Thoughts & Arts
Image

രിഫാഈയും രിഫാഇയ്യത്തും

20-11-2022

Web Design

15 Comments







റബീഉൽ ആഖിർ പോലെ ജമാദുൽ അവ്വലിനു മുണ്ട് അനുഭവിക്കുവാൻ ആത്മീയതയുടെ മറ്റൊരു അനുഭൂതി. അത് ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ)യുടെ ഓർമ്മകളാണ്. മഹാനവർകൾ ലോകത്തോട് വിടപറഞ്ഞത് ഹിജ്റ 578 ജുമാദുല്‍ ഊലാ 12 നാണ്. ഹിജ്റ 512, റജബ് 5ന് ഇറാഖിലെ ബത്വാഇഹ് പ്രദേശത്തെ ഹസന്‍ എന്ന കൊച്ചു ഗ്രാമത്തില്‍ അബുല്‍ ഹസന്‍ എന്നവരുടെയും ഉമ്മുല്‍ ഫള്ല്‍ ഫാത്വിമത്തുല്‍ അന്‍സാരിയ്യയുടെയും മകനായി ജനിച്ച മഹാന്‍ ചെറുപ്പം മുതല്‍ വ്യതിരിക്തമായ ജീവിതമാണ് ലോകത്തിന് നയിച്ചത്. യൂഫ്രട്ടീസ്‌,ടൈഗ്രീസ്‌ നദികള്‍ സംഗമിക്കുന്നിടത്തുള്ള വാസ്വിത്വിന്‌ വടക്കും ബസ്‌റക്ക്‌ തെക്കുമായാണ്‌ ഈ നാട്‌. ഇസ്‌ലാമിക സമൂഹത്തില്‍ വെളിച്ചം തെളിയിച്ച നിരവധി മഹത്തുക്കളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാക്ഷിയാകുന്നതിലൂടെ ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കിടെ പറയപ്പെട്ട പ്രദേശമാണ്‌ ബത്വാഇഹ്‌. തിരു നബി(സ)യുടെ ജീവിത ശൈലിയും പാരമ്പര്യവും പൈതൃകവും രിഫാഈ തങ്ങളുടെ ജീവിതത്തില്‍ മുഴുക്കെ പ്രകാശിതമായിരുന്നു. ആത്മീയാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന അഹ്മദ് രിഫാഈ ചെറുപ്രായത്തില്‍ തന്നെ അദ്ധ്യാത്മിക വിഷയങ്ങളില്‍ അങ്ങേയറ്റം തല്‍പരനായിരുന്നു. ചെറുപ്രായത്തിലേ മതപഠനത്തോട് വലിയ താല്‍പര്യമായിരുന്നു ശൈഖ് രിഫാഈ(റ)വിന്. ഏഴാം വയസ്സില്‍ ശൈഖ് അബ്ദുസ്സമീഅ് അല്‍ഹര്‍ബൂനിയുടെ ശിക്ഷണത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കി. ശേഷം പ്രമുഖ കര്‍മശാസ്ത്ര വിശാരദനായ അബുല്‍ ഫള്ല്‍ അലി വാസ്വിതിയുടെ പാഠശാലയില്‍ ചേര്‍ന്നു. ശിഷ്യന്‍റെ അഭിരുചിയും താല്‍പര്യവും മനസ്സിലാക്കിയ അദ്ദേഹം കുട്ടിയുടെ വളര്‍ച്ചയില്‍ നന്നായി ശ്രദ്ധിച്ചു. മുഴുവിജ്ഞാന ശാഖകളിലും അതികായനായി വളരാന്‍ ശൈഖ് അബുല്‍ ഫള്ലിന്‍റെ പാഠശാല രിഫാഇക്ക് സഹായകമായി. കൂടാതെ ശൈഖ് അബ്ദുല്‍ മലിക് അല്‍ഹര്‍ബൂനിയില്‍ നിന്ന് ശാഫിഈ ഫിഖ്ഹിലെ ഇമാം അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ അത്തന്‍ബീഹ് പഠിക്കാനും കഴിഞ്ഞു. പ്രമുഖ പണ്ഡിതനായ ശൈഖ് അബൂബക്കര്‍ അല്‍വസ്വീത്വി, അമ്മാവന്‍ ശൈഖ് മന്‍സൂര്‍ എന്നിവരില്‍ നിന്നും ശൈഖ് രിഫാഈ(റ) വിദ്യ നേടിയിട്ടുണ്ട്. ശൈഖ് മന്‍സൂരില്‍ ബത്വാഇഹിയുടെ സഹോദരി ഫാത്വിമ(റ)യാണു ശൈഖു രിഫാഇ(റ)യുടെ മാതാവ്.



പഠന സപര്യയിലും ഗുരു സമ്പര്‍ക്കത്തിലും യുവത്വം തളച്ചിട്ട രിഫാഈ(റ) എല്ലാ വിജ്ഞാന ശാഖകളിലും ഔന്നിത്യം പ്രാപിക്കുകയും ഇരുപതാം വയസ്സില്‍ ഉസ്താദ് വാസിത്വിയില്‍ നിന്ന് എല്ലാ വിഷയങ്ങളിലും ഇജാസത്ത് നേടുകയും ചെയ്തു. പഠന കാലത്തു തന്നെ രിഫാഈ(റ) പ്രമുഖ ശാഫിഈ പണ്ഡിതനായ അബൂ ഇസ്ഹാഖു ശ്ശീറാസീ(റ)യുടെ കിതാബുത്തന്‍ബീഹ് മനപാഠമാക്കുകയും ശേഷം അതിന് അല്‍ ബഹ്ജ എന്ന വ്യാഖ്യാനം രചിക്കുകയും ചെയ്തിരുന്നു. ശരീഅത്ത്, ത്വരീഖത്ത് ജ്ഞാനങ്ങളില്‍ അതിനിപുണനായിത്തീര്‍ന്ന ശൈഖ് അഹ്മദുൽ കബീർ രിഫാഈ(റ) പണ്ഡിത ലോകത്ത് അബുല്‍ ഇല്‍മൈന്‍ (രണ്ട് ജ്ഞാനങ്ങളുടെയും പിതാവ്) എന്നാണ് അറിയപ്പെട്ടത്. കൂടാതെ ശൈഖു ത്വറാഇഖ്, അശ്ശൈഖുല്‍ കബീര്‍, ഉസ്താദുല്‍ ജമാഅ തുടങ്ങിയ നാമങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു. ത്വരീഖത്തിന്‍റെ അത്യുന്നത പദവിയിലാണ് ശൈഖ് ജീവിച്ചത്. ആരാധനകളിലും ഓരോ ചലന നിശ്ചലനത്തിലും സൂക്ഷ്മത പുലര്‍ത്തിയുള്ള ജീവിതമാണ് ത്വരീഖത്ത്. ശരീഅത്തിന്‍റെ പരിപൂര്‍ത്തിയാണത്. വിവിധ ആത്മീയ ഗുരുക്കളില്‍ നിന്ന് ത്വരീഖത്തും സ്ഥാന വസ്ത്രവും(ഖിര്‍ഖ) ശൈഖ് രിഫാഈ(റ) സമ്പാദിച്ചു. ശൈഖ് അലി വാസിത്വീ, അബൂബക്റുശ്ശിബ്ലി, ജുനൈദുല്‍ ബഗ്ദാദി, സരിയ്യുസ്സിഖത്വി, മഅ്റൂഫുല്‍ കര്‍ഖി, ഹബീബുല്‍ അജമി, ഹസന്‍ ബസ്വരി, അലി(റ) ഈ പരമ്പരയാണ് ശൈഖ് രിഫാഈ(റ)യുടെ ത്വരീഖത്തിന്‍റെ ഒരു പരമ്പര. ഇത് കൂടാതെ അമ്മാവന്‍ ശൈഖ് മന്‍സൂര്‍ മുതല്‍ അലി(റ)വരെയുള്ള മറ്റൊരു ഗുരുപരമ്പര കൂടി അദ്ദേഹത്തിനുണ്ട്.



അങ്ങിങ്ങായി വ്യാജൻമാരും കപടൻ മാരുമെല്ലാം തലപൊക്കിയ കാലമായിരുന്നു ശൈഖ് രിഫാഇയുടെ കാലം. ആത്മീയ ലോകത്തെയും ത്വരീഖത്തിനെയും നിരുത്തരവാദപരമായി സമീപിക്കുന്ന ഇവരെയൊക്കെ മഹാനവർകൾ ഖണ്ഡിച്ചു. കപട സൂഫികളുടെ മുഖമൂടികൾ അദ്ദേഹം വലിച്ചു കീറി. ശൈഖ് രിഫാഈ(റ) പറഞ്ഞു: ഞങ്ങള്‍ ആത്മജ്ഞാനികളും അവര്‍ ബാഹ്യജ്ഞാനികളും എന്ന് ചിലര്‍ പറയാറുണ്ട്. അത് ശരിയല്ല. ഇസ്ലാമിന് അകവും പുറവുമുണ്ട്. പുറം ഭാഗം നില്‍ക്കാനുള്ള പാത്രമാണ് അകം. അകമില്ലാതെ എങ്ങനെയാണ് പുറം ഉണ്ടാവുക? ശരീരമില്ലാതെ ഹൃദയത്തിന് നിലനില്‍പ്പുണ്ടോ?! ഹൃദയം ശരീരത്തിന്‍റെ വെളിച്ചമാണ്. ഹൃദയത്തിന്‍റെ സംസ്കരണമാണ് ആത്മജ്ഞാനം. ഹൃദയ സംസ്കരണമില്ലാതെ ബാഹ്യ കര്‍മങ്ങള്‍ ചെയ്യുന്നത് പൂര്‍ണതയല്ല. ഹൃദയ സംസ്കരണമുണ്ടായാല്‍ തെറ്റുകളിലേക്ക് തിരിയാന്‍ കഴിയുകയുമില്ല. ശരീഅത്തിന്റെ ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനും നിസ്കരിക്കാതെയും നോമ്പെടുക്കാതെയും എന്നാൽ സമുദായത്തിന്റെ മുഴുവൻ ആദരവും പിടിച്ചുപറ്റിയും ജീവിക്കാൻ വേഷം കെട്ടിയവരെയായിരുന്നു മഹാനവർകൾ നേരിട്ടത് എന്ന് വ്യക്തം.



ആത്മീയ ലോകത്തിനും ചിന്തക്കും വലിയ അർഥതലങ്ങളാണ് മഹാനവർകൾ കൽപ്പിച്ചത്. സുഹ്ദ് എന്ന ഭൗതിക വിരക്തി നേടുവാൻ വേണ്ട കാര്യങ്ങളിൽ അദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തി. അദ്ദേഹം തന്റെ അല്‍ബുര്‍ഹാനുല്‍ മുഅയ്യദില്‍ പറയുന്ന ഒരു കാര്യത്തെ മാത്രം ഉദാഹരണമായി എടുത്താൽ ഇത് വ്യക്തമാകും. അദ്ദേഹം പറയുന്നു: സഹവാസത്തിന് ചില രഹസ്യങ്ങളുണ്ട്. സഹവാസം മനുഷ്യനില്‍ പരിവര്‍ത്തനമുണ്ടാക്കും. എട്ട് വിഭാഗത്തോടൊപ്പം സഹവസിക്കുന്നവര്‍ക്ക് എട്ട് കാര്യങ്ങളില്‍ വര്‍ധനവുണ്ടാകും. ഭരണാധികാരികളോട് സഹവാസം വച്ചുപുലര്‍ത്തുന്നവര്‍ക്ക് അഹങ്കാരവും ഹൃദയകാഠിന്യവും അധികരിക്കും. ധനാഢ്യരോട് സഹവസിക്കുന്നവര്‍ക്ക് ഭൗതിക താല്‍പര്യമുണ്ടാകും, സാധുക്കളോട് ഇടപഴകുന്നവര്‍ക്ക് അല്ലാഹു തന്നത് കൊണ്ട് തൃപ്തിപ്പെടാന്‍ കഴിയും. കുട്ടികളോട് സഹവാസം പുലര്‍ത്തുന്നവര്‍ക്ക് കളിയിലും തമാശകളിലുമായിരിക്കും താല്‍പര്യം. സ്ത്രീകളോടുള്ള ഇടപെടല്‍ മനസ്സില്‍ വൈകാരികത മുളപ്പിക്കും. പണ്ഡിതന്‍മാരോടുള്ള സഹവാസം നിലനിര്‍ത്തിയാല്‍ ജ്ഞാനവും സൂക്ഷ്മതയും വര്‍ധിക്കും. തെമ്മാടികളോടൊപ്പം ചേര്‍ന്നാല്‍ ദുര്‍നടപ്പിലും തെറ്റുകളിലും അകപ്പെടും. ഒരു ശരിയായ മുറബ്ബിയുടെ സ്വരമാണ് ഇതിലൂടെ നാം കേൾക്കുന്നത്.



അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെല്ലാം നിരവധി പരീക്ഷണങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതെല്ലാം ക്ഷമയോടെ നേരിട്ട് വിജയം കൈവരിച്ചവരാണവര്‍. ശൈഖുനാ രിഫാഈ (റ) അവർകൾക്കും അതുണ്ടായിട്ടുണ്ട്. ശൈഖു രിഫാഈ(റ)യുടെ ഒരു മുരീദ് സ്വര്‍ഗത്തിന്റെ ഉന്നത സ്ഥാനത്ത് രിഫാഈ(റ) ഇരിക്കുന്നത് പല പ്രാവശ്യം സ്വപ്നം കണ്ടു. ശൈഖിനോട് ഇക്കാര്യം മുരീദ് ഉണര്‍ത്തിയില്ല. ഒരു ദിവസം മുരീദ് ശൈഖു രിഫാഈ(റ)യുടെ വീട്ടില്‍ ചെന്നപ്പോള്‍ ദു:സ്വഭാവിയായ ഭാര്യ അസത്യം പറയുകയും കയ്യിലുള്ള ചട്ടുകം കൊണ്ട് ശൈഖിന്റെ പിരടിക്ക് അടിക്കുകയും ചെയ്യുന്ന രംഗമാണ് മുരീദ് കണ്ടത്. 500 ദീനാര്‍ ആവശ്യപ്പെട്ടുകൊണ്ടാണു ഭാര്യയുടെ അക്രമം. മുരീദ് അഞ്ഞൂര്‍ ദീനാര്‍ സ്വരൂപിച്ച് ശൈഖു രിഫാഈ(റ)ക്കു കൊണ്ടുവന്ന് കൊടുത്തു പറഞ്ഞു: ഇതു ഭാര്യക്കു കൊടുക്കൂ.
ശൈഖവർകൾ തല്‍സമയം മുരീദിനോട് പറഞ്ഞു: ഞാനിതൊന്നും ക്ഷമിക്കുന്നില്ലെങ്കില്‍ എന്നെ നീ സ്വര്‍ഗ്ഗത്തിലെ ഉന്നത സ്ഥാനത്തു കാണുമോ?. ശിഷ്യന്മാര്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെ, ഒരിക്കല്‍ ശൈഖു രിഫാഈ(റ) പറഞ്ഞു: ഉഹൈമിദു മിന്‍ഹും (ചെറിയ അഹ്മദ് അക്കൂട്ടത്തിലാണ്). ഏതു ചെറിയ അഹ്മദ്, ഏതുകൂട്ടം എന്നറിയാതെ ശിഷ്യന്മാര്‍ അന്ധാളിച്ചു നിന്നപ്പോള്‍ ശൈഖ് പറഞ്ഞു: മക്കളേ ഈ സമയം അങ്ങകലെ ബഗ്ദാദില്‍ വെച്ച് ഇന്നു ജീവിച്ചിരിപ്പുള്ള എല്ലാ ഔലിയാക്കളുടെയും നേതാവ് താനാണെന്നു റബ്ബിന്റെ അനുമതിയോടുകൂടി ശൈഖു ജീലാനി(റ) പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ഔലിയാക്കളും അതു അംഗീകരിക്കുകയും ചെയ്തു. അവരുടെ കൂട്ടത്തിലാണു ഈ ചെറിയ അഹ്മദായ ഞാനും. എല്ലാവരും എന്നെ അഹ്മദുല്‍ കബീര്‍ (വലിയ അഹ്മദ്) എന്നു വിളിക്കുന്നുണ്ടെങ്കിലും ഞാന്‍ ഉഹൈമിദ് (ചെറിയ അഹ്മദ്) ആണ്. ഞാനും മുഹിയിദ്ദീന്‍ ശൈഖിന്റെ കാലടിക്കു കീഴിലാണ്.



പർണ്ണശാലയിൽ ചടഞ്ഞുകൂടുന്ന സ്വഭാവമല്ല അദ്ദേഹത്തിനുണ്ടായിരുന്നത്. ജനമനസ്സിലേക്കിറങ്ങിയുള്ള പ്രബോധന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ രീതിയും വഴിയും താൽപര്യവും. അതിനാല്‍ ജ്ഞാനപ്രസരണവും സാന്ത്വന പ്രവർത്തനവുമാണ് മുഖ്യമായി മഹാന്‍ തിരഞ്ഞെടുത്തത്. ആ കാലത്തെ കര്‍മശാസ്ത്ര പണ്ഡിതന്‍മാരടക്കമുള്ള വലിയ സംഘം ശൈഖിന്‍റെ പര്‍ണശാലയിലെത്തുമായിരുന്നു. അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയും വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിച്ചുമായിരുന്നു അധ്യാപനം. നിരവധി പേര്‍ ഓരോ സദസ്സിലും പങ്കെടുത്തു. ജമാലുദ്ദീന്‍ അല്‍ഖത്വീബുല്‍ ഹദ്ദാദി(റ) പറഞ്ഞു: മഹത്ത്വത്തിന്‍റെ ഉയര്‍ന്ന പദവിയിലാണ് ശൈഖ് രിഫാഈ(റ). അദ്ദേഹം ദര്‍സ് നടത്താനായി ഇരുന്നാല്‍ ചുറ്റുഭാഗത്തും തടിച്ചുകൂടിയിരുന്നത് അക്കാലത്തെ അതികായരായ പണ്ഡിതന്‍മാരാണ്. വിവിധ വിഷയങ്ങളില്‍ നിപുണര്‍. അവര്‍ക്ക് മുന്നില്‍ ശൈഖ് സംസാരിച്ച് തുടങ്ങിയാല്‍ എല്ലാവര്‍ക്കും മതിയായത് അതിലുണ്ടാകും. നിഷേധികള്‍ക്ക് മറുപടിയുണ്ടാകും. സംശയാലുക്കള്‍ക്ക് വ്യക്തതയും. കൂടുതല്‍ തേടിയെത്തിയവര്‍ക്ക് ആവശ്യമായത് ലഭിക്കും. തിരുനബി(സ്വ)യുടെ സദസ്സില്‍ നിന്ന് സ്വഹാബത്ത് വാരിക്കോരിയെടുത്ത വിജ്ഞാനത്തെ അനുസ്മരിപ്പിക്കും വിധം ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം ശൈഖ് രിഫാഈ(റ)യുടെ സദസ്സില്‍ നിന്ന് കിട്ടിയിരിക്കും.



സാന്ത്വനവും കാരുണ്യവും വാരിക്കോരി നല്‍കിയാണ് ശൈഖ് കടന്നുപോയത്. മനുഷ്യരിലേക്കും ഇതര ജീവികളിലേക്കുമെല്ലാം ആ സ്നേഹ സ്പര്‍ശം നീണ്ടു. ഇമാം ശഅ്റാനി(റ) എഴുതി: നായ, പന്നി പോലുള്ളവയെ കണ്ടാല്‍ അദ്ദേഹം പറയും; സന്തോഷമായിരിക്കട്ടെ. ഇത് കേള്‍ക്കുമ്പോള്‍ അനുയായികള്‍ ചോദിക്കും: എന്താണ് താങ്കള്‍ അങ്ങനെ പറയുന്നത്? ശൈഖിന്‍റെ മറുപടി: എന്തിനെ കണ്ടാലും നല്ലത് പറയാനാണ് എന്നെ ഞാന്‍ പരിശീലിപ്പിക്കുന്നത്. ഈസാ നബി(അ)യുടെ സ്വഭാവം അതായിരുന്നു. ഈസാ നബി(അ)യും അനുയായികളും നടന്നുപോകുമ്പോള്‍ ഒരു നായയുടെ ശവം കണ്ടു. അനുയായികള്‍ മൂക്ക് പൊത്തി പറഞ്ഞു: വല്ലാത്ത നാറ്റം. ഇത് കേട്ട് ഈസാ(അ)ന്‍റെ പ്രതികരണം: ആ നായയുടെ പല്ലിന്‍റെ വെളുപ്പിനെ കുറിച്ച് നിങ്ങള്‍ക്കൊന്നും പറയാനില്ലേ?! അല്ലാമാ ദഹബി എഴുതി: വിറകുകള്‍ ശേഖരിച്ച് വിധവകളുടെ വീടുകള്‍ തിരഞ്ഞു പിടിച്ച് എത്തിച്ച് കൊടുക്കുമായിരുന്നു മഹാന്‍ (സിയറു അഅ്ലാമിന്നുബലാഅ്). രിഫാഈ(റ) നടന്നുപോകുമ്പോള്‍ ഒരു പക്ഷി വസ്ത്രത്തില്‍ വന്നിരുന്നു. ഉടന്‍ ശൈഖ് നിഴലുള്ള ഭാഗത്തേക്ക് മാറിനിന്നു. വിശ്രമം കഴിഞ്ഞ് പക്ഷി പറന്നുപോയ ശേഷമാണ് അദ്ദേഹം യാത്ര തുടര്‍ന്നത് (ത്വബഖാതുല്‍ കുബ്റ 1/143).



കുഷ്ഠ രോഗികള്‍, വൃദ്ധര്‍, അവശതയനുഭവിക്കുന്നവര്‍ തുടങ്ങിയവരോട് വലിയ താല്‍പര്യവും പരിഗണനയുമായിരുന്നു ശൈഖിന്. അവരുടെ വസ്ത്രം അലക്കിക്കൊടുത്തും തലയും താടിയും ചീകിക്കൊടുത്തും അവര്‍ക്ക് ഭക്ഷണം നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും സഹവസിച്ചും ദുആ ചെയ്തുമായിരുന്നു മഹാന്‍ ജീവിച്ചത്. ഇവരോടൊപ്പം കഴിയുന്നത് കേവലം ഐച്ഛികമായല്ല, നിര്‍ബന്ധമായാണ് ഗണിച്ചിരുന്നത്. ഒരു രോഗിയെ കുറിച്ച് അറിഞ്ഞാല്‍ ആ പ്രദേശത്തെത്തി സാന്ത്വനങ്ങളുമായി കഴിഞ്ഞ് കൂടുന്ന ശൈഖ് ദിവസങ്ങള്‍ക്കു ശേഷമാണ് മടങ്ങുക. ഇമാം ശഅ്റാനി(റ) എഴുതി: രിഫാഈ(റ) അന്ധന്‍മാരെ കാത്ത് വഴിയില്‍ നില്‍ക്കും. കൈ പിടിച്ച് അവരെ ലക്ഷ്യസ്ഥാനത്തെത്തിക്കും. വൃദ്ധരെ കണ്ടാല്‍ സഹായിക്കും. വൃദ്ധന്‍മാരെ ആദരിക്കുന്നവര്‍ക്ക് സ്വന്തം വാര്‍ധക്യ പ്രായത്തില്‍ ആദരവ് ലഭിക്കുമെന്ന തിരുവചനം ശൈഖ് ഉരുവിടുമായിരുന്നു. വെള്ളപ്പാണ്ഡ് രോഗികളെ ആലിംഗനം ചെയ്തും ശരീരമാകെ വൃണമായി വിഷമിക്കുന്നവര്‍ക്ക് താങ്ങും തണലുമായും അദ്ദേഹം വെട്ടിത്തെളിയിച്ച മാതൃകകള്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ അനേകമുണ്ട്.



പ്രഭ ചൊരിയുന്ന വട്ടമുഖം, വിശാലമായ നെറ്റിത്തടം, കറുത്ത താടി, പുഞ്ചിരിക്കുന്ന അധരം ഇതായിരുന്നു രിഫാഈ ശൈഖിന്‍റെ പ്രകൃതം. വെളുത്ത ഖമീസ്, വെള്ള രോമത്താല്‍ നിര്‍മിക്കപ്പെട്ട ചെരുപ്പ്, വെള്ള മേല്‍തട്ടം, കറുത്ത തലപ്പാവ്, ചില സമയങ്ങളില്‍ വെളുത്ത തലപ്പാവ് ഇങ്ങനെയായിരുന്നു വേഷവിധാനം. സഹനം, ശാന്ത സ്വഭാവം, ദയ, വിനയം തുടങ്ങിയവ പെരുമാറ്റവും. എല്ലാവരെയും സയ്യിദീ എന്നാണ് മഹാന്‍ അഭിസംബോധന ചെയ്യുക. അകവും പുറവും ഒരുപോലെ സംശുദ്ധമായ പ്രകൃതമായിരുന്നു ശൈഖിന്‍റേത്. തിരുചര്യ പൂര്‍ണമായും ഉള്‍കൊണ്ട ജീവിതം, ഇസ്ലാമിക സംസ്കാരം, ആത്മരഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് മനസ്സും ശരീരവും പ്രകാശിപ്പിക്കുന്ന ആരാധന, പ്രപഞ്ച പരിത്യാഗം, നിഷ്കപട മാനസം, സത്യസന്ധത തുടങ്ങിയവ സ്വഭാവങ്ങളും സവിശേഷതകളുമാണ്. ലോകത്തേറെ പ്രചാരമുള്ള പ്രധാന സൂഫി സരണികളിലൊന്നായാണ് രിഫാഇയ്യ ത്വരീഖത്ത് വിലയിരുത്തപ്പെടുന്നത്. ഇറാഖ്, ഈജിപ്ത്, തുർക്കി, സിറിയ , മധേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ഏറെ പ്രചാരമുള്ള മാർഗ്ഗമാണ് ഇത്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലും ഈ സരണി പ്രചാരം നേടിയിട്ടുണ്ട്.



നീണ്ട എഴുപതു വര്‍ഷത്തെ ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ അന്തസ്സിനും തേജസ്സിനും വേണ്ടി കഠിനാധ്വാനം ചെയ്ത് നിരവധി പേര്‍ക്കു നേരിന്റെ വഴി കാണിച്ചുകൊടുത്ത ധാരാളം മുരീദുകളെ തസ്വവ്വുഫിന്റെ ഉന്നത പദവിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശൈഖ് രിഫാഇ(റ) ഹിജ്‌റ 570 ജുമാദുല്‍ ഊലാ 12 ഉച്ച സമയത്ത് ശഹാദത്തു കലിമ ഉച്ചരിച്ചുകൊണ്ടു ഭൗതിക ലോകത്തോടു വിടപറഞ്ഞു. സ്വദേശമായ ഉമ്മു അബീദയില്‍ വെച്ചായിരുന്നു അന്ത്യം.







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso