Thoughts & Arts
Image

ഭാര്യയും ജീവിത പങ്കാളിയും

17-11-2022

Web Design

15 Comments






സര്‍ക്കാര്‍ അപേക്ഷാ ഫോമുകളില്‍ ഇനി ഭാര്യ എന്ന വാക്ക് പ്രയോഗിക്കരുത് എന്ന് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സർക്കുലർ വഴി ആവശ്യപ്പെട്ടിരിക്കുന്നു. ഇത് കണ്ടപ്പോൾ പതിവിനു വിപരീതമായി ഇതൊരു നല്ല തീരുമാനമായിട്ടാണ് തോന്നിയത്. കാരണം മലയാളത്തിലെ ഭാര്യ എന്ന പദം ഒരു തരം അടിമത്വത്തെയും ആധിപത്യ മനോഭാവത്തെയും ഭരണത്തെയുമെല്ലാം കുറിക്കുന്നതാണ്. ആ വാക്കിന്റെ നേരെ അർഥം തന്നെ ഭരിക്കപ്പെടുന്നവൾ എന്നാണല്ലോ. ഈ വാക്ക് എന്തിൽ നിന്ന് എപ്പോൾ നിഷ്പതിച്ച് ഉണ്ടായി എന്നതിനെ കുറിച്ച് കാര്യമായ റഫറൻസുകളിൽ എത്തിയില്ല എങ്കിലും ഇത് വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടിയവളോടുണ്ടായിരുന്ന പൗരാണിക സമീപനത്തെ ശരിക്കും പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത് ഉറപ്പാണ്. പ്രായം ചെന്നവർ അയവിറക്കുന്ന ഓർമ്മകളിൽ നിന്നും പഴയ തറവാടുകളും നാലുകെട്ടുകളും പശ്ചാതലമൊരുക്കിയ നോവലുകളിൽ നിന്നുമെല്ലാം അവയ്ക്കുള്ളിൽ നിന്നുയരുന്ന ചൂടുള്ള നിശ്വാസങ്ങൾ ഒരുപാട് നാം അനുഭവിച്ചിട്ടുണ്ടല്ലോ. പറയാനും പ്രകടിപ്പിക്കാനും അഭിപ്രായപ്പെടാൻ പോലും കഴിയാതെ എത്രയോ ജീവിതങ്ങൾ അവക്കുള്ളിൽ എട്ടുകാലി വലകളിൽ കിടന്ന് കരിപിടിച്ച് തീർന്നു. ഇപ്പോൾ അതൊന്നും ഓർമിപ്പിച്ചിട്ട് കാര്യമില്ല. ഓർമ്മിപ്പിച്ചാൽ തന്നെ ആദ്യം നോക്കുക നാം ഉദാഹരിക്കുന്ന വ്യക്തിയുടെ മതത്തിലേക്കും സമുദായത്തിലേക്കുമായിരിക്കും. എന്നിട്ട് വ്യക്തിയെയും വിഷയത്തെയും വിട്ട് ആ സമുദായത്തിന്റെ പിന്നാലെ കൂടും. ഏതായാലും ഭാര്യ എന്ന വാക്ക് വേണ്ടെന്ന് വെച്ചത് ശ്ലാഖനീയം തന്നെയാണ്. നമ്മുടെ സാംസ്കാരിക പ്രബുദ്ധതക്കു വേണ്ടി വാദിക്കാൻ ഒരു തെളിവുകൂടിയായല്ലോ.



സാധാരണ ഇങ്ങനെ ഇത്തരം ഒരു നീക്കം പുറത്ത് വരുമ്പോൾ ഭരിക്കുന്ന കക്ഷിയുടെ എന്തെങ്കിലും താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള വല്ല കൗശലവും അതിലുണ്ടായിരിക്കും എന്നാണ് എല്ലാവരും കരുതുക. ഇപ്പോൾ ഭരണം എന്നാൽ അതായി മാറിയിട്ടുണ്ടല്ലോ. ഭരിക്കുന്നവരുടെ പ്രധാന ശ്രദ്ധ ഭരണീയരുടെ ഭക്ഷണം, വേഷം, ലൈംഗികത, വ്യക്തിനിയമങ്ങൾ, വൈയക്തിക സ്വത്വങ്ങൾ എന്നിവയിൽ ഇടപെട്ട് അതൊക്കെ തങ്ങളുടേതാക്കുവാൻ ശ്രമിക്കുന്നതിലാണല്ലോ. അത്തരം ഒരു നിരൂപണ ബുദ്ധിയോടെ നോക്കുമ്പോഴാണ് ഭാര്യ എന്നതിന് പകരം ഉപയോഗിക്കാൻ പറയുന്ന വാക്ക് ശ്രദ്ധിച്ചത്. ഭാര്യയെന്ന് എഴുതുന്നതിനു പകരം ജീവിത പങ്കാളി എന്നാണ് ഇനി എഴുതേണ്ടത് എന്ന് ഉത്തരവ് തുടർന്നു പറയുന്നു. ഇത് പക്ഷെ ചില ചിന്തകൾക്ക് വഴി തുറക്കുന്നുണ്ട്. ഭാര്യ എന്നതിന് മലയാളത്തിൽ തന്നെ വേറെയും പര്യായപദങ്ങൾ ഉണ്ട്. പത്നി, നല്ല പാതി, ഇണ തുടങ്ങിയ മനോഹരവും ഹൃദയസ്പൃക്കായതുമായ അർഥം വരുന്ന വാക്കുകൾ. അവയൊന്നും എടുക്കാതെ ജീവിതപങ്കാളി എന്നത് മാത്രം എടുക്കുമ്പോൾ പ്രത്യേകിച്ചും ചിലത് ചിന്തിക്കാനുണ്ട്. ജീവിത പങ്കാളി എന്ന വാക്കിന് കുഴപ്പമുണ്ടായിട്ടല്ല. ആ വാക്കിന് നല്ല അർഥം തന്നെയാണുള്ളത്. പക്ഷെ, ഇന്നത്തെ ചില പ്രത്യേക സാഹചര്യത്തിൽ അത് സത്യത്തിൽ ഭാര്യയുടെ അതിര് ഭേതിക്കുമോ, ഭേതിക്കാനുള്ള ഉദ്ദേശം അതിലടങ്ങിയിട്ടുണ്ടാവുമോ എന്നൊക്കെയുള്ള ഭയമാണ് അതിന് കാരണം. പങ്കാളി എന്നതിന്റെ വിശാലതയിൽ എല്ലാവിധ പങ്കാളികളും പെടും. സ്വതന്ത്ര-ലിബറൽ ലൈംഗികത വളർന്നു വരുന്ന കാലമാണ്. ലിവിംഗ് ടുഗെതർ ഫാഷനായി മാറുകയും വ്യാപിക്കുകയും ചെയ്യുകയാണ്. ഭരിക്കുന്ന കക്ഷി അതിനോട് ചായ് വുളള കക്ഷിയുമാണ്. അതിനാൽ അവരുടെ ആശയലോകം തലകുലുക്കുന്നതും എന്നാൽ സംസ്കാരം ശീലിച്ചിട്ടില്ലാത്തതുമായ ലൈംഗിക വൈകൃതങ്ങളിലെ പങ്കാളികളെ കൂടി ഇതിൽ കൂട്ടി നിയമവൽക്കരിക്കുള്ള ശ്രമമായിരിക്കുമോ എന്നതാണ് ഭയവും ആശങ്കയും.



അവരുടെ ആശയലോകം വാദിക്കുന്നത് സ്വതന്ത്രമായതും ഒരു ബാദ്ധ്യതയും വരുത്തിവെക്കാത്തതുമായ ലൈംഗികതക്കു വേണ്ടിയാണ്. അതിനാൽ ഭാര്യ, ഭർത്താവ്, മകൻ, മകൾ തുടങ്ങിയ സംജ്ഞകളൊക്കെ കൂടെക്കൂടെ അപ്രത്യക്ഷമാവും. സ്ത്രീയെ പുരുഷന്റെ സഹായിയാക്കിയതും അവന്റെ താല്‍പര്യങ്ങളില്‍ ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് ഈ മൂലധന സാമൂഹ്യശാസ്ത്രത്തിന്റെ ആൾക്കാർ കുറ്റപ്പെടുത്തുന്നത്. ഒരു താൽക്കാലിക വികാര പ്രകടനമെന്നല്ലാതെ ചിന്തിച്ചും പഠിച്ചും കണ്ടെത്തിയ ഒരു തത്വമാണ് ഇത് എന്ന് ഒരിക്കലും പറയാൻ കഴിയില്ല. കാരണം, പുരുഷന്റെ നിഴലിന് പുറത്തേക്ക് അവളെ അത്തരം ദർശനങ്ങൾ വലിച്ചിടുന്നതോടെ അവൾ ശരിക്കും ഒറ്റപ്പെടുകയാണ്. അവൾ അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് എത്തിക്കപ്പെടുകയാണ് ചെയ്യുന്നത്. കാരണവും ന്യായവും സരളമാണ്. പുരുഷനിൽ നിന്ന് കുടഞ്ഞ് പുറത്ത് ചാടി സ്വയം ജീവിക്കാം എന്ന് മോഹിക്കുന്ന സ്ത്രീയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് ധാരാളം പേരുണ്ടാകും എന്നതിൽ തർക്കമില്ല. അതു പക്ഷെ അവൾ എതിർലിംഗത്തോട് തർക്കിക്കുകയും കലഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഉണ്ടാകൂ. അതേ സമയം തുടർ ജൈവപ്രക്രിയകളിൽ ഏതിന് വിധേയയായിലും അവളുടെ മുമ്പിൽ പുതിയ പുതിയ ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി അവളുടെ ജൈവത്വരയാണ് ഇണ ചേരുക എന്നത്. ഇതിന് സമാന ചിന്താഗതിക്കാരെ ഒരു ബാധ്യതയുമില്ലാതെ ലഭിക്കും എന്ന് കരുതാം. അതു കഴിഞ്ഞാൽ ഒന്നുകിൽ അവൾ ഗർഭിണിയായേക്കാം. ഗർഭം വളരുന്നതിനനുസരിച്ച് അവൾക്ക് ബാഹ്യ സഹായം വേണ്ടി വരും. ഒരു വാശിക്ക് കുറച്ചു കാലമൊക്കെ തനിക്കാരുടെയും സഹായം വേണ്ട എന്നു പറഞ്ഞാൽ തന്നെയും പിന്നീടത് വേണ്ടി വരും. അപ്പോൾ ആരെങ്കിലുമൊക്കെ എന്തെങ്കിലും സഹായം ചെയ്തേക്കാം. എന്നാൽ ഹൃദയപൂർവ്വമായ ഒരാശ്വാസ വചനത്തിന് ഒരു പെണ്ണ് എന്ന നിലക്ക് അവളുടെ അന്തരംഗം കൊതിക്കാതിരിക്കില്ല. അത്തരമൊന്ന് കിട്ടണമെങ്കിൽ അതിന് സ്നേഹവും കാരുണ്യവും ഉളള ഒരു ഭർത്താവ് തന്നെ വേണം.



ഇനി അവൾ വർഗ്ഗത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയും ഗർഭം വേണ്ടെന്ന് വെക്കുകയും ചെയ്തു എന്നിരിക്കട്ടെ, എങ്കിൽ അവൾക്ക്, അവൾക്കിഷ്ടമില്ലെങ്കിലും പ്രായമാകുമല്ലോ. പ്രായമാകുമ്പോൾ തന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിക്കുക തന്നെ ചെയ്യും. ഒരു വൃദ്ധയെ പരിചരിക്കാൻ നാസ്തിക ഭാവമുളള ഒരു സംഘവും തയ്യാറാവില്ല. കാരണം ഒരു അബലയെ സഹായിക്കുവാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം തനിക്കിത് ഒരു നൻമയായിത്തീരും എന്ന വിശ്വാസമാണ്. അത്തരം ഒരു വിശ്വാസമില്ലാത്ത ജനതക്കുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ച ഒരുത്തി, ജീവിതത്തിൽ ഒരു സ്ത്രീക്ക് ഏറ്റവും വേണ്ടത് ഒട്ടും ലഭിക്കാതെ, എങ്ങനെയെങ്കിലും അടങ്ങേണ്ടിവരും. സ്ത്രീക്ക് ഏറ്റവും പ്രധാനമായി വേണ്ടത് എന്താണ് എന്ന് ആലോചിച്ചിട്ടേയില്ലാത്ത ആൾക്കാരാണ് ഇത്തരം വിപ്ലവങ്ങൾ നയിക്കുന്നത്. സത്യത്തിൽ കാരുണ്യമുള്ള സ്നേഹമാണ് ഏത് സ്ത്രീക്കും വേണ്ടത്. അത് കുട്ടിക്കാലത്ത് ആരിൽ നിന്നും എവിടെ നിന്നും കിട്ടും. പക്ഷെ ഒന്നു മുതിർന്നാൽ അത് കിട്ടണമെങ്കിൽ മണിയറയിൽ വെച്ച് സ്വന്തം ഭർത്താവിൽ നിന്നു തന്നെ കിട്ടണം. ഇതു കിട്ടാൻ സൃഷ്ടാവ് സംവിധാനിച്ചിരിക്കുന്ന മാർഗ്ഗമാണ് പുരുഷൻമാർ. അവർക്ക് നൽകിയ ശാരീരിക മാനസിക ശേഷികൾ, സ്ത്രീകളെ സ്നേഹവും കാരുണ്യവും നൽകി തരളിതയാക്കിയും ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകി സമ്പന്നയാക്കിയും ശ്രദ്ധയും പരിചരണവും നൽകി സുരക്ഷിതയാക്കിയും നോക്കുവാനാണ്. അല്ലാതെ അവളെ അടിമയാക്കുവാനല്ല. സ്ത്രീവാദ പക്ഷത്തുള്ളവരെല്ലാം കുടുംബത്തിലെ പുരുഷ സാന്നിധ്യത്തെ അപലപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അവരുടെയെല്ലാം ഈർഷ്യത മതത്തോടാണ്. എന്നാൽ പുരുഷനെ മതം ഏല്‍പിച്ചിരിക്കുന്ന ബാധ്യതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു കഴിവ് നല്‍കിയത് കൊണ്ടും, അവരാണ് ധനം ചിലവഴിക്കേണ്ടത് എന്നത് കൊണ്ടുമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത് (4:34) എന്ന് വിശുദ്ധ ഖുർആൻ പറയുന്നു. പുരുഷാധിപത്യ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഖുര്‍ആന്‍ നല്‍കുന്ന മറുപടിയാണിത്.



ഈ വിഷയത്തിൽ ഏറ്റവും അനുയോജ്യമായ ഒരു വാക്ക് ഇണ എന്നതാണ്. ഇസ്ലാമും ഖുർആനും സൗജ് എന്ന ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാമ്പത്യം രണ്ട് ജീവിതങ്ങളെ ഇണക്കിച്ചേർക്കുകയാണ് ചെയ്യുന്നത്. ഈ ഇണക്കം വെറുതെ വാചകക്കസർത്തു നടത്തുകയല്ല ഇസ്ലാമും അതിന്റെ പ്രമാണങ്ങളും. രണ്ട് ജീവിതങ്ങളെ ഫലപ്രദമായി കൂട്ടിയിണക്കാൻ വേണ്ട വഴിയും നിർദ്ദേശിക്കുന്നുണ്ട്. ഒരു ദാമ്പത്യത്തിന്റെ മാന്യവും ഹൃദയ പൂർണ്ണവുമായ നിലനിൽപ്പിന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മവദ്ദത്തും റഹ്മത്തും. അഥവാ സ്നേഹവും കാരുണ്യവും. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച. (30: 21) പണം, ശേഷികൾ, വിദ്യാഭ്യാസം, സാമൂഹ്യസ്ഥാനം തുടങ്ങിയവക്കൊന്നും നേടിത്തരാൻ കഴിയാത്ത ചിലത് സ്നേഹത്തിനും കാരുണ്യത്തിനും ദാമ്പത്യത്തിന് നേടിത്തരാൻ കഴിയും. ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പാരസ്പര്യം നിലനിറുത്തുന്നത് ഈ രണ്ട് ഘടകങ്ങൾ വഴിയാണ്. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്‌നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ഒന്നു ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുമ്പോൾ അതിന്റെ ശക്തി വിവരണാതീതമായി മാറുന്നു.



ഇത് ബോധ്യമാകുവാൻ മറ്റു ചില ആമുഖങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, മനുഷ്യന് സൃഷ്ടിപ്പിൽ തന്നെ നൈസർഗ്ഗികമായി ലഭിച്ച ചില പ്രത്യേകതകൾ ഉണ്ട്. പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണത്. ഈ രണ്ട് സവിശേഷതകളും വെറും ജീവശാസ്ത്രപരമല്ല, മാനസികം കൂടിയാണ്. അവന്റെ ശരീരം താരതമ്യേന ബലിഷ്ഠമാണ്. അവന്റെ ശാരീരിക ശേഷികൾ കരുത്തുള്ളതാണ്. അത് അവന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ശബ്ദത്തിൽ പോലും അത് പ്രകടവുമാണ്. പ്രശ്നങ്ങളെ നേരിടാനും ഭാരങ്ങളെ വഹിക്കാനും അവന് കൂടുതൽ കഴിവുണ്ട്. ഇതെല്ലാം അവന് ഒരു ആധിപത്യ സ്വഭാവം കൽപ്പിക്കുന്നു. ആധിപത്യ സ്വഭാവമുള്ളവർ സ്വാഭാവികമായും ക്രൂരരും ശക്തരും തന്നിഷ്ടക്കാരും മറ്റുള്ളവരുടെ ഇടപെടലുകൾ മാനിക്കാത്തവരുമൊക്കെയായിരിക്കും. എന്നാൽ സ്ത്രീയുടേത് ഇതിൽ നിന്ന് വിഭിന്നമാണ്. അവളുടെ ശരീരം ലോലവും ശേഷികൾ താരതമ്മ്യേന ദുർബലവും ശബ്ദം പോലും ബലം കുറഞ്ഞതുമാണ്. ആ ദൗർബല്യതകളിൽ സൃഷ്ടാവ് ഒളിപ്പിച്ചു വെച്ച ആകർഷണത്വവും ഭംഗിയുമെല്ലാമാണ് അവളുടെ യഥാർഥ ശക്തി. അതിനാൽ അവൾക്ക് ചേരുന്നത് വിധേയത്വ സ്വഭാവമാണ്. ഇങ്ങനെ തികച്ചും വിരുദ്ധമായ രണ്ട് സ്വഭാവങ്ങൾ ഉളളവരായതിനാൽ അവർ രണ്ട് പേരും വിവാഹത്തിലൂടെ ഒന്നാകുവാൻ തീരുമാനിക്കുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് വൈരുദ്ധ്യ സ്വഭാവങ്ങൾ തമ്മിൽ സമജ്ജസമായി കൂടിച്ചേരുവാൻ അവർക്കിടയിൽ മറ്റു ചില ഘടകങ്ങൾ ചേർത്തു കൊടുക്കേണ്ടതായി വരും. അതില്ലാതെ വന്നാൽ അവർ തമ്മിൽ ശരിയായി ചേരില്ല. പുരുഷന്റെ ആധിപത്യ സ്വഭാവത്തെ പാകപ്പെടുത്തിയെടുക്കുവാനും സ്ത്രീയുടെ വിധേയത്വത്തെ കുറച്ചു കൂടി ഗൗരവപ്പെടുത്താനും ഈ ഘടകം അനിവാര്യമാണ്. അവയാണ് വിശുദ്ധ ഖുർആൻ പറഞ്ഞ സ്നേഹവും കാരുണ്യവും. അവ ചേരുന്നതോടെ ആണിന്റെ മേധാവിത്വ സ്വഭാവത്തിന് ഒരു ഒതുക്കവും മാർദ്ദവത്വവും കൈവരും. അപ്പോൾ അവന്റെ ആധിപത്യ മനസ്ഥിതി വെറും ഒരു ഉത്തരവാദിത്വ ബോധമായി മാറും. സ്നേഹത്തിനും സഹാനുഭൂതിക്കും അവന്റെ മനസ്സിൽ ഇടമുണ്ടാകും. അതേ സമയം പെണ്ണിന്റെ വിധേയത്വ സ്വഭാവത്തിനാവട്ടെ, ഇവ ചേരുമ്പോൾ ഒരു തരം ഹൃദയതയും സുരക്ഷിതത്വ ബോധവും കൈവരും. അഥവാ, സ്നേഹം, കാര്യണ്യം എന്നീ വികാരങ്ങളുടെ ഊഷ്മളതയില്‍ പുരുഷന്റെ മേധാവിത്വം സഹാനുഭൂതിയായി മാറുന്നു. സ്ത്രീക്ക് അവ സുരക്ഷിതത്വ ബോധവും സനാഥത്വവും നൽകുന്നു. അതോടെ രണ്ട് പേരും ഇണകളായി മാറുന്നു.



ഇണയും പങ്കാളിയും ഒന്നു തന്നെയല്ലേ എന്നു ചോദിച്ചാൽ സൂക്ഷ്മമായ നിരീക്ഷണത്തിൽ അല്ല എന്നു പറയേണ്ടിവരും. കാരണം പങ്കാളി പുറത്തു നിൽക്കുന്ന പങ്കുകാരനാണ്. അവൻ വേറിട്ടുനിൽക്കുന്നതിനാൽ അവൻ കലഹിക്കാനും അവകാശം ചോദിക്കാനും തെറ്റിപ്പിരിയാനും ഒക്കെ സാധ്യത കൂടുതലാണ്. അവൻ അല്ലെങ്കിൽ അവൾ അകത്താണെങ്കിലും പുറത്ത് നിൽക്കുന്ന ഒരു സമ്മർദ്ദ ശക്തിയായിരിക്കും. എന്നാൽ ഇണ അങ്ങനെയല്ല. അവിടെ രണ്ടാൾ തമ്മിൽ ഒരു ലയനം സംഭവിക്കുന്നതിനാൽ വേറിട്ട് നിൽക്കുന്നില്ല. ശരിക്കും ദമ്പതികൾ സ്നേഹവും കാരുണ്യവും കൊണ്ട് ഇണകളായി ഇഴുകിച്ചേർന്നിട്ടുണ്ട് എങ്കിൽ പിന്നെ വേർപെടുമെന്ന ഭയമുണ്ടാവില്ല.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso