Thoughts & Arts
Image

വിജയത്തിന്‍റെ വിനയമുദ്രകള്‍

05-10-2022

Web Design

15 Comments








അപ്പോള്‍ പോലും..



നബിതിരുമേനി(സ)ക്ക് എന്തോ ഒരു മാനസികാസ്ഥ്യം പോലെ. ചിലപ്പോള്‍ ഭാര്യമാരില്‍ ആരുടെയോ അടുത്താണ്  എന്ന് തോന്നുന്നു, എന്നാല്‍ ആരുടെ അടുത്തുമല്ല. എന്തെങ്കിലും സംഭവിക്കുന്നതായി തോന്നുന്നു. പിന്നെ സൂക്ഷ്മദൃഷ്ടിയില്‍ അതു വെറും ഭാവനയാണെന്ന് തിരിച്ചറിയുന്നു. അങ്ങനെ ഒരവസ്ഥ. ഒരു ഉന്‍മേഷക്കുറവ് പോലെ. എന്നാല്‍ ദിനചര്യകളെയോ കര്‍മ്മങ്ങളെയോ അതു ബാധിക്കുന്നില്ലതാനും. തന്റെ മനസ്‌സിന്റെ നിഴലില്‍ എന്തോ മാററം സംഭവിക്കുന്നതായി അവര്‍ക്ക് തോന്നുകയാണ്. വെറും തോന്നല്‍.
അവസാനം നബി(സ) അല്ലാഹുവിലേക്ക് തിരിഞ്ഞുനിന്നുതേടി. സംഭവത്തിന്റെ രഹസ്യവുമായി അല്ലാഹു രണ്ടു മലക്കുകളെ പറഞ്ഞയച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബിയുടെ കാല്‍ക്കലും തലഭാഗത്തുമായി ഇരുന്ന് അവര്‍ പരസ്പരം സംസാരിച്ചുതുടങ്ങി.



-എന്താണ് ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്?
-ഇദ്ദേഹം മാരണത്തിന് വിധേയനായിരിക്കുകയാണ്
-ആരാണിത് ചെയ്തത്?
-ബനൂ സുറൈഖിലെ മുനാഫിഖായ ലിബൈദ് ബിന്‍ അല്‍ അഅ്‌സ്വം.
-എന്തിലാണ് വേലയൊപ്പിച്ചിരിക്കുന്നത്?
-മുടിചീകുവാനുപയോഗിക്കുന്ന ചീര്‍പ്പിലും ഏതാനും മുടിയിലും ..
-എവിടെ?
-ബിഅ്‌റു ദര്‍വാന്‍ എന്ന കിണററില്‍ ഒരു കല്ലിനിടയില്‍ ഒരു ഉണങ്ങിയ ഈന്തപ്പനക്കൂമ്പിനുള്ളില്‍..



മലക്കുകളുടെ സംസാരം കെട്ട് ഉണര്‍ന്ന നബി(സ) അതീവ സന്തുഷ്ടനായിരുന്നു. മാസങ്ങളായി തന്നെ പിടികൂടിയിരിക്കുന്ന മനോനിലയുടെ കാരണം കണ്ടെത്തിയ സന്തോഷത്തില്‍ അവര്‍ എഴുനേററു. ഇനി ഒന്നും സംശയിക്കുവാനില്ല. വിഷയം വഹ്‌യിലൂടെ സ്ഥിരപ്പെട്ടുകഴിഞ്ഞു. പ്രവാചകന്‍മാരുടെ സ്വപ്നം വഹ്‌യു തന്നെയാണ്. ഏതാനും അനുയായികളെ വിവരം ധരിപ്പിക്കുകയും അവരെ നബി(സ) മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്തുള്ള അബൂ ദര്‍വാന്‍ എന്ന കിണററിനടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു.
കിണററിലേക്ക് നോക്കുമ്പോള്‍ അതിനടിയിലുള്ള വെള്ളം പച്ചമൈലാഞ്ചി കുത്തിപ്പിഴിഞ്ഞതു പോലു ചുവന്നിരുന്നു. സമീപത്തുള്ള ഈന്തപ്പനകള്‍ പൊട്ടിച്ചെകുത്താന്‍മാരുടെ തലമണ്ടകള്‍ പോലെ കരിഞ്ഞുപോയിരുന്നു. ആ സിഹ്‌റിന്റെ ശക്തിയാണത് കാണിക്കുന്നത്. നബി(സ)യല്ലാത്ത മറെറാരാള്‍ക്കെതിരെയായിരുന്നുവെങ്കില്‍ ആ വ്യക്തിയും ഇപ്രകാര മാകുമായിരുന്നു. അല്ലാഹുവിന്റെ ശക്തമായ കാവലിനെ ഭേതിക്കുവാന്‍ പക്ഷേ ലിബൈദിന്റെ മുടി മാരണത്തിനു കഴിഞ്ഞില്ല.
ജുബൈര്‍ ബിന്‍ ഇയാസ്(റ) കിണററിലിറങ്ങി. മാരണമാലിന്യങ്ങള്‍ പുറത്തെടുത്തു. കല്ലിനടിയില്‍ ഈന്തപ്പനക്കൂമ്പില്‍ വെച്ചിരിക്കുന്ന ചീര്‍പ്പും മുടിക്കെട്ടും. പന്ത്രണ്ടുകെട്ടുകളിട്ട മാരണപ്പണി. ഹാരിസ് ബിന്‍ ഖൈസ്(റ) നബി(സ)യോട് ആ ശാപക്കിണര്‍ മണ്ണിട്ടുനികത്തുവാന്‍ അനുമതി തേടി. നബി(സ) അതിനനുവദിച്ചു. അത് ആ പ്രദേശത്തിന്റെ ജലസ്രോതസ്‌സായിരുന്നു. അതിനാല്‍ ഈ കിണര്‍ മണ്ണിട്ടുനികത്തിയപ്പോള്‍ സമീപത്തായി മറെറാരു കിണര്‍ കുഴിക്കുവാന്‍ നബി(സ) നിര്‍ദ്ദേശിക്കുകയുണ്ടായി. ആ പുതിയ കിണററിന്റെ പണിയില്‍ പതിവുപോലെ മദീനായുടെ ഈ സുല്‍ത്താനുമുണ്ടായിരുന്നു. പിന്നീട് അധികം വൈകിയില്ല, ഔഷധവുമായി അല്ലാഹു ജിബ്‌രീലിനെ പറഞ്ഞയച്ചു. നബിതിരുമേനിക്കും ഉമ്മത്തിനും വേണ്ടിയുള്ള മാരണ മുക്തി മന്ത്രം. വിശുദ്ധ ഖുര്‍ആനിലെ ഏററവും അവസാനത്തെ രണ്ട് സൂറത്തുകള്‍. സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും.



ഹിജ്‌റ 6ല്‍ ഹുദൈബിയ്യാ സന്ധികൂടെ കഴിഞ്ഞപ്പോള്‍ ജൂതന്‍മാര്‍ ഒന്നുകൂടെ ഇസ്‌ലാമിനും നബിക്കുമെതിരെ നീക്കങ്ങള്‍ക്ക് വട്ടം കൂട്ടി. നിരന്തരമായ വിജയങ്ങള്‍ക്കെടുവില്‍ യുദ്ധില്ലാത്ത ഒരു സ്വസ്ഥത സ്വായത്തമാക്കി പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് ഹുദൈബിയ്യാ സന്ധിയിലൂടെ അവസരം കൈവന്നിരിക്കുകയാണ്. അതോടൊപ്പം ഖുറൈശികളടക്കം ഇസ്‌ലാമിന്റെ സാംഗത്യത്തെ അംഗീകരിച്ചിരിക്കുകയുമാണ്. തങ്ങളുടെ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരെ മദീനായില്‍ നിന്ന് ആട്ടിയോടിച്ചതിന്റെയും കഅ്ബ് ബിന്‍ അശ്‌റഫടക്കമുള്ള നേതാക്കളെ വധിച്ചതിന്റെയും പ്രതികാരം അവരില്‍ പുകഞ്ഞുകത്തുന്നുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് അവര്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ട കുപ്രസിദ്ധനായ മാന്ത്രികന്‍ ലിബൈദിന്റെ സഹായം തേടിയത്. മൂന്നു സ്വര്‍ണ്ണക്കാശിന് പകരം നബി(സ)ക്കെതിരെ സിഹ്‌റ് ചെയ്യുവാന്‍ അയാള്‍ തയ്യാറായി. അവരിലെ ചില സ്ത്രീകളുടെ കൂടെ സഹായത്താല്‍ ലിബൈദ് തന്റെ പരിപാടിയൊപ്പിച്ചു.  അയാള്‍ അത് ബിഅ്‌റു ദര്‍വാനില്‍ നിക്ഷേപിച്ചു. അതാണ് നബി(സ) വഹ്‌യിന്റെ സഹായത്തോടെ പിടികൂടിയിരിക്കുന്നത്.
വിവരങ്ങള്‍ മറനീക്കിപുറത്തുവന്നതോടെ നബി(സ)യുടെ മുമ്പില്‍ അനുയായികള്‍ കല്‍പ്പനക്ക് കാതോര്‍ത്തുനിന്നു. ലിബൈദിനെ വധിക്കുക എന്നതില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് നിര്‍ദ്ദേശിക്കുവാനില്ല. ആയിശ(റ) നബിയോട് ആരാഞ്ഞു: നബിയേ, ലിബൈദിനെ പിടിച്ചുകൊണ്ടുവരേണ്ടേ? തന്റെ സംരക്ഷണത്തിലെന്നോളം കഴിയുന്ന തന്നെയും തന്റെ സമൂഹത്തെയും സഹായിക്കുവാന്‍ ബാധ്യസ്ഥരായ ജൂതന്‍മാരിലെ ഈ കൊടും ശത്രുവിനു മുമ്പില്‍ പക്ഷേ, വിനയത്തിന്റെ ഈ ആള്‍രൂപം താഴ്ന്നുനിന്നു. എന്റെ അസുഖം അല്ലാഹു സുഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കുനേരെയും അതിന്റെ പേരില്‍ രോഷം കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വിനയത്തിന്റെ മറെറാരു ബിന്ദുവില്‍ ആ ചരിത്രവും അങ്ങനെ അവസാനിച്ചു.



വിനയത്തിന്റെ നിറക്കൂട്ടിനു മുമ്പില്‍



അറേബ്യയുടെ വടക്ക് ശാം നാടുകളുടെ അതിര്‍ത്തിയില്‍ കഴിഞ്ഞിരുന്ന ഏററവും വലിയതും പ്രചീനവുമായ കുടുംബമായിരുന്നു ത്വയ്യ് കുടുംബം. അറേബ്യയുടെ മടിത്തൊട്ടിലായിരുന്ന യമനില്‍ മഅ്‌രിബ് അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അറബികളുടെ പലായനത്തില്‍ ഖഹ്ത്വാനികള്‍ വന്നുകൂടിയത് ഇപ്പോള്‍ ഹായില്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഈ സ്ഥലത്തായിരുന്നു. അവരുടെ പിന്‍തലമുറക്കാരാണ് ത്വയ്യ് ഗോത്രം. നബിതിരുമേനിയുടെ കാലത്ത് ഈ കുലത്തിന്റെ നായകസ്ഥാനത്ത് അദിയ്യ് ബിന്‍ ഹാത്വിമായിരുന്നു ഉണ്ടായിരുന്നത്. ജൂത-ക്രൈസ്തവ മതങ്ങളില്‍ നിന്നും ഉണ്ടായ ഒരു പ്രത്യേകമതാനുയായിരുന്ന ഇദ്ദേഹം വട്ടിപ്പലിശ കൊണ്ടാണ് ജീവിച്ചിരുന്നത്.
മദീനായില്‍ നിന്നും ജസീറത്തുല്‍ അറബിലേക്ക് ഇസ്‌ലാം പടരുമ്പോള്‍ അദിയ്യ് അസ്വസ്ഥനായി. ഓരോ ദിവസവും ഇസ്‌ലാമിക രാജ്യത്തിന്റെ അതിരുകള്‍ വികസിക്കുകയാണെന്ന് കണ്ട അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അവസാനം അയാള്‍ തന്റെ ആള്‍ക്കാരുടെ നാടായ ശാമിലേക്ക് മാറുവാന്‍ തീരുമാനിച്ചു. പക്ഷേ, ഇവിടെ നില്‍ക്കുവാന്‍ കഴിയാത്ത വിധം തന്റെ നാട്ടില്‍ മുസ്‌ലിംകള്‍ എത്തുമ്പോഴേ താന്‍ നാടുവിടൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എപ്പോള്‍ വേണമെങ്കിലും മുസ്‌ലിംകളുടെ പടയോട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ അദ്ദേഹം സദാ തന്റെ കുതിരകളെ ഒരുക്കിനിറുത്തിയിരുന്നു.
ഇസ്‌ലാമിക പ്രബോധന-പ്രചരണങ്ങളുമായി മുസ്‌ലിംകള്‍ തന്റെ ഗ്രാമത്തിലുമെത്തിയത് ഒരുനാള്‍ അദിയ്യ് അറിഞ്ഞു. മുസ്‌ലിംകള്‍ ഇസ്‌ലാം എന്ന ജീവിതമാര്‍ഗത്തെ പരിചയപ്പെടുത്തുവാന്‍ മാത്രം വരുന്നതാണ് എന്നൊന്നും തിരിച്ചറിയുവാനുള്ള അവസരമോ അവധാനതയോ അയാള്‍ സ്വന്തം മനസ്‌സിനു നല്‍കിയില്ല. അയാള്‍ കിട്ടിയതെല്ലാം പെറുക്കി ശാമിലേക്ക് കടന്നു. മുമ്പില്‍ നിന്ന് ഇവ്വിധം ഓടുന്നത് കണ്ട് പന്തികേട് തോന്നിയ സ്വഹാബിമാര്‍ ത്വയ്യ് ഗോത്രത്തിന്റെ വീടുകളിലേക്ക് ഇരച്ചുകയറി. അദിയ്യിന്റെ സഹോദരി മാത്രമേ അവിടെ ബാക്കിയുണ്ടായിരുന്നുള്ളൂ.



അവര്‍ അവളേയും കൊണ്ട് മദീനായിലെത്തി. നബി(സ) പള്ളിയുടെ സമീപത്തുള്ള വീടുകളിലൊന്നില്‍ അവളെ പാര്‍പ്പിച്ചു. വേണ്ടെതെല്ലാം നല്‍കി പരിചരിച്ചു.
അദിയ്യിന്റെ സഹോദരി പെട്ടെന്നുതന്നെ കാര്യങ്ങള്‍ ഗ്രഹിച്ചു. ഹൃദയകാരുണ്യമുള്ളയാളാണ് നബി എന്നു മനസ്‌സി ലാക്കിയ അവള്‍ നബിയോട് അപേക്ഷിച്ചു: എന്റെ പിതാവ് മരണപ്പെട്ടുപോയി. എന്റെ രക്ഷാകര്‍ത്താവണെങ്കില്‍ ഓടിപ്പോകുകയും ചെയ്തു. ഈ നിരാലംബയോട് കരുണ കാണിക്കണം. നബി(സ) ചോദിച്ചു:
-ആരാണ് നിന്റെ രക്ഷാകര്‍ത്താവ്?.
അവള്‍ പറഞ്ഞു:
-അദിയ്യു ബിന്‍ ഹാതിം. നബി(സ) അല്‍ഭുതം കൂറി: ഓഹോ, അല്ലാഹുവില്‍ നിന്നും റസൂലില്‍ നിന്നും ഓടിപ്പോയ അദിയ്യു ബിന്‍ ഹാത്വിമോ?
നബി(സ) പറഞ്ഞു:
-നീ വിഷമിക്കേണ്ടതില്ല. നിനക്ക് നിന്റെ ആള്‍ക്കാരുടെ അടുത്ത് സുരക്ഷിതമായി എത്തിച്ചേരുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കൂട്ട് ലഭിക്കുമ്പോള്‍ നിന്നെ അവരുടെ കൂടെ പറഞ്ഞയക്കാം. അധികം വൈകാതെ മദീനായില്‍ നിന്നും ശാമിലേക്ക് പോകുന്ന ഒരു കച്ചവടസംഘം വന്നു. അവരുടെ കൂടെ അദിയ്യിന്റെ സഹോദരിയെ നബി(സ) വിട്ടയച്ചു. പറഞ്ഞയക്കുമ്പോള്‍ നല്ല വസ്ത്രങ്ങളും വഴിയില്‍ വേണ്ടിവരുന്ന ഭക്ഷണവും പുറമെ അല്‍പം പണവും കൊടുക്കുവാന്‍ നബി(സ) മറന്നില്ല.



ശാമിലെ അദ്‌രിആത്തില്‍ തന്റെ വീടിനു മുമ്പിലിരിക്കവെ മുമ്പില്‍ വന്നിറങ്ങിയ സഹോദരിയെ കണ്ടപ്പോള്‍ അദിയ്യിന് ആദ്യം വിശ്വാസം വന്നില്ല. ഒരിക്കലും തിരിച്ചുവരാത്തവിധം തനിക്കു നഷ്ടപ്പെട്ട സഹോദരിയെയാണ് മുഹമ്മദ് തിരിച്ചുതന്നിരിക്കുന്നത്. അവള്‍ക്ക് മുഹമ്മദ് ഭക്ഷണവും വസ്ത്രവും സുരക്ഷിതരായ സംഘത്തെയും നല്‍കിയിരിക്കുന്നു. തികഞ്ഞ അന്ധാളിപ്പില്‍ നിന്ന് അദിയ്യിനെ ഉണര്‍ത്തിയത്, സഹോദരിയുടെ രൂക്ഷമായ വാക്കുകളായിരുന്നു. നീ നിന്റെ മക്കളെയും ഭാര്യമാരെയും സമ്പാദ്യങ്ങളെയുമെല്ലാം രക്ഷപ്പെടുത്തി, എന്നെ മാത്രം അവര്‍ക്കെറിഞ്ഞുകൊടുക്കുകയായിരുന്നു അല്ലേ വഞ്ചകാ.., സഹോദരി കയര്‍ത്തു. തല്‍കാലം ഓരോ കാരണങ്ങള്‍ പറഞ്ഞ് അദിയ്യ് ഒഴിഞ്ഞുമാറി.
സഹോദരിയെ മോചിപ്പിച്ച കാര്യം അദിയ്യിനെ വീണ്ടും ചിന്തിപ്പിച്ചു. താന്‍ കരുതിയതില്‍ എന്തൊക്കെയോ പന്തികേടുകളുണ്ടെന്ന് അയാള്‍ക്ക് തോന്നി. അദിയ്യ് സഹോദരിയോട് മദീനായിലെ അനുഭവങ്ങള്‍ തിരക്കി. കൂട്ടത്തില്‍ മുഹമ്മദ് നബിയെ കുറിച്ചും. അവള്‍ പറഞ്ഞു:
-സഹോദരാ, മുഹമ്മദ് സത്യമായിട്ടും ഒരു പ്രവാചകനാണെങ്കില്‍ അദ്ദേഹത്തെ പിന്തുടരുന്ന സൗഭാഗ്യം നിനക്കു ലഭിക്കും. പ്രവാചകനല്ലെങ്കില്‍ പിന്നെ മുഹമ്മദ് ഒരു രാജാവായിരിക്കാം. എങ്കില്‍ അതും നിനക്ക് അഭിമാനവും ഗുണവും ചെയ്യും. ഏതായാലും വൈകാതെ നീ ആ പ്രവാചകന്റെ അടുത്തെത്തണം എന്നാണ് എന്റെ അഭിപ്രായം.



അദിയ്യിന്റെ മനസ്‌സുണര്‍ന്നു. അദിയ്യ് മദീനായിലേക്ക് പുറപ്പെട്ടു.
അദിയ്യ് മദീനയിലെത്തി. പള്ളിയിലെത്തിയ ആഗതനെ കണ്ട നബി(സ) ആരാഞ്ഞു: -ആരാണ്?. അദിയ്യ് പറഞ്ഞു:
-ഞാന്‍ അദിയ്യ് ബിന്‍ ഹാത്വിം. തന്റെ കയ്യില്‍ നിന്നും വഴുതിപ്പോയ ഇസ്‌ലാമിന്റെ ഒരു വിരോധി മുമ്പില്‍ നില്‍ക്കുമ്പോള്‍ പക്ഷേ, നബിതിരുമേനി ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ അനിഷ്ടമോ വെറുപ്പോ പ്രകടിപ്പിച്ചില്ല. നബി(സ) എഴുനേററു. അദിയ്യിനോട് പറഞ്ഞു:
-വരൂ.
അവര്‍ വീട്ടിലേക്ക് നടന്നു.
വഴിയില്‍ അവര്‍ക്കെതിരെ ഒരു വൃദ്ധ നടന്നുവരുന്നത് അദിയ്യ് കണ്ടു. വൃദ്ധ നബിയുടെ മുമ്പില്‍ നിന്നു. നബി(സ) ആ വൃദ്ധയുടെ മുമ്പില്‍ അവര്‍ക്കുപറയാനുള്ളത് താല്‍പര്യപൂര്‍വ്വം കേട്ടുനിന്നു. നഗരത്തിന്റെ സുല്‍ത്താനോട് നിസ്‌സാരയായ ഒരു വൃദ്ധസ്ത്രീ അദ്ദേഹത്തെ വഴിയില്‍ പിടിച്ചുനിറുത്തി സംസാരിക്കുന്നതു കണ്ടപ്പോള്‍ അദിയ്യിനത് ഒരു പുതിയ അനുഭവമായി. യാതൊരു തലക്കനവുമില്ലാതെ ഒരു വൃദ്ധയുടെ മുമ്പില്‍ പോലും നിന്നുകൊടുക്കുകയും അവരുടെ കാര്യങ്ങള്‍ സാകൂതം കേള്‍ക്കുകയും ചെയ്യുന്ന ആ രംഗം അയാളുടെ മനസ്‌സിലെ ധാരാണകളുടെ കെട്ടുകളഴിച്ചു. ഇത്തരമൊരു സ്ത്രീക്കുപോലും പ്രാപ്യനായ ഭരണാധികാരി അയാള്‍ക്കൊരു പുതിയ കാഴ്ച തന്നെയായിരുന്നു.
-ഇദ്ദേഹം ഒരു രാജാവല്ല തന്നെ അദിയ്യിന്റെ മനസ്‌സ് പറഞ്ഞു.



നടന്നുനടന്ന് അവര്‍ വീട്ടിലെത്തി. മദീനായിലെ സുല്‍ത്താന്റെ വീടിനകം അദിയ്യിനെ വീണ്ടും ചിന്തിപ്പിച്ചു. വളരെ വിനയാന്വിതമായ വീട്. മദീനായിലെ സാധാരണവീടുകളില്‍ നിന്നും യാതൊരു വിത്യാസവുമില്ലാത്ത വീട്. നബി(സ) ആദരപൂര്‍വ്വം ഇരിക്കുവാനാവശ്യപ്പെട്ടപ്പോഴും പുതിയ അനുഭവങ്ങളുടെ വേലിയേററങ്ങളിലായിരുന്നു അയാളുടെ മനസസ്. ആകെ ആ മുറിയിലുണ്ടായിരുന്ന ഏക ഇരിപ്പിടം നീക്കിക്കൊടുത്ത് നബി(സ) അദിയ്യിനോട് പറഞ്ഞു:
- ഇരിക്കൂ. അദിയ്യ് പറഞ്ഞു:
- അല്ല, താങ്കള്‍ ഇരിക്കൂ. നബി(സ) പക്ഷേ അദിയ്യിനെ നിര്‍ബന്ധിച്ചിരുത്തി. ഇല നിറച്ച ആ ഇരിപ്പിടത്തില്‍ അദിയ്യ് ഇരുന്നപ്പോള്‍ നബി(സ) നിലത്ത് ഇരുന്നു. അദിയ്യിന്റെ മനസ്‌സ് വീണ്ടും പറഞ്ഞു:
- അല്ല, ഒരിക്കലും ഇദ്ദേഹമൊരു രാജാവല്ല. ഒരു രാജാവിന്റെ സ്വഭാങ്ങളല്ല ഇതൊന്നും. രാജാവല്ലെന്ന് വന്നാല്‍ പിന്നെ അദിയ്യിനറിയേണ്ടത് ഇദ്ദേഹം പ്രവാചകനാണോ എന്നതാണ്. അതറിയുവാന്‍ അയാളുടെ മനസ്‌സ് വെമ്പി.



അവര്‍ സംസാരം തുടങ്ങി. നബി(സ) ചോദിച്ചു:
-അദിയ്യ് താങ്കളൊരു റകൂസി(ജൂത-ക്രൈസ്തവ സങ്കരവിശ്വാസി)യല്ലേ?
-അതെ.
-താങ്കള്‍ കൊള്ളപ്പലിശ വാങ്ങിയല്ലേ ജീവിക്കുന്നത്?
-അതെ
-അതു താങ്കളുടെ മതത്തിന് വിരുദ്ധമല്ലേ?
-അതെ
തന്റെ ജീവിതത്തിന്റെ ഓരോ ഏടുകളും നിവര്‍ത്തി നബി(സ) പറയുന്നത് അദിയ്യിനെ വല്ലാതെ ആകര്‍ഷിച്ചു. നബി(സ) വീണ്ടും വാചാലനായി.
-അദിയ്യ്, ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ദാരിദ്രമാകാം ഇസ്‌ലാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താങ്കളെ തടയുന്ന ഒരു കാര്യം. എന്നാല്‍ കേട്ടുകൊള്ളൂ, ഒരു കാലത്ത് മുസ്‌ലിംകളുടെ കയ്യില്‍ പണം വന്നുനിറയുകയും വെറുതെകൊടുത്താല്‍ പോലും വാങ്ങുവാന്‍ ആളില്ലാതെ വരികയും ചെയ്യുന്ന സാഹചര്യം വരിക തന്നെ ചെയ്യും. അല്ലെങ്കില്‍ താങ്കളെ തടയുന്നത്, ഞങ്ങളുടെ എണ്ണക്കുറവും ഞങ്ങളുടെ ശത്രുക്കളുടെ ബാഹുല്യവുമാകാം. എന്നാല്‍ കേട്ടുകൊള്ളൂ, ഖാദിസിയ്യായില്‍ നിന്നും നിര്‍ഭയയായി ഒരു സ്ത്രീക്ക് ഈ ഭവനത്തിങ്കല്‍ വന്നുപോകുവാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു സാഹചര്യം ഉണ്ടാവുകതന്നെ ചെയ്യും. അതുമല്ലെങ്കില്‍ താങ്കളെ തടയുന്നത്, അധികാരം മററുള്ളവരുടെ കൈകളിലാണ് എന്നതായിരിക്കാം. എന്നാല്‍ കെട്ടോളൂ, ബാബിലോണിയായിലെ വെണ്ണക്കല്‍ കൊട്ടാരങ്ങള്‍ മുസ്‌ലിംകള്‍ കീഴടക്കുന്ന ഒരു കാലം വരികതന്നെ ചെയ്യും..
നബി(സ) അവസാനം ഇങ്ങനെ പറഞ്ഞു നിറുത്തി:
-അദിയ്യ്, മുസ്‌ലിമാവുക. വിമോചിതനാവുക.



അല്ലാഹു അദിയ്യ് ബിന്‍ ഹാത്വിമിന്റെ മനസ്‌സില്‍ ഹിദായത്തിന്റെ വെളിച്ചം കത്തിച്ചു. അദ്ദേഹം മുസ്‌ലിമായി. ഹിജ്‌റ ഏഴാം വര്‍ഷം മുതല്‍ തന്റെ നൂററി ഇരുപതാം വയസ്‌സില്‍ മരണപ്പെടും വരെ പിന്നെ ഈ സ്വഹാബീവര്യന്‍ ഇസ്‌ലാമിന്റെ മുന്നണിയില്‍ സജീവമായുണ്ടായിരുന്നു. നബി(സ)യുടെ വിനയം കണ്ട് ഇസ്‌ലാമിലെത്തിയ അദിയ്യെന്ന ഗോത്രപ്രമുഖന്‍ സ്വന്തം ജീവിതത്തില്‍ അതു പകര്‍ത്തുകയും അതിന്റെ പ്രചാരനാവുകയും ചെയ്യുന്ന ചരിത്രകാഴ്ച ഏറെ ഹൃദയഹാരിയാണ്.



അരുത്, അങ്ങനെ പറയരുത്..



ഒരിക്കല്‍ ഒരു മുസ്‌ലിമും ജൂതനും തമ്മില്‍ ഒരു വാക്കേററമുണ്ടായി. വാക്കേററം മൂത്തു. രണ്ടുപേരും തങ്ങളുടെ വാദങ്ങള്‍ക്ക് സത്യം ചെയ്യുവാന്‍ നിര്‍ബന്ധിതരായി. മുസ്‌ലിം പറഞ്ഞു: മുഹമ്മദ് നബിയെ ലോകത്തിനുമേല്‍ ശ്രേഷ്ടനാക്കിയവനാണ് സത്യം... അതുകേട്ടതും ജൂതന്‍ പറഞ്ഞു: ‘മൂസാ നബിയെ ലോകത്തിനുമേല്‍ ശ്രേഷ്ടനാക്കിയവനാണ് സത്യം... വിഷയം കനത്തു. രണ്ടുപേരുടെയും മതവികാരങ്ങള്‍ പുറത്തുചാടി. മുസ്‌ലിമിന് കൂടുതല്‍ ക്ഷമിക്കുവാന്‍ കഴിഞ്ഞില്ല. അയാള്‍ അയാളുടെ നബിയുടെ കാഴ്ചപ്പുറത്ത് ജീവിക്കുകയാണല്ലോ. മുസ്‌ലിം ജൂതന്റെ കരണത്തടിച്ചു.
വേദനയും മാനഹാനിയും സംഭവിച്ച ജൂതന്‍ നേരെ നബിയുടെ അടുത്തേക്ക് പരാതിയുമായി ചെന്നു. നബി(സ) മുസ്‌ലിമിനെ വിളിച്ചുവിചാരണ ചെയ്തു. നടന്നതൊക്കെ ഗ്രഹിച്ചപ്പോള്‍ നബി(സ) ചുററും കൂടിയവരോട് പറഞ്ഞു: അങ്ങനെ എന്നെ സംബന്ധിച്ച് വീമ്പ് നടിക്കുംവിധം പറയരുത്’. അര്‍ഹതയുടെ മുമ്പിലും അവിടെ കണ്ടത് നബിയുടെ വിനയം മാത്രമായിരുന്നു.
നബിതിരുമേനി ലോകത്തിന്റെ നേതാവാണ്. എല്ലാ പ്രവാചകരേക്കാളും ശ്രേഷ്ഠന്‍. അല്ലാഹുവിന്റെ റസൂലാണവര്‍. എന്നിട്ടും അവര്‍ തന്നെ പററി പറഞ്ഞിരുന്നത് അല്ലാഹുവിന്റെ ദാസനാണ് ഞാനെന്നായിരുന്നു. ഒരിക്കല്‍ അനുയായികളില്‍ ചിലര്‍ നബിയെ ‘യാ സയ്യിദനാ.. എന്ന് അഭിസംബോധന ചെയ്യകയുണ്ടായി. നബി(സ) അവരോട് പറഞ്ഞു: ഞാന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ലയാണ്. അല്ലാഹുവിന്റെ ദാസനും ദൂതനുമായ.. (അഹ്മദ്)
ഒരിക്കല്‍ നബി(സ) ആശായ(റ)യോട് പറഞ്ഞു: വേണമെന്നുണ്ടെങ്കില്‍ പര്‍വ്വതങ്ങള്‍ എനിക്കുവേണ്ടി സ്വണ്ണമായിത്തീരും. എന്റെ അടുക്കല്‍ ഒരു മലക്ക് വന്നു. എന്നോട് ചോദിച്ചു: നബിയേ അങ്ങേക്ക് ദാസനും ദൂതനുമാണോ അതോ ദൂതനും രാജാവുമാണോ ആവേണ്ടത്?. ഞാന്‍ ദാസനും ദൂതനുമായാല്‍ മതിയെന്ന് നിശ്ചയിച്ചു. (ത്വബറാനി). ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അവര്‍ ചാരിയിരിക്കുമായിരുന്നില്ല. അതിനു കാരണവും ഒരിക്കല്‍ അവര്‍ പറയുകയുണ്ടായി: അടിമകള്‍ കഴിക്കും പോലെ കഴിക്കുവാനും അടിമകള്‍ ഇരിക്കും പോലെ ഇരിക്കുവാനും ഞാനാഗ്രിക്കുന്നുb(ത്വബറാനി)



അവസരം.



ഹിജ്‌റ എട്ടാം വര്‍ഷം നബി(സ)ക്ക് ഒരാണ്‍കുഞ്ഞ് ജനിച്ചു. ആണ്‍മക്കളൊന്നും ജീവിക്കാതെ മരിച്ചുപോയ നബിക്ക് തന്റെ അറുപതാം വയസ്‌സില്‍ ലഭിച്ച ഈ കുഞ്ഞിന്റെ ജനനം വല്ലാത്ത സന്തോഷമുണ്ടാക്കി. നബി(സ)യുടെ ഈജിപ്ഷ്യന്‍ അടിമഭാര്യ മാരിയ(റ)യായിരുന്നു കുഞ്ഞിന്റെ മാതാവ്. ഇബ്‌റാഹീം എന്ന് നബി(സ) കുഞ്ഞിന് പേര് വിളിച്ചു. കുഞ്ഞിന് മുലയൂട്ടി പരിചരിച്ചുവളര്‍ത്തുവാന്‍ ഉമ്മുസൈഫ് (മറെറാരഭിപ്രായത്തില്‍ ഉമ്മു ബുര്‍ദ) എന്നവരെ ഏല്‍പ്പിച്ചു. കുഞ്ഞിനോടുള്ള സ്‌നേഹം കാരണം നബി(സ) ഇടക്കിടെ കുഞ്ഞിനെ കാണുവാന്‍ പോകുമായിരുന്നു.



പതിനാറോ പതിനേഴോ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിവസം ഇബ്‌റാഹീമിന് അസുഖം ബാധിച്ചു. നബി(സ) മകന്റെ അടുത്ത് ഓടിയെത്തി.  വല്ലാത്ത വേദന നബിയില്‍ പ്രകടമായിരുന്നു. അവസാനം നബി(സ)യെയും സമൂഹത്തെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി ഇബ്‌റാഹീം വിടപറഞ്ഞു. നബി(സ) പറഞ്ഞു: നിശ്ചയം ഇബ്‌റാഹീം നിന്റെ വേര്‍പാടില്‍ ഞങ്ങള്‍ അതീവദുഖിതരാണ്.
ഇബ്‌റാഹീമിന്റെ ദുഖം മദീനയില്‍ തളംകെട്ടി നിന്ന ആ ദിവസം മദീനായില്‍ ഒരു സൂര്യഗ്രഹണം അനുഭവപ്പെട്ടു. പെട്ടെന്ന് വെയില്‍ മങ്ങിയതോടെ ജനങ്ങള്‍ ആശങ്കാകുലരായി. പില്‍ക്കാലത്തേതുപേലെ ശാസ്ത്രസാങ്കേതികതകള്‍ വിപുലപ്പെടുകയും ഗ്രഹണങ്ങളും അതിന്റെ സമയങ്ങളും മററുമെല്ലാം നേരത്തെ പ്രവചിക്കുകയും ചെയ്യുന്ന സാഹചര്യമൊന്നും അന്നില്ലായിരുന്നു. അതിനാല്‍ പെട്ടെന്ന് സൂര്യപ്രഭ മങ്ങുന്നതോടെ സ്വാഭാവികമായ ഒരു ആശങ്ക ജനങ്ങളില്‍ പതിവായിരുന്നു. സൂര്യനെയും ചന്ദ്രനെയുമൊക്കെ ആരാധ്യവസ്തുക്കളായി പോലും കണ്ടിരുന്ന ഒരു ലേകാക്രമത്തില്‍ ഗ്രഹണങ്ങളെപ്പററി വിചിത്രമായ ഒരു പാട്തരം വിശ്വാസങ്ങള്‍ നിലവിലുണ്ടായിരുന്നുതാനും.
ഇത്തരം സാഹചര്യങ്ങളില്‍ സംഭവിച്ച ആ ഗ്രഹണത്തെപ്പററി പൊതുജനങ്ങളുടെ ചിന്ത ആദ്യം പോയത് നബിരിതുമേനിയുടെ മകന്‍ ഇബ്‌റാഹീമിന്റെ മരണമാണ്, ഈ ഗ്രഹണത്തിന് കാരണം എന്നതിലേക്കായിരുന്നു. ആരോ അങ്ങനെ അഭിപ്രായപ്പെട്ടു. ആ സാഹചര്യത്തിന്റെ തീവ്രസമ്മര്‍ദ്ദങ്ങള്‍ അതിന് പെട്ടെന്ന് തന്നെ അംഗീകാരം നല്‍കുകയും ചെയ്തു.



നബി(സ)യുടെ ചെവിയിലുമെത്തി ഈ വിവരം.
ഗ്രഹണനിസ്‌കാരം നിര്‍വ്വഹിച്ചുകഴിഞ്ഞയുടനെ നബി(സ) ജനങ്ങള്‍ക്കുമുമ്പില്‍ എഴുനേററ് നിന്ന് ഇങ്ങനെ പറഞ്ഞു: സൂ ര്യനും ചന്ദ്രനും അല്ലാഹുവിന്റെ രണ്ടു ദൃഷ്ടാന്തങ്ങള്‍ മാത്രമാകുന്നു. ഓരാളുടെ ജനനത്തിനും മരണത്തിനും അവക്ക് ഗ്രഹണം ബാധിക്കുകയില്ല. മററുള്ളവരുടെ മുമ്പില്‍ കൃത്രിമമായിട്ടാണെങ്കില്‍ പോലും ഒരു പരിവേഷം ഉണ്ടാക്കിയെടുക്കുവാനുള്ള മാനുഷികമായ ത്വരകളുണ്ടായിട്ടും ഒരു ചെറിയ മൗനം പോലും തനിക്കും തന്റെ മകനും മഹത്വപരിവേഷം ചാര്‍ത്തും എന്നുവന്നിട്ടും നബി(സ) അത്തരം മഹത്വങ്ങളേക്കാള്‍ വിനയത്തിനും സത്യത്തിനും മാത്രം പ്രാമുഖ്യം നല്‍കുകയായിരുന്നു.






ഒരു മാസമെന്നാല്‍..



ഉമര്‍(റ) പറയുകയാണ്.
ഞാന്‍ മദീനയുടെ ഹൃദയഭൂമിയില്‍ നിന്ന് അല്‍പം അകലെയാണ് താമസിച്ചിരുന്നത്. എന്റെ അയല്‍വാസിയും സുഹൃത്തും ഒരു അന്‍സ്വാരിയായിരുന്നു. ഊഴമനുസരിച്ച് ഓരോ ദിവസങ്ങളിലായിരുന്നു ഞങ്ങളിരുവരും മദീനയിലേക്ക് പോകാറുണ്ടായിരുന്നത്. ഞാന്‍ പോകുന്ന സമയത്ത് ഞങ്ങളുടെ വീടും സമ്പത്തുമെല്ലാം അദ്ദേഹവും അദ്ദേഹം പോകുമ്പോള്‍ ഞാനും നോക്കുകയും സംരക്ഷിക്കുകയുമായിരുന്നു പതിവ്. മദീനയില്‍ നിന്ന് തിരിച്ചെത്തിയാലുടനെ ഞങ്ങള്‍ കൈമാറാറുണ്ടായിരുന്നത് നബി(സ)യുടേയും സ്വഹാബിമാരുടെയും ഇസ്‌ലാമിക സമൂഹത്തിന്‍േറയും വിവരങ്ങ ളായിരുന്നു.



ഒരു ദിവസം എന്റെ അയല്‍ക്കാരന്‍ വന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു. അദ്ദേഹം ശ്വാസമടക്കുവാന്‍ പ്രയാസപ്പെട്ടുകൊണ്ട് പറഞ്ഞു: ഒരു വലിയ വാര്‍ത്തയുണ്ട്’
എന്താണ്?, ഗസ്‌സാനികള്‍ മദീനയിലേക്ക് ഇരച്ചുകയറിയോ? (ഗസ്‌സാനികളുടെ ആക്രമണഭീഷണി നിലനില്‍ക്കുന്ന സമയമായിരുന്നു അത്)
അല്ല, അതിനേക്കാളും വലിയ ഒരു സംഭവമുണ്ടായിരിക്കുന്നു, നബി(സ) തന്റെ ഭാര്യമാരെയെല്ലാം ത്വലാഖ് ചെയ്തിരിക്കുന്നു.
നബി(സ) തന്റെ ഭാര്യമാരെയെല്ലാം വിവാഹമോചനം ചെയ്തു എന്ന ആ വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടി.



ആദ്യം ഞാന്‍ എന്റെ മകള്‍ ഹഫ്‌സയെ ശപിക്കുകയായിരുന്നു. നബി(സ)യുടെ ഭാര്യമാരില്‍ ഒരാളായ തന്റെ മകള്‍ക്ക് ഒരു വലിയ ആപത്ത് സംഭവിച്ചതായിട്ടായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. അതോടൊപ്പം നബി(സ)ക്ക് തന്റെ ഭാര്യമാരെ മുഴുവനും വിവാഹമോചനം ചെയ്യേണ്ട സാഹചര്യം വന്നത് ഒരു വലിയ ദുരന്തമായി തോന്നി. പിറേറന്ന് നേരം പുലര്‍ന്നതും ഞാന്‍ മദീനയിലേക്ക് പുറപ്പെട്ടു.



ഞാന്‍ മദീനയില്‍ മസ്ജിദുന്നബവിയിലെത്തി. അവിടെ കണ്ടകാഴ്ച എന്നെ കൂടുതല്‍ ആശങ്കപ്പെടുത്തി. പള്ളിയില്‍ സ്വഹാബിമാരെല്ലാം തേങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു. നബി(സ)യാകട്ടെ നിസ്‌കാരം കഴിഞ്ഞതും വേഗം പള്ളിയില്‍ നിന്ന് പുറത്തുകടന്നു. ഭാര്യമാരുടെ വീടുകളിലേക്ക് പോവാതെ പതിവിനു വിപരീതമായി നബി(സ) തെലപ്പുറത്തുള്ള ഒരു സ്വകാര്യറൂമിലേക്ക് പോകുന്നു. ഞാന്‍ സ്വഹാബിമാരിലൊരാളുടെ അടുത്തെത്തി. നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയെന്നത് ശരിയാണോ?; ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ക്കറിയില്ല
പിന്നീട് നേരെ ഞാന്‍ പോയത് മകള്‍ ഹഫ്‌സ്വ(റ)യുടെ വീട്ടിലേക്കാണ്. അവിടെ മകള്‍ ഹഫ്‌സ്വ അതീവ ദുഖിതയാ യിരിക്കുകയാണ്. മകളോട് ഞാന്‍ ചോദിച്ചു: നബി(സ) നിങ്ങളെയെല്ലാം ത്വലാഖ് ചൊല്ലിയെന്നത് നേരാണോ?. മകള്‍ പറഞ്ഞു: ഞങ്ങള്‍ക്കറിയില്ല.



ഞാന്‍ നേരെ നബി(സ) ഇരിക്കുന്നിടത്തേക്ക് പോകുവാന്‍ തീരുമാനിച്ചു. അവിടേക്ക് നടന്നു. അവിടെ ഒരു കറുത്ത അടിമ നബിതിരുമേനിയുടെ റൂമിന് കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു.
അടിമയോട് ഞാന്‍ നബി(സ)യുടെ അടുത്ത് ചെന്ന് തനിക്കകത്തേക്ക് വരാന്‍ സമ്മതം ചോദിച്ചുവരുവാന്‍ ആവശ്യപ്പെട്ടു. അടിമ അകത്തേക്ക് പോയി. തെല്ലുകഴിഞ്ഞ് പുറത്തേക്ക് വരുമ്പോള്‍ അടിമയുടെ മുഖത്ത് നിരാശ തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ അടിമയോട് വിവരം ചോദിച്ചു. ഉമര്‍ വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടെന്നും അകത്തുവരാന്‍ സമ്മതം ചോദിക്കുന്നുണ്ടെന്നും കേട്ടിട്ടും നബി(സ) ഒന്നും മിണ്ടിയില്ല എന്നറിഞ്ഞപ്പോള്‍ നബി(സ) വലിയൊരു മാനസികാവസ്ഥയിലാണെന്ന് എനിക്കു മനസ്‌സിലായി. ഞാന്‍ നിരാശയോടെ പള്ളിയിലേക്ക് മടങ്ങി.



എനിക്കധികം സഹിക്കുവാന്‍ കഴിഞ്ഞില്ല. അല്‍പം കഴിഞ്ഞ് ഞാന്‍ വീണ്ടും നബിയുടെ വാതില്‍ക്കലെത്തി. അടിമ പതിവുപോലെ തനിക്കുവേണ്ടി പ്രവേശനാനുമതി തേടിയെങ്കിലും ലഭിച്ചില്ല. എനിക്ക് വല്ലാത്ത വിഷമം വന്നു. ഞാന്‍ പള്ളിയിലേക്ക് വീണ്ടും നടന്നു. തെല്ലുകഴിഞ്ഞ് വീണ്ടും വന്നു. അപ്പോഴും പ്രവേശനാനുമതി ലഭിക്കാതെ അടിമ തിരിച്ചുവന്നു. മൂന്നാമതും നിരാശനായി പള്ളിയിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളിയാളം കേട്ടു. ആ അടിമയാണ്. അബൂ ഹഫ്‌സ്വ്, താങ്കള്‍ക്ക് സമ്മതം തന്നിരിക്കുന്നു. സന്തോഷത്തോടെ ഞാന്‍ നബി(സ)യുടെ റൂമിലേക്ക് നടന്നു. നബി(സ) വല്ലത്ത ഒരു മാനസിക അവസ്ഥയിലാണ്. നബി(സ)യെ ഒന്നു സന്തോഷിപ്പിച്ച് പ്രശ്‌നത്തിനു ആദ്യമൊരു ആയാസമുണ്ടാക്കണം എന്നതാണ് ഏററവും ആദ്യത്തെ പദ്ധതി. തന്റെ മകളെ ത്വലാഖ് ചെയ്തതടക്കമുള്ള പ്രശ്‌നങ്ങളേക്കാളെല്ലാം വലിയ പ്രശ്‌നവും പ്രയാസവും നബി(സ)യുടെ മനസ്‌സിന്റെ വേദനയാണ്. അതു തീര്‍ന്നാല്‍ എല്ലാം തീര്‍ന്നു. അതു നിലനില്‍ക്കേ എന്തുണ്ടായിട്ടും കാര്യമില്ല.



ഞാന്‍ അകത്തേക്ക് കടന്നു. വളരെ ലളിതമായ ആ മൂറിയില്‍ കിടക്കുകയായിരുന്നു നബിതങ്ങള്‍. എന്നെക്കണ്ടതും നബി(സ) എഴുന്നേററിരുന്നു. ഞാന്‍ ശ്രദ്ധിച്ചു. നബി(സ)യുടെ മുഖം വല്ലതെ ക്ഷീണിച്ചിരിക്കുന്നു. ദുഖമോ വിഷമമോ അവിടെ തളംകെട്ടിനില്‍ക്കുന്നുണ്ട്. എനിക്ക് വിഷമം തോന്നി. നബി(സ)യുടെ പ്രക്ഷുബ്ദമായ മനസ്‌സിനു ഇത്തിരി ആശ്വാസം പകരുന്ന ഒരു തമാശ പറയുവാനാണ് എനിക്ക് തോന്നിയത്. അത് ഒരു പക്ഷേ, മങ്ങിക്കിടക്കുന്ന മുഖകമലത്തില്‍ ശോഭ പരത്തിയേക്കും എന്ന് ഞാനനുമാനിച്ചു.



ഞാന്‍ പറഞ്ഞു: നബിയേ, നാം മക്കയിലായിരുന്നപ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് നമ്മെ ഭയമായിരുന്നു. എന്നാല്‍ മദീനായിലെത്തിയതും അവരെ നാം ഭയപ്പെടുന്ന സഹാചര്യം വന്നിരിക്കുകയാണ്. നബിയേ, നോക്കൂ, എന്റെ ഭാര്യ ആതിഖ ബിന്‍തു സൈദ് ദരിദ്രനും അശരണനുമായ എന്നോട് അമിതമായി ചിലവിനു ചോദിച്ചുതുടങ്ങിയിരിക്കുകയാണ്. എന്നോട് ആതിഖ സ്വണ്ണത്തിന്റെയും വെള്ളിയുടേയും ആഭരണങ്ങള്‍ ചോദിക്കുകയാണ്. അവ കൊടുക്കാതിരിക്കുമ്പോള്‍ ദേഷ്യപ്പെടുകയും ചെയ്യുകയാണ്. തമാശകേട്ടതും നബിയുടെ മുഖം വിടര്‍ന്നു. വരണ്ടുകിടക്കുകയായിരുന്ന ചുണ്ടില്‍ ഒരു മന്ദസ്മിതം തെളിഞ്ഞു. എനിക്ക് സന്തോഷമായി. നബി(സ) പുഞ്ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കുവാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു






ആ റൂമിലെ ചുററുപാടുകള്‍ ഞാന്‍ വീണ്ടും നോക്കി. വളരെ ദൈന്യത നിറഞ്ഞവയായിരുന്നു അവിടെയുള്ളതെല്ലാം. കിടക്കുവാന്‍ ആകെയുള്ളത് ഒരു ഈന്തപ്പനയോലപ്പായയാണ്. അതില്‍ കിടന്നതിന്റെ പാടുകള്‍ ചുവന്നുവെളുത്ത പൂമേനിയില്‍ പതിഞ്ഞുകിടക്കുന്നതു കണ്ടപ്പോള്‍ എനിക്ക് സങ്കടം വന്നു. പിന്നെ ഞാന്‍ തെല്ലുഗൗരവം വീണ്ടെടുത്ത് ചോദിച്ചു: നബിയേ, താങ്കള്‍ ഭാര്യമാരെ ത്വലാഖ് ചൊല്ലിയോ?. നബി(സ) പറഞ്ഞു: ഇല്ല. സന്തോഷത്താല്‍ ഞാന്‍ ഉറക്കെ വിളിച്ചുപറഞ്ഞു: അല്ലാഹു അക്ബര്‍.



എനിക്കാശ്വാസമായി, പ്രചരിച്ചതുപോലെ നബി(സ) ഭാര്യമാരെ ത്വലാഖ് ചൊല്ലിയിട്ടില്ല. എന്തോ കുടുംബ പ്രശ്‌നമാണ്.
കാര്യങ്ങളെല്ലാം എനിക്ക് മനസ്‌സിലായി. നബി(സ) ഒരു മാസത്തേക്ക് ഭാര്യമാരില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ പ്രതിജ്ഞ ചെയ്തതാണ്. അവര്‍ നബി(സ)യോട് ചിലവിനുള്ള വകയും ഭൗതികമായ കൂടുതല്‍ സൗകര്യങ്ങളും ചോദിക്കുകയുണ്ടായി. അതേചൊല്ലിയാണ് നബി(സ) അവരെ ഈലാഅ് ചെയ്ത് നിറുത്തിയിരിക്കുന്നത്. ഇതു നബി(സ)യുടെ തീരുമാനമാണ്. അതിനാല്‍ തന്നെ അത് അല്ലാഹുവിന്‍േറതുമാണ്. അതിലാര്‍ക്കും ഇതിനപ്പുറം ഇടപെടുവാനാകില്ല. ഒരു മാസം ഇനി ഈ പ്രശ്‌നത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയല്ലാതെ മാര്‍ഗമില്ല.



ഇരുപത്തിയൊമ്പത് ദിവസങ്ങള്‍ കഴിഞ്ഞു. വിഷയത്തില്‍ അല്ലാഹു ശക്തമായി ഇടപെട്ടു. വിശുദ്ധഖുര്‍ആനിലെ അല്‍ അഹ്‌സാബ് സൂറയിലെ 28,29 സൂക്തങ്ങളുമായി ജിബ്‌രീല്‍(അ) വന്നു. അല്ലാഹു പറഞ്ഞു: നബിയേ താങ്കള്‍ താങ്കളുടെ ഭാര്യമാരോട് പറയുക, നിങ്ങള്‍ ഭൗതികജീവിതവും അതിലെ അലങ്കാരവുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വരൂ, നിങ്ങള്‍ക്ക് ഞാന്‍ ജീവിതവിഭവം നല്‍കുകയും ഭംഗിയായ നിലയില്‍ നിങ്ങളെ മോചിപ്പിച്ചുതരികയും ചെയ്യാം. അല്ലാഹുവിനെയും തിരുദൂതരെയും പരലോകഭവനത്തെയുമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയം നിങ്ങളില്‍ സദ്‌വൃത്തരായവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം തയ്യാറാക്കിവെച്ചിക്കട്ടുണ്ട്.
വിഷയവും അല്ലാഹുവിന്റെ വിധിയും സംഗതിയുടെ ഗൗരവത്തെ കാണിക്കുന്നവയാണ്. എളിമയും വിനയവുമുള്ള ജീവിതത്തിന്റെ മാതൃകയാവേണ്ട നബികുടുംബത്തിലാണ് ഭൗതികപ്രമത്തതയുടെ സ്വരമുള്ള ആവശ്യങ്ങളുമായി ഭാര്യമാര്‍ നബി(സ)യെ സമീപിച്ചിരിക്കുന്നത്. എല്ലാ നീതികളുടേയും പ്രയോക്താവും സംരക്ഷകനുമായ നബിതിരുമേനിയുടെ മുമ്പിലാണ് അവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. അത് കാര്യങ്ങളെ കൊണ്ടെത്തിച്ചത് ഭാര്യമാരെ ഉപരോധിക്കുക എന്ന നിലപാടിലേക്കായിരുന്നു. ഭാര്യമാരോട് അഗാഥമായ സ്‌നേഹവും കാരുണ്യവും കാണിക്കുന്ന നബി(സ) ഒരു മാസത്തേക്കാണ് അവരെ താല്‍കാലികമായി ഉപേക്ഷിച്ചിരിക്കുന്നത്.
അല്ലാഹുവാകട്ടെ, തന്റെ വിധിയിലൂടെ നബിയുടെ പക്ഷം നിന്നിരിക്കുകയാണ്. ഭൗതികത വേണമെങ്കില്‍ മാന്യമായി അവരെ ഒഴിവാക്കിക്കൊടുക്കാമെന്ന് പറയുവാനാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശം.



മനസ്‌സിനുള്ളില്‍ ഒരു മാസക്കാലമായി കത്തിനില്‍ക്കുന്ന രോഷം വാശിയോടെയും ഗൗരവത്തോടെയും അവസാനിപ്പിക്കുവാനും നൈതികമായ തന്റെ നിലപാടു കളില്‍ സംശയിക്കുന്ന വിധത്തിലുള്ള ഈ നയങ്ങളില്‍ അവരെ ശിക്ഷിക്കുവാനുമുള്ള സാഹചര്യം നബി(സ)യുടെ കയ്യില്‍ വന്നിരിക്കുകയാണ്.
പക്ഷേ, കാരുണ്യത്തിന്റെ ദൂതന്‍ സ്വന്തം കിടപ്പുമുറിയില്‍ പോലും തന്റെ വിനയം വിട്ടുകളയുവാന്‍ തയ്യാറല്ല. സ്‌നേഹത്തിന്റെ പര്യായമായ നബിനായകന്‍ മുപ്പതു ദിവസം തികയുന്നതുപോലും കാത്തുനില്‍ക്കാരതെ ഇരുപത്തി യൊമ്പതാം ദിവസം തന്നെ തന്റെ ഭാര്യമാരുടെ അടുത്തെത്തി. ആദ്യം കയറിയത് ആയിശാ(റ)യുടെ വീട്ടിലായിരുന്നു. ദിവസങ്ങളെണ്ണി തികഞ്ഞ ആശങ്കയോടെ ഇരിക്കുകയായിരുന്ന ആയിശാ(റ) നബി(സ)യോട് ചോദിച്ചു: നബിയേ, ഇരുപത്തൊമ്പതു ദിവസമല്ലേ ആയിട്ടുള്ളൂ?.



നബി(സ) ചിരിച്ചുകൊണ്ട് പറഞ്ഞു: മാസം ഇരുപത്തൊമ്പതുമാകാം. സ്‌നേഹവും വിനയവും ബഹുമാനവുമെല്ലാം ചേര്‍ന്നുനിന്നമ്പോള്‍ ഒരു വിടവും അവശേഷിക്കാതെ നബികുടുംബം മനോഹരമായി വിളക്കിച്ചേര്‍ക്കപ്പെട്ടു. അല്ലാഹുവിനെയും തിരുദൂതരെയും പരലോകജീവിതത്തേയും തെരഞ്ഞെടുത്ത അവര്‍ ജീവിതനൗകകളില്‍ കയറീയിരുന്ന് വീണ്ടും മുന്നോട് തുഴഞ്ഞു..



പ്രവാചക സുല്‍ത്വാന് എളിമയുടെ കൊട്ടാരം.



മദീനായില്‍ നബിതിരുമേനിയും സ്വഹാബിമാരും കൂടി മസ്ജിദുന്നബവിയുടെ പണി പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ നബിക്കും കുടുംബത്തിനും താമസിക്കുവാന്‍ ആവശ്യമായ താമസസ്ഥലങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഓരോ ഭാര്യമാര്‍ക്കും താമസിക്കുവാന്‍ പ്രത്യേകം പ്രത്യേകമായി ഉണ്ടാക്കിയ ഈ വീടുകള്‍ വെറും റൂമുകള്‍ പോലെ തോന്നിപ്പിക്കുന്നവയായിരുന്നു. ലാളിത്യത്തിന്റെയും വിനയത്തിന്റെയും എല്ലാ നിറങ്ങളും ഗുണങ്ങളും കൂട്ടുകളും കുറവുകളും സമ്മേളിച്ച ഈ വീടുകളിലായിരുന്നു പേര്‍ഷ്യന്‍, റോമന്‍ ആധിപത്യങ്ങളെ തുരത്തിയെറിഞ്ഞ് ഇരുട്ടുകള്‍ വലിച്ചുവകഞ്ഞുമാററി മനുഷ്യന്റെ പാതയില്‍ വെളിച്ചവും പാഥേയവുമൊരുക്കിയ ശ്രേഷ്ഠന്‍ ജീവിച്ചിരുന്നത.് അടുത്തു നിന്ന് നോക്കിക്കാണുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നവയായിരുന്നു അവകളും അവയിലുള്ളവയും.



ആദ്യം നിര്‍മ്മിച്ചത് സൗദാ ബീവി(റ)ക്ക് വേണ്ട ഒരു വീട് മാത്രമായിരുന്നുവെന്നും പിന്നീട് ഓരോ അവസരങ്ങളിലായി ഓരോന്ന് നിര്‍മ്മിക്കുകയായിരുന്നുവെന്നും ചരിത്രങ്ങളിലുണ്ട്. ഇത്തരം ഒമ്പത് വീടുകളാണ് മൊത്തം ഉണ്ടായിരുന്നത്. ഈന്തപ്പനയുടെ നാടായതിനാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നവയധികവും ഈന്തപ്പനയുടെ ഭാഗങ്ങള്‍ തന്നെയായിരുന്നു. ഈന്തപ്പനയുടെ തടിപൊളിച്ചത് ചേര്‍ത്തുകെട്ടിയുണ്ടാക്കുന്ന ചുമരുകളും ഈന്തപ്പനമട്ടിലുകളും ഓലയും മണ്ണ് തേച്ചുപിടിപ്പിച്ച മേല്‍കൂരകളുമായിരുന്നു അധികവും. ചിലത് മണ്ണ് കൊണ്ടുും കല്ലുകള്‍കൊണ്ടുമുള്ള ചുമരുകളുമുള്ളവയുമുണ്ടായിരുന്നു.
വളരെ ഉയരം കുറഞ്ഞവയായിരുന്നു ഈ വീടുകള്‍. താന്‍ കുട്ടിയായിരിക്കുമ്പോള്‍ തനിക്ക് അനായാസം തൊടാവുന്ന അത്ര ഉയരം മാത്രമേ നബിയുടെ വീടുകള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന് ഹസന്‍ ബിന്‍ അലി(റ) പറഞ്ഞിട്ടുണ്ട്.



ആറ് മുഴമായിരുന്നു ഈ ഉയരമെന്ന് ചരിത്രങ്ങള്‍ അനുമാനിക്കുന്നു. ഏകദേശം മൂന്നു മീററര്‍ മാത്രം ഉയരമുണ്ടായിരുന്ന ഈ വീടുകള്‍ക്ക് ഏകദേശം നാലര മീറററോളം മാത്രമായിരുന്നു വീതി. ഇതിനുള്ളില്‍ കിടന്നുറങ്ങുവാനുള്ള ഒരു മുറിയും അഥിതികളെ സ്വീകരിക്കുവാനുള്ള ഒരു മുറിയുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. എല്ലാം വളരെ ചെറുതായിരുന്നു. ആയിശാ ബീവി ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിന്നെ നബിക്ക് നിസ്‌കരിക്കുവാന്‍ വേണ്ട സ്ഥലം ബാക്കിയുണ്ടായിരുന്നില്ല എന്ന് ഹദീസുകളിലുണ്ട്. രണ്ടു പ്രധാന മുറികളെയും ഈന്തപ്പനമ്പട്ടകൊണ്ടോ തോല്‍ ചേര്‍ത്തുകെട്ടിയ മറകൊണ്ടോ ആയിരുന്നു വേര്‍തിരിച്ചിരുന്നത്.
പൊതുവെ വീടുകള്‍ക്കെല്ലാം പടിഞ്ഞാറോട്ട് തുറക്കുന്ന ഒററ വാതില്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആയിശ(റ)യുടെ വീടിന് കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു. ഒരു മുഴം മാത്രം വീതിയുള്ള ഈ വാതിലുകളുടെ പരമാവധി ഉയരം മൂന്നു മുഴം അഥവാ ഒന്നര മീററര്‍ മാത്രമായിരുന്നു. കുനിഞ്ഞ് കൊണ്ട് മാത്രമായിരുന്നു മുറിയിലേക്ക് പ്രവേശിക്കുവാന്‍ കഴിഞ്ഞിരുന്നത്. വാതിലുകള്‍ ചെമ്മരിയാടിന്റെ തോല് ഉണക്കിയത് കെട്ടിയുണ്ടാക്കിയവയായിരുന്നു.



വീടിനുള്ളിലുണ്ടായിരുന്നത് വളരെ ചെറുതും ലളിതവുമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു. അതിലുണ്ടായിരുന്ന ഏററവും പ്രധാനപ്പെട്ടത് ഒരു കട്ടിലായിരുന്നു. അത് ഈന്തപ്പനയുടെ തടി പൊളിച്ച് കയര്‍ കൊണ്ട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയുണ്ടാക്കിയതായിരുന്നു. അതിന്‍മേല്‍ വിരിക്കുവാനുണ്ടായിരുന്നത് ഒരു ഈന്തപ്പനയോലപ്പായ മാത്രമായിരുന്നു. കയറിന്റെയും ഓലയുടേയും അടയാളം നബിതിരുമേനിയുടെ വെളുത്തുചുവന്ന മേനിയില്‍ എപ്പോഴും പതിഞ്ഞു കാണാമായിരുന്നു എന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്.
കട്ടിലില്‍ വിരുപ്പായി ആദ്യം ഉപയോഗിച്ചിരുന്നത് ഒരു തുണിയായിരുന്നു. അത് ഒരേസമയം വിരിക്കുവാനും പുതക്കുവാനും ഉപയോഗിക്കുകയായിരുന്നു ചെയ്തിരുന്നത്. പിന്നീട് ഭാര്യമാരില്‍ ചിലര്‍ അതു രണ്ടു മടക്കായി വെച്ചു ഘനം കൂട്ടി. പിന്നീടൊരിക്കല്‍ ഭാര്യമാരില്‍ ചിലര്‍ അത് നാലാക്കി മടക്കിത്തുന്നുകയുണ്ടായി. അന്ന് ഉറങ്ങിയെഴുന്നേററ നബി(സ) അതു വീണ്ടും പഴയപടി തന്നെയാക്കുവാന്‍ നിര്‍ദ്ദേശിച്ചു.(ത്വബ്‌റാനി). ദുനിയാവിന്റെ ആഡംബരങ്ങളോട് അത്രക്കും അവര്‍ വിരക്തി കാണിച്ചു.



ഒരിക്കല്‍ ഒരു അന്‍സ്വാരി സ്ത്രീ നബി(സ)യുടെ വീട്ടില്‍ വന്നു. നബി(സ) കിടക്കുന്ന വിരുപ്പ് കണ്ട അവര്‍ക്ക് വലിയ സങ്കടമായി. അവര്‍ ഒരു തോല്‍വിരിപ്പ് നബി(സ)ക്ക് സമ്മാനിച്ചു. വീട്ടില്‍ വന്നപ്പോള്‍ അതു കണ്ട നബി(സ) കാര്യമന്വോഷിച്ചു. തങ്ങള്‍ക്ക് ഹദ്‌യയായി ഒരു അന്‍സ്വാരി സ്ത്രീ കൊടുത്തയച്ചതാണ് എന്നറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: അതു തിരിച്ചുകൊടുത്തേക്കൂ. ഒന്നുരണ്ടുപ്രാവശ്യം ആയിശ(റ) തിരിച്ചുകൊടുക്കുവാന്‍ മടിച്ചുവെങ്കിലും നബിയുടെ നിര്‍ബന്ധത്തിന് അവസാനം വഴങ്ങേണ്ടി വന്നു.



മറെറാരിക്കല്‍ വിരുപ്പിന്റെ അടയാളം നബിയുടെ പൂമേനിയില്‍ കണ്ട് സഹിക്കവയ്യാതെ അല്‍ഖമത്ത് ബിന്‍ മസ്ഊദ്(റ) നബിയോട് ചോദിക്കുകയുണ്ടായി. നബിയേ, അങ്ങേക്ക് ഞങ്ങള്‍ ഒരു മെത്തയുണ്ടാക്കി തരട്ടെയോ? പുഞ്ചിരിച്ചുകൊണ്ട് അന്ന് നബി(സ) പറഞ്ഞതിങ്ങനെ: ദുനിയാവിന്റെ കാര്യങ്ങളില്‍ എനിക്കെന്ത് കാര്യം?, ഞാന്‍ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുവാനിരിക്കുകയും പിന്നെ എഴുന്നേററ് പോകുകയും ചെയ്യുന്ന ഒരു വഴിയാത്രക്കാരനെപ്പോലെ ഒരാള്‍ മാത്രമല്ലേ.



കട്ടിലിനു പുറമെ ഒരു കസേരയും അഥിതികളെ ഇരുത്തുവാനും തലവെക്കുവാനുമൊക്കെ ഉപയോഗിച്ചിരുന്ന തലയിണപോലുള്ളവയും ഉണ്ടായിരുന്നു. തലയിണയില്‍ ഉണക്കഇലകളായിരുന്നു നിറച്ചിരുന്നത്. പില്‍ക്കാലത്ത് ഉണ്ടാക്കിയ വിരുപ്പിനുള്ളിലും ഉണക്ക ഇലകള്‍ തന്നെയായിരുന്നു നിറച്ചിരുന്നത്. കസേരയുടെ കാലുകള്‍ കറുത്ത നിറത്തിലായിരുന്നു. അതിനാല്‍ അത് ഇരുമ്പിന്‍േറതായിരുന്നുവെന്നും ഒരു പ്രത്യേകതരം മരത്തിന്‍േറതായിരുന്നുവെന്നും അഭിപ്രായമുണ്ട്. മുടി ചീകുവാനുള്ള ഒരു കൊമ്പ് ചീര്‍പ്പ്, അജ്ഞനം സൂക്ഷിച്ചിരുന്ന ഒരു ഢപ്പി, ഒരു വാള്‍, ഇരുമ്പിന്റെ പിടിയുള്ള ഒരു പാത്രം, ഒരു കലം, തോല്‍ കൊണ്ടുള്ള രണ്ടു ചെരുപ്പുകള്‍; ഇത്രയുമായാല്‍ പ്രവാചക സുല്‍ത്വാന്റെ ഭവനമായി.



ജീവിതത്തിലാപാദചൂഢം പുലര്‍ത്തിയ വിനയത്തിന്റെ ശരിയായ പ്രതിരൂപങ്ങള്‍..



വിനയമുള്ള വീട്ടുകാരന്‍..



ആയിശ(റ) പറയുകയാണ്: ഫാത്വിമയെക്കാള്‍ നബിയോട് അനക്കത്തിലും അടക്കത്തിലും ശൈലിയിലും സാമ്യമുള്ള മറെറാരാളെയും ഞാന്‍ കണ്ടിട്ടേയില്ല. ഫാത്വിമ കടന്നുവരുമ്പോള്‍ നബി(സ) എഴുന്നേററു ചെല്ലുകയും കൈപിടിച്ച് മുത്തുകയും തന്റെ സമീപത്ത് ഇരുത്തുകയും ചെയ്യുമായിരുന്നു. (ബുഖാരി). നാടും സമൂഹവും ഭരിക്കുന്നതിന്റെ പ്രൗഢമായ തിരക്കുകള്‍ക്കിടയിലും സ്വന്തം മനസ്‌സിന്റെ വികാരവായ്പുകളില്‍ പിശുക്കു കാണിക്കാതെ അവര്‍ ജീവിച്ചു.
നബിതിരുമേനിയുടെ കുടുംബജീവിതം ആവും വിധം നോക്കിക്കാണുവാന്‍ ശ്രമിച്ച അസ്‌വദ്(റ) ഒരിക്കല്‍ ആയിശ(റ)യോട് ചോദിച്ചു: നബി(സ) എങ്ങനെയൊക്കെയായിരിക്കും വീട്ടില്‍?. ആയിശ(റ) പറഞ്ഞു: അവര്‍ വീട്ടില്‍ വീട്ടുജോലികളിലായിരിക്കും. നിസ്‌കാരത്തിന്റെ സമയമായാല്‍ നിസ്‌കാരത്തിനായി പുറപ്പെടുകയും ചെയ്യും. (ബുഖാരി) ഇതേ ചോദ്യം ആയിശാ(റ) യോട് ഉര്‍വ്വത്ത്(റ)വും ഒരിക്കല്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ ആയിശ(റ) പറഞ്ഞു: നബി തിരുമേനി തന്റെ വസ്ത്രങ്ങള്‍ തുന്നും, ചെരുപ്പുകള്‍ കുത്തും, വീട്ടില്‍ സാധാരണ പുരുഷന്‍മാര്‍ ചെയ്യാറുള്ളതെല്ലാം ചെയ്യുകയും ചെയ്യും (അഹ്മദ്).



വീട്ടുകാരുമായി തമാശ പറയുകയും ചിരിക്കുകയും ചിരിപ്പിക്കുകയും അവരുടെ കൂടെ വീട്ടുജോലികളില്‍ ഏര്‍പ്പെടുയും അവരെ എല്ലാവരെയും പരിഗണിക്കുകയും ചെയ്യുന്ന നബിതിരുമേനിയില്‍ കാണുന്നത് വിനയത്തിന്റെ ഉന്നതമായ ഗുണങ്ങളാണ്. ഭാര്യമാരെയും മക്കളെയും കടന്ന് ഈ ഗുണഗണങ്ങള്‍ സ്വന്തം ഭൃത്യരിലും അടിമകളിലുമെല്ലാം എത്തിയിരുന്നു.
അനസിന്റെ അനുഭവങ്ങള്‍
അനസ് ബിന്‍ മാലിക്(റ) പറയുകയാണ്: ഒരിക്കല്‍ ഞാന്‍ നബിതിരുമേനിയോടൊപ്പം ഒരു വഴിയിലൂടെ പോകുകയായിരുന്നു. നബി(സ) തന്റെ തോളില്‍ നജ്‌റാന്‍ നിര്‍മ്മിതമായ ഒരു ഉരമുള്ള തരം തട്ടമിട്ടിട്ടുണ്ട്. ഒരു അഅ്‌റാബി (അനാഗരികന്‍) ഞങ്ങള്‍ക്കെതിരെ വന്നു. അയാള്‍ ഞങ്ങള്‍ക്കടുത്തെത്തിയതും ഞൊടിയിടയില്‍ നബി(സ)യുടെ തോളില്‍ കിടക്കുകയായിരുന്ന തട്ടം ശക്തിയായി പിടിച്ചുവലിച്ചതും ഒന്നിച്ചായിരുന്നു. പരുപരുത്ത ആ തട്ടത്തിന്റെ വക്കുകള്‍ കഴുത്തില്‍ മുറുകി നബിക്ക് നന്നേ വേദനിച്ചു. മാത്രമല്ല, ചുവന്നുവെളുത്ത മേനിയില്‍ വലിയുടെ ആഘാതം ഒരു ചുവന്ന രേഖയായി ചുവന്നുകിടന്നു.
തുടര്‍ന്ന് അഅ്‌റാബി ആ വലിയേക്കാള്‍ പരുഷമായ സ്വരത്തില്‍ പറഞ്ഞു: മുഹമ്മദ്, നിങ്ങളുടെ കയ്യിലുള്ളതില്‍ നിന്ന് എനിക്കും തരാന്‍ കല്‍പ്പിക്കുക. ദാരിദ്രത്തിന്റെ ഞെട്ടലുകളില്‍ പൊതുവെ അശാന്തനായിരുന്ന അയാളുടെ ചെയ്തികള്‍ തനി കാടത്തം കൂടിയായിരുന്നു. നബിയോട് ചോദിച്ചിട്ട് നബി(സ) വിസമ്മതിച്ചിട്ടായിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ എന്തെങ്കിലും ന്യായം കണ്ടെത്താന്‍ കഴിഞ്ഞിരുന്നേനെ. അതൊന്നുമില്ലാതെ വന്ന് കയറിപ്പിടിക്കുന്ന ഈ പാരുഷ്യത്തിന്റെ മുമ്പില്‍ മനസ്‌സ് നിയന്ത്രിക്കുവാന്‍ ആര്‍ക്കും കഴിയില്ല. വിനയത്തിന്റെയും കാരുണ്യത്തിന്റെയും ഈ പ്രതിപുരുഷന്‍ പക്ഷെ, അനാഗരികനെ നോക്കി പുഞ്ചിരിച്ചു. പിന്നെ തന്റെ അനുയായികളോട് വിളിച്ച് പറഞ്ഞു: ഇയാള്‍ക്കെന്തെങ്കിലും കൊടുക്കൂ...



മദീനാ ജീവിതകാലം മുഴുവനും നബിതിരുമേനിയുടെ ഭൃത്യനായി സേവനമനുഷ്ഠിച്ച അനസ് ബിന്‍ മാലിക്(റ)വിന്റെ സാക്ഷ്യം മാത്രം മതി ആ മനസ്‌സളക്കുവാന്‍. അനസ്(റ) പറയുന്നു: ഞാന്‍ പത്തു വര്‍ഷം നബി(സ)ക്ക് ഖിദ്മത്ത് ചെയ്യുകയുണ്ടായി. അതിനിടയില്‍ ഞാന്‍ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് എന്തിനത് ചെയ്തുവെന്നോ ചെയ്യാതെപോയ ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടത് ചെയ്തില്ല എന്നോ നബി(സ) ചോദിക്കുകയുണ്ടായിട്ടില്ല (ബുഖാരി, മുസ്‌ലിം).
അനസ്(റ) പറയുന്നു: ഒരിക്കല്‍ നബി(സ) എന്നെ എന്തോ ഒരു കാര്യത്തിനായി അയച്ചു. പോകുംവഴിക്ക് ഞാന്‍ ഒരിടത്ത് കുട്ടികള്‍ കളിക്കുന്നതു കണ്ടു. ഞാനും അവരുടെ ഒപ്പം കൂടി. കളിയില്‍ നേരം പോയതറിഞ്ഞില്ല. കുറേ കഴിഞ്ഞപ്പോള്‍ ഒരാളുണ്ട് എന്റെ പിരടിയില്‍ പിന്നില്‍ നിന്ന് പിടിക്കുന്നു. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ നബി(സ)തങ്ങളാണ്. കളിക്കിടെ കാര്യം മറന്നുപോയ ഞാന്‍ ആകെ പരുങ്ങലിലായി. പക്ഷെ, നബി(സ) എന്നോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: കൊച്ചു അനസ്, ഞാന്‍ പറഞ്ഞയച്ചിടത്ത് നീ പോയോ?. ഇല്ല, ഞാനിപ്പോള്‍ പോകുകയാണ് എന്നും പറഞ്ഞുകൊണ്ട് ഞാന്‍ ഓടി.



അടിമകളോടും ഭൃത്യരോടും താന്‍ കാണിക്കുന്ന വിനയഭാവം എല്ലാവരും പുലര്‍ത്തണമെന്ന് നബി(സ) കല്‍പ്പിക്കുമായിരുന്നു. അവര്‍ നിങ്ങളുടെ സഹോദരന്‍മാരാണെന്നും അവരോട് പ്രയാസകരമായ ജോലികള്‍ പറഞ്ഞാല്‍ നിങ്ങളും സഹായിച്ചുകൊടുക്കണമെന്നും നബി(സ) പറയുമായിരുന്നു. അവരുടെ പിഴവുകളില്‍ മാപ്പു നല്‍കണമെന്ന് നബി(സ) പറഞ്ഞു. ഒരിക്കല്‍ നബിയുടെ മുമ്പില്‍ തന്റെ ഉടമകള്‍ തല്ലിയെന്ന പരാതിയുമായി ഒരു ഭൃത്യ വന്നപ്പോള്‍ നബി(സ) അവരെ വിളിച്ച് ആ അടിമസ്ത്രീയെ മോചിപ്പിക്കുവാന്‍ വരെ ആവശ്യപ്പെടുകയുണ്ടായി.



അവരെ വെറുതെ വിടുക..



ഹുദൈബിയ്യയില്‍ ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും പുരോഗതി പ്രാപിക്കുകയായിരുന്നു. നബി(സ)യുടെ പ്രതിനിധിയായി ഉസ്മാന്‍(റ) മക്കയില്‍ ചര്‍ച്ചകളിലാണ്. ഖുറൈശികളുടെ ചില പ്രതിനിധികള്‍ നബി(സ)യുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും എന്തും സംഭവിക്കാവുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. മുസ്‌ലിംകളുടെ ക്യാമ്പിന് നേരെ ഒരാക്രമണം ഏതു സമയത്തും ഉണ്ടാവാമെന്ന അവസ്ഥയാണുള്ളത്. അതു മനസ്‌സിലാക്കിയ നബി(സ) ക്യാമ്പിന് ശക്തമായ കാവലായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. മുഹമ്മദ് ബിന്‍ മസ്‌ലമ(റ) ആയിരുന്നു കാവല്‍ഭടന്‍മാരുടെ നേതാവ്.



ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരു കൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ തന്‍ഈമിലെ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കുവാന്‍ ഇറങ്ങി.
ശത്രുക്കളുടെ ശ്രമം പക്ഷെ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവരെ നബി(സ)യുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്‌സലിഞ്ഞു. നബി(സ) പറഞ്ഞു: ‘അവരെ വെറുതെ വിടുക’. അല്‍ ഫത്ഹ് അധ്യാ യത്തിലെ 24ാം സൂക്തം ഈ സംഭവമാണ് അനുസ്മരിപ്പിക്കുന്നത്.



ഞാന്‍ വിറകുണ്ടാക്കാം..



നബിതിരുമേനിയും ഏതാനും അനുയായികളും ഒരു യാത്രയിലാണ്. വഴിയിലൊരിടത്ത് അവര്‍ വിശ്രമിക്കുവാനിരുന്നു. അവിടെ അവര്‍ ഭക്ഷണം പാകം ചെയ്യുവാന്‍ ഒരുങ്ങുകയാണ്. ഒരു ആടിനെ പാകം ചെയ്യുവാനാണ് പരിപാടി. അപ്പോള്‍ അനുയായികളില്‍ ഒരാള്‍ പറഞ്ഞു:
ഞാന്‍ ആടിനെ അറുക്കാം ..
മറെറാരാള്‍ പറഞ്ഞു: ഞാന്‍ ആടിനെ തോല്‍പൊളിക്കാം..
മറെറാരാള്‍ പറഞ്ഞു: ഞാന്‍ പാചകം ചെയ്യാം ..
അപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു: ‘ ഞാന്‍ വിറകുണ്ടാക്കിക്കൊണ്ടുവരാം ..
അതുകേട്ട അനുയായികള്‍ പറഞ്ഞു: വേണ്ട നബിയേ നിങ്ങള്‍ ജോലിയൊന്നും ചെയ്യേണ്ട, നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ എല്ലാം ചെയ്യാം ..
നബി(സ) പറഞ്ഞു: അതെനിക്കറിയാം. എങ്കിലും ഞാന്‍ നിങ്ങളില്‍ നിന്ന് വിത്യസ്ഥനാകുവാന്‍ ആഗ്രഹിക്കുന്നില്ല..



മനോഹരദൃശ്യങ്ങള്‍.



അനസ്(റ) പറയുന്നു: ഒരിക്കല്‍ പള്ളിയില്‍ ഒരു അഅ്‌റാബി മൂത്രമൊഴിക്കുകയുണ്ടായി. കക്ഷി കൃത്യം നിര്‍വ്വഹിക്കുന്നതു കണ്ട ജനങ്ങള്‍ വല്ലതെ ഇളകിവശായി. ബഹളം കേട്ട് നബി(സ) രംഗത്തെത്തി. ജനങ്ങളില്‍ പലരും അഅ്‌റാബിയെ പഴിക്കുകയും ചീത്തപറയുകയും കുററപ്പെടുത്തുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. നബി(സ) പറഞ്ഞു: അയാളെ വിട്ടേക്കൂ. അയാള്‍ അത് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. കാര്യം സാധിച്ചുകഴിഞ്ഞ അഅ്‌റാബിയെ നബി(സ) അടുത്തേക്ക് വിളിച്ചു ഇങ്ങനെ പറഞ്ഞു: ഈ പള്ളികള്‍ ഇത്തരം കാര്യങ്ങള്‍ ഒന്നും പാടില്ലാത്ത സ്ഥലങ്ങളാണ്. ഇത് നിസ്‌കരിക്കുവാനും ഖുര്‍ആന്‍ പാരായണം ചെയ്യുവാനും ഒക്കെയുള്ള സ്ഥലങ്ങളാണ്. പിന്നെ നബി(സ) ജനങ്ങളോട് പറഞ്ഞു: നിങ്ങള്‍ പ്രയാസപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരല്ല, അയാള്‍ മൂത്രമൊഴിച്ച സ്ഥലത്ത് അല്‍പം വെള്ളം ഒഴിക്കുക. (ബുഖാരി)



മുആവിയ ബിന്‍ ഹകം അസ്‌സുലമി(റ) പറയുകയാണ്. ഒരിക്കല്‍ ഞങ്ങള്‍ നിസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ നിസ്‌കാരത്തിനിടെ തുമ്മുകയുണ്ടായി. അതുകേട്ട് ഞാന്‍ ഉറക്കെ മര്‍ഹമത്ത് (യര്‍ഹമുകല്ലാഹ്) ചൊല്ലി. അതുകേട്ടതും ജനങ്ങള്‍ തങ്ങളുടെ കൈകള്‍ തുടയിലടിച്ച് ഒച്ചവെക്കുവാന്‍ തുടങ്ങി. ഒരു തരം ബഹളമയമായി നിസ്‌കാരം. നിസ്‌കാരം കഴിഞ്ഞതും നബി(സ) എഴുനേററു. ആരാണ് നിസ്‌കാരത്തില്‍ സംസാരിച്ചയാള്‍? എന്ന് നബി(സ) ചോദിച്ചപ്പോള്‍ ഞാന്‍ ശരിക്കും വിറച്ചു. അത് ഞാനായിരുന്നു എന്നറിഞ്ഞപ്പോള്‍ നബി(സ) എന്റെയടുത്തേക്ക് വന്നു. സത്യമായും അവരെന്നെ വഴക്കുപറയുകയോ ഗൗരവത്തില്‍ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല. അവര്‍ എന്നോട് പറഞ്ഞു: നിസ്‌കാരം സാധാരണ വര്‍ത്തമാനങ്ങളൊന്നും പറയാന്‍ പാടില്ലാത്തതാണ്. നിസ്‌കാരം എന്നത് തക്ബീറും തസ്ബീഹും ഖുര്‍ആന്‍ പാരായണവുമെല്ലാമാണ്’ (മുസ്‌ലിം).



മക്കാ വിജയം കഴിഞ്ഞ് ഇരിക്കുമ്പോള്‍ നബി(സ)യുടെ അടുത്തേക്ക് ഒരു അഅ്‌റാബി കടന്നുവന്നു. അയാള്‍ നബി(സ)യോട് എന്തോ പറയുവാനോ ചോദിക്കുവാനോ വന്നിരിക്കുകയാണ്. വര്‍ത്തമാനം പറയുമ്പോള്‍ അയാള്‍ പേടിച്ചു വിറച്ച് ചുരുണ്ട അവസ്ഥയിലായിരുന്നു. അതു കണ്ട നബി(സ) അഅ്‌റാബിയോട് പറഞ്ഞു: ആയാസം കൊള്ളുക, ഉണക്കിയ മാംസം കഴിക്കുമായിരുന്ന ഒരു ഖുറൈശി സ്ത്രീയുടെ മകന്‍ തന്നെയാണ് ഞാനും.. (ഹാകിം)



മദീനയില്‍ പള്ളിയും പരിസരവും അടിച്ചുവാരി വൃത്തിയാക്കുമായിരുന്ന ഒരു കറുത്ത സ്ത്രീയുണ്ടായിരുന്നു. ഒരു ദിവസം അവരെ കാണാതായപ്പോള്‍ നബി(സ) ആ സ്ത്രീയെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് നബി(സ) അറിഞ്ഞത് ആ സ്ത്രീ തലേദിവസം മരിച്ചുപോയി എന്ന്. അതുകേട്ടതും നബി(സ) ആ സ്ത്രീയുടെ ഖബറിനരികിലെത്തി. ആ സ്ത്രീക്ക് വേണ്ടി ദീര്‍ഘമായി പ്രാര്‍ഥിച്ചു.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso