക്കുമ്പോൾ ഒക്കത്തൊരു കൊച്ചു പെൺകുട്ടിയെ കണ്ടില്ലേ !. റുകൂഇലേക്കും സുജൂദിലേക്കും പോകുമ്പോൾ അവളെ ശ്രദ്ധയോടെ നബി നിലത്തു വെക്കുന്നു. എഴുനേൽക്കുമ്പോൾ വീണ്ടും എടുത്ത് ചേർത്തു പിടിക്കുന്നു. ഉമാമ ബിൻതു അബിൽ ആസ്വ്(റ) ആണ് ആ പെൺകുട്ടി. നബി(സ)യുടെ മൂത്ത മകൾ സൈനബി(റ)ന്റെയും അബുൽ ആസ്വ് ബിൻ റബീഇന്റെയും മകൾ. പ്രാവാചക തിരുമേനിയുടെ പ്രിയപ്പെട്ട പേരമകൾ. നബി(സ്വ)യിലെ വാൽസല്യ നിധിയായ പിതാമഹനെ കാണാൻ നാം ഈ പേരമക്കളുടെ പുറകെ പോകേണ്ടതായിവരും. പ്രത്യേകിച്ചും അവരിലെ ഹസൻ, ഹുസൈൻ എന്നിവരുടെ. ഏറെ ഹൃദയഹാരിയും നിഷ്കളകവും സത്യസന്ധവുമായിരുന്നു പേരക്കുട്ടികളോടുള്ള നബിയുടെ സനേഹം. അതിന്റെ പല രംഗങ്ങളും ഹദീസുകളിൽ രേഖപ്പെട്ടിട്ടുണ്ട്. സാധാരണ ഓരോ പിതാമഹൻമാർക്കും തങ്ങളുടെ പൗത്രൻമാരോട് ഉണ്ടാകുമെന്ന് ഉറപ്പുള്ള ആ വിധം സ്നേഹമല്ല നബിക്കുണ്ടായിരുന്നത്. മറിച്ച് അതൊരു പ്രത്യേക ആശയാർഥങ്ങൾ ഉളളതായിരുന്നു.
പേരമക്കളോടുള്ള സ്നേഹം എന്നത് നബിക്ക് കേവലം പുഞ്ചിരിയോ ആലിംഗനമോ അല്ലെന്ന് കാണുമ്പോഴാണ് ആ സ്നേഹത്തിന്റെ ആഴവും പരപ്പും നമുക്ക് ബോധ്യപ്പെടുന്നത്. അബുലൈല(റ) പറയുന്നു: ഞാൻ ഒരിക്കൽ നബി(സ) യുടെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോഴുണ്ട് പേരക്കുട്ടികളിൽ ഹസനോ ഹുസൈനോ ഒരാൾ നബി തിരുമേനിയുടെ വയറിൻമേൽ കയറിയിരിക്കുന്നു. അതിനിടയിൽ കുട്ടി പെട്ടന്നങ്ങ് മൂത്രമൊഴിച്ചു. അതുകണ്ട ഞങ്ങൾ കുട്ടിയെ എടുത്തുയർത്തുവാൻ കൈ നീട്ടി. അതു കണ്ട നബി(സ) പറഞ്ഞു: വിട്ടേക്കൂ, നിങ്ങൾ എന്റെ കുട്ടിയെ പേടിപ്പിച്ച് (അവൻ മൂത്രമൊഴിക്കുന്നത് ) തടസ്സപ്പെടുത്തിക്കളയരുത്, അവൻ മുത്രമെഴിച്ച് തീർക്കട്ടെ.. അത്ര ചെറിയ കാര്യങ്ങൾക്കു പോലും വലിയ ശ്രദ്ധ കൊടുക്കുന്ന ഒരു വല്യുപ്പയായിരുന്നു നബി തങ്ങൾ. കുട്ടിയോട് അനിഷ്ടം പ്രകടമാകുന്ന ഒരു വാക്കോ പ്രവർത്തിയോ ഉണ്ടാവാതിരിക്കുവാൻ ജാഗ്രത കാണിക്കുകയാണ് അവിടുന്ന്.



ശദ്ദാദ് ബിൻ ഔസ്(റ) മറ്റൊരു രംഗത്തു നിന്ന് ഈ സ്നേഹം ഒപ്പിയെടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ഒരിക്കൽ നബി (സ) ഇശാ നിസ്കരിക്കാൻ പളളിയിലേക്ക് വന്നു. ഒപ്പം പേരക്കുട്ടിയുമുണ്ട്. പേരക്കുട്ടിയെ അടുത്തു നിറുത്തി നബിതങ്ങൾ നിസ്കരിക്കാൻ നിന്നു. സുജൂദിലെത്തിയ നബി(സ) സുജൂദ് പതിവിലധികം ഒരു പാട് നീണ്ടുപോയി. എനിക്ക് ആധിയായി. ഞാൻ മെല്ലെ തലയുയർത്തി നോക്കുമ്പോഴുണ്ട് പേരക്കുട്ടി നബിയുടെ മുതുകിൽ കയറിയിരിക്കുന്നു. ഞാൻ സുജൂദിലേക്ക് തന്നെ മടങ്ങി. നിസ്കാരം കഴിഞ്ഞപ്പോൾ ഇതറിയാത്ത ചിലർ ഒരു റക്അത്തിലെ ഒരു സജൂദ് മാത്രം നീണ്ടതെന്തേ എന്ന് ആരാഞ്ഞു. നബി(സ) ചെറു പുഞ്ചിരിയോടെ പറഞ്ഞു: ഒന്നുമല്ല, എന്റെ ഈ മകൻ എന്റെ മുതുകിൽ കയറിയിരുന്നതാണ്. അവൻ ഉദ്ദേശിച്ച കാര്യം കഴിയുന്നതിന് മുമ്പ് ധൃതിപിച്ച് എഴുനേൽക്കു(മ്പോൾ അവൻ ഞെട്ടു)ന്നത് എനിക്കിഷ്ടമില്ല എന്നതുകൊണ്ടാണ്. ഈ സംഭവം ഒന്നിലധികം പ്രാവശ്യം ഉണ്ടായി എന്നാണ് മനസ്സിലാകുന്നത്. ആ കുട്ടികളെ കാണുമ്പോൾ തന്നെ ആ മുഖം വികസിക്കുമായിരുന്നത് അകത്തെ സ്നേഹത്തിന്റെ നിദർശനമാണ്. ആലിംഗന ബദ്ധനായി പേരക്കുട്ടിയെ ചേർത്തുപിടിക്കുമ്പോൾ നബി(സ) യുടെ അകത്തു നിന്നും പ്രാർഥനയുയർന്നു. അല്ലാഹുവേ, ഇവനെ ഞാനിഷ്ടപ്പെടുന്നു. നീയും അവനെ ഇഷ്ടപ്പെടണമേ, അവനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും നീ ഇഷ്ടപ്പെടണമേ.. ഇങ്ങനെ സ്വന്തം വീടകത്തു നിന്നും അടിച്ചുയർന്ന നീതിയുടെ ഒരു മാരുതനായിരുന്നു നബിതങ്ങൾ.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso