പുലർന്ന പരിശുദ്ധ പ്രവചനങ്ങൾ
21-11-2022
Web Design
15 Comments
നിങ്ങൾ അഹങ്കരിക്കുകയൊന്നും വേണ്ട !, ഏതാനും വർഷങ്ങൾക്കുള്ളിൽ വിശ്വാസികൾ അവിശ്വാസികളെ മലർത്തിയടിക്കുക തന്നെ ചെയ്യും -തെല്ല് ഉച്ചത്തിലുള്ള അബൂബക്കർ(റ)വിന്റെ സ്വരം കേട്ട് അങ്ങാടിയിലുണ്ടായിരുന്നവർ ഒരുമിച്ചുകൂടി. അതത്രയും അത്ഭുത വാർത്തയായിരുന്നു അവർക്ക്. കാരണം, അബൂബക്കർ(റ) പറയുന്ന വിഷയം അന്നത്തെ മക്കയിലെ എന്നല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സംഭവവും വാർത്തയുമായിരുന്നു അത്. പേർഷ്യൻ സാമ്രാജ്യം റോമാ സാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിക്കളഞ്ഞു. പൗരാണിക ചരിത്ര പ്രകാരം ബി.സി. 753 ലാണ് റോമന്‍ നഗരം നിര്‍മ്മിക്കപ്പെട്ടത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോമായിരുന്നു ലോകം ഭരിച്ചിരുന്നത്. ഇംഗ്ലണ്ട് മുതല്‍ ആഫ്രിക്ക വരേയും സിറിയ മുതല്‍ സ്പെയിന്‍ വരേയും ലോകത്തെ സ്വാധീനിച്ചിരുന്നത് റോമന്‍ നിയമമായിരുന്നു. ആറാം നൂറ്റാണ്ടാവുമ്പോഴേക്കും ആഭ്യന്തര സംഘര്‍ഷം റോമിന്‍റെ അന്ത്യത്തിന് തുടക്കം കുറിച്ചിരുന്നു.
കൃസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു അവരുടെ പ്രബലമായ എതിര്‍കക്ഷി. അവര്‍ റോമക്കാരുമയി കടുത്ത ശത്രുതയിലായിരുന്നു. എ ഡി 604 ൽ തുടങ്ങിയതായിരുന്നു ഈ രണ്ടു സാമ്രാജ്യശക്തികളും തമ്മിലുള്ള പോരാട്ടം. എ ഡി 615 ആയപ്പോഴേക്കും പോരാട്ടം അവസാനിച്ചു. റോമാ സാമ്രാജ്യത്തിനായിരുന്നു പരാജയം. പരാജയമെന്ന് പറഞ്ഞാൽ പോരാ, ദയനീയ പരാജയം. ചക്രവർത്തിയായിരുന്ന സീസർ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഏതോ അജ്ഞാത സങ്കേതത്തിൽ അദ്ദേഹത്തിന് അഭയം തേടേണ്ടിവന്നു. റോം പരാജയപ്പെടുകയും പേർഷ്യ വിജയിക്കുകയും ചെയ്തതോടെ മക്കയിൽ മുശ്രിക്കുകൾ തുളളിച്ചാടി. കാരണം വിജയിച്ചത് പേർഷ്യയാണ്. പേർഷ്യക്കാർ തങ്ങളെപ്പോലെ ബഹുദൈവ വിശ്വാസികളാണ്. അതേ സമയം തോറ്റത് റോമാണ്. മുഹമ്മദിനെ പോലെ, മുഹമ്മദിന്റെ അനുയായികളെ പോലെ ഏക ദൈവ വിശ്വാസികൾ. മുസ്ലിംകൾക്ക് ഇത് ചങ്കിൽ കുത്തുന്ന വിഷയമായിരുന്നു. ചിലർക്കൊക്കെ മനോവേദനയും മാനഹാനിയും തോന്നി.
അപ്പോഴാണ് സൂറത്തു റൂം അവതരിക്കുന്നത്. അതിൽ അല്ലാഹു പറയുന്നു: റോമക്കാര്‍ പരാജിതരായിരിക്കുന്നു. അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയംവരിക്കും. ഏതാനും കൊല്ലങ്ങള്‍ക്ക കമിതുണ്ടാകും. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും. ഇങ്ങനെ ഒരു ആയത്തിറങ്ങിയതോടെയാണ് അബൂബക്കർ(റ) പരസ്യമായി മേൽ പറഞ്ഞ വാചകം പറഞ്ഞത്. ഏതാനും വർഷങ്ങൾക്കകം റോം വിജയിക്കുകയും മടങ്ങിവരികയും ചെയ്യുമെന്ന്. ജനങ്ങൾ അത് കേട്ട് അമ്പരന്നു നിന്നു. അബൂബക്കറിന് ഭ്രാന്തായോ എന്ന അന്ധാളിപ്പ് അവരുടെ മുഖത്ത് പ്രകടമായിരുന്നു. മറ്റു ചിലരുടെ മുഖത്ത് പരിഹാസമായിരുന്നു. ഈ സമയത്ത് ഇസ്ലാമിന്റെ കഠിന വിരോധിയായിരുന്ന ഉബയ്യ് ബിൻ ഖലഫ് രംഗത്തേക്ക് ഓടിവന്നു. എന്നിട്ട് ചോദിച്ചു: അബൂബക്കർ താങ്കൾക്ക് ഉറപ്പാണോ റോം ഇനി തിരിച്ചു വരുമെന്ന്? അദ്ദേഹം പറഞ്ഞു: അതെ, വിശുദ്ധ ഖുർആൻ അങ്ങനെ പ്രവചിച്ചതിനാൽ അത് സംഭവിക്കുക തന്നെ ചെയ്യും. ഉബയ്യ് പറഞ്ഞു: എങ്കിൽ നമുക്ക് വാതു വെക്കാം. നിന്റെ ഖുർആൻ പറയുമ്പോലെ ഏതാനും എന്ന വാക്കനുസരിച്ച് മൂന്ന് വർഷങ്ങൾക്കുള്ളിൽ റോം തിരിച്ചു വന്നാൽ ഞാൻ നിനക്ക് പത്ത് ഒട്ടകം തരാം. ഇല്ലെങ്കിൽ നീ എനിക്ക് പത്ത് ഒട്ടകം തരണം. അബൂബക്കർ(റ) പറഞ്ഞു: ശരി, സമ്മതിച്ചു.
ചരിത്രം തരിച്ച് നിന്നുപോയ ഒരു സന്ദർഭമായിരുന്നു അത്. കാരണം, ഇതൊരു പ്രവചനമാണ്. പ്രവചനം എന്നാൽ ഉണ്ടാകുവാൻ പോകുന്ന ഒരു കാര്യം നേരത്തെ പറയലാണ്. അങ്ങനെ പറയണമെങ്കിൽ നല്ല ഉറപ്പ് വേണം. ഇവിടെ ആർക്കും അത്തരം ഒരു ഉറപ്പ് നൽകുവാൻ കഴിയില്ല. കാരണം കാര്യങ്ങൾ ആരുടെ കയ്യിലുമല്ല. ആകെയുള്ള ഉറപ്പ് അബൂബക്കർ(റ)വിന്റെ ഉറപ്പാണ്. അത് വിശ്വാസത്തിന്റെ ഉറപ്പാണ്. ഈ വാതുവെപ്പിൽ താൻ വിജയിക്കും എന്നത് ഉബയ്യിന് ഉറപ്പായിരുന്നു. അബൂബക്കർ(റ) എങ്ങോട്ടെങ്കിലും യാത്ര പോകുകയാണെങ്കിൽ പോലും ഉബയ്യ് തങ്ങളുടെ പന്തയത്തെ കുറിച്ച് ഓർമ്മിപ്പിക്കാറുണ്ടായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. ഇവിടെ വലിയ ഒരു അപകടം പതിയിരിക്കുന്നുണ്ട്. അത് ഈ പ്രവചനം പുലർന്നില്ല എങ്കിൽ വിശുദ്ധ ഖുർആനിന്റെ സത്യസന്ധതയും ദൈവികതയുമെല്ലാം തകരും എന്നതാണത്. ഇതു വരേയും തങ്ങൾ പലവിധ പ്രചരണങ്ങൾ നടത്തിയിട്ടും നേടാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു സ്വപ്നമാണ് മുശ്രിക്കുകൾക്ക് അത്. ഇതോട് കൂടി മുഹമ്മദിന്റെയും മതത്തിന്റെയും കാറ്റു പോകും എന്ന് ഉറപ്പിച്ച് ഉള്ളിൽ ചിരിക്കുകയാണ് അവർ. അധികം വൈകാതെ അബൂബക്കർ(റ) നബി(സ)യുടെ അടുത്തെത്തി. ഉബയ്യുമായി ഉണ്ടായ സംസാരവും വാതുവെപ്പുമെല്ലാം നബിയെ അദ്ദേഹം തര്യപ്പെടുത്തി. അതു കേട്ട നബി(സ) പറഞ്ഞു: ആയത്തിൽ ഫീ ബിള്ഇ സിനീന്‍ എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണ് അല്ലാതെ മൂന്നിനെ സൂചിപ്പിക്കാനല്ല അറബി ഭാഷയില്‍ ബിള്അ് എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി പുതുക്കി നിശ്ചയിക്കുക. ഒപ്പം ഒട്ടകത്തിന്റെ എണ്ണം വേണമെങ്കിൽ നൂറായി വര്‍ധിപ്പിച്ചുകൊള്ളുക എന്നും നബി തങ്ങൾ പറഞ്ഞതായി ചരിത്രങ്ങളിൽ കാണം. ഇതനുസരിച്ച് അബൂബക്കര്‍(റ) ഉബയ്യുമായി സംസാരിച്ച്, പന്തയം, പത്തുവര്‍ഷത്തിനുള്ളില്‍ ആരുടെ വാദമാണോ പിഴക്കുന്നത് അയാള്‍ മറുകക്ഷിക്ക് നിശ്ചിത ഒട്ടകം നല്‍കണം എന്നാക്കിമാറ്റി. ഉബയ്യിന്ന് അതും സമ്മതമായിരുന്നു. കാരണം അത് അസാധ്യമാണ് എന്ന് ഉബയ്യും കൂട്ടരും അത്രക്ക് വിശ്വസിച്ചിരുന്നു.
ഖുർആന്‍ ഈ ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തുമ്പോള്‍ ഈ കാര്യം യാഥാര്‍ത്ഥ്യമാകാനുള്ള വിദൂര സാധ്യതകള്‍ പോലും ഉണ്ടായിരുന്നില്ല, എന്നു മാത്രമല്ല അക്കാലത്തെ ഖുർആന്‍ വിമര്‍ശകരും പ്രവാചകന്റെ ശത്രുക്കളും അക്കാലത്ത് ഈ വാക്യം ഉയര്‍ത്തികാട്ടി മുസ്ലിംകളെ പരിഹസിക്കുകയും ചെയ്തിരുന്നുവെന്ന് ചരിത്രം. കാരണം റോമാക്കാരുടെ പരാജയം അത്ര ദയനീയവും അവരെ കീഴ്പെടുത്തിയ പേര്‍ഷ്യന്‍ സൈന്യത്തിന്റെ അവസ്ഥ അതിശക്തവും ആയിരുന്നു. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം റോം വിജയിക്കുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. മറുവശത്താകട്ടെ, റോമക്കാരുടെ പരാജയം കൂടുതൽ ദയനീയമായിക്കൊണ്ടിരിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം റോമിന്റെ പതാക താഴ്ത്തിക്കൊണ്ടിരുന്നു. ക്രിസ്ത്വബ്ദം 619 ആയപ്പോള്‍ ഈജിപ്ത് മുഴുക്കെ പേര്‍ഷ്യയുടെ പിടിയിലായി. പേർഷ്യൻ പട മൊറോക്കോയിലെ ട്രിപ്പോളിക്കടുത്തെത്തി തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍ നിന്ന് ബാസ്ഫോറസ് തീരത്തോളം അകറ്റി മാറ്റി. ക്രിസ്ത്വബ്ദം 617-ല്‍ പേര്‍ഷ്യന്‍പട സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ചല്‍ക്ക്ഡോണ്‍ (Chalcedon ഇന്നത്തെ ഖാദിക്കോയ്) വരെ പിടിച്ചടക്കി. ഇംഗ്ളീഷ്, ചരിത്രകാരനായ ഗിബ്ബൺ തന്റെ ഡിക്ലൈൻ ഓഫ് എംബയറിൽ പറയുന്നത് ഖുര്‍ആന്റെ ഈ പ്രവചനാനന്തരവും ഏഴെട്ടുവര്‍ഷത്തോളം, റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തകർന്നു കൊണ്ടിരിക്കുകയായിരുന്നു. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല.
മക്കാ മുശ്രിക്കുകള്‍ ഇതേപ്പറ്റി പരിഹസിച്ചുനടക്കുമായിരുന്നു. അവര്‍ മുസ്ലിംകളെ നോക്കി നോക്കൂ, അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നു. വെളിപാടിലും ദൈവിക ദൗത്യത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളാകട്ടെ തോറ്റുക്കൊണ്ടിരിക്കുകയാണ്. ഇതുപോലെ വിഗ്രഹാരാധകരായ ഞങ്ങള്‍ അറബികള്‍ നിങ്ങളെയും നിങ്ങളുടെ പുത്തന്‍ മതത്തെയും തുടച്ചുനീക്കും എന്ന് ഗീർവ്വാണം വിട്ടു നടക്കുമായിരുന്നു. മക്കയിലും വിശ്വാസികളുടെ ഗതി ദയനീയമായിരുന്നു. അവിടെ വിശ്വാസികൾക്ക് അബ്സീനിയയിലേക്ക് പലായനം ചെയ്യേണി വന്നു. പിന്നെ നബിക്കും കുടുംബത്തിനുമെതിരെ ഉപരോധം ഏർപ്പെടുത്തപ്പെട്ടു. എ ഡി 622-ല്‍ നബി(സ) മദീനയിലേക്ക് പലായനം ചെയ്തു. റോമാ സാമ്രാജ്യത്തിലാവട്ടെ, ചക്രവർത്തി ഹെര്‍ക്കുലീസ് സീസര്‍ നിശ്ശബ്ദം തലസ്ഥാനമായ കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ വഴി തറാപ്സോണിലേക്കുപോയി. അവിടെ പുഷ്ത്തുക്കളുടെ ഭാഗത്തുനിന്നദ്ദേഹം പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം ചെയ്തു. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവസഭയോട് പണം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു കടം കൊടുത്തു. ഇതുപയോഗിച്ച് സീസർ തന്റെ രഹസ്യ സങ്കേതത്തിൽ ചെറിയ ഒരു സൈന്യത്തെ സംഘടിപ്പിച്ചു. തുടർന്ന് ക്രിസ്ത്വബ്ദം 623-ല്‍ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍ നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624) അദ്ദേഹം അസര്‍ബീജാനിലേക്ക് നുഴഞ്ഞുകയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്ത് തന്റെ തിരിച്ച് വരവ് ഉറപ്പ് വരുത്തുകയും തന്റെ സാമ്രാജ്യം അവിടെ പുനസ്ഥാപിക്കുകയും ചെയ്തു. ഇതോടെ ഒമ്പതു വർഷത്തിനുളളിൽ വിശുദ്ധ ഖുർആനിന്റെ പ്രവചനം പുലർന്നു. അതോടെ ശത്രുക്കളുടെ ആ മോഹവും മണ്ണിലടിഞ്ഞു. പിന്നീട് റോമാസൈന്യം പേര്‍ഷ്യന്‍ സൈന്യത്തെ നിരന്തരം തോൽപ്പിച്ചു കൊണ്ടിരുന്നു. ക്രിസ്ത്വബ്ദം 627-ല്‍ നീനവായില്‍ നടന്ന നിര്‍ണായകമായ യുദ്ധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അടിത്തറയിളകി.
ഇത് കേവലം പത്തു വർഷത്തിനുള്ളിൽ പുലർന്ന പ്രവചനം. ഇനി നൂറ്റാണ്ടുകൾ പിന്നിട്ട ശേഷം പുലർന്ന പ്രവചനത്തിനും വിശുദ്ധ ഖുർആനിൽ ഉദാഹരണമുണ്ട്. അത് ഈ ആയത്താണ്: ഇന്ന് നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണല്ലോ. (ഖുര്‍ആര്‍ 10:9192). ഇത് മൂസാ നബിയുടെ കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഫിർഔനിന്റെ ജഢത്തെ കുറിച്ച് വിശുദ്ധ ഖുർആൻ നടത്തിയ പ്രവചനമാണ്. അതിലേറെ അൽഭുതം, ഇത് ഉദ്ദേശം പതിനഞ്ച് നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് എന്നതാണ്. മനുഷ്യന്റെ സ്മൃതിയിൽ നിന്ന് തന്നെ മങ്ങിയും മറഞ്ഞും പോയ ഒരു സംഭവം ഉണർത്തുകയും അതിനെ കുറിച്ചുള്ള ഒരു സുപ്രധാന വിവരം പ്രവചിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. അഥവാ, കാലത്തിന്റെ രണ്ട് അഗ്രത്തേക്കും നന്നായി കടന്നുചെല്ലുന്ന സംഭവവും പ്രവചനവുമാണിത്.
സംഭവത്തിന്റെ ഹ്രസ്വവിവരണം ഇതാണ്: ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്തില്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് രാംസെസ്സ് രണ്ടാമന്‍ എന്ന ഫിര്‍ഔന്‍. ഖുര്‍ആനില്‍ സൂചിപ്പിക്കുന്ന മുങ്ങിമരിച്ച ഫിര്‍ഔന്‍ ആരാണെന്നതിനെ സംബന്ധിച്ച് രണ്ട് വാദങ്ങളാണ് പ്രധാനമായും നിലനില്‍ക്കുന്നത്. ഒന്ന്, അത് റമസേസ് രണ്ടാമനായിരുന്നു എന്ന വാദമാണ്. രണ്ട്, റാമസേസിന്റെ മകന്‍ മെര്‍നപ്ത(Merneptah) യായിരുന്നു എന്ന വാദവും. അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. ഏകദൈവമായ അല്ലാഹുവില്‍ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ)യെ, അല്ലാഹു ഫിര്‍ഔന്റെ അടുക്കലേക്കയച്ചു. ഫിര്‍ഔന്‍ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങള്‍ക്ക് വേറെ ഒരു രക്ഷിതാവില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു. മൂസാനബി(അ) ക്കും അനുയായികള്‍ക്കും രക്ഷപ്പെടാനായി ചെങ്കടല്‍ പിളര്‍ത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവര്‍ മറുകരയിലെത്തിയപ്പോള്‍, അവരെ പിന്തുടര്‍ന്നുവന്ന ഫിര്‍ഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാന്‍, ചെങ്കടലിനെ അല്ലാഹു പൂര്‍വ്വസ്ഥിതിയിലാക്കി. താന്‍ മരിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഫിര്‍ഔന്‍ അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഫിര്‍ഔനോട് പറഞ്ഞവാചകങ്ങള്‍ അല്ലാഹു ഖുര്‍ആനിലൂടെ പ്രവചിക്കുന്നതാണ് മേൽപറഞ്ഞ സൂക്തം.
ഈ സംഭവത്തെ കുറിച്ച് പല അവ്യക്തതകളും ഇനിയും നിൽക്കുന്നുണ്ട്. ഈ കാര്യത്തിൽ ഇതുവരെ വന്നിട്ടുളള നിരീക്ഷണങ്ങളും നിരൂപണങ്ങളും ചേർത്തു വെച്ചാൽ നമുക്ക് ഒരു ചിത്രം ലഭിക്കും. അതിൽ തന്നെ വിശുദ്ധ ഖുർആനിന്റെ പ്രവചനത്തെ കുറിച്ച് കൃത്യമായി നമുക്ക് ഗ്രഹിക്കാൻ കഴിയും. അവയിലേക്ക് കടക്കും മുമ്പ് അന്ന് ശരിക്കും എന്താണ് നടന്നത് എന്ന് തഫ്സീറുകളിൽ നിന്ന് ഇങ്ങനെ ഗ്രഹിക്കാം. ഇസ്‌റാഈല്യരെയും കൂട്ടി രാത്രിസമയത്ത് ഈജിപ്‌ത് വിട്ടുപോകുവാന്‍ മൂസാ (അ) നോട് അല്ലാഹു കല്‍പിച്ചു. യാത്രയുടെ ലക്ഷ്യം പലസ്‌തീനായിരുന്നതുകൊണ്ട് അവര്‍ ഈജിപ്‌തില്‍നിന്ന് കിഴക്കോട്ട് നീങ്ങി ചെങ്കടല്‍ തീരത്തെത്തി. സമുദ്രത്തോടടുത്തപ്പോള്‍, ഫിര്‍ഔനും സൈന്യവും പിന്നാലെ വന്ന് തങ്ങളെ പിടികൂടുമെന്നും, തങ്ങള്‍ക്ക് രക്ഷപ്പെടുവാന്‍ കഴിയുകയില്ലെന്നും ഭയന്ന് ഇസ്‌റാഈല്യര്‍ മുറവിളി കൂട്ടി. മൂസാ നബിയുടെ(അ) വടികൊണ്ട് സമുദ്രത്തില്‍ അടിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അടിക്കേണ്ട താമസം, സമുദ്രജലം രണ്ടായി പിളര്‍ന്നു. ഇരുഭാഗത്തും വെള്ളം മലപോലെ ചിറച്ചുനിന്നു. മധ്യത്തില്‍ തുറക്കപ്പെട്ട വിശാലമായ വഴിയിലൂടെ യാതൊരു ആപത്തും കൂടാതെ മൂസാ നബിയും (അ) ഇസ്‌റാഈല്യരും കടന്നുപോയി മറുകര പറ്റി. അവര്‍ സ്ഥലംവിട്ട വിവരമറിഞ്ഞ ഫിര്‍ഔന്‍ സൈന്യസമേതം നേരം പുലര്‍ന്നപ്പോഴേക്കും അവരെ പിന്‍തുടര്‍ന്നുവന്നിരുന്നു. സമുദ്രം പിളര്‍ന്നു നില്‍ക്കുന്നതും, ഇസ്‌റാഈല്യര്‍ ഇടവഴിയിലൂടെ കടന്നുപോയതും കണ്ടപ്പോള്‍, അവരെ പിടികൂടുവാനുള്ള വ്യഗ്രതയോടെ അവരും ആ വഴിയിലൂടെ ഇസ്‌റാഈല്യരെ അനുഗമിച്ചു. ഫിര്‍ഔനും സൈന്യവും ഇടവഴിയില്‍ പ്രവേശിച്ചുകഴിഞ്ഞതോടെ ഇരുഭാഗത്തും ചിറച്ച് നിന്നിരുന്ന ജലഭിത്തികള്‍ കൂട്ടിമുട്ടുകയും അവര്‍ ഒന്നടങ്കം വെള്ളത്തില്‍ മുങ്ങിനശിക്കുകയും ചെയ്‌തു.
മൂസാ(അ)യും ബനൂ ഇസ്രാഈലും സുരക്ഷിതമായി കടല്‍ കടന്നെങ്കിലും അവരില്‍ ചിലര്‍ക്ക് ഫിര്‍ഔന് ശരിക്കും ചത്തുവോ അതോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയമുണ്ടായിരുന്നു. അവരുടെ ഈ ശങ്ക തീര്‍ക്കാന്‍ അല്ലാഹു തആലയുടെ കല്പന പ്രകാരം ഫിര്‍ഔനിന്‍റെ ശവ ശരീരം കടലില്‍ നിന്ന് ഒരു ഉയര്‍ന്ന സ്ഥലത്തേക്ക് കരയണഞ്ഞു. ആ ശവത്തില്‍ ഫിര്‍ഔനിന്‍റെ അങ്കിയുമുണ്ടായിരുന്നു. (തഫ്സീര്‍ ഇബ്നു കസീര്‍) ഇതിലേക്ക് സൂചന നല്‍കുന്നതാണ്, നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ (പോറലേല്‍ക്കാതെ) നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്. (10:92) എന്ന ഖുര്‍ആന്‍ വാക്യം എന്നാണ് തഫ്സീറുകൾ പറയുന്നത്. അതനുസരിച്ച് അല്ലാഹു പറഞ്ഞ വാഗ്ദാനം അല്ലെങ്കിൽ തൊട്ടടുത്ത ദിനങ്ങളിൽ തന്നെ പുലർന്നു എന്നു കരുതാം. ഇപ്പോൾ ഈ രാംസെസ് രണ്ടാമന്റെ മമ്മി ഈജിപ്തിലെ കൈറോ മ്യൂസിയത്തിലാണ് സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. അവിടെ ഇനി മനസ്സിലാക്കാനുള്ള കാര്യങ്ങളിൽ ഒന്നാമത്തേത് ഈ ഫിർഔനിന്റെ ശവശരീരം ആർക്കെങ്കിലും കടലിൽ നിന്ന് കിട്ടിയതോ ആരെങ്കിലും മുങ്ങിയെടുക്കുകയോ ചെയ്തതല്ല. അത് തഫ്സീർ ഇബ്നു കതീർ പറയുന്നതു പോലെ ഈ ഫിർഔനിന് എന്തു പറ്റി എന്ന് മൂസാ നബിയുടെ അനുയായികളെ അറിയിക്കുവാൻ വേണ്ടി അല്ലാഹു തന്നെ പുറത്തെടുക്കുകയായിരുന്നു. പുറത്തുവന്ന ശവശരീരത്തിന് പിന്നെ എന്തെല്ലാം സംഭവിച്ചു എന്നതാണ് തുടർന്ന് ആലോചിക്കേണ്ടത്.
പരക്കെ വിശ്വസിക്കപ്പെടുന്നത് പോലെ അത്ഭുതകരമാം വിധം സംരക്ഷിക്കപ്പെട്ട ഒരു ശവ ശരീരമല്ല റാംസസ് രണ്ടാമന്‍റേത്. ചെങ്കടലിൽ നിന്നല്ല ഈ ശവ ശരീരം കണ്ടെടുക്കപ്പെട്ടിട്ടുളളത്. കാരണം ഖുർആൻ പറയുന്നത് അൽ യൗമ -ഇന്നേ ദിവസം എന്നാണ്. ഈ ഖുര്‍ആനിക പ്രയോഗവും നാം പറഞ്ഞുശീലിച്ച കഥയിലെ നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള വീണ്ടെടുപ്പും എത്ര വൈരുദ്ധ്യം പുലര്‍ത്തുന്നുവെന്ന് ഓര്‍ക്കണം. കാരണം, ഖുര്‍ആന്‍ പറയുന്നു ഇന്നേ ദിവസം നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തും എന്ന്. എന്നാല്‍ നമ്മള്‍ പറയുന്നതനുസരിച്ച് അന്ന് തൊട്ട് കണ്ടെടുക്കപ്പെടുന്നത് വരെ ആ ശവശരീരം തല്‍സമയം ഒരു വീണ്ടെടുപ്പ് നടക്കാതെ കടലില്‍ കിടക്കുകയാണ് ചെയ്തത്. രണ്ടാമതായി, നിന്റെ പുറകേ വരുന്നവര്‍ക്ക് എന്ന ഖുര്‍ആനിക പ്രയോഗത്തില്‍ ആരെയാണ് ഉദ്ദേശിച്ചത് എന്നതും ശ്രദ്ധേയമാണ്. ഖുര്‍ആന്‍ ലോകാവസാനം വരെയുള്ള ജനങ്ങളെ ഉദ്ദേശിച്ചാണ് എല്ലാ ഗുണപാഠങ്ങളും പറയുന്നത് എന്ന് മനസ്സിലാക്കുന്നതോടൊപ്പം തന്നെ ഏതെങ്കിലും ജനവിഭാഗത്തെ ഉദ്ദേശിച്ചാണോ ഇത് പറഞ്ഞിരിക്കുന്നത് എന്നത് പഠിക്കേണ്ടിയിരിക്കുന്നു.
മൂന്നാമതായി, ഒരു ദൃഷ്ടാന്തമെന്ന നിലക്ക് ഫിര്‍ഔനിന്റെ ശവശരീരത്തെ നാം രക്ഷിക്കും എന്ന് അല്ലാഹു വിശേഷിപ്പിക്കുന്നു. പക്ഷേ, നാം പറഞ്ഞുവരുന്ന കഥയില്‍ ഫിര്‍ഔനിന്റെ ശവശരീരം 2000-ത്തോളം വര്‍ഷം കടലില്‍ കിടന്നിട്ടും യാതൊരു കേടും കൂടാതെ 19-ാം നൂറ്റാണ്ടില്‍ കിട്ടി എന്നതാണ് ദൃഷ്ടാന്തം. ഇത് അവിശ്വസനീയമായിട്ടാണ് തോന്നുക.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ടോംബ് ഡി ബി 320’ (Tomb DB320) എന്നറിയപ്പെടുന്ന ശവ കുടീരത്തിൽ നിന്ന് മറ്റ് അൻപതോളം മമ്മികളുടെ കൂടെ കണ്ടെടുക്കെപ്പട്ട ഒരു മമ്മിയാണ് റാംസസ് രണ്ടാമന്‍റേത്. മാത്രമല്ല, മറ്റ് ഈജിപ്ഷ്യൻ രാജാക്കന്മാരെ പോലെ ഇദ്ദേഹത്തിന്റെ ശവ ശരീരവും മമ്മിയാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, റാംസസ് രണ്ടാമന്റെ പുത്രൻ മെര്‍നപ്തയുടെ (Mernaptah) മമ്മി കൈറോയിലും പിതാവ് സേതി ഒന്നാമന്റെ(Sethi First) മമ്മി ലണ്ടനിലെ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. എല്ലാ ഈജിപ്ഷ്യൻ രാജാക്കന്മാരുടെയും അയാളുടെ തന്നെ പിതാവിന്റെയും പുത്രന്റെയുമെല്ലാം ശവ ശരീരത്തെ പോലെ അതും ഒരു മമ്മിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ഖുർആനിന്റെ പ്രവചനം നിന്റെ ശരീരം എന്നേക്കുമുളള ഒരു ദൃഷ്ടാന്തമായി നാം നിലനിറുത്തും എന്നാണ്. അതങ്ങനെ നിലനിൽക്കാൻ ശവശരീരം കടലിൽ നിന്ന് മുങ്ങിയെടുത്തതായിരിക്കണം എന്നൊന്നുമില്ല. രണ്ട് കാര്യങ്ങളേ വേണ്ടൂ. ഒന്നാമതായി അത് അന്ത്യനാൾ വരെ നിലനിൽക്കണം. രണ്ടാമതായി അത് ഈ പറഞ്ഞ രാംസെസ്സിന്റെതു തന്നെയാണ് എന്ന് ഉറപ്പാകണം. ഇത് രണ്ടും ഉണ്ടെങ്കിൽ തന്നെ വിശുദ്ധ ഖുർആനിന്റെ പ്രവചനം ശരിയായി എന്ന് പറയാം.
ടോമ്പ് ഡി യിൽ നിന്നു കിട്ടിയ ഈ ജഡം ഫിർഔനിന്റെതു തന്നെയാണ് എന്നതിന് ശാസ്ത്രീമായ തെളിവുകൾ കണ്ടെത്തുന്നത് ഒരു ഫ്രഞ്ച് വൈദ്യനും ഗ്രന്ഥകാരനുമായ മോറിസ് ബുക്കായ് ആണ്. 1972 ൽ സൗദി അറേബ്യയുടെ രാജാവായിരുന്ന ഫൈസൽ രാജാവിന്റെ കുടുംബ ഡോക്ടറായി നിയമിക്കപ്പെട്ട അദ്ദേഹം ഈജിപ്തിന്റെ പ്രസിഡന്റായിരുന്ന അൻവർ സാദത്തിനെയും കുടുംബാംഗങ്ങളെയും ചികിത്സിച്ചിരുന്നു. ഈ കാലയളവിലാണ് പുതിയ കണ്ടുപിടുത്തം നടത്താനുള്ള അവസരം അദ്ദേഹത്തിന് കൈവരുന്നത്. ആ പരീക്ഷണം അദ്ദേഹത്തെ ഇസ്ലാമിൽ എത്തിച്ചു. പ്രശസ്ത ഭിഷഗ്വരനും വൈദ്യശാസ്ത്രജ്ഞനുമായ മോറിസ് ബുക്കായ് ജനിച്ചത് ഫ്രാന്‍സിലാണ്. കത്തോലിക്കാ ക്രൈസ്തവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ബുക്കായ് നാട്ടില്‍ തന്റെ സെക്കന്ററി പഠനം പൂര്‍ത്തിയാക്കിയ ശേഷം ഫ്രാന്‍സ് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനില്‍ ചേര്‍ന്നു. വൈദ്യപഠനത്തില്‍ വളരേ മിടുക്കനായിരുന്ന ബുക്കായ് ക്രമേണ, ഫ്രാന്‍സിലെ വളരെ പ്രശസ്തനും അഗ്രഗണ്യനുമായ സര്‍ജനായിത്തീരുകയും ചെയ്തു. പുരാവസ്തുപഠനത്തിലും പൈതൃകപഠനത്തിലും ഫ്രഞ്ചുകാര്‍ക്ക് പ്രത്യേക താല്‍പര്യം തന്നെയുണ്ടായിരുന്നു. ഫ്രഞ്ച് സോഷ്യലിസ്റ്റ് പ്രസിഡന്റായിരുന്ന ഫ്രാന്‍കോയിസ് മിറ്റെറാന്‍സ് 1981ല്‍ അധികാരത്തില്‍ വന്നു. 1980 കളുടെ അവസാനത്തില്‍ ഫ്രാന്‍സ് സര്‍ക്കാര്‍ ഈജിപ്തിനോട് ഈജിപ്ഷ്യന്‍ ഫറോവയുടെ മമ്മി പരീക്ഷണാര്‍ഥം ആവശ്യപ്പെട്ടിരുന്നു. തദാവശ്യപ്രകാരം ഈജിപ്ത് ആ സ്വേഛാധിപതിയുടെ ശവശരീരം ഫ്രാന്‍സിലേക്കയച്ചുകൊടുത്തു. ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരുമെല്ലാം, ജീവിച്ചിരിക്കുന്ന ഒരു രാജാവെന്നപോലെ ഫറോവയുടെ ശവശരീരത്തിന് മുന്നില്‍ കുമ്പിട്ടു. രാജകീയമായ വരവേല്‍പുകള്‍ക്കു ശേഷം ചുവന്ന പരവതാനി വിരിച്ചാണ് അവര്‍ മമ്മിയെ എതിരേറ്റത്. തുടര്‍ന്ന് മമ്മി ഫ്രഞ്ച് മോണ്യുമെന്റ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ പ്രശസ്ത പുരാവസ്തു ഗവേഷകരുടെയും അനാട്ടമിസ്റ്റുകളുടെയുമെല്ലാം നേതൃത്വത്തില്‍ മമ്മിയെ ചുറ്റിപ്പറ്റിയുള്ള നിലനിന്നിരുന്ന നിഗൂഢതകളുടെ ചുരുളഴിക്കാനുള്ള ഗവേഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
ഫറോവന്‍ മമ്മിയുടെ പഠനത്തിന്റെ ഉത്തരവാദിത്വം സീനിയര്‍ സര്‍ജനായിരുന്ന ഡോ. മോറിസ് ബുക്കായിക്കായിരുന്നു. മറ്റുള്ള പ്രഫസര്‍മാര്‍ മമ്മിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ അവരുടെ തലവന്‍ ചിന്തിച്ചത് മറ്റൊരു വഴിക്കായിരുന്നു. ഈ ഫറോവ എങ്ങനെ മരിച്ചു എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്ന അദ്ദേഹം. രാത്രി വളരേ വൈകി തന്റെ നിഗമനങ്ങളിലെത്തിച്ചേര്‍ന്നു. ഫറോവയുടെ മമ്മിയില്‍ പറ്റിക്കിടന്നിരുന്ന ഉപ്പിന്റെ അംശം, ഇയാള്‍ മുങ്ങി മരിച്ചതാണെന്നതിനും ഉടനെ കടലില്‍നിന്ന് പുറത്തെടുത്തതാകാമെന്നതിനും വ്യക്തമായ തെളിവായിരുന്നു. ഈജിപ്ഷ്യര്‍ ശവശരീരം ഏറെക്കാലം നിലനില്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് എംബാം ചെയ്യാന്‍ തിടുക്കം കാട്ടി എന്നതും പ്രകടമായിരുന്നു. പക്ഷേ ഒരു ചോദ്യം ബുക്കായിക്കു മുന്നില്‍ പ്രഹേളികയായി അവശേഷിച്ചു. കടലില്‍നിന്ന് വീണ്ടെടുത്തതായിട്ടുപോലും എങ്ങനെയാണ് മറ്റുള്ള ഈജിപ്ഷ്യന്‍ മമ്മികളെ അപേക്ഷിച്ച് ഈ മമ്മി കേടുകൂടാതെ നിലനിന്നത് ? എന്ന ചോദ്യം. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സാഹചര്യത്തില്‍ ഈ മമ്മി ഉടനെ എംബാം ചെയ്തതുതന്നെയാണോ എന്ന് അദ്ദേഹം ചിന്തിക്കാതിരുന്നില്ല. സഹപ്രവര്‍ത്തകരിലൊരാള്‍ ഒരിക്കല്‍ പറഞ്ഞത് അദ്ദേഹം ഓര്‍ത്തു: ഈ പ്രശ്‌നത്തില്‍ ഇങ്ങനെ നെട്ടോട്ടമോടേണ്ട ആവശ്യമൊന്നുമില്ല. ഫറോവ മുങ്ങി മരിച്ചതാണെന്ന് മുസ് ലിംകള്‍ പറയുന്നുണ്ടല്ലോ. ആദ്യം അദ്ദേഹം ഈ അഭിപ്രായത്തെ ശക്തമായി നിരസിക്കുകയും അവിശ്വസിക്കുകയും ചെയ്തു. ഇത്തരമൊരു കണ്ടുപിടുത്തം കൃത്യതയാര്‍ന്നതും ആധുനികവുമായ കംപ്യൂട്ടറുകളുടെ സഹായത്താല്‍ മത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ എന്നദ്ദേഹം വാദിച്ചു. എന്നാല്‍ മറ്റൊരു സഹപ്രവര്‍ത്തകന്റെ വാക്കുകള്‍ അദ്ദേഹത്തെ അത്യധികം വിസ്മയിപ്പിച്ചു. ഫറോവ മുങ്ങിമരിച്ചതാണെന്നും അയാളുടെ ശവശരീരം കേടുകൂടാതെ നിലനില്‍ക്കുമെന്നും മുസ് ലിംകളുടെ ഖുര്‍ആന്‍ അരുളിയിട്ടുണ്ടെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ കൂടുതല്‍ തെളിഞ്ഞു. അദ്ദേഹം വളരെയധികം ആശ്ചര്യഭരിതനായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
1898 വരെ മമ്മി കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ എവിടെയാണ് ഖുര്‍ആന്‍ ഈ വിവരം നല്‍കുന്നത്?. കേവലം 200 വര്‍ഷമേ ആയിട്ടുള്ളൂ മമ്മി കണ്ടുപിടിച്ചിട്ട്. പക്ഷേ, മുസ് ലിംകള്‍ 1400 വര്‍ഷങ്ങളായി ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അതിലെല്ലാമുപരി, കുറച്ചു പതിറ്റാണ്ടുകള്‍ക്കു മുമ്പുവരെ ഈജിപ്ഷ്യര്‍ തങ്ങളുടെ ഫറോവമാരുടെ ശവശരീരങ്ങള്‍ മമ്മികളാക്കി സൂക്ഷിച്ചിരുന്നുവെന്ന് മുസ് ലിംകളടക്കമുള്ള ലോകജനതക്ക് അറിയില്ലായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഫറോവയുടെ ശരീരം മുങ്ങിയതിന് ശേഷം വീണ്ടെടുക്കപ്പെട്ടതാണെന്ന ഖുര്‍ആന്റെ ശക്തമായ പ്രഖ്യാപനവും അതിനെക്കുറിച്ച് തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുമൊക്കെ ചിന്തിച്ചുകൊണ്ട് ഫറോവയുടെ ശവശരീരത്തെ നോക്കി പല രാത്രികളും മോറിസ് ബുക്കായ് കഴിച്ചുകൂട്ടി. എന്നാല്‍ ക്രിസ്ത്യന്‍ സുവിശേഷങ്ങളായ മത്തായിയും ലൂക്കോസും ഫറോവ, മൂസ(അ)യെ പിന്തുടര്‍ന്ന കഥ മാത്രമാണ് നമുക്കു മുമ്പില്‍ വെക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് അവ വിവരിക്കുന്നില്ല. ബുക്കായ് സ്വയം പറഞ്ഞു: ഇന്നുമാത്രം ഞാനറിഞ്ഞ സത്യം 1400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുഹമ്മദ് നബി(സ) അറിഞ്ഞിരുന്നുവെന്നത് വിശ്വാസയോഗ്യമായത് തന്നെയാണ്. പിന്നെയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളായിരുന്നു മോറിസിന്. അവസാനം അദ്ദേഹത്തിന് ഖുർആനിൽ ഇങ്ങനെ വായിക്കാന്‍ കഴിഞ്ഞു: നാം മൂസാക്കു ദിവ്യബോധനം നല്‍കി. എന്തെന്നാല്‍, എന്റെ ദാസന്മാരെയും കൂട്ടി രാത്രിക്കു രാത്രി പുറപ്പെടുക. അവര്‍ക്കുവേണ്ടി സമുദ്രത്തില്‍ ഒരു ഉണങ്ങിയ വഴിയുണ്ടാക്കുക. നിന്നെ ആരും പിന്തുടരുമെന്നു ഭയപ്പെടേണ്ട, (സമുദ്രമധ്യത്തിലൂടെ കടന്നുപോവുമ്പോള്‍) പരിഭ്രമിക്കുകയും വേണ്ട. ഫറവോന്‍ തന്റെ പടയുമായി അവരെ പിന്തുടര്‍ന്നു. എന്നിട്ടോ, സമുദ്രം അവരെ വിഴുങ്ങേണ്ടവണ്ണം വിഴുങ്ങി. ഫറവോന്‍ അവന്റെ ജനത്തെ വഴിപിഴപ്പിക്കുകയായിരുന്നു.ശരിയായ മാര്‍ഗദര്‍ശനം ചെയ്തതേയില്ല. (ഖുര്‍ആന്‍ 20: 77-79) ഇതോടെ കാര്യങ്ങളെല്ലാം സുതരാം വ്യക്തമായി. വിശുദ്ധ ഖുർആനിന്റെ പ്രവചനം പുലർന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് (തുടരും)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso