Thoughts & Arts
Image

ചട്ടക്കൂടുകൾ തട്ടിക്കൂട്ടുന്നത്..

10-11-2022

Web Design

15 Comments





കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് വേണ്ടി സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ മേൽ നോട്ടത്തിൽ ചർച്ചകൾ നടന്നുവരികയാണ്. പല ഘട്ടങ്ങളിലായി വൻ സന്നാഹങ്ങളോടെയാണ് ചർച്ചകൾ നടക്കുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും സ്കൂളുകളിലും ആണ് ഒരു പ്രധാന ചർച്ച. ഇതിനായി ഫോക്കസ് ഏരിയകൾ വിവരിച്ചു കൊണ്ടുളള ഒരു കൈപ്പുസ്തകമുണ്ട്. കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ എന്ന പേരിൽ. ചർച്ചകൾക്ക് നേതൃത്വം കൊടുക്കാനുള്ള ഫെസിലിറ്റേറ്റർമാർക്കുള്ള മറ്റൊരു പുസ്തകമുണ്ട്. ആരോഗ്യകരമായ ബന്ധങ്ങൾ എന്ന പേരിലുള്ള ഒരു പഠന സഹായിയാണിത്. മാതൃകാ ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്ന ഒരു മൂന്നാം പുസ്തകമുണ്ട്. അതിലെ ഉളളടക്കം കുടുംബശ്രീ ക്കാർക്കുള്ളതാണ്. ലൈംഗിക ലിംഗത്വ ന്യൂനപക്ഷങ്ങളെ കുറിച്ചുളള മറ്റൊരു കൈപ്പുസ്തകവും ഉണ്ട്. ഈ നാല് പുസ്തകങ്ങൾ വെച്ചാണ് ചർച്ചകൾ. ഈ പദ്ധതിയുടെ എല്ലാ വിവരവും വിവരണവും ഈ നാലിലും കൂടി ഉണ്ട്. നമ്മുടെ പഞ്ചായത്തിലെ ചർച്ചയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന് അഭിപ്രായമുണ്ടായതിനാൽ ഇതിലെ ഒന്നാമത്തെ പുസ്തകത്തിന്റെ പി ഡി എഫ് സംഘടിപ്പിച്ചു. 117 പേജുള്ള ആ സംഭവം ഒന്നു മറിച്ചുനോക്കി ചർച്ചക്ക് പോകാം എന്ന് കരുതി. വായിച്ചു തുടങ്ങിയപ്പോൾ ഇടക്ക് മടക്കി ചട്ടപ്പുറം ഒന്നുകൂടി നോക്കേണ്ടി വന്നു. എന്തിന് എന്ന് പിന്നീട് മനസ്സിലാകും.



ചർച്ച തുടങ്ങാൻ വൈകാവുന്ന പരമാവധി വൈകി. കാത്തിരിക്കുകയല്ലാതെ ഞങ്ങൾ ചർച്ചക്കു വന്നവർക്ക് മാർഗ്ഗമില്ലായിരുന്നു. വെറുതെ ഇരിക്കുമ്പോൾ പഴയ സുഹൃത്തിനെ കണ്ടു. എന്താണ് ഇവിടെ എന്ന് വിവരിക്കുന്നതിനിടെ അവന്റെ മറുചോദ്യം. ഈ ചർച്ചകൾ വല്ലതിനെയും മാറ്റം വരുത്തുമെന്ന് കരുതുന്നുണ്ടോ എന്ന്. അപ്പോഴാണ് അതിനെ കുറിച്ച് ആലോചിച്ചത്. സംഗതി ശരിയാണല്ലോ എന്ന്. പാർലമെന്റിൽ ചർച്ച മാത്രമാണ് അംഗങ്ങൾക്ക് പണി. നിയമസഭയിലും ചർച്ചതന്നെ. ചർച്ച എന്നാൽ പൊരിഞ്ഞ ചർച്ച. ചിലപ്പോഴൊക്കെ ചർച്ച നിയന്ത്രിക്കാൻ സ്പീക്കർ മാത്രമല്ല വാച്ച് ആന്റ് വാർഡ് വരെ വിയർക്കും. എന്നിട്ടെന്താ ഭരണകക്ഷി അവരുടെ പാർട്ടി തീരുമാനിച്ചത് തീരുമാനിച്ച പോലെ നടക്കും, നടത്തും. ചർച്ചകൾക്കൊന്നും വലിയ പ്രയോജനമില്ല എന്ന് തോന്നിയപ്പോൾ ചർച്ചക്ക് വന്നതിന്റെ ആവേശം തെല്ലൊന്ന് തണുത്തു. ചിന്ത അങ്ങനെ പുരോഗമിക്കവെ യോഗം തുടങ്ങി. സ്വാഗതം ആശംസിച്ച ആൾ എല്ലാവരോടും തങ്ങളുടെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങൾ എല്ലാം രേഖപ്പെടുത്തണമെന്നും യോചിക്കാനുള്ളത് പോലെ വിയോചിക്കുവാനും എല്ലാവർക്കും അനുവാദവും അർഹതയുമുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷയായി.



കുറേ അധികം പറയാനോ വിശദമായി വിവരിക്കാനോ ആർക്കും സമയമില്ല. നീട്ടിപ്പറഞ്ഞേക്കുമോ എന്ന ആശങ്ക എല്ലാ മുഖത്തും ഉണ്ട്. വേഷവും മറ്റും കാണുമ്പോൾ എല്ലാവരും ഈ കക്ഷിയുടെ വരവ് എല്ലാം നിരൂപിക്കുവാൻ മാത്രമാണ് എന്ന് തോന്നുകയും ചെയ്യും. അതിനാലെല്ലാം പദ്ധതിയെ ശ്ലാഖിച്ച് തുടങ്ങി. അതല്ലെങ്കിലും പദ്ധതി ശ്ലാഖിക്കപ്പെട്ടേണ്ടതാണല്ലോ. കാലത്തിനും ലോകത്തിനും അനുസൃതമായ പരിഷ്കരണങ്ങൾ ഏത് മേഖലയിലാണെങ്കിലും പൊതുവെ സ്വാഗതാർഹമാണ്. കാരണം മനുഷ്യന്റെ ഏത് ജീവിത ഒഴുക്കും കുറേയങ്ങ് കഴിയുമ്പോൾ മാത്രമാണ് അതിന്റെ കുറവും ബോധ്യമാവുക. അത് മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും ഉള്ളതു തന്നെയാണ്. മനുഷ്യന് മുമ്പിൽ വർത്തമാന കാലം മാത്രമേ വ്യക്തതയുള്ളതായി ഉള്ളൂ. ഭാവി അവന് അറിയില്ല. അതുകൊണ്ട് ചെറിയ ചില ചേരായ്മകളും പോരായ്മകളും കൂടെകൂടെ കണ്ടു തുടങ്ങും. അപ്പോൾ ഇടക്ക് അതുവരെയുളള എല്ലാ പ്രശ്നങ്ങളും സ്വരുക്കൂട്ടി പരിഹരിച്ച് പരിഷ്കരിച്ച് മുന്നോട്ടു പോകുകതന്നെയായിരിക്കും അഭികാമ്യം.



മാത്രമല്ല, ലോകം അതിവേഗം മാറുകയാണ്. രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരമുണ്ട് എങ്കിലും വ്യക്തികൾ തമ്മിലാണ് നേരിട്ടുള്ള മത്സരം. കാരണം മാനദൻഡം അറിവാണ്. അറിവും കഴിവുമുണ്ടെങ്കിൽ ആർക്കും ബ്രിട്ടന്റെ പ്രധാനമന്ത്രി പോലും ആകാം. ഈ അറിവിന്റെയും കഴിവിന്റെയും അടിസ്ഥാനമാണ് വിദ്യാഭ്യാസം. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു രാജ്യത്തിന്റെ പൗരൻമാർ അതിനനുസരിച്ച് പരിഷ്കരിച്ച് വികസിച്ചില്ലെങ്കിൽ നാം മാത്രമല്ല, നമ്മുടെ രാജ്യവും പിന്തള്ളപ്പെടും. അതിനാൽ പരിഷ്കരണം ആവശ്യമാണ്. അതിനു വേണ്ടി ആവിഷ്കരിക്കപ്പെട്ടിരിക്കുന്ന ചർച്ചകളും മറ്റും എല്ലാം സമഗ്രമാണ്. സമഗ്രത നിശ്ചയിക്കുന്നത് വലുപ്പമല്ല, ആഴമാണ്. ഏതാണ്ട് എല്ലാ വിഷയങ്ങളെയും ഈ പദ്ധതി കരട് രേഖ ഉൾക്കൊളളുന്നുണ്ട്. അതെല്ലാം ശ്ലാഖനീയം തന്നെ. പക്ഷെ, ചർച്ചക്കു വേണ്ടി ഗവൺമെന്റ് അടിച്ചിറക്കി വിതരണം ചെയ്ത ചർച്ചാ കുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കം കാണുമ്പോൾ ഗുരുതരമായ ചില ആശങ്കകൾ അതിൽ ഉണ്ട് എന്നു പറയാതെ വയ്യ. അവ വിശദമായി ഓരോന്നും ചർച്ച ചെയ്യേണ്ടതുണ്ട്. അതിന് പുറമെ, ഇത് മുഴുവൻ വായിക്കുന്ന ഒരാൾക്ക്, ഇവിടെ പരിഷ്കരിക്കാൻ ഉദ്യമിക്കുന്നത് പാഠ്യപദ്ധതിയാണോ ജനങ്ങളുടെ ലൈംഗിക സമീപനങ്ങളാണോ എന്നത് തിരിച്ചറിയാൻ കഴിയാതെ വരുന്ന ഒരു പ്രശ്നവുമുണ്ട്. ഇതെല്ലാം അനുഭാവ പൂർവ്വം പരിഗണിക്കേണ്ട തുണ്ട്. അതെല്ലാം നടക്കുമെങ്കിൽ ഈ ചർച്ചകൾ പലപ്രദമാകും. ഇല്ലെങ്കിൽ ഇത് പുതിയ കാലത്തിന്റെ മറ്റൊരു പ്രഹസനമാകും.



കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ എന്ന പുസ്തകമെടുക്കാം. അതിലെ . എട്ടാം പേജിലെ പത്താം നമ്പർ വിഷയം ഇങ്ങനെ വായിക്കാം: വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനിൽക്കുന്നു. ലിംഗ സമത്വം, ലിംഗാവബോധം, എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയിൽ വലിയ തോതിൽ ഉണ്ടാവേണ്ടതുണ്ട്. ഈ പറഞ്ഞതിൽ ലിംഗ സമത്വം വന്നാൽ പിന്നെ ലിംഗാവബോധം എന്തിനാണ് എന്ന ചോദ്യം ഉണ്ട്. അത്തരം വൈരുദ്ധ്യങ്ങൾ ഈ ചട്ടക്കൂട്ടിൽ ഏറെയുണ്ട്. ഇതിലെ പൊതുവായ പ്രശ്നം ലിംഗ സമത്വത്തിന് വേണ്ടിയുളള മുറവിളിയാണ്. മുറവിളി എന്തിനുളളതാണ് എന്നത് തിരിച്ചറിയേണ്ടതുണ്ട്. ലിംഗനീതിക്കല്ല, ലിംഗ സമത്വത്തിനു വേണ്ടിയാണ്. ലിംഗനീതിയും ലിംഗസമത്വവും രണ്ടാണ്. പുരുഷൻ പുരുഷനായതിന്റെ പേരിലോ സ്ത്രീ സത്രീയായതിന്റെ പേരിലോ അവരർഹിക്കുന്ന ഒരു അവകാശവും നഷ്ടപ്പെടാതിരിക്കുവാനുള്ള ജാഗ്രതയാണ് ലിംഗനീതിയിൽ പുലർത്തുന്നത്. അതേ സമയം ലിംഗ സമത്വം എന്നത് ലിംഗ വൈവിദ്ധ്യത്തെ പാടെ നിരാകരിക്കുകയും ലിംഗവ്യത്യാസമില്ലാതെ രണ്ട് പേർക്കും മുമ്പിൽ എല്ലാം തുറന്നിടുകയാണ്. ഇത് പക്ഷെ ചലർക്കൊന്നും മനസ്സിലാകുന്നില്ല. അങ്ങനെ അവരാണ് അപ്രായോഗികമായ ഇത്തരം സാമൂഹ്യ ബാലിശങ്ങൾ സമൂഹത്തിലേക്ക് വലിച്ചിടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിൽ അത്തരം ചില വ്യക്തിത്വങ്ങൾ വരികയുണ്ടായി. സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവരാണ് ഇന്ന് നിലനിൽക്കുന്ന ഇത്തരം വാദങ്ങളുടെ എല്ലാം പിന്നിൽ. ഇവരുടെ ഈ ബാലിശ വാദങ്ങളെ സിദ്ധാന്തങ്ങൾ എന്നാണ് വിളിക്കപ്പെട്ടു വരുന്നത്. ഇതു തന്നെ വലിയ തെറ്റാണ്. കാരണം ആ പ്രയോഗം അവർക്കും അവരുടെ കാഴ്ചപ്പാടുകൾക്കും ആവശ്യമില്ലാത്ത പ്രാധാന്യം നൽകി. ചാൾസ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയും ആണ് നൽകിയത്.



ലിംഗഭേതത്തിന്റെ രഹസ്യവും സംഗത്യവും മനസ്സിലാക്കിയേടത്ത് വരുന്ന പിശകാണ് സത്യത്തിൽ ഇത്തരം ആശയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഇവിടെ യാഥാർഥ്യം മനസ്സിലാക്കാൻ രണ്ട് ആമുഖങ്ങൾ ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതായി, ദ്വന്ദത എന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ സൃഷ്ടി രഹസ്യമാണ്. അതായത് എല്ലാം ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ഋണ-ധന ശക്തികൾ ഉള്ള രണ്ട് ഘടകങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് എല്ലാം നിലനിൽക്കുന്നത്. അതില്ലാതെ ഒരു വസ്തുവും പ്രപഞ്ചത്തിൽ നിലനിൽക്കില്ല. ഈ വസ്തുത മനുഷ്യൻ ശാസ്ത്രത്തിന്റെ മേശപ്പുറത്ത് എത്തുന്നതിന്റെ എത്രയോ മുമ്പ് തന്നെ അല്ലാഹുവിന്റെ ഖുർആൻ പറഞ്ഞതാണ്. അല്ലാഹു പറയുന്നു: എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി. (51:49)
എന്നാൽ ഈ പറഞ്ഞതിന് രണ്ട് തുല്യമായ ഘടകങ്ങൾ തമ്മിൽ ചേർന്നാണ് എല്ലാം ഉണ്ടാകുന്നത് എന്ന് അർഥമില്ല. അങ്ങനെയായാൽ അവ പരസ്പരം ചേരില്ല എന്നത് ഊർജ്ജതന്ത്രത്തിലെ പ്രാഥമിക അറിവുകളിൽ പെട്ടതാണ്. ചെറിയ ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാം. ഒരു ബൾബ് കത്താൻ രണ്ട് സർക്യൂട്ടുകൾ കൂടിയേ തീരൂ. ഇതു രണ്ടും ഒരേ ശക്തിയിലുള്ളതായാൽ രണ്ടും തമ്മിൽ ചേരില്ല, അല്ലെങ്കിൽ ശക്തി ഉൽപ്പാദിപ്പിക്കില്ല. അതറിയുവാൻ ഒരു ബൾബിലേക്ക് നീളുന്ന രണ്ട് വയറുകളിൽ ഒന്ന് മുറിച്ച് തൊട്ടു നോക്കിയാൽ മാത്രം മതി. രണ്ടിലും ചാർജ്ജ് ഉണ്ടായിരിക്കും. പക്ഷെ, ഒന്നിലെ ചാർജ്ജ് പോസിറ്റീവും മറ്റേതിലേത് നെഗറ്റീവും ആയിരിക്കും. ഒന്നിൽ തൊട്ടാൽ തെറിക്കും. മറ്റേതിൽ അങ്ങനെ തെറിക്കില്ല. ഈ സരളമായ ഉദാഹരണം വ്യക്തമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാം ഉണ്ടാകുന്നത് ഇങ്ങനെ രണ്ട് ഘടകങ്ങൾ ചേർന്നാണ് എന്നാണ്. സമൂഹം, കുടുംബം, കുലം തുടങ്ങിയ അർഥങ്ങൾ സ്ഥാപിതമാകുവാൻ അവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് ആണും പെണ്ണും.
ഈ സാമൂഹ്യ വ്യത്യാസത്തെ നിരാകരിക്കുവാനും സ്വതന്ത്ര ചിന്തയും അതിന്റെ ഉൽപ്പന്നമായ സ്വതന്ത്ര ലൈംഗികതയും സ്കൂളിൽ വെച്ചു തന്നെ കുത്തിവെച്ച് മനുഷ്യൻ തുടർന്നു വരുന്ന ധാർമികത തകർക്കുവാനുള്ള ഗൂഢാലോചനയാണിത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



മറ്റൊരു അപകടം പതിയിരിക്കുന്നത് അതേ പുസ്തകം പേജ് 12-ലെ എഴാം വസ്തുതയിലാണ്. അതിൽ പറയുന്നതിങ്ങനെ വായിക്കാം: പുരോഗമന ജനാധിപത്യ നവോത്ഥാന ആശയങ്ങൾ തുറന്നുവിട്ട സമത്വദർശനത്തിന്റെയും സാഹോദര്യത്തിന്റെയും ആശയങ്ങളെ ഭാവി സമൂഹത്തിന്റെ സുദൃഢമായ സാമൂഹ്യ വ്യവഹാരമായി പ്രയോഗവത്കരിക്കേണ്ടതുണ്ട്. ഈ വളഞ്ഞ് തിരിഞ്ഞ് പറയുന്ന വാചകക്കസർത്തുകളുടെ മൊത്തത്തിലുള്ള ആശയം ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള ക്ഷണമാണ്. പിന്നെയും അധികാരത്തിലെത്താനുള്ള ശ്രമം ഈ വരികൾക്കിടയിൽ വ്യക്തമാണ്. മറ്റൊരു അപകടം പതിയിരിക്കുന്ന സ്ഥലം ഇതേ പുസ്തകത്തിലെ പേജ് 16- ലെ 16-ാമത്തെ വസ്തുതയാണ്. യുക്തിചിന്ത വികസിപ്പിക്കുക. ഇതിന്നാവശ്യമായ കാഴ്ച്ചപ്പാട് രൂപീകരിക്കുക എന്നതാണ്. ഇതേ ആശയം പേജ് 23, 69 തുടങ്ങി പലയിടത്തും ഈ ആശയം വിതറിയിട്ടുണ്ട്. കുട്ടികളിൽ ശാസ്ത്ര ചിന്തയും അവബോധവും വളർത്തുകയും വികസിപ്പിക്കുകയുമൊക്കെ വേണ്ടതാണ്. പക്ഷെ, യുക്തി ചിന്ത വളർത്തേണ്ടതാണ് എന്ന് പറയുന്നത് വിചിത്രമാണ്. അതിന് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്നാമതായി യുക്തിവാദം കുട്ടികളിൽ കുത്തിച്ചെലുത്തുക. രണ്ടാമതായി മതധർമ്മ വിചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും അവരെ അകറ്റുക. ഇതെല്ലാം ആരുടെ ആശയവും അജണ്ടയുമാണ് എന്നാലോചിച്ചാൽ തന്നെ അതിന്റെ വന്നവഴി മനസ്സിലാകും. മറ്റൊരു അപകട പോയിന്റ് അതേ പുസ്തകത്തിൽ പേജ് 18 ആണ്. അതിലെ ഇരുപത്തിരണ്ടാം നമ്പർ ആശയം ജെൻഡർ സെൻസിറ്റീവ് അല്ലാത്ത സാമൂഹിക വ്യവസ്ഥയെ ഉയർന്ന മാനവിക ബോധം കൊണ്ട് പുനർ നിർമ്മിക്കേണ്ടതാണ്. ഈ പരാമർശം രണ്ട് അധിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഒന്നാമതായി നിലവിൽ നമ്മുടെ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെ ജെൻഡർ സെൻസിറ്റീവാണ് എന്നും അത് തിരുത്തേണ്ടതാണ് എന്നും വാദിക്കുന്നു. രണ്ടാമതായി ഇതു തിരുത്താൻ തിട്ടൂരമിറക്കിയിരിക്കുന്നവരുടെ ആശയത്തെ ഉന്നതമായ മാനവിക ബോധം എന്ന് വിളിക്കുന്നു. ഇതെല്ലാം ഈ ഉള്ളിലിരിപ്പുകളുടെ പ്രകടനങ്ങളാണ്.



മറ്റൊരു അപകടസ്ഥാനം ഇതേ പുസ്തകത്തിൽ തന്നെ പേജ് 19 ൽ മുൻപിൻ ബെഞ്ചുകാർ ഇല്ലാതെ എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു എന്ന് പറയുന്നതാണ്. കുട്ടികളെ കൂട്ടിക്കലർത്തി ഇരുത്തി ജെൻഡർ പോളിറ്റിക്സ് നടത്താനുള്ള പരിപാടിയാണിത്. മുൻപിൻ എന്നില്ലാതെ എന്ന് പ്രയോഗിക്കുമ്പോഴേക്കും ജനങ്ങൾ ഇത് വലിയ നീതി നടപ്പാക്കാനുള്ള പുറപ്പാടാണ് എന്ന് തെറ്റിദ്ധരിച്ച് വീഴും എന്ന് കിനാവ് കണ്ടാണ് ഇതൊക്കെ പറയുന്നത്. ഒരേ ക്യാമ്പസിൽ അണിനെയും പെണ്ണിനെയും മേയാൻ വിട്ടിട്ട് ഉണ്ടാകുന്ന അനർഥങ്ങൾ തന്നെ നിരവധിയാണ്. എന്നിട്ടാണ് ഈ രണ്ട് കാന്തിക ലിംഗങ്ങളെ തൊട്ടുരുമി ഇരുത്തുന്നത്. അനിയന്ത്രിതവും സ്വതന്ത്രവുമായ ലൈംഗികത ചുട്ടെടുക്കാനുള്ള സൂത്രമാണ് ഇത്. മറ്റൊന്ന് പേജ് ഇരുപതിലാണ്. പാഠപുസ്തകം മുതൽ കളിസ്ഥലം വരെ സ്കൂളിന്റെ എല്ലാ ഭാഗങ്ങളും ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കണം എന്നാണ് ഇവിടെ പറയുന്നത്. എന്താണ്, എങ്ങിനെയാണ് ഈ ജെൻഡർ ഓഡിറ്റിംഗ് എന്നീ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടി കൈപ്പുസ്തകം പറയുന്നില്ല. ഏതായിരുന്നാലും ഇവരുടെ ആഗ്രഹം സ്കൂൾ കാമ്പസിൽ എവിടെയും പെൺകുട്ടികളെ ആസ്വദിക്കാൻ തരപ്പെടണം എന്നതാണ് എന്നത് വ്യക്തമാണ്. പേജ് 22 ൽ പഴയ വീഞ്ഞ് വിളമ്പുന്നുണ്ട്. സമയമാറ്റം. അതിന്റെ ലക്ഷ്യങ്ങളും കള്ളക്കണ്ണും നേരത്തെ പലവട്ടം പുറത്തുവന്നിട്ടുള്ളതും വിശദമായ ചർച്ചകൾ നടന്നിട്ടുള്ളതുമാണ്.



ഇതേ പുസ്തകത്തിന്റെ 23-ാം പേജിൽ ഒന്നാം നമ്പറായി പറയുന്നത് ലിംഗപരമായ വ്യത്യാസം, മതം, ജാതി, വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു തരത്തിലുമുള്ള വിവേചനവും ഇല്ലാത്തതും മാനവികത നിലനിൽക്കുന്നതുമായ ഒരു ഭാവി സമൂഹമാണ് നമ്മുടെ ലക്ഷ്യം എന്ന് പ്രസ്താവിക്കുന്നുണ്ട്. ഇതോടെ ലക്ഷ്യങ്ങൾ മറനീക്കി പുറത്തുവരികയണ്. രാജ്യവും അതിലെ ജനങ്ങളും നൂറ്റാണ്ടുകളായി ഇഴ ചേർത്തെടുത്ത എല്ലാ അസ്തിത്വത്തെയും ത്യജിച്ച് ലോകത്ത് എപ്പോഴും പരാജയം മാത്രം ഏറ്റവാങ്ങിയിട്ടുള്ള ഇടത് നാസ്തിക ചിന്ത സർക്കാർ ചെലവിൽ അടിച്ചേൽപ്പിക്കാൻ ഉള്ള ഒരു വില കുറഞ്ഞ ശ്രമമായിട്ടേ ഇതൊക്കെ കാണാൻ കഴിയൂ. ഇങ്ങനെ വിവിധ അപകടങ്ങൾ മൈനുകളായി ചിതറിക്കിടക്കുകയാണ് ഈ പുസ്തകത്തിലുട നീളം. ലിംഗാവബോധം, ലിംഗനീതി, ലിംഗ സമത്വം, യുക്തി ചിന്ത, വിമർശനാത്മക പഠനം തുടങ്ങി വിപ്ലവ വീര്യമുള്ള ആശയങ്ങളും പ്രയോഗങ്ങളുമാണ് ഈ കൈപ്പുസ്തകത്തിലടനീളം. ഒരു വിദ്യാഭ്യാസ പദ്ധതിക്കു വേണ്ട പാഠപുസ്തങ്ങൾ പരിഷ്കരിക്കുമ്പോൾ വേണ്ട ഉള്ളടക്കത്തിനോ വിവരങ്ങൾക്കോ ഒന്നുമല്ല ഇതിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മത വിശ്വാസത്തിൽ നിന്നും പൈതൃകസിദ്ധമായ സദാചാര മൂല്യങ്ങളിൽ നിന്നും മതബോധത്തിൽ നിന്നും ഒരു തലമുറയെ തന്ത്രപരമായി അടർത്തി മാറ്റാനുള്ള ശ്രമമാണിത് എന്ന് ഒറ്റവാക്കിൽ വിലയിരുത്താം.








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso