നീതിയുടെ സാമ്പത്തിക വ്യവസ്ഥിതി.
05-10-2022
Web Design
15 Comments
ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥിതി എന്ന നിലക്ക് അതിന്റെ അധ്യാപനങ്ങള്‍ ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും സ്പര്‍ശിക്കുന്നു എന്നതാണ് ഇസ്ലാമിന്റെ പ്രത്യേകത. ഈ സാർവ്വികത ഉറപ്പുവരുത്തുവാൻ കര്‍മ്മശാസ്ത്ര പണ്ഢിതന്മാര്‍ ഇസ്‌ലാമിക അധ്യാപനങ്ങളെ വിശ്വാസത്തിനു പുറമെ നാലു സുപ്രധാന അദ്ധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. ആരാധനാ കർമ്മങ്ങൾ അടങ്ങുന്ന ഇബാദാത്ത്, വ്യവഹാരങ്ങൾ അടങ്ങുന്ന മുആമലാത്, കുടുംബജീവിത ബന്ധങ്ങൾ അടങ്ങുന്ന മുനാകഹാത്, കുറ്റവും ശിക്ഷയും അടങ്ങുന്ന ജിനായാത് എന്നിവയാണവ. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ, നിസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഔപചാരിക ആരാധനകളെ ഇബാദാത്തിലും, പൗരധര്‍മ്മത്തെ മുആമലാത്തിലും, കുടുംബജീവിതത്തെ ബാധിക്കുന്ന നിയമ നിര്‍ദ്ദേശങ്ങളെ മുനാകഹാത്തിലും, ഭരണം, രാഷ്ട്രീയം, സിവില്‍-ക്രിമിനല്‍ നടപടിക്രമങ്ങള്‍ തുടങ്ങിയവയെ ജിനായാത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയിൽ മുആമലാത്ത് എന്ന വ്യവഹാരിക അധ്യായത്തിൽ ഉൾപ്പെടുന്ന ഒരു പ്രധാന അധ്യായമാണ് സാമ്പത്തിക രംഗം. വിശാലമായ ഒരു സാമ്പത്തിക ശാസ്ത്രം തന്നെ ഇസ്ലാമിക ശരീഅത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇതാരംഭിക്കുന്നത് സാമ്പത്തിക ദർശനത്തിൽ നിന്നാണ്. സമ്പത്തുമായുള്ള ബന്ധം നിർണ്ണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുകയാണ് ഇസ്ലാം ഇതിലൂടെ. അടിസ്ഥാനപരമായി സമ്പത്തിൽ മേൽ മനുഷ്യനുളള ഉടമാവകാശത്തിന്റെ സ്വഭാവവും നയവും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അടിസ്ഥാനത്തെ മതത്തിന്റെ അടിസ്ഥാന ആശയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. തൗഹീദിലധിഷ്ഠിതമാണ് ഇസ്‌ലാമിലെ സര്‍വ്വനിയമങ്ങളും. ആ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വ്വ വസ്തുക്കളുടെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും എല്ലാം അല്ലാഹുവാണ്. അതിനാല്‍ ഇസ്‌ലാമില്‍ സമ്പത്തിന്റെ ഉടമാവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ഭൂമിയിലുള്ള മുഴുവന്‍ വിഭവങ്ങളും മനുഷ്യരുടെ ഉപഭോഗത്തിനുള്ളതാണെന്ന് ഖുര്‍ആന്‍ സൂറ അല്‍ബഖറയിലെ 29-ാം സൂക്തത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സൂക്തത്തിലൂടെ ഭൂമിയിലുള്ള വിഭവങ്ങളുടെ ഉപഭോഗാവകാശം മുഴുവന്‍ മനുഷ്യര്‍ക്കുമാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. ക്യാപിറ്റലിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ വ്യക്തിയിലോ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയിലെപ്പോലെ സമൂഹത്തിലോ നിക്ഷിപ്തമല്ല അത്. എന്നാല്‍ പ്രായോഗികതലത്തില്‍ വ്യക്തിക്ക് ഇസ്‌ലാം ഉടമാവകാശം അനുവദിക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് സമ്പാദനത്തെ മതം വിലക്കുന്നില്ല. സ്വേഷ്ടപ്രകാരം അത് വിനിയോഗിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും ഇസ്ലാം വിലക്കുന്നില്ല. സ്വത്ത് സമ്പാദിക്കുന്നതും അത് കൈകാര്യം ചെയ്യുന്നതും അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നേ നിർബന്ധവും കീർത്തനയുമുള്ളൂ.
സ്വാതന്ത്രമുണ്ട് എന്ന് പറയുമ്പോൾ ഒരു നിയന്ത്രണവുമില്ല എന്നതിനർഥമില്ല. സമ്പത്ത് ചിലര്‍ മാത്രം കുത്തകയാക്കി വെക്കുകയും മറ്റുള്ളവര്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥ ഇസ്‌ലാം അനുവദിക്കുന്നില്ല. എല്ലാവർക്കും ഉള്ളത് എല്ലാവർക്കും കിട്ടിയിരിക്കണം എന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. കിട്ടുന്നത് തുല്യമായിരിക്കണം എന്നൊന്നുമില്ല. സമ്പത്ത് വ്യക്തികള്‍ക്കിടയില്‍ തുല്യമായി വീതിക്കണമെന്ന സ്ഥിതിസമത്വവാദം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നില്ല. അത് സാധ്യവുമല്ല. അത് സാധ്യമാണ് എന്ന് ശക്തമായി വാദിക്കുകയും അതിനായി ഒരു നൂറ്റാണ്ടോളം ശ്രമിച്ച ദർശനമാണ് കമ്യൂണിസം. ജനിച്ച നാട്ടിൽ പോലും പിടിച്ചു നിൽക്കാനാവാതെ കാലത്തിന്റെ സത്യങ്ങളുടെ മുൻപിൽ അവർക്ക് സ്വന്തം നയം തിരുത്തിയെഴുതേണ്ടി വന്നു. അതിന്റെ ഒരു കാരണം പ്രായോഗികമല്ലാത്ത സന്തുലിതത്വത്തിന് ശ്രമിച്ചതാണ്. മനുഷ്യോത്പത്തി മുതല്‍ ഇന്നേവരെ ലോകത്തൊരിടത്തും സാധിച്ചിട്ടില്ലാത്ത കേവലം ഉട്ടോപ്പ്യന്‍ സിദ്ധാന്തമാണത്. ഖുര്‍ആന്‍ സൂറത്തുന്നഹ്‌ലിലെ 71-ാം സൂക്തം ഇപ്രകാരം ഉണര്‍ത്തുന്നു: ആഹാര വിഭവങ്ങളില്‍ അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരേക്കാള്‍ മിച്ചം നല്‍കിയിട്ടുണ്ട്. എന്നിട്ടും മിച്ചം നല്‍കപ്പെട്ടവര്‍ അവരുടെ വശമുള്ള ആഹാര വിഭവങ്ങള്‍ തങ്ങളുടെ ഉടമയിലുള്ളവര്‍ക്ക് നല്‍കുന്നില്ല! അവരാകട്ടെ, അതില്‍ തുല്യാവകാശികളാണു താനും. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയാണവര്‍ ചെയ്യുന്നത്.
അതിനാൽ പരമാധികാരം പരമാധികാരിക്ക് തന്നെ വിട്ടു കൊടുക്കുകയും അവന്റെ സമ്പത്തിലെ കൈര്യക്കാർ മാത്രമാണ് മനുഷ്യർ എന്ന് തീർത്തു പറയുകയും ചെയ്യുകയാണ് ഇസ്ലാം. സമ്പത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ ഏറ്റക്കുറച്ചില്‍ അനുവദിക്കുന്നു എന്നുവെച്ച് ഇസ്‌ലാം സമ്പത്ത് കുത്തകയാക്കി വെക്കുന്ന നിലപാടിനെ അംഗീകരിക്കുന്നില്ല. മുകളിൽ നൽകിയ സൂക്തത്തിന്റെ ധ്വനിയിൽ അതുമുണ്ട്. വ്യക്തിയുടെ കര്‍മ്മവും അധ്വാനവും അടിസ്ഥാനമാക്കി ചില വസ്തുക്കളില്‍ അല്ലാഹു വ്യക്തിക്ക് മേൽ പറഞ്ഞ അർഥത്തിൽ മാത്രമുള്ള ഉടമാവകാശം നല്‍കുന്നുണ്ട്. ഇങ്ങനെ വസ്തുക്കളില്‍ വ്യക്തികള്‍ക്ക് ഉടമാവകാശം ലഭിച്ചു കഴിഞ്ഞാല്‍ അഥവാ തന്റേതാണെന്ന് മറ്റുള്ളവർക്കു മുമ്പിൽ അവകാശപ്പെടാൻ കഴിഞ്ഞാൽ പിന്നെ ആ സ്വത്തില്‍ അയാളുടെ സമ്മതമില്ലാതെ മറ്റു വ്യക്തികള്‍ക്ക് ഉപഭോഗവും ഉപയോഗവും അനുവദിക്കുന്നില്ല. കാരണം അത് അയാൾ തന്റെ അദ്ധ്വാനത്തിനും ഭാഗ്യത്തിനും വിധേയമായി അനുവദനീയമായി സ്വന്തമാക്കിയതാണ്. ഈ
അധ്വാനത്തിന് ഇസ്‌ലാം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. തരിശുഭൂമിയെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനം ഒരു നബിവചനത്തില്‍ നിന്ന് വ്യക്തമാണ്. നബി (സ്വ) പറഞ്ഞു: തരിശുനിലം അല്ലാഹുവിനും അവന്റെ റസൂലിനുമുള്ളതാണ്. (അത് പൊതുസ്വത്താണ് എന്നര്‍ഥം.) വല്ലവനും തരിശുനിലം കൃഷിയിറക്കി ജീവത്താക്കിയാല്‍ പിന്നെ അത് അവനുള്ളതാണ്. കൃഷിഭൂമി കര്‍ഷകന് എന്ന ആധുനിക ധനതത്വശാസ്ത്രമാണ് ഇവിടെ ശരിവെക്കപ്പെടുന്നത്.
എന്നുവച്ച് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാണ് പൈങ്കിളിയേ എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഇസ്‌ലാം അനുവദിക്കുന്നുമില്ല. മുതലാളിയായ കര്‍ഷകന്‍ കൂലി കൊടുത്ത് വിളയിറക്കുമ്പോള്‍ അതിന്റെ ഉടമാവകാശം മുതലാളിക്ക് തന്നെയാണുള്ളത്. അയാള്‍ ഭൂമി വെറുതെ ഉപയോഗശൂന്യമാക്കി ഇടുമ്പോള്‍ അയാള്‍ക്കെതിരെ ഇസ്‌ലാമിക സ്റ്റേറ്റ് ഇടപെടുന്നു. ആവശ്യമാണെന്നു തോന്നിയാല്‍ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാന്‍ സന്നദ്ധതയുള്ളവര്‍ക്ക് വിതരണം ചെയ്യാന്‍ ഇസ്‌ലാമിക സര്‍ക്കാറിന് അധികാരമുണ്ട്. ഒരിക്കല്‍ ഉമറുല്‍ ഫാറൂഖ്(റ) തന്റെ ഭരണകാലത്ത് ഒരു തരിശുനിലം പിടിച്ചെടുത്ത് ജനങ്ങള്‍ ക്കിടയില്‍ പതിച്ചു കൊടുക്കുകയുണ്ടായി. ബിലാലുല്‍ മുസ്‌നി എന്നൊരാള്‍ക്ക് നബി(സ്വ) പതിച്ചുകൊടുത്ത സ്ഥലമായിരുന്നു അത്. അത് കൃഷിയിറക്കാത്ത നിലയില്‍ കപ്പോള്‍ ഉമര്‍(റ) ബിലാലിനോടു പറഞ്ഞു: റസൂല്‍ (സ്വ) താങ്കള്‍ക്ക് ഈ സ്ഥലം പതിച്ചുതന്നത് ബഹുജനങ്ങള്‍ക്ക് അതിലുള്ള അവകാശം തടഞ്ഞുവയ്ക്കാനല്ല, അധ്വാനിച്ച് മെച്ചപ്പെടുത്താന്‍ വേണ്ടിയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതെടുത്ത് ബാക്കി സ്റ്റേറ്റിന് വിട്ടുതരിക. ബിലാല്‍ അത് സമ്മതിച്ചില്ല, അനുസരിച്ചില്ല. അപ്പോള്‍ ഉമര്‍(റ) ആ ഭൂമി ബലമായി പിടിച്ചെടുത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. (കിതാബുല്‍ അംവാല്‍, കിതാബുല്‍ ഖറാജ്).
ധനമുള്ളവര്‍ ആവശ്യം കഴിച്ച് ബാക്കിയുള്ളത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്. ധനത്തെ ഇവിടെ ഇസ്ലാം നൻമയുടെ പരിപോഷണത്തിനും സാമൂഹ്യ അവബോധത്തിനും വേണ്ടി തിരിച്ചു വിടുകയാണ്. സൂറത്തുത്തൗബ 34-ാം സൂക്തം പറയുന്നു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചെലവുചെയ്യാതെ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിച്ചുവെക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷയാണുള്ളതെന്ന സന്തോഷവാര്‍ത്ത അറിയിക്കുക. അലി(റ) പറഞ്ഞതായി കാണാം: ദരിദ്രന്മാര്‍ വിശക്കുകയോ വസ്ത്രമില്ലാത്തവരാവുകയോ പട്ടിണി കിടക്കുകയോ മറ്റോ ചെയ്യുന്നുവെങ്കില്‍ അതിനു കാരണം ധനികന്മാര്‍ തങ്ങളുടെ ബാധ്യത നിറവേറ്റാത്തത് മാത്രമാണ്. അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഇതിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി ഇസ്ലാം നടപ്പിൽ വരുത്തിയ നിർബന്ധ നിയമമാണ് സകാത്ത്. ലോകത്ത് ഒരു മതവും ഇസ്‌ലാമിലേതു പോലെയുള്ള ഒരു നിര്‍ബന്ധദാന പദ്ധതി ആവിഷ്‌കരിച്ചിട്ടില്ല. സമ്പത്തിന്റെ നിശ്ചിത ശതമാനം സമൂഹത്തിലെ വിവിധ തലത്തിലുള്ള പ്രത്യേകം എടുത്തു പറയപ്പെട്ട എട്ടു വിഭാഗങ്ങളില്‍ നിലവിലുള്ളവര്‍ക്ക് സകാത്തായി വര്‍ഷാന്തം നല്‍കണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. പണത്തിന്റെ രണ്ടര ശതമാനവും പ്രത്യേക ഉത്പന്നങ്ങളുടെ പത്തു ശതമാനവുമാണ് സാധാരണ ഗതിയില്‍ സകാത്തായി നല്‍കേണ്ടത്. ഇതിനു പുറമെ വളര്‍ത്തുമൃഗങ്ങള്‍ക്കും അതൊരു സാമ്പത്തിക വളർച്ചയായി ഗണിക്കാവുന്ന അത്ര എണ്ണം ഉണ്ടെങ്കിൽ സകാത്ത് നൽകണം. ഒട്ടകം, ആട്, പശു എന്നീ മൃഗങ്ങള്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിട്ടുള്ളത്.
സമ്പത്തിന്റെ കൈകാര്യം സാമൂഹ്യ അഭിവൃദ്ധിക്കും മനുഷ്യ ബന്ധങ്ങൾക്കും അനുഗുണമാവും വിധം തിരിച്ചുവിട്ടു എന്നതാണ് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പ്രത്യേകത. സകാത്തും മറ്റു ദാനധര്‍മ്മങ്ങളും നല്‍കുമ്പോള്‍ കുടുംബ ബന്ധമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. ദാനധര്‍മ്മങ്ങള്‍ പാവങ്ങള്‍ക്കു നല്‍കുമ്പോള്‍ അത് ദാനധര്‍മ്മം മാത്രമേ ആകുന്നുള്ളൂ. എന്നാല്‍ കുടുംബക്കാര്‍ക്ക് നല്‍കുമ്പോള്‍ അത് ദാനധര്‍മ്മവും കുടുംബ ബന്ധം ചേര്‍ക്കലും കൂടിയാകുന്നു. രണ്ടിന്റെയും പ്രതിഫലം ലഭിക്കുകയും ചെയ്യും എന്നാണ് നബിവചനം. ദാരിദ്ര്യ നിര്‍മ്മാര്‍ജനം സകാത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്നതോടൊപ്പം ബന്ധങ്ങളുടെ പരിപാലനം കൂടി അതിലേക്ക് ചേർത്തു വെക്കുന്ന ഇസ്ലാം ഈ ശ്രേണിയെ ആത്മശുദ്ധീകരണത്തിലേക്ക് കൂടി ചേർത്തു വെക്കുന്നുണ്ട്. സകാത്ത് നൽകുന്നവൻ പുലർത്തേണ്ട നിയ്യത്ത്, വാങ്ങുന്ന അവകാശികളുടെ യോഗ്യതകൾ എന്നിവക്കെല്ലാം ആത്മീയതയുമായി വലിയ ബന്ധമുണ്ട്. സമ്പത്തിന്റെ സകാത്തിന് പുറമെ റമളാനിന്റെ പരിസമാപ്തി കുറിക്കുന്ന ഫിത്വർ സകാത്ത് എന്ന വ്യക്തിഗത ദാനത്തിലെത്തുമ്പോൾ ഇത് കൂടുതൽ വ്യക്തമാവും. ഫിത്വർ സകാത്ത് ആത്മീയതയെ പ്രോജ്വലിപ്പിക്കുന്ന വൈകാരികത ഉൾക്കൊളളുന്നുണ്ട്.
ഇതിനെല്ലാം പുറമെ സമ്പത്ത് ആവശ്യക്കാര്‍ക്ക് ദാനമായി നല്‍കാന്‍ ഖുര്‍ആന്‍ വിശ്വാസികളെ പലവിധേനയും പ്രേരിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തോ, അത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതു വരെ നിങ്ങള്‍ നന്മ പ്രാപിക്കയില്ല എന്നാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം. ഒരു പ്രമുഖ സ്വഹാബി ഈ സൂക്തം കേട്ട മാത്രയില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈറുഹാഅ് എന്ന തോട്ടം സംഭാവന ചെയ്ത സംഭവം സുവിദമാണ്. ദാനധർമ്മങ്ങൾക്ക് വലിയ പ്രതിഫലമുണ്ടെന്നും അത് അല്ലാഹു ദായകന് വേണ്ടി സൂക്ഷിച്ചു വെക്കുകയും വളർത്തുകയും ചെയ്യും എന്നും ന്യഹീനനായ ഹദീസിൽ വന്നിട്ടുണ്ട്.
ചൂഷണം ചെയ്യുന്നവർ നമ്മിൽ പെട്ടവരല്ല
നബി തിരുമേനി(സ്വ) മാർക്കറ്റിലൂടെ നടന്നു നീങ്ങുകയാണ്. ഇടക്ക് ഇങ്ങനെ നടക്കുന്നത് പതിവാണ്. ശത്രുക്കൾ അത് ഒരു അപവാദമായി പോലും പറയുമായിരുന്നു. വിശുദ്ധ ഖുര്‍ആനില്‍ അല്‍ ഫുര്‍ഖാന്‍ അധ്യായത്തില്‍ അവിശ്വാസികള്‍ നടത്തിയ ആരോപണങ്ങളിൽ ഇത് പറയുന്നുണ്ട്. ഇതെന്തു പ്രവാചകനാണ്?, ഇയാള്‍ ആഹാരം കഴിക്കുകയും അങ്ങാടികളില്‍ക്കൂടി നടക്കുകയും ചെയ്യുന്നു.. എന്നാണ് അവർ പറയുമായിരുന്നത്. തന്റെ രാജ്യത്തിലെ ജനങ്ങളും അവരുടെ വ്യവഹാരങ്ങളും ശരിയായ താളത്തിൽ തന്നെ നടന്നു പോകുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും ആരെങ്കിലും വല്ല വേലകളും ഒപ്പിക്കുന്നുണ്ട് എങ്കിൽ അത് തടയുവാനും ഒക്കെയാണ് ഈ നടത്തം. അതിനിടയിൽ അവിടെ ഒരു കര്‍ഷക വ്യാപാരി മുമ്പില്‍ കാരക്ക കൂട്ടിയിട്ട് വില്‍ക്കുന്നത് നബിയുടെ ശ്രദ്ധയില്‍പെട്ടു. സംശയം തോന്നിയ നബി(സ) കൂമ്പാരത്തില്‍ കൈ കടത്തി പരിശോധിച്ചു. കൂമ്പാരത്തിന്റെ അടിയില്‍ നനവുകണ്ടു. നനവില്ലാത്തത് കാണിച്ച് നനവുള്ളത് കച്ചവടം നടത്തുന്ന ഈ കള്ളക്കളിയില്‍ നബി(സ) അപ്പോള്‍ തന്നെ ഇടപെട്ടു. അപ്പോഴേക്കും ജനം അവിടെ തടിച്ചു കൂടി. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് അവനോട് നബി ചോദിച്ചു. തലേന്നാൾ മഴ പെയ്തതാണ് കാരണം എന്നവൻ പരിതപിച്ചു. എങ്കിൽ നനഞ്ഞതും വില കെട്ടതുമായ കാരക്ക എന്തുകൊണ്ട് നിനക്ക് പുറത്തിട്ടു കൂടാ ? എന്നായി നബി(സ). തുടർന്ന് അവിടെക്കൂടിയ ജനങ്ങളോടായി ഗൗരവത്തോടെ നബി (സ) പ്രഖ്യാപിച്ചു: നമ്മെ വഞ്ചിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല..
എല്ലാവിധ ചൂഷണങ്ങളുടെയും ആകെത്തുക ഒരാൾ തന്റെ സഹജീവിയുടെ സ്വത്ത് അന്യായമായി സ്വന്തമാക്കുക എന്നതാണ്. ഇത് പല രൂപത്തിലുമാവാം. ഏത് രൂപത്തിലുള്ളതാണെങ്കിലും അതിനെ വിശുദ്ധ ഖുർആൻ ശക്തമായി താക്കീതു ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ സമ്പത്ത് അന്യോന്യം അന്യായമായി തിന്നരുത്; പരസ്പരം പൊരുത്തത്തോടെയുള്ള വ്യാപാരത്തിലൂടെയല്ലാതെ. നിങ്ങളെത്തന്നെ നിങ്ങള്‍ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ് തീര്‍ച്ച (4:29). ചൂഷണം വഴി ഒരാളിലേക്ക് ധനം വന്നു ചേരുന്നതോടെ അയാൾ അല്ലാഹുവിൽ നിന്ന് അകലുന്നു. നിഷിദ്ധമായ മാർഗത്തിലൂടെ നേടിയ സമ്പത്ത് ഉപയോഗിക്കുന്നവരുടെ പ്രാർഥന പോലും അല്ലാഹു സ്വീകരിക്കുകയില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ) ഒരു മനുഷ്യനെ പരിചയപ്പെടുത്തി. അയാളിൽ ഭക്തിയുടെ എല്ലാ അടയാളങ്ങളുമുണ്ട്. അയാൾ ഇരുകൈകളും ഉയർത്തി പ്രാർഥിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ അയാൾക്ക് എങ്ങനെ ഉത്തരം കിട്ടാനാണെന്ന് നബി ആശ്ചര്യത്തോടെ ചോദിക്കുന്നു. അയാൾ തിന്നുന്നതും കുടിക്കുന്നതും ധരിക്കുന്നതും നിഷിദ്ധമാണ്. അയാൾ വളർത്തപ്പെട്ടതും നിഷിദ്ധം ഭക്ഷിച്ചാണ്, പിന്നെ എങ്ങനെയാണ് അയാൾക്ക് ഉത്തരം നൽകപ്പെടുക ! അനുവദനീയമല്ലാത്ത ആഹാരപദാർഥങ്ങൾ ഭക്ഷിക്കുന്നവരുടെ ആരാധനാകർമങ്ങൾ സ്വീകരിക്കപ്പെടുകയില്ലെന്നാണ് ഈ തിരുവചനത്തിന്റെ ആശയം. ഇവർ പരലോകത്ത് വിചാരണ ചെയ്യപ്പെടുന്നതിന്റെ രംഗചിത്രവും നബി(സ) അവതരിപ്പിക്കുണ്ട്. അവരുടെ സുകൃതങ്ങൾ ആരുടെ ധനമാണോ അവിഹിതമായെടുത്തത് അവർക്ക് നൽകേണ്ടിവരുമെന്നും മതിയാവാതെ വരുമ്പോൾ അവരുടെ പാപങ്ങൾ ഏറ്റെടുത്ത് ഇവർ നരകാവകാശികളായിത്തീരുമെന്നും പ്രവാചകൻ താക്കീത് ചെയ്തിരിക്കുന്നു.
ചൂഷണത്തിന്റെ രീതികൾ വിവിധങ്ങളാണ്. അത് ചൂഷകന്റെ കൗശലത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നതുകൊണ്ടാണ് അതിന് വിവിധ രൂപങ്ങൾ ഉണ്ടാവുന്നത്. കൗശലങ്ങൾക്ക് പല രൂപങ്ങൾ ഉണ്ടാവുമല്ലോ. അവയിൽ വിശുദ്ധ ഖുർആൻ പറഞ്ഞ ഒന്നാണ് അളവു തൂക്കങ്ങളിലെ കൃത്രിമത്വം. ഈ ആശയം പറയുവാൻ ഖുർആൻ അവലംബിച്ചിരിക്കുന്നത് മദിയൻ നാട്ടുകാരുടെ ചെയ്തിയെയാണ്. ഫലസ്തീന്റെ തെക്ക് ചെങ്കടലിന്റെയും അഖബാ ഉൾക്കടലിന്റെയും കരയോരങ്ങളിൽ സ്ഥിതിചെയ്തിരുന്ന മദ്‌യൻ സമൂഹം അളത്തത്തിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവരായിരുന്നു. അതിന് അറുതി വരുത്താൻ അല്ലാഹു ശുഐബ് നബിയെ നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങൾ അളത്തത്തിലും തൂക്കത്തിലും കൃത്യത പാലിക്കുക. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ കുറവ് വരുത്തരുത്. ഭൂമിയെ യഥാവിധി ചിട്ടപ്പെടുത്തി വെച്ചിരിക്കെ നിങ്ങളതിൽ നാശമുണ്ടാകരുത്. നിങ്ങൾ സത്യവിശ്വാസികളെങ്കിൽ അതാണ് നിങ്ങൾക്കുത്തമം. (ഖുർആൻ: 7:85) ഈ കൽപന പാലിക്കാതെ ജീവിച്ച ആ ജനത സമൂലം നശിപ്പിക്കപ്പെട്ടു. ഖുർആൻ പറയുന്നു: അല്ലാഹു തുലാസ് സ്ഥാപിച്ചിരിക്കുന്നു. നിങ്ങൾ തുലാസിൽ കൃത്രിമം വരുത്താതിരിക്കാനാണത്. അതിനാൽ നീതിപൂർവ്വം കൃത്യതയോടെ തുലാസ് ഉപയോഗിക്കുക. തൂക്കത്തിൽ കുറവ് വരുത്തരുത്. (55:7-9).
ഇങ്ങനെ വളരെ നിസ്സാരമായ സാമ്പത്തിക കുറ്റകൃത്യങ്ങളെപ്പോലും ഇസ്‌ലാം ഗൗരവമായി കാണുകയും കണിശമായി വിലക്കുകയും ചെയ്യുന്നു. നിഷിദ്ധമായ സമ്പാദന മാർഗങ്ങൾ ഇസ്‌ലാം ശക്തമായി വിലക്കുന്നു. എന്നാൽ ഒപ്പം തന്നെ ശരിയായ സമ്പാദന മാർഗ്ഗത്തിലേക്ക് അല്ലാഹു വിരൽ ചൂണ്ടുന്നുമുണ്ട്. അതിലൊന്നാണ് മേൽ ആയത്തിൽ സൂചിപ്പിക്കുന്ന കച്ചവടം. പക്ഷെ, കച്ചവടവും ചൂഷണത്തിന്റെ വഴിയായി മാറിയിട്ടുണ്ട് ഇക്കാലത്ത് എന്നത് മറ്റൊരു സങ്കടം. ഭരണകൂടത്തെ തന്നെ കയ്യിലെടുത്ത് വലിയ ചൂഷണങ്ങൾക്ക് മറപിടിക്കുന്ന പുതിയ കുത്തക കച്ചവടങ്ങൾ അതിനുദാഹരണമാണ്. അത്തരമൊരു സാധ്യതയും ഖുർആൻ മുൻകൂട്ടി കാണുന്നുണ്ട്. അല്ലാഹു പറയുന്നു:
നിങ്ങളന്യോന്യം നിങ്ങളുടെ ധനം അന്യായമായി അധീനപ്പെടുത്തി ആഹരിക്കരുത്. ബോധപൂർവ്വം കുറ്റകരമായ മാർഗത്തിലൂടെ അന്യരുടെ സ്വത്തിൽ നിന്ന് ഒരു ഭാഗം ആഹരിക്കാനായി അതുമായി ഭരണാധികാരികളെ സമീപിക്കുകയുമരുത്.(2:188)
ചൂഷണം, മോഷണം, അഴിമതി, പൂഴ്ത്തിവെയ്പ്, കൈക്കൂലി, കരിഞ്ചന്ത, വഞ്ചന, കൃത്രിമം കാണിക്കൽ, മായം ചേർക്കൽ തുടങ്ങിയ എല്ലാ സാമ്പത്തിക കുറ്റങ്ങളെയും ഇസ്‌ലാം കർക്കശമായി വിലക്കുന്നു. വഞ്ചന നടത്തിയവൻ നമ്മിൽ പെട്ടവനല്ല, കച്ചവടത്തിൽ നിങ്ങൾ പരസ്പരം വഞ്ചിക്കരുത്, ഒരാൾ വില പറഞ്ഞതിന് മേൽ കൂട്ടിപ്പറയരുത്, കൈക്കൂലി കൊടുക്കുന്നവനെയും വാങ്ങുന്നവനെയും അവർക്കിടയിൽ അത് കൊടുപ്പിക്കുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു, അനുകൂലമായ വിധിക്കു വേണ്ടി കൈക്കൂലി കൊടുക്കൽ സത്യനിഷേധമാണ് തുടങ്ങി ഈ വിഷയങ്ങളിൽ നബി(സ്വ)യുടെ നിർദ്ദേശങ്ങളും ഇടപെടലുകളും നിരവധിയാണ്. അസ്ദ് ഗോത്രത്തിലെ ഇബ്‌നുല്ലുത്ബിയ്യ എന്നയാളെ പ്രവാചകൻ സകാത്ത് സംഭരിക്കാൻ നിയോഗിച്ചു. തിരിച്ചുവന്നപ്പോൾ അയാൾ പറഞ്ഞു: ഇത് നിങ്ങൾക്കുള്ളതാണ്. ഇത് എനിക്ക് പാരിതോഷികമായി ലഭിച്ചതും. അപ്പോൾ പ്രവാചകൻ മിമ്പറിൽ കയറി അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്തു. തുടർന്ന് നബി പറഞ്ഞു: അല്ലാഹു എന്നെ ചുമതലപ്പെടുത്തിയ ചില കാര്യങ്ങൾ നടപ്പിലാക്കാൻ നിങ്ങളിൽനിന്ന് ഞാൻ ഭരമേൽപിച്ചയാൾ ശേഖരിച്ച സമ്പത്ത് കൊണ്ടുവന്നപ്പോൾ പറയുന്നു: ഇതാണ് നിങ്ങൾക്കുള്ളത്. ബാക്കി എനിക്കു പാരിതോഷികമായി ലഭിച്ചതാണ് എന്ന്. എന്നാൽ അയാൾ സത്യസന്ധനെങ്കിൽ ഓർത്തു കൊളളട്ടെ; അയാൾ തന്റെ മാതാപിതാക്കളുടെ വീട്ടിലിരുന്നാൽ അയാൾക്കത് കിട്ടുമായിരുന്നോ? അല്ലാഹുവാണ് സത്യം! അനർഹമായി നിങ്ങളിലാരെങ്കിലും വല്ലതും കൈവശപ്പെടുത്തിയാൽ ആ ഭാരവും ചുമന്നാണ് അന്ത്യദിനത്തിൽ അവൻ ദൈവവുമായി സന്ധിക്കുക.
ചൂഷണവും തട്ടിപ്പും സര്‍വ്വ വ്യാപകമാകുന്ന ഈ കാലത്ത് വാണിജ്യ മേഖലയിലെ പ്രവാചക മാതൃകയെ ഒന്നുകൂടി വായിക്കല്‍ അനിവാര്യമായിരിക്കുകയാണ്. എല്ലാ ചൂഷണങ്ങളുടെയും പഴുതടച്ച നീക്കമായിരുന്നു നബിയുടേത്. നബി(സ്വ) പറഞ്ഞു: ഗ്രാമീണരില്‍ നിന്നും പട്ടണവാസി കച്ചവടം നടത്തരുത്. അല്ലാഹുവിന്‍റെ വിഭവവുമായി ജനങ്ങളെ വിട്ടേക്കുക. നിങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവരാണ് ( ഇബ്നുമാജ). ജനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കച്ചവടത്തില്‍ പൂഴ്ത്തിവെച്ച് അവര്‍ക്ക് ഞെരുക്കവും പ്രയാസവും വരുത്തിത്തീര്‍ക്കുന്നതിനെ റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ചിരുന്നില്ല. പൂഴ്ത്തിവെപ്പ് നടത്തുന്നവരുടെ മേല്‍ ദാരിദ്ര്യവും കുഷ്ഠരോഗവും ഇറക്കപ്പെടുമെന്ന് ഹദീസുകളില്‍ കാണാം. മാത്രമല്ല ആവശ്യവസ്തുക്കള്‍ കച്ചവടം ചെയ്യുന്നവരെ നബി തങ്ങള്‍ക്ക് പ്രത്യേകം ഇഷ്ടമായിരുന്നു. ഇതിനുപുറമെ ചരക്ക് വിറ്റൊഴിക്കുന്നതിന് കള്ളസത്യം ചെയ്യുന്നതിനെയും നബിതങ്ങള്‍ വിലക്കിയിട്ടുണ്ട്. അന്ത്യനാളില്‍ അല്ലാഹുവിന്‍റെ നോട്ടവും സംസാരവും ലഭിക്കാത്ത മൂന്ന് വിഭാഗത്തെ അവിടുന്ന് എണ്ണിയത് വസ്ത്രം താഴ്ത്തി ഇടുന്നവനും, ഉപകാരങ്ങള്‍ ഏറ്റുപറയുന്നവനും, വ്യാജ സത്യം ചെയ്ത് ചരക്ക് വിറ്റൊഴിക്കുന്നവനും ആണെന്നാണ്(ഇബ്നുമാജ). മാത്രമല്ല തങ്ങളുടെ കച്ചവടങ്ങളില്‍, പലിശയില്‍ നിന്നും മാര്‍ക്കറ്റിലെ മറ്റു കച്ചവടക്കാര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നതില്‍ നിന്നും ജാഗ്രത പാലിക്കാന്‍ നബി തങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകയും അതിന് അനുചരരോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഇടപാടിൽ അല്ലാഹുവിനെ ഓർക്കുവാൻ ഉപദേശിച്ചുകൊണ്ടാണ് ചൂഷണങ്ങളിൽ നിന്ന് സമൂഹത്തെ ഇസ്ലാം രക്ഷിക്കുന്നത്. അല്ലെങ്കിലും വിശ്വാസം എന്ന അടിത്തറയിൽ പടുത്തയർത്തപ്പെടുന്നു എങ്കിൽ ജീവിതത്തിലെവിടെയും താളഭംഗം ഉണ്ടാവില്ലല്ലോ.
**
വാങ്ങരുത്, കൊടുക്കരുത്, സാക്ഷി നിൽക്കരുത്
മനുഷ്യന്റെ ക്രയവിക്രയങ്ങളിൽ വരുന്ന ഏറ്റവും ഗുരുതരമായ വിഷയമാണ് പലിശ. ദരിദ്രന്റെ ദാരിദ്രത്തെയും ആവശ്യക്കാരന്റെ ആവശ്യത്തെയും മുതലെടുക്കുകയാണ് പലിശയിലൂടെ നടക്കുന്നത്. ഇത് പലിശ കൊടുക്കേണ്ടി വന്നവനെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിരുന്നു എങ്കിൽ വ്യക്തിഗതം എന്നു പറഞ്ഞ് മാറ്റിവെക്കാമായിരുന്നു. പക്ഷെ, വ്യക്തിയെ മാത്രമല്ല, സമൂഹത്തെയാകമാനം ബാധിക്കുന്നതാണ് പലിശയുടെ കെടുതി. ഉദാഹരണമായി ഒരു കച്ചക്കാരനെയെടുക്കാം. അയാൾ പലിശ വാങ്ങിയാണ് കച്ചവടം തുടങ്ങുന്നത് എങ്കിൽ അയാളുടെ ചരക്കിന് അയാൾ വസൂലാക്കുന്ന വില മാർക്കറ്റ് വിലയും താൻ പ്രതീക്ഷിക്കുന്ന ലാഭവും തന്റെ പലിശയടവിനുള്ള വിഹിതവും ചേർന്നതായിരിക്കും. ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരുന്ന വാഹനത്തിന്റെ ഉടമ ഇപ്രകാരം തന്നെ വസൂലാക്കുന്നത് താൻ വാഹനം വാങ്ങിക്കുവാർ എടുത്ത പലിശയുടെ വിഹിതം കൂടി മനസ്സിൽ കണ്ടു കൊണ്ടായിരിക്കും. ഇത് ഇങ്ങനെ ഒരു ശ്രേണിയായി മനുഷ്യന്റെ സാമ്പത്തിക വ്യവഹാര ലോകത്തെ മുഴുവനും പിടികൂടും. ഇതിലേക്ക് പലിശക്കെണിയിൽ നിന്നും രക്ഷപ്പെടാനാവാതെ ജീവിത കാലം മുഴുവനും അതിന്റെ കാൽ ചങ്ങലകൾ അണിഞ്ഞ് ജീവിക്കേണ്ടി വരുന്ന ദരിദ്രരുടെ ദൈന്യത കൂടി ചേർത്തു വെക്കുമ്പോൾ മനസ്സിലാകും എത്ര വലിയ ചൂഷണമാണ് പലിശ എന്നത്. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം പലിശക്കെതിരെ ഇത്ര ഗൗരവത്തോടെ സന്ധിയില്ലാ സമരം ചെയ്യുന്നതും അതുകൊണ്ടു തന്നെയാണ്.
പലിശയുടെ കെടുതി മനുഷ്യരിൽ എത്തുമ്പോൾ ഉണ്ടാകുന്ന രംഗത്തെ വിശുദ്ധ ഖുർആൻ ചിത്രീകരിക്കുമ്പോൾ ഈ ആശയങ്ങളെല്ലാം അതിലടങ്ങിയിട്ടുണ്ട്. പലിശ തിന്നുന്നവന് പിശാച് ബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേറ്റ് നിൽക്കുന്നവനെപ്പോലെയല്ലാതെ നിവർന്നു നിൽക്കാനാവില്ല എന്നാണ് ഖുർആനിന്റെ പ്രയോഗം. പലിശയുടെ നീരാളിപ്പിടുത്തത്തിൽ പെട്ടുപോയ ഒരാൾ അതിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞു നടത്തുന്ന വിഫല ശ്രമത്തിന്റെ ചിത്രീകരണമാണ് ഇത്. പലിശ മനുഷ്യനിൽ സാമ്പത്തിക ആഘാതം മാത്രമല്ല ഉണ്ടാക്കുന്നത്. ആത്മീയവും ധാർമികവും സാമ്പത്തികവും നാഗരികവുമായ നിരവധി ആഘാതങ്ങൾ ഏൽപ്പിക്കുന്നുണ്ട്. മാനസികവും ആത്മീയവുമായി സ്വാർഥത, പിശുക്ക്, കുടിലമനസ്‌കത, ഹൃദയകാഠിന്യം പോലുള്ളവ പലിശ വരുത്തിവെക്കുന്നു. തന്റെ സഹജീവിയുടെ ദുരിതത്തെയും ദാരിദ്രത്തെയും മുതലെടുക്കുകയാണല്ലോ പലിശക്കാരൻ ചെയ്യുന്നത്. അത്തരക്കാർക്ക് ഒരു നല്ല മനസ്സിനും ഒരു വിശ്വാസിക്കുമൊക്കെ വേണ്ട സദ്ഗുണങ്ങൾ ഉണ്ടാവില്ലല്ലോ. മനസ്സിനുളളിൽ ഉദാരത, ഹൃദയവിശാലത, അനുകമ്പ, സ്‌നേഹം, സഹകരണം, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങളുള്ളവർക്ക് പലിശ വാങ്ങാൻ സാധ്യമല്ല. അതുകൊണ്ട് ഇസ്ലാം കർശനമായി ഇക്കാര്യത്തിൽ ഇടപെടുന്നു. ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു: പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും എഴുതിവെക്കുന്നവനെയും അതിന് സാക്ഷി നില്‍ക്കുന്നവനെയും റസൂല്‍ ശപിക്കുകയുണ്ടായി. റസൂല്‍ പറഞ്ഞു: അവരെല്ലാം ഒരുപോലെയാണ്. (മുസ്‌ലിം)
മറ്റൊരു ഹദീസിൽ പലിശ ഇടപാടിന്റെ ഗൗരവം നബി(സ) ഇങ്ങനെ പറഞ്ഞു: പലിശയ്ക്ക് എഴുപത്തിമൂന്നോളം കവാടങ്ങളുണ്ട്. അതില്‍ ഏറ്റവും നിസ്സാരമായതുപോലും ഒരാള്‍ തന്‍റെ മാതാവിനെ വ്യഭിചരിക്കുന്നതുപോലെ മ്ലേച്ഛമാണ് (ബൈഹഖി). പക്ഷെ, പലിശയിലേക്ക് നയിക്കുന്നത് പണക്കാരന്റെ ആർത്തിയാണ് എന്നതിനാൽ അവൻ ഏതു വിധേനയും അത് നടത്തുക തന്നെ ചെയ്യും. മാത്രമല്ല, സമാന ചിന്താഗതിക്കാർ സർവ്വ ശക്തിയുമുപയോഗിച്ച് ഈ വ്യവസ്ഥിതിയെ നിലനിറുത്താൻ ശ്രമിക്കുകയും ചെയ്യും. ഇത് ഒരു ഭാഗത്ത്. മറുഭാഗത്തും ഇപ്രകാരം പലിശയെ നിലനിറുത്തുവാനുള്ള പ്രചോദനം കാലം ചെല്ലും തോറും വളർന്നുകൊണ്ടിരിക്കും. കാരണം ഭൗതിക പ്രപഞ്ചം വളർന്നുകൊണ്ടേയിരിക്കുകയാണ്. അതിനൊപ്പം ഓരോ മനുഷ്യനും പുതിയ, സുഖപ്രദമായ മേച്ചിൽപുറങ്ങൾ തേടുവാൻ തുടങ്ങും. അപ്പോൾ അവന് കൂടുതൽ പണം വേണ്ടതായി വരും. അതു നിവൃത്തി ചെയ്യുവാനാവട്ടെ പലിശയെയല്ലാതെ മറ്റൊന്നിനെയും ആശ്രയിക്കുവാൻ മാർഗ്ഗമുണ്ടാവില്ല. മനസ്സിലെ പദ്ധതിയെ കുറിച്ചുള്ള വൈകാരിക ത്വര പലിശയുടെ കള്ളക്കെടുതികളെ കുറിച്ച് ചിന്തിക്കുവാൻ ഒരിക്കലും ദരിദ്രനെ വിടുകയുമില്ല. അങ്ങനെ വാങ്ങുന്നവനും കൊടുക്കുന്നവനും കൂടി പലിശയെ നിലനിറുത്തും. പലിശയുടെ ഈ വ്യാപനത്തെ കുറിച്ച് നബി(സ്വ) പ്രവചിച്ചിട്ടുണ്ട്. അബൂഹുറൈറ(റ) തിരുനബി(സ) പറഞ്ഞതായി പറയുന്നു: ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് അവര്‍ എല്ലാവരും പലിശ തിന്നവരായിരിക്കും. അതുകേട്ട് ഒരാള്‍ ചോദിച്ചു: ആളുകള്‍ എല്ലാവരും അത് ഭക്ഷിക്കുമോ? തിരുനബി പറഞ്ഞു: അതു ഭക്ഷിക്കാത്തവനെ അതിന്‍റെ പൊടിയെങ്കിലും ബാധിക്കും.(അഹ്മദ്, അബൂദാവൂദ്)
പലിശ വരുന്നതിനുളള ചെറിയ സാധ്യത പോലും ഇസ്ലാം വളരെ ഗൗരവമായി കാണുന്നുണ്ട്. കച്ചവടത്തിൽ തന്നെ അറിയാതെ കടന്നുകൂടുന്ന പലിശയെ തടയുവാൻ ഇസ്ലാം ഇടപെടുന്നുണ്ട്. ഒരിക്കൽ
ഒരാള്‍ കുറച്ചു കാരക്കയുമായി നബി(സ)യുടെ അടുത്തുവന്നു. നബി(സ) അയാളോട് ചോദിച്ചു: ഞങ്ങളുടെ നാട്ടിലെ കാരക്കയാണല്ലോ ഇത്. ഇതെങ്ങനെ താങ്കള്‍ക്ക് ലഭിച്ചു? അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ കാരക്ക രണ്ട് സ്വാഅ് നല്‍കി ഇവിടുത്തെ കാരക്ക ഒരു സ്വാഅ് വാങ്ങി. അപ്പോള്‍ നബി(സ) പറഞ്ഞു: അതു പലിശയാണ്. തിരിച്ചു കൊടുക്കുക. പിന്നെ സ്വന്തം കാരക്കവില്‍ക്കുക. ശേഷം നമുക്കു വേണ്ടി വില കൊടുത്ത് ഈ കാരക്ക വാങ്ങുക. (മുസ്‌ലിം). താഴ്ന്ന ഇനം വസ്തു കൂടുതല്‍ വാങ്ങി നല്ലത് കുറച്ച് കൊടുക്കുകയും തിരിച്ചും ചെയ്യുന്നത് അന്യായവും ചൂഷണം വരാന്‍ സാധ്യതയുള്ളതുമാണ് എന്നതിനാല്‍ അത് പലിശയുടെ ഗണത്തിലാണ് നബി(സ) പരിഗണിച്ചത്. കയ്യിലുള്ളത് അതിന്റെ മാര്‍ക്കറ്റ് വിലക്ക് വിറ്റ് വേണ്ടത് അതിന്റെ വിലക്ക് വാങ്ങുന്നതിനാണ് ഇസ്‌ലാം അനുവാദം നല്‍കുന്നത്. നബി(സ) പറഞ്ഞു: സ്വര്‍ണത്തിന് പകരം സ്വര്‍ണം വില്‍ക്കരുത്; തുല്യ അളവിലല്ലാതെ. ഏറ്റക്കുറവ് പാടില്ല. വെള്ളിക്കുപകരം വെള്ളി വില്‍ക്കരുത്; തുല്യമായിട്ടല്ലാതെ. ഏറ്റക്കുറവ് വരുത്തരുത്. സ്ഥലത്തില്ലാത്തത് (റൊക്കമല്ലാത്തത്) സ്ഥലത്തുള്ളതിന് (റൊക്കത്തിന്) പകരമായും വില്‍ക്കരുത്. (അഹ്മദ്).
കൃത്യമായ അധ്വാനത്തിന്റെ ഫലമായ ഹലാലായ ഏത് സമ്പാദ്യവും അനുവദനീയമാണ്. ശരിയായ കച്ചവടത്തിലൂടെ ലഭിക്കുന്ന നീതീകരിക്കാവുന്ന ലാഭം ഇസ്ലാം അനുവദിക്കുന്നുണ്ട്. ഇങ്ങനെയല്ലാതെ സമ്പന്നനെയും ദരിദ്രനെയും സൃഷ്ടിച്ച് ചൂഷണമായി മാറുന്നതെല്ലാം ഗുരുതരമായ പലിശയുടെ ഗണത്തില്‍പെട്ടേക്കാം എന്നാണ് ഇസ്ലാമിന്റെ നയം. അതുകൊണ്ട് അതെല്ലാം അല്ലാഹു നിഷിദ്ധമാക്കി. ഇത് ഇസ്ലാമിന്റെ മാത്രം നയമല്ല. എല്ലാ സമുദായങ്ങളിലും പലിശ നിഷിദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍ വിവിധ ന്യായങ്ങള്‍ പറഞ്ഞ് പലിശയെ പിന്തുണച്ച പുരോഹിതന്മാര്‍ ആ സമൂഹത്തെ തന്നെ അധപ്പതനത്തിലേക്ക് നയിക്കുകയാണ് ചെയ്തത്. അഹ് ലു കിതാബിനെ സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും അവരത് വാങ്ങിയത് കൊണ്ടും ജനങ്ങളുടെ സ്വത്തുക്കള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (നല്ല വസ്തുക്കള്‍ പോലും അവര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടത്). അവരില്‍ നിന്നുള്ള സത്യ നിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (അന്നിസാഅ്: 161). മനുഷ്യന് തന്റെ പ്രാപ്തിക്കും നൈസര്‍ഗിക സിദ്ധികള്‍ക്കുമനുസൃതമായി ജീവിത വിഭവങ്ങള്‍ തേടാനുള്ള അവകാശം ഇസ്‌ലാം വകവെച്ചു കൊടുക്കുന്നുണ്ടെങ്കിലും ധര്‍മ്മം ലംഘിക്കാനോ സാമൂഹ്യക്രമം തകിടം മറിക്കാനോ അതനുവദിക്കുന്നില്ല. കാരണം അന്തസ്സും ആഭിജാത്യവുമുളള ഒരു സമൂഹത്തെ പടച്ചെടുക്കുക ഇസ്ലാമിന്റെ പരമമായ ലക്ഷ്യമാണ്.
പലിശയോട് ആഭിമുഖ്യമുള്ളവർ ഇക്കാലത്ത് ഉന്നയിക്കുന്ന ചില കുരുട്ട് ചോദ്യങ്ങളുണ്ട്. ഒരാൾ തന്റെ പണമിറക്കി സാധനങ്ങൾ വാങ്ങി കച്ചവടം ചെയ്യുമ്പോൾ ലാഭം നേടുന്നത് പോലെത്തന്നെയല്ലേ പണം മറ്റൊൾക്ക് നൽകുകയും അതിനുളള ലാഭമെന്ന നിലക്ക് അവനിൽ നിന്ന് പലിശ ഈടാക്കുന്നതും?എന്നത് അവയിലൊന്നാണ്. ഇത് ഇപ്പോഴല്ല, മുൻ ജനതകളിലും ഉണ്ടായിരുന്നു വിശുദ്ധ ഖുർആൻ അത് അതേപടി ഉന്നയിക്കുന്നുണ്ട്.
അല്ലാഹു പറയുന്നു: പലിശ തിന്നുന്നവൻ പിശാച് ബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേറ്റ് നിൽക്കുന്നവനെപ്പോലെയല്ലാതെ നിവർന്നു നിൽക്കാനാവില്ല. കച്ചവടവും പലിശയെപ്പോലെത്തന്നെയാണെന്ന് അവർ പറഞ്ഞതിനാലാണിത്. എന്നാൽ അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയിൽ നിന്ന് വിരമിച്ചാൽ നേരത്തെ പറ്റിപ്പോയത് അവനുള്ളത് തന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കിൽ അവരാണ് നരകാവകാശികൾ. അവരതിൽ സ്ഥിര വാസികളായിരിക്കും. അല്ലാഹു പലിശയെ ശോഷിപ്പിക്കുന്നു. ദാനധർമങ്ങളെ പോഷിപ്പിക്കുകയും ചെന്നു. നന്ദികെട്ടവനെയും കുറ്റവാളിയെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.(2:275,276)
ഇസ്ലാം ശക്തമായ ഭാഷയിൽ നിരോധിച്ച മറ്റൊരു കാര്യമാണ് ചൂതാട്ടം. അതിന്റെ ന്യായം അതിലൂടെയുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങൾ ഒരു അദ്ധ്വാനത്തെയും പ്രതിനിധീകരിക്കുന്നില്ല. അതൊരു ഭാഗ്യപരീക്ഷണം മാത്രമാണ്. ഭാഗ്യപരീക്ഷണത്തിലൂടെ പെട്ടെന്ന് പണക്കാരനാകാനുള്ള ദുരാഗ്രഹം ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതുകൊണ്ടാ ണ് ഇസ്‌ലാം ലോട്ടറി നിരോധിച്ചിട്ടുള്ളത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso