Thoughts & Arts
Image

ആത്മീയതയുടെ ഉൾസാരങ്ങൾ

15-11-2022

Web Design

15 Comments






അഞ്ചും ആറും പതിനാന്ന് കാര്യങ്ങൾ (ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും) പോരെ വിശ്വാസികൾക്ക് എന്ന ഒരു ചോദ്യത്തിലാണ് ആത്മീയ വിചാരമുള്ള വിശ്വാസികളെ ബിദ്അത്തുകാർ സാധാരണ വീഴ്ത്തുക. അവർ പറയുന്നതു പോലെ അവ രണ്ടും മാത്രം മതിയായിരുന്നു, ദീൻ എന്നത് അതാണ് എങ്കിൽ. പക്ഷെ ദീൻ എന്നത് അവ രണ്ടും മാത്രമല്ല. മാത്രമായിരുന്നുവെങ്കിൽ ദീൻ പഠിപ്പിക്കാൻ വേണ്ടി വന്ന ജിബ്രീൽ(അ) നബി(സ)യോട് മൂന്നാമത്തെ ഒന്നിനെ കുറിച്ച് ചോദിക്കുമായിരുന്നില്ല. ഇമാം മുസ്‌ലിം(റ) ഉമര്‍(റ)വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം, ഒരിക്കൽ നബി(സ)യും സ്വഹാബിമാരും കൂടി ഇരിക്കുന്ന സദസിലേക്ക് ജിബ്‌രീല്‍(അ) കടന്നുവരുന്നതും നബി(സ)യോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നതും. തികച്ചും അപരിചിതനായി കടന്നുവന്ന ജിബ്‌രീല്‍(അ) നബി(സ) തിരുമേനിയുടെ മുമ്പിൽ മുട്ടോടു മുട്ട് ചേര്‍ത്തു വന്നിരിക്കുകയായിരുന്നു. എന്നിട്ട് നബി(സ)യോട് ആദ്യം ഇസ്‌ലാമിനെക്കുറിച്ചു ചോദിച്ചു. ഇസ്‌ലാമിന്റെ അഞ്ചു കര്‍മങ്ങള്‍ വിവരിച്ച് നബി(സ) അതിനു മറുപടി നല്‍കി. അതു ജിബ്‌രീല്‍ ശരിവയ്ക്കുകയും ചെയ്തു. പിന്നെ ഈമാന്‍ എന്ന വിശ്വാസത്തെക്കുറിച്ചു ചോദിച്ചു. അതിന് ആറു വിശ്വാസ പ്രമാണങ്ങള്‍ കൊണ്ട് നബി(സ) മറുപടി പറഞ്ഞു. അതും അദ്ദേഹം ശരിവച്ചു. ഇവിടെ ചോദ്യങ്ങള്‍ അവസാനിച്ചില്ല. മൂന്നാമത്തെ ചോദ്യം ഇഹ്‌സാനിനെ കുറിച്ചായിരുന്നു. അല്ലാഹുവിനെ കാണുന്നു എന്ന ഭാവേന അവനെ ആരാധിക്കലാണ് ഇഹ്‌സാന്‍ എന്ന് നബി(സ) മറുപടി പറഞ്ഞു. നീ അവനെ കാണുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ എന്ന് നബി(സ) കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പിന്നീട് അന്ത്യനാളിനെക്കുറിച്ചും അതിന്റെ അടയാളങ്ങളെക്കുറിച്ചുമായിരുന്നു സംസാരം. സംസാരം കഴിഞ്ഞ് അപരിചിതന്‍ പോയ്ക്കഴിഞ്ഞപ്പോള്‍, വന്നത് ജിബ്‌രീൽ(അ) ആയിരുന്നുവെന്നും നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ എന്താണ് എന്നു പഠിപ്പിച്ചുതരാന്‍ വേണ്ടി വന്നതായിരുന്നു എന്നും നബി(സ) സ്വഹാബിമാരോട് വ്യക്തമാക്കി. ഈ സ്വഹീഹായ ഹദീസിൽ നിന്നും ഇസ്ലാം ദീൻ എന്നാൽ ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവ മൂന്നും ചേർന്നതാണ് എന്ന് സുതരാം വ്യക്തമാകുന്നു. അതിനാൽ അഞ്ചും ആറും കാര്യങ്ങളിൽ ഒതുങ്ങില്ല ദീൻ.



ദീന്‍ എന്നാല്‍ ഇസ്‌ലാമും ഈമാനും ഇഹ്സാനുമാണ്‌ . ഇവ മൂന്നും ഒരുമിക്കുമ്പോള്‍ മാത്രമേ ദീന്‍ പരിപൂര്‍ണ്ണമാകുന്നുള്ളൂ. ഈമാന്‍ കാര്യങ്ങള്‍ വിശ്വസിക്കുവാനുള്ളതാണ്. ഇസ്‌ലാം കാര്യങ്ങള്‍ ചെയ്യുവാനുളളതാണ്. വിശ്വസിക്കാനുള്ള കാര്യങ്ങൾ വിശ്വസിക്കുവാനും അനുഷ്ഠിക്കുവാൻ ഉള്ള കാര്യങ്ങൾ അനുഷ്ഠിക്കുവാനും വേണ്ടി നിഷ്കർഷിക്കപ്പെട്ടിട്ടുള്ള രീതിയാണ് നബി(സ)യുടെ വിവരണമനുസരിച്ച് ഇഹ്സാൻ. അത് ദീനിന്റെ മൂന്ന് പ്രധാന ഘടകങ്ങളിലോന്നാണെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു. സരളമായി ഉദാഹരിക്കാൻ നിസ്കാരത്തെ തന്നെ എടുക്കാം. നിസ്കരിക്കാൻ മനസ്സിനെയും ശരീരത്തേയും പ്രേരിപ്പിക്കുന്ന മനോനിലയും ഘടകവുമാണ് ഈമാൻ. ഈ വിശ്വാസത്തിന് വിധേയമായി ഫർളുകളും ശർഥുകളും സുന്നത്തുകളും കൃത്യമായും കണിശമായും പാലിച്ച് അത് നിർവ്വഹിക്കുന്നതാണ് ഇസ്ലാം. അത് വേണ്ടത്ര ഭക്തിയോടെയും മനസ്സാന്നിദ്ധ്യത്തോടെയും അല്ലാഹുവിന്റെ മുൻപിലാണ് താൻ നിൽക്കുന്നത് എന്ന ബോധ്യത്തോടെയും നിർവ്വഹിക്കലാണ് ഇഹ്സാൻ. ഇത് മൂന്നും ഇവ്വിധം ചേരാതെ ദീൻ പറഞ്ഞ നിസ്കാരം സ്വീകാര്യയോഗ്യമാവില്ല. നിസ്കാരം മാത്രമല്ല, മറ്റു ആരാധനകളും ജീവിത വ്യവഹാരങ്ങളും എല്ലാം ഈ രീതിയിൽ തന്നെ നിർവ്വഹിക്കുന്നതോടെ ദീൻ പൂർണ്ണമാകുന്നു. ഇവ്വിധം തന്നെ സമ്പൂർണ്ണമായ ദീനീ ജീവിതമാണ് അല്ലാഹു ഓരോ സൃഷ്ടിയിൽ നിന്നും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും.



ഇഹ്സാൻ എന്താണെന്ന ചോദ്യത്തിനു ജിബ്രീൽ പ്രവാചകന് നൽകിയ വിശദീകരണത്തിൽ രണ്ട് കാര്യങ്ങൾ കാണാം. ഒന്ന്: അല്ലാഹുവിനെ കാണുന്നുണ്ട്, അല്ലെങ്കിൽ അല്ലാഹു തൻെറ മുമ്പിലുണ്ട് എന്ന വിചാരത്തോടെ മാത്രം കർമങ്ങളിലേർപ്പെടുക. അതായത് ആരാധനക്കായി എഴുനേൽക്കുമ്പോൾ മുതൽ അതവസാനിക്കുന്നതു വരെ അല്ലാഹു മനസ്സിൽ പ്രത്യക്ഷപ്പെട്ടു നിൽക്കണം. അവനെ നേരിട്ട് വണങ്ങുന്ന പ്രതീതി മനസ്സിൽ ഉണ്ടാകണം. ഇത് വലിയ ശ്രമകരമായ ദൗത്യമാണ്. അല്ലാഹു അരൂപിയായതിനാൽ പ്രത്യേകിച്ചും. എന്നാലും ഏറ്റവും ഉന്നതമായ മനക്കരുത്തും മനോനിയന്ത്രണ ശേഷിയും വിശുദ്ധിയും ഉള്ളവർക്ക് അത് സാധ്യം തന്നെയാണ്. കാലിൽ തറച്ച അമ്പ് വലിച്ചൂരിയെടുത്തത് നിസ്കാരത്തിലായതിനാൽ അറിയാതെ പോയ ചരിത്രമൊക്കെ അതിന്റെ ഫലമാണ്. ഇതിനു സാധിക്കുമെങ്കിൽ ഏതൊരു വിശ്വാസിയെയും അവൻെറ കർമം നന്നാക്കാൻ ഏറെ സഹായിക്കുന്ന ഒന്നാണിത്. ആർക്കെങ്കിലും ആ അവസ്ഥയിലേക്ക് ഉയരാൻ സാധിക്കുന്നില്ലെങ്കിൽ മറ്റൊരു മാർഗം അവൻെറ മുമ്പാകെ വരച്ചുകാട്ടിയിട്ടുണ്ട്. അതാണ് രണ്ടാമത്തേത്. രഹസ്യവും പരസ്യവും നന്നായി അറിയാൻ കഴിവുള്ള അല്ലാഹു തന്നെ നോക്കുന്നുണ്ടെന്ന ദൃഢവിശ്വസത്തോടെ കർമങ്ങളിലേർപ്പെടുകയെന്നതാണത്. നമ്മുടെ രഹസ്യവും പരസ്യവുമായ കർമങ്ങളെല്ലാം അല്ലാഹു കാണുന്നുണ്ടെന്ന് വിശുദ്ധ ഖുർആനിൽ പല സ്ഥലങ്ങളിലായി അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: അല്ലാഹു സകല സംഗതികൾക്കും കഴിവുറ്റവനെന്നും അല്ലാഹുവിൻെറ ജ്ഞാനം സകല കാര്യങ്ങളെയും വലയം ചെയ്തിരിക്കുന്നുവെന്നും നിങ്ങൾ അറിയേണ്ടതിനാകുന്നു (ത്വലാഖ്:12). മറ്റൊരു ആയത്തിൽ ഇങ്ങനെ കാണാം: ആകാശ ഭൂമികളിലെ സകല സംഗതികളും അല്ലാഹു അറിയുന്നുവെന്ന് നിങ്ങളറിയുന്നില്ലേ? ഒരിക്കലും മൂന്നുപേർ തമ്മിൽ രഹസ്യ സംഭാഷണം നടക്കുന്നില്ല, അവരിൽ നാലാമനായി അല്ലാഹു ഇല്ലാതെ. അല്ലെങ്കിൽ അഞ്ചുപേരുടെ രഹസ്യ ഭാഷണം, ആറാമനായി അല്ലാഹു ഇല്ലാതെ. രഹസ്യം പറയുന്നവർ ഇതിലുംകുറച്ചാവട്ടെ, കൂടുതലാവട്ടെ, അവരെവിടെയായിരുന്നാലും അല്ലാഹു അവരോടാപ്പമായിരിക്കും. പിന്നീട് ഇവരെന്താണ് പ്രവർത്തിച്ചിരുന്നതെന്ന് അന്ത്യ നാളിൽ അവനവർക്ക് കാണിച്ചു കൊടുക്കുകയും ചെയ്യും. അല്ലാഹു സകലകാര്യങ്ങളും അറിവുള്ളവനല്ലോ (മുജാദല:7).



മേല്‍ വിവരിച്ചതില്‍ നിന്നും ഇഹ്‌സാന്‍ എന്ന ആത്മീയത മനസ്സിന്റെ വ്യാപാരമാണ് എന്നതു വ്യക്തമായി. മനുഷ്യ മനസ്സ് പിടികിട്ടാത്ത അല്‍ഭുതമാണ്. അതിനെ മേല്‍പറഞ്ഞ ഭാവത്തിലേക്ക് കൊണ്ടുവരിക, ആ ഭാവത്തിലായി നിലനിര്‍ത്തുക എന്നതൊന്നും എളുപ്പമല്ല. കാരണം അത്തരം ചിന്തകള്‍ക്ക് തികച്ചും വിരുദ്ധമായ വൈകാരിക ഇഛകളുടെ താവളമാണത്. പൈശാചികമായ ആ ഇഛകളെയെല്ലാം മറികടന്ന് അല്ലാഹുവിന്റെ ദൃഷ്ടിയിലെന്നോണം ജീവിതം മുഴുവനും ജീവിക്കുക എന്നത് പറയുന്നത്‌ പോലെ എളുപ്പമുള്ള കാര്യമല്ല. അതിന് നിരന്തരമായ ഉപദേശവും മാനസിക ഇടപെടലുകളുമെല്ലാം വേണ്ടതുണ്ട്. ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളും കൊണ്ട് മനസ്സിനെ നിയന്ത്രണവിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്. കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ സമീപിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അറിവ്. അറിവില്ലാത്ത ആത്മീയതയാണ് മേല്‍പറഞ്ഞ അബദ്ധങ്ങളിലേക്കെല്ലാം ആത്മീയതയെ നയിക്കുന്നത് എന്നതിന് ധാരാളം തെളിവുകളുണ്ട്. ലോക പ്രശസ്തരായ ആധ്യാത്മിക നായകര്‍ ഓരോരുത്തരുടെയും ജീവിതത്തിന്റെ വലിയ പങ്ക് അറിവുതേടാന്‍ നീക്കിവെച്ചതായിരുന്നു. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അന്‍പതു വയസ്സുവരെ മുതഅല്ലിമായായിരുന്നു ജീവിച്ചത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നു. ഇമാം ഗസ്സാലിയും ഇമാം രിഫാഇയുമൊക്കെ അങ്ങനെ മാത്രമായിരുന്നു ആത്മീയതയിലേക്ക് സ്വന്തം ജീവിതങ്ങളെ പറിച്ചുനട്ടത്. തുടർന്ന് മനസ്സിനെ നിയന്ത്രിച്ച് ഒപ്പം നിറുത്താൻ തുടങ്ങണം. അതിന് ഗൗരവതരമായ പരിശീലനങ്ങൾ ആവശ്യമാണ്. ഇവയെല്ലാം വിശ്വാസികളിൽ ഉണ്ടാക്കിയെടുക്കുവാനുള്ള ജീവിത വഴിയാണ് ആത്മീയത എന്ന സ്വൂഫിസം.



ഇങ്ങനെ ഒരു ശാഖ നബിയുടെയോ സ്വഹാബത്തിന്റെയോ കാലത്ത് ഉണ്ടായിരുന്നോ എന്ന ചോദ്യം പൊതുവെ പലരും ചോദിക്കുന്ന ഒന്നാണ്. ഇങ്ങനെ ചോദിക്കുന്നവരുടെ ഉളളിൽ കുറേ ചോദിക്കണം എന്നല്ലാതെ പഠിക്കണം എന്ന താൽപര്യമേയില്ല എന്നതു വ്യക്തമാണ്. കാരണം, ഇതിനുത്തരം ആ കാലം തന്നെ പറയുന്നുണ്ട്. നബി(സ)യും ആദ്യത്തെ സ്വഹാബീ തലമുറയും എല്ലാം തികഞ്ഞ് ജീവിച്ചവരായിരുന്നു. അല്ലാഹുവിനെ കണ്ണിൽ കണ്ടുകൊണ്ടുളള ജീവിതമായിരുന്നു അവരുടേത്. ആ കാലം അതിലെ മൂന്ന് നൂറ്റാണ്ടുകൾ ഏറ്റവും ഉത്തമമായ നൂറ്റാണ്ടുകളായിരുന്നു എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ആയതിനാൽ അവർക്കിടയിൽ എടുത്തു പറയേണ്ട വിധം ആത്മീയത ചേർക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആത്മീയത വേർതിരിക്കേണ്ടതില്ലാത്ത വിധം അവരുടെ ജീവിതങ്ങളിൽ ഉൾചേർന്നിരുന്നു. എന്നാൽ കാലക്രമത്തിൽ ആത്മീയത ചേർന്നുകൊണ്ടേയിരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. പ്രത്യേകിച്ചും ഖിലാഫത്ത് ഒരു വിധം രാജാധികാരത്തിലേക്ക് വഴിമാറിയതിനു ശേഷം. ഉന്നതമായ ഇസ്ലാമിക മൂല്യങ്ങളിൽ നിന്ന് അകലുകയും മതം ഒരു അവകാശവാദമോ കാര്യലാഭത്തിനുള്ള ഒരു മാർഗ്ഗമോ ഒക്കെയായി മാറുകയായിരുന്നു ഇസ്ലാമിക സമൂഹം. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇസ്ലാമിക ഉമ്മത്തിൽ നിന്ന് ആദ്യമായി ചോർന്നുതുടങ്ങിയത് ഈമാനും ഇസ്ലാമുമല്ല, ഇഹ്സാൻ ആയിരുന്നു എന്ന് കാണാൻ കഴിയും. ഉത്തമ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ വിശ്വാസത്തിന് അർഥവും ചെയ്യുന്ന കർമങ്ങൾക്ക് ആത്മാവും നഷ്ടപ്പെട്ടുവന്നു. അസൂയയും അഹങ്കാരവും തൻപോരിമയും വാശിയും വീറും എല്ലാം വിശ്വാസികളുടെ മനസ്സുകളിൽ കുടി കെട്ടി. ഖിലാഫത്ത് രാഷ്ട്രീയമായി. നീതി തന്നിഷ്ടമായി. ആത്മാവ് നഷ്ടപ്പെട്ട ഒരു സമൂഹമായി ഇസ്ലാമിക സമൂഹം മാറി. മുസ്ലിംകൾ രണ്ട് വശങ്ങളിൽ അണിനിരന്ന് പരസ്പരം പോരടിക്കേണ്ടി വന്നത് കാന്നേണ്ടി വന്നു നമുക്കെല്ലാം. അങ്ങനെ പിൽക്കാലത്ത് ആത്മീയതയും സ്വൂഫിസവുമെല്ലാം തിരിച്ചു വരേണ്ട സാഹചര്യം സമുദായത്തിൽ സംജാതമായി.



സാഹചര്യങ്ങളുടെ സ്വാധീനം പോലെ ഒരു ക്രമണികയും അതിനുണ്ടായിരുന്നു. നബി(സ) യുടെ വാക്കുകളില്‍ ഇഹ്‌സാനെന്ന് വ്യവഹരിക്കപ്പെട്ട ആധ്യാത്മകത താബിഉകളുടെ ആദ്യ കാലത്ത് ക്രമേണ തസ്‌കിയത്ത് എന്ന സംജ്ഞയിലേക്ക് മാറുകയായിരുന്നു. പില്‍ക്കാലത്താണ് ത്വരീഖത്ത്, സൂഫിസം എന്നൊക്കെ ഇതു വിളിക്കപ്പെട്ടത്. ചുരുക്കത്തില്‍ പേരെങ്ങനെ വിളിച്ചാലും മതത്തിന്റെ അനുഷ്ഠാനങ്ങളെ ആത്മനിബദ്ധമാക്കാനുള്ള രീതിശാസ്ത്രമാണ് ഇഹ്സാനും ആത്മീയതയും സ്വൂഫിസവുമെല്ലാം. ഇതുപക്ഷേ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയില്ല. കൃത്യവും കണിശവുമായ പരിശീലനമുറകള്‍വഴി ക്രമേണ മനസ്സിനെ തിന്മകളില്‍ നിന്ന് അകറ്റുകയും നന്മയോട് അടുപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സാധ്യമാകൂ. അതിനാൽ അത് ഒരു ശാസ്ത്രീയ രീതിയും വിഭാഗവുമൊക്കെയായി പിൽക്കാലത്ത് മാറി. പലരും പലതും തെറ്റിദ്ധരിക്കുവാൻ വരെ ഇത് വഴിവെച്ചു എന്നതും ഒരു സത്യമാണ്. ഇത് ഈ കാര്യത്തിന്റെ മാത്രം പ്രത്യേകതയല്ല. മനസ്സുമായി ബന്ധപ്പെട്ട എല്ലാ സമീപനങ്ങളും ഇങ്ങനെയാണ്. മനോരോഗങ്ങള്‍ ചികില്‍സിക്കുന്നവര്‍ മുതല്‍ കൗണ്‍സിലിങ് നടത്തുന്നവര്‍ വരെ ഇപ്രകാരം ക്രമേണയായി മനസിന്റെ നില മാറ്റിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ശരിയായ ആത്മീയ ഗുരുക്കള്‍ ഇങ്ങനെയാണ് തങ്ങളുടെ തര്‍ബിയ്യത്ത് നിര്‍വഹിക്കുന്നത്. ഇത്തരത്തിലുള്ള മാനസിക നിലയിലേക്ക് എത്തുന്നതോടെ ആരാധനകള്‍ ആനന്ദങ്ങളായിമാറുന്നു. എല്ലാം മറന്ന് അല്ലാഹുവിൽ ലയിച്ചലിഞ്ഞുചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഒരു സത്യവിശ്വാസി അനുഭവിക്കുക അതുല്യമായ ആനന്ദം തന്നെയാണ്. അതോടെ ആരാധനകള്‍ അവന്റെ വികാരമായിമാറുന്നു. ഇസ്ലാമിക ജീവിതം അവന്റെ താൽപര്യമായി മാറുന്നു.



ആത്മീയതയിലേക്കുളള വഴികൾ



ഇഹ്സാൻ എന്ന ആത്മീയ അനുഭൂതിയുടെ പ്രഭവകേന്ദ്രം അല്ലാഹുവിനെ കുറിച്ചുള്ള അറിവും ഭയവുമാണ്. യഥാർത്ഥ അറിവും തിരിച്ചറിവുമാണ് മനുഷ്യനെ ഭയത്തിലേക്ക് തിരിച്ച് വിടുക. ഒരു ആത്മീയ ദാഹിക്ക് അനിവാര്യമായ അറിവുകള്‍ മൂന്നാണ്. ഒന്ന്: ഇല്‍മുത്തൗഹീദ്. മതം അനുശാസിക്കുന്ന അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ഈ ബാധ്യത വീടും. രണ്ടാമത്തേത്, ആത്മജ്ഞാനങ്ങളാകുന്നു. മനസ്സുമായി ബന്ധപ്പെട്ട വിധിവിലക്കുകളാണിതുകൊണ്ട് ഉദ്ദേശ്യം. മൂന്നാമത്തേത് അനുഷ്ഠാനപരമാണ്. ശാരീരികവും സാമ്പത്തികവുമായ ബാധ്യതകളെ കുറിച്ചുള്ള ജ്ഞാനമാണ് ഇതുകൊണ്ടുള്ള താല്‍പര്യം.
അനുഷ്ഠിക്കലും അകറ്റിനിര്‍ത്തും അനിവാര്യമായ കാര്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ സുകൃതവാനാകാം. സൂക്ഷ്മജ്ഞാനികളില്‍ ഇടം നേടാം.
ഇവയിൽ രണ്ടാമത്തേത്
മനസ്സുമായി ബന്ധപ്പെടുന്ന മഹത്തായ ഒരു ആശയവും അംഗങ്ങളെ വരെ സ്വാധീനിക്കുന്ന ഒരു വൈജ്ഞാനിക അനുഭവവുമാണ്. ഇതിനെ മഅ് രിഫത് എന്ന് വ്യവഹരിക്കപ്പെടുന്നു. ഭാഷാപരമായി ഈ വാക്ക് അര്‍ത്ഥമാക്കുന്നത് സംശയത്തിന് പഴുതില്ലാത്ത വിജ്ഞാനമാണ്. പുതുതായി ലഭ്യമാകുന്ന ജ്ഞാനത്തിന് മഅരിഫത്തെന്ന് പ്രയോഗിക്കാം. ഇല്‍മ് അഗ്നിയെ ദര്‍ശിക്കലാണെങ്കില്‍ മഅ് രിഫത്ത് അഗ്നി കൊളുത്തി എടുക്കലാണെന്ന് ഉദാഹരിച്ചവരുമുണ്ട്. സ്വൂഫീ വീക്ഷണത്തില്‍ മഅരിഫത്തെന്നാല്‍ അല്ലാഹുവിന്റെ ദാത്ത് സ്വിഫാത്തുകളെ പറ്റിയുള്ള അചഞ്ചലമായ അറിവാകുന്നു. അത് വുജൂദ്, ഖിദം തുടങ്ങി സ്വിഫത്തുകളുടെ അർഥം അറിയലല്ല. മറിച്ച് ഈ ഗുണങ്ങൾ അടങ്ങിയ അല്ലാഹുവിന്റെ സത്തയെ മനസ്സിൽ രൂപപ്പെടുത്തിയെടുക്കലാണ്. അതിനാൽ തന്നെ അല്ലാഹുവിന്റെ മഅരിഫത്തിന്റെ രഹസ്യവും ആത്മാവുമാണ് തൗഹീദ്.



ഈ അറിവുകൾ ആത്മദാഹിയെ ശരീഅത്ത് കൃത്യമായി അനുസരിക്കാൻ പ്രേരിപ്പിക്കണം. ശരീഅത്തില്ലാത്ത ത്വരീഖത്തും ഹഖീഖത്തും സ്വീകരിക്കപ്പെടില്ല. സ്വൂഫിസം ജനിക്കുന്നത് തിരുനബി(സ)യുടെ ഭാവങ്ങളിലാണ്. ശരീഅത്തിന്റെ പണിപ്പുരയില്‍ മാററുരച്ച് ഉറപ്പു വരുത്താത്തതൊന്നും അതിലില്ല. പ്രമുഖനായ സ്വൂഫിവര്യൻ ഇമാം ഖുശൈരി(റ) പറയുന്നത് ഇങ്ങനെ: തസ്വവ്വുഫിന്റെ നിര്‍മ്മാണവും ആകെത്തുകയും മതനിയമങ്ങള്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്നതിലും ഹറാമിലേക്കും ഹറാമെന്ന് സംശയിക്കപ്പെടുന്നതിലേക്കും കൈനീട്ടാതിരിക്കുന്നതിലുമാണ്. മാത്രമല്ല ബാഹ്യേന്ദ്രിയങ്ങളെ അരുതായ്മകളില്‍ നിന്ന് തട്ടിത്തിരിക്കുകയും ശ്വാസോച്ഛാസം വരെ അല്ലാഹുവിന്റെ തൃപ്തിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം. (രിസാലത്തുല്‍ ഖുശൈരിയ്യ: 185) സ്വൂഫി അധ്യാപനങ്ങളുടെ സത്തയിലേക്ക് വിരല്‍ ചൂണ്ടി ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ) ഇങ്ങനെ പറഞ്ഞു: സത്യമാര്‍ഗ്ഗം പിന്തുടരുക. ബിദ്അത്ത് ഉണ്ടാക്കരുത്. വഴിപ്പെടുക, ഭിന്നിക്കരുത്. തൗഹീദ് ഉള്‍കൊളളുക, ശിര്‍ക്ക് ചെയ്യരുത്. സത്യമംഗീകരിക്കുക, സംശയിക്കരുത്. ക്ഷമ കൈകൊളളുക, പരിഭ്രാന്തിയിലാകരുത്. വഴിപാടുകളാല്‍ സംഘടിക്കുക, ഛിന്നഭിന്നമാകരുത്. (ഫുത്തുഹുല്‍ ഗൈബ്). ഇമാം ശാദുലി(റ)യുടെ വാക്കുകള്‍ ഇങ്ങനെ: അടിമവേലക്ക് ശരീരത്തെ ശീലിപ്പിക്കുകയും രക്ഷിതാവിന്റെ നിയമത്തിലേക്ക് കൊണ്ടുവരികയും ചെയ്യുക.



ഇമാം ഗസ്സാലി(റ)വിന്റെ ഭാഷയില്‍ തസ്വവ്വുഫ് ഉള്‍കൊളളല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമത്രെ. കാരണം ന്യൂനതകളും ചാപല്യങ്ങളും ഇല്ലാത്തവരായി പ്രവാചകന്മാരല്ലാതെ മററാരുമില്ല. (ശര്‍ഹുല്‍ ഹികം). സ്വൂഫികളുമായി ബന്ധപ്പെടാനിടവന്നതിനുശേഷം ഉണ്ടായ ആത്മീയോത്കര്‍ഷം എങ്ങനെയെന്ന് ജീവിതാനുഭവത്തില്‍ നിന്ന് ഇമാം ഗസ്സാലി(റ) വിവരിക്കുന്നത് ഇങ്ങനെയാണ്: എന്റെ ജീവിതാരംഭത്തില്‍ സ്വാലിഹുകളുടെ സ്ഥിതി വിശേഷങ്ങളും ആരിഫുകളുടെ സ്ഥാനമാനങ്ങളും ഞാൻ നിഷേധിച്ചിരുന്നു. അങ്ങനെ എന്റെ ആത്മീയഗുരു യൂസുഫുന്നസാജുമായി കണ്ടുമുട്ടാനിടയായി. അദ്ദേഹം കഠിന യജ്ഞത്തിലൂടെ എന്റെ മനസ് തെളിയിച്ചെടുത്തു. പല ഭാഗ്യങ്ങളും എന്റെ മനസ്സിനെ കടാക്ഷിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ അല്ലാഹുവിനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അവന്‍ എന്നോട് കല്‍പിച്ചു: അബൂഹാമിദ്, നിന്റെ ജോലികള്‍ ഉപേക്ഷിക്കുക. എന്റെ തിരുനോട്ടത്തിനു വിധേയരായ ചില ദാസന്മാരെ ഭൂമിയില്‍ നിയോഗിച്ചിട്ടുണ്ട്. എന്റെ പ്രീതിക്കു വേണ്ടി ഇഹലോകം വിററവരാണവര്‍. അവരുമായി സമ്പര്‍ക്കപ്പെടുക. ഞാന്‍ പറഞ്ഞു: അല്ലാഹുവേ, അവരെ കുറിച്ച സദ്‌വിചാരം എനിക്ക് തന്നാലും. ഭൗതിക പ്രേമമാണ് നിന്നെ അവരുമായി അകററുന്നത്. ഇഹലോകത്ത് നിന്ന് നിന്ദ്യനായി ഇറങ്ങി പോകാനിടവരുന്നതിന് മുമ്പ് തന്നെ തന്നിഷ്ടപ്രകാരം തിരിച്ചുപോരുക. ഞാന്‍ സ്വപ്നത്തില്‍ നിന്നെഴുന്നേററു. സന്തോഷവാനായി ശൈഖിനെ സമീപിച്ചു. സംഭവങ്ങളെല്ലാം വിശദീകരിച്ചു. അദ്ദേഹം പുഞ്ചിരി തൂകി പറഞ്ഞു: തുടങ്ങിയതേയുളളൂ. നമ്മുടെ സമ്പര്‍ക്കം സുദൃഢമായാല്‍ അല്ലാഹുവിന്റെ ശക്തിയാകുന്ന അഞ്ജനം കൊണ്ട് നിന്റെ നേത്രങ്ങള്‍ സുറുമയെഴുതപ്പെടും (ശഖ്‌സ്വിയ്യാതുസ്വൂഫിയ: അബ്ദുല്‍ ബാഖി സുറൂര്‍ 154). ചുരുക്കത്തില്‍ തസ്വവ്വുഫ് പ്രവാചക നിര്‍ദ്ദേശങ്ങളും നിദര്‍ശനങ്ങളും മാത്രമാകുന്നു. പരമമായ സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവവും പരീക്ഷണത്തിന്റെ തീച്ചൂളയുമാകുന്നു. സ്വര്‍ഗ്ഗവും റബ്ബിന്റെ തൃപ്തിയുമാണ് അതിന്റെ മുദ്രാവാക്യം. ശത്രുസംഹാരം നടത്തി പിശാചിനെ ഹോമകുണ്ഡത്തിലേക്കെറിയലാണ് ലക്ഷ്യം. അനാചാരങ്ങള്‍ക്കും തിന്മകള്‍ക്കും അവിടെ സീററില്ല. സ്വൂഫികള്‍ തിരുനബി(സ)യുടെ പര്‍ണ്ണശാലയിലെ ശിഷ്യന്മാര്‍ മാത്രം. ഇസ്‌ലാമിന് വിരുദ്ധമായതൊന്നും അവര്‍ ചെയ്യുന്നില്ല.



സുപ്രധാനവും മൗലികവുമായ രണ്ടടിത്തറകളിലാണ് സ്വൂഫി തത്വങ്ങള്‍ നിലകൊളളുന്നത്. ആത്മസമരം(മുജാഹദ), അല്ലാഹുവിനോടുളള പരമമായ പ്രേമം (മുഹബ്ബത്ത്) എന്നിവയാണവ. ഹൃദയശുദ്ധി കൈവരിക്കുന്നതിലൂടെ മനുഷ്യന്‍ നന്നായി തീരും. അത് നേടിയെടുക്കാന്‍ നടത്തുന്ന ത്യാഗവും സമരവുമാണ് മുജാഹദ. അതുപദേശിക്കുന്നവരാണ് ആത്മീയ ഗുരുക്കന്മാര്‍. വലിയ്യുകള്‍, സാഹിദുകള്‍, സ്വൂഫികള്‍, ശൈഖുമാര്‍ എന്നീ അപരനാമത്തിലറിയപ്പെടുന്നവര്‍. ആത്മീയാചാര്യന്മാരായ ഗുരുക്കളിലൂടെ തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ആത്മശുദ്ധിയുടെ വഴി. ഒരു ഉദാഹരണത്തിലൂടെ ഈ വസ്തുത നമുക്ക് മനസ്സിലാക്കാം: പ്രഭാതത്തില്‍ സൂര്യനുദിക്കുന്നതോടെ സന്ധ്യയുടെ ഇരുള്‍ നീങ്ങുന്നു. രാത്രിയില്‍ പ്രകാശമില്ലാതെ നാം ഒന്നും കാണുന്നില്ല. ഇരുള്‍ഭയം മാത്രം ബാക്കി. സൂര്യപ്രകാശത്തില്‍ നാം സര്‍വ്വ വസ്തുക്കളെയും കാണുന്നു. എങ്കിലും നമ്മുടെ നഗ്നദൃഷ്ടിയില്‍പ്പെടാത്ത ധാരാളം വസ്തുക്കള്‍ അന്തരീക്ഷത്തിലുണ്ട് അണുക്കള്‍, കീടങ്ങള്‍, ചെറുപ്രാണികള്‍ തുടങ്ങിയവയെ സൂര്യനുദിച്ച് പ്രകാശം പരന്നിട്ടും കാണുന്നില്ല. എന്നാല്‍ സൂര്യപ്രകാശം ദര്‍പ്പണത്തിലേക്കു പതിപ്പിക്കുകയും ദര്‍പ്പണത്തിലൂടെ പ്രതിഫലിപ്പിക്കുന്ന പ്രകാശത്തില്‍ നോക്കുകയും ചെയ്താല്‍ കീടങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതുപോലെ പ്രവാചക കുടുംബത്തിലെ സൂര്യഗോളമായ തിരുനബി(സ)യുടെ സന്ദേശങ്ങള്‍ സ്വീകരിച്ച മുസ്‌ലിമിന്റെ ഹൃദയം അന്ധകാരം നീങ്ങി ഈമാനിക പ്രകാശം കൊണ്ട് പ്രഭാപൂരിതമായിട്ടുണ്ട്. എങ്കിലും ആ ഹൃദയത്തില്‍ അടിഞ്ഞു കൂടിയ നിരവധി കീടങ്ങളും ബാക്ടീരിയകളുമുണ്ട്. അഹങ്കാരം, അസൂയ, ലോകമാന്യം, വെറുപ്പ്, ദേഷ്യം, പക തുടങ്ങിയവയാണത്. ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുകയില്ല. സ്വഹാബികളും താബിഉകളും പ്രവാചക സഹവാസമെന്ന മഹാഭാഗ്യം കൊണ്ടത് നേടിയെടുത്തു. പിന്‍ഗാമികള്‍ക്കത് കണ്ടുപിടിച്ചു ചികിത്സിച്ചു സുഖപ്പെടുത്താനുളള എളുപ്പ വഴി നബി(സ)യുടെ സന്ദേശങ്ങള്‍ ആത്മീയ ഗുരുക്കന്മാരാകുന്ന കണ്ണാടിയിലൂടെ പ്രതിഫലിപ്പിക്കുകയാണ്. ആ ദര്‍ശനം വഴി നേടിയെടുക്കുന്നത് ആത്മശുദ്ധീകരണമാണ്.



ആത്മീയ അന്വേഷികൾക്ക് ആവേശം പകരുന്ന ഒരു ഹദീസ് കാണുക. അനസ് (റ) പറയുന്നു: തിരുനബി(സ) എന്നെ വിളിച്ചു ഉപദേശിച്ചു. എന്റെ കുഞ്ഞുമോനേ, പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു മനുഷ്യനോടും യാതൊരു വെറുപ്പും നിന്റെ മനസ്സിലില്ലാതെ ജീവിക്കാന്‍ കഴിയുമെങ്കില്‍ നീ അത് ചെയ്യുക. അതെന്റെ ചര്യയാണ്. എന്റെ ചര്യ പുനരുജ്ജീവിപ്പിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്. (തിര്‍മുദി).
ഭൗതിക വിരക്തിയില്‍ പൂര്‍ണ്ണത പ്രാപിച്ചു കൊണ്ടാണ് ഈ സുന്നത്ത് പുനരുജ്ജീവിപ്പിക്കാന്‍ സ്വൂഫീ ലോകത്തിന് കഴിഞ്ഞത്. ജനസ്വാധീനവും അധികാരമോഹവും ഭൗതിക പ്രേമവും കുടികൊളളുന്ന ഹൃദയത്തില്‍ ഈ ചര്യ പ്രവേശിക്കുകയില്ല. (അവാരിഫുല്‍ മആരിഫ് : 303) ഇത് പറയുന്ന അത്ര ലാഘവത്വമുളള കാര്യമല്ല. ഇതിന് കഠിനാദ്ധ്വാനം തന്നെ വേണ്ടിവരും. ആത്മശുദ്ധി നേടുന്നതിന് ചെയ്യുന്ന കഠിനാധ്വാനമായ മുജാഹദയെ കുറിച്ചുള്ള ചിത്രം ഇങ്ങനെയാണ്: അല്ലാഹുവില്‍ നിന്ന് മനുഷ്യനെ അകററുന്ന നാലു പ്രതികളുണ്ട്. മനസ്സ്, ദുന്‍യാവ്, പിശാച്. സൃഷ്ടികള്‍ എന്നിവ. ഇവ നാലും വ്യത്യസ്ത ശൈലിയില്‍ മനുഷ്യന്റെ പ്രയാണത്തിന്ന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നു. ഇവയില്‍ ഒന്നാം പ്രതി മനസ്സാണെന്ന് തിരിച്ചറിയലും സ്വന്തം പോരായ്മകള്‍ കണ്ടെത്തി തിരുത്താനുള്ള ആര്‍ജവം നേടലുമാണ് ആത്മസമരത്തിന്റെ ഒന്നാംഘട്ടം. ഈ ഘട്ടം വിജയകരമായി നേരിട്ടാല്‍ പിന്നീടുളള പ്രയാണത്തില്‍ പിശാച് നിരന്തരം പിഴപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിക്കും. ആ സന്ദര്‍ഭത്തിലാണ് ശൈഖിന്റെ പിന്‍ബലം ഉണ്ടായിരിക്കേണ്ടത്. പ്രസിദ്ധ സ്വൂഫി ചിന്തകനായ ഇബ്‌നു അജീബ(റ) പറയുന്നത് കാണുക: നേര്‍മാര്‍ഗ്ഗം തേടുന്നവര്‍ക്ക് മുജാഹദ ചെയ്‌തേ ശോഭിക്കാന്‍ കഴിയൂ. ആരംഭം ശുഭമായാല്‍ അവസാനവും ശുഭം തന്നെ. അലസതയും വീഴ്ചയും കൈവെടിഞ്ഞ് അത്യദ്ധ്വാനം ചെയ്യുന്നവര്‍ക്കേ വിജയ പ്രതീക്ഷയുളളൂ.
(ഈഖാളുല്‍ ഹിമം 2:370)



അല്ലാഹുവിനോടുളള പരമമായ പ്രേമമാണല്ലോ (മഹബ്ബത്ത്) സ്വൂഫി തത്വങ്ങളില്‍ രണ്ടാമത്തേത്. ഇത് സാധിച്ചെടുക്കുന്നതിന് നിരവധി ത്യാഗം ചെയ്യുന്നവരാണ് മുര്‍ശിദുകളായ ആത്മീയ ഗുരുക്കന്മാര്‍. ഇതിനു വേണ്ടി നിരവധി അഗ്നി പരീക്ഷകള്‍ അവര്‍ നേരിടുന്നു. സൂക്ഷ്മതയാണ് ആ ജീവിതത്തിലെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. തിരുനബി(സ)യുടെ പാഠശാലയില്‍ നിന്ന് പകര്‍ത്തിയ സുന്നത്തുകള്‍ ഒന്ന് പോലും ചോര്‍ന്നു പോകാതെ അതീവ സൂക്ഷ്മതയോടെ അനുഷ്ഠിക്കുകയും ശരീരത്തിന് പ്രയാസരഹിതമാക്കുകയും ചെയ്യുന്നതായി ഔലിയാക്കളുടെയും സ്വൂഫികളുടെയും ജീവിതം പഠനവിധേയമാക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ചില ഉദാഹരണങ്ങള്‍ കാണാം: മിമ്പറുകളില്‍ നിന്ന് പോലും സ്വൂഫി ദര്‍ശനങ്ങള്‍ പ്രബോധനം ചെയ്ത മഹാനായ സാഹിദാണ് ശിബ്‌ലി നുഅ്മാന്‍(റ) (മരണം ഹിജ്‌റ 334). ഗുരുവായ ശിബ്‌ലിയുടെ മരണസമയത്തെ സ്ഥിതി വിശേഷമെന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിചാരകനോട് ചോദിച്ചപ്പോള്‍ ഇങ്ങനെയായിരുന്നു മറുപടി: അദ്ദേഹത്തിന്റെ ശബ്ദം നിലച്ചു. അവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായപ്പോള്‍ വുളു ചെയ്തു കൊടുക്കണമെന്ന് ആംഗ്യഭാഷയില്‍ എന്നെ അറിയിച്ചു. ഞാന്‍ വുളു ചെയ്തുകൊടുത്തു. പക്ഷേ, അദ്ദേഹത്തിന്റെ ഇടതൂര്‍ന്നു വളര്‍ന്ന താടി തിക്കകററി കൊടുക്കുവാന്‍ ഞാന്‍ മറന്നു പോയി. ഉടനെ എന്റെ കൈ പിടിച്ചു താടിയിലേക്ക് നീക്കി. ഞാന്‍ ആ സുന്നത്ത് ഗുരുവിന് നിര്‍വ്വഹിച്ചു കൊടുക്കുകയും ചെയ്തു. (അവാരിഫുൽ മആരിഫ്: 317)
ശൈഖ് ജിലാനീ(റ) ഒരു രാത്രിയില്‍ നാല്‍പതു തവണ കുളിച്ചതും സുന്നത്ത് സൂക്ഷിച്ചതിന്റെ ഉദാഹരണമാണ്. രാത്രിയില്‍ വലിയ അശുദ്ധിയുണ്ടായാല്‍ ഉടനെ കുളിച്ചു ശുദ്ധി വരുത്തല്‍ നിര്‍ബന്ധമില്ല. എങ്കിലും സുന്നത്താണ്. സ്വുബ്ഹി നിസ്‌ക്കാരത്തിനു മുമ്പ് കുളിക്കലേ നിര്‍ബന്ധമുളളൂ. എന്നിട്ടും സ്ഖലനം വഴി അശുദ്ധിയുണ്ടായ ഉടനെ ശൈഖ് ജീലാനി(റ) കുളിച്ചു. വീണ്ടും അശുദ്ധി, വീണ്ടും കുളിച്ചു. ഈ പരീക്ഷണം നാല്പതു തവണ ആവര്‍ത്തിച്ചു. ശൈഖവര്‍കള്‍ വിജയിച്ചു. സുന്നത്തുകള്‍ പാലിച്ചു. ശരീരമൊതുക്കി ആത്മീയത ഉള്‍കൊണ്ട മഹാത്മാക്കളില്‍ ഒരാളാണ് നഫീസത്തുല്‍ മിസ്വ്‌രിയ്യ(റ) (മരണം ഹിജ്‌റ 208). മക്കയില്‍ ജനിച്ച് മദീനാ ശരീഫില്‍ വളര്‍ന്നു ഈജിപ്തില്‍ കുടിയേറി പാര്‍ത്ത മഹതിയുടെ ജീവിതം ജനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രഭ ചൊരിയുന്നതായിരുന്നു. നോമ്പും നിസ്‌ക്കാരവും ഖുര്‍ആന്‍ പാരായണവുമായി കഴിഞ്ഞു കൂടിയ മഹതി സ്വന്തം കരങ്ങള്‍ കൊണ്ട് ഖബര്‍ കുഴിക്കുകയും അതിലിറങ്ങിയിരുന്നു 190 പ്രാവശ്യം ഖുര്‍ആനോതി തീര്‍ക്കുകയും ചെയ്തിരുന്നു. മരണാസന്നയായി കിടക്കുമ്പോള്‍ നോമ്പുകാരിയായിരുന്നു. നോമ്പു മുറിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി എന്നെ നോമ്പുകാരിയായി മരിപ്പിക്കണമന്ന് ഞാന്‍ അല്ലാഹുവിനോട് ദുആ ചെയ്യുന്നു. അതിനവസരം കിട്ടിയതാണിപ്പോള്‍. എന്നിട്ട് ഞാനീ നോമ്പ് മുറിക്കുകയോ, അതൊരിക്കലുമില്ല. (നൂറുല്‍ അബ്‌സ്വാര്‍). ചുരുക്കത്തില്‍, ഔലിയാക്കളും ശൈഖുമാരും സ്വൂഫികളും തിരുനബി(സ)യുടെ ആത്മീയ ഭാവങ്ങളില്‍ നിന്നകന്നവരല്ല; കൂടുതല്‍ അടുത്തവരാണ്. വെട്ടിപ്പും തട്ടിപ്പുമായി നടന്നു ഭൗതിക സുഖങ്ങളില്‍ മുഖം കുത്തി വീണവരല്ല; ആത്മത്യാഗം ചെയ്തവരാണ്. സുന്നത്തും ഫര്‍ളും ഒഴിവാക്കി സുഖിച്ചു വിലസിയ അലസന്മാരല്ല; പട്ടിണി കിടന്നും ഉറക്കമൊഴിച്ചും കഷ്ടപ്പെട്ട് ആരാധിച്ചവരാണ്.



ആത്മീയ ലോകത്തെ വേറെ ഒന്നായി കാണുന്നതാണ് എല്ലാ വിവാദങ്ങളിലേക്കും വഴിതുറന്നത്. അങ്ങനെ വ്യാഖ്യാനിക്കുകയോ അല്ലെങ്കിൽ ആത്മീയ മേഖലയിലുള്ളവർ അങ്ങനെ പ്രകടിപ്പിക്കുകയോ ചെയ്തപ്പോഴാണ് ഇത് ഇസ്ലാമിന്റെ ഉള്ളിലോ പുറത്തോ ഉളള എന്തോ ഒന്നാണ് എന്ന ചിന്ത തന്നെ ഉണ്ടായത്. പിന്നെ ചോദ്യങ്ങൾ ഉയർന്നു. ചോദിച്ചവരുടെ നിലക്കും നിലപാടിനും അനുസരിച്ച് ചോദ്യത്തിന് ഉയർച്ചയും താഴ്ചയും ഉണ്ടായിരുന്നു. മറുപടിക്കും തഥൈവ. അങ്ങനെ സൂഫിസം മൊത്തത്തിൽ ഒരു വിവാദമായി മാറി. മുൻകാലത്ത് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിരുന്നില്ല. മതകാര്യങ്ങളിൽ മുറുകെ പിടിക്കുന്നവരും അല്ലാത്തവരും എന്ന വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആത്മീയതയുടെ അന്തസ്സത്തയിലും അടിക്കല്ലിലും നിന്ന് മാത്രം വികസിക്കുന്ന വ്യക്തിത്വമാണ്‌ മുസ്‌ലിമിന്റേത്‌. ജീവിതത്തിന്റെ സര്‍വതലങ്ങളെയും സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ആത്മീയതയാണല്ലോ ഇസ്‌ലാമിന്റേത്‌. ഉള്ളും പുറവും ഒരേ പോലെ ആത്മീയവത്‌കരിക്കപ്പെടുമ്പോള്‍ കൈവരുന്ന ഹൃദയശാന്തിയുടെ പേരാണ്‌ ഇസ്‌ലാം. കര്‍മവും കാഴ്‌ചപ്പാടും വിചാരഗതികളും വിമലീകരിക്കപ്പെടുമ്പോള്‍ മാത്രമാണ്‌ സംശുദ്ധമായ ഇസ്‌ലാമിക വ്യക്തിത്വം കൈവരുന്നത്‌. ഈ വിമലീകരണത്തിനുള്ള ഏകകങ്ങളാണ്‌ ശരീഅത്ത് നിർദ്ദേശിക്കുന്ന ആരാധനാകര്‍മങ്ങള്‍. ആത്മീയ സൗഖ്യത്തിന്റെ അഴകും അര്‍ഥവും കൈവരിക്കുന്ന സന്ദര്‍ഭമണ്‌ ആരാധനാവേളകള്‍. ഇങ്ങനെ, ആത്മീയ വിമോചനവും ആന്തരിക വിമലീകരണവും ഒരേ അളവില്‍ സാധിച്ചെടുക്കാവുന്ന ആരാധനാകര്‍മങ്ങളുടെയും വിശ്വാസകാര്യങ്ങളുടെയും സംലയമാണ്‌ ഇസ്‌ലാമിക ജീവിതം. ഇതിൽ ഉൾച്ചേർന്ന, ചേരേണ്ടുന്ന ആന്തരികമായ അച്ചടക്കമാണ്‌ ആത്മീയത. ആന്തരികമായ അനുഭവമായിരിക്കുമ്പോള്‍ തന്നെ അഖില ജീവിത വശങ്ങളെയും സമ്പൂര്‍ണാര്‍ഥത്തില്‍ സംസ്‌കരിക്കുകയും നവീകരിക്കുകയും ചെയ്യുകയാണ്‌ ആതമീയതയുടെ അന്തസ്സാരം.



ആരാധനാവേളയിലെ അല്‌പനേരത്തേക്കല്ല, ജീവിതരംഗങ്ങളുടെ ദീര്‍ഘ നേരത്തേക്കാണ്‌ ആത്മീയതയുടെ പിന്‍ബലമുണ്ടാകേണ്ടത്‌. ജുമുഅ നമസ്‌കാരം നിര്‍വഹിച്ച്‌ പുറത്തിറങ്ങുന്നവരോട്‌ നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക എന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്‌. നമസ്‌കാരത്തില്‍ നിന്ന്‌ സംഭരിക്കുകയും ജീവിതരംഗങ്ങളില്‍ സംഭവിക്കുകയും ചെയ്യേണ്ടതാണ്‌ ആത്മീയതയെന്നാണ്‌ ഈ നിര്‍ദേശത്തിന്റെ ധ്വനി. മാത്രമല്ല, ജീവനില്ലാത്ത പ്രക്രിയ മാത്രമാണ്‌ ആത്മീയതയെങ്കില്‍ അത്‌ നമസ്‌കാരത്തില്‍ മതിയാകും. പക്ഷേ, നമസ്‌കാരവേളയിലല്ല ശേഷമുള്ള ജീവിതവേളയിലാണ്‌ ആത്മീയതയുടെ പ്രഭയും പിന്‍ബലവും കൂടുതലുണ്ടാകേണ്ടത്‌ എന്ന നിര്‍ദേശത്തില്‍ നിന്ന്‌ ലക്ഷ്യം വ്യക്തമാണ്‌. വ്യക്തിയുടെ കര്‍മരംഗങ്ങളെല്ലാം ആരാധനകളുടെ ഇടവേളകളിലാണല്ലോ. ആ വഴികളെയെല്ലാം വിമലീകരിക്കാനുള്ള ശുദ്ധീകരണ സംവിധാനമാണ്‌ ആരാധനകള്‍. ആ അർഥത്തിൽ ജീവിതത്തെ അരിച്ചെടുക്കാനുള്ള അരിപ്പയാണ് ആത്മീയത.



സമൂഹത്തിൽ നിന്നകന്ന് വേറെ ഒരു തളത്തിൽ തമ്പടിച്ചപ്പോഴാണ് ആത്മീയ ലോകത്തെ കുറിച്ച് അപവാദങ്ങൾ ഉയർന്നത്. ഇതുവഴി അവർ എല്ലാവരിൽ നിന്നും വ്യത്യസ്ഥരാവുകയാണ് എന്ന തെറ്റിദ്ധാരണ വന്നതും ശക്തിപ്പെട്ടതും അസൂയയുള്ള മാനസികാവസ്ഥ ഉണ്ടാക്കി. സത്യത്തിൽ സമൂഹത്തിന്റെ ഭാഗമായി നിൽക്കുമ്പോൾ തന്നെ മനസ്സിനെ ഏകാന്തമായ തളത്തിലേക്ക് കൊണ്ട് പോകാനാണ് സ്വൂഫികൾ ശ്രമിക്കേണ്ടത്. പള്ളിയില്‍വെച്ച്‌ നമസ്‌കരിക്കുമ്പോള്‍ ശ്രദ്ധ നഷ്‌ടപ്പെടുന്നതിനാല്‍ വീട്ടില്‍വെച്ച്‌ നമസ്‌കരിക്കാന്‍ അനുമതി ചോദിച്ചയാളോട്‌ പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുമ്പോള്‍ കിട്ടുന്ന ശ്രദ്ധയും ആത്മാര്‍ഥതയും മതി എന്നാണ്‌ ഖലീഫ ഉമര്‍(റ) പറഞ്ഞത്‌. സാമൂഹികതയുടെ ബഹളങ്ങളില്‍ നിന്നകന്ന്‌ ആത്മസാക്ഷാത്‌കാരം കൊതിച്ചയാളോടുള്ള മറുപടിയാണിത്‌. പള്ളികളില്‍ നിന്ന്‌ പുറത്തുപോകാതെ ഇബാദത്തുകളിൽ ഏര്‍പ്പെടുന്നവരെക്കാള്‍ അല്ലാഹുവിന്നിഷ്‌ടം, ജനങ്ങളോടൊപ്പം ജീവിച്ച്‌ അവരുടെ മര്‍ദ്ദനത്തിന്‌ വരെ ഇരയാവുന്ന സത്യവിശ്വാസിയെ ആണെന്ന്‌ വ്യക്തമാക്കുന്ന ഹദീസ്‌ ഈ ആശയം തന്നെയാണ്‌ നല്‍കുന്നത്‌. റുകൂഅ്‌ ചെയ്യുന്നവരോടൊപ്പം നിങ്ങളും റുകൂഅ്‌ ചെയ്യുക (അല്‍ബഖറ 43) എന്നാണല്ലോ അല്ലാഹുവിന്റെ നിര്‍ദേശം. ഈ ചർച്ചയിൽ ശാഹ്‌ വലിയ്യുല്ലാഹിദ്ദഹ്ലവി ഉണര്‍ത്തുന്നു: ചില സന്ദര്‍ഭങ്ങളില്‍, നല്ലവരായ ഏതാനും ജനങ്ങളുടെ നിഷ്‌കളങ്കമായ പ്രാര്‍ഥന കാരണം ജമാഅത്തില്‍ പങ്കെടുത്തവരെല്ലാം അല്ലാഹുവിന്റെ കാരുണ്യത്തിന്‌ അര്‍ഹരാകുന്നു. ഒരാളുടെ പ്രാര്‍ഥനയുടെ ഫലമായി എല്ലാവരുടെയും ഇബാദത്ത്‌ സ്വീകരിക്കപ്പെട്ടേക്കാം.



വ്യക്തിയുടെ സ്വകാര്യതലങ്ങളെ സൂക്ഷ്‌മമായി സംശുദ്ധീകരിക്കുന്നതോടൊപ്പം ആ വ്യക്തിയുള്‍പ്പെടുന്ന ചുറ്റുപാടിനെയും കളങ്കമറ്റ ജീവിതാവസ്ഥയിലേക്ക്‌ നയിക്കാനുതകുന്ന ആത്മീയ ശിക്ഷണമാണ്‌ ഇസ്‌ലാമിന്റേത്‌. ആരാധനകള്‍ അത്തരമൊരു ദൗത്യം നിര്‍വഹിക്കുന്നുണ്ട്‌. തികച്ചും സ്വകാര്യമായ സ്വാസ്ഥ്യം ആകുമ്പോള്‍ തന്നെ സമൂഹസ്‌പര്‍ശമുള്ള ജീവിതവീക്ഷണമായി മുസ്‌ലിമിന്റെ ആത്മീയത ഉയര്‍ന്നുനില്‍ക്കുന്നു. ആത്മീയ ശിക്ഷണം ലഭിച്ച മുസ്‌ലിമിന്‌ കറകളഞ്ഞ സ്വകാര്യജീവിതവും സാമൂഹിക ബന്ധങ്ങളും നിലനിര്‍ത്താന്‍ സാധിക്കുന്നു. അയാള്‍ വിവാഹിതനാണ്‌, പിതാവാണ്‌, തൊഴിലാളിയോ മുതലാളിയോ ആണ്‌. സാമൂഹിക ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ അന്യമല്ല. എന്നാല്‍ അവയൊന്നും അയാളെ കീഴടക്കുന്നില്ല. അവയോടൊപ്പം ജീവിക്കുമ്പോള്‍ തന്നെ അവയ്‌ക്കുമീതെ അയാള്‍ വികസിക്കുന്നു. ആ വികാസം ലഭിക്കുന്നത്‌ വിശ്വാസവും സല്‍കര്‍മങ്ങളും കൊണ്ടാണ്‌. ഇസ്‌ലാമിക ആത്മീയതയുടെ അടിക്കല്ലാണ്‌ വിശ്വാസവും സല്‍പ്രവര്‍ത്തനങ്ങളും. ഇത് തന്നെയാണ് സാമൂഹ്യ ഇസ്ലാം. ശരീഅത്തിന് വിധേയമായ ജീവിതതാളം.



അവർ നിഷ്ക്രിയരാണോ ?



ഈ ചർച്ചയിൽ ദുരുദ്ദേശപരമായിട്ടല്ല, നിഷ്കളങ്കമായി തന്നെ പലരും നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ആത്മീയതയിൽ വിലയം പ്രാപിക്കുന്നതോടെ സ്വൂഫികൾ സാമൂഹ്യമായും കുടുംബപരമായും എല്ലാം നിഷ്ക്രിയരാവുകയാണല്ലോ എന്ന്. പൊതുപ്രവർത്തനം മുതൽ ജിഹാദിന് വരെ സ്വൂഫികളെ പൊതുവെ കാണുന്നില്ല എന്ന് ഈ വാദം ഉന്നയിക്കുന്നവർ ഉദ്ധരിക്കുകയും ചെയ്യും. അങ്ങനെ വിലയിരുത്തപ്പെടാൻ മാത്രം ആധുനിക കാലത്തെ പുതിയ സ്വൂഫികളിൽ നിന്ന് അനുഭവം ഉണ്ടായിരിക്കാം. പഴയ കാല സ്വൂഫികളിൽ ചിലരെയെങ്കിലും അങ്ങനെ വായിക്കുകയും ചെയ്തിരിക്കാം. പക്ഷെ, അത് തീർത്തും അബദ്ധജഢിലമായ ഒരു നിരീക്ഷണമാണ്. ഒന്നാമതായി അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് സന്യാസമാണ്. അത് ഇസ്ലാം താൽപര്യപ്പെടുന്നില്ലാത്ത വിഷയമാണ്. കാരണം മേൽപറഞ്ഞ പോലെ പൊതു സമൂഹത്തിൽ നിറഞ്ഞ് നിൽക്കേണ്ടവനാണ് ശരിയായ സ്വൂഫി. പ്രമുഖരായ ഖുത്വുബുകളെല്ലാം അങ്ങനെ ആയിരുന്നു. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ് ഗൗസുൽ അഅ്ളം ശൈഖ് ജീലാനീ(റ). പതിനെട്ടാം വയസ്സിൽ ബഹുമാനപ്പെട്ടവർ അക്കാലത്തെ ഇസ്ലാമിക രാജ്യത്തിന്റെ തലസ്ഥാനമായ ബാഗ്ദാദിലേക്ക് പുറപ്പെടുന്നു, അവിടെ ഇൽമ് ആദ്യം പഠിക്കുകയും പിന്നെ ആത്മീയമായ രിയാള നിർവ്വഹിക്കുകയും ചെയ്ത് മരണം വരെ അദ്ദേഹം ജനങ്ങൾക്കിടയിൽ തന്നെയാണ് ജീവിച്ചത്. ഭരണാധികാരത്തിലേക്കോ യുദ്ധങ്ങളിലേക്കോ ഒന്നും മഹാനവർകൾ പോയിട്ടില്ല എന്നത് ശരിതന്നെയാണ്. അക്കാലത്തെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ സ്ഥിതിഗതികൾ അത്തരത്തിലുള്ളതായിരുന്നു. അതുകൊണ്ടാണത്. അബ്ബാസികളും ബുവൈഹികളും ഫാത്വിമികളും അമവികളും ഇസ്ലാമിക രാജ്യം പങ്കിട്ടെടുത്ത് പരസ്പരം പോരടിക്കുന്ന കാലമായിരുന്നു അത്. സുന്നികൾ, ശിയാക്കൾ, ഹമ്പലികൾ, ശാഫിഇകൾ എന്നിവർക്കിടയിലായിരുന്നു അന്ന് യുദ്ധങ്ങളും കലാപങ്ങളും ഉണ്ടായിരുന്നത്. ഇസ്ലാമിക സ്വഭാവവും സംസ്കാരവും നഷ്ടപ്പെട്ട ആ ജനതയെ അദ്ദേഹം ഇസ്ലാഹിന്റെയും ഇസ്ലാമിന്റെയും തീരത്തേക്ക് നയിക്കുകയായിരുന്നുവല്ലോ. നാലു പതിറ്റാണ്ടു കൊണ്ട് ഒരു ലക്ഷം പേരെ സൻമാർഗ്ഗത്തിന്റെ സ്വഭാവ സരണിയിലേക്ക് കൊണ്ടുവന്നു എന്നു പറയുമ്പോൾ സമൂഹത്തിനിടയിൽ തന്നെയായിരുന്നു മഹാനവർകൾ എന്ന് മനസ്സിലാക്കാം.



നീതിയുടെ പുന:സ്ഥാപനത്തിന് വേണ്ടി സ്വൂഫികൾ ധാരാളമായി യുദ്ധങ്ങളിൽ ഏർപ്പെട്ടത് ചരിത്രത്തിൽ വായിക്കാനാവും. സ്വൂഫി സരണിയിലെ അനുകരണീയ സാന്നിദ്ധ്യം ഹസൻ ബസ്വരി(റ) തന്നെ ധീരനായ യോദ്ധാവായിരുന്നു. പരിത്യാഗികളുടെ നേതാവായി വിശ്വാസലോകം വാഴ്ത്തുന്ന ഇബ്‌റാഹീം ഇബ്‌നു അദ്ഹം(റ) രാജപദവി ഉപേക്ഷിച്ചതിന് ശേഷവും മുസ്‌ലിം പട്ടാളത്തിൽ അംഗമായി ബൈസാന്റിയക്കാർക്കെതിരിൽ ചെറുത്തുനിൽപ്പിന് നേതൃത്വം കൊടുത്തിരുന്നു. ജിഹാദിനെക്കുറിച്ച് ഗ്രന്ഥരചന നടത്തിയ സ്വൂഫിവര്യൻ അബ്ദുല്ലാഹിബ്‌നുൽ മുബാറക്(റ) നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച സിർറിയുസ്സഖ്ഥി(റ)യുടെ സമരപാടവത്തെ ഇമാം അഹ്മദുബ്‌നുഹമ്പൽ(റ) പ്രശംസിച്ചതുകാണാം. കുരിശ് യുദ്ധവേളയിലും താർത്താരി അക്രമണ സന്ദർഭങ്ങളിലുമെല്ലാം മുസ്‌ലിം ഭരണാധികാരികൾക്ക് മാർഗനിർദേശം നൽകിയത് സ്വൂഫികളായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ കോക്കസസിൽ റഷ്യക്കാർക്കെതിരെ ദീർഘകാലം യുദ്ധം ചെയ്ത നഖ്ഷ‌ബന്ദി ശൈഖ് ഷാമിൽ അൽ-ദാഗിസ്താനിയെ പോലുള്ളവർ ഇതിന് ഉദാഹരണമാണ്. 1899 മുതൽ 1920 വരെ സൊമാലിയയിലെ ബ്രിട്ടീഷുകാർക്കും ഇറ്റലിക്കാർക്കുമെതിരെ മുസ്ലിംകളെ പട നയിച്ച സാലിഹിയ ത്വരീഖത്തിലെ ശൈഖ് സയ്യിദ് മുഹമ്മദ് അബ്ദുല്ല അൽ സോമാലി, ഇസ്‌ലാമിക ഭരണ സംസ്ഥാപനത്തിനായി 1804 മുതൽ 1808 വരെ വടക്കൻ നൈജീരിയയിൽ ജിഹാദ് ചെയ്ത ഖാദിരി ശൈഖ് ഉസ്മാൻ ഇബ്നു ഫോദി തുടങ്ങിയവർ ഈ ശ്രേണിയിലുണ്ട്.



1832 മുതൽ 1847 വരെ ഫ്രഞ്ചുകാർക്കെതിരെ അൾജീരിയക്കാരെ നയിച്ച ഖാദിരി ശൈഖ് അബ്ദുൽ ഖാദിർ അൽ ജസാഇരി, 1799 ൽ ഈജിപ്തിൽ ഫ്രഞ്ചുകാരുമായി യുദ്ധം ചെയ്ത ദർഖവി സൂഫി അൽ ഹാജ്ജ് മുഹമ്മദ് അൽ അഹ്റാഷ്, 1852 മുതൽ 1864 വരെ ഗിനിയ, സെനഗൽ, മാലി എന്നിവിടങ്ങളിൽ ഇസ്‌ലാമിക് ജിഹാദിന് നേതൃത്വം നൽകിയ തീജാനി ശൈഖ് അൽ ഹാജ്ജ് ഉമർ താൽ, ഖാദിരി ശൈഖ് മാഉൽ അയ്നൈൻ അൽ-ഖൽഖാമി, 1807 മുതൽ 1859 വരെ ലിബിയൻ മരുഭൂമി മുതൽ ഉപ-സഹാറൻ ആഫ്രിക്ക വരെയുള്ള ജന വിഭാഗത്തെ മുഴുവൻ ഇസ്‌ലാമിലേക്ക് കൊണ്ടു വന്ന സനൂസിയ്യ ത്വരീഖത്തിന്റെ സ്ഥാപകൻ മുഹമ്മദ് അലിയ്യു സനൂസി തുടങ്ങി ഈ പട്ടിക നീണ്ടതാണ്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ശ്രദ്ധേയമായ സ്വൂഫീ സമരഭൂമികളിൽ ഒന്ന് ചെച്നിയയാണ്. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള രാജ്യമാണ് ചെച്‌നിയ. എ.ഡി.731-ൽ തന്നെ ചെച്‌നിയയിൽ ഇസ്‌ലാം എത്തിയിട്ടുണ്ട്. പിന്നീട് പതിനൊന്നാം നൂറ്റാണ്ടിൽ ഓട്ടോമൻ സ്വൂഫികളും അവിടെ എത്തി. നഖ്ശബന്ദികളായിരുന്നു പ്രധാനമായും ചെച്‌നിയൻ സ്വൂഫികൾ. ആയിടക്കാണ് ചെച്‌നിയയിൽ റഷ്യയുടെ അധിനിവേശ ശ്രമങ്ങൾ ആരംഭിക്കുന്നത്. പീറ്റർ ഒന്നാമന്റെ കാലത്ത് (1706) അത് ശക്തി പ്രാപിച്ചു. ചെച്‌നിയ കീഴടക്കലായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ശൈഖ് മൻസൂർ(ന.മ.)യുടെ നേതൃത്വത്തിലാണ് അന്ന് അവിടെ സ്വൂഫികൾ ഗോദയിലിറങ്ങിയത്. പക്ഷേ, ശൈഖ് മൻസൂറിനെ റഷ്യൻ സൈന്യം വധിച്ചുകളഞ്ഞു. ശൈഖ് മൻസൂറിന്റെ വേർപാട് ചെച്‌നികൾക്ക് തീരാനഷ്ടമായിരുന്നു. ഇടയനില്ലാത്ത സന്ദർഭം നോക്കി റഷ്യ ചെച്‌നിയയിൽ നാശം വിതക്കാൻ കഴിവതും ശ്രമിച്ചിട്ടുണ്ട്. അലക്‌സാണ്ടർ ഒന്നാമൻ പട്ടാളത്തെ ഉപയോഗിച്ച് ചെച്‌നിയ കീഴടക്കാനും പദ്ധതി തുടങ്ങി. കണ്ടതെല്ലാം അവർ നശിപ്പിച്ചു. ആരെയും ജീവിക്കാൻ അനുവദിച്ചില്ല. പട്ടണങ്ങളെല്ലാം ചുട്ടെരിച്ചു. നിരന്തരവും ചടുലവുമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഖാളി മുഹമ്മദും ഹംസ ബെബും ശാമിലുമൊക്കെ റഷ്യൻ സൈന്യത്തിന് പേടി സ്വപ്നങ്ങളായിരുന്നു. പക്ഷേ, അവർക്കൊന്നും തന്നെ അന്തിമ വിജയം കണ്ടെത്താൻ സാധിച്ചില്ല. 1861-ൽ റഷ്യ ചെച്‌നിയ കീഴടക്കി. പിന്നീട് ചെച്നിയയിൽ ഒരു നൂറ്റാണ്ടിലധികം കാലം അധിനിവേശമായിരുന്നു. അന്നൊക്കെയും സ്വന്തം മണ്ണിന്റെ മോചനത്തിന് വേണ്ടി പൊരുതിയവരിൽ സ്വൂഫികളെ കണ്ടില്ലെന്ന് നടിക്കുവാൻ ആർക്കും കഴിയില്ല.



മറ്റൊരു ഉദാഹരണമാണ് അൾജീരിയ. അറുപതുകളിൽ ഫ്രഞ്ച് അധിനിവേശത്തിൽ നിന്നു സ്വാതന്ത്ര്യം നേടിയെങ്കിലും സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ കൂടുതൽ കാലം അവർക്ക് ഭാഗ്യമുണ്ടായില്ല. 1980-കളിൽ ഇബ്‌നുതൈമിയ്യയുടെ അധ്യാപനങ്ങളിൽ ആകൃഷ്ടരായി മിലിട്ടറി പ്രസ്ഥാനങ്ങളുമായി അഹ്മദ് ബ്‌നു ബാരിയും മാലിക്ബ്‌നു ഹബിയും രംഗത്തുവന്നു. അൾജീരിയയിൽ ഭരണകൂടത്തിനെതിരെ വിപ്ലവത്തിന് ഒരുങ്ങി പുറപ്പെട്ട ഇവർ വരുത്തിവെച്ച വിനാശം വിവരണാതീതമായിരുന്നു. സ്വൂഫികളാണ് അവരെ തുരത്തിയത്. സ്വൂഫികളുടെ നിശിതമായ വിമർശനങ്ങൾ കാരണമാണ് സത്യത്തിൽ അൾജീരിയൻ ജനങ്ങൾക്ക് ഇസ്ലാമിന്റെ യഥാർഥ ശീലവും ശൈലിയും പഥ്യമായത്.



ഇതെല്ലാം വ്യക്തമാക്കുന്നത് സ്വൂഫിസം നിഷ്‌ക്രിയത്വമല്ല, സക്രിയമാവേണ്ടിടത്ത് ക്രിയാത്മകമായ ഇടപെടലാണ് അത് നടത്തിയത് എന്നാണ്. യുദ്ധം ക്രിയാത്മകമാവുമ്പോൾ മാത്രമാണ് സ്വൂഫികൾ യുദ്ധത്തിനിറങ്ങുന്നത്. സമാധാനത്തിന് വേണ്ടി, അവകാശ സംരക്ഷണത്തിന് വേണ്ടി, നീതിക്ക് വേണ്ടി ഒക്കെയായിരുന്നു ഇത്. അനാവശ്യമായി ഒരുറുമ്പ് പോലും ബലികഴിക്കപ്പെടുന്നത് സ്വൂഫികൾക്ക് സഹിക്കാനാകില്ല. കാരണം അവരുടെ വൈകാരിക സ്രോതസ്സായ നബി(സ) പഠിപ്പിച്ച സംസ്കാരവും സ്വഭാവവും അവർക്ക് അത്രമേൽ പ്രധാനമാണ്.
























0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso