മഹാചാര്യന്റെ മഹാമനസ്കത
06-10-2022
Web Design
15 Comments
ഏതെങ്കിലും ഒരു സാഹചര്യത്തോട് കരുണയോടെ പ്രതികരിക്കുന്നതിനെ മഹാമനസ്കതയായും മനുഷ്യത്വമായുമെല്ലാം വിശേഷിപ്പിക്കാറുണ്ട് പലരും. ഒരാളെ ആഘോഷിക്കാനുള്ള ത്വര എന്നതിലപ്പുറം ഒരർഥവും അതിനൊന്നുമില്ല എന്നതാണ് വാസ്തവം. കാരണം ആ നൻമയെ കെടുത്തിക്കളയുന്ന ഒരായിരം തിൻമകൾ ആ വ്യക്തിയിൽ തന്നെ മറുവശത്ത് ഉണ്ടായിരിക്കും. മൂല്യനിർണ്ണയത്തിലെ പിഴവാണ് ഇതിന് കാരണം. മനുഷ്യന്റെ ഏതെങ്കിലും ചെയ്തിയെയല്ല, അതിന് പ്രേരിപ്പിക്കുന്ന മനസ്സിനെയാണ് ശരിയായ മൂല്യനിർണ്ണയത്തിന് പരിഗണിക്കേണ്ടത്. അനുകൂലവും പ്രതികൂലവുമായ തന്റെ ചുറ്റുപാടുകളെ മുഴുവൻ ഉൾക്കൊള്ളുവാനും ഏതു സാഹചര്യത്തെയും സമചിത്തതയോടെ സമീപിക്കാനും കഴിയുന്ന ഒരു വിശാലതയുള്ള മനസ്സുണ്ടെങ്കിൽ അത്തരമൊരാൾക്കേ ഉന്നതമായ മാനുഷിക മൂല്യങ്ങൾ പുലർത്താൻ കഴിയൂ. മഹാനായ നബി തിരുമേനി(സ)ക്ക് അല്ലാഹു നൽകിയത് അത്തരമൊരു വിശാല മനസ്സായിരുന്നു. അത് അവർക്ക് ലഭിച്ച പ്രത്യേക പരിഗണന തന്നെയായിരുന്നു. അതുകൊണ്ടാണ് അത് വിശുദ്ധ ഖുർആനിൽ എടുത്തുപറഞ്ഞത്. അല്ലാഹു ഓർമ്മപ്പെടുത്തുന്നു: നബിയേ, അങ്ങയുടെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ (94:01). നബിമനസ്സിന്റെ ഈ വിശാലതയാണ് ജീവിതത്തിലുടനീളം മനുഷ്യത്വം പുലർത്താൻ നബിയെ സഹായിച്ചത്. തനിക്കു മുമ്പിൽ രൂപപ്പെട്ട ചുഴികളിൽ നിന്ന് കരകയറുവാനുളള ശക്തിയും ഈ മനഛക്തി കൊണ്ടാണ്. അതിന് ഉദാഹരണങ്ങൾ നിരവധി.
ഹിജ്റ 8ൽ ഹുനൈൻ യുദ്ധം കഴിഞ്ഞു. ത്വാഇഫിലെ ഹവാസിൻ, തഖീഫ് തുടങ്ങിയ ഗോത്രങ്ങളായിരുന്നു മറുപക്ഷത്ത്. കിട്ടാവുന്നവരെയൊക്കെ കൂട്ടി ഒരു വന്‍ സൈന്യത്തെ സമാഹരിച്ച അവർ സ്വയം പിന്തിരിഞ്ഞോടാതിരിക്കാനെന്നോണം തങ്ങളുടെ കുടുംബാംഗങ്ങളെയും സമ്പാദ്യങ്ങളെയും എല്ലാമെടുത്താണ് പടക്കിറങ്ങിയിരുന്നത്. തുടക്കത്തിൽ അപ്പുറത്തെ ആവേശവും ഇപ്പുറത്തെ ആലസ്യവും പിന്നിട്ടപ്പോൾ മുസ്ലിം സേന വൻ വിജയം നേടി. കൊണ്ടു വന്നതൊക്കെ ഇട്ടേച്ച് ജീവൻ മാറിലടക്കിപ്പിടിച്ച് ഓടേണ്ടി വരികയായിരുന്നു അവർക്ക്. അതിനാൽ വലിയ ഒരു ഗനീമത്ത് തന്നെ മുസ്ലിംകൾക്ക് തരപ്പെട്ടു. നബിയുഗത്തിൽ ലഭിച്ച ഏറ്റവും വലിയ യുദ്ധാർജ്ജിത മുതൽ. അവയെല്ലാം ജിഇർറാനയിലെത്തിച്ചു. മക്കയുടെ അതിർത്തി പ്രദേശമായ അവിടെ വെച്ച് അവയെല്ലാം സൈനിക സ്വഹാബിമാർക്ക് വീതിച്ചു നൽകുകയാണ് നബി തിരുമേനി(സ്വ). ഒപ്പം പന്ത്രണ്ടായിരം പേരോളം വരുന്ന വലിയ ഒരു സേനയുണ്ട്. അവരിൽ പതിനായിരത്തോളം പേർ മദീനയിൽ നിന്ന് തന്നോടൊപ്പം മക്ക വിമോചന ദൗത്യത്തിന് വന്ന അൻസ്വാരികളും മുഹാജിറുകളുമാണ്. ബാക്കി മക്കയിൽ നിന്ന് ഒപ്പം കൂടിയ പുതുവിശ്വാസികളും. അവരിൽ അബൂ സുഫ്‌യാൻ തുടങ്ങി പ്രധാനികളും പ്രമാണികളുമുണ്ട്. നബി(സ്വ) തിരുമേനി ഓഹരി ചെയ്യുവാൻ തുടങ്ങി.
മക്കയിൽ നിന്ന് കൂടിയ പുതുവിശ്വാസികൾക്കാണ് കൊടുത്തു തുടങ്ങിയത്. അവരുടെ കണ്ണുകൾ ധനം കണ്ട് മഞ്ഞളിച്ചിരുന്നു. അവർക്ക് നബി(സ) കയ്യും കണക്കും നോക്കാതെ വാരിക്കൊടുത്തു. ചോദിച്ചവർക്കെല്ലാം കൊടുത്തു. ആ രംഗം കണ്ടതും അൻസ്വാരികൾ (മദീനക്കാർ) അടക്കം പറഞ്ഞു: നബിക്ക് ഇപ്പോൾ സ്വന്തം ആൾക്കാരെ കിട്ടി. ഇപ്പോൾ നമ്മെ ഒന്നും കാണുന്നില്ല, പരിഗണിക്കുന്നില്ല. അവർ അത് തങ്ങളുടെ നേതാവ് സഅ്ദ് ബിൻ ഉബാദ(റ) യോട് പറഞ്ഞു. അദ്ദേഹം അത് നേരെ പോയി നബിയോട് പറഞ്ഞു. അദ്ദേഹത്തോട് നബി(സ) ചോദിച്ചു, താങ്കൾക്കും അങ്ങനെ ഒരു അഭിപ്രായമുണ്ടോ എന്ന്. അദ്ദേഹത്തിനും അതുണ്ടായിരുന്നു. അദ്ദേഹം അതേയെന്ന് പറഞ്ഞു. ധനം മനസ്സുകളെ പകുത്തുമാറ്റുന്ന സ്ഥിതിവിശേഷം അവിടെ സംജാതമായി. തന്നെ സഹായിക്കുകയും വെല്ലുവിളികളിൽ പിന്തുണക്കുകയും ചെയ്തവർ മുഷിപ്പിലാണ്. അവർ തന്നിൽ നിന്ന് അൽപ്പം വിട്ടു നിൽക്കുകയാണ്. അതു കണ്ട പ്രവാചക ദൂതൻ അൻസ്വാറുകളെ വിളിച്ചു കൂട്ടി.
അവരോട് പറഞ്ഞു: നിങ്ങൾക്ക് എന്നോട് ഒരൽപ്പം വിഷമമുണ്ട് എന്ന് ഞാൻ അറിഞ്ഞു. പക്ഷെ, നിങ്ങൾ ഒന്നറിയുക. അബൂ സുഫ്‌യാനും കൂട്ടക്കാരും ആടുമാടുകളെയും കൊണ്ടാണ് തിരിച്ചുപോകുന്നത്. പക്ഷെ, നിങ്ങൾ അല്ലാഹുവിന്റെ റസൂലിനെയും കൊണ്ടാണ് പോകുന്നത്. എന്താ, നിങ്ങൾക്കത് പേരെ ..? അതോടെ അവർ ആർത്തട്ടഹസിച്ച് പറഞ്ഞു: ഞങ്ങൾക്കതു മതി.., ഞങ്ങൾക്കതു മതി.. സ്വന്തം പാളയത്തിൽ രൂപപ്പെട്ട അപകടകരമായ പിളർപ്പടക്കുന്നതും പ്രശ്നത്തെ അതിജയിക്കുന്നതും മനസ്സുകൊണ്ടാണ് എന്നു കാണുമ്പോൾ ആ മനസ്സിന്റെ മനോഹാരിത കാണുകയാണ് നാം. (ഇബ്നു ഹിശാം)
മറ്റൊരു രംഗം. ഹിജ്റ 6 ൽ നബി(സ) ഒരു സ്വപ്നം കണ്ടു. താനും അനുയായികളും ഉംറക്കായി മക്കയിലേക്ക് കടക്കുന്നതായി. പ്രവാചകൻമാർക്ക് സ്വപ്നം വഹിയ് പോലെയാണ്. അതിനാൽ നബിയും ആയിരത്തി നാനൂറ് പേരും പുറപ്പെട്ടു. മക്കയിൽ ശത്രുക്കൾ അതറിഞ്ഞു. അവർ മുഹമ്മദിനെയും അനുയായികളെയും മക്കയിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന് തീർത്തു പറഞ്ഞു. അതോടെ നബിയും അനുയായികളും ഹുദൈബിയ്യയിൽ തമ്പടിച്ചു. തുടർന്ന് ചര്‍ച്ചകളും അനുരജ്ഞനശ്രമങ്ങളും നടന്നു. നബി(സ)യുടെ പ്രതിനിധിയായി ഉസ്മാന്‍(റ) മക്കയിലേക്ക് പോയി. ഖുറൈശികളുടെ ചില പ്രതിനിധികള്‍ നബി(സ)യുമായി ചര്‍ച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുസ്‌ലിംകളുടെ ക്യാമ്പിന് നേരെ ഒരാക്രമണം ഏതു സമയത്തും ഉണ്ടാവാമെന്ന അവസ്ഥയാണുള്ളത്. അതു മനസ്‌സിലാക്കിയ നബി(സ) ക്യാമ്പിന് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിരുന്നു. മുഹമ്മദ് ബിന്‍ മസ്‌ലമ(റ) ആയിരുന്നു കാവല്‍ഭടന്‍മാരുടെ നേതാവ്. ചര്‍ച്ചകളില്‍ താല്‍പര്യം കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ തീവ്രപദ്ധതികള്‍ നടത്തിയ ഒരു കൂട്ടം യുവാക്കള്‍ മക്കയിലുണ്ടായിരുന്നു. അവര്‍ക്ക് ചര്‍ച്ചകളോട് തീരെ മതിപ്പില്ലായിരുന്നു. അവര്‍ മുസ്‌ലിംകളുടെ ക്യാമ്പ് ആക്രമിക്കുവാന്‍ പദ്ധതിയിട്ടു. രാത്രി അവര്‍ മലമുകളില്‍ കയറി ഒളിച്ചിരുന്നു. സുബ്ഹിയുടെ വെട്ടം പരക്കും മുമ്പ് അവര്‍ പൊടുന്നനെ ഹുദൈബിയ്യായിലെ മുസ്‌ലിം ക്യാമ്പ് ആക്രമിക്കുവാന്‍ ഇറങ്ങി. ശത്രുക്കളുടെ ശ്രമം പക്ഷെ, മുഹമ്മദ് ബിന്‍ മസ്‌ലമ(റ)യുടെ ശക്തമായ കാവലിനുമുമ്പില്‍ വിഫലമായി. എഴുപതോ എണ്‍പതോ പേരുണ്ടായിരുന്ന അവരെ അദ്ദേഹവും സഹപ്രവര്‍ത്തകരും വളഞ്ഞുപിടിച്ചു. അവർ നബി(സ)യുടെ മുമ്പില്‍ ഹാജറാക്കപ്പെട്ടു. ചര്‍ച്ചകള്‍ക്കിടയില്‍ അവര്‍ നടത്തിയ ഈ ഹീനശ്രമം ഒരിക്കലും മാപ്പര്‍ഹിക്കുന്നതല്ലായിരുന്നു. പക്ഷേ, നബി(സ) തിരുമേനിയുടെ മനസ്‌സലിഞ്ഞു. നബി(സ) പറഞ്ഞു: അവരെ വെറുതെ വിടുക. അല്‍ ഫത്ഹ് അധ്യാ യത്തിലെ 24ാം സൂക്തം ഈ സംഭവമാണ് അനുസ്മരിപ്പിക്കുന്നത്. (ഇബ്നു ഇസ്ഹാഖ്)
മറ്റൊരു രംഗത്തിൽ നബി(സ്വ)യും അലി(റ)യും വീടിനു പുറത്തു നിൽക്കുകയാണ്. അപ്പോഴുണ്ട്, ഒരു പാവം ഗ്രാമീണൻ വരുന്നു. തന്റെ കുടുംബം ഇസ്‌ലാമിലേക്ക് വന്നിട്ടുണ്ടെന്നും പക്ഷേ ആർക്കും ഭക്ഷിക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും ഇതറിയുന്ന ചിലർ ഭക്ഷണം നൽകി അവരെ മതംമാറ്റാൻ ശ്രമങ്ങൾ നടന്നേക്കാമെന്നും അതിനാൽ വല്ല സഹായവും ചെയ്യാൻ കഴിയുമോ എന്നുമായിരുന്നു അഅ്‌റാബിയുടെ ചോദ്യം. വിഷയം കേട്ടപ്പോൾ നമ്മുടെ കയ്യിൽ വല്ലതുമുണ്ടോ എന്ന് നബി(സ്വ) അലി(റ)യോട് ചോദിച്ചു. ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ രംഗം ദൂരെ നിന്നും കണ്ട സൈദ് ബിൻ സഅ്ന എന്ന ജൂതൻ നബി(സ്വ)യുടെ അടുത്ത് വരികയും തൽകാലം കടമായി ഈത്തപ്പഴം തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. നബി(സ്വ) സമ്മതിക്കുകയും അഅ്‌റാബിയെ അതുമായി സന്തോഷത്തോടെ പറഞ്ഞയക്കുകയും ചെയ്തു. പക്ഷെ, കടത്തിന്റെ അവധിയെത്തുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ സൈദ് ബിൻ സഅ്ന മദീന പള്ളിക്കടുത്തെത്തി. നബി(സ്വ)യും അബൂബക്കർ(റ), ഉമർ(റ) തുടങ്ങിയവരൊക്കെയുള്ള സദസ്സിലേക്കാണ് അദ്ദേഹം കയറി ചെന്നത്. നബിയെ കണ്ടപാടെത്തന്നെ അദ്ദേഹം അവിടത്തെ ഖമീസും തലപ്പാവും പിടിച്ചുവലിച്ച് പണം ചോദിക്കാൻ തുടങ്ങി. ഒപ്പം ചെറുതല്ലാത്ത അധിക്ഷേപവും. ഈ പെരുമാറ്റം കണ്ട് നബി(സ്വ)യുടെ കൂടെയുള്ളവരുടെ മുഖം ചുവന്നു. ക്ഷമ നഷ്ടപ്പെട്ട ഉമർ(റ) സൈദിനോട് അൽപം ദേഷ്യത്തിലാണ് സംസാരിച്ചത്. പക്ഷേ നബി(സ്വ) ഉമറിനെയാണ് തിരുത്തിയത്. ഈ സംസാരമല്ല ഇവിടെ ആവശ്യം. എനിക്കും ഇദ്ദേഹത്തിനും, എന്നോട് നല്ല നിലയിൽ കടം വീട്ടാൻ കൽപിക്കുന്ന, ഇദ്ദേഹത്തോട് നല്ല നിലയിൽ കടം തിരിച്ചുചോദിക്കാൻ കൽപിക്കുന്ന ഒരാളെ!.. കടം തിരിച്ചു കൊടുക്കുക മാത്രമല്ല 20 സ്വാഅ് പാരിതോഷികവും നൽകി നബി തങ്ങൾ. നബി മനസ്സിന്റെ ആ മനോഹര വിശാലതയിലൂടെ സൈദ് ബിൻ സഅ്ന അധികം വൈകാതെ ഇസ്ലാമിലെത്തി. (അൽ മുഅജ്മുൽ കബീർ).
ഇനി മഹാമനസ്കത കാരുണ്യമായി മാറുന്ന മറ്റൊരു കാഴ്ച. ഹിജ്‌റ 6ല്‍ ഹുദൈബിയ്യാ സന്ധികൂടെ കഴിഞ്ഞപ്പോള്‍ ജൂതന്‍മാര്‍ ഒന്നുകൂടെ ഇസ്‌ലാമിനും നബിക്കുമെതിരെ നീക്കങ്ങള്‍ക്ക് വട്ടം കൂട്ടി. നിരന്തരമായ വിജയങ്ങള്‍ക്കെടുവില്‍ യുദ്ധില്ലാത്ത ഒരു സ്വസ്ഥത സ്വായത്തമാക്കി പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാന്‍ മുസ്‌ലിംകള്‍ക്ക് ഹുദൈബിയ്യാ സന്ധിയിലൂടെ അവസരം കൈവന്നിരിക്കുകയാണ്. അതോടൊപ്പം ഖുറൈശികളടക്കം ഇസ്‌ലാമിന്റെ സാംഗത്യത്തെ അംഗീകരിച്ചിരിക്കുകയുമാണ്. തങ്ങളുടെ കുടുംബങ്ങളില്‍ പ്രധാനപ്പെട്ടവരെ മദീനായില്‍ നിന്ന് ആട്ടിയോടിച്ചതിന്റെയും കഅ്ബ് ബിന്‍ അശ്‌റഫടക്കമുള്ള നേതാക്കളെ വധിച്ചതിന്റെയും പ്രതികാരം അവരില്‍ പുകഞ്ഞുകത്തുന്നുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ തങ്ങളുടെ കൂട്ടത്തില്‍ പെട്ട കുപ്രസിദ്ധനായ മാന്ത്രികന്‍ ലിബൈദിന്റെ സഹായം തേടിയത്. മൂന്നു സ്വര്‍ണ്ണക്കാശിന് പകരം നബി(സ)ക്കെതിരെ സിഹ്‌റ് ചെയ്യുവാന്‍ അയാള്‍ തയ്യാറായി. അവരിലെ ചില സ്ത്രീകളുടെ കൂടെ സഹായത്താല്‍ ലിബൈദ് തന്റെ വേലയൊപ്പിച്ചു. അയാള്‍ നബിയെ കൊന്നുകളയുവാൻ മാത്രം ശക്തിയുളള കൂടോത്രം ബിഅ്‌റു ദര്‍വാനില്‍ നിക്ഷേപിച്ചു. അത് നബി(സ) വഹ്‌യിന്റെ സഹായത്തോടെ പിടികൂടി. വിവരങ്ങള്‍ മറനീക്കിപുറത്തുവന്നതോടെ നബി(സ)യുടെ മുമ്പില്‍ അനുയായികള്‍ കല്‍പ്പനക്ക് കാതോര്‍ത്തുനിന്നു. ലിബൈദിനെ വധിക്കുക എന്നതില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് നിര്‍ദ്ദേശിക്കുവാനില്ല. ആയിശ(റ) തന്നെ നബിയോട് ആരാഞ്ഞു: നബിയേ, ലിബൈദിനെ പിടിച്ചുകൊണ്ടുവരേണ്ടേ?
തന്റെ സംരക്ഷണത്തിലെന്നോളം കഴിയുന്ന, തന്നെയും തന്റെ സമൂഹത്തെയും സഹായിക്കുവാന്‍ ബാധ്യസ്ഥരായ ജൂതന്‍മാരിലെ, ഈ കൊടുംശത്രുവിനു മുമ്പില്‍ പക്ഷേ, വിനയത്തിന്റെ ആള്‍രൂപം താഴ്ന്നുനിന്നു. എന്റെ അസുഖം അല്ലാഹു സുഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കുനേരെയും അതിന്റെ പേരില്‍ രോഷം കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നായിരുന്നു നബി (സ) യുടെ മറുപടി. (റഹീഖുൽ മഖ്തൂം)
ഈ ഹൃദയവിശാലത മാന്യത പുലർത്തുവാനുള്ള പ്രചോദനമാണ്. വാക്കു പാലിക്കുന്നതിൽ നബി ഏറെ കർക്കശക്കാരനായിരുന്നത് അതിന്റെ കാരണത്താലാണ്. ഒരു രംഗം കാണാം. ഹുദൈഫത്തു ബിൻ യമാൻ(റ) അവസാനം പുറപ്പടുക തന്നെ ചെയ്തു. ബദ്റിലേക്ക്. പുറപ്പെടണമോ വേണ്ടയോ എന്ന് അദ്ദേഹം കുറേയായി ശങ്കിച്ചുനിന്നതാണ്. നബി(സ) യോടൊപ്പം ഇറങ്ങുക തന്റെ ഏറ്റവും വലിയ താൽപര്യം തന്നെയാണ്. ഭയമോ മടിയോ അക്കാര്യത്തിൽ തന്റെ മനസ്സിനെ മഥിക്കുന്നില്ല. പക്ഷെ, മറ്റൊരു കാര്യത്തിലാണ് ശങ്ക കടന്നത്. അത് മറ്റൊന്നുമല്ല, താനും പിതാവും വരികയായിരുന്നു. വഴിയിൽ മക്കയിലെ ചിലരുടെ മുമ്പിൽ പെട്ടു. നിങ്ങൾ മുഹമ്മദിനൊപ്പം കൂടി ഞങ്ങൾക്കെതിരെ യുദ്ധത്തിന് പോകുകയാണ് അല്ലേ എന്നവർ ചോദിച്ചു. അപ്പോൾ ഒരു യുദ്ധ ചിത്രം തെളിഞ്ഞു വന്നിട്ടൊന്നുമില്ലായിരുന്നു. അല്ല, ഞങ്ങൾ യുദ്ധത്തിനല്ല എന്ന് അവർ രണ്ടാളും മറുപടി പറഞ്ഞു. ആ അവസരം മുതലെടുത്ത് മക്കക്കാർ രണ്ട് പേരെ കൊണ്ടും സത്യ ഉടമ്പടി ചെയ്യിച്ചു, തങ്ങൾ രണ്ട് പേരും നിങ്ങക്കെതിരെ ഈ യുദ്ധത്തിൽ കൂടില്ലെന്ന്. ഈ ഉടമ്പടി ഓർക്കുമ്പോഴാണ് ശങ്ക ഉണ്ടാകുന്നത്. ഏതായാലും നബി(സ) യുടെ മുമ്പിലെത്തി. നബിയോട് ഇക്കാര്യം പറഞ്ഞു. സത്യത്തിൽ നബിക്ക് തന്റെ മുമ്പിൽ രൂപപ്പെട്ടുവന്ന കടമ്പ കടക്കുവാൻ ആളും ആയുധവുമെല്ലാം എത്ര വേണമെങ്കിലും വേണമായിരുന്നു. എന്നിട്ടും നബി(സ) പറഞ്ഞു: വേണ്ട, നിങ്ങൾ ഈ യുദ്ധത്തിൽ പങ്കെടുക്കേണ്ട, അവരോട് ചെയ്ത വാക്ക് നമുക്ക് പാലിക്കാം. ബാക്കി എല്ലാ കാര്യങ്ങളും നമുക്ക് അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യാം (മുസ്ലിം).
മാനുഷ്യകത്തെ മുഴവനും ഉൾക്കൊള്ളാൻ മാത്രം വിശാലമായിരുന്നു ആ മനസ്സ്. അതുകൊണ്ടാണ് അവർ തന്റെ ജൻമശ്രുക്കൾക്കുപോലും മാപ്പ് നൽകിയത്. എല്ലാ മനുഷ്യരെയും വിമോചനത്തിന്റെ തീരത്തെത്തിക്കുവാൻ ഇത്രമേൽ ത്യാഗങ്ങൾ സഹിച്ചത്. എല്ലാവരെയും മതക്കാർ എന്ന നിലക്കല്ല, മനുഷ്യർ എന്ന നിലക്ക് സ്നേഹിച്ചത്. ഈ ഒരൊറ്റ രംഗം മതി അതു വായിക്കുവാൻ. ബദർ യുദ്ധത്തടവുകാർക്കിടയിൽ ഉണ്ടായിരുന്ന സ്വന്തം പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിന്റെ ഞരക്കവും മൂളലും നബിയെ അസ്വസ്ഥനാക്കുന്നു എന്നു കണ്ട കാവൽ സ്വഹാബിമാർ അബ്ബാസിന്റെ കയ്യിലെയും കാലിലെയും കെട്ട് ഒരൽപം അയച്ചു. അതോടെ അദ്ദേഹത്തിന്റെ ഞരക്കം നിലച്ചു. നബി ചോദിച്ചു: എന്തു പറ്റി? ഞാനിപ്പോള്‍ അബ്ബാസിന്റെ ഞരക്കം കേള്‍ക്കുന്നില്ലല്ലോ. ആരോ കെട്ടയച്ച കാര്യം പറഞ്ഞു. ഉടനെ നബി പറഞ്ഞു: എങ്കിൽ എല്ലാവരുടേതും അങ്ങനെ ചെയ്യുക. എല്ലാവരുടെ വേദനയും വേദനയാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso